'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, നവംബർ 30, 2011

അറബ് വസന്തത്തിന്റെ അവകാശികൾ ?

അറബ് വസന്തം (Arab Spring) എന്ന പേരിൽ ലോകത്ത് ഏറ്റവുംകൂടുതൽ ചർച ചെയ്യപ്പെടുന്ന പ്രതിഭാസം കേരളക്കരയിലും ഏതാണ്ടെല്ലാ മുസ്ലിം മതസംഘടനകളും രാഷ്ട്രീയ സംഘടനകളും വിഷയമാക്കി കൊണ്ടിരിക്കുന്നു. മുജാഹിദു വിഭാഗങ്ങളിൽ എ.പി വിഭാഗം സംശയലേശമന്യേ അതിന് പിന്നിൽ അമേരിക്കയും സാമ്രാജ്യശക്തികളുമാണ് എന്ന് കേരളീയരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. മടവൂർ വിഭാഗം പൊതുവെ അതിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതര സംഘടനകൾക്ക് വ്യക്തമായ അഭിപ്രായം പറയാതെ കാണികളുടെ റോളിലായിരുന്നു. എന്നാൽ ജമാഅത്തെ ഇസ്ലാമി ആദ്യം മുതൽ ഇതിനോടുള്ള നിലപാട് സംശയരഹിതമായി വ്യക്തമാക്കുകയും ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം വരെ നടത്തുകയും ചെയ്തിരുന്നു.

സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് അവസരം ലഭിക്കുന്ന പക്ഷം പലയിടത്തും ഇസ്ലാമിസ്റ്റ് സഖ്യം ഭരണത്തിൽ വരുമെന്നത് സംശയമുള്ള കാര്യമായിരുന്നില്ല. ഒന്നര വർഷം മുമ്പ് പ്രബോധനം പ്രസിദ്ധീകരിച്ച ലേഖനത്തിൽ റാഷിദ് ഗനൂഷി തന്നെ ഈ അവസ്ഥ വളരെ കൃത്യമായി അവലോകനം ചെയ്തിട്ടുണ്ട്.  ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ലോകത്തിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അപ്രതീക്ഷിതമായ ഒരു സംഭവമല്ല. ഇപ്പോഴുണ്ടായ കാരണം അപ്രതീക്ഷിതമായിരുന്നെങ്കിലും.  ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് മുൻതൂക്കമുള്ള ഒരു സംഖ്യം ഭരണത്തിൽ വന്നാൽ എന്താവും സംഭവിക്കുക, മറ്റൊരു താലിബാൻ ഭരണമോ അതല്ല സൗദി ഭരണമോ ആയിരിക്കും എന്നാണ് പലരും ഭയപ്പെട്ടിരുന്നത്. തുനീഷ്യയിൽ അന്നഹ്ദ ഏറ്റവും വലിയ കക്ഷിയായി തെരഞ്ഞെടുക്കപ്പെടുകയും, അവരുടെ നിലപാട് പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ. നേരെത്തെയുള്ള ആശങ്കകൾ ദൂരീകരിക്കപ്പെടുകയും അറബ് വസന്തം ജമാഅത്ത് മാത്രം കൊണ്ടാടുന്നത് പല സംഘങ്ങൾക്കും അസഹ്യമായി മാറുകയും ചെയ്തു തുടങ്ങിയതാണ് സംഭവം.

അറബ് വസന്തത്തിന് വല്ല നന്മയും അവകാശപ്പെടാനുണ്ടെങ്കിൽ അത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ജമാഅത്തെ ഇസ്ലാമിക്ക് അതിൽ കാര്യമില്ലെന്നുമാണ് അത്തരം ലേഖനങ്ങളുടെ ചുരുക്കം. ചന്ദ്രികയിൽ വന്ന ഷാജിയുടെ ലേഖനമാണ് ഇവിടെ നൽകുന്നത്. അടുത്ത് തന്നെ ഇതര സംഘടനകളും ജമാഅത്തിനെ ഇക്കാര്യത്തിൽ വിമർശിച്ചുകൊണ്ട് രംഗത്ത് വരും എന്നത് ഉറപ്പാണ്. കാന്തപുരം സുന്നി വിഭാഗത്തിന്റെ സെൻസിംഗ് വാരികയിലെ മുഖ്യലേഖനവും അറബ് വസന്തത്തിൽ ജമാഅത്ത് ചൂണ്ടക്ക് എന്ത് കാര്യം എന്ന് തിരക്കിയാണ്. മുജാഹിദ് എ.പി. വിഭാഗത്തിന്റെ വിചിന്തനത്തിലും അതിന്റെ അവകാശികൾ ഞങ്ങളാണെന്ന ഭാവത്തിൽ ലേഖനം വന്നു. ജമാഅത്ത് ഇസ്ലാമി അറബ് വസന്തം പുതുയുഗത്തിന്റെ പിറവിയാണ് എന്ന് പറയുമ്പോൾ. വിചിന്തനത്തിന് സംശയം അറബ് വസന്തം പുതുയുഗത്തിന്റെ പിറവിയോ എന്നാണ് അവർ ചോദിക്കുന്നത്. (ചിത്രത്തിൽ ക്ലിക്കിയാൽ ആ ലേഖനവും വായിക്കാം). ഇവർ മറുപടി അർഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല.

അറബ് വസന്തം പുതുയുഗത്തിന്റെ പിറവിയാണ് എന്ന സന്ദേശ സമ്മേളനങ്ങൾ ജമാഅത്തെ ഇസ്ലാമി കേരളത്തിലങ്ങോളമിങ്ങോളം നടത്തിവരികയാണ്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള  മുസ്ലികളല്ലാത്തവരടക്കം ഈ പരിപാടിയിൽ പങ്കെടുത്ത് വരുന്നുണ്ട്. 30-11-11 ന് പെരിന്തൽമണ്ണയിൽ നടന്ന സമ്മേളനത്തിൽ മുനവ്വറലി ശിഹാബ് തങ്ങളും പങ്കെടുക്കാമെന്ന് വാക്ക് തന്നിരുന്നെങ്കിലും എന്തോ കാരണത്താൽ പങ്കെടുക്കുകയുണ്ടായില്ല.

സത്യത്തിൽ അറബ് വസന്തം നൽകുന്ന സന്ദേശം പ്രചരിപ്പിക്കാൻ കേരളത്തിൽ ഏറ്റവും അർഹതയുള്ള സംഘം എന്ന നിലക്ക് തന്നെയാണ് ജമാഅത്തെ ഇസ്ലാമി അത് നിർവഹിച്ച് കൊണ്ടിരിക്കുന്നത്. പക്ഷെ ലീഗ് നേതാവായ ഷാജി ഇപ്പോൾ പറയുന്നത്. അവിടെയുള്ള പ്രക്ഷോഭകർ ദക്ഷിണേഷ്യയിലുള്ള (കേരളമായിരിക്കും ഉദ്ദേശിക്കുന്നത്) മുസ്ലിംലീഗിനെക്കുറിച്ച് കേട്ടാൽ അവർ അത്ഭുതപ്പെടുമെന്നാണ്. തങ്ങളുടെ മുൻഗാമികളായി ആറ് പതിറ്റാണ്ട് മുമ്പ് തന്നെ ഇത്തരം ഒരു സംഘം ഇവിടെ ഉണ്ടായിരുന്നുവല്ലോ എന്നോർത്ത് കൊണ്ട്.  അവർ ലജ്ജിക്കുമെന്ന് ഷാജി പറയാത്തത് ഭാഗ്യം. ലീഗാണത്രേ അവരുടെ മുമ്പേ പറക്കുന്ന പക്ഷികൾ. അപ്പോൾ പിമ്പേ പറക്കുന്ന പക്ഷികളോ സംശയമെന്ത് അത് ജമാഅത്തെ ഇസ്ലാമി തന്നെ. ഷാജിയുടെ ലേഖനത്തിന്റെ പ്രസക്തഭാഗം തുടർന്ന് വായിക്കുക. നർമം എന്ന ലേബലാണ് ഇതിന് സത്യത്തിൽ ചേരുക.

['ഈജിപ്തില്‍ വിപ്ലവം അതിന്റെ രണ്ടാംഘട്ടത്തിലാണ്. ഹുസ്നി മുബാറക് പുറത്താക്കപ്പെട്ടെങ്കിലും രാഷ്ട്രഭരണം ഇപ്പോഴും അദ്ദേഹത്തിന്റെ ശിങ്കിടികളുടെ കൈയില്‍ത്തന്നെയാണ്. വാഗ്ദാനം ചെയ്യപ്പെട്ടതുപോലെ അവിടെ ഒരു ജനാധിപത്യപ്രക്രിയ നടന്നുകഴിഞ്ഞിട്ടില്ല. അതിനാല്‍ ജനങ്ങള്‍ തഹ്രീര്‍ ചത്വരത്തിലേക്ക് വീണ്ടും പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും കൗതുകകരമായ വസ്തുത, ജമാഅത്തെ ഇസ്ലാമിയുടെ ഈജിപ്ഷ്യന്‍ പതിപ്പായ മുസ്ലിം ബ്രദര്‍ഹുഡ് പോലും അവിടെ മതഭരണം പരസ്യമായി ആവശ്യപ്പെടുന്നില്ല എന്നതാണ്. തിരഞ്ഞെടുപ്പ് നടന്നാല്‍ മുസ്ലിം ബ്രദര്‍ഹുഡ് ഈജിപ്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള സാധ്യത ഏറെയുണ്ട്. അപ്പോഴവര്‍ ഹുകൂമത്തെ ഇലാഹി എന്ന് പറഞ്ഞ് രംഗത്തുവന്ന് ഈജിപ്തിന്റെ ബഹുസ്വരതയെ തകര്‍ക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

അറബിത്തെരുവുകളില്‍ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഏറ്റവും വലിയ തമാശ നടന്നത് ഇങ്ങ് കേരളത്തിലാണ്. ഊണിലും ഉറക്കിലും മതഭരണം സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്ലാമിക്കാര്‍ പുസ്തകങ്ങളിറക്കിയും പരശ്ശതം ലേഖനങ്ങളെഴുതിയും ജനാധിപത്യത്തിന്റെ ധ്വജവാഹകരായ, ഏകസ്വരതയുടെ പ്രണേതാക്കളല്ലാത്ത അറബ് പ്രക്ഷോഭകാരികളെ കലവറയില്ലാതെ വാഴ്ത്തിയത് എന്തിനാണെന്ന് ആദ്യമൊന്നും മനസ്സിലായിരുന്നില്ല. ജമാഅത്തെ ഇസ്ലാമിക്കാര്‍ ദിവാസ്വപ്നം കണ്ടിരുന്നത് അറബ് വസന്തം നടന്ന എല്ലാ നാടുകളിലും ഹുകൂമത്തെ ഇലാഹി വരുമെന്നായിരിക്കാം. പക്ഷേ, സംഭവിച്ചുകൊണ്ടിരിക്കുന്നത് അവരെ ഇപ്പോള്‍ അത്രയൊന്നും സന്തോഷിപ്പിക്കുന്നുണ്ടാകില്ല.

ജമാഅത്തെ ഇസ്ലാമിക്കാര്‍ അന്ധവും കുടിലവുമായ മൗദൂദിയന്‍ മായാലോകത്തുനിന്ന് വിമുക്തരായി സ്വബോധത്തിലേക്ക് തിരിച്ചുവന്ന് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അറബ് പ്രക്ഷോഭകരുടെ മുദ്രാവാക്യം ജമാഅത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്ന മതരാഷ്ട്രമായിരുന്നെങ്കില്‍ പത്താള്‍ പോലും കൈറോവിലെ തഹ്രീര്‍ ചത്വരത്തിലോ ടൂണിസിലെ തെരുവുകളിലോ എത്തില്ലായിരുന്നു എന്ന കനത്ത യാഥാര്‍ഥ്യമാണത്. അറബിത്തെരുവുകളില്‍ ആഞ്ഞടിച്ചത് മതഭരണവാഞ്ഛയുടെ കൊടുങ്കാറ്റല്ല, സുതാര്യവും ജനാധിപത്യപരവും ജനോന്മുഖവുമായ ഭരണക്രമത്തിനുവേണ്ടിയുള്ള കൊടുങ്കാറ്റാണ്. നിസ്സംശയം പറയാം, പ്രക്ഷോഭകാരികള്‍ക്ക് ദൃഢചിത്തതയും സ്ഥൈര്യവും ശുഭാപ്തിവിശ്വാസവും നല്‍കിയത് ഇസ്ലാമിന്റെ അടിക്കല്ലായ നീതി എന്ന സങ്കല്‍പമാണ്. അക്രമകാരിയായ ഒരു മുസ്ലിം ഭരിക്കുന്നതിനേക്കാള്‍ നല്ലത് നീതിമാനായ ഒരു അമുസ്ലിം ഭരിക്കുന്നതാണെന്ന പ്രവാചകന്റെ നിരീക്ഷണം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
ചരിത്രസന്ദര്‍ഭങ്ങള്‍ വ്യത്യസ്തമാണെങ്കിലും കേരളത്തിലെ മുസ്ലിം സമൂഹം അറബ് പ്രക്ഷോഭകരുടെ മുന്‍പേ വഴിനടന്നവരാണെന്ന് പറയാം. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കുമ്പോള്‍തന്നെ ഇസ്ലാമിന്റെ നൈതികമൂല്യങ്ങളും സംസ്കൃതി ധാരകളും സംഘടനാഗാത്രത്തില്‍ സന്നിവേശിപ്പിച്ച മുസ്ലിം ലീഗെന്ന പ്രസ്ഥാനം ദക്ഷിണേഷ്യയുടെ ഒരു മൂലയില്‍ ആറ് ദശാബ്ദത്തിലേറെയായി കരുത്തോടെ നിലനില്ക്കുന്നുണ്ടെന്ന വസ്തുത ഏത് അറബ് പ്രക്ഷോഭകനെയും അത്ഭുതപ്പെടുത്താതിരിക്കില്ല. അര നൂറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ ജനാധിപത്യത്തെ അപഹസിച്ചുപോന്ന ജമാഅത്തെ ഇസ്ലാമിക്ക് "ഇന്നലെ' പുലര്‍കാലത്താണ് ഒരു വെല്‍ഫെയര്‍ പാര്‍ട്ടിയുണ്ടാക്കി ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഭാഗഭാക്കാകണമെന്ന ബോധോദയമുണ്ടായത്. "മുന്‍പേ പറക്കുന്ന പക്ഷികള്‍' എന്നത് സി. രാധാകൃഷ്ണന്റെ ഒരു നോവല്‍ ശീര്‍ഷകമാണ്. ജമാഅത്തെ ഇസ്ലാമിക്കാര്‍ എക്കാലത്തും "പിന്‍പേ പറക്കുന്ന പക്ഷികള്‍' തന്നെ.]
ഇനിയും ഇത്തരം ലേഖനങ്ങൾ ധാരാളമായി പ്രതീക്ഷിക്കുന്നു. എല്ലാറ്റിന്റെയും ഉള്ളടക്കം ഏറെക്കുറെ ഒന്ന് തന്നെയാണ്. ജമാഅത്തെ ഇസ്ലാമി ഇത് വരെ വാദിച്ചത്. തൊടുപുഴമോഡൽ കൈവെട്ട് നടപ്പാക്കുന്ന ഇസ്ലാമിക ഭരണക്രമം നടപ്പാക്കാനാണ്. ഞങ്ങളൊക്കെ അംഗീകരിക്കുന്ന ഇസ്ലാമാണ് ഇപ്പോൾ വിജയം കാണുന്നത് എന്ന വാദം പ്രചരിപ്പിക്കാൻ. ഇതിലെ തമാശ ആസ്വദിക്കാൻ കഴിയുന്നവർക്കേ ഇപ്പോൾ നടക്കുന്നതെന്താണെന്ന് മനസ്സിലായി എന്ന് വിചാരിക്കാൻ കഴിയൂ. 

ഞായറാഴ്‌ച, നവംബർ 27, 2011

ഹാക്കിമിയത്ത് മുജാഹിദ് വീക്ഷണത്തിൽ.

ഹാക്കിമിയത്തിന്റെ വിവക്ഷയെന്ത്, ജീവിതത്തിൽ അതിന്റെ സ്വാധീനമെത്ര എന്നീകാര്യങ്ങളിൽ ജമാഅത്തെ ഇസ്ലാമിയും മുജാഹിദും ആദ്യകാലം മുതൽ ചില അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്. പലപ്പോഴും ജമാഅത്ത് നൽകുന്ന വിവക്ഷയെ തള്ളുക എന്നതിനപ്പുറം വ്യക്തമായ ഒരു കാഴ്പ്പാട് അവതരിപ്പിക്കുന്നത് അപൂർമായ സംഭവിക്കാറുള്ളൂ. അതുകൊണ്ട് തന്നെ ശബാബ് വീക്കിലിയിൽ വന്ന ഈ വിശദീകരണം ചർചയുടെ വ്യക്തതക്ക് ഇവിടെ നൽകുകയാണ്.

['വിധികര്‍തൃത്വം എന്നാണ്‌ ഹാകിമിയ്യത്ത്‌ എന്ന പദത്തിന്റെ അര്‍ഥം. അല്ലാഹുവിന്റെ വിധി രണ്ടു തരത്തിലുണ്ട്‌. ഒന്ന്‌, സൂക്ഷ്‌മവും സ്ഥൂലവുമായ ഏത്‌ വസ്‌തുവും എപ്പോള്‍ ഉണ്ടാകണം, അതിന്റെ ഘടന എപ്രകാരമാകണം, അത്‌ എത്ര കാലം വരെ നിലനില്‌ക്കണം എന്നൊക്കെ അല്ലാഹുവാണ്‌ നിശ്ചയിച്ചത്‌. അത്‌ മാറ്റിമറിക്കാന്‍ ആര്‍ക്കും കഴിയില്ല. എവിടെയും എപ്പോഴും അല്ലാഹു വിധിച്ചതേ നടക്കുകയുള്ളൂ. ഈ വിധത്തിലുള്ള വിധികര്‍തൃത്വം അല്ലാഹു അല്ലാത്ത ആര്‍ക്കുമില്ല. ഏത്‌ നാട്ടില്‍ ഏത്‌ കാലത്ത്‌ ആര്‌ ഭരണാധികാരിയാകണം എന്നും അല്ലാഹുവാണ്‌ തീരുമാനിക്കുന്നത്‌. ഏത്‌ ഭരണാധികാരിയും അധികാരഭ്രഷ്‌ടനാകുന്നതും അല്ലാഹു വിധിച്ച പ്രകാരമാണ്‌. ഇത്‌ സംബന്ധിച്ച്‌ അല്ലാഹു പറയുന്നത്‌ നോക്കുക:


``പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ ആധിപത്യം നല്‌കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന്‌ നീ ആധിപത്യം എടുത്തു നീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ പ്രതാപം നല്‌കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമാണ്‌ നന്മയുള്ളത്‌. തീര്‍ച്ചയായും നീ ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു'' (വി.ഖു 3:26). സ്വേച്ഛാധിപതിയും സ്വയം ദൈവവാദിയുമായ നംറൂദിന്‌ അല്ലാഹുവാണ്‌ ആധിപത്യം നല്‍കിയതെന്നും ഖുര്‍ആനില്‍ (2:258) പറഞ്ഞിട്ടുണ്ട്‌.

രണ്ട്‌, മനുഷ്യന്റെ വര്‍ത്തനം എങ്ങനെയായിരിക്കണം എന്നത്‌ സംബന്ധിച്ച അല്ലാഹുവിന്റെ വിധി. അതായത്‌ പുണ്യവും പാപവും ഹലാലും ഹറാമും നിര്‍ണയിച്ചുകൊണ്ട്‌ അല്ലാഹു നല്‌കിയ വിധി. ഈ വിധത്തില്‍ വിധികല്‌പിക്കാന്‍ അല്ലാഹുവല്ലാത്ത ആര്‍ക്കും യാതൊരു അധികാരവുമില്ല. ഈ വിഷയകമായി അല്ലാഹു നല്‌കിയ വിധി മാറ്റിമറിക്കാനും ആര്‍ക്കും അധികാരമില്ല. അതായത്‌ അല്ലാഹു ഹലാലായി വിധിച്ചത്‌ ഹറാമാക്കാനോ അവന്‍ ഹറാമായി വിധിച്ചത്‌ ഹലാലാക്കാനോ ആര്‍ക്കും അധികാരമില്ല. ഈ വിഷയകമായി അല്ലാഹുവിന്റെ വിധിയെന്താണെന്ന്‌ മനുഷ്യര്‍ക്ക്‌ അറിയാന്‍ കഴിയുന്നത്‌ വിശുദ്ധ ഖുര്‍ആനിലൂടെയും പ്രാമാണികമായ ഹദീസുകളിലൂടെയുമാണ്‌. ഈ വിധിക്ക്‌ അഥവാ ദൈവിക നിയമിത്തിന്‌ വിരുദ്ധമായി വിധി പുറപ്പെടുവിക്കുന്നത്‌ പുരോഹിതനായാലും ഭരണാധികാരിയായാലും സത്യവിശ്വാസികള്‍ അത്‌ അനുസരിക്കാന്‍ പാടില്ല; നിര്‍ബന്ധിതാവസ്ഥയിലല്ലാതെ. `തൗഹീദുല്‍ ഹാകിമിയ്യത്ത്‌' എന്നൊരു ശീര്‍ഷകം നല്‌കിക്കൊണ്ട്‌ വിശകലനം നടത്തിയാലും ഇല്ലെങ്കിലും തൗഹീദിന്റെ ഈ വശം സംബന്ധിച്ച്‌ അല്ലാഹുവിലും റസൂലി(സ)ലും വിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്കാര്‍ക്കും തര്‍ക്കമില്ല.
 
അല്ലാഹുവിന്റെ നിയമം ജീവിതത്തിന്റെ ഏത്‌ മേഖലയിലേക്കുള്ളതാണെങ്കിലും സത്യവിശ്വാസികള്‍ അത്‌ അനുസരിച്ചേ തീരൂ. അതിന്‌ വിരുദ്ധമായ നിയമം ആര്‌ നടപ്പാക്കിയാലും മുസ്‌ലിംകള്‍ അത്‌ സ്വമേധയാ അനുസരിക്കാന്‍ പാടില്ല എന്ന കാര്യം സുവിദിതമാണ്‌. എന്നാല്‍ ലൗകിക ജീവിതത്തിന്റെ ചില മേഖലകളില്‍ മനുഷ്യര്‍ക്ക്‌ ഞെരുക്കമുണ്ടാകാതിരിക്കാന്‍ വേണ്ടി അല്ലാഹു കണിശമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. വാഹനങ്ങള്‍ റോഡിന്റെ ഏത്‌ വശത്തുകൂടെ ഓടിക്കണം, റോഡിന്റെ ഘടന എങ്ങനെയായിരിക്കണം, ഓരോ പ്രദേശത്തും ഏതേത്‌ ഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം, വിദ്യാലയങ്ങളുടെയും ഓഫീസുകളുടെയും ആശുപത്രികളുടെയും മറ്റും പ്രവൃത്തിസമയം എപ്പോഴായിരിക്കണം, വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ വേതനം എത്രയായിരിക്കണം എന്നിങ്ങനെ ഭരണവുമായി ബന്ധപ്പെട്ട ധാരാളം വിഷയങ്ങള്‍ മനുഷ്യര്‍ക്ക്‌ നിയമങ്ങളും ചട്ടങ്ങളും ഏര്‍പ്പെടുത്താന്‍ സ്വാതന്ത്ര്യമുള്ള നിലയില്‍ അല്ലാഹു അവശേഷിപ്പിച്ചിട്ടുണ്ട്‌. ഇസ്‌ലാമിന്റെ പൊതുവായ അധ്യാപനങ്ങള്‍ക്ക്‌ വിരുദ്ധമാകാത്ത നിലയില്‍ ഒരു ഭരണാധികാരി അത്തരം വിഷയങ്ങള്‍ സംബന്ധിച്ച്‌ നിയമ നിര്‍മാണം നടത്തുന്നതോ ആ നിയമം പ്രജകള്‍ അനുസരിക്കുന്നതോ അല്ലാഹുവിന്റെ ഹാകിമിയ്യത്തിന്റെ കാര്യത്തില്‍ ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്ന തത്വങ്ങള്‍ക്ക്‌ വിരുദ്ധമല്ല.

പൂര്‍വ പ്രവാചകന്മാരുടെ അനുയായികളില്‍ ഗണ്യമായ ഒരു ഭാഗം എക്കാലത്തും സത്യവിശ്വാസികളല്ലാത്ത രാജാക്കന്മാരുടെ ഭരണനിയമങ്ങള്‍ അനുസരിച്ചുകൊണ്ടാണ്‌ ജീവിച്ചത്‌. അവിതര്‍ക്കിതമായ ഒരു ചരിത്രസത്യമാണിത്‌. ഭരണകാര്യത്തിലുള്ള ഈ അനുസരണം തൗഹീദുല്‍ ഹാകിമിയ്യത്തിന്‌ വിരുദ്ധമാണെന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട കാലത്ത്‌ ക്രിസ്‌ത്യാനികളില്‍ ഭൂരിഭാഗം റോമന്‍ ചക്രവര്‍ത്തിയായ ഹിറഖ്‌ലിന്റെ (ഹിറാക്‌ളിയസിന്റെ) ഭരണ നിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കുന്നവരായിരുന്നു. എന്നാല്‍ ചക്രവര്‍ത്തിക്ക്‌ ദൈവികമായ യാതൊരു സ്ഥാനവും അവര്‍ കല്‌പിച്ചിരുന്നില്ല. ഹലാലും ഹറാമും പുണ്യവും പാപവും നിശ്ചയിക്കാന്‍ ചക്രവര്‍ത്തിക്ക്‌ അധികാരമുണ്ടെന്ന്‌ അവര്‍ വിശ്വസിച്ചിരുന്നുമില്ല. എന്നാല്‍ മാര്‍പ്പാപ്പയെയും കര്‍ദിനാളുമാരെയും സംബന്ധിച്ച്‌ അന്നത്തെയും ഇന്നത്തെയും ക്രിസ്‌ത്യാനികളുടെ വിശ്വാസം അവരില്‍ പരിശുദ്ധാത്മാവ്‌ കുടികൊള്ളുന്നുണ്ടെന്നും അതിനാല്‍ അവരുടെ നിയമങ്ങള്‍ക്ക്‌ ദൈവികമായ അപ്രമാദിത്വം (papal infalliblity) ഉണ്ടെന്നുമാണ്‌. ഇതിന്റെ പേരില്‍, ക്രൈസ്‌തവര്‍ മതനേതാക്കളെയും പുരോഹിതന്മാരെയും റബ്ബുകളാക്കിയിരിക്കുന്നു എന്ന്‌ ഖുര്‍ആനില്‍ (9:31) ആക്ഷേപിച്ചിട്ടുണ്ട്‌. എന്നാല്‍ ക്രിസ്‌ത്യാനികള്‍ ഹിറാക്ലിയസ്‌ ചക്രവര്‍ത്തിയെയോ അയാളുടെ മന്ത്രിമാരെയോ റബ്ബുകളാക്കിയെന്ന്‌ ആക്ഷേപിച്ചിട്ടില്ല. ഭരണാധികാരികളെ ഭരണകാര്യങ്ങളില്‍ അനുസരിക്കല്‍ തൗഹീദുല്‍ ഹാകിമിയ്യത്തിന്‌ വിരുദ്ധമായ രാഷ്‌ട്രീയ ശിര്‍ക്കാണെങ്കില്‍ അല്ലാഹുവോ റസൂലോ റോമന്‍ ഭരണകൂടത്തെ അനുസരിക്കുന്ന ക്രിസ്‌ത്യാനികളെ അതിനെതിരില്‍ ബോധവല്‍കരിക്കുമായിരുന്നു. കുഫ്‌റില്‍ നിന്നും ശിര്‍ക്കില്‍ നിന്നും ജനങ്ങളെ മോചിതരാക്കുക എന്നത്‌ പ്രവാചക നിയോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ പെട്ടതായിരുന്നല്ലോ. റോമന്‍ ഭരണാധികാരിയെ അനുസരിക്കല്‍ രാഷ്‌ട്രീയ ശിര്‍ക്കാണെന്ന്‌ അല്ലാഹുവും റസൂലും(സ) പറയാതിരുന്നത്‌ തൗഹീദിന്റെ സുപ്രധാന ഭാഗത്തെ നഷ്‌ടപ്പെടുത്തലായിപ്പോയി എന്നാണോ അബ്‌ദുല്ലാ സാഹിബ്‌ കരുതുന്നത്‌?
ഇസ്‌ലാമികേതര ഭരണകൂടത്തെ ഏത്‌ വിഷയത്തില്‍ അനുസരിക്കുന്നതും തൗഹീദിന്റെ സുപ്രധാന ഭാഗത്തെ നഷ്‌ടപ്പെടുത്തുന്ന നടപടിയാണെങ്കില്‍ ഇന്ത്യാഗവണ്‍മെന്റിനെ അനുസരിക്കുന്ന ജമാഅത്തുകാരടക്കമുള്ള മുസ്‌ലിംകള്‍ മുക്കാല്‍ ഭാഗം രാഷ്‌ട്രീയ ശിര്‍ക്കിലും, കാല്‍ ഭാഗം തൗഹീദിലുമാണെന്നല്ലേ അതിന്റെ അര്‍ഥം?']

(Shabab weekly, 2011 Nov. 25.)

ശനിയാഴ്‌ച, നവംബർ 26, 2011

സാമുദായിക, മതേതരത്വം: അമീർ സംസാരിക്കുന്നു.

ജമാഅത്തെ ഇസ്ലാമി കേരളാ അമീർ ടി. ആരിഫലി സാഹിബുമായി സാമുദായിക മതേതരത്വം എന്നീ വിഷയവുമായി മുഹ്‌സിന്‍ പരാരി, ടി. ശാക്കിര്‍ എന്നിവർ നടത്തിയ അഭിമുഖം. (പ്രബോധനം വാരിക 2011 നവം. 26)ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും സംശയത്തോടെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സംഭാവനകള്‍ പൊതുവെ വിലയിരുത്തപ്പെട്ടു കാണുന്നത്. ഇത് സംഭവിക്കുന്നത് ആന്തരികമായ കാരണങ്ങള്‍ കൊണ്ട് തന്നെയാണോ? അതോ ഏതെങ്കിലും അര്‍ഥത്തിലുള്ള ബാഹ്യകാരണങ്ങള്‍ ഇതിനുണ്ടോ?
ജമാഅത്തെ ഇസ്‌ലാമി, വിഭജനത്തിനു മുമ്പാവട്ടെ ശേഷമാവട്ടെ, ഇന്ത്യയില്‍ രൂപംകൊണ്ടതുമുതല്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളതൊക്കെ വളരെ സരളമായ കാര്യങ്ങളാണ്. മനുഷ്യന് അപരിചിതത്വം തോന്നുന്നതോ, മനുഷ്യ പ്രകൃതിക്ക് യോജിക്കാത്തതോ ആയ ഒന്നും അതിലില്ല. മനുഷ്യാരംഭം മുതല്‍ പ്രവാചകന്മാര്‍ ലോകത്ത് അവതരിപ്പിച്ച ആശയങ്ങളുടെ തുടര്‍ച്ച തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയും ഭാരതത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. പക്ഷേ, ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍, മതം മനുഷ്യന്റെ ദൈവവുമായുള്ള സ്വകാര്യ ഇടപാടാണെന്ന ധാരണയില്‍ മനുഷ്യന്‍ എത്തിച്ചേര്‍ന്നു. പൊതുജീവിതവുമായി മതത്തിന് ബന്ധമില്ലെന്നും അവര്‍ കരുതി. ഒരു പ്രത്യേക കാലഘട്ടത്തിന്റെ സവിശേഷതയായിരുന്നു അത്.


ആ ധാരണ വെച്ചു പുലര്‍ത്തുന്നവര്‍ക്ക് ഒരു പക്ഷേ ജമാഅത്തെ ഇസ്‌ലാമി അവതരിപ്പിക്കുന്ന ആശയങ്ങള്‍ അപരിചിതമായി തോന്നിയിട്ടുണ്ടാവും. അതിനെ കൂടുതല്‍ അപരിചിതമായ ഒന്നായി തന്നെ അവതരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഈ പ്രസ്ഥാനത്തിന്റെ ശത്രുക്കളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമുണ്ടാകും. മുസ്‌ലിം സമുദായത്തിന്റെ അകത്ത് നിന്നോ പുറത്ത് നിന്നോ ജമാഅത്തിനെതിരെ ഉയര്‍ന്നുവന്ന ശത്രുത ഒരിക്കലും അതിന്റെ വീക്ഷണങ്ങളോടുള്ള മൗലികമായ വിയോജിപ്പിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായിട്ടുള്ളതല്ല. അതിന് രാഷ്ട്രീയമായ കാരണങ്ങള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ തുടക്കകാലത്ത് പാകിസ്താന്‍ വാദത്തെ എതിര്‍ത്ത് ജമാഅത്തെ ഇസ്‌ലാമി രംഗത്തുവന്നു. അതിനാല്‍ സ്വാഭാവികമായും മുസ്‌ലിംലീഗിനെ അനുകൂലിച്ച മുസ്‌ലിം പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും ജമാഅത്തിന്റെ സന്ദേശം സ്വീകാര്യമായി തോന്നിയില്ല. എല്ലാ ഐഡന്റിറ്റിയും ബലികഴിച്ചു ദേശീയധാരയുടെ ഭാഗമാവുക എന്നതിനോടും ജമാഅത്തെ ഇസ്‌ലാമിക്ക് യോജിപ്പുണ്ടായിരുന്നില്ല.  അതുകൊണ്ട് കോണ്‍ഗ്രസിനെ പിന്തുണച്ച ആളുകള്‍ക്കും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനെ പോലുള്ള പണ്ഡിത സഭകള്‍ക്കും ജമാഅത്തെ ഇസ്‌ലാമിയെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. സംഘടനയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ആ ഭാഗത്തു നിന്നും ഉണ്ടായി. ആ ശ്രമത്തില്‍ ഒരു പരിധിവരെ ശത്രുക്കള്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.


പക്ഷേ, ജമാഅത്തിന്റെ മതകീയ സ്വഭാവം അത്തരം പൊതുബോധങ്ങളെ ശക്തിപ്പെടുത്തുകയല്ലേ ചെയ്യുക? മതേതര പൊതുബോധം നിലനില്‍ക്കുന്ന ഒരിടത്ത് ഈ വിജയം സ്വാഭാവികമല്ലേ?
ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമിനെ മനസ്സിലാക്കുന്നത് മുഴുവന്‍ മനുഷ്യ സമൂഹത്തിന്റെയും ദര്‍ശനമായിട്ടാണ്. പക്ഷേ ഇന്ത്യന്‍ മനസ്സിന്റെ സവിശേഷത, അവര്‍ മതത്തെ ജന്മവുമായി ബന്ധപ്പെട്ട് മനസ്സിലാക്കുന്നു എന്നതാണ്. മതസമൂഹത്തെ ആദര്‍ശസമൂഹമായി കാണാന്‍ ഇന്ത്യന്‍ മനസ്സിനു സാധിക്കുന്നില്ല. ജന്മവുമായും ജാതിയുമായും ബന്ധപ്പെട്ട ഒരു വംശീയ വിഭാഗത്തിന്റെ അനുഷ്ഠാനങ്ങളായി മാത്രമേ അവര്‍ക്ക് മതത്തെ മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ. മതത്തെ സംബന്ധിച്ച ഈ പരമ്പരാഗത പൊതു ബോധവും ആധുനികത സമ്മാനിച്ച പൊതുജീവിതത്തെ സംബന്ധിച്ച മതമുക്ത ബോധവും ഉല്‍പ്പാദിപ്പിച്ച ഒരു പശ്ചാത്തലമാണ് ജമാഅത്തിന്റെ ആശയത്തെ കുറിച്ചുണ്ടായിട്ടുള്ള ഈ ധാരണക്ക് ആധാരം. ഈ ധാരണ മനുഷ്യമനസ്സുകളില്‍ നിന്ന് മാറ്റിയെടുക്കാനാണ് ജമാഅത്തിന്റെ ഇതഃപര്യന്തമുള്ള ശ്രമം. ജന്മംകൊണ്ട് സിദ്ധിക്കുന്നതിന് അപ്പുറത്തുള്ള, ആര്‍ക്കും തള്ളിക്കളയാവുന്നതോ സ്വീകരിക്കാവുന്നതോ ആണ് മതദര്‍ശനങ്ങള്‍ എന്നും അതില്‍ എന്തുകൊണ്ടും സവിശേഷമാണ് ഇസ്‌ലാം എന്നും ജനങ്ങളെ പറഞ്ഞു പഠിപ്പിക്കാനാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചിട്ടുള്ളത്. ഒരു പക്ഷേ ജമാഅത്തെ ഇസ്‌ലാമിയുടെ കൈയിലുള്ള മാധ്യമങ്ങളുടെ അപര്യാപ്തതകളും സഹസ്രാബ്ദങ്ങളായി ഇന്ത്യയില്‍ വേരുറച്ചുപോയ ജാതീയതയും കാരണമായി, എല്ലാവിധ സന്നാഹങ്ങളോടും കൂടി പാശ്ചാത്യലോകത്തു നിന്ന് കടന്നുവന്ന  സെക്യുലരിസത്തെ മറികടക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ട അളവില്‍ കഴിഞ്ഞിട്ടില്ലായിരിക്കാം. ജമാഅത്തെ ഇസ്‌ലാമി ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത് അതിനെ മറി കടക്കാന്‍ തന്നെയാണ്. 

മതകീയമായിരിക്കെ തന്നെ മുഴുവന്‍ മനുഷ്യരെയും ഉള്‍കൊള്ളാന്‍ കഴിയും എന്ന ആത്മവിശ്വാസം ജമാഅത്തിനുണ്ടോ?തീര്‍ച്ചയായും ജമാഅത്തെ ഇസ്‌ലാമിക്ക് ആത്മവിശ്വാസമുണ്ട്. ഇരുപത്തൊന്നാം നുറ്റാണ്ടിലെത്തിയപ്പോള്‍ ആ ആത്മവിശ്വാസം പൂര്‍വാധികം വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്.  ലോകത്തുടനീളം വന്നുകൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍ ആ രൂപത്തിലുള്ളതാണ്. ഇസ്‌ലാമിക ദര്‍ശനത്തിനകത്ത്  രൂപപ്പെടുന്ന വിപ്ലവങ്ങള്‍ക്കും സാമൂഹിക പരിഷ്‌കരണ ചിന്താഗതികള്‍ക്കും രാഷ്ട്രമീമാംസകള്‍ക്കും എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍കൊള്ളാന്‍ കഴിയുമെന്ന ധാരണ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ശക്തിപ്പെടുകയാണ്. അറബ്-മുസ്‌ലിം രാജ്യങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പോലും മതേതര-ഇടതുപക്ഷ കക്ഷികളുമായി ചേര്‍ന്ന് രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നത് നമ്മള്‍ കാണുന്നു. ഇതുപോലുള്ള ആഗോള പ്രതിഭാസങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.


ആത്മവിശ്വാസം എന്നു പറയുന്നു. പക്ഷേ, ഇപ്പോഴും ജമാഅത്തെ ഇസ്‌ലാമി ഒറ്റപ്പെട്ടിരിക്കുകയല്ലേ? സംഘടനയെ ഒറ്റപ്പെടുത്തുന്നത് ആരാണ്?
ജമാഅത്തെ ഇസ്‌ലാമിയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ സമുദായത്തിനകത്ത് തന്നെയുണ്ട്. ആ ശക്തികളില്‍ ഒരു വിഭാഗം മതപരമായ കാരണങ്ങളാലാണ് അങ്ങനെ ചെയ്യുന്നത്. അവരുടെ പൂര്‍വ പണ്ഡിതന്മാര്‍, നേരത്തെ പറഞ്ഞ രാഷ്ട്രീയ കാരണങ്ങളാല്‍ ജമാഅത്തിനെ ആക്രമിച്ചിരുന്നു. പക്ഷേ, രാഷ്ട്രീയ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടായിരുന്നില്ല അവരുടെ ആക്രമണം. അവര്‍ വിമര്‍ശിക്കാന്‍ തെരഞ്ഞെടുത്ത വിഷയങ്ങള്‍ രാഷ്ട്രീയപരമായിരുന്നില്ല. മൗദൂദിയുടെയും മറ്റു ജമാഅത്ത് പണ്ഡിതന്മാരുടെയും കര്‍മശാസ്ത്രപരമോ ജ്ഞാനശാസ്ത്രപരമോ ആയ ചില അഭിപ്രായങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ടാണ് അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങിയത്. അത്തരം അഭിപ്രായങ്ങള്‍ ഒരു സംഘടന എന്ന നിലക്ക് ജമാഅത്തിന് ബാധകമല്ല എന്ന് ജമാഅത്തും മൗദൂദിയും ആവര്‍ത്തിച്ചു പറഞ്ഞിട്ടും, ആ പണ്ഡിതര്‍ക്ക് തന്നെ സ്വയം അത് ബോധ്യമുണ്ടായിട്ടും അവര്‍ അത്തരം രാഷ്ട്രീയ പ്രേരിതമായ കസര്‍ത്തുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.


രണ്ടാമത്തെ വിഭാഗം, മുസ്‌ലിം സമൂഹത്തെ ഇസ്‌ലാമില്‍ നിന്ന് അടര്‍ത്തിയെടുത്ത് ആധുനികവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ദേശീയവും പ്രാദേശികവുമായ ചില ശക്തികളാണ്. അവരും മുസ്‌ലിം സമൂഹത്തെ നവീകരിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, മുസ്‌ലിംകളെ ഇസ്‌ലാമില്‍ നിന്ന് അകറ്റിയാല്‍ മാത്രമേ അത് സാധ്യമാകൂ എന്ന് അവര്‍ വിചാരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയും ഇസ്‌ലാമിക സമൂഹത്തെ നവീകരിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, അവരെ ഇസ്‌ലാമികാടിത്തറകളില്‍ ഉറപ്പിച്ചുകൊണ്ട് ആധുനികതയുമായി സംവദിക്കാനുള്ള ശേഷിയാര്‍ജിക്കാന്‍ പ്രേരണ നല്‍കുക, ആധുനിക സമൂഹത്തിന്റെ വളര്‍ച്ചക്കനുസരിച്ച് അവരെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ജമാഅത്ത് അതിനു സ്വീകരിച്ച രീതി. എന്നാല്‍,  സംഘടനയുടെ സ്വാധീനത്താല്‍ യുവാക്കളും ബുദ്ധിജീവികളും ഇസ്‌ലാമിക മൂല്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നത് കാണാന്‍ അത്തരം നവീകരണ യത്‌നക്കാര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. മുസ്‌ലിം സമൂഹത്തിലെ ബുദ്ധിജീവികളെയും രാഷ്ട്രീയ നേതൃത്വത്തെയും ഉപയോഗപ്പെടുത്തി അവര്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിെര തിരിഞ്ഞു. അവരുടെ പിന്മുറക്കാരായ ചിലര്‍ ഇന്നും മലയാളത്തില്‍ അവശേഷിക്കുന്നുണ്ട്. അവരില്‍ പലരും സ്വന്തം ജീവിതം തന്നെ ജമാഅത്തിനെ പൊതുസമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള യത്‌നത്തിനായി മാറ്റിവെച്ച പോലെയുണ്ട്. എന്നാല്‍ അവരുടെ ശ്രമങ്ങള്‍ പാഴായി എന്നു മാത്രമല്ല, അവരെ അമ്പരിപ്പിക്കും വിധം സ്വീകാര്യത നേടി ജമാഅത്തെ ഇസ്‌ലാമി വിവിധ സാമൂഹിക തുറകളില്‍ സംയുക്ത പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ അനുദിനം മുന്നേറുകയാണ്.

അകത്തു നിന്നും പുറത്തു നിന്നുമുള്ള ശത്രുതയുടെ അടിസ്ഥാന കാരണമായ ആ രാഷ്ട്രീയം എന്താണ്?സാമുദായിക രാഷ്ട്രീയത്തോടും സെക്യുലര്‍ രാഷ്ട്രീയത്തോടുമുള്ള ജമാഅത്തിന്റെ നിലപാട് കാരണമായി ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള രാഷ്ട്രീയ വിദ്വേഷമാണ് അതുകൊണ്ട് ഉദ്ദേശിച്ചത്. സാമുദായിക രാഷ്ട്രീയത്തെ ജമാഅത്തെ ഇസ്‌ലാമി നേരത്തെ തന്നെ വിമര്‍ശിച്ചു പോന്നിട്ടുണ്ട്. അതുകൊണ്ട് സാമുദായികരാഷ്ട്രീയത്തിന്റെ വക്താക്കളും ഗുണഭോക്താക്കളുമായവര്‍ക്ക് ജമാഅത്തെ ഇസ്‌ലാമിയെ രാഷ്ട്രീയകാരണങ്ങളാല്‍ എതിര്‍ക്കേണ്ടിവരികയാണ്. ജമാഅത്തെ ഇസ്‌ലാമി രൂപവത്കരിക്കപ്പെടുന്നതു തന്നെ സാമുദായിക രാഷ്ട്രീയത്തിന് എതിരായിട്ടാണ്. ഇന്ത്യാ വിഭജനത്തിനു ശേഷവും ജമാഅത്തെ ഇസ്‌ലാമി പറഞ്ഞത്, സാമുദായികമായി രാജ്യം രൂപവത്കരിച്ചത് മുസ്‌ലിംസമൂഹത്തിന് സംഭവിച്ച അബദ്ധം തന്നെയാണ് എന്നാണ്. വിഭജനാനന്തരമുള്ള ഭാരതത്തില്‍ മുസ്‌ലിംകള്‍ക്ക് ആ അബദ്ധം പറ്റിക്കൂടാത്തതാണ്. സംഘടിക്കുന്നുവെങ്കില്‍ ഇസ്‌ലാമികാദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കുകയാണ് വേണ്ടത്; സാമുദായികമായല്ല സംഘടിക്കേണ്ടത്.


മത ധാര്‍മിക മൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ വരണമെന്ന് ആഗ്രഹിച്ച ഏറ്റവും പ്രഗത്ഭനായ നേതാവാണ് ഗാന്ധിജി. ഗാന്ധിജിയുടെ ആ ചിന്താധാരയല്ല ഇന്ത്യയില്‍ ഒരു രാജ്യം രൂപവത്കരിക്കപ്പെട്ടപ്പോള്‍ മുന്തി നിന്നത്. മറിച്ച്, നെഹ്‌റു പ്രതിനിധാനം ചെയ്യുന്ന, മതത്തിന് യാതൊരു പ്രാമുഖ്യവും സാമൂഹിക ജീവിതത്തില്‍ ഇല്ലാത്ത സംസ്‌കാരമാണ് ഇന്ത്യയില്‍ രൂപപ്പെട്ടുവന്നത്. ഈ നെഹ്‌റുവിയന്‍ ചിന്താഗതി മത-ധാര്‍മിക മൂല്യങ്ങളില്‍ ഊന്നിയ സാമൂഹിക പരിവര്‍ത്തനം എന്ന ജമാഅത്തിനെ പോലുള്ള സംഘടനകളുടെ കാഴ്ചപ്പാടിനെ നിരാകരിക്കുന്നതായിരുന്നു. ഈ രണ്ട് രാഷ്ട്രീയ ധാരകളും ജമാഅത്തെ ഇസ്‌ലാമിക്കെതിരായ സമീപനമാണ് തുടക്കം മുതലേ സ്വീകരിച്ചു പോന്നിട്ടുള്ളത്.

സാമുദായിക രാഷ്ട്രീയത്തോടുള്ള വിയോജിപ്പ് കാരണം സമുദായത്തിനകത്ത് വേരുകള്‍ നഷ്ടപ്പെട്ട സംഘടന തന്നെയല്ലേ ജമാഅത്തെ ഇസ്‌ലാമി?
അടുത്തിടെ സാമുദായിക നേതൃത്വം എന്നു വിളിക്കപ്പെടുന്നവര്‍ സംഘടനയെ ഒറ്റപ്പെടുത്താന്‍ പരസ്യമായി തീരുമാനിക്കുക പോലുമുണ്ടായി.


ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ തലത്തില്‍ തന്നെ മുസ്‌ലിം സമുദായം ഒരുമിച്ച് ചേരുന്ന എല്ലാ പൊതുവേദികളിലും നിര്‍ണായക സ്ഥാനത്തുള്ള സംഘടനയാണ്. പലതിലും നേതൃപരമായ പങ്ക് തന്നെ അതിനുണ്ട്. മുസ്‌ലിം മജ്‌ലിസെ മുശാവറ ഉണ്ടായപ്പോള്‍ അതിന് നേതൃപരമായ പങ്ക് വഹിച്ചത് ജമാഅത്തെ ഇസ്‌ലാമിയാണ്. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ രൂപവത്കരണത്തിലും ജമാഅത്തിന് നിര്‍ണായക പങ്കുണ്ടായിരുന്നു. ബാബരി മസ്ജിദ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ പോലുള്ളവയുടെ രൂപവത്കരണത്തിലും വലിയ പങ്ക് വഹിച്ചു. മാത്രമല്ല, മുന്‍കാലങ്ങളെ അപേക്ഷിച്ച്, യാഥാസ്ഥിതികര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന വിഭാഗങ്ങളിലേക്ക് വരെ കയറിച്ചെല്ലാനും അവരോട് സൗഹൃദം പുലര്‍ത്താനും അവര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളില്‍ വരെ മധ്യസ്ഥം വഹിക്കാനുമുള്ള ശേഷി ദേശീയാടിസ്ഥാനത്തില്‍ ജമാഅത്തെ ഇസ്‌ലാമി നേടിയെടുത്തിട്ടുണ്ട് (ഉദാ: ജംഇയ്യത്തുല്‍ ഉലമയിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, ദയൂബന്ദ് ദാറുല്‍ ഉലൂമുമായുള്ള പുതിയ ബന്ധങ്ങള്‍).


കേരളത്തിലേക്ക് വരുമ്പോഴും ഇതേ പൈതൃകം തന്നെയാണ് ജമാഅത്ത് കാത്തുസൂക്ഷിക്കുന്നത്. മുസ്‌ലിം സൗഹൃദവേദിയുടെ രൂപവത്കരണത്തിലും നടത്തിപ്പിലും ജമാഅത്തിന് നിര്‍ണായക പങ്കുണ്ടായിട്ടുണ്ട്. പഴയ മുസ്‌ലിം സൗഹൃദവേദി സ്തംഭിച്ചു പോകുന്നതു വരെ ജമാഅത്ത് അതുമായി സഹകരിക്കുകയുണ്ടായി. പൊതുവായ മുസ്‌ലിം ഐക്യത്തേക്കാള്‍ തങ്ങള്‍ക്ക് താല്‍പര്യം സുന്നി ഐക്യമാണെന്ന് പറഞ്ഞ് അതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു സമസ്തയുടെ ആളുകള്‍. പക്ഷേ, അപ്പോഴും പ്രശ്‌നാധിഷ്ഠിതമായി സൗഹൃദസംഘങ്ങള്‍ ഉണ്ടാക്കാമെന്നതില്‍ അവരടക്കമുള്ള വിഭാഗങ്ങള്‍ക്ക് യോജിപ്പുണ്ട്. ഈ രണ്ട് രീതിയിലുമുള്ള ഐക്യശ്രമങ്ങളിലും ജമാഅത്തെ ഇസ്‌ലാമി പങ്കുകൊണ്ടിട്ടുണ്ട്. സൗഹൃദവേദി സ്തംഭിച്ചു പോയതിലോ അതിന്റെ നൈരന്തര്യം ഇല്ലാതെ പോയതിലോ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കില്ലെന്ന് മാത്രമല്ല, ആ കൂട്ടായ്മ നിശ്ചലമായതില്‍ സംഘടന അതിയായി ദുഃഖിക്കുകയും ചെയ്യുന്നു. വിവാഹ രജിസ്‌ട്രേഷന്‍ വിവാദം, സ്‌കൂളിന്റെ സമയമാറ്റം, പാഠപുസ്തക വിവാദം തുടങ്ങിയ പ്രശ്‌നങ്ങളിലൊക്കെ സമുദായതാല്‍പര്യത്തിനൊത്താണ് ജമാഅത്ത് നിലകൊണ്ടത്. പിന്നീട് മുസ്‌ലിം സംഘടനകള്‍ യോഗം ചേര്‍ന്ന് ജമാഅത്തെ ഇസ്‌ലാമിയെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു എന്നത് തികച്ചും രാഷ്ട്രീയമായ ഒരു വ്യായാമമായേ കാണേണ്ടതുള്ളൂ. അതിന് നേതൃത്വം നല്‍കിയ മുസ്‌ലിം ലീഗുപോലും പിന്നീടതില്‍ ആത്മാര്‍ഥത കാണിച്ചിട്ടില്ല. കാരണം, അതിനുശേഷമുണ്ടായ സംരംഭങ്ങള്‍ അതിനു തെളിവാണ്. നോമ്പിന്റെയും പെരുന്നാളിന്റെയും ഏകീകരണ വിഷയത്തിലുണ്ടായ  ചുവടുവെപ്പുകള്‍, പെരുന്നാള്‍ അവധിയുമായി ബന്ധപ്പെട്ട് നടത്തിയ നീക്കങ്ങള്‍ തുടങ്ങിയവയിലൊക്കെ ഉണ്ടായത് കൂട്ടായ പരിശ്രമങ്ങളാണ്. ഇഫ്ത്വാര്‍ സംഗമങ്ങളില്‍ മുസ്‌ലിംലീഗും ജമാഅത്തെ ഇസ്‌ലാമിയും പരസ്പരം ക്ഷണിക്കുകയും ക്ഷണിക്കപ്പെടുകയും ചെയ്തിരുന്നു. നിങ്ങള്‍ സൂചിപ്പിച്ച ബഹിഷ്‌കരണം എന്നു പറയുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും സന്ദര്‍ഭത്തിലെ ഒരു രാഷ്ട്രീയ വ്യായാമം മാത്രമാണ്. അതിനെ അത്രമാത്രമായേ അതിന് നേതൃത്വം കൊടുത്തവരും മുസ്‌ലിം സമുദായവും ജമാഅത്തെ ഇസ്‌ലാമിയും കണക്കാക്കുന്നുള്ളൂ. അത്തരം സന്ദര്‍ഭങ്ങളെ അതിജീവിച്ച് സമൂഹം എത്രയോ മുന്നോട്ടുപോയിരിക്കുന്നു. ഇനിയും അത്തരം രാഷ്ട്രീയ അഭ്യാസങ്ങള്‍ ചിലപ്പോള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കും. ആ നിലവാരത്തിലേ അതിനെ കാണേണ്ടതുള്ളൂ എന്നതാണ് ശരി.

ജമാഅത്തെ ഇസ്‌ലാമിക്ക് രാഷ്ട്രീയമുണ്ട്. സാമുദായിക രാഷട്രീയമല്ല താനും. ഏതു ജനവിഭാഗത്തെയാണ് സംഘടനയുടെ രാഷ്ട്രീയം പ്രതിനിധീകരിക്കുന്നത്?

ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു രാഷ്ട്രീയമുണ്ട്. മതവിഭാഗങ്ങളില്‍ നിന്നും മതേതര വിഭാഗങ്ങളില്‍ നിന്നും ജമാഅത്തെ ഇസ്‌ലാമി അതിന്റെ തുടക്കം മുതല്‍ ഏറ്റുവാങ്ങിയ ഒരു വിമര്‍ശനമാണ്, പ്രത്യക്ഷത്തില്‍ ഒരു മതപ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിക്ക് സ്വന്തമായി ഒരു രാഷ്ട്രീയം ഉണ്ടെന്നത്. ഈ രാഷ്ട്രീയം തുടക്കം മുതലേ ഉണ്ടായിരുന്നുവെന്ന് ജമാഅത്തിനും അറിയാം, മറ്റുള്ളവര്‍ക്കും അതറിയാം. അത് വിമര്‍ശനത്തിന്റെ ഒരു പ്രത്യേക മുഖവും ആയിരുന്നിട്ടുണ്ട്. രാഷ്ട്രീയ കക്ഷികളും മതകക്ഷികളും, ജമാഅത്തെ ഇസ്‌ലാമി  സ്വന്തമായ ആ രാഷ്ട്രീയത്തില്‍ നിന്നുകൊണ്ട് കാല്‍വെപ്പുകള്‍ നടത്തുമ്പോള്‍ ആ രാഷ്ട്രീയത്തെ വിമര്‍ശിച്ചുകൊണ്ടിരുന്നിട്ടുമുണ്ട്. ഒരോ കാല്‍വെപ്പ് നടത്തുമ്പോഴും ‘ജമാഅത്ത് ഇതാ രാഷ്ട്രീയത്തിലേക്ക് വരുന്നു എന്നു മുറവിളി കൂട്ടും. ഇതില്‍ വലിയൊരു വൈരുധ്യമുണ്ട്. രൂപവത്കരണ സമയത്ത് തന്നെ ജമാഅത്തെ ഇസ്‌ലാമിക്കെതിരായ ആരോപണം ഇവര്‍ മതത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് രാഷ്ട്രീയം പറയുന്നു എന്നായിരുന്നു. അഥവാ ഇവര്‍ക്ക് ഒരു രാഷ്ട്രീയം ഉണ്ട് എന്ന കാര്യം ഈ വിഭാഗങ്ങളെല്ലാം അംഗീകരിക്കുന്നു. പക്ഷേ, രാഷ്ട്രീയ രംഗത്ത് വോട്ട് ചെയ്യാതിരുന്നപ്പോഴും വോട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോഴും വ്യക്തികള്‍ക്ക് വോട്ടു ചെയ്തപ്പോഴും കക്ഷികള്‍ക്ക് വോട്ടു ചെയ്തപ്പോഴും മൂല്യം പരിഗണിച്ച് വോട്ടു ചെയ്തപ്പോഴും ഫാഷിസ്റ്റു വിരുദ്ധത മുന്നില്‍ വെച്ച് വോട്ടു ചെയ്തപ്പോഴും സാമ്രാജ്യത്വ വിരുദ്ധത മുന്നില്‍ വെച്ച് വോട്ടുചെയ്തപ്പോഴും ഒക്കെ രാഷ്ട്രീയത്തിലേക്ക് വരുന്നേ എന്ന പല്ലവി അവര്‍ ആവര്‍ത്തിക്കുന്നു. രാഷ്ട്രീയം ഉണ്ട് എന്നത് അവര്‍ നേരത്തെ ആരോപിച്ചതും അംഗീകരിച്ചതും തന്നെയല്ലേ. പിന്നെ എന്തിന് ഈ പുകിലുകളൊക്കെ. ഈ വൈരുധ്യം വിമര്‍ശകരുടെ വലിയ ഒരു ദൗര്‍ബല്യമാണ്. ആ വൈരുധ്യം തുറന്ന് കാട്ടപ്പെടേണ്ടതുമാണ്.എക്കാലത്തും ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയം മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് അതില്‍ സവിശേഷമായ സ്ഥാനമുണ്ട്. ഇന്ത്യയില്‍ അവകാശം നിഷേധിക്കപ്പെട്ട സമൂഹങ്ങള്‍ എന്ന നിര്‍വചനത്തില്‍ വരുന്നത് ന്യൂനപക്ഷങ്ങളും അധഃസ്ഥിത പിന്നാക്ക ജനവിഭാഗങ്ങളുമാണ്. മുസ്‌ലിം ജനവിഭാഗങ്ങളും ദലിതരും ഗോത്രവര്‍ഗങ്ങളും അതില്‍ ഉള്‍പെടുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയത്തിന്റെ സാമൂഹിക അടിത്തറ എന്നു പറയാവുന്നത് മുഖ്യമായും ഈ അവകാശം നിഷേധിക്കപ്പെട്ട ജനവിഭാഗങ്ങള്‍ ആണ്. ഈ സാമൂഹികാടിത്തറക്ക് നിര്‍ണിതമായ താത്ത്വിക മാനങ്ങളും ഉണ്ട്. ആ തത്ത്വങ്ങളില്‍ ഒന്നാമത് വരുന്നത് സാമൂഹികനീതിയാണ്. സാമൂഹിക നീതി പുലരുമ്പോള്‍ അത് ജമാഅത്തെ ഇസ്‌ലാമിയുടെ സാമൂഹിക അടിത്തറകളില്‍ ഒന്നായ പിന്നാക്ക ജനവിഭാഗത്തിന് ഗുണകരമായാണ് കലാശിക്കുക. രണ്ടാമത്തെ തത്ത്വം, അഴിമതി വിരുദ്ധതയാണ്. അങ്ങനെയാണ് സാമൂഹിക നീതി, അഴിമതി വിരുദ്ധത, ജനക്ഷേമം എന്നീ മൂന്ന് തലങ്ങളില്‍ സംഘടനയുടെ രാഷ്ട്രീയ ഊന്നലുകള്‍ വരുന്നത്. ഈ വിഭാഗങ്ങളെ മാത്രം സംഘടിപ്പിച്ചു കൊണ്ടല്ല, മറിച്ച് ഈ വിഭാഗങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ മൊത്തം ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ അന്തരീക്ഷം മാറ്റാനാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.  


സംഘടനയുടെ രാഷ്ട്രീയത്തിന്റെ മുഖ്യമായ സാമൂഹികാടിത്തറ കീഴാള ന്യൂനപക്ഷ വിഭാഗത്തിന്റെ രാഷ്ട്രീയമാണല്ലോ. അതേസമയം ഇക്കൂട്ടരാകട്ടെ പൊതുവെ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരുമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം പലപ്പോഴും ഇടതുപക്ഷത്തെ പിന്തുണക്കുന്നതായിരുന്നു. ഈ വൈരുധ്യത്തെ പ്രസ്ഥാനം എങ്ങനെയാണ് നോക്കിക്കാണുന്നത്?അത് ശരിയായ വിലയിരുത്തലാണെന്ന് തോന്നുന്നില്ല. ഇടതുപക്ഷ വിരുദ്ധത ന്യൂനപക്ഷങ്ങളിലുണ്ടായിത്തീരുന്നത് അവര്‍ ന്യൂനപക്ഷങ്ങളാണ് എന്ന കാരണത്താലല്ല. മറിച്ച് അവര്‍ മത- ജാതി സ്വത്വമുള്ളവരാണ് എന്നത് കൊണ്ടും കമ്യൂണിസ്റ്റുകാര്‍ മതനിഷേധികളും ജാതിസ്വത്വത്തെ അംഗീകരിക്കാത്തവരുമാണ് എന്നതു കൊണ്ടുമാണ്. പക്ഷേ, ഇടതുപക്ഷത്തിന് അനുകൂലമായ സമീപനം  സമീപകാലങ്ങളില്‍  ചില ഘട്ടങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സ്വീകരിക്കേണ്ടിവന്നത് ഈ അവകാശം നിഷേധിക്കപ്പെട്ടവരുടെ താല്‍പര്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് തന്നെയാണ്. സാമ്രാജ്യത്വത്തിന്റെ വഴികളായ ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും കാരണമായി ജീവിതമാര്‍ഗങ്ങള്‍ നിഷേധിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക്, ഏറ്റവും ദരിദ്രരായ വിഭാഗങ്ങള്‍ക്ക് അനുകൂലമായ താല്‍ക്കാലിക നിലപാടുകള്‍ എടുക്കുന്നതിന്റെ ഭാഗമായിരുന്നു അത്. അതുപോലെ തന്നെ ഫാഷിസം ശക്തിപ്പെടുന്നത് ന്യൂനപക്ഷ മതവിഭാഗങ്ങളെ മതവിഭാഗങ്ങള്‍ എന്ന നിലയില്‍ തന്നെ അപകടത്തിലാക്കും. ഫാഷിസത്തോട് ശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടതുപക്ഷത്തെ അനുകൂലിക്കുന്ന സമീപനം സംഘടന കൈകൊണ്ടത്. പക്ഷേ, ഇത് എക്കാലത്തേക്കുമുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു സമീപനം ആവുകയില്ല.


ഇടതുപക്ഷത്തെ കുറിച്ച് തന്നെ. ദേശീയ രാഷ്ട്രീയത്തില്‍(ബംഗാള്‍, കേരളം) ഇടതിന് സമീപകാലത്തുണ്ടായ തിരിച്ചടിയുടെ കാരണമായി സി.പി.എം തന്നെ വിലയിരുത്തുന്നത്, അത് മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളോട് സ്വീകരിച്ച  നിലപാടിന്റെ കൂടി പരാജയമാണെന്നാണ്. മുസ്‌ലിം സമുദായത്തോടുള്ള  ഇടതുപക്ഷത്തിന്റെ സമീപനത്തെ കുറിച്ച് ഇടതുപക്ഷത്തോട് പറയാനുള്ളത് എന്താണ്?മുസ്‌ലിം സമുദായത്തോടുള്ള നിലപാട് ദേശീയ രാഷ്ട്രീയ ചരിത്രത്തില്‍ എന്നും നിര്‍ണായകമായിട്ടുണ്ട്. മുസ്‌ലിം സമുദായത്തെ എപ്പോഴൊക്കെ പിണക്കിയിട്ടുണ്ടോ അപ്പോഴൊക്കെ കോണ്‍ഗ്രസും തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. അപ്പോള്‍ അത് ഇടതിന്റെ മാത്രമല്ല, കോണ്‍ഗ്രസ്സിന്റെയും ആകുലതയാണ്. ഉദാഹരണമായി, അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി തുടങ്ങിയ നേതാക്കള്‍ അടക്കം കോണ്‍ഗ്രസ് പാര്‍ട്ടി ദയനീയമായി പരാജയം നേരിട്ടു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നും കോണ്‍ഗ്രസിന് വമ്പിച്ച തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്. അതിനര്‍ഥം, മുസ്‌ലിം സമൂഹം ഒത്തൊരുമിച്ച് കോണ്‍ഗ്രസിനെതിരായ സമീപനം സ്വീകരിച്ചാല്‍ തങ്ങള്‍ക്ക് പരാജയം നേരിടേണ്ടിവരും എന്ന ആകുലത ഇടതിനെപോലെ കോണ്‍ഗ്രസിനെയും പിടികൂടുന്നുണ്ട് എന്നാണ്. 


കമ്യൂണിസ്റ്റ് പാര്‍ട്ടി ആഗ്രഹിക്കുന്നത് മുസ്‌ലിം സമൂഹത്തെ ഇസ്‌ലാമില്‍ നിന്ന് അടര്‍ത്തിയെടുത്ത് പാര്‍ട്ടിയുടെ പക്ഷക്കാരാക്കാം എന്നാണ്. അതായത് മുസ്‌ലിം സമുദായത്തിനകത്തെ ഏതെങ്കിലും മതവിഭാഗങ്ങളുടെയോ രാഷ്ട്രീയ വിഭാഗങ്ങളുടെയോ ഏജന്‍സിയില്ലാതെ നേര്‍ക്കുനേരെ മുസ്‌ലിം സമുദായത്തിലേക്ക് ഇറങ്ങിച്ചെന്ന് ആശയ പ്രചാരണം കൊണ്ട് അവരെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് അവര്‍ വിചാരിക്കുന്നു. അത് കാലോചിതമല്ലാത്ത ഒരു സമീപനമാണ്. അത് വിജയിക്കാന്‍ പോകുന്നില്ല. അതിന് കാരണം, ~ഒരു വിമോചക പാര്‍ട്ടി എന്ന ആകര്‍ഷണീയത കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നഷ്ടമായിട്ടുണ്ട് എന്നത് മാത്രമല്ല, ഇസ്‌ലാമിന്റെ വിമോചനശേഷിയെ കുറിച്ച സാക്ഷരത സമുദായത്തിനകത്ത് വ്യാപകമാവുകയും മുല്ലപ്പൂ വിപ്ലവങ്ങള്‍ അതിനെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് കൂടിയാണ്. അതിനാല്‍ തന്നെ ഇസ്‌ലാമില്‍ നിന്ന് മുസ്‌ലിംകളെ അകറ്റാന്‍ ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അത് തികഞ്ഞ മൗഢ്യമാണ്. ഒരു ബദല്‍ രാഷ്ട്രീയത്തിന്റെ പിന്തുണ മുസ്‌ലിം സമുദായത്തില്‍ നിന്ന് ആര്‍ജിക്കണമെങ്കില്‍  ദൃഢതയുള്ള മതസമൂഹം എന്ന നിലക്കും വൈവിധ്യങ്ങളുടെ കൂട്ടായ്മ എന്ന നിലക്കും അവരോട് തുറന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കേണ്ടതുണ്ട്. ഇടതിന് മുസ്‌ലിം സമൂഹത്തിന്റെ പിന്തുണയല്ല, സഹകരണമാണ് കിട്ടുന്നത് എന്ന് അവര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.


പ്രായോഗിക രാഷ്ട്രീയത്തിലെ ജമാഅത്തിന്റെ നിലപാടിനെ കുറിച്ച് പറയുമ്പോള്‍ വളരെ വ്യത്യസ്തമായ ഒരു ഘട്ടമാണല്ലോ ഇത്. ജമാഅത്തിന്റെ അറിവോടും ആശീര്‍വാദത്തോടും കൂടി ഒരു രാഷ്ട്രീയ കൂട്ടായ്മ രൂപപ്പെട്ടുവരികയാണല്ലോ. ഇനിയെന്താണ് ജമാഅത്തിന്റെ രാഷ്ട്രീയം?
ജമാഅത്ത് തുടക്കം മുതലേ രാഷ്ട്രീയ നിലപാട് പ്രകടിപ്പിച്ച സംഘടനയാണ്. പ്രായോഗിക രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കല്‍ ആ നിലപാടിന്റെ ഒരു രൂപമാണ്. പില്‍ക്കാലത്ത് വോട്ടു ചെയ്യുക എന്ന നിലക്കുള്ള പങ്കാളിത്തത്തിന്റെ നയം അത് സ്വീകരിക്കുകയുണ്ടായത് രാഷ്ട്രീയ നിലപാടിന്റെ മറ്റൊരു രൂപമാണ്. വോട്ടിന്റെ കാര്യത്തില്‍ നിരുപാധികമായ സ്വാതന്ത്ര്യം അണികള്‍ക്ക് നല്‍കുന്നതിന് പകരം കൂട്ടായ രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയ പ്രക്രിയയില്‍ ഇടപെടലുകള്‍ നടത്തുകയാണ് ജമാഅത്ത് ചെയ്തത്. ആ രാഷ്ട്രീയ ഇടപെടലിന്റെ തന്നെ തുടര്‍ച്ചയാണ് ജമാഅത്തിന്റെ സഹകരണത്തോടെയും പിന്‍ബലത്തോടെയും സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍. ജമാഅത്ത് ആഗ്രഹിക്കുന്ന ജനക്ഷേമപരവും അഴിമതിരഹിതവും നീതിയുക്തവുമായ രാഷ്ട്രീയ സംഘാടനം അതുവഴി സാധിക്കുമെന്ന് ജമാഅത്ത് പ്രതീക്ഷിക്കുന്നു. ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള കടുത്ത ഒരു തീരുമാനമൊന്നുമല്ല ഇത്; മറിച്ച് ജമാഅത്തിന്റെ പരമ്പരാഗത രാഷ്ട്രീയ ഇടപെടലിന്റെ തന്നെ വികാസം മാത്രമാണ്. ജമാഅത്തിന്റെ അണികളും അഭ്യുദയകാംക്ഷികളുമടങ്ങുന്ന മനുഷ്യവിഭവം സമാന ചിന്താഗതിക്കാരായ സാമൂഹിക വിഭാഗങ്ങളുമായി ഒരുമിച്ച് നിന്നു കൊണ്ട് നടത്തുന്ന മുന്നേറ്റം എന്ന വ്യത്യാസം മാത്രമാണ് അതിനുള്ളത്.

 

(തുടരും)

 
Design by CKLatheef | Bloggerized by CKLatheef | CK