'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ഞായറാഴ്‌ച, ഡിസംബർ 12, 2010

ജനാധിപത്യാവകാശങ്ങള്‍ ഏതൊക്കെ ?

മതേതരജനാധിപത്യവും ജമാഅത്തെ ഇസ്‌ലാമിയും (5)
----------------------------------------------------------------------

ജനാധിപത്യം എന്നതുകൊണ്ടര്‍ഥമാക്കുന്നത് ജനങ്ങളുടെ ഭരണമാണ് എന്ന് കഴിഞ്ഞ പോസ്റ്റില്‍ നാം കണ്ടു.  മുഴുവന്‍ ജനതയുടെയും ഭരണം, മുഴുവന്‍ ജനതയാലും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാല്‍ ഭരിക്കപ്പെടുന്ന അവസ്ഥ. ഈ നിര്‍വചനം പൂര്‍ണമല്ല എന്ന് നമ്മുക്ക് മനസ്സിലാക്കാനാവും. പൊതുവായി ഒരു നിര്‍വചനത്തില്‍ അത് ഒതുക്കിയിരിക്കുകയാണ്. അതുകൊണ്ട് വിവിധ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ അവരുടേതായ വ്യഖ്യാനം നല്‍കുന്നു. ഭരണാധികാരിയെയും ആ നാട്ടിലെ നിയമത്തിന്റെയും പരമാധികാരം ജനങ്ങളിലെ ഭൂരിപക്ഷത്തിനായിരിക്കണം അതിനുള്ള അധികാരം ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ആയിരിക്കരുതെന്നും. നിയമനിര്‍മാണം പൗരോഹിത്യത്തിന്റെ കയ്യിലകപ്പെടരുതെന്നുമുള്ള മതേതരത്വത്തിന്റെ ആധുനികവ്യാഖ്യാനത്തിനൊപ്പിച്ചാണ് മതേതരത്വം പൊതുവെ വിവക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് ഏറെക്കുറെ സന്തുലിതമായ നിര്‍വചനമായി എന്റെ ശ്രദ്ധയില്‍ പെട്ടത് ഇതാണ്.

['Democracy is a form of government in which people are governed by their own elected representatives. It is a government of the people, for the people and by the people. In this system of government, it is the people who are supreme and sovereign. They control the government. They are free to elect a government of their own choice. Freedom of choice is the core of democracy.']

ജനാധിപത്യം എന്നത് ഒരൊറ്റരൂപവും ഒരൊറ്റ നിര്‍വചനവുമുള്‍കൊണ്ട ഒരു സംജ്ഞയല്ല. ജനാധിപത്യത്തിന്റെ വിവിധ രുപങ്ങള്‍ ലോകചരിത്രലുണ്ടായിട്ടുണ്ട്. ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പിന്റെ രീതിയില്‍ വ്യത്യാസമുണ്ടാവാം. നിയമനിര്‍മാണത്തിനുള്ള അധികാരം ആര്‍ക്കെന്ന കാര്യത്തില്‍ ചില്ലറ അഭിപ്രായ വ്യത്യാസം ഉണ്ടാവാം. അതിന്റെ അടിസ്ഥാനത്തില്‍  ഭാരതീയ ജനാധിപത്യം, ആധുനിക ജനാധിപത്യം, പ്രാതിനിത്യജനാധിപത്യം, പാര്‍ലമെന്ററി ജനാധിപത്യം, പ്രത്യക്ഷ ജനാധിപത്യം എന്നൊക്കെ ഉപയോഗിച്ചുവരുന്നുണ്ട്. മാത്രമല്ല ജനാധിപത്യത്തിന്റെ ചരിത്രം വിശദീകരിക്കുമ്പോള്‍ പ്രാചീന ജനാധിപത്യം മധ്യകാല ജനാധിപത്യം ആധുനിക ജനാധിപത്യം എന്നിങ്ങനെ പ്രധാനമായും മൂന്നായി തിരിക്കുകയും ചെയ്യുന്നു.  അവയില്‍ സംഭവിച്ച രൂപാന്തരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വേര്‍ത്തിരിവ്. സര്‍വസമ്മതമായി അംഗീകരിക്കപ്പെട്ട ചില ജനാധിപത്യമൂല്യങ്ങളുണ്ട് അവയെ ഉള്‍കൊള്ളുന്ന വ്യവസ്ഥക്കാണ് നാം ജനാധിപത്യവ്യവസ്ഥ എന്ന് പറയുന്നത്. അല്ലാതെ ആ പദത്തോട് മാത്രം ചില വിശ്വാസാചാരങ്ങളോടുള്ളതുപോലെയുള്ള വൈകാരികത മാത്രമായാല്‍ നഷ്ട്‌പെടുന്ന ജനാധിപത്യമൂല്യം നമ്മുക്ക് പ്രശ്‌നമല്ലാതെ വരും. അതുകൊണ്ട് എന്താണ് ജനാധിപത്യത്തിന്റെ പൊതുവായ തത്വങ്ങള്‍/അവകാശങ്ങള്‍ എന്ന് നോക്കാം.

1. ഭൂരിപക്ഷ ഭരണം (Majority rule): തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഉള്‍കൊള്ളുന്ന ഭരണകൂടം. തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷത്തിനായിരിക്കും ഭരിക്കാനുള്ള അവകാശം.

2. ജനതയുടെ പരമാധികാരം. (Sovereignty of the people): ഒരു രാജ്യത്തെ ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നതില്‍ ആ രാജ്യത്തെ ജനങ്ങള്‍ക്കായിരിക്കും അധികാരം. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുള്‍കൊള്ളുന്ന പാര്‍ലമെന്റിനും ലെജിസ്ലേറ്റീവിനുമാണ് നിയമം നിര്‍മിക്കാനും അതില്‍ ഭേദഗതി വരുത്താനുമുള്ള അവകാശമുള്ളത്. 

3. അടിസ്ഥാന മനുഷ്യാവകാശം (Basic human rights): എല്ലാതരം ജനവിഭാഗങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അവകാശങ്ങളുടെയും മെച്ചപ്പെടുത്തലും, അവരുടെ നിലനില്‍പ്പ് സംരക്ഷിക്കപ്പെടലും.

4. സ്വതന്ത്രവും നീതിനിഷ്ഠവുമായ തെരഞ്ഞെടുപ്പ് (Free and fair elections): ബാഹ്യമാ എല്ലാ സമ്മര്‍ദ്ദങ്ങളില്‍നിന്നും പ്രലോഭന-ഭീഷണകളില്‍നിന്നും മുക്തമായി പൗരന്‍മാരുടെ സ്വതന്ത്രമായ ഇഛാശക്തി പ്രയോഗിച്ച് നടത്തപ്പെടുന്ന നീതിനിഷ്ഠമായ തെരഞ്ഞെടുപ്പ്.

5. നിയമാര്‍ഹത(Due process of law)യും നിയമ സമത്വവും (Equality before the law)ഉം: ഏത് പൌരനും നിയമസഹായം ലഭിക്കാനുള്ള അര്‍ഹത. രാജ്യത്തെ ഏത് പൌരനും ഭരണപക്ഷ-പ്രതിപക്ഷ ഭേദമന്യേ നീതിലഭ്യതയിലുള്ള തുല്യാവകാശം.

6. മത, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ബഹുസ്വരത (Religious, Social, economic, and political pluralism): സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള ജനസഞ്ചയത്തിന്റെയും വ്യത്യസ്ത സാമ്പത്തിക അര്‍ഥ ശാസ്ത്രങ്ങളുടെയും പ്രാദേശിക-ദേശീയ-രാഷ്ട്രീയ ബഹുജനമുന്നേറ്റങ്ങളോടുള്ള സഹിഷ്ണുതയും അവയെ സ്വാംശീകരിക്കുന്നതിലെ പ്രായോഗികതയും അവയോടുള്ള സഹകരണ-വിട്ടുവീഴ്ചാ നിലപാടുകളും  (Tolerance, pragmatism, cooperation, and compromise).

7. അഭിപ്രായ സ്വതന്ത്ര്യം (Freedom of expression): ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ സ്തംഭമാണ് അഭിപ്രായ സ്വാതന്ത്ര്യം. ജനാധിപത്യഅവകാശങ്ങളുടെ മുലക്കല്ല് (cornerstone of democratic rights)എന്നും ഇത് വിവക്ഷിക്കപ്പെടുന്നു.  പൌരന്മാര്ക്കും മീഡിയകള്‍ക്കും ഭരണകൂടത്തിന്റെ അനാവശ്യമായ വിലക്കുകളില്ലാതെ തുറന്ന് അഭിപ്രായം പറയാനുള്ള സ്വതന്ത്ര്യം.

ഇവയെ ജനാധിപത്യമൂല്യങ്ങള്‍ എന്നോ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന തൂണുകള്‍ എന്നോ  പറയാം. ഇവയില്‍ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തിലും തെരഞ്ഞെടുപ്പിന്റെ രുപത്തിലും ലോകത്തെ പല ജനാധിപത്യ പ്രസ്ഥാനങ്ങളും വ്യത്യസ്ഥത പുലര്‍ത്തിയിരിരുന്നെങ്കിലും അവയൊക്കെ അറിയപ്പെട്ടത് ജനാധിപത്യത്തിന്റെ പേരില്‍ തന്നെയാണ്. ഉദാഹരണം അഥീനിയന്‍ ജനാധിപത്യം ക്രിസ്തുവിന് 600 വര്‍ഷം മുമ്പ് നിലനിന്ന ഈ ഭരണ വ്യവസ്ഥയില്‍  പരമാധികാരം കോടതിക്കും അസംബ്ലിക്കുമായി വീതിക്കപ്പെട്ടിരുന്നു. അതേ പ്രകാരം ഗോത്രജനാധിപത്യമായിരുന്ന ഗ്രീസില്‍ വരുത്തന്‍മാര്‍ക്കും അടിമകള്‍ക്കും സ്ത്രീകള്‍ക്കും പൗരത്വം നല്‍കപ്പെടാത്തതിനാല്‍ തെരഞ്ഞെടുപ്പില്‍ അവര്‍ പങ്കാളികളായിരുന്നില്ല. മൂന്നൂറ് വര്‍ഷം നീണ്ടുനിന്ന ഈ വ്യവസ്ഥയെ അവയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ പൊതുസമ്മത ജനാധിപത്യം, ഗോത്രജനാധിപത്യം, പ്രത്യക്ഷ ജനാധിപത്യം എന്നിങ്ങനെയാണ് വിളിക്കുന്നത്.

ഇത്രയും ഇവിടെ വിശദീകരിച്ചത്. ജനാധിപത്യത്തില്‍ ചെറിയ മാറ്റം നിര്‍ദ്ദേശിച്ചാല്‍ അതിന്റെ ഏതെങ്കിലും വശത്തെ നിരൂപണം നടത്തുകയോ വിമര്‍ശനവിധേയമാക്കുയോ ചെയ്താല്‍ അത് ജനാധിപത്യവിരുദ്ധമാണ് എന്ന് പ്രഖ്യാപിക്കുന്ന തീര്‍ത്തും ജനാധിപത്യവിരുദ്ധമായ ശൈലി വ്യാപകമായി പിന്തുടരപ്പെടുന്നത് കൊണ്ടാണ്.


ഇനി മുകളില്‍ ഏഴ് നമ്പറിന് കീഴില്‍ ജനാധിപത്യാവകാശങ്ങളിലേക്ക് തിരിച്ചു പോകുക. അവ ഒരോന്നായി വിശകലനം ചെയ്തു നോക്കുക. ഇവയില്‍ ഏതൊന്നിനോടാണ് ഇസ്ലാം എതിരിട്ടുനില്‍ക്കുന്നത് എന്ന്. ഇവിടെ പറഞ്ഞ കാര്യങ്ങള്‍ അന്തിമമോ മാറ്റമില്ലാത്തതോ അല്ല എങ്കിലും ഇതില്‍ രണ്ടാമത്തെ നമ്പറില്‍ പറഞ്ഞ ഒരുവാചകത്തിലൊഴികെ ബാക്കി  നമ്പറില്‍ പറയപ്പെട്ട എല്ലാ കാര്യങ്ങളും ഇസ്ലാം  പങ്കുവെക്കുന്ന മൂല്യങ്ങളാണ് എന്ന് കാണാന്‍ കഴിയും. ഈ ഒരു കാര്യത്തില്‍മാത്രം വിയോജിക്കുന്നതിനെ ജനാധിപത്യവിരുദ്ധം എന്ന് വിളിക്കാമെങ്കില്‍ ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യവിരുദ്ധമാണ് എന്ന് പറയേണ്ടിവരും. പക്ഷെ തികച്ചും ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണ് ആ വാദം എന്ന് പ്രഖ്യാപിക്കാന്‍ ജമാഅത്തിന് ആരോടും അ‌ന്വേഷിക്കേണ്ട കാര്യമില്ല. 

'തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുള്‍കൊള്ളുന്ന പാര്‍ലമെന്റിനും ലെജിസ്ലേറ്റീവിനുമാണ് നിയമം നിര്‍മിക്കാനും അതില്‍ ഭേദഗതി വരുത്താനുമുള്ള അവകാശമുള്ളത്.' 

ആധുനിക ജനാധിപത്യം നിര്‍മതത്തില്‍ കെട്ടിപ്പൊക്കിയതുകൊണ്ടും,  മതമൂല്യങ്ങളുടെ കാര്യത്തില്‍ സ്വീകരിക്കുന്ന സര്‍വതന്ത്ര സ്വാതന്ത്ര്യം കാരണമായും അനുഭവപ്പെട്ട നിസ്സാഹയതിയില്‍നിന്നാണ്, നിയമനിര്‍മാണത്തിന് ജനങ്ങളുടെ ഭൂരിപക്ഷത്തിന് അധികാരം നല്‍കിയത്. മറ്റൊരു ചോയ്‌സ് അതിന് മുമ്പില്‍ ഉണ്ടായിരുന്നില്ല. കാരണം മതപൗരോഹിത്യത്തിന്റെയും പള്ളിമേധാവിത്വത്തിന്റെ പിടുത്തത്തില്‍നിന്നും ഭരണവ്യവസ്ഥയെ മോചിപ്പിക്കുന്നതിന് വേണ്ടിയാണ് നിര്‍മതത്വത്തിന്റെ അടിസ്ഥാന ശിലകളില്‍ ആധുനികജനാധിപത്യം കെട്ടിപ്പടുത്തത് തന്നെ. അതിലേക്ക് തിരിച്ചുപോകണം എന്ന് ജമാഅത്തെ ഇസ്‌ലാമിയും ആവശ്യപ്പെടുന്നില്ല. ലോകം പൊതുവെ അംഗീകരിക്കുന്ന ചില ധാര്‍മിക സദാചാരമൂല്യങ്ങളുണ്ട്. ഇസ്‌ലാം അവ കലര്‍പ്പില്ലാതെ സമര്‍പിക്കുന്നു. ആ മൂല്യങ്ങളിലൂന്നിനിന്നുകൊണ്ടുള്ള നിയമമേ മനുഷ്യന് അനുയോജ്യമായ നിയമമാകൂ എന്നാണ് അത് സിദ്ധാന്തിക്കുന്നത്. പോസ്റ്റുകള്‍ വല്ലാതെ ദീര്‍ഘിച്ചുപോകാനിടയുള്ളതുകൊണ്ടും എല്ലാവര്‍ക്കും സുപരിചിതമായതുകൊണ്ടുമാണ് ചരിത്ര സംഭവങ്ങളും തെളിവുകളും നല്‍കാന്‍ മടിക്കുന്നത്. പ്രവാചകന്റെ കാലത്തും നാല് ഖലീഫമാരുടെ കാലത്തും ഇവിടെ പറയപ്പെട്ട ജനാധിപത്യമൂല്യങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ പാലിക്കപ്പെടുകയുണ്ടായി. ജനാധിപത്യ മര്യാദകള്‍ പാലിച്ച് അവ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവകാശവും ധാര്‍മിക ഉത്തരവാദിത്തവും ജമാഅത്തെ ഇസ്ലാമിക്കുണ്ട്. അതുവരെ നിലവിലെ സാഹചര്യം തുടരുന്നതിന് അതിന് യാതൊരെതിര്‍പ്പുമില്ല. ജമാഅത്തിന്റെ ഈ കാഴ്ചപ്പാട് മറ്റു ജനവിഭാഗങ്ങളില്‍ അടിച്ചേല്‍പിക്കുന്ന നിലപാട് അത് സ്വീകരിക്കുകയുമില്ല. ['ജമാഅത്ത് അതിന്റെ ലക്ഷ്യപ്രാപ്തിക്കായി രചനാത്മകവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്. ആദര്‍ശപ്രചാരണവും പ്രബോധനവും വഴി ഹൃദയങ്ങളും സ്വഭാവചര്യകളും സംസ്കരിക്കുന്നതും, സാമൂഹിക ജീവിതത്തില്‍ ഉദ്ദിഷ്ടമായ ഉത്തമ വിപ്ളവം വരുത്തുന്നതിന് പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരുന്നതുമാണ്.' (ജമാഅത്തെ ഇസ്‌ലാമി ഭരണഘടന, പ്രവര്‍ത്തനമാര്‍ഗം ഖണ്ഡിക: 5:3)]

(തുടരും)

5 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

'ലോകം പൊതുവെ അംഗീകരിക്കുന്ന ചില ധാര്‍മിക സദാചാരമൂല്യങ്ങളുണ്ട്. ഇസ്‌ലാം അവ കലര്‍പ്പില്ലാതെ സമര്‍പിക്കുന്നു. ആ മൂല്യങ്ങളിലൂന്നിനിന്നുകൊണ്ടുള്ള നിയമമേ മനുഷ്യന് അനുയോജ്യമായ നിയമമാകൂ എന്നാണ് അത് സിദ്ധാന്തിക്കുന്നത്. ജനാധിപത്യ മര്യാദകള്‍ പാലിച്ച് അവ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവകാശവും ധാര്‍മിക ഉത്തരവാദിത്തവും ജമാഅത്തെ ഇസ്ലാമിക്കുണ്ട്.'

അവ വിശദീകരിക്കാം... അതിന് മുന്പ് ചിലതു പറയാനുണ്ട്...

കാട്ടിപ്പരുത്തി പറഞ്ഞു...

വായിക്കുന്നു

ചിന്തകന്‍ പറഞ്ഞു...

കാര്യങ്ങള്‍ നന്നായി പറഞ്ഞിരിക്കുന്നു.
വളരെ നന്ദി ..

Mohamed Salahudheen പറഞ്ഞു...

നന്ദി

Sameer Thikkodi പറഞ്ഞു...

പോരട്ടെ .. നവ ജനാധിപത്യ വാദം ...വായിക്കുന്നു ....കാത്തിരിക്കുന്നു തുടര്‍ച്ചക്കായി ....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK