'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വെള്ളിയാഴ്‌ച, ജനുവരി 20, 2012

മൗദൂദി OK, ജമാഅത്ത് നേതാക്കൾ Not OK ?

ഒ.അബ്ദുല്ല ഉണ്ടാക്കുന്ന അപശബ്ദങ്ങൾ എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണിത് ആദ്യഭാഗം വായിക്കാത്തവർ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക. ശബാബ് വാരികയിലാണ് ഈ ലേഖനം നീരീക്ഷണം എന്ന തലക്കെട്ടിന് കീഴിൽ വന്നത് അതുകൊണ്ട് ഇത് കേവലം അബ്ദുല്ലാ സാഹിബിന്റെ ആരോപണത്തിന് മറുപടിയല്ല. മുജാഹിദ് പ്രസ്ഥാനത്തിന് ഇതേക്കുറിച്ച് എന്ത് പറയാനുണ്ട് എന്നുകൂടി അറിയാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. പതിവുപോലെ പ്രതികരിക്കുന്നില്ലെങ്കിൽ ഇതിലെ വസ്തുതകകളെ അവർ അംഗീകരിക്കുന്നുവെന്ന് മനസ്സിലാക്കി ഞാൻ സമാധാനിക്കും. (ചുവപ്പ് നിറത്തിൽ ബോൾഡാക്കി നൽകിയത് ശബാബിലെ ലേഖനത്തിലെ അബ്ദുല്ലാ സാഹിബിന്റെ ഉദ്ധരണികളാണ്.)

എങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചും തിരഞ്ഞെടുപ്പില്‍ പങ്കെടുത്തും താഗൂത്തീ പാര്‍ലമെന്റില്‍ ഭാഗഭാക്കാവുന്നതിന്റെ ഇസ്‌്‌ലാമിക സാധുത എന്ത്‌ എന്നായി മുജാഹിദു പക്ഷത്തെ പ്രതിനിധാനം ചെയ്‌തു സംസാരിച്ച അബ്‌ദുല്‍ഹസീബ്‌. തവാഉന്‍ അലല്‍ ബിര്‍റി വ തഖ്‌വാ (സല്‍കാര്യങ്ങളിലുള്ള സഹകരണം) എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഇത്തരം കാര്യങ്ങളിലുള്ള ഇടപെടല്‍ എന്നായിരുന്നു ഇതിന്ന്‌ ജമാഅത്ത്‌ മറുപടി.

ഇത്തരം സംവാദങ്ങളെ പൊതുവെ ജമാഅത്തെ ഇസ്ലാമി പ്രോത്സാഹിപ്പിക്കുന്നില്ല. അതിന്റെ കാരണം ഇത്തരം ചർചകളിൽനിന്ന് തന്നെ ജമാഅത്ത് പ്രവർത്തകക്ക് മനസ്സിലാക്കാൻ കഴിയും. അടിസ്ഥാനപരമായി മുജാഹിദുകൾ ഇന്ത്യയിലുള്ളത് താഗൂത്തീ പാർലമെന്റാണെന്നും ഇത്തരം സാഹചര്യത്തിൽ ഇസ്ലാമികമായിട്ടാണ് അതിന് ഉത്തരം കണ്ടെത്തേണ്ടത് എന്നും അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിക്കണം. അത്തരം വിഷയത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന് ഉറച്ച ഒരു നിലപാടോ അഭിപ്രായമോ ഇല്ലാത്തതാണ് ഈ ചോദ്യത്തിന്റെ തന്നെ ആവിർഭാവത്തിന് കാരണം. ഇസ്ലാമികമല്ലാത്ത ഒരു വ്യവസ്ഥിതിയോട് സഹകരിക്കുന്നത് എങ്ങനെയായിരിക്കണം എന്നതിന് ഇസ്ലാമികമായ ഒരു ന്യായം തേടേണ്ടതില്ല എന്നാണോ മുജാഹിദുകൾ പറയുന്നത് എന്ന ലളിതമായ ചോദ്യത്തിന് പോലും നമ്മുക്ക് ഉത്തരം ലഭിക്കില്ല. ഏതായാലും ജമാഅത്തിന് അക്കാര്യത്തിൽ സംശയമില്ല. ഇവിടെ അബ്ദുല്ല സാഹിബ് ഇത് എന്തിന് എടുത്ത് കൊടുത്തുവെന്ന് മനസ്സിലാകുന്നില്ല. ഇ.എന്നിന്റെ  ഉത്തരം അപൂർണമാണ് എന്ന് കാണിക്കാനാണെങ്കിൽ അത് ശരിയാണ്. കാരണം ഈ ഒരു ഒറ്റക്കാരണം മാത്രമല്ല അതിന് ന്യായീകരണമായിട്ടുള്ളത്. ഇത് ഇതര രാഷ്ട്രീയ പാർട്ടികളുമായി സഹകരിക്കേണ്ടി വരുന്ന പക്ഷം പറയാൻ കഴിയുന്ന ന്യായങ്ങളിലൊന്ന് മാത്രമാണ്. സത്യത്തിൽ ഈ വിഷയത്തിൽ മുജാഹിദുകളുടെ നടപടിക്രമം എല്ലാ രാഷ്ട്രീയ പാർട്ടികളിലും വ്യക്തികളുടെ ഭൗതികമായ താൽപര്യം പരിഗണിച്ച് പ്രവർത്തിച്ച് ഇസ്ലാമിക വ്യവസ്ഥിതിയെക്കുറിച്ച് പറയുന്നവരെ പരിഹസിച്ച് മുന്നോട്ട് പോകുക എന്നതാണ്. ഇതിന് വല്ല ഇസ്ലാമിക ന്യാവുമുണ്ടോ എന്ന് വ്യക്തമാക്കിയാൽ ജമാഅത്തിന്റെ അബദ്ധം  പെട്ടെന്ന് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞേക്കും.
രണ്ടു വിഭാഗങ്ങളിലായി മുപ്പതു വീതം പേര്‍ സംബന്ധിച്ച അഞ്ചു മണിക്കൂര്‍ നേരം നീണ്ടുനിന്ന സംവാദത്തില്‍ പ്രത്യക്ഷത്തില്‍ ആരും ജയിക്കുകയോ തോല്‍ക്കുകയോ ഉണ്ടായില്ല എന്നാണ്‌ നിഷ്‌പക്ഷമായ വിലയിരുത്തല്‍. എന്നല്ല ഇരുകൂട്ടര്‍ക്കും തങ്ങളാണ്‌ ജയിച്ചത്‌ എന്ന തോന്നല്‍ ബാക്കി നിര്‍ത്തിക്കൊണ്ടാണ്‌ നിശ്ചിത സമയം കടന്നുപോയതും.

അൽഹംദുലില്ലാഹ് നല്ല കാര്യം. നിഷ്പക്ഷർക്ക് തോന്നുന്നതാണല്ലോ കൂടുതൽ മുഖവിലക്കെടുക്കാൻ അർഹമായിട്ടുള്ളത്. ഒ. അബ്ദുല്ല സാഹിബ് തന്നെ ഒരു നിഷ്പക്ഷനായി കാണാൻ കൂട്ടാക്കുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെ.
എന്നാല്‍ നിരീക്ഷകനായി സംബന്ധിച്ച എനിക്കു നിരാശയാണ്‌ തോന്നിയത്‌. ഒരു വിഭാഗം മറുഭാഗത്തെ കുത്തിവീഴ്‌ത്തുന്നത്‌ കണ്ടു കയ്യടിക്കാമെന്ന പ്രതീക്ഷ നേരത്തെ ഉണ്ടായിരുന്നില്ലെങ്കിലും ജമാഅത്ത്‌ പുതിയ രാഷ്‌ട്രീയപ്പാര്‍ട്ടിക്ക്‌ രൂപംനല്‍കിയ പശ്ചാത്തലത്തില്‍ നേരത്തെ പറഞ്ഞുപോന്ന കാര്യങ്ങള്‍ക്ക്‌ മൗലികമായ ചില വിശദീകരണങ്ങളാവശ്യമായിരിക്കേ അതുണ്ടാവുമെന്ന്‌ സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നു. അത്തരം ഒരു വിശദീകരണം നല്‍കാന്‍ ജമാഅത്ത്‌ ശൂറയിലും ആ സംഘടനയുടെ വിവിധങ്ങളായ ഹൈപവര്‍ കമ്മറ്റികളിലും തിക്കിത്തിരക്കി ഇടം കണ്ടെത്തിയിട്ടില്ലെങ്കിലും തികഞ്ഞ പാണ്ഡിത്യത്തിന്റെ ഉടമസ്ഥനെന്ന്‌ സര്‍വരും അംഗീകരിക്കുന്ന ഇ എന്‍ ഇബ്‌റാഹിം മൗലവിക്കാവും എന്ന വസ്‌തുത എന്റെ പ്രതീക്ഷക്ക്‌ ആക്കംകൂട്ടി. എന്നാല്‍ ഈ പ്രതീക്ഷ അപ്പാടെ തവിടുപൊടിയായല്ലോ എന്ന നൊമ്പരത്തോടെയാണ്‌ സംവാദഹാളില്‍ നിന്ന്‌ പുറത്തേക്കു കടക്കേണ്ടി വന്നത്‌.

പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം കൊടുത്തപ്പോൾ ജമാഅത്തിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി തന്നെ വിശദീകരണം നൽകിയിരുന്നു. എതായാലും ഇബാദത്ത് എന്ന ചർചയിൽ ഈ വിഷയം പൊങ്ങിവരും അവിടെനിന്ന് മൗലികമായ മറുപടി ലഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന അദ്ദേഹം നിരാശനായത്രേ. സത്യത്തിൽ അദ്ദേഹത്തിന് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത് എന്നും നാം ഇവിടെ നേരത്തെ അന്വേഷണത്തിന് ശ്രമിച്ചതാണ്. പലപ്പോഴും കുറ്റപ്പെടുത്തലും ചില ഉട്ടോപ്യൻ നിലപാടുമല്ലാതെ കൃത്യമായ ഒരു രാഷ്ട്രീയ വീക്ഷണം ഇക്കാലത്തേക്ക് ഇസ്ലാമിക ഭൂമികയിൽ നിന്ന് അദ്ദേഹം അവതരിപ്പിക്കുന്നത് കണ്ടിട്ടില്ല. മുജാഹിദുകളുടെ ഇക്കാര്യത്തിലുള്ള നിലപാട് അദ്ദേഹം അംഗീകരിക്കുന്നുണ്ടോ ആവോ. അഥവാ ഇതൊക്കെ മനുഷ്യർക്ക് വിവേചനാധികാരം നൽകപ്പെട്ടതും ഏത് തെരഞ്ഞെടുത്താനും അല്ലാഹ ചോദിക്കാനിടയില്ലാത്തതുമായ ദുൻയാകാര്യമാണെന്നും അതിനാൽ ആരെങ്കിലും ലീഗോ കോൺഗ്രസോ കമ്മ്യൂണിസ്റ്റ് പാർട്ടിയോ തെരഞ്ഞെടുത്ത് അതിൽ അംഗങ്ങളായി ചേരുന്നതിന് ഒരു കുഴപ്പവുമില്ല. ജീവിതായോധനത്തിന് കച്ചവടമോ കൃഷിയോ തെരഞ്ഞെടുക്കുന്നത് പോലെ തന്നെയാണ് ഇതും എന്ന വീക്ഷണത്തിലൂടെയാണ് മുജാഹിദ് പ്രസ്ഥാനം മുന്നോട്ട് പോകുന്നത്. ഒരു കാര്യം ഇവിടെ അബ്ദുല്ല സാഹിബ് സമ്മതിച്ചിരിക്കുന്നു. ജമാഅത്തിന്റെ തീരുമാനത്തിന് ചില മൗലിക കാരണങ്ങളുണ്ടെന്നും തനിക്ക് അത് മനസ്സിലാക്കാൻ ആഗ്രമുണ്ടെന്നും. അദ്ദേഹം അന്വേഷണം തുടരട്ടേ..
ജമാഅത്ത്‌ പുതിയ രാഷ്‌ട്രീയപ്പാര്‍ട്ടിയുമായി രംഗത്ത്‌ വന്ന സന്ദര്‍ഭത്തില്‍ അതു സംബന്ധിച്ച്‌ ചാനലുകള്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവെ ഇക്കാര്യത്തില്‍ ജമാഅത്ത്‌ നേരിടാന്‍ പോവുന്ന ഗുരുതരമായ ആദര്‍ശ പ്രതിസന്ധിയെയും വൈരുധ്യത്തെയും കുറിച്ചു ഞാന്‍ പരാമര്‍ശിച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കാനെന്നവണ്ണം മൗദൂദി സാഹിബിനെ തള്ളിപ്പറഞ്ഞുകൊണ്ടു നിലവിലെ ജമാഅത്ത്‌ സംസ്ഥാന അമീര്‍ അന്ന്‌ ഒരു മുഴം മുമ്പോട്ടു എറിയാന്‍ കല്ലെടുക്കുകയുണ്ടായി. ഫിഖ്‌ഹ്‌, ഇല്‍മുല്‍കലാം മുതലായ വിഷയങ്ങളില്‍ തനിക്കു സ്വകീയമായ അഭിപ്രായങ്ങളും കാഴ്‌ചപ്പാടുകളുമുണ്ടെന്നും അവ പിന്‍പറ്റാന്‍ പാര്‍ട്ടി ബാധ്യസ്ഥമല്ലെന്നും മൗദൂദി സാഹിബ്‌ നേരത്തെ നടത്തിയ വിശദീകരണം അവലംബമാക്കി അസിസ്റ്റന്റ്‌ അമീര്‍ ശൈഖ്‌ മുഹമ്മദ്‌ തന്റെ നേതാവിന്റെ പ്രസ്‌താവനക്ക്‌ ടിപ്പണി എഴുതാന്‍ അന്ന്‌ വൃഥാശ്രമം നടത്തി സ്വയം നാണംകെട്ടിരുന്നു. പക്ഷേ, ശൈഖ്‌ മുഹമ്മദ്‌ അല്ലല്ലോ, ഇ എന്‍ ഇബ്‌റാഹിം മൗലവി. തറവേലകള്‍ വശമില്ലാത്ത നിഷ്‌കളങ്കനായ ഇബ്‌റാഹിം മൗലവിയില്‍ നിന്ന്‌ തൃപ്‌തികരമായി വിശദീകരണം പ്രതീക്ഷിച്ചത്‌ അദ്ദേഹത്തിന്റെ പാണ്ഡിത്യം മുന്‍നിറുത്തിയാണ്‌.

ജമാഅത്തിന്റെ ആദർശം ഇസ്ലാമിന്റെ ആദർശമാണ്. ഇസ്ലാമിന്റെ ആർശവാക്യമായ കലിമത്തുതൗഹീദിൽ നിന്നാണ് അതിന്റെ വിശദീകരണം ജമാഅത്ത് കണ്ടെത്തിയിരിക്കുന്നത്. അത് ശരിയല്ല എന്ന് ഇന്നോളം ആരും പറയുന്നത് കേട്ടിട്ടില്ല. ജമാഅത്ത് ഭരണഘടയിൽ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് എന്നതിന് നൽകിയ വിശദീകരണമാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഈ ആദർശത്തിൽ നിന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ രൂപീകരണം തൊട്ട് പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെയാണ് ആദർശ പ്രതിസന്ധി എന്ന് പറയുന്നതെങ്കിൽ ആ പ്രയോഗത്തെ അംഗീകരിക്കുന്നു. അത് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചപ്പോൾ മാത്രമല്ല. വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നപ്പോഴും, വിവിധ പാർട്ടികൾക്ക് വോട്ട് നൽകിയപ്പോഴും, നിലവിലെ പാർട്ടികളിൽ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് ഇടമുണ്ടോ എന്ന് നോക്കാൻ ശ്രമിച്ചപ്പോഴും ഉണ്ടായിരുന്നു. ഇനിയുമുണ്ടാകും. മൗദൂദിയെ തള്ളിപ്പറഞ്ഞത് കൊണ്ട് ജമാഅത്തിന് ഒരു പ്രതിസന്ധിയുമില്ലാത്ത അവസ്ഥ വരും എന്ന് ഒരു ജമാഅത്ത് കാരനും പ്രതീക്ഷിക്കുന്നില്ല. ജമാഅത്ത് അമീർ മൗദൂദിയെ തള്ളി എന്ന് കൈരളി ടി.വിക്കാരൻ പറഞ്ഞാൽ നമ്മുക്ക് മനസ്സിലാക്കാം. പക്ഷെ അബ്ദുല്ല സാഹിബ് പറയുമ്പോൾ അത് മനസ്സിലാക്കാൻ പ്രയാസമുണ്ട്. ശൈഖ് സാഹിബ് എന്ത് ടിപ്പണിയാണ് അമീറിന്റെ വാക്കുകൾക്ക് നൽകിയത് എന്ന് എനിക്ക് വ്യക്തമായി ഓർമയില്ലെങ്കിലും ഇവിടെ ബ്ലോഗിൽ അതിന് ചില ടിപ്പണി നൽകിയിരുന്നു. അതിനെ വസ്തുനിഷ്ഠമായി ആരും ഖണ്ഡിച്ചിട്ടില്ലാത്തതിനാൽ ഞാനന്ന് പറഞ്ഞത് വസ്തുതയായി തന്നെ നിലനിൽക്കുന്നു. (അവസാന ഭാഗത്തിന് സൗകര്യപൂർവം മറുപടി പറയുന്നില്ല. ഏതെങ്കിലും വ്യക്തികളെ പൊക്കലോ താഴ്തലോ എനിക്ക് ഉദ്ദേശ്യമല്ലാത്തതിനാൽ).
ഖുര്‍ആനും സുന്നത്തുമാണ്‌ ജമാഅത്തിന്റെ ആശയപരമായ അടിത്തറക്കവലംബമെന്നും മൗദൂദി സാഹിബ്‌ സമഗ്രമായ ഒരു വ്യവസ്ഥിതി എന്ന നിലക്കു ഈ കാലഘട്ടത്തില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും അതിന്ന്‌ ബൗദ്ധികമായ ഭദ്രമായ ഒരടിത്തറ പാകുകയും ചെയ്‌തു എന്നതില്‍ കവിഞ്ഞ്‌ മൗദൂദിയെ ഏതു നിമിഷവും ഏത്‌ അണ്ടനും അടകോടനും തള്ളിപ്പറയാവുന്ന വിധത്തിലല്ല ജമാഅത്തും മൗദൂദി സാഹിബും തമ്മിലുള്ള ബന്ധം. അഥവാ അങ്ങനെയാണെന്ന്‌ വരുത്താനുള്ള ഏതൊരു ശ്രമവും മിതമായിപ്പറഞ്ഞാല്‍ സ്വയം വിഡ്‌ഢികളാവലും മറ്റുള്ളവരെ നിര്‍ദയം വിഡ്‌ഢികളാക്കലുമാണ്‌. കാരണം, നേരത്തെ പറഞ്ഞപോലെ രണ്ടാമത്തെ ജുമുഅ ഖുതുബ അറബിയിലാവണം എന്നതു പോലുള്ള മൗദൂദി സാഹിബിന്റെ കര്‍മ്മശാസ്‌ത്രപരമായ വേറിട്ട അഭിപ്രായങ്ങളല്ല തിരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയും അതിന്നായി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്യുക വഴി തിരുത്തപ്പെടുന്നതും തകര്‍ക്കപ്പെടുന്നതും.
മൗദൂദിയെ ജമാഅത്തുകാരായ ആരും തള്ളിപ്പറഞ്ഞിട്ടില്ല. തനിക്ക് ഇഷ്ടപ്പെടാത്തവരെ അണ്ടനും അടകോടനുമാക്കുന്നതിന് വേണ്ടിയാണ് ഒ. അബ്ദുല്ല സാഹിബ് മുകളിൽ അമീർ മൗദൂദിയെ തള്ളി എന്ന കൈരളി ലേഖകന്റെ വാദം എടുത്തണിഞ്ഞത് എന്ന് ഇവിടെ വെച്ച് നമ്മുക്ക് മനസ്സിലാക്കിയെടുക്കാം. വ്യാജരോപണമായതിനാൽ തന്നെ ഈ ഖണ്ഡിക മറുപടി അർഹിക്കുന്നില്ല.
മൗദൂദി സാഹിബ്‌ ഖുര്‍ആനിലെ നാല്‌ സാങ്കേതിക പദങ്ങള്‍ക്ക്‌ (ഛാര്‍ ബുന്‍യാദി ഇസ്‌്‌ത്വിലാഹേം) നല്‍കിയ വ്യാഖ്യാനങ്ങളാണ്‌ ജമാഅത്ത്‌ എന്ന പ്രസ്ഥാനത്തിന്റെ നെടുംതൂണുകള്‍. ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിന്റെ ദാസന്മാര്‍ക്ക്‌ വേണ്ടി നിയമം നിര്‍മിക്കാനുള്ള അധികാരം ഈ നിര്‍വചനമനുസരിച്ചു അല്ലാഹുവിന്ന്‌ മാത്രം സ്വായത്തമാണ്‌. ജനാധിപത്യ സംവിധാനത്തിലാവട്ടെ ജനങ്ങള്‍ക്കാണ്‌ പരമാധികാരം. ഇക്കാര്യം ഉറക്കെ പറഞ്ഞുകൊണ്ടും സമ്മതിച്ചുകൊണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കലും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവലും ഈ വിശദീകരണമനുസരിച്ചു ഇസ്‌ലാമികദൃഷ്‌ട്യാ കൊടിയ ശിര്‍ക്കും പാപവുമാണെന്ന കാര്യത്തില്‍ മൗദൂദിയെ സംബന്ധിച്ചിടത്തോളം രണ്ടഭിപ്രായമില്ല. പലരും പലകാലങ്ങളിലായി നിര്‍ബാധം സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിച്ചു തേമാനം വന്ന മൗദൂദി സാഹിബിന്റെ ഇത്‌ സംബന്ധമായ അറുത്തു മുറിച്ചുള്ള വാക്കുകളുടെ വിരസമായ ആവര്‍ത്തനത്തിന്‌ മറ്റു ജോലികളൊന്നുമില്ലാത്തവര്‍ പോലും മുതിരുമെന്ന്‌ തോന്നുന്നില്ല. ഇക്കാര്യങ്ങള്‍ എല്ലാം മൗദൂദി സാഹിബ്‌ എഴുതിയതും പറഞ്ഞതും ബ്രിട്ടീഷ്‌ ഇന്ത്യയില്‍ വെച്ചാണ്‌. ജനാധിപത്യ ഇന്ത്യക്ക്‌ ഇത്‌ ബാധകമല്ല എന്ന നവ വ്യാഖ്യാനം യാതൊരു കാരണവശാലും നിലനില്‍ക്കുന്നതല്ല. കാരണം വിശുദ്ധ ഖുര്‍ആനിലെ സാങ്കേതിക പദങ്ങള്‍ക്കോ സൂക്തങ്ങള്‍ക്കോ കോളനി കാലഘട്ടത്തില്‍ ഒരര്‍ഥവും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ മറ്റൊരര്‍ഥവും എന്ന സങ്കല്‍പം ഊഹിക്കാന്‍ പോലും കഴിയാത്തതാണ്‌. ഇലാഹ്‌, ഇബാദത്ത്‌, റബ്ബ്‌ മുതലായ പദങ്ങള്‍ക്ക്‌ അര്‍ഥവും വിശദീകരണവും നല്‍കവെ മൗദൂദി സാഹിബ്‌ ഈ വാക്കുകള്‍ക്ക്‌ ഇപ്രകാരമൊരു കാലനിര്‍ണയം ബാധകമാക്കിയിട്ടില്ല.
ഈ ഖണ്ഡികയിൽ പറഞ്ഞ കാര്യങ്ങളോട് മുജാഹിദുകൾക്ക് യോജിപ്പുണ്ടാകും എന്ന് കരുതുന്നില്ല. മാത്രമല്ല, ഈ ഖണ്ഡികയിൽ അബ്ദുല്ല സാഹിബ് എഴുതിയത് പോലും മനസ്സിലാക്കാൻ മുജാഹിദുകൾക്ക് കഴിയുമോ എന്നതിലും ഞാൻ ശങ്കിക്കുന്നു. ഇത് മനസ്സിലാക്കാൻ സാധിച്ചാൽ മുജാഹിദുകളുടെ വാദത്തിന് കുറേകൂടി വ്യക്തത ലഭിക്കും. എന്നാൽ തീരെ ബാലിശമായ വാദങ്ങളും ചോദ്യങ്ങളുമാണ് മുജാഹിദുകൾ ഈ വിഷയത്തിൽ ഉയർത്തികൊണ്ടിരിക്കുന്നത് എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു ശങ്ക എനിക്കുണ്ടാകുന്നത്.
അഥവാ അപ്രകാരം അദ്ദേഹം പറഞ്ഞിരുന്നുവെങ്കില്‍ മുസ്‌ലിംലോകം അദ്ദേഹത്തെ വെറുതെ വിടുമായിരുന്നില്ല. ഖുര്‍ആനിക വാക്കുകളെയും സൂക്തങ്ങളെയും അവയുടെ അവതരണ പശ്ചാത്തലവുമായി ബന്ധിപ്പിക്കുന്നത്‌ മനസ്സിലാക്കാനാവും. എന്നാല്‍, അവയുടെ അര്‍ഥങ്ങളെ പില്‍ക്കാല രാഷ്‌ട്രീയ സംഭവവികാസങ്ങളുമായി കൂട്ടിക്കെട്ടുന്നതും കെട്ടഴിക്കുന്നതും ശുദ്ധ വിവരക്കേടും അല്‍പത്തവുമാണ്‌. മൗദൂദി സാഹിബ്‌ അത്തരം ഒരു വിവരക്കേടിന്‌ മുതിരുമെന്ന്‌ ഈ ലേഖകന്‍ കരുതുന്നില്ല.
എന്ന് വെച്ചാൽ ഈ വിഷയത്തിൽ മൗലാനാ മൗദൂദി വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ അത് പൂർണമായും ഇസ്ലാമികമാണ് എന്നാണ് അബ്ദുല്ല സാഹിബ് പറയുന്നത്. ഇത് ശബാബ് പുറത്തിറക്കുന്ന മൂജാഹിദുകൾക്ക് അംഗീകരിക്കാനാവുമോ എങ്കിൽ ആ പോയിന്റിൽ നിന്ന് നമ്മുക്ക് ചർച തുടങ്ങാം. ഞാൻ അബ്ദുല്ല സാഹിബിന് മറുപടി പറയാനല്ല ശ്രമിക്കുന്നത്. മറിച്ച് ഈ ലേഖനം പ്രസിദ്ധീകരിച്ചവരാണ് എന്റെ മുന്നിലുള്ള ലക്ഷ്യം.
അല്ലാഹു സ്രഷ്‌ടാവും(ഖാലിക്ക്‌) രക്ഷിതാവും (റബ്ബ്‌) അന്നദാതാവും (റാസിഖ്‌) ആണെന്ന പോലെ മനുഷ്യര്‍ക്കാവശ്യമായ പരമമായ നിയമനിര്‍മ്മാതാവ്‌ (ഹാകിം) ആണെന്ന്‌ ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക്‌ വാദിക്കുകയും വിശ്വസിക്കുകയും ചെയ്യാം. സൗകര്യവും സാഹചര്യവും ഒത്തുവരുമ്പോള്‍ ഒരിസ്‌ലാമിക രാഷ്‌ട്രീയത്തിന്ന്‌ അതിന്റെ ഭരണഘടനയുടെ മൗലികമായ മാര്‍ഗദര്‍ശനമായിരിക്കേണ്ടത്‌ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമായിരിക്കുമെന്ന വാദം ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ന്യായീകരിക്കാവുന്നതാണ്‌.
ഈ ഖണ്ഡികയിലുള്ള പരാമർശമാണ് ഈ ലേഖനം ശബാബിലെടുക്കാൻ കാരണം എന്ന് ഞാൻ മനസ്സിലാക്കുന്നു. സത്യത്തിൽ ഇത് ഒരു ആത്മ വഞ്ചനയാണ്. കാരണം ഈ പറഞ്ഞതിനർഥം അല്ലാഹു പരമമായ നിയമനിർമാതാവാണെങ്കിലും അത് സാഹചര്യം അനുസരിച്ച് മാത്രമേ പരിഗണിക്കേണ്ടതുള്ളൂവെന്നല്ലേ ആ നിലക്ക് മുകളിലെ ഖണ്ഡികയോട് ഇതിൽ പറഞ്ഞത് ഏറ്റുമുട്ടുകയും ചെയ്യുന്നു. ഇത് അബ്ദുല്ലാ സാഹിബ് മുജാഹിദുകൾക്ക് വേണ്ടി മാത്രം പറഞ്ഞ ഒരു അസംബന്ധമാണ് എന്ന് കരുതാനാണ് കൂടുതൽ ന്യായം.
എന്നാല്‍ അപ്രകാരമെല്ലാം നിരവധി തവണ പറയുകയും എഴുതുകയും ലോകത്തെ ബോധ്യപ്പെടുത്താന്‍ പരമാവധി പരിശ്രമിക്കുകയും സ്വന്തം സംഘടനയുടെ അടിസ്ഥാനാദര്‍ശമായി അക്കാര്യം അംഗീകരിക്കുകയും ചെയ്‌തശേഷം നേര്‍ വിപരീതമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്‌ അക്ഷന്തവ്യവും മാപ്പര്‍ഹിക്കാത്ത നിലപാടു മാറ്റവുമാണ്‌. ഇക്കാര്യത്തില്‍ ഈ ലേഖകന്റെ അഭിപ്രായത്തില്‍ സയ്യിദ്‌ മൗദൂദിയല്ല പ്രതിക്കൂട്ടില്‍. മറിച്ചു അദ്ദേഹത്തിന്റെ ദാര്‍ശനികാടിത്തറയെ സ്വന്തം പാര്‍ട്ടിയുടെ നിലപാടു തറയായി അംഗീകരിച്ചശേഷം പാര്‍ലമെന്ററീ വ്യാമോഹം മൂലമോ എന്തോ, അതിന്‍മേല്‍ തികച്ചും വിരുദ്ധമായ, ഒരു രാഷ്‌ട്രീയ സ്വപ്‌നസൗധം പണിതുയര്‍ത്താന്‍ പാടുപെടുന്നവരാണ്‌.

ഇവിടെ മൗദൂദി പറഞ്ഞത് ഓ.കെ. എന്നാൽ ജമാഅത്ത് അതിൽ നിന്നകന്നുവെന്നതാണ് അബ്ദുല്ലാ സാഹിബിന്റെ പരിവേദനം. ഇതിനോട് മുജാഹിദുകളുടെ നിലപാട് എന്താണ്.
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ മറ്റേതൊരു ഇന്ത്യന്‍ സംഘടനയും പോലെ രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കാനും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും വോട്ടുചെയ്യാനും സ്വാതന്ത്ര്യമുണ്ട്‌. അന്നേരം പക്ഷെ, ഇതെല്ലാം മതദൃഷ്‌ട്യാ തെറ്റും കുറ്റവുമാണെന്ന്‌ നേരത്തെ പറഞ്ഞുവച്ച മൗദൂദി കൃതികളെ തങ്ങളിതാ കയ്യൊഴിഞ്ഞിരിക്കുന്നുവെന്ന്‌ ഉറക്കെ പ്രഖ്യാപിക്കുകയും അവക്കിതാ ഞങ്ങള്‍ തീ കൊടുക്കുന്നു എന്ന്‌ പരസ്യമായി പ്രഖ്യാപിക്കുകയും വേണം. മൗദൂദി സാഹിബ്‌ എല്ലാ കാര്യത്തിലും ഞങ്ങള്‍ക്ക്‌ മാതൃകയല്ല എന്ന ഒഴുക്കന്‍ മട്ടിലുള്ള പ്രസ്‌താവന വഴിയൊന്നും രക്ഷപ്പെടാന്‍ കഴിയുന്ന വിധം നിസ്സാരമല്ല പ്രശ്‌നം എന്നു ചുരുക്കം. അല്ലാഹുവില്‍ നിക്ഷിപ്‌തമായ പരമാധികാരം ജനങ്ങളിലേക്കു മാറ്റി പ്രതിഷ്‌ഠിക്കുക എന്ന `പരമ പാപം' ചെയ്യുമ്പോള്‍ അത്‌ തആവുന്‍ ഫില്‍ മഅ്‌റൂഫ്‌ -നന്മയില്‍ സഹകരിക്കല്‍-ആണ്‌ എന്ന്‌ പറഞ്ഞു വ്യാഖ്യാനിക്കാമെങ്കില്‍, മാറിയ പരിതസ്ഥിതിയില്‍ ബിംബാരാധനയില്‍ പങ്കുചേര്‍ന്ന്‌ അത്‌ ബഹുസ്വരതയെ അംഗീകരിക്കാനും മാനിക്കാനുമാണ്‌ എന്നു പറഞ്ഞു ന്യായീകരിക്കാനും പറയത്തക്ക വിഷമം ഉണ്ടാവേണ്ടതില്ല. ആസ്‌പത്രി ശുചീകരണങ്ങള്‍ നടത്തുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കുക മുതലായ സല്‍ക്കര്‍മങ്ങള്‍ പോലത്തെ ഒരു സല്‍ക്കര്‍മം മാത്രമാണ്‌ പാര്‍ലമെന്ററി ജനാധിപത്യത്തിലിടപെട്ടു അല്ലാഹുവിന്റെ സ്ഥാനത്തു നിയമനിര്‍മ്മാണം നടത്തലെങ്കില്‍ അക്കാര്യം അല്‍പം നേരത്തെ പറയാമായിരുന്നു!
ഇങ്ങനെയാണോ ചിന്താശേഷിയും കഴിവുമുള്ള ഒരു ഇസ്ലാമിക പ്രസ്ഥാനം സ്വീകരിക്കേണ്ട നിലപാട്. മൗദൂദി ചിന്തിച്ചതിനോ പറഞ്ഞതിനോ അപ്പുറം ചിന്തിക്കരുതെന്നും അഥവാ അങ്ങനെ ചിന്തിച്ച് വല്ല മാറ്റവും പ്രവർത്തനത്തിൽ വരുത്താൻ ഉദ്ദേശിച്ചാൽ അതെല്ലാം തള്ളിപ്പറയണമെന്നും ചുട്ടുകരിക്കണമെന്നുമാണോ. ഇവിടെ വീണ്ടും വൈരുദ്ധ്യം ഉണ്ടാവുന്നു. നേരത്തെ പരാതിപ്പെട്ടത് തള്ളിപ്പറഞ്ഞുവെന്ന് പറഞ്ഞ്. ഇപ്പോഴിതാ അത് കത്തിച്ചുകളഞ്ഞില്ല എന്ന് പറഞ്ഞു. ഇപ്പോൾ പറഞ്ഞ വല്ലതും നേരത്തെ പറയേണ്ടതായിരുന്നുവെന്ന് തോന്നാം. എന്നാൽ അബ്ദുല്ല സാഹിബ് ജമാഅത്തിലുണ്ടായിരുന്നല്ലോ. അദ്ദേഹം അന്ന് അങ്ങനെ പറഞ്ഞിരുന്നോ. ഏതായാലും ഈ വിഷയത്തിലൊന്നും മുജാഹിദുകൾ അബ്ദുല്ല സാഹിബിന്റെ കൂടെയില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.

ജമാഅത്തു വിളിച്ചുചേര്‍ത്ത പാര്‍ട്ടിയിലെ തെരഞ്ഞെടുത്ത നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം. കെ സി അബ്‌ദുല്ല മൗലവി, ടി കെ അബ്‌ദുല്ല സാഹിബ്‌ എന്നീ രണ്ടു മുന്‍ ജമാഅത്ത്‌ അമീറുമാര്‍ സ്‌റ്റേജിലിരിക്കുന്നു.
വിഷയം: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാമോ, പാടില്ലേ?
രാജ്യം എകാധിപത്യത്തിന്നോ ഫാസിസത്തിന്നോ വഴിമാറുന്നു എന്ന്‌ കാണുന്ന മാത്രയില്‍ പങ്കെടുക്കാമെന്ന്‌ ഒരു വിഭാഗവും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ശിര്‍ക്കാകയാല്‍ ഒരു പരിതസ്ഥിതിയിലും പാടില്ലെന്നു മറുഭാഗവും. വിവാദം കൊഴുക്കുന്നതിനിടെ ഈ ലേഖകന്‍ ചോദിച്ചു: തെരഞ്ഞെടുപ്പ്‌ നടക്കാന്‍ പോവുന്ന കേരളത്തില്‍ അത്തരത്തിലുള്ള നിര്‍ബന്ധമായും വോട്ടു രേഖപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല. ഇവിടെ ഒരേകാധിപത്യവും സംസ്ഥാന ഭരണം കയ്യടക്കാന്‍ പോവുന്നില്ല. ഹൈന്ദവ ഫാസിസ്റ്റുകള്‍ക്കാവട്ടെ സംസ്ഥാന നിയമസഭയില്‍ ഒരംഗം പോലുമില്ല. എന്നിരിക്കെ ഇവിടെ ശിര്‍ക്ക്‌ ചെയ്യുന്നതിന്‌ എന്ത്‌ ന്യായീകരണമാണുള്ളത്‌?
രണ്ട്‌ മുന്‍ അമീറുമാരില്‍ ഒരാള്‍ എന്റെ പക്ഷം ചേര്‍ന്നു. മറ്റെ ആള്‍ മറുപക്ഷവും. സ്റ്റേജില്‍ വച്ചു ഇരുവരും തമ്മില്‍ തുറന്ന ആശയ സംഘട്ടനം. രംഗം മോശമാവുന്നത്‌ കണ്ട ഞാന്‍ ഉടനെ എഴുന്നേറ്റു പറഞ്ഞു: ഞാന്‍ ചോദ്യം പിന്‍വലിച്ചിരിക്കുന്നു!


ഇതിൽ നിന്ന് എനിക്ക് മനസ്സിലായത്. ഒ. അബ്ദുല്ല സാഹിബ് വളരെ പിന്തിരിപ്പനും അക്ഷരപൂജയുടേതുമായ ഒരു നിലപാടാണ് ഈ വിഷയത്തിൽ അന്ന് സ്വീകരിച്ചത് എന്നാണ്. അന്ന് അടിപിടി നടക്കാത്തിരുന്നത് അദ്ദേഹം ചോദ്യം പിൻവലിച്ചതുകൊണ്ടാണ് എന്ന ധാരണ പരത്തുന്നു. സത്യത്തിൽ അദ്ദേഹം ഉയർത്തിയത് ഒരു അന്വേഷണമാണ് അദ്ദേഹം ചോദ്യം പിൻവലിച്ചാൽ മാത്രം അതിലെ സംവാദസാധ്യത അടങ്ങുന്നില്ല. കാരണം ആ ശൂറയുടെ തീരുമാന വിഷയം തന്നെ അതായിരിക്കെ നല്ല ഒരു തീരുമാനത്തിൽ ശൂറ പിന്നീട് എത്തി പിരിഞ്ഞുവെന്നാണ് അന്നത്തെ തീരുമാനത്തെ മുൻനിർത്തി നമ്മുക്ക് പറയാനാവുക.

ഇത്തരം സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്നത്‌ ഒഴിവാക്കാം! പക്ഷെ ജമാഅത്ത്‌ സാഹിത്യ ശേഖരങ്ങളില്‍ മൗദൂദി സാഹിബിന്റെ തഫ്‌ഹീമും തന്‍മീഹാത്തും ഖുതുബാത്തും ഇസ്‌ലാം മതവും ഖുര്‍ആനിലെ നാലു സാങ്കേതിക പദങ്ങളും ഉള്ളേടത്തോളം കാലം വൈരുധ്യങ്ങള്‍ ജമാഅത്തിനെ വേട്ടയാടുന്നത്‌ എങ്ങിനെ ഒഴിവാക്കാനാവും.


ഇതൊക്കെ തന്നെയാണ് ജമാഅത്തിന്റെ ശക്തിയുടെ കേന്ദ്രങ്ങൾ. കാരണം ഇവയൊക്കെ ആധുനിക ലോകത്ത് ഏറ്റവും കൃത്യമായ തീരുമാനമെടുക്കാൻ ജമാഅത്തിനെ സാഹായിക്കുന്നു. വെരുദ്ധ്യമില്ലാതെ രണ്ട് ഖണ്ഡിക അടുപ്പിച്ച് എഴുതാനറിയാത്തവർ ജമാഅത്തിനെ വേട്ടയാടുന്ന വൈരുദ്ധ്യത്തെക്കുറിച്ച് ഉണർത്തുന്നത് അൽപം തമാശയോടെ നമ്മുക്ക് കേട്ടിരിക്കാം.


വാല്‍ക്കഷ്‌ണം: ജമാഅത്ത്‌ അഭിമുഖീകരിക്കുന്ന പ്രത്യയ ശാസ്‌ത്ര പ്രതിസന്ധിയെക്കുറിച്ചു എസ്‌ ഡി പി ഐയുടെ പ്രമുഖ നേതാവ്‌ പ്രതികരിച്ചതിങ്ങനെ: ഞങ്ങളെ ഇത്തരം യാതൊന്നും വേട്ടയാടുകയില്ല: കാരണം ഞങ്ങള്‍ക്ക്‌ പുസ്‌തകങ്ങളില്ല!
വാൽമുറി കമന്റ്: പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുന്നതാണോ  പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോയി പിന്നീട് നേരിടാൻ കഴിയാത്ത പ്രതിസന്ധിയിൽ തകർന്ന് പോകുന്നതാണോ നല്ലത് എന്ന് കാലം തെളിയിക്കേണ്ട കാര്യമുണ്ടോ.

(അവസാനിച്ചു.)

7 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ജമാഅത്ത് നേതൃനിരയിലെ എല്ലാവരും തികഞ്ഞ വ്യക്തിത്വങ്ങളാണ് എന്ന് എനിക്ക് അഭിപ്രായമില്ല. മനുഷ്യസഹജമായ എല്ലാ കുറവുകളും അവരിലുണ്ടാകും. ചിലർക്കൊക്കെ മറ്റുചിലരേക്കാൾ അക്കാര്യത്തിൽ അൽപം കൂടുതലും ഉണ്ടാവും. മുൻധാരണകളും കേൾക്കാനുള്ള അക്ഷമയും തീരുമാനമെടുക്കുന്നതിലെ അവധാനതക്കുറവുമൊക്കെ അവരിലും ഉണ്ടായേക്കാം. അബ്ദുല്ല സാഹിബ് അത്തരം ദുഷ്യങ്ങൾകൊണ്ടുണ്ടാകുന്ന പ്രയാസങ്ങളെയാണ് പലപ്പോഴും ചൂണ്ടിക്കാട്ടുന്നതെന്ന് തോന്നിയിട്ടുണ്ട്. അത് ഒരു പരിധിവരെ മനസ്സിലാക്കാമെങ്കിലും ലേഖനത്തിൽ ചൂണ്ടിക്കാണിച്ച പലതിലും അദ്ദേഹത്തിന് ചില സ്വന്തമായ വീക്ഷണമുണ്ട് എന്നല്ലാതെ അതാണ് ശരിയെന്നോ അത് സ്വീകരിക്കാത്തവരൊക്കെ വിവരമില്ലാത്തവരാണെന്നോ ഉള്ള ധ്വനിയാണ് വിമർശനവിധേയമാകുന്നത്.

CKLatheef പറഞ്ഞു...

ഒ. അബ്ദുല്ല സാഹിബിന്റെ ലേഖനത്തിന് ഒരു പ്രതികരണം ഒരു മുജാഹിദുകാരന്റേതായി ശബാബിൽ തന്നെ വന്നിരിക്കുന്നു. അത് ഇവിടെ വായിക്കുക. മറ്റൊരു പോസ്റ്റിനുള്ള വകുപ്പ് അതിൽകാണുന്നില്ല. മുജാഹിദുകളാണ് ഈ സംവാദത്തിൽ ജയിച്ചത് എന്ന അഭിപ്രായമുള്ള കെ.പി. എസ് ഫാറൂഖിക്ക് അബ്ദുല്ല സാഹിബ് ആരും വിജയിക്കുകയോ തോൽക്കുകയോ ചെയ്തില്ല എന്ന പരാമർശത്തോടുള്ള വിയോജിപ്പാണ് ഈ പ്രതികരണത്തിലൂടെ പ്രകടിപ്പിക്കുന്നത്.

Mohamed പറഞ്ഞു...

kps farooqi said [[[എന്നാല്‍ മുജാഹിദ്‌ പക്ഷത്തുനിന്ന്‌ സംസാരിച്ച അബ്‌ദുല്‍ഹസീബ്‌ മദനി വിഷയത്തിന്റെ മര്‍മത്തില്‍ നിന്ന്‌ വ്യതിചലിക്കാന്‍ അനുവദിക്കാതെ ഇബാദത്തിന്‌ - ഇയ്യാക്ക നഅ്‌ബുദുവിന്‌ ഈ മൂന്നര്‍ഥവും ഒരേപോലെ പരിഗണിക്കേണ്ടതുണ്ടോ എന്ന്‌ വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയും അഭിപ്രായവ്യത്യാസമില്ലാത്ത കാര്യം-ഇബാദത്തിന്‌ പല അര്‍ഥങ്ങളുണ്ടെന്ന കാര്യം- പറഞ്ഞ്‌ സമയം കളയരുതെന്നഭ്യര്‍ഥിക്കുകയും ജമാഅത്ത്‌ പണ്ഡിതനെ തുടര്‍ന്നങ്ങോട്ട്‌ അവസാനം വരെയും വിഷയത്തിന്റെ മര്‍മത്തില്‍ തന്നെ തളച്ചിടുകയും ചെയ്‌തു.]]]

ഇക്കാര്യത്തിൽ ചിലത് പറയാനുണ്ട്
(ഒന്ന്) ഖുർആനും സുന്നത്തും മുഖ്യമായും പഠിപ്പിക്കുന്നത് ശിർക്കും തൌഹീദും എന്താണെന്ന വ്യത്യാസം ആണ്. ഒരു കാര്യം ശിർക്കാണെന്ന് മേൽ പറഞ്ഞ രണ്ട് പ്രമാണങ്ങൾ കൊണ്ട് തെളിയിക്കാമെങ്കിൽ പിന്നെ ‘ഇയ്യാക്ക നഅ്ബുദു’ വിൽ തന്നെ ആ മൂന്ന് അർഥം പറഞ്ഞ് കാണണം എന്ന വാശികൊണ്ട് ശിർക്ക് ശിർക്കല്ലാതാവുമോ മുജാഹിദുകളേ?. ഇബാദത്തിന് ആരാധന എന്ന അർഥമല്ലാതെ അനുസരണമോ അടിമത്തമോ ഇബാദത്തായി മാറില്ല എന്നായിരുന്നില്ലേ നിങ്ങളുടെ ആദ്യകാല ജല്പനം?. ഇന്നിപ്പോൾ ആ കാര്യം മിണ്ടാതെ ‘ഇയ്യാക്കനഅ്ബുദു” എന്നിടത്ത് ആ മൂന്ന് അർഥം ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യം കൊണ്ട് നിങ്ങൾ എന്ത് സ്ഥാപിക്കാനാണുദ്ദേശിക്കുന്നത്. ജമാഅത്തിനെ സംബന്ധിച്ചിടത്തോളം അത് വാദിച്ചിട്ടുള്ളത് ഇത്രമാത്രമാണ് :“ ആരാധനകൾ പോലെ തന്നെ നിരുപാധികമായ അനുസരണം അല്ലാഹു അല്ലാത്തവർക്ക് വകവെച്ചു കൊടുത്താൽ അത് ശിർക്കാവും. അതിനാൽ അല്ലാഹുവിനല്ലാതെ ആരാധനകളോ നിരുപാധിക അനുസരണമോ നിരുപാധിക അടിമവേലയോ ചെയ്യാൻ മനുഷ്യന് പാടില്ല. അത് ശിർക്കാണ്” <-- ഇക്കാര്യം മുജാഹിദുകൾ അംഗീകരിക്കുമോ?. ലോക സലഫികൾ ഇത് അംഗീകരിക്കുകയും ആ അടിസ്ഥാനത്തിൽ ഭൂരിപക്ഷാഭിപ്രായം നോക്കി അനുവദനീയവും നിരോധനവും തീരുമാനിക്കുന്ന ജനാധിപത്യം പോലെയുള്ള സിദ്ധാന്തങ്ങൾ “ത്വാഗൂത്ത്” ആണെന്ന് വ്യക്തമായി ഫത്വ നൽകുകയും ചെയ്തിരിക്കുന്നു. (വ്യാജദൈവം എന്നാണല്ലോ ത്വാഗൂത്തിന് മലയാളത്തിൽ പറയാവുന്ന ഏറ്റവും അടുത്ത അർഥം). അതിനാൽ ഞാൻ ആവർത്തിക്കുന്നു “ഖുർആനും സുന്നത്തും മുഖ്യമായും പഠിപ്പിക്കുന്നത് ശിർക്കും തൌഹീദും എന്താണെന്ന വ്യത്യാസം ആണ്. ഒരു കാര്യം ശിർക്കാണെന്ന് മേൽ പറഞ്ഞ രണ്ട് പ്രമാണങ്ങൾ കൊണ്ട് തെളിയിക്കാമെങ്കിൽ പിന്നെ ‘ഇയ്യാക്ക നഅ്ബുദു’ വിൽ തന്നെ ആ മൂന്ന് അർഥം പറഞ്ഞ് കാണണം എന്ന വാശികൊണ്ട് ശിർക്ക് ശിർക്കല്ലാതാവുമോ മുജാഹിദുകളേ?. ഇബാദത്തിന് ആരാധന എന്ന അർഥമല്ലാതെ അനുസരണമോ അടിമത്തമോ ഇബാദത്തായി മാറില്ല എന്നായിരുന്നില്ലേ നിങ്ങളുടെ ആദ്യകാല ജല്പനം?. ഇന്നിപ്പോൾ ആ കാര്യം മിണ്ടാതെ ‘ഇയ്യാക്കനഅ്ബുദു” എന്നിടത്ത് ആ മൂന്ന് അർഥം ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യം കൊണ്ട് നിങ്ങൾ എന്ത് സ്ഥാപിക്കാനാണുദ്ദേശിക്കുന്നത്.?”

Mohamed പറഞ്ഞു...

രണ്ടാമത്തെ കാര്യം):- മുസ്ലിം ലോകം ആദരിച്ച് അംഗീകരിക്കുന്ന മുഫസ്സിറുകളിൽ ചിലർ ഇയ്യാക്കനഅ്ബുദു എന്നതിന് അനുസരണവും വേറെ ചിലർ അടിമത്തവും വേറെ ചിലർ ആരാധനയും അർഥം നൽകി വിശദീകരിച്ചിട്ടുണ്ട്. (അതു ചൂണ്ടിക്കാണിക്കുമ്പോഴാണല്ലോ ‘ആൾ മഹാൻ തന്നെ, പക്ഷേ ആ പറഞ്ഞത് മഹാ അബദ്ധം’ എന്ന് മുജാഹിദുകൾ വാദിക്കാറുള്ളത്). ഇനി നമുക്ക് മൌദൂദിയിലേക്ക് വരാം. മൌദൂദി മുഖ്യമായി അധ്വാനിച്ചത് ഖുർആനും സുന്നത്തും സലഫുകളായ പണ്ഢിതന്മാരും ഇബാദത്ത്, റബ്ബ്, ഇലാഹ്, ദീൻ എന്നീ വാക്കുകൾകൊണ്ട് എന്താണ് അർഥമാക്കുന്നത് എന്ന് പഴയ തഫ്സീറുകളുടെയും കിതാബുകളുടെയും അടിസ്ഥാനത്തിൽ വിശദീകരിക്കുകയായിരുന്നു. സ്വാഭാവികമായും മുസ്ലിം ലോകം ഏറെ ബഹുമാനിക്കുന്ന വിവിധ മുഫസ്സിറുകൾ ഇയ്യാക്കനഅ്ബുദുവിനു പറഞ്ഞ വ്യാഖ്യാനം മുഴുവൻ ഉൾക്കൊള്ളുന്ന വിശദീകരണം മൌദൂദി നൽകി. ഇതിൽ ഏതെങ്കിലും മുഫസ്സിറിനെ മൌദൂദി അന്യായമായി തള്ളിക്കലഞ്ഞില്ല. അതിനാൽ മുൻകാല തഫ്സീറുകളിൽ നിന്നു ഇയ്യാക്കനഅ്ബുദുവിന് എന്തൊക്കെ വിവക്ഷ നൽകാമോ അതൊക്കെ മൌദൂദി നൽകി. സ്വന്തമായി അദ്ദേഹം ഒന്നും കൂട്ടി ചേർക്കുകയോ വെട്ടിക്കളയുകയോ ചെയ്തില്ല. എന്നാൽ മുജാഹിദുകളുടെ അവസ്ഥ നോക്കൂ. അവർ പറഞ്ഞുകുടുങ്ങിയ വാദമാണ് ഇബാദത്തിന് അനുസരണമെന്നോ അടിമത്തമെന്നോ അർഥം വരില്ല എന്നത്. ഇന്നിപ്പോൾ ആ വാദം വലിയ അബദ്ധമായെന്ന് ബോദ്ധ്യമായപ്പോൾ ഇയ്യാക്കക്ക് മൂന്നർഥവും ഒരിടത്ത് ഒന്നിച്ച് മറ്റാരെങ്കിലും പറഞ്ഞിട്ടുണ്ടൊ എന്ന ചോദ്യം കൊണ്ട് മുഖം മറക്കാം എന്നു കരുതുന്നു പാവങ്ങൾ. മൂന്നർഥങ്ങളിൽ ഓരോ അർഥവും ഓരോ മുഫസ്സിറും നൽകിയിട്ടുണ്ടെങ്കിൽ ആ മുഫസ്സിറുകളുടെ പിൻഗാമിയായി വരുന്ന ഒരാൾ അവ മൂന്നും ഉൾകൊണ്ട് ഇയ്യാക്കക്ക് വിശദീകരണം നൽകിയാൽ അതെങ്ങിനെ തെറ്റാവും എന്ന് മുജാഹിദുകൾ ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു.

Mohamed പറഞ്ഞു...

[[[ നാലാമത്തെ തവണ മുജാഹിദ്‌ പക്ഷത്തുനിന്ന്‌ മറുപടിയായി ഒരു ചോദ്യം അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍ ഇപ്രകാരം തൊടുത്തുവിട്ടു. മറുപക്ഷം പ്രതിനിധീകരിക്കുന്നത്‌ ജമാഅത്തെ ഇസ്‌ലാമിയെയാണോ ഖുര്‍ആന്‍ മാത്രം മതി എന്ന്‌ പറയുന്ന ചേകന്നൂര്‍ പ്രസ്ഥാനത്തെയാണോ? വാദപ്രതിവാദ വ്യവസ്ഥയില്‍ ഇരുകൂട്ടരും ഉദ്ധരിക്കേണ്ട പ്രമാണങ്ങളില്‍ ഖുര്‍ആന്‍, സുന്നത്ത്‌, ഇജ്‌മാഅ്‌, ഖിയാസ്‌ എന്നിങ്ങനെ നാലെണ്ണം എഴുതിയത്‌ മറന്നുവോ? മറുപക്ഷം ഉന്നയിച്ച ചോദ്യത്തിന്‌ രണ്ടാം പ്രമാണത്തില്‍ നിന്ന്‌ കൃത്യമായ തെളിവുദ്ധരിച്ച സ്ഥിതിക്ക്‌ ഖുര്‍ആനില്‍ നിന്ന്‌ തന്നെ തെളിവുദ്ധരിക്കാന്‍ ആവശ്യമുന്നയിക്കുന്നവര്‍ ഖുര്‍ആന്‍കൊണ്ട്‌ ഒരു റക്‌അത്ത്‌ നമസ്‌കരിക്കേണ്ട രൂപം വിശദീകരിക്കാമോ?
സ്രഷ്‌ടാവിനെതിരില്‍ സൃഷ്‌ടികള്‍ക്ക്‌ അനുസരണമില്ല എന്നതിന്റെ മറുവശം സ്രഷ്‌ടാവിന്റെ കല്‍പനക്ക്‌ വിരുദ്ധമാകാത്ത വിധത്തില്‍ ആരെയും അനുസരിക്കാമെന്നാണ്‌ എന്ന്‌ മുജാഹിദ്‌ പക്ഷത്തു നിന്ന്‌ സമര്‍ഥിക്കുക കൂടി ചെയ്‌തപ്പോള്‍ ജമാഅത്ത്‌ പണ്ഡിതന്‍ വാദി പ്രതിയാവുന്ന ദയനീയാവസ്ഥയിലാവുകയാണുണ്ടായത്‌.>]]]]

പടച്ചവനെതിരെ പടപ്പുകൾക്ക് അനുസരണമില്ല എന്ന അടിസ്ഥാന തത്വം ഉള്ളത്കൊണ്ട് നിരുപാധിക അനുസരണം പടച്ചവന് മാത്രമേ പാടുള്ളൂ. അല്ലാത്തവരെ നിരുപാധികം അനുസരിക്കുന്നത് ശിർക്കാണെന്ന് വാദിച്ച ജമാ‌അത്തിനെ ആണ് മുജാഹിദുകൾ അഖീദ പിഴച്ചവർ, അഖീദ മനസ്സിലാവാത്തവർ എന്നൊക്കെ പറഞ്ഞ് മെക്കിട്ടു കയറിയിരുന്നത്. ഇവിടെ കെ.പി.എസ് ഫാറൂഖി പറയുന്നത് അതേ അടിസ്ഥാന സിദ്ധാന്തം ഉപയോഗിച്ച് ജമാ‌അത്തിന്റെ ഏതോ വാദത്തെ തകർത്തു തരിപ്പണമാക്കി എന്നാണ്. ജമാ‌അത്തിന്റെ ഏതു വാദത്തെ ആണ് നിങ്ങൾ മേൽ സിദ്ധാന്തം ഉപയോഗിച്ച് തകർത്തത് എന്ന് വിശദീകരിക്കൂ. പണ്ട് ഇബ്‌നുബാസിന് കത്തെഴുതിയപ്പോൾ ജമാ‌അത്തോ മൌദൂദിയോ വാദിക്കാത്ത വാദം ഞങ്ങൾക്ക് ഉണ്ടെന്ന് എഴുതി തെറ്റിദ്ദരിപ്പിച്ചപോലെ പുകമറ ഉണ്ടാക്കാതെ മുജാഹ്ദുകൾ പറയൂ (എ) ജമാ‌അത്ത് എന്താണ് വാദിച്ചത്? (ബി) അതിനെ പടച്ചവനെതിരെ പടപ്പുകൾക്ക് അനുസരണമില്ല എന്ന ഹദീസ് വെച്ച് മുജാഹിദുകൾ എങ്ങിനെ പൊളിച്ചു?. ‘എ’ക്കും ‘ബി’ക്കും ഉത്തരം തരണേ. മുങ്ങരുത്..

CKLatheef പറഞ്ഞു...

kps farooqi said [[[എന്നാല്‍ മുജാഹിദ്‌ പക്ഷത്തുനിന്ന്‌ സംസാരിച്ച അബ്‌ദുല്‍ഹസീബ്‌ മദനി വിഷയത്തിന്റെ മര്‍മത്തില്‍ നിന്ന്‌ വ്യതിചലിക്കാന്‍ അനുവദിക്കാതെ ഇബാദത്തിന്‌ - ഇയ്യാക്ക നഅ്‌ബുദുവിന്‌ ഈ മൂന്നര്‍ഥവും ഒരേപോലെ പരിഗണിക്കേണ്ടതുണ്ടോ എന്ന്‌ വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയും അഭിപ്രായവ്യത്യാസമില്ലാത്ത കാര്യം-ഇബാദത്തിന്‌ പല അര്‍ഥങ്ങളുണ്ടെന്ന കാര്യം- പറഞ്ഞ്‌ സമയം കളയരുതെന്നഭ്യര്‍ഥിക്കുകയും ജമാഅത്ത്‌ പണ്ഡിതനെ തുടര്‍ന്നങ്ങോട്ട്‌ അവസാനം വരെയും വിഷയത്തിന്റെ മര്‍മത്തില്‍ തന്നെ തളച്ചിടുകയും ചെയ്‌തു.]]]

ഈ ഉദ്ധരണിയുമായി ബന്ധപ്പെട്ട് അഭിപ്രായം വിശദമായിതന്നെ പറഞ്ഞ മുഹമ്മദിന് നന്ദി. അനുബന്ധമായി ചിലതുകൂടി പറയട്ടേ. സത്യത്തില്‍ ഇപ്പോള്‍ എന്താണ് മുജാഹിദുകളുടെയും ജമാഅത്തിന്റെയും ഇടക്കുള്ള ഈ വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസം എന്ന് ചോദിക്കേണ്ടി വന്നിരിക്കുന്നു.

നീണ്ട ഒരു കാലഘട്ടം കെ.സി അബ്ദുല്ല മൌലവി ഒരു ഭാഗത്തും കെ.പിയും അബ്ദുല്‍ ഹമീദ് മദനിയും ചേര്‍ന്ന് മുജാഹിദ് പക്ഷത്തും നിന്നും സംവദിച്ചത്. ഇബാദത്തിന് ആരാധനയല്ലാതെ മറ്റൊരര്‍ഥം മലയാളത്തില്‍ പറയാവതല്ല അഥവാ ഇബാദത്തിന് അനുസരണം എന്നോ അടിമത്തം എന്നോ അ‍ര്‍ഥമുണ്ടെന്ന് വാദിക്കുന്നത് ഗുരുതരമായ വഴികേടാണ് എന്ന് മുജാഹിദ് പക്ഷവും അങ്ങനെയല്ല ആ മൂന്നര്‍ഥത്തിലും അത് വരാമെന്നും ചിലപ്പോള്‍ അതില്‍ ഒരു അര്‍ഥവും മറ്റുചിലപ്പോള്‍ മൂന്നും ഉദ്ദേശ്യമാകാമെന്ന് ജമാഅത്തെ ഇസ്ലാമിയും വാദിച്ചു പോന്നു. ഫാതിഹയില്‍ അത് മൂന്നും ഉദ്ദേശിക്കാമെന്നും പരഞ്ഞു. ഇനി മേല്‍ മുജാഹിദ് ഉദ്ധരണി നോക്കൂ.

ഇബാദത്തിന് പല അര്‍ഥങ്ങളുമുണ്ടെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഇല്ല എന്നാണ്. അങ്ങനെയൊരു നിലയിലേക്ക് മുജാഹിദ് പ്രസ്ഥാനം വന്നിട്ടുണ്ടെങ്കില്‍ അതിന് നന്ദി പറയേണ്ടത് കെ.സി യോടാണ്.

ഇനി ഒഴിഞ്ഞുമാറാന്‍ സമ്മതിക്കാതെ പിടിച്ചു നിര്‍ത്തിയ ചോദ്യം നോക്കാം. മുഹമ്മദ് സൂചിപ്പിച്ച പോലെ അതില്‍നിന്ന് എന്ത് വാദമാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്.

ഇബാദത്തിന് പല അര്‍ഥമുണ്ടെങ്കിലും ഫാതിഹയില്‍ ആരാധന എന്ന് മാത്രമേ വരാവൂ എന്നാണോ ?. അതോ അനുസരണം എന്ന് അര്‍ഥം പറഞ്ഞാല്‍ പിന്നീട് ആരാധന എന്ന് പറയാനാവില്ലെന്നോ ?. അവിടെ അടിമത്തം എന്ന അര്‍ഥം പറഞ്ഞാല്‍ എന്താണ് മുജാഹിദുകള്‍ കാണുന്ന പ്രശ്നം. ഏതെങ്കിലും ഒരു മുജാഹിദുകാരന്‍ ഇതിന് ഒരു മറുപടി തരുമോ?. വളരെ സ്നേഹപൂര്‍വം ആവശ്യപ്പെടുകയാണ്. അല്ലാതെ ഇതൊരു വെല്ലുവിളിയൊന്നുമല്ല.

Abu Raniya പറഞ്ഞു...

ഇബാദത്ത് സംബന്ധമായി സകല സംശയങ്ങളും ദൂരീകരിക്കാവുന്ന വിധത്തില്‍ ആണ് കെ. സി അബ്ദുള്ള മൌലവി തന്റെ ഇബാദത്ത് ഒരു സമഗ്ര പഠനം എന്ന ഗ്രന്ഥം തയ്യാര്‍ ചെയ്തിരിക്കുന്നത്. കൂടാതെ ഷെയ്ഖ്‌ മുഹമ്മദ്‌ കാരക്കുന്നിന്റെ മുഖാമുഖം എന്ന ഗ്രന്ഥവും കൂടി വായിച്ചു കഴിഞ്ഞാല്‍ മുജാഹിദുകള്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ പൊള്ളത്തരം ശരിക്കും വ്യക്തമാവും. പഴയ വാദങ്ങള്‍ തന്നെ ആവര്‍ത്തിക്കുന്നു എന്നല്ലാതെ പുതിയ കാര്യങ്ങളൊന്നും ഇപ്പോള്‍ മുജാഹിദുകള്‍ പറയുന്നത് കണ്ടിട്ടില്ല. ഇബാദത്തിന് മൂന്നു അര്‍ത്ഥവും മുംപാരെങ്കിലും ഒന്നിച് ഉദ്ദേശിച്ചിട്ടുണ്ടോ എന്ന ചോദ്യം ഒരു പിള്ളേര് ചോദ്യമാണെന്നു ആ പുസ്തകം വായിച്ചാല്‍ വ്യക്തം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK