'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജൂൺ 30, 2010

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ ഭൂമിക

ജമാഅത്തെ ഇസ്‌ലാമിയുടെത് സ്വത്വരാഷ്ട്രീയമോ? എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം.
തന്മയുടെ രാഷ്ട്രീയം (സ്വത്വരാഷ്ടീയം)

പറഞ്ഞുവന്നത് സ്വത്വം, തന്മ, അനന്യത എന്നീ പേരുകളില്‍ മലയാളത്തില്‍ വ്യവഹരിക്കപ്പെടുന്ന Identity കേന്ദ്രീകരിച്ച് വികസിക്കുന്ന രാഷ്ട്രീയ സമീപനത്തിന്റെ പിറവിയില്‍ സാംസ്‌കാരിക തനിമകളെ അവഗണിച്ച് വര്‍ഗരാഷ്ട്രീയത്തിന് മുഖ്യസ്ഥാനം നല്‍കിയ സംഘടനകള്‍ക്കുള്ള പങ്കിനെക്കുറിച്ചാണ്. എന്തിന്റെ പേരിലാണോ ഒരു വിഭാഗം അവഗണിക്കപ്പെടുകയോ മാറ്റിവെക്കപ്പെടുകയോ നിന്ദിക്കപ്പെടുകയോ അപകൃഷ്ടരായി മുദ്രകുത്തപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നത് അതിന്റെ അടിസ്ഥാനത്തില്‍തന്നെ അംഗീകാരത്തിനുവേണ്ടി വാദിച്ചുകൊണ്ടാണ് സംസ്‌കാര രാഷ്ട്രീയം (Cultural Politics) സ്വത്വരാഷ്ട്രീയമായി (Identity Politics) പരിണമിക്കുന്നത് എന്ന് കാണാന്‍ പ്രയാസമില്ല. ജമാഅത്തെ ഇസ്‌ലാമി  നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നത് ഈ സ്വത്വരാഷ്ട്രീയത്തിന്റെ ഭൂമികയിലാണ് എന്നത് ഇസ്‌ലാമിനെ കേവലം ഒരു മതമായി കാണുന്നവരുടെ ഊഹം മാത്രമാണ്. യാഥാര്‍ഥ്യവുമായി അതിന് ഒരു ബന്ധവുമില്ല.

സ്വത്വരാഷ്ട്രീയമെന്ന മതേതരപരിഹാരം

മുസ്‌ലിം സ്വത്വപ്രതിസന്ധിക്ക് മതേതരമണ്ഡലത്തിലെ പരിഹാരം കൂടിയായിട്ടാണ് സ്വത്വവാദ രാഷ്ട്രീയം പ്രാബല്യം നേടുന്നത്. സമുദായത്തിനകത്തും ഈ സമീപനത്തിന് വലിയ അളവില്‍ സമ്മതി ലഭിച്ചു. കൊളോണിയല്‍ ആധുനികതയും സവര്‍ണ ദേശീയതയും ഏല്‍പിച്ച ആഘാതങ്ങളെക്കുറിച്ച വിശകലനങ്ങള്‍ ചിലതിരിച്ചറിവുകള്‍ക്കിടയാക്കി എന്ന കാര്യം പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. കൊളോണിയലിസത്തോട് പ്രതിരോധം തീര്‍ത്ത ദേശീയത പക്ഷേ അതിനകത്തെ മുസ്ലിംകള്‍ ദലിതുകള്‍ തുടങ്ങിയ വിഭാഗങ്ങളോട് നീതിപുലര്‍ത്തിയില്ല എന്ന ചരിത്രബോധ്യത്തില്‍നിന്നാണ് ഇത് ഊര്‍ജം സ്വീകരിച്ചത്. കീഴാള പഠനങ്ങളുടെ (Subaltern Studies) ധൈഷണിക പിന്‍ബലം ഇങ്ങനെയും ഒരു ലോകബോധം സാധ്യമാണ് എന്നതിലേക്ക് ഇത്തരം വിഭാഗങ്ങളെ നയിച്ചു.

'80-കളില്‍ നവ ഇടുതപക്ഷത്തിന്റെ തകര്‍ച്ചയില്‍ 'നിരാശരായ' വിഭാഗങ്ങളാണ് സ്വത്വവാദത്തെ വികസിപ്പിക്കാന്‍ ശ്രമിച്ചത്. ഇടതുപക്ഷത്തിന്റെ ഒരു വിഭാഗം ഇതിന്റെ പ്രചാരകരായി മാറിയത് നാം കണ്ടു. സാമ്രാജ്യത്വ അധിനിവേശത്തിനും സവര്‍ണ ഫാസിസത്തിനും എതിരെ ഒരു സമരരൂപം എന്ന നിലയില്‍ മുസ്‌ലിംകളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സാംസാകാരിക തനിമകളിലൂന്നി പ്രതിരോധം തീര്‍ക്കണം എന്നാണ് ഇതിലെ പ്രധാന വാദഗതി. 'ഇരകളുടെ ഐക്യം' എന്ന ആശയം ഇതിന് സമാനമായി ഉയര്‍ന്ന് വന്നു. മുസ്ലിംകളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഇരകളായി പരികല്‍പന ചെയ്ത് മാര്‍കിസ്റ്റ് സാസ്‌കാരിക നായകനായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് മുന്നോട്ടുവെച്ച നീരീക്ഷണങ്ങള്‍ ഇടതുപക്ഷത്തിനിടയില്‍തന്നെ സംവാദങ്ങള്‍ക്ക് വഴിവെച്ചു.

ഇതിനെ കാര്യമായി ചെറുത്തതവരുടെ പരാതി, ന്യൂനപക്ഷതീവ്രവാദത്തിനോടും വര്‍ഗീയതയോടും മൃദുസമീപനം സ്വീകരിക്കാന്‍ ഈ 'ഇരവാദം' കാരണമാകും എന്നതായിരുന്നു. ആഗോളവത്കരണത്തിനെതിരായ പ്രതിരോധങ്ങളെ സ്വയം ദുര്‍ബലപ്പെടുത്താന്‍ ഇത്തരം ശിഥിലീകൃത സ്വത്വബോധം കാരണമാകും എന്നവാദവും ന്യയമായി കരുതപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച്, ആറെസ്സെനോടും എന്‍.ഡി.എഫിനോടും അതിനെ സമീകരിക്കുന്ന അള്‍ട്രാസെക്യൂലരിസ്റ്റുകളായ ഹമീദാദികള്‍ തന്നെയാണ് ഇതിന് മുന്‍പന്തിയില്‍ നിന്നത്. അവരുടെ അവിരാമമായ ശ്രമഫലമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെത് സ്വത്വരാഷ്ട്രീയമാണ് എന്ന ധാരണ ശക്തിപ്പെടാന്‍ ഇടയാക്കിയത്.

മറ്റൊരു കാരണം, മാര്‍കിസ്റ്റ് ചിന്തകനായ ഫ്രെഡറിക്ക് ജെയിംസണ്‍ അഭിപ്രായമനുസരിച്ച് മാര്‍ക്കിസ്റ്റുകാരില്‍ രൂപപ്പെട്ട തെറ്റായ ഒരു ധാരണയില്‍നിന്നാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ. 'രാഷ്ട്രീയമായ പ്രതിരോധത്തിന്റെ ഏതൊരു മതാത്മക രൂപവും സമൂര്‍ത്തമായ ശക്കി കൈവരിക്കുന്നത് യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്ന സമുദായത്തിലുള്ള അതിന്റെ വേരുകളില്‍നിന്നാണ്. അല്ലാതെ അതിന്റെ വിശ്വാസവ്യവസ്ഥകളില്‍നിന്നല്ല.' മതത്തെ കേവലം ആചാരാനുഷ്ഠാനങ്ങളുടെ നാട്ടുപാരമ്പര്യമായി കാണുന്ന മതവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ശരിയാണ്. അതില്‍ മുസ്‌ലിം വിഭാഗങ്ങളും ഉള്‍പ്പെടും. അത്തരത്തില്‍ സ്വത്വരാഷ്ട്രീയത്തോട് കുറെയേറെ ആഭിമുഖ്യം പുലര്‍ത്തിയത് 'മതയാഥാസ്ഥിതികര്‍' എന്ന് ഗണിക്കപ്പെടാറുള്ള സുന്നിസംഘടനകളാണ്. ഒരര്‍ഥത്തില്‍ മുസ്ലിം സാമുദായിക സംഘടനകളെയും ആ വിഭാഗത്തില്‍ പെടുത്താം. മിക്കപ്പോഴും ഇതര മുസ്‌ലിം സംഘനകള്‍ അത്തരം സാമുദായിക സംഘടനകളുടെ വാലായി പ്രവര്‍ത്തിക്കുന്നു. ഇവര്‍ പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിനെയാണ് 'കള്‍ചറല്‍ ഇസ്‌ലാം' എന്ന് ഓമനപേരുനല്‍കി ആദരിക്കുന്നത്. അവരെ രാഷ്ട്രീയ ഇസ്‌ലാമെന്ന് പേര് നിര്‍ത്തി മാറ്റിനിര്‍ത്തപ്പെട്ട സംഘങ്ങള്‍ക്കെതിരെ ഇടതുപക്ഷം അണിനിരത്തുകയാണ്. യഥാര്‍ഥ മുസ്ലിം സ്വത്വരാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നവരെയാണ് ഇടതുപക്ഷം അല്‍പമെങ്കിലും താലോലിക്കുന്നത്. അതില്‍ മുഖ്യം സുന്നികളിലെ എ.പി. വിഭാഗവും.

സമഗ്രജീവിതദര്‍ശനമെന്ന നിലയില്‍ രാഷ്ട്രീയവശത്തിനുകൂടി പ്രാധാന്യം നല്‍കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തെ 'മതമൗലികവാദികള്‍' എന്ന ശകാരപ്പേരു ചൊല്ലിവിളിക്കുന്ന ഇടതുസാസ്‌കാരികവൃന്ദം കല്‍പിച്ചരുളിയ മറ്റൊരു അടിസ്ഥാന രഹിഹതവും ഒട്ടും വസ്തുനിഷ്ഠമല്ലാത്തതുമായ ആരോപണമാണ് ജമാഅത്ത് സ്വത്വരാഷ്ട്രീയത്തിന് വേണ്ടി നിലനില്‍ക്കുന്നുവെന്നത്. ഇതിലൂടെ ജമാഅത്തിന്റെ ലക്ഷ്യത്തെ കുറച്ചുകാണിക്കാനും ജനങ്ങള്‍ക്കിടയില്‍ കേവല സാമുദായിക സംഘനടയാക്കി നിസ്സാരവല്‍ക്കരിക്കാനും കഴിയും എന്നവര്‍ കണക്കുകൂട്ടുന്നു. ഇതര മതസംഘടനകളാകട്ടെ ഇടതുപക്ഷം വകവെച്ചുകൊടുക്കുന്ന 'മതേതര ശിതളച്ഛായ'യില്‍ മതിമറന്ന് ഇടതുപക്ഷ കളത്തിലെ കരുക്കാളായി മാറുകയും ചെയ്യുന്നു. ജമാഅത്തെ ഇസ്‌ലാമിക്ക് ചെക്ക് പറയാന്‍ ഇത്തരം കരുക്കളെ ഇടതുപക്ഷം ഉപയോഗിക്കുന്നു. ഇയ്യിടെ ഒരാഴ്ചയായി ദേശാഭിമാനിയില്‍ വരുന്ന ലേഖനങ്ങള്‍ ഇതിന് ഏറ്റവും അടുത്ത ഉദാഹരണമാണ്. ബ്ലോഗിലൂടെ നടന്നുകൊണ്ടിരിക്കുന്ന ജമാഅത്ത് വിമര്‍ശനത്തിലും ദുര്‍ബലമായ ഈ കരുക്കളെ കാണാന്‍ കഴിയും.

സ്വത്വരാഷ്ട്രീയത്തോടുള്ള ജമാഅത്ത കാഴ്ചപ്പാട്

ഇസ്‌ലാമിക പ്രസ്ഥാനത്തിന് കോളനിയാന്തര ഘട്ടത്തിലെ തന്ത്രപരമായ ഒരു നിലപാട് (Strategic Position) എന്ന നിലക്കുമാത്രമേ ഇത്തരം സ്വത്വബഹളങ്ങളെ കാണാന്‍ കഴിയൂ. അല്ലാതെ അവയെ രാഷ്ട്രീയ പ്രയോഗത്തിന്റെ സ്ഥായിയായ രീതിശാസ്ത്രമാക്കുന്നതില്‍ ഒരു പ്രസക്തിയും അത് കാണുന്നില്ല. വിവിധസ്വത്വങ്ങള്‍ക്ക് കര്‍തൃത്വപദവി (Subject) ലഭിക്കുന്നതുവരെ മാത്രമേ പരമാവധി ഈ രൂപത്തിലുള്ള വ്യവഹാരങ്ങള്‍ മുന്നോട്ടുപോകൂ. അതിലപ്പുറം പോകുന്നതോടെ എന്തിനെയാണോ ഇപ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് അതേ പോലെ മര്‍ദകവിഭാഗമായി സാംസ്‌കാരിക സ്വത്വങ്ങളും മാറുകയാകും ഫലം. ദലിത് വാദത്തിന്റെ പരിണാമങ്ങള്‍ ഇത് ബോധ്യപ്പെടുത്തുന്നുണ്ട്. മുസ്ലിം സ്വത്വവാദവും അതില്‍നിന്ന് ഭിന്നമല്ല. ഒരു പരിധി കഴിയുമ്പോള്‍ പ്രതിലോമകരമായ കേവല സാമുദായികതയിലേക്ക് ഒരു വാതില്‍ അവിടെയും തുറന്നുകിടപ്പുണ്ട്. സ്വത്വവാദികള്‍ക്ക് തങ്ങളോടല്ലാതെ മറ്റാരോടും പ്രതിപത്തിയില്ല എന്നതാണ് ഇത്തരത്തിലേക്കൊരു പരിണാമത്തിലേക്ക് അതിനെ എത്തിക്കുന്നത്. മറിച്ച് ഇസ്‌ലാമിക രാഷ്ട്രീയം, അത് വേറെയാണ്. അത് സകല ജനസമുഹങ്ങളെയും ഉള്‍കൊള്ളുന്നതും അവയുടെ അസ്തിത്വം അംഗീകരിക്കുന്നതുമാണ്. മറിച്ചുള്ള വാദങ്ങള്‍ സ്വത്വവാദികളുടേതാണ്. അവയെ മുഖവിലക്കെടുക്കാന്‍ ജമാഅത്തെ ഇസ്ലാമിക്ക് കഴിയില്ല.

എന്നാല്‍ നിലവിലെ അവസ്ഥയില്‍ സ്വത്വരാഷ്ട്രീയത്തിന്റെ സൃഷ്ടിപരമായ വശങ്ങളോട് അനുഭാവ സമീപനം അത് സ്വീകരിക്കുന്നുണ്ട്. അവയെ കണ്ടില്ലെന്ന് നടിക്കുന്നത് പ്രശ്‌നത്തിന് പരിഹാരമല്ല എന്നത് മനസ്സിലാക്കുന്നു. കെ.ഇ.എനിന് അത് പറയാനുള്ള സ്‌പൈസ് അനുവദിക്കുന്നത് ആ തിരിച്ചറിവിന്റെ ഭാഗമാണ്. അദ്ദേഹം തന്നെ തന്റെ വാദം പ്രതിലോമപരമായ ഒരു തലത്തിലേക്ക് മാറ്റപ്പെടുന്നതില്‍ ബോധവാനാണ്, ആ വസ്തുത അദ്ദേഹത്തിന്റെ ലേഖനത്തിലൂടെ തന്നെ മനസ്സിലാക്കാം. ഈ ബോധം നന്നായി ജമാഅത്തിനുണ്ട്. അതുകൊണ്ടുതന്നെ സ്വത്വബോധം സാമുദായികമോ വംശീയമോ ആയി സങ്കുചിതമാകുന്നതിലേക്ക് നയിക്കപ്പെടുന്നതിനെ അത് ഭയപ്പെടുന്നു. സ്വത്വത്തെക്കാള്‍ മൗലികതത്വങ്ങളാണ് അത് ഉയര്‍ത്തിപ്പിടിക്കുന്നത്. സ്വത്വത്തെക്കാള്‍ ആദര്‍ശപരതയെ അത് മുന്നില്‍ വെക്കുന്നു. സ്വത്വവാദമോ അല്ലാത്തതോ ആയ സാമുദായികതയേക്കാള്‍ ഇസ്‌ലാമിന്റെ വിസ്തൃതമായ രാഷ്ട്രീയ ചട്ടക്കൂടില്‍ വികസിക്കുന്ന സാമൂഹികതയിലാണ് അതിന് താല്‍പര്യം. ഈ സാമൂഹികത രൂപം കൊള്ളുന്നത് വൈവിധ്യമാര്‍ന്ന തന്മകളെ (സ്വത്വങ്ങളെ) ആഭിമുഖീകരിച്ചും മാനവിക നന്മയുടെയും നിതിയുടെയും കാഴ്ചപ്പാടില്‍ അവയെ ഉദ്ഗ്രഥിച്ചും കൊണ്ടായിരിക്കും. കാരണം, സ്വത്വരാഷ്ട്രീയത്തിന്റെ ഘടകാകാശമല്ല, ദൈവപ്രോക്തമായ സമ്പൂര്‍ണ ജീവിതവ്യവസ്ഥയുടെ മാഹാകാശമാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭൂമിക. (തുടരും)

തിങ്കളാഴ്‌ച, ജൂൺ 28, 2010

ജമാഅത്തെ ഇസ്‌ലാമിയുടെത് സ്വത്വരാഷ്ട്രീയമോ ?

'സ്വത്വരാഷ്ട്രീയ അപകടകരമാണ്' . 'ജമാഅത്ത് ഇസ്‌ലാമി പ്രതിനിധീകരിക്കുന്നത് സ്വത്വരാഷ്ട്രീയത്തെയാണ്'. ഈ രണ്ട് പ്രസ്താവനകളെയും സമാനസത്യമായി അംഗീകരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പറയുന്ന കാര്യങ്ങളെക്കുറിച്ച് നല്ലവണ്ണം പരിശോധിച്ച ശേഷമാണ് ബന്ധപ്പെട്ടവര്‍ ഈ പ്രസ്താവന നടത്തിയിട്ടുണ്ടാകുക എന്ന് പലരും ഊഹിക്കുകയാണ്. ഭൂരിപക്ഷവും അതിടങ്ങിയ വസ്തുതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഏറ്റുപിടിക്കുകയാണ്. ഈ അവസ്ഥയില്‍ രണ്ടു പ്രസ്താവനകളെയും പരിശോധിക്കുകയാണ് ഇവിടെ. സ്വത്വരാഷ്ട്രീയത്തിന്റെ ഉത്ഭവത്തിനോ വളര്‍ച്ചക്കോ ജമാഅത്തെ ഇസ്‌ലാമിയുമായി ഒരു നിലക്കും ബന്ധമില്ല.  സ്വത്വരാഷ്ട്രീയം അപകടകരമാണെന്ന കാര്യത്തില്‍  സംശയമില്ല. ആത്യന്തികമായി സ്വത്വരാഷ്ട്രീയം വളരെ വേഗത്തില്‍ സമുദായവല്‍ക്കരിക്കപ്പെടുകയും വെറുപ്പിന്റെ രാഷ്ട്രീയത്തെ ഉല്‍പാദിപ്പിക്കുകയും ചെയ്യും. വംശീയ സ്വത്വവും സാംസ്‌കാരിക സ്വത്വവും നിലനിര്‍ത്തുന്നതിനും ആധിപത്യം നേടുന്നതിനും വേണ്ടിയുള്ള ശ്രമങ്ങള്‍ കടുത്ത സംഘര്‍ഷങ്ങളെയായിരിക്കും ക്ഷണിച്ചുവരുത്തുക. അധികാരത്തിന്റെയും വിഭവങ്ങളുടെയും വിവേചനരഹിതമായ പങ്കുവെപ്പ് എന്ന അടിസ്ഥാനനീതിയെ തകര്‍ക്കുന്നതിലേക്കാണ് ആത്യന്തികമായി തീവ്രസ്വത്വവാദം എത്തിപ്പെടുക. ഇതേ സ്വത്വരാഷ്ട്രീയമാണോ ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടുവെക്കുന്നത് എന്ന് വിശദീകരിക്കാന്‍ ജമാഅത്തെ ഇസ്ലാമി  ബാധ്യസ്ഥമാണ്.

സ്വത്വപ്രതിസന്ധി (identity crisis)

മതം, ജാതി, ഭാഷ തുടങ്ങിയ വൈവിദ്ധ്യത്താല്‍ സമ്പന്നമായ ഒരു പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. മറ്റു രാജ്യങ്ങളില്‍നിന്ന് ഭിന്നമായി ഈ വൈവിദ്ധ്യങ്ങള്‍ അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ ഇവിടെ നിലനില്‍ക്കുന്നു. മതങ്ങളില്‍തന്നെ ഭുരിപക്ഷ ന്യൂനപക്ഷ മതങ്ങളും, ജാതികളില്‍ അവര്‍ണ സവര്‍ണ ജാതികളും അവരവരുടെ സ്വത്വം നിലനിര്‍ത്തുന്നു. മതം, ജാതി, ഭാഷ, ലിംഗം എന്നീ സ്വത്വപ്രശ്‌നങ്ങളുടെ അടിത്തറ ജന്മമാണ്. പണം കൊണ്ട് അവ പരിഹരിക്കപ്പെടുകയില്ല. എന്നാല്‍ വര്‍ഗപ്രശ്‌നം (ഉള്ളവനും ഇല്ലാത്തവനും) സാമ്പത്തിക മാറ്റങ്ങള്‍ക്കനുസരിച്ച് മാറുന്നതാണ്. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ അനുഭവിക്കേണ്ടിവരുന്ന വിവേചനവും നീതിനിഷേധവുമാണ് സ്വത്വപ്രതിസന്ധി രൂക്ഷമാക്കുന്നത്. സ്വത്വങ്ങളെ അവഗണിച്ചുകൊണ്ട് അവയെ പരിഹരിക്കാനാവില്ല എന്നതാണ് ചരിത്ര സത്യം. അസമത്വങ്ങള്‍ക്കെതിരെയുള്ള പോരാട്ടവും വിവേചനരഹിതമായി നീതി ഉറപ്പുവരുത്താനും സ്വത്വവൈജാത്യങ്ങളെ ഉള്‍കൊണ്ടുകൊണ്ട് അനുതാപപൂര്‍ണമായ സമീപനങ്ങള്‍ സ്വീകരിക്കാനും സാധിക്കുമ്പോള്‍ മാത്രമേ സ്വത്വപ്രതിസന്ധി പരിഹരിക്കപ്പെടുകയൂള്ളൂ. രാജ്യത്തിന്റെ പുരോഗതിക്കും സമൂഹങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിനും അത് ആവശ്യമാണ്. സ്വത്വബോധത്തെ നഷിപ്പിക്കാനാവില്ല. സ്വത്വബോധത്തെ അനിയന്ത്രിമായ ഒരു തലത്തിലേക്ക് കൊണ്ടുവന്നാല്‍ കൂടുതല്‍ അപകരകരമാണ് എന്നതും അതേ പോലെ സത്യമാണ്.

കമ്മ്യൂണിസത്തിലെ സ്വത്വബോധങ്ങള്‍

മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന ആചാര്യന്റെ വാക്കുകള്‍ ചൊല്ലിപഠിച്ച കമ്മ്യൂണിസ്റ്റുകാര്‍ വര്‍ഗരാഷ്ട്രീയത്തിന്റെ കാഴ്ചപാടില്‍ ഒരുമാറ്റവും പാടില്ലെന്ന ശാഠ്യം തലമുറകളായി പിന്തുടര്‍ന്ന് പോന്നു. (വര്‍ഗരാഷ്ട്രീയം സ്വത്വരാഷ്ട്രീയം എന്ന പോലെ തന്നെ അശ്ലീലമാകാതിരിക്കാന്‍ കാരണമൊന്നുമില്ല. പക്ഷെ ദുര്‍ഗ്രാഹ്യത ആവരണം ചെയ്യപ്പെട്ട മറ്റു പദാവലികളെപ്പോലെ പോതുബോധത്തില്‍ അത് വിശുദ്ധിയോടെ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് മാത്രം. അതുകൊണ്ടുതന്നെ വര്‍ഗീയതക്കെതിരില്‍ നാവുചലിപ്പിക്കാറുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കാര്‍ക്കും വര്‍ഗ സംഘടനത്തില്‍ ഒളിഞ്ഞുകിടക്കുന്ന മനുഷ്യത്വവിരുദ്ധതയെ സാരമാക്കാറില്ല.) പക്ഷെ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ നേരെ പുറം തിരിഞ്ഞുനില്‍ക്കുന്നത് മേലിലും തുടരുന്നത് തങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും എന്ന് കണ്ട മാര്കിസ്റ്റ് പാര്‍ട്ടി ഏക ശിലാത്മകമായ വരട്ടുവാദങ്ങളുടെ നിലവറക്കകത്ത് നിന്നും കൂടപ്പിറപ്പുകളോട് ചേരാന്‍ നല്‍കി നേരിയ അനുവാദമാണ് സ്വത്വരാഷ്ട്രീയ ചിന്തകള്‍ക്ക് പ്രേരണയായത്.

സ്വത്വരാഷ്ട്രീയത്തിന്റെ പിറവി.

മനുഷ്യരാശിയില്‍ തൊഴിലാളി, മതലാളി എന്ന രണ്ട് വര്‍ഗങ്ങളേയുള്ളൂ എന്ന മാര്‍ക്‌സിയന്‍ വര്‍ഗവാദത്തിനപ്പുറമായി ചിന്തിക്കണമെന്നും ജാതി, മതം, ലിംഗം, വര്‍ണം, ഭാഷ, ദേശം തുടങ്ങിയ വിവിധതരം സ്വത്വങ്ങളുടെ പ്രത്യേകതകള്‍കൂടി കണക്കിലെടുത്ത് അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച ചെയ്യപ്പെടണമെന്നുള്ള ചിന്താഗതിയാണ് സ്വത്വവാദത്തിന്റെ അടിസ്ഥാനം. ജനങ്ങളെ (മുതലാളി-തൊഴിലാളി) വര്‍ഗങ്ങളായി കാണുകയും ആ കാഴ്ചപാടിന്റെ അടിത്തറയില്‍ അവരെ ഏകോപിപിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന മാര്‍ക്‌സിയന്‍ ആശയ ധാരയോട് ഇത് വ്യക്തമായും വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. സ്വത്വരാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം വര്‍ഗവും അനേകം സ്വത്വങ്ങളില്‍ ഒന്നുമാത്രമാണ്. സമൂഹത്തില്‍നിലനില്‍ക്കുന്ന ഓരോ സവിശേഷ പ്രശ്‌നത്തേയും അതിന്റെ സവിശേഷതയില്‍ മനസ്സിലാക്കി പരിഹാരം തേടണമെന്നും മൂലധനത്തിന്റെ ആധിപത്യത്തെ മാത്രം മുന്‍നിര്‍ത്തി സാമൂഹികമായ അടിച്ചമര്‍ത്തലുകളെ വിശദീകരിക്കുന്നത് അപൂര്‍ണമാണെന്നുമുള്ള സ്വത്വരാഷ്ട്രീയ വാദികളുടെ അവകാശവാദവും ബഹുമുഖസത്വങ്ങളെ ഉള്‍കൊള്ളാന്‍ പോന്നവിധത്തില്‍ മാര്‍കിസത്തെ വികസിപ്പിക്കേണ്ട ആവശ്യകതയുണ്ടെന്നുമായിരുന്നു സ്വത്വാദികളുടെ സുചിന്തിതമായ അഭിപ്രായം.

മാര്‍കിസ്റ്റ് പാര്‍ട്ടിയില്‍ ഉയര്‍ന്ന് വന്ന സ്വത്വരാഷ്ട്രീയ ചിന്ത പാര്‍ശ്വവല്‍കരിക്കപ്പെട്ട സമൂഹങ്ങളില്‍ അധികാര പങ്കാളിത്തത്തിന് വേണ്ടിയുള്ള കലഹമായിട്ട് മാത്രമേ കാണാന്‍ കഴിയൂ. ആ നിലക്ക് അത് പ്രസക്തമാണെങ്കിലും ദാര്‍ശനിക തലത്തിലും മാനവിക തലത്തിലും സ്വത്വരാഷ്ട്രീയം വര്‍ഗരാഷ്ട്രീയത്തിന്റെ ചെറുപതിപ്പ് മാത്രമാണ്. ഈ സൂക്ഷമ രാഷ്ട്രീയം സ്ഥൂലമായ വര്‍ഗരാഷ്ട്രീയത്തിന്റെ പരിമിതികളെ തുറന്ന് കാണിക്കുന്നതുകൊണ്ടുമാത്രമല്ല സ്വീകരിക്കാന്‍ കഴിയാതെ പോയ്ത്. എം. എന്‍ വിജന്‍മാഷെപ്പോലുള്ള തലയെടുപ്പുള്ള സൈദ്ധാന്തികനെ ബലികൊടുത്ത് സ്വത്വരാഷ്ട്രീയത്തിനുള്ള ഇടം ഇടതുപക്ഷം അനുവദിച്ചിരുന്നു എന്ന് നാം കണ്ടതാണ്. അതേ ഇടുതുപക്ഷം തന്നെ സ്വത്വരാഷ്ട്രീയത്തെ പുറംകാല്‍വെച്ച് തൊഴിച്ചുതെറിപ്പിക്കുന്നതാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രകൃയയെ അടിത്തറയായും സംസ്‌കാരത്തെ മേല്‍പുരയായുമായി ഘടിപ്പിച്ചപ്പോള്‍ അറിയാതെയെങ്കിലും ഇടതുപക്ഷം സംഘം ചേര്‍ന്നത് വരേണ്യവിഭാഗത്തോടൊപ്പമായിരുന്നു. പ്രാഥമികമായി നാടുവാഴിവിരുദ്ധവും ജാതിവിരുദ്ധവുമായ സമരങ്ങളുടെ മേലാണ് ഇടതുപക്ഷം അതിന്റെ ജനകീയ അടിത്തറ ഉറപ്പിച്ചെടുത്തത്. തന്മൂലം സമുദായ പരിഷ്‌കരണ പ്രസ്ഥാനങ്ങളോടും ജാതി നശീകരണ സംരംഭങ്ങളോടും ക്ഷേത്രപ്രവേശന സമരങ്ങളോടുമെല്ലാം ഐക്യപ്പടാനും പലതിന്റെയും നേതൃത്വം തന്നെ ഏറ്റെടുക്കാനും ഇടതുപക്ഷം തയ്യാറായിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. ഇത്തരമൊരു പാര്‍ട്ടിക്ക് ആധുനികതയുടെ സൗകര്യങ്ങളില്‍നിന്ന് ഊര്‍ജം സംഭരിക്കേണ്ടിവരും എന്ന യാഥാര്‍ഥ്യം വാദത്തിന് വേണ്ടി സമ്മതിച്ചാലും ആധുനികതയുടെ സവര്‍ണതയെയും കൂട്ടത്തില്‍ പുല്‍കി എന്ന വസ്തുത നമുക്ക് ബോധ്യമാകുന്നു. അതിന്റെ ഫലമായി കമ്യൂണിസ്റ്റ് കാരനാകുന്നതോടൊപ്പം ബ്രാഹ്മണ സവര്‍ണ ബോധം കൈവിടാതെ തന്നെ നിലകൊള്ളാന്‍ ഒരാള്‍ക്ക് സാധിച്ചു. സ്വത്വരാഷ്ട്രീയത്തിന്റെ ആളുകളായി അറിയപ്പെടുന്ന കെ.ഇ.എന്നും പോക്കറും ബിന്‍ ലാദനായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥ ഈ സവര്‍ണബിംബം ഉള്ളിലൊളിപ്പിച്ച ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകരിലൂടെ സംജാതമാകുന്നത് അങ്ങനെയാണ്.

സി.പി.എമ്മിന്റെ തിരിഞ്ഞുനടത്തം
സി.പി.എമ്മിന്റെ നേതൃതലത്തില്‍ മേല്‍പറഞ്ഞ ശക്തമായ സവര്‍ണബോധം നിലനില്‍ക്കുന്നതിനാല്‍ ഭൂരിപക്ഷ വര്‍ഗീയതയെ തലോടുക എന്നത് ക്ഷിപ്രസാധ്യമായ കാര്യമായിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ തന്നെ കേരളീയ പൊതുബോധത്തില്‍ നിലനില്‍ക്കുന്ന സാംസ്‌കാരിക ഹിന്ദുത്വ മേല്‍കോയ്മകളെയും വര്‍ഗീയതയുടെ വിഷബീജം പൊതിഞ്ഞ സവര്‍ണയുക്തികളെയും ഇടതുപക്ഷ ചേരിയില്‍നിന്ന് ചോദ്യം ചെയ്തവരെ ഇല്ലാതാക്കാനുള്ള ശ്രമം വേഗത്തില്‍ വിജയിക്കാനാണ് സാധ്യത. ഹൈന്ദവ പ്രീണനം വിജയിക്കണമെങ്കില്‍ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തിലെ സവര്‍ണബോധത്തിന്റെ അദൃശ്യതകള്‍ മറകീറി പുറത്ത് കാണിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത കെ.ഇ.എന്നിനെയും, സവര്‍ണര്‍ക്ക് മാത്രമല്ല പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്കും സ്വത്വം ഉണ്ടെന്നും എഴുതുന്ന പോക്കറെയും ബലികൊടുത്തേ മതിയാവൂ.

ഇതോടെ  ഇരകളുടെ പക്ഷത്ത് നില്‍ക്കാന്‍ കെല്‍പ്പുള്ള അവര്‍ഗീയ പാര്‍ട്ടി എന്ന് ന്യൂനപക്ഷങ്ങളില്‍ വേരൂന്നിയ ബോധത്തിന് സാരമായ പ്രഹരമേല്‍ക്കുന്നു എന്നതാണ് ഈ തിരിച്ചുനടത്തം കൊണ്ടുണ്ടായി തീരുന്നത്. വേട്ടക്കാരായ സാമ്രാജ്യത്വ മുതലാളിത്ത ചേരിയിലേക്ക് അതിവേഗം മുന്നേറികൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടി എന്നനിലയില്‍ ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വ മുഷ്‌കിനെ മുന്നില്‍ കണ്ടുകൊണ്ട് പിന്തുണച്ച പാര്‍ട്ടികളുടെ പിന്തുണ നഷ്ടപ്പെടുമെന്ന് കണ്ട് സവര്‍ണ പൊതുബോധത്തിലേക്ക് ഉള്‍വലിയാന്‍ തിരക്കുകൂട്ടുന്നതിന്റെ ഭാഗമായി ന്ടത്തപ്പെടുന്ന വാദകോലാഹലങ്ങളാണ് ഇടതുപക്ഷ ജമാഅത്ത് വിമര്‍ശനത്തിന്റെ പ്രചോദനം എന്ന് തിരിച്ചറിയാന്‍ ഒരു പ്രയാസവുമില്ല.

അസമത്വങ്ങള്‍ക്കെതിരെ പോരാടാനും വിവേചനരഹിതമായി നീതി ഉറപ്പുവരുത്താനും സ്വത്വവൈജാത്യങ്ങളെ ഉള്‍കൊള്ളാനും അനുതാപപൂര്‍ണമായ സമീപനം സ്വീകരിക്കാനും മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കാതെ പോകുന്നു എന്നും. അതിന് ദൈവിക മുല്യങ്ങളിലധിഷ്ഠിതമായ മാനവിക കാഴ്ചപ്പാടുള്‍കൊള്ളുന്ന ഒരു ദര്‍ശനത്തിന് മാത്രമേ സാധിക്കൂ എന്നും നമ്മുക്ക് മനസ്സിലാക്കിത്തരാന്‍ തീര്‍ചായും ഈ താത്വിക സ്വത്വവാദങ്ങള്‍ക്ക് കഴിയുന്നു. 

ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടുവെക്കുന്നത് സ്വത്വരാഷ്ട്രീയമോ. അതേകുറിച്ച് അടുത്ത പോസ്റ്റില്‍

(2010 ജൂണ്‍ 19 ന് പ്രസിദ്ധീകരിച്ച പ്രബോധനത്തിലെ 'വര്‍ഗരാഷ്ട്രീയത്തിന്റെ സ്വത്വപ്രതിസന്ധികള്‍' , 'സ്വത്വരാഷ്ട്രീയം അശ്ലീലമാകുന്നതിലെ രാഷ്ട്രീയം' എന്നീ ലേഖനങ്ങളുടെ വിഷയാധിഷ്ഠിത സംഗ്രഹം)

ശനിയാഴ്‌ച, ജൂൺ 26, 2010

മൗലാനാ മൗദൂദി ചിരിക്കുന്നു

മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയാണ് ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ചചെയ്യപ്പെടുന്ന വ്യക്തിത്വം എന്നത് തര്‍കമറ്റ കാര്യമാണ്. ജമാഅത്തെ ഇസ്്‌ലാമി കേരള അമീര്‍ ടി. ആരിഫലി പത്രസമ്മേളനത്തില്‍ നടത്തിയ ഒരു പരാമര്‍ശം ആ ചര്‍ച കൂടുതല്‍ സജീവമാക്കി. ജമാഅത്ത് അമീര്‍ മൗദൂദിയെ തള്ളിപ്പറഞ്ഞു എന്നായിരുന്നു കൈരളി ടി.വി.യില്‍ അന്ന് രാത്രിവരെ റിബണിലും ഫ്‌ലാഷ് ന്യൂസിലുമുണ്ടായിരുന്നത്. അതോടെ ഇവിടെയുള്ള സാധാരണക്കാരടക്കമുള്ളവരുടെ മനസ്സില്‍ അത് വേരുപിടിച്ചു. എന്നാല്‍ അമീര്‍ മൗദൂദിയെ തള്ളിപറഞ്ഞിട്ടില്ല എന്ന് ചിന്തിക്കുന്ന ഒരു വിഭാഗവുമുണ്ട്. അത് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരാണ്. ഇത്തരുണത്തില്‍ തേജസ് ദ്വൈവാരികയില്‍വന്ന ഒരു ലേഖനം ശ്രദ്ധേയമാണ്. ഈ ലേഖനത്തിലും ജമാഅത്ത് മൗദൂദിയെ തള്ളി എന്ന് തന്നെ പറയുന്നു. പക്ഷെ അത് ഇപ്പോഴല്ല. അറുപത് വര്‍ഷം മുമ്പാണ്. മൗദൂദി ഇപ്പോഴുണ്ടായിരുന്നെങ്കില്‍ ജമാഅത്തുകാരെ തല്ലിപുറത്താക്കുമായിരുന്നു എന്ന് ഇസ്‌ലാഹികള്‍ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷെ ഇവിടെ വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുക മൗദൂദി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ ജമാഅത്തിന് സാധിച്ചില്ല എന്നാണ്. മൗദൂദി പറഞ്ഞിടത്ത് ജമാഅത്ത് ഇപ്പോള്‍ മാത്രമേ എത്തിചേര്‍ന്നിട്ടുള്ളൂ എന്നും.  ആദ്യം പറഞ്ഞതിനേക്കാള്‍ വസ്തുനിഷ്ടമാണ് ഈ ലേഖനത്തിലുള്ളത് എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. അന്ധന്‍മാര്‍ ആനയെ കണ്ടതുപോലെ മൗദൂദിയെ വിമര്‍ശിക്കുന്ന സമകാലിക കേരളത്തില്‍ വസ്തുനിഷ്ഠമായി ജമാഅത്തിന് പുറത്ത് നിന്ന് വിലയിരുത്താനുള്ള ഈ ശ്രമത്തെ അഭിനന്ദിക്കാതെ വയ്യ. എങ്കിലും ഇതിലുള്ളതതിനപ്പുറം ഒരു  സത്യം ഈ രണ്ട് ആരോപണങ്ങള്‍ക്കും മധ്യേയാണ് എന്ന് ചിന്തുക്കുന്നവരാണ് ജമാഅത്ത് ഇസ്‌ലാമി പ്രവര്‍ത്തകര്‍. ആദ്യത്തെത് തികഞ്ഞ അജ്ഞതയാണെന്ന കാര്യത്തിലും അവര്‍ക്ക് സംശയമില്ല. മൗദൂദിയക്കുറിച്ചും ജമാഅത്തിനെക്കുറിച്ചും നിങ്ങള്‍ ചിന്തിക്കുന്നതെന്തായാലും ഈ ലേഖനം നിങ്ങള്‍ വായിച്ചിരിക്കേണ്ടതുണ്ട്. പൂര്‍ണമായി എടുത്ത് ചേര്‍ക്കുന്നു വായിക്കുക:
 
മൌദൂദി ചിരിക്കുന്നു

സൈനികനടപടിയിലൂടെ ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യന്‍ യൂനിയനില്‍ ചേര്‍ക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തീരുമാനിച്ചപ്പോള്‍ അതിനെതിരേ നൈസാമിനെ അനുകൂലിക്കുന്ന മുസ്ലിംകള്‍ സായുധ ചെറുത്തുനില്‍പ്പിന് ഒരുക്കം കൂട്ടി. പ്രശ്നം മൂര്‍ച്ഛിച്ച സന്ദര്‍ഭത്തില്‍ ഇക്കാര്യത്തില്‍ എന്തു നിലപാടു സ്വീകരിക്കണമെന്ന് ഉപദേശിച്ചുകൊണ്ട് മുസ്ലിംനേതൃത്വത്തിനു മൌദൂദി കത്തയച്ചു. ഇന്ത്യന്‍ മുസ്ലിംകള്‍ക്കു മൊത്തമായി തന്നെ ഭാവിയില്‍ സ്വീകരിക്കാനാവുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് ആധാരമാക്കാവുന്ന അസാധാരണമായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയും വിവേകവും ആ കത്തിലുടനീളമുണ്ടായിരുന്നു. 63 വര്‍ഷം മുമ്പാണ് മൌദൂദി ഈ കത്തെഴുതുന്നത്. ജനാധിപത്യാധിഷ്ഠിത തിരഞ്ഞെടുപ്പു പങ്കാളിത്തത്തിന്റെയും സര്‍ക്കാര്‍വകുപ്പ് ഉദ്യോഗങ്ങളില്‍നിന്നു മുസ്ലിംകളെ വിലക്കിയതിന്റെയും പ്രതിസ്ഥാനത്ത്, സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത വായനയിലൂടെ മൌദൂദിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നവര്‍ ശ്രദ്ധിച്ചുവായിക്കേണ്ടതാണ് സി, ഇ എന്നീ ഇനങ്ങളില്‍ ഈ കത്തില്‍ മൌദൂദി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍. അതില്‍ അസംബ്ളി- പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നതിനെയും രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനെയും പറ്റിയാണ് അദ്ദേഹം പറയുന്നത്.

മൌദൂദി വിടവാങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. പക്ഷേ, ജീവിച്ചിരുന്ന മൌദൂദിയേക്കാള്‍ ശക്തനാണ് മരിച്ച മൌദൂദിയെന്നു തോന്നുന്നു. മൌദൂദിയുടെ 'പ്രേതോപദ്രവ' ത്തില്‍ നിന്നു മുസ്ലിം മത-രാഷ്ട്രീയ സംഘടനകള്‍ മാത്രമല്ല, മാര്‍ക്സിസ്റുകളും മുക്തരല്ലാത്ത അവസ്ഥ തുടരുകയാണ്. ഇപ്പോള്‍ മാധ്യമവിപണിയിലെ ഏറ്റവും വിലയുള്ള ചരക്ക് കൂടിയാണ് മൌദൂദി; എത്ര ചര്‍വിതചര്‍വണം നടത്തിയാലും മടുക്കാത്ത ഒരു വിഷയം.

മുസ്ലിം ബുദ്ധിജീവികളെന്നും ഇസ്ലാമിക പരിഷ്കര്‍ത്താക്കളെന്നും സ്വയം അവകാശപ്പെടുന്ന മലയാളത്തിലെ രണ്ട് എഴുത്തുകാര്‍ ആനുകാലികങ്ങളില്‍ പതിറ്റാണ്ടുകളായി മൌദൂദിയെ എഴുതിക്കൊണ്ടിരിക്കുന്നു. എന്തോ ഒരു ആകര്‍ഷണവും സ്വാധീനവും മൌദൂദി ഇപ്പോഴും നിലനിര്‍ത്തുന്നു എന്നൊരു തോന്നലാണ് ഈ ലേഖനങ്ങള്‍ ഉളവാക്കുക. അതെന്താണെന്നായി ആലോചന. ഈ ആലോചന മുന്നേ പറഞ്ഞ രണ്ട് എഴുത്തുകാരുടെ തദ്വിഷകയകമായ വല്ല സമാഹാരവുമുണ്േടാ എന്ന അന്വേഷണത്തിലാണെത്തിച്ചത്. പക്ഷേ, അങ്ങനെയൊരു സമാഹാരവും കണ്െടത്താനായില്ല. അവരുടെ പഴയ ചില ലേഖനങ്ങള്‍ തേടിപ്പിടിച്ചു വായിക്കാനുള്ള ശ്രമമായി പിന്നെ. അപ്പോഴാണ് മനസ്സിലായത്, ഓരോ ലേഖനവും ഉള്ളടക്കത്തില്‍ പൂര്‍വ ലേഖനത്തിന്റെ ആവര്‍ത്തനമല്ലാതെ ഒന്നുമല്ലെന്ന്. വെറുതെയല്ല അവ സമാഹരിക്കപ്പെടാതെ പോയത്! ആരോഗ്യകരമായ ഒരു സംവാദത്തിലേക്കും അക്കാദമിക വിശകലനത്തിലേക്കും നയിക്കേണ്ട ഒരു വിഷയത്തിന്റെ സെന്‍സേഷനല്‍ തലത്തിലേക്കുള്ള പതനം ഒരുവേള മലയാളിയുടെ മാത്രം ഗതികേടായിരിക്കും.

മൌദൂദിയെ സ്വയം കണ്ടെത്താനുള്ള ശ്രമത്തിന്റെ പശ്ചാത്തലം അതായിരുന്നു. പഴയ ഒരു സുഹൃത്തിനെയാണ് പെട്ടെന്ന് ഓര്‍ത്തത്. നിശ്ശബ്ദനും നല്ല വായനക്കാരനുമായ അയാളുടെ അടുത്തു വ്യത്യസ്ത വിഷയങ്ങളില്‍ റഫറന്‍സിന് ഉപകരിക്കുന്ന ഭേദപ്പെട്ട ഒരു ഗ്രന്ഥശേഖരമുണ്ട്. അയാളെ സമീപിച്ചപ്പോള്‍ ഒരു ചെറുചിരിയോടെ ആദ്യം ചോദിച്ചത് മൌദൂദിയും കമ്മ്യൂണിസവും തമ്മിലുള്ള ബന്ധം അറിയാമോ എന്നായിരുന്നു. അല്‍പ്പം ഞെട്ടലോടെയാണ് ചോദ്യം കേട്ടത്. അപ്പോള്‍ ഷെല്‍ഫില്‍ നിന്നു മോയിന്‍ ശാകിറിന്റെ ഖിലാഫത്ത് റ്റു പാര്‍ടീഷന്‍ എന്ന പുസ്തകം വലിച്ചെടുത്തു മൌദൂദിയെ സംബന്ധിച്ച് അതില്‍ വന്ന ഒരു പരാമര്‍ശം കാണിച്ചുതന്നു. കബീര്‍ ബ്രദേഴ്സ് എന്നറിയപ്പെടുന്ന രണ്ടു സഹോദരന്‍മാരുടെ മാര്‍ക്സിസം സ്റഡി ക്ളാസില്‍ യുവാവായിരിക്കെ മൌദൂദി പതിവായി പങ്കെടുക്കാറുണ്ടായിരുന്നു എന്നാണ് മോയിന്‍ ശാകിര്‍ എഴുതിയിരിക്കുന്നത്. ഞാന്‍ മിഴിച്ചിരിക്കുന്നതു കണ്ടപ്പോള്‍ മറ്റൊരു കാര്യം കൂടി സുഹൃത്ത് അനാവരണം ചെയ്തു: അക്കാലത്തു കമ്മ്യൂണിസ്റ് മൌലാനയായി അറിയപ്പെട്ടിരുന്ന നിയാസ് ഫതേഹ്പുരിയുടെ കൂടെ പത്രപ്രവര്‍ത്തനം നടത്തിയ ചരിത്രവും മൌദൂദിക്കുണ്ട്. മൌദൂദി ഒരു കമ്മ്യൂണിസ്റായിരുന്നുവെന്നല്ല. എന്നാല്‍, ചുരുങ്ങിയത് താന്‍ സ്ഥാപിച്ച പാര്‍ട്ടിയുടെ ചട്ടക്കൂട് നിര്‍മിക്കുമ്പോള്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി ഘടനയാണ് അദ്ദേഹം മാതൃകയാക്കിയതെന്നു കാണാന്‍ കഴിയും. കേഡര്‍ സ്വഭാവം, കൈവിടാത്ത അച്ചടക്കം, കര്‍ക്കശ നിബന്ധനകളോടെയുള്ള അംഗത്വം, കേന്ദ്രീകരണം എന്നിവയിലൊക്കെ പുലര്‍ത്തുന്ന സമാനത ഇരുപാര്‍ട്ടികളുടെയും സംഘടനാ സ്വഭാവം താരതമ്യം ചെയ്താല്‍ ബോധ്യമാവും. കമ്മ്യൂണിസ്റ് വിരുദ്ധന്‍ തന്നെയായിരുന്നു മൌദൂദി. പക്ഷേ, ആ എതിര്‍പ്പിലും ഒരു കുലീനതയുണ്ടായിരുന്നുവെന്നു സമ്മതിക്കാതെ തരമില്ല.

പാകിസ്താനില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടതിനെതിരേ ശബ്ദമുയര്‍ത്തിയ ഏക മൌലാന മൌദൂദിയായിരുന്നു. "അവരെ പ്രവര്‍ത്തിക്കാനനുവദിക്കുക. തുറന്ന മൈതാനിയില്‍ ഞങ്ങള്‍ അവരെ പരാജയപ്പെടുത്തിക്കാണിച്ചു തരാം'' എന്നാണ് ഭരണകൂടത്തോട് അദ്ദേഹം പറഞ്ഞത്. പാകിസ്താനിലെ ജനാധിപത്യ പോരാട്ട രാഷ്ട്രീയക്കൂട്ടായ്മകളുടെയെല്ലാം മുന്‍നിരയില്‍ മൌദൂദി ഉണ്ടായിരുന്നു. സ്ത്രീകളുടെ വിഷയത്തില്‍ അറുപിന്തിരിപ്പന്‍ കാഴ്ചപ്പാടായിരുന്നു മൌദൂദിയുടേത്. അയ്യൂബ്ഖാന്റെ ഭരണകാലത്തു പ്രതിപക്ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയത് ഫാത്തിമാ ജിന്നയെയായിരുന്നു. മൌദൂദി അപ്പോള്‍ ജയിലിലായിരുന്നു. ജയിലില്‍ നിന്നു പുറത്തുവന്ന ഉടന്‍ അദ്ദേഹം ആദ്യം ചെയ്തത് ഫാത്തിമ ജിന്നയ്ക്കു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പട്ടാള ഏകാധിപത്യവും ജനാധിപത്യവും ഏറ്റുമുട്ടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍ഗണനാക്രമത്തിന്റെ തിരിച്ചറിവാണ് ആ രാഷ്ട്രീയനിലപാടില്‍ പ്രതിഫലിക്കുന്നത്. അവിടെ സ്ത്രീയുടെ ഭരണനേതൃത്വത്തെ സംബന്ധിച്ചു തന്റെ പഴഞ്ചന്‍ കാഴ്ചപ്പാടില്‍ മുറുകെപ്പിടിച്ചു നിന്നില്ല എന്നതാണു ശ്രദ്ധേയം. പിന്നെ തന്റെ എല്ലാ കാഴ്ചപ്പാടുകളും പാര്‍ട്ടി അംഗങ്ങളില്‍ അടിച്ചേല്‍പ്പിക്കാനും മൌദൂദിക്ക് ശാഠ്യമുണ്ടായിരുന്നില്ല എന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. കര്‍മശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും തനിക്കു സ്വന്തമായി അഭിപ്രായങ്ങളുണ്െടന്നും അതു പാര്‍ട്ടിയുടെ അഭിപ്രായമാവരുതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മുഖാവരണം എന്ന അര്‍ഥത്തിലുള്ള മൌദൂദിയുടെ ഉത്തരേന്ത്യന്‍ പര്‍ദ്ദസങ്കല്‍പ്പം പിന്തുടര്‍ന്നവര്‍ അദ്ദേഹം സ്ഥാപിച്ച പ്രസ്ഥാനത്തില്‍ തന്നെ ഇന്ന് അധികമൊന്നും ഉണ്ടാവുമെന്നു തോന്നുന്നില്ല.

വ്യത്യസ്തനായൊരു മൌലാന പരമ്പരാഗത ജനുസ്സില്‍പ്പെട്ട മതപണ്ഡിതനായിരുന്നില്ല മൌദൂദി. വെറുതെയല്ല ആദ്യകാലത്ത് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന മതപണ്ഡിതന്‍മാര്‍ പിന്നീടു രാജിവച്ചൊഴിഞ്ഞത്. പരമ്പരാഗത രീതിയില്‍ മതപഠനം നടത്തിയില്ല എന്നതാണ് അദ്ദേഹത്തിന്റെ വലിയൊരു ന്യൂനതയായി ആരോപിക്കപ്പെടാറുള്ളത്. യഥാര്‍ഥത്തില്‍ അതാണ് അദ്ദേഹത്തിന്റെ ഗുണം. ഏതു തലത്തിലുള്ളവരുമായും സംവദിക്കാനുള്ള ഒരു തുറസ്സ് അദ്ദേഹത്തിലുണ്ടായത് അതുകൊണ്ടാണ്. മൌലികവാദിയാണെങ്കിലും അതിര്‍ത്തിഗാന്ധിയും പാക് ഭരണകൂടത്തിന്റെ കണ്ണില്‍ വിഘടനവാദിയുമായ ഗഫാര്‍ഖാന്‍, അരാജകകവിയായ ജോശ് മലീഹാബാദി തുടങ്ങി പലരുമായും ജീവിതത്തിലുടനീളം ഉറ്റ സൌഹൃദം പുലര്‍ത്താന്‍ അദ്ദേഹത്തിനായത് അതുകൊണ്ടാണ്. വിഭജനത്തിന്റെ കലാപനാളുകളില്‍ തന്നെ ഡല്‍ഹിയിലേക്കു യാത്രയാക്കാന്‍ റെയില്‍വേ സ്റേഷനില്‍ മൌദൂദിയും അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനും മാത്രമാണുണ്ടായിരുന്നതെന്ന് അക്കാലത്തു നെഹ്റുവിന്റെ സുഹൃത്തും കോണ്‍ഗ്രസ് അനുഭാവിയുമായിരുന്ന ജോഷ് തന്നെ പറഞ്ഞിട്ടുണ്ട്.

പുരോഗമന സാഹിത്യകാരനും പുകള്‍പെറ്റ ഉര്‍ദു കവിയുമായ ഫയിസ് അഹ്മദ് ഫയിസ് തന്റെ സ്ഥാപനത്തിലെ ബിരുദദാനച്ചടങ്ങിലെ മുഖ്യ പ്രഭാഷകനായി മൌദൂദിയെ ക്ഷണിച്ചതായി നാം കാണുന്നു. മൌദൂദി മതമൌലികവാദിയാവാം. എന്നാല്‍, മീഡിയയില്‍ കാണുന്നപോലെ മുരടനായ മതജന്മിയായിരുന്നില്ല. ചിശ്തി സൂഫീ പരമ്പരയിലാണ് മൌദൂദി ജനിച്ചത്. അജ്ഞരായ ജനങ്ങള്‍ക്കു മന്ത്രിച്ചവെള്ളം കൊടുത്തു മലപ്പുറത്തൊക്കെയുള്ള സയ്യിദന്‍മാരെ പോലെ സുഖസുന്ദരമായി അദ്ദേഹത്തിനും ജീവിക്കാമായിരുന്നു; അതിന്റെ രാഷ്ട്രീയ സൌകര്യങ്ങളും പ്രതാപവും ആസ്വദിക്കാമായിരുന്നു. തന്റെ സഹോദരന്‍ ഈ മന്ത്രപ്പണി ചെയ്തിരുന്നതായി അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍, അതൊന്നുമല്ല യഥാര്‍ഥ ദൌത്യം എന്നാണ് ഇക്കാര്യത്തില്‍ മൌദൂദി തന്റെ നിലപാടു വിശദീകരിക്കുന്നത്. യസീദിന്റെ ഏകാധിപത്യത്തിനെതിരില്‍ പൊരുതി വീരമൃത്യു വരിച്ച പ്രവാചകപൌത്രന്‍ ഹുസയ്നെ മൌദൂദി അനുസ്മരിക്കുന്നത് ഇസ്ലാമിന്റെ രക്തസാക്ഷിയെന്നല്ല, ജനാധിപത്യത്തിന്റെ രക്തസാക്ഷി എന്നാണ്. മൌദൂദിയെ ജനാധിപത്യത്തിന്റെ ആരാച്ചാരായി അവതരിപ്പിക്കുമ്പോള്‍ ഇതും നമ്മള്‍ കാണണം.

അത്രവേഗം ദഹിക്കുന്നതായിരുന്നില്ല നിറചിരിയോടെ ഉള്ളുതുറന്നുകൊണ്ടുള്ള സുഹൃത്തിന്റെ ഈ സംസാരം. മുസ്ലിംകളുടെ രാഷ്ട്രീയപ്രവര്‍ത്തനത്തോടും ജനാധിപത്യാധിഷ്ഠിത തിരഞ്ഞെടുപ്പുരീതിയോടും നിഷേധാത്മക സമീപനം സ്വീകരിച്ച മൌദൂദി തന്നെയോ ഇതെന്ന എന്റെ സന്ദേഹത്തോടു സുഹൃത്ത് പ്രതികരിച്ചത് മൌദൂദി അര്‍ഹിക്കുന്ന വിമര്‍ശം മലയാളത്തില്‍ ഇനിയും ഉണ്ടായിട്ടു വേണമെന്നാണ്. അന്ധഹസ്തിന്യായത്തിലുള്ള മൌദൂദിയാണ് ഇപ്പോള്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നു പറഞ്ഞുകൊണ്ട് ഷെല്‍ഫില്‍ നിന്നു സുഹൃത്ത് മറ്റൊരു പുസ്തകം വലിച്ചെടുത്തു.

ഹൈദരാബാദിന്റെ പതനത്തെക്കുറിച്ച് മാസച്ചുസിറ്റ്സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോ. ഉമര്‍ ഖാലിദിയും ടോക്കിയോ യൂനിവേഴ്സിറ്റിയിലെ ഡോ. മുഈനുദ്ദീന്‍ അഖീലും ചേര്‍ന്നെഴുതിയ പുസ്തകമായിരുന്നു അത്. ഹൈദരാബാദ് പോലിസ് ആക്ഷനും മൌദൂദിയും തമ്മിലെന്ത് എന്ന ചോദ്യത്തിന്, അതില്‍ കൊടുത്തിരിക്കുന്ന മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് ഖാസിം റിസ്വിക്ക് മൌദൂദി അയച്ച കത്ത് വായിച്ചുനോക്കുക എന്നായിരുന്നു മറുപടി.

1947 മാര്‍ച്ച് 25നാണ് ഈ കത്ത് എഴുതിയിട്ടുള്ളത്. സൈനികനടപടിയിലൂടെ ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യന്‍ യൂനിയനില്‍ ചേര്‍ക്കാന്‍ കേന്ദ്രഗവണ്‍മെന്റ് തീരുമാനിച്ചപ്പോത്തന്നെ അതിനെതിരേ നൈസാമിനെ അനുകൂലിക്കുന്ന മുസ്ലിംകള്‍ സായുധ ചെറുത്തുനില്‍പ്പിന് ഒരുക്കം കൂട്ടിയിരുന്നു. ഹൈദരാബാദ് പ്രശ്നം മൂര്‍ച്ഛിച്ച സന്ദര്‍ഭത്തില്‍ അവിടത്തെ മുസ്ലിംകള്‍ എന്തു നിലപാടു സ്വീകരിക്കണമെന്ന ഉപദേശമാണ് മുസ്ലിം നേതൃത്വത്തിനു മൌദൂദി അയച്ച കത്തിലെ ഉള്ളടക്കം. സാമ്പ്രദായിക മതനേതാവില്‍ നിന്നു വ്യതിരിക്തമാക്കുന്ന, അസാധാരണമായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയും രാജനൈതികമായ വിവേകവും പ്രതിഫലിപ്പിക്കുന്നു സുദീര്‍ഘമായ ആ കത്ത്. ഇന്ത്യന്‍ മുസ്ലിംകള്‍ക്കു മൊത്തമായി തന്നെ ഭാവിയില്‍ സ്വീകരിക്കാനാവുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് ആധാരമാക്കാവുന്ന അടിസ്ഥാന ബിന്ദുക്കള്‍ പ്രസ്തുത കത്തില്‍ വായിച്ചെടുക്കാനാവും. മൌദൂദിയുടെ ജന്മഗേഹമാണ് ഹൈദരാബാദ്. ആയുസ്സിന്റെ പകുതിയിലേറെ ഭാഗം അദ്ദേഹം കഴിച്ചുകൂട്ടിയത് അവിടെയാണ്. ആവശ്യപ്പെടാതെ ഇത്തരമൊരു ഉപദേശം നല്‍കുന്നത് ഹൈദരാബാദുമായുള്ള തന്റെ വ്യക്തിപരമായ ഈ ആത്മബന്ധത്തിന്റെയും ഇസ്ലാമികസാഹോദര്യത്തിന്റെയും താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നു കത്തിന്റെ ആമുഖത്തില്‍ മൌദൂദി വ്യക്തമാക്കുന്നുണ്ട്. തന്റെ നിര്‍ദേശങ്ങള്‍ ഉപരിപൂര്‍വമായി വായിച്ചുതള്ളാതെ ആലോചനാപൂര്‍വം പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന മൌദൂദി, ധാര്‍മികമായ ഉത്തരവാദിത്തം നിര്‍വഹിച്ചു എന്ന മനശ്ശാന്തിക്കു കൂടിയാണ് ഇങ്ങനെയൊരു കത്തെഴുതാന്‍ പ്രേരകമായതെന്നു കൂടി പറയുന്നു.

മൌദൂദിയെ തെറ്റായി വായിച്ചു ശീലിച്ചവര്‍ കരുതുക ഇന്ത്യന്‍ യൂനിയനെതിരേയുള്ള മുസ്ലിം ചെറുത്തുനില്‍പ്പിനു പിന്തുണ നല്‍കുന്നതായിരിക്കും ഈ കത്തെന്നാണ്. എന്നാല്‍, തികച്ചും വ്യത്യസ്തമായി സ്വതന്ത്ര നാട്ടുരാജ്യമായി നില്‍ക്കാതെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ച് ഇന്ത്യന്‍ യൂനിയനില്‍ ചേരാനാണ് മൌദൂദി ഹൈദരാബാദിലെ മുസ്ലിം നേതൃത്വത്തെ ഉപദേശിക്കുന്നത്. നൈസാം ഭരണകൂടത്തിന്റെ ദൌര്‍ബല്യങ്ങള്‍ കത്തില്‍ അദ്ദേഹം വിശദമായി വിശകലനം ചെയ്യുന്നുണ്ട്. ഭൂമിശാസ്ത്രപരമായ കിടപ്പ്സ്വതന്ത്ര നാട്ടുരാജ്യപദവിയെ എങ്ങനെയെല്ലാം പ്രതികൂലമായി ബാധിക്കുമെന്നു ഹൈദരാബാദിന്റെ സാമൂഹിക-സാംസ്കാരികാവസ്ഥയും ജനസംഖ്യാഘടനയുമൊക്കെ വിസ്തരിച്ച്, അപഗ്രഥിച്ചുകൊണ്ടുള്ള ഈ കത്ത് മൌദൂദിയിലെ രാഷ്ട്രീയ അതികായനെ അനാവരണം ചെയ്യുന്നതാണ്. അതു പൂര്‍ണമായി പകര്‍ത്താന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല. കത്തില്‍ മൌദൂദി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളുടെയും നിഗമനങ്ങളുടെയും സംക്ഷേപമാണ് ചുവടെ.

1. ഇന്ത്യയിലെയും ഹൈദരാബാദിലെയും രാഷ്ട്രീയ സ്ഥിതിഗതികള്‍ നിരീക്ഷിച്ചാല്‍ ഹൈദരാബാദിനെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കുന്നതിനെയോ അവിടെ ഉത്തരവാദ ഗവണ്‍മെന്റ് സ്ഥാപിക്കുന്നതിനേയൊ തടയാന്‍ നിങ്ങള്‍ക്ക് ഒരുവിധത്തിലും സാധിക്കുമെന്നു തോന്നുന്നില്ല. എന്തു തന്നെയായാലും അതു സംഭവിക്കുക തന്നെ ചെയ്യും. നിങ്ങളുടെ വിസമ്മതത്തിന് അതു തടയാനാവില്ല. തടയാന്‍ ശ്രമിക്കുകയാണെങ്കില്‍ മുസ്ലിംകളും സംസ്ഥാനവും ഒന്നിച്ചു തകരുകയായിരിക്കും ഫലം, ഇല്ലെങ്കില്‍ മുസ്ലിംകള്‍ മാത്രം തകരുകയും മുസ്ലിംകളെ ഉപയോഗിച്ചു സംസ്ഥാനം സ്വന്തം രക്ഷ കണ്െടത്തുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കാതിരിക്കുക എന്നതാണു യുക്തിയുടെ താല്‍പ്പര്യം. ഇന്ത്യന്‍ യൂനിയനില്‍ ചേരുകയും ഉത്തരവാദ ഭരണകൂടം സ്ഥാപിതമാവുകയും ചെയ്യുന്നതു ചുരുങ്ങിയത് മുസ്ലിം താല്‍പ്പര്യങ്ങള്‍ക്കു ഹാനികരമാവാതിരിക്കുന്നതിനു പുറമെ തങ്ങളുടെ ഉദ്ദിഷ്ട ലക്ഷ്യപ്രാപ്തിക്ക് ഉപകരിക്കത്തക്കവിധം മുസ്ലിംകള്‍ക്കു സ്ഥാനങ്ങള്‍ ലഭ്യമാക്കുക കൂടി ചെയ്യുന്ന ഒരു ധാരണയിലെത്താന്‍ ശ്രമിക്കുക എന്നതാണു കരണീയമായിട്ടുള്ളത്.

2. ഏറ്റുമുട്ടുന്നതിനു പകരം ഹൈദരാബാദ് മുസ്ലിംകളുടെ സംഘടനയായ അന്‍ജുമന്‍ ഇത്തിഹാദുല്‍ മുസ്ലിമീന്‍ സോപാധികം ഇന്ത്യന്‍ യൂനിയനില്‍ ചേരാനും സമ്പൂര്‍ണ ഉത്തരവാദ സര്‍ക്കാര്‍ സ്ഥാപിക്കാനും സന്തോഷപൂര്‍വം സമ്മതിക്കുകയാണെങ്കില്‍ ഈ ഘട്ടത്തില്‍ സ്റേറ്റ് കോണ്‍ഗ്രസ്സും ഇന്ത്യന്‍ യൂനിയനും അത്തരം ഉപാധികള്‍ അംഗീകരിക്കാനാണു സാധ്യത.

3. എന്റെ ദൃഷ്ടിയില്‍ ഇന്ത്യന്‍ യൂനിയനും സ്റേറ്റ് കോണ്‍ഗ്രസ്സും എളുപ്പം അംഗീകരിക്കാന്‍ സാധ്യതയുള്ള ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ക്കു ഫലപ്രദമായ ഉപാധികള്‍ താഴെ പറയുന്നതാണ്:

എ. സകാത്ത് സംഭരണ - വിതരണം, വഖ്ഫ് നടത്തിപ്പ്, വഖ്ഫ് വരുമാനങ്ങള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കല്‍, കുടുംബനിയമങ്ങള്‍, വ്യക്തിനിയമങ്ങള്‍ എന്നിവയ്ക്കു നിയമപരമായ ജുഡീഷ്യല്‍ അധികാരങ്ങള്‍ സ്റേറ്റിന്റെ ഭാവി ഭരണഘടനയില്‍ ഉറപ്പുവരുത്തുക (ഇത്തരം അവകാശങ്ങള്‍ മറ്റു വിഭാഗങ്ങളും ആവശ്യപ്പെടുകയാണെങ്കില്‍ അതിനെ എതിര്‍ക്കരുത്).

ബി. സ്വന്തം ചെലവില്‍ മതപാഠശാലകള്‍ സ്ഥാപിക്കാനും സ്വന്തം ചെലവില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മുസ്ലിം കുട്ടികള്‍ക്കു മതപഠന സംവിധാനമുണ്ടാക്കാനും അവകാശം നല്‍കുന്ന വകുപ്പു ഭരണഘടനയില്‍ ഉള്‍പ്പെടുത്തുക.

സി. സംസ്ഥാനത്തിനായി രൂപവല്‍ക്കരിക്കുന്ന അസംബ്ളിയിലേക്കോ പാര്‍ലമെന്റിലേക്കോ നടക്കുന്ന തിരഞ്ഞെടുപ്പു സംസ്ഥാനത്തെ ഏറ്റവും ചെറിയ ന്യൂനപക്ഷത്തിനു പോലും പ്രാതിനിധ്യം ലഭിക്കുംവിധം നിര്‍ബന്ധമായും ആനുപാതിക പ്രാതിനിധ്യ രീതിയിലുള്ളതായിരിക്കുക.

ഡി. മുസ്ലിംകള്‍ക്കു നേരത്തേ നല്‍കപ്പെട്ട അവകാശങ്ങള്‍ ഹനിക്കാന്‍ കഴിയാത്തവിധം ഭരണഘടനാ ഭേദഗതികള്‍ തടയുന്ന വകുപ്പ് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുക. ഉദാഹരണത്തിന്, ഭരണഘടനാ ഭേദഗതിക്കു ഹിതപരിശോധന നടത്തുകയും എണ്‍പതോ എണ്‍പത്തഞ്ചോ ശതമാനം വോട്ട് ലഭിക്കുകയും വേണമെന്നു ഭരണഘടനയില്‍ വ്യവസ്ഥപ്പെടുത്താവുന്നതാണ്.

ഇ. സര്‍ക്കാര്‍ വകുപ്പുകളില്‍ മുസ്ലിംകളുടെ അനുപാതം അവരുടെ ജനസംഖ്യാനുപാതത്തില്‍ നിന്നു താഴെയാവാതിരിക്കാനും അവരുടെ നേരെ വിവേചനം കാണിക്കാതിരിക്കാനുമുള്ള ഉറപ്പുകള്‍ വ്യവസ്ഥ ചെയ്യുക. ഇതോടൊപ്പം മുസ്ലിം രാഷ്ട്രീയപ്പാര്‍ട്ടി മുസ്ലിംകളെ മാത്രം ആശ്രയിക്കാതെ ഹിന്ദുക്കളിലേതടക്കം അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും വോട്ടുകള്‍ സമാഹരിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു പ്രവര്‍ത്തിക്കേണ്ടതാണ്.

63 വര്‍ഷം മുമ്പാണ് മൌദൂദി ഈ കത്തെഴുതുന്നത്. ജനാധിപത്യാധിഷ്ഠിത തിരഞ്ഞെടുപ്പിലും സര്‍ക്കാര്‍വകുപ്പ് ഉദ്യോഗങ്ങളിലും  മുസ്ലിം പങ്കാളിത്തത്തെ വിലക്കിയതിന് പ്രതിസ്ഥാനത്ത്, സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത വായനയിലൂടെ മൌദൂദിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നവര്‍ ശ്രദ്ധിച്ചുവായിക്കേണ്ടതാണ് സി, ഇ എന്നീ ഇനങ്ങളില്‍ അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍. അതില്‍ അസംബ്ളി-പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നതിനെയും രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനെയും പറ്റിയാണ് അദ്ദേഹം പറയുന്നത്. അത്തരം ഒരു പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അതു കേവലം സാമുദായിക പാര്‍ട്ടിയായി പരിമിതപ്പെടാതെ ഹിന്ദുക്കളിലേതടക്കം അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നു കൂടി അദ്ദേഹം പറയുന്നു. ആനുപാതിക പ്രാതിനിധ്യത്തെപ്പറ്റി പറയുമ്പോഴും ഏറ്റവും ചെറിയ ന്യൂനപക്ഷത്തിനു പോലും പ്രാതിനിധ്യം ലഭിക്കത്തക്ക വിധമായിരിക്കണം അതെന്നാണ് അദ്ദേഹം ഊന്നുന്നത്. ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മുസ്ലിം നിയമനം ഉറപ്പാക്കാനും മൌദൂദി ആവശ്യപ്പെടുന്നു.

പൊള്ളയായ കോലാഹലം മൌദൂദിയെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി തള്ളിപ്പറഞ്ഞു എന്നാണ് ഇപ്പോള്‍ നടക്കുന്ന വലിയ ഒരു കോലാഹലം. ശരിയാണ്, മൌദൂദിയെ ജമാഅത്ത് പ്രവൃത്തിപഥത്തില്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. പക്ഷേ, അത് ഇപ്പോഴല്ലെന്നു മാത്രം. ഇതിനു മുമ്പാണ്. ആറു പതിറ്റാണ്ടുകള്‍ പാഴാക്കി ഇപ്പോഴാണവര്‍ മൌദൂദിയിലേക്കു തിരിച്ചെത്തുന്നത് എന്നതല്ലേ യാഥാര്‍ഥ്യം? ഇന്ത്യാ വിഭജനവേളയില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഒരു കര്‍മപരിപാടി നിശ്ചയിച്ചുകൊണ്ട് മദ്രാസില്‍ മൌദൂദി സുദീര്‍ഘമായൊരു പ്രസംഗം ചെയ്തിട്ടുണ്ട്. വിഭജനാനന്തരം ഇന്ത്യയില്‍ മുസ്ലിംകള്‍ നേരിടാന്‍ പോവുന്ന ഭീഷണികളും വെല്ലുവിളികളും ഈ പ്രസംഗത്തില്‍ അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ ദേശീയതയ്ക്കു പയ്യെപ്പയ്യെ ഹൈന്ദവ സാംസ്കാരിക ദേശീയതയുടെ നിറപ്പകര്‍ച്ച സംഭവിക്കുന്നത്, സോഷ്യലിസത്തിന്റെ മുന്നേറ്റം, പതനം, അക്കാലത്തു തന്നെ യുദ്ധങ്ങളില്‍ സൈനികസേവനമനുഷ്ഠിച്ചും വിദേശവരുമാനം സമ്പാദിച്ചും സുസ്ഥിതി പ്രാപിച്ച ചമറുകള്‍ തങ്ങളുടെ ആടയാഭരണങ്ങള്‍ അണിയുന്നു എന്നുപറഞ്ഞു ഗുജ്ജാര്‍, ജാട്ട് മേല്‍ജാതിക്കാര്‍ കലാപത്തിനിറങ്ങിയതു ചൂണ്ടിക്കാട്ടി സാമൂഹിക-സാമ്പത്തികരംഗങ്ങളില്‍ മേല്‍ത്തട്ടില്‍ പിറന്നുവീണ വരേണ്യവര്‍ഗം മേല്‍ക്കൈ നേടുന്നത്, ജാതിരാഷ്ട്രീയം വളര്‍ന്നു ഹിന്ദുത്വശക്തികള്‍ക്കിടയിലെ ആഭ്യന്തരവൈരുധ്യങ്ങള്‍ മൂര്‍ച്ഛിക്കുന്നത് തുടങ്ങി പ്രവചനാത്മകമായ നിരവധി നിഗമനങ്ങളിലൂടെ ഈ പ്രസംഗം കടന്നുപോവുന്നു. വര്‍ത്തമാന ഇന്ത്യയുടെ നേര്‍ ചിത്രമാണ് ഈ പ്രസംഗത്തില്‍ തെളിയുന്നത്.

ഒരിടത്ത് അദ്ദേഹം പറയുന്നു: "ഇസ്ലാമില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്കും അതിനുവേണ്ടി പണിയെടുക്കുന്നവര്‍ക്കും ക്ഷേമവും ഐശ്വര്യവും ലഭിക്കുന്നതോ പോവട്ടെ, ജീവിതാവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ പോലും നന്നായി വിയര്‍ക്കേണ്ടിവരും. അവരുടെ ഇസ്ലാം ആഭിമുഖ്യത്തിനും ആത്മാഭിമാനബോധത്തിനും ക്ഷതമേറിക്കൊണ്ടിരിക്കും. ഇസ്ലാമിന്റെ അടയാളങ്ങള്‍ തുടച്ചുനീക്കപ്പെടുന്നതു മാത്രമല്ല, പരസ്യമായി അവഹേളിക്കപ്പെടുന്നതും അവര്‍ക്കു കാണേണ്ടിവരും. ഈ പരിതസ്ഥിതിയില്‍ അസാധാരണ ക്ഷമയും ഇച്ഛാശക്തിയും നല്ല വിവേകവും നയചാതുരിയും ഉള്ളവര്‍ക്കു മാത്രമേ ഇസ്ലാമിക പരിവര്‍ത്തനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനാവുകയുള്ളൂ.''

എന്തുകൊണ്ടു സര്‍ക്കാര്‍ ഉദ്യോഗങ്ങളോടു വൈമുഖ്യം പുലര്‍ത്തി എന്നതിന്റെ കാരണവും മദ്രാസ് പ്രസംഗം വ്യക്തമാക്കുന്നുണ്ട്: "പഴയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ വാശിപിടിക്കുന്നതു വിനാശകരമായിരിക്കും. കാരണം, തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള മുസ്ലിംകളുടെ ശ്രമം ഹിന്ദുക്കളുടെ വര്‍ഗീയ മുന്‍വിധികളെ കൂടുതല്‍ ഊട്ടിയുറപ്പിക്കുകയേയുള്ളൂ. അതിനാല്‍, സര്‍ക്കാരില്‍ നിന്നോ അധികാരകേന്ദ്രങ്ങളില്‍ നിന്നോ ഒരു സമുദായമെന്ന നിലയില്‍ ഒന്നും ലഭിക്കാനില്ല എന്ന കാര്യം മുസ്ലിംകള്‍ക്കിടയില്‍ വ്യാപകമായി ഒരു പൊതുജനാഭിപ്രായം സൃഷ്ടിക്കാന്‍ നാം ശ്രമിക്കണം. അതുപോലെ ഹിന്ദുദേശീയവാദത്തോടു മല്‍സരിക്കുന്ന ഒരു മുസ്ലിം ദേശീയത ഇല്ലെന്ന കാര്യം സ്വന്തം മനോഭാവത്തിലൂടെ അവരെ ബോധ്യപ്പെടുത്താനും മുസ്ലിംകള്‍ക്കു കഴിയണം. അമുസ്ലിം ഭൂരിപക്ഷത്തിന് ഇസ്ലാമിന്റെ പേരിലുള്ള അത്യസാധാരണമായ മുന്‍വിധികള്‍ നീക്കാന്‍ അതു മാത്രമേ വഴിയുള്ളൂ.''

ഇന്ത്യയുടെ മണ്ണില്‍ ഒട്ടിനിന്നു പ്രവര്‍ത്തിക്കാനാണ് ഇന്ത്യയില്‍ അവശേഷിക്കാനിടയുള്ള മുസ്ലിംകളെ മദ്രാസ് പ്രഭാഷണത്തില്‍ മൌദൂദി ആഹ്വാനം ചെയ്യുന്നത്: "നമ്മുടെ സംഘടനയുടെ പ്രവര്‍ത്തനരംഗം ദൈവം നമ്മുടെ ശാന്തിക്കായി കനിഞ്ഞുനല്‍കിയ ഈ രാജ്യം തന്നെയാണ്. നാം ജനിച്ചുവളര്‍ന്ന മണ്ണുതന്നെയാണ് സ്വാഭാവികമായും നമ്മുടെ കര്‍മമണ്ഡലം. ഏതു ഭാഷയും ജീവിതരീതിയുമാണോ നാം നമ്മുടേതായി സ്വീകരിച്ചിരിക്കുന്നത്, ഏതു ജനവിഭാഗത്തിന്റെ മനോഘടനയുമായാണോ നാം താദാത്മ്യം പ്രാപിച്ചിരിക്കുന്നത്, ഏതു സമൂഹവുമായാണോ നമുക്കു ജന്മബന്ധമുള്ളത്, അവിടം തന്നെയാണ് നമ്മുടെ കര്‍മഭൂമി. പ്രവാചകന്‍മാര്‍ക്കു പോലും ദൈവം കര്‍മമണ്ഡലമായി നിശ്ചയിച്ചതു സ്വന്തം ദേശമാണ്.''

മൌലാനാ ആസാദിനെ ഒഴിച്ചുനിര്‍ത്തിയാല്‍ വിഭജനത്തിനെതിരേ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുയര്‍ത്തിയ മറ്റൊരു മുസ്ലിം നേതാവാണു മൌദൂദി. വസ്തുനിഷ്ഠമായ മൂന്നു കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് മൌദൂദി വിഭജനത്തെ എതിര്‍ത്തതെന്നു സുദാനി പത്രപ്രവര്‍ത്തകനായ അഹ്മദ് ഉമറാബി ചൂണ്ടിക്കാണിക്കുന്നു: "ഒന്ന്, ചരിത്രപരം. ബ്രിട്ടീഷ് രാജിന്റെ ആഗമനം വരെ 18ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 19ാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ഇന്ത്യ മുസ്ലിം ഭരണത്തിന്‍ കീഴിലായിരുന്നു. രണ്ട്, വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തെ സമഗ്രമായി സ്പര്‍ശിക്കുന്ന ഒരു വ്യവസ്ഥ എന്ന നിലയ്ക്കു ഹിന്ദുമതത്തെക്കാളുപരി നിലനില്‍പ്പിനുള്ള ഘടകങ്ങള്‍ ഇസ്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. മൂന്ന്, നീതിയുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തില്‍ ഊന്നുന്ന ഇസ്ലാമിനു ഹൈന്ദവ ബഹുജനങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കും. വിശിഷ്യാ അവര്‍ണജാതികളെ. കാരണം, ജനനത്തിന്റെ അടിസ്ഥാനത്തില്‍ തട്ടുകളായി തിരിച്ചുകൊണ്ടുള്ള ജാതിയുടെ മേലെയാണ് ഹിന്ദുമതം നിലനില്‍ക്കുന്നത്. ചൊട്ടമുതല്‍ ചുടല വരെ അവര്‍ണന്‍ അവര്‍ണന്‍ തന്നെ. ഒരിക്കലും അവനു മേല്‍ജാതിയുടെ ശ്രേണിയിലെത്താനാവില്ല. വ്യത്യസ്തമാണ് ഇസ്ലാമിലെ സ്ഥിതി. ഇസ്ലാമില്‍ ശ്രേഷ്ഠതയുടെ മാനദണ്ഡം ജീവിതവിശുദ്ധിയും ധാര്‍മികമായ ഔന്നത്യവുമാണ്. മുസ്ലിംകള്‍ ഹിന്ദുക്കളോടൊപ്പം ഒരേ രാജ്യത്തുതന്നെ തുടരുകയാണെങ്കില്‍ ബഹുജനമധ്യേ സമാധാനപരമായ രൂപത്തില്‍ ക്രമപ്രവൃദ്ധമായി ഇസ്ലാം വ്യാപിക്കുമെന്ന് ഈ കോണിലൂടെ മൌദൂദി വിലയിരുത്തി.''
മുസ്്ലിം ഗ്രഹണകാലത്തെ തലപ്പാവു വച്ച കുശ്മാണ്ഡ ബുദ്ധികളില്‍നിന്നും കൂപമണ്ഡുകങ്ങളായ രാഷ്ട്രീയനേതൃത്വങ്ങളില്‍ നിന്നും എത്രയോ ഉയരത്തിലാണ് മൌദൂദി. അറുപതാണ്ടുകള്‍ ഉറങ്ങിത്തീര്‍ത്ത ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയിലെ റിപ് വാന്‍ വിങ്കിളുമാരെ പോലെ സ്വന്തം അഭിപ്രായങ്ങളുടെ തടവുകാരനുമായിരുന്നില്ല മൌദൂദി. മൌദൂദി അര്‍ഹിക്കുന്ന വിമര്‍ശനം ഇനിയും ഉണ്ടായിട്ടുവേണമെന്നത് എത്രയോ ശരി. 'മൌദൂദികള്‍' തന്നെയായിരുന്നു അതു ചെയ്യേണ്ടിയിരുന്നത്. പക്ഷേ, അതിനുള്ള ആംപിയര്‍ അവരില്‍ നിന്നു പ്രതീക്ഷിക്കാന്‍ വയ്യ. കൊളോണിയല്‍ മതേതര യുക്തിയുടെ ചക്കില്‍ കറങ്ങുന്ന പതിവു മൌദൂദി വിമര്‍ശകരാവട്ടെ, വിമര്‍ശനമെന്ന പേരില്‍ വാചകക്കസര്‍ത്തു നടത്താനല്ലാതെ ഒരു സംവാദത്തിലേക്കു വരാനുള്ള ജനിതകഘടന നഷ്ടപ്പെട്ടവരുമാണ്. മുന്‍വിധികള്‍ മാറ്റി അക്കാദമിക താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി അത്തരമൊരു ചര്‍ച്ചയ്ക്കു മുന്‍കൈ എടുക്കുന്ന ബുദ്ധിജീവികളുടെ അഭാവം മലയാളത്തിന്റെ നിര്‍ഭാഗ്യമാണ്. അത്തരമൊരു ബുദ്ധിജീവി വരുന്നതു വരെ ജേണലിസ്റിക് ഗിമ്മിക്കുകള്‍ ഇനിയും തുടരും!       

N.B. ഈ ലേഖനമുള്ളത് ഇവിടെയാണ്.
                                  

ചൊവ്വാഴ്ച, ജൂൺ 22, 2010

രാഷ്ട്രീയത്തില്‍ ഇസ്‌ലാഹികളുടെ നിലപാടില്ലായ്മ

ദീനിനെയും ദുന്യാവിനെയും ഇസ്‌ലാമിക രാഷ്ട്രീയത്തെയും വിലയിരുത്തുന്നതില്‍ മുജാഹിദ് പണ്ഡിതന്‍മാര്‍ക്കടക്കം ഗുരുതരമായ പാളിച്ച സംഭവിച്ചിരിക്കുന്നു എന്നത് വ്യക്തം. കാരണം അവര്‍ നല്‍കുന്ന വ്യാഖ്യാനം വിശുദ്ധഖുര്‍ആനോ പ്രവാചക ചര്യക്കോ യോജിക്കുന്നില്ല എന്നതാണ് ഒരു പ്രശ്‌നം. മറ്റൊന്ന് ഇസ്‌ലാമിന്റെ സമഗ്രതയെ ചോദ്യം ചെയ്യുകയും ഇസ്‌ലാമിനെ അപ്രായോഗികമായ ഒരു ദീനാക്കി മാറ്റുകയും ചെയ്യുന്നു. അതിലൂടെ മനുഷ്യകുലത്തോട് വലിയ അപരാധമാണ് അവര്‍ ചെയ്തത്. സേവനമല്ല. ലോകം ഒരു സമ്പൂര്‍ണ വ്യവസ്ഥക്ക് വേണ്ടി തേടിക്കൊണ്ടിരിക്കെ. അത്തരം അമൂല്യമായ ഒരു ജീവിത പദ്ധതി കയ്യിലുണ്ടായിട്ടും. അതിന്റെ ആത്മീയ രംഗം മാത്രം പരിചയപ്പെടുത്തി തൗഹീദെന്നാല്‍ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാതിരിക്കലാണെന്ന് ചുരുക്കിക്കെട്ടി. ജീവിത ബന്ധിയായ മുഴുവന്‍ കാര്യങ്ങളും ഇതര വ്യവസ്ഥകള്‍ക്ക് (ദീനുകള്‍ക്ക് വിട്ടുകൊടുത്ത്) സ്വസ്തമായി തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് തൗഹീദിന് വേണ്ടിയുള്ള പ്രവര്‍ത്തനമെന്നും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ ഇസ്്‌ലാമിക പ്രസ്ഥാനം മുന്നിട്ടിറങ്ങിയ കാര്യങ്ങളിലെല്ലാം യുക്തിവാദികളോടൊപ്പവും മതനിഷേധികളോടൊപ്പം കൂടി ജമാഅത്തില്‍ ഒളിയജണ്ട ആരോപിക്കാന്‍ ഒരു സലഫി പണ്ഡിതനും അല്‍പം മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടുന്നില്ല. ഇനി ചിലര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ തന്നെ അവര്‍ നിശബ്ധരായി തങ്ങളുടെ മതത്തെ ഒറ്റികൊടുക്കുന്നു.

സലഫി പണ്ഡിതന്‍മാര്‍ക്ക് ജമാഅത്തിന്റെ നിലപാടുകളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാം. എന്നാല്‍ ഒരു ലോകപണ്ഡിതനെ അഥവാ മൗദൂദിയെ ഭീകരവാദത്തിന്റെ കാരണമായി അവതരിപ്പിക്കുമ്പോള്‍ അതിന്റെ വ്യക്തമായ തെളിവുകള്‍ ഹാജറാക്കാന്‍ കഴിയാതെ അത് ചെയ്യുന്നത്. അദ്ദേഹം ഇസ്‌ലാമിന് ഒരു പുതിയ വ്യാഖ്യാനവും നല്‍കിയിട്ടില്ല. പൂര്‍വികരായ പണ്ഡിതന്‍മാര്‍ നല്‍കിയ വ്യാഖ്യാനമല്ലാതെ.

രാഷ്ട്രവും മതവും വേര്‍പിരിക്കുന്ന സമ്പ്രദായം ഇസ്‌ലാമിന് അന്യമാണ്. ആധുനിക കാലഘട്ടത്തില്‍ ക്രൈസ്തവ മത പൗരോഹ്യത്യത്തിന്റെ അമിതമായ സ്വാതന്ത്ര്യനിഷേധത്തിനെതിരെ രൂപം കൊണ്ട പുതിയ സിദ്ധാന്തം ചില മുസ്‌ലിം രാജ്യങ്ങളും അവിടെയുള്ള ക്ഷമാപണ മനസ്‌കരായ പണ്ഡിതന്‍മാരും ഏറ്റെടുക്കുകയായിരുന്നു. മുസ്‌ലിം രാജ്യങ്ങളെ തങ്ങളുടെ കോളനികളാക്കി ഭരിക്കാന്‍ അവര്‍ ഈ തത്വം പ്രയോജനപ്പെടുത്തി. പാശ്ചാത്യര്‍ തങ്ങളുടെ സൗകര്യത്തിന് മുസ്ലിംകള്‍ക്കിടയില്‍ അവര്‍ ബോധപൂര്‍വം അത് പ്രചരിപ്പിക്കുകയായിരുന്നു എന്നതാണ് സത്യം. അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകളാണ് 1920 മുതല്‍ രൂപപെട്ട ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍. സത്യത്തില്‍ അവര്‍ നിര്‍വഹിച്ചത്. പുരോഗതിക്കും മനുഷ്യമൂല്യങ്ങള്‍ക്കും എതിരായിരുന്നില്ല. മനുഷ്യന്റെ ഭൗതികപുരോഗതിയോടൊപ്പം സമൂഹത്തിന്റെ സുഖമായ സഞ്ചാരത്തിന് ദൈവദത്തമായ മാര്‍ഗം കാണിച്ചുകൊടുക്കുന്ന അതുല്യമായ പ്രവര്‍ത്തനമായിരുന്നു. അതിനെയാണ് ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യാഖ്യാനം എന്ന് കേരളത്തിലെ മുജാഹിദ് വിഭാഗം സമരം പ്രഖ്യാപിച്ചത്.

ഇസ്‌ലാമിന്റെ വളരെ സുപ്രധാനവും മനുഷ്യജീവിതവുമായി നേര്‍ക്ക് നേരെ ബന്ധപ്പെടുന്നതുമായ ഭാഗങ്ങളുടെയൊക്കെ പ്രധാന്യം കുറച്ച് പരിചയപ്പെടുത്താന്‍ ഈ തെറ്റിദ്ധാരണ അവരെ പ്രേരിപ്പിച്ചു. തങ്ങളുടെ കീഴില്‍ അണിനിരന്ന ലക്ഷക്കണക്കിന് വിശ്വാസികളെ ഇസ്‌ലാമിന്റെ യഥാര്‍ഥ വെളിച്ചം നല്‍കുന്നതിലും. യഥാര്‍ഥ ഇസ്‌ലാമിക സംരഭങ്ങളോടുള്ള അതികഠിനമായ വിദ്വേഷം വളര്‍ത്തുന്നതിലും അവരുടെ പ്രവര്‍ത്തനം ഹേതുവായി. ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ട് എന്ന ചോദിച്ചാല്‍ ഉണ്ട്. പ്രബോധനം ചെയ്യുമ്പോള്‍ അത്തരം ഒരു കാര്യം മറച്ചുവെക്കണോ. അതിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് എത്രമാത്രം പ്രായോഗിക രൂപം കാണാം. ഇന്നത്തെ കാലത്ത് അവ പ്രബോധനം ചെയ്യുന്നത് അപകടകരമാണോ എന്ന കാര്യങ്ങളിലൊക്കെ തെറ്റായ സമീപനമാണ് അതിന്റെ ഫലമായി ഉണ്ടായത്. അതുകൊണ്ട് ഇസ്‌ലാമില രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ പൂര്‍ണമായ നിയമനിര്‍ദ്ദേശങ്ങള്‍ നല്‍കപ്പെടാത്തതിനാല്‍ (അത് തെറ്റാണ് എന്ന് കഴിഞ്ഞ പോസ്റ്റില്‍നിന്ന ഗ്രഹിക്കാം) കൃഷി പോലെയും കച്ചവടം പോലെയും മനുഷ്യന് ഇഷ്ടം പോലെയും സൗകര്യം പോലെയും തീരുമാനിക്കാവുന്ന ഭൗതിക കാര്യമാണ് എന്ന് പറഞ്ഞുവെച്ചു. പക്ഷെ അത് പലപ്പോഴും തങ്ങള്‍ പഠിപ്പിക്കുന്ന ഖുര്‍ആനുമായി യോജിക്കാത്തതുകൊണ്ടായിരിക്കാം ചിലപ്പോള്‍ സകാത്ത് പോലെയാണെന്നും. സകാത്ത് നല്‍കാന്‍ സമ്പത്ത് ഉണ്ടാക്കേണ്ട ആവശ്യമില്ലാത്ത പോലെ. ഇസ്്‌ലാമില്‍ ഭരണപരവും ക്രിമിനല്‍ സിവില്‍ നിയമങ്ങളുണ്ടെങ്കിലും അവ നടപ്പിലാക്കാന്‍ വേണ്ടി പണിയെടുക്കേണ്ടതില്ലെന്നും വാദിച്ചു. (അതിലും ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു. രാജ്യത്ത് എത്രയും പെട്ടെന്ന് ഇസ്‌ലാമിലെ ക്രിമിനല്‍ ശിക്ഷാവിധികള്‍ നടപ്പിലാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കണം എന്നല്ല ജമാഅത്ത് പറയുന്നത് നേരെ മറിച്ച് അതടക്കമുള്ള ഇസ്്‌ലാമിനെ പ്രബോധനം ചെയ്യണം എന്നാണ്.). അപ്പോള്‍ അത് വരെ ഇസ്‌ലാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടേണ്ടതില്ല എന്നാണ് വരിക.

പിന്നെ എപ്പോഴാണ് ഇസ്‌ലാമിലെ രാഷ്ട്രീയം പ്രസക്തമാകുക എന്ന ചോദിച്ചാല്‍ ഒരു രാജ്യത്തിലെ ഭൂരിപക്ഷം സ്വയം നിര്‍ണയാവകാശമുള്ള വിധം ഭൂരിപക്ഷമാകുകയും ഭരണം അവരുടെ കൈവശം വന്നുചേരുകയും ചെയ്താല്‍ അപ്പോള്‍ ഭരണ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ളതാണ് ഇസ്‌ലമിലെ രാഷ്ട്രീയ നിയമങ്ങള്‍. ഇത്തരം കാര്യങ്ങള്‍ ജമാഅത്തിനെ എതിര്‍ക്കാന്‍ തട്ടിവിടുമ്പോള്‍ അതിലെ പ്രായോഗികതയെക്കുറിച്ച് അവര്‍ ചിന്തിക്കാറില്ല. തല്‍കാലം ജമാഅത്തിന്റെ വായടക്കണം അത്രയേ ലക്ഷ്യമുള്ളൂ. ഇന്ന് മുജാഹിദ് പ്രസ്ഥാനം പ്രവര്‍ത്തിക്കുന്ന പോലെ പ്രവര്‍ത്തിച്ച് മുസ്‌ലിംകള്‍ ശിര്‍ക്ക് ബിദ്അത്തില്‍നിന്ന് മുക്തമാകുകയും അതിന് ശേഷം കാര്യമായിട്ടും അതിന് മുമ്പ് നിച്ച് ഓഫ് ട്രൂത്തിലൂടെയും മറ്റും മൂസ്‌ലിംകള്‍ ഭൂരിപക്ഷമാകുകയും ചെയ്യും. അതുവരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും അംഗത്വമെടുത്ത് രാഷ്ട്രീയമായി ഭൂരപക്ഷം വരുകയും അങ്ങനെ ഒട്ടേറെ ആളുകള്‍ പലപാര്‍ട്ടികളില്‍നിന്ന വിജയിച്ച് പാര്‍ലമെന്റിലെത്തുകയും ചെയ്താല്‍ വിവിധ പാര്‍ട്ടികളില്‍ പെട്ട മുസ്ലിംകള്‍ അവിടെ വെച്ച് ഒന്നായി തീരുമാനിക്കുന്നു. ഇനി ഇപ്പോള്‍ നമ്മുക്ക് എല്ലാം കൂടി ചേര്‍ന്ന് ഭരണത്തിന്റെ അടിസ്ഥാനം ഇസ്‌ലാമിക നിയമങ്ങള്‍ക്ക് നല്‍കാം. ഇതാണ് മേല്‍പറഞ്ഞതിന്റെ പ്രായോഗിരൂപമെന്ന് ഇസ്‌ലാഹികള്‍ വിശദീകരിച്ചിട്ടില്ല. ഇതല്ലാതെ അതിനൊരു രൂപം ഞാന്‍ ചിന്തിച്ചിട്ട് കാണുന്നില്ല. ഇസ്‌ലാമിന്റെ രാഷ്ട്രീയത്തെ കുറിച്ച് മിണ്ടാതെ ഒരു സുപ്രഭാതത്തില്‍ അപ്രകാരം ലഭിച്ച ഒരു രാജ്യമുണ്ട് നമ്മുടെ അടുത്ത് പാകിസ്ഥാന്‍ അവിടെ ആളുകള്‍ കൂടിയാലോചിച്ച് അത്തരമൊരു തീരുമാനത്തിലെത്തിയോ എന്ന് പരിശോധിക്കാവുന്നതാണ്.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ്. ഇസ്‌ലാഹികളുടെ മൂന്നാമത്തെ വീക്ഷണം. അതിങ്ങനെ സംഗ്രഹിക്കാം. ഇസ്്‌ലാമിക രാഷ്ട്രീയം ഇപ്പോഴും പ്രസക്തമാണ്. (കാര്യങ്ങളൊക്കെ നിങ്ങള്‍ പറയുന്നത് പോലെത്തന്നെയാണ് എന്ന് ചുരുക്കം) പക്ഷെ അതിന് നിങ്ങള്‍ സ്വീകരിച്ച നടപടി സമൂഹത്തില്‍ കുഴപ്പം ഉണ്ടാകുന്നതാണ്. ഞങ്ങളതിന് ചെയ്യുന്നത്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഗുണകരമാകുന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുക എന്നതാണ്. ലീഗാണ് അത് പറഞ്ഞ പ്രസ്തുത മാന്യന്‍ ഉദ്ദേശിച്ചത് എന്ന് തുടര്‍ഭാഗത്ത് നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. ഇത് അദ്ദേഹത്തിന്റെ വ്യക്തപരമായ ഇജ്തിഹാദായതിനാല്‍ അദ്ദേഹം ഇക്കാര്യത്തില്‍ ഒരു സുരക്ഷിത പക്ഷത്താണ് എന്ന് പറയാം. ലീഗിന് വോട്ടുചെയ്തതുകൊണ്ടല്ല മറിച്ച് ഇസ്്‌ലാമികമായ ഒരു തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടത് എന്ന് അദ്ദേഹം ചിന്തിച്ചത് കൊണ്ട്‌.

എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. ഇത്ര അന്തം കെട്ടതും ഇസ്‌ലാമിക പ്രമാണങ്ങളോടും അതിന്റെ ആത്മാവിനോടും ഒരു നിലക്കും യോജിക്കാത്തതും ഇസ്‌ലാമില്‍ സംശയം ജനിപ്പിക്കുന്നതുമായ ഈ ക്ഷമാപണമനസ്സ് സ്വീകരിക്കുന്നതിന്റെ യുക്തി എന്താണ്. അത് മാത്രം ഒന്ന് ഇസ്‌ലാഹി സുഹൃത്തുക്കള്‍ വിശദീകരിക്കണം. എന്തുകൊണ്ട് ഇസ്‌ലാം രാഷ്ട്രീയമടക്കമുള്ള ഒരു സമഗ്രദര്‍ശനമാണ് എന്ന് പ്രബോധനത്തിന്റെ ആദ്യം മുതല്‍തന്നെ പരിചയപ്പെടുത്തിക്കൂടാ. നിങ്ങള്‍തന്നെ ഇസ്‌ലാമിലെ രാഷ്ട്രീയം ആധുനിക യുഗത്തിന് യോജിച്ചതല്ല എന്ന് കരുതുന്നുവോ. എങ്കില്‍ അത് തുറന്ന് പറയണം.

ഇത്തരം ഒരു സാഹചര്യം തന്നെയാണ് ജമാഅത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്. എതിര്‍പ്പുകള്‍ പ്രതീക്ഷിക്കുന്നു. എല്ലാ തലത്തില്‍നിന്നും. പക്ഷെ അത് മുന്നോട്ട് വെക്കുന്ന ആശയത്തിന്റെ അപകടം മനസ്സിലാക്കിയത് കൊണ്ടല്ല. ജമാഅത്തിന്റെ പ്രവര്‍ത്തനത്തില്‍ എതിര്‍ക്കപ്പെടേണ്ട വല്ലതുമുണ്ടെന്ന് അനുഭവത്തിലൂടെ അറഞ്ഞത് കൊണ്ടുമല്ല. കിനാലൂരില്‍ കണ്ടതുപോലെ സകലമാന അധര്‍മവും പുറത്തെടുത്ത് ഈ ജീവിതം തങ്ങള്‍ക്ക് മാത്രം എങ്ങനെ സുഖകരമാക്കിമാറ്റാം എന്ന് ചിന്തികുന്ന ഒരു വിഭാഗം സമ്പന്നരും. അവര്‍ക്കെതിരെ നില്‍ക്കാന്‍ ധൈര്യമില്ലാത്ത ഭരണകൂട പ്രതിനിധികളും. അവരിലൂടെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഭാഗവും ഏതെങ്കിലും കാലത്ത് സ്വയം ഇല്ലാതെയാകും എന്ന് കരുതാത്തതിനാല്‍ എതിര്‍പ്പുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഭയപ്പെടാന്‍ അര്‍ഹര്‍ ഇവരല്ല. ഇവരെയും നമ്മെയും വീക്ഷിക്കുന്ന സര്‍വാധിനാഥന്‍ വേറെയുണ്ടെന്ന ചിന്തയുള്ളതിനാല്‍ ജമാഅത്തിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കപ്പെടുന്നത് വരെ അവരറിഞ്ഞ സത്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും എന്നെനിക്കുറപ്പുണ്ട്. ഇക്കാര്യത്തില്‍ ഞങ്ങളുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നതാരായാലും അവരുടെ അന്തിമ വിധി തീരുമാനിക്കാന്‍ പ്രപഞ്ചസ്രഷ്ടാവായ ദൈവം മതിയായവനാണ്.

തിങ്കളാഴ്‌ച, ജൂൺ 21, 2010

ജമാഅത്തുകാരും മുജാഹിദുകളും തമ്മിലുള്ള വ്യത്യാസം

ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമെന്താണെന്ന ചോദ്യം വളരെ പ്രസക്തമാണ്. വ്യത്യാസം എന്തുതന്നെയായാലും അത് പ്രകടമാക്കുന്നത് രണ്ട് വിഭാഗത്തിന്റെയും രാഷ്ട്രീയ നിലപാടിലാണെന്നത് ആരും അംഗീകരിക്കുന്ന വസ്തുതയാണ്. അതുകൊണ്ട് നമ്മുക്ക് ഇരുവിഭാഗത്തിന്റെയും വാദം അതിന് വേണ്ടി പരിശോധിക്കേണ്ടതുണ്ട്. മുഹമ്മദ് യുസുഫ് എന്ന ഇസ്‌ലാഹി ബ്ലോഗര്‍ നല്‍കിയ വാചകങ്ങളെയാണ് ഞാന്‍ അതിന് സ്വീകരിച്ചിരിക്കുന്നത്. മുജാഹിദ് സാഹിത്യങ്ങളില്‍ വായിച്ച വാദങ്ങളുമായി അതിന് യോജിപ്പുതോന്നുന്നതിനാല്‍ ഇത് ചര്‍ചക്കായി എടുക്കുകയാണ് വിയോജിപ്പുള്ളവര്‍ക്ക് അറിയിക്കുകയും ചെയ്യാമല്ലോ. അതല്ലാതെ ഇസ്‌ലാഹികളുടെ ഇത്തരത്തിലുള്ള വീക്ഷണം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്ന ഔദ്യോഗിക രേഖകളൊന്നും ലഭ്യമല്ല എന്നാണ് എനിക്ക് തോന്നുന്നത്. സഹോദരന്‍ യൂസുഫ് അക്കാര്യം ഇങ്ങനെ വിശദീകരിക്കുന്നു:
 
"ജമാഅത്തുകാരും മുജാഹിദുകളും തമ്മിലുള്ള പ്രധാന വ്യത്യാസം, ജമാഅത്തെ ഇസ്ലാമി പറയുന്നു, ഇസ്ലാം രാഷ്ട്രീയമാണ്, ഭരണമാണ് എന്നതും മുജാഹിദ് പറയുന്നത് മുകളിൽ സൂചിപ്പിച്ചത് പോലെ ഇസ്ലാം എന്നാൽ രാഷ്ട്രീയമോ ഭരണമോ അല്ല എന്നാൽ ഇസ്ലാമിൽ രാഷ്ട്രീയ ഭരണ നിയമങ്ങളുണ്ട് എന്നതുമാണ്. ഒന്ന് വിശദമാക്കിയാൽ, കച്ചവടം ദുനിയാവിന്റെ കാര്യമാണ്. എങ്കിലും അത് എങ്ങിനെയാകണം എങ്ങിനെ ആയിക്കൂടാ എന്ന കാര്യത്തിൽ ഇസ്ലാം നിയമങ്ങൾ വെച്ചിട്ടുണ്ട് എന്നത് പോലെ. കച്ചവടം നമസ്കാരം പോലെയുളള ഒരു മതകര്യമല്ല. നമസ്കാരം തുടങ്ങിയവ അല്ലാഹുവും അവന്റെ പ്രവാചകനും പഠിപ്പിച്ച രൂപത്തിലായിരിക്കണം കച്ചവടത്തിൽ പുതിയ മാറ്റങ്ങളും കൂട്ടിചേർക്കലുമൊക്കെ ആകാം. ഭരണത്തിന്റെ കാര്യവും ഇതിൽ നിന്നും വ്യത്യസ്തമല്ല. ഭരണ സംബന്ധമായി ഇസ്ലാം നിയമ നിർദേശങ്ങൾ വെച്ചിട്ടുണ്ടെങ്കിലും ഭരണ നിർവാഹണരീതിയിൽ നിയമ വിരുദ്ധമല്ലാത്ത പരിഷ്കാരങ്ങളും ആകാവുന്നതാണ്.

രാഷ്ട്രീയം പോലെ ഇനി ഭൌതികപരമായ ഏതൊരു വിഷയത്തിലും വ്യക്തമായ ഒരു രൂപ രേഖ വരച്ചുവെച്ചിട്ടുണ്ടെന്ന് അല്ലാഹുവോ തിരുനബി(സ)യോ പറഞ്ഞിട്ടില്ല. ആരോഗ്യത്തിന്റെ പ്രശ്നം, ശുദ്ധജല ഭക്ഷ്യവിതരണം, ഗതാഗത സംവിദാനങ്ങൾ എന്നിവ ഏതേത് രീതിയിൽ നടപ്പിലാക്കണമെന്ന് മാർഗരേഖയില്ല. എല്ലാ കാര്യത്തിലും ധർമമേത് അധർമമേത് എന്ന് പഠിപ്പിച്ച് കൊടുക്കാനാണ് പ്രവാചകന്മാർ നിയോഗിക്കപെട്ടത്."
 
ഇതില്‍ സ്വന്തം പ്രസ്ഥാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാദം എനിക്ക് സ്വീകരിക്കാന്‍ കഴിയും. ഇതിനോട് യോജിക്കാന്‍ കഴിയാത്ത ഇസ്ലാഹികളുണ്ടെങ്കില്‍ അവരാണ് അത് പറയേണ്ടത്. എന്നാല്‍ ഇസ്‌ലാഹികളാരും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു കണ്ടിട്ടില്ല. പക്ഷെ ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം പരിചയപ്പെടുത്തിയതിനെ ഒരു ജമാഅത്ത് കാരനും അംഗീകരികില്ല. ഒരു പ്രസ്ഥാനത്തെക്കുറിച്ച് ഒരാളുടെ വാദം ആ പ്രസ്ഥാനത്തില്‍ ആര്‍ക്കും സ്വീകാര്യമല്ലെങ്കില്‍ അത് വെച്ചുകെട്ടപ്പെട്ട ഒരു ദുരാരോപണമാണ് എന്നാണ് സാധാരണ ഗതിയില്‍ മനസ്സിലാക്കപ്പെടുക. അതുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി പറയുന്നു ഇസ്‌ലാം രാഷ്ട്രീയമാണ് എന്നവാദം ഒരു കള്ളാരോപണമോ അല്ലെങ്കില്‍ സഹോദരന് സംഭവിച്ച ഒരു തെറ്റിദ്ധാരണയോ ആണ്. രണ്ടാമത്തേതാണ് എന്ന പരിഗണനയായിരിക്കും ഗുണകാംക്ഷയോട് അടുത്തുനില്‍ക്കുന്നതും കൂടുതല്‍ ഇസ്‌ലാമികവും. അതുകൊണ്ട് ജമാഅത്ത് പറയുന്നതായി ഞാന്‍ മനസ്സിലാക്കിയത് ഇവിടെ കുറിക്കാം.
 
ഇസ്‌ലാം ജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും ഉള്‍കൊള്ളുന്ന ഒരു സമഗ്രദര്‍ശനമാണ്. അതില്‍ ആരാധനാനുഷ്ഠാനങ്ങളുണ്ട്, ഗാര്‍ഹിക നിയമങ്ങളുണ്ട്, സദാചാരധാര്‍മിക നിയമങ്ങളുണ്ട്. സാമൂഹികസാമ്പത്തിക നിയമങ്ങളുണ്ട്. ക്രിമിനല്‍ രാഷ്ട്രീയ നിയമങ്ങളുണ്ട്. ഇവ മനുഷ്യന് വേണ്ടി നല്‍കപ്പെട്ടതാണ്. ഇസ്്‌ലാമെന്ന് പറയുമ്പോള്‍ ഇതെല്ലാം ഉള്‍കൊള്ളുന്നതാണ്. ഈ സമഗ്രമായ ഇസ്്‌ലാമിനെയായിരിക്കണം മനുഷ്യര്‍ക്ക് പരിചയപ്പെടുത്തേണ്ടത്. ഈ നിയമങ്ങളെല്ലാം ദൈവികമായതിനാല്‍ ഈ രംഗങ്ങളില്‍ മനുഷ്യന് ധൈര്യപൂര്‍വം അവലംബിക്കാന്‍ സാധിക്കുന്ന നിയമങ്ങളാണിത്. ഇവയില്‍ എല്ലാം വിശദമായി ദൈവം നല്‍കിയിട്ടില്ല. പലതും സാഹചര്യമനുസരിച്ച് നിര്‍മ്മിക്കേണ്ടതോ മാറ്റം ആവശ്യമുള്ളതോ ആയിരിക്കും. മാത്രമല്ല ഏത് വിഷയത്തിലും എ ടു സെഡ് നിയമങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടില്ല. അത് മനുഷ്യന്റെ പരിമിതിയാണ്. അല്ലാഹുവിന്റെ പരിമിതിയല്ല. വിവിധ സാഹചര്യങ്ങള്‍ക്ക് വ്യത്യസ്ഥമായ നിയമങ്ങള്‍ മുന്‍കൂട്ടി ക്രോഡീകരിച്ച് വെക്കുക പ്രായോഗികമല്ല. എന്നാല്‍ അവയിലൊക്കെ ഇസ്്‌ലാമിന്റെ നിയമനിര്‍മാണത്തിന്റെ സ്രോതസുകള്‍ പാലിക്കപ്പെടുകയാണെങ്കില്‍ അവയൊക്കെയും ദൈവികനിയമങ്ങളുടെ പവിത്രത അവകാശപ്പെടാവുന്നതാണ്.

ആരാധനാ കാര്യങ്ങള്‍ പോലെയുള്ളവയില്‍ അത്തരം നിയമനിര്‍മാണത്തിനുള്ള അവസരം വളരെ കുറവായിരിക്കും എങ്കിലും അതിലും ഗവേഷണത്തിലും വിശുദ്ധഖുര്‍ആനും നബിചര്യയും പരിഗണിച്ച് പരിഷ്‌കരണവും ചില്ലരമാറ്റവും പുതിയ രൂപവും സാധ്യമാണ്. അത് ഇന്നോളം നിര്‍വഹിക്കപ്പെടുന്നുമുണ്ട്. അതോടൊപ്പം ആരാധന കര്‍മങ്ങള്‍ നിര്‍വഹിക്കാനാവശ്യമായ ഭൗതിക സാഹചര്യമൊരുക്കുന്ന വിഷയത്തിലും ചില സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടുണ്ട്. ഉദാഹരണം പള്ളിനിര്‍മിക്കുക എന്ന ആരാധനാകര്‍മവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്്‌നങ്ങള്‍ക്ക് നമ്മുക്ക് പരിഹാരം കാണാവുന്നതാണ്. എപ്രകാരമുള്ളതായിരിക്കണം പള്ളി എന്ന് നമ്മുക്ക് തീരുമാനിക്കാം. മറ്റു സാമ്പത്തിക വിഷയത്തിലും അതിന് സാധ്യതയുണ്ട്. പലിശ വ്യക്തമായി നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഇന്ന് സാമ്പത്തിക മേഖലയില്‍ കടന്നുവരുന്ന പുതിയ പ്രവണതകല്‍ക്ക് ഇജ്തിഹാദിന്റെ അടിസ്ഥാനത്തില്‍ നിയമം കണ്ടെത്തുകയും അത് പിന്തുടരപ്പെടുകയും ചെയ്യുന്നു. കച്ചവടം കൃഷി മറ്റു സേവനജോലികള്‍ എന്നിവയിലൊന്നും ദീനിന്റെ പ്രത്യേകം നിര്‍ദ്ദേശമില്ല എന്ന് ആര്‍ക്കും വാദമുണ്ടാകില്ല. എന്നാല്‍ നമസ്‌കാരം പോലെ നമ്മോട് കല്‍പിച്ചിട്ടില്ല എന്ന വാദമുന്നയിക്കപ്പെടുന്നു. മനുഷ്യന്റെ ജീവിതായോധനത്തിനുള്ള ശ്രമം ദുനിയാവിന്റെ കാര്യമാണെന്ന് പറയുന്നത് ശരിയാവില്ല എന്നാണ് ജമാഅത്ത് കരുതുന്നത്. ഇവയ്ക്ക് ദൈവിക കല്‍പനയില്ല എന്ന വാദം ശരിയല്ല. സൂറത്തുല്‍ ജുമുഅയില്‍ (62) ഇങ്ങനെ വായിക്കുക. 

 
 
(9) അല്ലയോ വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്കാരത്തിനു വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് ഓടിവരിക. കൊള്ളക്കൊടുക്കകളുപേക്ഷിക്കുക. അതാണ് ഏറെ ശ്രേഷ്ഠമായിട്ടുള്ളത്-നിങ്ങള്‍ അറിയുന്നുവെങ്കില്‍. 
 
(10) പിന്നെ നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍, ഭൂമിയില്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും ചെയ്തുകൊള്ളുക, അല്ലാഹുവിനെ അധികമധികം സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് വിജയസൌഭാഗ്യമുണ്ടായേക്കാം.

ഇതില്‍ ഒമ്പതാം സൂക്തം ദീന്‍കാര്യവും പത്താം സൂക്തം ദുന്‍യാകാര്യത്തിനുമാണ് എന്ന വിഭജനം സാധ്യമല്ല എന്ന ഞാന്‍ കരുതുന്നു. ദീനാണെങ്കില്‍ രണ്ടും ദീന്‍ ദുന്‍യാ കാര്യമാണെങ്കില്‍ രണ്ടും അതെ. ഇനി ഒന്ന് നിര്‍ബന്ധവും മറ്റേത് ഹലാലെന്നും കരുതാമോ എന്തടിസ്ഥാനത്തില്‍. അപ്പോള്‍ കൃഷിചെയ്യാനും കച്ചവടം ചെയ്യാനും അല്ലാഹുവിന്റെ കല്‍പനയുണ്ട്. പക്ഷെ ഒരു കാര്യം, ഭൂമിയില്‍ വ്യാപരിച്ച് ജീവിതവിഭവം തേടേണ്ടതിന് ഏത് രൂപം സ്വീകരികണം എന്ന് നിര്‍ണയിച്ചിട്ടില്ല. അത് കച്ചവടമോ കൃ്ഷിയോ മറ്റുവല്ലതോ ആകാം. അത്രയേ അതില്‍ കഴിയൂ എന്നതല്ലേ സത്യം. ഇനി കച്ചവടത്തിലേക്കും കൃഷ്ടിയിലേക്കും പ്രവേശിച്ചാലും അവിടെ ദൈവസ്മരണയുണ്ടെങ്കില്‍ അതിന്റെ പേരാണ് ഇബാദത്ത്. നമസ്‌കാരത്തിലും വേണ്ടത് അത് തന്നെ അതില്ലാത്ത നമസ്‌കാരം ഇബാദത്താകാത്തത് പോലെ കൃഷിയും കച്ചവടവും ഇബാദത്താകുകയില്ല. ഇബാദത്താകാത്ത കര്‍മങ്ങളെ വേണമെങ്കില്‍ നമ്മുക്ക് ദുന്‍യാവിന്റെ കര്‍മങ്ങള്‍ എന്ന് വിളിക്കാം. എല്ലാ കാര്യങ്ങളെയും ദൈവസ്മരണയിലൂടെയും ദൈവികനിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്ന് തത്വത്തിലൂടെയും ദീന്‍കാര്യമാക്കി മാറ്റാം. അപ്പോള്‍ മുസ്‌ലിമല്ലാത്ത ഒരാള്‍ ഈ കാര്യമൊക്കെ ചെയ്യുമ്പോള്‍ അയാള്‍ ചെയ്യുന്നത് ദീനിന് വേണ്ടിയല്ല അദ്ദേഹത്തിന്റെ ദുനിയാവിന് വേണ്ടിയാണ്. എന്നാല്‍ ഒരു മുസ്ലിം അതേ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അദ്ദേഹം ദീനീ കാര്യമാണ് ചെയ്യുന്നത് അതിന് അദ്ദേഹം പ്രതിഫലാര്‍ഹമാകുകയും ചെയ്യും. രാഷ്ട്രീയവും ഇതില്‍നിന്ന് മുക്തമല്ല. തെരഞ്ഞെടുപ്പിന്റെ ഒരു നിശ്ചിത രൂപം നല്‍കപ്പെട്ടില്ല എന്ന് വെച്ച് അത് ദുന്‍യാ കാര്യമാവില്ല. രാഷ്ട്രീയത്തില്‍ ദീക്ഷിക്കപ്പെടേണ്ട നൂറ് കണക്കിന് നിയമനിര്‍ദ്ദേശങ്ങളുണ്ട്. രാജ്യം ഭരിക്കപ്പെടുന്നത് ദൈവിക നിയമങ്ങള്‍കൊണ്ടായിരിക്കുക എന്നതാണ് അതിലെ പരമപ്രധാനമായ നിര്‍ദ്ദേശം. അത് ലംഘിക്കുന്ന പക്ഷം കുറ്റകരമാണ്. പ്രവാചകന്റെ അനുചരന്‍മാര്‍ തെരഞ്ഞെടുപ്പിന്റെ വിവിധരൂപങ്ങള്‍ കാണിച്ചുതന്നു. അതിന്റെ സന്ദേശം യുക്തം പോലെ ലക്ഷ്യം നേടാനുപകരിക്കുന്ന അത്തരം മാര്‍ഗങ്ങളിലേതും തെരഞ്ഞെടുക്കാമെന്നാണ്. ആധുനിക കാലഘട്ടത്തിലെ ബാലറ്റ് പേപറും അതേ തത്വം ഉപയോഗിച്ച് നമ്മുക്ക് സ്വീകരിക്കാം. സാമ്പത്തിക രംഗത്തും അതിന് തനതായ കാഴ്ചപ്പാടുണ്ട്. സമ്പത്ത് ദൈവത്തിന്റെത് എന്നതാണ് അത്. രാഷ്ട്രത്തിന്റെതാണെന്ന കമ്മ്യൂണിസത്തിന്റെയും വ്യക്തിയുടെതാണെന്ന് മുതലാളിത്തത്തിന്റെയും മധ്യയുള്ള ഒരു നിലപാട്. മനുഷ്യന്‍ സമ്പത്തിന്റെ കൈകാര്യകര്‍ത്താവും താല്‍കാലികമായ ഉടമയും മാത്രം. യഥാര്‍ഥ ഉടമ ആവശ്യപ്പെടുന്നതിനനുസരിച്ചായിരിക്കണം അതില്‍ ഇടപാട് നടത്തേണ്ടത്. അവന്‍ ചെലവഴിക്കാന്‍ പറഞ്ഞതില്‍ ചെലവഴിക്കുകയും പാടില്ലെന്ന് പറഞ്ഞതില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യണം.
ഇവിടെയൊക്കെ മനുഷ്യന്‍ വ്യക്തിപരമായി ചിലധാര്‍മിക പരിധികള്‍ പാലിക്കുന്നത് കൊണ്ട് മാത്രമല്ല അതല്ലാം ഇബാദത്തായി മാറുന്നത്. മനുഷ്യന്‍ ധാര്‍മികനാകുക എന്നത് വ്യക്തിയില്‍നിന്ന അല്ലാഹു ആവശ്യപ്പെടുന്ന ഗുണമാണ്. എല്ലാകാര്യത്തിലും ധര്‍മമേത് അധര്‍മേത് എന്ന് പഠിപ്പിക്കാനാണ് പ്രവാചകന്‍മാര്‍ നിയോഗികപ്പെട്ടത് എന്നത് ശരിയാകണമെങ്കില്‍ ഞാന്‍ മേല്‍ പറഞ്ഞ കാര്യങ്ങളെ തത്വികമായി ഉള്‍കൊണ്ടിരിക്കണം അല്ലെങ്കില്‍ ആ വാക്കുകള്‍ അര്‍ഥ ശോഷണം സംഭവിക്കും. ഒരു ഭൗതികവാദിക്ക് രാഷ്ട്രീയ തനി ഭൗതിക കാര്യവും ഒരു മുസ്‌ലിമിന് രാഷ്ട്രീയം തനി ദീന്‍കാര്യവുമാണ് എന്ന് ജമാഅത്തെ ഇസ്ലാമി മനസ്സിലാക്കുന്നു. അല്ലാതെ ഇസ്‌ലാഹി ആരോപിച്ച പോലെ ഇസ്‌ലാമെന്നാല്‍ രാഷ്ട്രീയമാണ് എന്ന് മനസ്സിലാക്കുന്നവരല്ല ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍.

ബുധനാഴ്‌ച, ജൂൺ 16, 2010

ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി

ഇന്ത്യാ പാകിസ്ഥാന്‍ വിഭജനത്തിന് മുമ്പ് (1941) രൂപം കൊണ്ട ജമാഅത്തെ ഇസ്‌ലാമി വിഭജനത്തോടെ ഇന്ത്യയിലും പാകിസ്ഥാനിലും പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ഇന്ത്യയില്‍ തന്നെ കാഷ്മീരില്‍ ആ കാലഘട്ടത്തില്‍ കാഷ്മീരികള്‍ എടുത്ത നിലപാട് ഇന്ത്യുടെ പൊതുസ്വഭാവത്തില്‍നിന്ന് വ്യത്യസ്ഥമായിരുന്നു എന്നത്  ഒരു ചരിത്ര വസ്തുതയാണ്. ആ കാലഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ജമ്മു-കഷ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയും അക്കാര്യത്തില്  കാഷ്മീരികളുടെ നയം പങ്കുവെച്ചു. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ രൂപം കൊണ്ട പ്രസ്ഥാനത്തിന്റെയും അതിന്റെയും പ്രസ്തുത വിഷയത്തിലുള്ള നിലപാടുകളും വ്യത്യസ്ഥമായിരുന്നു. അതിനാല്‍ പാക്കിസ്ഥാനിലെയും പിന്നീട് ബഗ്ലാദേശിലെയും ശ്രീലങ്കയിലെയും പോലെ വ്യത്യസ്ത നയനിലപാടുകളോടെ രൂപം കൊണ്ട സ്വതന്ത്ര സംഘടനയാണത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി നേരിടേണ്ടിവന്ന ആരോപണങ്ങള്‍ അവര്‍ക്ക് നേരിടേണ്ടിവന്നിട്ടില്ല. ഇപ്പോള്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ജനകീയ കൂട്ടായമ രൂപീകരിച്ച് വോട്ടെടുപ്പില്‍ മത്സരിക്കാനാണ് തീരുമാനമെങ്കില്‍ 1987 വരെ നേര്‍ക്ക് നേരെത്തന്നെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്.

കൂട്ടത്തില് ചിലത് പറയേണ്ടതുണ്ട്.  ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അദ്യഘട്ടത്തില്‍ ഒരു പാര്‍ട്ടിക്കും വോട്ട് ചെയ്തിരുന്നില്ല. എനിക്കതിന് തോന്നുന്ന  നേര്‍ക്ക് നേരെയുള്ള ഉത്തരം. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അന്ന് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കേണ്ടുതണ്ടെന്ന് തീരുമാനിക്കുകയോ ചെയ്തിരുന്നില്ല എന്നതാണ്. ജമാഅത്ത് പറയുന്ന മൊത്തം ന്യായീകരണങ്ങള്‍ നോക്കിയാലും അതിന്റെ ചുരുക്കം അത്രമാത്രമായിരിക്കും. സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്താത്ത ഒരു പാര്‍ട്ടി ആര്‍ക്കും വോട്ടുചെയ്തില്ലെങ്കില്‍ അത് ബഹിഷ്‌കരണമായോ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാതിരിക്കുന്നതിന് തെളിവായോ ചൂണ്ടികാണിക്കുന്നത് അസംബന്ധമാണ്.

പലപ്പോഴും ഈ വിട്ടുനി
ല്‍ക്കലിനും, വിവിധപാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കിയപ്പോഴും ജമാഅത് നല്‍കിയ വിശദീകരണം അതിന്റെ തത്വാധിഷ്ഠിതമായ നിലപാടിന്റെ വ്യാഖ്യാനമായിരുന്നു. ഇത് പലര്‍ക്കും ഇന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. അത് ജമാഅത്തിന്റെ ആദര്‍ശത്തെ താത്വികമായി അറിഞ്ഞവരെ മാത്രമേ ആ മറുപടി തൃപ്തിപ്പെടുത്താനുതകൂ. ജമാഅത്തെ ഇസ്‌ലാമി ഒരു ജനകീയ പാര്‍ട്ടി അല്ലാത്തതിനാല്‍ പൊതുജനത്തിന് ഗ്രഹിക്കാവുന്ന ഭാഷയിലല്ല അത് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. അല്ലെങ്കില്‍ അത്തരം ഒരു രൂപത്തെ അത് ഒരു ഘട്ടത്തിലും പരിഗണിച്ചിട്ടില്ല. ജമാഅത്ത് പൊതു സമൂഹത്തില്‍ ഇന്നും തെറ്റിദ്ധരിപ്പിക്കപ്പെടുമ്പോല്‍ ഒരു വിഭാഗം അതില്‍ വിശ്വസിക്കുന്നത്  അതുകൊണ്ടാണ്.

ജമാഅത്തിനെക്കുരിച്ചുള്ള രാഷ്ട്രീയ വിശദീകരണം നടത്താന്‍ കഴിയുന്നതാര്‍ക്കാണ്. ആരുടെ വിശദീകരണമാണ് സ്വീകാര്യയോഗ്യം. കേരളത്തില്‍ അതില്‍ ഏറ്റവും സ്വീകാര്യയോഗ്യം കേരളാ അമീര്‍ ആരിഫലി സാഹിബിന്റെതാണ് എന്ന മറുപടിയായിരിക്കും നീതിപൂര്‍വകമായിട്ടുള്ളത് എന്നാല്‍ ചാനല്‍ ചര്‍ചകള്‍ ശ്രദ്ധിച്ചാല്‍ അത് വിശദീകരിക്കാന്‍ കേരള സമൂഹം/ജമാ.ഇസ്ലാമി ചില വ്യക്തികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് തോന്നും. അതില്‍ പെട്ടതാണ് ഹമീദ്, കാരശേരി, ഷാജി (ഇപ്പോള്‍ മുനീറും) തുടങ്ങിയ വിഭാഗം. ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയും പോളിസിയും പ്രോഗ്രാമുമെല്ലാം അവര്‍ വിശദീകരിക്കും. മറ്റുള്ളവര്‍ അത് തലകുലുക്കി അംഗീകരിക്കുകയും വിശ്വസിക്കുകയുംചെയ്യുന്നു.  ഏതൊരു സംഘടനയെയും മനസ്സിലാക്കാന്‍ അവരുടെ പ്രതിയോഗികളുടെ വാക്കുകള്‍കൂടി കേള്‍ക്കേണ്ടിവരും എന്നാല്‍ ജമാഅത്തിനെ സംബന്ധിച്ചിടത്തോളം പ്രതിയോഗികളുടെ വാക്കുകളാല്‍മാത്രം ഒരു വലിയ വിഭാഗം ജമാഅത്തിനെ മനസ്സിലാക്കുന്നു എന്നത് ആ സംഘടനയുടെ ദുര്യോഗമാണ്. അതിലൊന്നാണ് കാഷ്മീര്‍ ജമാഅത്തുമായി ബന്ധപ്പെട്ട ആരോപണം. വിവിധ കേന്ദ്രത്തില്‍നിന്ന് ഉയര്‍ത്തപ്പെടുന്ന പ്ര്‌സ്തുത ആരോപണത്തിന്റെ മുഖ്യ ലക്ഷ്യം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയുടെ ദേശീയതയെ അംഗീകരിക്കുന്നില്ല അഖണ്ഡതയെ അംഗീകരിക്കുന്നില്ല എന്ന് ദുര്‍വ്യാഖ്യാനിച്ച് പ്രതിരോധത്തില്‍ നിര്‍ത്തുക മാത്രമാണ്. പ്രസ്തുത വിഷയത്തില്‍ എ.ആര്‍ എഴുതിയ ലേഖനം ഇവിടെ ചേര്‍ക്കുന്നു. തുടര്‍ന്ന് വായിക്കുക:  
  
ദേശീയത അംഗീകരിക്കാത്തവര്‍ ആര്?
 
'ഇ.എം.എസിന്റെ ലോകം ദ്വിദിന സെമിനാര്‍ ഇത്തവണ ശ്രദ്ധേയമാവുന്നത്, സി.പി.എം ആരംഭിച്ച 'ന്യൂനപക്ഷ വര്‍ഗീയത'ക്കെതിരായ പ്രോപഗണ്ടക്ക് അത് വേദിയാവുന്നതിലൂടെയാണ്. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക് മുതല്‍ പേരും തുടങ്ങിവെച്ച യുദ്ധത്തിന് പോളിറ്റ് ബ്യൂറോ കൂടി പച്ചക്കൊടി കാട്ടിയതോടെ ന്യൂനപക്ഷ വിരുദ്ധരായ മുഴുവന്‍ മതേതര നാട്യക്കാരെയും ഒരിക്കല്‍കൂടി അണിനിരത്തി അശ്വമേധം വിജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ക്രൈസ്തവ, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഏതായാലും പാര്‍ട്ടിയില്‍നിന്നും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറില്‍നിന്നും അകന്നിരിക്കെ, ഭൂരിപക്ഷ സമുദായത്തില്‍നിന്ന് ആ കമ്മി നികത്താനെങ്കിലും സാധിച്ചെങ്കിലോ എന്ന പ്രായോഗിക രാഷ്ട്രീയ ബുദ്ധിയേ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ഒന്നുമില്ലെങ്കില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുമായി കൈകോര്‍ത്തപ്പോള്‍ നഷ്ടമായ ഇടതുപക്ഷ അനുകൂല വോട്ടുകളെങ്കിലും തിരിച്ചുപിടിക്കാനായെങ്കില്‍ അത്രക്ക് ആശ്വസിക്കാമല്ലോ. മഅ്ദനിയുമായി വേദി പങ്കിട്ട പാപം പി.ബി തന്നെ തള്ളിപ്പറഞ്ഞു, സംസ്ഥാന പാര്‍ട്ടി നേതൃത്വം പരസ്യമായി പശ്ചാത്തപിച്ചു, ഇനിയിപ്പോള്‍ മഅ്ദനിയെ ബംഗളൂരു സ്‌ഫോടനക്കേസില്‍ കര്‍ണാടക പൊലീസിന് ഏല്‍പിച്ചുകൊടുത്തുകൊണ്ട് തീര്‍ത്തും കൈകഴുകാം. വനവാസത്തിന് പോയ ശ്രീരാമനെ പതിനാലു കൊല്ലം കാത്തിരുന്ന ഭരതനെപോലെ ഇടതുമുന്നണി പ്രവേശനത്തിന് പതിനാലു കൊല്ലം കാത്തിരുന്ന് മടുത്ത് ഒടുവില്‍ ഐ.എന്‍.എല്ലും ചുവപ്പിനെ കൈവിട്ടു പച്ചക്ക് പിറകെ പോയി. അതോടെ മുസ്‌ലിംലീഗിന്റെ ഒരു കഷ്ണവുമില്ലാതെയാണ് ഇത്തവണ ഇലക്ഷനെ നേരിടുന്നതെന്ന് 1987ല്‍ ഇ.എം.എസ് പറഞ്ഞതുപോലെ, മുസ്‌ലിം ന്യൂനപക്ഷത്തില്‍ പിറന്ന ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ 2011ലെ തെരഞ്ഞെടുപ്പിനെ നേരിടാം.

ഒരുതരം സഖ്യമോ ധാരണയോ ഇല്ലാതെ കേവലം തത്ത്വാധിഷ്ഠിത പിന്തുണ നല്‍കിയ ജമാഅത്തെ ഇസ്‌ലാമിയെപോലും തള്ളിപ്പറയുക മാത്രമല്ല, മുസ്‌ലിം നാമധാരികളായ മതേതര ചാവേറുകളെ ഉപയോഗിച്ചു അവരെ വേട്ടയാടുക കൂടി ചെയ്താല്‍ പ്രതിച്ഛായ തികച്ചും ക്ലീന്‍! വേണ്ടിവന്നാല്‍ ബി.ജെ.പിയുമായി ഒരടവുനയം  പരീക്ഷിക്കുകപോലുമാവാം. പക്ഷേ, ബി.ജെ.പി അത്രത്തോളം പോവുമോ എന്നേയുള്ളൂ സംശയം. കണ്ണൂരില്‍ സക്കറിയയുടെ നേരെ തുടങ്ങി പാലേരിയില്‍ സി.ആര്‍. നീലകണ്ഠനു നേരെ പ്രയോഗിച്ച് ഒടുവില്‍ കക്കോടിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേരെ കാട്ടിയ ഫാഷിസ്റ്റ് ശൈലിയെ പിന്തുണക്കാന്‍ ബി.ജെ.പിക്കും കഴിഞ്ഞുകൊള്ളണമെന്നില്ല. എന്തുചെയ്യാം, വിവേകവും സമചിത്തതയും ഉപദേശിക്കാന്‍ പാര്‍ട്ടിയില്‍ ഒരുത്തനുമില്ല, അല്‍പസ്വല്‍പം നേരും നെറിയുമുണ്ടെന്ന് കരുതിയവരെ മുഴുവന്‍ പുറത്താക്കി, അവശേഷിക്കുന്നവര്‍ മൗനികളുമായി. അക്ഷരാര്‍ഥത്തില്‍ സ്റ്റാലിനിസ്റ്റുകളുടെ പൂര്‍ണ നിയന്ത്രണത്തിലാണിപ്പോള്‍ സി.പി.എം. ഒരുകാലത്ത് സ്വതന്ത്ര ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഇന്തോനേഷ്യയിലെ പി.കെ.ഐ. മുപ്പതു ലക്ഷം അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടി 1965ല്‍ അവിവേകം അതിന്റെ മൂര്‍ധന്യത്തിലെത്തിയപ്പോള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ജനരോഷത്തില്‍ കഥാവശേഷമായി. പിന്നീടൊരിക്കലും ഒരു പേരിലും ഇന്തോനേഷ്യയില്‍ അത് തലപൊക്കിയിട്ടില്ല. അത്രത്തോളം നശിക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാവുമെന്നര്‍ഥം.

ദേശീയതയെ അംഗീകരിക്കാത്ത വിഘടന സ്വഭാവമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി എന്നും അത് തുറന്നുകാണിക്കാന്‍ സി.പി.എം ബാധ്യസ്ഥമാണെന്നുമാണ് പിണറായി വിജയന്‍ 'ഇ.എം.എസിന്റെ  ലോകത്ത്' വെളിപ്പെടുത്തിയിരിക്കുന്നത്. ജമാഅത്തിന്റെ കാര്യമിരിക്കട്ടെ, നമ്മളോ? എന്ന് മുതല്‍ക്കാണ് സി.പി.എം ദേശീയതയുടെ വക്താക്കളായത്? കശ്മീര്‍ തര്‍ക്ക പ്രദേശമെങ്കിലുമായിരുന്നു. ആര്‍ക്കും ഒരു തര്‍ക്കവുമില്ലാതിരുന്ന അക്‌സായെ ചീനും അനുബന്ധ 15000 ച.നാഴികയും ചേര്‍ന്ന ഇന്ത്യന്‍ ഭൂപ്രദേശം 1962ല്‍ ചൈന കയറിപ്പിടിച്ചപ്പോള്‍ പാര്‍ട്ടിയുടെ 'ദേശീയത' എവിടെപ്പോയിരുന്നു? 'നാം നമ്മുടെതെന്നും അവരുടേതെന്നും പറയുന്ന ഭൂമി' എന്ന ഇ.എം.എസിന്റെ കുപ്രസിദ്ധ തിരുവചനം അന്നാണ് ചരിത്രത്തില്‍ ഇടം നേടിയത്. ഇന്നുവരെ സി.പി.എം തെറ്റ് തിരുത്തുകയോ ഇ.എം.എസിനെ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. ഏറ്റവുമൊടുവില്‍ ഇന്ത്യയുടെ അവിഭാജ്യ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പര്യടനം നടത്തിയതിനെതിരെ ചൈന ഒച്ചവെച്ചപ്പോഴും സി.പി.എം മിണ്ടിയില്ല.
ഇനി കശ്മീര്‍ കാര്യം. 1965 സെപ്റ്റംബറില്‍ പാകിസ്താന്റെ പിന്തുണയോടെ നുഴഞ്ഞുകയറ്റക്കാര്‍ കശ്മീരില്‍ കടന്നുകയറിയപ്പോള്‍ ഇന്ത്യ-പാക് യുദ്ധമുണ്ടായി. രാജ്യത്തുടനീളം സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കരുതല്‍ തടങ്കലിലാക്കി. ഇ.എം.എസ് നമ്പൂതിരിപ്പാട് വെളിയിലായിരുന്നു. അദ്ദേഹം സംസ്ഥാനത്തുടനീളം നടന്ന കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാടിനെ ശക്തിയായി ചോദ്യം ചെയ്തു പ്രസംഗിച്ചത് ചരിത്രസത്യം. ദേശീയതയോടുള്ള പ്രതിബദ്ധത അന്നെവിടെപോയിരുന്നു? ന്യൂനപക്ഷ വികാരം കൊണ്ട് കളിക്കുകയായിരുന്നു ഉന്നമെന്ന് വ്യക്തം.

വേറെ പല സംഘടനകള്‍ക്കുമെന്നപോലെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിനും ജമ്മു-കശ്മീരില്‍ ഘടകങ്ങളില്ല. സി.പി.എമ്മിന് ഉണ്ടെന്ന് അവകാശപ്പെടുന്ന ഘടകം തന്നെ അനന്തനാഗ് ജില്ലയിലെ  കുല്‍ഗാമില്‍ കാരണവരായ മുഹമ്മദ് യൂസുഫ് തരിഗാമിയില്‍ ഒതുങ്ങും. അയാളുടെ പാര്‍ട്ടി എന്നല്ലാതെ കശ്മീരികള്‍ക്ക് സി.പി.എമ്മിനെപറ്റി ഒരു ചുക്കും അറിയില്ല. കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി എന്നപേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെയോ പാകിസ്താനിലേയോ ജമാഅത്തെ ഇസ്‌ലാമികളുമായി അതിന് ബന്ധങ്ങളില്ല. ജമ്മു-കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്നും അവിടെ ഇന്ത്യയും പാകിസ്താനും അംഗീകരിച്ച 1949 ജനുവരി അഞ്ചിലെ യു.എന്‍ പ്രമേയമനുസരിച്ച് ഹിതപരിശോധന നടക്കേണ്ടതാണെന്നും അതുവരെ ഇന്ത്യയോടുള്ള ലയനത്തെ താല്‍ക്കാലികമായി അംഗീകരിക്കാമെന്നുമാണ് ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്. 1987 വരെ ആ പാര്‍ട്ടി ഇന്ത്യന്‍ ഭരണഘടന പ്രകാരം നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു. നേതാവ് സയ്യിദ് അലിഷാ ഗീലാനി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന സന്ദര്‍ഭം വരെ ഉണ്ടായിട്ടുണ്ട്. '87ലെ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കൃത്രിമം നടക്കുകയും ഫലങ്ങള്‍ അട്ടിമറിക്കുകയും ചെയ്തപ്പോഴാണ് ഗീലാനിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മേലില്‍ ഇലക്ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. അന്ന് ശ്രീനഗറില്‍ സ്ഥാനാര്‍ഥിയായിരുന്ന വ്യക്തിയാണ് പിന്നീട് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായി പ്രത്യക്ഷപ്പെട്ട സലാഹുദ്ദീന്‍. അന്നുമുതല്‍ ഹിസ്ബുല്‍ മുജാഹിദീനും അല്ലാഹ് ടൈഗേഴ്‌സുമൊക്കെ സായുധ സമരത്തിന്റെ പാതയിലാണ്. ഗീലാനി മാത്രമാണ് അവരുടെ ലൈന്‍ അംഗീകരിച്ചത്. ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി എല്ലാ തീവ്രവാദി ഗ്രൂപ്പുകളെയും തള്ളിപ്പറഞ്ഞു. സായുധസമരത്തെയും നിരാകരിച്ചു. അവരിപ്പോഴും അതേ നിലപാടില്‍ തന്നെ. എന്നാല്‍, സയ്യിദ് അലിഷാ ഗീലാനി തീവ്രവാദി ഗ്രൂപ്പുകളുടെ നേതാവായി, ആള്‍ പാര്‍ട്ടീസ് ഹുര്‍റിയത്ത് കോണ്‍ഫറന്‍സിനെ പിളര്‍ത്തി ഹിതപരിശോധനാ വാദവുമായി വേറിട്ടുനില്‍ക്കുകയായിരുന്നു അടുത്തകാലം വരെ. ഒടുവിലദ്ദേഹവും ഹിസ്ബുല്‍ മുജാഹിദീനെ തള്ളിപ്പറഞ്ഞിരിക്കുന്നു. ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി നിരവധി സ്‌കൂളുകളും സ്ഥാപനങ്ങളും നടത്തുന്ന,നിയമാനുസൃത മത-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനയായി ഭട്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഗീലാനിയെ ജമ്മു-കശ്മീരിന്റെ 'രാഷ്ട്രപിതാവായി' അവരോധിച്ചു ഹിതപരിശോധനക്കായി ശബ്ദമുയര്‍ത്തുന്നത് ജമ്മു-കശ്മീര്‍ മുസ്‌ലിംലീഗ് പാര്‍ട്ടിയാണ്! (വിശദ വിവരങ്ങള്‍ക്ക് ജമ്മു-കശ്മീര്‍ മുസ്‌ലിംലീഗിന്റെ സൈറ്റ് നോക്കുക).

വി.പി. സിങ് സര്‍ക്കാറില്‍ ക്യാബിനറ്റംഗമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് കശ്മീര്‍ കാര്യങ്ങളുടെ ചുമതല കൂടി ഏറ്റെടുത്തപ്പോള്‍ പ്രശ്‌നപരിഹാര ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.തദ്‌സംബന്ധമായി അദ്ദേഹം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സൗമനസ്യം തേടുകയും സംഘടന അതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പക്ഷേ, പിന്നീടത് സ്തംഭിച്ചു. വി.പി സിങ് സര്‍ക്കാര്‍ തന്നെ നിലംപതിച്ചു. ഇന്ത്യന്‍ ഭരണഘടനപ്രകാരം പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം ഭരണഘടനയില്‍ ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളൊക്കെ ഇന്ത്യയുടെ ഭാഗം തന്നെ. കാലാകാലങ്ങളില്‍ ഇന്ത്യ ഭരിച്ച സര്‍ക്കാറുകളെല്ലാം കശ്മീര്‍ പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നമായി ഗണിച്ചു അതേപറ്റി പാകിസ്താനുമായി ചര്‍ച്ചകള്‍ നടത്തിയതാണ് അനുഭവം. പ്രശ്‌നം രമ്യമായി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് ഇന്ത്യന്‍ ജമാഅത്തെ  ഇസ്‌ലാമിയുടെയും കാഴ്ചപ്പാട്. ഇതിലെവിടെയാണ് ദേശീയതാ വിരുദ്ധം പിണറായി കണ്ടത്? 1992 ഡിസംബര്‍ 10ന് ബാബരി മസ്ജിദ് ധ്വംസനത്തിന്റെ പശ്ചാത്തലത്തില്‍ നരസിംഹറാവു സര്‍ക്കാര്‍ നിരോധിച്ച സംഘടനകളുടെ പട്ടികയില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദും ഉള്‍പ്പെട്ടിരുന്നു. അന്യായമായ നിരോധത്തെ സാധൂകരിക്കാന്‍ സര്‍ക്കാര്‍ വിഘടന വാദമായിരുന്നു കോടതി മുമ്പാകെ ഉന്നയിച്ചത്. പക്ഷേ, അത് തെളിയിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിരോധം റദ്ദാക്കി. സുപ്രീംകോടതിയേക്കാള്‍ സൂക്ഷ്മ വിവരമോ പിണറായിക്ക്? ജമാഅത്ത് വിരോധം രക്തഗ്രൂപ്പായ മതേതര ചാവേറുകളെ വീണ്ടും മാമോദിസ മുക്കി വേദിയില്‍ അണിനിരത്തിയത് പാര്‍ട്ടിയുടെ നിസ്സഹായത. പക്ഷേ, ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയുടെ നേതാവ് അത്തരക്കാര്‍ നാളിതുവരെ ആവര്‍ത്തിച്ച നുണകള്‍ പരിശോധിക്കുകപോലും ചെയ്യാതെ സമൂഹത്തിന്റെ മുമ്പാകെ അവതരിപ്പിക്കുന്നത് ഇടിഞ്ഞ വില വീണ്ടും ഇടിക്കും.

ചൊവ്വാഴ്ച, ജൂൺ 15, 2010

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയം.

ജമാഅത്തെ ഇസ്‌ലാമി ഒറ്റപ്പെട്ട ഒരു സംഘടന എന്നത് കേരളം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളാണ്. അതിനെക്കുറിച്ച് നാം കഴിഞ്ഞ പോസ്റ്റില്‍ കണ്ടുകഴിഞ്ഞു. അതിലുപരിയായി ആ പരാമര്‍ശത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ച വല്ല ഘടകവുമുണ്ടെങ്കില്‍ അതെന്തായിരിക്കും എന്ന അന്വേഷണമാണ് ഇവിടെ. ഇവിടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു കാര്യമുണ്ട്. അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മുമ്പ് മുജാഹിദ് എന്നറിയപ്പെട്ടിരുന്ന വിഭാഗമാണ്. അവര്‍ക്ക് മാത്രമറിയുന്ന കാരണങ്ങളാല്‍ രണ്ടായിപിരിഞ്ഞ ശേഷവും ഇസ്‌ലാഹികളെന്നും സലഫികളെന്നും വിളികേള്‍ക്കാനിഷ്ടപ്പെടുന്ന ഈ വിഭാഗം തങ്ങളുടെ പഴയ ജമാഅത്ത് വിമര്‍ശനത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ല. അതിന്റെ ഭാഗമായി അവരുന്നയിക്കുന്ന ആരോപണമാണ്. ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ടെങ്കിലും അതിന് വേണ്ടി പ്രത്യേകം പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യേണ്ടതില്ല. ഇസ്‌ലാമില്‍ രാഷ്ട്രീയമില്ല എന്ന് ഒരു മുസ്ലിമും പറയില്ല. ഒരു മുസ്‌ലിം സംഘടനയും പറയില്ല. ഏതെങ്കിലും ഒരു ഇസ്ലാഹി പ്രവര്‍ത്തകനോ സുന്നി പ്രവര്‍ത്തകനോ തബ് ലീഗ് പ്രവര്‍ത്തകനോ ആ വാദമുണ്ടെങ്കില്‍ അത് ഇവിടെ തുറന്ന് പ്രഖ്യാപിക്കുക. ഈ നാല് വിഭാഗവും ചേര്‍ന്നാല്‍ (സൂക്ഷമതക്ക് വേണ്ടി ആറ് എന്ന് പറഞ്ഞാലും കുഴപ്പമില്ല) കേരള മുസ്‌ലിം സംഖ്യയുടെ മഹാഭൂരിപക്ഷമാകും. ഇനി അതിനപ്പുറമുള്ള തെക്കന്‍ കേരളത്തിലെ സംഘടനകള്‍ക്കും ഇസ്‌ലാമില്‍ രാഷ്ട്രീയമില്ല എന്ന് പറയാനുള്ള ധൈര്യം കാണില്ല.


പക്ഷെ ഇസ്‌ലാമിലെ രാഷ്ട്രീയം അത് ജനങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ടതാണ് എന്ന് ചിന്തിക്കുന്ന ഒരേ ഒരു വിഭാഗം ജമാഅത്തെ ഇസ്‌ലാമിയാണ്. തങ്ങളുടെ കൈവശം ഒരു മഹത്തായ രാഷ്ട്രീയ വീക്ഷണവും ജീവിത പദ്ധതിയും ഉണ്ടെന്നിരിക്കെ അത് മറച്ചുവെക്കേണ്ട ആവശ്യം ജമാഅത്തിന് ഇതേവരെ ബോധ്യപ്പെട്ടിട്ടില്ല. ഇന്ത്യന്‍ മതേതരജനാധിപത്യം അതിന് അനുവധിക്കുന്നില്ല എന്ന് മനസ്സിലാക്കിത്തരാനും ആര്‍ക്കും സാധിച്ചിട്ടില്ല. മാത്രമല്ല മതേതരത്വത്തോടുള്ള ശരിയായ പ്രതികരണം ഈ കാര്യങ്ങള്‍ ശരിയായ വിധം പ്രബോധനം ചെയ്യുന്നതാണ് എന്നത് മനസ്സിലാക്കുന്നു. ലോകജനതയോടുള്ള ശരിയായ ഗുണകാംക്ഷ ഈ സത്യം പൂഴ്തിവെക്കലല്ല അതിനെ തുറന്ന് പറയലാണ് എന്ന് അതിലെ ഓരോ പ്രവര്‍ത്തകനും നല്ല ബോധ്യമുണ്ട്.


ഇസ്‌ലാഹികളാണ് ജമാഅത്തിന്റെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. ബ്ലോഗിലും കടുത്ത വിമര്‍ശനം ആരംഭിച്ചുകഴിഞ്ഞു. ഇതുവരെ ഇമെയിലിലൂടെയായിരുന്നു അത് നടന്നിരുന്നത്. ബ്ലോഗിലുള്ള സൗകര്യം അപ്പപ്പോള്‍ പ്രതികരിക്കാനുള്ള അവസരമാണ്. അതിനാല്‍ അല്‍പം നിഷ്പക്ഷത പുലര്‍ത്തുന്നവര്‍ക്ക് കാര്യങ്ങള്‍ കുറെകൂടി എളുപ്പത്തില്‍ ഗ്രഹിക്കാം. മുജാഹിദുകള്‍ക്ക് രാഷ്ട്രീയ നിലപാടില്ലേ എന്ന ഒരു പോസ്റ്റില്‍ ഈ വിഷയകമായ സംവാദം ഇസ്‌ലാഹി പ്രസ്ഥാനം എന്ന ബ്ലോഗില്‍ നടക്കുകയുണ്ടായി. അതിന്റെ പ്രതികരണമാണിവിടെ. അവിടെ പറയേണ്ടത് ഇവിടെ പറയുകയല്ല. അവിടെ പറയേണ്ടതില്ലാത്തത് ഇവിടെ പറയുകയാണ് ലക്ഷ്യം. കൂട്ടത്തില്‍ ഇസ്‌ലാമിക രാഷ്ട്രീയം എന്നത് മൗദൂദിയുടെ ഒരു കണ്ടുപിടുത്തമെന്ന രൂപത്തില്‍ അവതരിപ്പിക്കുന്നതാണ് എന്ന തെറ്റിദ്ധാരണ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് തിരുത്തപ്പെടണമെന്നും ഈ പോസ്റ്റിലൂടെ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തില്‍ ഏത് കാര്യത്തിലാണ് ജമാഅത്ത് ഒറ്റപ്പെട്ട് നില്‍ക്കുന്നതെന്ന് ചോദിച്ചാല്‍ എനിക്കുള്ള ആകെ മറുപടി. ജമാഅത്തല്ലാത്ത പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയവശം യഥാവിധി മനസ്സിലാക്കുയോ അതിനോട് പ്രായോഗികമായ ഒരു നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ല എന്നതും. ജമാഅത്തെ ഇസ്‌ലാമി അതിന്റെ ആരംഭം മുതല്‍ അതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുകയും അതടക്കമുള്ള സമ്പൂര്‍ണ ഇസ്‌ലാമിനെ പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതുമാണ്. തീര്‍ചയായും ജമാഅത്തെ ഇസ്‌ലാമി ഇവിടെ ഒറ്റപ്പെട്ടിരിക്കുന്നു. പക്ഷെ ഇസ്‌ലാമിന്റെ ഒരു ഭാഗം മറ്റുള്ളവര്‍ അവഗണിച്ചത് കൊണ്ടാണ് ഈ ഒറ്റപ്പെടല്‍ സംഭവിച്ചതെന്ന് അതുറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. അല്ലെന്ന് തെളിയിക്കാന്‍ നേര്‍ക്ക് നേരെ അതിനോട് വിയോജിക്കുന്നവരോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇക്കാര്യത്തില്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളതെന്താണെന്ന് നോക്കൂ. താഴെ വരികള്‍ ഇസ്‌ലാഹി പ്രവര്‍ത്തകനായ മുഹമ്മദ് യൂസുഫ് എന്ന് മൈപ്പിന്റെ വരികളാണ്:


ജമാഅത്തുകാരും മുജാഹിദുകളും തമ്മിലുള്ള പ്രധാന വ്യത്യാസം, ജമാഅത്തെ ഇസ്ലാമി പറയുന്നു, ഇസ്ലാം രാഷ്ട്രീയമാണ്, ഭരണമാണ് എന്നതും മുജാഹിദ് പറയുന്നത് മുകളിൽ സൂചിപ്പിച്ചത് പോലെ ഇസ്ലാം എന്നാൽ രാഷ്ട്രീയമോ ഭരണമോ അല്ല എന്നാൽ ഇസ്ലാമിൽ രാഷ്ട്രീയ ഭരണ നിയമങ്ങളുണ്ട് എന്നതുമാണ്. ഒന്ന് വിശദമാക്കിയാൽ, കച്ചവടം ദുനിയാവിന്റെ കാര്യമാണ്. എങ്കിലും അത് എങ്ങിനെയാകണം എങ്ങിനെ ആയിക്കൂടാ എന്ന കാര്യത്തിൽ ഇസ്ലാം നിയമങ്ങൾ വെച്ചിട്ടുണ്ട് എന്നത് പോലെ. കച്ചവടം നമസ്കാരം പോലെയുളള ഒരു മതകര്യമല്ല. നമസ്കാരം തുടങ്ങിയവ അല്ലാഹുവും അവന്റെ പ്രവാചകനും പഠിപ്പിച്ച രൂപത്തിലായിരിക്കണം കച്ചവടത്തിൽ പുതിയ മാറ്റങ്ങളും കൂട്ടിചേർക്കലുമൊക്കെ ആകാം. ഭരണത്തിന്റെ കാര്യവും ഇതിൽ നിന്നും വ്യത്യസ്തമല്ല. ഭരണ സംബന്ധമായി ഇസ്ലാം നിയമ നിർദേശങ്ങൾ വെച്ചിട്ടുണ്ടെങ്കിലും ഭരണ നിർവാഹണരീതിയിൽ നിയമ വിരുദ്ധമല്ലാത്ത പരിഷ്കാരങ്ങളും ആകാവുന്നതാണ്.

രാഷ്ട്രീയം പോലെ ഇനി ഭൌതികപരമായ ഏതൊരു വിഷയത്തിലും വ്യക്തമായ ഒരു രൂപ രേഖ വരച്ചുവെച്ചിട്ടുണ്ടെന്ന് അല്ലാഹുവോ തിരുനബി(സ)യോ പറഞ്ഞിട്ടില്ല. ആരോഗ്യത്തിന്റെ പ്രശ്നം, ശുദ്ധജല ഭക്ഷ്യവിതരണം, ഗതാഗത സംവിദാനങ്ങൾ എന്നിവ ഏതേത് രീതിയിൽ നടപ്പിലാക്കണമെന്ന് മാർഗരേഖയില്ല. എല്ലാ കാര്യത്തിലും ധർമമേത് അധർമമേത് എന്ന് പഠിപ്പിച്ച് കൊടുക്കാനാണ് പ്രവാചകന്മാർ നിയോഗിക്കപെട്ടത്.

maip said..(തുടര്‍ന്നുള്ള ചര്‍ചയില്‍ )

എല്ലാ പ്രവാചകന്മാരും അല്ലാഹുവിൽ വിശ്വസിക്കാനും പ്രവർത്തിക്കാനും പറഞ്ഞ കാര്യമത്രെ ദീൻ.. അതിൽ എല്ലാ സംഗതികളിലും നിയമമുണ്ട് എന്ന കാര്യം താങ്കൾ സമ്മതിക്കുമല്ലോ.

ഭരണം ഇസ്ലാം ദീനിൽ പെട്ട കാര്യം തന്നെയാകുന്നു. എന്നാൽ ഒരു വ്യക്തിയെ സംബന്ധിച്ചും ചില സമൂഹങ്ങളെ സംബന്ധിച്ചും എല്ലാ കാര്യങ്ങളും നിർബന്ധമായികൊള്ളണമെന്നില്ല. ഉദാ: സകാത്തും ഹജ്ജും. ഇസ്ലാമിൽ പഞ്ച സ്തംഭങ്ങളിൽ പെട്ടതാണെങ്കിലും അതിന്റെ പരിതിയിൽ വരുന്നവർക്ക് മാത്രമെ ഇവ ബാധകമാവൂ എന്നത് പോലെ തന്നെയാണ് ഭരണവും'.

മൈപ്പിന്റെ ഈ വാക്കുകളില്‍ വല്ല വൈരുദ്ധ്യവുമുണ്ടോ. ഈ പോസ്റ്റിന്റെ തുടക്കത്തിലും ഇസ്‌ലാമിലെ രാഷ്ട്രീയവും ഭരണവും ദുനിയാവിന്റെ കാര്യവും കൃഷിയെയും കച്ചവടത്തേയും പോലെ കണിഷമായ നിയമങ്ങളില്ലാത്ത ഭൗതിക കാര്യമായിരുന്നെങ്കില്‍ അവസാന കമന്റില്‍ അത് സകാത്തും ഹജ്ജും പോലെ ദീനില്‍പെട്ട കാര്യം തന്നെയായി മാറി. ഇത് താങ്കളുടെ പോസ്റ്റില്‍ പറഞ്ഞവക്കും പിന്നീട് കമന്റില്‍ അവര്‍ത്തിചവക്കും വിരുദ്ധമല്ലേ. ഇനി ഇതേകുറിച്ച് ചോദിച്ചാല്‍ വീണ്ടും കൃഷിയാണെന്ന് പറയും. അതാണോ എന്ന് ചോദിച്ചാല്‍ അല്ല ദീനില്‍ പെട്ട സകാത്തും ഹജ്ജും പോലെയാണെന്നും ഇപ്പോള്‍ സമയമാകാത്തതുകൊണ്ട് അതാരോടും മിണ്ടാന്‍ പാടില്ലെന്നുമുള്ള നയത്തിന്റെ പ്രശ്‌നം മാത്രമാകും.


മൈപ്പ് said..(ചര്‍ചയില്‍)

'ഞാനിവിടെ എത്രെ എഴുതിയിട്ടെന്ന് കാര്യം. കച്ചവടം ഏതായിരിക്കണമെന്ന് സുന്നത്തുണ്ടോ? നബി(സ)യുടെ കൂടെ നമസ്കരിച്ചവർ അങ്ങാടിയിലേക്ക് പോയി കച്ചവടത്തിലേർപെടുന്നവരുണ്ട്, കൃഷിയിടത്തിലേക്ക് പോകുന്നവരുണ്ട് അങ്ങിനെ വ്യത്യസ്ത മേഖലയിൽ ശ്രദ്ധിക്കുന്നവരുണ്ട്. ഇങ്ങിനെ പിരിഞ്ഞുപോയാൽ ഇസ്ലാമിന്റെ സംസ്ഥാപനം അപകടത്തിലാകുമെന്ന് ആരും കരുതുന്നില്ല. മദീനയിൽ വിവിധ മതക്കാർ സമാധാനപരമായി സഹവർത്തിക്കുന്നതിന് അനുയോജ്യമായ രാഷ്ട്രീയ സാഹചര്യം നില നിൽക്കാൻ വേണ്ടി വിവിധ വിഭാഗങ്ങളുമായി നബി(സ) കരാറിലേർപെട്ടിരുന്നു. ഇസ്ലാമിന്റെ സംസ്ഥാപനത്തിന് അത് സഹായകമാകുമെന്നല്ലാതെ ദോഷകരമാകുമെന്ന് ആരും കരുതിയിരുന്നില്ല. അത് പോലെ ഇന്ത്യയിൽ ഇസ്ലാമിന്റെയും മുസ്ലിംങ്ങളുടെയും നല്ല ഭാവിക്ക് അനുഗുണമാകുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപെടുന്നത് ഖുർആനിനോ സുന്നത്തിനോ എതിരല്ല.' 
(പോസ്റ്റുകളില്‍ കാണപ്പെടുന്ന വാചകങ്ങളിലെ കനപ്പിക്കല്‍ എന്റെ വക.)

ഇത്രയും കാര്യങ്ങള്‍ എടുത്ത് പറഞ്ഞ ശേഷം ഇസ്‌ലാഹിബ്ലോഗില്‍ ഞാന്‍ നല്‍കിയ കമന്റ് ഇവിടെ ചേര്‍ക്കുന്നു. അതിങ്ങനെ വായിക്കുക:

'ഇതാ മൂന്നാമത്തെ മൈപ്പിന്റെ അഭിപ്രായം. ഇതില്‍ നിന്ന് നമ്മുക്ക് കച്ചവടം പോലെ സ്വന്തമായി തീരുമാനിക്കാവുന്ന കാര്യമാണ് രാഷ്ട്രീയം എന്ന് മനസ്സിലാകില്ല. (കച്ചവടം കൃഷി എന്നൊക്കെ പറയുന്നുണ്ടെങ്കിലും) എന്നാല്‍ സകാത്ത് പോലെയും ഹജ്ജ് പോലെയും ദീനിന്റെ സമയമാകുമ്പോള്‍ മാത്രം ചെയ്യേണ്ട മതകാര്യമായും മനസ്സിലാകില്ല. ഇവിടെ നിന്ന് മനസ്സിലാകുക. ഇപ്പോള്‍ തന്നെ പരിഗണനീയമമായ ദീനിന്റെ കാര്യമായി തന്നെയാണ്. ജമാഅത്ത് ചിന്തിക്കുന്നത് പോലെ. പക്ഷെ അത് നടപ്പിലാക്കേണ്ടത് വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ ചേര്‍ന്ന് ഇസ്ലാമിനും മുസ്‌ലിംകളുടെയും അനുഗുണമായ രൂപം സ്വീകരിക്കുകയാണ്.


ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുമായി അകെയുള്ള വ്യത്യാസം നിലപാടുമായി മാത്രം ബന്ധപ്പെട്ടതാണ്. തത്വം ഒന്നു തന്നെ ഞാനീ പറഞ്ഞ രണ്ട് കമന്റിന്റെ വ്യാഖ്യാനം ലഭിച്ചിട്ട് മറുപടി പറഞ്ഞാലെ ശരിയാവൂ. അതിനാല്‍ വ്യക്തതവരുത്തുക.'

ഇതുമായി ബന്ധപ്പെട്ട് ജമാഅത്തും മുജാഹിദ് പ്രസ്ഥാനവും ഒരു പാട് ചര്‍ചകള്‍ നടത്തിയിട്ടുണ്ട്. അവ മുഴുവന്‍ ബ്ലോഗിലും പകര്‍ത്തിവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അന്ന് നടന്ന ചര്‍ചയില്‍ രണ്ടുവശവും ഗ്രഹിച്ചിട്ട് രണ്ടുവിഭാഗത്തിനും ഉണ്ടായിട്ടുള്ള പുതിയ അഭിപ്രായങ്ങള്‍ പറയട്ടെ എന്ന് കരുതിയാണ് മുന്‍കാല ഉദ്ധരണികള്‍ ഒഴിവാക്കിയത്. എന്നാല്‍ ഇത് ഒരു രക്ഷപ്പെടലായിട്ടും വിഷയം മാറ്റലുമായിട്ടാണ് ഇസ്‌ലാഹികള്‍ കരുതുന്നത്. അതുകൊണ്ട് വളരെ പ്രസക്തമായ ഈ ആവശ്യത്തോട് അവര്‍ വേണ്ടവിധം പ്രതികരിക്കാതെ ആശയക്കുഴപ്പത്തില്‍ കിടന്ന് ഉരുളുകയാണ്. തര്‍ക്കമുള്ള വിഷയത്തില്‍ ഖുര്‍ആനും സുന്നത്തും എന്ന സമീപനം അവര്‍ തീരെ സ്വീകരിക്കാന്‍ ഈ വിഷയത്തില്‍ അവര്‍ താല്‍പര്യമെടുക്കുന്നില്ല. ഇക്കാര്യത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനും മറ്റുരണ്ട് മുജാഹിദ് സംഘടനകള്‍ക്കും ഒരു ധാരണയില്‍ എത്താന്‍ കഴിഞ്ഞാല്‍ അത് ഈ സംഘടനകള്‍ക്ക് മാത്രമല്ല. കേരളത്തിലെ ജനങ്ങള്‍ക്ക് തന്നെയും ഏറെ സൗകര്യമാകും. അത് അംഗീകരിക്കാന്‍ പ്രയാമുണ്ടെങ്കില്‍ ഇത്തരം ചര്‍ചകള്‍ പൊതുസ്റ്റേജില്‍നിന്നും ബ്ലോഗില്‍നിന്നും ഒഴിവാക്കാമല്ലോ. അതിന് ഇസ്‌ലാഹി സുഹൃത്തുക്കള്‍ സന്നദ്ധമാണോ എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.

വെള്ളിയാഴ്‌ച, ജൂൺ 11, 2010

ജമാഅത്തെ ഇസ്ലാമി ഒറ്റപ്പെട്ട സംഘടന?

ആലുവ: ജമാഅത്തെ ഇസ്ലാമി മുസ്ലിം വിഭാഗത്തിലെ ഒറ്റപ്പെട്ട സംഘടനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അടുത്ത കാലത്തായി സമൂഹത്തില്‍ സംഘടനക്ക് മാന്യത വരുത്താന്‍ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നുണ്ട്. ഇതിന്റെഭാഗമായാണ് സോളിഡാരിറ്റിയെന്ന പേരില്‍ യുവജന സംഘടനയുണ്ടാക്കിയത്.ദേശീയ-സാര്‍വദേശിയ തലത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് ബന്ധങ്ങളുണ്ട്. നാടിന്റെ പുരോഗതിയെ എതിര്‍ക്കലാണ് സോളിഡാരിറ്റിയുടെ പണി. ഇതിന് മാതൃസംഘടന എല്ലാ സഹായവും നല്‍കുന്നു. ആള്‍ബലമില്ലാത്ത സംഘടനയാണ് സോളിഡാരിറ്റി. എന്നാല്‍ എല്‍.ഡി.എഫിനെ എതിര്‍ക്കുന്നതിനാല്‍ പലരും ഇവരെ സഹായിക്കുന്നു. ഇത്തരം ആളുകള്‍ കൂടിച്ചേര്‍ന്നുണ്ടാക്കിയ സമിതിയാണ് കിനാലൂരില്‍ സമരവുമായി രംഗത്തുവന്നത് (മാധ്യമം 2010 മെയ് 16 ബുധന്‍). കിനാലൂരിലെ പ്രശ്നവുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ പ്രസ്താവനയോട് മുജീബിന്റെ പ്രതികരണം?
- മുബീന്‍ ഇബ്റാഹീം തൃക്കരിപ്പൂര്

എല്ലാ ആദര്‍ശ സംഘടനകള്‍ക്കുമുണ്ടാവും ഇതര സംഘടനകളില്‍നിന്നതിനെ വേര്‍തിരിക്കുന്ന സ്വത്വപരമായ സവിശേഷതകള്‍. ആ നിലയില്‍ ജമാഅത്ത് ഒറ്റപ്പെട്ട സംഘടന തന്നെയാണ്; സി.പി.എം ഒറ്റപ്പെട്ട പോലെ തന്നെ. എന്നാല്‍ പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ ജമാഅത്തിന് ഇതര മുസ്ലിം സംഘടനകളില്‍നിന്ന് ഒരുവിധ ഒറ്റപ്പെടലും ഇല്ല. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ്, ആള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ തുടങ്ങിയ സമുദായത്തിന്റെ പൊതുവേദികളില്‍ സജീവ ഘടകമാണ് ജമാഅത്ത്. ജനാധിപത്യത്തിനും സാമുദായിക സൌഹാര്‍ദത്തിനുമായുള്ള മതനിരപേക്ഷ വേദിയായ എഫ്.ഡി.സി.എയിലും ജമാഅത്തിന് നേതൃത്വപരമായ പങ്കുണ്ട്. ബംഗാളിലെ സിംഗൂര്‍, നന്ദിഗ്രാം സമരങ്ങളിലും പീഡിതരുടെ കൂട്ടായ്മകളിലും ജമാഅത്ത് പങ്കുവഹിച്ചു; വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളില്‍ ജമാഅത്ത് മുന്‍നിരയിലുണ്ട്. തെലുങ്കാന പ്രക്ഷോഭത്തില്‍ ജമാഅത്ത് സംഘടിപ്പിച്ച ബഹുജന റാലിയില്‍ തെലുങ്കാന രാഷ്ട്രീയ സമിതി നേതാക്കള്‍ ഉള്‍പ്പെടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പങ്കാളികളായി. പലിശരഹിത ബാങ്കിംഗിനായുള്ള ബോധവത്കരണത്തിലും മറ്റു സംരംഭങ്ങളിലും ജമാഅത്തിന്റെ പങ്ക് ഒഴിച്ചുകൂടാനാവാത്തതായി മറ്റുള്ളവര്‍ അംഗീകരിക്കുന്നു. ഗുജറാത്ത് കലാപത്തിലെഇരകള്‍ക്കായി ഇന്നും കര്‍മരംഗത്തുള്ളത് ജമാഅത്തെ ഇസ്ലാമിയാണെന്നത് സുവിദിതമാണ്. പിന്നെ എവിടെയാണ് ഒറ്റപ്പെടല്‍? 
ദേശീയ-സാര്‍വദേശീയ ബന്ധങ്ങളെ മറ്റാര് ചോദ്യം ചെയ്താലും ഒരു കമ്യൂണിസ്റ് നേതാവ് അത് അഹിതകരമായി കാണാന്‍ പാടില്ല. ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ് പാര്‍ട്ടികളുമായി സി.പി.എമ്മിന് ബന്ധങ്ങളില്ലേ? പാര്‍ട്ടിയുടെ ദേശീയ സമ്മേളനങ്ങളില്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ള സൌഹാര്‍ദ പ്രതിനിധികള്‍ പങ്കെടുക്കാറില്ലേ? സി.പി.എമ്മിന് അതൊക്കെ ആവാമെങ്കില്‍ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിക്കും ലോകത്തിലെ ഇതര ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി സൌഹൃദമാവാം. അത് ദേശീയവിരുദ്ധമോ ഭരണഘടനാവിരുദ്ധമോ അല്ല. സൌഹൃദത്തിനപ്പുറത്ത് ബന്ധങ്ങളുമില്ല. സോളിഡാരിറ്റി എല്‍.ഡി.എഫിനെ എതിര്‍ക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഇടതുമുന്നണി സര്‍ക്കാറിന്റെ ജനവിരുദ്ധ നിലപാടുകളെ എതിര്‍ക്കുന്നു എന്നതാണ് ശരി. ജനപക്ഷ നടപടികളെ പിന്തുണക്കുകയും ചെയ്യുന്നു. എല്ലാ നടപടികളെയും കണ്ണടച്ച് പിന്താങ്ങാന്‍ സോളിഡാരിറ്റി ഡി.വൈ.എഫ്.ഐ അല്ലല്ലോ (അവര്‍ പോലും ചില കാര്യങ്ങളില്‍ അമര്‍ഷം ഉള്ളിലൊതുക്കുകയാണ്).

വ്യാഴാഴ്‌ച, ജൂൺ 10, 2010

സി.പി.എം. കടല്‍ കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍

ജമാഅത്തെ ഇസ്‌ലാമി പുതുതായി അതിന്റെ ആദര്‍ശത്തിലോ ലക്ഷ്യത്തിലോ മാറ്റം വരുത്തിയിട്ടില്ല. വര്‍ഗീയതയുമായോ ഭീകരതയുമായോ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൊന്നും മുമ്പോ ഇപ്പോഴോ ഏര്‍പ്പെട്ടതായും അറിയില്ല. കിനാലൂരില്‍ നാണം കെട്ട വ്യവസായമന്തി നാട്ടുകാര്‍ തെളിച്ച ചാണകവെള്ളത്തെയും ചൂലിനെയും അതിഭീകരമായ അത്യാധുനികമായ ആയുധപ്രയോഗമാക്കാനുള്ള പരിഹാസ്യമായ ശ്രമം നടത്തിയെങ്കിലും സമരത്തിന്റെ പൂര്‍ണഉത്തരവാദിത്തം കോഗ്രസടക്കമുള്ളവര്‍ ഉള്‍പ്പെടുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥനങ്ങളടക്കം വിട്ടുകൊടുക്കാന്‍ തയ്യാറാകാത്തതിനാല്‍ അതും ചീറ്റിപോയി. തുടര്‍ന്ന് പിണറായി കോടിയേരിയടക്കമുള്ളവര്‍ ജമാഅത്തിനെതിരെ പുതിയ ചിലകണ്ടുപിടുത്തങ്ങള്‍ അവതരിപ്പിച്ചു. സഖാവ് അച്ചുതാനന്ദനോട് കുത്തിക്കുത്തി ചോദിച്ച് ജമാഅത്തിന്റെ  തീവ്രവാദത്തിന് അനുകൂലമായി അഭിപ്രായം പുറപ്പെടുവിച്ചപ്പോള്‍, കൂടെയുള്ളവര്‍ (അവര്‍ ആരാണെന്ന് സഖാവ് പറഞ്ഞിട്ടില്ലെങ്കലും അതിന് പണിപ്പെടുന്ന മുജാഹിദ് വിഭാഗമാകാനാണ് സാധ്യത) തീവ്രവാദികളാണ് എന്ന് പറയുമ്പോള്‍ ഞാനെന്തിന് വിശ്വസിക്കാതിരിക്കണം എന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. അമീര്‍ ആവര്‍ത്തിക്കുന്നു. പലതവണ ഈ പറഞ്ഞ ആളുകളോട് ഒപ്പമിരുന്ന സംഭാഷണം നടത്തിയിട്ടും ഇപ്പോള്‍ ആരോപിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആരും തങ്ങളോട് പറഞ്ഞിട്ടില്ലെന്ന്. ഇത്തരുണത്തില്‍ ഈ ആരോപണത്തിന്റെ പൊരുളുകള്‍ തേടി ജമാഅത്തിലേക്ക് മാത്രം ഉറ്റുനോക്കുന്നവര്‍ക്ക് മുഴുവന്‍ കഥയും മനസ്സിലാക്കാന്‍ സാധിക്കുകയില്ല. പി.കെ പ്രകാശ് ഇന്ന് മാധ്യമത്തില്‍ എഴുതിയ ലേഖനം കുറച്ചൊക്കെ അതിന്റെ കാരണങ്ങള്‍ നമ്മുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. അദ്ദേഹം പറയാത്ത മറ്റുചില കാരണങ്ങള്‍ അടുത്ത പോസ്റ്റില്‍ പ്രതീക്ഷിക്കുക. മാധ്യമത്തില്‍നിന്ന് വായിക്കാന്‍ സൗകര്യപ്പെടാത്തവര്‍ക്കായി ആ ലേഖനം ഇവിടെ പേസ്റ്റുന്നു. തുടര്‍ന്ന് വായിക്കുക:

കടല്‍ കത്തിക്കാന്‍ തീപ്പെട്ടി ഉരക്കുന്നവര്‍

Wednesday, June 9, 2010 
സഖാവ് മുസ്‌ലിമാണോ, അതോ ക്രിസ്ത്യാനിയോ? ആദിവാസിയോ, അതോ ദലിതനോ?
സി.പി.എമ്മിന്റെ അംഗത്വഫോറത്തില്‍ 2000 മുതല്‍ പ്രത്യക്ഷപ്പെട്ട ചോദ്യമാണിത്. പാര്‍ട്ടി പരിപാടി ഭേദഗതി ചെയ്യുന്നതിന് 2000ല്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം പ്രത്യേക പ്ലീനത്തിനുശേഷം വിതരണം ചെയ്യപ്പെട്ട പാര്‍ട്ടി ഫോറങ്ങളിലാണ് മതവും ജാതിയും ചോദ്യമായത്. ന്യൂനപക്ഷങ്ങളും ദലിത് ആദിവാസികളും മാത്രം ഈ ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ മതി. മുമ്പ് ബൂര്‍ഷ്വാസി, പെറ്റി ബൂര്‍ഷ്വാസി, തൊഴിലാളിവര്‍ഗം, കര്‍ഷകന്‍, കര്‍ഷക തൊഴിലാളി എന്നിങ്ങനെ ഏത് വര്‍ഗത്തില്‍ പെട്ടയാളാണ് എന്നായിരുന്നു ചോദ്യം. ഇത് മാറ്റി മുസ്‌ലിം, ക്രിസ്ത്യന്‍ സഖാക്കളുടെ മതവും ആദിവാസി ദലിത് സഖാക്കളുടെ ജാതിയും ചോദിക്കുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ മതത്തിനും ജാതിക്കും അതീതരായ ശുദ്ധ മതേതരവാദികളായി രംഗത്തുവന്നിരിക്കുന്നത്.

കെ.ആര്‍. ഗൗരിയമ്മ ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് സി.പി.എമ്മില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ താന്‍ കൃഷ്ണഭക്തയായിരുന്നു എന്നാണ്. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിന് തൊട്ടുമുമ്പ് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇ.എം.എസ് തന്നെ ചോത്തിയെന്ന് ജാതിപ്പേര് വിളിച്ചതായി ഗൗരിയമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. മറുപടിയായി താന്‍ ഇ.എം.എസിനെ നമ്പൂരിയെന്ന് വിളിച്ചതായും. ഇ.കെ. നായനാരുടെ ചിതാഭസ്മം നിമജ്ജനം ചെയ്തത് ഓര്‍ക്കുമല്ലോ. സി.പി.എമ്മിന്റെ മുന്‍ പോളിറ്റ് ബ്യൂറോ അംഗത്തിന്റെ മകന്‍ പാര്‍ട്ടി മെമ്പറാണ്. പക്ഷേ, പാര്‍ട്ടി അനുവദിച്ച ഔദ്യോഗികവസതിയില്‍നിന്ന് ശബരിമലയിലേക്ക് കെട്ടുനിറക്കുന്നതിന് അത് തടസ്സമായില്ല. പൂമൂടല്‍ വിവാദവും ഗോവിന്ദപിള്ള ക്ഷേത്രസൗന്ദര്യം നുകരാന്‍ നടത്തിയ സന്ദര്‍ശനങ്ങളുമെല്ലാം ചരിത്രത്തിന്റെ ഭാഗം. എന്നാല്‍, ന്യൂനപക്ഷങ്ങളോ ദലിതനോ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടര്‍ന്നാല്‍ അത് വര്‍ഗീയതയും ജാതീയതയും. സി.പി.എമ്മിന്റെ ഈ പുതിയ മതേതരത്വവും മതനിരപേക്ഷതയും മാര്‍ക്‌സിസം അറിയാത്ത ഹിന്ദു വര്‍ഗീയനേതാക്കളുടെ നിര്‍വചനം മാത്രമാണെന്ന് സി.പി.എം രേഖകള്‍ തെളിയിക്കുന്നു. സി.പി.എം ഏറ്റവും അവസാനം പുറത്തിറക്കിയ തെറ്റുതിരുത്തല്‍ രേഖയില്‍ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ മത-ജാതി ബലാബലത്തെക്കുറിച്ച് രേഖ പറയുന്നതിങ്ങനെ: ''പാര്‍ട്ടി അംഗത്വത്തില്‍ 75 ശതമാനം പേരും തൊഴിലാളിവര്‍ഗത്തില്‍നിന്നും പാവപ്പെട്ട കര്‍ഷകരില്‍നിന്നും കര്‍ഷക തൊഴിലാളികളില്‍നിന്നും ദലിത് പിന്നാക്കവിഭാഗങ്ങളില്‍നിന്നും ഉള്ളവരാണ്. പക്ഷേ, പ്രധാനപ്പെട്ട കമ്മിറ്റികളിലൊന്നും ഈ വിഭാഗത്തിന് ഒരു പ്രാതിനിധ്യവുമില്ല. പാര്‍ട്ടി സംഘടനയുടെ നേതൃ കമ്മിറ്റികളെല്ലാം മധ്യവര്‍ഗ വിഭാഗത്തില്‍നിന്ന് വന്നവരും മറ്റു വിഭാഗങ്ങളില്‍നിന്ന് വന്നവരും പിടിച്ചടക്കിക്കഴിഞ്ഞു. ഇത് അന്യവര്‍ഗ ചിന്താഗതി പാര്‍ട്ടിയില്‍ രൂഢമൂലമാക്കി '. ഏറ്റവും അവസാനം ചേര്‍ന്ന കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങളെക്കുറിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തി. പട്ടികജാതി അംഗത്വം അഖിലേന്ത്യാ തലത്തില്‍ 19.33 ശതമാനമാണ്. കേരളത്തില്‍ ഇത് 14.97 ശതമാനം. 2004ല്‍ ഇത് 15.86 ശതമാനമായിരുന്നു. പട്ടികവര്‍ഗ അംഗത്വം 6.43 ശതമാനമാണ് അഖിലേന്ത്യാ തലത്തില്‍. കേരളത്തില്‍ എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അംഗത്വം അഖിലേന്ത്യാതലത്തില്‍ 10.22 ശതമാനമാണ്. കേരളത്തില്‍ 10.35 ശതമാനവും. ക്രിസ്ത്യന്‍ പങ്കാളിത്തത്തിന്റെ കേരളത്തിലെ വ്യക്തമായ കണക്ക് ലഭ്യമാക്കിയിട്ടില്ല. അഖിലേന്ത്യാ തലത്തില്‍ ഇത് 4.65 ശതമാനമാണ്. ഇങ്ങനെ മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പാര്‍ട്ടി അവസ്ഥ പ്രത്യേകമായി സി.പി.എം കണക്കെടുക്കുന്നുണ്ടെങ്കിലും ഈ വിഭാഗങ്ങളുടെ സ്വത്വബോധം സി.പി.എം അംഗീകരിക്കുന്നില്ല. അതാകട്ടെ സി.പി.എമ്മിന്റെ മതത്തോടും ജാതിയോടുമുള്ള അടിസ്ഥാന നിലപാടുകളുടെ ലംഘനമാണ്.

എ.കെ.ജി പഠന ഗവേഷണ കേന്ദ്രം നടത്തിയ 'മതനിരപേക്ഷ കേരളത്തിലേക്ക് ' സെമിനാര്‍ ഉദ്ഘാടനം ചെയ്തത് ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് ആയിരുന്നു. ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ചക്ക് ഇ.എം.എസ് 'മതം, യുക്തിവാദം, മാര്‍ക്‌സിസം' എന്ന തലക്കെട്ടില്‍ ഒരു മറുപടി നല്‍കി. അതില്‍ മതവും മാര്‍ക്‌സിസവും തമ്മിലുള്ള ബന്ധത്തെ ഇങ്ങനെ നിര്‍വചിച്ചു : '' മതത്തെ ഉന്മൂലനം ചെയ്യലാണ് വൈരുധ്യാത്മക വാദം സ്വീകരിക്കാത്ത മതനിരപേക്ഷരുടെ ലക്ഷ്യം. അവര്‍ക്ക് മതവുമായി ഒരു വിട്ടുവീഴ്ചയുമില്ല. എന്നാല്‍, വൈരുധ്യാത്മക ഭൗതികവാദികള്‍ക്കാകട്ടെ മുഖ്യശത്രു ചൂഷകവര്‍ഗങ്ങളാണ്. അവക്കെതിരായ സമരത്തില്‍ മതവിശ്വാസികളായ ജനലക്ഷങ്ങളുടെയും അവരുടെ ആത്മീയഗുരുക്കന്മാരുടെയും വികാരവിചാരങ്ങളോട് സന്ധിചെയ്യണം. അങ്ങനെ വൈരുധ്യാത്മക ഭൗതികവാദികളായ മാര്‍ക്‌സിസ്റ്റുകാരും മതവിശ്വാസികളായ ബഹുജനങ്ങളും അവരുടെ ആത്മീയഗുരുക്കന്മാരും തമ്മില്‍ സഹകരണാത്മക ബന്ധം വളര്‍ന്നുവരണം ''.

'മാധ്യമ'ത്തില്‍ '96 നവംബര്‍ ഏഴിന് ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ 'മതവും മാര്‍ക്‌സിസവും അകല്‍ച്ചയുടെ അടിവേരുകള്‍ തേടുമ്പോള്‍' എന്ന ലേഖനത്തിന് 'മത മാര്‍ക്‌സിസ്റ്റ് വീക്ഷണങ്ങള്‍ അടുപ്പവും അകല്‍ച്ചയും' എന്ന തലക്കെട്ടില്‍ ഇ.എം.എസ് ഇങ്ങനെ മറുപടി എഴുതി : 'ആഗോള രാഷ്ട്രീയസാഹചര്യത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടുന്നതില്‍ മതവും മാര്‍ക്‌സിസവും യോജിക്കണമെന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു. അതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. മതവിശ്വാസികളും മാര്‍ക്‌സിസ്റ്റുകാരും തമ്മില്‍ സഹകരിക്കണമെങ്കില്‍ വിവിധ മതങ്ങളില്‍ വിശ്വസിക്കുന്ന ഓരോരുത്തരുടെയും വിശ്വാസത്തെ ബഹുമാനിക്കാന്‍ മാര്‍ക്‌സിസ്റ്റുകാരും തയാറാകണം ''. കമ്യൂണിസ്റ്റുകാര്‍ക്ക് മതവിശ്വാസികളാകാമോ എന്ന ചോദ്യത്തിന് 'പൂര്‍ണ മതവിശ്വാസിയായ ഒരാള്‍ക്ക് പോലും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം നേടാം' എന്നാണ് ഇ.എം.എസ് മറുപടി നല്‍കിയത്.

ജാതി സംഘടനകളെക്കുറിച്ച് 'കാസ്റ്റിസ്റ്റ് ഓര്‍ഗനൈസേഷന്‍ ആന്റ് ദി പാര്‍ട്ടി' എന്ന ഒരു രേഖ തന്നെ സി.പി.എം കേന്ദ്ര കമ്മിറ്റി തയാറാക്കി. 'ശ്രീനാരായണ പൈതൃകവും കമ്യൂണിസ്റ്റുകാരും' എന്ന മറ്റൊരു ലഘുലേഖ സി.പി.എം കേരള സംസ്ഥാന കമ്മിറ്റിയും ആദിവാസി പ്രശ്‌നം സംബന്ധിച്ച നയരേഖ സി.പി.എം കേന്ദ്ര കമ്മിറ്റിയും തയാറാക്കി. ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേകപ്രവര്‍ത്തനം സംഘടിപ്പിക്കാനും തീരുമാനിച്ചു. 2001ലെ തെരഞ്ഞെടുപ്പ്പരാജയവും 2006ലെ വിജയവും വിലയിരുത്തി സി.പി.എം അംഗീകരിച്ച രേഖയില്‍ മുസ്‌ലിം, ക്രിസ്ത്യന്‍ മത വിഭാഗങ്ങളെ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് ജയ-പരാജയങ്ങളില്‍ ഈ രണ്ട് വിഭാഗവും വളരെ നിര്‍ണായകമാണെന്നാണ് വിശകലന രേഖ വ്യക്തമാക്കുന്നത്.

ജാതി-മത ശക്തികളുടെ പിന്തുണ തെരഞ്ഞെടുപ്പ് വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കി ഇ.എം.എസ് തന്നെ ഇങ്ങനെ എഴുതി : ''1957 മുതല്‍ ഇതുവരെയുള്ള കേരള രാഷ്ട്രീയചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരുമാണ് ഇവിടെ പരസ്‌പരം മല്‍സരിക്കുന്നത്. രണ്ടിനും ഒറ്റക്ക് നിന്നാല്‍ ഭൂരിപക്ഷം കിട്ടില്ല. എന്നാല്‍, രണ്ടിനും ഇടക്ക് നില്‍ക്കുന്ന ചില ശക്തികളുണ്ട്. അവരെ കൂട്ടുപിടിക്കാന്‍ ആര്‍ക്ക് കഴിയുന്നുവോ ആ പാര്‍ട്ടിക്ക് വിജയമുണ്ടാകും. 1960ല്‍ കോണ്‍ഗ്രസിന്, '67ല്‍ കമ്യൂണിസ്റ്റുകാര്‍ക്ക്, '70ലും '77ലും കോണ്‍ഗ്രസിന്, '80ല്‍ കമ്യൂണിസ്റ്റുകാര്‍ക്ക്, '82ലും '84ലും കോണ്‍ഗ്രസിന്, '87ല്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ''. കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ ഇന്നും തുടരുന്ന പ്രധാനദൗര്‍ബല്യം, കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്ന ജാതി-മതസംഘടനകളുടെ അനുയായികളിലേക്ക് വേണ്ടത്ര കടന്നുചെല്ലാന്‍ കഴിയാത്തതാണെന്ന് ഇ.എം.എസ് വിശദീകരിച്ചു.  ഈ സ്ഥിതി അവസാനിപ്പിക്കണമെങ്കില്‍ ശക്തമായ സമരം ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച് നടത്തണമെന്ന്  ഇ.എം.എസ് നിര്‍ദേശിച്ചു. ഇതുതന്നെ 2001ലെ തെരഞ്ഞെടുപ്പ് പരാജയത്തെ വിലയിരുത്തി സി.പി.എം കേന്ദ്ര കമ്മിറ്റി ആവര്‍ത്തിച്ചു. ന്യൂനപക്ഷങ്ങളുടെയും ബഹുജനങ്ങളുടെയും താല്‍പര്യസംരക്ഷണത്തിന് വേണ്ട പ്രക്ഷോഭം ഏറ്റെടുത്ത് രാഷ്ട്രീയ ബലാബലത്തില്‍ മാറ്റം വരുത്താനായിരുന്നു സി.പി.എം നിര്‍ദേശം. എന്നാല്‍, മുതലാളിത്ത പാതയിലേക്ക് കൂപ്പുകുത്തിയ നേതൃത്വത്തിന് അതിന് കഴിഞ്ഞില്ല. ഇതേക്കുറിച്ച് സി.പി.എം രേഖ പറഞ്ഞത് ''ചില സഖാക്കളുടെ ആസ്തി അറിയപ്പെടുന്നവരുടെ വരുമാനസ്രോതസ്സുമായി പൊരുത്തപ്പെടാത്തവയാണ്. സത്യസന്ധരല്ലാത്ത ബിസിനസുകാരില്‍നിന്ന് ചില സഖാക്കള്‍ സ്ഥിരമായി ഫണ്ട് ശേഖരിക്കുന്നുണ്ട്. ചില സഖാക്കളുടെ ജീവിതരീതി ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കളുടേതിന് സമാനമാണ് ''.

ഇതില്‍നിന്ന് വ്യക്തമാകുന്ന കാര്യങ്ങള്‍: 1. സി.പി.എം നേതൃത്വത്തില്‍ ജാതിയും മതവും മതാചാരങ്ങളുമുണ്ട്. അത് സവര്‍ണ മേധാവിത്വപരമാണ്. 2. പാര്‍ട്ടിയിലെ ന്യൂനപക്ഷ,  ആദിവാസി, ദലിത് വിഭാഗങ്ങളുടെ മതവും ജാതിയും ചോദിക്കുന്നു. ന്യൂനപക്ഷങ്ങളുടെ സ്വത്വത്തെ വര്‍ഗീയതയും ജാതീയതയുമായി പാര്‍ട്ടി നേതൃത്വം മുദ്രകുത്തുന്നു. 3. ഭൂരിപക്ഷം പാര്‍ട്ടി മെമ്പര്‍മാര്‍ വ്യത്യസ്ത മത-ജാതി-സാമ്പത്തിക പശ്ചാത്തലത്തില്‍നിന്ന് വന്നവരാണ്. 4. സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിലും പാര്‍ലമെന്ററി രാഷ്ട്രീയത്തിലും മതങ്ങളുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന ഇ.എം.എസിന്റെ ദര്‍ശനം കേരള പാര്‍ട്ടി തള്ളി. ഇ.എം.എസ് തന്നെ വൈരുധ്യാത്മക ഭൗതികവാദ ദര്‍ശനമല്ലെന്ന് വിശേഷിപ്പിച്ച കാഴ്ചപ്പാടാണ് മതത്തോട് സി.പി.എം നേതൃത്വം ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇത് യുക്തിവാദി സമീപനമാണ്. 5. ആദിവാസി, ദലിത്, ജാതി സംഘടനകള്‍ എന്നിവയോട് വ്യക്തമായ സമീപനം സി.പി.എം കേന്ദ്രകമ്മിറ്റി സ്വീകരിച്ചിട്ടുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായ സമീപനമാണ് സംസ്ഥാനനേതൃത്വം ഇപ്പോള്‍ സ്വീകരിക്കുന്നത്. ചെങ്ങറ ഉള്‍പ്പടെയുള്ള സമരങ്ങള്‍ ഉദാഹരണം. 6. കേരളത്തിലെ രാഷ്ട്രീയ ബലാബലത്തില്‍ മാറ്റം വരുത്തണമെങ്കില്‍ മത-ജാതി വിഭാഗങ്ങളുടെ പിന്തുണ വേണമെന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയചരിത്രം തെളിയിക്കുന്നു. ഈ സ്വാധീനം ഇല്ലാതാക്കണമെങ്കില്‍ ശരിയായ വര്‍ഗസമരത്തിന്റെ പാത സ്വീകരിച്ച് രാഷ്ട്രീയ ബലാബലത്തില്‍ മാറ്റം വരുത്തണം. എന്നാല്‍, നേതാക്കള്‍ അഴിമതിക്കാരും ബൂര്‍ഷ്വാ ജീവിത ശൈലിക്കാരുമായി മാറിയതിനാല്‍ അതിന് കഴിയുന്നില്ലെന്ന് പാര്‍ട്ടി രേഖ.

വര്‍ഗസമരം കൈയൊഴിഞ്ഞ് ബൂര്‍ഷ്വാസിക്കും സാമ്രാജ്യത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാക്കി സി.പി.എമ്മിനെ  നേതാക്കള്‍ മാറ്റിക്കഴിഞ്ഞു. ഇത് ഭരണത്തിലും പാര്‍ട്ടി പ്രവര്‍ത്തനത്തിലും വരുത്തിവെച്ച തെറ്റുകള്‍ സൃഷ്ടിച്ച തിരിച്ചടി മറികടക്കാന്‍ ഹിന്ദുത്വ കാര്‍ഡ് കളിക്കുകയാണ് സി.പി.എം. എന്നാല്‍, അവര്‍ മറന്നുപോകുന്നത് ചരിത്രമാണ്. 1987 ന് ശേഷം സോഷ്യലിസ്റ്റ് ചേരി തകര്‍ന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. ബി.ജെ.പിയും സംഘ്പരിവാറും അധികാരത്തിലെത്തി. ഗുജറാത്തില്‍ വംശീയ ഹത്യ അരങ്ങേറി. അമേരിക്കന്‍ സാമ്രാജ്യത്വം മൂന്നാം ലോക രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ശക്തമാക്കി. ഇതെല്ലാം സൃഷ്ടിച്ച രാഷ്ട്രീയ മാറ്റങ്ങള്‍ വിസ്മരിച്ച് 23 വര്‍ഷം മുമ്പുള്ള രാഷ്ട്രീയം ആവര്‍ത്തിക്കാന്‍ സി.പി.എം ശ്രമിക്കുന്നത് കടല്‍ കത്തിക്കാന്‍ തീപ്പെട്ടി ഉരക്കുന്നതിന് തുല്യമാണ്.

ശനിയാഴ്‌ച, ജൂൺ 05, 2010

ജമാഅത്തിന്റെ മതരാഷ്ട്രവാദം ?.

ജമാഅത്തെ ഇസ്‌ലാമി 1948 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ആദര്‍ശ പ്രസ്ഥാനമാണ്. അത് കേവലം ഒരു മതസംഘടനയോ നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളിലൊന്നോ അല്ല. മതരാഷ്ട്രവാദം എന്ന് പൊതുവെ അറിയപ്പെടുന്ന വാദവും അതിനില്ല. ചെറുതെങ്കിലും ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും വേരുകളുള്ള ഒരു പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. കേവല മുസ്‌ലിം സാമുദായിക സംഘടനയല്ല അത്. എന്നാല്‍ അത് സ്വന്തത്തെക്കുറിച്ച് എന്തല്ല എന്ന് പറയുന്നുവോ അതൊക്കെയായി ആളുകള്‍ സങ്കല്‍പിക്കുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യും. ജമാഅത്ത് സ്വയം എങ്ങനെ പരിചയപ്പെടുത്തുന്നു എന്ന് ആളുകള്‍ ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ ജമാഅത്ത് വല്ലാതെ മാറി എന്ന് പറയുന്നവരും. ഒട്ടും മാറിയില്ല എന്ന് പറയുന്നവരുമുണ്ട്. ഇസ്‌ലാമിക ഭരണത്തിന് വേണ്ടി പരിശ്രമിക്കുകയാണ് അവരുടെ മുഖ്യലക്ഷ്യം എന്ന് വാദിക്കുന്നവരും ഹൈന്ദവ രാഷ്ട്രത്തിന് പിന്തുണ നല്‍കുന്നവരാണെന്ന ആരോപണവും ജമാഅത്ത് തന്നെ പേറേണ്ടിവരുന്നു. ഇതിനിടയില്‍ സത്യം പലരും കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിക്കുകയാണ്.

ഞങ്ങളുടെ ഭരണഘടനയും, പോളിസി പ്രോഗ്രാമും പരിശോധിച്ചുകൊള്ളൂ എന്ന് പറഞ്ഞിട്ട് കാര്യമില്ല. അപ്പോള്‍ പറയുന്നത് അതില്‍ പറയുന്നതല്ല നിങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്നാണ്. എന്നാല്‍ ഇതുവരെയുള്ള ഞങ്ങളുടെ ചരിത്രം പരിശോധിച്ചോളൂ എന്ന പറഞ്ഞാല്‍ നിങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണ് എന്നാകും പ്രതികരണം. മുസ്‌ലിംകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമുദായിക പാര്‍ട്ടിയാണ് എന്ന് പറയുമ്പോള്‍ ഞങ്ങളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം ഒരു മതത്തിന്റെയും ആളുകളെ പ്രത്യേകമായി പരിഗണിച്ചല്ല എന്ന് അത് നിങ്ങളവരെ കുപ്പിയിലാക്കാനുള്ള ശ്രമമാണെന്ന് മറുപടി വരുന്നു. മതസംഘടന രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍. ഇവര്‍ പണ്ടെ രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് മതസംഘടനകള്‍ ജനങ്ങളെ ബോധവല്‍കരിക്കുന്നു.

ജമാഅത്ത് അമീര്‍ പറയുന്നു ഞങ്ങള്‍ മതരാഷ്ട്രവാദികളല്ലെന്ന്. പിണറായിക്ക് മതരാഷ്ട്രവാദികളാണ് എന്ന കാര്യത്തില്‍ സംശയമില്ല. കുഞ്ഞാലിക്കുട്ടിക്കോ ജമാഅത്തിനെ മതസംഘടന എന്നനിലക്ക് പോലും കാണാനാവില്ല. സലഫികള്‍ക്ക് ജമാഅത്ത് വെറും രാഷ്ട്രീയ സംഘടന. എന്നാല്‍ എല്ലാ രാഷ്ട്രീയ സംഘടനകളിലും അംഗത്വമുള്ള ഒരു മതസംഘടന എന്തിന് ജമാഅത്തെന്ന രാഷ്ട്രീയ സംഘടനയെ എതിര്‍ക്കുന്നു എന്ന ചോദ്യത്തിന് ഇനിയും മറുപടി രൂപപ്പെട്ടിട്ട് വേണം. രാഷ്ട്രീയത്തെ ഒരു മൂല്യവ്യവസ്ഥ നിയന്ത്രിക്കേണ്ടതുണ്ടെന്ന ചിന്താഗതി ഇത്രമേല്‍ അപകടകരമായി കാണുന്ന പ്രവണതയുടെ പേരെന്താണ്. ജനാധിപത്യത്തില്‍ ഇത്തരം ഒരു സംഘടനക്ക് വിലക്കുണ്ടോ. ഇല്ലെങ്കില്‍ ജമാഅത്തിനെ എതിര്‍ക്കുന്നവര്‍ ഇപ്പോല്‍ സത്യത്തിന്റെയോ നീതിയുടെയും മതേതരജനാധിപത്യത്തിന്റെയോ  പക്ഷത്തല്ല എന്ന് പറയേണ്ടിവരും.

ഏതായാലും ഒന്നുറപ്പ് നിങ്ങള്‍ മുസ്‌ലിമോ നാസ്തികനോ ഫാസിസ്റ്റോ ആകട്ടെ ജമാഅത്തിനെ നിങ്ങള്‍ യഥാവിധി പഠിച്ചേ മതിയാകൂ, ഭംഗിയായി വിയോജിക്കാനെങ്കിലും. കേസരി ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിക കേരളാ അമീര്‍ സംസാരിച്ചതിന്റെ പത്ര റിപ്പോര്‍ട്ട് ഇവിടെ വായിക്കുക. നിങ്ങള്‍ക്കുള്ള സംശയങ്ങളും നിങ്ങളുടെ അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
[[[ 'കൊല്ലത്തെ പാര്‍ട്ടി യോഗത്തില്‍ മൈക്ക് ഓഫ് ചെയ്യാന്‍ മറന്നതിലൂടെ സി.പി.എമ്മിന്റെ മുഖംമൂടിയാണ് യഥാര്‍ഥത്തില്‍ അഴിഞ്ഞുവീണത്. ജാതീയമായ ചേരുവകള്‍ മുഴുവന്‍ ആസന്നമായ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കണമെന്നാണ് പാര്‍ട്ടി സെക്രട്ടറി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആഹ്വാനം. ജാതീയതയുടെ പിടിയിലമര്‍ന്ന കേരള രാഷ്ട്രീയത്തെ രക്ഷിക്കേണ്ട പ്രസ്ഥാനം ഇതിന്റെ സാധ്യതകള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത് അപകടകരമാണ്. സി.പി.എം സാമുദായിക ധ്രുവീകരണം ആരംഭിച്ചാല്‍ പതിറ്റാണ്ടുകളായി കേരളം കാത്തുസൂക്ഷിക്കുന്ന സൗഹൃദാന്തരീക്ഷത്തിന് ഭംഗം വരും. '87ല്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെയാണ് ഇ.എം.എസ് എതിര്‍ത്തിരുന്നതെങ്കില്‍ ഒരുപടികൂടി കടന്ന് മുസ്‌ലിം, ക്രിസ്ത്യന്‍ വര്‍ഗീയത വളരുകയാണെന്ന മുഖ്യമന്ത്രിയുടെ ഏകപക്ഷീയ പ്രസ്താവനയിലൂടെ പാര്‍ട്ടിയുടെ രാഷ്ട്രീയ സമീപനത്തിലെ മാറ്റമാണ് പ്രതിഫലിക്കുന്നത്.

മതരാഷ്ട്രവാദം ജമാഅത്തിന്റെ നയമല്ല. ഇത് സംഘടനയെ പ്രാന്തവത്കരിക്കാന്‍വേണ്ടിയുള്ള ചിലരുടെ ആരോപണം മാത്രമാണ്. സനാതന ധര്‍മത്തിലധിഷ്ഠിതമാവണം ഇന്ത്യന്‍ ഭരണവ്യവസ്ഥയെന്നത് ഗാന്ധിജിയുടെ വിഭാവനമാണ്. സനാതന ധര്‍മമില്ലാത്ത പാര്‍ലമെന്റിനെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. ഇതേ ആശയംതന്നെയാണ് ജമാഅത്തും ഉയര്‍ത്തുന്നത്. ജനാധിപത്യത്തെ നിയന്ത്രിക്കുന്ന മൂല്യവ്യവസ്ഥ വേണമെന്ന് ആഗ്രഹിക്കുന്നത് എങ്ങനെയാണ് മതരാഷ്ട്രവാദമാവുക? സനാതന മൂല്യത്തെക്കുറിച്ചും ആദര്‍ശത്തെക്കുറിച്ചും പറയാന്‍ ആര്‍.എസ്.എസിനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അവരുടെ ആശയപ്രചാരണത്തില്‍ വംശീയതയുടെ അംശവും ജനാധിപത്യ, ന്യൂനപക്ഷ വിരുദ്ധതയുമുണ്ടെന്നതാണ് രണ്ടിനെയും വ്യത്യസ്തമാക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി ആരിഫലി വ്യക്തമാക്കി.

സംസ്ഥാനത്ത് തീവ്രവാദവും വര്‍ഗീയതയും വളരുന്നുണ്ടെങ്കില്‍ ഭരണകൂടത്തിന്റെ പരാജയമാണ് അത് പ്രകടമാക്കുന്നത്. തടിയന്റവിട നസീറിനെപ്പോലുള്ള തീവ്രവാദികളെ സമുദായത്തിനകത്ത് ചിലര്‍ നട്ടുപിടിപ്പിക്കുന്നതാണെന്ന് കണ്ടെത്താനാവും. തീവ്ര ചിന്താഗതിയുള്ള യുവാക്കള്‍ ഏറ്റവുമധികം ശത്രുത പുലര്‍ത്തുന്നത് ജമാഅത്തെ ഇസ്‌ലാമിയോടാണ്. തങ്ങളുടെ പ്രവര്‍ത്തകര്‍ തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ധൈര്യപൂര്‍വം പറയാന്‍ സംഘടനക്ക് കഴിയും. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോയെന്ന് അമീര്‍ ചോദിച്ചു. തലയില്‍ മുണ്ടിട്ട് ജമാഅത്ത് നേതാക്കളെ സന്ദര്‍ശിക്കേണ്ട സാഹചര്യം കഴിഞ്ഞ കാലത്ത് ജമാഅത്ത് സൃഷ്ടിച്ചിട്ടില്ല. എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും നേതാക്കള്‍ ജമാഅത്തുമായി ചര്‍ച്ചക്ക് വന്നപ്പോഴും ഇത്തരം തീവ്രവാദ ആരോപണം അവര്‍ ഉന്നയിച്ചിട്ടില്ല. ഇപ്പോള്‍ പല ജനകീയ പ്രശ്‌നങ്ങളിലും മുഖ്യധാരാ സംഘടനകള്‍ക്കതീതമായി സംഘടനകളും വ്യക്തികളും വിജയം വരിക്കുന്നത് കാണുമ്പോള്‍ ഇത് തങ്ങളുടെ ആധിപത്യം തകര്‍ക്കുമെന്ന രാഷ്ട്രീയ കക്ഷികളുടെ ഭീതിയില്‍നിന്നാണ് ഇത്തരം ആരോപണങ്ങള്‍ ഉണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മതസംഘടനയായിപോലും ജമാഅത്തിനെ നോക്കിക്കാണാന്‍ ഇനി മുസ്‌ലിംലീഗിനാവില്ലെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയ നേതാക്കളല്ല മത സംഘടനകള്‍ക്ക് അംഗീകാരം കൊടുക്കുന്നതെന്നായിരുന്നു മറുപടി. ജമാഅത്തിന്റെ രൂപവത്കരണംതൊട്ട് സംഘടനക്ക് രാഷ്ട്രീയമുണ്ട്. ഏതെങ്കിലും സംഘടനയുമായി സംഭാഷണം അവസാനിപ്പിക്കാന്‍ ജമാഅത്ത് തീരുമാനിച്ചിട്ടില്ലെന്ന് ലീഗുമായുള്ള ചര്‍ച്ച വഴിമുട്ടിയോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ബന്ധം വിഛേദിക്കുന്നവരോടുപോലും ബന്ധം ചേര്‍ക്കാനാണ് വേദഗ്രന്ഥം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ]]]

എനിക്കിവിടെ പറയാനുള്ളത് ഇതാണ് രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും ജമാഅത്തെ ഇസ്‌ലാമിയെ പരിചയപ്പെടുത്തുന്നത് അസത്യത്തോടുകൂടിയോ അതിശയോക്തിയോടുകൂടിയോ ആണ്. അതുകൊണ്ടാണ് കേരളത്തിലെ സി.പി.എം നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിയെ വര്‍ഗീയ കക്ഷി എന്ന് വിളിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ ഡല്‍ഹിയില്‍ അവരുമായി ചേര്‍ന്ന് റാലിനടത്തരുതെന്ന് ഡല്‍ഹിയിലുള്ള സി.പി.എം നേതാക്കള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാതെ പോകുന്നത്. ജമാഅത്തുമായി ഇന്നോളം ചര്‍ചനടത്തിയ ഒരു സംഘടനയും ജമാഅത്തിന്റെ നിലപാടിനെ നേര്‍ക്ക് നേരെ ചോദ്യം ചെയ്യാന്‍ കഴിയാതെ വരുന്നത്. ഞങ്ങള്‍ അകറ്റിനിര്‍ത്തി എന്ന് മതസംഘടനകളും ലീഗും പറയുമ്പോഴും  ജമാഅത്തുമായി കേരളത്തിലും കേന്ദ്രത്തിലും ഈ പറഞ്ഞവര്‍ക്കൊക്കെ ഇനിയും വേദി പങ്കിടേണ്ടിവരുന്നത്.
 **************************************
'കമ്മിറ്റി ഫോര്‍ സോളിഡാരിറ്റി വിത്ത് ഫലസ്തീന്റെ' ബാനറില്‍ സംഘടിപ്പിച്ച മാര്‍ച്ചിന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സി.പി.ഐ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ജന്‍, ജമാഅത്തെ ഇസ്‌ലാമി പൊളിറ്റിക്കല്‍ സെക്രട്ടറി മുജ്തബാ ഫാറൂഖ്, പി.ആര്‍ സെക്രട്ടറി റഫീഖ് അഹ്മദ്, അഖിലേന്ത്യാ ശൂറാ അംഗം എസ്.ക്യു.ആര്‍ ഇല്യാസ്, മില്ലി കൗണ്‍സില്‍ പ്രസിഡന്റ് സഫറുല്ലാ ഖാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫലസ്തീനികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളും മരുന്നുമായി  ഗസ്സയിലേക്ക് പോയ സമാധാന കപ്പല്‍വ്യൂഹത്തെ ആക്രമിച്ച് സന്നദ്ധപ്രവര്‍ത്തകരെ വധിച്ച ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധിക്കാനാണ് ഈ സംഘടനകള്‍ ഒരുമിച്ച് ചേര്‍ന്ന് ഇസ്രായേല്‍ എംബസിയിലേക്ക് മാര്‍ച്ച് ചെയ്തത്.' (വിശദമായി ഇവിടെ)
******************************
ജമാഅത്ത് ഇപ്പോള്‍ അതിന്റെ ഒരു നിലപാടും മാറ്റിയിട്ടില്ല. ആകെ ചെയ്തത് അതിന്റെ പതിവുരീതിയനുസരിച്ച് ഒരു പുതിയ സാഹചര്യത്തിനിണങ്ങുന്ന ഒരു നിലപാട് എടുത്തു എന്നത് മാത്രമാണ്. തങ്ങള്‍ ലക്ഷ്യം വെക്കുന്ന ചില കാര്യങ്ങള്‍ക്ക് ജമാഅത്തിന്റെ പുതിയ തീരുമാനം വിലങ്ങ് തടിയാകുമോ എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആശങ്കിചെങ്കില്‍ മത സംഘടനകളുടെ അങ്കലാപ്പിനു പിന്നില്‍ രാഷ്ട്രീയപരമായ തങ്ങളുടെ നിലപാടില്ലായ്മ വെളിച്ചത്താകുന്നതിന്റെയും തങ്ങള്‍ തളര്‍ത്താന്‍ ശ്രമിക്കുന്ന സംഘടന കൂടുതല്‍ ജനങ്ങിലേക്ക് കടന്നു ചെല്ലുന്നതിലേയും പ്രയാസം മാത്രമാണെന്ന് സൂക്ഷമായി പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. 

 
Design by CKLatheef | Bloggerized by CKLatheef | CK