'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, ഫെബ്രുവരി 01, 2011

 ഇനി നമുക്ക് കോട്ടക്കലില്‍ കാണാം.

ഇസ്‌ലാമിക രാഷ്ട്രീയ ചരിത്രത്തില്‍ ഇതിഹാസതുല്യം തിളങ്ങുന്ന നാമമാണ് രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്. ഒരു രാത്രിയില്‍ പ്രവിശ്യാ ഗവര്‍ണറുമായുള്ള ചര്‍ച്ചക്കിടെ അദ്ദേഹം, മുമ്പിലുണ്ടായിരുന്ന വിളക്കണച്ച് മറ്റൊന്ന് കത്തിക്കുന്നു. കാരണമന്വേഷിച്ച ഗവര്‍ണറോട് അദ്ദേഹം പറഞ്ഞു: 'ഇതുവരെ നാം പൊതുകാര്യങ്ങളായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ നമ്മുടെ സംസാരം വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്നു. അങ്ങനെവരുമ്പോള്‍ പൊതുഖജനാവിലെ വിളക്ക് അതിന് ഉപയോഗിക്കുന്നത് ശരിയല്ലല്ലോ'. പൊതുപ്രവര്‍ത്തകന്‍ ദീക്ഷിക്കേണ്ട ധാര്‍മികനിലവാരത്തിന്റെ ഈ തിളങ്ങുന്ന മാതൃക നമ്മുടെ കാലത്ത് രാഷ്ട്രീയനേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് വങ്കത്തം തന്നെയാണ്. എന്നാലും ഇത്തരം കണിശതകള്‍ പാലിച്ച രാഷ്ട്രീയനേതാക്കളും നമുക്കിടയില്‍ ധാരാളമുണ്ടായിരുന്നു. അത്തരം ആളുകളെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഓര്‍മയില്‍ ആദ്യം മിന്നിയെത്തുന്ന പേരുകളിലൊന്നാണ് മുസ്‌ലിം ലീഗ് നായകനായിരുന്ന ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്‍േറത്. വിഭക്ത ഇന്ത്യയില്‍ തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍, വിഭജനത്തെത്തുടര്‍ന്ന് അനാഥരായിപ്പോയ ഇന്ത്യന്‍ മുസല്‍മാന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ അദ്ദേഹം നടത്തിയ പെടാപ്പാടുകളുടെ പേരായിരുന്നു ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് എന്നത്. അസാമാന്യ വ്യക്തിത്വവും ധീരമായ നിലപാടും സ്ഫടികതുല്യമായ ധാര്‍മികത്തെളിച്ചവും ജ്വലിക്കുന്ന സ്വപ്‌നങ്ങളുമായി അദ്ദേഹം ആ പ്രസ്ഥാനത്തെ ഇന്ത്യയില്‍ നട്ടുവളര്‍ത്താന്‍ വിയര്‍ത്തു പണിയെടുത്തു. ജീവിതം മുഴുക്കെ അതിനുവേണ്ടി സമര്‍പ്പിച്ചു. ആ സമര്‍പ്പണത്തിന്റെ ഫലമായാണ് ഉത്തര്‍പ്രദേശ്, അസം, ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നിയമസഭാപ്രാതിനിധ്യമുള്ള പ്രസ്ഥാനമായി മുസ്‌ലിംലീഗ് മാറിയത്. നടുക്കടലില്‍പെട്ട കൊതുമ്പുവള്ളത്തിലെ യാത്രക്കാരനെപ്പോലെ, ദിശയറിയാതെ സ്തംഭിച്ചു പോയ ഒരു സമുദായത്തിന് അദ്ദേഹം പ്രതീക്ഷകളുടെ സപ്തസമുദ്രങ്ങള്‍ താണ്ടാനുള്ള ഇച്ഛാശക്തി നല്‍കി. നമ്മുടെ ദൗര്‍ഭാഗ്യത്തിന് അദ്ദേഹത്തെപ്പോലുള്ളവരുടെ ശക്തമായ പിന്തുടര്‍ച്ചകള്‍ സൃഷ്ടിക്കാന്‍ ആ പ്രസ്ഥാനത്തിന് കഴിഞ്ഞില്ല.

പോയിപ്പോയി, ഇന്ന് കേരളമെന്ന കൊച്ചു സംസ്ഥാനത്തിലെ മലബാറെന്ന 'മഹാപ്രപഞ്ച'ത്തില്‍ മാത്രം വേരുകളുള്ള പ്രസ്ഥാനമായി ലീഗ് സ്വയം ന്യൂനീകരിച്ചു. മലയാളമറിയാത്ത സ്ഥാനാര്‍ഥികളെപ്പോലും ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിച്ച് രാഷ്ട്രീയ എതിരാളികളെ ഞെട്ടിക്കാന്‍ ലീഗിന് കഴിഞ്ഞിരുന്നു. എന്നാല്‍, ഇന്ന്, ഏറ്റവും കരുത്തനായ സ്ഥാനാര്‍ഥിയെ പോലും ജയിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റുന്ന ഒരു നിയമസഭാ മണ്ഡലം പോലുമില്ലാത്ത അവസ്ഥയില്‍ അവരെത്തി. ഓരോ വര്‍ഷം കഴിയുമ്പോഴും രാഷ്ട്രീയമായും സാംസ്‌കാരികമായും പിന്നോട്ടോടിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമായി അത് മാറി. അത് തിരിച്ചറിയാനോ നടപടികളെടുക്കാനോ കഴിയാതെ, അഹന്തയും അഹങ്കാരവും ആത്മപ്രശംസയും മാത്രം പങ്കുവെക്കുന്ന അവസ്ഥയിലേക്ക് ആ സംഘടന അധഃപതിച്ചു.

അസം മുതല്‍ കേരളം വരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രാതിനിധ്യമുണ്ടായിരുന്ന ഈ പ്രസ്ഥാനം എന്തുകൊണ്ട് ഇങ്ങനെ ശുഷ്‌കിച്ചു പോയി? ഇന്ത്യന്‍മുസ്‌ലിംകള്‍ സന്ദിഗ്ധമായ ഏതെല്ലാം ഘട്ടങ്ങളിലൂടെ കടന്നുപോയോ, അപ്പോഴൊക്കെയും സമുദായത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി, ഭരണവര്‍ഗ/സവര്‍ണ യുക്തിക്കൊപ്പം നിന്ന് നിലപാടുകളെടുക്കുന്നതിലായിരുന്നു മുസ്‌ലിംലീഗിന് താല്‍പര്യം. അടിയന്തരാവസ്ഥ, ബാബരിമസ്ജിദ്, ഇന്ത്യ-ഇസ്രായേല്‍ ബന്ധം തുടങ്ങി ഇന്ത്യന്‍ മുസ്‌ലിംകളുടെ അസ്തിത്വത്തിന് തന്നെ ഭീകരമായ ഭീഷണികള്‍ നേരിട്ട സന്ദര്‍ഭങ്ങളിലെല്ലാം സമുദായ താല്‍പര്യത്തിന് വിരുദ്ധമായ സമീപനം സ്വീകരിച്ചതാണ് ലീഗിനെ ഈ വിധം തകര്‍ച്ചയിലേക്ക് നയിച്ചത്. ഏറ്റവും ഒടുവില്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരൂഹമായ സ്‌ഫോടനങ്ങള്‍ നടക്കുകയും അതിന്റെ പേരില്‍ മുസ്‌ലിം സമുദായം അപ്പാടെ ബന്ദിയാക്കപ്പെടുകയും ചെയ്ത സന്ദര്‍ഭങ്ങളില്‍ കാര്യങ്ങളുടെ യാഥാര്‍ഥ്യങ്ങളന്വേഷിക്കാനുള്ള ധീരത ആ പ്രസ്ഥാനം പ്രകടിപ്പിച്ചില്ല. എന്നു മാത്രമല്ല; സംഘ്പരിവാര്‍-സാമ്രാജ്യത്വ പ്രചാരണങ്ങളെ കടമെടുത്ത് മുസ്‌ലിം യുവാക്കള്‍ക്കും സംഘടനകള്‍ക്കും നേരെ ഭരണകൂടം നടത്തിയ അതിനീചമായ ആക്രമണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു മുസ്‌ലിം ലീഗ്. സ്വന്തം യുവനേതാക്കളെ കയറൂരി വിട്ട് സംഘ്പരിവാര്‍-സാമ്രാജ്യത്വ പ്രചാരണങ്ങള്‍ ഇരട്ടി ശബ്ദത്തില്‍ ആവര്‍ത്തിക്കാനാണ് ലീഗ് താല്‍പര്യം കാണിച്ചത്. ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ് നേതാവായ ദിഗ്‌വിജയ് സിങ് കാണിച്ച ധീരതയുടെയും മാന്യതയുടെയും ആയിരത്തിലൊരംശം പോലും പ്രകടിപ്പിക്കാന്‍ ലീഗിനായില്ല. ഹിന്ദുത്വ ഫാഷിസത്തിന്റെയും അതിന്റെ പ്രചാരകരായ വ്യാജ ലിബറല്‍ സെക്കുലറിസ്റ്റുകളുടെയും നല്ലകുട്ടി ലിസ്റ്റില്‍ പെടാനുള്ള വ്യഗ്രതയായിരുന്നു ലീഗിന്.

ഇപ്പോള്‍ ദൈവാനുഗ്രഹത്താല്‍, ഇന്ത്യയിലെ ഭീകരാക്രമണങ്ങളുടെയും ദേശവിരുദ്ധ അട്ടിമറി പ്രവര്‍ത്തനങ്ങളുടെയും യഥാര്‍ഥ ഉറവിടം കണ്ടെത്തിക്കഴിഞ്ഞു. അത്തരമൊരു സന്ദര്‍ഭത്തില്‍ നിശ്ചേഷ്ടരാക്കപ്പെട്ട സമുദായത്തിന് ആത്മവീര്യം പകരാനും ഭീകര പ്രസ്ഥാനങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കാനും ലീഗിന് കഴിയേണ്ടതായിരുന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍, കേന്ദ്രത്തില്‍ സ്വന്തമായി രണ്ട് എം.പിമാരുണ്ടായിട്ടുപോലും ഒരു വാക്ക് പറയാനുള്ള ആര്‍ജവം ആ സംഘടന ഇതുവരെ കാണിച്ചിട്ടില്ല. ഇന്ത്യയിലെ മുസ്‌ലിം സംഘടനകളാകെ, ഇത്തരത്തില്‍ പ്രചാരണങ്ങളിലേര്‍പ്പെട്ടിരിക്കെ, 'ഇന്ത്യന്‍ മുസ്‌ലിംകളുടെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം' എന്നവകാശപ്പെടുന്ന മുസ്‌ലിം ലീഗ് വളരെ രസകരമായ മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരി 28ാം തീയതി വൈകുന്നേരം ആറുമണിക്ക് കുഞ്ഞാലിക്കുട്ടി കോഴിക്കോട്ടെ ലീഗ് ഹൗസില്‍ വിളിച്ചുചേര്‍ത്ത ആ വാര്‍ത്താസമ്മേളനം വലിയൊരു സൂചകമാണ്. മാധ്യമ, ചിഹ്നശാസ്ത്ര വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടൊരു സ്റ്റഡി മെറ്റീരിയലാണത്. ഐ.യു.എം.എല്‍ എന്ന് കോറിയിട്ട പച്ച ബാനറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മുസല്‍മാന്റെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരന് ജനങ്ങളോട് പറയാനുള്ള വിഷയങ്ങളെന്തൊക്കെയാണ്? കെട്ടുനാറി പുഴുവരിക്കുന്ന ഒരു കൂട്ടം അശ്ലീലക്കഥകളുടെ അടുക്കള വര്‍ത്തമാനങ്ങള്‍, സാമ്പത്തികമായ തിരിമറികളെക്കുറിച്ച വിശദീകരണങ്ങള്‍, സ്വന്തം കുടുംബത്തിനകത്തെ കുടിപ്പകകളുടെ സ്‌തോഭകഥനങ്ങള്‍...എല്ലാറ്റിനും നിശബ്ദ സാക്ഷിയായി ഐ.യു.എം.എല്‍ എന്നെഴുതിയ ആ പച്ച ബാനറും. മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് പടുത്തുയര്‍ത്തിയ ആ ഐ.യു.എം.എല്‍ തന്നെയോ ഇത് എന്നോര്‍ത്തു നോക്കുക. ബാങ്ക് കൊടുക്കുമ്പോള്‍ നിര്‍ത്തിയും, ബാങ്ക്‌വിളിയെ തനിക്കനുകൂലമായി സാക്ഷിയാക്കിയും പാണക്കാട് തങ്ങളുടെ പേര് ഇടക്കിടെ ആവര്‍ത്തിച്ചും മഗ്‌രിബ് നമസ്‌കാരത്തെക്കുറിച്ച് ഓര്‍മിപ്പിച്ചും, മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയ ചിഹ്നത്തെ മാത്രമല്ല, മതചിഹ്നങ്ങളെയും എങ്ങനെ തന്റെ വൃത്തിഹീനമായ വ്യക്തിരാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന തന്ത്രം പയറ്റുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

ജനുവരി 28ലെ ആ വെടിക്കെട്ട് വാര്‍ത്താസമ്മേളന പരമ്പരകള്‍ക്കുശേഷം മുസ്‌ലിം ലീഗ് രാഷ്ട്രീയം-അതായത്, ഇന്ത്യയിലെ ആധികാരിക ന്യൂനപക്ഷ രാഷ്ട്രീയം-ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ സ്വകാര്യ ദുരൂഹതകളുടെ സംരക്ഷണം എന്ന ഒരൊറ്റ അജണ്ടയില്‍ ന്യൂനപക്ഷ രാഷ്ട്രീയം ഒതുങ്ങിയിരിക്കുന്നു. കുഞ്ഞാലിക്കുട്ടിക്ക് പിന്നില്‍ ലീഗ് ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് സാക്ഷാല്‍ ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ അര്‍ഥ ശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ജീര്‍ണിച്ച ഒരു രാഷ്ട്രീയ ശരീരം പുറത്തുവിടുന്ന നാറ്റക്കൊടുങ്കാറ്റായി ലീഗ് രാഷ്ട്രീയം സ്വയം പരിവര്‍ത്തിപ്പിച്ചു. സ്വന്തം പാര്‍ട്ടിയിലെ മറ്റു നേതാക്കളെ ഒതുക്കാന്‍ വേണ്ടി പോലും കളിച്ച വൃത്തികെട്ട കളികളുടെ കഥകളാണ് പുറത്തുവ രുന്നത്. പരസ്‌പരം വിശ്വാസമില്ലാത്ത, പരസ്‌പരം ചാരന്മാരെ നിശ്ചയിക്കുന്ന, പരസ്‌പരം പാരവെക്കുന്ന, പരസ്‌പരം തകര്‍ക്കാന്‍ വേണ്ടി പെണ്ണുകഥകള്‍ വരെ പ്രചരിപ്പിക്കുന്ന ഒരു പാര്‍ട്ടി നേതൃത്വത്തിന് എങ്ങനെയാണ് പ്രതിസന്ധികളുടെ മഹാകയത്തില്‍ പെട്ട ഒരു സമുദായത്തെ രക്ഷപ്പെടുത്താന്‍ കഴിയുക?

ഈ ചോദ്യത്തിന് നാട്ടുകാര്‍ക്കും അണികള്‍ക്കും ബോധിക്കുന്ന മറുപടി കണ്ടെത്താതെ മുസ്‌ലിം ലീഗിന് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല. അങ്ങനെ ഒരു മറുപടി കണ്ടെത്താനായി നമുക്കിനിയും കോട്ടക്കലില്‍ കൂടിയിരിക്കാം. എല്ലാ തരം വൈദ്യന്മാരെയും വിളിച്ചു ചേര്‍ത്ത് ഒരു കഷായം കൂടി കുറുക്കിയെടുക്കാന്‍ പറ്റുമോ എന്നാലോചിക്കാം. പുതിയൊരു ഉണര്‍വ് കിട്ടിയെങ്കിലോ?

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ ലേഖനം ഇവിടെ എടുത്ത് ചേര്‍ത്തതില്‍നിന്ന് അതിന്റെ ആദ്യവസാനം വരെയുള്ള മുഴുവന്‍ കാര്യങ്ങളോടും യോജിക്കുന്നുവെന്ന് അര്‍ഥമില്ല. ചിലതൊക്കെ ലേഖകന്റെ നിഗമനങ്ങളാണ്. ഞാനിതില്‍ പൊതുവായി യോജിക്കുന്നത് അതിലെ അടിസ്ഥാനാശയങ്ങളോടു മാത്രമാണ്.

വിയോജിക്കുന്നവര്‍ക്കും മറുപടി പറയുന്നവര്‍ക്കും അതിനുള്ള പൂര്‍ണാവസരം ഇവിടെയുണ്ട്. മറുപടിക്ക് പകരം പ്രത്യാരോപണം പ്രതീക്ഷിക്കുന്നില്ല.

jayan പറഞ്ഞു...

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ തന്നെയും ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കെ.ടി.ജലീല്‍ എം.എല്‍.എ. ഇതിനു പിന്നില്‍ ഒരു വ്യവസായിയും യൂത്ത് ലീഗിലെ ഒരു നേതാവുമാണെന്ന് ജലീല്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തന്നെ പറ്റി അപവാദം പറയുന്നവരുടെ നാര്‍കോ പരിശോധന നടത്തണമെന്നും താനും പരിശോധനക്ക് തയ്യാറാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞാലിക്കുട്ടിയെയും റൗഫിനെയും നാര്‍കോ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും കെ.ടി. ജലീല്‍ ആവശ്യപ്പെട്ടു. ഇതു വഴി കേരളത്തിലെ പൊതു സമൂഹത്തിന് സത്യമറിയാമെന്നും ജലീല്‍ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK