'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, മേയ് 25, 2011

ഇബാദത്ത് വീണ്ടും ചര്‍ചയാകുമ്പോള്‍ (ഭാഗം. 7)

ജമാല്‍ സാഹിബ് ജമാഅത്തുകാരെ ഇബാദത്തിന്റെ വിവക്ഷ പഠിപ്പിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ച് ഇബാദത്തിന്റെ അര്‍ഥം മനസ്സിലാക്കുന്നതില്‍ സൗദിയിലെ അമ്പതോളം പണ്ഡിതര്‍ക്കും ഇമാം റാസിക്കും മൗദൂദിക്കുമൊക്കെ തെറ്റ് പറ്റിയിരിക്കുന്നുവെന്ന് പറയുന്നവര്‍ അവരുടെ വാദങ്ങളില്‍നിന്ന് പതുക്കെ പിന്‍വലിയാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കെ അവരുടെ തന്നെ പ്ലാറ്റ് ഫോമില്‍നിന്ന് പഠിപ്പിക്കുമ്പോള്‍ വല്ലാത്ത വൈരുദ്ധ്യമുണ്ട്.

ഈ പറയുന്നത് അഹങ്കാരമാണ് എന്നൊക്കെ താങ്കള്‍ക്ക് പറയാം പക്ഷെ നിങ്ങള്‍ ചിന്തിക്കുന്നത് പോലെ തന്നെയാണോ ഇബാദത്തിനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ മനസ്സിലാക്കുന്നത് എന്ന് ഉറപ്പ് വരുത്താന്‍ ഈ സമയം വിനിയോഗിക്കുക അതിന് വേണ്ടിയാണ് ഞാന്‍ അത് സൂചിപ്പിക്കുന്നത്.

Jamal Cheembayil
എന്റെ ചോദ്യം തന്നെ ഇബാദത്ത് എന്ന വാക്കിനെ ചൊല്ലി ആണ്. അതും Aneesudheen saahibinteപോസ്റ്റില്‍ ഉള്ളത്. Aneesudheen സാഹിബ് കൊടുത്ത വിശദീകരത്തില്‍ , അതിനു വാലായി " മൌദൂദി " എന്ന് കൊടുക്കുകയാണ് ചെയ്തത്. എന്റെ ചോദ്യത്തിന് നേര്‍ക്കുനേര്‍ ഉത്തരം തരാന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ പൂര്‍ണ്ണമായ വിവരം കൊടുക്കണമല്ലോ., അത് ചെയ്തില്ല. ഞാന്‍ വീണ്ടും ചോദിച്ചപ്പോഴും ആ വിവരം മാത്രം പറയുന്നില്ല. ഞാന്‍ ചോദ്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു എന്ന ഘട്ടത്തില്‍ ആണ് പറയുന്നത് അത് 4/59 ന്റെ വിശദീകരണമാണ് എന്ന്. അതായത് ഞാന്‍ ചോദിച്ചത് ഇബാദത് എന്ന വാക്കിനെകുരിച്ച്ചും നിങ്ങള്‍ തന്ന മറുപടി " അതീഉല്ലാഹ ... " എന്ന് തുടങ്ങുന്ന ആയത്തിനും. ഞാന്‍ ചോദിക്കുന്നത് വളരെ ലളിതമായ ചോദ്യ മാണ് . "നിരുപാധിക അനുസരണം., നിരുപാധിക അടിമത്വം " എന്നൊക്കെ മൌദൂദി സാഹിബ് വിശദീകരിച്ച ശേഷവും മുജാഹിദുകള്‍ അദ്ദേഹത്തെ വിമര്‍ശിച്ച്ചോ ?. ജമാഅതെ ഇസ്ലാമി ഇബാദത്തിന്റെ വിശദീകരണത്തില്‍ 'അനുസരണം' എന്ന അര്ത്ഥംി നല്കി്യപ്പോഴല്ലാം നിരുപാധിക അനുസരണം എന്ന് ജമാഅത്ത് കാലാകാലങ്ങളില്‍ വിശദീകരിച്ച് പോന്നിട്ടുണ്ട്. എന്നാണു അനീസുദീന്‍ സാഹിബ് പറയുന്നത്. പക്ഷെ ഏതൊരു വ്യക്തി ആണോ വിമര്‍ശന വിധേയന്‍ ആ വ്യക്തി അതിനു വിശദീകരണം കൊടുത്തോ എന്ന് ചോദിക്കുമ്പോള്‍ ,അതിനു മറുപടി പറയാതെ മറ്റു വിഷയങ്ങളിലേക്ക് പോകുന്നു. പൂര്‍വ്വ കാല പണ്ഡിതര്‍ കൊടുത്ത വിശദീകരണം നമുക്ക്‌ മുന്നില്‍ ഉണ്ടല്ലോ? .അത് തെറ്റോ ശരിയോ എന്നെങ്കിലും പറയട്ടെ ജ.ഇ.

Jamal Cheembayil കൂടുതല്‍ വിശദീകരിക്കാനുണ്ട് .,പക്ഷെ പിന്നെ. ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി ആശ്പത്രി വാസത്തില്‍ ആണ്. മക്കളെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നു. അതിനാല്‍ സമയമില്ല. എല്ലാവരുടെയും ദുആകളില്‍ എന്നെയും മക്കളെയും ഉള്‍പെടുത്തുക.

Abdul Latheef പ്രിയ ജമാല്‍, ആദ്യമായി താങ്കളുടെ മക്കളുടെ അസുഖം എത്രയും വേഗത്തില്‍ സുഖമാക്കി തരുമാറാകട്ടേ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

Jamal Cheembayil ആദ്യമായി എന്റെ സഹോദരന്‍ അബ്ദുല്‍ ലത്വീഫിന്റെ പ്രാര്‍ഥനക്ക് നന്ദി അറിയിക്കട്ടെ .അല്ലാഹു താങ്കള്‍ക്ക് അര്‍ഹമായ പ്രതിഫലം തരുമാറാകട്ടെ. പ്രാര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നവരില്‍ നമ്മളെയെല്ലാം അല്ലാഹു ഉള്പെടുത്തുമാറാകട്ടെ.

Abdul Latheef

ചര്‍ച ഇവിടെ വരെ എത്തിയപ്പോള്‍ താങ്കളുടെ വാക്കില്‍ നിന്ന് എനിക്ക് മനസ്സിലായതാണ് മുകളില്‍ നല്‍കിയത്.


[6. `ഇബാദത്ത്` എന്ന പദം അറബിഭാഷയില്‍ മൂന്നര്‍ഥങ്ങളില്‍ ഉപയോഗിക്കാറുണ്ട്: (1) പൂജ, ആരാധന. (2) അനുസരണം, ആജ്ഞാനുവര്‍ത്തനം. (3) അടിമത്തം, ദാസ്യവൃത്തി. ഇവിടെ ഈ മൂന്നര്‍ഥങ്ങളും ഒന്നിച്ചുദ്ദേശിക്കപ്പെടുന്നുണ്ട്. ]

(അമാനിമൗലവിയുടെ വിശുദ്ധഖുര്‍ആന്‍ വിവരണത്തിലും ഇതേ അര്‍ഥം നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം അദ്ദേഹത്തിന് അത് തെറ്റായി തോന്നുകയും അങ്ങനെ ഒരു കയ്യെഴുത്ത് പ്രതിതയ്യാറാക്കുകയും എന്നാല്‍ അത് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് മരണപ്പെടുകയും ചെയ്തുവെന്ന് മുജാഹിദിലെ ചില കുബുദ്ധികള്‍ അണികളെ പഠിപ്പിച്ചിട്ടുണ്ട് എന്നാണ് മുകളിലെ ചില കമന്റ് വായിച്ചപ്പോള്‍ തോന്നിയത്. കുബുദ്ധി എന്ന് പറയാന്‍ കാരണം അത്രയും സത്യമായിരുന്നെങ്കില്‍ അത് എവിടെയെങ്കിലും പ്രസിദ്ധീകരിക്കുമായിരുന്നല്ലോ. എന്നാല്‍ കാലാകാലങ്ങളില്‍ ജമാഅത്തിന് ഈ കാര്യം അമാനിമൗലവിയോട് ചേര്‍ത്ത് പറയേണ്ടി വരില്ലായിരുന്നു.)

എന്ന് മൗദൂദി പറഞ്ഞേടത്ത് അനുസരണം എന്നതിന്റെയും അടിമത്തം എന്നതിന്റെയും മുന്നില്‍ നിരുപാധികമായ എന്ന ഒരു വാക്കുകൂടി നല്‍കിയിരുന്നെങ്കില്‍ അതിനെ വിമര്‍ശിക്കുന്നതില്‍ ഒരു ന്യായവും ഉണ്ടാകുമായിരുന്നില്ല. മൗദൂദി ഇവിടെ അനുസരണം എന്ന് പറഞ്ഞതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. അതുകൊണ്ടാണ് അതിനെ വിമര്‍ശിക്കാന്‍ മുജാഹിദുകള്‍ രംഗത്ത് വന്നത്.

എന്നാല്‍ എന്താണ് മുജാഹിദ് പ്രസ്ഥാനം ജമാഅത്തിനെക്കുറിച്ച് അണികളെ പഠിപ്പിക്കുന്നത് എന്ന് മനസ്സിലാക്കിയാല്‍ ജമാലിനോട് ഒട്ടും ഇക്കാര്യത്തില്‍ നീരസം തോന്നില്ല. അവര്‍ ആകെ പഠിപ്പിക്കപ്പെടുന്നത്. മൗദൂദി ഇബാദത്തിന് അനുസരണം എന്നര്‍ഥം പറഞ്ഞു. എന്നിട്ട് അല്ലാഹു അല്ലാത്തവരെ അനുസരിച്ചാല്‍ ശിര്‍ക്കാകുമെന്ന് പറഞ്ഞു. ഇന്ത്യഗവണ്‍മെന്റെ താഗൂത്തീ ഭരണകൂടമാണ്. അതിനെ അനുസരിച്ചാല്‍ പിന്നെ പറയാനുമില്ലല്ലോ. മുജാഹിദുകള്‍ ഇത് അംഗീകരിക്കാത്തതിനാല്‍ അവരില്‍ രാഷ്ട്രീയ ശിര്‍ക്ക് ആരോപിച്ചു. ഇതാണ് മുജാഹിദുകള്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ നിന്നും നമ്മുടെ മാന്യനായ സുഹൃത്ത് ചില പുതിയ വിവരങ്ങള്‍ നേരിട്ട് കേട്ടപ്പോള്‍ അമ്പരന്ന് പോയതാണ്. മനപ്പൂര്‍വം മുജാഹിദുകള്‍ ജമാഅത്തിനെതിരെ കള്ളാരോപണം ഉന്നയിച്ചുവെന്ന് വിശ്വസിക്കാന്‍ അദ്ദേഹത്തിന്റെ മനസ്സ് അനുവദിക്കുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് മിക്കപ്പോഴും നേര്‍ക്ക് നേരെയുള്ള ആശയങ്ങളെ വിട്ട് പദപ്രയോഗങ്ങളില്‍ അഭയം തേടുകയാണ്.

Abdul Latheef

വെടിവെക്കാനാവശ്യപ്പെടുകയും വെടിവെച്ചതിന് ശേഷം ലക്ഷ്യം മാറ്റുകയും ചെയ്യുന്ന നടപടി ജമാല്‍ ഒഴിവാക്കാന്‍ സന്നദ്ധമാകാത്തിടത്തോളം കാലം ഈ ചര്‍ചകൊണ്ട് പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല. ആദ്യം ജമാലിന്റെ ആവശ്യം ഇത്രമാത്രമായിരുന്നു. ജമാലിന്റെ രണ്ടാമത്തെ കമന്റ് വായിക്കുക.
---------------------
Jamal Cheembayil പറഞ്ഞു.
"നിന്നോട് മാത്രം സഹായം തേടുന്നു" എന്നതിന് ഇബാദത്തിനെ നിര്‍വ്വചിച്ച അതേ മാര്‍ഗ്ഗം തന്നെയല്ലേ ഇവിടെയും നമ്മള്‍ സ്വീകരിക്കേണ്ടത്?. "ഭാര്യയോട് ഒരു ചായ ചോദിച്ചാല്‍ ശിര്‍ക്കാവില്ലേ " എന്ന വിഡ്ഢി ചോദ്യം ജ.ഇ. ഉന്നയിച്ചു കണ്ടിട്ടില്ലാത്തതിനാല്‍ ആ വശം പറയേണ്ടതില്ല. എന്നാല്‍ സഹോദരന്‍ Najm Zaman പറഞ്ഞിടത്ത് മൌദൂദി സാഹിബ് പറഞ്ഞതില്‍ ചിലത് വിട്ടു കളയുകയും, കൂട്ടി ചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഇബാദത്തിന് അദ്ദേഹം കൊടുക്കുന്ന അര്‍ഥം അടിമ വൃത്തി ,ഭൃത്യ വേല എന്നാണു. വിശദീകരണമായി കൊടുത്തതില്‍ എവിടെയെങ്കിലും" നിരുപാധിക " എന്നൊരു വാക്ക് കൊടുക്കുകയും , അത് കൂടെ വിശദീകരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അതില്‍ ഒരു വിമര്‍ശനം വരില്ലായിരുന്നു. "ലാ ഇലാഹ ഇല്ലല്ലാഹ് " വിശദീകരിച്ച്ചതിലും ഈ ഒരു പിഴവ്‌ ദൃശ്യമാണ്. ഖുത്ബാതില്‍ അങ്ങനെയേ കാണാനാവുന്നുള്ളൂ. മൌദൂദി സാഹിബ് നിരുപാധികം ചേര്‍ത്തു കൊണ്ട് വിശദീകരിച്ച മറ്റു സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കില്‍ അവയൊന്നു ഇവിടെ കൊടുക്കുക.
-----------------------------------
" മൌദൂദി സാഹിബ് നിരുപാധികം ചേര്‍ത്തു കൊണ്ട് വിശദീകരിച്ച മറ്റു സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കില്‍ അവയൊന്നു ഇവിടെ കൊടുക്കുക." - Jamal
ഇതിന് ഉത്തരമായി മൗദൂദിസാഹിബിന്റെ സൂറത്തുന്നിസാഅിലെ വ്യാഖ്യാനക്കുറിപ്പ് ഞാന്‍ നല്‍കി. അത് ഇങ്ങനെയാണ്:

[i) ഇസ്ലാമിക വ്യവസ്ഥിതിയില്‍ സാക്ഷാല്‍ അനുസരണാര്‍ഹന്‍ അല്ലാഹുവാകുന്നു. ഒരു മുസ്ലിം ഒന്നാമതായി ദൈവത്തിന്റെ അടിമയാണ്. മറ്റെല്ലാം പിന്നീടുമാത്രം. മുസല്‍മാന്റെ വ്യക്തിജീവിതത്തിന്റെയും മുസ്ലിംകളുടെ സാമൂഹിക ജീവിതത്തിന്റെയും കേന്ദ്രവും അച്ചുതണ്ടുമായിരിക്കുന്നത് ദൈവത്തോടുള്ള അനുസരണവും കൂറുമാകുന്നു. ഇതരന്മാര്‍ക്കുള്ള അനുസരണവും കൂറും സ്വീകരിക്കപ്പെടുന്നത്, അല്ലാഹുവിന്റെ അനുസരണത്തിനും കൂറിനും എതിരാവാതെ വരുമ്പോള്‍, അല്ല, അവയ്ക്കു വിധേയമായിരിക്കുമ്പോള്‍ മാത്രമാണ്. ഈ മൌലികാനുസരണത്തിനു വിരുദ്ധമായിട്ടുള്ള എല്ലാ അനുസരണബന്ധങ്ങളും അറുത്തെറിയപ്പെടുന്നതാണ്. لا طَاعَةَ لِمَخْلـُوقٍ فِي مَعْصِيَةِ الْخَالِقِ (സ്രഷ്ടാവിനോട് അനുസരണക്കേടു കാണിച്ചുകൊണ്ട് യാതൊരു സൃഷ്ടിക്കും അനുസരണം പാടുള്ളതല്ല) എന്ന പ്രവാചകവചനത്തിന്റെ സാരവും ഇതത്രെ.

ii) ഇസ്ലാമിക വ്യവസ്ഥിതിയുടെ രണ്ടാമത്തെ അടിസ്ഥാനം റസൂലിനുള്ള അനുസരണമാണ്. ഇത് ഒരു സ്വതന്ത്രമായ അനുസരണമല്ല; പിന്നെയോ, ദൈവത്തിനുള്ള അനുസരണത്തിന്റെ ഏക പ്രായോഗികരൂപമാണ്. ദൈവത്തിന്റെ നിയമങ്ങളും കല്‍പനകളും നമുക്കു ലഭിക്കുന്നതിനുള്ള പ്രമാണയോഗ്യമായ മാര്‍ഗമായതുകൊണ്ടാണ് പ്രവാചകന്‍ അനുസരിക്കപ്പെടുന്നത്. പ്രവാചകന്റെ അനുസരണംവഴിക്കേ നമുക്ക് ദൈവത്തെ അനുസരിക്കാനാവൂ. പ്രവാചകന്റെ അംഗീകാരം കൂടാതെ ദൈവത്തിനുള്ള യാതൊരനുസരണവും പരിഗണനീയമല്ല. (മൌലാനാ മൌദൂദി)]

ഇവിടെ നിരുപാധികം എന്ന ഒരു വാക്കുപയോഗിച്ചില്ല എന്ന് മാത്രമേ ഉള്ളൂ. എന്നാല്‍ അതിനേക്കാള്‍ വ്യക്തമായി അല്ലാഹുവിന് മാത്രമായിരിക്കേണ്ട അനുസരണം എപ്രകാരമായിരിക്കണമെന്നും പ്രവാചകനുള്ള അനുസരണം എന്തുകൊണ്ട് സാക്ഷാല്‍ അനുസരണത്തില്‍നിന്ന് പുറത്താകുന്നവെന്നും വളരെ വ്യക്തമായി അര്‍ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞുവെച്ചു. ഇതേ മൗദൂദി ഇബാദത്തിന് അനുസരണം എന്നര്‍ഥം വെച്ചുവെന്നും ഏതനുസരണവും അല്ലാഹു അല്ലാത്തവര്‍ക്ക് അര്‍പിച്ചാല്‍ അത് ശിര്‍ക്കാകുമെന്നും വാദിച്ചിട്ടുണ്ട് എന്ന് പറയാന് അല്ലാഹുവിനെ അല്‍പമെങ്കിലും ഭയമുള്ള ഏതെങ്കിലും ഒരു മനുഷ്യന് സാധിക്കുമോ എന്നതാണ് ചോദ്യം. പക്ഷെ മുജാഹിദ് വിഭാഗമെന്ന മഹാസംഘം അല്‍പം പോലും മനസാക്ഷിക്കുത്തില്ലാതെ ഈ കള്ളം നിരന്തരം ആവര്‍ത്തിക്കുന്നു. (ഞാന്‍ മനസ്സിലാക്കുന്നത് ഇപ്പോള്‍ അവരിലൊരു വലിയ വിഭാഗം പണ്ഡിതര്‍ ഈ വലിയ തിന്മയില്‍നിന്ന് മാറിനില്‍ക്കുന്നുവെന്നതാണ്. എന്നാല്‍ അനസ് മൗലവിയെ പോലുള്ളവരെ വീണ്ടും രംഗത്തിറക്കുന്നതിനാല്‍ അണികള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് മാത്രം)

ഇനി മൗദൂദി നിരുപധികം എന്ന വാക്കുപയോഗിച്ചിരുന്നുവെന്ന് തന്നെ കരുതുക. (മുജാഹിദുകള്‍ ഈ കുതര്‍ക്കം ആരംഭിച്ച ഉടനെ മൗദൂദിയെ അറിയിക്കുകയും അദ്ദേഹം ഇനിമുതല്‍ ഇബാദത്തിന്റെ അര്‍ഥമായി അനുസരണം എന്ന് പറഞ്ഞിടത്തൊക്കെ നിരുപാധികം എന്ന് കൂട്ടിചേര്‍ക്കാന്‍ കല്‍പിച്ച് മറുപടി കത്തെഴുതുകയും വേണ്ടിയിരുന്നുവെന്നാണല്ലോ ജമാല്‍ പറയുന്നത്.) അപ്പോള്‍ അവര്‍ പറയുന്നത് ഇങ്ങനെയായിരിക്കും എന്താണ് നിരുപാധികം എന്ന് പറഞ്ഞാല്‍ എന്താണ് ഇവിടെ ഉപാധി. ഇത് വിശദീകരിക്കാതെ നിരുപാധികം എന്ന് പറഞ്ഞിട്ടെന്ത് എന്നൊക്കെ ചോദിക്കാമായിരുന്നു. (നിരുപാധികം എന്നത് ഒരു വിശദീകരണം പോലുമല്ല എന്നാണ് എന്റെ അഭിപ്രായം. തെറ്റിദ്ധരിപ്പിക്കുന്നതൊഴിവാക്കാന്‍ 'അനാവശ്യമായി' ചേര്‍ത്ത ഒരു പദമാണ്)

Abdul Latheef
അതുകൊണ്ട് ജമാല്‍ അനാവശ്യമായ തര്‍ക്കം ഒഴിവാക്കുക. പൂര്‍വികരായ പണ്ഡിതന്‍മാര്‍ പറഞ്ഞതല്ലാത്ത ഒന്നും ജമാഅത്തെ ഇസ്ലാമിയോ മൗദൂദിയോ പറഞ്ഞിട്ടില്ല. കേരളത്തിലുള്ള മുജാഹിദുകള്‍ ജമാഅത്തിനെ എതിര്‍ക്കാന്‍ വേണ്ടി മാത്രം പടച്ചുണ്ടാക്കിയ ഒരു ആരോപണമാണ് ഇബാദത്തുമായി ബന്ധപ്പെട്ട തര്‍ക്കം. അതിനവര്‍ ആദ്യമേ ആരാധന എന്ന് മാത്രമേയുള്ളൂവെന്ന് വരുത്തിതീര്‍ക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. ഗതിയില്ലെന്ന് കണ്ട് ആരാധനയുടെ നിര്‍വചനം സ്വന്തമായി വികസിപ്പിച്ചു. അവിടെയും ഗതിയില്ലെന്ന് കണ്ട്. അനുസരണം ആലങ്കാരികമാണ് എന്ന് പറഞ്ഞു. പിന്നീട് അവിടുന്നും വിട്ട് ഒന്ന് രണ്ട് സ്ഥലത്ത് അനുസരണം എന്നര്‍ഥമുള്ളതിനാല്‍ ഇബാദത്ത് എന്നാല്‍ അനുസരണം എന്നാകുമോ എന്ന് തെറ്റായ ചോദ്യമുന്നയിച്ചു. ഇപ്പോള്‍ അതെല്ലാം എല്ലാവര്‍ക്കും മനസ്സിലായിതുടങ്ങി. ഇനിയും പഴയ മുറിവുകള്‍ മാന്തിപൊളിക്കരുത്. ഉമര്‍ മൗലവിയെ പോലുള്ളവരെ ഇനിയും മാനം കെടുത്തരുത്. അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഐ.പി.എച്ചിന്റെ ഏതെങ്കിലുമൊക്കെ പുസ്തകം പ്രകാശനം ചെയ്യാന്‍ അദ്ദേഹത്തെ വിളിക്കുകയും അദ്ദേഹം ആ വിളി സ്വീകരിക്കുകയും ചെയ്യുമായിരുന്നുവെന്ന് അബ്ദുല്‍ ഹമീദ് മദനിയുടെ അനുഭവം വെച്ച് പ്രതീക്ഷിക്കുന്നവരാണ് ജമാഅത്തുകാര്‍.

ഒരിക്കല്‍ കൂടി പറയട്ടേ ജമാഅത്തുമായുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ തികച്ചും തെറ്റിന്റെ പക്ഷത്താണ് മുജാഹിദ് പ്രസ്ഥാനം.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK