'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജനുവരി 11, 2012

ആട്ടെ.. ഇപ്പോൾ ഹമീദ് സാഹിബ് എവിടെയാണ് ?

കേരളത്തിലെ മത-മതേതര സംഘടനകളും പ്രസ്ഥാനങ്ങളും തുടർന്ന് വരുന്ന ജമാഅത്ത് വിമർശനത്തിന്റെ സാമ്പിൾ എന്ന നിലക്കാണ് ശബാബ് കുറച്ച് മുമ്പ് നടത്തിയ അഭിമുഖം പ്രതികരണത്തോടൊപ്പം ഇവിടെ നൽകുന്നത്. ഒരു വരിയും വിട്ടുപോകാതെ അരോപണം മുഴുവൻ വായിക്കാൻ സൗകര്യം നൽകുകയും ആ ആരോപണത്തിന് ശേഷം അതിലെ ന്യായാന്യായതകൾ പരിശോധിക്കുകയും ചെയ്യുക എന്നതാണ് ഈ ബ്ലോഗ് പോസ്റ്റുകൾ സ്വീകരിച്ചു വരുന്നത്. ഡിജിറ്റൽ മീഡിയ ഉപയോഗിച്ചായതിനാൽ അക്കാര്യത്തിൽ മറ്റു നഷ്ടങ്ങളൊന്നുമില്ല. ആരോപണത്തിന്റെ ഒരു ഭാഗം കഷ്ണിച്ച് എടുത്തു എന്ന ആക്ഷേപത്തിനും പഴുതില്ല. അതുകൊണ്ട് തന്നെ പരമാവധി നിഷ്പക്ഷമായ ഒരു സൈഡിൽ നിന്നാണ് ഇതിലെ നിരൂപണങ്ങൾ ഞാൻ പരിധിവിട്ടുവെന്ന് കരുതുന്നവർക്ക് ഇടപെടാനുള്ള പൂർണമായ സ്വാതന്ത്ര്യവും ഇവിടെയുണ്ട്.

ഏതാണ്ട് നാപ്പത് വർഷത്തോളം ജമാഅത്തിൽ പ്രവർത്തിച്ച ഹാഷിം ഹാജിയുടെ വാദമുഖങ്ങളെ പരിശോധിക്കാം.

ഇന്ത്യപോലുള്ള ജനാധിപത്യ, മതേതരത്വ സമൂഹത്തില്‍ മതരാഷ്‌ട്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ എത്രമാത്രം മുന്നോട്ട്‌ പോകാനാകും?

ഇന്ത്യപോലുള്ള ബഹുമത സമൂഹത്തില്‍ വ്യത്യസ്‌ത മതവിഭാഗങ്ങളില്‍ നിന്നുള്ള തീവ്ര ചിന്താവിഭാഗക്കാര്‍ക്ക്‌ നിലനിന്നുപോരാനുള്ള ഭൗതിക സാഹചര്യങ്ങള്‍ നിലവിലുണ്ട്‌. തീവ്രവാദികള്‍ എപ്പോഴും മനുഷ്യന്റെ വികാരത്തെയാണ്‌ ഫോക്കസ്‌ ചെയ്യുന്നത്‌. അവിവേകികളും, വിജ്ഞാനം വേണ്ടത്ര നേടിയിട്ടില്ലാത്തവരുമായ ജനങ്ങള്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ ചെന്ന്‌ വീഴുക സ്വാഭാവികം. വിദ്യാവിഹീനരും യാഥാസ്ഥിതികരും അന്ധമായ അനുകരണ സ്വഭാവമുള്ളവരും കേരളത്തില്‍ കുറച്ചൊന്നുമല്ല ഉള്ളതെന്നത്‌ മതരാഷ്‌ട്രവാദ സംഘടനകള്‍ക്ക്‌ നിലനിന്നുപോരാനുള്ള സാധ്യത നല്‌കുന്നുണ്ട്‌. എന്നിരുന്നാലും കരുത്തുറ്റ ജനാധിപത്യ മതേതരത്വബോധമുള്ള കേരളീയര്‍ക്ക്‌ ഇത്തരം മതരാഷ്‌ട്രവാദ ചിന്താഗതിക്കാരെ പ്രതിരോധിക്കാന്‍ കഴിയും. അതുകൊണ്ടാണല്ലോ ജമാഅത്തെ ഇസ്‌ലാമിക്കും ആര്‍ എസ്‌ എസ്സിനുമൊന്നും ഇവിടെ വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോയത്‌.

വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ശരിയായ അറിവിലേക്കെത്തിച്ചേര്‍ന്നാല്‍ ഹുകൂമത്തെ ഇലാഹിയും, ഇഖാമത്തുദ്ദീനുമെല്ലാം വലിച്ചെറിയാന്‍ കഴിയും. മതരാഷ്‌ട്രവാദ സംഘടനകള്‍ക്ക്‌ അധിക ദൂരം സഞ്ചരിക്കാനാവില്ല. ചരിത്രം അതാണ്‌ പഠിപ്പിച്ചുതരുന്നത്‌. റഷ്യയില്‍ കമ്യൂണിസ്റ്റ്‌ ആദര്‍ശം കരിഞ്ഞുവീണതും, മൗദൂദിയുടെ തലതിരിഞ്ഞ സങ്കല്‌പങ്ങള്‍ അപ്രായോഗികമാണെന്ന്‌ വ്യക്തമായതുമെല്ലാം ഉദാഹരണം.


'ഇന്ത്യപോലുള്ള ബഹുമത സമൂഹത്തില്‍ വ്യത്യസ്‌ത മതവിഭാഗങ്ങളില്‍ നിന്നുള്ള തീവ്ര ചിന്താവിഭാഗക്കാര്‍ക്ക്‌ നിലനിന്നുപോരാനുള്ള ഭൗതിക സാഹചര്യങ്ങള്‍ നിലവിലുണ്ട്‌. തീവ്രവാദികള്‍ എപ്പോഴും മനുഷ്യന്റെ വികാരത്തെയാണ്‌ ഫോക്കസ്‌ ചെയ്യുന്നത്‌.' ഇത്രയും കാര്യങ്ങൾ എതിർക്കപ്പെടേണ്ടതല്ല ഇവ പൂർണമായും ശരിതന്നെ. 'അവിവേകികളും, വിജ്ഞാനം വേണ്ടത്ര നേടിയിട്ടില്ലാത്തവരുമായ ജനങ്ങള്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ ചെന്ന്‌ വീഴുക സ്വാഭാവികം. വിദ്യാവിഹീനരും യാഥാസ്ഥിതികരും അന്ധമായ അനുകരണ സ്വഭാവമുള്ളവരും കേരളത്തില്‍ കുറച്ചൊന്നുമല്ല ഉള്ളതെന്നത്‌ മതരാഷ്‌ട്രവാദ സംഘടനകള്‍ക്ക്‌ നിലനിന്നുപോരാനുള്ള സാധ്യത നല്‌കുന്നുണ്ട്‌.' ഇതും ഒരു പരിധി വരെ അംഗീകരിക്കുന്നു. അഥവാ ഇത് പൂർണമായും വസ്തുതാ പരമല്ലെന്ന് അർഥം. ഇത് ശരിയാണെന്ന് അംഗീകരിച്ചാൽ അദ്ദേഹം ശേഷം പറയുന്നതിന് വിരുദ്ധമാവും. കാരണം അദ്ദേഹം തീവ്രവാദ വിഭാഗത്തിന് ഉദാഹരിക്കുന്നത് ആർ.എസ്.എസിനെയും ജമാഅത്തെ ഇസ്ലാമിയെയുമാണ്. ഈ രണ്ട് സംഘടനകളെക്കുറിച്ച് പരിശോധിച്ചാൽ അവിവേകികളും വിജ്ഞാനം വേണ്ടത്ര നേടിയിട്ടില്ലാത്തവരുമാണോ ഇതിലെ അംഗങ്ങൾ. കേവലം അംഗത്വത്തിന് തന്നെ ഒരു കെട്ട് പുസ്തകങ്ങൾ പാരായണം ചെയ്യേണ്ടതുണ്ട് എന്ന നിബന്ധന വെച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. ഏതെങ്കിലും തരത്തിൽ കുഴപ്പം സൃഷ്ടിക്കുന്നവരോ കൂടുസ്സായ ചിന്താഗതി പുലർത്തുന്നവരോ പ്രാഥമികമായ പ്രവർത്തകൻ പോലും ആകാൻ സാധിക്കാത്ത വിധം ഭദ്രമാണ് അതിന്റെ ഘടന. ഇന്ത്യയിൽ കേരളത്തിൽ മാത്രമല്ല ജനാധിപത്യം നിലനിൽക്കുന്നത്. ആർ.എസ്.എസ് സ്വാധീനമുള്ള അവരുടെ ഹിന്ദുത്വ അജണ്ടക്ക് അംഗീകാരം നൽകപ്പെട്ട എത്രയോ സംസ്ഥാനത്ത് അതിന്റെ സ്വാധീനമുള്ള ബി.ജെ.പി ഭരിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ജനാധിപത്യം നിലനിൽകുന്നിടത്ത് തീവ്രവാദ സംഘങ്ങൾക്ക് ശക്തി ലഭിക്കില്ല എന്ന ധാരണയുണ്ടെങ്കിൽ അതും ശരിയല്ല. കേരളത്തിൽ അത്തരം സംഘങ്ങൾക്ക് വേണ്ടത്ര ശക്തികാണിക്കാൻ കഴിയാത്തത് കേരളത്തിന്റെ പ്രത്യേകമായ അവസ്ഥയും ഇവിടെ ശക്തമായി നിലനിൽക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സ്വാധീനവുമാണ്. പക്ഷെ ദീർഘകാലം ജമാഅത്തിൽ പ്രവർത്തിച്ച ആൾ യാതൊരു തെളിവും നൽകാതെ വളരെ ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചത് ശരിയായില്ല. ജമാഅത്തും ആർ.എസ്.എസ്സും തമ്മിലുള്ള സാമ്യം ഈ ബ്ലോഗിൽ തന്നെ നേരത്തെ ചർച ചെയ്തതാണ്.

രണ്ടാമത്തെ ഖണ്ഡികയിൽ പറഞ്ഞ കാര്യം ഒരു മുസ്ലിമെന്ന നിലക്ക് അതിര് കവിഞ്ഞ് പോയി എന്ന് പറയാതിരിക്കാനാവില്ല. ഹുകൂമത്തെ ഇലാഹിയും, ഇഖാമത്തുദ്ദീനുമൊക്കെ വലിച്ചെറിയേണ്ടതാണ് എന്ന് ഒരു ഖുർആനിന്റെ അനുയായിക്ക് പറയാൻ കഴിയുമോ. ഇതേ വാദമാണോ മുജാഹിദുകൾക്കുമുള്ളത്. ഈജിപ്തിലും തുനീഷ്യയിലും മൊറോക്കോയിലുമൊക്കെ രാഷ്ട്രീം കൂടി ഉൾകൊണ്ട ഇസ്ലാമിന് സ്വീകാര്യത ലഭിച്ച ഈ പുതിയ പശ്ചാതലത്തിൽ അതിനെ റഷ്യയിലെ കമ്മ്യൂണിസത്തിന്റെ തകർച്ചയോട് ഉപമിച്ചത് ഇപ്പോൾ ഒരു നല്ല തമാശയായി ആസ്വദിക്കാം.

ജമാഅത്തെ ഇസ്‌ലാമി എന്തുകൊണ്ട്‌ വിമര്‍ശനവിധേയമാകുന്നു?


സത്യത്തിന്റെയോ ധര്‍മത്തിന്റെയോ അംശം ഒട്ടുമില്ലാത്ത കപട ആദര്‍ശത്തിന്റെ വക്താക്കളാണവര്‍. നിമിഷ നേരം കൊണ്ട്‌ തങ്ങളുടെ ആദര്‍ശം മാറ്റിപ്പറയാന്‍ ധൈര്യപ്പെടുന്ന ഒരു സംഘടന ഇവിടെയില്ല. മൗദൂദി അവതരിപ്പിച്ച ഹുകൂമത്തെ ഇലാഹി മാറ്റി ഇഖാമത്തുദ്ദീന്‍ കൊണ്ടുവന്നു. ഹറാമാക്കിയ വോട്ട്‌ ഹലാലാക്കി. മൂല്യം നോക്കിയുള്ള വോട്ട്‌ ചെയ്യല്‍ മതിയാക്കി, മൂല്യമളക്കാനുള്ള അളവുകോലുമായി നടന്ന്‌ ഒടുവില്‍ അങ്കലാപ്പില്‍ പെട്ടു. കേരള മുസ്‌ലിംകളെ ഇസ്‌ലാമിന്റെ മഹത്തായ പ്രതലത്തില്‍ നിന്നും തികച്ചും വികലമായ ആദര്‍ശത്തിലേക്കെത്തിക്കാന്‍ പണിയെടുക്കുകയും സമൂഹത്തില്‍ കോമാളിവേഷം കെട്ടുകയും ചെയ്യുന്നവര്‍ വിമര്‍ശിക്കപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളവരാണ്‌. ഒന്നു ചോദിക്കട്ടെ, ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം നിലവില്‍ വന്നുവെന്നിരിക്കട്ടെ. കേരളത്തിലവര്‍ ആരെയാണ്‌ മുഖ്യമന്ത്രിയാക്കാന്‍ താല്‌പര്യപ്പെടുക? ഭരണീയരായവര്‍ക്ക്‌ ഏത്‌ തരത്തിലുള്ള ഭരണവ്യവസ്ഥയാണിവര്‍ നടപ്പിലാക്കുക?

സത്യത്തിന്റെയോ ധർമത്തിന്റെയോ അംശം ഒട്ടുമില്ലാത്ത കപട ആർദർശത്തിന്റെ വക്താക്കളാണ് ജമാഅത്തെ ഇസ്ലാമിക്കാർ എന്ന് തട്ടിവിടുമ്പോൾ താൻ നാല് പതിറ്റാണ്ട് ഇതിന് പിന്തുണക്കുകയായിരുന്നുവെന്ന് ആളുകൾ മനസ്സിലാക്കിപോകും എന്ന ഒരു ബോധമെങ്കിലും അദ്ദേഹത്തിനുണ്ടാവേണ്ടിയിരുന്നു. അതു പോകട്ടെ. അദ്ദേഹത്തിന്റെ വാദം കേട്ടാൽ തോന്നുക ഈ അടുത്ത കാലത്തെന്നോ ആണ് ജമാഅത്ത് അതിന്റെ ലക്ഷ്യം (അദ്ദേഹം അതിനെ ആദർശം എന്ന് തെറ്റായി മനസ്സിലാക്കുന്നു) മാറ്റിയത് എന്നാണ്. അവിഭക്ത ഇന്ത്യയിൽ ജമാഅത്തെ ഇസ്ലാമി രൂപം കൊള്ളുന്ന പശ്ചാതലം നമ്മുക്ക് അറിയുന്ന കാര്യമാണ്. ഇന്ത്യ ബ്രിട്ടീഷ് കാർ വിട്ടുപോയാൽ ഇവിടെ ഏത് വ്യവസ്ഥകൊണ്ട് വരണം എന്ന് വ്യാപകമായി ചർച ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ ജമാഅത്തെ ഇസ്ലാമി ഒരു ഇസ്ലാമിക പ്രസ്ഥാനം എന്ന നിലക്ക് അതിന്റെ കൈവശമുള്ള ഭരണ വ്യവസ്ഥ പരിശോധിക്കാൻ ആവശ്യപ്പെടുകയുണ്ടായി അന്ന് അതിന് നൽകപ്പെട്ട സംജ്ഞയാണ് ഹുകൂമത്തെ ഇലാഹി എന്ന്. ഇത് വ്യക്തമാക്കുന്നതാണ് മൗലാനാ മൗദൂദിയുടെ ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം എന്ന പേരിൽ ആദ്യവും പിന്നീട് മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം എന്ന പേരിൽ പിന്നീടും ഇറങ്ങിയ പുസ്തകത്തിലുള്ള കാര്യങ്ങൾ.

അൽപമെങ്കിലും ഇമാനിക ബോധമുള്ള ആരെങ്കിലും അന്ന് ലോകത്താകമാനം ദുരിതം സമ്മാനിച്ച മതരഹിത-ദേശീയ-ജനാധിപത്യം എന്ന വ്യവസ്ഥയാണ് നമ്മുക്ക് വേണ്ടത് എന്ന് പറയുമോ. പേര് മതേതരം എന്നായിരുന്നെങ്കിലും അത് പിന്നീട് ഇന്ത്യ സ്വാശീകരിച്ച മതനിരപേക്ഷത എന്ന മതേതരത്വമായിരുന്നില്ല എന്ന് ഓർക്കേണ്ടതാണ്. ഇതാണ് വിഭജനത്തിന് മുമ്പ് ജമാഅത്തെ ഇസ്ലാമി ചെയ്ത തെറ്റ്.

എന്നാൽ വിഭജനത്തിന് ശേഷം ഭയപ്പെട്ട പോലെ തീർത്തും മതരഹിതമായ ഒരു ദേശീയ ജനാധിപത്യ വ്യവസ്ഥയല്ല ഇന്ത്യയിൽ വന്നത്. മറിച്ച് എല്ലാ മതങ്ങൾക്കും തുല്യപരിഗണന നൽകുന്ന എല്ലാ മതങ്ങളോടും സമദൂരം കാണിക്കുന്ന ഒരു ജനാധിപത്യവ്യവസ്ഥായാണ്. അതുകൊണ്ട് തന്നെ ആദ്യം ഉയർത്തിയ ഹുകൂമത്തെ ഇലാഹി എന്ന ഒരു ഒറ്റ ലക്ഷ്യത്തിന് പകരം വിശുദ്ധഖുർആൻ ഈ ഉമ്മത്തിന് ലക്ഷ്യമായി നിശ്ചയിച്ച ഇഖാമത്തുദ്ദീൻ എന്ന സാങ്കതിക പദം ലക്ഷ്യമായി നിർണയിച്ചുകൊണ്ടാണ് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി പ്രവർത്തനമാരംഭിച്ചത്. ഇഖാമത്തുദ്ദീൻ എന്നത് കൊണ്ട് എന്താണ് വിവക്ഷിക്കുന്നത് എന്ന് ഭരണഘടന വ്യക്തമാക്കുകയും ചെയ്തു. അത് കേവലം ഭരണമാറ്റമല്ല. ഇസ്ലാമിക ഭരണം സ്ഥാപിക്കലുമല്ല. മറിച്ച് ഒരോ മനുഷ്യന്റെയും ജീവിതത്തെ മുച്ചൂടും അല്ലാഹുവിന്റെ നിയമനിർദ്ദേശത്തിനൊത്ത് ചിട്ടപ്പെടുന്നതുന്നതിന്റെ പേരാണ്. അല്ലാഹു നിശ്ചയിച്ച് തന്നെതും ഇതിൽ ഭിന്നിക്കരുതെന്ന് മുന്നറിയിപ്പ് നൽകി നിയമമായി നിശ്ചയിച്ചു തന്നെ ഈ ലക്ഷ്യം വലിച്ചെറിയാൻ ഒരു വ്യക്തിക്ക് സാധിച്ചാലും ഇസ്ലാമിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘത്തിന് അത് എങ്ങനെ സാധ്യമാകും.
ഇനി കോമാളി വേഷം എന്നദ്ദേഹം പറയുന്ന നയനിലപാടുകളെ സംബന്ധിച്ച് പരിശോധിച്ചാൽ സാഹചര്യത്തിനനുസരിച്ച് രാഷ്ട്രീയ വിഷയത്തിൽ ഇസ്ലാമികമായ പരിഹാരം തേടുന്നവർക്കൊക്കെയും ഒരോറ്റ നിലപാടിൽ ഉറച്ചു നിൽക്കുക സാധ്യമല്ല. ഒരു ആദർശത്തിൽ ഉറച്ച് നിന്ന് കൊണ്ട് പ്രയോഗിക രംഗത്ത് ഉചിതമായ ഒരു മാർഗം സ്വീകരിക്കേണ്ടി വരും. മുജാഹിദുകൾ രാഷ്ട്രീയത്തെ മതത്തിന്റെ ഭാഗമായി കാണുന്നതിന് പകരം സ്വാതന്ത്ര്യം നൽകപ്പെട്ട ദുൻയാവിന്റെ ഭാഗമായി കണ്ടതുകൊണ്ടാണ് അവർക്ക് സംഘടനാ തലത്തിൽ ഒരൊറ്റ നിലപാട് എടുക്കേണ്ടി വരാതിരുന്നത്. ചുരുക്കത്തിൽ അദ്ദേഹം കോമാളി വേഷം എന്ന് പറയുന്നത് ഇസ്ലാമികമായ നിലപാടുകളെയാണ്.

ഒന്നു ചോദിക്കട്ടെ, ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം നിലവില്‍ വന്നുവെന്നിരിക്കട്ടെ. കേരളത്തിലവര്‍ ആരെയാണ്‌ മുഖ്യമന്ത്രിയാക്കാന്‍ താല്‌പര്യപ്പെടുക? ഭരണീയരായവര്‍ക്ക്‌ ഏത്‌ തരത്തിലുള്ള ഭരണവ്യവസ്ഥയാണിവര്‍ നടപ്പിലാക്കുക? 
 വല്ലാത്ത ഒരു വിഢി ചോദ്യം തന്നെയാണ് ഇത്. ഇന്ത്യയിൽ ഇസ്ലാമിക ഭരണം വന്നാൽ വലിയ പ്രശ്നം കേരളത്തിൽ ആരെയാണ് മുഖ്യമന്ത്രിയാക്കുക എന്നതാണോ. ഇന്ത്യയിൽ ആരെയാണ് പ്രധാനമന്ത്രിയാക്കുക എന്നതല്ലേ.  രണ്ടാമത്തെ ചോദ്യം അതിലും വിവരക്കേടായി. രാമയണം മുഴുവൻ കേട്ടതിന് ശേഷം രാമൻസീതക്കെപ്പടി എന്ന ചോദ്യം പോലെ അർഥശൂന്യം.

സത്യത്തിൽ ജമാഅത്ത് ആകെ ലക്ഷ്യം വെക്കുന്നത് ഇന്ത്യയുടെ ഇസ്ലാമിക ഭരണമാണെന്നും അത് മിക്കവാറും ഒരു അട്ടിമറിയിലൂടെയായിരിക്കും എന്ന രണ്ട് അബദ്ധധാരണകളിൽ നിന്നാണ് വയോധികനായ ഇദ്ദേഹം ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ഇഖാമത്തുദ്ധീൻ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചുരുങ്ങിയ പക്ഷം ഭരണഘടയിൽ നിന്നെങ്കിലും വായിക്കേണ്ടിയിരുന്നു.

തങ്ങള്‍ മതരാഷ്‌ട്രവാദക്കാരല്ലെന്ന്‌ അവകാശപ്പെടുന്നവരാണ്‌ ജമാഅത്തുകാര്‍.

മതരാഷ്‌ട്രവാദക്കാര്‍ മതരാഷ്‌ട്രവാദം തങ്ങള്‍ക്കില്ലെന്ന്‌ പറയുന്നതിലെന്തര്‍ഥമാണുള്ളത്‌? അവര്‍ ആരെയൊക്കെയോ ഭയപ്പെടുന്നുവെന്നാണിത്‌ തെളിയിക്കുന്നത്‌. കാറല്‍ മാര്‍ക്‌സിന്റെ പേരില്‍ നിന്നാണ്‌ മാര്‍ക്‌സിസ്റ്റ്‌ എന്നത്‌ രൂപംകൊള്ളുന്നത്‌. അവര്‍ മാര്‍ക്‌സിസ്റ്റുകാരായി അറിയപ്പെടുന്നതിനെ വെറുക്കുന്നുമില്ല. എന്നാല്‍ ജമാഅത്തുകാര്‍ അവരുടെ ആചാര്യന്റെ പേര്‌ ചേര്‍ത്തുള്ള വിളി ഇഷ്‌ടപ്പെടുന്നുമില്ല. മാര്‍ക്‌സിസ്റ്റ്‌ എന്ന പേരുപോലെ മൗദൂദിസ്റ്റ്‌ എന്ന്‌ പറയുന്നതില്‍ എന്ത്‌ തെറ്റാണുള്ളത്‌? പക്ഷെ, അങ്ങനെ വിളിക്കുന്നതവര്‍ വെറുക്കുന്നു. ഇതുതന്നെയാണ്‌ മതരാഷ്‌ട്രവാദത്തിന്റെയും സ്ഥിതി. മതരാഷ്‌ട്രവാദം പ്രചരിപ്പിക്കുന്ന സാഹിത്യങ്ങള്‍ അവരുടെ പ്രസാധനാലയങ്ങള്‍ ഇപ്പോഴും പുറത്തിറക്കിക്കൊണ്ടിരിക്കുന്നുണ്ടല്ലോ? ഹമീദ്‌ ചേന്ദമംഗല്ലൂരിനെയും എം എന്‍ കാരശ്ശേരിയേയുമെല്ലാം ഇത്രയധികം പണിയെടുപ്പിച്ചത്‌ ജമാഅത്തിന്റെ `മതരാഷ്‌ട്രവാദ' ആശയമല്ലാതെ മറ്റെന്താണ്‌?

 
ഒരു വിഭാഗം അംഗീകരിക്കാത്ത കാര്യം അവരിൽ വെച്ച് കെട്ടി വിമർശിക്കുന്നത് നീതികേടാണ്. ജമാഅത്തുകാർക്ക് ഇത്രയും ഭയമാണെങ്കിൽ പിന്നെ അവർ പ്രവർത്തിക്കുന്നത് എന്തിനാണ്. അവരെ മറ്റുള്ളവർ ഭയപ്പെടുന്നത് എന്തിനാണ്. ജമാഅത്തിന് സംഘടനാ രൂപം നൽകിയതിലും കെട്ടുറപ്പുള്ള ഒരു വ്യവസ്ഥ നൽകിയതിലും മാത്രമാണ് മൗലാനാ മൗദൂദിക്ക് പങ്കുള്ളത്. അത് കഴിഞ്ഞാൽ അദ്ദേഹം ഇസ്ലാമിനെ സമഗ്രമായി വിശദീകരിച്ചു. പ്രമാണങ്ങൾ അനുസരിച്ച് അത് സത്യമെന്ന് ബോധ്യം വന്നവരാണ് ജമാഅത്തുകാർ അതുകൊണ്ട് തെന്ന മൗദൂദിസം എന്ന ഒരു ഇസം നിലവിലില്ല. ഇവിടെ പരാമർശിക്കപ്പെട്ട ഇസ്ലാം വിരുദ്ധരുടെ എതിർപ്പാണോ ജമാഅത്ത് അസത്യമാർഗത്തിലാണ് എന്നതിന്റെ തെളിവ്. ഒരു മനുഷ്യന് സ്വബോധം നഷ്ടപ്പെടാം എന്നാൽ മൂജാഹിദ് പോലുള്ള ഒരു സംഘടനക്ക് അതാവാമോ?.

ജമാഅത്ത്‌ രാഷ്‌ട്രീയപ്പാര്‍ട്ടിയെക്കുറിച്ച്‌?

അതില്‍ അത്ഭുതപ്പെടാനില്ല. അടിസ്ഥാനപരമായി അവര്‍ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയാണ്‌. ഇസ്‌ലാമികമായ അഡ്രസ്സുള്ള പാര്‍ട്ടിയല്ല അവര്‍. അവരെ ഒരു മതസംഘടനയായി വിലയിരുത്താന്‍ ഒരിക്കലും സാധ്യമല്ല. ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി പടുത്തുയര്‍ത്തപ്പെട്ട യുക്തി വിചാരങ്ങളുടെ സങ്കേതമാണവര്‍. രാഷ്‌ട്രീയം ഒരു കാലത്ത്‌ അവര്‍ക്ക്‌ ഹറാമായിരുന്നു. ഇന്നത്‌ ഹലാലായി. ഹുകൂമത്തെ ഇലാഹി എന്നത്‌ മാറ്റി ഇഖാമത്തുദ്ദീനാക്കി. വ്യതിയാനങ്ങളുടെ ഒരു പട്ടിക തന്നെ നിരത്താനുണ്ട്‌.


സത്യത്തിൽ ജമാഅത്ത് ഒരു രാഷ്ട്രീയപാർട്ടി രൂപീകരിച്ചാൽ മുജാഹിദുകൾ എതിർപ്പ് കുറക്കേണ്ടതായിരുന്നു. കാരണം ഇടതും വലതും മാറിമാറി പരീക്ഷിക്കുന്നു. എല്ലാവർക്കും കുറേശെ വോട്ട് നൽകി എല്ലാവരുടെയും ആളായി ആനുകൂല്യം പറ്റാൻ ശ്രമിക്കുന്നുവെന്നൊക്കെയാണ് ഇതുവരെയുണ്ടായിരുന്ന മുഖ്യ ആരോപണങ്ങൾ. സത്യത്തിൽ ഈ ആരോപണം ശരിക്ക് യോജിക്കുക. എല്ലാ രാഷ്ട്രീയ പാർട്ടികളിലും അംഗങ്ങളുള്ള ഇതര മതസംഘടനകൾക്കാണ്. പലപ്പോഴും രാഷ്ട്രീയ പാർട്ടികളുടെ മനോഭാവം ഇരുപതിൽ രണ്ട് സീറ്റ് മറുപക്ഷത്തിന് നൽകിയാൽ അതിന്റെ പേരിൽ തന്നെ പാഠം പഠിപ്പിക്കണം എന്നതാണ്. ആരോപിക്കാൻ കൂടുതലൊന്നുമില്ലാത്തത് കൊണ്ടാകും വീണ്ടും. ഹുകൂമത്തെ ഇലാഹിയിൽ തന്നെ ശരണം തേടുന്നു.


ജമാഅത്തിനെ ദേശവിരുദ്ധ പ്രസ്ഥാനമായി ചിത്രീകരിച്ച ഇടതുപക്ഷത്തെ തന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അവര്‍ പിന്തുണച്ചതിനെപ്പറ്റി?


ഇതില്‍ അത്ഭുതപ്പെടാനെന്താണുള്ളത്‌? കൂട്ടുകൂടാന്‍ ഏറ്റവും യോഗ്യരാണിവര്‍. കക്കോടിയിലും കിനാലൂരിലുമെല്ലാം ഇടതുപക്ഷത്തില്‍ നിന്നും പൊതിരെ തല്ലുകിട്ടിയിട്ടും ഇടതിനോടുള്ള പ്രേമത്തിന്റെ രസതന്ത്രമാണ്‌ ഇനിയും പിടികിട്ടാത്തത്‌! ഈ രണ്ടു കക്ഷികളും ഇസ്‌ലാമിനെ തകര്‍ക്കാന്‍ കച്ചകെട്ടിയവരാണ്‌. വ്യത്യസ്‌ത രാഷ്‌ട്രീയപ്പാര്‍ട്ടികളുമായി രഹസ്യധാരണയുണ്ടാക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്‌ മതത്തെ കൂട്ടുപിടിക്കുന്നതിനോടാണ്‌ വിയോജിപ്പ്‌. മുസ്‌ലിംലീഗ്‌ കേരളത്തിലെ ഏറ്റവും കൂടുതല്‍ മുസ്‌ലിം പങ്കാളിത്തമുള്ള രാഷ്‌ട്രീയപ്പാര്‍ട്ടിയാണ്‌. പക്ഷെ, അവരൊരിക്കലും മതത്തെ ഉപയോഗിച്ച്‌ രാഷ്‌ട്രീയത്തില്‍ ചൂഷണം നടത്താറില്ല. ജമാഅത്ത്‌ പാര്‍ട്ടി ഇന്ന്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്നുവെങ്കില്‍ നാളെ ബി ജെ പിയെയായിരിക്കും കൂട്ടുപിടിക്കുന്നത്‌.
 
മതവിരുദ്ധ ആചാര-വിശ്വാസ-കര്‍മ പരിസരങ്ങളെ വളര്‍ത്താനാണിരുവരും മത്സരിക്കുന്നത്‌. മൗദൂദി പഴഞ്ചന്‍ ഇസ്‌ലാമിനെ പൊളിച്ച്‌ പുതിയ ഇസ്‌ലാമിനെ സമുദായത്തിനു മുമ്പില്‍ പരിചയപ്പെടുത്തി. അതേപോലെ കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റ്‌ നിലവില്‍ വന്ന ശേഷം റാത്തീബ്‌, മൗലൂദ്‌ പോലുള്ള പരിപാടികള്‍ പൂര്‍വാധികം ശക്തിപ്പെട്ടു. അന്ധവിശ്വാസ അനാചാര പരിപാടികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവരും ലക്ഷ്യംവെക്കുന്നത്‌ തനിമയുള്ള ഇസ്‌ലാമിനെ പൊളിച്ചടക്കുക എന്നതു തന്നെയാണ്‌. ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെയാണ്‌ ഇടതുപക്ഷവും ജമാഅത്തെ ഇസ്‌ലാമിയും. 

ജമാഅത്തെ ഇസ്‌ലാമി രാഷ്‌ട്രീയത്തില്‍ നേരിട്ട്‌ പ്രവേശിച്ചതോടു കൂടി അതില്‍ നിന്നും മതം ചോര്‍ന്നുപോയി എന്നതാണ്‌ സത്യം. ആത്മീയത ചോര്‍ന്നു പോയ കേവല ചട്ടക്കൂടുകള്‍ മാത്രമാണിന്ന്‌ ജമാഅത്തെ ഇസ്‌ലാമി. അധികാരമോഹങ്ങള്‍ക്കപ്പുറത്ത്‌ ഉജ്ജ്വലമായ ഒരാദര്‍ശം പുറത്തുകാട്ടാനെങ്കിലും അവര്‍ക്ക്‌ കഴിയാതെ പോയത്‌ അതുകൊണ്ടാണ്‌. ഭൗതിക താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി മതത്തെ കൂട്ടുപിടിച്ച്‌ കോമാളിത്തം കാണിക്കുകയാണവര്‍. മൗദൂദിയുടെ ആദര്‍ശവും ജമാഅത്ത്‌ പാര്‍ട്ടിയും പല വിഷയങ്ങളിലും രണ്ടു ധ്രുവങ്ങളിലാണിന്നുള്ളത്‌. സ്‌ത്രീകളുടെ സ്വാതന്ത്ര്യം, അവകാശം എന്നിവയുടെ കാര്യത്തില്‍ വലിയ താക്കീതുകളായിരുന്നു മൗദൂദി നടത്തിയിരുന്നത്‌. എന്നാല്‍ ജമാഅത്ത്‌ പാര്‍ട്ടി സ്‌ത്രീകളെ നിരത്തിലിറക്കി മൗദൂദിയോട്‌ പകരംവീട്ടുന്ന രീതിയിലാണ്‌ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌.

കക്കോടിയിലും കിനാലൂരിലും ഇടതുപക്ഷത്തിന്റെ നിഷ്‌ഠൂരമായ ആക്രണങ്ങള്‍ക്ക്‌ വിധേയരായിട്ടും ഞങ്ങളുടെ പിന്തുണ നിങ്ങള്‍ക്ക്‌ തന്നെ എന്ന്‌ ഉറക്കെപ്പറയാന്‍ മാത്രം ഇടതിനോട്‌ വിധേയത്വം കാട്ടുന്നത്‌ കാണുമ്പോള്‍ ഒരു പഴയകാല ചരിത്രമാണ്‌ ഓര്‍മവരുന്നത്‌. താര്‍ത്താരികളോട്‌ അങ്ങേയറ്റത്തെ വിധേയത്വം കാണിച്ച്‌ അവരുടെ ആക്രമണത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച മുസ്‌ലിംകളെപ്പോലെ ഇടതിന്റെ ആട്ടും തുപ്പും സഹിച്ചും അവരുടെ പിന്നാലെ തന്നെ നടക്കുന്നതിന്റെ യുക്തി ആര്‍ക്കാണ്‌ മനസ്സിലാകാതിരിക്കുക. ഉറച്ച തീരുമാനവും, ധീരമായ നിലപാടുകളും തെളിഞ്ഞ ആദര്‍ശവും ഇല്ലാത്തിടത്തോളം കാലം ജമാഅത്തിന്‌ പൊതുസമൂഹത്തിലെന്നല്ല മുസ്‌ലിംകള്‍ക്കിടയില്‍ പോലും ഒട്ടും സ്ഥാനമുണ്ടാവില്ല. മതരാഷ്‌ട്രവാദത്തിന്റെയും ഹുകൂമത്തെ ഇലാഹിയുടെയും വിഷസര്‍പ്പങ്ങള്‍ നിരന്തരം അവരെ വേട്ടയാടിക്കൊണ്ടേയിരിക്കും. 


ഈ ചോദ്യത്തിന് ജമാഅത്ത് അപ്പപ്പോൾ തന്നെ വിശദീകരണം പരസ്യമായി നൽകാറുള്ളതാണ്. അപ്രകാരം നൽകുമ്പോൾ കേട്ടിരുന്ന ഒരു ആരോപണം ഏതെങ്കിലും പാർട്ടിക്ക് വോട്ടു ചെയ്യാൻ തീരുമാനിച്ചാൽ അത് പത്ര-മാധ്യമങ്ങളെ വിളിച്ചു കൂട്ടി കൂവണോ എന്നായിരുന്നു. ജമാഅത്ത് എക്കാലത്തും ആരെയെങ്കിലും പിന്തുണച്ചതും പിന്തുണക്കാതിരുന്നതും അതിന്റെ തന്നെ നിലപാടിനും ആദർശത്തിന്റെ തേട്ടത്തിനുമനുസരിച്ചാണ്. എന്ന് വെച്ചാൽ ജമാഅത്തിന്റെ പിന്തുണ ചില സംഘടനാ വ്യക്തിതാൽപര്യങ്ങളായിരുന്നില്ല എന്ന് ചുരുക്കം. അത് നാടിന്റെയും നാട്ടുകാരുടെയും മൊത്തം ക്ഷേമവും വികസനവും ലക്ഷ്യം വെച്ചായിരുന്നു. അതിനാൽ ഏതെങ്കിലും പാർട്ടി തങ്ങളെ ആക്രമിച്ചതോ നിരോധിച്ചതോ ഒന്നും ഒരിക്കലും പരിഗണിച്ചില്ല. ചിലപ്പോൾ നിലപാട് പ്രതികൂലമായപ്പോൾ അപ്രകാരം അക്രമിച്ചവർക്ക് വോട്ട് ചെയ്യാതിരുന്നിട്ടുണ്ടാവാം. മറ്റു ചിലപ്പോൾ ഒരു പാട് പരിഗണനയുടെ കൂടെ അതും വന്നിട്ടുണ്ടാകാം.

എന്നാൽ തങ്ങളെ സഹായിക്കുന്നവർക്ക് തങ്ങളുടെ വോട്ട് എന്ന കച്ചവട മനസ്ഥിതിയുടെ ആളകുൾക്കും രാഷ്ട്രീയം ദീനുമായി ബന്ധമില്ലാത്ത ദുൻയാകാര്യമെന്ന് ചിന്തിക്കുന്നവർക്കും ഈ നിലപാടിൽ അത്ഭുതം തോന്നുക സ്വാഭാവികമാണ്. അത് ആരുടെയും കുറ്റമല്ല.

ജമാഅത്തിനോളം തെളിഞ്ഞ ആദർശവും നയനിലപാടുമുള്ള പ്രസ്ഥാനം കേരളത്തിലോ ഇന്ത്യയിലോ വേറെ ഏതുണ്ട് എന്ന് പരിശോധിക്കാവുന്നതാണ്. ഇക്കാര്യത്തിൽ വെറും വർത്തമാനത്തിന് ഒരു പ്രസക്തിയുമില്ല. ജമാഅത്ത് അതിന്റെ ഫലവും മറ്റുള്ളവർ അതില്ലാത്തതിന്റെ ഫലവും നേർക്ക് നേരെ അനുഭവിക്കുന്ന പശ്ചാതലത്തിൽ ആരെങ്കിലും മനസ്സമാധാനത്തിന് അത്തരം ഒരു ആരോപണം ഉന്നയിക്കുന്നതിലും പ്രയാസമില്ല.

ജമാഅത്ത്‌ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന ഹമീദ്‌ വാണിമേല്‍ ജമാഅത്ത്‌ വിട്ടതിനെക്കുറിച്ച്‌?


അത്‌ വിശദീകരിക്കേണ്ടത്‌ ഹമീദ്‌ വാണിമേല്‍ തന്നെയാണ്‌. എന്നാല്‍ ഇത്രയും കാലം അവരോടൊപ്പം അക്ഷീണം പ്രവര്‍ത്തിക്കുകയും സംഘടനയുടെ കുഞ്ചികസ്ഥാനങ്ങള്‍ കയ്യാളുകയും ചെയ്‌ത ഹമീദ്‌ ഇപ്പോള്‍ മുസ്‌ലിംലീഗില്‍ ചേര്‍ന്നിരിക്കുന്നു. ഹമീദ്‌ ഇനി വേണ്ടത്‌, ജമാഅത്തിന്റെ ആദര്‍ശപാപ്പരത്തത്തെക്കുറിച്ചും അവരുടെ മതരാഷ്‌ട്രവാദത്തെക്കുറിച്ചും പൊതുസമൂഹത്തില്‍ വിശദീകരിക്കുകയാണ്‌. ഇങ്ങനെ വിശദീകരിക്കുമ്പോള്‍ മാത്രമേ അദ്ദേഹം ജമാഅത്ത്‌ ഉപേക്ഷിച്ചതിന്റെ കാരണവും അദ്ദേഹത്തിന്റെ ആദര്‍ശശുദ്ധിയും പൊതുസമൂഹത്തിന്‌ ബോധ്യപ്പെടുകയുള്ളൂ. അതുവഴി ജമാഅത്തിന്റെ യഥാര്‍ഥ മുഖം പൊതുജനം മനസ്സിലാക്കുകയും ചെയ്യും. ഇതുകൂടി ഹമീദ്‌ വാണിമേലിന്റെ ഉത്തരവാദിത്തമാണെന്നാണ്‌ ഞാന്‍ കരുതുന്നത്‌.

ഹമീദ് സാഹിബിൽ നിന്ന് ജമാഅത്ത് വിമർശകർ എന്തൊക്കെയോ പ്രതീക്ഷിച്ചു. പക്ഷെ ഒരു പുതിയാപ്ല സൽക്കാരത്തിനപ്പുറം അത് നീണ്ടില്ല. ഇതുപോലെ അസംബന്ധങ്ങൾ എഴുന്നള്ളിക്കുന്നത് തന്റെ ഉള്ളവിലയും നഷ്ടപ്പെടുത്തുമെന്ന് അൽപം നേതൃത്വഗുണമുള്ള ഹമീദ് സാഹിബിന് അറിയുകയും ചെയ്യാം. അദ്ദേഹം ലീഗിൽ ചേർന്നുവെന്ന് കേട്ടിരുന്നു. അടുത്ത കാലത്തായി അങ്ങനെ ഒരാളെക്കുറിച്ച് ഒന്നും കേൾക്കാനില്ല. എനിക്ക് തോന്നുന്നത് ഹമീദ് സാഹിബും കുറച്ചൊക്കെ വിശദീകരിച്ചു. പക്ഷെ അത് ജമാഅത്തെ ഇസ്ലാമിയുടെ കെട്ടുറപ്പും അതിന്റെ അന്യൂനമായ കൂടിയാലോചനാ സംവിധാനവും ജനങ്ങളെ പഠിപ്പിക്കാൻ മാത്രമാണ് ഉപകരിച്ചത്. വേണ്ടത്ര കളവ് പറയാത്തതിനാൽ പറഞ്ഞിടത്തോളം വലിച്ച് നീട്ടി പ്രചരിപ്പിക്കാനുള്ള ഒരു ശ്രമം മുജാഹിദ് പക്ഷത്ത് നിന്ന് കണ്ടു. പിന്നെ അതും കെട്ടടങ്ങി.  ആട്ടെ.. ഇപ്പോൾ ഹമീദ് സാഹിബ് എവിടെയാണ് ?.

ഓ.ടോ.
ഈ പ്രതികരണം ഇവിടെ അവസാനിപ്പിക്കുകയാണ്. ഇതുപൊലെയാണ് മുജാഹിദുകളുടെയും മറ്റു ജമാഅത്ത് വിമർശകരുടെയും ആരോപണ ശരങ്ങൾ. പ്രത്യക്ഷത്തിൽ കാണുമ്പോൾ ശക്തമായ കൂരമ്പുകളാണ് എന്ന് തോന്നും എന്നാൽ അതെടുത്ത് ഒന്ന് പൊക്കിനോക്കിയാൽ തന്നെ അമ്പിന്റെ രൂപങ്ങൾ മാത്രമാണ് എന്ന് മനസ്സിലാകും.

അല്ലാഹു നമ്മുക്കെല്ലാവർക്കും ഈ കാലഘട്ടത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തെ ഉള്ളത് പോലെ മനസ്സിലാക്കാനുള്ള തൗഫീഖ് നൽകുമാറാകട്ടേ. ആരെയെങ്കിലും ഇകഴ്തണം എന്ന് ഉദ്ദേശിച്ചിട്ടില്ല. ചില പദപ്രയോഗങ്ങൾ പ്രയാസകരമായി തോന്നുന്നുവെങ്കിൽ ഉദ്ദേശ്യശുദ്ധിയാൽ ബന്ധപ്പെട്ടവർ പൊറുക്കുമെന്ന് കരുതുന്നു. കൂടുതൽ അറിയുന്നവൻ അല്ലാഹുവാണ്.

14 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ജമാഅത്തിൽ നിന്ന് വിട്ടുപോയ പണ്ഡിതരും സാധാരണക്കാരുമായ (പലരും ജമാഅത്തിന്റെ പള്ളിയിൽ സ്ഥിരമായി പങ്കെടുത്തവർ മാത്രമാകും അല്ലെങ്കിൽ ഏതാനും നാൾ ഹൽഖാ യോഗത്തിൽ പങ്കെടുത്തവർ അതുമല്ലെങ്കിൽ ഒന്നോ രണ്ടോ വർഷം ജമാഅത്ത് സ്ഥാപനത്തിൽ പഠിച്ചവർ ആരാകട്ടേ) ആളുകൾക്ക് അല്ലാഹു നന്മ വരുത്തുമാറാകട്ടേ.. അവരുടെ നന്മയിലും സത്യസന്ധതയിലും മാത്രമാണ് ഇനി ജമാഅത്തെ ഇസ്ലാമിക്ക് പ്രതീക്ഷയുണ്ടായിരിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

ജമാഅത്തിൽ നിന്ന് വിട്ടുപോയ പണ്ഡിതരും സാധാരണക്കാരുമായ (പലരും ജമാഅത്തിന്റെ പള്ളിയിൽ സ്ഥിരമായി പങ്കെടുത്തവർ മാത്രമാകും അല്ലെങ്കിൽ ഏതാനും നാൾ ഹൽഖാ യോഗത്തിൽ പങ്കെടുത്തവർ അതുമല്ലെങ്കിൽ ഒന്നോ രണ്ടോ വർഷം ജമാഅത്ത് സ്ഥാപനത്തിൽ പഠിച്ചവർ
///////////////////////////////////////////

അപ്പൊ ഹമീദ്‌ വാനിയംബലമോ...???

അജ്ഞാതന്‍ പറഞ്ഞു...

മുഴുവനും ബടായികലാണ് ലത്തീഫിന്റെ... നിങ്ങള്‍ മുസ്ലിംകളുടെ ദീനും കുളമാക്കും ദുനിയാവും കുളമാക്കും... ആഖിരത്തും കുളമാക്കും...

CKLatheef പറഞ്ഞു...

(((ഇങ്ങനെ വിശദീകരിക്കുമ്പോള്‍ മാത്രമേ അദ്ദേഹം ജമാഅത്ത്‌ ഉപേക്ഷിച്ചതിന്റെ കാരണവും അദ്ദേഹത്തിന്റെ ആദര്‍ശശുദ്ധിയും പൊതുസമൂഹത്തിന്‌ ബോധ്യപ്പെടുകയുള്ളൂ. അതുവഴി ജമാഅത്തിന്റെ യഥാര്‍ഥ മുഖം പൊതുജനം മനസ്സിലാക്കുകയും ചെയ്യും. ഇതുകൂടി ഹമീദ്‌ വാണിമേലിന്റെ ഉത്തരവാദിത്തമാണെന്നാണ്‌ ഞാന്‍ കരുതുന്നത്‌.)))

ഹമീദ് സാഹിബ് സത്യം പറയും എന്ന് ഹാഷിം ഹാജിക്ക് അറിയാം കാരണം നേരത്തെ ഹാഷിം ഹാജിയെക്കുറിച്ച് ഹമീദ് സാഹിബ് പറഞ്ഞത് അദ്ദേഹവും കണ്ടിരിക്കുമല്ലോ. എന്താണ് ഹമീദ് സാഹിബ് അദ്ദഹേത്തെക്കുറിച്ച് പറഞ്ഞത്. നമ്മുക്ക് നോക്കാം. ബ്ലോഗർ ആലിക്കോയ സാഹിബ് മെയിലിൽ നൽകിയതാണിത്. അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇതിവിടെ പേസ്റ്റ് ചെയ്യുന്നു.

CKLatheef പറഞ്ഞു...

മദീനാ മസ്‌ജിദും ഹാശിം ഹാജിയും

ജമാഅത്ത് അനുഭാവിയോ പ്രവര്ത്തപകനോ ഒക്കെ ആയിരിക്കെ ഹാശിം ഹാജിക്ക് ഒരു ബോധോദയമുണ്ടായി; ജമാഅത്ത് പൊളിഞ്ഞുവീഴാറായ വീടാണെന്ന്. ഉടനെ അദ്ദേഹം മറുകണ്ടം ചാടി; തടി സലാമത്താക്കി. ഈ ആശ്വാസം അദ്ദേഹം ഒരിക്കല്കൂടടി ജനങ്ങളുമായി പങ്കുവെച്ചിരിക്കുന്നു. ഹാജിയുമായുള്ള അഭിമുഖത്തിന്റെ രൂപത്തില്‍, അത് പ്രകാശിപ്പിക്കാനുള്ള ഭാഗ്യം, ഇപ്പോള്‍ കിട്ടിയിരിക്കുന്നത് മടവൂര്‍ വിഭാഗം മുജാഹിദുകളുടെ ശബാബ് വാരികക്കാണ്‌. ഇതേപോലുള്ള സല്ക്കര്മ്മങ്ങള്‍ ചെയ്യുന്നതിനുള്ള അവസരം എപ്പോള്‍ കിട്ടിയാലും അവരത് പാഴാക്കാറില്ലെന്ന് എല്ലാവര്ക്കുമറിയാം. ഇതിനു മുമ്പ് ഹാജിയുടെ വെളിപാട് പ്രത്യക്ഷപ്പെട്ടത് ശ്രീ ഹമീദ് ചേന്ദമംഗല്ലൂരിന്റെ കൃതിയിലായിരുന്നു; അതിരിക്കട്ടെ.

ഹാജിയുടെ അഭിമുഖത്തിന്‌ ശബാബ് ലേഖകന്‍ എഴുതിയ ആമുഖത്തില്‍ ഇങ്ങനെ കാണാം:
“ജമാഅത്തെ ഇസ്‌ലാമിയുടെ അനുഭാവിയായിരുന്ന ഹാഷിം ഹാജി ജമാഅത്തിന്റെ പടിയിറങ്ങിയിട്ട്‌ വര്ഷങ്ങളായി. അദ്ദേഹത്തിന്റെ പൂര്ണനിയന്ത്രണത്തിലുള്ള ഒരു ട്രസ്റ്റിന്‌ കീഴിലാണ്‌ എറണാകുളം മദീനാ മസ്‌ജിദ്‌. മദീന മസ്‌ജിദ്‌ വിഷയത്തില്‍ അദ്ദേഹത്തിന്‌ അനുഭവിക്കേണ്ടി വന്നത്‌ വലിയ അനീതിയാണ്‌. ഒരു കാലത്ത്‌ എറണാകുളത്തെ ജമാഅത്തിനെ പ്രതിനിധീകരിച്ചത്‌ ഹാഷിം ഹാജിയായിരുന്നു. പില്ക്കാ ലത്ത്‌ അദ്ദേഹം തന്റെ ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞ ജമാഅത്തിന്റെ ആദര്ശപനിലപാടുകളിലെ വൈകൃതങ്ങളെകുറിച്ച്‌ സംസാരിക്കുകയാണിവിടെ.”
ഈ വരികളിലൂടെ ശബാബ് ലേഖകന്‍ പറയുന്ന കാര്യങ്ങള്‍ ഒന്ന് വിശകലനം നടത്തേണ്ടതുണ്ട്.
1. ഒരു കാലത്ത് ഹാശിം ഹാജി എരണാകുളത്തെ ജമാഅത്തിന്റെ പ്രതിനിധിയായിരുന്നു. അഥവാ അവിടത്തെ ഒരു മുന്നിരര പ്രവര്ത്തനകന്‍ ആയിരുന്നു.
2. അന്ന് ജമാഅത്ത് അദ്ദേഅഹത്തെ വിശ്വസിക്കുകയും കൊച്ചിന്‍ ഇസ്‌ലാമിക് വെല്ഫെിയര്‍ ട്രസ്റ്റിന്റെ ചെയര്മാനാക്കുകയും ചെയ്തു. ആ ട്രസ്റ്റാണ്‌ മദീനാ മസ്‌ജിദ് നിര്മ്മിക്കുന്നത്.
3. ആ ട്രസ്റ്റിന്റെ പൂര്ണ്ണ് നിയന്ത്രണം ഹാജിക്കായിരുന്നുവെന്ന് ശബാബ് ലേഖകന്‍ പറഞ്ഞത് വിശ്വാസയോഗ്യമല്ല. അങ്ങനെ ആവണമെങ്കില്‍ ട്രസ്റ്റിലെ മറ്റംഗങ്ങള്‍ ഹാജിയുടെ ആജ്ഞാനുവര്ത്തികള്‍ ആയിരിക്കണം. ട്രസ്റ്റംഗങ്ങളുടെ ലിസ്റ്റ് പരിശോധിക്കുമ്പോള്‍ അതിനുള്ള സാദ്ധ്യത ഒട്ടും കാണുന്നില്ല. ജമാഅത്ത് മുന്‍ അമീര്‍ കെ.സി. അബ്ദുല്ല മൌലവി, ശൂറാ അംഗമായിരുന്ന കെ. അബ്ദുസ്സലാം മൌലവി എന്നിവര്‍ തുടക്കം മുതല്‍ തന്നെ ട്രസ്റ്റിലുണ്ട്. പിന്നീട് വന്ന ഒഴിവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുന്‍ കേരളാ അമീറും ഇപ്പോഴത്തെ അഖിലേന്ത്യാ അസിസ്റ്റന്റ് അമീറുമായ കെ.എ. സിദ്ദീഖ് ഹസന്‍ സാഹിബും ഉള്പ്പെടും. ഇവരൊക്കെ ട്രസ്റ്റംഗങ്ങളാകാന്‍ സമ്മതിച്ചത് എരണാകുളത്തെ ഒരു ഹാജിയുടെ അജ്ഞാനുവര്ത്തി ആയിക്കൊള്ളാമെന്ന് കരാറില്‍ ആയിരിക്കില്ലെന്ന് ആര്ക്കാവണാറിഞ്ഞുകൂടാത്തത്?
പള്ളിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഹമീദ് വാണിമേല്‍ മുമ്പ് പ്രബോധനത്തില്‍ എഴുതിയിരുന്നു. പള്ളിനിര്മ്മാണത്തിനുള്ള സ്ഥലം ട്രസ്റ്റംഗങ്ങള്‍ സംഭാവന നല്കിയതോ വഖ്‌ഫ് ചെയ്തതോ അല്ല. മറിച്ച് അന്നത്തെ കേരളാ അമീറിന്റെ പിന്തുണയോടെ ഹാശിം ഹാജിയും മറ്റു ജമാഅത്ത് പ്രവര്ത്ത്കരും നാട്ടിലും മറുനാട്ടിലും നടന്ന് പിരിച്ചിണ്ടാക്കിയതാണ്‌ മുഴുവന്‍ തുകയും. ഇതിനു മുഖ്യ പങ്ക് വഹിച്ചത് ഹാശിം ഹാജി തന്നെയാണ്‌. പ്രസ്ഥാന നേതാക്കളും പ്രവര്ത്തകരുമായ ഉദാരമതികളാണ്‌ ഇതിനു സംഭാവന്‍ നല്കിയത്. (cont..)

CKLatheef പറഞ്ഞു...

4. പിന്നീട് ഹാജി ജമാഅത്തുമായി ഇടഞ്ഞു. പള്ളിയുടെ തുടക്കം മുതല്‍ ഹാജി ഇടയും വരെ അവിടെ ജമാഅത്ത് നേതാക്കളും പണ്ഡിതന്മാരുമാണ്‌ ജുമുഅക്ക് നേതൃത്വം നല്കിയിരുന്നത്. ഈ ഘട്ടത്തില്‍, 2006 ജൂലായ് 21 ന്‌, ജമാഅത്തിനോട് വിരോധമുള്ള ഒരാളെ അവിടെ ഖുതുബ നിര്വണഹിക്കാന്‍ ഹാജി കൊണ്ടുവന്നു. ഇവിടെയാണ്‌ പ്രശ്നങ്ങളുടെ തുടക്കം.
അടുത്ത കാലത്ത് ആശയതലത്തില്‍ ജമാഅത്തെ ഇസ്‌ലാമിയോട് ചില അഭിപ്രായവ്യത്യാസങ്ങള്‍ ട്രസ്റ്റ് ചെയര്മാനുണ്ടായി. തുടര്ന്ന് പള്ളിയുടെ ആരംഭകാലം മുതല്‍ ദീനീ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം വഹിക്കുന്ന ജമാഅത്തിനെ അതില്‍ നിന്ന് ഒഴിവാക്കാനുള്ള നിഗൂഢശ്രമങ്ങള്‍ തുടങ്ങി. ചെയര്മാന്‍ പ്രസ്ഥാന താല്പര്യത്തിനു വിരുദ്ധമായ നിലപാട് സ്വീകരിച്ച ഈ സാഹചര്യത്തിലും മുന്കാരല പ്രവര്ത്തുനങ്ങള്‍ പരിഗണിച്ചുകൊണ്ട് വിശാല മനസ്സോടെ അദ്ദേഹത്തെ ഉള്ക്കൊളള്ളാനാണ്‌ ജമാഅത്ത് നേതൃത്വം താല്പര്യം കാണിച്ചത്. ഇസ്‌ലാമികപ്രസ്ഥാനത്തിന്‌ ദീര്ഘ്കാലം സേവനം ചെയ്ത ട്രസ്റ്റ് ചെയര്മാന്‍ പ്രസ്ഥാന്പ്രവര്ത്ത്കരെ പ്രകോപിപ്പിക്കുന്ന സമീപനങ്ങള്‍ പള്ളിയില്‍ നടത്തിയിട്ടും പ്രാവര്ത്ത്കരെ അടക്കിനിറുത്താനും ട്രസ്റ്റ് ചെയര്മാസനുമായി സ്നേഹപൂര്വംി മുമ്പോട്ട് പോകാനും ജമാഅത്ത് നേതൃത്വം നടത്തിയ ശ്രമങ്ങളെ ചെയര്മാനടക്കമുള്ള ആര്ക്കും നിഷേധിക്കുക സാദ്ധ്യമല്ല." (ഹമീദ് വാണിമേല്‍, പ്രബോധനം 2007 ഏപ്രില്‍ 7)
2006 ജൂലായ് 26 ന്‌ ജമാഅത്ത് നേതാക്കളും ഹാശിം ഹാജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇതിലെ തീരുമാനം ഹമീദ് വാണിമേലിന്റെ വാക്കുകളില്‍:
"1. മദീനാ മസ്‌ജിദിന്റെ പരിപാലനത്തിന്റെ ചുമതല പൂര്ണ്ണളമായും ട്രസ്റ്റിനായിരിക്കും.
2. ഇസ്‌ലാമിനെ സമഗ്രമായി പ്രബോധനം ചെയ്യുന്നതിന്നും സംസ്കരണ, പ്രബോധന പ്രവര്ത്തനനങ്ങള്ക്കും ഉതകുന്ന ഖുത്‌ബകളും ക്ലാസുകളും മറ്റു പരിപാടികളും നടത്തുന്നത് ട്രസ്റ്റിന്റെ തുടക്കം മുതലുള്ളതുപോലെ ജമാഅത്തെ ഇസ്‌ലാമി തന്നെയായിരിക്കും.
4/09/2006 ന്‌ ജ. ഇ.കെ. ഇസ്‌മാഈലിന്റെ വസതിയില്‍ കൂടിയ ട്രസ്റ്റ് യോഗത്തില്‍ 11 അംഗങ്ങളില്‍ 10 പേര്‍ പങ്കെടുത്തു. ട്രസ്റ്റ് അംഗമായ കെ.എ. സിദ്ദീഖ് ഹസന്‍ സാഹിബ് ഡല്ഹിയിലായതിനാല്‍ പങ്കെടുത്തില്ല. ഈ യോഗത്തില്‍ മേല്‍ പറഞ്ഞ രണ്ടു കാര്യങ്ങളും ചെയര്മാറനടക്കം 10 അംഗങ്ങളും അംഗീകരിക്കുകയും ഒപ്പിടുകയും ചെയ്തു. (പ്രബോധനം 2007 ഏപ്രില്‍ 7)
ആ തീരുമാനത്തില്‍ ഹാജി ഉറച്ചുനിന്നില്ല. ജമാഅത്തിന്‌ അതിന്റെ ഒരു പള്ളി നഷ്ടപ്പെട്ടു.
മസ്‌ജിദ് മദീനയുടെ കാര്യത്തില്‍ ഹാജിക്ക് അനുഭവിക്കേണ്ടിവന്ന അനീതിയുടെ ആഴം ഇപ്പോള്‍ വ്യക്തമായല്ലോ.

KK Alikoya പറഞ്ഞു...

അകത്തോ പുറത്തോ?


ഖുര്‍ആന്‍ 24/2 ല്‍ പറഞ്ഞ ദീനീ നിയമം, മുജാഹിദുകളുടെ മതനിയമപരിധിക്ക് അകത്തോ പുറത്തോ?

vallithodika പറഞ്ഞു...

മടവൂര്‍ ഗ്രൂപ്പ് ഇപ്പോള്‍ എല്ലാ നിലക്കും ജമാ അത്തിന്റെ അതെ ലിനെ സ്വീകരിക്കുന്നു.ഇപ്പൊ നീലകണ്ടനെ ഒക്കെ പരിസ്ഥിതി കംമ്പൈനു ഉള്ഖാദനം ചെയ്യുന്ന അവസ്ഥ വന്നു.സോളിടരിടിക്കാര്‍ പ്രവര്‍ത്തിച്ചതിനു ഫലം ഉണ്ട്...

http://vallithodika.blogspot.com/

Chundakkadan പറഞ്ഞു...

മുല്ലപ്പെരി​യാര്‍ .. അണപൊട്ടുന്​ന ആശങ്കകള്‍ . ചര്‍ച്ച 20/1/2012 വെള്ളി 8 PM @ ഇസ്ലാഹി സെന്റെര്‍. Jeddah.

ഈ ചര്‍ച്ച നല്ലത് തന്നെ, ആശംസകള്‍,

പക്ഷെ ഈ മുല്ലപ്പെരി​യാര്‍ ചര്‍ച്ച ജമാഅത്തെ ഇസ്ലാമിയോ, സോളിടാരിടിയോ സങ്കടിപ്പിച്ചാല്‍ അപ്പോള്‍ ചോതിക്കും നിങ്ങള്‍ക്കിതിലെന്തു കാരിയം, ഇതാണോ ഇസ്ലാം എന്ന്. അങ്ങിനെ ചോതിക്കാരുണ്ടല്ലോ.

ഏതായാലും കാലം മാറുന്നതനുസരിച്ച് ഇനിയും ഇതുപോലുള്ള ചര്‍ച്ച‍ക്ക് ഇസ്ലാമിലും ഇടമുണ്ടെന്ന് തിരിച്ചറിയുന്നു ഇസ്ലാഹി സെന്റെര്‍, നല്ലത് തന്നെ, അല്ഹമ്തുലില്ലഹ്.

Chundakkadan പറഞ്ഞു...

ഒരു തെളിവിനായി, ഇസ്ലാഹി സെന്റര്കാരു നടത്താന്‍ പോകുന്ന മുകളില്‍ കൊടുത്ത ചര്‍ച്ചക്ക് ക്ഷണിച്ചു കൊണ്ടുള്ള ഇമെയില്‍ ലീഫ് ലെറ്റ്‌ വേണമെങ്കില്‍ ഞാന്‍ ഫോര്‍വേഡ് ചെയ്യാം, വേണ്ടവര്‍ ഇമൈല്‍ അഡ്രസ്‌ അറിയിക്കൂ,

എന്റെ ഇമെയില്‍ chundakkadan@gmail.com

abumiyan പറഞ്ഞു...

ഈ ലേഘനം എന്റെ ശ്രദ്ധയില്‍ പെടുന്നത് ഇപ്പോഴാണ് .അത് കൊണ്ട് ചോദിക്കുകയാണ് .ഹാഷിം ഹാജി ഇനിയും ഒരുപാട് പറഞ്ഞിട്ടുണ്ട് ജമാത്തിന്റെ പ്രവര്തനത്തെക്കുരിച്ച്ചു .അതിനൊക്കെ വിശദീകരണം തരാന്‍ ലത്തീഫ് തയ്യാറാണോ ?

abumiyan പറഞ്ഞു...

answer ?

Reaz പറഞ്ഞു...

<>
ഇത് കാടടച്ചു വെടിവെക്കുന്ന ഒരു ശൈലിയായിപ്പോയി. ഈ ബ്ലോഗില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വല്ലതും പറയാനുണ്ടെങ്കില്‍ പറയുക.
അത് കഴിഞ്ഞതിനു ശേഷം പുതിയത് കൊണ്ടുവരിക.

CKLatheef പറഞ്ഞു...

ജമാഅത്തിനെക്കുറിച്ച് ആര്‍ക്കും എന്തും പറയാം. അതിനൊക്കെ വിശദീകരണം ഞാന്‍ നല്‍കാന്‍ നേര്‍ചയാക്കിയിട്ടില്ല. ഒരു കാലത്ത് ജമാഅത്ത് വിമര്‍ശകര്‍ ഈ ലേഖനം ചര്‍ചാവിഷയമാക്കിയപ്പോള്‍ അതിന് എന്റേതായ ഒരു പ്രതികരണം ഇവിടെ ഇട്ടുവെന്ന് മാത്രം. ചര്‍ച നടന്നത് ഫെയ്സ് ബുക്കിലായിരുന്നിതിനാല്‍ അവ മറഞ്ഞു പോയി ബ്ലോഗിലുള്ളത് ഇവിടെ നിലനില്‍ക്കുന്നുവെന്ന് മാത്രം. ഹാഷിം ഹാജി ആ ലേഖനത്തില്‍ പറഞ്ഞിടത്തോളം കാര്യങ്ങള്‍ ഞാനീ ബ്ലോഗില്‍ പരാമര്‍ശിക്കുകയും അതിലെ അബദ്ധം ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK