'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജനുവരി 20, 2016

തീരുമാനാധികാരം അല്ലാഹുവിന് മാത്രം

ശബാബ് വാരിക വീണ്ടും അസത്യവും അർദ്ധസത്യവും കൊണ്ട് ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്, 2016 ജനുവരി 16 ലെ 24ാം ലക്കത്തിൽ ആ തീരുമാനാധികാരം അല്ലാഹുവിന് മാത്രം എന്ന ലേഖനത്തിലൂടെ. ഈ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് പ്രസ്ഥാനവും തമ്മിലുള്ള ഭിന്നത ഈ തലക്കെട്ടിൽ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുമാത്രമാണ് മനുഷ്യനെ സൃഷ്ടിച്ചത് അതുകൊണ്ട് തന്നെ മനുഷ്യനാവശ്യമായ നിയമങ്ങളും അവന്റെ ഉത്തരവാദിത്തമാണ്. ഇതാണ് ഇസ്ലാം പ്രഖ്യാപിക്കുന്നത്. ബഹുദൈവവിശ്വാസികൾക്കോ നിരീശ്വരവാദികൾക്കോ അല്ലാതെ ഈ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാകാൻ പാടില്ലാത്തതാണ്. ഇക്കാര്യം ജമാഅത്തെ ഇസ്ലാമി അതിന്റെ രൂപീകരണഘട്ടത്തിലെ പ്രത്യേക സാഹചര്യത്തിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. സീസർക്കും ദൈവത്തിനും ജീവിതത്തിന്റെ മേഖലകൾ വിഭജിച്ച് നൽകുന്നതിൽ, ഖുർആൻ അംഗീകരിക്കുന്നുവെന്ന് പറയുന്നവർക്ക് പോലും യാതൊരു വിയോജിപ്പും പ്രകടമാകാത്ത പരിതസ്ഥിതിയിലാണ് ജമാഅത്ത് ആ വശം കൂടുതൽ ശക്തിയായി പറയാൻ നിർബന്ധിതമാകുന്നത്. 


നിയമനിർമാണാധികാരം അല്ലാഹുവിന് മാത്രം എന്ന ആശയത്തിലുള്ള മൂന്ന് ആയത്തുകളുണ്ടെന്ന് ലേഖകനും അംഗീകരിക്കുന്നു. പ്രസ്തുത മൂന്ന് സൂക്തങ്ങളുടെ പശ്ചാതലത്തിൽ വായിച്ചാൽ അവയിലൊന്ന് നിഷേധികളായ സമുദായങ്ങളിൽ ദൈവിക ശിക്ഷ ഇറക്കുന്ന തീരുമാനാധികാരമാണ് (6:57). രണ്ടാമത്തെത് ആരാധ്യരെ നിശ്ചയിക്കാനുള്ള തീരുമാനാധികാരമാണ് (12:40). മൂന്നാമത്തെത് മനുഷ്യന് മേലുള്ള അല്ലാഹുവിന്റെ വിധിയെ സംബന്ധിച്ചുള്ളതാണ്. ഈ കാര്യത്തിലൊന്നും ജമാഅത്തെ ഇസ്ലാമിക്ക് മുജാഹിദ് പ്രസ്ഥാനത്തോട് വിയോജിക്കേണ്ടകാര്യമില്ല. എന്നാൽ തീരുമാനാധികാരം പ്രാപഞ്ചികവിധിയിൽ പരിമിതമാണോ. അല്ല പിന്നെയൊ മനുഷ്യനുമായി ബന്ധപ്പെട്ട നിയമങ്ങളിലും അല്ലാഹുവിന് മാത്രമേ വിധികൽപിക്കാൻ അധികാരമുള്ളൂ എന്ന് ലേഖകനും സമ്മതിക്കുന്നു. പക്ഷെ അത് മതനിയമങ്ങളിൽ മാത്രം അഥവാ ശരീഅത്ത് നിയമങ്ങൾ തീരുമാനിക്കാനുള്ള അധികാരമാണ് അല്ലാഹുവിനുള്ളത് എന്നാണ ലേഖകൻ വായനക്കാരെ ഉണർത്താൻ ആഗ്രഹിക്കുന്നത് എന്ന് വ്യക്തം. നിയമസഭയിലെയോ പാർലമെന്റിലെയോ നിയമനിർമാണം അത് മനുഷ്യർക്ക് സ്വതന്ത്രമായി തീരുമാനിക്കാവുന്നതാണ്. അവയൊന്നും ശരീഅത്ത് നിയമത്തിലോ മതനിയമത്തിലോ വരില്ല എന്നും ശബാബ് ലേഖകൻ സ്ഥാപിച്ചെടുക്കാൻ പാടുപെടുന്നു. എന്നാൽ മറ്റൊരു കാര്യം കൂടിയുണ്ടെന്നു ഉണർത്തി, ആളുകൾക്കിടയിൽ പ്രശ്നങ്ങളുണ്ടായാൽ തീർപ്പുകൽപിക്കേണ്ടത് അല്ലാഹുവിൻ്റെ നിയമനുസരിച്ചാണ് എന്ന് ലേഖകൻ പറയുന്നു. സുക്തം (5:42) സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

എങ്കിലും വിധികർത്താവിന്റെ(ഖാദി) വിധി(ഹുക്മ്) അല്ലാഹുവിന്റെതല്ലത്രെ തെളിവായി ഒരു നബിവചനവും നൽകിയിരിക്കുന്നു. കളവായ വാദം തന്റെ മുന്നിൽ അവതരിപ്പിക്കരുതെന്ന പ്രവാചകന്റെ കൽപനയെ പിടിച്ചാണ് ഈ വിചിത്രവാദം ലേഖകൻ തട്ടിവിടുന്നത്. ലേഖകൻ നടത്തുന്ന അസംബന്ധ ജൽപനം കാണുക. വിധിക്കൽ തീർപ്പുകൽപിക്കൽ തീരുമാനാധികാരം വിധികർതൃത്വം എന്നെല്ലാം അർഥം വരുന്ന ഹുക്മിൻ്റെ മേൽപറഞ്ഞ വ്യത്യാസത്തെ വ്യവച്ഛേധിച്ചറിയാതെ വിധികർതൃത്വം അല്ലാഹുവിന് മാത്രമായതിനാൽ ഭൌതികനിയമനിർമാണം പാടില്ല എന്ന് സിദ്ധാന്തിച്ച മതരാഷ്ട്രവാദക്കാർ തങ്ങളുടെ ആദർശം കെട്ടിപ്പടുത്തത് തന്നെ ഈ മിഥ്യയിലാണ്.


സത്യത്തിൽ ആരാണ് മിഥ്യയിൽ പെട്ടത്. ഇക്കൂട്ടർ മതവിധി എന്ന് പറയുന്നതിൽ എന്തൊക്കെ പെടും നമസ്കാരത്തിന്റെയും മറ്റ് ആരാധനാ നിയമങ്ങളും മാത്രമാണോ അതല്ല മനുഷ്യനുമായി ബന്ധപ്പെട്ട അവന്റെ ഭൌതിക ഇടപാടുകളും ഭക്ഷണവും വസ്ത്രവുമൊക്കെ പെടുമോ. ഇക്കാലത്ത് മതസർക്കാരായാലും ഇസ്ലാമിക ഭരണകൂടമായാലും മതേതരസർക്കാരായാലും നിയമനിർമാണത്തിന് അവലംബിക്കുന്നത് നിയമസഭകളും രാജ്യസഭകളും പാർലമെന്റു സഭകളും ഒക്കെ തന്നെയല്ലേ. ഇങ്ങേ അറ്റത്തേക്ക് വന്നാൽ പഞ്ചായത്ത് സഭകളടക്കം. ഇവയിലൊക്കെ തോന്നിയ പോലെ നിയമമുണ്ടാക്കാൻ ഇസ്ലാമിക ദൃഷ്ട്യാ മനുഷ്യന് അധികാരമുണ്ടോ എന്ന ചോദ്യത്തിന് മുജാഹിദുകൾ മറുപടി പറയണം. ഇല്ല എന്നേ ഒരു മുസ്ലിമിന് പറയാൻ കഴിയൂ. ഇത്തരം നിയമനിർമാണത്തിൽ പങ്കാളികളാകേണ്ടിവരുമ്പോൾ കർക്കശമായി ഇസ്ലാമിക പ്രമാണങ്ങൾ പാലിക്കണം. അഥവാ നിയമങ്ങൾ ആരു നിർമിച്ചാലും നിർബന്ധിത പരിസ്ഥിതിയല്ലാതെ അതംഗീകരിക്കാൻ മുസ്ലിമിന് പാടില്ല. ഇതാണ് ഇസ്ലാം. അല്ല എന്ന് ഏതെങ്കിലും മുജാഹിദ് കാരന് പറയാമോ.

ലേഖകൻ ഈ ലേഖനത്തിന്റെ തുടക്കത്തിൽ ആരോപിക്കുന്നത് പോലെ നിയമനിർമാണാധികാരം അല്ലാഹുവിന് മാത്രമായതിനാൽ അല്ലാവിന്റെ നിയമങ്ങളല്ലാത്തെ ഏതെങ്കിലും നിയമം അനുസരിക്കുന്നത് ബഹുദൈവാരാധന (ശിർക്ക്) ആണ് എന്ന് ജമാഅത്തെ ഇസ്ലാമി പറഞ്ഞിട്ടില്ല. മറിച്ച് മുജാഹിദും ജമാഅത്തുമൊക്കെ ഓരേ പോലെ പറയുന്നത് അത്തരം നിയമങ്ങൾ ഖുർആനും സുന്നത്തിനും ഏതിരാകാത്ത കാലത്തോളം അവയെ സർവാത്മനാ അംഗീകരിക്കും. അതാര് നിർമിച്ചുവെന്നത് പ്രശ്നമല്ല. ആ നിലക്ക് തന്നെയാണ് ജമാഅത്തെ ഇസ്ലാമി ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നതും ഇവിടുത്തെ നിയമമനുസരിച്ച് ജീവിക്കുന്നതും. ജമാഅത്ത് ഇതിനൊക്കെ എതിര് നിൽക്കുന്ന അഞ്ചാപത്തിക്കാരാണ് എന്ന് ഇക്കാലമത്രയും തെറ്റിദ്ധരിപ്പിച്ച് നടന്ന മുജാഹിദുകൾ ഇപ്പോഴും ഈ കള്ളം പ്രചരിപ്പിക്കുന്നതിൽ ഒട്ടും ഇസ്ലാമികതയില്ല. ഏതെങ്കിലും ഏഴാംകൂലി എഴുത്തുകാരെകൊണ്ട് ഇത്തരം നുണ പ്രചാരണങ്ങൾ ആവർത്തിക്കുമ്പോൾ ഇവരുടെ കൂട്ടത്തിൽ സത്യത്തോട് പ്രതിബദ്ധതയുള്ള ഒരുത്തനുമില്ലേ എന്ന് ചോദിക്കേണ്ടിവരുന്നു.

ഈ വിഷയത്തിൽ മുജാഹിദുകാർ കാണിക്കുന്ന വിവരക്കേടും അട്ടിമറിയും അൽപം ശ്രദ്ധയോടെ അവരുടെ ലേഖനം തന്നെ വായിച്ചാൽ മനസ്സിലാകും. നിയമങ്ങളെ മതനിയമെന്നും ഭൌതിക നിയമമെന്നും രണ്ടായി തിരിച്ചു. അതോടൊപ്പം ഏതൊക്കെയാണ് മതനിയമം ഏതൊക്കെയാണ് ഭൌതികനിയമം എന്ന് വ്യക്തമാക്കുകയുമില്ല. ഏന്നിട്ട് മതനിയമം നിർമിക്കാനുള്ള പരമാധികാരം അല്ലാഹുവിന്. മറിച്ച് ഭൌതിക രാഷ്ട്രീയ നിയമങ്ങളൊക്കെ നിർമിക്കാനുള്ള അധികാരം മനുഷ്യന് എന്ന് വാദിച്ചു. സത്യത്തിൽ ഇങ്ങനെ ഒരു വിഭജനം ഇസ്ലാമിനില്ല. ദീനീകാര്യം ദുൻയാകാര്യം എന്നിങ്ങനെയായിരുന്നു നേരത്തെ ഈ വിഭജനം. ഇയ്യിലെ ചില തലമുതിർന്ന മുജാഹിദ് പണ്ഡിതൻമാർ ഇത് വിശദീകരിച്ചത് മനുഷ്യൻറെ പരലോകവുമായി ബന്ധപ്പെട്ടത് ദീൻ കാര്യം ദുൻയാവുമായി മാത്രം ബന്ധപ്പെട്ടത് ദുൻയാകാര്യം. ഇതും അബദ്ധമുക്തമല്ല. വഴിയിൽനിന്ന് ഉപദ്രവത്തെ നീക്കുന്നത് വിശ്വാസവുമായി പോലും ബന്ധിപ്പിക്കുന്ന ഇസ്ലാമിൽനിന്നുകൊണ്ട്, ട്രാഫിക്ക് നിയമങ്ങളെയൊക്കെ ഭൌതികകാര്യമായി അവതരിപ്പിക്കാൻ എന്തുകൊണ്ടിവർ പ്രയാസപ്പെടുന്നില്ല എന്നാണ് അത്ഭുതപ്പെടുന്നത്.

ചുരുക്കത്തിൽ ജമാഅത്തെ ഇസ്ലാമി ( ലേഖകൻ തന്റെ ലേഖനത്തിലൊരിടത്തും ജമാഅത്തെ ഇസ്ലാമി എന്ന് പരാമർശിക്കുന്നില്ല എന്നതുകൊണ്ടുമാത്രം ഇതിലെ കളവ് ലഘൂകരിക്കപ്പെടും എന്ന് മനസ്സിലാക്കരുത്) പറയുന്നത് ഞാൻ മനസ്സിലാക്കിയിടത്തോളം ഇതാണ്. ഇന്ത്യയിൽ ജീവീക്കുമ്പോൾ മനുഷ്യന്റെ ക്ഷേമവും സുരക്ഷയും മുൻനിർത്തി ഉണ്ടാക്കുന്ന നിയമങ്ങൾ പാലിക്കാൻ ഏതൊരു പൌരനെയും പോലെ ജമാഅത്ത് പ്രവർത്തകനും പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിനാണ് മനുഷ്യന് നിയമം നൽകാൻ അവകാശമുള്ളത് എന്ന് വിശ്വസിക്കൽ സൃഷ്ടിച്ച ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നതുപോലെ തൌഹീദിൻറെ ഭാഗമാണ്. ഇത് മനസ്സിലാകാതെ പോകുന്നത് മുജാഹിദുകളുടെ മാത്രം പ്രശ്നമാണ്. അല്ലാതെ ഇസ്ലാമിൻ്റെ പ്രശ്നമല്ല.

പാർലമെന്റിലെ നിയമനിർമാണം ഹുകുമിൽ പങ്കുചേർക്കലല്ല എന്ന ലളിത സത്യം മതരാഷ്ട്രവാദികളും തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് ലേഖകൻ പറയുമ്പോൾ ഈ കൌമ് കാര്യം തിരിച്ചറിയുന്ന ലക്ഷണമില്ല എന്നേ പറയാനുള്ളൂ.

  

 
Design by CKLatheef | Bloggerized by CKLatheef | CK