'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഏപ്രിൽ 11, 2013

ജമാഅത്തുകാര്‍ക്ക് സൌദിയിലേക്ക് പോയിക്കൂടെ ?.

മുജാഹിദുകള്‍ക്കിടയിലെ പിളര്‍പ്പും വടംവലിയും പരസ്പരാക്ഷേപംചൊരിയലും പല മുജാഹിദ് സുഹൃത്തുക്കളെയും മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവെന്നത് ഒരു രഹസ്യമല്ല. സ്വഭാവികമായി അവരില്‍ പലരും ജമാഅത്തെ ഇസ്ലാമിയെയും അറിയാന്‍ ശ്രമിക്കുന്നു. തങ്ങള്‍ നിരന്തരമായി അതിനെതിരെ കേട്ട ആക്ഷേപത്തിലെ വസ്തുതകളെ വിശകലനവിധേയമാക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു. പരസ്പരം പഴിചാരുകയും പോരാടികൊണ്ടിരിക്കുന്ന ഈ നേതാക്കളുടെ വാക്ക് കേട്ടാണല്ലോ തങ്ങള്‍ ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തെക്കുറിച്ചുള്ള ധാരണ രൂപീകരിച്ചിരിക്കുന്നത് എന്നവര്‍ തിരിച്ചറിയുന്നു. ഇയ്യിടെ ചില ജമാഅത്ത് സുഹൃത്തുക്കള്‍ക്ക്  മുജാഹിദ് സഹോദരങ്ങളില്‍ നിന്ന് അയച്ചുകിട്ടിയ ചോദ്യം അതാണ് വ്യക്തമാക്കുന്നത്. ചോദ്യം ഇതാണ്.

നിങ്ങൾ പറയുന്നു ഒരു മുസ്ലിം ഇസ്ലാമിക ഭരണം ഉള്ളയിടത്ത് മാത്രമേ ജീവിക്കാവൂ, എങ്കിൽ മാത്രമേ അവന്റെ ഈമാൻ പൂർണ്ണമാവൂ, അപ്പോൾ നിങ്ങൾ ആദ്യം ഇന്ത്യ വിട്ടു സൌദിയിൽ പോവുകയല്ലേ വേണ്ടത് ?

ഇസ്ലാമിക ഭരണത്തിന് കീഴിലെ ഒരു മുസ്ലിമിന് ജീവിക്കാവൂ എന്ന് നിങ്ങൾ പറയുന്നുണ്ടോ ?

സത്യത്തില്‍ ഈ ചോദ്യം മുജാഹിദുകളും അവരെ തുടര്‍ന്ന് മറ്റു വിഭാഗങ്ങളും നിരന്തരമായി ജമാഅത്തെ ഇസ്ലാമിയെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായി ഉത്ഭവിച്ച ഒരു സംശയമാണ്. ഇത്തരമൊരു വാദം ജമാഅത്ത് ഏതെങ്കിലും കാലത്ത് ഉന്നയിച്ചിരുന്നോ ?. ഉണ്ടെങ്കില്‍ ആരാണതുന്നയിച്ചത് ?. എന്തായിരുന്നു ആ വാദം ?. എന്നിങ്ങനെ ഈ വാദത്തിന് ഉപോദ്പലകമായ തെളിവുകളൊന്നും പൊതുവെ ഹാജറാക്കപ്പെടാറില്ല. ചിലപ്പോഴെങ്കിലും ഒരു തെളിവായി കൊണ്ട് വരാറുള്ളത് മൌദൂദി സാഹിബ് ഖുതുബാത്തില്‍ പറഞ്ഞ ഒരു ഉദ്ധരിയാണ്.  ഭരണമില്ലാത്ത ദീന്‍ ഭൂമിയില്‍ സ്ഥാപിതമാകാത്ത ഭവനം പോലെയാണ് എന്ന മൌദൂദി പറഞ്ഞുവെന്നും. അതിന്റെ അര്‍ഥം ഭരണമില്ലെങ്കില്‍ ദീനില്ല എന്നല്ലേ. അപ്പോള്‍ ഇസ്ലാമിക ഭരണമില്ലാത്തിടത്ത് ജീവിക്കുന്ന മുസ്ലിമിന്റെ ഈമാന്‍ പൂര്‍ണമല്ല എന്ന് മൌദൂദിയും ജമാഅത്ത് പ്രവര്‍ത്തകരും വിശ്വസിക്കുന്നുവെന്നും അല്ലേ ഇതിനര്‍ഥം എന്നാണ് അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചോദിക്കുന്നത്. ഇതേ വിഷയത്തില്‍ നേരത്തെ ഒരു പോസ്റ്റ് നല്‍കിയതിനാല്‍ അക്കാര്യം ഇവിടെ വിശദീകരിക്കുന്നില്ല.

ഞാനീ പ്രസ്ഥാനത്തെ പരിചയപ്പെട്ടിട്ട് കാല്‍നൂറ്റാണ്ടിലേറെയായി അതിനിടയില്‍  മുകളിലെ ചോദ്യത്തിന് സഹായകമായ ഒരു പ്രസ്താവനയോ, പ്രസംഗമോ, ലേഖനമോ, പുസ്തക ഉദ്ധരണിയോ ഞാനിതുവരെ കണ്ടിട്ടില്ല. ഇസ്ലാമിക ഭരണം ഉണ്ടാവട്ടേ ഇല്ലാതിരിക്കട്ടേ ഒരു മുസ്ലിമിന്റെ ഈമാനെ അത് ബാധിക്കുന്നില്ല എന്നാണ് ഇത്രയും കാലത്തിനിടക്ക് ജമാഅത്തെ ഇസ്ലാമിയില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. കടുത്തധിക്കാരിയായ ഫറോവയുടെ കീഴിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ പത്നിയെയാണ് അല്ലാഹു വിശ്വാസിനികള്‍ക്ക് മാതൃകയായി അവതരിപ്പിച്ചത് എന്നതു തന്നെ മതി ഇതിന് തെളിവായി. അല്ലെങ്കിലും ഈമാന്‍ എന്നത് ഒരാളുടെ മനസ്സുമായി ബന്ധപ്പെട്ടതാണ്. അതില്‍ അയാളുടെ നിയന്ത്രണത്തിലില്ലാത്ത ഒരു ബാഹ്യഘടകത്തിന് സ്വധീനം ചെലുത്താനാവും എന്ന് കരുതുന്നത് തന്നെ ശരിയല്ല.

മുജാഹിദ് സുഹൃത്തിന്റെ മേലെ നല്‍കിയ ചോദ്യത്തിലേക്ക് മടങ്ങാം. നിങ്ങള്‍ പറയുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഇവിടെ ചോദ്യം ഉന്നയിക്കുന്നത്. സത്യത്തില്‍ ജമാഅത്ത് പറയുന്നതായി ജമാഅത്ത് വിമര്‍ശകര്‍ ആരോപിക്കുകയാണിവിടെ. ജമാഅത്ത് പറയുന്നെങ്കില്‍ ആര് എവിടെ പറഞ്ഞുവെന്ന് അവര്‍ വ്യക്തമാക്കട്ടേ.. അപ്പോള്‍ അതേക്കുറിച്ച് സംസാരിക്കാം. അങ്ങനെ ഒരു വാദം ഇല്ലാത്തതിനാല്‍ ചോദ്യത്തിന് ഉത്തരം പറയേണ്ട ആവശ്യം ഇല്ല. എന്ന് വെച്ചാല്‍ ജമാഅത്തെ ഇസ്ലാമി ഒരു മുസ്ലിം ഇസ്ലാമിക ഭരണമുള്ളിടത്തേ ജീവിക്കാവൂ എന്ന് പറഞ്ഞിട്ടില്ല. അതിനാല്‍ തുടര്‍ന്ന് വരുന്ന ചോദ്യത്തിന് ഒട്ടും പ്രസക്തിയില്ല. ഒരു മാതൃകാ ഇസ്ലാമിക രാജ്യമായി ജമാഅത്തെ ഇസ്ലാമി സൌദി അറേബ്യയെ കാണുന്നുമില്ല.

ഈ ചോദ്യത്തിലും മുജാഹിദ് നിലപാടിലും ആക്ഷേപത്തിലും ഉള്ള വൈരുദ്ധ്യം പ്രകടമാണ്. പലപ്പോഴും തെറ്റായ വലിയ മുന്‍ധാരണകളാണ് ജമാഅത്ത് വിമര്‍ശകരെ നയിക്കുന്നത്. ആവശ്യമായ ഡാറ്റ് കളക്ട് ചെയ്യുന്നതിന് മുമ്പ് അവര്‍ തീരുമാനത്തിലും നിലപാടിലും എത്തുന്നു. സമസ്ത മുസ്ലിയാക്കന്‍മാരുടെ പ്രസംഗം കേട്ട് ഒരാള്‍ മുജാഹിദ് പ്രസ്ഥാനത്തെ വിലയിരുത്തുന്നത് പോലുള്ള ഒരു അന്തക്കേട് മുജാഹിദ് പ്രാസംഗികരുടെ പ്രസംഗം കേട്ട് ജമാഅത്തെ ഇസ്ലാമിയെ വിലയിരുത്തിയാലും സംഭവിക്കും എന്നത് സ്വഭാവികമാണല്ലോ. എങ്കിലും തങ്ങളുടെ നേതാക്കള്‍ സത്യമേ പറയൂ എന്ന ധാരണയില്‍ അവര്‍ പറയുന്നതിനപ്പുറം വിശ്വാസിക്കാതെ അണികള്‍ പിന്തുടരുന്നു. ആ വിശ്വാസത്തിന് ഉലച്ചില്‍ തട്ടിയപ്പോഴാണ്. ഇത്തരം മറുചിന്തകളും. ജമാത്തുകാരില്‍നിന്ന് തന്നെ കാര്യം അറിയണം എന്ന താല്‍പര്യവും ചിലരില്‍ അങ്കുരിക്കുന്നത്. ഇതിനെ പൂര്‍ണമായി സ്വാഗതം ചെയ്യുന്നു.

ഈ വിഷയത്തിലെ അവ്യക്തത നീക്കാന്‍ മുജാഹിദു സുഹൃത്തുക്കളെ ക്ഷണിക്കുകയും ചെയ്യുന്നു..

ചൊവ്വാഴ്ച, ഏപ്രിൽ 09, 2013

മുജീബ് കിനാലൂരും ജമാഅത്ത് ലഘുലേഖയും

മുജീബ് റഹ്മാന്‍ കിനാലൂര്‍ ആദരണീയമായ വ്യക്തിത്വമാണ്. വിഭാഗീയതയുടെയോ സങ്കുചിതത്വത്തിന്റെയോ വാക്കുകള്‍ അദ്ദേഹത്തിന്റേതായി കേള്‍ക്കാറില്ല. ജമാഅത്ത് അടക്കമുള്ള സംഘടനകളോട് തുറന്ന സമീപനം പുലര്‍ത്തുകയും അവരുടെ നന്മയില്‍ സഹകരിക്കാനുള്ള സന്നദ്ധത തുറന്ന് തന്നെ പ്രകടിപ്പിക്കുന്നതും അദ്ദേഹത്തില്‍നിന്ന് നേരിട്ട് തന്നെ കേട്ടിട്ടുമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റേതായി വന്ന ഒരു പത്ര റിപ്പോര്‍ട്ട് കൂടുതല്‍ ശ്രദ്ധിച്ചത്. അദ്ദേഹം ദോഹയില്‍ വെച്ച് മിഡില്‍ ഇസ്റ്റ്  ചന്ദ്രിക നടത്തിയ ആ അഭിമുഖം ഇവിടെ വായിക്കാം.

അദ്ദേഹത്തിന്റെ അഭിമുഖത്തില്‍നിന്ന് ...


ദോഹ: കേരളത്തിലെ മതസംഘടനകള്‍ പരസ്പരം നടത്തുന്ന അനാവശ്യമായ കലഹങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇത്തരം അനാരോഗ്യ സംവാദങ്ങള്‍ പൊതുസമൂഹത്തില്‍ ഇസ്‌ലാമിന്റെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും ഐ.എസ്.എം മുന്‍ സംസ്ഥാന പ്രസിഡണ്ടും എഴുത്തുകാരനുമായ മുജീബ്‌റഹ്മാന്‍ കിനാലൂര്‍. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ അദ്ദേഹം മിഡില്‍ ഈസ്റ്റ് ചന്ദ്രികയുമായി സംസാരിക്കുകയായിരുന്നു. ഇസ്‌ലാമിന്റെ ആന്തരിക ശക്തി എന്നത് സാഹോദര്യമാണ്.

മാനവിക ഐക്യം ഊട്ടിയുറപ്പിക്കാനും എല്ലാ മതങ്ങള്‍ക്കും കൈകോര്‍ക്കാവുന്ന സത്യം, സഹിഷ്ണുത, നീതി എന്നീ ഗുണങ്ങള്‍ പ്രചരിപ്പിക്കാനും ലോകത്ത് മുസ്‌ലിംകള്‍ മുന്‍കൈയെടുക്കുമ്പോള്‍ കേരളത്തിലെ ഇസ്‌ലാമിക സംഘടനകള്‍ നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം വിഴുപ്പലക്കുന്നത് ശരിയല്ല. റാബിത്തത്തുല്‍ ആലമീന്‍ ഇസ്‌ലാമി (മുസ്‌ലിം വേള്‍ഡ് ലീഗ്) പോലുള്ള സംഘടനകള്‍ ഇസ്‌ലാമിക സാഹോദര്യത്തിന്റെ മഹത്വം മറ്റു മതങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാനവികതയെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചുമുള്ള പ്രസംഗങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടാനും ഈ ഗുണങ്ങള്‍ സ്വയം റദ്ദാക്കാനും മാത്രമാണ് ആരോഗ്യകരമല്ലാത്ത സംഘടനാ വൈരങ്ങള്‍ സഹായിക്കുക. ഇസ്‌ലാമിന്റെ ഐക്യത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും മറ്റു സമൂഹങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ഇസ്‌ലാമിനകത്ത് മിനിമം ഐക്യം ഉറപ്പുവരുത്താന്‍ സംഘടനകള്‍ ശ്രമിക്കണം. -അദ്ദേഹം വിശദീകരിച്ചു.

കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയെല്ലാം രൂപീകരണത്തില്‍ അടിസ്ഥാന ലക്ഷ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. ഇത് നിലനിര്‍ത്തിക്കൊണ്ടുതന്നെ യോജിക്കാവുന്ന മേഖലകളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. മദ്യം, മയക്കുമരുന്ന്, സ്ത്രീധനം തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ക്കെതിരെ ഒന്നിച്ച് പോരാടണം. മുസ്‌ലിം ശാക്തീകരണത്തിനും സമുദായത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിക്കാനാവണം. -കിനാലൂര്‍ പറഞ്ഞു. സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകളില്‍ പുതിയ കാലത്തെ ചെറുപ്പക്കാര്‍ക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തിലെ വിശ്വാസപരവും കര്‍മ്മശാസ്ത്രപരവുമായ അഭിപ്രായഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ബാഫഖി തങ്ങളും കെ.എം മൗലവിയും സമുദായത്തിനു വേണ്ടി ഒന്നിച്ചു നിന്നത്. എന്നാല്‍ ആദര്‍ശത്തിന്റെ ലക്ഷണം വിഭാഗീയതയിലെ തീവ്രതയാണെന്ന ധാരണ ഈയടുത്ത കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. വിജ്ഞാനവും ലാളിത്യവുമാണ് പാണ്ഡിത്യത്തിന്റെ അടയാളമെന്ന ധാരണകളെ തിരുത്തുന്ന രീതിയിലാണ് പുതിയ കാലത്തെ മതപ്രഭാഷണങ്ങള്‍. നാവിന്റെ ബലം നോക്കിയാണ് ഇപ്പോള്‍ പലരും പാണ്ഡിത്യത്തെ അളക്കുന്നത്. തീവ്രമായി പ്രസംഗിക്കുകയും വാക്കുകള്‍ കൊണ്ട് ബഹളമുണ്ടാക്കുകയും ചെയ്യുന്നവരിലേക്കാണ് ജനക്കൂട്ടം ആകര്‍ഷിക്കപ്പെടുന്നത്. ചാനലുകളില്‍ ക്രൈമും കോമഡിയും അനിവാര്യതയായി മാറിയ പോലെയാണിത്. ഇതിനെ തിരുത്തേണ്ടവര്‍ തന്നെ ഇതിന്റെ വക്താക്കളാവുന്നത് അബദ്ധമാണ്.- കിനാലൂര്‍ പറഞ്ഞു.

വര്‍ഗ്ഗീയതയിലേക്ക് ഉള്‍വലിയുന്ന സമൂഹത്തിന് സഹകരണത്തിന്റെ വിശാലമായ തലം ബോധ്യപ്പെടുത്തേണ്ട മതസംഘടനകള്‍ നിസ്സാരമായ വാദപ്രതിവാദങ്ങളിലേക്ക് സമുദായത്തെ ചുരുക്കുന്നത് ശരിയല്ല. കേരളത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗ്ഗീയധ്രുവീകരണത്തിന് ഫേസ്ബുക്ക് ഉള്‍പ്പെടെ കാരണമാകുന്നതായി പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുസ്‌ലിംലീഗും വ്യവസ്ഥാപിത മതസംഘടനകളുമാണ് കേരളത്തിന് മതമൈത്രിയുടെ പാരമ്പര്യം ഉണ്ടാക്കിയത്. ഈ പാരമ്പര്യം നഷ്ടമാകുന്നതോടെ സമൂഹത്തില്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന മേല്‍ക്കോയ്മയും പരിഗണനയും ഇല്ലാതാകും. -കിനാലൂര്‍ വ്യക്തമാക്കി.

ബഹുസ്വര സമൂഹത്തില്‍ പാലിക്കേണ്ട മര്യാദകള്‍ മതസംഘടനകള്‍ മറന്നുപോകാന്‍ പാടില്ല. വിപ്ലവാനന്തര ഈജിപ്തിലും ടുണീഷ്യയിലുമൊക്കെയുള്ള ജനങ്ങള്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമായിട്ടും ബഹുസ്വര രാഷ്ട്ര ഘടനയെയും ന്യൂനപക്ഷങ്ങളെയും അംഗീകരിച്ചുകൊണ്ടുള്ള ഭരണത്തിനു വേണ്ടിയാണ് മുറവിളി കൂട്ടുന്നത്. ഏകാധിപത്യത്തില്‍നിന്നുള്ള പാഠങ്ങളാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. ലോകം ഈ വിധത്തില്‍ മാറിക്കൊണ്ടിരിക്കുമ്പോഴാണ് ബഹുസ്വര സമൂഹത്തിലെ സഹകരണത്തിന്റെ സാധ്യതകളെ തകര്‍ക്കാന്‍ കേരളത്തിലെ വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത്. - അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യത്തെയും വിദ്യാസമ്പന്നരായ ചെറുപ്പക്കാരില്‍ ഉണര്‍വ്വുണ്ടായ കാലമായിരുന്നു എണ്‍പതുകളും തൊണ്ണൂറുകളും. മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കണമെന്ന ചിന്ത ഇവരിലുണ്ടായി. മനുഷ്യരാശിയുടെ വെല്ലുവിളികളെക്കുറിച്ച് ഇവര്‍ ചര്‍ച്ച ചെയ്തു തുടങ്ങി.

ഒരു നവോത്ഥാന സംഘടനയെന്ന നിലയില്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ പരിസ്ഥിതിയും മണ്ണിന്റെ നിലനില്‍പ്പും രാഷ്ട്രീയവുമെല്ലാം ചര്‍ച്ചയായത് ഇതിന്റെ ഭാഗമായിരുന്നു. നവോത്ഥാനമെന്നത് മനുഷ്യന്റെ സമഗ്രമായ ഗുണത്തെ ലക്ഷ്യം വെക്കുന്നത് കൂടിയാവണമെന്ന വാദമാണ് മുജാഹിദിലെ ഒന്നാം പിളര്‍പ്പിന് കാരണമായത്. ദൃശ്യമായ കാര്യങ്ങളെക്കുറിച്ചായിരുന്നു നേരത്തെയുണ്ടായ അഭിപ്രായ ഭിന്നതകളെങ്കില്‍ അദ്യശ്യമായ കാര്യങ്ങളിലൂന്നിയാണ് ഇപ്പോള്‍ തമ്മിലടിക്കുന്നത്. സ്വയം നവീകരിക്കാതെ ഒരു പ്രസ്ഥാനത്തിനും സമൂഹത്തെ നവീകരിക്കാനാവില്ല എന്ന സത്യം എല്ലാവരും മനസ്സിലാക്കണം.- മുജീബ് റഹ്മാന്‍ കിനാലൂര്‍ പറഞ്ഞു. പുതിയ തലമുറയിലെ യുവാക്കള്‍ സാമ്പ്രദായിക നേതൃത്വത്തിന്റെ സങ്കുചിത ചിന്തകളെ മറികടക്കാന്‍ ശ്രമിക്കുന്നവരാണെന്നും അദ്ദേഹം.

***********************

അദ്ദേഹത്തിന്റെ സംസാരത്തിലൂടെ കടന്നുപോയപ്പോള്‍ മുജാഹിദ് മടവൂര്‍ വിഭാഗം ശബാബില്‍ നിരന്തരമായി വിഷയമാക്കിക്കൊണ്ടിരിക്കുന്ന ജമാഅത്ത് ലഘുലേഖയിലും ഇതുതന്നെയല്ലേ പറയുന്നത് എന്ന് ഓര്‍ത്തു പോയി. ഇസ്ലാമിക നവോത്ഥാനം രണ്ടാംഘട്ടത്തിനൊരു മുഖവുര എന്ന ലഘു കൃതിയില്‍ ഇങ്ങനെ കാണാം.

'നവോത്ഥാനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് നാമിപ്പോള്‍ . മുന്‍ഗാമികള്‍ നട്ടുനനച്ച നവോത്ഥാന സംരംഭങ്ങളെ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് നയിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങളും വികാസങ്ങളും നമ്മുടെ കാഴ്ചപ്പാടുകളിലും പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണം. ഇടക്കാലത്തു വന്നുചേര്‍ന്ന അപഭ്രംശങ്ങളെക്കുറിച്ച് എല്ലാവരും ആത്മപരിശോധന നടത്തണം. നവോത്ഥാനനന്മകളെ നഷിപ്പിക്കാന്‍ പോന്ന രോഗാണുക്കള്‍ അടുത്തകാലത്തായി ചില സംഘടനകളില്‍ പ്രത്യക്ഷമായിരിക്കുന്നു. അപഭ്രംശത്തിന്റെ അണുബാധ ഏതെങ്കിലും ഒരു പ്രസ്ഥാനത്തെ മാത്രം ബാധിക്കുന്ന കേവല സംഘടനാ പ്രശ്നമല്ല.  മുസ്ലിം സമുദായത്തെ തന്നെയാണ് ഇക്കൂട്ടര്‍ അപമാനിക്കുന്നത്. മനുഷ്യരേക്കാള്‍ കൂടുതല്‍ ജിന്നുകളെക്കുറിച്ചും ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതല്‍ മരിച്ചവരെക്കുറിച്ചും ചിന്തിക്കുന്നവര്‍ക്ക് സമൂഹനന്മക്കൊന്നും നല്‍കാനില്ല. ആടിയും പാടിയും ആത്മീയത വര്‍ധിപ്പിക്കാനിറങ്ങിയവരും ഇസ്ലാമിനെ കൊച്ചാക്കുകയാണ്. നവോത്ഥാനത്തിന്റെ ചക്രം പിറകോട്ട് തിരിക്കുന്ന പണിയാണ് ഇവര്‍ എടുക്കുന്നത്. പ്രസംഗിച്ച് പ്രസംഗിച്ച് സ്വയം പ്രസ്ഥാനങ്ങളാകുന്നവരെയും സൂക്ഷിക്കണം. ' (Page 5,6)

തുടര്‍ന്ന് ലഘുലേഖ പ്രതിരോധമെന്ന പേരില്‍ ചിലര്‍ ചെയ്തുകൊണ്ടിരിക്കുന്ന അവിവേകങ്ങളെ പരാമര്‍ശിക്കുന്നു. വര്‍ഗീയതക്ക് പകരം പ്രതിവര്‍ഗീയത, ഭീകരതക്ക് പകരം പ്രതിഭീകരതയല്ലെന്നും ഇസ്ലാം ആദിമധ്യാന്തം മനുഷ്യസ്നേഹമാണ് എന്നും നമ്മുടെ വഴികള്‍ സുതാര്യമായിരിക്കണമെന്നും ഉണര്‍ത്തുന്നു.

'പരസ്പരം പടവെട്ടുന്ന ശൈലി മുസ്ലിം സംഘടനകള്‍ പാടെ വര്‍ജിക്കണം. മത്സരം ആവാം. പക്ഷെ അതാരെയും തോല്‍പ്പിക്കാനായിരിക്കരുത്. സ്വയം മുന്നോട്ട് കുതിക്കാനായിരിക്കണം. പാദവും പ്രതിവാദവും പുതിയ കാലത്തിന്റെ ആവശ്യമല്ല. കാണാനും കേള്‍ക്കാനും സുഖമില്ലാത്ത വര്‍ത്തമാനങ്ങളും പ്രവര്‍ത്തനങ്ങളും സംഘടനകള്‍ പാടി ഉപേക്ഷിക്കണം. അടിസ്ഥാനങ്ങളില്‍ ഏകതയും വിശദാംശങ്ങളില്‍ വൈവിധ്യവും ഈ സമുദായത്തിന്റെ സവിശേഷതയാണ്. അനുഗൃഹീതമായ വൈവിധ്യങ്ങളെ ആരും കൃത്രിമമായി ഏകീകരിക്കാന്‍ ശ്രമിക്കരുത്. അഭിപ്രായവ്യത്യാസങ്ങളെ പരസ്പരം മാനിക്കണം ശാഖാപരമായ കാര്യങ്ങളില്‍ തര്‍ക്കിച്ച് സമുദായത്തെ വട്ടം കറക്കരുത്.' (Page 6,7)

'സംഘടനകള്‍ മറക്കാന്‍ പാടില്ലാത്ത ഒരു സത്യമുണ്ട് - ഒരു സംഘടനക്ക് മാത്രമായി എല്ലാ കാര്യങ്ങളും ചെയ്തുതീര്‍ക്കാനാവില്ല. എല്ലാ സംഘടനകള്‍ക്കും കൂടി ചെയ്യാന്‍ മാത്രം വലുതാണ് മുസ്ലിം സമുദായത്തിന്റെ ഉത്തരവാദിത്തങ്ങള്‍ . ആയതിനാല്‍ സംഘടനകള്‍ക്കിടയില്‍ കൂടിയാലോചനകളും ആസൂത്രണവും സഹകരിച്ചുള്ള പ്രവര്‍ത്തനവും ആവശ്യമാണ്. ഈജിപ്തില്‍ ഇസ്ലാമിസ്റ്റുകളും സലഫികളും ഒന്നിച്ച് ഭരിക്കുന്നു. ലബനാനില്‍ ശിയാക്കളും സുന്നികളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. വെള്ളം കടക്കാത്ത കമ്പാര്‍ട്ടുമെന്റ് പ്രവര്‍ത്തനങ്ങളുടെ കാലം കഴിഞ്ഞത് കേരളത്തിലെ സംഘനടകള്‍ തിരിച്ചറിയണം. ഈ തിരിച്ചറിവ് സംഘടനകളുടെ പ്രവര്‍ത്തന ശൈലിയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കണം. ' (Page 7)

'സംഘടനകള്‍ വേണം. സംഘടനകളാണ് മേല്‍പറഞ്ഞ (നേരത്തെ ലഘുകൃതിയില്‍ പറഞ്ഞ കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്- ബ്ലോഗര്‍ ) നേട്ടങ്ങളത്രയും ഉണ്ടാക്കിയെടുത്തത്. എല്ലാ സംഘടനകളെയും ഒന്നിച്ച് ഒരു നേതൃത്വത്തിന് കീഴില്‍ കൊണ്ടുവരാന്‍ ഇപ്പോള്‍ കഴിയില്ലെങ്കിലും സംഘടനകളുടെ ഒരു ഏകോപന സമിതി സാധ്യമാകേണ്ടതാണ്. നടേ പറഞ്ഞ തരത്തിലുള്ള കൂടിയാലോചനകള്‍ക്കും ആസൂത്രണങ്ങള്‍ക്കും ഇത് ഉപകരിക്കും. സംഘടനാ പക്ഷപാതിത്വം കുറച്ചുകൊണ്ട് വരാനും പ്രവര്‍ത്തനരംഗത്തെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും ഇതുവഴിസാധിക്കും.' (Page 7)

തുടര്‍ന്ന് ലഘുലേഖ പറയുന്നത് ഇസ്ലാമിന്റെ തന്നെ വിശാലമായ അജണ്ടയെക്കുറിച്ചണ്. മുസ്ലിംകള്‍ ഒരുമിച്ചുകൂടുന്നത് അവര്‍ക്ക് വേണ്ടി മാത്രമല്ല. മുസ്ലികളല്ലാത്തവര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കണം. അവിടെ നിന്നും വിട്ട് ജന്തുജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കും മണ്ണിനും വിണ്ണിനും കാടിനും കടലിനും കിട്ടണം. പാരിസ്ഥിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇസ്ലാമിനെ പ്രയോജനപ്പെടുത്തണം. ശീര്‍ഷാസനം ചെയ്യുന്ന ഇന്നത്തെ നാഗരീകതയെ നേരെ നിര്‍ത്താനും ഇസ്ലാമിന്റെ സഹായം ലോകത്തിന് ആവശ്യമുണ്ട്.

ഒരുര്‍ഥത്തില്‍ ഇതുതന്നെയാണ് മുജീബ് റഹ്മാന്‍ കിനാലൂരും അടിവരയിടുന്നത്. എനിക്ക് ചോദിക്കാനുള്ളത് ഇതേ രണ്ട് ചിന്തകള്‍ പുലര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദ് മടവൂര്‍ വിഭാഗത്തിനും ഈ രംഗത്ത് ഒരു മാതൃക കാണിച്ചൂകൂടെ എന്നാണ്. ഇതിന് ആദ്യം വേണ്ടത് മടവൂര്‍ വിഭാഗം അടിസ്ഥാനരഹിതമായ ചില ആശങ്കകളെ ഒഴിവാക്കുകയാണ്. അതൊരു പക്ഷെ സമസ്ത സുന്നികളെ പോലെ ഒരുമിച്ചാല്‍ അതിന്റെ വലിയ ദോശം തങ്ങള്‍ക്കാകും എന്നഭമയാകാം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും... എന്തായാലും അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവര്‍ക്ക് ഗുണം ചെയ്യുകയില്ല എന്നവര്‍ തങ്ങളുടെ മാതൃപ്രസ്ഥാനത്തിന് സംഭവിച്ച ദുര്യോഗത്തില്‍നിന്ന് മനസ്സിലാക്കണം.

തിങ്കളാഴ്‌ച, ഏപ്രിൽ 08, 2013

ശ്മശാനവിപ്ലവവും ശബാബ് വീക്കിലിയും

എന്തുവന്നാലും മുസ്ലിം നവോത്ഥാനത്തിന്‍റെ പേറ്റന്റ് മുജാഹിദുകളില്‍ ഒരു വിഭാഗവും വിട്ടുകൊടുക്കുന്ന പ്രശ്നമില്ല. തങ്ങളാണ് യഥാര്‍ഥ നവോത്ഥാനത്തിന്‍റെ ആളുകളെന്ന് ഓരോരുത്തരും അവകാശവാദം ഉന്നയിക്കുന്നതിനിടയിലാണ്. ജമാഅത്തെ ഇസ്ലാമി "ഇസ്ലാമിക നവോത്ഥാനം രണ്ടാം ഘട്ടത്തിനൊരു മുഖവുര" എന്ന ഒരു ലഘു കൃതി പ്രസിദ്ധീകരിച്ച് വ്യാപകമായി ജനങ്ങളുടെ കൈകളിലെത്തിച്ചത്. എല്ലാ സംഘടനകളുടെയും അസ്തിത്വത്തെ അംഗീകരിച്ചുകൊണ്ടും മുസ്ലിം നവോത്ഥാനത്തിന് അവരോരുത്തരും ചെയ്ത പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞുകൊണ്ടും മുസ്ലിംകള്‍ പൊതുകാര്യത്തിലെങ്കിലും ഐക്യപ്പെടേണ്ടതിന്റെ പ്രാധാന്യം ലഘുലേഖ ഊന്നിപ്പറയുന്നു. പക്ഷെ ഈ ലഘുലേഖ വന്നതോടുകൂടി വല്ലാതെ അങ്കലാപ്പിലായ ഒരു വിഭാഗമുണ്ട് അവരാണ് മുജാഹിദ് മടവൂര്‍ വിഭാഗം.

മുസ്ലിം നവോത്ഥാനത്തിന്റെ ഏക കാരണക്കാര്‍ മുജാഹിദ് പ്രസ്ഥാനമാണെന്നും അതില്‍ തന്നെ തങ്ങളാണ് ശരിയായ മുജാഹിദ് പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത് എന്നും സ്ഥാപിക്കുകയാണ്  തുടര്‍ന്ന് അവര്‍ ജനങ്ങളെ ധരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.

ജമാഅത്ത് ലഘുലേഖ പറയുന്നത് ഇങ്ങനെ: " ജമാഅത്തെ ഇസ്ലാമിയും നദ് വത്തുല്‍ മുജാഹിദീനുമാണ് കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ മുന്നില്‍ നടന്ന പ്രസ്ഥാനങ്ങള്‍ . ഇസ്ലാമിന്റെ സമഗ്രതയും സമ്പുര്‍ണതയും പുനസ്ഥാപിക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമിയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍മാര്‍ജനം ചെയ്യുന്നതില്‍ നദ് വത്തുല്‍ മുജാഹിദീനും വഹിച്ച പങ്ക് ചരിത്രത്തില്‍ രേഖപ്പെട്ടതാണ്. അകത്തുനിന്നും പുറത്ത് നിന്നുമുള്ള മാലിന്യങ്ങളില്‍നിന്ന് മുസ്ലിം സമുദായത്തെ ശുദ്ധീകരിക്കുന്നതില്‍ ഈ സംഘടനകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. രാഷ്ട്രീയ രംഗത്ത് മുസ്ലിം ലീഗിന്‍റെ സാന്നിദ്ധ്യവും വിദ്യാഭ്യാസ രംഗത്തെ എം.ഇ.എസ്സിന്റെ പ്രവര്‍ത്തനങ്ങളും നവോത്ഥാന പ്രവര്‍ത്തനങ്ങളെ പുഷ്ടിപ്പെടുത്തി. സമസ്ത നവോത്ഥാന രംഗത്തേക്ക് അല്‍പം വൈകിയാണ് കടന്നുവന്നതെങ്കിലും ആള്‍ബലം കൊണ്ടും വ്യാപകമായ സാന്നിദ്ധ്യം കൊണ്ടും അവര്‍ തുടക്കത്തിലെ കുറവ് പരിഹരിച്ചിരിക്കുന്നു. പഴയ സമസ്തയല്ല ഇന്നുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. ഇസ്ലാമികവും കാലോചിതവുമായ മാറ്റങ്ങള്‍ക്ക് സമസ്ത സന്നദ്ധമായിട്ടുണ്ട്. ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമയും നവോത്ഥാനത്തിന്റെ പാതയിലാണ്. എല്ലാ സംഘടനകളും അവരുടെതായ രീതിയില്‍ ഇസ്ലാമിക പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുകയാണ്. ...."  ലഘുലേഖ ഇങ്ങനെ പോകുന്നു.

തുടര്‍ന്ന് ഇന്ന് മുസ്ലിം സംഘടനകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പിളര്‍പ്പുകള്‍ അതത് പ്രസ്ഥാനങ്ങളെ മാത്രം ബാധിക്കുന്നതല്ല എന്നും മുസ്ലിം സമുദായത്തെ മൊത്തത്തില്‍ തന്നെയാണവ ബാധിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു. നവോത്ഥാനത്തിന്റെ ചക്രം പിറകോട്ട് തിരിക്കുന്ന പണിയാണ് അവര്‍ എടുക്കുന്നതെന്ന് പ്രത്യേകം ഉണര്‍ത്തുന്നു. ഇത് എല്ലാവരും അംഗീകരിക്കുന്ന ഒരു പരമസത്യമല്ലേ ?. ഇതില്‍ ഏതെങ്കിലും സംഘടന കെറുവിക്കേണ്ടതുണ്ടോ?. തുടര്‍ന്ന് നവോത്ഥാനത്തിന്റെ രണ്ടാഘട്ടത്തിലേക്ക് കടക്കണമെങ്കില്‍ ഒരോ സംഘടനയും തങ്ങളുടെ അജണ്ട വികസിപ്പിക്കണമെന്നും കേവലമതമോ സമുദായമോ അല്ലെ അവരെന്നും ഒത്തൊരുമയോടെ ഇസ്ലാമിന്റെ വാഹകരായി ഇസ്ലാം ആവശ്യപ്പെടുന്ന എല്ലാ മാറ്റങ്ങള്‍ക്കും അവര്‍ സന്നദ്ധരാകേണ്ടതുണ്ട് അവരെന്നും ഉണര്‍ത്തുന്നു. നാട്ടിലെ മുജാഹിദുകളെല്ലാം തുറന്ന മനസ്സോടെയാണ് ഇത് കൈപറ്റിയത്. എവിടെവെച്ചാണ് ചിലര്‍ ഇതില്‍ അപകടം മണത്തതെന്ന് മനസ്സിലാകുന്നില്ല. ലഘുലേഖയുടെ ആവസാനം പറയുന്ന കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ പിന്നെ ജമാഅത്തെ ഇസ്ലാമിക്കും നമ്മള്‍ക്കുമിടിയില്‍ പിന്നെ വിയോജിപ്പുകള്‍ ഉണ്ടാവില്ല എന്ന പേടികൊണ്ടാണോ ?.

പുതിയ ശബാബ് ജമാഅത്തിന്റെ നിലപാടിനെ കൈകാര്യം ചെയ്യുന്നത് കാണുക. മുജാഹിദുകളുടെ ഇത്തരം എഡിറ്റോറിയലിന്റെ പിന്നിലുള്ള പ്രകോപനം മുജാഹിദ് വിഭജനത്തെക്കുറിച്ച് മാധ്യമം എഴുതിയ എഡിറ്റോറിയലാണ് എന്ന് സൂചനയുണ്ട്. ശബാബിന്റെ പരാതി ഇതത്രേ..
പ്രസ്ഥാനത്തിലെ പിളര്‍പ്പുകള്‍ ഇന്ന്‌ സജീവ ചര്‍ച്ചയാണ്‌. യാഥാസ്ഥിതിക വിഭാഗത്തിന്റെ ഒരു ഡസന്‍ പ്രസിദ്ധീകരണങ്ങള്‍ ഈ പ്രതിസന്ധി ആഘോഷിക്കുന്നു. സമകാലിക മലയാളം വാരിക പോലുള്ള പൊതു മീഡിയ പ്രശ്‌നം വിലയിരുത്തുന്നു. പച്ചക്കുതിര പോലുള്ള ചില പ്രസിദ്ധീകരണങ്ങള്‍ ഈ `ദുര്‍ബലവേള'യില്‍ നവോത്ഥാനത്തെ തന്നെ പ്രതിലോമപരമെന്ന്‌ വിശേഷിപ്പിച്ചുകൊണ്ട്‌ യാഥാസ്ഥിതികത്വത്തിന്‌ ഊര്‍ജം പകരുന്നു. അനുതാപവും ഉപദേശവുമായി മാധ്യമം ദിനപത്രം എഡിറ്റോറിയല്‍ തന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നു (29-03-13). നാട്ടിലുള്ള ഒരു പ്രധാന സംഭവത്തോട്‌ സ്വാഭാവികമായി പ്രതികരിക്കുന്നത്‌ പത്ര ധര്‍മമാണെങ്കിലും പത്തുവര്‍ഷം മുമ്പ്‌ പറയേണ്ടത്‌ ഇപ്പോഴെങ്കിലും പറഞ്ഞതിന്‌ മാധ്യമത്തിന്‌ നന്ദിപറയുന്നു. അതേസമയം, മാധ്യമവും പ്രബോധനവും പ്രതിനിധീകരിക്കുന്ന മതരാഷ്‌ട്രവാദ സമൂഹത്തോട്‌ വിനീതമായി ചില കാര്യങ്ങള്‍ ഉണര്‍ത്താനുണ്ട്‌.

ജീവിച്ചിരിക്കുന്ന കാലത്ത്‌ ഒരു നന്ദിവാക്കു പോലും പറയാത്തവരും ചരമക്കുറിപ്പില്‍ നന്മകള്‍ എണ്ണിയെണ്ണി പറയുമല്ലോ. ഇസ്‌ലാഹി പ്രവര്‍ത്തനം കേവലം ശ്‌മശാന വിപ്ലവമെന്ന്‌ ആക്ഷേപിച്ച്‌ കൊച്ചാക്കിയ ചരിത്രം മാത്രമുള്ളവര്‍, കേരള മുസ്‌ലിം സമുദായ രൂപവത്‌കരണത്തിലും പരിഷ്‌കരണത്തിലും മുജാഹിദ്‌ പ്രസ്ഥാനത്തിനുള്ള പങ്ക്‌ ഏറ്റവും കടുത്ത എതിരാളികള്‍ക്ക്‌ പോലും നിഷേധിക്കാനാവാത്തതാണ്‌, എന്ന്‌ എഡിറ്റോറിയല്‍ എഴുതിയതിന്‌ കൃതജ്ഞത രേഖപ്പെടുത്തട്ടെ. പക്ഷേ, ഇസ്‌ലാഹീ പ്രസ്ഥാനം മരിച്ചിട്ടില്ല. ഒരു പോറലുമേല്‍ക്കാതെ നിലനില്‍ക്കുന്നു. പൂര്‍വാധികം ഊര്‍ജസ്വലമായി തിരിച്ചുവരും. തീര്‍ച്ച. (ഇ.അ). മാധ്യമം എഡിറ്റോറിയലിന്റെ അവസാനവാക്യം ഇങ്ങനെയാണ്‌:
``ദീര്‍ഘവീക്ഷണമോ ദാര്‍ശനിക ഔന്നത്യമോ കാണിക്കാത്ത ഒരുപറ്റം അത്യാവേശക്കാരുടെയും ആത്യന്തികവാദികളുടെയും പ്രഘോഷണങ്ങള്‍ക്ക്‌ നമ്മുടെ മതങ്ങളെയും സമുദായങ്ങളെയും നാം വിട്ടുകൊടുക്കാന്‍ പാടില്ല.'' മീഡിയ സഹജീവിയെ സ്‌നേഹപൂര്‍വം ഉണര്‍ത്തട്ടെ: പത്തു പന്ത്രണ്ട്‌ വര്‍ഷമായി ഇക്കാര്യം പറഞ്ഞു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ഥ ഇസ്‌ലാഹി പ്രസ്ഥാനത്തെ ധാര്‍മികമായി പിന്തുണയ്‌ക്കാന്‍ പോകട്ടെ, മര്യാദയ്‌ക്കു ഒരു വാര്‍ത്ത പോലും നല്‍കി സഹകരിക്കാന്‍ തയ്യാറാകാത്തവര്‍ അന്ത്യകൂദാശ അടുത്തു എന്നു കരുതിയിട്ടാണോ പരമാര്‍ഥം വിളിച്ചുപറഞ്ഞത്‌? അതോ, സേട്ടുസാഹിബിനെ വീഴ്‌ത്തിയ, ജെ ഡി റ്റിയെ നശിപ്പിച്ച, മഅ്‌ദനിയെ വെടക്കാക്കിയ പത്രധര്‍മം തുടരുകയോ? അതോ നവോത്ഥാനത്തിന്റെ ഒന്നാംപാദത്തെ മുക്തകണ്‌ഠം പ്രശംസിക്കുകയും അതിവിടെ തീര്‍ന്നിരിക്കുന്നു എന്നു ഘോഷിക്കുകയും രണ്ടാം ഘട്ടത്തിന്‌ മുഖവുര (ജമാഅത്ത്‌ ലഘുലേഖ) ഒരുക്കാന്‍ സ്വയം ഇറങ്ങിത്തിരിക്കുകയുമാണോ?
ശബാബിന്റെ കാര്യമായ പരാതി പന്ത്രണ്ട് വര്‍ഷം മുമ്പ് തങ്ങള്‍ പിളര്‍ന്നപ്പോള്‍ ഇത്തരമൊരു ലേഖനം എന്തുകൊണ്ട് വന്നില്ല എന്നതാണ്. ഉത്തരം വ്യക്തമാണ്. ഏതെങ്കിലും മുസ്ലിം സംഘടന പിളരുമ്പോഴേക്ക് അവയെല്ലാം എഡിറ്റോറിയിലില്‍ കൊണ്ടുവരണം എന്ന് മാധ്യമം തീരുമാനിച്ചിട്ടുണ്ടാവില്ല. ഇപ്പോഴത്തെ പിളര്‍പ്പും തുടര്‍ന്ന് വന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ സംഭവങ്ങള്‍ കേരളത്തിലെ പൊതുസമൂഹത്തിന് പോലും അവഗണിക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ടാണ് മാധ്യമം എഡിറ്റോറിയല്‍ എഴുതിയത്. ജമാഅത്ത് ഇറക്കിയ ലഘുലേഖയും പങ്ക് വെക്കുന്ന ആശങ്ക അതുതന്നെയായിരുന്നു.

എക്കാലത്തും മുജാഹിദു പ്രസ്ഥാനത്തിന്റെ നന്മകളെ ജമാഅത്ത് വിലമതിക്കുകയും എടുത്ത് പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തനമാണ് എല്ലാം അതിനപ്പുറമുള്ളതെല്ലാം വഴികേടിലാണെന്ന ധാരണയില്‍ പലതും എഴുതിവിട്ടപ്പോള്‍ ഒരു ലേഖനത്തിലോ ചോദ്യോത്തരത്തിലോ  ശ്മശാന വിപ്ലവം എന്ന ആക്ഷേപ ഹാസ്യം പ്രയോഗിച്ചിട്ടുണ്ടാകാം. എന്നാല്‍ എക്കാലത്തും ജമാഅത്തിന്റെ വിലയിരുത്തല്‍ അതായിരുന്നുവെന്ന് പറയുന്നത് ശരിയല്ല.

തങ്ങളെ ഏത് സമയവും പുകഴ്തിക്കൊണ്ടിരിക്കണം എന്ന് പറയുന്നവര്‍ ഏതെങ്കിലും കാലത്ത് ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തെയോ അതിന്റെ സംവിധാനങ്ങളെയോ അസത്യം ചേര്‍ത്തല്ലാതെ പരാമര്‍ശിക്കാറുണ്ടോ എന്ന് സ്വയം ചോദിച്ചുനോക്കുക. ഇവിടെ തന്നെ മഅ്ദനിയെ വെടക്കാക്കി, ജെഡിടി തകര്‍ത്തു, സേട്ടുസാഹിബിനെ വീഴ്തി, ഇതുവരെയും മുജാഹിദുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പോലും നല്‍കിയില്ല.... എന്നൊക്കെ പറയുന്നതില്‍ എത്രമാത്രം ശരിയുണ്ട് എന്ന് ബുദ്ധിയും വിവേകവും ഉള്ളവര്‍ ചിന്തിച്ചുനോക്കുക. പകരം എന്താണ് അവര്‍ ജമാഅത്തിന് വെച്ച് നീട്ടുന്ന സര്‍ട്ടിഫിക്കറ്റ് എന്നും. മുജാഹിദ് വാരി‍ക വീണ്ടും അരിശം തീര്‍ത്ത് സ്വയം സമാധാനമടയുന്നത് ഇങ്ങനെ...."യാഥാസ്ഥിതികത്വത്തോടും അന്ധവിശ്വാസത്തോടും പൊരുതിയ ആദര്‍ശപ്പട (മുജാഹിദുകള്‍)യെ നോക്കി ശ്‌മശാന വിപ്ലവക്കാര്‍ എന്നാക്ഷേപിച്ച്‌ വരമ്പത്ത്‌ കയറിനിന്ന്‌ ആത്യന്തിക മതരാഷ്‌ട്ര തീവ്രവാദികളുടെ മക്കള്‍ ഇസ്‌ലാഹിന്റെ ഇളംകാറ്റേറ്റ്‌ വന്നപ്പോള്‍ അവര്‍ക്കും കാര്യം പിടികിട്ടി. ജനാധിപത്യ രാജ്യത്ത്‌ നൂറുശതമാനം മുസ്‌ലിമായി ജീവിക്കാന്‍ കഴിയും എന്ന്‌ പഠിപ്പിച്ച മുജാഹിദുകളെ അപഹസിച്ച മതരാഷ്‌ട്ര വാദത്തിന്റെ പിന്‍മുറക്കാര്‍ ആത്യന്തിക തീവ്രവാദത്തിലേക്കു നീങ്ങിയപ്പോള്‍ ആ വാല്‍ മുറിച്ചു. അവശേഷിച്ച ദുര്‍ബല മനസ്‌കരായ ചെറുപ്പക്കാര്‍ മതരാഷ്‌ട്രവാദത്തില്‍ നിന്ന്‌ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിന്റെ നടുവിലേക്ക്‌ എടുത്തുചാടി."

അസത്യവും അസഹിഷ്ണുതയും കുത്തിനിറച്ച ശബാബ് എഡിറ്റോറിയല്‍ ഇവിടെ നിന്നും വായിക്കുക.

 
Design by CKLatheef | Bloggerized by CKLatheef | CK