'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ഫെബ്രുവരി 21, 2011

ജനാഭിലാഷത്തിന് വിലങ്ങുതടിയാകുന്നവര്‍ .

ദോഹ: ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് വിലങ്ങുതടിയായി അറബ് ഭരണകൂടങ്ങള്‍ നിലകൊള്ളരുതെന്ന് അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. ജനം മാറ്റം ആഗ്രഹിക്കുന്നു. അവരുടെ അഭിലാഷങ്ങള്‍ ഭരണാധികാരികള്‍ തിരിച്ചറിയണം. ചരിത്രത്തെ പിറകോട്ടുവലിക്കാന്‍ ശ്രമിക്കരുതെന്ന് ഈജിപ്തിലെ 'വിമോചന ചത്വര'ത്തില്‍ ഇന്നലെ നടത്തിയ ജുമുഅഃ പ്രഭാഷണത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ഗസ്സയിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നുകൊടുക്കാന്‍ ഈജിപ്ഷ്യന്‍ സൈന്യം തയാറാകണം. ഈജിപ്ത് സ്വേഛാധിപത്യത്തില്‍ നിന്ന് മോചിതമായതുപോലെ, ഫലസ്തീനിലെ ഖുദ്‌സ് വിമോചിക്കപ്പെട്ട് അല്‍അഖ്‌സാ പള്ളിയില്‍ നമസ്‌കരിക്കാനും ഖുതുബഃ നിര്‍വഹിക്കാനും മോഹമുണ്ടെന്ന് തഹ്‌രീര്‍ സ്‌ക്വയറിലെ ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് ഖറദാവി പറഞ്ഞു. മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും ഉടന്‍ മോചിപ്പിക്കണം. മുബാറക് രൂപവത്കരിച്ച സര്‍ക്കാരില്‍ നിന്ന് രാജ്യത്തെ മുക്തമാക്കണമെന്നും ഖറദാവി ആവശ്യപ്പെട്ടു. സിവിലിയന്‍ സര്‍ക്കാറിലേക്കുള്ള മാറ്റം ത്വരിതഗതിയിലാകണം. വിപ്ലവം പൂര്‍ണവിജയത്തിലെത്തുന്നതുവരെ ക്ഷമയോടെ നിലകൊള്ളണമെന്ന് അദ്ദേഹം പ്രക്ഷോഭകരെ ആഹ്വാനം ചെയ്തു. ഭരണാധികാരികളാല്‍ കൊള്ളയടിക്കപ്പെട്ട രാജ്യത്തിന്റെ സ്വത്ത് തിരിച്ചുപിടിക്കണം.
അനിതരസാധാരണമായ വിപ്ലവം നയിച്ച യുവാക്കളെ അഭിനന്ദിച്ചാണ് ഖറദാവി പ്രഭാഷണം ആരംഭിച്ചത്. ലോകത്തിനു മുഴുവന്‍ പാഠവും പ്രചോദനവുമാണ് ഈജിപ്ത് ജനതയുടെ പ്രക്ഷോഭം. അനീതിക്കും സ്വാര്‍ഥതക്കും അഴിമതിക്കും എതിരായ വിജയം കൂടിയാണിത്. ഒരേ ലക്ഷ്യത്തിനുവേണ്ടി ഭിന്നതകള്‍ മറന്ന് ഈജിപ്ത് ജനത കാഴ്ചവെച്ച ഐക്യം മാതൃകാപരമാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലെ ഐക്യത്തിന്റെ അസാധാരണമായ ചിത്രമാണ് തഹ്‌രീര്‍ സ്‌ക്വയറില്‍ ദൃശ്യമായത്. ഈ ഐക്യവും സഹകരണവും തുടര്‍ന്നും നിലനിര്‍ത്തണം. ആദ്യം പ്രക്ഷോഭത്തെ തള്ളിപ്പറയുകയും നില്‍ക്കക്കള്ളിയില്ലാതെ കൂടെച്ചേരുകയും ചെയ്ത കപടന്‍മാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖറദാവി പറഞ്ഞു. 14 നൂറ്റാണ്ടായി ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും വിജ്ഞാനീയങ്ങളുടെയും കേന്ദ്രമായി നിലകൊണ്ട ഈജിപ്ത് പ്രതാപം വീണ്ടെടുക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. 'ജനുവരി 25' വിപ്ലവത്തിന് രക്തസാക്ഷികളെ അര്‍പ്പിച്ച തഹ്‌രീര്‍ സ്‌ക്വയറിന് 'രക്തസാക്ഷി ചത്വരം' എന്ന് പുനഃനാമകരണം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'വിജയ വെള്ളി'യായി ഈജിപ്ത് ആചരിച്ച ഇന്നലെ, ഖറദാവിയുടെ പ്രഭാഷണം ആവേശത്തോടെയാണ് പ്രക്ഷോഭകര്‍ സ്വീകരിച്ചത്. ഈജിപ്ഷ്യന്‍ ടി.വി ചാനല്‍ അടക്കം നിരവധി അറബ് ചാനലുകള്‍ ഖുതുബയും നമസ്‌കാരവും തല്‍സമയം സംപ്രേഷണം ചെയ്തു. മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഖറദാവി ഈജിപ്തില്‍ ജുമുഅഃ പ്രഭാഷണം നിര്‍വഹിക്കുന്നത്. 1981 സെപ്തംബറില്‍ പ്രസിഡന്റിന്റെ മന്ദിരത്തിന് സമീപമുള്ള ആബിദീന്‍ മൈതാനിയില്‍ ബലിപെരുന്നാളിനാണ് ഖറദാവി അവസാനമായി ഈജിപ്തില്‍ ഖുതുബ നിര്‍വഹിച്ചത്. ഖത്തരി പൗരത്വമുള്ള അദ്ദേഹം ദോഹയിലാണ് സ്ഥിരതാമസം.

------------------------------------------------------------

ഈ റിപ്പോര്‍ട്ട് ഇവിടെ നല്‍കാനുള്ള കാരണം. കേരളത്തിലെ മുജാഹിദ് വിഭാഗങ്ങളിലൊന്ന് (എ.പി. വിഭാഗം) നടത്തിക്കൊണ്ടിരിക്കുന്ന വ്യാപകമായ ഒരു പ്രചരണം ശ്രദ്ധയില്‍പെടുത്തുന്നതിന് വേണ്ടിയാണ്. ആടിനെ പട്ടിയായി അവതരിപ്പിക്കുന്ന പ്രസ്തുത ലേഖനങ്ങള്‍ ആ സംഘടന ഇന്നെത്തിചേര്‍ന്ന ദുരന്തത്തിന്റെയും സങ്കുചിതത്വത്തിന്റെയും നിലപാടില്ലായ്മയുടെയും ആഴം വ്യക്തമാക്കും. അതില്‍ ഒരു ലേഖനം ഇവിടെ വായിക്കുക.

['അറബ് ലോകത്തെ ജനകീയ പ്രക്ഷോഭം നേട്ടം കൊയ്യുന്നതാര്
 
ഇറാന്‍ വിപ്ലവത്തിന് ശേഷമുള്ള മഹത്തായ വിജയമെന്ന് രാഷ്ട്രീയ ഇസ്ലാമിസ്റ്റുകള്‍ വിശേഷിപ്പിക്കുന്ന ടുണീഷ്യന്‍ സംഭവ വികാസങ്ങളുടെ നേട്ടം കൊയ്യുന്നതാരെന്ന അന്വേഷണം പ്രസക്തമാണ്. ജനകീയ പ്രക്ഷോഭത്തിന്റെ വിജയമാണ് ടുണീഷ്യയിലുണ്ടായതെന്നും, അറബ്ഇസ്ലാമിക രാഷ്ട്രങ്ങളിലേക്ക് കത്തിപ്പടരാനുള്ള തീപ്പൊരിയാണ് ടുണീഷ്യന്‍ മണ്ണില്‍ വീണതെന്നും പ്രചരിപ്പിക്കുന്ന വിപ്ലവഇസ്ലാമിസ്റ്റുകള്‍ സയണിസ്റ്റ് ലോബിയുടെ സ്വപ്നങ്ങള്‍ക്കാണ് ചിറക്വെച്ചു കൊടുക്കുന്നത്. അറബ്ഇസ്ലാമിക രാഷ്ട്രങ്ങളെ ഛിദ്രപ്പെടുത്തുവാന്‍ അവസരങ്ങള്‍ കാത്തിരിക്കുന്ന അറബ് വിരുദ്ധലോബിയെ ടുണീഷ്യയില്‍ പടര്‍ന്ന കലാപങ്ങള്‍ ഒട്ടൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. അറബ് ലോകത്ത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് എരിവ് പകരുകയെന്നത് അമേരിക്കയുടെയും അവരുടെ സഖ്യകക്ഷികളുടെയും എന്നത്തെയും സന്തോഷമാണ്.
അള്‍ജീരിയ, ലബനന്‍, ലിബിയ, യമന്‍, ഫലസ്തീന്‍, സുഡാന്‍, ഇറാഖ് തുടങ്ങിയ അറബ് ഇസ്ലാമിക രാഷ്ട്രങ്ങളിലുണ്ടായ ആഭ്യന്തര കലാപങ്ങളില്‍ ഏറെ ആഹ്ലാദിച്ചതും നേട്ടം കൊയ്തതും അമേരിക്കയും അവരുടെ ചിറകിനടിയിലെ രാജ്യങ്ങളുമാണ്. വിപ്ലവ ഇസ്ലാമിസ്റ്റുകളെ കനത്ത ഫണ്ടിംഗിലൂടെ വശത്താക്കിയാണ് ഈ രാജ്യങ്ങളിലൊക്കെയും കലാപത്തിന്റെ വിത്ത് പാകിയത്. അറബ് ലോകത്തെ വിവേകമില്ലാത്ത ദുര്‍ബലരുടെ കയ്യിലേല്‍പിച്ച് കൊള്ളയടിക്കുകയെന്ന മിനിമം അജണ്ട മാത്രമാണ് സാമ്രാജ്യത്വ മോഹികള്‍ക്കുള്ളത്.
അറബ്ഇസ്ലാമിക ലോകം "ജനാധിപത്യവല്‍ക്കരിക്കാന്‍' പുറപ്പെട്ട അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ശക്തമായ പിന്തുണയാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. അറബ് ഭരണാധികാരികള്‍ക്കെതിരെ തൂലികയും നാവും കലാപവും ഉപയോഗിച്ച് നടത്തുന്ന "ജിഹാദിനാണ്' സാമ്രാജ്യത്വത്തിന്റെ വഴിവിട്ട പിന്തുണ ലഭിക്കുന്നത്. അതുകൊണ്ടാണ് ടുണീഷ്യ അറബ് ലോകത്ത് ഏറെ താമസിയാതെ ആവര്‍ത്തിക്കുമെന്ന് വിപ്ലവ ഇസ്ലാമിസ്റ്റുകള്‍ ആഗോളതലത്തില്‍ തന്നെ ആക്രോശിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലേറെ കാലമായി ടുണീഷ്യ ഭരിച്ച സൈനുല്‍ ആബിദീന്‍ബ്നു അലിക്ക് സാധാരണക്കാരുടെ ജീവിതമറിയാന്‍ സാധിച്ചില്ലെന്നത് നേരാണ്. എന്നാല്‍ ശത്രുക്കളുടെ കരങ്ങളിലേക്ക് ടുണീഷ്യയെ ഏല്‍പിച്ച് കൊടുക്കുന്ന കലാപങ്ങള്‍ കൊണ്ട് ആ രാജ്യത്തിന് അതിലേറെ നഷ്ടമാണ് സഹിക്കേണ്ടിവരിക. ടുണീഷ്യയിലെ ഭരണാധികാരി മാത്രമാണ് സഊദി അറേബ്യയില്‍ അഭയം തേടിയിട്ടുള്ളത്.
അദ്ദേഹം അധികാരത്തില്‍ നിന്ന് നിഷ്കാസിതനാകുന്നതോടെ ഒട്ടേറെ പൈതൃകങ്ങളുള്ള ടുണീഷ്യ അരാജകത്വത്തിലേക്ക് മുഖംകുത്തി വീണുകൂടാ. അറബ് ലോകത്തേക്ക് ഇരച്ച് കയറാന്‍ അവസരം കാത്തിരിക്കുന്ന സയണിസ്റ്റ് ലോബിയുടെ കൈകളിലേക്ക് ടുണീഷ്യയുടെ നിയന്ത്രണം നല്‍കാതിരിക്കുകയെന്നതാണ് ടുണീഷ്യയിലെ ശേഷിക്കുന്ന വിവേകമതികളായ ഭരണകര്‍ത്താക്കള്‍ക്ക് ചെയ്യാനുള്ളത്.
പ്രസിദ്ധ അറേബ്യന്‍ കോളമിസ്റ്റായ അബ്ദുറഹ്മാന്‍ റാഷിദിന്റെ വരികള്‍ ശ്രദ്ധേയമാണ്: "ബിന്‍ അലിക്ക് ശേഷവും ടുണീഷ്യക്ക് അതിന്റെ യശസ്സ് ലോകത്തിനു മുന്‍പില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കണം. ആ രാജ്യത്തിന്റെ അടിപ്പടവ് മാന്താന്‍ ശ്രമിക്കുന്ന ഇടപെടലുകാരില്‍ നിന്ന് ടുണീഷ്യയെ രക്ഷിക്കുകയെന്നതാണ് വിവേകമതികളുടെ കടമ.' (അല്‍ ശര്‍ക്കുല്‍ ഔസത്വ്)
ആഗോളതലത്തില്‍ "ജനകീയ പ്രക്ഷോഭങ്ങള്‍ക്ക്' ബൗദ്ധിക പരിസരമൊരുക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ ആശയങ്ങള്‍ കടംകൊണ്ട് വിപ്ലവ ഇസ്ലാമിസ്റ്റുകള്‍ വളരെ നേരത്തെതന്നെ ടുണീഷ്യയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വ്യാജവേഷത്തില്‍ അറബ്ലോകത്ത് നുഴഞ്ഞുകയറിയ ഇഖ്വാന്‍ ആശയങ്ങളെ പല ഭരണാധികാരികളും തുടക്കത്തില്‍ ലാഘവത്തോടെയാണ് കണ്ടത്. പാമ്പിനാണ് പാലൂട്ടുന്നതെന്ന് അറിയാതെ പല അറബ് ഭരണാധികാരികളും ഇഖ്വാനിന് പ്രവര്‍ത്തന പഥമൊരുക്കി. ഏറെ താമസിയാതെ രാജ്യത്ത് വളരുന്നത് വിഷസര്‍പ്പങ്ങളാണെന്ന് നേരനുഭവത്തിലൂടെ ബോധ്യമായ ഭരണാധികാരികള്‍ ഇഖ്വാന്റെ പ്രവര്‍ത്തനങ്ങളെ പടിക്ക് പുറത്താക്കി. കോപാകുലരായ വിപ്ലവ ഇസ്ലാമിസ്റ്റുകള്‍ അഭയം നല്കിയ രാജ്യങ്ങളില്‍ തന്നെ അട്ടിമറിക്കും ആഭ്യന്തര കലാപത്തിനും തിരികൊളുത്തി. അറബ്ലോകത്തെ ദുര്‍ബലരാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സയണിസ്റ്റ് ലോബി വഴിവിട്ട സഹായത്തോടെ വിപ്ലവ ഇസ്ലാമിസ്റ്റുകളെ ഗൂഢലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ തുടങ്ങി.
ടുണീഷ്യയിലും വ്യാപകമായി അറസ്റ്റ് ചെയ്തത് ഹസനുല്‍ബന്നയുടെ തീവ്രമായ ആശയങ്ങള്‍ പേറുന്ന വിപ്ലവ ഇസ്ലാമിസ്റ്റുകളെയാണ്. പുതിയ ഐക്യസര്‍ക്കാറിലും വിപ്ലവ ഇസ്ലാമിസ്റ്റുകളെ അകറ്റിനിര്‍ത്തിയത് ടുണീഷ്യയിലെ വിവേകമതികളുടെ ഇടപെടലാണെന്നത് ഏറെ ആശ്വാസം നല്കുന്നു. വരുംനാളുകളില്‍ ടുണീഷ്യയില്‍ ഇടപെടാന്‍ വിപ്ലവ ഇസ്ലാമിസ്റ്റുകളെ കൂടുതല്‍ ഉപയോഗപ്പെടുത്തുവാനുള്ള നീക്കങ്ങളാണ് സയണിസ്റ്റ് ലോബി നടത്തുന്നത്.
സാമ്രാജ്യത്വശക്തികളും വിപ്ലവ ഇസ്ലാമിസ്റ്റുകളും തമ്മിലുള്ള അവിശുദ്ധ ബാന്ധവം ബോധ്യപ്പെട്ട അറബ്ഇസ്ലാമിക ലോകം ഇഖ്വാന്റെ അധികാരക്കൊതിക്ക് ചുട്ടമറുപടിയാണ് ബാലറ്റിലൂടെ നല്‍കുന്നത്.
കുവൈത്ത്, ബഹ്റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെല്ലാം കുതന്ത്രങ്ങളിലൂടെ രാഷ്ട്രീയ നേട്ടം കൊയ്തിരുന്ന ഇഖ്വാന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കനത്ത നഷ്ടമാണ് സംഭവിച്ചത്. അറബ് ലോകത്ത് മാത്രമല്ല അധികാര കസേരക്ക് വേണ്ടി വിപ്ലവ ഇസ്ലാമിസ്റ്റുകള്‍ എവിടെയെല്ലാം കരുക്കള്‍ നീക്കിയോ അവിടെയെല്ലാം നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ബംഗ്ലാദേശിലുണ്ടായിരുന്ന സ്വാധീനം പാടെ നഷ്ടപ്പെട്ടു. അറബ് ലോകത്ത് ഇഖ്വാന്‍ ഉണ്ടാക്കിയ ചില്ലറ നേട്ടങ്ങളില്‍ ആവേശംപൂണ്ട് കേരളത്തില്‍ വിപ്ലവ ഇസ്ലാമിനെ കുഞ്ചിക സ്ഥാനങ്ങളിലെത്തിക്കാനുള്ള ശ്രമവും പാഴ്വേലയായി. വിപ്ലവ ഇസ്ലാമിന്റെ അപകടം മുസ്ലിംലോകം തിരിച്ചറിഞ്ഞ ശ്രദ്ധേയമായ ഒരു ഘട്ടമാണിത്. വിപ്ലവ ഇസ്ലാമിനെ തലോടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇസ്ലാം വിരുദ്ധ ലോബിക്ക് ബോധ്യമാവുകയും ചെയ്തിട്ടുണ്ട്.
ടുണീഷ്യയിലെ കലാപവും, സുഡാന്‍ വിഭജന നീക്കവും സയണിസ്റ്റ് ലോബിക്ക് പുത്തനുണര്‍വ്വ് നല്കിയെന്നതാണ് നേര്. ആഭ്യന്തര കലാപത്തിന് ഒളിഞ്ഞും തെളിഞ്ഞും സഹായം നല്‍കിയവര്‍ക്ക് എങ്ങനെയാണ് സന്തോഷിക്കാതിരിക്കാനാവുക. ദാര്‍ഫറിലെ വിഭവങ്ങള്‍ കൊള്ളയടിക്കാനും നൈലിന്റെ മേല്‍ കൂടുതല്‍ അവകാശമുന്നയിക്കാനും ലോക പൊലീസ് ഒരുക്കികൊടുക്കുന്ന സുവര്‍ണ്ണാവസരത്തിന് എങ്ങനെയാണ് നന്ദി ചെയ്യേണ്ടതെന്ന് ആലോചിക്കുകയാണ് ജൂതലോബി. സുഡാന്‍ വിഭജന നീക്കവും ടുണീഷ്യയില്‍ പടര്‍ന്ന കലാപവും അറബ് ലോകത്തേക്ക് ഇടപെടല്‍ നാട്യങ്ങളുമായി കടന്നുവരാന്‍ ശത്രുക്കള്‍ക്ക് അവസരമൊരുക്കുമെന്ന് അറബ് ബുദ്ധിജീവികളും പണ്ഡിതന്മാരും ആകുലപ്പെടുന്നത് വെറുതെയല്ല. "ജനകീയ പ്രക്ഷോഭങ്ങള്‍ക്ക്' എരിവ് പകര്‍ന്ന് ഒരു സംസ്കാരത്തെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യങ്ങളെ ബൗദ്ധികമായി നേരിടാനുള്ള കരുത്താണ് അറബ്ഇസ്ലാമിക ലോകം ആര്‍ജിക്കേണ്ടത്.
പുറത്ത് നിന്ന് ഇരച്ചുകയറുന്ന ശത്രുക്കള്‍ക്ക് അകത്ത് പരവതാനി വിരിക്കുന്ന "ഇസ്ലാമിക പ്രവര്‍ത്തനം' സ്വന്തം കൈകള്‍കൊണ്ട് താമസിക്കുന്ന വീട് തകര്‍ക്കുന്നതിന് തുല്യമാണ്.']
-------------------------------------------------------

കണ്ടിടത്തോളം ചന്ദ്രികയിലും അല്‍മനാര്‍, വിചിന്തനം എന്നീ മുജാഹിദ് ആനുകാലികങ്ങളിലും മാത്രമാണ്. ഈ ജനകീയ പ്രക്ഷോഭങ്ങളെ അടച്ചാക്ഷേപിച്ചും സ്വേഛാധിപതികളെ പിന്തുണച്ചും ലേഖനങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. തികഞ്ഞ ഗുണകാംക്ഷയോട് കൂടെ എഴുതിയതെന്ന് തോന്നിപ്പിക്കുന്ന ലേഖനങ്ങള്‍ ഉള്‍കൊള്ളുന്ന അസംബന്ധങ്ങള്‍ വിശദീകരണമാവശ്യമില്ലാത്തവിധം വ്യക്തമാണ്. അതുകൊണ്ട് ഇപ്പോള്‍ അവയെക്കുറിച്ച് അഭിപ്രായമൊന്നും പറയുന്നില്ല. ഈ ലേഖനങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരുടെ അഭിലാഷങ്ങള്‍ക്കനുസരിച്ച് എഴുതപ്പെട്ടതല്ല. ആരോ ആ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യുന്നുവെന്ന സംശയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇങ്ങനെ സംശയിക്കാനുള്ള കാരണം ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗത്തിന് എങ്ങനെ സ്വേഛാധിപതികളായ ഭരണകൂടങ്ങള്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് എതിരായി പിന്തുണക്കാന്‍ കഴിയുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തതുകൊണ്ടാണ്.

ഇത്തരം ലേഖനങ്ങള്‍ നമ്മുക്ക് പറഞ്ഞുതരുന്നത്. ഇവര്‍ ഇസ്ലാമിന്റെ മാതൃകകളായി കണ്ടിട്ടുള്ളതും ഇസ്ലാമിക രാഷ്ടമായി തെറ്റിദ്ധരിച്ചിരിക്കുന്നതും അത്തരം സ്വേഛാധിപത്യ ഭരണകൂടങ്ങളെയാണ് എന്നതാണ്!!. ജനാഭിലാഷത്തിന് വിലങ്ങുതടിയാകുന്ന ഭരണാധികാരികള്‍ക്കിതാ കേരളത്തിലെ ഒരു വിഭാഗം മുജാഹിദുകളില്‍നിന്നുള്ള ശക്തമായ പിന്തുണയിതാ !!??.

1 അഭിപ്രായ(ങ്ങള്‍):

മുത്ത്‌/muthu പറഞ്ഞു...

ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ ശരിയായ രീതിയില്‍ വിശകലനം ചെയ്യാനോ വിശ്വസിക്കുന്ന ആദര്‍ശത്തിന്‍റെ വെളിച്ചത്തില്‍ സ്വന്തമായി ഒരു നിലപാട് സ്വീകരിക്കാനോ കഴിയാതെ ഇരുട്ടില്‍ തപ്പുന്നവരെ കുറിച്ച് എത്ര കുറച്ചു പറയുന്നുവോ അത്രയും നല്ലത്.അജ്ഞത ഒരു അപരാധമല്ല, എന്നാല്‍ ആ അജ്ഞത പരസ്യമായി വിളിച്ചു പറയുന്നതിലൂടെ ഇക്കൂട്ടര്‍ ഉദ്ധേശിക്കുന്നതെന്താവാം?

"ആദ്യം പ്രക്ഷോഭത്തെ തള്ളിപ്പറയുകയും നില്‍ക്കക്കള്ളിയില്ലാതെ കൂടെച്ചേരുകയും ചെയ്ത കപടന്‍മാര്‍ക്കെതിരെ ജാഗ്രത പാലിക്കണം."
ഖറദാവിയുടെ ഈ വാചകം തങ്ങള്‍ക്കും ബാധകമാണെന്നല്ലാതെ മറ്റൊന്നുമല്ല മേല്‍ ലേഖനത്തിലൂടെ അവര്‍ പറയാതെ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK