'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ജനുവരി 19, 2012

ഇമെയില്‍ വിവാദം വസ്തുതകളെന്ത് ?

കേരളത്തിലെ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന മുസ്‌ലിം സമുദായത്തില്‍പ്പെട്ട 258 പേരുടെ ഇ-മെയില്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന പോലീസ് ഉത്തരവിട്ടുവെന്ന മാധ്യമം ആഴ്ചപ്പതിപ്പിലെ വിജു.വി.നായരുടെ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരിക്കയാണ്. മാധ്യമം റിപ്പോര്‍ട്ട് സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലാണുള്ളതെന്നാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്. റിപ്പോര്‍ട്ടിനെക്കുറിച്ചും സര്‍ക്കാര്‍ പ്രതികരണത്തെക്കുറിച്ചും മാധ്യമം എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ പ്രതികരിക്കുന്നു. (അവലംബം) 
മുസ്‌ലിംകളുടെ ഇ-മെയില്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടതിലൂടെ സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന രീതിയിലാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി ഇന്ന് ആരോപിക്കുകയുണ്ടായി. ഇതിനോട് എങ്ങിനെയാണ് മാധ്യമം പ്രതികരിക്കുന്നത്?

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വിജു വി.നായരാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. അദ്ദേഹത്തിന്റെ കഴിഞ്ഞ കാലത്തെ കരിയര്‍ പരിശോധിച്ചാല്‍ പൂര്‍ണ്ണമായ സെക്യുലര്‍ സ്വഭാവം പുലര്‍ത്തിയ ആളാണെന്ന് വ്യക്തമാകും. നേരത്തെ കേരള കൗമുദിയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. പിന്നെ മാധ്യമം ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് വ്യക്തമായ കാരണങ്ങളുണ്ട്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഭരണകൂടമായാലും കടന്നുവരുന്നത് അധാര്‍മ്മികമാണ്. ഇ മെയില്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ച 268 പേരില്‍ 258 പേരും മുസ്‌ലിംകളായത് യാദൃശ്ചികമായല്ല ഞങ്ങള്‍ കാണുന്നത്. പിന്നെ സൗഹാര്‍ദം തകര്‍ക്കുന്ന രീതി എന്ന് പറയുന്നത് എന്തര്‍ത്ഥത്തിലാണെന്ന് മനസ്സിലാകുന്നില്ല. ഹിന്ദു വിരുദ്ധമായോ ദേശീയ വിരുദ്ധമായോ ഒന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ വിരുദ്ധമായ റിപ്പോര്‍ട്ടാണ്. പിന്നെ മുഖ്യമന്ത്രി അങ്ങിനെ പറയാന്‍ നിര്‍ബന്ധിക്കപ്പെടുന്നതാണ്. സംഭവത്തില്‍ അന്വേഷണം വേണ്ടെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്ത് കൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങിനെ തീരുമാനിച്ചതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. മാതൃഭൂമി ഉള്‍പ്പെടെയുള്ള മാധ്യമസ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ മെയില്‍ ഐ.ഡികളും സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടെന്ന് വ്യക്തമായിരിക്കയാണ്. ഇത് മാധ്യമപ്രവര്‍ത്തകരെ ഗുരുതരമായി ബാധിക്കുമെന്നുറപ്പാണ്. ഇത് ചര്‍ച്ച ചെയ്യപ്പെടാന്‍ വേണ്ടിത്തന്നെയാണ് മാധ്യമം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇപ്പോള്‍ സര്‍ക്കാര്‍ സംശയത്തിന്റെ നിഴലിലാണ്.

ഡി.ജി.പിയുടെ പ്രസ്താവന പോലും അതാണ് തെളിയിക്കുന്നത്.മെയില്‍ ചോര്‍ത്തിയിട്ടില്ല, വിശദാംശങ്ങള്‍ പരിശോധിക്കാന്‍ മാത്രമാണ് പറഞ്ഞതെന്നാണ് കഴിഞ്ഞ ദിവസം ഡി.ജി.പി വിശദീകരിച്ചത്? 

പിന്നെന്തിനാണവര്‍ ഉത്തരവില്‍ ലോഗിന്‍ വിവരം എടുക്കണമെന്ന് നിര്‍ദേശിച്ചത്?. പിന്നെ പാസ് വേര്‍ഡ് എടുക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നുള്ളത് മണ്ടത്തരമാണ്. പിന്നെന്തിനാണിവിടെ സൈബര്‍ സെല്ലും ഹൈടെക് സെല്ലും പ്രവര്‍ത്തിക്കുന്നത്?. ഇവര്‍ക്ക് സിമി ബന്ധമുണ്ടെന്നും അതിനാല്‍ പരിശോധിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. അപ്പോള്‍പ്പിന്നെ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. പോലീസ് ഇവരെ സംശയിക്കുന്നുണ്ടെന്നും അവര്‍ നോട്ടപ്പുള്ളികള്‍ തന്നെയാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. മാധ്യമം റിപ്പോര്‍ട്ടില്‍ മുസ്‌ലിംകളുടെ പേര് മാത്രം ഉള്‍പ്പെടുത്തിയെന്നും മറ്റുള്ളവ ഒഴിവാക്കിയെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. ഇത് റിപ്പോര്‍ട്ടിന്റെ ഉദ്ദശ്യ ശുദ്ധിയെ സംശയത്തിലാക്കുന്നുണ്ടെന്നാണ് ആരോപണം?. മാധ്യമത്തിന്റെ റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ തന്നെ ഇക്കാര്യം പറയുന്നുണ്ട്. 268 പേരില്‍ പത്ത് പേര്‍ മറ്റ് സമുദായക്കാരാണെന്ന് ഞങ്ങള്‍ തന്നെ പറയുന്നുണ്ട്. അപ്പോള്‍പ്പിന്നെ മറച്ചുവെച്ചുവെന്ന് പറയുന്നത് എന്തര്‍ത്ഥത്തിലാണെന്ന് മനസ്സിലാവുന്നില്ല.

ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനെ പത്രം എങ്ങിനെ കാണുന്നു?
മുസ്‌ലിം ലീഗ് ഭരണത്തില്‍ പങ്കാളികളാണ്. അതിനാല്‍ അവര്‍ക്ക് നിലപാടെടുക്കാന്‍ കഴിയുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ ലീഗ് നേതാക്കള്‍ വളരെ അസ്വസ്ഥരാണ്. സി.പി.ഐ.എം ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് തന്നെ ഇതിനെതിരെ രംഗത്ത് വന്നുകഴിഞ്ഞുവല്ലോ?.

റിപ്പോര്‍ട്ട് പുറത്തുവിട്ട മാധ്യമത്തിനെതിരെ സര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എങ്ങിനെ കാണുന്നു?.

സര്‍ക്കാര്‍ നടപടിയെടുക്കുകയാണെങ്കില്‍ അതിനെ മാധ്യമം സ്വാഗതം ചെയ്യുന്നു. സര്‍ക്കാര്‍ കോടതിയെ സമീപിക്കണം. നിയമവിരുദ്ധമായത് മാധ്യമം ചെയ്തിട്ടുണ്ടെങ്കില്‍ അവിടെ തെളിയിക്കട്ടെ.

ഇ-മെയില്‍ പരിശോധന സാധാരണ നടത്തുന്നതാണെന്നും അതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും ഡി.ജി.പി വിശദീകരിക്കുകയുണ്ടായി?.
ഒരു സമുദായത്തില്‍പ്പെട്ടവരെ മാത്രം ടാര്‍ജറ്റ് ചെയ്ത് ഇത്തരത്തില്‍ സാധരാണ ഇ-മെയില്‍ ചോര്‍ത്തുന്നുണ്ടെങ്കില്‍ അത് അപടകമാണ്. കഴിഞ്ഞ കാലങ്ങളിലൊക്കെ ഇത്തരത്തില്‍ ചില ഇടപെടലുകള്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്്. കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ് വലിയ കോലാഹലമുണ്ടാക്കിയ സംഭവമാണ്. പിന്നീട് സിമി വേട്ടയുടെ പേരില്‍ പോലീസ് ഇത്തരത്തില്‍ ഇടപെട്ടു. അതിന്റെ മറ്റൊരുദ്ധ്യായമായിരുന്നു ലൗജിഹാദ്. ലൗജിഹാദ് കള്ളപ്രചാരണമായിരുന്നുവെന്നും ഒരു വെബ്‌സൈറ്റാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പിന്നീട് തെളിയിക്കപ്പെട്ടു. സംശയകരമായ ഒരു അന്തരീക്ഷം ഇവിടെയുണ്ടാക്കുകയെന്നത് ചിലരുടെ ആവശ്യമായി വന്നിരിക്കയാണ്.

ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ സംസ്ഥാന സര്‍ക്കാറിനപ്പുറത്തെ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ടോ?.

ഇത്തരത്തിലുള്ള നീക്കം ദേശീയ തലത്തില്‍ തന്നെ നടക്കുന്നുണ്ട്. എന്നാല്‍ കേന്ദ്ര നിര്‍ദേശമായാര്‍ പോലും സംസ്ഥാന സര്‍ക്കാറിന്റെ അറിവില്ലാതെ ഇത് നടക്കുമെന്ന് പറയാനാകില്ല. സംസ്ഥാന ആഭ്യന്തരവകുപ്പ് അറിയാതെ ഇത്തരത്തില്‍ ഇ-മെയില്‍ ചോര്‍ത്താന്‍ കഴിയില്ല. അവരിഞ്ഞുകൊണ്ട് തന്നെയായിരിക്കും ഇത് ചെയ്തിട്ടുണ്ടാവുക.
തയ്യാറാക്കിയത്: കെ.എം ഷഹീദ്

-------------------------


എന്തായിരുന്നു ഇത്തരമൊരു അന്വേഷണത്തിന് കാരണം....  എന്നതൊക്കെ  ബഹളത്തിൽ മുങ്ങിപ്പോയിരിക്കുന്നു. കാര്യമായ പ്രശ്നം അവശേഷിക്കുന്നത് മാധ്യമം വാരിക ലിസ്റ്റിലുള്ള പത്ത് മുസ്ലികളല്ലാത്തവരെ ഉൾപ്പെടുത്താതിനാൽ അത് സാമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിലായി റിപ്പോർട്ടെന്നും അതിനാൽ മാധ്യമം വാരികക്കെതിരെ കേസെടുക്കലാണ് അടിയന്തിര സ്വഭാവം അർഹിക്കുന്നതെന്നുമെന്ന രൂപത്തിലാണ്. മറ്റൊന്നും ഈ വിഷയത്തിൽ പ്രസക്തമല്ല എന്ന തലത്തിലാണ്. മാധ്യമം എഡിറ്റർ തന്നെ അത് സ്വാഗതം ചെയ്ത സ്ഥിതിക്ക് ഇനി കാത്തിരുന്ന് കാണാം. ഏതായാലും മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ഒരു കാര്യത്തിലെങ്കിലും മാധ്യമത്തെ അഭിനന്ദിക്കണം ലീഗിന്റെ ഉന്നതരടക്കമുള്ള ഒരു വിഭാഗത്തിന് സിമിയുമായി ബന്ധമുണ്ടെന്ന തരത്തിൽ കത്ത് എഴുതിയത് അബദ്ധമായിരുന്നു എന്ന് ഈ റിപ്പോർട്ട് മുഖേനയാണല്ലോ മനസ്സിലാക്കാൻ ഭരണകൂടത്തിന് സാധിച്ചത്. 268 പേരുടെ ലിസ്റ്റിൽ മുഴുവൻ ആളുകളും പച്ചപാവങ്ങളാണെന്ന് ആർക്കും പറയാനാവില്ല. അന്വേഷണം അർഹിക്കുന്നവരുണ്ടാകാം, സംശയിക്കേണ്ടവരായി ഉണ്ടായേക്കാം പക്ഷെ ഇത് കാടടക്കിയുള്ള ഒരു വെടിയായി എന്നതാണ് പ്രശ്നം. എന്ന് വെച്ചാൽ അന്വേഷണത്തിന്റെ രീതിയിൽ തന്നെ കാര്യമായ അബദ്ധം സംഭവിച്ചിരിക്കുന്നു എന്ന് ബന്ധപ്പെട്ടവർക്ക് തന്നെ ബോധ്യമായിട്ടാണ് അവർ എല്ലാ അന്വേഷണവും നിർത്തിവെച്ച് മാധ്യമം വാരികക്കെതിരെ തിരിഞ്ഞതെങ്കിൽ അവിടെയും ഭരണകൂടവും ബന്ധപ്പെട്ട ഉദ്യേഗസ്ഥരും  നടപടിയുമായി മുന്നോട്ട് പോകവേ തന്നെ നന്ദി പറയാൻ കടപ്പെട്ടിരിക്കുന്നു.

ഇത് പറയാൻ കാരണം ഇതുവരെ നിഷേധിക്കപ്പെട്ടിട്ടില്ലാത്ത വിശദീകരണമനുസരിച്ച് സംശയിക്കപ്പെടുന്ന ഒരാളുടെ മെയിൽ ലിസ്റ്റിൽ നിന്ന് ലഭിച്ചതാണ് ഈ ഐ.ഡി.കൾ ഇത് ശരിയാണെങ്കിൽ ഇത്തരം ഒരു അന്വേഷണത്തിൽ ഒരു കാര്യവുമില്ല. കാരണം ഏതൊരാളുടെയും മെയിൽ ലിസ്റ്റിലുള്ള ആളുകളെ 90 % വും ആ വ്യക്തിക്ക് തന്നെ പരിചയമുണ്ടായിരിക്കില്ല. നെറ്റിലെ ചർചയിലും ബ്ലോഗിലുമൊക്കെ ഇടപെടുന്നവരാണെങ്കിൽ നൂറുകണക്കിന് ഐ.ഡി ഓരോരുത്തരുടെയും ലിസ്റ്റിൽ കാണും. അതൊന്നും ബോധപൂർവം കൂട്ടി ചേർക്കുന്നതല്ല. ആരോക്കെയോ കൂട്ടമെയിലയച്ചപ്പോൾ സ്വന്തം ലിസ്റ്റിൽ ആഡ് ചെയ്തതാവാം. അഥവാ ആളുകളെ കുടുക്കാൻ ടെലഫോൺ ചെയ്യുന്ന ഇക്കാലത്ത് ഇത്രപോലും പ്രയാസമില്ലാതെ ഏത് സാത്വികന്റെ മെയിലിലേക്കും ഒരു കുറ്റവാളിക്ക് മെയിൽ അയക്കാം. അദ്ദേഹത്തിന്റെ മെയിൽ ലിസ്റ്റിൽ നിന്ന് കിട്ടി എന്ന കാരണം പറഞ്ഞ് പരിശോധിക്കാൻ നടന്നാൽ ഇതുതന്നെയാണ് സംഭവിക്കുക. തനി അബദ്ധം. അങ്ങനെയാണ് സംശയിക്കപ്പെടേണ്ട ഗണത്തിൽ മുൻ എം.പി വരെ പെട്ടത്. ഇത് മാധ്യമത്തിന്റെ വാർത്തയെ പൂർണമായി തിരസ്കരിച്ച് ഔദ്യോഗിക ഭാഷ്യമനുസരിച്ച് നാം എത്തിച്ചേരുന്ന വസ്തുതയാണ്.

വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ ആരുടെയെങ്കിലും പ്രവർത്തനങ്ങൾ സംശയാസ്പദമായി അനുഭവപ്പെടുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തിയിൽ നിന്ന് തെളിവെടുക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ലോഗിൻ ഡീറ്റയിൽസോ (ഞാൻ വിചാരിച്ചിരുന്നത് ലോഗിൻ ഡീറ്റയിൽസ് എന്ന് പറഞ്ഞാൽ യുസർഐഡിയും പാസ് വേഡുമാണ് ഇന്നലെയാണ് അത് വേറെന്തോ ആണ് എന്ന് മനസ്സിലായത്) പാസ് വേഡോ യുസർ ഐഡിയോ ഒക്കെ ചോദിച്ചറിഞ്ഞ് മെയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ തന്നെ പരിശോധിക്കുക. അദ്ദേഹം സ്വമേധയാ സന്നദ്ധമാകുന്നില്ലെങ്കിൽ മാത്രം ഇവിധം ചെയ്യുക. കേവലം സംശയത്തിന്റെ പേരിൽ ഒരാളുടെ ആയിരക്കണക്കിന് മെയിൽ ഐ.ഡി നോക്കികൊണ്ടിരുന്ന് സമയം നഷ്ടം വരുത്തുന്നതിനേക്കാൾ അന്തസാർന്ന പരിപാടിയാണ് ഇത്. അതുമാത്രമല്ല പ്രശ്നം തോന്നിയപോലെ ഐഡിയും പാസ് വേഡും ചോർത്തുന്നെങ്കിൽ പിന്നെ അതിൽ നിന്ന് അയക്കുന്ന മെയിന് യഥാർഥ കുറ്റവാളിയെ പോലും സംശയിക്കാനാകാത്ത അവസ്ഥയും പൊതുജനത്തിന് വന്നുകൂടും.  തുടർ സംഭവങ്ങൾ കാത്തിരുന്ന് കാണാം.

9 അഭിപ്രായ(ങ്ങള്‍):

abdul gafoor ap പറഞ്ഞു...

കേസു കൊടുത്താലും ഇല്ലെന്കിലും UDF കുടുങ്ങിയതുതന്നെ.

CKLatheef പറഞ്ഞു...

ഈ വിഷയത്തിൽ മാധ്യമത്തിന്റെ ഭാഗത്ത് നിന്ന് പലവിശദീകരണങ്ങളും വന്നു. തീർത്തും നിഷ്പക്ഷരമായ ഒട്ടേറെ പേർഅഭിപ്രായം പറഞ്ഞു. എന്നാൽ ഇവരൊന്നും ചിന്തിക്കാത്ത ചില വിഢിത്തങ്ങളാണ് ആര്യാടനടക്കമുള്ളവർ ആവർത്തിക്കുന്നത്. കേസെടുക്കണം എന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രിക്കും, അദ്ദേഹം അതിൽനിന്ന് പിൻവാങ്ങിയതിന് ശേഷം അത് തന്നെ ആവർത്തിക്കുന്ന ആര്യാടനും ഈ വിഷയം ശരിക്ക് പഠിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാൻകഴിയുക. മാധ്യമത്തിന്റെ തെറ്റ് വാദത്തിന് വേണ്ടി അംഗീകരിച്ചാൽ പോലും അത് അന്വേഷണ ഉദ്യോഗസ്ഥന്റെ ഒരു അബദ്ധത്തെ തുടർന്നാണ് എന്ന് വിസ്മരിക്കാൻ സാധിക്കുമോ. 258 പേരെ സിമിപ്രവർത്തനങ്ങളുമായി മുദ്രകുത്തിയിട്ടാണ് ഇത് അന്വേഷിക്കുന്നത് തന്നെ. ആ നിലക്ക് മാധ്യമത്തിന് തെറ്റ് പറ്റിയെന്ന് പറയാനാവുമോ. ഇത് ശരിയാകുമായിരുന്നു. ഈ തെറ്റ് കണ്ടെത്തുന്നത് മാധ്യമം റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പായിരുന്നെങ്കിൽ. പക്ഷെ കാര്യം അങ്ങനെയല്ലല്ലോ. ഏതായാലും കേരളീയ സമൂഹത്തിന് ഈ സംഭവങ്ങളിലൂടെ മാധ്യമത്തിന്റെ നിലപാടും സംശയവുമാണ് കൂടുതൽ സത്യത്തോട് അടുത്ത് നിൽക്കുന്നത് എന്ന തോന്നലാണ് ശക്തിപ്പെട്ട് വരുന്നത്. ദേശാഭിമാനിയുടെ മുഖപ്രസംഗം അക്കാര്യം വ്യക്തമായ സൂചന നൽകുന്നു. തുടർന്ന് വായിക്കുക.

CKLatheef പറഞ്ഞു...

ഇ-മെയില്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ട ചോദ്യങ്ങള്‍ പിന്നെയും ശേഷിക്കുകയാണ്. ചില മുസ്ലിംലീഗ് നേതാക്കള്‍ അടക്കമുള്ളവരുടെ മെയില്‍ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന നിഗമനം എന്തിന്റെ അടിസ്ഥാനത്തിലുണ്ടായതാണ്? ഇവര്‍ക്ക് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ളതായി സൂചിപ്പിക്കുന്ന എന്തെങ്കിലും ഇന്റലിജന്‍സ് വിവരം സ്റ്റേറ്റ് പൊലീസ് ഇന്റലിജന്‍സ് വൃത്തങ്ങളില്‍നിന്നോ, കേന്ദ്ര ആഭ്യന്തരവകുപ്പില്‍നിന്നോ കിട്ടിയിരുന്നോ? ഇക്കാര്യം മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് തുറന്നുപറയണം. അങ്ങനെ ഒരു റിപ്പോര്‍ട്ടും ഇല്ലെങ്കില്‍ ഇ-മെയില്‍ ചോര്‍ത്തലിന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ചോര്‍ത്തേണ്ട 268 ഇ-മെയില്‍ വിലാസക്കാരില്‍ 258 പേരും ഒരേ സമുദായത്തില്‍പ്പെട്ടവരായത് എങ്ങനെയാണെന്നും മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. വര്‍ഗീയസ്വഭാവമേ ഇല്ലാത്ത ഏതെങ്കിലും കുറ്റകൃത്യം മുന്‍നിര്‍ത്തിയാണ് അന്വേഷണമെങ്കില്‍ സംശയത്തിന്റെ സൂചിമുന ഒരേ സമുദായത്തില്‍പ്പെട്ടവരിലേക്ക് ഇത്ര ശക്തമായി തിരിച്ചതെന്തിന് എന്നത് വ്യക്തമാകേണ്ടതുണ്ട്.

മുഖ്യമന്ത്രി മുസ്ലിംലീഗിന്റെ ദയാദാക്ഷിണ്യത്തില്‍ അധികാരത്തില്‍ തുടരുന്നയാളാണ്. അധികാരത്തില്‍ തുടരണമെങ്കില്‍ ലീഗ് അനുവദിക്കുന്ന പരിധിവരെയുള്ള അന്വേഷണമേ സാധ്യമാകൂ. ആ പരിധിയില്‍ മുഖ്യമന്ത്രി എത്തിനില്‍ക്കുകയാണിപ്പോള്‍ ; ഇനി ആകെയുള്ളത് പിന്‍വാങ്ങല്‍മാത്രമാണ്. അതിനുള്ള അരങ്ങാണ് വിശദീകരണങ്ങളിലൂടെ ഇപ്പോള്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. വര്‍ഗീയശക്തികളുടെ തടവില്‍കിടക്കുന്ന ഭരണാധികാരിയുടെ നിസ്സഹായത ഒരിക്കല്‍ക്കൂടി കേരളത്തിന് ബോധ്യമാവുകയാണ്. മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് കേട്ടാല്‍ തോന്നുക, ഇ-മെയില്‍ ചോര്‍ത്തലിന് കാര്യമായ അടിസ്ഥാനമൊന്നുമില്ലായിരുന്നുവെന്നാണ്. എങ്കില്‍പ്പിന്നെ ഇത്രയേറെ പൗരജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയത് എന്തിനായിരുന്നു? മുസ്ലിങ്ങളെല്ലാം സംശയിക്കപ്പെടേണ്ടവരാണെന്ന വിപല്‍ക്കരമായ സന്ദേശം നല്‍കുന്ന വിധത്തിലായിരുന്നില്ലേ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഇടപെടല്‍ . അപ്പോള്‍പ്പിന്നെ ഗുജറാത്തില്‍ നരേന്ദ്രമോഡി ചെയ്തുപോരുന്ന കാര്യങ്ങളും ഉമ്മന്‍ചാണ്ടി ചെയ്യുന്ന കാര്യങ്ങളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?

CKLatheef പറഞ്ഞു...

ഒരു സമുദായമാകെ സംശയിക്കപ്പെടേണ്ടവരാണെന്ന പ്രതീതി പരത്തുന്ന ഏതു പ്രവൃത്തിയും രാജ്യദ്രോഹമാണ്. ആ നിലയ്ക്ക് നോക്കുമ്പോള്‍ മതസൗഹാര്‍ദം തകര്‍ക്കുന്ന വിധത്തില്‍ ഇടപട്ടതിന് ഞങ്ങളുടെ സഹജീവിയായ മാധ്യമമല്ല, മറിച്ച് 268 പേരുടെ ലിസ്റ്റില്‍ 258 മുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയ ഉമ്മന്‍ചാണ്ടിസര്‍ക്കാരാണ് പ്രതിക്കൂട്ടിലാകേണ്ടത് എന്നുവരും; പ്രത്യേകിച്ചും ഇ-മെയില്‍ ചോര്‍ത്തലിന്റെ അടിസ്ഥാനം വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയാതിരിക്കുന്ന സാഹചര്യത്തില്‍ . എഡിജിപിക്കുവേണ്ടി സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അസിസ്റ്റന്റ് കമാന്‍ഡന്റിന് അയച്ച ലിസ്റ്റിനൊപ്പം വച്ചിട്ടുള്ള കത്തില്‍ പറയുന്നത്, സിമി പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള വ്യക്തികളുടെ ഇ-മെയില്‍ ഐഡി ലിസ്റ്റിന്റെ പകര്‍പ്പാണിത് എന്നാണ്. ആ വ്യക്തികളെ കണ്ടെത്തണമെന്നും ലോഗ്-ഇന്‍ വിശദാംശങ്ങള്‍ ശേഖരിക്കണമെന്നുമാണ്. മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് "സിമി" എന്നത് അബദ്ധത്തില്‍ കടന്നുകൂടിയതാണെന്നതാണ്. മുഖ്യമന്ത്രി പറയുന്നതുപോലെ "സിമി" എന്ന വാക്ക് ആ കത്തില്‍ ഇല്ലെന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍പ്പിന്നെ പ്രസക്തമാകുന്ന മറ്റൊരു ചോദ്യമുണ്ട്: എങ്കില്‍പ്പിന്നെ എന്തിന് ഇവരുടെ ഇ-മെയിലുകളിലേക്ക് കടന്നുകയറുന്നു? അതിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല. മെയില്‍ ചോര്‍ത്തല്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി പറയുന്നു. ആരുടെയോ കൈയില്‍നിന്ന് ലഭിച്ച ഇ-മെയില്‍ വിലാസങ്ങള്‍ ആരുടേതൊക്കെയാണെന്ന് നോക്കുകയായിരുന്നുവത്രേ പൊലീസ്. അതിന് ഈ ദുര്‍ഘടംപിടിച്ച വഴികളിലൂടെ പോകണോ? ആരുടെ കൈയില്‍നിന്നാണോ വിലാസങ്ങള്‍ ലഭിച്ചത്, അയാളോടുതന്നെ ചോദിച്ചാല്‍പോരേ? ഇത്തരം ചോദ്യങ്ങള്‍ സാമാന്യബുദ്ധിയുള്ള ആരും ചോദിക്കും എന്നറിയാതെ കോമാളിവേഷം കെട്ടുകയാണ് മുഖ്യമന്ത്രി; നായകവേഷമാണിതെന്ന് ജനങ്ങള്‍ ധരിച്ചുകൊള്ളുമെന്ന വിചാരത്തോടെ. മുഖ്യമന്ത്രി എന്തൊക്കെയോ വിവരങ്ങള്‍ പുഴ്ത്തിവയ്ക്കുന്നു എന്നതാണ് സത്യം. ഇതാകട്ടെ, ഭരണം നിലനിര്‍ത്താനുള്ള വ്യഗ്രതമൂലമാണന്നു വ്യക്തം. ഭരണം നിലനില്‍ക്കുക എന്നതിനേക്കാള്‍ പ്രധാനം കേരളവും ഇന്ത്യയും നിലനില്‍ക്കുക എന്നതാണെന്ന് ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു. വ്യക്തിയുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറാന്‍ സര്‍ക്കാരിന് ഒരു അവകാശവുമില്ല. ഇവിടെ, പത്രപ്രവര്‍ത്തകരുടെവരെ ഇ-മെയില്‍ ചോര്‍ത്തുന്ന സ്ഥിതിയായിരിക്കുന്നു. അടിയന്തരാവസ്ഥയെയും സെന്‍സര്‍ഷിപ്പിനെയുമൊക്കെ ഓര്‍മിപ്പിക്കുന്ന നടപടിയാണിത്. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ ഞെരിച്ചുകൊല്ലാനുള്ള ഇത്തരം നീക്കങ്ങള്‍ ജനാധിപത്യസമൂഹത്തില്‍ വച്ചുപൊറുപ്പിക്കാനാകില്ല.

CKLatheef പറഞ്ഞു...

പത്രപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഭരണകക്ഷി അംഗങ്ങള്‍ ശിക്ഷിക്കപ്പെട്ട് രണ്ടാഴ്ച തികയുംമുമ്പ് ഭരണംതന്നെ പത്രപ്രവര്‍ത്തനത്തിനുനേര്‍ക്ക് കടന്നുകയറ്റം നടത്തുന്നു. രാജീവ്ഗാന്ധിയുടെ വസതിക്കുമേല്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയെന്നു പറഞ്ഞ് ഒരു കേന്ദമന്ത്രിസഭയെ- ചന്ദ്രശേഖര്‍ സര്‍ക്കാര്‍ - തകര്‍ത്ത പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇന്ന് ഇ-മെയില്‍ ചോര്‍ത്തലിലൂടെ സ്വതന്ത്ര പത്രപ്രവര്‍ത്തനം അസാധ്യമാക്കുന്നത്! വര്‍ഗീയത ആളിപ്പടര്‍ത്തുന്ന പ്രസംഗങ്ങള്‍ തുടര്‍ച്ചയായി നടത്തിയ തൊഗാഡിയമുതല്‍ ബാല്‍താക്കറെവരെയുള്ളവര്‍ക്കെതിരായ കേസുകള്‍ കോണ്‍ഗ്രസ് ഭരണം ദുര്‍ബലപ്പെടുത്തി ഇല്ലാതാക്കിക്കൊടുക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ഒരുവശത്ത് പത്രങ്ങളില്‍ വന്നുനിറയുന്നു. മറുവശത്താകട്ടെ, ഇവിടെ ഇ-മെയില്‍ ചോര്‍ത്തുകയും കേസെടുത്ത് പത്രത്തിന്റെ വായമൂടിക്കെട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ശ്രദ്ധിക്കപ്പെടേണ്ടതാണ് ഈ വൈരുധ്യം. ഏറെ വിചിത്രമായ കാര്യം ഇങ്ങനെയൊരു സംഭവമുണ്ടായിട്ടും മുസ്ലിംലീഗിന് മിണ്ടാട്ടമില്ല എന്നതാണ്. അവര്‍ക്ക് ഒരു പ്രതിഷേധവുമില്ല. മന്ത്രിക്കസേരയ്ക്കപ്പുറത്ത് ഒന്നും പ്രശ്നമല്ലാത്ത ഒരു പാര്‍ടി!

» മുഖപ്രസംഗം

CKLatheef പറഞ്ഞു...

മാധ്യമം വാരികയിൽ വിജു വി നായരുടെ ലേഖനത്തിൽ 268 പേരുണ്ടെന്നു പരമാമർശിക്കാമായിരുന്നു. ഇത്തരം ഒരു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഒഴിവാക്കാനായി. പക്ഷെ ഇതിനെ ഒരു തുരുപ്പുശീട്ടായിട്ടാണ് കണ്ടത് എന്ന് വ്യക്തം ക്രമം തെറ്റിച്ചുവെന്ന ആരോപണത്തിൽ എന്ത് കഴമ്പാണുള്ളത്. ഇത് പ്രതികളുടെ ലിസ്റ്റാണോ. ക്രമ നമ്പറിൽ ഇത്ര കടിച്ചു തൂങ്ങാൻ. ഏതോ ഒരു ത്തന്റെ മെയിൽ ലിസ്റ്റിൽ വന്നതാണെങ്കിൽ ഇത്രമാത്രം ഇതിന് ഗൌരവം ഇടക്ക് വരുന്നതും എന്തുകൊണ്ടാണ്. ഇതിൽ സമദാനിയില്ലെന്ന് വിശദീകരിക്കുന്നു. ഉണ്ടായിരുന്നെങ്കിലെന്താണ്. വഹാബിന് ഇതിൽ കയറിക്കൂടാമെങ്കിൽ അതിനേക്കാൾ എത്രയോ സാധ്യതയുള്ളതണല്ലോ സമദാനി. ഏതായാലും ഈ സംഭവം ഭരണകൂടത്തിന് നല്ല പാഠമാകട്ടേ. ഇത് അന്വേഷണത്തിന്റെ ശരിയായ രൂപമല്ലെന്നും മെയിൽ പരിശോധിക്കുന്നതും അതിന്റെ പേരിൽ ആളുകളെ സംശയിക്കുന്നതും തികഞ്ഞ വങ്കത്തമാണെന്നും അവർ മനസ്സിലാക്കട്ടേ.

CKLatheef പറഞ്ഞു...

ഗുജറാത്തിൽ സുഖമമായി നടക്കുന്നത് അത്ര സുന്ദരമായി കേരളത്തിൽ നടത്താനാവില്ലെന്നും. ഭരണതലത്തിലും ഉദ്യോഗസ്ഥരിലും പൊതുസമൂഹത്തിലും വർഗീയത അത്രയും വ്യാപിച്ചിട്ടില്ലെന്നും. അതിനാൽ ആരാണ് പിന്നിലെങ്കിലും ഇത്തരം കാര്യങ്ങൾ സുഖമമായി നടത്താനാവില്ലെന്നും മുൻനിയമ മന്ത്രകൂടിയായ എം. വിജയകുമാറിന്റെ ലേഖനം വ്യക്തമാക്കുന്നു. അത് ഇവിടെ വായിക്കുക.

CKLatheef പറഞ്ഞു...

ഈ വിഷയത്തില്‍ വര്‍ത്തമാനം ദിനപത്രം ഉന്നയിക്കുന്ന പ്രസക്തമായ ചില ചോദ്യങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

CKLatheef പറഞ്ഞു...

വിജു വി നായരുടെ ഏറ്റവും പുതിയ ലേഖനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK