'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, ഫെബ്രുവരി 04, 2012

തീവ്രതയില്‍നിന്ന് പിന്‍വാങ്ങുന്ന ഇഖ് വാനും തീവ്രവാദികളായ സലഫികളും.

പുതിയ ലക്കം ശബാബിലുള്ള ഒരു ലേഖനം ചില സംശയങ്ങളുയര്‍ത്തുന്നു. അതിന് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് ഈ പോസ്റ്റ്. കൂടുതല്‍ സന്ദേഹമുയര്‍ത്തുന്ന അതിലെ ഭാഗം ഇവിടെ നല്‍കിയിരിക്കുന്നു.  വായിക്കുക.
['തീവ്രതയില്‍ നിന്ന്‌ പിന്‍വാങ്ങുന്ന `മുസ്‌ലിം ബ്രദര്‍ഹുഡ്‌'

1928ല്‍ ശൈഖ്‌ ഹസനുല്‍ ബന്നയാണ്‌ മുസ്‌ലിം ബ്രദര്‍ഹുഡിന്‌ (ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‌) ബീജാവാപം നല്‌കിയത്‌. സൂഫികളുടെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ അന്ന്‌ സലഫികള്‍ രംഗത്തുണ്ടായിരുന്നു. ജമാലുദ്ദീന്‍ അഫ്‌ഗാനി, മുഹമ്മദ്‌ അബ്‌ദു, സയ്യിദ്‌ റശീദ്‌ റിദാ തുടങ്ങിയ മഹാരഥന്മാരുടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായി ജനമനസ്സുകളില്‍ നവോത്ഥാന ദീപം ജ്വലിക്കാനും തുടങ്ങിയിരുന്നു.


അന്ധവിശ്വാസവും അനാചാരങ്ങളും കൊണ്ട്‌ അന്ധകാരാവൃതമായിരുന്ന നാളുകള്‍ക്ക്‌ വിരാമം കുറിച്ചിരുന്ന കാലഘട്ടത്തില്‍ മുസ്‌ലിംഐക്യത്തിന്റെ സന്ദേശമായിരന്നു ഹസനുല്‍ ബന്ന മുഴക്കിയത്‌. വ്യവസ്ഥാപിത പ്രവര്‍ത്തനങ്ങളിലൂടെ ഈജിപ്‌തില്‍ ഇസ്‌ലാമിക ഭരണം കടന്നുവരുന്ന ഒരു നാളിനെ അദ്ദേഹം സ്വപ്‌നം കണ്ടു. ഇസ്‌ലാമികേതര ഭരണകൂടങ്ങളോടും സമൂഹത്തോടും പോരാട്ടത്തിന്റെ മാര്‍ഗം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. 

1949 ല്‍ ഹസനുല്‍ ബന്ന വധിക്കപ്പെട്ടു. ജമാല്‍ അബ്‌ദുന്നാസിറിന്റെ ഭരണകൂടവുമായി കുറച്ചുകാലം ഇഖ്‌വാന്‍ സഹകരിച്ചു. അതിനിടെ സയ്യിദ്‌ മൗദൂദിയുടെ തീവ്രാശയങ്ങളളില്‍ ആകൃഷ്‌ടനായ സയ്യിദ്‌ ഖുതുബ്‌ ഭരണകൂടവുമായുള്ള പോരാട്ടത്തിന്‌ ആഹ്വാനംചെയ്‌തു. പിന്നീട്‌ ദുരന്തങ്ങളുടെ വര്‍ഷങ്ങളിലൂടെയാണ്‌ ഇഖ്‌വാന്‍ കടന്നുപോയത്‌. സയ്യിദ്‌ ഖുതുബും അബ്‌ദുല്‍ഖാദിര്‍ ഔദയും മറ്റനേകം നേതാക്കളും വധിക്കപ്പെട്ടു. ജയിലുകള്‍ ഇഖ്‌വാന്‍ പ്രവര്‍ത്തകരെക്കൊണ്ട്‌ നിറഞ്ഞു. കൊടിയ പീഡനങ്ങള്‍ക്ക്‌ അവര്‍ വിധേയമായി. ലോക്കപ്പ്‌ മരണങ്ങള്‍ സര്‍വസാധാരണമായി. പലപ്പോഴും ഇഖ്‌വാനുമായി ഒരു ബന്ധവുമില്ലാത്തവര്‍ പോലും മര്‍ദനങ്ങള്‍ അനുഭവിക്കേണ്ടി വന്നു.

ജമാല്‍ അബ്‌ദുന്നാസിറിന്റെ മരണം വരെ ഇത്‌ തുടര്‍ന്നു. അനന്തരം ജയിലുകളുടെ കവാടങ്ങള്‍ തുറക്കപ്പെട്ടപ്പോള്‍ ഇഖ്‌വാനികള്‍ വിരുദ്ധചേരികളായി. ഹസനുല്‍ ഹുദൈബിയും യൂസുഫുല്‍ ഖര്‍ദാവിയുമൊക്കെ നേതൃത്വം നല്‍കുന്ന മിതവാദികളായിരുന്നു ഒരു ഭാഗമെങ്കില്‍ മൗദൂദിയുടെയും സയ്യിദ്‌ ഖുതുബിന്റെയും `തീവ്രജിഹാദി' ചിന്തകളുടെ ലഹരി ബാധിച്ച തീവ്രവാദികള്‍ മറുഭാഗത്തും നിലയുറപ്പിച്ചു. തീവ്രവാദി വിഭാഗമായിരന്നു ആദ്യഘട്ടത്തില്‍ ശക്തരായിരുന്നത്‌. പക്ഷേ, മര്‍ദനങ്ങളും പീഡനങ്ങളും ജയിലുകളും അവരെ ക്രമേണ അശക്തരാക്കി. യൂസുഫുല്‍ ഖര്‍ദാവിയുടെ ചിന്തകള്‍ ഇഖ്‌വാനികളെ കീഴ്‌പ്പെടുത്തി. ജനാധിപത്യവും, മതസൗഹാര്‍ദവും ഇജ്‌തിഹാദുമൊക്കെ പരിഹസിക്കപ്പെട്ടിരുന്ന ഖുതുബിയന്‍- മൗദൂദി ലൈന്‍ അശക്തമായി. ക്രമേണ അവര്‍ മുസ്‌ലിം ബ്രദര്‍ഹുഡില്‍ നിന്നു തന്നെ പുറത്തുപോകേണ്ടി വന്നു. പലതരം ജിഹാദി മൂവ്‌മെന്റുകളായി അവര്‍ ഇപ്പോഴും ഈജിപ്‌തിനുള്ളിലും പുറത്തും കഴിഞ്ഞുകൂടുന്നു.


ഇഖ്‌വാനിന്റെയും എഫ്‌ ജെ പിയുടെയും പ്രവര്‍ത്തകര്‍ ഇന്ന്‌ മതേതര-ജനാധിപത്യ പ്രക്രിയകളോട്‌ സഹകരിക്കുക മാത്രമല്ല അതിന്‌ കീഴ്‌പ്പെടുകയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. അലക്‌സാണ്ട്രിയ പോലുള്ള ബീച്ചുകളില്‍ ടൂറിസത്തിന്റെ പേരില്‍ നടമാടുന്ന അധാര്‍മികതകള്‍ക്ക്‌ കടിഞ്ഞാണിടണമെന്ന സലഫികളുടെ ആവശ്യത്തിനു നേരെ എഫ്‌ ജെ പി നിഷേധാത്മകമായാണ്‌ പ്രതികരിച്ചിട്ടുള്ളത്‌.']

ഈ പരാമര്‍ശങ്ങള്‍ ഉണ്ടാക്കുന്ന സംശയമിതാണ്...

1. ലേഖകന്‍ ഇതില്‍ ഏത് പക്ഷത്താണ്. മതേതര-ജനാധിപത്യ പ്രക്രിയകളോട് സഹകരിക്കുകയോ അതിന് കീഴ്പെടുകയോ ചെയ്യുന്ന ഇഖ് വാനികളോട് കൂടെയോ?, അതല്ല തീവ്രത പുലര്‍ത്തി ക്രൈസ്തവരെപ്പോലും ഭരണത്തിലടുപ്പിക്കരുത് എന്ന് പ്രഖ്യാപിക്കുക മാത്രമല്ല അതിന്റെ പേരില്‍ തന്നെ പ്രക്ഷോഭം നടത്തുന്ന സലഫികളുടെ കൂടെയോ?. ലേഖകന് പ്രശ്നമായി തോന്നുന്നത് മതേതരജനാധിപത്യത്തോട് സഹകരിച്ചതോ അതല്ല കീഴടങ്ങിയതോ? അതോ വിട്ട് നില്‍ക്കാത്തതോ?

2. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് ലേഖകനും അതേ ലേഖനം പ്രസിദ്ധീകരിച്ച ശബാബിന്റെ അണിയറ ശില്‍പ്പികളായ മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെയും അഭിപ്രായം എന്താണ്. അവര്‍ മതേതതരത്വത്തോടും ജനാധിപത്യത്തോടും ഇഖ് വാനികളുടെ സഹകരണം പോലുള്ളത് ആഗ്രഹിക്കുന്നുവെന്നതോ?, അതല്ല അവര്‍ സലഫി സംഘടനയായ അന്നൂറിന്റെ തീവ്രസമീപനം പുലര്‍ത്തുന്നുവെന്നതോ ?

3. ഇഖ് വാനികള്‍ക്ക് ഹസനുല്‍ ബന്നയുടെ മിതവാദശൈലിയായിരുന്നുവെന്നും പിന്നീട് മൌലാനാ മൌദൂദിയുടെ ആശയം സ്വീകരിച്ച സയ്യിദ് ഖുതുബ് അവരെ തീവ്രലൈനിലേക്ക് കൊണ്ടുപോയി എന്നും തിരിച്ച് യൂസുഫുല്‍ ഖര്‍ദാവി മിതവാദ ലൈനിലേക്ക് തീരിച്ചുകൊണ്ടുവന്നുവെന്നും ലേഖനത്തില്‍ കാണുന്നു, ഏത് ലൈനായിരുന്നു ഇഖ് വാന്‍ സ്വീകരിക്കേണ്ടിയിരുന്നത്?. സയ്യിദ് ഖുതുബോ മൌദൂദിയോ ഹസനുല്‍ ബന്നയെ തള്ളിയിട്ടുണ്ടോ?. പിന്നീട് മിതവാദത്തിലേക്ക് കൊണ്ട് വന്ന യൂസുഫുല്‍ ഖര്‍ദാവി സയ്യിദ് ഖുതുബിനെയും മൌദൂദിയെയും എങ്ങനെയാണ് കാണുന്നത്?.

4. യൂസുഫുല്‍ ഖര്‍ദാവി മൌദൂദിയെ തള്ളിപ്പറഞ്ഞിട്ടുണ്ടോ ജമാഅത്തുമായി അദ്ദേഹത്തിന് ഏത് കാര്യത്തിലാണ് അഭിപ്രായ വ്യത്യാസം ഉള്ളത്?.

5. തീവ്രസലഫികളുടെ ചിന്താഗതിയാണ് കൂടുതല്‍ ഉചിതമെന്ന് അഭിപ്രായമുണ്ടെങ്കില്‍ മൌദൂദിയെയും  സയ്യിദ് ഖുതുബിനെയും (മുജാഹിദുകളുടെ വാദമനുസരിച്ച) അനുകൂലിക്കാന്‍ സാധിക്കേണ്ടതല്ലേ?.

6. ഹസനുല്‍ ബന്ന മിതവാദ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ വക്താവായിരുന്നിട്ടും സലഫികള്‍ അവിടെ സജീവമായിരുന്നുവെന്നതിന് എന്താണ് ന്യായം?. എന്തുകൊണ്ട് സലഫികളുണ്ടായിരിക്കെ ഹസനുല്‍ ബന്നക്ക് ഇഖ് വാന്‍ രൂപീകരിക്കേണ്ടിവന്നു. ഇനി അദ്ദേഹത്തിന്റെത് മിതവാദ ഇസ്ലാമിക രാഷ്ട്രീയമായിരുന്നു കാരണമെങ്കില്‍ പിന്നീട് തീവ്രവാദരാഷ്ട്രീയം പുറത്തെടുത്ത സയ്യിദ് ഖുതുബിനെ പിന്തുണക്കാന്‍ അവിടുത്തെ സലഫികള്‍ക്ക് എന്തുകൊണ്ട് സാധിക്കാതെ പോയി?.

7. സത്യത്തില്‍ എന്താണ് ഈജിപ്തിലെ സലഫികളും ഇഖ് വാനികളും  വ്യത്യാസം. ആരാണ് കൂടുതല്‍ ശരിയുടെ പക്ഷത്ത്. എന്തുകൊണ്ട്?.
'ജമാലുദ്ദീന്‍ അഫ്‌ഗാനി, മുഹമ്മദ്‌ അബ്‌ദു, സയ്യിദ്‌ റശീദ്‌ റിദാ തുടങ്ങിയ മഹാരഥന്മാരുടെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായി ജനമനസ്സുകളില്‍ നവോത്ഥാന ദീപം ജ്വലിക്കാനും തുടങ്ങിയിരുന്നു'. ഇതേ സലഫികളെ പ്രതിനിധീകരിക്കുന്നവര്‍ തന്നെയാണോ അന്നൂര്‍ എന്ന തീവ്ര സലഫി സംഘടന?. അതല്ല ഒരു മിതവാദ സലഫിസം ഉണ്ടോ? സലഫികള്‍ക്ക് മിതവാദികളാകാന്‍ കഴിയില്ലേ?.
 
ഏതെങ്കിലും മുജാഹിദുകള്‍ ഈ ചോദ്യങ്ങളോട് പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചാല്‍ മാത്രമേ ഈ ഖണ്ഡികയില്‍ പറഞ്ഞ കാര്യങ്ങളിലെ അവ്യക്തത നീങ്ങുകയുള്ളൂ.

13 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഇതിന് ഒരു പ്രതികരണവും മുജാഹിദ് പക്ഷത്തുനിന്ന് ഇല്ലെങ്കില്‍ . ഇവര്‍ താല്‍കാലിക സമാധാനത്തിന് എന്തൊക്കെയോ എഴുതി വിടുന്നുവെന്ന നിഗമനത്തിലെത്തേണ്ടി വരും. ഇവരുടെ തന്നെ മറ്റൊരു പ്രസിദ്ധീകരണമാണ്. അന്നൂറിനെ തീവ്രസലഫി സംഘടനയായി പരിചയപ്പെടുത്തിയത് എന്നിരിക്കെ പ്രത്യേകിച്ചും. അത് കേവലം പാശ്ചാത്യരുടെ പ്രോപഗണ്ടയാണ് എന്നാണ് ഇവിടെ ലേഖനത്തില്‍ പറയുന്നത്. എന്നാല്‍ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ അക്ഷരപൂജകരായ ഒരു വിഭാഗം യുക്തിരഹിതമായി ഒരു സൌദിമോഡല്‍ സലഫിസം ആഗ്രഹിച്ച് മുന്നോട്ട് വരുന്നതായി തോന്നുന്നു. ധാരാളം കോപ്ടിക്ക് കൃസ്ത്യാനികള്‍ അധിവസിക്കുന്ന ഈജിപ്തിലാകട്ടേ അത് അപ്രായോഗികമാണ് താനും. ഇസ്ലാമിക ഭരണത്തിന്റെ അവിടുത്തെ ഏറ്റവും പ്രകടമായ രൂപം പെരുമാറ്റത്തിലോ സ്വഭാവത്തിലോ ഇസ്ലാമിക നിഷ്ടക്ക് വിരുദ്ധമായി ചെയ്യുകയും നമസ്കാര സമയമായാല്‍ ചൂരല്‍വടിയെടുത്ത് പള്ളിയിലേക്ക് ആനയിക്കുയകും ചെയ്യുന്ന ഇസ്ലാമികമായി ന്യായമില്ലാത്ത് പിന്തിരിപ്പന് സമീപനമാണ് സൌദി പിന്തുടരുന്നതെന്നാണ് അനുഭവം.

CKLatheef പറഞ്ഞു...

ഇസ്ലാമിക രാഷ്ട്രീയം സംസാരിക്കുന്നത് തന്നെ തീവ്രവാദമായി കാണാന്‍ ലോകത്തെ പ്രേരിപ്പിക്കുന്നത് സൌദിഭരണമാണ് എന്ന് പറഞ്ഞാല്‍ അത് തെറ്റാവുകയില്ല. അന്നൂര്‍ പോലുള്ള സംഘടനകള്‍ക്ക് സ്വാധീനമുള്ള ഒരു ഭരണക്രമത്തില്‍ തീവ്രതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല എന്നതാകും അവരെ ഭരണത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഇഖ് വാന്‍ പോലുള്ള സംഘടനകളെ പ്രേരിപ്പിക്കുന്നത്.

Mohamed പറഞ്ഞു...

മുജാഹിദ് പ്രസിദ്ധീകരണങ്ങൾ ഓരോ ലക്കവും തൊട്ടു മുൻപത്തെ ലക്കത്തോടുപോലും വിരുദ്ധമായ ആശയമാണ് നിരന്തരം പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ദീനും പരലോകവും മറന്ന് ദുനിയാവിലെ മനുഷ്യ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ വേണ്ടി ദീനിനു വ്യാഖ്യാങ്ങൾ ചമച്ച് ചമച്ച് കേരളമുജാഹിദുകൾ ഉപ്പുവെച്ച കലം പോലെ ആയിത്തീർന്നു.

Kamar പറഞ്ഞു...

ബ്ലോഗുകളും, സോഷ്യല്‍ മീഡിയയും ശബാബ്‌ വായനക്കാര്‍ വായിക്കുന്നു എന്നുള്ളത് ശബാബിലെ കത്തുകളില്‍ നിന്ന് മനസിലാക്കാം. എന്നാലും ഒരാളെയും ആ ചര്‍ച്ചകളില്‍ ഇടപെടാന്‍ കാണാറില്ല.

CKLatheef പറഞ്ഞു...

കമര്‍ എങ്ങനെ ശബാബ് വായനക്കാര്‍ ഇടപെടും. കാരണം താഴെ വരികള്‍ പ്രബോധനത്തിലേതല്ല; സാക്ഷാല്‍ ശബാബ് തന്നെ പറഞ്ഞത്.
--------------------

മിഡിലീസ്റ്റിലേക്കു തന്നെ വരാം. ഈജിപ്‌ത്‌, സിറിയ, യമന്‍, തുനീഷ്യ, ലബനാന്‍ തുടങ്ങി രാഷ്‌ട്രീയമാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന പല രാജ്യങ്ങളിലും ക്രൈസ്‌തവ ന്യൂനപക്ഷത്തിനെതിരെ ഭീഷണികള്‍ ഉയരുന്നതായാണ്‌ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. വിപ്ലവത്തിന്റെ ആനുകൂല്യത്തില്‍ തലപൊക്കിയ ചില തീവ്രഗ്രൂപ്പുകളാണത്രെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വാളോങ്ങുന്നത്‌. ദമസ്‌കസിലെ തെരുവുകളില്‍ പ്രത്യക്ഷപ്പെടുന്ന ബോര്‍ഡുകളില്‍ ``അലവികള്‍ (ശീഅകള്‍) ഖബറുകളിലേക്ക്‌, ക്രിസ്‌ത്യാനികള്‍ ബെയ്‌റൂത്തിലേക്ക്‌'' എന്ന മുന്നറിയിപ്പ്‌ നല്‍കിക്കഴിഞ്ഞു.

വിപ്ലവങ്ങള്‍ക്കിടെ തീവ്രവാദം ഏറ്റവും ശക്തമായി രംഗത്തുവന്നത്‌ ഈജിപ്‌തിലാണ്‌. അവിടുത്തെ സലഫി സംഘടനയായ അന്‍സാറുസ്സുന്നയില്‍ നിന്ന്‌ വേറിട്ടു പോയ തീവ്രസലഫികള്‍ കുഴപ്പങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു. ഈജിപ്‌തില്‍ നിന്നും മറ്റു അറബ്‌ രാജ്യങ്ങളില്‍ നിന്നും പുറത്തിറങ്ങുന്ന പത്രങ്ങളില്‍ ഈയടുത്തായി പ്രധാന ചര്‍ച്ചാവിഷയം സലഫി തീവ്രവാദമാണ്‌. അല്‍അഹ്‌റാം പത്രത്തില്‍ അടുത്തുവന്ന ചില ലേഖനങ്ങളില്‍ ആചാരങ്ങളിലും വേഷഭൂഷാതികളിലും കടുംപിടുത്തക്കാരായ ഒരു സലഫി ഗ്രൂപ്പ്‌ ഇപ്പോള്‍, ഭീകരതയുടെ വഴിയിലേക്ക്‌ തിരിഞ്ഞതായി ചൂണ്ടിക്കാട്ടുന്നു. ഇക്കാലമത്രയും അരാഷ്‌ട്രീയവാദികളായി കഴിഞ്ഞ തീവ്രസലഫികള്‍ ജനാധിപത്യത്തിന്‌ എതിരായിരുന്നു. മാത്രമല്ല, വിപ്ലവത്തിന്റെ തുടക്കത്തില്‍ ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന ഫത്‌വയും ഇവര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍, വമ്പിച്ച ജനസ്വാധീനം അവകാശപ്പെടുന്ന ഇവര്‍ `അന്നൂര്‍' എന്ന പേരില്‍ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയും രൂപീകരിച്ചുകഴിഞ്ഞു. തീവ്രനിലപാടുകളിലൂടെ മുസ്‌ലിംപിന്തുണ നേടുക എന്ന ലക്ഷ്യത്തോടെയാണത്രെ അവരിപ്പോള്‍ ക്രിസ്‌ത്യാനികള്‍ക്കും ശീഅകള്‍ക്കും സൂഫികള്‍ക്കുമെതിരെ അക്രമമാര്‍ഗം തെരഞ്ഞെടുത്തത്‌.

മുസ്‌ലിംകളെ ഭരിക്കാന്‍ ക്രിസ്‌ത്യന്‍ ഭരണാധികാരികളെ അനുവദിക്കില്ലെന്ന വാദമുയര്‍ത്തിയ തീവ്രസലഫികള്‍ ഈജിപ്‌തിലെ ക്വിന പ്രവിശ്യയിലെ ക്രിസ്‌ത്യാനിയായ ഗവര്‍ണറെ നീക്കാന്‍ സമ്മര്‍ദം ചെലുത്തുകയുണ്ടായി. രാഷ്‌ട്രീയ കോളിളക്കത്തില്‍ ദുര്‍ബലമായ സര്‍ക്കാറിന്‌ ഒടുവില്‍ ഗവര്‍ണറെ താല്‍ക്കാലികമായി നീക്കം ചെയ്യേണ്ടി വന്നു. നാല്‍പത്തഞ്ചുകാരനായ അയ്‌മന്‍ അന്‍വര്‍ എന്ന കോപ്‌റ്റിക്‌ ക്രിസ്‌ത്യാനിയുടെ ചെവിയറുത്ത സംഭവം ഈജിപ്‌തില്‍ വിവാദമായിരുന്നു. അതിലെ മുഖ്യപ്രതി സലഫി തീവ്രവാദിയായി അറിയപ്പെടുന്ന ഹുസൈനി കമാല്‍ ആണ്‌. തീവ്രസലഫിസത്തിന്റെ ഈജിപ്‌ഷ്യന്‍ വക്താവായ അബൂശാദി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മുഹമ്മദ്‌ മുസ്‌തഫയുടെ പ്രഭാഷണങ്ങള്‍ യൂട്യൂബിലുണ്ട്‌. ഇസ്‌ലാമിലെ അവാന്തര വിഭാഗങ്ങള്‍ക്കും ഇതര മതസ്ഥര്‍ക്കുമെതിരെ വെറുപ്പ്‌ അഴിച്ചുവിടുന്നതാണ്‌ ഇദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗങ്ങള്‍ .

പൂര്‍ണമായി ഇവിടെ വായിക്കുക.

CKLatheef പറഞ്ഞു...

ശബാബിന്റെ മുകളിലെ ലേഖനം കുറേകൂടി വസ്തുനിഷ്ഠവും സത്യസന്ധവുമാണ് പ്രത്യക്ഷത്തില്‍ തന്നെ. മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്ന ബഹുമാന്യ വ്യക്തിത്വമാണ് അതെഴുതിയത്. ഇപ്പോള്‍ വന്ന ലേഖനം പതിവു മുജാഹിദ് ദൌര്‍ബല്യത്തില്‍നിന്ന് മുക്തമല്ല. ഇത്രയും ചോദ്യം ഉയരുന്നത് അതുകൊണ്ട് തന്നെ. ഇതിന് പ്രതികരിക്കാന്‍ അവര്‍ക്ക് കഴിയാതെ പോയതും വ്യക്തമായ നിലപാടില്ലായ്മയില്‍നിന്ന് ലേഖനം എഴുതുന്നത് കൊണ്ടാണ്.

CKLatheef പറഞ്ഞു...

ഇതില്‍ മുജാഹിദുകളാരും പ്രതികരിക്കാത്തതുകൊണ്ട് ശബാബിലെ ലേഖനത്തോടുള്ള പ്രതികരണം നല്‍കുകയാണ്, എന്റെ ധാരണ ഏറെക്കുറെ ശരിയാണ് എന്ന നിലക്ക്. അടുത്ത പോസ്റ്റില്‍ ....

vallithodika പറഞ്ഞു...

നിലപാടില്ലായ്മ ഇല്ലാത്തത് ഇതില്‍ മാത്രമല്ല .ഈ മെയില്‍ ചോര്‍ത്തല്‍ വിഷയത്തില്‍ വര്‍ത്തമാനം പത്രം മാറിയും മറിഞ്ഞും ഉള്ള നിലപാടാണ് എടുത്തത്.ഒന്നും വിശ്വസിക്കാന്‍ പറ്റാത്ത ഒരു മാതിരി അവസര വാദ ഉരുളല്‍ നാടകങ്ങള്‍.

Backer പറഞ്ഞു...

ആദ്യം ഈജിപ്ഷ്യന്‍ സലഫി പ്രഥാനമായ അന്നൂറിനെ തീവ്രവാദികളാക്കി ചിത്രീകരിച്ചത് അവരെ പോലെ തന്നെ അക്ഷരപൂജകരും തീവ്രവാദികളുമായ AP വിഭാഗം മുജാഹിദുകളെ കൊട്ടാനായിരുന്നു, അന്ന് പ്രതീക്ഷിച്ചു കാണില്ല അന്നൂര്‍ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് വരുമെന്ന്, എല്ലായിടത്തും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ വിജയം കൊയ്യുകയും അതില്‍ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം സന്തോഷിക്കുകയും ചെയ്യുമ്പോള്‍ നമുക്കും വേണ്ടേ ചൂണ്ടിക്കാട്ടാന്‍ എന്തെങ്കിലും എന്ന് കരുതി ഒരു വെടി പൊട്ടിച്ചു നോക്കിയതാ, പക്ഷെ ഇച്ചിരി നേരത്തെയായിപ്പോയി, മുജീബ് സാഹിബിന്റെ ലേഖനം ഇപ്പോഴും നമ്മുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല, അതിനും മുന്പ് അതേ പ്രസിദ്ധീകരണത്തില്‍ തന്നെ ഇങ്ങനെയൊരു വൈരുധ്യം

MAK AZAD പറഞ്ഞു...

കേരളത്തിലെ നമ്മുടെ മുജാഹിദ്‌സുഹൃത്തുക്കളുടെ അവസ്ഥ എത്ര പരിതാപകരം!ഒന്നിനോടും ഒരുറച്ചനീലപാട് സ്വീകരിക്കാന്‍ അവര്‍ക്കാവുന്നില്ലല്ലോ.ആഭ്യന്തരശൈഥില്യം ഒരു കാരണമാവാം;അത് മനസ്സിലാക്കാം.ലോകത്ത് ഇസ്‌ലാമിന്റെമേല്‍ തീവ്രവാദമുദ്ര ചാര്ത്തപ്പെടാന്‍ നിമിത്തമായത് വിവിധഭൂപ്രദേശങ്ങളിലുള്ള സലഫിപ്രസ്ഥാനങ്ങളാണെന്ന് തിരിച്ചറിയാന്‍ എന്താണാവോ തടസ്സം? സങ്കുചിത പാര്‍ടിതാല്പര്യങ്ങള്‍ മാറ്റിവെച്ച് ഇസ്‌ലാമിന്റെ വിശാലഭൂമികയില്‍ ചുവടുറപ്പിച്ചാല്‍ പിടിച്ചുനില്‍ക്കാം. അല്ലെങ്കില്‍ ചവിട്ടിനില്‍ക്കാന്‍ കളമില്ലാതെ വരും.അപ്പോഴും കുറ്റം ആരുടെയെങ്കിലും മണ്ടയില്‍ ചാര്‍ത്തി രക്ഷപ്പെടാമെന്നു കരുതുന്നുവെങ്കില്‍ വിഡ്ഢിത്തമാവും അത്.

v.basheer പറഞ്ഞു...

assalamu alaikum

OpenSourceFeed പറഞ്ഞു...

ആദ്യമേ പറയട്ടെ ഞാനൊരു മുജാഹിദുകാരനല്ല.
:-)
"അലക്‌സാണ്ട്രിയ പോലുള്ള ബീച്ചുകളില്‍ ടൂറിസത്തിന്റെ പേരില്‍ നടമാടുന്ന അധാര്‍മികതകള്‍ക്ക്‌ കടിഞ്ഞാണിടണമെന്ന സലഫികളുടെ ആവശ്യത്തിനു നേരെ എഫ്‌ ജെ പി നിഷേധാത്മകമായാണ്‌ പ്രതികരിച്ചിട്ടുള്ളത്‌."
എന്താണ് ഇതിലെ യാഥാര്‍ത്ഥ്യം?
അതിനെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് നോക്കി കാണുന്നത്?

CKLatheef പറഞ്ഞു...

ടി.ശാക്കിര്‍ വേളത്തിന്റെ ഒരു അഭിപ്രായം ഇവിടെ എടുത്ത് ചേര്‍ക്കുന്നു. അതില്‍ നിയാസിനുള്ള മറുപടിയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
--------------------

എമ്മാര്‍ നിരീക്ഷിച്ചത് തന്നെ ഇപ്പോള്‍ ഈജിപ്തിലെ സലഫികള്‍ തുടങ്ങികഴിഞ്ഞു.( 2010ഒക്ടോബര്‍ 21)ബഹുസ്വരത,ജനാധിപത്യം,പ്രമാണങ്ങളുടെ പ്രയോഗത്തിലെ സ്ഥലകാല പരിഗണന ഇത്തരം കാര്യങ്ങളൊന്നും പ്രമാണവാദം ഉയര്‍ത്തിപ്പിടിക്കുന്ന സലഫികള്‍ സാധാരണ പരിഗണിക്കാറില്ല.കഴിഞ്ഞ ദിവസം ഈജിപ്ത് പാര്‍ലമെന്റില്‍ സഭാസമ്മേളനം നടന്നുകൊണ്ടിരിക്കെ ഒരുസലഫി എം.പി എഴുന്നേററ് നിന്ന് ബാങ്ക് വിളിച്ച ദൃശ്യം ലോകവ്യാപകമായി പരക്കുകയുണ്ടായി.സ്പീക്കറുടെ അതിശക്തമായ വിലക്കിനെ ലംഘിച്ചുകൊണ്ടാണ് ഒരു മഹത്തായ സല്‍കര്‍മം ചെയ്യുന്നു എന്ന രീതിയില്‍ ആ എം.പി ബാങ്ക് വിളിക്കുന്നത്.ഇത് ബാങ്ക് വിളിക്കാനുളള സ്ഥലമല്ല രാജ്യത്തെക്കുറിച്ച ചര്‍ച്ചക്കുളള ഇടമാണെന്ന സ്പീക്കറുടെ വാദത്തെ കേവല പ്രമാണ വാദം കൊണ്ടാണ് എം.പി ശക്തമായി നേരിടുന്നത്.മതമുളളവനും അതില്ലാത്തവനും കൃസ്താനിയും മുസ്ലിമുമെല്ലാം ഒന്നിച്ചിരിക്കുന്ന,എല്ലാ പൗരന്‍മാര്‍ക്കും തുല്ല്യ സ്വാതന്ത്രം കല്‍പ്പിക്കുന്ന രാഷ്ട്രത്തിന്റെ പൊതുസഭക്കകത്ത് ഇത്തരമൊരു മത പ്രയോഗത്തിന്റെ ജനാധിപത്യവിരുദ്ധതയും അനൗചിത്യവും സലഫീപ്രമാണവാദത്തിനു മനസ്സിലാക്കാന്‍ കഴിയില്ല എന്നകതാണ് നേര്.ഈ യാതാര്‍ത്ഥ്യമാണ് ശബാബിലൂടെ എമ്മാര്‍ കുറച്ചുമൂമ്പ് എഴുതിയത്. പിന്നെ കുറച്ചുകഴിഞ്ഞ് കേരളത്തില്‍ ആരോടൊക്കെയോ മേനിനടിക്കാന്‍ ഒരു നിമിത്തമാക്കുക എന്ന മട്ടിലാണ് ഈജിപ്ത്യന്‍ സലഫീ വിജയത്തെ അപ്പാടെ ഏറ്റെടുത്തുകൊണ്ട് വമ്പന്‍ കവര്‍‌സ്റ്റോറി ശബാബില്‍ വരുന്നത്. അപ്പൊളും എമ്മാര്‍ നേരത്തെ ഉന്നയിച്ച പ്രശ്‌നങ്ങളെല്ലാം അങ്ങിനെതന്നെ നിലനില്‍ക്കുന്നുമുണ്ട്. ഏതായാലും ഇക്കണക്കിനാണ് ഈജിപ്ത്യന്‍ സലഫികളുടെ മുന്നോട്ടുപോക്കെങ്കില്‍ ഈ ഏറ്റെടുക്കല്‍ ശബാബിനു ചരിത്രത്തില്‍ വലിയ ബാധ്യതയായി മാറുക തന്നെ ചെയ്യും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK