'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, ജൂലൈ 03, 2010

ജമാഅത്തെ ഇസ്‌ലാമിയുടെ പുതിയ രാഷ്ട്രീയ ചുവട്‌

റിയാദ്: ആഗതമായ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ രൂപം കൊള്ളാന്‍ പോകുന്ന ജനപക്ഷ രാഷ്ട്രീയ കൂട്ടായ്മ സംസ്ഥാനത്തിന്റെ പൊതുനന്‍മ ലക്ഷ്യമിട്ട് കൊണ്ടുള്ളതായിരിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി വ്യക്തമാക്കി. ഹ്രസ്വ സന്ദര്‍ശനത്തിനായി ഇവിടെയെത്തിയ അദ്ദേഹത്തിന് 'തനിമ' നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.

പഞ്ചായത്തീരാജിന്റെ ലക്ഷ്യങ്ങള്‍ യഥാവിധി ജനങ്ങളിലേക്ക് എത്തിക്കാനും വികസനവും വിഭവ വിതരണവും എല്ലാ വിഭാഗം ഗുണഭോക്താക്കള്‍ക്കും ഒരുപോലെ ലഭ്യമാക്കാനുമുള്ള ശ്രമമാണ് ജമാഅത്ത് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ ഫണ്ടുകളുടെ പകുതിയില്‍ കുറഞ്ഞ ഭാഗം മാത്രമാണ് ജനങ്ങളിലേക്ക് എത്തുന്നത്. വിഭവ വിതരണത്തില്‍ തികഞ്ഞ അസന്തുലിതത്വമുണ്ട്. അഴിമതി രഹിതമായി, ജനപങ്കാളിത്തത്തോടെയുള്ള പുതിയ രാഷ്ട്രീയ മുന്നേറ്റത്തിലൂടെ ഈ അവസ്ഥക്ക് കാതലായ മാറ്റം വരുത്താനാകുമെന്ന് അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു. മൂല്യബോധമുള്ള എല്ലാ പൗരന്‍മാരുടെയും പിന്തുണ ഇതിനാവശ്യമാണെന്നും അദ്ദേഹം ഉണര്‍ത്തി.

ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരും അനുഭാവികളും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഇപ്പോള്‍ കൈക്കൊണ്ട തീരുമാനമല്ല. വളരെ നേരത്തെ സ്വീകരിച്ച നിലപാട് ഇപ്പോളാണ് പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നതെന്ന് മാത്രം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ നൂറുകണക്കിന് പഞ്ചായത്തുകളില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ രൂപവത്കരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചും അദ്ദേഹം സൂചന നല്‍കി.

ജമാഅത്തെ ഇസ്‌ലാമി സ്വയം രാഷ്ട്രീയപാര്‍ട്ടിയായി മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പൊതുനന്‍മയില്‍ താല്‍പര്യമുള്ളവരെക്കൂടി ഉള്‍പ്പെടുത്തി സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആരിഫലി വ്യക്തമാക്കി. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പൊതുനന്‍മ ലക്ഷ്യമിട്ടായിരിക്കും അതിന്റെ പ്രവര്‍ത്തനം. ഫാഷിസം ഇന്ത്യന്‍ മതേതരത്വത്തിന് അപകടകരമായ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അതിനെതിരെ ശക്തമായി നിലകൊള്ളും. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്വയം നിര്‍ണയാവകാശം നിലനിര്‍ത്താനും പൊതു ധാര്‍മ്മിക മൂല്യങ്ങളുടെ പുനരുദ്ധാരണം ഉറപ്പാക്കാനും ശ്രമിക്കും. ജനപക്ഷപരവും പ്രകൃതിക്കനുയോജ്യവുമായ വികസനമായിരിക്കും അതിന്റെ നയം. നന്‍മയില്‍ സഹകരിക്കുന്ന, രാജ്യത്തിന്റെ ഭാവിയില്‍ ക്രിയാത്മക പങ്ക് വഹിക്കാന്‍ താല്‍പര്യമുള്ള എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം ഉറപ്പാക്കിയാകും പാര്‍ട്ടി നിലവില്‍ വരികയെന്നും ആരിഫലി പറഞ്ഞു. തനിമ രക്ഷാധികാരി കെ.എം ബഷീര്‍, എസ്.എം നൗഷാദ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

കാലികമായ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇതില്‍ പോസ്റ്റുചെയ്യുന്നതിന്റെ ഉദ്ദേശ്യം ജമാഅത്തിന്റെ നയനിലപാടുകള്‍ താത്വികമായി ചര്‍ചചെയ്യുന്നതിനൊപ്പം അത് പ്രായോഗികമായി എടുക്കുന്ന സ്‌റ്റെപ്പുകള്‍ കൂടി അറിയിക്കുക എന്ന ഉദ്ദേശ്യത്തിലാണ്. ഇപ്പോള്‍ തന്നെ ഇവിടെ പലരും പ്രതികരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി അതേ പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കാന്‍ പോകുന്നു എന്ന തലത്തിലാണ്. എനിക്ക് ഈ ബ്ലോഗില്‍ അവസാനം നല്‍കപ്പെട്ട കമന്റ് അത്തരത്തിലുള്ളതാണ്. ഇസ്‌ലാം കേവലമൊരു മതമാണെന്ന തലത്തില്‍നിന്നു തന്നെയാണ് മഹാഭൂരിപക്ഷം ജനങ്ങളും ചിന്തിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ജമാഅത്തിന്റെ അന്തിമ ലക്ഷ്യം എങ്ങനെയൊക്കെ പറഞ്ഞാലും അത് പൂര്‍ത്തീകരിക്കണമെങ്കില്‍ അവസാനമില്ലാത്ത പ്രശ്‌നങ്ങള്‍്ക് വഴിവെച്ചേ സാധ്യമാകൂ എന്നവര്‍ കണക്കുകൂട്ടുന്നു. ഓരോ മതവും ഇപ്രകാരം മുന്നോട്ട് വന്നാല്‍ എന്തായിരിക്കും സ്ഥിതി എന്നോര്‍ത്ത് അവര്‍ നെടുവീര്‍പ്പിടുകയും ചെയ്യുന്നു. എന്നാല്‍ ജമാഅത്ത് പറയുന്നത് നേര്‍ക്ക് നേരെ കേള്‍ക്കാനും മുഖവിലക്കെടുക്കാനും കഴിയുന്നവര്‍ക്ക് കാര്യങ്ങള്‍ ബോധ്യമാകുന്നുണ്ട് എന്നത് ആശ്വാസകരം തന്നെ.

വളരെ സുതാര്യമായ ലക്ഷ്യങ്ങളും നയനിലപാടുകളുമാണ് ജമാഅത്ത്് മുന്നോട്ട് വെക്കുന്നത്. താത്വിക തലത്തിലും പ്രായോഗിക തലത്തിലും അതെടുക്കുന്ന നിലപാടുകളെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനുമുള്ള അവകാശം നല്‍കുക മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നിരിക്കെ. ഒട്ടും സുതാര്യമോ അറിഞ്ഞിടത്തോളം അവര്‍ പറയുന്നത് പൂര്‍ണമായി വിജയിക്കുകയാണെങ്കിലും സമ്പൂര്‍ണമായ ഏകാധിപത്യ സ്വേഛാധിപത്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ വരെ 60 വര്‍ഷത്തിലേറെയായി ഒരു നിയമ ലംഘനവും നടത്താത്ത മുഴുവന്‍ സമൂഹങ്ങളുമായി സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിച്ച ഒരു സംഘത്തെ ഭീഷണിയായി പരിചയപ്പെടുത്തുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു.   

ജമാഅത്തെ ഇസ്‌ലാമിയെ നിരൂപണം ചെയ്യുന്നത് പോലെ മറ്റു സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും നിലപാടുകളും ചരിത്രവും വിശകലനം ചെയ്യുമ്പോഴെ കാര്യങ്ങളുടെ യഥാര്‍ഥ കിടപ്പ് മനസ്സിലാക്കാന്‍ കഴിയൂ. ചില സംഘടനകളൊക്കെ തങ്ങളിലേക്ക് തിരിയാതിരിക്കാന്‍ ജമാഅത്തിനെ പ്രതിരോധത്തില്‍ നിര്‍ത്തുക എന്ന തന്ത്രത്തിന്റെ ഭാഗമാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടതുണ്ട്.

കഴിഞ്ഞ പോസ്റ്റിന്റെ ബാക്കി തുടരും.

6 അഭിപ്രായ(ങ്ങള്‍):

Unknown പറഞ്ഞു...

``ഈ നാട്ടിലെ ഭരണകൂടം ഇസ്‌ലാമികമായിരിക്കണമെന്ന്‌ ഗവണ്‍മെന്റ്‌ പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കി മാറ്റാന്‍ സാധിക്കുമെന്ന്‌ ജമാഅത്തിന്‌ തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല.'' (പ്രബോധനം -1952 ജനുവരി)



``സെക്കുലറിസത്തിനും സോഷ്യലിസത്തിനും വേണ്ടി മുസ്‌ലിംകളെ ബൈഅത്ത്‌ ചെയ്യിക്കുന്നതുകൊണ്ട്‌ സമുദായത്തിന്‌ യാതൊരു ഗുണവുമില്ല. ഇഹത്തിലും പരത്തിലും ദോഷമേയുള്ളൂ.'' (പ്രബോധനം -1960 ജനുവരി 15)



ഇസ്‌ലാമിക വിരുദ്ധമായ ഒരു ഭരണവ്യവസ്ഥയ്‌ക്ക്‌ കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാകട്ടെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായൊരവസ്ഥയാണ്‌.'' (പ്രബോധനം -1953 ഡിസംബര്‍ 15)




മേല്‍ പറഞ്ഞ മഹല്‍ വചനങ്ങള്‍ ജമാ അത്തെ ഇസ്ലാമിക്കാരന്‍റെ മനസ്സാക്ഷിയുടെ മഹത് വാക്യങ്ങള്‍ ആണ്.ഇന്ത്യാ മഹാ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍ വിശ്വാസമില്ലാ എന്ന് തെളിയിച്ചു കൊണ്ട് പലപ്പോഴായി പറഞ്ഞു ഊറ്റം കൊണ്ട വാക്കുകള്‍.നമ്മുടെ രാജ്യത്തെ വ്യവസ്ഥിതിയില്‍ വിശ്വാസം ഇല്ലാതിരുന്നവര്‍ എങ്ങനെ പെട്ടന്ന് ജനാധിപത്യ കാവല്‍ക്കാര്‍ ആയി ? k.moideen kuwait

Noushad Vadakkel പറഞ്ഞു...

>>>ഓരോ മതവും ഇപ്രകാരം മുന്നോട്ട് വന്നാല്‍ എന്തായിരിക്കും സ്ഥിതി എന്നോര്‍ത്ത് അവര്‍ നെടുവീര്‍പ്പിടുകയും ചെയ്യുന്നു.<<<

യഥാര്‍ത്ഥ മത വിശ്വാസികള്‍ എന്നേ രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു . ജമാഅതിനു ഇപ്പോളാണ് നേരം വെളുത്തത് . കണ്ണടച്ച് പിടിച്ചു കഴിയുകയായിരുന്നല്ലോ .

Unknown പറഞ്ഞു...

യഥാര്‍ത്ഥ മത വിശ്വാസികള്‍ എന്നേ രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു . ജമാഅതിനു ഇപ്പോളാണ് നേരം വെളുത്തത് . കണ്ണടച്ച് പിടിച്ചു കഴിയുകയായിരുന്നല്ലോ ???????????????????
veruthe alla rashtreeyam itra mel nariyathu!!!!!!!!!!!!!!!!!!

CKLatheef പറഞ്ഞു...

Noushad Vadakkel

>>> യഥാര്‍ത്ഥ മത വിശ്വാസികള്‍ എന്നേ രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു . ജമാഅതിനു ഇപ്പോളാണ് നേരം വെളുത്തത് . കണ്ണടച്ച് പിടിച്ചു കഴിയുകയായിരുന്നല്ലോ .<<<

യഥാര്‍ഥ മത വിശ്വാസികള്‍ എന്നിവിടെ താങ്കള്‍ ഉദ്ദേശിച്ചത്. ജമാഅത്തെ ഇസ്‌ലാമിയല്ലാത്ത മുഴുവന്‍ സംഘടകളെയുമാണ് എന്ന് കരുതട്ടെ. ജമാഅത്തെ ഇസ്‌ലാമി ഇതര സംഘടനകളില്‍നിന്ന് വ്യത്യസ്ഥമായത് ഇസ്‌ലാമിന്റെ അതിന്റെ രാഷ്ട്രീയമടക്കമുള്ള സമഗ്രതയോടെ ഉള്‍കൊണ്ടതാണ്. ഇക്കാലത്തോളം ഇസ്‌ലാമിലെ രാഷ്ട്ട്രീയത്തെ തോന്നിയ പ്രകാരമല്ലാം വ്യഖ്യാനിക്കുകയും. അവസാനം ഇസ്‌ലാമിക രാഷ്ട്രീയമെന്നാല്‍ ഒരു മുസ്‌ലിമിന്റെ മനസ്സിനെ എല്ലാ കാര്യത്തിലും ഇസ്‌ലാം ഭരിക്കണമെന്ന് പറയുകയും ചെയ്തുകൊണ്ട് ഇസ്‌ലാമിക രാഷ്ട്രീയത്തെ അപ്പാടെ അപ്രസക്തമാക്കിയ വ്യാഖ്യാനവുമായി നടക്കുകയും. പള്ളിയിലും കേവലം ചില ആരാധനകളിലും അല്ലാഹുവിന്റെ നിയമങ്ങളും രാഷ്ട്രീയത്തില്‍ അത്തരം നിയമങ്ങളോ വിലക്കുകളോ ബാധകമല്ലെന്ന് കരുതുകയും ചെയ്തവരാണ് ഇന്നോളം ഇസ്‌ലാഹികളടക്കമുള്ളവര്‍. അവര്‍ക്ക് ചോദിക്കാനും കാലാകാലങ്ങളില്‍ ഇസ്‌ലാമിക വീക്ഷണപ്രകാരം ജമാഅത്ത് സ്വീകരിക്കുന്ന നയനിലപാടുകളെ പരിഹസിക്കാനുമല്ലാതെ മറ്റെന്തെങ്കിലും ഒരു ക്രിയാത്മകമായ ചുവട് വെപ്പ് നടത്തിയതായി അറിയില്ല. ജമാഅത്ത് രൂപപ്പെട്ടതുതന്നെ ചില പണ്ഡിതര്‍ കണ്ണുതുറന്നപ്പോഴാണ്. അതിനെതിരെ കണ്ണടച്ചു പിടിച്ചാണ് ഇന്നും ഇസ്‌ലാഹി പ്രസ്ഥാനം നീങ്ങികൊണ്ടിരിക്കുന്നത് എന്ന് നൗഷാദ് ഇനിയെങ്കിലും മനസ്സിലാക്കുക.

CKLatheef പറഞ്ഞു...

@Sajan,

>>> veruthe alla rashtreeyam itra mel nariyathu!!, <<

ഒരര്‍ഥത്തില്‍ ശരിയാണ് താങ്കളുടെ ചോദ്യം ഈ മലീമസമായ രാഷ്ട്രീയത്തിന്റെ ചളിക്കുണ്ടില്‍ തങ്ങളുടെ പങ്ക് ഉറപ്പുവരുത്തുന്നതിനപ്പുറം അതിന്റെ നന്മയില്‍ സഹകരിക്കേണ്ടിയിരുന്ന, നൗഷാദ് സൂചിപ്പിച്ച മുസ്‌ലിം മതവിശ്വാസികള്‍, ബഹുജനം പലപ്പോഴും രാഷ്ട്രീയമായാല്‍ മൂല്യങ്ങളോ തത്വങ്ങളോ ബാധകമാണ് എന്ന് പ്രയോഗതലത്തിലെങ്കിലും കാണിച്ചുകൊടുക്കാന്‍ സന്നദ്ധമായിരുന്നില്ല. അതേ ചളിക്കുണ്ടില്‍നിന്ന് രാഷ്ട്രീയത്തെ രക്ഷപ്പെടുത്തേണ്ടതുണ്ടെന്ന് പോലും തങ്ങളുടെ വിശ്വാസം തങ്ങളോടു കല്‍പിക്കുന്നു എന്നവര്‍ മനസ്സിലാക്കിയില്ല.

CKLatheef പറഞ്ഞു...

@K.MOIDEEN
>>> മേല്‍ പറഞ്ഞ മഹല്‍ വചനങ്ങള്‍ ജമാ അത്തെ ഇസ്ലാമിക്കാരന്‍റെ മനസ്സാക്ഷിയുടെ മഹത് വാക്യങ്ങള്‍ ആണ്.ഇന്ത്യാ മഹാ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയില്‍ വിശ്വാസമില്ലാ എന്ന് തെളിയിച്ചു കൊണ്ട് പലപ്പോഴായി പറഞ്ഞു ഊറ്റം കൊണ്ട വാക്കുകള്‍.നമ്മുടെ രാജ്യത്തെ വ്യവസ്ഥിതിയില്‍ വിശ്വാസം ഇല്ലാതിരുന്നവര്‍ എങ്ങനെ പെട്ടന്ന് ജനാധിപത്യ കാവല്‍ക്കാര്‍ ആയി ? k.moideen kuwait <<<

ജമാഅത്തെ ഇസ്്‌ലാമിക്ക് ഇന്ത്യാ മഹാരാജ്യത്തിലെ ജനാധിപത്യവ്യവസ്ഥിതിയില്‍ വിശ്വാസമില്ലാ എന്ന് തെളിയിക്കാന്‍ താങ്കള്‍ക്ക് 1952 മുതല്‍ 1960 വരെയുള്ള പ്രബോധനം മാസികയില്‍നിന്നായി ഉദ്ധരിച്ച മൂന്ന് വാക്കുകള്‍ അതിന്റെ സന്ദര്‍ഭമോ അതിന്റെ മറ്റുവിശദീകരണോ കൂടാതെ വ്യാഖ്യാനിച്ചാല്‍ പോലും സാധ്യമല്ല.

അതിനെ എത്രമാത്രം ജമാഅത്ത് പരിഗണിക്കുന്നുവെന്നും ഏത് രംഗത്ത് അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നുവെന്നും അത് താത്വികമായി വ്യക്തമാക്കിയിട്ടുണ്ട്. പ്രയോഗിക തലത്തിലാകട്ടെ ഇന്ന് ഇന്ത്യയിലുള്ള സകല പാര്‍ട്ടികളെയും വെല്ലുവിളിക്കാന്‍ കഴിയുന്നവിധം ദേശസ്‌നേഹപരവും മതേതരജനാധിപത്യത്തെ അതര്‍ഹിക്കുന്നവിധം മാന്യമായി അത് അതിന്റെ ചരിത്രം വരച്ചുവെക്കുകയും ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK