'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ഞായറാഴ്‌ച, ഫെബ്രുവരി 13, 2011

ദൗത്യം തിരിച്ചറിയാത്ത മുസ്ലിം നേതൃത്വം (2)

(ആദ്യഭാഗം ഇവിടെ വായിക്കുക.)

അംറുംബില്‍ മഅറൂഫ് വനഹ്യുന്‍ അനില്‍ മുന്‍കര്‍ എന്നത് ദഅ്‌വത്തായി ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ദഅ്‌വത്ത് വേറെ ഇത് വേറെ.
എന്താണ് അംറുംബില്‍മഅ്‌റൂഫ് വ നഹ്യുന്‍ അനില്‍ മുന്‍കര്‍ എന്ന് യഥാവിധി മനസ്സിലാക്കിയിരുന്നെങ്കിലും മുസ്ലിം സംഘടനകള്‍ക്കിടിയില്‍ അനാവശ്യമായ തര്‍കവിതര്‍ക്കങ്ങള്‍ കുറേകൂടി കുറയുമായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇസ്ലാമിന്റെ സാമൂഹിക ഇടപെടലിന്റെ ന്യായമായി ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മനസ്സിലാക്കുന്നത് ഇതേ പ്രവര്ത്തനമാണ്.

സലീം റയ്യാന് പറഞ്ഞു:

>>> ... കൂടാതെ " ഇവിടുത്തെ മഅ്‌റൂഫ് എന്നത് തൗഹീദും മുന്‍കര്‍ എന്നത് ശിര്‍ക്കുമല്ല" എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. <<<

സലീം റയ്യാന് മാത്രമല്ല ഈ പ്രശ്‌നമുള്ളത്. ഒരു തുറന്ന മനസ്സുള്ളതുകൊണ്ട് അദ്ദേഹം അതിനോട് അന്വേഷണാത്മകമായി പ്രതികരിച്ചുവെന്ന് മാത്രം.

അതുകൊണ്ട് വിഷയാവതരണം ഞാന്‍ തന്നെ നടത്താം. വിയോജിപ്പുള്ളവര്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രവാചകന്‍ മക്കയില്‍ നിര്‍വഹിച്ച പ്രധാന ഉത്തരവാദിത്തമെന്ത്?. എല്ലാവരും നിസ്സംശയം പറയും. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ആളുകളെ ക്ഷണിച്ചു... തൗഹീദ് പരിചയപ്പെടുത്തി.... തുടങ്ങിയ കാര്യങ്ങള്‍. പിന്നെയോ? അതെന്ത് ചോദ്യമെന്നായിരിക്കും. പിന്നെ സമയമെവിടെ അത് കേട്ടതോടെ ആളുകളിളകിയില്ലേ. പിന്നെ പീഢനം പാലായനം. .....

അപ്പോള്‍ സ്വാഭാവികമായി ചില സംശയങ്ങള്‍ വരും. മക്കയില്‍ അവതരിച്ച ചില ഖുര്‍ആന്‍ സൂക്തങ്ങളില്‍ ചില 'ഭൗതിക കാര്യങ്ങള്‍ ' പരാമര്‍ശിക്കുന്നുണ്ടല്ലോ ചില സാമൂഹിക ദുരാചാരങ്ങള്‍ക്കുള്ള ശക്തമായ സമരം കാണുന്നുവല്ലോ?. അതാരോടാണ്?. കള്ളത്താപ്പുകള്‍ക്ക് നാശം.... അനാഥകളെ ആട്ടയകറ്റരുത്... പെണ്‍കുട്ടികളെ കുഴിച്ചുമൂടുന്നതിനെതിരെ.. തുടങ്ങി ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഇതൊക്കെ മുസ്ലിംകളിലുള്ള അത്തരം ചെയ്തികള്‍ക്കെതിരെയായിരുന്നോ?.

അവിടെയാണ് നാം മനസ്സിലാക്കുന്നത് പ്രവാചകന് പ്രബോധനത്തിനോടൊപ്പം മറ്റൊരു ദൗത്യവും കൂടിയുണ്ടായിരുന്നു. അതാണ് പ്രവാചകന്‍ പ്രസ്തുത സൂക്തങ്ങളുടെ പ്രചാരണത്തിലൂടെ നിര്‍വഹിച്ചത്. പ്രചരിപ്പിക്കുക മാത്രമല്ല. അബൂജഹ്ല്‍ തിരിച്ചു നല്‍കാനുള്ള കടം ഒരു സാധുമനുഷ്യന്‍ വന്ന് പ്രവാചകനോട് വാങ്ങിക്കൊടുക്കാ
ന്‍ ആവശ്യപ്പെട്ടപ്പോ പ്രവാചകന്‍ ഇറങ്ങിപ്പുറപ്പെട്ടു തിരിച്ചു വാങ്ങിക്കൊടുത്തു. ഇത്തരം കര്‍മങ്ങള്‍ക്കെല്ലാം കൂടി പറയുന്ന പേരാണ് അംറുംബില്‍ മഅ്‌റൂഫ്..... മുന്‍കര്‍. തെളിവെന്താ?. പോസ്റ്റില് കൊടുത്ത സൂക്തം നോക്കൂ. അതില് രണ്ട് പ്രവര്ത്തനങ്ങളും വേറെവേറെത്തന്നെ കാണാം.

പ്രിയ സുഹൃത്തുക്കളെ അതേ ഉത്തരവാദിത്തം കൂടി അല്ലാഹു നമ്മെ വ്യക്തികളെന്ന നിലക്കും സമൂഹമമെന്ന നിലക്കും ഭരണാധികാരികളെന്ന നിലക്കും ഏല്‍പിച്ചിരിക്കുന്നു. തെളിവ് വേണം അല്ലേ. ഇതാ...

വ്യക്തികളെന്ന നിലയില്‍:

(ലുഖ്മാന്‍ പുത്രനെ ഉപദേശിക്കുന്നു.):
'മകനേ, നമസ്കാരം മുറപ്രകാരം നിലനിര്‍ത്തേണം; ധര്‍മം കല്‍പിക്കേണം; അധര്‍മം വിലക്കേണം; നിന്നെ ബാധിക്കുന്ന വിപത്തുകളില്‍ ക്ഷമ കൈക്കൊള്ളേണം. ഇവ വളരെ ഉറച്ച കാര്യങ്ങളത്രെ.' (31:17)

സത്യവിശ്വാസികളെന്ന നിലയില്‍:

'സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം നിരോധിക്കുന്നു. നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നു. സകാത്തു നല്‍കുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുകതന്നെ ചെയ്യും. നിശ്ചയം, അല്ലാഹു സകലര്‍ക്കും അജയ്യനും യുക്തിമാനുമാകുന്നു.' (9:71)

ഭരണകൂടങ്ങളെന്ന നിലയില്‍:

'നാം ഭൂമിയില്‍ ആധിപത്യം നല്‍കുകയാണെങ്കില്‍ നമസ്കാരം നിലനിര്‍ത്തുകയും സകാത്തു നല്‍കുകയും നല്ലതു കല്‍പിക്കുകയും തിയ്യതു വിരോധിക്കുകയും ചെയ്യുന്ന വരത്രെ അവര്‍. സകല സംഗതികളുടെയും അന്തിമ പരിണതി അല്ലാഹുവിന്റെ ഹസ്തത്തിലാകുന്നു.' (22:41)

ഇത് പ്രബോധന പ്രവര്‍ത്തനത്തെക്കുറിച്ചാണ് എന്ന് ധരിച്ചവര്‍ സാധാരണക്കാര്‍ മാത്രമല്ല. വലിയവലിയ പണ്ഡിതന്‍മാര്‍ വരെയാണ്. ഇല്ലെങ്കില്‍ മഅ്‌റൂഫ് എന്നതില്‍ തൗഹീദും മുന്‍കര്‍ എന്നതില്‍ ശിര്‍ക്കും ഉള്‍പ്പെടുത്തി അവര്‍ ഇതുകൂടി അവര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഖണ്ഡനമണ്ഡന പരിപാടിയിലേക്ക് വരവ് വെക്കും. എന്നിട്ട് അവര്‍ ഇങ്ങനെ പറയും ഞങ്ങളാണ് സത്യത്തില്‍ ആ കര്‍മം ചെയ്യുന്നത്. നിങ്ങളക്ക് പ്ലാചിമടയില്‍ ജലമൂറ്റുന്നതും, മരം നടുന്നതും, കേരളത്തിലെ ഒരു വിഭാഗത്തിന്റെ പ്രീതിനേടാന്‍ മുദ്രാവാക്ക്യം മുഴക്കുന്നതും നിര്‍ത്തി തൗഹീദിന് വേണ്ടി എന്തെങ്കിലും ചെയ്തുകൂടെ. ഇത് കേട്ടാല്‍ അമ്പരാക്കാത്തതും ശരിയെന്ന് തലകുലുക്കാത്തവരും കേരളീയ മുസ്ലിംകളില്‍ വളരെക്കുറവേ ഉള്ളൂ.

സാധാരണക്കാരെ മനസ്സിലാക്കിക്കൊടുക്കുന്ന വിധം ലളിതമായി കാര്യങ്ങള്‍ പറഞ്ഞാല്‍ അത് തുടര്‍ന്ന് വരുന്ന സാഹിത്യത്തിന്റെ നിലവാരം കുറക്കുമോ എന്ന് പേടികൊണ്ടോ പ്രസംഗത്തിലോ എഴുത്തിലോ (ഇതൊക്കെ എല്ലാവര്‍ക്കുമറിയാം എന്ന ധാരണയിലുമാകാം.) ഇസ്ലാമിക പ്രസ്ഥാനം അത് പ്രകടിപ്പിക്കാറില്ല. പ്രകടിപ്പിക്കുന്ന ശൈലിയില്‍നിന്ന സാധാരണക്കാര്‍ക്ക് മനസ്സിലാക്കിയെടുക്കാനും സാധിക്കുന്നില്ല.

വിശ്വാസികളുടെ ചുമതലയില്‍ പെട്ടതാണ് മഅ്‌റൂഫ് കല്‍പിക്കാലും മുന്‍കര്‍ വിലക്കലും എന്ന് നാം മനസ്സിലാക്കി. എന്താണ് മഅ്‌റൂഫ് എന്നതിനുള്ള മറുപടിയാണ് നമ്മുക്കിനി ആവശ്യം. ധര്‍മാധര്‍മ ബോധനം നല്‍കപ്പെട്ടവനാണ് മനുഷ്യന്‍ . അതിനാല്‍ തന്നെ മനുഷ്യപ്രകൃതി നന്നായികാണുന്നതിനെ മഅ്‌റൂഫ് എന്ന് പറയുന്നത്. അവയേതൊക്കെയാണെന്ന് നോക്കാം:

സത്യസന്ധത, നീതി, വാഗ്ദത്തപാലനം, വിശ്വസ്തത, സഹാനുഭൂതി, കാരുണ്യം. ഔദാര്യം, വിശാലമനസ്‌കത, ക്ഷമ, സഹനം, സ്ഥൈര്യം, വിട്ടുവീഴ്ച, ദൃഢചിത്തത, ശൗര്യം, ആത്മനിയന്ത്രണം, സ്വാഭിമാനം, സംസ്‌കാരം, ഇണക്കം, കൃതജ്ഞതാഭാവം, സ്‌നേഹപാലനം, കര്‍മസന്നദ്ധത, ഉത്തരവാദിത്തബോധം.

ഇവയുടെ മറുവശമാണ് മുന്‍കര്‍ അഥവാ. കളവ്, അനീതി, അക്രമം, കരാര്‍ലംഘനം, വഞ്ചന, സ്വാര്‍ഥത, കഠിനമനസ്‌കത, ലുബ്ധ്, സങ്കുചിതവീക്ഷണം, ക്ഷമകേട്, ശുണ്ഠി, ചാഞ്ചല്യം, അപകര്‍ഷതാബോധം, ഭീരുത്വം, ആത്മപൂജ, കുടിലമനസ്‌കത, സംസ്‌കാരശൂന്യത, കൃതഘ്‌നത, മടി, ഉത്തരവാദിത്തബോധമില്ലായ്മ.

ഇതില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കം ഇതില്‍ എല്ലാധര്‍മവും എല്ലാ അധര്‍മവും ഒരേ നിലവാരത്തിലുള്ളതായിരിക്കുകയില്ല. അക്രമവും മടിയും അധര്‍മത്തില്‍ ഉള്‍പ്പെടുന്നു. ഇവ അവയുണ്ടാക്കുന്ന ദൂഷ്യങ്ങളില്‍ വലിയ അന്തരമുണ്ടായിരിക്കുമല്ലോ. അതേ പ്രകാരം തന്നെ ധര്‍മത്തിന്റെ കാര്യവും. ഇതുവരെ പറഞ്ഞത് ചില നാമങ്ങള്‍ മാത്രമാണ്. ഇവ ഒരു സ്വാധീനവും ഉണ്ടാക്കുന്നില്ല. ഇവ പ്രവര്‍ത്തനങ്ങളായി രൂപാന്തരപ്പെടണം. ഇതില്‍ ധര്‍മാചരണത്തിനുള്ള പ്രവര്‍ത്തനങ്ങളെ നമ്മുക്ക് സദാചാരം എന്ന് വിളിക്കാം. ഇവിടെ പറയപ്പെട്ട അധര്‍മങ്ങളെ ഉളവാക്കുന്ന പ്രവൃത്തികളെ അധാര്‍മിക പ്രവൃത്തി എന്നും വിളിക്കാം.

ഇനി ഏത് മനുഷ്യന്റെയും അവനുള്‍പ്പെട്ട സമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങളെ വിലയിരുത്തുക. അവയില്‍ ധര്‍മിക മൂല്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനവും അവയില്‍നിന്ന് അധാര്‍മികതയെ നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനവും ആരുടെ ബാധ്യതയാണ്. അത് നിര്‍വഹിക്കാന്‍ അവരെല്ലാം അല്ലാഹുവിനെ ആരാധിക്കുന്നവരാകുന്നത് വരെ കാത്ത് നിലക്കണം എന്ന് ആരാണ് നമ്മെ പഠിപ്പിച്ചത്. അല്ലാഹുവും പ്രവാചകനും നമ്മുക്ക് കാണിച്ചുതന്നത് മറിച്ചാണല്ലോ.

എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു. ഇതിനോട് വിയോജിച്ചുകൊള്ളണം എന്നില്ല. പക്ഷെ സംശയം തീര്‍ത്ത് ഇത് അംഗീകരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട് എന്ന് മനസ്സിലാക്കണം.

(ഫെയ്‌സ് ബുക്ക് ചര്‍ചയില്‍നിന്ന്)

3 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ ലേഖനത്തോട് സലീം റയ്യാന്‍ ഇങ്ങനെ പ്രതികരിച്ചു.

Salim Rayyan said..
[ദഅ'വത്ത് (ഇസ്ലാമിക പ്രബോധനം എന്ന് വ്യാപകമായി ഉദ്ദേശിക്കപ്പെടുന്നു) എന്ന പദത്തിന്റെ അര്‍ഥം ക്ഷണിക്കുക, വിളിക്കുക എന്നൊക്കെ ആണ്. അമുസ്ലിങ്ങളെ ദീനിലേക്ക് ക്ഷണിക്കുക എന്നതിനാണ് ഈ പദം ഉപയോഗിക്കുന്നത്. ഇസ്ലാമിനുള്ളിലെ പ്രബോധനത്തിന് ഇസ് ലാഹ് എന്ന... പദമാണ് അനുയോജ്യം. എന്നാല്‍ ഈ പദങ്ങള്‍ പരസ്പരം മാറി ഉപയോഗിച്ച് പോയാല്‍ അതില്‍ വമ്പിച്ച തകരാറ് വരുന്നുമില്ല. അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവരോട് ദഅ'വത്ത് നടത്തി എന്ന് പറഞ്ഞാലും, ഹൈന്ദവരുടെ ഇടയില്‍ ഇസ് ലാഹ് (സംസ്കരണം) നടത്തി എന്ന് പറഞ്ഞാലും ആശയം വ്യക്തമാകാതിരിക്കുന്നില്ല. ഇത്തരം നിസ്സാര കാര്യങ്ങളുടെ പേരില്‍ തര്‍ക്കിക്കുവാന്‍ തക്കവണ്ണം വിശാലമല്ല നമ്മുടെ ആയുസ്സ്.

നന്മ കല്‍പ്പിക്കുകയും തിന്മ തടയുകയും ചെയ്യുക എന്നതും ദഅ'വത്ത് (ഇസ്ലാമിക പ്രബോധനം) എന്നതും ഇസ് ലാഹ് എന്നതും ഞാന്‍ ഏറെക്കുറെ ഒന്നായിട്ടായിരുന്നു മനസ്സിലാക്കിയിരുന്നത്. അവകളുടെ വ്യത്യാസം കൃത്യമായി മനസ്സിലായത്‌ ലത്തീഫിന്റെ വിശദീകരണം വായിച്ചപ്പോളാണ്. ഇനി മുതല്‍ ഈ അറിവിന്റെ വെളിച്ചത്തില്‍ എന്റെ പഠനം തുടരാം.]

CKLatheef പറഞ്ഞു...

പ്രിയ സലീം റയ്യാന്,

താങ്കള്‍ക്കെങ്ങനെ ഇത്രതെളിയിച്ച് വിഷയം പറയാന്‍ കഴിയുന്നുവെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി. പഠനം ആഗ്രഹിക്കുന്നവര്‍ക്ക് താങ്കള്‍ മാതൃകയാണ്. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടേ.

അതെ ഇവിടെ റയ്യാന്‍ കാണിച്ച ഔചിത്യം ഇല്ലാതെ പോയതാണ് മുജാഹിദ് സുന്നി സംഘടനകള്‍ക്ക് പറ്റിയ അബദ്ധം. ഒന്നുകില്‍ ഇത്തരം കാര്യങ്ങളോട് അവര്‍ യോജിക്കണം. അല്ലെങ്കില്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ വിയോജിക്കണം. അതിന് എന്റെ മാന്യസുഹൃത്തുക്കളോട് ആവശ്യപ്പെടുന്നു.

Jamal Changaramkulam പറഞ്ഞു...

ലത്തീഫ് സാഹിബ്: താങ്കൾ പറഞ്ഞത് ശരിയായിരിക്കാം! <<[3:110]
മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്‌. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു.

[3:104]
നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍. >> ഇവിടെ മുസ്ലിംകളോട് വിലക്കാൻ കല്പിച്ചിട്ടുള്ള ദുരാചാരങ്ങളിൽ ശിർക്കൻ ദുരാചാരമായ ശബരിമല യാത്ര പെടില്ല എന്നതിന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നാം മനസ്സിലാക്കുന്നത്? ഞാൻ തഫ്സീർ അമാനിയിൽ ഇതിന്റെ വിശദീകരണം വായിച്ചു. അതിൽ നിന്ന് ചിലത് മാത്രം ഞാൻ ഉദ്ദരിക്കാം. “.....ഇമാം റാഗിബ് (റ) പ്രസ്താവിച്ചതു പോലെ ബുദ്ധി മുഖേനയോ, മതം മുഖേനയോ നല്ല കാര്യമായി അറിയപ്പെടുന്നതെല്ലാം ‘മ അ് റൂഫും’ രണ്ടിലൊന്നു മുഖേന വെറുക്കപ്പെടുന്ന കാര്യമെല്ലാം ‘മുൻ കറും’ ആകുന്നു. 110 ആം വചനത്തിന്റെ വ്യാഖ്യാനത്തിൽ ഈ വാക്കുകളെപ്പറ്റി ഇബ്നു ജരീർ (റ) പ്രസ്താവിച്ചതിന്റെ സാരം ഇപ്രകാരമാകുന്നു: ‘മ അ് റൂഫിന്റെ സാക്ഷാൽ വിവക്ഷ സുപരിചിതം എന്നാണ്. ഏതൊരു കാര്യം ചെയ്യുന്നത് നല്ലതും, സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ചീത്തയായി ഗണിക്കപ്പെടാത്തതുമാണോ അതെല്ലാം ‘മ അ് റൂഫാകുന്നു. അല്ലാഹുവിന് വഴിപ്പെടുന്നതിന് ‘മ അ് റൂഫ്’ എന്നു പറയുന്നതു അതു സത്യവിശ്വാസികളുടെ അടുക്കൽ അറിയപ്പെട്ടതും വെറുക്കപ്പെടാത്തതുമാകകൊണ്ടാണ്. ‘മുൻ കറിന്റെ’ സാക്ഷാൽ വിവക്ഷ അല്ലാഹു വെറുത്തതും, സത്യവിശ്വാസികൾ ചീത്തയായി ഗണിക്കുന്നതുമാകുന്നു. അതുകൊണ്ടാണ് അല്ലാഹുവിനോട് അനുസരണക്കേടാകുന്ന കാര്യത്തിന് ‘മുൻ കർ’ എന്ന് പറയുന്നത്’. ചുരുക്കിപ്പറഞ്ഞാൽ, പൊതുവെ നല്ല കാര്യമായി ഗണിക്കപ്പെടുന്നതെല്ലാം മ അ് റൂഫിലും പൊതുവെ ചീത്തകാര്യമായി ഗണിക്കപ്പെടുന്നതെല്ലാം മുൻ കറിലും ഉൾപ്പെടുന്നു. മലയാളത്തിൽ ‘സദാചാരം’ ദുരാചാരം’ എന്നിങ്ങനെയും സൽകാര്യം ദുഷ്കാര്യം എന്നിങ്ങനെയും മറ്റും സന്ദർഭത്തിനനുസരിച്ചു അതിനു വിവർത്തനം നൽകാവുന്നതാണ്. ................ നബി|(സ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: നിങ്ങളിൽ ആരെങ്കിലും ഒരു ദുരാചാരം (വെറുക്കപ്പെട്ട കാര്യം) കാണുന്നപക്ഷം, അവൻ തന്റെ കൈകൊണ്ട് അതു മാറ്റിക്കൊള്ളട്ടെ. എനി, അതവനു സാധ്യമല്ലെങ്കിൽ അവന്റെ നാവു കൊണ്ട് (പറഞ്ഞു മാറ്റികൊള്ളട്ടെ). എനി അതിനും കഴിവില്ലെങ്കിൽ അവന്റെ ഹ്യദയം കൊണ്ട് (അതിനെ വെറുത്തു കൊള്ളട്ടെ) അതാവട്ടെ, സത്യവിശ്വാസത്തിൽ ഏറ്റവും ദുർബലമായതാകുന്നു. (മു) ഒരു രിവായത്തിൽ ഇങ്ങിനെയും കൂടിയുണ്ട്: അതിനപ്പുറം സത്യവിശ്വാസത്തിൽ ഒരു കടുകുമണിയളവ് ഇല്ലതാനും’.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK