'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, സെപ്റ്റംബർ 10, 2012

ജിന്നു ബാധിച്ച സംഘടനകള്‍ ...

നാലഞ്ചു വര്‍ഷമായി മുജാഹിദ് പ്രസ്ഥാനം ഏറ്റവും കൂടുതല്‍ ഗവേഷണം നടത്തിയത് ജിന്നുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഉണ്ടാവില്ലെന്ന് കരുതട്ടേ. പക്ഷെ അവസാന റിസള്‍ട്ട് പരിശോധിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നതെന്താണ് ?. ഏറ്റവും പ്രാമാണികവും പണ്ഡിതോചിതവുമായ ഒരു ഉത്തരം നമുക്ക് ഈ വിഷത്തില്‍ കിട്ടിയോ ?. ഇല്ല എന്ന് മാത്രല്ല. പ്രസ്തുത സംഘടന അതേ കാരണം പറഞ്ഞ് മൂന്നായി പിളര്‍ന്നതാണ് നാം കാണുന്നത്. മുജാഹിദ് സംഘടനയില്‍ നേരത്തെ ഉണ്ടായ  പിളര്‍പ്പിന് മറ്റുപലകാരണങ്ങളും ഉണ്ടാവാമെങ്കിലും. പുതുതായി സംഭവിച്ച പിളര്‍പ്പിന് (രണ്ട് വിഭാഗമായി തിരിഞ്ഞതിനെയാണ് ഞാനിവിടെ പിളര്‍പ്പ് എന്നതുകൊണ്ട് ഉദ്ദേശിച്ചത്. സാങ്കേതികമായി സംഘടനാ രൂപം സകരിയാ സലാഹിയുടെ നേതൃത്വത്തിലുള്ള ടീമിന് വന്നിട്ടില്ലെങ്കിലും) കാരണം ജിന്നുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ഈ തര്‍ക്കവിതര്‍ക്കം നടക്കുന്ന സന്ദര്‍ഭത്തില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരെ ഈ സംവാദത്തില്‍ കക്ഷിചേര്‍ക്കാന്‍ പലപ്പോഴും സോഷ്യല്‍നെറ്റില്‍ പല മുജാഹിദ് സുഹൃത്തുക്കളും ശ്രമിച്ചിരുന്നു. എന്നാല്‍ അതില്‍നിന്ന് ബോധപൂര്‍വം മാറിനിന്ന് തങ്ങളുടെ അജണ്ടയില്‍ ശ്രദ്ധിക്കുകയും ഈ തര്‍ക്കങ്ങള്‍ സാകൂതം വീക്ഷിക്കുകയുമാണ് അവര്‍ ചെയ്തത്. പണ്ഡിതോചിതമായ ഈ സംവാദത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യമായ അറിവ് ഇല്ലാത്തതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ഇതില്‍ താല്‍പര്യമെടുക്കാത്തവര്‍ എന്ന് ധരിച്ച മുജാഹിദു സുഹൃത്തുക്കള്‍ ധാരാളമുണ്ട്.

അവര്‍ക്ക് വേണ്ടിയാണ് ഇവിടെ ചില കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഈ സംവാദങ്ങള്‍ ഒട്ടോക്കെ വീക്ഷിച്ചപ്പോള്‍ അവഗണിക്കാവുന്നതും അവഗണിക്കാന്‍ സാധ്യമല്ലാത്തുമായ പല കാര്യങ്ങളും ശ്രദ്ധയില്‍ വന്നിരുന്നു. ജിന്നുകളുമായി ബന്ധപ്പെട്ട വിശദമായ പലകാര്യങ്ങളും (ഉദാഹരണത്തിന് ജിന്നിന്റെ ഭക്ഷണം, അവ മനുഷ്യന് സഹായം ചെയ്യുന്നതും ഉപദ്രവിക്കുന്നതുമാണെന്ന വിശ്വാസം, അവ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നതും, അവ കല്യാണം കഴിക്കുന്നതും കുട്ടികളുണ്ടാവുന്നതും, അവരിലെ സ്ത്രീകളും മനുഷ്യരും ബന്ധപ്പെടാവുന്നതുമാണെന്ന വിശ്വാസം) അവഗണിക്കാവുന്നതാണെന്നും അത്തരം കാര്യങ്ങള്‍ മനുഷ്യനെ ബാധിക്കുന്നത് ശ്രദ്ധയില്‍ പെടുമ്പോള്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നും വെച്ചു. എന്നാല്‍ ഇത്തരം കാര്യങ്ങളുടെ തെളിവായി ഉദ്ധരിക്കുന്ന ആയത്തുകളും ഹദീസുകളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് അവഗണിക്കാവുന്നതാണെന്ന് തോന്നിയതുമില്ല.

 മുകളില്‍പറയപ്പെട്ടത് പോലുള്ള അനാവശ്യമായ വിഷയത്തിലുള്ള ഗവേഷണത്തിന് തെറ്റായ ഉത്തരം ലഭിച്ചത് കൊണ്ടാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായത് എന്ന് എനിക്ക് തോന്നുന്നു. ജിന്ന് മനുഷ്യനില്‍ പ്രവേശിക്കും, അത് മനുഷ്യരക്തം സഞ്ചരിക്കുന്നിടത്തെല്ലാം സഞ്ചരിക്കും, ജിന്ന് ബാധയാല്‍ അസുഖം ഉണ്ടാവും, ജിന്നിന് മനുഷ്യനെ ഉപദ്രവിക്കാനും ഉപകാരം ചെയ്യാനും കഴിയും തുടങ്ങിയ കാര്യങ്ങളില്‍ മുജാഹിദിലെ രണ്ട് വിഭാഗത്തിനും (മടവൂര്‍ വിഭാഗത്തെ ഈ ചര്‍ചയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു, രണ്ട് വിഭാഗം എന്നത് കൊണ്ട് ഉദ്ദേശിച്ചത് സകരിയാ സലാഹിയുടെ നേതൃത്വത്തിലുള്ള അനൌദ്യോഗിക മുജാഹിദുകളും അദ്ദേഹത്തെ പുറത്താക്കിയ ഔദ്യോഗിക വിഭാഗവുമാണ്) തമ്മില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉള്ളതായി അറിയില്ല.

ജിന്നിന് സഹായിക്കാന്‍ കഴിയുമെങ്കില്‍ ആ സഹായം ചോദിച്ചാല്‍ എങ്ങനെ അത് ആരാധനയാകുന്ന പ്രാര്‍ഥനയാകും എന്നാണ് സകരിയാ സലാഹി ചോദിക്കുന്നത്. അതേ പ്രകാരം ജിന്നിന് രോഗം വരുത്താന്‍ കഴിയുമെങ്കില്‍ , ജിന്ന് മനുഷ്യനെ ബാധിക്കുമെങ്കില്‍ എന്തുകൊണ്ട് അതിനുള്ള ചികിത്സയും പറഞ്ഞുകൂടാ എന്നും അദ്ദേഹം ചോദിക്കുന്നു. ചുരുക്കത്തില്‍ ഇത് രണ്ടുമാണ് അദ്ദേഹം ചെയ്തത്.

അപ്പോള്‍ മറുപക്ഷമോ ?. അവര്‍ പറയുന്നത് ജിന്നിനോട് സഹായം തേടാം എന്ന് വെച്ചാല്‍ അത് അദൃശ്യമാര്‍ഗത്തിലൂടെയുള്ള സഹായതേട്ടം പോലെയാണ്. ഇതാണ് ആരാധനയാകുന്ന പ്രാര്‍ഥന. അത് ജിന്നിനോടാകാം എന്ന് പറയുന്നത് തൌഹീദിലുള്ള  വ്യതിചലനമാണ്. ഇതിന് സകരിയാ സ്വലഹിയുടെ മറുചോദ്യം. ജിന്നിനോടോ മലക്കുകളോടും പ്രാര്‍ഥിക്കാം എന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞതായോ എഴുതിയതായോ തെളിയിക്കാമോ എന്നതാണ്. മറു പക്ഷത്തിന് കഴിയില്ല. കാരണം പ്രാര്‍ഥിക്കാം എന്ന പദം സകരിയാ സലാഹി ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് കാണിക്കാനും കഴിയില്ല. എന്നാല്‍ ജിന്നിനോട് സഹായം തേടുന്നത് അഭൌതികമാര്‍ഗത്തിലൂടെയുള്ള സഹായതേട്ടമല്ല എന്ന് സകരിയാ സലാഹി പ്രസംഗിക്കുന്നത് നെറ്റ് ഉപയോഗിക്കുന്നവരൊക്കെ കേട്ടതുമാണ്. ഈ സഹായതേട്ടം ഒരു ഡോക്ടറോട് സഹായം തേടുന്നത് പോലെയാണ് എന്നാണ് സകരിയാ സ്വലാഹിയുടെ വിശദീകരണത്തിലൂടെ വരുന്നത്. ഇത് മുജാഹിദ് അണികള്‍ക്ക് ബോധ്യപ്പെടുകുയും ചെയ്യുന്നു. എന്നാല്‍ ജിന്ന് അദൃശ്യമാണ് അതിനാല്‍ അതിനോട് സഹായം തേടുന്നത് ശിര്‍ക്ക് തന്നെയാണ് എന്നാണ്  ഔദ്യോഗികവാദമെന്നാണ് മൊത്തം ചര്‍ചയില്‍നിന്ന് മനസ്സിലാകുന്നത്. അതിനാല്‍ ഔദ്യോഗിക പക്ഷം സകരിയാ സലാഹിയില്‍ ശിര്‍ക്ക് ആരോപിക്കുന്നു.

തര്‍ക്കത്തിന്റെയും വിഭജനത്തിന്റെയും അടിസ്ഥാനം,  ജിന്നിനെക്കുറിച്ച തെറ്റായ വിശ്വാസത്തിലാണ് കിടുക്കുന്നത്. ഇവിടെ പ്രത്യക്ഷത്തില്‍ കുറേകൂടി വ്യക്തത സകരിയാ സലാഹിയുടെ വാദത്തിനാണ് എന്നതിനാല്‍ മഹാഭൂരിപക്ഷം അണികള്‍ക്കും ഔദ്യോഗിക പക്ഷം പറയുന്നത് മനസ്സിലാകുന്നില്ല എന്നാണ് ചില ചര്‍ചകളില്‍ നേരിട്ടും രണ്ട് പക്ഷത്തിന്റെയും ചര്‍ചകള്‍ ബൈലക്സിലും ഫെയസ്ബുക്ക് യൂറ്റൂബിലും കണ്ടത്തില്‍നിന്ന് മനസ്സിലാകുന്നത്. എന്നാല്‍ ഈ പ്രശ്നത്തില്‍ സത്യമായ അന്തിമവാദം ഔദ്യോഗിക പക്ഷത്താണ് എന്നും ഞാന്‍ കരുതുന്നു. ജിന്നുമായി ബന്ധപ്പെട്ട തെറ്റായ ഒരു പാട് നിഗമനങ്ങള്‍ ഔദ്യോഗിക പക്ഷത്തിനും ഉണ്ടായിരിക്കെ അതേ നിഗമനങ്ങളില്‍നിന്ന് അവരുടെ വാദം രൂപപ്പെടുത്തുക സാധ്യമല്ല. ഇത് തന്നെയാണ് ഔദ്യോഗിക വിഭാഗം അനുഭവിക്കുന്ന പ്രതിസന്ധിയും.

മുജാഹിദ് സംഘടനാമനസ്സുകൊണ്ടു ചിന്തിക്കാത്ത, സമാന്യം ഖുര്‍ആനിലും ഹദീസിലും വിവരമുള്ള ഇസ്ലാമിന്റെ സാകല്യത്തെയും അതിന്റെ സന്തുലിതത്വത്തെയും കുറിച്ച് ബോധമുള്ള ഒരു നിഷപക്ഷമതിക്ക് ഈ പ്രശ്നം വളരെ പെട്ടെന്ന് വിശകലനം ചെയ്യാന്‍ കഴിയും. ജിന്നിനെ മനസ്സിലാക്കുന്ന കാര്യത്തില്‍ ഈ രണ്ട് വിഭാഗത്തിനും തെറ്റ് പറ്റിയിരിക്കുന്നുവെന്നതാണ് അതില്‍ ഒന്നാമത്തെ കാര്യം. അതിന് പങ്കുവഹിച്ചത് പൊതുവെ ജിന്നിന്റെ കാര്യത്തില്‍ വെച്ചുപുലര്‍ത്തുന്ന തെറ്റായ ഒരു ധാരണയാണ്. പിശാച് (ശൈത്വാന്‍ )  എന്നാല്‍ എന്താണെന്ന് നാം ഭംഗിയായും സത്യസന്ധമായും നിര്‍വചിക്കുമെങ്കിലും - പിശാച് മനുഷ്യരില്‍ പെട്ടവരാണ് എന്ന് വ്യക്തമായ സൂചനയില്ലാത്തിടത്ത് ജിന്നുകളെ ഉദ്ദേശിക്കുക എന്ന ഒരു തത്വം പൊതുവെ എല്ലാവരും തുടര്‍ന്ന് വരുന്നുണ്ട് - പിന്നീട് പിശാച് എന്ന് കാണുന്നിടത്തൊക്കെ ജിന്ന് എന്ന് വിവക്ഷിക്കുകയും അങ്ങനെ പിശാചിന്റെ വിശേഷണങ്ങളൊക്കെ ജിന്നിന് ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു.

ജിന്നിനെക്കുറിച്ച വിഭാവനയില്‍ ഘടാഘടിയന്‍മാരായ പണ്ഡിത ശ്രേഷ്ഠര്‍ക്ക് അബദ്ധം പിണയാനുള്ള ഒരു കാരണം, ജിന്ന് എന്ന പദത്തെ ഭാഷാപരമായി തന്നെ വിശകലനം ചെയ്യാന്‍ സമയം കാണാത്തതുകൊണ്ടാണ്. ജന്ന എന്ന അറബി പദം അപ്രത്യക്ഷമായി,  മറഞ്ഞു എന്നൊക്കെയുള്ള അര്‍ഥത്തിലാണ് പ്രയോഗിക്കുന്നത്. അതിന്റെ എതിര്‍ പദമാണ് ആനസ കണ്ടു, പ്രത്യക്ഷമായി എന്നൊക്കെ അതിന് അര്‍ഥമുണ്ട്. അങ്ങനെ അല്ലാഹുവിന്റെ സവിശേഷമായ തെരഞ്ഞടുപ്പ് സ്വാതന്ത്യം നല്‍കപ്പെട്ട ദൃശ്യജീവിയെ ഇന്‍സ് എന്നും അദൃശ്യജീവിയെ ജിന്ന് എന്നും ഉപയോഗിച്ചു.

എന്നാല്‍ ജിന്ന് എന്നോ ജാന്ന് എന്നോ എവിടെ കണ്ടാലും അത് തീയാല്‍ സൃഷ്ടിക്കപ്പെട്ട ഇബ്ലീസിന്റെ വംശത്തില്‍പെട്ട ജിന്നാണെന്നോ ജിന്ന് വേഷം മാറിയതാണെന്നോ ഒക്കെ ധരിക്കുന്നത് പരമാബദ്ധമാണ്. ഉദാഹരണങ്ങള്‍ ശേഷമുള്ള പോസ്റ്റുകളില്‍ ഇന്‍ശാ അല്ലാഹ്.

ഇവിടെയുള്ള പോസ്റ്റുകളിലൂടെ മുജാഹിദുകളുടെ തര്‍ക്കത്തില്‍ കക്ഷിചേരുകയോ ഏതെങ്കിലും വിഭാഗത്തിന് പിന്തുണ നല്‍കുകയോ എന്റെ ലക്ഷ്യമല്ല. ചില സൂക്തങ്ങള്‍ക്കും ഹദീസുകള്‍ക്കും ഒരിക്കലും സാധ്യതയില്ലാത്ത വ്യാഖ്യാനം നല്‍കപ്പെട്ടുകാണുന്നു. അതിലൂടെ ആ സൂക്തങ്ങളുടെയും ഹദീസുകളുടെയും ശരിയായ വിവക്ഷ അജ്ഞാതമാകുകയും അതിന്റെ ഉദ്ദിഷ്ഠഫലം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് നിസ്സാരമായ ഒരു കാര്യമല്ല അനേകം ആളുകളെ തെറ്റിദ്ധാരണയിലകപ്പെടുത്തിയ വ്യാഖ്യാനങ്ങള്‍ നല്കപ്പെട്ട പ്രസ്തുത ഹദീസുകളും സൂക്തങ്ങളും ഒരു പരിശോധനക്ക് വിധേയമാക്കുകയാണ് തുടര്‍ന്നുള്ള പോസ്റ്റുകളിലൂടെ.

26 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ആര്‍ക്കും ഇടപെട്ട് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. തെറ്റ് പറ്റാനുള്ള സാധ്യതയുണ്ട്. തിരുത്തുക എന്റെ ആവശ്യവുമാണ്.. അതിനാല്‍ വായിച്ച് പല്ലിറുമ്മുകയോ മുഷ്ടചുരുട്ടുകയോ ചെയ്യാതെ അഭിപ്രായങ്ങള്‍ തുറന്നുപറയുമല്ലോ ?.

Abid Ali പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കേരളീയൻ പറഞ്ഞു...

ജിന്നുകളെ കുറിച്ചുള്ള പല ചര്‍ച്ചകളും പ്രസംഗങ്ങളും മറ്റും കേള്‍ക്കുമ്പോള്‍ സാക്ഷാല്‍ ജിന്നുകള്‍ തന്നെ സഹികെട്ട് ഇറങ്ങി വന്നു ഈ "ഇന്സുകളെ" അട്ടിയോടിക്കുമോ എന്ന് തോന്നാറുണ്ട്.

Unknown പറഞ്ഞു...

യഥാര്‍തത്തില്‍ ഈ പ്രശ്നത്തിന്റെ മൂല കാരണ വിശകലനത്തില്‍ ഒരു സ്ഖലിതം സംഭവിച്ചുവോ എന്ന് സംശയിച്ചു പോവുകയാണ്. ആ മൂല കാരണമാണ് ജിന്നിലേക്ക് പടര്‍ന്നു പിടിച്ചത്. "ഇയ്യാക നഅ് ബുദു" എന്നതിലെ "ഇബാദത്തിനെ " തങ്ങളുദ്ധേശിക്കുന്ന പരിമിത " ആരാധന" എന്നാ അര്‍ത്ഥത്തില്‍ ഒതുക്കുവാന്‍ തത്രപ്പാട് കാണിച്ച മുജാഹിദു "പണ്ഡിതന്മാര്‍" "ഇയ്യാക നസ്ത ഈനു" അര്‍ഥം പറഞ്ഞു കുടുങ്ങിയതാണ് ഈ "അദ്ര്ശ്യ രൂപേണയുള്ള സഹായം തേടലിന്റെയൊക്കെ" പൊല്ലാപ്പായി പടര്‍ന്നു പന്തലിച്ചത്. ഇബാദത്തിന്റെ അര്‍ത്ഥ വിശകലനത്തിലോ ജ്മാത്തുമായുള്ള ആശയ സമരത്തില്‍ ഭാഷാപരമായും, സാങ്കേതികമായും പ്രാമാണികമായും, താത്വികമായും അമ്പേ പരാജയപ്പെടുകയും ചെയ്തു. ആദര്‍ശത്തെയും പ്രമാണങ്ങളെയും സ്വന്തം നിക്ഷിപ്ത താല്‍പര്യങ്ങളുടെ കട്ടിലില്‍ കിടത്തി പീഡിപ്പിക്കുന്ന ജന സമൂഹങ്ങള്‍ക്ക് സ്വാഭാവികമായും ഉണ്ടാകുന്ന പരിണിതിയാണ്‌ മുജാഹിദു സംഘടനയും അഭിമുഖീകരിക്കുന്ന്തു.

അരസികന്‍ പറഞ്ഞു...

രണ്ടു കൂട്ടരുടെയും തര്‍ക്ക വിഷയത്തില്‍ ‍ മുജാഹിദുകളിലെ ഭൂരി പക്ഷവും സകരിയ സ്വലാഹിയുടെ വാദ ഗതിയെ ആണ് ബൂസ്റ്റ്‌ ചെയ്യുന്നത്, ഇത് ഒരു തെറ്റായ സന്ദേശം സമൂഹത്തിനു നല്‍കുന്നുണ്ട്, മുജാഹിദ് വിഭാഗം എത്തി പെട്ട ദുരവസ്ഥയെ പ്രകടിപ്പിക്കുന്നു. എന്ന് പറഞ്ഞാല്‍ ഇതിനു മുമ്പ് നടന്ന മടവൂര്‍ / ഔദ്യഗിക തര്‍ക്കത്തില്‍ ഭൂരി പക്ഷവും ഔധ്യഗിക വിഭാഗത്തിനോടപ്പം നിന്നു, എന്നാല്‍ പുരോഗമന പരമായ വീക്ഷണം പുലര്‍ത്തിയ മടവൂര്‍ വിഭാഗത്തിനോടൊപ്പം നില്‍കാന്‍ ഭൂരി പക്ഷം അണികള്‍ക്കും തോന്നിയില്ല, ഇന്ന് ഏറെ പിന്തിരിപ്പന്‍ വീക്ഷണം പുലര്‍ത്തുന്ന, ഭാഷയിലും പ്രസംഗ ത്തിലും വേഷ വിധാനത്തിലും ഈ കടുപ്പം വച്ച് പുലര്‍ത്തുന്ന സക്കറിയ വിഭാഗത്തോട് ആണ് അണികള്‍ക്ക് കൂടുതല്‍ ആഭിമുഖ്യം. ഇനി ഇതിലും സങ്കുചിത വീക്ഷണം പുലര്‍ത്തുന്ന ഒരു വിഭാഗം വന്നാല്‍ അവരെ പിന്തുണക്കാന്‍ മാത്രം മാനസിക വികാസം പ്രാപിക്കാത്ത ഒരു സമൂഹത്തെയാണോ ഇത്ര കാലം കൊണ്ട് നവോര്ഥാന പ്രസ്ഥാനം വളര്‍ത്തിയെടുത്തത് എന്ന് ആശങ്കയോടെ നോക്കി കാണണം

KK Alikoya പറഞ്ഞു...

തൌഹീദിന്റെ കുത്തക അവകാശപ്പെട്ടിരുന്ന ഒരു വിഭാഗം. ഇപ്പോള്‍ ഒരു കാര്യം ശിര്‍ക്കാണോ തൌഹീദാണോ എന്ന് പറയാന്‍ കഴിയാതെ കുഴങ്ങുന്നു. മാത്രമല്ല; ഇത്രയും നാള്‍ പറഞ്ഞുവന്ന, തൌഹീദിന്റെ നിര്‍വചനം പോലും ശരിയാണോ എന്ന ഉറപ്പില്ലാത്ത അവസ്ഥയില്‍ എത്തുകയും ചെയ്‌തിരിക്കുന്നു.

ഇത് ആഘോഷിക്കുകയല്ല. ഈ അവസ്ഥയില്‍ സന്തോഷിക്കുകയുമല്ല. എങ്കിലും ഈ പതനത്തില്‍ നിന്ന് പല പാഠങ്ങളും പഠിക്കാനുണ്ട്. അതിനുവേണ്ടിയെങ്കിലും ഈ വിഷയം നാം ഇഴപിരിച്ച് വിശകലനം നടത്തണമെന്നാണ്‌ എന്റെ പക്ഷം.

മറഞ്ഞവഴിയില്‍ ഉപകാരം പ്രതീക്ഷിക്കുകയോ ഉപദ്രവം ഭയപ്പെടുകയോ ചെയ്‌തുകൊണ്ട് നടത്തുന്ന സഹായതേട്ടം ശിര്‍ക്കാണെന്നാണല്ലോ പറഞ്ഞിരുന്നത്. ആ നിര്‍വചനമനുസരിച്ച് നമ്മുടെ ശബ്ദം കേള്‍ക്കുന്നിടത്തുള്ള അദൃശ്യസൃഷ്ടികളായ ജിന്നിനോടും മലക്കിനോടും സഹായം ചോദിച്ചാലും ശിര്‍ക്കാവണം. അത് ശിര്‍ക്കല്ലെങ്കില്‍ ഈ നിര്‍വചനം ശരിയല്ലെന്നു വരും. ഈ നിര്‍വചനം ശരിയല്ലെങ്കില്‍ മരിച്ചുപോയവരെ സഹായത്തിനു വിളിക്കുന്നത് ശിര്‍ക്കാകുന്നതെങ്ങനെ? മരിച്ചുപോയവരെ വിളിക്കുന്നത് ശിര്‍ക്കും ജിന്നിനെയും മലക്കിനെയും വിളിക്കുന്നത് തൌഹീദുമാണെങ്കില്‍ തൌഹീദിന്ന് പുതിയനിര്‍വചനം കൊണ്ടുവരണം. കാര്യങ്ങള്‍ അത്ര ലളിതമല്ല.

ഒരു സുന്നി മുസ്‌ലിയാരുടെ പ്രസംഗത്തില്‍ നിന്ന്: "മരിച്ചുപോയവര്‍ കേള്‍ക്കുകയില്ല; സഹായിക്കുകയുമില്ല എന്നാണല്ലോ മുജാഹിദുകള്‍ പറയുന്നത്. അത് ശരിയാണെന്നു തന്നെയിരിക്കട്ടെ. അക്കാരണത്താല്‍ അത് ശിര്‍ക്കാവുന്നതെങ്ങനെ? എന്റെ വിളി കേള്‍ക്കാത്ത എന്നെ സഹായിക്കാന്‍ കഴിയാത്ത ഒരാളെ ഞാന്‍ സഹായത്തിനു വിളിച്ചാല്‍ ഞാന്‍ ചെയ്യുന്നത് ഒരു വിഡ്ഢിത്തമാണെന്ന് നിങ്ങള്‍ പറഞ്ഞോളൂ. പക്ഷേ, അത് ശിര്‍ക്കാണെന്ന് നിങ്ങള്‍ പറയുന്നതെന്തിനാണ്‌?"

Hakeem പറഞ്ഞു...

എന്നാല്‍ ജിന്ന് എന്നോ ജാന്ന് എന്നോ എവിടെ കണ്ടാലും അത് തീയാല്‍ സൃഷ്ടിക്കപ്പെട്ട ഇബ്ലീസിന്റെ വംശത്തില്‍പെട്ട ജിന്നാണെന്നോ ജിന്ന് വേഷം മാറിയതാണെന്നോ ഒക്കെ ധരിക്കുന്നത് പരമാബദ്ധമാണ്. ഉദാഹരണങ്ങള്‍ ശേഷമുള്ള പോസ്റ്റുകളില്‍ ഇന്‍ശാ അല്ലാഹ്.

------------

1. ജിന്ന് തീയാല്‍ സൃഷ്ടിക്കപ്പെട്ടതാണ്‌. - al hijr : 27
2. ജിന്നിനു വേഷം മാറാന്‍ കഴിയും. in many hadeeses
3. ജിന്നിന്‍റെ വംശത്തില്‍ പെട്ടവനാണ്‌ ഇബ്ളീസ്‌. ഇബ്ളീസിന്‍റെ വശംത്തില്‍ പെട്ടവനല്ല ജിന്ന്‌ - al kahf : 20

ഇതില്‍ ഇങ്ങനെ ധരിച്ചാല്‍ പരമാബദ്ധമെവിടെയാണ്‌. ?

Unknown പറഞ്ഞു...

മുജഹിദുകളുടെ ഒഴിയാബാധയായ പ്രമാണങ്ങളുടെ അക്ഷര വായന തന്നെയാണ് ഇവിടെയും വില്ലന്‍. ആശയങ്ങള്‍ ഗൌനിക്കാതെ അഭിപ്രായ രൂപീകരണം നടത്തുംബോഴുള്ള പ്രതിസനധികളാണ് ആ സംഘടനയെ ഇപ്പരുവത്തിലെതിച്ചത്.

KK Alikoya പറഞ്ഞു...

Hakeem പറഞ്ഞു...:

2. ജിന്നിനു വേഷം മാറാന്‍ കഴിയും. in many hadeeses

= ഇതൊന്ന് തെളിയിക്കാമോ?

KK Alikoya പറഞ്ഞു...

ജിന്നുകള്‍ സര്‍വത്ര: ജാഗ്രത പാലിക്കുക



ജിന്നോളജിസ്റ്റുകളോട് ചില ചോദ്യങ്ങള്‍

CKLatheef പറഞ്ഞു...

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി. ഇന്‍ശാ അല്ലാഹ് അടുത്ത ഭാഗം ഉടനെ...

CKLatheef പറഞ്ഞു...

ജിന്നിനോടുള്ള സഹായതേട്ടം പ്രാര്‍ഥനയല്ല എന്ന സകരിയാ സലാഹിയുടെ വാദവും അല്ലാഹുവിന്റെ ഔലിയാക്കളോട് സഹായം തേടുന്നത് പ്രാര്‍ഥനയല്ല അതുകൊണ്ട് തന്നെ ശിര്‍ക്കോ അല്ല എന്ന വാദവും സാമ്യത പുലര്‍ത്തുന്നു. സകരിയ സലാഹി പറയുന്നത് പോലെ തന്നെ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാം എന്ന് സുന്നികളും അംഗീകരിക്കില്ല. മറിച്ച് അവര്‍ പറയുന്നത് അല്ലാഹു നല്‍കുന്ന കഴിവില്‍നിന്നാണ് ഞങ്ങള്‍ ചോദിക്കുന്നത് സ്വന്തമായ കഴിവുണ്ടെന്ന് ചോദിച്ചാലെ പ്രാര്‍ഥനയാകൂ എന്നാണ്. ജിന്നുകളൊക്കെ മനുഷ്യനെ സഹായിക്കാന്‍ സന്ദര്‍ഭം നോക്കിനടക്കുകയാണ് ചോദിക്കേണ്ട കാര്യമേ ഉള്ളൂ എന്ന തെറ്റിദ്ധരണയില്‍നിന്നല്ലേ സത്യത്തില്‍ ഈ വാദം ഉല്‍ഭവിക്കുന്നത്.

Abid Ali പറഞ്ഞു...

അദൃശ്യ കാര്യത്തെ കുറിച്ചു അല്ലാഹുവും റസൂലും അറിയിച്ചു തന്നതിനു അപ്പുറം ഒരാള്‍ക്കും ഒന്നും അറിയില്ല .
ഇനി അതിനെക്കുറിച്ച്‌ അറിഞ്ഞിട്ടു ഒരു കാര്യവും ഇല്ല .
ഉദാ : സിരാതുല്‍ മുസ്തഖീം എന്ന പാലത്തിന്റെ നീളം എത്ര ?
ആദം നബി ഭൂമിയില്‍ ഇറങ്ങുമ്പോള്‍ ഏതു കാലാണ് ആദ്യം കുത്തിയത് ?

ജിന്നുകളെ കുറിച്ചു :
1.ജിന്നുകള്‍ മുടി വെട്ടാരുണ്ടോ ?അവര്‍ക്ക് നഖം വളരാരുണ്ടോ ?
2 .ജിന്നുകള്‍ ഉറങ്ങുമോ ?
3 .ജിന്നുകള്‍ വിവാഹം ചെയ്യുമോ ?
4 .സന്താന ഉത്പാദനം എങ്ങിനെ ?
5 . നമ്മെ പ്പോലെ ജോലി ചെയ്യാറുണ്ടോ ?കുടുമ്പം പുലര്തരുണ്ടോ ?
6 . സഞ്ചരിക്കാന്‍ വണ്ടികളും കാറുകളും ഉണ്ടാക്കുമോ ?
7 .ജിന്നുകള്‍ എന്താണ് കഴിക്കാറുള്ളത് ,ബിരിയാണിയോ ,കോഴിയോ ?
8 .ജിന്നുകള്‍ വെജ് ആണോ നോണ്‍ വെജ് ആണോ ?
9 .ജിന്നുകള്‍ പഠിക്കാന്‍ സ്കൂളില്‍ പോകാറുണ്ടോ ??
10.ജിന്നുകള്‍ക്ക് മരണം സംഭവിക്കുമോ ?ആയുസ്സ് എത്ര ?

ഇത്യാതി ചോദ്യങ്ങള്‍ക്ക് ഇസ്ലാമില്‍ ഒരു അടിസ്ഥാനവും ഇല്ല.ഒരു പ്രയോജനവും ഇല്ല. മുന്‍ഗാമികള്‍ ആരും ഇങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല;യുക്തിവാദികാലോ,ദൈവ നിഷേധികളോ അല്ലാതെ .
സര്‍വ്വ ശക്തന്‍ നമ്മെ കാത്തു രക്ഷിക്കട്ടെ

Abid Ali പറഞ്ഞു...

മതത്തില്‍ അമിതത്വം കൈക്കൊണ്ടവന്‍ സ്വയം പരാജയപ്പെടും
============================================
"പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌.
(അല്‍ മാഇദ 77 )

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം മതം ലളിതമാണ്. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആര് മുതിര്‍ന്നാലും അവസാനം അവന്‍ പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാര്‍ഗ്ഗവും കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങള്‍ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരാംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. (ബുഖാരി. 1. 2. 38)

Hakeem പറഞ്ഞു...

Alikoya KK പറഞ്ഞു...
Hakeem പറഞ്ഞു...:
2. ജിന്നിനു വേഷം മാറാന്‍ കഴിയും. in many hadeeses

= ഇതൊന്ന് തെളിയിക്കാമോ?

---------------------

ബദര്‍ യുദ്ധത്തില്‍ ജിന്നു 'സുരാഖാ ഇബ്ന്‍ മാലിക്‌' ആയി മാറുന്നത് ഹദീസില്‍ ഉന്‍ണ്ട്‌. ഇതിനെ അനുസ്മരിപ്പിച്ചാണ്‌ al anfal : 148 ഈ ആയത്ത്‌ ഇറങ്ങിയത്‌.

ഒരു സംഭവം (bukhari , Book 54, Hadith 495) -ലും കാണാം. ഇനിയുമുണ്ട്‌ പാമ്പുകളായി വേഷം മാറുന്ന ഹദീസുകള്‍

Hakeem പറഞ്ഞു...

please correct "al anfal : 148" to "al anfal : 48"

abumiyan പറഞ്ഞു...

പണ്ഡിതോചിതമായ ഈ സംവാദത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യമായ അറിവ് ഇല്ലാത്തതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ഇതില്‍ താല്‍പര്യമെടുക്കാത്തതു ,,,,,,അങ്ങിനെ തന്നെ എനിക്ക് അനുഭവപ്പെട്ടു ഈ ലേഘനം വായിച്ചു കഴിഞ്ഞപ്പോള്‍ ,,,,,ജിന്നിനെ ക്കുരിച്ച്ചുള്ള നിങ്ങുടെ വിശ്വാസം എന്ത് എന്ന് ഒന്ന് പറഞ്ഞാല്‍

KK Alikoya പറഞ്ഞു...

To Hakeem,

എന്റെ ചോദ്യത്തിന്‌ ഉത്തരമായി ഒരു ആയത്തിന്റെയും ഒരു ഹദീസിന്റെയും നമ്പര്‍ പറഞ്ഞാല്‍ മതിയോ? ആ ആയത്തിലും ഹദീസിലും "ജിന്നിനു വേഷം മാറാന്‍ കഴിയും" എന്ന താങ്കളുടെ വാദം ബലപ്പെടുത്തുന്ന ഒന്നും ഞാന്‍ കാണുന്നില്ല; മാത്രമല്ല; മറിച്ചാണ്‌ എനിക്ക് മനസ്സിലാകുന്നത്. അതുകൊണ്ട് താങ്കളുടെ വാദത്തിന്‌ മേല്‍ പറഞ്ഞ ആയത്തും ഹദീസും എപ്രകാരമാണ്‌ തെളിവാകുന്നതെന്ന് താങ്കള്‍ തന്നെ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബാവാസ്‌ കുറിയോടം പറഞ്ഞു...

കാലാ കാലങ്ങളില്‍ മുജാഹിദുകള്‍ എന്തിന്റെ പേരിലാണോ സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവരാണ് എന്ന് പറഞ്ഞത് ,,ആ കാര്യങ്ങള്‍ എല്ലാം തന്നെ ഇന്ന് മുജാഹിദുകള്‍ ക്കെതിരെ തിരിഞ്ഞു നില്‍ക്കയാണ് ..പല കാര്യങ്ങളും അവര്‍ക്ക് പല പ്രാവശയം മാറ്റി പറയേണ്ടി വന്നു , ഹദീസുകളെ നിഷേധിക്കേണ്ടി വന്നു , മഹത്തുക്കളായ ഇമാമുകളെ തള്ളി പറയേണ്ടി വന്നു , ഇസ്ലാമില്‍ ജൂത ആശയങ്ങള്‍ കടത്തി കൂട്ടി എന്ന് അബൂ ഹുറൈറ (റ)നെ തൊട്ടു വരെ അവര്‍ പറഞ്ഞു .എന്തിനേറെ ,,അവരുടെ നേതാക്കളായ കെ .എം മൌലവി ,MCC മൌലവി , ഉമര്‍ മൌലവി എന്നിവരെ വരെ അവര്‍ പല വിഷയങ്ങളിലും തള്ളി പറഞ്ഞിട്ടുണ്ട് .
നബിദിനാഘോഷം വിഷയം വരുമ്പോള്‍ സുന്നികള്‍ പറയും ..കെ. എം .മൌലവി ആഘോഷിക്കാനും നബിദിനത്തില്‍ സന്തോഷിക്കാനും പറഞ്ഞിട്ടുണ്ടല്ലോ ..അപ്പോള്‍ ആധുനിക മുവ്വഹിദുകള്‍ പറയും . കേ .എം മൌലവി പറഞ്ഞത് ദീനില്‍ തെളിവല്ല , അങ്ങിനെ എടുത്തു പറയാന്‍ തുടങ്ങിയാല്‍ ഒരു പാട് വിഷയങ്ങള്‍ വേറെ ഉണ്ട് , സ്ത്രീ പള്ളി പ്രവേശം, ഖുതുബയുടെ ഭാഷ, ഇസ്തിഗാസ തുടങ്ങി ഒരു പാട് വിഷയങ്ങളില്‍ നവ മുജാഹിദുകള്‍ പൂര് വീക മുജാഹിദുകളുമായി ഭിന്നിച്ചു നില്‍ക്കുന്നുണ്ട് ,
സിഹ്ര്‍ , കണ്ണേറ് എന്നൊന്നില്ല എന്നായിരുന്നു , സക്കരിയ്യ സ്വലാഹി കുറെ കാലം പറഞ്ഞിരുന്നത് ..എന്നാല്‍ സിഹ്രും കണ്ണേറും ഫലിക്കും എന്നു അയാള്‍ തന്നെ പറയുന്നത് നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട് . ഇങ്ങിനെ ഒരു സമയത്ത് ഒന്ന് പറയും മറ്റൊരു സമയത്ത് അത് മാറ്റി പറയുന്ന അവസ്ഥ മുജഹിദുക്ളില്‍ പല വിഷയങ്ങളിലും ഉണ്ട് .
ഇസ്ലാമിന്റെ അടിസ്ഥാനമായ വിശ്വാസ കാര്യങ്ങള്‍ വരെ തങ്ങള്‍ക്കു തോന്നിയ വിധത്തില്‍ ഗവേഷണം നടത്തി മാറ്റി മാറ്റി പറയുന്ന ഒരു അവസ്ഥയില്‍ ആണ് കേരള മുജാഹിദുകള്‍ ഉളളത് .
മഞ്ചേരിയില്‍ നടന്ന സക്കറിയയുടെ സമ്മേളന പരിപാടി കേട്ടവര്‍ക്കു അറിയാം ..ഉത്ഘാടന പ്രസംഗകന്‍ ,, കേ ,എം മൌലവി മന്ത്രിച്ചു ഊതി എന്നും ,,അത് ഫലിച്ചിരുന്നു എന്നും ,,അത് പോലെ മറ്റു പലരും ചെയ്തു എന്നും വളരെ വ്യകതമായി പരയുന്നത് കേള്‍ക്കാം ..എന്നാല്‍ ഈ വിഷയം (കെ .എം മൌലവി മന്ത്രിച്ചു ) എന്നാ കാര്യം സക്കറിയയുടെ പ്രസംഗാവസാനം ആരോ എഴുതി ചോദിച്ചപ്പോള്‍ , അതിനുള്ള മറുപടി , കെ .എം മൌലവി അങ്ങിനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് ദീനില്‍ തെളിവല്ല, എന്നാണു ..ഇതാണ് മുജാഹിദിസം ,,തികച്ചും പൊരുത്ത കേടുകള്‍ നിറഞ്ഞത്, കഴിഞ്ഞ ദിവസം കൊപ്രക്കളത്ത് നടന്ന സക്കറിയയുടെ പരിപാടിയിലും ഒരു ചോദ്യം വന്നു ,,
ആദര്‍ശ വിതിയാനം വന്നു എന്ന് പറയുന്നവരെ പിന്തുടര്‍ന്ന് നിസ്കരിച്ചവരുടെ നിസ്കാരവും ജുമുഅ യുടെയും വിധി എന്താണ് ..എന്ന് ,,അള്ളാഹു അഅലം എന്ന് പറയുകയാണ് അയാള്‍ ചെയ്തതു ..ആ പ്രസംഗത്തിന്റെ സി ഡി കേട്ട് നിക്ഷപക്ഷ്തയോടെ വിലയിരുത്ത്‌ാവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും.

കോട്ടക്കലില്‍ നടന്ന അബ്ദുറഹ്മാന്‍ സലഫിയുടെ പ്രസംഗത്തില്‍ വളരെ വ്യക്തമായി പറയുന്നു സക്കരിയ്യ സ്വലാഹിക്ക് ആസറിന്റെ(ഇബ്രാഹിം നബിയുടെ എതിരാളി ) തൌഹീദ് ആണെന്ന്, ശിര്‍ക്ക് വെടിഞ്ഞു സക്കരിയ്യ തൌഹീദിലേക്ക് തിരിചു വരണം എന്നും അയാള്‍ പ്രസംഗിക്കുന്നു , കൊപ്ര ക്കളത്തെ പ്രസംഗത്തില്‍ ഈ വിഷയം പറഞ്ഞു "തന്നെ മുശ്രിക്ക്‌ എന്ന് സലഫി പറഞ്ഞല്ലോ എന്ന് പറഞ്ഞു അലമുറ ഇടുന്നതു കേള്‍ക്കാം...ഇതേ സക്കരിയ്യ തലേ ദിവസം മഞ്ചേരിയില്‍ നടന്ന പരിപാടിയില്‍ മടവൂര്‍ വിഭാഗത്തെ പിഴച്ചവര്‍ ആയി പറയുന്നു മുണ്ട് ..

മുശ്രിക്കിനെ പിന്തുടര്‍ന്ന് ഒരു മുസ്ലിം നിസ്കരിച്ചാല്‍ ശരിയാവില്ല എന്ന് നമുക്കെല്ലാം അറിയാം ..ആ നിലക്ക് നോക്കിയാല്‍ മുജാഹിദു കളുടെ നിസ്കാരത്തിന്റെ അവസ്ഥ എന്താണ് ..സത്യം പലതു ഉണ്ടാകില്ലല്ലോ ..ഒന്നുകില്‍ മടവൂര്‍ വിഭാഗം പറയുന്നത് ,അല്ലെങ്കില്‍ മൌലവി വിഭാഗം അത് മല്ലന്കില്‍ സക്കരിയ്യ പറയുന്നതു ..മൂന്നും കൂടി സത്യം ആവില്ലല്ലോ .. അപ്പോള്‍ ഇക്കാലം വരെ അവരെ നിസ്കാരം കൊണ്ട് പിന്തുടര്‍ന്ന മറ്റു വിഭാഗ ത്തില്‍ പെട്ടവരുടെ നിസ്കാരത്തിന്റെ വിധി എന്താണ് ..അതൊക്കെ അണികളോട് പറഞ്ഞു കൊടുക്കാനുള്ള ബാധ്യത കൂടി നേതാക്കള്‍ക്ക് ഉണ്ട് ,,പ്രത്യേകിച്ചും മരണപെട്ടു പോയ മുജാഹിദുകളുടെ കാര്യത്തില്‍ ,,ജീവിച്ചിരിക്കുന്നവര്‍ക്ക് ആരുടെ കൂടെ എങ്കിലും കൂടി മുജാഹിദ്‌ തൌഹീദ് ശരിയാക്കാം എന്നാല്‍ മരണ പെട്ടവര്‍ക്ക് ഇനി തിരുത്താന്‍ കഴിയില്ലല്ലോ...... ..

ബാവാസ്‌ കുറിയോടം പറഞ്ഞു...

സാധാരണ മുജാഹിദുകള്‍ക്കും ഏകദേശം ഇതേ വാദങ്ങള്‍ കൊണ്ട് നടക്കുന്ന ജമാഅ ത്തെ ഇസ്ലാമിക്കാര്‍ക്കും പുനര്‍ വിചിന്തനത്തിന് ഉള്ള സമയമാണിത് ,, ലക്ഷ കണക്കിന് ഹദീസുകള്‍ മനപാഠമുള്ള സൂരികളായ ഇമാമുകളെ മാറ്റി വെച്ച് സ്വന്തം യുക്തിക്ക് അനുസരിച്ച് ഖുര്‍ ആന്‍ ,വെറും മലയാള പരിഭാഷ പുറത്ത് ഗവേഷണം നടത്തിയതിന്റെ ഫലമാണ്‌ ഇന്ന് മുജാഹിദുകള്‍ അനുഭവിക്കുന്നത് ,,ഇത് ഇനിയും തുടര്‍ന്നണ് കൊണ്ടിരിക്കും, മദ്ഹബുകള്‍ തള്ളി സലഫി മന്ഹാജ് സ്വീകരിച്ചവര്‍ ഇന്ന് ഭിന്നിച്ചു കൊണ്ടേ ഇരിക്കുന്ന കാഴ്ച ഇസ്ലാമിന്റെ ലേബലില്‍ രൂപ പെട്ട ഇത്തിക്കണ്ണികള്‍ക്ക് ഉണ്ടാവേണ്ട അനിവാര്യമായ പതനമാണ് ..
ബുദ്ധിയുള്ളവര്‍ ,,പരലോക വിജയം ആഗ്രഹിക്കുന്നവര്‍ ,, നേര്‍ വഴിതേടുക ,,അത് നിങ്ങള്ക്ക് മുന്നില്‍ വെളിവായി തന്നെ കിടക്കുന്നുണ്ട് ...പരീക്ഷിക്കാന്‍ മനുഷ്യന് രണ്ടു ജീവിതമില്ല ഒന്നേയുള്ളൂ ...........അള്ളാഹു അനുഗ്രഹിക്കട്ടെ ....

CKLatheef പറഞ്ഞു...

ഇതും വായിക്കുക. എന്താണ് ജിന്നും പിശാചും ?

Hakeem പറഞ്ഞു...

Alikoya KK പറഞ്ഞു...
To Hakeem,
എന്റെ ചോദ്യത്തിന്‌ ഉത്തരമായി ഒരു ആയത്തിന്റെയും ഒരു ഹദീസിന്റെയും നമ്പര്‍ പറഞ്ഞാല്‍ മതിയോ? ആ ആയത്തിലും ഹദീസിലും "ജിന്നിനു വേഷം മാറാന്‍ കഴിയും" എന്ന താങ്കളുടെ വാദം ബലപ്പെടുത്തുന്ന ഒന്നും ഞാന്‍ കാണുന്നില്ല; മാത്രമല്ല; മറിച്ചാണ്‌ എനിക്ക് മനസ്സിലാകുന്നത്. അതുകൊണ്ട് താങ്കളുടെ വാദത്തിന്‌ മേല്‍ പറഞ്ഞ ആയത്തും ഹദീസും എപ്രകാരമാണ്‌ തെളിവാകുന്നതെന്ന് താങ്കള്‍ തന്നെ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

---------------


ജിന്നും പിശാചും മനുഷ്യ രൂപത്തില്‍ വരും എന്നു പറഞ്ഞത്‌ എണ്റ്റെ വാദമല്ല. അങ്ങനെ ഉണ്ടാവാതിരിക്കട്ടെ എന്നു ഞാനും വിശ്വസിക്കുന്നു. ബുഖാരിയുടെ ഹദീസ്‌ വിശ്വസിക്കാമെങ്കില്‍ ഞാന്‍ മുന്‍പ്‌ തന്ന തെളിവ്‌ ഇതാണ്‌.

Abu huraira said : Allah's Apostle put me in charge of the Zakat of Ramadan ( Zakat-ul-Fitr). Someone came to me and started scooping some of the foodstuff of (Zakat) with both hands. I caught him and told him that I would take him to Allah's Apostle." Then Abu huraira told the whole narration and added "He (i.e. the thief) said, 'Whenever you go to your bed, recite the Verse of "Al-Kursi" (2.255) for then a guardian from Allah will be guarding you, and Satan will not approach you till dawn.' " On that the Prophet said,

"He told you the truth, though he is a liar, and he (the thief) himself was the Satan." bukhari (Book 54, Hadith 495)

ഇതില്‍ നിന്ന് എന്ത്‌ വിശ്വസിക്കാമോ അതു വിശ്വസിക്കുക.

Hakeem പറഞ്ഞു...

മനുഷ്യ രൂപത്തില്‍ ബദര്‍ യുദ്ധവേളയിലും വന്നു എന്നു പറയുന്നതും ഞാനല്ല. ഖുര്‍-ആനിലെ അല്‍ അന്‍ഫാലിലെ ആ ആയത്തും എടുത്തുവച്ച്‌ പരിശോധിക്കുക.

ആകാശത്ത്‌ നിന്നിറങ്ങുന്ന മലക്കുകളെ കണ്ട്‌ അവന്‍ രഷപ്പെടാന്‍ ശ്രമിക്കുന്ന സമയം മുഷ്രിക്കുകളിലൊരാള്‍ ചോദിക്കുന്നു 'ഓ സുരാഖാ നീ ഞങ്ങളില്‍ പെട്ടവനെന്നു പറഞ്ഞിട്ടു ഇപ്പോള്‍ ..?'

8:48-ല്‍ വ്യക്തമായി ആ ആയത്ത്‌ തുടരുന്നു. "നിങ്ങള്‍ കാണാത്ത ഞാന്‍ കാണുന്നു". സാധാരണ മനുഷ്യനു കാണാനാവാത്തത്‌ കാണുന്ന പിശാച്‌ ഇവിടെ മനുഷ്യരൂപത്തില്‍ ഉണ്ടായിരുന്നു എന്നാണ്‌ മനസ്സിലാവുന്നത്‌. അല്ലെങ്കില്‍ മുഷ്രിക്കുകള്‍ അവനോട്‌ സംസാരിക്കുന്നത്‌ എങ്ങനെയാണ്‌ ??

ഇബ്മു തയ്മിയ്യ അത്‌ സ്ഥിരീകരിക്കുന്നു. എന്നോടുള്ള വിയോജിപ്പ്‌ അദ്ധേഹത്തോടുള്ള വിയോജിപ്പാണ്‌. നിങ്ങള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്‌ ഉള്‍ക്കൊള്ളുക. നിങ്ങള്‍ക്ക്‌ മനസ്സിലായത്‌ എനിക്കും പറഞ്ഞു തരിക.

Alikoya KK പറഞ്ഞു...
ആ ആയത്തിലും ഹദീസിലും "ജിന്നിനു വേഷം മാറാന്‍ കഴിയും" എന്ന താങ്കളുടെ വാദം ബലപ്പെടുത്തുന്ന ഒന്നും ഞാന്‍ കാണുന്നില്ല; മാത്രമല്ല; മറിച്ചാണ്‌ എനിക്ക് മനസ്സിലാകുന്നത്.
----

ഈ മറിച്ചു മനസ്സിലായതു ഒന്നു പറയുക.

Faisal Manjeri പറഞ്ഞു...

ജിന്ന് മനുഷ്യ രൂപത്തില്‍ ഇറങ്ങാന്‍ തുടങ്ങിയാല്‍ ഭുമിയില്‍ മനുഷ്യര്‍ക്ക്‌ സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റില്ല..

jasyfriend പറഞ്ഞു...

"ജിന്നിനോടോ മലക്കുകളോടും പ്രാര്‍ഥിക്കാം എന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞതായോ എഴുതിയതായോ തെളിയിക്കാമോ എന്നതാണ്. മറു പക്ഷത്തിന് കഴിയില്ല. കാരണം പ്രാര്‍ഥിക്കാം എന്ന പദം സകരിയാ സലാഹി ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് കാണിക്കാനും കഴിയില്ല. എന്നാല്‍ ജിന്നിനോട് സഹായം തേടുന്നത് അഭൌതികമാര്‍ഗത്തിലൂടെയുള്ള സഹായതേട്ടമല്ല എന്ന് സകരിയാ സലാഹി പ്രസംഗിക്കുന്നത് നെറ്റ് ഉപയോഗിക്കുന്നവരൊക്കെ കേട്ടതുമാണ്. "


ജിന്നിനോട് സഹായം ചോദിക്കാം എന്ന് സലാഹി പറഞ്ഞതിന്‍റെ വല്ല തെളിവും കയ്യില്‍ ഉണ്ടോ? യു ട്യൂബ് ലിങ്ക് ഉണ്ടോ? അല്ലെങ്കില്‍ വേറെ എന്തെങ്കിലും?

ഓം ശാന്തി പറഞ്ഞു...

Jinn.......jinn.......


https://youtu.be/2K1KvYNeKUA

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK