'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, സെപ്റ്റംബർ 20, 2012

മുജാഹിദ് മൌലവിയുടെ അറസ്റ്റും സൂറത്തുന്നൂറും

ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നായകനും ഈ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ ഇസ്ലാമിക ചിന്തകരിലൊരാളും പണ്ഡിതനുമായ ഇമാം സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയെ ഒരു ദാക്ഷിണ്യമില്ലാതെ ആക്രമിക്കുകയും ചെയ്യുന്ന, മുജാഹിദ് വിഭാഗത്തിലെ പ്രാസംഗികനായ വ്യക്തിയെ സ്ത്രീപിഢനത്തിന് അറസ്റ്റ് ചെയ്യപ്പെട്ടത് സ്വാഭാവികമായും സോഷ്യല്‍നെറ്റ് വര്‍ക്കില്‍ വലിയ ചര്‍ചയായി മാറുന്നുണ്ട്. പത്രങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പാടുണ്ടായിരുന്നോ ?, റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ തന്നെ അദ്ദേഹത്തിന്റെ സംഘടനയേതെന്ന് സൂചിപ്പിക്കാന്‍ പാടുണ്ടായിരുന്നോ എന്നതാണ് ഏറ്റവും വലിയ തര്‍ക്കവിഷയം. ഇക്കാര്യം മിണ്ടാതിരിക്കണം എന്നതാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ചിലര്‍ ആവശ്യപ്പെടുന്നത്. മാധ്യമമടക്കമുള്ള പത്രങ്ങള്‍ ചെയ്തത് വലിയ തെറ്റായി പോയി എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. സംഘടനയുടെ പേര് പറയാതെ വാര്‍ത്തകൊടുക്കാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. പേര് പോലും പറയാതെ ഗള്‍ഫിലെ പത്രങ്ങളിലേത് പോലെ എ. എന്ന വ്യക്തി ബി എന്ന സ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ എ.ക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തുവെന്നേ പറയാന്‍ പാടുള്ളൂ എന്ന അഭിപ്രായം ആരും പ്രകടിപ്പിക്കുന്നത് കണ്ടില്ലെങ്കിലും അതും പ്രസക്തമാണ് എന്നാണ് എന്റെ അഭിപ്രായം. പക്ഷെ അത് ഈ ഒരു കേസില്‍ മാത്രം പരിമിതപ്പെടാനും പാടില്ല.

ഇത്തരം സന്ദര്‍ഭത്തില്‍ എങ്ങനെ ഇടപെടണം എന്നതിന് ഏറ്റവും വ്യക്തമായ നിര്‍ദ്ദേശം നല്‍കുന്ന ഖുര്‍ആനിലെ അധ്യായമാണ് സൂറത്തുന്നൂര്‍ . അതോടൊപ്പം ഖുര്‍ആനില്‍ മറ്റുഭാഗത്ത് വന്ന പൊതുവായ നിര്‍ദ്ദേശമടങ്ങിയ സൂക്തങ്ങളും ചിലര്‍ ഉദ്ധരിക്കുന്നു. ആ ചര്‍ചയില്‍ കണ്ട അഭിപ്രായങ്ങളും അവയ്ക്ക ഞാന്‍ നല്‍കിയ പ്രതികരണങ്ങളുമാണ് ഈ പോസ്റ്റിന്റെ ഉള്ളടക്കം.
Abu Ameen-Shabab Just imagine if it he was a JIH person, will Mujas keep quiet? There is nothing in celebrating this news, any organization can have such evil workers, Allah only knows..!Better ignore this news and pray for Allah's protection from such vulgar deviations..!
Salim Rayyan സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന്‌ വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക്‌ സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക്‌ പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ്‌ ധര്‍മ്മനിഷ്ഠയോട്‌ ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു (അല്‍ മാഇദ 5:8)
Ali Koya സമാധാനപരമായി ഇസ്‌ലാമികപ്രവര്‍ത്തനം നടത്തുന്നവരെ തീവ്രവാദികളാക്കിമുദ്രയടിക്കുകയും ദീനിന്റെ ഇഖാമത്തിനുവേണ്ടിയുള്ള ശ്രമത്തിന്‌ തടസ്സം നില്‍ക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ഖുര്‍ആനില്‍ ഒന്നും പറഞ്ഞിട്ടില്ലേ?

Salim Rayyan അവിശ്വാസി ആയിക്കൊണ്ട്‌ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന്‌ ജനങ്ങളെ തടയുന്നവരെ ഖുര്‍ആനില്‍ ശക്തിയായി അക്ഷേപിച്ചിട്ടുണ്ട്.

എന്നാല്‍ ഒരു സത്യവിശ്വാസി (സംഘടനാപരമായി വിമര്‍ശനത്തില്‍ അതിര് കവിഞ്ഞയാള്‍ ആണെന്ന് തന്നെയിരിക്കട്ടെ) യുടെമേല്‍ ഇതുപോലെ ഗുരുതരമായ ഒരു ആരോപണം ഉണ്ടായാല്‍ അതിന്റെ നിജസ്ഥിതി അറിയുന്നതിന് മുമ്പ് അയാളെ ആക്രമിക്കുന്നതിന് ന്യായീകരണമില്ല.

സമാധാനപരമായി ഇസ്‌ലാമികപ്രവര്‍ത്തനം നടത്തുന്നവരെ തീവ്രവാദികളാക്കിമുദ്രയടിക്കുകയും ദീനിന്റെ ഇഖാമത്തിനുവേണ്ടിയുള്ള ശ്രമത്തിന്‌ തടസ്സം നില്‍ക്കുകയും ചെയ്യുന്ന ആളാണ്‌ അയാള്‍ എങ്കില്‍, അയാളുടെ കാര്യത്തില്‍ അനീതി കാണിക്കുന്നത് നമുക്ക് അനുവദനീയമാകുമോ?

CK Latheef റയ്യാന്‍ പറയുന്നത് ശരിയാണ് , ഇവിടെ ഇപ്പോള്‍ ഈ മൌലവി കുറ്റാരോപിതന്‍ മാത്രമാണ്. ഒരു പക്ഷെ നിരപരാധി ആയേക്കാം. അങ്ങനെ സംഭവിച്ചിട്ടുണ്ട്. നിരപരാധിയാകാനുള്ള സാധ്യത ഒരു ശതമാനം മാത്രമേ ഉള്ളൂവെങ്കില്‍ പോലും നാം അത് അംഗീകരിച്ചുകൊടുക്കണം.അദ്ദേഹം ഇമാം സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയെ തീവ്രവാദിയും തീവ്രവാദത്തിന്റെ തലതൊട്ടപ്പനായും യാതൊരു തെളിവുമില്ലാതെ നാടാകെ ആരോപിച്ചു നടന്നുവെന്നത് കടുത്ത അനീതി തന്നെ പക്ഷെ അദ്ദേഹം ചെയ്ത അനീതി അദ്ദേഹത്തിന് ഇസ്ലാം നല്‍കിയ ഇളവ് അംഗീകരിച്ചുകൊടുക്കാതിരിക്കാന്‍ ന്യായമല്ല.ഒരു കാര്യം കൂടി ശ്രദ്ധിക്കണം എന്ന് തോന്നുന്നു. മൌലവിയെ അറസ്റ്റ് ചെയ്തുവെന്നത് ഒരു വാര്‍ത്തയാണ്. സത്യസന്ധമായ വാര്‍ത്ത. അത് റിപ്പോര്‍ട്ട് ചെയ്യുന്നത് തെറ്റല്ല. അത് ഇവിടെ നലല്‍കിയതും തെറ്റാണെന്ന് പറയാനാവില്ല. പക്ഷെ ഇത് വെച്ച് അദ്ദേഹം കുറ്റവാളിയാണ് എന്ന് വിധിക്കുന്നതാണ് തെറ്റ്. ചിലരുടെ ഈ സന്ദര്‍ഭത്തിലുള്ള പ്രതികരണം ഈ വാര്‍ത്ത പറയുന്നതേ തെറ്റാണ് എന്ന വിധത്തിലാണ്. അത് ശരിയായ സമീപനമല്ല. പലപ്പോഴും ഇത്തരം പണ്ഡിതരുടെ കാര്യം വരുമ്പോള്‍ മാത്രമേ അനുയായികള്‍ക്ക് അത്തരം സൂക്തങ്ങള്‍ ഓര്‍മവരുന്നുള്ളൂ. ഇത്തരം കാര്യങ്ങളുണ്ടാകുമ്പോള്‍ നാം കാര്യമായി ഉദ്ധരിക്കുന്നത് സൂറത്തുന്നൂറിലെ ആയത്തുകളാണല്ലോ ?.

എന്നാല്‍ ആരോപണവിധേയമായ സംഭവം തന്നെ പരാമര്‍ശിക്കാതരിക്കുക എന്നത് ഖുര്‍ആന്‍ ചെയ്തിട്ടില്ലല്ലോ ?. ലോകവസാനം വരെ പാരായണം ചെയ്യുന്ന ഖുര്‍ആനില്‍ ആ സംഭവം പരാമര്‍ശിച്ചു അതിനോട് സ്വീകരിക്കേണ്ട നടപടി വിശദീകരിച്ചു.
ഇസ്ലാമിനും മുസ്ലിംകള്‍ക്കും  (സംഘടനാഭേദമന്യേ) തന്നെയാണ് ഈ വാര്‍ത്ത പ്രചരിക്കുന്നതിലെ മാനഹാനി എന്നത് സത്യം, എന്നാല്‍ അതിനേക്കാള്‍ മാനഹാനി വരുത്തുന്നതാണ് ഇത്തരം സന്ദര്‍ഭമുണ്ടാകുമ്പോള്‍ മുസ്ലിംകള്‍ അത് മൂടിവെക്കുന്നുവെന്ന തെറ്റായ ധാരണ. ഇത് ഖുര്‍ആന്‍ പഠിപ്പിച്ചതല്ല. ഇത്തരം സന്ദര്‍ഭത്തില്‍ നിയമവിധേയമായ മാര്‍ഗത്തിലൂടെ കുറ്റമുക്തമാകുക, അതിന് മുമ്പ് ആരോപണ പ്രത്യാരോപണങ്ങള്‍ പ്രതിയുടെ മേല്‍ ഉന്നയിക്കാതിരിക്കുക എന്നിവ ശ്രദ്ധിക്കണം.

അതിലും പരമപ്രധാനമാണ്. കളവ് പറയുന്നുവെന്ന് വളരെ വ്യക്തമാകുന്ന പ്രാസംഗികരെ നേതൃത്വസ്ഥാനങ്ങളില്‍നിന്നും സ്റ്റേജില്‍നിന്നും മാറ്റിനിര്‍ത്താന്‍ ബന്ധപ്പെട്ട സംഘടനകള്‍ ശ്രദ്ധിക്കണമെന്നത്. കാരണം അവരുടെ മനസ്സ് ശുദ്ധമല്ല. അവര്‍ അല്ലാഹുവിനെ ഭയപ്പെടുന്നില്ല എന്നത് വളരെ വ്യക്തം.
ആളുകള്‍ക്കും അവരുടെ സംഘനാ നേതൃത്വത്തിനും പാഠമുള്‍കൊള്ളാനും ശരിയായ നിലപാടുകള്‍ സ്വീകരിക്കാനുമുതകുന്ന ഒരു പാട് സന്ദര്‍ഭങ്ങള്‍ അല്ലാഹു നല്‍കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ഇസ്ലാമിക ചരിത്രത്തിലെ ഇത്തരം പാഠമുള്‍കൊള്ളാവുന്ന പല സംഭവങ്ങളൊക്കെയും പിന്നീട് പലതും ഖുര്‍ആന്‍ വിശകലനം ചെയ്യുകയും ശരിയായ പാഠം പറഞ്ഞുകൊടുക്കയും ചെയ്തിട്ടുണ്ട്. ബദ്റിലെ ബന്ധികളെ വിട്ടയച്ചപ്പോള്‍ , ഉഹദിലും ഹുനൈനിലും മുസ്ലിംകള്‍ പരാജയപ്പെട്ടപ്പോള്‍ , ആയിശ (റ) നെതിരെ വ്യജാരോപണം ഉണ്ടായപ്പോള്‍ , നബി (സ) ഉമ്മു മഖ്തൂം (റ) അവഗണിച്ചപ്പോള്‍ ... പ്രത്യക്ഷത്തില്‍ നബിക്കും സഹാബിമാര്‍ക്കും മാനഹാനി എന്ന് പറയാവുന്ന എത്രസംഭവങ്ങളെ ഖുര്‍ആന്‍ പരാമര്‍ശിച്ചു.

ഒട്ടും സത്യസന്ധമല്ലാത്തതും വ്യക്തഹത്യനടത്തുകയും ചെയ്യുന്ന രൂപത്തില്‍ തങ്ങളുടെ പ്രാസംഗികര്‍ ഇടപെട്ടാലും അതിനെ നിയന്ത്രിക്കാനോ ആ കാര്യത്തിലെ ഇസ്ലാമികത പഠിപ്പിക്കാനോ മുജാഹിദ് നേതൃത്വം ശ്രദ്ധിക്കാറില്ല. ഇതിന്റെ ഫലം അവര്‍ ഓരോരുത്തരും ഇന്ന് തിരിച്ച് അനുഭവിക്കുന്നു. പരസ്പരം പിരിഞ്ഞപ്പോഴൊക്കെ വളരെ ഗുരുതരമായ രൂപത്തില്‍ അവര്‍ പരസ്പരം വ്യക്തിഹത്യ നടത്തിക്കൊണ്ടിരിക്കുന്നു. അണികള്‍ അത് ആസ്വദിച്ചുകൊണ്ടിരിക്കുന്നു.

മറ്റൊന്ന് മാറ്റാന്‍ പാടില്ലാത്ത ആദര്‍ശമെന്ത് , അഭിപ്രായവ്യത്യാസം ഉണ്ടാകാവുന്ന മേഖലകളേത് എന്ന കാര്യത്തിലുള്ള ഒരു വിദ്യാഭ്യാസം അണികള്‍ക്ക് നല്‍കുന്നതിലെ പോരായ്മ. ഇപ്പോള്‍ നടക്കുന്ന സകല സകല മുജാഹിദു പോസ്റ്ററുകളും ശ്രദ്ധിച്ചാല്‍ അത് മനസ്സിലാക്കും എല്ലാം ആദര്‍ശ വിശദീകരണമാണ്. താടിയും, കൈകെട്ടും, ഖുനൂത്തും എല്ലാം ആദര്‍ശം. ഇപ്പോള്‍ ജിന്ന് ചര്‍ചയും അങ്ങനെ തന്നെ. ജിന്ന് ചര്‍ചയില്‍ വിശ്വാസവുമായി ബന്ധപ്പെടുന്ന തലം ഉണ്ട് എന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ, ഈ ചര്‍ചയിലും അഭിപ്രായ വ്യത്യാസം അംഗീകരിക്കാവുന്ന മേഖലകളുണ്ടായിരുന്നുവെന്നതാണ് സത്യം.
Ali Koya ശംസുദ്ദീനെതിരെയുള്ള കേസിനാസ്‌പദമായ ആരോപണത്തെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല; അത് കോടതി തീരുമനിക്കട്ടെ എന്ന് വെക്കാനേ നിര്‍വ്വാഹമുള്ളു. മറ്റൊരു വഴിക്ക് ഈ ചര്‍ച്ച നടകണമെന്ന് ഞാന്‍ വിചാരിക്കുന്നു.
ജിന്നും തൌഹീദും.....
ജിന്നിന്റെ സഹായം....
ജിന്നും അറിവ് നല്‍കലും...
ജിന്നും വസ്‌തുക്കള്‍ കൊണ്ടുവരലും...

CK Latheef ആലിക്കോയ സാഹിബ് , ഇക്കാര്യത്തിലൊക്കെ അവരുടെ സംഘടനതന്നെ ചര്‍ച ചെയ്യുകയും ഇസ്ലാമികമായ ഒരു ഉത്തരം നല്‍കുകയും ചെയ്യുന്നുണ്ട്. ചില കാര്യത്തിലൊക്കെ നമ്മുക്ക് വിയോജിപ്പുണ്ടാകാമെങ്കിലും. ഇവിടെയും മുജാഹിദു അണികള്‍ക്കും നേതാക്കള്‍ക്കും പറ്റുന്നത് അന്ധമായ അനുകരണമാണ്. ഓരോ പ്രസംഗികരും ഓരോ ശൈഖും, അദ്ദേഹത്തിന്റെ പ്രസംഗം ഇഷ്ടപ്പെടുന്നവര്‍ അവരുടെ മുരീദ് മാരെപ്പോലെയും വര്‍ത്തിക്കുന്നു. ഏത് നേതാവിനെ പുറത്താക്കിയാലും അദ്ദേഹത്തോടൊപ്പം കുറേ പേര്‍ ഇറങ്ങിപോകാനുണ്ടാകും. ആദര്‍ശരഹിതരായ ആള്‍ക്കൂട്ടം പോലെ.

ജിന്നുമായി ബന്ധപ്പെട്ട് ഇത്രയും നീട്ടിപ്പരത്തിപ്പറയാന്‍ മാത്രം ഖുര്‍ആന്‍ വിശദീകരണം നല്‍കുന്നില്ല. പ്രസംഗകരുടെ ഭാവനകളും ഖുര്‍ആനും ഹദീസും ആശയം ഗ്രഹിച്ച് വായിക്കാനുള്ള കഴിവില്ലായ്മയും ചേര്‍ന്നാണ് ജിന്നിനെക്കുറിച്ച് സംശുദ്ധീന്‍ പാലത്തും സകരിയാ സലാഹിയും നല്‍കുന്ന വിശദീകരണങ്ങള്‍ നല്‍കാനാവുന്നത്.
ഫെയ്സ് ബുക്കില്‍ നടന്ന ചര്‍ചയില്‍നിന്ന് എടുത്ത് ചേര്‍ത്തതാണ് മുകളിലെ അഭിപ്രായങ്ങള്‍ .. ഇവിടെ ഖുര്‍ആന്‍ മുസ്ലിംകളോട് സൂറത്തുന്നൂറില്‍ ആവശ്യപ്പെട്ടതെന്താണ്. അത് ഇങ്ങനെ വായിക്കാം.

['ഈ അപവാദം കെട്ടിച്ചമച്ചവര്‍ നിങ്ങളില്‍ത്തന്നെയുളള ഒരുപിടി ആളുകളാകുന്നു. ഈ സംഭവത്തെ നിങ്ങള്‍ക്കു ദോഷമായി കരുതേണ്ടതില്ല. പ്രത്യുത, ഇതു ഗുണം തന്നെയാകുന്നു. അതില്‍ ആര്‍ എത്രത്തോളം പങ്കുകൊണ്ടുവോ, അയാള്‍ അത്രത്തോളം പാപം പേറിയിരിക്കുന്നു. അതില്‍ മുഖ്യ പങ്കിന് ഉത്തരവാദിയായവന്ന് കൊടൂരമായ ശിക്ഷയാണുള്ളത്. ഈ വര്‍ത്തമാനം കേട്ടമാത്രയില്‍ത്തന്നെ, വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും തങ്ങളെക്കുറിച്ച് നല്ലതു തോന്നുകയും ഇതു കെട്ടിച്ചമച്ച അപവാദമാണെന്ന് പറയുകയും ചെയ്യാതിരുന്നതെന്ത്? എന്തുകൊണ്ട് അക്കൂട്ടര്‍ (അവരുടെ ആരോപണം തെളിയിക്കുന്നതിന്ന്) നാലു സാക്ഷികളെ കൊണ്ടുവന്നില്ല? നാലു സാക്ഷികളെ കൊണ്ടുവന്നിട്ടില്ലാത്തതിനാല്‍ അല്ലാഹുവിന്റെ ദൃഷ്ടിയില്‍, അവരാകുന്നു കള്ളം പറയുന്നവര്‍. ഇഹത്തിലും പരത്തിലും നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടായിരുന്നില്ലെങ്കില്‍, നിങ്ങള്‍ ഏര്‍പ്പെട്ടിരുന്ന വര്‍ത്തമാനത്തിന്റെ ഫലമായി ഭയങ്കരമായ ശിക്ഷ ഭവിക്കുമായിരുന്നു.(ആ സന്ദര്‍ഭത്തില്‍ നിങ്ങള്‍ എത്ര വലിയ തെറ്റാണ് ചെയ്തുകൊണ്ടിരുന്നതെന്ന് ഒന്നാലോചിച്ചുനോക്കുക.) ഈ അപവാദം നാക്കില്‍ നിന്നു നാക്കിലേക്ക് പകര്‍ന്നുകൊണ്ടും, യാതൊരറിവുമില്ലാത്ത കാര്യം സ്വന്തം വായ്കളാല്‍ പറഞ്ഞുകൊണ്ടുമിരുന്നപ്പോള്‍, നിങ്ങള്‍ അതു നിസ്സാര സംഗതിയായിക്കരുതി. അല്ലാഹുവിങ്കലോ, അത് ഗുരുതരമായ കാര്യമായിരുന്നു. (25:11-15)]

ഇവിടെ പരാമര്‍ശവിഷയമായ കാര്യം പ്രവാചക പത്നിയും സഫ് വാന്‍ എന്ന സ്വഹാബിയുമായി ബന്ധപ്പെടുത്തി ചിലര്‍ വ്യഭിചാരോരപണം ഉന്നയിച്ചതാണ്. ഈ സംഭവത്തെ പോലും ദോഷകരമായി കാണേണ്ടതില്ല എന്നാണ് ഖുര്‍ആന്‍ പറയുന്നത്. സംഭവിച്ച് പോകുന്നതിനെ പോസ്റ്റീവായി ഉള്‍കൊള്ളാനുള്ള ഒരു നിര്‍ദ്ദേശമാണിത്. തീര്‍ത്തും പരിശുദ്ധരില്‍ പരിശുദ്ധരും യാതൊരു തരത്തിലുള്ള തിന്മ ആരോപിക്കാന്‍ കഴിയാത്തതുമായ രണ്ട് സഹാബികളെക്കുറിച്ചാണ് ഒരു അടിസ്ഥാനവുമില്ലതാതെ ചിലര്‍ കള്ളം അരോപിച്ചത്. ഇത്തരം ഒരു ആരോപണത്തില്‍ ഒരിക്കലും മുസ്ലിംകള്‍ വീഴതരുത് എന്നാണ് ഈ സൂക്തം നല്‍കുന്ന താകീത്. കേരളത്തില്‍ പലപ്പോഴും സംഭവിക്കുന്നത്, ബഹുമാന്യരായ നേതാക്കള്‍ അപഥസഞ്ചാരം നടത്തുകയും അത് കണ്ടെത്തുന്നവര്‍ പോലീസില്‍ പരാതിപ്പെടുകയും പ്രാഥമിക അറിവനുസരിച്ച് അതില്‍ സത്യമുണ്ടെന്ന് തോന്നുമ്പോള്‍ അറസ്റ്റ് ചെയ്യുകയുമാണ്. അതുമല്ലെങ്കില്‍ ഇപ്രകാരം ചുഷണം ചെയ്യപ്പെടുന്ന സ്ത്രീകളാല്‍ അല്ലെങ്കില്‍ അവരുടെ രക്ഷിതാക്കളാല്‍ നല്‍കപ്പെടുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇവിടെ വ്യഭിചാരാരോപണം അല്ല, പീഢനാരോപണമാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്.

ഈ വാര്‍ത്ത മറുച്ചുവെക്കണം അതിനെക്കുറിച്ച് മിണ്ടിപോകരുത് എന്നാണോ ആ സൂക്തം ആവശ്യപ്പെടുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്നവന്‍ പ്രതിമാത്രമാണ്. കുറ്റം തെളിയിക്കപ്പെടുന്നത് വരെ. അവനെ കുറ്റവാളി എന്ന നിലക്ക് കാണരുത് എന്ന് മാത്രമേ ഏറി വന്നാല്‍ മേല്‍ സൂക്തങ്ങളില്‍നിന്ന് ലഭിക്കൂ. അതാകട്ടേ ന്യായവും. നമ്മുടെ പാരമ്പര്യമനുസരിച്ച് ഇത്തരം വാര്‍ത്തകള്‍ പ്രാധാന്യം നല്‍കപ്പെടുന്ന ഒരു അവസ്ഥയാണ് കേരളത്തിലുള്ളത്. ഇത്തരം അറസ്റ്റുകള്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന പ്രാധാന്യം വേണോ എന്ന ചര്‍ച വേറെ നടക്കേണ്ടതാണ്. ഒരു പൊതുതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇതില്‍ നിലപാട് സ്വീകരിക്കാന്‍ പത്രങ്ങള്‍ക്ക് ആവൂ. അത് എല്ലാവര്‍ക്കും ബാധകമാക്കുകയും വേണം. അല്ലാത്ത പക്ഷം വാര്‍ത്തകളില്‍ ഇരട്ടത്താപ്പ് കാണിക്കലാകും അത്. മാധ്യമം പോലുള്ള പത്രങ്ങള്‍ ഫോട്ടോയും പേരും നല്‍കിയില്ലെങ്കിലും മറ്റുപത്രങ്ങള്‍ നല്‍കും. പേര് നല്‍കാതെ ഒരു മുസ്ലിം സംഘടനയുടെ പണ്ഡിതന്‍ എന്ന് പറഞ്ഞാലും അനീതിയുണ്ട് സകല സംഘടനകളെയും അത് പുകമറക്കുള്ളിലാക്കും.  അദ്ദേഹം നടത്തിവരുന്ന കളവും മൌലാനാ മൌദൂദിക്കും ജമാഅത്തിനും നേരെ നടത്തിവരുന്ന യാതൊരു നീതീകരണവുമില്ലാത്ത പ്രസംഗവും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് തന്നെ ഇത്തരം കാര്യങ്ങളുടെ ബാധ്യത സംഭവിക്കലാണ് സ്വാഭാവിക നീതി.

ഈ സംഭവം നല്‍കുന്ന ഏറ്റവും വലിയ പാഠം കുറ്റാരോപിതനായ (ആരോപണം സത്യമായാലും അല്ലെങ്കിലും) സംശുദ്ധീന്‍ പാലത്ത് എന്ന വ്യക്തിക്ക് തന്നെയാണ് . മൌലാനാ മൌദൂദിയെ പോലെ, മുസ്ലിം ലോകം ആധരിക്കുന്ന ഒരു പണ്ഡിതനെ കേട്ടുകേള്‍വിയുടെയും തന്റെ ഭാവനയുടെയും അടിസ്ഥാനത്തില്‍ തേജോവധം ചെയ്യുമ്പോള്‍ അല്ലാഹു മുകളില്‍ അത് വീക്ഷിച്ചുകൊണ്ടിരിക്കുന്നവെന്നത് മറക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തിന്റെ ഒരു പ്രസംഗം സാന്ദര്‍ഭികമായി കാണുക.



എം.എം. അക്ബര്‍ സാഹിബിന് ശേഷം പ്രസംഗിക്കുന്ന വ്യക്തിയാണ് കുറ്റാരോപിതന്‍ . ഈ വിഡിയോയിലെ ഏതെങ്കിലും വിഷയങ്ങള്‍ മറുപടി പറയേണ്ടതുണ്ടെങ്കില്‍ അത് അകാവുന്നതാണ്. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് സാമാന്യമായ അറിവോ , ആവശ്യത്തിന് വിവേചന ബുദ്ധിയോ ഉണ്ടെങ്കില്‍ ആര്‍ക്കും അക്ബര്‍ സാഹിബിന്റെയും ശംസുദ്ധീന്‍ പാലത്തിന്റെയും സംസാരത്തിലെ അബദ്ധം മനസ്സിലാക്കാവുന്നതാണ് എന്നത് കൊണ്ടാണ് ഇതിവിടെ മറുപടിയില്ലാതെ തന്നെ നല്‍കുന്നത്. 



18 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഒരു കാര്യം പ്രത്യേകം പറയട്ടേ... ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകരല്ല ഇദ്ദേഹത്തിന്റെ അറസ്റ്റ് വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിലും അതില്‍ തന്നെ മോശമമായ കമന്റിടുന്നതിലും മത്സരിക്കുന്നത് മറിച്ച് മുജാഹിദ് വിഭാഗത്തില്‍ ജിന്നിന്റെ ആളുകളായി രംഗത്ത് വന്ന പുതിയ വിഭാഗത്തില്‍ ഇദ്ദേഹം ഉള്‍പ്പെട്ടതിനാല്‍ യാതൊരു തത്വദീക്ഷയുമില്ലാത്ത ആക്രമണം നടത്തുന്നത് മുജാഹിദ് സുഹൃത്തുക്കള്‍ തന്നെയാണ്. ഈ പോസ്റ്റമായി ബന്ധപ്പെട്ട് സാന്ദര്‍ഭികമായി അദ്ദേഹം മൌദൂദിയെ കൈകാര്യം ചെയ്യുന്നത് സൂചിപ്പിച്ചുവെന്നേ ഉള്ളൂ.. മാസങ്ങള്‍ മുമ്പ് തന്നെ നെറ്റില്‍ സജീവമായ പല ജമാഅത്ത് സുഹൃത്തുക്കള്‍ക്കും ഈ വിഷയം അറിയുമായിരുന്നെങ്കില്‍ കൂടി അദ്ദേഹത്തിന് ഇവിടെ നല്‍കിയത് പോലുള്ള സിഡിയിലെ പരാര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞപ്പോള്‍ പോലും ഇത്തരം സംഭവത്തിലേക്ക് സൂചന നല്‍കിയത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

Subair പറഞ്ഞു...

ഇത് വേണ്ടായിരുന്നു എന്നാണ് ലതീഫ്‌ എന്‍റെ അഭിപ്രായം.

sakkeer പറഞ്ഞു...

പോലീസ്‌ കഥകള്‍ അതേപടി വിശ്വസിക്കരുതെന്ന്‍ നമ്മെ പഠിപ്പിച്ച മാധ്യമം സ്വന്തം വീട്ടില്‍ ഒളിച്ചിരുന്ന ആളെ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പിടികൂടിയെന്ന പോലീസ്‌ ഭാഷ്യം തൊണ്ട തൊടാതെ വിഴുങ്ങിയത് ഇവിടെ 'ഇര' മാറിയത് കൊണ്ടാണോ ? രണ്ടു വര്‍ഷം മുമ്പ്‌ ഒരു റമദാനില്‍ സമാനമായ ഒരു കേസില്‍ ഒരു ചെറുപ്പക്കാരന്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടപ്പോള്‍ അന്നു മാധ്യമം റിപ്പോര്‍ട്ട് ചെയ്ത രീതി കൂടെ ഇതിനോട് കൂട്ടിവായിക്കുക. മാധ്യമത്തിന് ഏറെ പരിചിതനും സമൂഹത്തില്‍ പ്രശസ്തനുമായിരുന്ന ആരോപണ വിധേയന്റെ പിതാവിന്റെ പേര് മാധ്യമം തെറ്റായി പ്രസിദ്ധീകരിച്ചത് ബോധാപൂര്‍വമായിരുന്നില്ലെന്നും 'ഇര'യോടുള്ള സഹാനുഭൂതി കൊണ്ടായിരുന്നില്ലെന്നും നമ്മള്‍ വിശ്വസിക്കേണ്ടിയിരിക്കുന്നു.സമാനമായ മറ്റൊരു കേസില്‍ പ്രതിയുടെ വാപ്പാനെ വരെ മാറ്റാന്‍ കാണിച്ച താമര്‍ത്യം ഇവിടെ കാണാത്തതെന്തേ ? മുസലി പവരിനെതിരെ ലേഖന പരമ്പര പ്രസിദ്ധീകരിക്കുകയും ഇന്ദുലേഖയുടെ പരസ്യം സ്വീകരിക്കുകയും ചെയ്യുന്ന അതെ ഇരട്ടത്താപ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്. സഹകരണ ബാങ്കിലേക്ക് മത്സരിക്കുന്നവരെ വിമര്‍ശിച്ചു ലേഖനമെഴുതുന്നതിന് താഴെ ഫെഡറല്‍ ബാങ്കിന്‍റെ പരസ്യം കൊടുക്കേണ്ട 'നിര്‍ബന്ധിതാവസ്ഥ'യും"

സുഹൈറലി പറഞ്ഞു...

ആ വീഡിയോവിലെ മൗദൂതിയെ കുറിച്ചുള്ള ശംസുദ്ദീൻ പാലത്തിന്റെ വർത്തമാനം ഇങ്ങിനെ സംഗ്രഹിക്കാം. മൗദൂദി സാഹിബിന്റെ ജിഹാദ് എന്ന കൃതി വായിക്കണമെന്ന് ചോദ്യകർത്താവിന്റെ നിർദ്ദേശത്തിനാണ് മറുപടി: പിൽകാലത്തെങ്ങാനും വന്ന കേവലമൊരു രാഷ്ട്രീയജീവി, ചെറുപ്പ കാലത്ത് മാക്സിയൻ എഴുത്തുകളുമായി നടന്ന ഒരു എഴുത്തുകാരൻ, ഇസ്ലാമിന്റെ വിജ്ഞാന ശകലങ്ങളെ കുറിച്ചോ ഉസൂലുകളെ കുറിച്ചോ അടിസ്ഥാനങ്ങളെ കുറിച്ചോ പഠിക്കാൻ ഒരിക്കലും അവസരം കിട്ടിയിട്ടില്ലാത്ത ഒരാൾ, അറബി ഭാഷയിൽ പത്ത് വരിയുള്ള ഒരു ലഘുലേഖ പോലും എഴുതിയിട്ടില്ലാത്ത ഒരാൾ, അറബിൽ ഒരു അഞ്ച് മിനു്ട്ട് ഫൈസൽ അവാർഡ് വാങ്ങിയ വേളയിൽ പോലും സംസാരിക്കാൻ സാധിച്ചിട്ടില്ലാത്ത ഒരാൾ, പടുക്കളായ പ്രഗത്ഭരായ പൂർവ്വസൂരികളായ അനേകം പണ്ഡതിന്മാർ പ്രചരിപ്പിക്കുന്ന അഹ്ലസ്സുന്നത്തിന്റെ ആശയങ്ങളെ തമസ്കരിക്കുകയും അഹ്ലുസ്സുന്നത്തിനെ തകർക്കാൻ വേണ്ടി സ്വഹാബാക്കളെ ആക്ഷേപിച്ചു കൊണ്ട് എഴുതപ്പെട്ട ലേഖനങ്ങളെയും ചിന്തകളെ യും ഗ്രന്ഥങ്ങളെയും എടുക്കുകയും അതിനെ അഹ്ലുസ്സുന്നത്തിന്റെ മുഖം മൂടി അണിഞ്ഞ് അവതരിപ്പിക്കുകയും ചെയ്യുമ്പോൾ, അത്തരം പുസ്തകത്തെ വായിക്കണമെന്ന് പറഞ്ഞാൽ അഹ്ലുസ്സുന്നത്തിനെ സ്നേഹിക്കുന്ന പ്രമാണങ്ങളെ സ്നേഹിക്കുന്ന ഒരാൾക്ക് സാധിക്കുകയില്ല.
ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് തുടരുന്നു...യഥാർഥ ആദർശത്തെ മറച്ച് വെക്കുകയും അല്ലെങ്കിൽ നിഗൂഢമായി അതിനെ, മനുഷ്യാവകാശത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും പേര് പറഞ്ഞ് നടപ്പാക്കാൻ ശ്രമിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. നേർക്ക് നേരെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നതിനേക്കാൾ അപകടകരമാണ് അതിനെ മനുഷ്യാവകാശത്തിന്റെ മുഖം മൂടിയണിഞ്ഞ്, അതിന്റെ പേരിൽ സംഘടിച്ചു വരുന്ന യുവാക്കളെ ആസൂത്രിതമായി തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മതരാഷ്ട്ര അജണ്ടയുടെയും അതേ പോലെ തന്നെ രാജ്യദ്രോഹ പ്രവർത്തനങ്ങളുടെയും വക്താക്കളാക്കി മാറ്റുക എന്നു പറയുന്നത്.
ഈയാഴ്ച വിചിന്തനത്തിൽ ശംസുദ്ദീൻ പാലത്തിന്റെ ഇവിടെ തോൽക്കുന്നത് മൗദൂദിസം എന്ന പരമ്പരയുടെ പതിനൊന്നാം എപ്പിഡോസാണുള്ളത്.

CKLatheef പറഞ്ഞു...

(((ഇത് വേണ്ടായിരുന്നു എന്നാണ് ലതീഫ്‌ എന്‍റെ അഭിപ്രായം. )))

അതുതന്നെയാണ് എന്റെയും അഭിപ്രായം. ഇത് വേണ്ടായിരുന്നു...

CKLatheef പറഞ്ഞു...

മാധ്യമത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അതിലെ റിപ്പോര്‍ട്ടിംഗില്‍ അപാകത സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. പക്ഷെ ആരും ആ അവസരം ഉപയോഗിച്ചുകാണുന്നില്ല. ഇവിടെ മാധ്യത്തിന്റെ ചില നിലപാടുകള്‍ വിമര്‍ശിക്കുന്ന സക്കീറും അത് ചെയ്യുന്നില്ല. ഭീകരവേട്ട പോലുള്ള കാര്യങ്ങളില്‍ പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട് നല്‍കുക മാത്രമേ പത്രങ്ങള്‍ക്ക് ചെയ്യാനാവൂ. മാധ്യമം അത്തരം സംഗതികളുടെ മറുവശം കൂടി പിന്നീട് പുറത്ത് കൊണ്ടുവരാറുണ്ട്. ഈ പ്രശ്നത്തിലും അത്തരം വല്ലതും ഉണ്ടെങ്കില്‍ മാധ്യമം അത് ചെയ്യുമായിരിക്കും. ഏതെങ്കിലും ഒരു റിപ്പോര്‍ട്ടില്‍ പിതാവിന്റെ പേര് മാറിയത് ബോധപൂര്‍വമാണ് എന്ന് ചിന്തിക്കാന്‍ താങ്കള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ എല്ലാവരും അങ്ങനെ ചിന്തിക്കണം എന്ന് ആവശ്യപ്പെടാനാവില്ല. കണ്ണാടി തല്ലിപ്പൊട്ടിച്ചത് കൊണ്ട് കാര്യമില്ല. മുഖത്തിന് വൈരുപ്യമില്ലാതെ നോക്കുകയാണ് വേണ്ടത്.

CKLatheef പറഞ്ഞു...

സുഹൈറലി,, അല്ലാഹുവിനെ ഭയപ്പെടുന്നില്ലെങ്കിലും ഇത് കേള്‍ക്കുന്നവരില്‍ കാര്യം അറിയുന്നവരും ഉണ്ടാകും എന്ന ബോധം പ്രാസംഗികര്‍ക്കില്ലെങ്കില്‍ ഇതും ഇതിലധികവും തട്ടിവിടാം.. അദ്ദേഹം ഈ വിഷയത്തില്‍ തെറ്റ് ചെയ്തില്ലായിരിക്കാം. പക്ഷെ അതിനേക്കാള്‍ പതിന്‍മടങ്ങ് ഗൌരവമുള്ളതാണ് അല്ലാഹുവിനെ ഭയപ്പെടാത്ത തരത്തിലുള്ള ഇത്തരം കള്ളാരോപണങ്ങള്‍ ... എത്ര അനേകായിരം തവണ ഈ കള്ളം ജനങ്ങള്‍ ആവര്‍ത്തിച്ചു കേട്ടു.

CKLatheef പറഞ്ഞു...

ഇത് ഒരു വ്യഭിചാരാരോപണമായി തോന്നുന്നില്ല. മറിച്ച് ഒരു സ്ത്രീപീഢന വാര്‍ത്തയാണ്. ഈ വാര്‍ത്തയെ ഇസ്ലാം ആവശ്യപെടുന്ന വിധം മാന്യമായി സമീപിക്കുകയാണ് ചെയ്യേണ്ടത്. എന്തൊക്കെ പറഞ്ഞാലും ഇദ്ദേഹം ഇത്തരമൊരു അവസ്ഥയില്‍ പെട്ടതില്‍ ഇസ്ലാമിനെ സ്നേഹിക്കുന്ന ആര്‍ക്കും ദുഖം തോന്നും. കാരണം അന്തിമമായി മുസ്ലിം പണ്ഡിതന്‍ എന്ന നിലക്കേ പൊതുജനം ഈ വിഷയത്തെ കാണൂ.

ഒരുനേതാവിന്റെ പാളിച്ച വലിയ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. (ഇവിടെ തെറ്റുപറ്റിയെന്ന് വിധിയെഴുതുകയല്ല). ഇദ്ദേഹം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ എനിക്ക് അതില്‍ അത്ഭുതമില്ല. കാരണം അദ്ദേഹം മൌദൂദിയോടും ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തോടും ചെയ്ത തെറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊന്നുമല്ല.

ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് പറയുന്ന ഒരു കളവ് പോലും ഇസ്ലാം എത്ര ഗൌരവത്തോടെയാണ് കാണുന്നത്, എന്നിരിക്കെ ഒരു വലിയ സമൂഹത്തോട് മൈക്കുകെട്ടി സംഘടനക്ക് വേണ്ടി ഒരു ഇസ്ലാമിക പണ്ഡിതനെക്കുറിച്ച് പച്ചക്കള്ളം പറയുകയും തലമുറകള്‍ അവ റിക്കോര്‍ഡ് ചെയ്ത ആവര്‍ത്തിച്ചു കേള്‍ക്കുകയും ചെയ്യുന്നതിലെ ഗൌരവം ഒന്ന് ഊഹിച്ചു നോക്കൂ...

ഞാന്‍ അവസാനം നല്‍കിയ വീഡിയോയില്‍ എം.എം അക്ബര്‍ കാണിക്കുന്ന സൂക്ഷമത നോക്കൂ. അദ്ദേഹം അദ്ദേഹത്തിന്റേതായി ഉറപ്പിച്ചു പറയുന്ന കാര്യങ്ങള്‍ ആര്‍ക്കും തര്‍കമില്ലാത്തതും (അതായത്, അവാര്‍ഡ് കിട്ടിയില്ലെങ്കിലും ഒരാളുടെ മഹത്വം കുറയുന്നില്ല പോലുള്ള വാക്കുകള്‍) മൌദൂദിക്കെതിരെയുള്ള ആരോപണങ്ങള്‍ പറയുമ്പോള്‍ അദ്ദേഹം തന്റേതായി പറയുന്നതിന് പകരം. മൌദൂദിയെ വിമര്‍ശിക്കന്നവര്‍ ഇങ്ങനെ പറയുന്നു എന്ന നിലക്കാണ് കൈകാര്യം ചെയ്യുന്നത്. പണ്ഡിതനായ മൌദൂദി എന്ന് പറയുന്ന അദേദഹം. പിന്നീട് അവാര്‍ഡ് ലഭിക്കുന്നത് പാണ്ഡിത്യത്തിന് തെളിവല്ല എന്ന പൊതുതത്വം പറയുകയാണ്. കേള്‍ക്കുന്നവര്‍ക്ക് മൌദൂദി പണ്ഡിതനല്ല എന്ന് തോന്നിക്കോട്ടെ എന്നാണ് അദ്ദേഹം വിചാരിക്കുന്നത് എന്ന് തോന്നുന്നു.

CKLatheef പറഞ്ഞു...

റജാഗരോഡി പിന്നീട് എന്തായി എന്ന് ചോദിച്ച്, അവാര്‍ഡ് ലഭിച്ചാലും ആളുകള്‍ മാറിപ്പോകാം എന്ന് സൂചിപ്പിക്കുന്നു. അതുകൊണ്ട് കേള്‍ക്കുന്നവര്‍ ഈ അവാര്‍ഡ് ലഭിച്ചശേഷമാണ് അദ്ദേഹം പുസ്തകം എഴുതിയത് എന്ന് ധരിച്ചുകൊള്ളും എന്നായിരിക്കും. എന്നാല്‍ ഇവര്‍ പേരെടുത്ത് പരാമര്‍ശിച്ച ജിഹാദ് എന്ന പുസ്തകം അദ്ദേഹം രചിച്ചത് യുവത്വത്തിലാണ് (1927). ഫൈസല്‍ അവാര്‍ഡ് ലഭിച്ചത് 1979 ഏതാനും മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം മരണപ്പെടുകയും ചെയ്തു.

CKLatheef പറഞ്ഞു...

അക്ബര്‍ സാഹിബും സംശുദ്ധീന്‍ പാലത്തും പറയുന്നത് സത്യമാണെങ്കില്‍ ഒരു പാട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മുജാഹിദ് മൌലവിമാര്‍ ബാധ്യസ്ഥരമാണ്. നിങ്ങള്‍ പറയുന്നത് പോലെ മൌദൂദിയുടെ ഒരു പുസ്തകമോ മൊത്തം പുസ്തകങ്ങളുടെ സന്ദേശമോ അദ്ദേഹം പുതുതായി ആവിഷ്കരിച്ച വല്ല തത്വമോ തീവ്രവാദത്തിന് പ്രേരകവും അതിന് പ്രചോദകവുമാകുമെന്ന് എന്ന് മുതലാണ് നിങ്ങള്‍ കണ്ടെത്തിയത്. മൌദൂദിയുടെ പുസ്തകങ്ങള്‍ ഉറുദുവിലായതിനാല്‍ അതറിയാതെയാണ് അവസാന കാലത്ത് ഇസ്ലാമിക സേവനത്തിനുള്ള ഫൈസല്‍ അവാര്‍ഡ് നല്‍കിയത് എന്ന് നിങ്ങള്‍ പറയുമോ ?.

CKLatheef പറഞ്ഞു...

എന്തുകൊണ്ടാണ് ഇന്നും മൌലാനാ അബുല്‍ അഅ്ലാ മൌദൂദിയുടെ പേരില്‍ സൌദി അറേബ്യയില്‍ റോഡും സ്കൂളും പേര് വെച്ച് നിലനില്‍ക്കുന്നത്. ഒരു തീവ്രവാദ ബ്രൈന്‍ ഇത്രയും ഓര്‍മിക്കപ്പെടണോ ?.

CKLatheef പറഞ്ഞു...

ജമാഅത്തില്‍ നിന്ന് രാജിവെച്ച് ചിലര്‍ പോയിട്ടുണ്ട് എന്നത് ശരി. എന്നിട്ട് അവര്‍ എന്ത് ചെയ്തു. അവരില്‍ എത്രപേര്‍ ഇവര്‍ ഉന്നയിച്ച ആരോപണം ഉന്നയിച്ചു. മൌദൂദി പണ്ഡിതനല്ല എന്ന് പറഞ്ഞ ഒരു പണ്ഡിതനെ കാണിച്ചു തരാന്‍ കഴിയുമോ ?. തീവ്രവാദത്തിന് വിത്തുപാകിയത് മൌദൂദിയാണ് എന്ന് പറഞ്ഞ ഒരു പണ്ഡിതന്റെ പേര് പറയാമോ ?. മൌദൂദി ഊന്നിപ്പറഞ്ഞ ഹാകിമിയത്ത് പിഴച്ച ഒരു കണ്ടുപിടുത്തമാണ് എന്ന് പറഞ്ഞ ഒരാളെ കേരളത്തിലെ കളവ് പറയാന്‍ മടിയില്ലാത്ത മുജാഹിദുകളില്‍നിന്നല്ലാതെ ഒരാളെ കാണിച്ചു തരാമോ ?.

CKLatheef പറഞ്ഞു...

എന്തിനാണ് അക്ബര്‍ സാഹിബ് താങ്കള്‍ ഇത്രയധികം പ്രയാസപ്പെടുന്നത്. കളവ് പറയേണ്ടിവരുന്ന ഇത്തരം ചോദ്യങ്ങളെ ആദ്യമേ തന്നെ കളവ് പറഞ്ഞ് അറപ്പ് തീര്‍ന്ന പാലത്തിനെപോലുള്ളവര്‍ക്ക് ഏല്‍പിച്ചുകൊടുക്കരുതോ ?. ഒരു പ്രബോധനകനായ താങ്കളെ ഇങ്ങനെ കാണാന്‍ ഇനിയും ഇടവരാതിരിക്കട്ടേ..

CKLatheef പറഞ്ഞു...

എല്ലാ തീവ്രവാദത്തിനും കാരണം മൌദൂദി പ്രചരിപ്പിച്ച ഹാക്കിമിയത്ത് സിദ്ധാന്തമാണ് എന്നാണല്ലോ ചുരുക്കത്തില്‍ പറഞ്ഞൊപ്പിക്കുന്നത്. ഹാക്കിമിയത്തിനെക്കുറിച്ച് മൂജാഹിദ് വീക്ഷണം എന്താണ്. ഇത് വായിച്ച് പോകുന്ന ആരെങ്കിലും ഒന്ന് പറഞ്ഞ് തന്നാല്‍ നന്നായിരുന്നു. എന്താണ് മൌദൂദിക്ക് ഈ വിഷയത്തില്‍ പറ്റിയ തെറ്റെന്ന് മനസ്സിലാക്കാമായിരുന്നു.

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു...

ഇത്തരം സംഭവങ്ങള്‍ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ മുകളില്‍ പഴിചാരുന്നതില്‍ അര്‍ത്ഥമില്ല....എല്ലാ പ്രസ്ഥാനങ്ങളിലും ഏതെങ്കിലും ഒരു കുരുത്തം കെട്ടവന്‍ വിചാരിച്ചാല്‍ സംഭവിക്കാവുന്ന അവസ്ഥകളാണ് ഇതൊക്കെ....പക്ഷെ രണ്ട് വര്‍ഷം മുമ്പെ ഈ വിഷയം കേട്ട് തുടങ്ങിയപ്പോള്‍ തന്നെ ഇദ്ധേഹത്തെ മാറ്റി നിര്‍ത്തിയിരുന്നുവെങ്കില്‍ ഇങ്ങനെ നാറില്ലായിരുന്നു........ഈ വിഷയത്തില്‍ വിശദീകരണം ഫെയ്സ് ബൂക്ക് വഴി കൈമാറിയിരുന്നു.....കാര്യങ്ങള്‍ അങ്ങനെ തന്നെ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു ...പ്രാര്‍ത്ഥിക്കുന്നു....വിശദീകരണത്തില്‍ അവ്യക്തമായ ഒരു സംഗതി # മാനസിക ചികിത്സയായിരുന്നു അവിടെ ആവശ്യം. പാലത്ത് ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യുകയും ചെയ്തു. നല്ല രീതിയില്‍ പെരുമാറി, അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്ന കോട് ഭാഷ പഠിപ്പിച്ചു കൊടുത്തു. # ഈ പ്രയോഗമാണ്....അല്ലാഹു അ‌ഉലം മുറാദുഹു......അതോടൊപ്പം പോലീസ് പിടിച്ച് കൊണ്ട് പോകുന്ന ഒരു രംഗം യൂട്യൂബില്‍ പ്രചരിക്കുന്നു...തുണികൊണ്ട് മുഖം മറച്ച് കുറ്റവാളിയെ പോലെ....ഒരു യഥാര്‍ത്ഥ ഈമാനുള്ള വ്യക്തിയെ സംബന്ധിച്ചിടത്തോളം തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ അതിന്റെ ആവശ്യമില്ലല്ലോ....അതോടൊപ്പം മാതൃഭൂമി പത്രം പറയുന്നു "വാതില്‍ തുറക്കാന്‍ തയ്യാറാവാത്തതിനാല്‍ നാട്ടുകാരും പോലീസും വാതില്‍ ചവിട്ടി പൊളിച്ച് അകത്തുകടന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു"...ഇന്നലെ ഒരു വിദ്യാര്‍ത്ഥിനി സ്വന്തം അനുഭവം എന്ന് പറഞ്ഞ് ഇവരുടെ ഇത്തരം ചെയ്തികളെ തുറന്ന് പറഞ്ഞ് കൊണ്ട് ഒരു കമന്റ് ഫെയ്‌സ് ബൂക്കില്‍ ഇട്ടത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു....ഏതായാലും എന്തൊക്കെയോ....???അല്ലാഹുവിന്നറിയാം....
വാല്‍‌ക്കഷ്ണം:-
ഈ വിഷയം അറിയുന്നതിന്റെ തലേദിവസം ഇദ്ധേഹം മൗദൂദിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ,പണ്ഡിതന്‍ എന്ന് പോലും അദ്ദേഹത്തെ വിശേഷിപ്പിക്കാനാവില്ല എന്നും,നാല് വരി അറബിയില്‍ നോക്കിവായിക്കാനറിയില്ല എന്നും പച്ചക്കള്ളം തട്ടിവിട്ട് പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ അറിയാതെ ചോദിച്ച് പോയി ഇയാള്‍ മു‌ഉമിനോ,അതല്ല മുനാഫിഖോ എന്ന്.......

Pheonix പറഞ്ഞു...

നല്ലൊരു വക്കീലിനെ ഏര്‍പ്പാടാക്കി കേസില്‍ നിന്നും നിരപരാധിത്വം തെളിയിക്കാന്‍ നോക്കുന്നതിനു പകരം സോഷ്യല്‍ മീഡിയയില്‍ ചെളി വാരി എറിഞ്ഞിട്ടു എന്ത് നേടാനാ?

Subair പറഞ്ഞു...

http://sabiteacher.blogspot.in/2012/09/blog-post_25.html

അജ്ഞാതന്‍ പറഞ്ഞു...

കോടതി അദ്ദേഹത്തെ നിരപരാധിയെന്ന് കണ്ട് കുറ്റവിമുക്തനായി വെറുതെ വിട്ടല്ലോ? അതേക്കുറിച്ചും ഒരു ലേഖനമാകാം!

ഓരോ മുസ്ലിമും ഇസ്ലാമിന്റെ അമ്പാസഡർമാരാണ്. മതപ്രവർത്തകരും പ്രശസ്തരും പ്രത്യേകിച്ചും. അവർക്കെതിരേയുള്ള ഇത്തരം വാർത്തകൾ ആഘോഷിച്ചുകൊണ്ട് തങ്ങളുടെ എതിർപക്ഷക്കാർ വേദനിക്കട്ടെ എന്ന് കരുതുമ്പോൾ അതിലും വലിയ മറ്റൊരു എതിർപക്ഷം ആനന്ദിക്കുണ്ടെന്ന തിരിച്ചറിവെന്തേ പത്രത്തിനില്ലാതെ പോയി?

തങ്ങളെ ഏറ്റവുമധികം വിമർശിക്കുന്നവരെ മനസ്സുകൊണ്ട് വെറുക്കുകയും അവസരം കിട്ടുമ്പോൾ അതുപയോഗിച്ച് പരമാവധി ആത്മസുഖം കണ്ടെത്തുകയും ചെയ്യുന്നത് മനുഷ്യസഹജമാണ്. മാധ്യമവും അതിന്റെ സ്ഥാപകരായ പാർട്ടിയും ഏറ്റവും കൂടുതൽ ആശയപരമായ ആക്രമണം നേരിട്ടത് മുജാഹിദുകളിൽ നിന്നാണല്ലോ. അതുകൊണ്ട് തന്നെ ഇങ്ങനെ വീണ് കിട്ടിയ ഒരവസരം അവർ നന്നായി വിനിയോഗിച്ചു എന്നത് മാത്രം. പോസ്റ്റിന്റെ തലക്കെട്ട് തന്നെ കുറ്റാരോപിതനായ ഒരു വ്യക്തിയെക്കുറിച്ചല്ല, ഒരു പ്രമുഖ സ്ഥാപനത്തിലെ അധ്യാപകനെക്കുറിച്ചല്ല, മറിച്ച് മുജാഹിദ് മൗലവിയെക്കുറിച്ചാണ്. അതാണ് വാർത്തയുടെ മാർകറ്റിംഗ് ടാഗ്!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK