'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ഫെബ്രുവരി 09, 2011

ജോണ്‍സിവിലിയോയുടെ മറുപടി

മൗദൂദിയുടെ ജനാധിപത്യനിഷേധ ഉദ്ധരണികള്‍ (2)

ജോണ്‍സിവിലിയോ എഴുതിയ ലേഖനത്തിന്റെ ഒരു ഭാഗമാണിത്. കഴിഞ്ഞ ഒരു പോസ്റ്റില്‍ മദൂദി ജനാധിപത്യവിരുദ്ധനാണ് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉദ്ധരണികള്‍ എടുത്ത് ചേര്‍ത്തിരുന്നു. മൗദൂദിയെ എക്കാലത്തും എവിടെയും വിമര്‍ശിക്കാന്‍ ഈ ഉദ്ധരണികള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചുകൊണ്ട് ഷാജഹാന്‍മാടമ്പാട്ട് എഴുതിയ ലേഖനത്തിനുള്ള മറുപടിയാണിത്. തുടര്‍ന്ന് വായിക്കുക.

'[പിന്നെ നിങ്ങള്‍ എഴുതി: ``മതേതരത്വവും ജനാധിപത്യവും നിസ്സംശയമായും മൗദൂദിയെ സംബന്ധിച്ചേടത്തോളം ദൈവനിഷേധാത്മകതലങ്ങളാണ്‌. ജമാഅത്തെ ഇസ്‌ലാമിയുടെ ഈ നിലപാടില്‍നിന്നും എപ്പോഴെങ്കിലും അവര്‍ അകന്നുപോയിട്ടുണ്ടോ?''

ഞാന്‍ മൗദൂദിയുടെ ഇവ്വിഷയകമായ പുസ്‌കത്തിലൂടെ കടന്നുപോയിട്ടുണ്ട്‌. അതൊരു അത്ഭുതാവഹമായ പുസ്‌തകം തന്നെയാണ്‌. അതിലീ വിഷയത്തെ യുക്തിസഹമായും വേദഗ്രന്ഥപരമായും വിശകലനാത്മകമായും സമീപിച്ചിരിക്കുന്നു. ആ പുസ്‌തകം ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിന്‌ മുമ്പാണ്‌ മൗദൂദി രചിച്ചത്‌. അതിനാല്‍ തന്നെ സ്ഥലവും സാഹചര്യവും ബ്രിട്ടീഷ്‌ അല്ലെങ്കില്‍ പാശ്ചാത്യമായ ജനാധിപത്യ-മതേതര ചിന്തകളെ ആധാരമാക്കിയാണ്‌. സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യന്‍ മതേതരത്വത്തെക്കുറിച്ചല്ല അതെന്നത്‌ തീര്‍ച്ചയുമാണ്‌.

അല്ലെങ്കിലും ഇസ്‌ലാമികമായ വീക്ഷണത്തോടെ നിങ്ങള്‍ ഈ വിഷയത്തെ സമീപിച്ചിട്ടുണ്ടോ? എല്ലാറ്റിനുമുപരിയായി ജനാധിപത്യമെന്നാലെന്താണ്‌? ലോകത്തെവിടെയാണ്‌ നിങ്ങള്‍ക്ക്‌ അങ്ങനെയൊരു ഭരണകൂടത്തെ കാണാന്‍ സാധിക്കുക? അത്‌ ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ ഭരണകൂടമാണെങ്കില്‍, എനിക്ക്‌ തോന്നുന്നത്‌ ജനാധിപത്യം എന്ന പേര്‌ ഒരു വ്യര്‍ഥാരോപണം മാത്രമാണ്‌ എന്നാണ്‌. ഈ ലോകത്തെവിടെയാണങ്ങനെ ഒരു ഭരണകൂടമുള്ളത്‌? തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ജനസംഖ്യയുടെ 51 ശതമാനമെങ്കിലും പ്രതിനിധീകരിക്കപ്പെടുന്ന ഒരു ഭരണകൂടം ലോകത്തിലെവിടെയും എനിക്ക്‌ കാണാന്‍ സാധിക്കുന്നില്ല. തെരഞ്ഞെടുപ്പിനെക്കുറിച്ചും തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ പണവും മാധ്യമങ്ങളും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഒന്നാലോചിച്ചു നോക്കൂ. ഇതാണ്‌ തെരഞ്ഞെടുപ്പിന്റെ സ്ഥിതി. ഗോറും ബുഷ്‌ ജൂനിയറും തമ്മിലുള്ള തെരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ ചിലപ്പോള്‍ വിജയിക്കുന്നയാളേക്കാള്‍ വോട്ട്‌ ലഭിച്ചിട്ടും പരാജയപ്പെടേണ്ടിവന്നേക്കാം. ചിലപ്പോള്‍ രാജ്യത്താകമാനം വേരുകളുള്ള ഒരു പാര്‍ട്ടി പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കപ്പെടാതെ പോയെന്നും വരാം. അതേസമയം ഒരു പ്രാദേശിക പാര്‍ട്ടി ഏറ്റവും വലിയ ഒരു പ്രതിപക്ഷമാവുകയും ചെയ്യാം. 1984-ല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടിയായ ജെ.ഡി.എഫ്‌ വലിയ പ്രതിപക്ഷ പാര്‍ട്ടിയായപ്പോള്‍ ബി.ജെ.പിക്ക്‌ കേവലം 2 സീറ്റ്‌ മാത്രമേ ലഭിച്ചുള്ളൂ. തെരഞ്ഞെടുപ്പിന്‌ ശേഷം നയരൂപീകരണ പ്രക്രിയയില്‍ വോട്ടര്‍മാര്‍ക്ക്‌ എന്തു പങ്കാണുള്ളത്‌? ഭരണകൂടം ജനങ്ങളെ മറക്കുകയും അവശ്യാനുസരണം സ്വന്തം പാര്‍ട്ടിയെ മാത്രം ഓര്‍ക്കുകയും ചെയ്യുന്നു. അമേരിക്കയുടെ കൂടെ ഇറാഖിലേക്ക്‌ തങ്ങളുടെ പട്ടാളത്തെ അയക്കുന്നത്‌ യു.കെയിലെ 90 ശതമാനം ജനങ്ങളും എതിരായിരുന്നു. എന്നിട്ടും ടോണി ബ്ലെയര്‍ എന്ന, ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഇറാഖ്‌ യുദ്ധത്തില്‍ ആവേശത്തോടെ പങ്കുകൊണ്ടു. ജനാധിപത്യത്തിന്റെ ആസ്ഥാനമായ യു.എന്‍ ജനാധിപത്യം നടപ്പിലാക്കുന്നുണ്ടോ? എങ്കില്‍ പിന്നെ രക്ഷാസമിതി എന്തിനാണ്‌? എന്തിനാണ്‌ വീറ്റോ അധികാരം? എന്തുകൊണ്ടാണ്‌ ഇന്ത്യയെയും അമേരിക്കയെയും പോലുള്ള `ജനാധിപത്യ' രാജ്യങ്ങളിലെ രാഷ്‌ട്രപതിമാര്‍ക്ക്‌ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റുകള്‍ പാസ്സാക്കുന്ന ബില്‍ തിരിച്ചയക്കാന്‍ അധികാരമുള്ളത്‌? ജനാധിപത്യത്തിന്‌ അതില്‍തന്നെ വിശ്വാസം ഇല്ല. കാരണം അത്‌ തലക്കുള്ളിലെന്ത്‌ എന്നു നോക്കാതെ തലകളെ എണ്ണുന്നു.

വാസ്‌തവത്തില്‍ നിങ്ങള്‍ വിമര്‍ശിക്കേണ്ടിയിരുന്നത്‌ ഖുര്‍ആനെയായിരുന്നു. കാരണം, നന്മ-തിന്മകളെക്കുറിച്ചുള്ള ഖുര്‍ആന്റെ വീക്ഷണ കോണില്‍നിന്നാണ്‌ മൗദൂദി പടിഞ്ഞാറന്‍ ജനാധിപത്യത്തെ വിമര്‍ശിക്കുന്നത്‌. മൗദൂദി ഖുര്‍ആന്റെ ഒരു പ്രയോക്താവ്‌ മാത്രമായിരുന്നു. ഖുര്‍ആന്‍ പറയുന്നു: ``പ്രവാചകരേ, അവരോട്‌ പറയുക: ശുദ്ധവും മ്ലേഛവും ഒരവസ്ഥയിലും തുല്യമാവുകയില്ല- മ്ലേഛത്തിന്റെ ആധിക്യം താങ്കളെ എത്രത്തന്നെ കൗതുകപ്പെടുത്തിയാലും ശരി'' (5:100). ജനാധിപത്യം എന്നുള്ളത്‌ സത്യസന്ധമായ ബാധ്യതാ നിര്‍വഹണത്തിനു വേണ്ടി ശരിയായ ആളുകളെ കണ്ടെത്തുന്ന പ്രക്രിയ ആണെങ്കില്‍ ഖുര്‍ആന്‍ ഒരിക്കലും അതിനെതിരല്ല. മറിച്ച്‌, ഖുര്‍ആന്‍ അത്‌ അനുശാസിക്കുന്നുണ്ട്‌ താനും. ``വാസ്‌തവത്തില്‍ അല്ലാഹു ഉത്തരവാദിത്വങ്ങളും കടമകളും യഥാര്‍ഥ ആളുകളെ ഏല്‍പിക്കാന്‍ നിങ്ങളോട്‌ കല്‍പിക്കുന്നു. മാത്രവുമല്ല, നിങ്ങള്‍ ആളുകളെ ഭരിക്കുമ്പോള്‍ നീതിയുക്തമായി ഭരിക്കാനും അല്ലാഹു അനുശാസിക്കുന്നു.''

ഈ വചനങ്ങള്‍ വ്യക്തമാക്കുന്നത്‌ വ്യത്യസ്‌ത തട്ടുകളിലും പാളികളിലും ഉത്തരവാദിത്വങ്ങളും കടമകളും ഏല്‍പിക്കാന്‍ യഥാര്‍ഥ ആളുകളെ തെരഞ്ഞെടുക്കുന്നതിന്റെ സുതാര്യമായ പ്രക്രിയയുടെ ആവശ്യകതയെക്കുറിച്ചാണ്‌. മാത്രമല്ല, അത്‌ തെരഞ്ഞെടുക്കപ്പെട്ട ആളുകളോട്‌ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി, ജാതി, മത വിഭാഗീയതകള്‍ക്കതീമായി നീതിയുക്തമായി ഭരിക്കാന്‍ അനുശാസിക്കുന്നു (ഇസ്‌ലാമിന്റെ മതേതര കാഴ്‌ചപ്പാടാണിത്‌). അബൂബക്കറിന്റെയും (നേരിട്ടുള്ള തെരഞ്ഞെടുപ്പ്‌) ഉസ്‌മാന്റെയും (പാര്‍ലമെന്ററി തെരഞ്ഞെടുപ്പ്‌) തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക്‌ ജനാധിപത്യ പ്രക്രിയ കാണാന്‍ സാധിക്കും. ഉമറിന്റെ ഭരണത്തില്‍ നിങ്ങള്‍ക്ക്‌ പങ്കാളിത്ത ജനാധിപത്യത്തിന്റെ (participatory democracy) സ്വാധീനങ്ങള്‍ കാണാന്‍ സാധിക്കും. എന്നിരുന്നാലും ഒരു ഘട്ടത്തില്‍ ഖിലാഫത്ത്‌ ഏകാധിപത്യത്തിലേക്ക്‌ അധഃപതിച്ചപ്പോള്‍ അതില്‍നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതില്‍ മുസ്‌ലിംകള്‍ പരാജയപ്പെട്ടു. ജനാധിപത്യം എന്നത്‌ ജനങ്ങളെ ഉള്‍പ്പെടുത്തി നയരൂപീകരണം നടത്തുന്ന പ്രക്രിയയാണ്‌ എങ്കില്‍, ഖുര്‍ആന്‍ അതും കല്‍പിക്കുന്നു: ``റബ്ബിന്റെ ശാസനകള്‍ അനുസരിക്കുന്നവരും നമസ്‌കാരം നിലനിര്‍ത്തുന്നവരും തങ്ങളുടെ കാര്യങ്ങള്‍ പരസ്‌പരം കൂടിയാലോചിച്ച്‌ നടത്തുന്നവരുമാണവര്‍'' (42:38).

``അവരുടെ തെറ്റുകള്‍ പൊറുക്കുക, അവരുടെ പാപമുക്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുക, ദീന്‍ കാര്യങ്ങളില്‍ അവരെയും കൂടിയാലോചനകളില്‍ പങ്കാളികളാക്കുക'' (3:159).

ഇസ്‌ലാം ഒരിക്കലും ജനങ്ങള്‍ക്ക്‌ പരമാധികാരം നല്‍കുന്നില്ല. അത്‌ അല്ലാഹുവില്‍ നിക്ഷിപ്‌തമാണ്‌. ജനങ്ങള്‍ പ്രതിനിധീകരിക്കുന്ന രാഷ്‌ട്രത്തിന്‌ നല്‍കുന്നത്‌ രക്ഷാകര്‍തൃത്വത്തിന്റെ അവകാശവും ഉത്തരവാദിത്വവുമാണ്‌. അഛനും മക്കള്‍ക്കുമിടയിലുള്ളത്‌ പോലുള്ള മനോഹരമായൊരു ബന്ധമായാണ്‌ ഞാനതിനെ കണക്കാക്കുന്നത്‌. മറ്റേതൊരു രാഷ്‌ട്രീയ വ്യവസ്ഥയിലും ഒരുതരം ഫാഷിസം അടങ്ങിയിട്ടുണ്ട്‌.കാരണം അവ പല പേരിലും ഒരുതരം ആധിപത്യം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നു. ഏതെങ്കിലും സൃഷ്‌ടികള്‍ക്ക്‌ പരമാധികാരം കൊടുക്കുകയോ സൃഷ്‌ടികളാല്‍ കൈയടക്കപ്പെടുകയോ ചെയ്യുന്ന തരത്തിലുള്ള ഒരു കിറുക്കിലും ഇസ്‌ലാം വിശ്വസിക്കുന്നില്ല. അധികാരവും അവകാശവും ഉത്തരവാദിത്വവും രക്ഷിതാവില്‍ നിക്ഷിപ്‌തമായ ഒരുതരം ജൈവികമായ ബന്ധത്തിലാണത്‌ വിശ്വസിക്കുന്നത്‌.

മതേതരത്വത്തെ സംബന്ധിച്ചേടത്തോളം മൗദൂദി വിമര്‍ശിക്കുന്നത്‌ മനുഷ്യന്റെ സാമൂഹിക രാഷ്‌ട്രീയ ജീവിതത്തില്‍ നിന്നും മതത്തെ പാടെ വേര്‍പെടുത്തുന്നതും ഒരുവന്റെ മതത്തെ ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ഒതുക്കി നിര്‍ത്തുന്നതുമായ പാശ്ചാത്യ മതേതരത്വത്തെയാണ്‌. ജമാഅത്തെ ഇസ്‌ലാമി ഇപ്പോഴും, അതിനോട്‌ (മൗദൂദിയുടെ വിമര്‍ശനത്തോട്‌) ചേര്‍ന്നു നില്‍ക്കുന്നു, കാരണം ഇസ്‌ലാമിന്റെ ചെറുതരിയെങ്കിലുമുള്ള ഒരു മുസ്‌ലിമിനും അതിനെ അംഗീകരിക്കാനാവില്ല. ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഇന്ത്യന്‍ മതേതരത്വത്തോടുള്ള സമീപനം തികച്ചും വ്യത്യസ്‌തമാണ്‌. കാരണം ഇന്ത്യന്‍ മതേതരത്വം എന്നാല്‍ മതങ്ങള്‍ക്കിടയില്‍ വിവേചനമില്ലാതിരിക്കുകയും വ്യത്യസ്‌ത മതങ്ങളെ രാഷ്‌ട്രം തുല്യനിലയില്‍ പരിഗണിക്കുകയും ചെയ്യലാണ്‌. ജമാഅത്തെ ഇസ്‌ലാമിയെയും ഖുര്‍ആനിക സൂക്തങ്ങളെയും സംബന്ധിച്ച്‌ അതൊരു ഇസ്‌ലാമിക കാഴ്‌ചപ്പാടാണുതാനും']

1 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

പൂര്ണമായ ലേഖനം ഇവിടെ വായിക്കുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK