'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജനുവരി 18, 2012

O. അബ്ദുല്ല ഉണ്ടാക്കുന്ന അപശബ്ദങ്ങൾ...

'ഈയിടെ കൊടിയത്തൂര്‍-കാരശ്ശേരി പ്രദേശങ്ങളിലെ മുജാഹിദ്‌-ജമാഅത്തെ ഇസ്‌ലാമി പ്രാദേശിക ഘടകങ്ങളുടെ മേല്‍കൈയ്യില്‍ നടന്ന `ഇബാദത്ത്‌' സംബന്ധമായ സംവാദത്തില്‍ നിരീക്ഷകനായി സംബന്ധിക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ പങ്കെടുക്കാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. സംവാദം എന്നും ഹരമാണ്‌.

വിശുദ്ധ ഖുര്‍ആനാവട്ടെ മാന്യമായ രീതിയിലുള്ള സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മേല്‍പറഞ്ഞ സംവാദം പരസ്‌പര ബഹുമാനത്തിന്റെ കാര്യത്തിലും മാന്യതയിലും ഉന്നതനിലവാരം പുലര്‍ത്തുന്നതായിരുന്നു. അതിനൊത്ത സദസ്സും. ഒരേ ഒരപശബ്‌ദമേ ആ സദസ്സിലുണ്ടായുള്ളൂ- അതാവട്ടെ ഈ ലേഖകന്റെ വകയും.' - ഒ. അബ്ദുല്ല.

മേൽ ഉദ്ധരണിയിൽനിന്ന് വായനക്കാർക്ക് ഏറെക്കുറെ കാര്യം മനസ്സിലായിരിക്കുമെന്ന് കരുതുന്നു. അഥവാ ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് മടവൂർ വിഭാഗവും ഇബാദത്ത് എന്ന വിഷയവുമായി ബന്ധപ്പെട്ട് മേൽ പറയപ്പെട്ട പ്രദേശത്ത് ഇഡോർ സ്റ്റേഡിയത്തിൽ  നടത്തിയ സംവാദ റിപ്പോർട്ട് പലരും നേരത്തെ വായിച്ചിട്ടുണ്ടാവും. പ്രസിദ്ധ കോളമിസ്റ്റായ ഒ. അബ്ദുല്ല സാഹിബ് അതിൽ പങ്കെടുത്ത വിവരവും അതേ റിപ്പോർട്ടിൽ കണ്ടിരുന്നു. പക്ഷെ അദ്ദേഹം അവിടെയുണ്ടാക്കിയ അപശബ്ദത്തെക്കുറിച്ച് അതിൽ പരമാമർശിച്ചിരുന്നില്ല.  വളരെ മാന്യമായി നടന്ന ആ സംവാദ സദത്തിൽ ഉയർത്തിയ ഒരേ ഒരു അപശബ്ദത്തിന്റെ ഉടമ
അദ്ദേഹമാണത്രെ. അത് എന്തായിരുന്നുവെന്ന് അദ്ദേഹം തന്നെ തുടർന്ന് വിശദീകരിക്കുന്നതിനാൽ അതേക്കുറിച്ച് അധികം പറയുന്നില്ല. മറിച്ച് അദ്ദേഹം ശബാബ് വാരികയിൽ എഴുതിയ ലേഖനത്തിലുയർത്തിയത് മുഴുവൻ അവിടെ ഉയർത്തപ്പെട്ട അപശബദ്ധത്തിന്റെ തുടർച്ചയാണ് എന്ന് ഒറ്റവായനയിൽ തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റിടുന്നത്.  ഇനി എന്താണ് അദ്ദേഹം ഉണ്ടാക്കിയ അപശബ്ദമെന്ന് നോക്കാം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ....

'ജമാഅത്ത്‌ പക്ഷത്തെ പ്രതിനിധീകരിച്ചു സംസാരിച്ച പണ്ഡിതന്‍ ഇ എന്‍ ഇബ്‌റാഹിം മൗലവി വ്യവസ്ഥയനുസരിച്ചു തനിക്കു ചോദ്യം ചോദിക്കാന്‍ ലഭിച്ച അഞ്ചു ചോദ്യങ്ങളില്‍ ഒന്നും രണ്ടും മൂന്നും നാലും ഒരേ ഒരു കാര്യം ഊന്നിപ്പറയാന്‍ ഉപയോഗിച്ചു- മുസ്‌ലിംകള്‍ അല്ലാഹുവല്ലാത്തവരെ അനുസരിക്കണമെന്ന്‌ (ഇത്വാഅത്ത്‌) ഖുര്‍ആനില്‍ നിന്ന്‌ ഒരൊറ്റ ആയത്തെങ്കിലും ഉദ്ധരിക്കാമോ എന്ന്‌ ഇ എന്‍ ആവര്‍ത്തിച്ചുന്നയിച്ചപ്പോള്‍ മുജാഹിദു പക്ഷത്തുനിന്നു മറുപടി പറഞ്ഞ യുവപണ്ഡിതന്‍ അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ പറഞ്ഞു: താങ്കള്‍ക്ക്‌ ചോദ്യം ചോദിക്കാന്‍ ലഭിച്ച നാലവസരങ്ങളും താങ്കള്‍ കുളമാക്കി. തദവസരം ഇ എന്‍ എന്താണ്‌ ലക്ഷ്യമാക്കുന്നത്‌ എന്ന്‌ നന്നായി അറിയാവുന്ന സദസ്സിലെ മുന്‍ സീറ്റിലിരുന്ന ഞാന്‍ വിളിച്ചു പറഞ്ഞു: അദ്ദേഹം അഞ്ചാമത്തെ അവസരവും കുളമാക്കും! '

അഞ്ച് ചോദ്യങ്ങൾ മുജാഹിദ് വിഭാഗത്തോട് ചോദിക്കാൻ ജമാഅതത് പക്ഷത്തിന് അവസരമുണ്ടായിരുന്നു. അതിൽ നാലെണ്ണത്തിലും ഒരു ചോദ്യം മാത്രമാണ് ഉണ്ടായിരുന്നത് ബാക്കിയെല്ലാം അതിന്റെ തന്നെ ആവർത്തനമായിരുന്നു എന്നാണ് ഇവിടെ പറയുന്നത്. അഥവാ ചോദിച്ചുകൊണ്ടിരുന്നപ്പോൾ മുജാഹിദ് പക്ഷത്ത് നിന്ന് കടുത്ത് ജമാഅത്ത് വിർശന പ്രാസംഗികനായ അബ്ദുലത്തീഫ് കരുമ്പിലാക്കൽ മുന്നറിയിപ്പ് നൽകിയത്രെ. മുജാഹിദ് സുന്നി സംവാദങ്ങൾ കണ്ടവർക്കറിയാം ഇത്തരം സംവാദങ്ങളിൽ ഇരുപക്ഷവും സ്ഥിരമായി നടത്തുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച്. അഞ്ച് ചോദ്യം ചോദിക്കുവാൻ അവസരം നൽകിയാൽ ചോദ്യം പോലെ തോന്നിക്കുന്ന ഏത് പരാമർശവും അവർ ചോദ്യമായി കണക്കാക്കും. ഇവിടെയും അത് സംഭവിച്ചിട്ടുണ്ടാകാം. കൂടുതൽ കനപ്പെട്ട ചോദ്യങ്ങളെ ഒഴിവാക്കാനുള്ള ഒരു തട്ടിപ്പ് മാത്രമാണ് ഇടക്കുള്ള ഈ വിളിച്ചു പറയൽ. അല്ലെങ്കിൽ ഒരു ചോദ്യം നാല് പ്രാവശ്യം ആവർത്തിച്ചാൽ നാല് ചോദ്യമാകുകയും അവസരം കുളമാക്കി എന്ന് വിളിച്ച് പറയേണ്ട ആവശ്യമെന്ത്. ജമാഅത്ത് പക്ഷം അതിലൂടെ നാല് ചോദ്യം ഉദ്ദേശിച്ചിരുന്നെങ്കിൽ അത് സൗകര്യമായി കാണുകയല്ലേ അവർ വേണ്ടിയിരുന്നത്. പക്ഷെ ഈ തന്ത്രം അറിഞ്ഞോ അറിയാതെയൊ ഈ പ്രയോഗം കേട്ടപ്പോൾ ജമാഅത്ത് വിമർശന കുറുക്കൻമാരുടെ കൂടെ കൂവാതിരിക്കാൻ ഒ. അബ്ദുല്ല സാഹിബിന് കഴിഞ്ഞില്ല. അല്ലെങ്കിൽ ഇ.എൻ ഇബ്രാഹിം മൗലവി ചോദ്യം കുളമാക്കിയാൽ അദ്ദേഹത്തിന് എന്ത് ചേതം. അദ്ദേഹം ജമാഅത്തുകാരനൊന്നുമല്ലല്ലോ.  അദ്ദേഹം തന്നെ സൂചിപ്പിച്ച പോലെ ഇത്  മാന്യതക്ക് നിരക്കാത്ത അപശബ്ദമാണ്. ഇതുപോലെ സദസിലെ ബാക്കിയുള്ളവരും ഇടപ്പെട്ടാൽ അലസിപ്പിരിഞ്ഞ ഒരു സംവാദം എന്ന ചീത്തപ്പേര് മാത്രമേ അതിന് ലഭിക്കുമായിരുന്നുള്ളൂ.

സത്യത്തിൽ ജമാഅത്ത് നേതാക്കളെ വിഢികളായി ചിത്രീകരിക്കാനുള്ള അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഒ. അബ്ദുല്ല സാഹിബ് എന്ന തോന്നലാണ് അദ്ദേഹത്തിന്റെ മിക്ക ജമാഅത്ത് വിമർശന ലേഖനങ്ങളും നമ്മുക്ക് നൽകുന്നത്. അദ്ദേഹം ഇതിൽ പങ്കെടുത്തത് തന്നെ അതിന് വേണ്ടിയായിരുന്നോ എന്ന് ആദ്യത്തിൽ തന്നെ അദ്ദേഹം വല്ലാതെ അലോചിക്കാതെ ഉണ്ടാക്കിയ അപശബ്ദം നമ്മുക്ക് സൂചന നൽകുന്നു. 

ഇത്തരം സംവാദങ്ങളിലെ തന്ത്രങ്ങളും ജനങ്ങളെ സ്വാധീനിക്കേണ്ട രീതികളെക്കുറിച്ചും ജമാഅത്ത് പ്രവർത്തകർക്ക് പരിശീലനം ഇല്ല. അതേക്കുറിച്ച് അറിയുമെങ്കിലും അത് അങ്ങനെതന്നെ ഉപയോഗപ്പെടുത്താൻ അവരുടെ ധാർമികത അനുവദിക്കുന്നില്ല. സംവാദങ്ങൾ വിജയിക്കാനോ പരാജപ്പെടുത്താനോ അല്ല അറിയാനും അറിയിക്കാനുമാണ് എന്ന് എല്ലാ സംവാദിത്തിന്റെയും ആമുഖത്തിൽ പറഞ്ഞാലും പലഘട്ടത്തിലും അതിൽ വിജയങ്ങൾക്ക് വേണ്ടി ശ്രമിക്കും. സ്വാഭാവികവുമാണത്. തങ്ങളുടെ വാദം സ്ഥാപിച്ചടുക്കാനാണല്ലോ ഓരോരുത്തരും ശ്രമിക്കുക. അതിൽ എല്ലായ്പ്പോഴും വിജയിക്കണമെന്നില്ല. കാരണം രണ്ട് കൂട്ടരുടെ പക്കലും അവരവർക്ക് ബോധ്യപ്പെട്ട തെളിവുകളെങ്കിലും ഉണ്ടാവും. പക്ഷെ പലപ്പോഴും സംവാദത്തിനിടയിൽ തങ്ങളുടെ വാദത്തിന്റെ ദൗർബല്യം പ്രകടമായാലും അവിടെ വാദത്തിൽ അൽപമെങ്കിലും അയവ് വരുത്തുന്നത് സംവാദവേദിയിൽ ഒരിക്കലും കണ്ടിട്ടില്ല. അത്തരം ഘട്ടത്തിൽ വിഷയം മാറ്റുകയോ മറ്റൊരു ആരോപണത്തിലേക്ക് കടക്കുകയോ ആണ് ചെയ്യാറുള്ളത്. അത് ഏത് സംവാദ വേദിയിലും കാണുന്ന കാഴ്ചയാണ്. അവിടെ ബുദ്ധി ഉപയോഗിച്ച് സത്യം കണ്ടെത്തേണ്ടത് പ്രേക്ഷകരുടെ ചുമതലയായി മാറും. ചിലർ അത്തരം ഘടത്തിൽ ചില പ്രത്യേക ട്രിക്കുകളിലൂടെ ബഹുജനത്തെ അപ്രകാരം ചിന്തിക്കാതെ തങ്ങളുടെ തെറ്റായ വാദത്തിൽ തന്നെ പിടിച്ചിരുത്താൻ ശ്രമിക്കുക എന്നതാണ് നടപ്പുശീലം. അതിലും പരാചയപ്പെടുമ്പോഴാണ് പുറത്തിറങ്ങി വിജയം ആഘോഷിക്കുന്നത്. മറ്റു ചിലപ്പോൾ സി.ഡി ഇറക്കി അതിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ നടത്തി പരിഹാരം തേടും. മറ്റു ചിലപ്പോൾ ലേഖനങ്ങളിലൂടെ മറ്റുള്ളവർ അമ്പേ പരാജയപ്പെട്ടുവെന്ന് വരുത്തി തീർക്കാൻ ശ്രമിക്കും.

അതുകൊണ്ട് തന്നെ കൃത്യമായി അവിടെ നടന്ന കാര്യങ്ങൾ വിശകലനം ചെയ്യണമെങ്കിൽ ആ സംവാദത്തിന്റെ സി.ഡി കാണേണ്ടതുണ്ട്. ജമാഅത്ത് പക്ഷത്ത് നിന്ന് ഈ വിഷയത്തിൽ ഒരു ലേഖനമോ വിലയിരുത്തലോ ശ്രദ്ധയിൽ പെട്ടിട്ടില്ല. അത്രയേ അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളൂവെന്നത് കൊണ്ടാകാം. അവിടെ ഏതെങ്കിലും ഒരു സംഘം ജയിച്ചാലും തോറ്റാലും വസ്തുത വസ്തുതകളായി തന്നെ എല്ലാവർക്കും ലഭ്യമായ രൂപത്തിൽ ലിഖിതമായി തന്നെ ലഭ്യമാണ്. പുതിയ വിഷയമൊന്നുമല്ലാത്തതിനാൽ അവ അത്ര ആകാംക്ഷയോടെ ആരും കാത്തിരിക്കുന്നുമുണ്ടാവില്ല. കേവലം ഒരു കൗതുകത്തിനപ്പുറം ഇത്തരം സംവാദത്തിൽ അൽപം വിഷയ ഗ്രാഹ്യതയുള്ളവർക്ക് താൽപര്യവും ഉണ്ടാവാനിടയില്ല.

ഈ സംവാദത്തിലെ വിഷയമല്ല ഇവിടെ പ്രസക്തമാക്കുന്നത്. ഒ. അബ്ദുല്ല സാഹിബ് നടത്തിയ ചില പരാമർശങ്ങളാണ്. പുസ്‌തകങ്ങളാല്‍ വേട്ടയാടപ്പെടുന്നവര്‍ എന്നാണ് അദ്ദേഹം തന്റെ നീരീക്ഷണ ലേഖനത്തിന് നൽകിയ തലക്കെട്ട്. ഇബാദത്ത് എന്ന വിഷയത്തിൽ ജമാഅത്ത് പുറത്തിറങ്ങിയ പുസ്തകത്തിൽ ധാരാളം അബദ്ധമുണ്ടെന്നോ അത് ഇപ്പോൾ തള്ളിപ്പറയാനാവാതെ കഷ്ടപ്പെടുന്നുവെന്നോ അല്ല അദ്ദേഹം ഉദ്ദേശിക്കുന്നത്. മറിച്ച് താൻ ചില ബുദ്ധി നേരത്തെ ജമാഅത്തിനെ ഉപദേശിച്ചിരുന്നു പക്ഷെ അത് സ്വീകരിക്കാത്തതിനാൽ ഇപ്പോൾ ജമാഅത്ത് ഇത്തരം സംവാദത്തിൽ കുടുങ്ങുന്നത് ജമാഅത്ത് നേരത്തെ ഇറക്കിയ പുസ്തകങ്ങളിലുള്ള അബദ്ധങ്ങൾ കാരണമാണ് എന്ന ധ്വനിയാണ് ലേഖനത്തിൽ നിന്ന് എനിക്ക് വായിച്ചെടുക്കാൻ കഴിയുന്നത്.

പതിവു പോലെ ശബാബ് വാരികയിൽ വന്ന അദ്ദേഹത്തിന്റെ ലേഖനം പൂർണമായി തന്നെ ഇവിടെ വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നു. അദ്ദേഹത്തിന്റെ തുടർന്നുള്ള വരികൾ കാണുക.

'അഞ്ചാമത്തെ അവസരത്തിലും ജമാഅത്ത്‌ പക്ഷം അത്‌ തന്നെ ചെയ്‌തു. കഴിഞ്ഞ നാലു ചോദ്യങ്ങളുടെ കാര്യത്തില്‍ അനുവര്‍ത്തിച്ച പോലെ അല്ലാഹു അല്ലാത്തവര്‍ക്ക്‌ `ഇത്വാഅത്ത്‌' പാടുണ്ടെന്നതിന്‌ ഖുര്‍ആനിക തെളിവിന്നായി ഇ എന്‍ നിര്‍ബന്ധം പിടിച്ചു. നാലാമത്തെ ചോദ്യവേളയില്‍ ഞാന്‍ അദ്ദേഹത്തിന്ന്‌ കൊടുത്തയച്ച കുറിപ്പിലൂടെ (താങ്കളുടെ നിലപാടു വ്യക്തമാണെങ്കിലും സദസ്സിന്‌ ഈ നിര്‍ബന്ധം പിടിക്കലിന്റെ ന്യായം ബോധ്യമാവണമെങ്കില്‍, ഖുര്‍ആനികമായ അത്തരം ഒരായത്തിന്റെ അഭാവത്തിന്‌ എന്താണ്‌ ലക്ഷ്യമാക്കുന്നത്‌ എന്നു കൂടി വിശദീകരിക്കണമെന്നാവശ്യപ്പെടുന്നതായിരുന്നു എന്റെ കുറിപ്പ്‌). സദസ്സിന്‌ കാര്യങ്ങള്‍ മനസ്സിലാവാന്‍ `ഈജാസിന്ന്‌ പകരം ഇത്തരം ഒരു ഇത്വ്‌നാബ്‌' ആവശ്യമായിരുന്നു. '


അഥവാ തുടർന്നുള്ള ചോദിക്കാനുള്ള അവസരവും ഇ.എൻ കുളമാക്കി. എനിക്കിവിടെ സംശയം അഞ്ച് ചോദ്യം ചോദിക്കാനുള്ള അവസരത്തിൽ ജമാഅത്ത് പക്ഷത്ത് നിന്ന് ഒരു ചോദ്യം മാത്രമേ ഉള്ളുവെങ്കിൽ മറ്റുള്ളവർ അതിൽ അസ്വസ്ഥത കാണിക്കേണ്ട ആവശ്യമെന്താണ്. ആ ചോദ്യത്തിന്റെ മറുപടിയിൽ നിന്ന് ചില കാര്യങ്ങൾ സദസ്യരെ ബോധ്യപ്പെടുത്താനുള്ള ശ്രമമായിരിക്കും ഇ.എൻ ഉദ്ദേശിച്ചിട്ടുണ്ടാവുക എന്ന് കരുതി മിണ്ടാതിരുന്നാൽ പോരെ. ഇവിടെ മുജാഹിദ് പക്ഷത്തിനുള്ളതിനേക്കാൾ വെപ്രാളം ഒ. അബ്ദുല്ല സാഹിബ് കാണിക്കേണ്ടതുണ്ടോ ?. സദസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത് രണ്ട് പാനലിലും ചർച നടത്തുന്നവരുടെ ഉത്തരവാദിത്തമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇവിടെ അനാവശ്യമായ ഒരു സമ്മർദ്ദം ഉണ്ടാക്കുക എന്നതിൽ കവിഞ്ഞ് ഒ. അബ്ദുല്ല സാഹിബ് ഇവിടെ ഇത്വ്‌നാബ്‌ (വലിച്ച് നീട്ടിപ്പറയാൻ) ആവശ്യപ്പെടുന്നതിൽ കൂടി സംഭവിക്കുന്നില്ല. കാരണം ചോദ്യത്തിലിലല്ലല്ലോ അത് വരേണ്ടത്. ഏതായാലും അടുത്ത പ്രാവശ്യം ഇത്തരം സംവാദ പാനലിൽ അബ്ദുല്ല സാഹിബിനെ മുജാഹിദുകൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കട്ടേ.

'മുജാഹിദു പക്ഷം തങ്ങള്‍ക്കു ലഭിച്ച അവസരം- ശരിക്കും മുതലാക്കുകയായിരുന്നു. അവര്‍ കിട്ടിയ അവസരം ഉപയോഗിച്ചു പരമാവധി പരത്തിപ്പറഞ്ഞു. ഇബാദത്തിന്‌ ആരാധന, അനുസരണം, അടിമവൃത്തി എന്നീ മൂന്നര്‍ഥങ്ങളുണ്ടെന്നും സൂറത്തു ഫാത്തിഹയിലെ ഇയ്യാക്കനഅ്‌ബ്‌ദു എന്നിടത്ത്‌ ഒരേ അവസരം ഈ മൂന്നര്‍ഥങ്ങളും വിവക്ഷിതമാണെന്നുമുള്ള മൗദൂദി സാഹിബിന്റെ അഭിപ്രായം അദ്ദേഹത്തിന്ന്‌ മുമ്പ്‌ മറ്റാരെങ്കിലും പറഞ്ഞതായി ഉദ്ധരിക്കാമോ എന്ന്‌ അവര്‍ ആവര്‍ത്തിച്ചു ചോദിച്ചു. ഈ ചോദ്യത്തെ ഒരു കൂസലുമില്ലാതെ `ഇല്ലാ' എന്ന്‌ പറഞ്ഞുകൊണ്ടു ഇ എന്‍ നേരിട്ടത്‌ സദസില്‍ കൗതുകമുണര്‍ത്തി. ഇ എന്നിന്‌ മുമ്പ്‌ ജമാഅത്ത്‌ പക്ഷത്തു നിന്ന്‌ മറ്റാരും ഇങ്ങനെ പറഞ്ഞതായി അറിയില്ല. സൂറത്തുല്‍ കഹ്‌്‌ഫിലെ (വലാ തുത്വിഅ്‌ മന്‍ അഗ്‌ഫല്‍നാ ഖല്‍ബഹു അന്‍ ദിക്‌റിനാ) എന്ന സൂക്തം ഓതി അല്ലാഹു അല്ലാത്തവരെയും അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാത്തവരെയും ഒരു തരത്തിലും അനുസരിക്കാന്‍ പാടില്ലെന്ന്‌ ഇ എന്‍ വാദിച്ചു. അതിനായദ്ദേഹം മുന്‍കാല പണ്ഡിതരെ നിര്‍ബാധം ഉദ്ധരിക്കുകയും ചെയ്‌തു.'

ഇവിടെ ഇ.എൻ ചെയ്തത് തന്നെയാണ് ശരിയായ നിലപാട്. ഇബാദത്തിന് ആരാധന എന്ന് മാത്രമേ അർഥം വരാൻ പാടുള്ളൂവെന്ന വാദത്തിൽ നിന്ന് മുജാഹിദുകൾ പിൻവലിയുന്നതാണ് ബ്ലോഗിലെയും ഫെയ്സ് ബുക്കിലെ ചർചയിലെയും അനുഭവം. കാരണം വ്യക്തം, അതിനെതിരെയുള്ള തെളിവുകളുടെ സുഭിക്ഷത തന്നെ. എന്നാൽ ഇത്തരം സംവാദങ്ങളിൽ വാക്കുകളിൽ കുടുക്കാനുള്ള ശ്രമമുണ്ടാവും അത് മുൻകൂട്ടി കണ്ടാണ്. ഇൻ.എൻ അങ്ങനെ പറഞ്ഞത്. ഇവിടെ ഇല്ലാ എന്ന് ഇ.എൻ പറഞ്ഞതുകൊണ്ട് ഫാതിഹയിലെ ഇയ്യാക്ക നഅ്ബുദു എന്നിടത്ത് മൂന്നർഥവും വരുന്നില്ല എന്ന് സ്ഥാപിക്കാനാവില്ല. കാരണം പ്രബലരായ മുഫസ്സിറുകളുടെ തഫ്സീർ പരിശോധിച്ചാൽ പലരും സൗകര്യാനുസരണം ഈ മൂന്നെണ്ണെത്തിൽ ഒന്നോ എല്ലാ ഉൾപ്പെടുന്ന വിധമോ വിശദീകരിച്ചതായി കാണാം. ധാരാളം പോസ്റ്റുകളിൽ ഇതേ വിഷയം ചർച ചെയ്തതിനാൽ വിടുന്നു. ഇവിടെ ചോദ്യം. ഇബാദത്തിന്‌ ആരാധന, അനുസരണം, അടിമവൃത്തി എന്നീ മൂന്നര്‍ഥങ്ങളുണ്ടെന്നും സൂറത്തു ഫാത്തിഹയിലെ ഇയ്യാക്കനഅ്‌ബ്‌ദു എന്നിടത്ത്‌ ഒരേ അവസരം ഈ മൂന്നര്‍ഥങ്ങളും വിവക്ഷിതമാണെന്നുമുള്ള മൗദൂദി സാഹിബിന്റെ അഭിപ്രായം അദ്ദേഹത്തിന്ന്‌ മുമ്പ്‌ മറ്റാരെങ്കിലും പറഞ്ഞതായി ഉദ്ധരിക്കാമോ ? ഇങ്ങനെ ഒരു ക്രോഡീകരണം മൗദൂദിക്ക് മുമ്പ് ഇതേ പോലെ ആരും നടത്തിയിട്ടില്ലെങ്കിൽ എന്താണ് കുഴപ്പം. മുൻകാലക്കാർ പറഞ്ഞത് അതേപോലെ കോപ്പി പേസ്റ്റ് ചെയ്യുന്നതാണ് പിൽകാല പണ്ഡിതരുടെ കടമ എന്ന് പറയുന്നത് മൂഢത്തരം മാത്രമാണ്. ഇത് പോലെ ഓരോ പണ്ഡതനോടും ചോദിക്കാം. ഈ മൂന്നർഥവും ലഭിക്കുന്ന വിധത്തിലാണ് പൂർവകാല വ്യാഖ്യാതാക്കൾ അതിന് വിശദീകരണം നൽകിയിട്ടുള്ളത്. മുജാഹിദിലെ മൺമറഞ്ഞ പണ്ഡിത ശ്രേഷ്ടനായ അമാനി മൗലവി ഇബാദത്തിന് അപ്രകാരം അർഥം നൽകിയതും അതുകൊണ്ട് തന്നെ അല്ലാതെ അദ്ദേഹം മൗദൂദി എഴുതിവെച്ചത് കോപ്പിയടിക്കുകയായിരുന്നുവെന്ന് മുജാഹിദ് കാരൻ പോലും പറയില്ല.

സത്യത്തിൽ ഈ ചോദ്യത്തിലുള്ള ചിന്താശൂന്യതയും കുടിലതയും തുറന്ന് കാണിക്കുകയല്ലേ ഒ. അബ്ദുല്ല സാഹിബ് നിഷ്പക്ഷനെങ്കിൽ ചെയ്യേണ്ടിയിരുന്നത്?.

(തുടരും.... )

11 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

തുടർന്നുള്ള പോസ്റ്റുകൾ വായിക്കുന്നതിന് മുമ്പ് പ്രസ്തുത ലേഖനം വായിക്കാത്തവർ ഇവിടെ ക്ലിക്ക് ചെയ്ത് ഒ. അബ്ദുല്ല സാഹിബിന്റെ ലേഖനം വായിക്കുക.

ajmal പറഞ്ഞു...

ജമാഅത്ത് പ്രത്യയ ശാസ്‌ത്ര പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് താങ്കളോട് ആര് പറഞ്ഞു അബ്ദുള്ള സാഹിബേ......ഞാന്‍ ഒരു പ്രസ്ഥാന പ്രവര്‍ത്തകന്‍ അല്ല.....എന്നിരിക്കിലും കാര്യങ്ങള്‍ അറിയാനുള്ള ആഗ്രഹം കൊണ്ടു ചോദിച്ചതാ..സാഹിബിനു ജമാഅത്ത് വിരോധം ഇല്ല...എന്നാല്‍ അത്രക്ക് അങ്ങോട്ട്‌ പിടിക്കുന്നുമില്ല....ഈ പിടിക്കായ്ക എന്താണെന്നു തുറന്നു പറയുന്നുമില്ല....അപ്പോളെങ്ങിനെ വഞ്ചി ഒരു കരക്കടുക്കും?

Anees Aluva പറഞ്ഞു...

Do you have video of this program.Please provide video link.
aneesaluva@gmail.com

Kamar പറഞ്ഞു...

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തീവ്രമായ മുജാഹിദ്‌ വിമര്‍ശനങ്ങളുടെ വക്താവായിരുന്നു ഒ.അബ്ദുള്ള സാഹിബ്. ഇന്നും പൂര്‍ണമായി അതില്‍ നിന്ന് മുക്തമാണ് എന്ന് പറയാനുതകുന്ന തെളിവൊന്നുമില്ല. മീഡിയകളുടെ ദൌര്‍ലഭ്യവും, വ്യക്തിപരമായ വിദ്വാഷങ്ങളും ഒരു പരിധിവരെ തീവ്രത കുറക്കാന്‍ സഹാചിട്ടുണ്ട്. ഒ-അബ്ദുള്ള സാഹിബ് ജമാഅത്തിനെ വിമര്‍ശിക്കാരുന്ടെങ്കിലും; മൌദൂദിയുടെ ആദര്‍ശ-നിലപാടുകളെ ഇതുവരെ വിമര്‍ശിച്ചിട്ടില്ല. അതിനാല്‍ പ്രസ്തുത ലേഖനത്തില്‍ സ്വന്തം നിലപാട് അദ്ദേഹം വ്യക്തമാക്കുന്നില്ല.
എന്നാല്‍ മുജാഹിദുകളുടെ പത്ര-പ്രസിദ്ധീകരണം ഉപയോഗിച്ച് അവരെ തന്നെ അറിഞ്ഞോ, അറിയാതെയോ അദ്ദേഹം പ്രഹരിക്കുന്നുണ്ട്. അതിന് ഏറ്റവും നല്ല തെളിവാണ് പ്രസ്തുത ലേഖനത്തിന്‍റെ തുടക്കവും ഒടുക്കവും
Heading ഇങ്ങിനെ വായിക്കാം: "പുസ്‌തകങ്ങളാല്‍ വേട്ടയാടപ്പെടുന്നവര്‍"
ഇബാദത്തിന്‍റെ വിഷയത്തില്‍ തന്നെ വിശദീകരിക്കാന്‍ പറ്റാത്ത/ശ്രമിക്കാത്ത വൈരൂധ്യങ്ങലാണ് ഉമര്‍ മൌലവി,മുഹമ്മദ്‌ മൌലവി, ചെറിയമുണ്ടം,സലാം സുല്ലമി.. തുടങിയവര്‍ വിവിധ ഗ്രന്ഥങ്ങളില്ലായി എഴുതിവിട്ടിരിക്കുന്നത്.

അവസാന ഭാഗത്ത്‌ പുസ്തകങ്ങളാല്‍ വേട്ടയാടപ്പെടാത്തവരായി ഉദ്ധരിക്കുന്നത് പോലും ഇന്നലെ വന്ന SDPI യെ. ഒരു ആത്മപരിശോദന നടത്തീട്ട് പോരെ മുജാഹിദ്‌കാരെ മറ്റുള്ളവരെ വിമര്‍ശിക്കല്‍.

Ashraf പറഞ്ഞു...

'ജമാഅത്തിന്' വ്യവസ്ഥയനുസരിച്ച് ലഭിച്ച അഞ്ച് ചോദ്യാവസരവും ഒരേചോദ്യം തന്നെ ആവര്‍ത്തിച്ചുന്നയിച്ചുവെങ്കില്‍ അത് ജമാഅത്ത് സംഘത്തിന്‍റെ സംവാദപരിചയക്കുറവോ അവസരം നഷ്ടമാക്കലോ ആയി മനസ്സിലാക്കുന്നതില്‍ തെറ്റുണ്ടെന്ന് കരുതാനാവില്ല..

ഓ അബ്ദുള്ളയുടെ 'അപശബ്ദം', അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് ഒരു പക്ഷെ അപശബ്ദമായി തോന്നിക്കൊള്ളനമെന്നില്ല, കാരണം അത് അദ്ദേഹത്തിന്‍റെ പ്രകൃതമാണ്, (ഉരുളക്കുപ്പേരി എപ്പോഴും വരും). എഴുത്തിലെ സ്വയവിമര്‍ശം എന്നതില്‍ കവിഞ്ഞു അതിനു പ്രാധാന്യം നല്‍കേണ്ടതുമില്ല. അസ്വസ്ഥത, വെപ്രാളം, മിണ്ടാതിരിക്കുക എന്നതൊക്കെ അതിവായനയാണ്

ഓ. അബ്ദുല്ലയുടെ ജമാഅത്ത് ശത്രുത പരസ്യമാണ്, എങ്കിലും അദ്ദേഹത്തിന്‍റെ വിമര്‍ശനം ജമാഅത്ത് ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാനആശയങ്ങള്‍ക്ക്‌ ഇപ്പോഴും എതിരായതായി അറിയില്ല. വിമര്‍ശനം പലപ്പോഴും അതിന്‍റെ ചുരുക്കം നേതൃത്വത്തോടും അവരെടുക്കുന്ന നയനിലപാടുകളോടുമാണ്. എല്ലാ ജമാഅത്തുകരോടും അദ്ദേഹത്തിന് വെറുപ്പുണ്ടെന്ന് പറയുന്നതും സത്യമായിക്കൊള്ളനമെന്നില്ല.

ഈ അര്‍ത്ഥത്തില്‍, ഈയെന്നിനോട് ഇത്വ്‌നാബ്‌(വലിച്ച് നീട്ടിപ്പറയാൻ) ആവശ്യപ്പെട്ടത് തന്‍റെ സഹചാരി താന്‍കൂടി അംഗീകരിക്കുന്ന സത്യങ്ങള്‍ വേണ്ടവിധത്തില്‍ സദസ്സിനെ ബോധ്യപ്പെടുത്തുന്നില്ല എന്ന തിരിച്ചറിവാകാം (ഓ അബ്ദുള്ള അവിടെ ഒരു ശ്രോദ്ധാവ് മാത്രമാണ്),

ഓ. അബ്ദുള്ള തന്‍റെ ലേഖനം ശബാബിന് വേണ്ടി എഴുതിയപ്പോഴുള്ള കുരുട്ടുബുദ്ധി, ഈയെന്നിന് കുറിപ്പ് കൊടുത്തപ്പോള്‍ ഉണ്ടെന്ന് മനസ്സിലാക്കുന്നതും അതിവായനയാണ്. സാധ്യത കൂടുതല്‍ താന്‍ ഇഷ്ടപ്പെടുന്ന സഹാചാരിയെ സഹായിക്കുക എന്നതിനാവും.

എന്തു തന്നെയായാലും, ഒരേ ചോദ്യം നാലുതവണ ആവര്‍ത്തിക്കപ്പെട്ടപ്പോഴും ഉത്തരം ലഭിക്കാതിരുന്നതിനാല്‍ അഞ്ചാംതവണ ചോദ്യം സദസ്സിനെ അല്പം ഇത്വ്‌നാബ്‌ നല്‍കി ആവര്‍ത്തിക്കുന്നതാണ് വീണ്ടും ഈജാസായി തന്നെ ചോദിച്ച് പണികഴിക്കുന്നതിനേക്കാള്‍ നല്ലത്.. ഇത് ഓ അബ്ദുള്ള പറഞ്ഞതുകൊണ്ട് തെറ്റാണെന്ന് പറയാനാവില്ല.

"ഇല്ലാ" മറുപടി മൌദൂദി പറഞ്ഞത് ദീനില്‍ പുതിയ കാര്യമാണോ എന്ന ധ്വനി നല്‍കാന്‍ ഇടനല്കും, വേദി സംവദമാകയാല്‍, വിശദീകരണം അവിടെ തന്നെ നല്‍കേണ്ടതായിരുന്നു, പകരം ഇവിടെ എത്ര ഇത്വ്‌നാബ്‌ നടത്തിയിട്ടും പ്രയോജനമുണ്ടെന്നു കരുതാനാവില്ല.

Mohamed പറഞ്ഞു...

പശുവിനെ പറ്റി ലേഖനമെഴുതാൻ തുടങ്ങി പശുവിനെക്കെട്ടിയ തെങ്ങിനെക്കുറിച്ച് ഉപന്യസിച്ച് ഒ.അബ്ദുല്ല സാഹിബ് ഈ തവണയും തന്റെ മനസ്സിലെ ജമാഅത്ത് വിരോധം തീർത്തു. ആദ്യ രണ്ട് മൂന്ന് പാരഗ്രാഫിൽ സംവാദത്തെക്കുറിച്ച് പറഞ്ഞ് മതിയാക്കി. നിഷ്പക്ഷരായവർക്ക് ആരും തോറ്റതായി തോന്നിയില്ലെങ്കിൽ ചിലർ തോൽക്കാത്തതിലുള്ള ഈറ അബ്ദുല്ല സാഹിബ് ലേഖനമെഴുത്തി വീട്ടി.

സംവാദത്തിൽ ജമാഅത്ത് ചോദ്യത്തിന് മുജാഹിദുകൾ എന്തു മറുപടി പറഞ്ഞു എന്ന് അബ്ദുല്ലാ സാഹിബിന്റെ ലേഖനം ആകെ അരിച്ചു പെറുക്കിയിട്ടും കണ്ടില്ല. നേരെ മറിച്ച് മുജാഹിദുകളുടെ ചോദ്യത്തിന് ഇ.എൻ.പറഞ്ഞ മറുപടി അബ്ദുല്ലാ സാഹിബിന് ഇഷ്ടപ്പെട്ടില്ലെങ്കിലും ആ മറുപടി ഇസ്ലാമികമായി അസ്ഥാനത്താണെന്ന് പറയാൻ അദ്ദേഹത്തിനു കഴിയുന്നില്ല. എന്നിട്ടും എന്തേ അതിൽ അബ്ദുല്ലാ സാഹിബിന് അസംത്ര്പ്തി എന്നു ചോദിച്ചാൽ അതിനുമില്ല ലേഖനത്തിൽ ഉത്തരം. ഇതാണ് നിഷ്പക്ഷത! ഇതാണ് നുമ്മ പറഞ്ഞ നിഷ്പക്ഷത!!

അങ്ങനെ പശുവിൽ നിന്ന് നേരെ തെങ്ങു വിശദീകരണമാണ് പിന്നെ വരുന്ന നീളൻ പാരഗ്രാഫുകൾ (എതാണ്ട് മുക്കാൽ ഭാഗത്തിലേറെ!). അതു മുഴുവൻ വായിച്ച് നോക്കിയാൽ ആകെ മൊത്തം മനസ്സിലാവുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്:.

ഒന്ന്, വെൽഫെയർ പാർട്ടി ഉണ്ടാക്കിയതിനെ ന്യായീകരിക്കാൻ വഴിയില്ലാതെ ആരിഫലി സാഹിബും ശൈഖ് മുഹമ്മദ് സാഹിബും മൌദൂദിയെ തള്ളിപ്പറയുകയും തറവേലകാണിക്കുകയും ചെയ്തു.

രണ്ട്, മൌദൂദി സാഹിബിന്റെ സാഹിത്യങ്ങൾ ധാരാളം പ്രസിദ്ധീകരിച്ച് പ്രചരിപ്പിച്ച ജമാഅത്തെ ഇസ്ലാമിക്ക് ആ സാഹിത്യങ്ങളും , മൌദൂദിയുടെയും ആദ്യകാല ജമാഅത്തിന്റെയും നിലപാടുകളും ഇപ്പോൾ വലിയ പ്രശ്നമായിരിക്കുന്നു. അവ അംഗീകരിക്കുന്ന കാലത്തോളം ജമാഅത്തെ ഇസ്ലാമിക്ക് പണ്ട് കൈകൊണ്ട നിലപാടുകളല്ലാതെ മറ്റൊരു നിലപാടും ലോകാവസാനം വരെ കൈകൊള്ളാൻ പറ്റില്ല.

മേൽ രണ്ടു വാദങ്ങളെ നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

Mohamed പറഞ്ഞു...

മേൽ രണ്ടു വാദങ്ങളെ നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

മൌദൂദിയെ തള്ളിപ്പറഞ്ഞോ?. ആര്? എപ്പോൾ?. എന്താണ് അമീറും ശൈഖ് സഹിബും മൌദൂദിയെ പറ്റി പറഞ്ഞത്?. മൌദൂദിക്ക് ജമാഅത്തെ ഇസ്ലാമി അപ്രമാദിത്തം കൽപ്പിക്കുകയോ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ മാറ്റമില്ലാത്ത നിലപാടുകളായി മുറുകെപ്പിടിക്കുകയോ ചെയ്യുന്ന പ്രസ്ഥാനമല്ല ജമാഅത്തെ ഇസ്ലാമി എന്നു പറഞ്ഞിട്ടുണ്ട്. അതിലപ്പുറം ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞതായി കാണിച്ച് തരാൻ ഒ.അബ്ദുല്ലാ സാഹിബിനോ മുജാഹിദുകൾക്കോ ലീഗുകാർക്കോ സഖാക്കൾക്കോ സമസ്തക്കാർക്കോ സാധിച്ചിട്ടുമില്ല.

മേല്പറഞ്ഞ കാര്യം മൌദൂദിയെ തള്ളിപ്പറയലാണെങ്കിൽ ആ തള്ളിപ്പറച്ചിൽ ആദ്യകാലം മുതൽ ജമാഅത്ത് നിരന്തരം നടത്തുന്ന തള്ളിപ്പറച്ചിലാണ്. കുറേ കാലം ജമാഅത്തിനോടൊപ്പം യാത്ര ചെയ്ത ഒ.അബ്ദുല്ല സാഹിബ് അന്നൊക്കെ മൌദൂദിക്ക് അപ്രമാദിത്തം കൽപ്പിക്കുന്ന, മൌദൂദിയുടെ നിലപാടുകളെ വള്ളിപുള്ളി തെറ്റാതെ അനുകരിക്കുന്ന ഒരു ജമാഅത്തിനെ ആണോ ഇഷ്ടപ്പെട്ടിരുന്നത്?. ആരെയാണ് ഒ.അബ്ദുല്ല വഞ്ചിക്കുന്നത്?. ആരുടെ വഞ്ചനാവർത്തമാനത്തിനാണ് ഒ.അബ്ദുല്ലാ സാഹിബ് കയ്യടിച്ചു കൊടുക്കുന്നത്?.

മുസ്ലിം ലോകത്ത് മുൻപ് കടന്നു പോയ മഹാന്മാരായ മുജദ്ദിദുകളുടെ അനുയായികൾക്ക് പിന്നീട് സംഭവിക്കാറുള്ള ദുരന്തം ആദ്യകാലം മുതൽ തന്നെ മൌദൂദിയും ജമാഅത്തും നന്നായി മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. മഹാന്മാരായ നേതാക്കൾ അവരുടെ കാലത്ത് സമൂഹത്തിൽ എന്താണോ ഊന്നിപ്പറയേണ്ടത് അത് മനസ്സിലാക്കി അക്കാര്യം ശക്തമായി പറയുന്ന രീതിയാണ് സ്വീകരിക്കുക. അവരുടെ അനുയായികൾ ആ നേതാക്കളോടുള്ള ബഹുമാനം കൊണ്ട് അവർ കൈകൊണ്ട നിലപാട് ആണ് ലോകാവസാനം വരെ കൈകൊള്ളേണ്ടത് എന്ന രീതിയിൽ പെരുമാറാൻ തുടങ്ങും. പണ്ട് തലവേദന വന്നപ്പോൾ നേതാവ് പറഞ്ഞുതന്ന മരുന്ന് തന്നെ വർഷങ്ങൾക്ക് ശേഷം വയറിളക്കം വരുമ്പോൾ കഴിച്ചിട്ട് വല്ല ഫലവുമുണ്ടോ?. ഈ വിഢിത്തരത്തെ പറ്റി മൌദൂദിതന്നെയാണ് ഏറ്റവും കൂടുതൽ ബോധവാനായിരുന്നത്. അദ്ദേഹം അക്കാര്യം വളരെ ശക്തമായി ജമാഅത്തെ ഇസ്ലാമിയെ നിരന്തരം ഓർമ്മിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് സമൂഹത്തിന്റെ മാറ്റത്തിനനുസരിച്ച് ഇസ്ലാമിക താല്പര്യം എന്താണെന്ന് മനസ്സിലാക്കി അന്നന്ന് വേണ്ട നിലപാടുകൾ എടുക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. മൌദൂദിയുടെയും ആദ്യകാല ജമാഅത്തിന്റെയും തുടർച്ചയും വളർച്ചയുമാണ് ഇന്നത്തെ ജമാഅത്തെ ഇസ്ലാമി, അല്ലാതെ തള്ളി പറഞ്ഞ് ബന്ധം അറുത്ത്കളഞ്ഞ പ്രസ്ഥാനമല്ല.

ഇനി രണ്ടാമത്തെ ആരോപണം. പഴയ സാഹിത്യങ്ങളും അവയിലെ ഉള്ളടക്കവും ജമാഅത്തെ ഇസ്ലാമിയെ വേട്ടയാടുന്നുണ്ടോ?.

Mohamed പറഞ്ഞു...

ഇനി രണ്ടാമത്തെ ആരോപണം. പഴയ സാഹിത്യങ്ങളും അവയിലെ ഉള്ളടക്കവും ജമാഅത്തെ ഇസ്ലാമിയെ വേട്ടയാടുന്നുണ്ടോ?.

മൌദൂദി സാഹിത്യം മുഴുവൻ രണ്ട് കാര്യമാണ് ഉൾക്കൊള്ളുന്നത്.
ഒന്ന്: ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങൾ അതിന്റെ തനിമയോടെ വിശദീകരിക്കുക. അതിന്റെ സമഗ്രത, അതിന്റെ വിശ്വാസ, ധാർമ്മിക, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വൈജ്ഞാനിക സിദ്ധാന്തങ്ങൾ മുസ്ലിംകളിൽ പുന:സ്ഥാപിക്കുകയും സമൂഹത്തിൽ പ്രബോധനം ചെയ്യുകയും ചെയ്യുക.
രണ്ട്, അന്നത്തെ ചുറ്റുപാടിൽ ആ ഇസ്ലാമിക അടിത്തറയിൽ നിന്ന് ഏറ്റവും അനുയോജ്യമായ നിലപാട് ഏതാണെന്ന് കൂടിയാലോചിച്ചും ചിന്തിച്ചും അന്നത്തേക്ക് പറ്റിയ നിലപാട് വിശദീകരിക്കുക.

മുകളിൽ പറഞ്ഞ ഒന്നാമത്തെ കാര്യം ഖിയാമത്ത് നാൾ വരെ മാറ്റമില്ലാത്ത ഇസ്ലാമിക വിശ്വാസ സംഹിതയുടെ വിശദീകരണമാണ്. നാല് സാങ്കേതിക പദങ്ങൾ പോലെ ഉള്ള സാഹിത്യങ്ങൾ, തഫ്ഹീമുൽ ഖുർആൻ തുടങ്ങി ധാരാളം പ്രയ്ത്നങ്ങൾ മുസ്ലിം സമുദായത്തെ അവരിൽ അരിച്ചു കയറിയ ശിർക്കിന്റെയും കുഫ്റിന്റെയും മാരക രോഗങ്ങളിൽ നിന്ന് കരകയറ്റാൻ വേണ്ടി നടത്തിയതാണ്.

എന്നാൽ രണ്ടാമത്തെ കാര്യം സ്വാതന്ത്ര്യത്തിനു മുമ്പുണ്ടായിരുന്ന ഇന്ത്യൻ സാഹചര്യം, വിഭജനം, വിഭജനാനന്തരമുള്ള പ്രശ്നങ്ങൾ എന്നിവയൊക്കെ പരിഗണിച്ച്, അതോടൊപ്പം വിരലിലെണ്ണാവുന്ന ആളുകൾ ചേർന്ന് രൂപീകരിച്ച ഈ കൊച്ചു സംഘത്തിന്റെ പരിമിതികൾ എന്നിവയൊക്കെ പരിഗണിച്ച് അന്ന് ഇസ്ലാമിന്റെ മാറ്റമില്ലാത്ത അടിസ്ഥാനങ്ങളെ പ്രായോഗികമായി എങ്ങനെ പ്രതിനിധീകരിക്കണം എന്ന് ചിന്തിച്ച് എടുത്ത നിലപാടുകളാണ്.

ഉദാഹരണത്തിന് ജനാധിപത്യം പോലെ മനുഷ്യൻ സ്വന്തം ഇഷ്ടത്തിന് കാര്യങ്ങൾ തീരുമാനിക്കുന്ന സിദ്ധാന്തങ്ങൾ അംഗീകരിക്കുകയോ അത് സ്ഥാപിക്കാനോ നിലനിർത്താനോ ലക്ഷ്യം വെച്ച് വോട്ടു ചെയ്യുകയോ പാടില്ല എന്ന് ജമാഅത്ത് പറഞ്ഞു. എന്നാൽ അതല്ലാത്ത മറ്റു ലക്ഷ്യം സാധിക്കാൻ വോട്ട് ചെയ്യേണ്ടി വരുമ്പോൾ പാടില്ല എന്ന് പറഞ്ഞിട്ടില്ല. അന്ന് അങ്ങനെ ഒരവസ്ഥ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ത്വാഗൂത്തിനെ സ്ഥാപിക്കാനോ നിലനിർത്താനോ വേണ്ടി അല്ലാതെ തന്നെ ത്വാഗൂത്തിന് വോട്ട് കൊടുക്കാൻ നിർബ്ബന്ധിതമായ അവസ്ഥ നാട്ടിൽ ഉണ്ട്. അബ്ദുല്ലാ സാഹിബ് ചെയ്യുന്നത് മൌദൂദി സാഹിത്യത്തിലെ ഈ രണ്ട് വിഭാഗവും ഒന്നാക്കി കൂട്ടിക്കുഴച്ച് ഈ സാഹിത്യങ്ങൾ മുഴുവൻ ചുട്ടു ചാമ്പലാക്കാതെ ജമാഅത്തെ ഇസ്ലാമിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ വോട്ട് ചെയ്യാനോ പാർട്ടി ഉണ്ടാക്കാനോ പറ്റില്ല എന്ന് വാദിക്കുകയാണ്. അറിവില്ലായ്മകൊണ്ടാണ് അബ്ദുല്ലാ സാഹിബിന് ഇങ്ങനെ ഒക്കെ തോന്നുന്നത് എന്ന് വിശ്വസിക്കാൻ സാധിക്കില്ല. എങ്കിൽ പിന്നെ അറിഞ്ഞുകൊണ്ട് ഈ വേഷം കെട്ടൽ എന്തു ലാഭത്തിനു വേണ്ടിയാണ് അബ്ദുല്ലാ സാഹിബേ?.

CKLatheef പറഞ്ഞു...

ഇവിടെ അഭിപ്രായം പറഞ്ഞ
അജ്മൽ,
അനീസ് ആലുവ,
ഖമർ,
അഷ്റഫ്,
മുഹമ്മദ് എല്ലാവർക്കും നന്ദി.
-----------------
@Anees Aluva ഇതിന്റെ സി.ഡി. ഇതുവരെ പുറത്ത് വന്നതായി അറിയില്ല.

@Qamar അബ്ദുല്ലാ സാഹിബിന്റെ നിലപാട് മൗലാനാ മൗദൂദി ഓ.കെ ജമാഅത്തെ ഇസ്ലാമി നേതാക്കൾ നോട്ട് ഒ.കെ എന്നതാണ്. ഈ ലേഖനവും അതുതന്നെയാണ് പറയാൻ ശ്രമിക്കുന്നത്. അടുത്ത പോസ്റ്റിൽ അത് കൂടുതൽ വ്യക്തമാവും.

@അശ്റഫ്, എന്റെ ഒരു അഭിപ്രായമാണ് ഞാൻ പ്രകടിപ്പിച്ചത്. അത് ചിലതെല്ലാം അതിവായനയാണ് എന്ന് തോന്നുന്നവരുണ്ടാകും. അതിനെ ആ നിലക്ക് ഞാൻ അംഗീകരിക്കുന്നു. ഈ പോസ്റ്റിന്റെ അടുത്ത ഭാഗം കൂടി വായിക്കുമ്പോൾ ഞാൻ പറയുന്നത് കൂടുതൽ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു.

@മുഹമ്മദ്, താങ്കളുടെ വിലപ്പെട്ട വിലയിരുത്തലിന് നന്ദി. ജനാധിപത്യത്തെ ഇസ്ലാമിക പ്രസ്ഥാനം എന്നും വിലമതിച്ചിട്ടുണ്ട്. മൗദൂദി ജനാധിപത്യത്തെ വിശകലനം ചെയ്തപ്പോൾ മതേതരത്വം എന്നറിയപ്പെട്ട മതവിരുദ്ധ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലെ ജനാധിപത്യമതേതരത്വ വ്യവസ്ഥയായിരുന്നു പരിചിതമായിരുന്നത്. നേരത്തെ തുർക്കിയിലും മറ്റും നിലനിന്ന രൂപത്തിൽ ആ ജനാധിപത്യമതേതരത്വവും ഇസ്ലാമും ഒരു ബന്ധവുമില്ല എന്നും അതിൽ പുൽകുകയാണെങ്കിൽ അത് നിങ്ങളുടെ ദീനിനെ പുറകിലേക്ക് വലിച്ചെറിയാലായിരിക്കുമെന്നൊക്കെ പറയുന്നതിന് മുമ്പ്. ജനാധിപത്യമൂല്യങ്ങളെ മൗദൂദി അംഗീകരിച്ചത് ആ പുസ്തകത്തിൽ തന്നെ വിശദീകരിച്ചിട്ടുണ്ട്. മൗദൂദിയുടെ ആ വിശകലനം ഇന്നും പ്രസക്തമാണ്. വിവിധ തരം ജനാധിപത്യങ്ങളെക്കുറിച്ച് ഈ ബ്ലോഗിൽ വിശദമായി ചർച ചെയ്തു കഴിഞ്ഞതാണ്. അടിസ്ഥാനങ്ങളിൽ ഉറച്ച് നിന്ന് നിലവിലെ വ്യവസ്ഥയോട് എന്ത് സമീപനം സ്വീകരിക്കണം എന്നതിൽ സാഹചര്യത്തിന് വലിയ പങ്കുണ്ട്. മൗദൂദി ഒരിക്കലും അത്തരം മാറ്റം നിരാകരിച്ചിട്ടില്ല. ഇവിടെ ജമാഅത്ത് വിമർശകർ പ്രചരിപ്പിക്കുന്നത് വോട്ട് ചെയ്യുന്നത് മൊത്തമായി മൗദൂദി വിലക്കിയിട്ടുണ്ട് എന്നതാണ്. അദ്ദേഹം തന്നെ വോട്ടെടുപ്പിൽ പങ്കെടുക്കുകയും ഇന്ത്യൻ പ്രതിനിധി സംഘത്തോട് അതിന് ആവശ്യപ്പെടുകയും ചെയ്തതായി വായിച്ചിട്ടുണ്ട്. ഇനിയും അത്തരം കാര്യങ്ങളൊക്കെ ആര് പറഞ്ഞാലും എല്ലാവർക്കുമറിയാം അത് കേവലം അഭിപ്രായങ്ങളാണെന്നും മാറ്റത്തിന് വിധേയമായ കാര്യമാണെന്നും.

ഇക്കാര്യത്തിലൊക്കെ ഒരു പാട് ഗവേഷണങ്ങൾ തുടർന്നും നടക്കും. നജ്മുദ്ദീൻ അർബക്കാനും റാഷിദ് ഗനൂഷിയുമൊക്കെ ഈ കാര്യത്തിൽ വളരെ മുന്നോട്ട് പോയിട്ടുണ്ട്. അതൊന്നും ഇസ്ലാമിന് പുറത്താണ് എന്ന് വാദിക്കാനാവില്ലല്ലോ.

ജമാഅത്തെ ഇസ്ലാമി ഹിന്ദ് തുടക്കം മുതൽ ചെയ്തത് ഇവിടെയുള്ള ഈ വ്യവസ്ഥയെ ഒരു യാഥാർഥ്യമായി അംഗീകരിച്ചുകൊണ്ട് തന്നെ തങ്ങളുടെ കൈവശമുള്ള ഒരു വ്യവസ്ഥയെ ജനാധിപത്യരൂപത്തിൽ പരിചയപ്പെടുത്താനുള്ള ശ്രമമാണ്. അതുതന്നെയായിരിക്കും അത് നിലനിൽക്കുന്ന കാലത്തോളം തുടരുക എന്ന് ഞാൻ മനസ്സിലാക്കുന്നു. നമ്മുക്ക് വ്യക്തിപരമായി അബ്ദുല്ല സാഹിബിനെ വിടാം. അദ്ദേഹത്തിന്റെ വാദങ്ങൾ മാത്രം പരിശോധിക്കാം.

CKLatheef പറഞ്ഞു...

ഈ പോസ്റ്റിന്റെ അവസാനഭാഗം ഇതാ ഇവിടെ.

Virgo Prins പറഞ്ഞു...

ഇബാദത്തിന്റെ അര്‍ഥം മുജാഹിദ്‌ പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ ശരിക്കും മനസ്സിലാക്കിയ സ്ഥിതിക്ക് ... ഇനി എന്താണ് തര്‍ക്കം? ഫാതിഹയിലെ ഇയ്യക നാബുടു... വില്‍ അങ്ങനെ തലച്ചിട്ടാല്‍ തന്നെ ആ അര്‍ഥങ്ങള്‍ എവിടെയും കൊള്ളുക തന്നെ ചെയ്യും... ഇ എന്‍ ബുദ്ധിശാലി തന്നെ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK