'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വെള്ളിയാഴ്‌ച, ഡിസംബർ 30, 2011

ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടരുത് ?

ചോദ്യം കേട്ട് അമ്പരക്കേണ്ടതില്ല. ഇസ്ലാമിക രാഷ്ട്രീയം എന്ന് കേൾക്കുമ്പോൾ ഇസ്ലാമിനെ കേവലം മതമായി കാണുന്ന ഭൂരിപക്ഷം ജനങ്ങളുടെയും ആഗ്രഹമാണ് ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടാൻ പാടില്ല എന്നത്. എന്നാൽ മുസ്ലിംകളിൽ ചിലർ പറയുന്നത് മിണ്ടാൻ സമയമായിട്ടില്ല എന്നാണ്. എന്നാൽ ഈ രണ്ട് വീക്ഷണങ്ങൾക്കും ഒരു തിരുത്താണ് താഴെ നിങ്ങൾ വായിക്കാൻ പോകുന്നതിലുള്ളത്.

ഫെയ്സ് ബുക്ക് ചർചയിൽനിന്ന്...
ഞാന്‍ ഒരു സുന്നിയോ മുജഹിദോ, ജമാഹത് അനുഭാവിയോ അല്ല . എന്നാല്‍ പുരോഗമന പ്രസ്ഥാനം എന്നാ നിലയില്‍ ജമാഹത് & മുജാഹിദ്‌ എന്നി സന്ഘടകളോട് ഒരു മമത ഉണ്ട് . എന്റെ ബന്ധുക്കള്‍ പലരും ജമാഹത്‌ ആശയക്കാരാന്.എന്നാല്‍ മുജാഹിദ്‌ പിളര്‍പ്പ്, ജമാഹത്‌ രാഷ്ട്രീയം എന്നി കാരണങ്ങള്‍ എന്നെ അവയില്‍ നിന്നും അകറ്റുകയാണ്. എന്റെ ചോദ്യം ഇതാണ്. ഇന്നത്തെ ഭാരതീയ രാഷ്ട്രീയ സാഹചര്യം ഏകദൈവ വിശ്വാസം അടിസ്ഥാനമാക്കിയ ഒരു മുസ്ലും സംഘടനക്ക് അനുയോജ്യമാണോ?

ഈ ചോദ്യത്തിന് ഞാൻ അവിടെ നൽകിയ മറുപടി തുടർന്ന് വായിക്കുക. വിശദമായ ചർചക്ക് വേണ്ടി ഇതിവിടെ നൽകുകയാണ്.

മറുപടി:
ജമാഅത്ത് പ്രവർത്തകരോട് പ്രസക്തമായ ഒരു അന്വേഷണമാണ് നൗഷാദ് നടത്തിയത്. ഇതിന് മറുപടി പറയേണ്ട ചുമതല ജമാഅത്ത് പ്രവർത്തകർക്കുണ്ട്.
  • ഒരു മുസ്ലിം ജീവിതത്തിന്റെ ഏത് രംഗത്തും ഇസ്ലാമിന്റെ മാർഗ നിർദ്ദേശമനുസരിച്ച് ജീവിക്കാൻ കടപ്പെട്ടവനാണ്. ഇന്ത്യ, പാകിസ്ഥാൻ, സൗദി അറേബ്യ, അമേരിക്ക എന്ന വ്യത്യാസമൊന്നും ഇതിലില്ല. രാഷ്ട്രീയ രംഗം മനുഷ്യജീവിതത്തിന്റെ ഒരു ഭാഗമാണ്. അവിടെ ഇസ്ലാമിന്റെ വിധിവിലക്കുകളും ഇസ്ലാമിലെ രാഷ്ട്രീയ തത്വങ്ങളും പാലിച്ചുകൊണ്ട് ജീവിക്കാൻ ശ്രമിക്കുക എന്നതാണ് ഒരു മുസ്ലിമിന് ആ വിഷയത്തിൽ ചെയ്യാനുള്ളത്.

    ഇവിടെയുള്ള ചോദ്യത്തിൽ അവ്യക്തതയുണ്ടെങ്കിലും എന്താണ് ചോദിക്കാൻ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കി ഒരു മറുപടിയാണ് ഇവിടെ പറഞ്ഞു തുടങ്ങുന്നത്.

    ഏകദൈവത്വം അടിസ്ഥാനമാക്കി ഒരു മുസ്ലിം രാഷ്ട്രീയ സംഘടനക്ക് ഇന്ത്യയിലെ സാഹചര്യം അനിവാര്യമാണോ എന്നാണ് ഉദ്ദേശിച്ചിരുന്നെങ്കിൽ ഞാൻ പറയുക. അനുയോജ്യമല്ല എന്നാണ്. അത് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ കുഴപ്പമല്ല. ഇന്ത്യ ജനാധിപത്യത്തിൽ അത്രത്തോളം സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടില്ല എന്നത് കൊണ്ടാണ്. പാകിസ്ഥാനിലും ബഗ്ലാദേശിലും ജമാഅത്തെ ഇസ്ലാമി എന്ന പേരിൽ അതിന്റെ നയനിലപാടുകളും ആദർശവും ലക്ഷ്യവും ജനങ്ങളുടെ മുന്നിൽ വെച്ച് തന്നെ രാഷ്ട്രീയത്തിൽ പങ്കെടുക്കാൻ കഴിയും. എന്നാൽ ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികൾക്ക് റജിഷ്ട്രേഷൻ ലഭിക്കണമെങ്കിൽ തന്നെ മതേതരത്വം, ജനാധിപത്യം, സോഷിലിസം എന്നിവ അടിസ്ഥാനമായി എടുക്കേണ്ടതുണ്ട്. മേൽ പറഞ്ഞവയിലൊക്കെ മനുഷ്യോപകരമായ നല്ല വശങ്ങളുണ്ട്. അവയൊക്കെയും ഇസ്ലാമിക രാഷ്ട്രീയത്തിൽ അംഗീകരിക്കുന്നുമുണ്ട്. അതേ അവസരത്തിൽ അവയിൽ ഇസ്ലാമിക ആദർശവുമായി കൂട്ടിമുട്ടുന്ന ഭാഗങ്ങളുമുണ്ട്.

    ഇവിടെ മുസ്ലിംകളായ നാം എന്ത് ചെയ്യണം എന്ന ഇജ്തിഹാദ് (ഇസ്ലാമിക ഗവേഷണ) പരമായ ഒരു പ്രശ്നമുണ്ട്. ഇത്രയും വസ്തുത ആദ്യം അംഗീകരിക്കണം. ഒരു മുസ്ലിമിന് ഇത് അംഗീകരിക്കാതിരിക്കാനാവില്ല.



  • Abdul Latheef മുജാഹിദ് പ്രസ്ഥാനം ഇപ്പോൾ അവർ എടുത്ത് പോരുന്ന നിലപാടിനനുസരിച്ച്. ഇസ്ലാമിക രാഷ്ട്രീയത്തെ ഞങ്ങൾ അംഗീകരിക്കുന്നുവെന്ന് പറയുകയും. ഇക്കാര്യത്തിൽ ഗവേഷണം പോയിട്ട് ഒരു നിലപാട് പോലും അണികളോട് വ്യക്തമായി പറായാതെ, പരമ്പരാഗത മുസ്ലിം സമുദായവും ഇതര മതവിശ്വാസികളും ചെയ്യുന്ന പോലെ ഓരോരുത്തരും അവരവരുടെ ഭൗതിക താൽപര്യങ്ങൾ പരിഗണിച്ച് നിലവിലെ രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് ചോദിക്കുമ്പോൾ എങ്ങനെയാണ് ഇതിനെ മറികടക്കേണ്ടത് എന്നത് മാത്രമാണ് അവർ ചിന്തിക്കുന്നത്. അപ്പോൾ രാഷ്ട്രീയം ഒരു ദുൻയാകാര്യമാണ് എന്ന് പറഞ്ഞ് രക്ഷപ്പെടുന്നതായി കാണുന്നു. ദീനീകാര്യം, ദുൻയാകാര്യം എന്നിങ്ങനെ രണ്ടായി തിരിക്കുകയും രാഷ്ട്രീയ ജീവിതത്തെ ദുൻയാകാര്യത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു അവർ. ഇത് തെറ്റാ വിഭജനമാണ് എന്നതാണ് ജമാഅത്തെ ഇസ്ലാമി പരയുന്നത്. മറിച്ച് ഏത് കാര്യത്തിലും മനുഷ്യന് സ്വാതന്ത്യം നൽകപ്പെട്ട ഒരു ഇടമുണ്ട് അതിനെ ദുൻയാക്കാര്യം എന്ന് വിളിക്കാവുന്നതാണ്. പക്ഷെ ഒരു ജീവിത മേഖലയെ മൊത്തത്തിൽ ദുൻയാകാര്യം എന്ന് വിളിക്കുന്നത് ഇസ്ലാമികമല്ല.

    നമസ്കാരത്തിന്റെ കാര്യം എടുക്കുക. നമസ്കാരത്തിൽ ഔറത്ത് മറക്കണം എന്നത് ദീനിന്റെ കാര്യമാണ് എന്നാൽ അത് മറക്കാൻ പാന്റോ തുണിയോ എന്നിടത്ത് നമ്മുക്ക് സ്വാതന്ത്ര്യമുണ്ട്. ഇതിന് മാത്രമേ നമ്മുക്ക് ദുൻയാകാര്യം എന്ന് പറയാവൂ. മനുഷ്യൻ ജീവിതായോധനം നേടുക എന്നത് പ്രതിഫലാർഹമായ ദീനീ കാര്യം തന്നെയാണ്. എന്നാൽ കച്ചവടമോ കൃഷിയോ അതിന് വേണ്ടി തെരഞ്ഞെടുക്കാം എന്നിടത്ത് നമ്മുക്ക് സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയത്തിൽ അല്ലാഹുവിന്റെ നിയമമേ ആകാവൂ എന്നത് അതിലെ ദീനാണെങ്കിൽ ഭരണാധികാരിയെ തെരഞ്ഞെടുക്കേണ്ടത് എങ്ങനെ എന്ന വിഷയത്തിൽ നമ്മുക്ക് സ്വാതന്ത്ര്യം നൽകപ്പെട്ടിരിക്കുന്നു. ആരാധനാ കാര്യങ്ങളിൽ തെരഞ്ഞെടുപ്പിന് കുറഞ്ഞ സാധ്യത മാത്രമേ ഉള്ളൂവെങ്കിൽ ജീവിത ഇടപാടുമായി ബന്ധപ്പെട്ട് ഇബാദത്തുകളിൽ ആ വശം കൂറേകൂടി വിശാലമാണ്. മനുഷ്യരുടെ സൗകര്യം അതിലാണ് എന്നതാണ് കാരണം.



  • Abdul Latheef ഇത്രയും പ്രാഥമികമായി മനസ്സിലാക്കിയാൽ തുടന്നുള്ള കാര്യങ്ങളെ വിശകലനം ചെയ്യുന്നതിൽ തെറ്റു പറ്റില്ല. നമ്മുടെ ഉത്തരവാദിത്തം അല്ലാഹുവിനാൽ അവതരിപ്പിച്ച് തന്ന അന്യൂനമായ രാഷ്ട്രീയ വ്യവസ്ഥയെ കൂടി ഇസ്ലാമിന്റെ ഭാഗമായി പരിചയപ്പെടുത്തണം. ഇസ്ലാമിന്റെ തൗഹീദ് ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും വ്യാപിച്ചു നിൽക്കുന്നുവെന്ന കാര്യം ബഹുസ്വര സമൂഹത്തെ മനസ്സിലാക്കികൊടുക്കണം ഇസ്ലാം എന്നാൽ മരണ ശേഷമുള്ള പ്രതിഫലത്തെക്കുറിച്ച് മാത്രം പറയുന്ന ഒരു പദ്ധതിയല്ലെന്നും. മനുഷ്യന് ഇഹലോക ജീവിതത്തിലേക്ക് ആവശ്യമായ നിയമനിർദ്ദേശങ്ങൾ കൂടി നൽക്കുന്ന അവൻ ജീവിക്കുന്ന സമൂഹത്തെയും രാജ്യത്തെയും ശാന്തിദായകമാക്കുന്ന സമഗ്രവ്യവസ്ഥയാണെന്നും പരിചയപ്പെടുത്തണം.

    അതോടൊപ്പം നാട്ടിൽ അക്കാരണം പറഞ്ഞ കുഴപ്പമുണ്ടാക്കുകയോ ജനങ്ങളെ നിർബന്ധിപ്പിക്കാനോ അസമാധാനം സൃഷ്ടിക്കാനോ നമ്മുക്ക് പാടുള്ളതല്ല. ജനങ്ങളിൽ ഭൂരിപക്ഷവും (അവർ ഏകദൈവ വിശ്വാസം സ്വീകരിച്ച് ആരാധന ചടങ്ങുകൾ അനുഷ്ടിക്കട്ടേ അല്ലാതിരിക്കട്ടേ) അതിന് സന്നദ്ധമായാൽ ഇസ്ലാമിക രാഷ്ട്രീയം പുലരും. അത് ഇന്ന് നിലവിലുള്ള ഏത് രാഷ്ട്രീയ വ്യവസ്ഥകളെക്കാളും ഉന്നതവും മനുഷ്യോപകാരപ്രദവും നിലവിലെ രാഷ്ട്രീയ സിദ്ധാന്തങ്ങളുടെ എല്ലാ നന്മയും ഉൾകൊള്ളുന്നതും അവയുടെ തിന്മ ഒട്ടും ഉൾചേരാത്തതുമായിരിക്കും.

    ആ മഹത്തായ ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കാനോ പ്രവർത്തിക്കാനോ പാടില്ല എന്ന് പറയുന്നതിനേക്കാൾ ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായി എന്താണ് ഉള്ളത്. എന്നാൽ ഇന്ത്യയിൽ അതിനുള്ള സ്വാതന്ത്ര്യം ഭാഗികമായെങ്കിലും ഉണ്ട്. അത് ഉപയോഗപ്പെടുത്താതിരിക്കുന്നത് അല്ലാഹുവിന്റെ പക്കൽ ശിക്ഷക്ക് കാരണമാകുന്ന കാര്യമാണ്.

    ഇങ്ങനെ തന്നെയാണോ മുജാഹിദുകളും ചിന്തിക്കുന്നത് അതല്ല ഇക്കാര്യത്തിൽ അവർക്ക് വേറിട്ട ചിന്തയുണ്ടോ ഉണ്ടെങ്കിൽ അതെന്താണ് എന്നെല്ലാം ഇവിടെ പങ്കുവെക്കപ്പെടുമെന്ന് കരുതുന്നു.

വ്യാഴാഴ്‌ച, ഡിസംബർ 22, 2011

ക്രിസ്തുമസ് ആശംസകൾ നേരാം, മുസ്ലിമായി തന്നെ.

ഒരു ക്രിസ്തുമസ് കൂടി വരവായി അതോടൊപ്പം നെറ്റിൽ ക്രിസ്തുമസ് ആശംസകൾ നേരുന്നതിന്റെ മതവിധി പ്രഖ്യാപിച്ചുകൊണ്ട് തീവ്ര സലഫികളുടെ ഫത് വകളും വ്യപകമായി . അമുസ്ലികളക്കം 3000 ലധികം  അംഗങ്ങളുള്ള റൈറ്റ് തിങ്കേഴ്സ് എന്ന ഗ്രൂപിൽ കയറിയപ്പോൾ കണ്ട പോസ്റ്റാണ് ഇവിടെ നൽകുന്നത്. തുടർന്ന് നൽകുന്നത് ഞാനടക്കമുള്ള ഗ്രൂപ്പ് മെമ്പേഴ്സ് നടത്തിയ ചർചയുടെ പ്രസക്ത ഭാഗങ്ങൾ.


ഈ പോസ്റ്റിനേക്കാൾ എന്നെ അമ്പരപ്പിച്ചത്. ഇസ്ലാമിന് വേണ്ടി പലപ്പോഴും കൂടെ സംസാരിക്കുന്ന ഒരു സുഹൃത്തി(Shamnad Ck) ന്റെ കമന്റാണ്. അത് ഇങ്ങനെ.

' ക്രിസ്ത്മസ് എന്നല്ല മറ്റൊരു മതത്തിന്റെ ഏത് ആഘോഷമായാലും അതില്‍ പങ്കു ചേരുന്നത് മുസ്ലിങ്ങളെ സംഭന്ധിച്ചിടത്തോളം തെറ്റാണ് അതില്‍ ആശംസകള്‍ അര്‍പ്പിക്കുന്നതും തെറ്റ് തന്നെയാണ്. കാരണം ഇസ്ലാം ഏക ദൈവ വിശ്വാസത്തില്‍ ഉള്‍ക്കൊള്ളുന്നു. മറ്റുള്ള മതക്കാരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അത് അവരുടെ മതത്തിന്റെ ദൈവത്തെ അന്ഗീകരിക്കുന്നതിനു തുല്യമാണ്. അപ്പോള്‍ അത് ബഹുദൈവ ആരാധന ആയി. ബഹുദൈവ ആരാധന ഏഴു വന്‍പാപങ്ങളില്‍ ഏറ്റവും പ്രധാനപെട്ടതാണ് .'
ഏതാണ്ട് ഈ പറഞ്ഞതൊക്കെ ഇസ്ലാമിൽ സർവസമ്മതം എന്ന നിലക്ക് മുസ്ലിം പക്ഷത്തുനിന്ന് ആളുകൾ ഇടപെട്ടു കണ്ടപ്പോഴാണ് ചിലത് പറയണമെന്ന് തോന്നിയത്. അത് ഇപ്രകാരം നൽകി.
Abdul Latheef  ഇസ്ലാമിൽ ഏത് കാര്യം നിഷിദ്ധമാണെന്ന് പറയണമെങ്കിലും വ്യക്തമായ തെളിവുണ്ടാകണം. ചിലരുടെ ധാരണക്കനുസരിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് അവർക്ക് മാത്രമേ ബാധകമാകൂ. ആ നിലക്ക് തന്നെ എന്റെ അഭിപ്രായവും എടുക്കാം.

പക്ഷെ പോസ്റ്റിലെ മതവിധിയിൽ നൽകിയ തെളിവുകൾ ക്രൈസ്തവ സമൂഹത്തിന്റെ ആഘോഷങ്ങളിൽ ആശംസകളറിയിക്കുന്നതിനോ അവരുടെ ഒരു ആഘോഷത്തിൽ പങ്കെടുക്കുന്നതിനെ വിലക്കുന്നതിനോ ആവശ്യമായ തെളിവ് ആയിട്ടില്ല.

വളരെ കുടുസ്സായതും അസഹിഷ്ണുത നിറഞ്ഞതുമായ ഒരു ശൈലിയും അതിനനുസരിച്ച് ഒരു വിഭാഗവും മുസ്ലിംകളിലുണ്ട്. അവർ ഏതെങ്കിലും ഒരു മതത്തോട് മാത്രമല്ല ഈ അസഹിഷ്ണുത കാണിക്കുന്നത് തങ്ങളിലെ തന്നെ വിഭാഗങ്ങളുടെ വിയോജിപ്പുകൾ പർവതീകരിക്കുകയും അതിനനുസരിച്ച് അസഹിഷ്ണുക്കളാക്കുകയും ചെയ്യുന്നു. അതിന്റെ ഭാഗമായി മാത്രമാണ് ഇത്തരം മതവിധികളെ ഞാൻ കാണുന്നത്.

ഈ ഗ്രൂപ്പിലുള്ള മുഴുവൻ ക്രൈസ്ത സുഹൃത്തുക്കൾക്കും ഹൃദ്യമായ ക്രിസ്തുമസ് ആശംസകൾ...

12 hours ago · · 8

ഒരു മതവിഭാഗത്തിന് ആശംസകളറിയിക്കുന്നുവെന്നത് കൊണ്ടോ അവരുടെ ആരാധനക്ക് സൗകര്യം ചെയ്യുന്നുവെന്നത് കൊണ്ടോ അവരുടെ വിശ്വാസത്തെ അംഗീകരിക്കുന്നുവെന്ന് അർഥമില്ല. ഇസ്ലാം കളകളഞ്ഞ ഏകദൈവത്തെയാണ് പ്രബോധനം ചെയ്യുന്നത് എന്നത് ശരിയാണ്. എന്നാൽ ഇവിടെ കാണുന്നത് പോലെ ഒരു അകൽചയുടെ പ്രബോധനമല്ല പ്രവാചകൻ നടത്തിയിട്ടുള്ളത്. മാനുഷികമായ യോജിപ്പിന്റെയും അകമഴിഞ്ഞ സൗഹൃദത്തിന്റേതുമാണ്.

നജ്റാറാനിൽ നിന്ന് വന്ന ക്രൈസ്തവ സംഘത്തിന് സേവനം ചെയ്തുകൊണ്ട് പ്രവാചകൻ തന്നെ ഓടി നടന്നു. കാരണം തിരക്കിയപ്പോൾ അദ്ദേഹം തന്റെ അനുയായികൾ കടുത്ത പീഢനത്തിനിരയായപ്പോൾ തങ്ങളെ സഹായിച്ച നേഗസ് രാജാവിന്റെ ആളുകളാണ് അവർ എന്ന് മറുപടി പറയുകയാണ് ചെയ്തത്. മാത്രമല്ല അവർക്ക് പ്രാർഥനാ സമയമായപ്പോൾ പ്രവാചകന്റെ പള്ളി ക്രൈസ്തവ പ്രാർഥനക്ക് നൽകി. ആ പുണ്യപ്രവാചകൻ ലോകത്തിന് സൗഹൃദത്തിന്റെ പ്രത്യുപകാരത്തിന്റെയും മാതൃക കാണിച്ചു. അദ്ദേഹത്തിന്റെ അനുയായികളെന്ന് പറയുന്നവർ അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട എതിർപ്പുകൾ ചൂണ്ടിക്കാട്ടി മാനുഷിക സൗഹൃദത്തിന് കത്തിവെക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നത് അംഗീകരിക്കാൻ പ്രയാസമുണ്ട്.

‎((ശംനാദ് പറഞ്ഞു: മറ്റുള്ള മതക്കാരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അത് അവരുടെ മതത്തിന്റെ ദൈവത്തെ അന്ഗീകരിക്കുന്നതിനു തുല്യമാണ് .അപ്പോള്‍ അത് ബഹു ദൈവ ആരാധന ആയി . ബഹുദൈവ ആരാധന ഏഴു വന്‍പാപങ്ങളില്‍ ഏറ്റവും പ്രധാനപെട്ടതാണ് .))

ഷംനാദിനോടുള്ള സൗഹൃദവും സ്നേഹവും നിലനിർത്തികൊണ്ട് തന്നെ ഈ വാചകത്തോട് വിയോജിക്കേണ്ടി വന്നിരിക്കുന്നു. കൂടുതൽ വിശദീകരിക്കേണ്ടതില്ല. ആഘോഷത്തിൽ പങ്കെടുത്താൽ അത് മതത്തെ അംഗീകരിക്കലായി ആരും മനസ്സിലാക്കുകയില്ല. ആരാധനക്ക് സൗകര്യം ചെയ്തുകൊടുത്താലാണല്ലോ അങ്ങനെ വിചാരിക്കാൻ ഏറെ സാധ്യതയുള്ളത്. അത് പ്രവാചകന കൂടിയായാലോ. പക്ഷെ അത് ചരിത്രത്തിൽ സംഭവിച്ചിട്ടുണ്ട്. എല്ലാ ചരിത്രകാരൻമാരും അത് ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഷംനാദിന്റെത് പ്രമാണങ്ങളുടെയോ ബുദ്ധിയുടെ പോലുമോ പിന്തുണയില്ലാത്ത കേവലം ഊഹം മാത്രമാണ്. ഇതുതന്നെയാണ് ഈ ഫത് വയുടെ മുഖ്യമായ ദൗർബല്യവും.


Jane Na ഇതില്‍ നാം ഓരോരുത്തരും ഫത്‌വ പുറപ്പെടുവിക്കുന്നതിനു പകരം പണ്ഡിതന്മാര്‍ എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കുകയല്ലേ നല്ലത്?

Subhash J George  ക്രിസ്ത്യാനിയായ ഒരു സുഹൃത്തിനോട് ഒരു "ഹാപ്പി ക്രിസ്മസ്" പറഞ്ഞാല്‍ ചട്ടിയിലിട്ടു പൊരിക്കുന്ന ആളാണ്‌ നിങ്ങളുടെ ദൈവം എന്ന് പറഞ്ഞാല്‍, സഹതാപം തോന്നുന്നു എന്നല്ലാതെ വേറൊന്നും പറയാനില്ല....

Jane Na അല്ല സുഭാഷ്‌, യൂസുഫ് അല്‍ ഖര്‍ദാവി ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഷംനാദ്, അബ്ദുല്‍ ലത്തീഫ് പറഞ്ഞ സംഭവവും സത്യം തന്നെയല്ലേ?

Nasarudheen Mannarkkad പ്രസക്തമായ അഭിപ്രായം ലത്തീഫ് ഭായ് പങ്കു വെച്ചു. എല്ലാ റൈറ്റ് തിന്കെര്സിനും ഞാനും ക്രിസ്തുമസ് ആശംസിക്കുന്നു

Subhash J George ശ്രീ അബ്ദുല്‍ ലത്തീഫിന്റെ അഭിപ്രായം കേട്ടിട്ട് അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം ഒന്ന് കൂടി കൂടി . പഠിക്കുന്ന കാലത്ത് ഞാന്‍ ഒരു പാട് അന്യ മതസ്ഥരെ , ഹിന്ദുക്കളെയും മുസ്ലീങ്ങളെയും എന്റെ വീട്ടിലേക്ക് ഈസ്ടരിനും ക്രിസ്തുമസിനും ക്ഷണിക്കുമായിരുന്നു. അത് എന്നെക്കാള്‍ നിര്‍ബന്ധം എന്റെ അമ്മക്കായിരുന്നു താനും. ആരെയും പള്ളിയില്‍ കൊണ്ട് പോകാനോ, വീട്ടിലിരുത്തി പ്രാര്തിപ്പിക്കാണോ ഒന്നുമല്ല. വീട്ടിലിരുന്നു നന്നായിട്ടൊന്നു ഫുഡ് അടിക്കുക. കുഅര്ച്ചു നേരം വര്‍ത്തമാനം പറഞ്ഞിരിക്കുക. അത്ര മാതരം. ചിലപ്പോള്‍ വൈകുന്നേരങ്ങളില്‍ പള്ളിയിലോ, അടുത്തുള്ള ക്ലബ്ബിലോ കലാ പരിപാടികള്‍ ഉണ്ടാവും. അത് കാണാനും പങ്കെടുക്കാനും പോകും. അതിലും പ്രാര്‍ഥനയോ, ആരാധനയോ ഒന്നും ഉണ്ടാവില്ല.

ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഞാന്‍ ഒരാളെ ക്ഷണിച്ചിട്ടു , എന്റെ മതം ഇതിനനുവടിക്കുന്നില്ല അത് കൊണ്ട് ഞാന്‍ വരില്ല എന്ന് പറഞ്ഞാല്‍, അത് മനസിലാക്കാന്‍ എനിക്ക് തീരെ പറ്റില്ല.


 Shamnad Ck  , Jane Na..... Nabi(s) paranju:
"Oru Samudayathinodu Saadrishyam Aayavan Avaril Pettavananu"
(Abudaud 3515, Ahmad 2/50 )


Jane Na ശെരിയാണ് ഷംനാദ്. സാദൃശ്യപ്പെട്ടാല്‍ അങ്ങനെയായിരിക്കും എന്നാല്‍ കൃസ്ത്മസിന് വിഷ് ചെയ്യുന്നതും അവരുടെ കൂട് ഭക്ഷണം കഴിക്കുന്നതും സാദൃശ്യപ്പെടുന്നതാണോ?

Subhash J George പിന്നെ ചെറിയൊരു കാര്യം കൂടി..

നിങ്ങളുടെ ഒരു പെരുന്നാളിന് നിങ്ങള്‍ അമുസ്ലീം ആയ ഒരു സുഹൃത്തിനെ ക്ഷണിക്കുന്നു. എന്റെ മത വിശ്വാസം നിങ്ങളുടെതില്‍ നിന്നും വ്യത്യസ്തമാണ്, നിങ്ങളുടെ ദൈവത്തിന്റെ / മതത്തിന്റെ പേരിലുള്ള ആഘോഷത്തില്‍ പങ്കു കൊല്ലാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് അയാള്‍ പറഞ്ഞാല്‍ നിങ്ങള്ക്ക് എങ്ങനെ തോന്നും എന്ന് ഒന്ന് ചിന്തിച്ചു നോകുക....

ചിന്തിക്കുന്നവന് ലതുണ്ടല്ലോ...............ദൃഷ്ടാന്തം...!!!


Abdul Latheef ഹദീസും ഖുർആനുമൊക്കെ ഇവിടെ ഉദ്ധരിച്ചു. ഞാൻ പറഞ്ഞതിന് അടിസ്ഥാനപരമായി അത് ഖണ്ഡിക്കുന്നുണ്ടോവെന്ന് നിങ്ങൾ തന്നെ പറയുക. എല്ലാ മുസ്ലിംകളും ക്രിസ്തുമസ് ആഘോഷിക്കണമെന്നോ ദൈവത്തിന് പുത്രനെ സങ്കൽപിക്കണമെന്നോ ഇവിടെ പറഞ്ഞിട്ടില്ല. ക്രൈസത് വർ അടക്കമുള്ള ഒരു സമൂഹത്തിലാണ് നാമുള്ളത് നമ്മുടെ പരിധിയിൽ നിന്ന് കൊണ്ട് അവരുമായി അത്തരം സന്തോഷ പ്രകടനങ്ങളാകാം. അവർ നമ്മുക്ക് ഇദ് ആശംസിക്കുന്നു. നാം ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നു. അതിനർഥം അവർ നമ്മുടെ ഏകദൈവത്വം സ്വീകരിച്ചുവെന്നാണോ. അത്രയേ ഉള്ളൂ ഇതേ കാര്യം തിരിച്ചു ചെയ്യുമ്പോഴും. അതിന് അമിതമായ അർഥവും വ്യാഖ്യാനവും നൽകുന്നതാണ് ഇവിടെ ചിലർക്ക് അബദ്ധം പിണയാനുള്ള കാരണം.

Abdul Latheef ജൂതൻമാരുമായി യുദ്ധം നടക്കുമ്പോൾ പോലും ജൂതസ്ത്രീ നൽകിയ ഭക്ഷണം കഴിച്ച് വിഷം ഉള്ളിൽ ചെന്നിട്ട് പോലും ജൂത ക്രൈസ്തവരുടെ ഭക്ഷണം കഴിക്കരുത് എന്ന് പറയാത്ത പ്രവാചകൻ... ക്രൈസ്തവർക്ക് സ്വന്തം ആരാധനാലയും അവർ യേശുവിനെയാണ് അരാധിക്കുന്നതെന്നറിയെ തന്നെ പ്രാർഥനക്ക് നൽകിയ പ്രവാചകൻ... തന്നോട് നൂറ് ശതമാനവും ശത്രുതയിലായിരിക്കെ തന്നെ അവരുടെ പീഢനം സഹിക്കവയ്യാതെ മക്കയിൽ നിന്ന് നാടുവിടുമ്പോഴും അവരുടെ സൂക്ഷിച്ചേൽപിച്ച സാധനങ്ങൾ തിരിച്ചു നൽകാൻ അനുചരനെ ഏർപ്പാടാക്കിയ പ്രവാചകൻ.... മക്കയിലേക്കുള്ള പലായന വേളയിൽ ബഹുദൈവവിശ്വാസിയെ സഹായിയായി കൂട്ടി ഒന്നിച്ച് ഉറങ്ങി ഒന്നിച്ച് ഉണ്ട് യാത്ര ചെയ്ത പ്രവാചകൻ, മരിക്കുമ്പോൾ പോലും തന്റെ പടയങ്കി പണയം വെക്കാൻ ജൂതനെ കണ്ടെത്തിയ പ്രവാചകൻ. നിങ്ങളോട് യുദ്ധം ചെയ്യാത്തവരാണെങ്കിൽ അങ്ങോട്ട് ഗുണം ചെയ്യണം എന്ന് കൽപിക്കുന്ന വേദഗ്രന്ഥം പഠിപ്പിച്ച പ്രവാചകൻ....

ആ പ്രവാചക ചര്യക്ക് യോജിച്ച തീരുമാനം ക്രിസ്തുമസിന് ആശംസയർപ്പിക്കുക എന്നതാണ്. ഇതിനെതിരെ പറയുന്നതൊക്കെ മുട്ടുന്യായമായിട്ടാണ് അനുഭവപ്പെടുന്നത്.



Subhash J George abdul latheef, i am so happy to read the sensible comments from you. nasar, jane na etc. fasal , shamnad etc migh be trying to follow the religion literally rather than following the essense of prophets teaching. but in a pluralistic society, such stands can cause disharmony.

 Jane Na അതിനു ഖാര്‍ദാവി പറഞ്ഞ മറുപടി പോരെ ഷംനാദ്. നമ്മളെക്കാള്‍ അറിവുള്ള ആളല്ലേ അദ്ദേഹം? അദ്ദേഹം പറയുന്നു വിഷ് ചെയ്യുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ല.

و استغرب القرضاوي احتفال بعض المسلمين بهذه الأعياد التي لا تمس للمسلمين بأي صلة بطريقة لا يحتفلون بها حتى في عيد الفطر مثلاً.

وتساءل القرضاوي خلال حديثه لبرنامج “الشريعة والحياة” الذي يذاع على فضائية الجزيرة، : “هل يسمح الغرب للأقليات الدينية بالاحتفال بأعيادهم الإسلامية مثلما نحتفل نحن ونخرج عن أعرافنا؟”

إلا أنه قال بجواز تقديم التهنئة لإخواننا المسيحيين في أعيادهم انطلاقا من قول الله تعالى “لا ينهاكم الله عن الذين لم يقاتلوكم في الدين ولم يخرجوكم من دياركم أن تبروهم وتقسطوا إليهم إن الله يحب المقسطين”.

ഈദ്‌ കൊണ്ടാടുന്നത് പോലെ നാം അത് കൊണ്ടാടിയാല്‍ ഹറാം എന്നാണ് പറഞ്ഞത്‌. അതല്ലാതെ വേറെ രീതിയില്‍ അവരെ വിഷ് ചെയ്യുന്നതിനോ മറ്റോ പ്രശ്നമില്ല എന്ന് അദ്ദേഹം പറയുന്നു.


 Subhash J George rafeek, a marriage is a religious ceremony. would you attend the marriage of a non muslim?

 Rafeeq Kannanalloor വിവാഹം എന്നത് ഒരു മത ചടങ്ങ് തന്നെയാണ് സംശയം ഇല്ല എന്നാല്‍ വിവാഹത്തിന് പങ്കെടുക്കുനതും അവരെ ആശംസിക്കലും ഒന്നും യാതൊരു ബുദ്ധിമുട്ടും ഏക ദൈവ വിശ്വാസത്തിനു കോട്ടം തട്ടില്ല .

 Abdul Latheef അനാവശ്യമായ ആശങ്കകളാണ് ആശംസകളർപ്പിക്കരുത് എന്ന് പറയുന്നവരുടെ ന്യായം. ആഘോഷത്തിൽ മതം പ്രസക്തമാകുമെങ്കിൽ വിവാഹത്തിലും മരണത്തിലുമൊക്കെ അതുണ്ട്. ഒരു പക്ഷെ ആഘോഷത്തിലുള്ളതിനേക്കാൾ മതം പ്രസക്തമാകുന്ന അവസ്ഥയാണ് മിക്കവാറും എല്ലാ മതങ്ങൾക്കും. എന്നിരിക്കെ. ഈ വിരുദ്ധാഭിപ്രായം സ്വീകരിക്കാൻ പറയുന്നവർ തന്നെ പ്രയാസപ്പെടും.

Jane Na റഫീക്ക്‌ സാഹിബിന്റെ കാഴ്ചപ്പാടിനോട് അനുഭാവം പുലര്‍ത്തിയിട്ടു തന്നെ ഞാന്‍ ഖാര്‍ദാവിയോട് യോജിക്കുന്നു.

أعلن الشيخ الدكتور يوسف القرضاوي رئيس اتحاد علماء المسلمين أنه لا يجوز للمسلمين الاحتفال بأعياد الكريسماس و رأس السنة نهائياً، ولا يجوز للمجتمع المسلم أن يغير من هويته الإسلامية وانتمائه وأعرافه وتقاليد دينه.

മുസ്ലിം സമുദായം ഇസ്ലാമിക അസ്തിത്വം മാറ്റിവെച്ചു, മറ്റു സമുദായങ്ങളുടെ വിശ്വാസമോ, പാരമ്പര്യ ആഘോഷങ്ങളിലോ, ഇന്‍തിമാ (ഇഴുകിച്ചെരുക) ചെയ്യല്‍ ആണ് അനുവദനീയം അല്ലാത്തത്.


 Abdul Latheef ചർച തുടരുമ്പോൾ ഞാനും ജാനേ നാ പറഞ്ഞതും കൂടുതൽ വ്യക്തമാവുകായാണ്. എന്നെ വിട്ടേക്കുക. യുസുഫുൽ ഖർദാവി ലോക ഇസ്ലാമിക പണ്ഡിത സഭയുടെ അദ്ധ്യക്ഷനാണ് അദ്ദേഹത്തിന് ഫത് വ പറയാൻ അധികാരമില്ലെങ്കിൽ പിന്നെ ആർക്കാണ് ഇക്കാലത്ത് അതിനർഹതയുള്ളത്. എന്നാൽ ഇത്തരം ഫത് വകളുടെയും മറ്റും പേരിൽ ചിലർ അദ്ദേഹത്തെ വിമർശിക്കുന്നുവെന്നത് ശരിയാണ്. അവരുടെ വാദമാകട്ടേ ബുദ്ധിക്ക് അൽപം പോലും യോജിക്കാത്തതും പ്രമാണത്തിന്റെ പിൻബലമില്ലാത്തതുമാണ്.Abdul Latheef അനാവശ്യമായ ആശങ്കകളാണ് ആശംസകളർപ്പിക്കരുത് എന്ന് പറയുന്നവരുടെ ന്യായം. ആഘോഷത്തിൽ മതം പ്രസക്തമാകുമെങ്കിൽ വിവാഹത്തിലും മരണത്തിലുമൊക്കെ അതുണ്ട്. ഒരു പക്ഷെ ആഘോഷത്തിലുള്ളതിനേക്കാൾ മതം പ്രസക്തമാകുന്ന അവസ്ഥയാണ് മിക്കവാറും എല്ലാ മതങ്ങൾക്കും. എന്നിരിക്കെ. ഈ വിരുദ്ധാഭിപ്രായം സ്വീകരിക്കാൻ പറയുന്നവർ തന്നെ പ്രയാസപ്പെടും.

Jane Na ‎- وَعَن ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ((مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ)). أَخْرَجَهُ أَبُو دَاوُدَ، وَصَحَّحَهُ ابْنُ حِبَّانَ.
(وَعَن ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ. أَخْرَجَهُ أَبُو دَاوُدَ، وَصَحَّحَهُ ابْنُ حِبَّانَ).
الْحَدِيثُ فِيهِ ضَعِيفٌ، وَلَهُ شَوَاهِدُ عِنْدَ جَمَاعَةٍ مِنْ أَئِمَّةِ الْحَدِيثِ عَنْ جَمَاعَةٍ مِن الصَّحَابَةِ تُخْرِجُهُ عَن الضَّعْفِ، وَمِنْ شَوَاهِدِهِ مَا أَخْرَجَهُ أَبُو يَعْلَى مَرْفُوعاً مِنْ حَدِيثِ ابْنِ مَسْعُودٍ: ((مَنْ رَضِيَ عَمَلَ قَوْمٍ كَانَ مِنْهُمْ)).
 

ദുര്‍ബലമായ ഒരു ഹദീസില്‍ പിടിച്ചു തൂങ്ങി നടത്തുന്ന എന്ത് വാദവും ദുര്‍ബലമാണ്.. ദുര്‍ബലമല്ല എന്ന് തെളിയിക്കുക...

 Abdul Latheef ‎(((shamnad etc migh be trying to follow the religion literally rather than following the essense of prophets teaching. but in a pluralistic society, such stands can cause disharmony.)))

സുഭാഷ്... താങ്കൾ കാര്യം കൃത്യമായി മനസ്സിലാക്കി. മലയാളത്തിൽ ഞങ്ങളിതിനെ അക്ഷരപൂജ എന്ന് പറയും. പ്രവാചകാധ്യാപനങ്ങളുടെ സത്ത മനസ്സിലാക്കാതെ അക്ഷരത്തിലെടുത്ത് സ്വയം വ്യാഖ്യാനം ചമക്കുന്ന അവസ്ഥയാണിത്. വചനങ്ങളെ ആശയത്തിലെടുക്കാനുള്ള ആദർശപരമായ ഒരു കരുത്തില്ലായ്മ.

ഞാനുദ്ധരിച്ച സുപ്രധാന സംഭവങ്ങളെ മുന്നിൽവെച്ച് സഹോദര സമുദായത്തിന്റെ ആഘോഷത്തിൽ പങ്ക് ചേരുന്നത് ആ പ്രവാചകൻ വിലക്കുമെന്ന് മനുഷ്യബുദ്ധി സമ്മതിക്കുമോ. മറിച്ച് ചിന്തിക്കാനല്ലേ ന്യായം കൂടുതൽ. ഇവിടെ ഉദ്ധരിച്ച ഖുർആൻ സൂക്തങ്ങളും തിരുവചനങ്ങളും വിശ്വസത്തിൽ ബഹുദൈവത്വം കലർന്ന് പോകുന്നതിനെ ശ്രദ്ധിക്കാനുള്ള കൽപനകൾ മാത്രമാണ്. ശുദ്ധമായ ഏകദൈവത്വം മുന്നോട്ട് വെക്കുന്ന ഇസ്ലാം സ്വാഭാവികമായും നൽകാനിടയുള്ള നിർദ്ദേശങ്ങൾ. അത് വെച്ച് തെറ്റായ ധാരണയിലെത്തുകയാണ് ഇവിടെ ചില സുഹൃത്തുക്കൾ.

ഏതായാലും ഈ ചിന്തയോ വീക്ഷണമോ ഞാനാരുടെ തലയിലും അടിച്ചേൽപിക്കുന്നില്ല. എന്നാൽ ഇത്തരമൊരു ചർചയിൽ ഞാൻ മനസ്സിലാക്കിയത് പറയാതിരിക്കാനുമാവുന്നില്ല.

പക്ഷെ ഒന്നറിയുക ഇത് എന്റെ വ്യക്തിപരമായ ഒരു ചിന്ത മാത്രമല്ല. കാര്യങ്ങളെ ഗൗരവത്തിൽ കണ്ട് പ്രമാണങ്ങളെ അതിന്റെ അക്ഷരത്തിലെടുക്കാതെ ആശയത്തിലെടുത്ത് പരിഗണിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ വീക്ഷണമാണ്.

ദൈവം നമ്മെയെല്ലാവരെയും സഹായിക്കുമാറാകട്ടേ...

തിങ്കളാഴ്‌ച, ഡിസംബർ 19, 2011

അറബ് വസന്തം ജൂതസൃഷ്ടിയോ ? ചന്ദ്രിക ഇരുട്ടിൽ തപ്പുന്നു.


മുല്ലപ്പൂ വിപ്ലവവും അതേ തുടർന്ന് രൂപപ്പെട്ട അറബ് വസന്തവും എങ്ങനെ വ്യാഖ്യാനിക്കണം എന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് കേരളത്തിലെ ഏതാണ്ടെല്ലാ മുസ്ലിം സംഘടനകളും മുസ്ലിം സാമുദായിക പാർട്ടിയും. കെ.എം ഷാജി അടക്കമുള്ളവരുടെ ലേഖനങ്ങൾ അറബ് വസന്തത്തിന്റെ മുന്നിൽ നടന്നവർ മുസ്ലിം ലീഗാണ് എന്ന് അവകാശപ്പെടുകയും ജമാഅത്തെ ഇസ്ലാമിക്ക് അതിന്റെ മഹത്വം അവകാശപ്പെടാൻ ഒരു അർഹതയില്ലെന്നും വാദിക്കുമ്പോൾ തന്നെ പിറ്റേ ദിവസം ചന്ദ്രികയിൽ വരുന്ന ലേഖനം. മുല്ലപ്പൂ വിപ്ലവും അതോടനുബന്ധിച്ച് അറബി നാടുകളിൽ ഇടിമുഴക്കം സൃഷ്ടിച്ച് കടന്നുവന്ന അറബ് വസന്തവും പൂർണമായും സയണിസ്റ്റുകളുടെ തിരക്കഥക്കനുസരിച്ച് നടന്ന നാടകം മാത്രമാണെന്നാണ്. ജൂത ബുദ്ധിജീവിയായ ഓഡഡ്യിനോണ്‍ 1982 ഫെബ്രുവരിയില്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളിൽ മുപ്പത് വർഷത്തിന് ശേഷം നടപ്പാക്കിയതിൽ എത്രമാത്രം വിജയിച്ചുവെന്ന കണക്കാണത്രേ ഇപ്പോൾ എടുക്കേണ്ടത്. ജമാഅത്തെ ഇസ്ലാമി ഇതിനെ പുതുപ്രഭാതം എന്ന് വിളിക്കുന്നതിലും ചന്ദ്രിക ലേഖകന് വലിയ പരാതിയുണ്ട്. അദ്ദേഹത്തിന്റെ വരികൾ കാണുക:

1982 ഫെബ്രുവരിയില്‍ ഓഡഡ്യിനോണ്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ 2012 ഫെബ്രുവരിയില്‍ മുപ്പതാം വാര്‍ഷികമാചരിക്കുമ്പോള്‍, അത് നടപ്പാക്കുന്നതില്‍ തല്‍പരര്‍ എത്രത്തോളം വിജയിച്ചുവെന്നാണ് നോക്കേണ്ടത്. വീണ്ടുമൊന്നുണ്ട്, ലാത പോയി മനാത വന്നതു കൊണ്ട് മാത്രം ജാസ്മിന്‍വാദികള്‍ക്ക് പുതു പ്രഭാതമാകുമെന്ന് പറയാനൊക്കുമോ? സിറിയ കഴിഞ്ഞാല്‍ ഇറാനിലും മറ്റെന്തെങ്കിലും ന്യായേനെ, വിപ്ലവമാവര്‍ത്തിച്ചാല്‍ ഇസ്രായേലായിരിക്കും ഗുണംപറ്റികള്‍ എന്ന ലളിത സത്യത്തെ ആര്‍ക്കെങ്കിലും നിഷേധിക്കാനാവുമോ? സമീപ ഭാവിയില്‍, വിപ്ലവ ജ്വാലകള്‍ എല്ലായിടത്തുമെത്തിയേക്കാം; എന്തുമുണ്ടാകാം; രാഷ്ട്രീയമായി അമേരിക്കക്ക് സ്ഥിരമായ ഒരു മിത്രമോ ശത്രുവോ ഒന്നുമില്ല. അത് സയണിസ്റ്റുകള്‍ക്ക് നന്നായറിയാം. സഊദി ഭരണകൂടം ഇന്ന് അമേരിക്കയുടെ രാസവാരിക്കാരാണ്. പക്ഷെ നാളെ, നമ്മുടെ നിശ്ചയ പ്രകാരമല്ലല്ലോ.

ലേഖനത്തിലെ ഈ അവസാന ഭാഗം വായിച്ചാലറിയാം ലേഖകൻ കടുത്ത സന്ദേഹത്തിലാണെന്ന്. നേരത്തെ  ഒരു ബ്ലോഗിൽ സൂചിപ്പിച്ച പോലെ ജമാഅത്തെ ഇസ്ലാമി നാടുനീളെ 'അറബ് വസന്തം: പുതുയുഗത്തിന്റെ പിറവിയാണ്' എന്ന സന്ദേശ സമ്മേളനങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ് അത് ജമാഅത്ത് വിമർശകരായ മതസംഘടനകൾക്കും സാമുദായിക സംഘടനക്കും വല്ലാത്ത അലോസരമുണ്ടാക്കുന്നു. അതിനെതിരെ എങ്ങനെ പ്രതികരിക്കണം എന്നറിയാതെയാണവരുള്ളത്. വിപ്ലവാനന്തരം ശക്തമായ നേതൃത്വം നൽകാൻ കെൽപുള്ള രാഷ്ട്രീയ ഇസ്ലാമിന്റെ ആളുകളെന്ന് പാശ്ചാത്യരും അവരെ ചാണിനു ചാൺ പിൻപറ്റി കേരളത്തിലും ആക്ഷേപിക്കപ്പെട്ടുകൊണ്ടിരുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ അഭാവം നിമിത്തം ദിശാബോധം നഷ്ടപ്പെട്ട രാജ്യങ്ങളെ ചൂണ്ടിക്കാട്ടിയും അതേ പ്രകാരം  ഇറാനിൽ അപ്രകാരം സംഭവിച്ചാൽ അത് ഇസ്രായേലിനെയല്ലേ സന്തോഷിപ്പിക്കുക എന്ന മുട്ടുന്യായവുമൊക്കെ പറഞ്ഞ് അറബ് വസന്തത്തെ മൊത്തമായി തെറ്റിദ്ധരിപ്പിക്കുന്നത് വ്യക്തമായ നിലപാടില്ലായ്മയുടെ ഭാഗമാണ്.

ലേഖകൻ തുടക്കത്തിൽ പറഞ്ഞ ഒട്ടേറെ കാര്യങ്ങൾ വസ്തുതാപരം തന്നയായരിക്കാം. കാരണം തങ്ങളുടെ ശിങ്കിടികളായ ഏകാധിപതികളുടെ ഭരണം പോലും സഹിക്കാതെ ഇസ്ലാമിക സമൂഹത്തെ നശിപ്പിക്കാൻ ജൂത സയണിസ്റ്റ് ബുദ്ധി ജീവികൾ ചിന്തിക്കാനും നിർദ്ദേശം അവതരിപ്പിക്കാനും ആസൂത്രണം നടത്താനും തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി എന്നത് വസ്തുത തന്നെയാണ്. എന്നാൽ ഇപ്പോഴുണ്ടായ ആകസ്മിക സംഭവങ്ങളുടെ പിന്നിൽ അവരാണ് എന്നത് തുടർ സംഭവങ്ങൾ വീക്ഷിക്കുമ്പോൾ ആർക്കും മനസ്സിലാക്കിയെടുക്കാൻ സാധിക്കുകയില്ല.

പതിറ്റാണ്ടുകളായി സ്വന്തം തറവാട് സ്വന്തായി രാജ്യത്തെക്കണ്ട് സ്വേഛാധിപത്യ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തിലെ യുവാക്കൾക്ക് തങ്ങളുടെ നാട്ടിലെ അസ്വാതന്ത്ര്യവും അക്രമഭരണവും തിരിച്ചറിയാനും ലോകത്ത് പലഭാഗത്തും ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ സംവിധാനങ്ങളെ മനസ്സിലാക്കാനും പൂർണമായ അവസരമാണ് ഇന്റർനെറ്റ് തുറന്നിട്ട് കൊടുത്തത്. അതോടൊപ്പം അധികാരികളെ ഭയപ്പെടാതെ ഒട്ടൊക്കെ ആശയവിനിമയം നടത്താനുള്ള സാധ്യതയും ഇന്റർ നെറ്റ് നൽകി.

സാഹചര്യങ്ങളൊക്കെ പാകപ്പെട്ട ഈ അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കാനും വിപ്ലവ ജ്വാലയുയർത്താനും ഒരു തീപൊരിമാത്രം മതിയായിരുന്നു. അതാണ് മുഹമ്മദ് ബൂ അസീസിയുടെ ആത്മഹത്യയിലൂടെ സംഭവിച്ചത്. ഇതും ജൂത-സയണിസത്തിന്റെ തിരകഥയനുസരിച്ചാണെന്ന് നമ്മുക്ക് പറയാനാകുമോ?. അതുകൊണ്ട് തന്നെ പറയട്ടെ ജമാഅത്തെ ഇസ്ലാമിക്ക് ഓഡഡ്യിനോണിനെ ഓര്‍മ കാണാത്ത പ്രശ്നമല്ല. മറിച്ച് അപ്രകാരം എഴുതപ്പെട്ട നൂറുകണക്കിന് തിരകഥയനുസരിച്ചല്ല അറബ് വസന്തം അരംഭിച്ചത് എന്ന വ്യക്തമായ തിരിച്ചറിവ് ഒന്നുകൊണ്ട് മാത്രമാണ്, സയണിസ്റ്റ് ഗൂഡാലോചനയും അറബ് വസന്തവും കൂട്ടിക്കുഴക്കാത്തത്. അതോടൊപ്പം സയണിസവും പാശ്ചാത്യനിഗൂഢ ശക്തികളും കയ്യും കെട്ടി നോക്കി നിൽക്കും എന്ന് ജമാഅത്ത് കരുതുന്നില്ല. പക്ഷെ ജനങ്ങളുടെ സ്വാതന്ത്ര്യാഭിലാശങ്ങളെ പിന്തുണക്കാൻ അത്തരം കൃത്രിമമായ ഭയാശങ്കകൾ ജമാഅത്തിനെ പ്രേരിപ്പിക്കുന്നില്ല എന്ന് മാത്രം.  ചന്ദിക ലേഖനത്തിന്റെ പ്രസക്തമായ ഭാഗം വായിക്കുക:

[ജമാഅത്തെ ഇസ്ലാമിക്ക് ഓഡഡ്യിനോണിനെ ഓര്‍മ കാണില്ല
(ശുഐബ് ഹൈതമി വാരാമ്പറ്റ)

അറബ് പ്രക്ഷോഭങ്ങളെ മുല്ലപ്പൂവസന്തമെന്ന് വിളിക്കുന്നതിന്റെ ലോജിക് ഇനിയും തിരുത്താത്തവര്‍ വിശദീകരിക്കേണ്ടതുണ്ട്. അറേബ്യന്‍ രാഷ്ട്രീയ, സാങ്കേതിക ശക്തികള്‍ക്കെതിരെ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തിരക്കഥയെഴുതി വേദിയും വേഷവും തെരഞ്ഞു നടന്നിരുന്ന സയണിസ്റ്റുകളുടെ ബൗദ്ധികശ്രമവും വിജയവുമാണ് തഹ്രീര്‍ ചത്വരത്തിലും ട്രിപ്പോളിയിലും ഏദനിലും സന്‍ആയിലുമെല്ലാം അരങ്ങേറുന്നത് എന്ന് ശരാശരി വിചക്ഷണര്‍ക്ക് സുഗ്രാഹ്യമായി വ്യക്തമാക്കിയിട്ടും ഒട്ടിച്ച്പോയ നോട്ടീസും അച്ചടിച്ച്പോയ അനര്‍ത്ഥങ്ങളും ന്യായീകരിക്കാന്‍ വേണ്ടി അന്ത:ദോഷങ്ങള്‍ വീണ്ടുമാവര്‍ത്തിക്കുമ്പോള്‍ ചരിത്രത്തോട് നീതിപാലിക്കണം; മനഃസാക്ഷിയോടും; ഓര്‍മ്മകള്‍ അഭിനയിക്കുന്നതിനിടെ ചിലതൊക്കെ മറന്നുപോകുന്നുണ്ട്.

ജറൂസലമിലെ ലോക സയണിസ്റ്റ് ഓര്‍ഗനൈസേഷന്‍ 980 നവംബര്‍ പതിനാലിന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ജൂത ബുദ്ധിജീവി ഓഡഡ്യിനോണ്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായി കാണാം. അടിസ്ഥാനപരമായി, അറബ് സാമൂഹിക ഘടനയെ ഭിന്നിപ്പിച്ചും, വംശീയ, കുലഗോത്രപരമായി ശിഥിലകരണമുണ്ടാക്കിയും അറബ് നാടുകളുടെ സംഘടിത ശക്തിയും സാങ്കേതികപുരോഗതിയുമൊക്കെ നിര്‍വീര്യമാക്കുകയെന്നതാണ് ലേഖനത്തിന്റെ കാതല്‍. സാമുവല്‍ ഹണ്ടിംഗ്ടന്റെ സാംസ്കാരിക സംഘട്ടനത്തെക്കാള്‍ പ്രായോഗിക സാധ്യത അന്നുതന്നെ ഓഡഡ്യിനോണിന്റെ ചിന്തകള്‍ക്ക് കല്‍പ്പിക്കപ്പെടുകയും ചെയ്തിരുന്നു. ജനകീയമായ അരക്ഷിതാവസ്ഥകള്‍ ഉണ്ടാക്കി, അധിനിവേശം നടത്തി കെട്ടിടങ്ങളും സമുച്ചയങ്ങളും തകര്‍ത്തെറിയണമെന്ന് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പെ വേദമോതിയതാണെന്ന കാര്യം പ്രസ്താവ്യമാണ്. അമേരിക്കയെ നയിക്കുന്ന തീവ്രവലതുപക്ഷ ക്രിസ്ത്യാനികളെ പ്രലോഭിക്കാന്‍ വേണ്ടി ഇറാഖ്, ഈജിപ്ത്, സിറിയ, സുഡാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ കഷ്ണിച്ചെടുത്ത് ചെറിയ ചെറിയ ക്രിസ്ത്യന്‍ റിപ്പബ്ലിക്കുകള്‍ ഉണ്ടാക്കണമെന്നും ആ ജൂതന്‍ ഉപദേശിച്ചിട്ടുണ്ട്, ഹുസ്നി മുബാറക്കിന്റെ ഈജിപ്തിന്റെ ഒരു ഭാഗം ക്രിസ്ത്യന്‍ കോപ്ടിക് രാജ്യമാകണം എന്നുപോലും പറഞ്ഞിട്ടുണ്ട്. അതാത് പ്രദേശങ്ങളിലെ സ്വാഭാവികമായ രാഷ്ട്രീയ പ്രതിഭാസങ്ങളെ വിരുദ്ധസമരമാക്കി ചിത്രീകരിക്കാന്‍ ഇക്കാലമത്രയും കൊണ്ടുപിടിച്ച ശ്രമങ്ങളും നടന്നിരുന്നു. അറബ് പ്രക്ഷോഭങ്ങള്‍ ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിയകളിലൂടെ സംക്രമണം ചെയ്യപ്പെട്ട കല്‍പ്പിത കഥയായിരുന്നുവെന്ന് വ്യക്തമാണല്ലോ. ഫേസ്ബുക്കിലും ബ്ലോഗിലും ട്വിറ്ററിലും പ്രത്യക്ഷപ്പെടുന്ന അപക്വവും അപകടകരവുമായ രണാഹ്വാനങ്ങളാണ് ഈ സന്ദര്‍ഭത്തിലും നിരത്തുകളില്‍ ചീറ്റിപ്പിടയുന്നത്. അഭ്യസ്തവിദ്യരായ അറബ് യൗവനങ്ങളെ നിരാശാ രോഗത്തിന്റെ വൈറസ് വ്യാപനത്തിലൂടെ ഇ.വുഡുകള്‍ കീഴടക്കുകയായിരുന്നു; വൈകാരികതയുടെ കോളിളക്കത്തില്‍ ഉറവയുടെ ഉല്‍ഭവം നാടകതുല്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. സൈബര്‍ ആഢംബരതയുടെ വക്താക്കളായ ലിബിയയിലെയും ഈജിപ്തിലെയും തൊഴില്‍രഹിതരായ യുവാക്കളെ ഇ.തരംഗങ്ങള്‍ തെരുപ്പില്‍ കയറ്റുകയായിയരുന്നു. ഒരിട, ഹുസ്നിമുബാറക്ക് രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനം നിയന്ത്രിക്കുക പോലും ചെയ്തിരുന്നു. പൊതുവെ, ഏകാധിപത്യ രാഷ്ട്രീയത്തിന്റെയും രാജകുടുംബ വാഴ്ച്ചയുടെയും അനുബന്ധ ഗുണങ്ങള്‍ വികസന രംഗത്ത് മുതല്‍കൂട്ടാണെന്ന് വിശ്വസിച്ചിരുന്ന അറബികളുടെ സൈക്കോളജി ആന്റി നോര്‍മല്‍ പെയ്സിലോടിയതല്ല, ഓടിച്ചതാണ്; ആര്? ഉത്തരം വ്യക്തമാണ്.]

ഇനി ജമാഅത്തെ ഇസ്ലാമിക്ക് ഇതിൽ എന്ത് കാര്യം എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. അറബ് വസന്തത്തിന് തുടക്കം കുറിച്ചതും അതിന് പ്രേരണയായതും എന്ത് തന്നെയാകട്ടേ. ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് സന്തോഷിക്കാനും പ്രതീക്ഷിക്കാനും വക നൽകിയ ചില ശോഭന ചിത്രങ്ങളാണ് പിന്നീട് സംഭവിച്ചത് എന്നത് തന്നെ അതിന് മതിയായ കാരണമാണ്. ഇക്കാലമത്രയും ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ഭീകരവൽകരിച്ചും അകറ്റി നിർത്തിയിരുന്ന ഒരു പ്രദേശത്ത് ഇസ്ലാമിക പ്രസ്ഥാനങ്ങൾ തിരിച്ചുവരുന്നുവെന്ന് മാത്രമല്ല. ലോകത്തിലെ നല്ലമനസ്സുകളെ ആകർശിക്കത്തക്ക നിലപാടുമായി അവിടെ ഇസ്ലാമിക പ്രസ്ഥാനങ്ങൾ പിച്ചവെച്ചു തുടങ്ങുന്നുവെന്നത് ജമാഅത്തെ ഇസ്ലാമിക്ക് സന്തോഷിക്കാൻ ഇട നൽകുന്ന ശുഭ വൃത്താന്തങ്ങളാണ്.

ഇപ്പോൾ പല മുസ്ലിം സംഘടനകളും കയിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും കഴിയാത്ത അവസ്ഥയിലാണ്. ചില രാജ്യങ്ങളുടെ നല്ല മാറ്റങ്ങളിൽ ഉള്ളാലെ സന്തോഷിക്കുന്നതോടൊപ്പം പല രാജ്യങ്ങളിലും അത് അരക്ഷിതാവസ്ഥയിലേക്ക് നയിക്കപ്പെടുന്നത് കാണുമ്പോൾ വല്ലാതെ അസ്വസ്തപ്പെടുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ കാവലാളായി ചമയുമെങ്കിലും അത് നിർവചിക്കാനോ ഇസ്ലാമികമായി അതിനുള്ള ന്യായം കണ്ടെത്താനോ ശ്രമിക്കാത്തത് മൂലം സംഭവിച്ച ദുര്യോഗമാണ് അത്. എന്നാൽ ജമാഅത്തെ ഇസ്ലാമി അതിന്റെ പോളിസിയിൽ ഇത്തരം ഒരു സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് വ്യക്തമായ നിലപാട് എടുത്ത് വെച്ചിട്ടുണ്ട്.

പോളിസി പ്രോഗ്രാമിൽ ഇങ്ങനെ വായിക്കാം.



പോളിസി




4. ദേശീയ-അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍

എ) ജമാഅത്ത് ദേശീയതലത്തില്‍ ഇസ്‌ലാമികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ നീതിയുടെ സംസ്ഥാപനത്തിനും അനീതിയുടേയും അക്രമത്തിന്റെയും വിപാടനത്തിനും മൗലിക മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനും, രാഷ്ട്രീയ സാമ്പത്തിക സാമൂഹിക നീതി ഉറപ്പുവരുത്താനും, ധാര്‍മിക മൂല്യങ്ങളുടെ പ്രചാരണത്തിനും വേണ്ടി പരിശ്രമിക്കും.


ബി) അന്തര്‍ദേശീയ തലത്തില്‍, രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരിക അധിനിവേശത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം, ഏകാധിപത്യത്തില്‍നിന്നും സ്വേഛാധിപത്യത്തില്‍നിന്നുമുള്ള മോചനം, നീതിയുടെയും ലോകസമാധാനത്തിന്റെയും സംസ്ഥാപനം എന്നിവയെ പിന്തുണക്കും. മുസ്‌ലിം ലോകത്ത് ബഹുജനങ്ങളുടെ പ്രതീക്ഷകളെ പ്രതിനിധാനം ചെയ്യുന്ന, സമൂഹത്തെ ഇസ്‌ലാമിക മാര്‍ഗത്തില്‍ പുനര്‍ നിര്‍മിക്കാന്‍ പരിശ്രമിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കും. ഇസ്‌ലാമിക ലോകത്തിന്റെ യഥാര്‍ത്ഥമായ ഐക്യത്തിനും പടിഞ്ഞാറിന്റെ കുതന്ത്രങ്ങളില്‍നിന്ന് അതിനെ രക്ഷിക്കുന്നതിനും ജമാഅത്ത് കഴിവനുസരിച്ച് പരിശ്രമിക്കും.

ഇത് പൂർണമായും ഇസ്ലാമികമായ അടിത്തറയിൽ രൂപപ്പെടുത്തിയ നിലപാടാണ്. അതുകൊണ്ട് തന്നെ ജമാഅത്തെ ഇസ്ലാമിക്ക് ഇക്കാര്യത്തിൽ ഒരിക്കലും സംശയിക്കേണ്ടി വന്നിട്ടില്ല. അല്ലാതെ ലഘുലേഖയോ പോസ്റ്ററോ മുൻകൂട്ടി അടിച്ചുവെച്ചതിന്റെ പേരിൽ എടുക്കുന്ന നിലപാടല്ല എന്നെങ്കിലും മുസ്ലിം സംഘടനകളും മുസ്ലിം ലീഗടക്കമുള്ള സാമുദായിക സംഘടനകളും മനസ്സിലാക്കണം എന്നേ പറയാനുള്ളൂ..

വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

വെളുത്ത സായിപ്പ്‌ പോയി കറുത്ത സായിപ്പ്‌ വന്നു ?

ശബാബ് വാരികയിൽ വന്ന ലേഖനത്തിനെ അടിസ്ഥാനമാക്കി  ശബാബ് ജമാഅത്തെ ഇസ്ലാമിയെ പരിചയപ്പെടുത്തുമ്പോൾ ? എന്ന  പ്രതികരണക്കുറിപ്പിന്റെ രണ്ടാം ഭാഗം.  ആദ്യഭാഗം ഇവിടെ
---------------------
(ശിര്‍ക്കാണെന്ന്‌ ഒരു കാര്യത്തെപ്പറ്റി പറയുകയും അതേ കാര്യം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്യുന്ന വൈരുധ്യം ജമാഅത്തെ ഇസ്‌ലാമിയുടെ ആദികാലം തൊട്ടുള്ള സവിശേഷതയാണ്‌. വെളുത്ത സായിപ്പ്‌ പോയി കറുത്ത സായിപ്പ്‌ ഭരിക്കുമെന്നതിനപ്പുറം സ്വാതന്ത്ര്യം ഒരു ഫലവും തരില്ലെന്ന്‌ മൗദൂദി സാഹിബ്‌ എഴുതി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പിടഞ്ഞു മരിച്ച പതിനായിരക്കണക്കിന്‌ മുസ്‌ലിംകളെ ഇകഴ്‌ത്തിക്കാണിക്കാനും മടികാണിച്ചില്ല.)


ജമാഅത്തെ ഇസ്ലാമി ശിർക്കാണെന്ന് പറഞ്ഞ ഏത് കാര്യമാണ് പിന്നീട് ലേഖകൻ പറയുന്നത് പോലെ ഭംഗിയായി നിർവഹിച്ചത്. വോട്ടിംഗിനെ സംബന്ധിച്ചാണ് പൊതുവെ മുജാഹിദുകൾ ഈ വാദം ഉന്നയിക്കാറ്. എന്നാൽ കേവലം വോട്ടുചെയ്യൽ ശിർക്കാണ് എന്ന് ജമാഅത്ത് പറഞ്ഞു എന്ന നിലക്കുള്ള മുജാഹിദ് പ്രചാരണം കല്ലുവെക്കാത്ത ഒരു നുണമാത്രമാണ്.

പലപ്പോഴും ചരിത്രത്തിൽ സംഭവിച്ച ഒരു ദുര്യോഗമാണ് മൗദൂദി ആലംങ്കാരികമായി അവതരിപ്പിച്ചത്. ഇന്ന് നാം അറബ് വസന്തത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ജനങ്ങൾക്ക് രണ്ടാം സ്വാതന്ത്ര്യസമരമാണ് നടത്തേണ്ടിവന്നത് എന്നത് വ്യക്തമായില്ലേ. അഫ്ഘാനികൾക്ക് സ്വാതന്ത്ര്യം ലഭിച്ചു റഷ്യൻ അടിമത്തത്തിൽ നിന്ന് എന്നാൽ ഇപ്പോൾ അവർ ആരുടെ അടിമയാണ് എന്ന് ശ്രദ്ധിക്കുക. അതുകൊണ്ടാണ് അന്ന് പാശ്ചാത്യരായ വെള്ളക്കാർ പോയാലും അവരുടെ അതേ സിദ്ധാന്തങ്ങളുപയോഗിച്ചാണ് ഇന്ത്യക്കാർ ഭരിക്കാൻ പോകുന്നതെങ്കിൽ ഭരണമാറ്റം പേരിൽ മാത്രമായിരിക്കും എന്നദ്ദേഹം പറഞ്ഞുവെച്ചത്.

അദ്ദേഹം 'മുസൽമാൻ ഔർ മൗജൂദാ സിയാസി കശ്മകശ്'  എന്ന പുസ്തകത്തിലൂടെ പറഞ്ഞതെന്താണ് എന്ന് നോക്കൂ.
'സ്വാതന്ത്ര്യമെന്നത് കരങ്ങൾ മാറുകയും, ഭരിക്കുന്നത് വിദേശികൾക്ക് പകരം സ്വദേശികളാവുകയും മാത്രമാണോ, അതല്ല ഒരു നല്ല സമൂഹത്തിന്റെ സൃഷ്ടിയോ ?. വിവിധ രാഷ്ട്രീയ കക്ഷികളുടെ, ഹിന്ദുക്കളും മുസ്ലിംകളുമായ നേതാക്കന്മാർ വാഗ്ദത്തം ചെയ്യുന്ന വിധത്തിൽ പാശ്ചാത്യലോകത്തെ വകതിരിവില്ലാതെ അനുകരിക്കുകയും പാശ്ചാത്യൻ സംസ്കാരം മൊത്തമായി പകർത്തുകയും ചെയ്യുന്നതുകൊണ്ട് ഒരു നല്ല സമൂഹത്തെ സംവിധാനിക്കുവാൻ സാധ്യമല്ല.' (ഉദ്ധരണം ജമാഅത്തെ ഇസ്ലാമി മതേതര ഭാരതത്തിൽ, ഡോ. നജാത്തുല്ലാഹ് സിദ്ദീഖി പേജ് 8) ഇങ്ങനെ തന്നെയല്ലേ ഉൾക്കാഴ്ചയുള്ള ഒരു ചിന്തകന് പറയാനാവൂ. പതിനായിരക്കണക്കിന് മുസ്ലിംകൾ പിടഞ്ഞുമരിച്ചതിന് ഉത്തരവാദി ഏതായാലും ജമാഅത്തെ ഇസ്ലാമിയല്ല. ലീഗും അതിനെ പിന്തുണച്ച മുജാഹിദുകളുടെയും സാമുദായിക രാഷ്ട്രത്തിന് വേണ്ടിയുള്ള വൈകാരിക ഇടപെടലാണ് അതിൽ കലാശിച്ചത്. ബ്രിട്ടീഷുകാർക്കെതരിയുള്ള സമരത്തെ അനുകൂലിക്കുകയാണ് മൗദൂദി ചെയ്തിട്ടുള്ളത്.

(ഇന്ത്യയെ പോലുള്ള അമുസ്‌ലിം ഭൂരിപക്ഷ രാഷ്‌ട്രങ്ങളില്‍, നാട്ടിലെ അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കേണ്ടത്‌ ഇസ്‌ലാമിക പ്രബോധനത്തിന്റെ സുഗമമായ പ്രയാണത്തിന്‌ അനുപേക്ഷണീയമാണെന്നും, രാജ്യത്തെ ജനാധിപത്യ-മതേതര ശക്തികളെ ബലപ്പെടുത്തുന്നതിലൂടെ മാത്രമേ അത്‌ സാധിക്കൂവെന്നും മുജാഹിദ്‌ പ്രസ്ഥാനം അന്നു പറഞ്ഞപ്പോള്‍ അതിനെ പരിഹസിച്ചവര്‍, ഏറെത്താമസിയാതെ അതേ വഴിയില്‍ പിറകെ വന്നു.)


സത്യം പറഞ്ഞാൽ ഇപ്പറഞ്ഞവിധത്തിലൊന്നും മുജാഹിദ് പ്രസ്ഥാനം രാഷ്ട്രീയത്തിൽ ഒരു തീരുമാനം എടുത്തതായി നമ്മുക്ക് കാണാൻ കഴിയില്ല. രാഷ്ട്രീയം ദുൻയാ കാര്യമാണെന്നും ഓരോരുത്തരും സൗകര്യം പോലെ തീരുമാനിക്കാൻ അവകാശപ്പെട്ട രംഗമാണെന്നുമാണ് ഇന്നോളമുള്ള മുജാഹിദുകളുടെ പ്രബോധനം. അതുകൊണ്ട് തന്നെ അണികൾ മറ്റൊന്നും ചിന്തിക്കാതെ അവരുടെ സ്വാർഥവും വ്യക്തിപരവുമായ താൽപര്യങ്ങളാൽ ഓരോ പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കുന്നു. പൊതുവെ ലീഗ് എന്ന സാമുദായിക രാഷ്ട്രീയ സംഘടനയിലാണ് ഭുരിപക്ഷം പേരും എന്നത് ഒരു യാദൃശ്ചികത മാത്രം. എന്നിട്ടാണ് ജമാഅത്തെ ഇസ്ലാമി അവരുടെ പിന്നാലെ വന്നുവെന്ന ഒരു ലജ്ജയുമില്ലാതെ എഴുതി വിടുന്നത്.

(പക്ഷേ, ഇസ്‌ലാമിക മുന്നേറ്റമോ ഇസ്‌ലാമിക പ്രബോധനമോ ജമാഅത്തിന്‌ മുഖ്യ അജണ്ടയല്ല. പ്രവാചകന്മാര്‍ നിര്‍വഹിച്ച ദൗത്യമാണ്‌ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും ദൗത്യമാകേണ്ടത്‌. ദീനിന്റെ സവിശേഷ ഭാവങ്ങളെ കുറ്റമറ്റ രീതിയില്‍ അവതരിപ്പിക്കുക എന്നത്‌ ജമാഅത്തിന്റെ അജണ്ടയില്‍ പ്രധാന വിഷയമല്ല. വിശ്വാസ വിമലീകരണത്തിന്‌ തരിമ്പുപോലും പരിഗണന നല്‌കാതെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളെ തലതിരിച്ചിടുകയാണ്‌ ജമാഅത്ത്‌ ചെയ്‌തത്‌. അതേസമയം, തങ്ങള്‍ മാത്രമാണ്‌ `സമഗ്ര' ഇസ്‌ലാമിന്റെ പ്രയോക്താക്കള്‍ എന്ന്‌ അവര്‍ നിരന്തരം പറയുകയും ചെയ്യുന്നു. തൗഹീദ്‌ പ്രബോധനത്തെപ്പോലും `ശാഖാപരം' എന്ന്‌ പരിഹസിച്ചുതള്ളുകയും സംഘടനാപരമായ നിലനില്‌പിനും പൊതു സമ്മതിക്കും വേണ്ടി ഭൗതിക പ്രശ്‌നങ്ങളെ ഏറ്റെടുക്കുകയും ചെയ്യുന്നത്‌ ഏത്‌ പ്രവാചകന്റെ മാതൃകയില്‍ നിന്നാണെന്നത്‌ ഉത്തരം കിട്ടേണ്ട ചോദ്യമാണ്‌.)


ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക മുന്നേറ്റമോ പ്രബോധനമോ ലക്ഷ്യം വെക്കുന്നില്ലെങ്കിൽ പിന്നെ മുജാഹിദുകൾ പോലും വിറളിയെടുക്കുന്നത് എന്തിനാണ്. ആകെ അവരുടെ പരാതി ഇസ്ലാമിനെ തീവ്രമായി അവതരിപ്പിക്കുന്നുവെന്നതാണ്. തീവ്രത എന്ന് അവർ പറയുന്നതാകട്ടേ, പ്രവാചകൻ പ്രബോധനം ചെയ്ത അതേ വിധം രാഷ്ട്രീയം കൂടി ഉൾചേർന്ന ഇസ്ലാമിനെ സമഗ്രമായി അവതരിപ്പിച്ചതും. ജമാഅത്തെ ഇസ്ലാമി അതിന്റെ പോളിസി പ്രോഗ്രാമിൽ ഒന്നാമതായി എണ്ണുന്നത് പ്രബോധനവും രണ്ടാമതായി വിശ്വാസ വിമലീകരണവുമാണ്. അഥവാ മുസ്ലിം സമൂഹത്തിന്റെ ഇസ്വ് ലാഹുമാണ്. അതേ സംഘടനയെക്കുറിച്ചാണ് അവ രണ്ടും അജണ്ടയേ അല്ല എന്ന് പറയുന്നത്. തൗഹീദ് പ്രബോധനത്തെ ശാഖാപരം എന്ന് ജമാഅത്ത് പരിഹസിച്ചിട്ടില്ല. കള്ളമാണ് അവർ ഈ പറയുന്നത്. മറിച്ച് കൈകെട്ടും ഖുനൂത്തും മുഖ്യ വിഷയമാക്കി പ്രകോപനപരമായ പ്രബോധനത്തെ ചോദ്യം ചെയ്യാറുണ്ട്. എന്നാൽ ഏറെ രസകരം അത്തരം കാര്യങ്ങൾ മനസ്സിലാക്കിയവരെന്ന് പറയുന്ന മടവൂർ വിഭാഗത്തിന്റെ വാരികയിൽ തന്നെ, അവർ ആരംഭിച്ചുകഴിഞ്ഞ സാമൂഹ്യ ഇടപെടലുകളെ ഭൗതിക പ്രശ്നമെന്ന് വിളിച്ചിരിക്കുന്നു. എന്നിട്ട് ഉത്തരം കിട്ടാത്ത ഒരു ചോദ്യമെന്ന നിലക്ക് അതിനെ അവതരിപ്പിക്കുന്നു. സുഹൃത്തേ നിങ്ങളുടെ നേതാവ് ഹുസൈൻ മടവൂരിനോട് ചോദിക്കുക ഏത് പ്രവാചക മാതൃകയിലാണ് ഇത്തരം കാര്യങ്ങളെ ഭൗതികമെന്നും മതപരമെന്നും തരം തിരിച്ചിട്ടുള്ളത് എന്ന്. 
 
(ജമാഅത്തെ ഇസ്‌ലാമി ഇന്ന്‌ നേരിടുന്നത്‌ അസ്‌തിത്വപരമായ പ്രശ്‌നമാണ്‌. ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്‌ നിര്‍വഹിക്കാനുള്ള ദൗത്യം തന്ത്രപൂര്‍വം വിസ്‌മരിച്ചതോടെ ജമാഅത്തെ ഇസ്‌ലാമി ഇന്നൊരു വോട്ടുകെട്ട്‌ മാത്രമായി ചുരുങ്ങിപ്പോയി. മറ്റുള്ളവര്‍ക്കൊന്നുമില്ലെന്നും തങ്ങള്‍ക്കു മാത്രമുണ്ടെന്നും ജമാഅത്ത്‌ വാദിക്കുന്ന ഇസ്‌ലാമിന്റെ `സമഗ്രത' എന്താണ്‌? അത്‌ രാഷ്‌ട്രീയമാണ്‌. എന്താണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയം? ഇസ്‌ലാമിന്റെ രാഷ്‌ട്രീയ പദ്ധതി എന്ന വിധം ജമാഅത്ത്‌ അവതരിപ്പിക്കുന്ന പരീക്ഷണങ്ങളാണോ മൗദൂദി അവതരിപ്പിച്ച ഹുകൂമത്തെ ഇലാഹിയും ഇഖാമത്തുദ്ദീനെന്നും ജമാഅത്തിനെ അലട്ടുന്ന പ്രധാന പ്രശ്‌നമാണിത്‌. രാഷ്‌ട്രീയ ഭാഗ്യാന്വേഷണങ്ങളുടെ പേരില്‍ ഇടക്കാലത്ത്‌ പാര്‍ട്ടി നടത്തിയ ജനകീയബഹളം വന്ന വഴിക്കുതന്നെ തിരിച്ചുപോയി. അഖിലേന്ത്യാടിസ്ഥാനത്തില്‍ പുതിയൊരു രാഷ്‌ട്രീയ പാര്‍ട്ടിക്ക്‌ രൂപം നല്‌കിയതോടെ, മതത്തിലും രാഷ്‌ട്രീയത്തിലും പല നേതൃത്വമോ, എന്ന്‌ പണ്ട്‌ മറ്റുള്ളവരോടുയര്‍ത്തിയ ചോദ്യം ജമാഅത്തിനെ തന്നെ തിരിഞ്ഞുകുത്തുകയും ചെയ്യുന്നു. പഞ്ചായത്തിലേക്കും പാര്‍ലമെന്റിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇത്ര അവര്‍ക്ക്‌ ഇത്ര ഇവര്‍ക്ക്‌ എന്ന്‌ വീതംവെച്ച്‌ ചെറുകിട രാഷ്‌ട്രീയപാര്‍ട്ടികളേക്കാളും വലിയ നിലവാരത്തകര്‍ച്ചയിലേക്ക്‌ കുമിഞ്ഞുകുത്തുന്നതിനേക്കാള്‍ നല്ലത്‌ പുതിയൊരു രാഷ്‌ട്രീയപാര്‍ട്ടിയാണെന്ന്‌ ജമാഅത്ത്‌ കണ്ടെത്തിയത്‌ ആശ്വാസമാണെന്നും കരുതാം. ഒരു രഹസ്യ സര്‍ക്കുലറിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിക്കാവുന്ന വോട്ടുനയം, പത്രസമ്മേളനങ്ങള്‍ വഴി വിതരണം ചെയ്യുന്നിടം വരെ ജമാഅത്തിന്റെ വോട്ടും തെരഞ്ഞെടുപ്പും ബഹളമയമായിരുന്നു.)

അസ്തിത്വപ്രശ്നം ഒട്ടും ഇത് വരെ തീണ്ടിയില്ലാത്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. കാരണം അതിന്റെ അസ്തിത്വം ഇസ്ലാമിന്റെ അസ്ഥിവാരങ്ങളിലാണ്. ഇസ്ലാമിക പ്രമാണങ്ങളിലാണ് അത് ഊന്നിനിൽക്കുന്നത്. അതിന്റെ പ്രവർത്തനവും നയപരിപാടികളും രൂപപ്പെടുത്തപ്പെടുന്നത് ശൂറാ സമ്പ്രദായത്തിലൂടെയാണ്. പക്ഷ തികച്ചും ഒരു സാമുദായിക പാർട്ടിയുടെ വാലായി നിലകൊള്ളുന്ന മുജാഹിദ് പ്രസ്ഥാനത്തിന് കടുത്ത അസ്തിത്വ പ്രതിസന്ധി ഇതിനകം നേരിടുകയും കുറുകെ പിളരുകയും. പിളർന്നവ തന്നെ വീണ്ടും പിളരാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതാണ് അസ്തിത്വപ്രതിസന്ധി.

ജമാഅത്തിന്റെ അജണ്ട നിശ്ചയിക്കേണ്ടതെങ്ങിനെയെന്നതും എന്ത് നിലപാട് സ്വീകരിക്കണമെന്നതും അതിന്റെ മാത്രം അവകാശത്തിൽ പെട്ടതാണ്.

ജമാഅത്തെ ഇസ്ലാമിയുടെ മുജാഹിദുകൾക്കെതിരിയുള്ള ഒരു മുഖ്യമായ വിമർശനമാണ്. അവർക്ക് രാഷ്ട്രീയത്തിലും മതത്തിലും വേറെവേറെ നേതൃത്വമാണ് എന്നത്. ഇത് ഇന്നും ശരിയാണ്. മതപരമായി മുജാഹിദും രാഷ്ട്രീയപരമായി ലീഗും. ലീഗ് നേതാവ് ഇവർ ഏതൊക്കെ ശിർക്ക് ഖുറാഫാത്തുകളെ എതിർക്കുന്നുവോ അതിന്റെയൊക്കെ പ്രചാരകനായാലും പ്രശ്നമില്ല എന്നതാണ് നിലപാട്. മാത്രമല്ല കടുത്ത നിരീശ്വരവാദി തന്നെയായിരിക്കാം. വെൽഫയർ പാർട്ടിവന്നതോടെ നിങ്ങൾക്കും രണ്ട് തരം നേതാക്കളായില്ലേ എന്നാണ് ഇമ്മിണി വലിയ ചോദ്യമായി ഉന്നയിക്കുന്നത്. സത്യത്തിൽ മറ്റുപലതിലും ഉത്തരം മനസ്സിലാകാത്തതുപോലെ തന്നെയാണ് ഇവിടെയും. വെൽഫയർ പാർട്ടി വന്നാലും ഒരു ജമാഅത്ത് പ്രവർത്തകന്റെ നേതാവ് ജമാഅത്തെ  ഇസ്ലാമിയുടെ നേതാവ് തന്നെയായിരിക്കും അന്തിമമായി. ഇവിടെ ലേഖകൻ സൂചിപ്പിച്ചപ്പോലെ വിവിധ പാർട്ടികളിലെ വിവിധ ആളുകളിൽ പ്രതീക്ഷിക്കപ്പെടുന്ന നന്മ കാണാണത്തതിനാൽ അകപ്പെട്ട പ്രതിസന്ധിക്ക് ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമം മാത്രമാണ് വെൽഫയർ പാർട്ടി. അത് ജമാഅത്തിന്റെ രാഷ്ട്രീയ പാർട്ടി എന്ന നിലക്കല്ല. ജമാഅത്ത് മുൻകൈ എടുത്ത് രൂപീകരിച്ച പൊതുവായി രാഷ്ട്രീയ പാർട്ടിയാണ്.

എന്നാൽ ഇങ്ങനെയൊരു നിലപാട് എന്നെങ്കിലും മുജാഹിദുകൾക്ക് സാധിച്ചിട്ടുണ്ടോ ഇനിയും സാധ്യമാണോ? ഇസ്ലാമിന്റെ സമഗ്രത ജമാഅത്ത് മുന്നോട്ടുവെക്കുന്നതല്ലെങ്കിൽ പിന്നെ എന്താണ് എന്ന് മുജാഹിദുകൾ വ്യക്തമാക്കണം. അവർക്ക് എന്ത് സമഗ്രത, എന്ത് ഇസ്ലാമിലെ രാഷ്ട്രീയം. ഇക്കാര്യത്തിലെല്ലാം അന്ധൻമാർ ആനയെ കണ്ടതുപോലെയാണ് മുജാഹിദു സംഘടനകൾ. 


(`ഇബാദത്ത്‌' എന്ന വിഷയത്തിലാണ്‌ ജമാഅത്ത്‌ സാഹിത്യങ്ങള്‍ ഏറെയുമുള്ളത്‌. അന്ധവിശ്വാസങ്ങളിലേക്കും ബഹുദൈവത്വപരമായ ആചാരങ്ങളിലേക്കും വഴിമാറിയ മുസ്‌ലിംകളെ യഥാര്‍ഥ `ഇബാദത്തി'ലേക്ക്‌ തിരിച്ചുകൊണ്ടുവരാനായിരുന്നോ ഈ ഗ്രന്ഥങ്ങള്‍? അല്ല; ശരിയായ തൗഹീദ്‌ അംഗീകരിച്ചവരുടെ മേല്‍ രാഷ്‌ട്രീയ ശിര്‍ക്ക്‌ ആരോപിക്കാനായിരുന്നു. ഇപ്പോള്‍ അതെല്ലാമെവിടെയെത്തി?)

ഇബാദത്തിനെക്കുറിച്ച അര ഡസൻ പുസ്തകം പ്രസിദ്ധീകരിച്ചത് ഇബാദത്തിന്റെ ശരിയായ വിവക്ഷ അംഗീകരിക്കാൻ വിസമ്മതിക്കുന്ന മുസ്ലിം വിഭാഗങ്ങളെ അത് പഠിപ്പിക്കാൻ വേണ്ടി തന്നെയാണ് ആ പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിച്ചാൽ അത് ബോധ്യം വരും.

(അവസാനിച്ചു.)

ചൊവ്വാഴ്ച, ഡിസംബർ 13, 2011

ശബാബ് ജമാഅത്തെ ഇസ്ലാമിയെ പരിചയപ്പെടുത്തുമ്പോൾ ? (1)

മുജാഹിദ് മടവൂർ വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ ശബാബ് വാരികയിൽ ജമാഅത്തെ ഇസ്ലാമിയ ഏറെക്കുറെ വിശദമായി തന്നെ പരിചയപ്പെടുത്തുകയുണ്ടായി. ഇടക്കാലത്ത് അൽപം ശമനമുണ്ടായിരുന്നെങ്കിലും ഇയ്യിടെ ഇറങ്ങിയ മിക്ക ശബാബിലും ഏതാനും പേജുകൾ ജമാഅത്തെ ഇസ്ലാമിക്ക് നീക്കിവെച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ പോസ്റ്റിൽ അത്തരം ചില ലേഖനത്തെക്കുറിച്ച ചർചയാണ് നിർവഹിക്കപ്പെട്ടത്. ഔദ്യോഗിക വിഭാഗം എന്നറിയപ്പെടുന്ന എ.പി. വിഭാഗം മുജാഹിദുകൾ ചവറ് പ്രവർത്തനങ്ങളായി പരിചയപ്പെടുത്തപ്പെടുന്ന സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ കൂടുതൽ വ്യാപരിക്കുമ്പോൾ മടവൂർ വിഭാഗം ഏൽക്കേണ്ടി വരുന്ന കടുത്ത ഒരു ആരോപണമാണ് ഇഖ്'വാനികളാണ് മടവൂർ വിഭാഗമെന്നത്. ഇതിന് തടയിടാനും തങ്ങൾ ജമാഅത്തുമായി ശത്രുതയിലാണെന്ന് അണികളെ ബോധ്യപ്പെടുത്താനുമാകണം ഇയ്യിടെ കൂടുതൽ ജമാഅത്ത് വിമർശനമെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. ജമാഅത്തെ ഇസ്ലാമി കേരളത്തിൽ എന്ന ലേഖനത്തിന്റെ ആദ്യ ഭാഗം കേരളത്തിലെ ജമാഅത്തിന്റെ തുടക്കം മുതൽ ഇന്നേ വരെയുള്ള ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുകയാണ്. ഏറെക്കുറെ സത്യസന്ധമായ വിവരണമാണിത് എന്ന് പറയേണ്ടതുണ്ട്. പ്രത്യേകിച്ചും സിമിയുമായും മറ്റും ബന്ധപ്പെട്ട് സത്യം പറയാൻ വിമുഖത കാണിക്കുന്ന പതിവു ശൈലി ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്. സമ്മേളനങ്ങളെയും അമീറുമാരെയും അതിന്റെ വിവിധരംഗങ്ങളിലെ ഇടപെടലുകളും പരാമർശിച്ച് പോയിട്ടുണ്ട്. ഒരു ലേഖനത്തിൽ ഇത്രമാത്രമേ ഉൾകൊള്ളിക്കാനും സാധിക്കൂ.


പക്ഷെ തുടർന്നുവരുന്ന ജമാഅത്ത് പ്രസ്ഥാനയാത്ര എന്ന ഭാഗത്താണ് പതിവു ചേരുവകളും തെറ്റിദ്ധിരിപ്പിക്കലും മറച്ചുവെക്കലും കടന്നുവരുന്നത്. എങ്കിലും അവതരണത്തിൽ സത്യസന്ധത പുലർത്തുന്നുവെന്ന ഒരു ധാരണ നിലനിർത്താനും ശ്രമിക്കുന്നു. പതിവു പരിഹാസ/യുക്തിരഹിതവാദ ശൈലിയിൽ നിന്നും വിട്ട് ഒരു തരം റിപ്പോർട്ട് ശൈലി സ്വീകരിച്ചാണ് വിമർശനം അതുകൊണ്ടു തന്നെ നേരിട്ട് ഒരു മറുപടി പറയുക അൽപം പ്രയാസവുമാണ്. എങ്കിലും ഇതേ സംബന്ധിച്ച് മൗനം പാലിക്കുന്നത് ഇവയിലെ തെറ്റായ പരാമർശങ്ങൾക്കും വിശകലനങ്ങൾക്കും നൽകുന്ന അംഗീകാരമായി ധരിക്കാനിടയുണ്ട് അതുകൊണ്ട്. ചെറിയ ഒരു വിശദീകരണം പ്രസക്തമാണ് എന്ന് തോന്നുന്നു. ഏന്തൊക്കെയായാലും ഇത് മാത്രം വായിച്ച് ഒരു പ്രസ്ഥാനത്തെ മനസ്സിലാക്കുന്നത് പലനിലക്കും ശരിയല്ല എന്ന് മനസ്സിലാക്കുന്നതിനാൽ നിഷ്പക്ഷമതികളായ മുജാഹിദ് അനുഭാവികൾക്ക് കുറേകൂടി സത്യസന്ധമായി കാര്യം ഗ്രഹിക്കാനും ഈ പോസ്റ്റ് സഹായകമാകുമെന്ന് കരുതുന്നു.

കളറിൽ ബോൾഡാക്കി നൽകിയാണ് ശബാബിലെ ലേഖനം അതിനിടക്ക് കറുത്ത നിറത്തിൽ സാദാ അക്ഷരങ്ങളിൽ എന്റെ പ്രതികരണവും.


( ജമാഅത്ത്‌: പ്രസ്ഥാനയാത്ര 1941ല്‍ അവിഭക്ത ഇന്ത്യയിലെ ലാഹോറില്‍ അബുല്‍ അഅ്‌ലാ മൗദൂദി രൂപംനല്‍കിയ പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ ആശയപരമായ ചില ചേരിതിരിവുകള്‍ ശക്തിപ്പെട്ട കാലത്താണ്‌ ഹുകൂമത്തെ ഇലാഹി എന്ന വ്യത്യസ്‌തമായ മുദ്രാവാക്യവുമായി ജമാഅത്തെ ഇസ്‌ലാമി കടന്നുവരുന്നത്‌. ഏറെ വ്യാഖ്യാനവും സമര്‍ഥനവും ആവശ്യമായി വന്ന ഈ പുതിയ ആശയത്തെ ഉള്‍ക്കൊള്ളാന്‍ അന്നത്തെ സംഭവ ബഹുലമായ അന്തരീക്ഷത്തില്‍ അധിക പേര്‍ക്കും സാധിച്ചില്ല.)

അബുൽ അഅ്ലാ മൗദൂദി രൂപം നൽകിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്നത് സാങ്കേതികമായി ശരിയാണ്. എങ്കിലും അതിന്റെ രൂപീകരണ പശ്ചാതലം ശരിയായ വിധം മനസ്സിലാക്കേണ്ടതുണ്ട്. 1924 ലെ ഉസ്മാനിയാ ഖിലാഫത്തിന്റെ തകർച, 1925 സ്വാമി ശ്രദ്ധാനന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ശുദ്ധീകരണ പ്രസ്ഥാനം തുടങ്ങിയവയൊക്കെ മൗദൂദിയെ സ്വാധീനിച്ചു. മാനവരാഷിക്ക് മാർഗദർശകരും ദൈമാർത്തിൽ പ്രബോധകരുമാകേണ്ട മുസ്ലിംകളെ പരസ്യമായി തന്നെ അതിന്റെ ഏതിർദിശയിലേക്ക് പരസ്യമായി ക്ഷണിക്കാൻ ഇടവന്ന സാഹചര്യമാണ് മൗദൂദിയെ ഏറെ ചിന്തിപ്പിച്ചത്. നാമമാത്രമുസ്ലിംകളെയും പാരമ്പര്യസമുദായത്തെയും ഒരിക്കൽകൂടി പ്രബോധക സംഘമായും ആദർശസമൂഹമായും മാറ്റിയെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതോടുകൂടിയാണ് അദ്ദേഹം തർജുമാനുൽ ഖുർആൻ എന്ന തന്റെ പ്രസിദ്ധീകരണത്തിലൂടെ  ഇക്കാര്യം ഇന്ത്യയിലെ പണ്ഡിതരുമായി പങ്കുവെച്ചത്. ഈ ശ്രമത്തിനൊടുവിൽ 1941 ആഗസ്ത് 26 ന് ലാഹോഹറിൽ, ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിച്ചേർന്ന് പ്രഗൽഭരായ 75 പണ്ഡിതൻമാരുടെ സാന്നിദ്ധ്യത്തിലാണ് ജമാഅത്തെ ഇസ്ലാമി രൂപീകരിച്ചത്. ഇതിന് നേതൃത്വം നൽകിയത് മൗലാന മൗദൂദിയായിരുന്നു.

മുസ്ലിംകൾക്കിടയിൽ ആശയമായ ചേരിത്തിരിവ് രൂപപ്പെട്ട ഘട്ടം എന്നതും അൽപം വിശദീകരിക്കപ്പെട്ടില്ലെങ്കിൽ തെറ്റിദ്ധാരണയുണ്ടാകും. മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പാകിസ്ഥാന് വേണ്ടിയുള്ള പ്രക്ഷോഭം രൂപ്പെടുകയും കേരളത്തിലടക്കമുള്ള മുജാഹിദുകൾ ലീഗിൽ ചേരൽ പോലും വാചിബാണ് എന്ന് ഫത് വ നൽകുകയും ചെയ്ത പശ്ചാതലത്തിൽ വിഭജനം ഇന്ത്യൻ മുസ്ലിംകൾക്ക് ഒരു നിലക്കും സഹായകമാകില്ലെന്ന് ചൂണ്ടിക്കാട്ടി വൈകാരികമായ മുസ്ലിം പൊതുബോധത്തിനെതിരെ സംസാരിച്ചുകൊണ്ടാണ് മൗലാനാ മൗദൂദി തന്റെ പ്രവർത്തനം തുടരുന്നത്.  'സ്വാതന്ത്ര്യസമരത്തെ പിന്തുണക്കുകയും ബ്രിട്ടീഷ ഭരണത്തിന് അന്ത്യം കുറിക്കേണ്ടത് എത്രയും അടിയന്തിരമാണ് നിർബന്ധവും. ഒരു മുസ്ലിമിനും അടിമത്തവുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയില്ല' എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.

അതോടൊപ്പം സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയിൽ ഏത് ജീവിതരീതിയാണ് പിന്തുടരപ്പെടേണ്ടത് എന്നും ഏത് ഭരണക്രമം തുടരണമെന്നും ചർച നടക്കുന്ന കാലത്ത് ദൈവദത്തമായ ഒരു സമഗ്രജീവിത വ്യവസ്ഥയുടെ വക്താവെന്ന നിലയിൽ അന്നത്തെ മതനിരാസപരവും ദേശീയപക്ഷപാതത്തിലൂന്നിയതുമായ ഭൗതിക പ്രത്യായശാസ്ത്രത്തിന് പകരം ദൈവികമായ പരമാധികാരത്തിലൂന്നിയ ഇസ്ലാമിനെ സമർപിക്കാൻ അദ്ദേഹം മുന്നോട്ട് വന്നു. ഈ ദൈവിക ക്രമത്തെ 'ഹുകൂമത്തെ ഇലാഹി' എന്ന് വിളിച്ചു.

എന്നാൽ വിവേകത്തേക്കാൾ വികാരം മുറ്റിനിന്ന അന്തരീക്ഷത്തിൽ മൗദൂദിസാഹിബ് മുന്നോട്ട് വെച്ച ഒട്ടേറെ പ്രസക്തമായ നിർദ്ദേശങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയി. അധിക പേർക്കും ഉൾകൊള്ളാൻ സാധിച്ചില്ല എന്ന ശബാബിന്റെ പരാമർശം അക്കാരണം കൊണ്ട് ശരിയുമാണ്.


(1947 വരെയുള്ള കാലയളവില്‍ 625 പേര്‍ മാത്രമാണ്‌ ജമാഅത്തില്‍ അംഗങ്ങളായത്‌. വിഭജനത്തെ തുടര്‍ന്ന്‌ 385 പേര്‍ പാകിസ്‌താനിലും 240 പേര്‍ ഇന്ത്യയിലുമായി. അങ്ങനെ പാകിസ്‌താന്‍ ജമാഅത്തെ ഇസ്‌ലാമി, ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്നിങ്ങനെ രണ്ടു ജമാഅത്തുകള്‍ നിലവില്‍ വന്നു. പിന്നീട്‌ കശ്‌മീരിലും ബംഗ്ലാദേശിലും വെവ്വേറെ ജമാഅത്തുകളുണ്ടായി. ദേശീയതയെ നഖശിഖാന്തം എതിര്‍ത്ത മൗദൂദിയുടെ പ്രസ്ഥാനം വ്യത്യസ്‌ത ദേശീയതകളെ സന്തോഷപൂര്‍വം അംഗീകരിച്ച്‌ പല തുണ്ടുകളായതില്‍ വൈരുധ്യമുണ്ട്‌. നാലു ദേശീയതകളെ സ്വമനസ്സാലോ അല്ലാതെയോ അംഗീകരിച്ചിരിക്കുകയാണിപ്പോള്‍ ജമാഅത്ത്‌. )

ജമാഅത്തെ ഇസ്ലാമിയുടെ ആഗ്രഹത്തിന് വിരുദ്ധമായി ഇന്ത്യാവിഭജനം യാഥാർഥ്യമായി. സ്വാഭാവികമായും ജമാഅത്തെ ഇസ്ലാമിയും രണ്ട് രാജ്യങ്ങളിലുമായി വേർപ്പെട്ടു. ഇന്ത്യയിൽ തന്നെ കാഷ്മീറിന്റെ അന്നത്തെ അനിശ്ചിതാവസ്ഥ തുടർന്നപ്പോൾ ജമാഅത്തെ ഇസ്ലാമി രണ്ടിന് പകരം മൂന്നായി പിന്നീട് കിഴക്കൻ പാകിസ്ഥാൻ ബംഗ്ലാദേശായി രൂപീകരിക്കപ്പെട്ടപ്പോൾ അവിടെയും ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി എന്ന പേരിൽ പ്രവർത്തിക്കാൻ തുടങ്ങി. ഇവിടെ ലേഖകൻ ഒരു കള്ളക്കളി നടത്തുന്നു. മൗലാനാ മൗദൂദി ദേശീയതയെ വിമർശിച്ചിട്ടുണ്ട്. അതിന് കാരണം സ്വന്തം നാട് ചെയ്യുന്നത് ധർമമായാലും അധർമമായാലും ന്യായീകരിക്കപ്പെടുന്ന ദേശീയ പക്ഷപാതിത്വത്തിന് ഇസ്ലാം എതിരായതുകൊണ്ടാണ്. ഈ കാര്യം പറഞ്ഞതുകൊണ്ട് വിഭജിക്കപ്പെട്ട രാജ്യത്ത് അതത് രാജ്യത്തെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് എങ്ങനെയാണ് ആക്ഷേപാർഹമാകുന്നത്. ദേശീയതകളെ സന്തോഷപൂർവം അംഗീകരിക്കുകയാണ് അതിലൂടെ എന്ന് എങ്ങനെയാണ് ലേഖകൻ കണ്ടെത്തുന്നത്.


(ഇന്ത്യാ വിഭനജത്തെ തുടക്കത്തിലെതിര്‍ത്ത അബുല്‍ അഅ്‌ലാ മൗദൂദിയും അനുചരന്മാരും അതൊരു യാഥാര്‍ഥ്യമായപ്പോള്‍ അജണ്ടയില്‍ മാറ്റം വരുത്തി. `പാകിസ്‌താനെ ഇസ്‌ലാമീകരിക്കുക' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പാക്ക്‌ ജമാഅത്ത്‌ പ്രവര്‍ത്തിച്ചു. എന്നാല്‍ പട്ടാളാധിപത്യത്തിലമര്‍ന്ന പാകിസ്‌താനില്‍ ജമാഅത്തിന്‌ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സിന്ധ്‌-ബലൂചി-മഹാജിര്‍-ബംഗാള്‍ ഉപദേശീയ വികാരങ്ങള്‍ക്കു മീതെ, ശക്തമായ ഇസ്‌ലാമിക സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലും ജമാഅത്തിന്‌ വിജയിക്കാനായില്ല. ഖാദിയാനീ പ്രശ്‌നത്തില്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞ ജമാഅത്തിന്‌ പക്ഷേ, സാധാരണ ജനങ്ങളെ അഭിസംബോധന ചെയ്യാനോ ഒരു രാഷ്‌ട്രീയ മുന്നേറ്റത്തിന്‌ നേതൃത്വം നല്‌കാനോ കഴിയാതെ പോയി. ജനസ്വാധീനമില്ലാത്തൊരു രാഷ്‌ട്രീയപാര്‍ട്ടി മാത്രമാണ്‌ ഇന്ന്‌ പാകിസ്‌താനിലെ ജമാഅത്ത ഇസ്‌ലാമി. സിയാഉല്‍ ഹഖിനോട്‌ സഹകരിച്ച്‌ പാകിസ്‌താനിന്റെ ഇസ്‌ലാമീകരണം പൂര്‍ത്തിയാക്കാം എന്ന ആഗ്രഹവും ഫലം കണ്ടില്ല.)
 
ഇവിടെ എന്താണ് ലേഖകൻ അർഥമാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. പാകിസ്ഥാനിൽ ജമാഅത്ത് ചെയ്തത് തീർത്തും ശരിയായിരുന്നുവെന്നും. പക്ഷെ വേണ്ട വിധം അവിടെ വിജയിക്കാൻ സാധിച്ചില്ല എന്നുമാണ് ലേഖകൻ പറയാൻ ശ്രമിക്കുന്നതെന്ന് തോന്നുന്നു. എങ്കിലും ഈ പറയുന്നത് പോലുള്ള പരാജയം സംഭവിച്ചോ. ഇസ്ലാമിക ഭരണഘടന പാകിസ്ഥാൻ സർക്കാരിനെകൊണ്ട് അംഗീകരിപ്പിക്കുന്നതിലും മറ്റും ജമാഅത്ത് വിജയിക്കുകയുണ്ടായി. എന്നാൽ പൂർണാർഥത്തിൽ ജമാഅത്ത് ഉദ്ദേശിക്കുന്നവിധം ജനാധിപത്യസ്വഭാവത്തോടും ദൈവിക മൂല്യങ്ങളോടും കൂടിയ കുറ്റമറ്റ ഒരു ഇസ്ലാമിക വ്യവസ്ഥ സ്ഥാപിക്കാൻ ഇതുവരെ ജമാഅത്തിന് കഴിഞ്ഞിട്ടില്ല എന്നത് ശരിയാണ്. ചുരുക്കത്തിൽ പാകിസ്ഥാനിലെങ്കിലും ഇതുതന്നെയായിരുന്നു ജമാഅത്തെ ഇസ്ലാമി ചെയ്യേണ്ടിയിരുന്നതെന്ന കാര്യത്തിൽ മുജാഹിദ് ലേഖകന് സംശയമില്ലെന്ന് തോന്നുന്നു.

പക്ഷെ കുഴപ്പങ്ങളൊക്കെ ഉണ്ടായത് ഇന്ത്യയിലാണ് എന്ന ധ്വനി താഴെ വായിക്കുമ്പോൾ അനുഭവപ്പെടുന്നു. ചിലപ്പോൾ എന്റെ തോന്നലാകാം. 


(ഇനി, ജമാഅത്തിന്‌ ഇന്ത്യയിലെന്ത്‌ സംഭവിച്ചു? ഹുകൂമത്തെ ഇലാഹി വിമര്‍ശനമേറ്റു വാങ്ങിയപ്പോള്‍ ഇഖാമത്തുദ്ദീന്‍ എന്ന പുതിയൊരു മുദ്രാവാക്യം സ്വീകരിച്ചു. രണ്ടും ഒന്നു തന്നെയാണെന്ന്‌ വിശദീകരിക്കുകയും ചെയ്‌തു. വാരാന്തയോഗം, പുസ്‌തകപാരായണം, സമ്മേളനങ്ങള്‍, പത്രനടത്തിപ്പ്‌, റിലീഫ്‌ വര്‍ക്ക്‌, സ്ഥാപനങ്ങളുടെ നടത്തിപ്പ്‌ -ഇവയാണ്‌ ജമാഅത്തിന്റെ മുഖ്യ പ്രവര്‍ത്തനങ്ങള്‍. ഇന്ത്യന്‍ ഭരണവ്യവസ്ഥ അനിസ്‌ലാമികമായതിനാല്‍ അതിനോട്‌ സഹകിരക്കേണ്ടതില്ലെന്ന നിലപാടാണ്‌ ആദ്യഘട്ടത്തില്‍ ജമാഅത്ത്‌ സ്വീകരിച്ചത്‌. ഉയര്‍ന്ന സര്‍ക്കാര്‍ തസ്‌തികകളില്‍ ജോലി ചെയ്യുന്നത്‌ മതപരമായി നിഷിദ്ധമാണ്‌, ഹറാമാണ്‌ എന്ന്‌ ജമാഅത്ത്‌ വാദിച്ചു. തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ പങ്കെടുക്കുന്നത്‌ നിഷിദ്ധമായും കണ്ടു. നിയമനിര്‍മാണത്തിനുള്ള അധികാരം കല്‌പിക്കപ്പെടുന്ന സഭകളിലേക്ക്‌ മത്സരിക്കുന്നതും വോട്ടു രേഖപ്പെടുത്തുന്നതും അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണെന്ന്‌ ജമാഅത്ത്‌ വിശദീകരിച്ചു. 1975ലെ അടിയന്തിരാവസ്ഥക്കാലത്ത്‌ ജമാഅത്ത്‌ നിരോധിക്കപ്പെട്ടതിനു ശേഷമാണ്‌ ഇവ്വിഷയത്തില്‍ പാര്‍ട്ടി പുനരാലോചന നടത്തുന്നതും അംഗങ്ങള്‍ക്ക്‌ വോട്ട്‌ ചെയ്യാനുള്ള അനുമതി നല്‌കുന്നതും. ഈ രണ്ട്‌ നിലപാടുകളെയും പൊരുത്തപ്പെടുത്തുന്നതിന്‌ ഒരുപാട്‌ വ്യാഖ്യാനാഭ്യാസങ്ങള്‍ നേതൃത്വത്തിന്‌ നടത്തേണ്ടിയും വന്നു.)

ഹുക്കൂമത്തെ ഇലാഹി എന്നത് ഇന്ത്യാവിഭജനത്തിന്റെ പ്രത്യേക സന്ദർഭത്തിൽ ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെച്ച ആശയമാണ് എന്നത് സത്യം. ഇസ്ലാമികാദർശം ഉൾകൊണ്ട് ഇസ്ലാമിക പ്രസ്ഥാനം എന്ന നിലക്ക് ജമാഅത്തിന് അന്ന് ചെയ്യാൻ സാധിക്കുന്നത് അത് മാത്രമായിരുന്നു. എന്നാൽ പ്രസ്തുത പദമോ ആശയമോ മൗദുദി കണ്ടുപിടിച്ചതല്ല. മൗലാനാ അബുൽകലാം ആസാദ് അതിനെ വിശദീകരിക്കുന്നത് കാണുക. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി രൂപീകരിക്കപ്പെട്ടപ്പോൾ, കുറേകൂടി ഖുർആനികമായ ഒരു പദം അത് ലക്ഷ്യമായി സ്വീകരിച്ചു. മാത്രമല്ല അത് മുഴുവൻ മുസ്ലിംകളുടെയും ഭിന്നിക്കാനവകാശമില്ലാത്ത ദൗത്യമായി ഖുർആൻ പ്രഖ്യാപിച്ചതുമാണ്. അതാണ് ഇഖാമത്തുദ്ദീൻ. ഹുകൂമത്തെ ഇലാഹി എന്ന് പറയുമ്പോഴും സമാനമായ ആശയം തന്നെയാണ് ജമാഅത്ത് ഉദ്ദേശിച്ചിരുന്നത് എന്ന് പറയുന്നത് ഒളിച്ചോട്ടമോ വ്യാഖ്യാനാഭ്യാസമോ ആയി കാണേണ്ട ആവശ്യമെന്താണ്.

ശബാബ് ലേഖകനുൾപ്പെടുന്ന മുജാഹിദ് പ്രസ്ഥാനം അന്ന് ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗിന് ശക്തിപകരാൻ പ്രാർഥിക്കുകയായിരുന്നു. എന്നാൽ അന്ന് ലീഗ് ഉയർത്തിയത് ഒട്ടും ഇസ്ലാമികമല്ലാത്ത സാമുദായിക വാദമായിരുന്നു. മുസ്ലിംകളുടെ രാഷ്ട്രം ആവശ്യപ്പെട്ടത് ഇസ്ലാമിക വ്യവസ്ഥിതി ഉദ്ദേശിച്ചായിരുന്നില്ല. അതുകൊണ്ടാണ് പാകിസ്ഥാൻ ജമാഅത്തെ ഇസ്ലാമിക്ക് മുജാഹിദ് ലേഖകൻ പറഞ്ഞത് പോലെ തങ്ങളുടെ ശ്രമത്തിൽ വേണ്ടത് പോലെ വിജയിക്കാൻ സാധിക്കാതെ പോയത്.

ശേഷം പറയുന്ന കുറേ കാര്യങ്ങളിൽ മുജാഹിദ് പക്ഷവും ജമാഅത്തെ ഇസ്ലാമിയും ഭിന്നമായ കാഴ്ചപ്പാടിലാണ് എന്നതാണ് വിമർശനത്തിന്റെ മർമം അല്ലാതെ ജമാഅത്തെ ഇസ്ലാമിയുടെ പ്രസ്തുത നിലപാടുകളൊന്നും ഇസ്ലാമികമായിരുന്നില്ല എന്ന് പറയാൻ ലേഖകൻ ധൈര്യം കാണിക്കുകയില്ല. അഥവാ അങ്ങനെ അക്കാര്യത്തെക്കുറിച്ച് വ്യക്തമാകാത്തിരിക്കുന്നതിലാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ സൗകര്യം. ജമാഅത്തിന് ഇക്കാര്യത്തിൽ വ്യാഖ്യാനാഭ്യാസങ്ങൾ നടത്തേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ ഒരു നിലപാടുമെടുക്കാൻ കഴിയാത്ത പരിതസ്ഥിതിയിൽ മുജാഹിദ് അത് ജനങ്ങളിൽ നിന്നും മറച്ച് വെച്ചത് സ്ഥാനത്തും അസ്ഥാനത്തും ജമാഅത്തിനെ വിമർശിച്ചുകൊണ്ടാണ്. ലീഗീന്റെ വാലായി തുടക്കം മുതൽ മുജാഹിദ് പ്രസ്ഥാനം തുടരുന്നതിനാൽ അവർ ഏറ്റവും കൂടുതൽ വിമർശിച്ചതും രാഷ്ട്രീയ നിലപാടുകളെ തന്നെ. സമയാസമയങ്ങളിൽ ജമാഅത്ത് ഈ വിഷയകമായി വിശദീകരിച്ചെങ്കിലും അത് കണ്ടില്ലെന്ന് നടിച്ച് മുജാഹിദുകൾ ഇന്നും ആ വിമർശനം തുടർന്ന് പോരുന്നു.

(എന്നിട്ടും പാതി ദഹിക്കാത്ത ആശയമായി അത്‌ പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലരെയും ആശയക്കുഴപ്പത്തിലാക്കുന്നു. അയ്യായിരത്തില്‍ താഴെ അംഗങ്ങളും പതിനയ്യായിരത്തോളം പ്രവര്‍ത്തകരുമാണ്‌ ഇന്ത്യന്‍ ജമാഅത്തിന്റെ സംഘബലം. തങ്ങള്‍ വര്‍ഗീയവാദികളില്ലെന്ന്‌ ധരിപ്പിക്കുന്നതിനുള്ള ബദ്ധപ്പാടിനിടയ്‌ക്ക്‌, മുസ്‌ലിംകള്‍ നേരിടുന്ന ഫാസിസ്റ്റ്‌ ഭീഷണിയോട്‌ സമര്‍ഥമായി പ്രതികരിക്കാന്‍ ജമാഅത്തിന്‌ സാധിക്കുന്നില്ല.)

 
ഇവിടെയാണ് ലേഖകൻ തന്റെ ആടിൻതോല് വെളിപ്പെടുത്തുന്നത്. ജമാഅത്ത് പ്രവർത്തകരിൽ ആർക്കും ജമാഅത്ത് മുന്നോട്ട് വെച്ച ആശയത്തെക്കുറിച്ച് ഒരു അവ്യക്തതയും ഉണ്ടായിട്ടില്ല. ദഹിക്കാത്ത ആശയമായി എങ്ങനെയാണ് അവർ മനസ്സിലാക്കിയത്. ഏറ്റവും കെട്ടുറപ്പുള്ള പ്രസ്ഥാനമായി അത് നിലനിൽക്കുന്നത് കൃത്യമായ അതിന്റെ ആശഭദ്രതയും സംഘടന സെറ്റപ്പും കൊണ്ടാണ്. രൂപീകരിക്കപ്പെട്ട അന്ന് തന്നെ അതിന്റെ സ്വഭാവം നമ്മുക്ക് മനസ്സിലാക്കാം. ജമാഅത്ത് വർഗീയവാദികൾ തന്നെയെന്ന് പറയുന്ന ലേഖകന്റെ കുതന്ത്രം നോക്കുക. സത്യത്തിൽ ഇത്തരം കപട മതേതരത്വത്തിന്റെ വക്താക്കൾ നിരന്തരം അതിൽ വർഗീയത ആരോപിക്കുകയാണ്. ജമാഅത്തെ ഇസ്ലാമി മനുഷ്യരെന്ന നിലക്ക് ഇന്ത്യയിലെ വിവിധ വിഭാഗങ്ങൾക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങളെ കൊച്ചാക്കി കാണിച്ച് തന്നിലെ വർഗീതയതെ താലോലിക്കുകയാണ് ലേഖകൻ ഈ പ്രയോഗിത്തിലൂടെ. സാമുദായികത പോലും അംഗീകരിക്കാത്ത ഒരു പ്രസ്ഥാനം വർഗീയമാകുന്നതെങ്ങനെ. ജമാഅത്തെ ഇസ്ലാമി പൂർണമായും ഒരു അവർഗീയ സംഘടനയാണ്.


മുസ്ലിംകൾ നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയോട് സമർഥമായി പ്രതികരിക്കാൻ ജമാഅത്തിന് സാധിക്കുന്നില്ല എന്ന് പറയുമ്പോൾ തങ്ങൾക്ക് അതിന് സാധിക്കുന്നുണ്ട് എന്ന് ലേഖകൻ പറയാൻ ശ്രമിക്കുന്നുണ്ടോ ആവോ. ഏതായാലും ഇന്ത്യയിൽ ജമാഅത്തെ ഇസ്ലാമിയുടെ ഇടപെടൽ സത്യസന്ധമായി വീക്ഷിക്കുന്ന ഒരാൾക്ക് ഈ ആരോപണം ഉന്നയിക്കാൻ സാധ്യമല്ല. ജമാഅത്തെ ഇസ്ലാമി ഫാസിസ്റ്റ് ശക്തികൾ അധികാരത്തിൽ ഭീഷണിയായി നിലനിന്ന ഒരു തെരഞ്ഞെടുപ്പിൽ അതിന്റെ വോട്ടവകാശം ഈ ഒരു അപകടത്തെ തരണം ചെയ്യാൻ വേണ്ടി മാത്രം ഉപയോഗപ്പെടുത്തുകയും വിജയം വരിക്കുകയുമുണ്ടായി. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഫാസിസ്റ്റ് വിരുദ്ധ മുസ്ലിം കൂട്ടായ്മ ഫാസിസ്റ്റ് സ്ഥാനാർഥികൾക്കെതിരിൽ വിജയ സാധ്യതയുള്ള ഏത് സ്ഥാനാർഥിയെയും പിന്തുണക്കുക എന്ന തന്ത്രപരമായ സമീപനത്തിലൂടെയാണ് ഇത് സാധിച്ചത്. എന്നിട്ട് ലേഖകൻ കണ്ണും ചിമ്മി പച്ചക്കളം വെച്ച കാച്ചുന്നു. 



(ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാഗധേയം നിര്‍ണയിക്കുന്നതിലും പ്രസക്തമായ പങ്ക്‌ നിര്‍വഹിക്കുന്നതില്‍ പാര്‍ട്ടിക്ക്‌ താല്‌പര്യവുമില്ല. റിക്ഷാവണ്ടി വലിക്കുന്നവരും വെള്ളം കോരികളും ഭൂവുടമകളുടെ പാടങ്ങളില്‍ അടിമവേല ചെയ്യുന്നവരുമായ മഹാ ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ മുസല്‍മാന്‌ സാന്ത്വനമോ സംരക്ഷണമോ പ്രതീക്ഷയോ എന്തിനധികം ഇസ്‌ലാമിക ശിക്ഷണം നല്‌കാന്‍ പോലും താല്‌പര്യം കാണിക്കാത്ത ഒരു മധ്യവര്‍ഗ സംഘടനയെ `ഇസ്‌ലാമിക പ്രസ്ഥാനം' എന്ന്‌ വിശേഷിപ്പിക്കുന്നതില്‍ തന്നെ അര്‍ഥഭംഗമുണ്ട്‌. പത്രമാസികകളും പുസ്‌തകങ്ങളും വായിക്കാനറിയാത്ത നിരക്ഷരരാണ്‌ ഇന്ത്യന്‍ മുസ്‌ലിംകളില്‍ വലിയൊരു ഭാഗം. ഫാസിസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍ മറ്റുള്ളവരെപ്പോലെ പകച്ചു നില്‌ക്കാനല്ലാതെ മറ്റൊന്നിനും ജമാഅത്തിന്‌ സാധിച്ചില്ല. ബാബ്‌രി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടപ്പോള്‍ പോലും, സന്ദര്‍ഭമാവശ്യപ്പെട്ട വിധം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ നേതൃത്വം നല്‌കാന്‍ ഈ `അഖിലേന്ത്യാ' പ്രസ്ഥാനത്തിന്‌ സാധിച്ചില്ല. മറ്റു നേതാക്കള്‍ക്കൊപ്പം നരസിംഹ റാവുവിന്റെ ഉമ്മറപ്പടിയില്‍ ഖിന്നരായി കാത്തുനില്‌ക്കാന്‍ മാത്രമേ ജമാഅത്ത്‌ നേതൃത്വത്തിന്‌ സാധിച്ചുള്ളൂ. ഒടുവില്‍ വെറും കൈയോടെ മടങ്ങേണ്ടിയും വന്നു. കെടുകാര്യസ്ഥതയുടെ പേരില്‍ ഇന്ത്യന്‍ മുസ്‌ലിം രാഷ്‌ട്രീയ നേതൃത്വത്തെ ആക്ഷേപിക്കുന്ന ജമാഅത്തും പ്രസ്‌തുത കെടുകാര്യസ്ഥതയില്‍ പങ്കാളികളാണെന്ന വാസ്‌തവം ബോധപൂര്‍വം വിസ്‌മരിക്കപ്പെടുകയാണ്‌.)

എന്തൊക്കെയാണ് ശബാബ് ലേഖകൻ പറഞ്ഞുകൂട്ടുന്നത്. ജമാഅത്തെ ഇസ്ലാമി ഒരു മധ്യവർഗ സംഘടനയായിട്ടുണ്ടെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാൽ അതിന് കാരണം ലേഖകനെ പ്പോലുള്ളവരുടെ തെറ്റിദ്ധരിപ്പിക്കലിൽ പാവങ്ങളായവർ അകപ്പെട്ടുവെന്നതാണ്. അതിലെ പൊള്ളത്തരം മനസ്സിലാക്കാൻ കഴിയുന്ന വിഭാഗം മധ്യവർഗമാകുക സ്വാഭാവികമാണ്. ഇത് ഇസ്ലാമിക പ്രസ്ഥാനം എന്ന് വിളിക്കാൻ തടസ്സമാണ് എന്നത് വിചിത്രമാണ്. ധാരാളം പാവപ്പെട്ടവരും ജമാഅത്തിലുണ്ട് എന്നത് സൗകര്യപൂർവം മറക്കാം.

ശരിയാണ് ബാബരിമസ്ജിദ് ധ്വംസനത്തോട് അനുബന്ധിച്ച് ജമാഅത്തിന് കാര്യമായി പ്രവർത്തിക്കാൻ സാധിച്ചില്ല. പക്ഷെ അതിന് കാരണമെന്തായിരുന്നുവെന്ന് സൗകര്യപൂർവം ലേഖകൻ മറക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയ തുടർന്ന് നിരോധിക്കപ്പെട്ടത് അദ്ദേഹം അറിയാതിരിക്കുമോ. എന്നാൽ അതിനുപരിയായി വ്യക്തികളെന്ന നിലക്ക് ബാബരിമസ്ജിദ് കോ-ഓഡിനേഷൻ കമ്മറ്റിയിലും മറ്റും നേതൃപരമായ പങ്ക് വഹിച്ചതും ജമാഅത്തെ ഇസ്ലാമി പ്രവർത്തകരാണ് എന്നത് ലേഖകന് അറിഞ്ഞുകൂടെ ആവോ. ഇവിടെ ലേഖകന് പ്രശ്നം മുസ്ലിം ലീഗിനെ ഇക്കാര്യങ്ങളിൽ ജമാഅത്ത് വിമർഷിക്കുന്നതാണ് എന്ന് വരികളിൽനിന്ന് മനസ്സിലാക്കുന്നു. ഒരു ചെറിയ പ്രസ്ഥാനമാണെങ്കിലും ജമാഅത്തെ ഇസ്ലാമി ഇക്കാര്യത്തിലെല്ലാം അതിന്റെ റോൾ മറ്റാരെക്കാളും  നന്നായി വഹിച്ചിരിക്കുന്നു. 


(തങ്ങള്‍ ഊന്നല്‍ നല്‌കുന്ന രാഷ്‌ട്രീയ ഇസ്‌ലാമിനെ ഒരു ചിന്താ സംപ്രത്യയം എന്നതില്‍ കവിഞ്ഞ്‌ പ്രായോഗികാനുഭവമാക്കി മാറ്റുന്നതിലും അതിനുള്ള തുടര്‍ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിലും ജമാഅത്തെ ഇസ്‌ലാമിയും ഇഖ്‌വാനുല്‍ മുസ്‌ലിമീനും അടക്കമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കൊന്നും സാധിച്ചില്ല. മാത്രമല്ല, രാഷ്‌ട്രീയ ഇസ്‌ലാം തികഞ്ഞ പരാജയമാണെന്ന്‌ വിലയിരുത്താന്‍ സിയാവുദ്ദീന്‍ സര്‍ദാരിനെപ്പോലുള്ളവരെ പ്രേരിപ്പിക്കുന്നിടത്താണ്‌ ഇത്‌ കലാശിച്ചത്‌. മുസ്‌ലിമിന്റെ സമ്പൂര്‍ണതയ്‌ക്ക്‌ പരിക്കേല്‍ക്കും വിധം `രാഷ്‌ട്രീയ ഇസ്‌ലാം' എന്ന പരികല്‌പന രൂപപ്പെടാന്‍ ഇടയാക്കിയതിന്‌ ഇഖ്‌വാനും ജമാഅത്തിനുമാണ്‌ ഉത്തരവാദിത്തം. ഹസനുല്‍ ബന്നയും ശഹീദ്‌ സയ്യിദ്‌ ഖുത്വുബും അബുല്‍ അഅ്‌ലാ മൗദൂദിയും വരച്ചുകാണിച്ച ഇസ്‌ലാമിക രാഷ്‌ട്രം, വെറുമൊരു ഫണ്ടമെന്റലിസ്റ്റ്‌ മൂഢ സ്വര്‍ഗമാണെന്നു വരെ വിലയിരുത്തപ്പെടുന്നിടത്താണ്‌ കാര്യങ്ങളെത്തിയത്‌. ഖുത്വുബിനും മൗദൂദിക്കും ശേഷം ഇഖ്‌വാനും ജമാഅത്തും ഒരേവിധം ചിന്താപരമായ വന്ധ്യത നേരിട്ടതിനുള്ള തെളിവുകള്‍ എമ്പാടുമുണ്ട്‌. രാഷ്‌ട്രീയ ഇസ്‌ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ധൈഷണിക രംഗത്ത്‌ ശക്തിപ്പെടുമ്പോഴും അതിനോട്‌ സമര്‍ഥമായി ഏറ്റുമുട്ടുന്ന കാഴ്‌ച വളരെ ദുര്‍ലഭമാണ്‌.)

ഇവിടെയും ലേഖകൻ ഏതിന്റെ പക്ഷത്താണ് സമഗ്രമായ ഇസ്ലാമിന്റെ പക്ഷത്തോ അതല്ല ഇസ്ലാം വിരുദ്ധരുടെ പക്ഷത്തോ. തുടക്കത്തിൽ അനുഭവപ്പെടുന്നത്. ഇസ്ലാമിനെ ചിന്താ സംപ്രത്യയമാക്കിയെങ്കിലും പ്രയോഗികാനുഭവമാക്കാൻ സാധിച്ചില്ല എന്നതാണ്. എങ്ങനെയാണ് പ്രായോഗികാനുഭവമാക്കേണ്ടത്. ജമാഅത്ത് പറയുന്ന വിധത്തിലാണെങ്കിൽ അതിന് ഇസ്ലാമിന് അധികാരം ലഭിക്കണം. ഇനി അധികാരം ലഭിച്ചില്ലെങ്കിലും സാധ്യമായ തലത്തിൽ ഇസ്ലാമിന്റെ നന്മകളെ ആസ്വദിക്കാൻ ജമാഅത്ത് അവസരം നൽകി. പക്ഷെ ഈ ആരോപണം ഉന്നയിക്കാനാവണം ജമാഅത്ത് ഇന്ത്യയിൽ ചെയ്ത കോടിക്കണക്കിന് രൂപയുടെ സേവന പ്രവർത്തനങ്ങളെ ഒട്ടും പരാമർശിക്കാതിരിക്കാൻ ലേഖകൻ തുടക്കം മുതൽ ശ്രദ്ധിച്ചുവന്നത്.

ഇനി രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചാണെങ്കിൽ ഇത്രയേ പറയാനുള്ളൂ, ഏതായാലും മാറിയ പരിതസ്ഥിതിയിലും ഇതുതന്നെ ഇനിയും പറയാൻ മുജാഹിദുകൾക്ക് സാധിക്കണം. അവസാനം പറയുന്നത് വീണ്ടും വൈരുദ്ധ്യം രാഷ്ട്രീയ ഇസ്ലാം ഒരു മോശം കാര്യമായി അവതരിപ്പിച്ചതിന് ശേഷം അതിനെതിരെയുള്ള ധൈഷണിക വിമർശനങ്ങളെ സമർഥമായി പ്രതിരോധിക്കുന്നത് കാണുന്നില്ല എന്ന ആക്ഷേപവും.  
(അങ്ങേയറ്റം സ്‌ഫോടനാത്മകവും അതിതീവ്രവുമായ ആശയങ്ങളില്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനമായിരിക്കുമ്പോഴും, സുതാര്യമല്ലാത്ത ആദര്‍ശങ്ങള്‍ അകത്തിരിക്കുമ്പോഴും കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പൊതു സമൂഹത്തോട്‌ സക്രിയമായ സൗഹൃദം സൂക്ഷിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ സാധിച്ചുവെന്നത്‌ യാഥാര്‍ഥ്യമാണ്‌. ആ സൗഹൃദമാണ്‌ ജമാഅത്തിന്‌ പോഷകമായിത്തീര്‍ന്നതെന്നും കരുതാം. ജമാഅത്തെ ഇസ്‌ലാമി ഒരു തീവ്രവാദ വിഭാഗമാണോ എന്ന ചര്‍ച്ചയില്‍ ഈ ലേഖകന്‌ താല്‌പര്യമില്ലെങ്കിലും ഇന്നത്തെ ഏതൊരു തീവ്രവാദ ഗ്രൂപ്പിനെക്കാളും വലിയ തീവ്രവാദങ്ങളോടെയായിരുന്നു ജമാഅത്തിന്റെ ജനനമെന്ന്‌ പറയാതെ വയ്യ. ഖുത്വുബാത്തിലെയും അല്‍ജിഹാദിലെയും വരികള്‍ക്ക്‌ കൊടുവാളിന്റെ മൂര്‍ച്ഛയുണ്ട്‌. ദുര്‍ബലനായ ഏതൊരു മുസ്‌ലിമിനെയും വികാരാധീനനാക്കാന്‍ പോന്ന വാള്‍ത്തലപ്പുകളാണ്‌ മൗദൂദി കൃതികളില്‍ ഏറിയ പങ്കും. അതോടൊപ്പം തന്നെ ഇന്ത്യ കണ്ട ഉന്നതശ്രേഷ്‌ഠരായ ഇസ്‌ലാമിക പണ്ഡിതരില്‍ അബുല്‍ അഅ്‌ലാ മൗദൂദിയുടെ സ്ഥാനം അപ്പാടെ നിഷേധിക്കുന്നതും കരണീയമായ ചരിത്രവായനയല്ല.)

വൈരുദ്ധ്യങ്ങൾ തന്നെ വീണ്ടും അങ്ങേ അറ്റം സ്ഫോടനാത്മകവും അതതീവ്രവുമായ ആശയങ്ങളിൽ പടുത്തുയർത്തിയ പ്രസ്ഥാനത്തിന് ഒരിക്കലും പൊതുസമൂഹത്തോട് സക്രിയമായ സൗഹൃദം സൂക്ഷിക്കാൻ കഴിയുകയില്ല. അവസാനത്തേത് ശരിയാണെങ്കിൽ ആദ്യത്തേത് തെറ്റാണ്.

ലേഖകന് ജമാഅത്ത് തീവ്രവാദികളാണോ എന്ന ചർചക്ക് താൽപര്യമില്ലെങ്കിലും തുടക്കം മുതൽ തീവ്രവാദത്തോടെയായിരുന്നുവെന്ന് സ്ഥാപിക്കാനും പ്രഖ്യാപിക്കാനും താൽപര്യമുണ്ട്. എന്തായിരുന്നു ആ തീവ്രാശയങ്ങൾ എന്ന് മാത്രം അദ്ദേഹം പറയില്ല. മുസ്ലിമായിരിക്കെ അദ്ദേഹത്തിന് പറയാനുമാവില്ല. വീണ്ടും വൈരുദ്ധ്യം ഇത്രയും തീവ്രാശയ വാദക്കാരന് ഇന്ത്യകണ്ട ഉന്നത ശ്രേഷ്ഠരായ ഇസ്ലാമിക പണ്ഡിതരിൽ സ്ഥാനം ലഭിക്കുന്നതെങ്ങനെ.

(തുടരും)

ചൊവ്വാഴ്ച, ഡിസംബർ 06, 2011

ടി.കെയും ഒ. അബ്ദുല്ലയും ശബാബും

ടി.കെ അബ്ദുല്ലാ സാഹിബിന്റെ ഏതാനും അഭിപ്രായങ്ങളെ ഖണ്ഡിക്കുക എന്ന ഭാവേന ശബാബ് വാരിക പ്രസിദ്ധീകരിച്ച ലേഖനത്തിനുള്ള പ്രതികരണം കഴിഞ്ഞ പോസ്റ്റിൽ വായിച്ചുവല്ലോ അതിന്റെ രണ്ടാ ഭാഗമാണിത്.


(രാഷ്‌ട്രീയ ഹാകിമിത്തും ദൈവത്തിന്റെ പരമാധികാരവും സംബന്ധിച്ച യഥാര്‍ഥ പ്രശ്‌നം ഇനിയും സമൂഹത്തിന്റെ മുന്നില്‍ വന്നിട്ടില്ല എന്ന അബ്‌ദുല്ലയുടെ മൂന്നാമത്തെ പരാമര്‍ശം ശരിയല്ല എന്നതിന്‌ മറ്റൊരു അബ്‌ദുല്ല നല്‌കിയ മറുപടി വായിക്കുന്നതിലൂടെ ബോധ്യപ്പെടും. ടി കെ അബ്‌ദുല്ല കളവുപറയുകയോ ഓര്‍മപ്പിശക്‌ പറയുകയോ ആണെന്നും വായനക്കാര്‍ക്ക്‌ ബോധ്യപ്പെടും. ഈ വിഷയത്തില്‍ ജമാഅത്ത്‌ നിലപാടില്‍ ദുരൂഹതയുണ്ടെന്നും മുജാഹിദ്‌ നിലപാടില്‍ സുതാര്യതയാണുള്ളതെന്നും ജമാഅത്തുകാരനായിരുന്ന ഒ അബ്‌ദുള്ള പറയുന്ന ഭാഗം ഇപ്രകാരം:``അഞ്ചു ദശകങ്ങളായി പാകിസ്ഥാനില്‍ ജമാഅത്ത്‌ പ്രവര്‍ത്തിക്കുന്നു. മുസ്‌ലിം രാഷ്‌ട്രമായിട്ടും ഒരു ബദല്‍ സംവിധാനമായി ഇസ്‌ലാമിന്റെ സാമ്പത്തിക വശങ്ങള്‍ അടക്കമുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാനോ സമൂഹത്തിന്റെ മുഖഭാവം ധാര്‍മികമായി മാറ്റിയെടുക്കാനോ ഇന്നേവരെ അവിടെ ജമാഅത്തിന്നായിട്ടില്ല. എന്നിരിക്കെ ഇന്ത്യയെ പോലുള്ള ഇരു ഹൈന്ദവ ഭൂരിപക്ഷ രാഷ്‌ട്രത്തില്‍ ഒരു ബദല്‍ ജീവിതപദ്ധതിയായി എങ്ങനെ ഇസ്‌ലാമിനെ അവതരിപ്പിക്കുമെന്നതും ജനതയെക്കൊണ്ടു അംഗീകരിപ്പിക്കുമെന്നുള്ളതുമായിരുന്നു ഞങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നം. കേവലമായ പ്രസംഗങ്ങള്‍ കൊണ്ടും പ്രബന്ധങ്ങള്‍ കൊണ്ടും അത്‌ സാധിക്കുമായിരുന്നുവെങ്കില്‍ ഇതിനകം അതു നടന്നുകഴിഞ്ഞിരിക്കുന്നു. പ്രസംഗിച്ചു പ്രസംഗിച്ചു വളാഞ്ചേരി കോര്‍ണറിലെയും കൊച്ചി കപ്പലണ്ടി മുക്കിലെയും ശാന്തപുരം ചുങ്കത്തെയുമൊക്കെ ജനങ്ങളെ കാണുമ്പോള്‍ സമഗ്രം, സമ്പൂര്‍ണം, സാര്‍വജനീനം എന്നിങ്ങനെയുള്ള ജമാഅത്ത്‌ പദാവലികള്‍ അവര്‍ ഇടപെട്ട്‌ വിളിച്ചുപറയാന്‍ തുടങ്ങിയിരിക്കുന്നു: ``നിങ്ങള്‍ പ്രവര്‍ത്തിക്കൂ; ദൈവം നിങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നുണ്ട്‌ എന്ന ദൈവിക വചനം ഒരാശ്വാസമാണെങ്കിലും ഒരു പ്രസ്ഥാനത്തിന്‌ മുന്നോട്ട്‌ നീങ്ങാനുള്ള പ്രായോഗിക പദ്ധതി അതുതന്നെ ആവിഷ്‌കരിക്കേണ്ടതുണ്ടല്ലോ.'' ``ഇന്ത്യയില്‍ നാളെ ഹുകൂമത്തെ ഇലാഹി സ്ഥാപിതമാവുകയും എനിക്കും മറ്റുള്ളവര്‍ക്കും മേഘാലയിലോ മറ്റോ ഗവര്‍ണറാകാന്‍ അവസരം ലഭിക്കുകയും ചെയ്യാന്‍ കഴിയാത്തതിന്റെ അസ്വസ്ഥതയായിരുന്നില്ല ഞങ്ങളെ ഭരിച്ചിരുന്നത്‌. ഒരു ബ്രെയ്‌ക്ക്‌ ത്രൂ ആവശ്യമുണ്ടായിരുന്നു. പൊതു സമൂഹത്തിലേക്കൊരു വഴി. അതില്ല.'' (ഒ അബ്‌ദുല്ല, ചില വഴിമുടക്കികള്‍ എന്ന ലേഖനം, തേജസ്‌ -2008 മാര്‍ച്ച്‌ 2))

ഒ. അബ്ദുല്ല സാഹിബ് ഒരു വാസ്തവം ചൂണ്ടിക്കാണിച്ചു.  അത് ടി.കെ പറഞ്ഞതുമായി ഏറ്റുമുട്ടുന്നതായി തോന്നുന്നില്ല. എവിടെയാണ് ഏറ്റുമുട്ടുന്നത് എന്ന് പാലക്കോട് ചൂണ്ടികാണിച്ചിട്ടുമില്ല. ഒ.അബ്ദുല്ല സാഹിബ് പറയുന്നതെന്തും ജമാഅത്ത് വിരുദ്ധമായിരിക്കും എന്ന തോന്നലിൽ നിന്ന് എടുത്ത് ചേർത്തതാകാം. ഒ. അബ്ദുല്ല സാഹിബ് പറയുന്നത്. ജനങ്ങൾ ജമാഅത്ത് പറഞ്ഞത് അംഗീകരിച്ചെങ്കിലും  പ്രയോഗവൽകരണത്തിൽ അവ കൊണ്ടുവരാൻ ശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നുവെന്നതാണ്. എക്കാലത്തും നല്ല ആശയത്തോട് അങ്ങനെ തന്നെയാണ് ജനങ്ങൾ പ്രതികരിക്കാറുള്ളത്.

(ജമാഅത്തില്‍ ജനിച്ച്‌, ജമാഅത്തില്‍ വളര്‍ന്ന ഒ അബ്‌ദുല്ല പറയുന്നു, ജമാഅത്തിന്റെ ആദര്‍ശം പൊതുസമൂഹത്തിലേക്കെത്താതെ ഒരു `ബ്രെയ്‌ക്ക്‌ ത്രൂ' പ്രതിസന്ധിയിലാണുള്ളതെന്ന്‌. ഈ വിഷമസന്ധിയെ ഇപ്പോഴും മറികടക്കാന്‍ ജമാഅത്തിന്‌ സാധിച്ചിട്ടില്ല എന്ന വസ്‌തുതയെ ടി കെ അബ്‌ദുല്ല ബോധപൂര്‍വം തമസ്‌കരിച്ച്‌ പരമാധികാരവും രാഷ്‌ട്രീയ ഹാകിമിയ്യത്തും പറഞ്ഞ്‌ ദുരൂഹത സൃഷ്‌ടിക്കുന്നത്‌ മറ്റൊന്നും പറയാനും എഴുതാനുമില്ലാത്തതുകൊണ്ടായിരിക്കുമെന്ന്‌ വ്യക്തം.
ജമാഅത്തിന്റെ അവസ്ഥ `ബ്രെയ്‌ക്ക്‌ ത്രൂ' കാണാത്ത അവസ്ഥയിലാണെങ്കിലും മുജാഹിദുകളുടെ പ്രബോധനവും പ്രബോധനവിഷയവും സമൂഹത്തിലെത്തുകയും അത്‌ സമൂഹത്തിന്‌ എളുപ്പത്തില്‍ മനസ്സിലാകുന്നുമുണ്ട്‌ എന്നുകൂടി ഒ അബ്‌ദുല്ല മുജാഹിദിനെയും ജമാഅത്തിനെയും താരതമ്യം ചെയ്‌തെഴുതിയിട്ടുണ്ട്‌. ആ ഭാഗം ഇപ്രകാരമാണ്‌: `പണമുള്ളവര്‍ സകാത്ത്‌ കൊടുക്കണം. എന്നാല്‍ സകാത്ത്‌ കൊടുക്കാന്‍ പണമുണ്ടാക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്നില്ല. പണമില്ലാത്തതിനാല്‍ സകാത്ത്‌ കൊടുക്കാത്തതുകൊണ്ട്‌ ഒരാളുടെയും ദീന്‍ അപൂര്‍ണമാകുന്നില്ല. അതിനാല്‍ തന്നെ മൗലാനാ മൗദൂദിയുടെ `സ്വന്തം ഭരണമില്ലാത്ത ദീനിന്റെ അവസ്ഥ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത വീടുപോലെയാണ്‌' എന്ന പ്രസിദ്ധമായ ഉദ്ധരണിയെ മുജാഹിദു വിഭാഗം അതി നിശിതമായി വമര്‍ശനത്തിന്‌ വിധേയമാക്കുന്നു.)

ടി.കെ അബ്ദുല്ല സാഹിബ് പറയുന്നതും ഒ.അബ്ദുല്ല സാഹിബ് പറയുന്നതും പൂർണമായി മുജാഹിദുകാർക്ക് മനസ്സിലാകുന്നില്ല എന്നേ മേൽവരികൾ സൂചിപ്പിക്കുന്നുള്ളൂ. മുജാഹിദുകൾ അങ്ങനെ വാദിക്കുന്നുവെന്ന് പറഞ്ഞാൽ ഒ. അബ്ദുല്ല സാഹിബ് അംഗീകരിക്കുന്നുവെന്ന് വരുമോ. ഇനി അദ്ദേഹം അംഗീകരിച്ചാലും ബാക്കി ജമാഅത്തുകാർ അത് അംഗീകരിക്കേണ്ടതുണ്ടോ.

(അല്ലാഹു അന്നതാദാവ്‌ (റാസിഖ്‌), ഹാകിം (നിയമനിര്‍മാതാവ്‌, ഭരണാധികാരി) എന്നൊക്കെ പറയുമ്പോള്‍ അത്‌ ഒരര്‍ഥത്തില്‍ സാപേക്ഷികമാണ്‌. അയാളാണ്‌ എനിക്ക്‌ അന്നം തരുന്നത്‌ എന്നൊരാള്‍ പറയുന്നത്‌ ദൈവത്തെ നിരാകരിച്ചുകൊണ്ടല്ല. അയാള്‍ ഒരു മാധ്യമമാണ്‌ എന്ന്‌ സൂചിപ്പിക്കുക മാത്രമാണ്‌. ദൈവം മാലിക്‌ അഥവാ ഉടമസ്ഥനാണ്‌. സകല ചരാചരങ്ങളുടെയും ഉടമ. എന്നാല്‍ ഭൂമിയും മറ്റും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മനുഷ്യരെ ഉദ്ദേശിച്ചു നാം ഉടമസ്ഥന്‍ എന്ന്‌ യഥേഷ്‌ടം ഉപയോഗിക്കുന്നു. അല്ലാഹുവാണ്‌ റീസര്‍വേ അനുസരിച്ച്‌ ഈ ഭൂമിയുടെ ഉടമസ്ഥന്‍ എന്നാരും ആധാരത്തില്‍ എഴുതാറില്ല. ഇപ്രകാരം മനുഷ്യന്‌ അല്ലാഹുവിന്റെ സവിശേഷ ഗുണങ്ങളായ റാസിഖ്‌, മാലിക്‌ തുടങ്ങിയ വിശേഷണങ്ങളാകാമെങ്കില്‍ എന്തുകൊണ്ടവന്‍ ഹാകിമായിക്കൂടാ? ഇതാണ്‌ മുജാഹിദ്‌ പക്ഷത്തു നിന്നുള്ള ചോദ്യം.'' (ഒ അബ്‌ദുല്ല, ജനാധിപത്യവും ദൈവാധിപത്യവും എന്ന ലേഖനം, തേജസ്‌ 30-12-2007))

ജമാഅത്ത് വിട്ടപ്പോൾ മുജാഹിദുകാർ പറയുന്നതെന്നനിലക്ക് അദ്ദേഹം അവരെ ന്യായീകരിക്കുവാൻ ശ്രമിച്ചു നോക്കുകയാണെന്ന് തോന്നുന്നു. പക്ഷെ കൺക്ലൂഷനിലെത്താൻ അദ്ദേഹത്തിനും സാധിച്ചാതായി കാണുന്നില്ല. അതിനാൽ മുജാഹിദുകൾക്ക് ചോദിക്കാനുള്ള അവർ കൃത്യമായി ചോദിക്കാറില്ലാത്ത ഒരു ചോദ്യം അദ്ദേഹം എടുത്തിട്ടുവെന്നേ ഉള്ളൂ.

(മുജാഹിദുകളുടെ ഈ പ്രസക്തമായ ചോദ്യം തന്നെയാണ്‌ അവര്‍ അല്ലാഹുവിന്റെ പരമാധികാരത്തെ നിഷേധിക്കുന്നവരായി മുദ്ര കുത്താന്‍ ജമാഅത്തുകാരെ പ്രേരിപ്പിച്ച ഏക തെളിവ്‌! മറുപടിയില്ലെങ്കില്‍ ദുരാരോപണമുന്നയിക്കുകയും പരിഹസിക്കുകയും ചെയ്യുക എന്ന ജമാഅത്തിന്റെ ജനിതകസ്വഭാവം തന്നെയാണ്‌ പഴയ അമീറായ ടി കെ അബ്‌ദുല്ലയുടെ ഓര്‍മകളില്‍ ഇപ്പോഴും നുരഞ്ഞുപൊന്തുന്നത്‌.

1985ല്‍ വിവേകത്തിനനുവദിച്ച ടി മുഹമ്മദ്‌ സാഹിബിന്റെ അഭിമുഖം പഴയ ഓര്‍മകള്‍ അയവിറക്കുന്ന ഈ സന്ദര്‍ഭത്തില്‍ അബ്‌ദുല്ല സാഹിബ്‌ തേടിപ്പിടിച്ച്‌ വായിക്കുന്നത്‌ കാര്യങ്ങളെ കുറെക്കൂടി സത്യസന്ധമായി വിലയിരുത്താന്‍ ഒരു പരിധി വരെ സഹായിക്കും. ഇബാദത്ത്‌, ഇത്വാഅത്ത്‌, താഗൂത്ത്‌, അല്ലാഹുവിന്റെ പരമാധികാരം എന്നീ വിഷയങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നത്‌ ജമാഅത്തു നേതാക്കളിലാണെന്നും മുജാഹിദുകളുടെ വാദങ്ങളും നിലപാടുകളും വ്യക്തവും സുതാര്യവുമാണെന്നും ടി മുഹമ്മദ്‌ സാഹിബ്‌ സൂചിപ്പിച്ച കാര്യം മുന്‍ അമീര്‍ വായിച്ചിരുന്നുവെങ്കില്‍ രാഷ്‌ട്രീയ ഹാകിമയത്ത്‌ സമൂഹത്തിന്‌ മുന്നില്‍ ഇനിയും ബോധ്യപ്പെട്ടിട്ടില്ല എന്ന്‌ അദ്ദേഹത്തിന്‌ വിലപിക്കേണ്ടി വരുമായിരുന്നില്ല. രാഷ്‌ട്രീയ ഹാകിമിയ്യത്തിനെ പറ്റിയും ദൈവത്തിന്റെ പരമാധികാരത്തെ പറ്റിയും `നല്ല അവബോധമുള്ള' മുന്‍ അമീറും നിലവിലുള്ള അമീറും അവര്‍ രണ്ടു കൂട്ടരുടെയും അന്നത്തെയും ഇന്നത്തെയും അനുയായികളും അല്ലാഹുവിന്‌ രാഷ്‌ട്രീയ ഹാകിമയ്യത്ത്‌ നേടിക്കൊടുക്കാന്‍(!) ഇതുവരെ എന്ത്‌ ചെയ്‌തു? ഇപ്പോള്‍ എന്ത്‌ ചെയ്യുന്നു? എന്നുകൂടി അബ്‌ദുല്ല സാഹിബ്‌ വിശദീകരിക്കുമെങ്കില്‍ വളരെ സന്തോഷം. കാരണം രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌ സ്ഥാപിക്കുക എന്ന മുഖ്യ അജണ്ടയുമായി രംഗത്തുവന്ന ഒരു പ്രസ്ഥാനം ആ രംഗത്ത്‌ ഇതുവരെ എന്തു ചെയ്‌തു എന്ന്‌ പൊതുസമൂഹത്തോടും മതസമൂഹത്തോടും വിശദീകരിക്കേണ്ട ബാധ്യതയുണ്ടല്ലോ.)

ഒരു മറുചോദ്യം എങ്ങനെയാണ് തെളിവാകുന്നത്. മുജാഹിദുകളിൽ അത്തരം ആരോപണമുന്നയിക്കാൻ അവസരം നൽകുന്നത് മുജാഹിദുകാർ ഇക്കാര്യത്തിൽ ഒരു വ്യക്തമായ അഭിപ്രായം പറയാത്തതും അതേ പ്രകാരം ജമാഅത്ത് പറയുന്ന കാര്യത്തെ എതിർക്കുന്നതും കൊണ്ടാണ്.

ശനിയാഴ്‌ച, ഡിസംബർ 03, 2011

ശബാബ് വാരികയും ടികെയുടെ വിശ്രമ ജീവിതവും ?.

ജമാഅത്തെ ഇസ്ലാമി മുൻ കേരളാ അമീറും ശൂറാ അംഗവുമായ ടി.കെ അബ്ദുല്ലാ സാഹിബ് ജമാഅത്തെ ഇസ്ലാമിയുടെ പുതിയ പ്രവർനങ്ങളെക്കുറിച്ചും നയനിലപാടുകളെക്കുറിച്ചും ഒന്നും അറിയാതെ വിശ്രമ ജീവിതം നയിക്കുകയാണോ ?. അടുത്തിടെ നടന്ന കേന്ദ്രശൂറയിലടക്കം ഇയ്യിടെ നടന്ന എല്ലാ ശൂറായോഗങ്ങളിലും അദ്ദേഹം പങ്കെടുത്തതായിട്ടാണ് എനിക്കുള്ള അറിവ് എങ്കിലും മറ്റൊരു ശൂറാംഗമായ അബ്ദുല്ലാ ഹസ്സൻ സാഹിബിനെ വിളിച്ച് ഒന്ന് ഉറപ്പുവരുത്തി. വിശയത്തിലേക്ക് വരാം.

പ്രബോധനം വാരികയിൽ കൂറേ കാലമായി വന്നുകൊണ്ടിരിക്കുന്ന പംക്തിയാണ് നടന്നുതീരാത്ത വഴികളിൽ. ഇതിൽ മുജാഹിദ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് അവർ ഓർക്കാനിഷ്ടപ്പെടാത്ത പല സംഭവങ്ങളും അദ്ദേഹം ഓർമയിൽ നിന്ന് അവതരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ശബാബിനും ഇപ്പോൾ ടി.കെയും അദ്ദേഹം പറഞ്ഞതും വിഷയമാകുന്നു. ശബാബ് പുതിയ ലക്കത്തിൽ അദ്ദേഹത്തിന്റെ ചില പരാമർശങ്ങളെ അവലംബിച്ച് മുജാഹിദുകൾക്ക് ജമാഅത്തിനെതിരെ ഉന്നയിച്ച് വന്ന മുഴുവൻ ആരോപണങ്ങളും ആവർത്തിക്കാൻ അവസരമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. എന്നാലും മുജാഹിദുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ അവ്യക്തത തുടരുകയും ടി.കെയുടെ വാക്കുകളുടെ സത്യസന്ധത ഒന്നുകൂടി വ്യക്തമാകുകയും ചെയ്തിരിക്കുന്നു.

(ബ്രാകറ്റിൽ കളറിൽ നൽകിയതാണ് ശബാബിലെ ലേഖനം അതിന് ശേഷം നൽകിയത് എന്റെ വ്യക്തിപരമായ പ്രതികരണം. അദ്ദേഹത്തിന് ഒരു മുത്തഫിഖെങ്കിലും മറുപടി പറയണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തൽകാലം എന്റെ പ്രതികരണവും പ്രസക്തമാണ് എന്ന് മനസ്സിലാക്കുന്നു. ജമാഅത്തിനെക്കുറിച്ച് അറിയാത്ത മുജാഹിദു പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ശബാബ് ലേഖനം കാണപ്പെടുന്നത്. ആരോഗ്യകരമായ ഒരു സംവാദത്തിന് പറ്റിയ വിധമല്ല അതിന്റെ ഘടന എന്നതിനാൽ ഓരോ വാചകങ്ങളായി എടുത്ത് അതിലെ വാചക കസർത്ത് തുറന്നുകാണിക്കു എന്നത് മാത്രമേ എനിക്ക് ചെയ്യാനുള്ളൂ. ഇവിടെ വന്ന പല വിഷയങ്ങളും ഈ ബ്ലോഗിൽ തന്നെ വിശദമായി ചർച ചെയ്തതാണ്. അവ്യക്തയുള്ളവർക്ക് കമന്റ് ബോക്സിൽ സംശയനിവാരണം വരുത്താവുന്നതാണ്)

സ്ഥിരം ജമാഅത്ത് വിമർശകനായ ശംസുദ്ദീന്‍
പാലക്കോട്‌ എഴുതിയ ലേഖനം വായിക്കുക.

ജമാഅത്ത്‌ പരമാധികാരത്തില്‍ നിന്ന്‌ പരമാധികാരത്തിലേക്ക്‌

(തലവാചകത്തില്‍ കണ്ട ദുര്‍ഗ്രാഹ്യത പോലെ തന്നെയാണ്‌ ജമാഅത്തെ ഇസ്‌ലാമി എന്ന മതരാഷ്‌ട്ര പ്രസ്ഥാനം അതിന്റെ ആദര്‍ശ നിലപാടുകളില്‍ ഇപ്പോഴും തുടര്‍ന്നുവരുന്ന ദുര്‍ഗ്രാഹ്യത. അത്‌ പരമാവധി സുഗ്രാഹ്യതയോടെ അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമമാണിവിടെ നടത്തുന്നത്‌. ജമാഅത്തുകാര്‍ ക്ഷമിച്ചേ പറ്റൂ! )

ജമാഅത്തിന്റവാദം ദുരർഗ്രാഹ്യമാണ് എന്ന് സ്ഥാപിക്കാൻ തലക്കെട്ടിൽ ദുർഗ്രഹ്യത വരുത്തിരിയിക്കുകയാണ്. ജമാഅത്ത് വാദങ്ങൾ ഇവിടെ സുഗ്രാഹ്യതയോടെ അവതരിപ്പിക്കാനാണോ ശ്രമിക്കുന്നത് എന്ന് ഇവിടെ നൽകുന്ന പ്രതികരണം കൂടി വായിച്ച് വായനക്കാർ തീരുമാനിക്കുക. ഇതിനേക്കാളെറെ അനീതി മുജാഹിദുകാരിൽ നിന്ന് ജമാഅത്ത് ക്ഷമിക്കുന്ന സ്ഥിതിക്ക് പ്രത്യേകം ക്ഷമ ചോദിക്കേണ്ടതില്ല.

(`നടന്നു തീരാത്ത വഴികളെ'യോര്‍ത്ത്‌ നിരാശപ്പെട്ടും നടന്നെത്താത്ത വഴികളെപ്പറ്റി വിചാരപ്പെട്ട്‌ അസ്വസ്ഥനായും കഴിയുന്ന പഴയ കാലത്തെ അമീര്‍ അബ്‌ദുല്ലാ സാഹിബ്‌ എന്തായാലും ക്ഷമിച്ചേ പറ്റൂ. കാരണം താങ്കളുടെ അനുയായികള്‍ നടന്നുനടന്ന്‌, വളര്‍ന്ന്‌ വലുതായി അല്‍പമൊക്കെ പ്രാക്‌ടിക്കലായി ചിന്തിച്ച്‌ പുതിയ കാലത്ത്‌, പുതിയ ലോകത്ത്‌, പുതിയ പാര്‍ട്ടിയും പരിപാടിയുമൊക്കെയായി കാലത്തിനൊപ്പം നടക്കാന്‍ തുടങ്ങിയ വിവരം താങ്കള്‍ അറിയാതെ പോയതാണോ എന്നും സംശയമുണ്ട്‌. താങ്കള്‍ ഓര്‍മകള്‍ അയവിറക്കുകയാണെങ്കിലും ഓര്‍മകളില്‍ `പരമാധികാരവും' `ഇബാദത്തും' `ഇത്വാഅത്തും' മണ്ണാങ്കട്ടയും എടുത്ത്‌ വലിച്ചുകൊണ്ടുവന്നത്‌ താങ്കളെപ്പോലെ `വിശ്രമജീവിതം' നയിക്കുന്ന ചെറിയൊരു വിഭാഗത്തെ ഹരം കൊള്ളിക്കുമെങ്കിലും പുതിയ തലമുറയിലെ `ജനപക്ഷ രാഷ്‌ട്രീയക്കാരായ' താങ്കളുടെ അനുയായികളില്‍ ബഹുഭൂരിപക്ഷത്തിനും അത്‌ ദഹനക്കേടുണ്ടാക്കും എന്നെങ്കിലും അബ്‌ദുല്ലാ സാഹിബ്‌ ഓര്‍ക്കേണ്ടതായിരുന്നു.)

ടി.കെ. അബ്ദുല്ല സാഹിബ് തന്നെയാണ് പുതിയ തലമുറയെ നയിക്കുന്നത്. അവരുടെ വിചാര വികാരങ്ങളും പുതിയ നയനിലപാടുകളും രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചുകൊണ്ടിരിക്കുന്നത് കേരള ശൂറയും കേന്ദ്രശൂറയും തന്നെയാണ് അവയിൽ മുടങ്ങാതെ പങ്കെടുക്കുന്ന അദ്ദേഹത്തിന് സംശുദ്ധീൻ പാലക്കോടിന്റേതായ ഉണർത്തലും ക്ലാസും ഈ വിഷയത്തിൽ ആവശ്യമുണ്ടാവില്ല. മാത്രമല്ല പുതിയ തലമുറ ടി.കെ അബ്ദുല്ല സാഹിബും കെ.സിയും വിശദീകരിച്ച ലോക സലഫി നേതാക്കൾ അംഗീകരിച്ച വിധത്തിൽ തന്നെ ഇബാദത്തും, ഇതാഅത്തും, ഹാകിമിയത്തും, താഗൂത്തും മനസ്സിലാക്കിയവരാണ് എന്നതിന് ബ്ലോഗിലെയും ഫെയ്സ്ബുക്കിലേയും ചർചകൾ കണ്ണോടിക്കുന്നവർക്ക് മനസ്സിലാകും. ഇവിടെ ആരാണ് വിശദീകരിക്കാൻ പാടുപെട്ട് കൊണ്ട് മുങ്ങികളയുന്നത് എന്നും ശംസുദ്ധീൻ പാലത്തിന് അറിയില്ലെങ്കിലും നെറ്റ് ഉപയോഗിക്കുന്ന മുജാഹിദുകൾക്ക് അടക്കം അറിയാം.

ഏതായാലും ജമാഅത്തെ ഇസ്ലാമി കൂടുതൽ പ്രാക്ടിക്കലായിരിക്കുന്നുവെന്ന് മുജാഹിദ് ലേഖകൻ സമ്മതിക്കുന്നു. അതിന്റെ പങ്ക് ടി.കെക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന് പാലത്ത് മനസ്സിലാക്കുക. 


(പറഞ്ഞുപറഞ്ഞു വിഷയം പറയാന്‍ മറക്കരുതല്ലോ. ജമാഅത്ത്‌ പാര്‍ട്ടിയിലെ പുതിയ തലമുറക്ക്‌ അപരിചിതനും പഴയ തലമുറക്ക്‌ ആവേശവുമായിരുന്ന ടി കെ അബ്‌ദുല്ല എന്ന അബ്‌ദുല്ല സാഹിബ്‌)

ഈ വിശേഷണം തീർത്തും തെറ്റാണ്. അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാത്ത ആരും പുതിയ തലമുറയിലുണ്ടാവാനിടയില്ല. സി.ഡി.കളിലൂടെ മാത്രമല്ല, നേരിട്ടും. ഇന്നും പല പരിപാടികളിലും അദ്ദേഹം നേരിട്ട് പങ്കെടുക്കുന്നു. കഴിഞ്ഞ വർഷം വരെ അദ്ദേഹം ശാന്തപുരത്ത് വന്ന് ക്ലാസെടുത്തിരുന്നു. ഇപ്പോൾ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുന്നതിനാൽ കഷ്ടപ്പെടുത്തി ശാന്തപുരത്ത് കൊണ്ടുവരുന്നില്ല എന്ന് മാത്രം. പിന്നെ എങ്ങനെയാണ് പുതിയ തലമുറക്ക് അദ്ദേഹം അപരിചിതനാക്കുന്നത്.

(എഴുതുകയാണ്‌: ``രാഷ്‌ട്രീയ, സാമൂഹിക മേഖലകളിലുള്ള അല്ലാഹുവിന്റെ പരമാധികാരത്തെ അന്നേ മുജാഹിദ്‌ പ്രസ്ഥാനത്തിലെ പലരും നിഷേധിക്കുന്നുണ്ടോ എന്നതാണ്‌ മൗലിക പ്രശ്‌നം. അടിസ്ഥാന ആദര്‍ശം അംഗീകരിക്കുന്നുവെങ്കില്‍ അവര്‍ സ്വീകരിക്കുന്ന നയനിലപാടുകള്‍ ഇജ്‌തിഹാദി വിഷയം മാത്രമാണ്‌. ജമാഅത്തെ ഇസ്‌ലാമിക്ക്‌ അത്‌ പ്രശ്‌നമാകേണ്ടതില്ല. ഇസ്‌ലാമിന്റെ രാഷ്‌ട്രീയ വ്യവസ്ഥയുമായി ബന്ധപ്പെട്ട നയപരമായ സമീപനം കൈക്കൊള്ളുന്നതിലുപരി, അടിസ്ഥാനം തന്നെ നിഷേധിക്കുന്നതാണ്‌ പ്രശ്‌നം. ഇബാദത്തില്‍ ഇത്വാഅത്ത്‌ ഉള്‍ക്കൊള്ളുന്നില്ലെന്ന വാദം പോലും രാഷ്‌ട്രീയമായി ബന്ധപ്പെട്ടതാണ്‌. ഒരു പദത്തിന്റെ അര്‍ഥത്തിലുള്ള സാങ്കേതികതയല്ല, അല്ലാഹുവിന്‌ രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌ ഉണ്ടെന്ന്‌ സമ്മതിക്കേണ്ടിവരുമെന്ന ആശങ്കയാണ്‌ മുജാഹിദ്‌ വാദത്തിന്റെ കാതല്‍. ഇപ്പോഴും യഥാര്‍ഥ പ്രശ്‌നം എന്താണെന്ന്‌ സമൂഹത്തിന്‌ മുന്നില്‍ വേണ്ടവിധം വന്നുകഴിഞ്ഞിട്ടില്ല.'' (നടന്നുതീരാത്ത വഴികളില്‍, പ്രബോധനം 22-10-2011, പേജ്‌ 38))

ഈ പറഞ്ഞതത്രയും പതിരില്ലാത്ത കാര്യങ്ങളാണ്. ഇപ്പോഴും ഞാനടക്കമുള്ള പുതിയ തലമുറ അത്ഭുതപ്പെടുന്നത് എന്തുകൊണ്ട് മുജാഹിദുകാർ ഇക്കാര്യത്തിൽ വ്യക്തമായ ഒരു നിലപാടും അഭിപ്രായവും പറയുന്നില്ല എന്നാണ്. 


(അബ്‌ദുല്ലാ സാഹിബ്‌ മുന്‍കൈ എടുത്ത്‌ ഇനിയുള്ള വേദികളിലും പേജുകളിലും ഇബാദത്ത്‌, ഇത്വാഅത്ത്‌, താഗൂത്ത്‌, ദൈവത്തിന്റെ പരമാധികാരം, ഹുകൂമത്തെ ഇലാഹി എന്നിവയുടെ നിജസ്ഥിതി വിശദീകരിക്കാന്‍ ഒരു രണ്ടാമൂഴത്തിനിറങ്ങണമെന്ന ആഗ്രഹം കൊള്ളാം. പക്ഷെ, പുതിയ പാര്‍ട്ടിയുമായി ജനാധിപത്യത്തെ കെട്ടിപ്പുണരാന്‍ ഇറങ്ങിത്തിരിച്ച പുതിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഈ ആഗ്രഹം ദഹിക്കുമോ അമീറേ? ദൈവത്തിന്റെ പരമാധികാരം `വേണ്ടവിധം' സമൂഹത്തിന്‌ ബോധ്യപ്പെടുത്താന്‍ അഥവാ താങ്കള്‍ അതിന്‌ തുനിഞ്ഞാല്‍ ഒരുപക്ഷെ താങ്കള്‍ എഴുതിക്കൊണ്ടിരിക്കുന്ന കോളം തന്നെ നിര്‍ത്തിവെപ്പിക്കാന്‍ കരുത്തുള്ള പുതിയ ജനാധിപത്യ-ജനപക്ഷ- ജനപ്രിയ-ജനസേവന തത്വങ്ങള്‍ വാരിപ്പുണര്‍ന്ന നിലയിലുള്ള അമീറും അനുയായികളും അതിനനുവദിക്കുമോ? കണ്ടറിയണം!)

അബ്ദുല്ലാ സാഹിബ് പ്രസ്ഥാനിക ചലനങ്ങളൊന്നുമറിയാതെ വിശ്രമജീവിതം നയിക്കുകയാണ് എന്ന അബദ്ധധാരണയിൽ നിന്നാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. ഇത് ഒന്നാമത്തെ പ്രശ്നം. രണ്ടാമത്തേത്. ടി.കെ അബ്ദുല്ലാ സാഹിബാണ് ഈ സാങ്കേതിക ശബ്ദങ്ങൾ വിശദീകരിച്ച് പഴയതലമുറക്ക് നൽകിയതെന്ന തെറ്റിദ്ധാരണ. അദ്ദേഹം മുമ്പോ അതിന് ശേഷമോ പ്രസംഗത്തിൽ പരാമർശിച്ച് പോകുന്നതല്ലാതെ ഇക്കാര്യം എഴുതി അവതരിപ്പിച്ചത് കണ്ടിട്ടില്ല. കെ.സി. അബ്ദുല്ല മൗലവിയാണ് മറ്റാർക്കും കൈകടത്തേണ്ടതില്ലാത്ത വിധം ഈ കാര്യങ്ങളെ താത്വികമായി അവതരിപ്പിച്ചത്. ഇനിയും ടി.കെ അത്തരമൊരു വിശദീകരണ മാമാങ്കത്തിന് ഇറങ്ങണമെന്നാഗ്രഹിച്ചാണ് പറയുന്നത് എന്ന് നിരൂപിക്കുമ്പോൾ വിശ്രമജീവിതം കൂടി മതിയാക്കേണ്ടി വരില്ലേ. ലേഖനം നിർത്തിവെപ്പിക്കുക എന്നത് മുജാഹിദ് ശൈലി അനുസരിച്ച് പറഞ്ഞതാവാനാണ് സാധ്യത. ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചാൽ പല സംഭവങ്ങളും മുജാഹിദ് വാരികകളുടെയും മാസികകളുടെയും വായനക്കാർക്ക് ഓർമവരും. അബ്ദുറഹ്മാൻ ഖാലിഖിന്റെ ലേഖനം ഇപ്പോൾ ഓർക്കുക. സലഫിസത്തിന്റെ താത്വികാചാര്യനായ അദ്ദേഹത്തിന്റെ  ലേഖനം പ്രസിദ്ധീകരിച്ച് വന്നപ്പോൾ ജമാഅത്ത് പറയുന്നതും അതും തമ്മിൽ ഒരു വ്യത്യാസവുമില്ല. മാത്രമല്ല അതിനേക്കാൾ കടുപ്പവും. അതുകൊണ്ട് തന്നെ തുടരും എന്ന് പറഞ്ഞ ലേഖനം പിന്നീട് തുടർന്നില്ല. ഇങ്ങനെ ടി.കെയുടെ ലേഖനം നിർത്തിവെപ്പിക്കും എന്നാണ് ഉദ്ദേശിച്ചതെങ്കിൽ ഇത് മുജാഹിദ് പ്രസ്ഥാനമല്ല ജമാഅത്തെ ഇസ്ലാമി എന്ന സമഗ്രഇസ്ലാമിക പ്രസ്ഥാനമാണ് എന്ന് പാലക്കോട് ഓർത്തുവെക്കുക. 


(ഗുരുതരമായ മൂന്ന്‌ അബദ്ധ ധാരണകള്‍ തന്നെയാണ്‌ പഴയ കാലത്തേക്ക്‌ തിരിഞ്ഞുനോക്കി പഴയ അമീര്‍ ഓര്‍ത്തെടുത്ത്‌ അതുതന്നെയാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ മൗലിക ആദര്‍ശം എന്ന്‌ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്‌. അവ ഇങ്ങനെ സംഗ്രഹിക്കാം:

1). മുജാഹിദുകള്‍ ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കുന്നില്ല. ജമാഅത്തുകാര്‍ ഭൂമിയില്‍ കുറെ ഭാഗത്ത്‌ അല്ലാഹുവിന്‌ `നഷ്‌ടപ്പെട്ട'(!) പരമാധികാരം പുനസ്ഥാപിക്കാന്‍ വേണ്ടി നിലകൊള്ളുന്നു. മുജാഹിദുകളും യഥാര്‍ഥത്തില്‍ അതിനു വേണ്ടി നിലകൊള്ളേണ്ടവരാണ്‌.

2). ഇബാദത്തിന്‌ ഇത്വാഅത്ത്‌ എന്ന്‌ അര്‍ഥം പറയാന്‍ മുജാഹിദുകള്‍ വിസമ്മതിക്കുന്നത്‌ അല്ലാഹുവിന്‌ രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌ വകവെച്ചുകൊടുക്കേണ്ടിവരും എന്ന ആശങ്ക മൂലമാണ്‌. 

3). `പരമാധികാരത്തിന്റെ' വിഷയത്തിലുള്ള യഥാര്‍ഥ പ്രശ്‌നം എന്താണെന്ന്‌ ഇപ്പോഴും സമൂഹത്തിന്‌ ബോധ്യപ്പെട്ടിട്ടില്ല. രാഷ്‌ട്രീയ- സാമൂഹിക രംഗത്തുള്ള അല്ലാഹുവിന്റെ പരമാധികാരത്തെ മുജാഹിദുകള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിംകള്‍ നിഷേധിക്കുന്നു എന്നത്‌ ജമാഅത്തുകാര്‍ ആദ്യകാലത്ത്‌ അവരുടെ ലിഖിത രേഖകളില്‍ തന്നെ സുലഭമായി ഉന്നയിച്ച ഒരാരോപണമാണ്‌. എന്നാല്‍ ഈ ആരോപണത്തിന്‌ അവര്‍ ഉന്നയിച്ച തെളിവുകള്‍ അവര്‍ക്കെതിരെ തന്നെ തിരിയാന്‍ തുടങ്ങിയപ്പോള്‍ ഈ ആരോപണത്തിന്റെ മുനയൊടിയുകയും ഇതേ ചോദ്യം ജമാഅത്തിന്റെ നേരെ തന്നെ ജനം തിരിച്ചുവിടുകയും ചെയ്‌ത കാര്യം വിശ്രമ ജീവിതം നയിക്കുന്ന അബ്‌ദുല്ല സാഹിബ്‌ അറിയാതെ പോയതാവണം.)

ശംസുദ്ധീൻ പാലക്കോടിന്റെ ഈ വാചകകസർത്ത് ലേഖനത്തിന്റെ ഉത്ഭവം തന്നെ ടി.കെ വിശ്രമജീവിതം നയിക്കുകയാണ് എന്ന ചിന്തയിൽ നിന്നാണ്. ലേഖനം എഴുതുന്നതിന് മുമ്പ് അതൊന്ന് ഏതെങ്കിലും ജമാഅത്ത് പ്രവർത്തകനോട് വിളിച്ച് ഉറപ്പ് വരുത്താമായിരുന്നു.  സമാന്യമായി ഒരു മുജാഹിദുകാരൻ മനസ്സിലാക്കുന്നത്, ജമാഅത്ത് പണ്ടുള്ള ജമാഅത്തൊന്നുമല്ല. ഇപ്പോൾ ആരോക്കെയോ വന്ന് അതിനെ ഹൈജാക്ക് ചെയ്തിരിക്കുന്നുവെന്നും, ഇപ്പോൾ ടി.കെയെ പോലുള്ള നേതാക്കളൊക്കെ നിസ്സഹായരാണ് എന്നുമൊക്കെയാണ്. ഒരു പക്ഷെ സ്വന്തം പ്രസ്ഥാനത്തിന്റെ അനുഭവം മുജാഹിദുകൾ ജമാഅത്തിന്റെ പേരിൽ കൂടി കെട്ടിയേൽപിക്കുന്നതാകാം. അവരുടെ നേതാക്കളാണല്ലോ ചെറിയ നേതാക്കളെയും പ്രാസംഗികരെയും പിടിച്ചുകെട്ടാൻ സാധിക്കാതെ വലയുന്നത്. അതിൽ കുറേ ചെറുപ്പക്കാർ ചാടിപ്പോയി അവരെ അങ്ങനെ വിട്ടാൽ ശരിയാവില്ല എന്ന് കരുതി ചില പ്രായമായവരും പോയപ്പോൾ പുതിയ ഒരു സംഘടന രൂപം കൊണ്ടു. അതിന്റെ പ്രതിനിധിയാണല്ലോ ശംസുദ്ധീൻ പാലക്കോട്.


(ജമാഅത്തുകാരല്ലാത്ത മുസ്‌ലിംകള്‍ അല്ലാഹുവിന്റെ പരമാധികാരം എന്ന `രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌' അംഗീകരിക്കാത്തവരാണ്‌ എന്നതിലേക്ക്‌ ജമാഅത്തുകാര്‍ അവതരിപ്പിച്ച തെളിവ്‌ അവര്‍ ജനാധിപത്യ ഭരണകൂടങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നു എന്നതും വോട്ടുചെയ്യുന്നു എന്നതുമായിരുന്നു.)

ഇത് മുജാഹിദുകൾക്ക് പിണഞ്ഞ അബദ്ധമോ അല്ലെങ്കിൽ അവർ മനപ്പൂർവം ഉന്നയിക്കുന്ന ഒരു കളവോ ആണ്. മുജാഹിദുകളെ സംബന്ധിച്ചാണ് ജമാഅത്ത് പ്രസ്തുത വാദം ഉന്നയിച്ചത്. അഥവാ അല്ലാഹുവിന്റെ ഹാകിമിയത്തിൽ രാഷ്ട്രീയപരമായ നിയമങ്ങൾ കൂടി ഉൾപ്പെടുന്നതിനെ മുജാഹിദുകൾ നിരാകരിക്കുന്നുവെന്ന വാദം. ഇത് കേവല വാദമല്ല. ഇക്കാലമത്രയും ഒരിക്കൽ പോലും അവർ തുറന്ന് അംഗീകരിക്കാത്തതും. ഈ കാര്യം  പറഞ്ഞതിന്റെ പേരിൽ ജമാഅത്തെ ഇസ്ലാമിയിയിൽ മതരാഷ്ട്രവാദം ആരോപിച്ചവരുമാണ്. കേവലം ആരെങ്കിലും വോട്ടു ചെയ്തതിന്റെ പേരിൽ ജമാഅത്ത് മൊത്തമായി മുസ്ലിംകളിൽ വെച്ചു കെട്ടിയതല്ല അത്. ഇതേ വാദം പണ്ട് മോഡേൺ ഏയ്ജ് സ്വസൈറ്റിക്കാരുന്നയിച്ചപ്പോൾ പ്രബോധനം നൽകിയ മറുപടിയാണ് പിന്നീട് ഇന്ദിരാഗാന്ധിയുടെ ആരാധകരെ പറ്റി എന്ന് തലക്കെട്ട് നൽകി ബഹുമാന്യനായ അബ്ദുഹമീദ് മദനി സാഹിബ് കഷ്ണം വെട്ടി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതും. മുജാഹിദുകൾ ഇപ്പോഴും തെറ്റിദ്ധരിച്ചുകൊണ്ടിരിക്കുന്നതും.

ടി.കെയും ജമാഅത്ത് പ്രവർത്തകരും ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ മുജാഹിദുകളുടെ നിലപാട് വ്യക്തമാക്കണം എന്നാണ്. വ്യക്തമാക്കിയാൽ പിന്നീട് അവശേഷിക്കുന്നത് അതിന്റെ അടിസ്ഥാനത്തിലുള്ള ഇജ്തിഹാദാണ് അതിൽ തെറ്റ് പറ്റിയാൽ ക്ഷമിക്കാവുന്നതാണ്. പക്ഷെ മുജാഹിദുകൾ ഹാകിമിയത്തിന്റെ ഈ വശത്തെ പാടെ തള്ളിക്കളയുന്നു.

(ജമാഅത്ത്‌ രേഖകളില്‍ ഇന്നും വായിക്കപ്പെടുന്ന ഒരു വാചകം ഇപ്രകാരമാണ്‌: ``ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിന്നും ഈമാനിന്നും കടകവിരുദ്ധമാണ്‌. നിങ്ങള്‍ അതിന്റെ മുന്നില്‍ സര്‍വാത്മനാ തല കുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനിനെ പുറകോട്ട്‌ വലിച്ചെറിയലായിരിക്കും. നിങ്ങള്‍ അതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോടു ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങള്‍ അതിന്റെ കൊടിപിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയര്‍ത്തലായിരിക്കും.'' (സയ്യിദ്‌ മൗദൂദി, മതേതരത്വം ദേശീയത്വം ജനാധിപത്യം: ഒരു താത്വിക വിശകലനം, പേജ്‌ 35).)

ഇതുതന്നെയാണ് മുജാഹിദുകളുടെ പ്രശ്നവും. ഇപ്പോഴും ജനാധിപത്യവുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന നിയമനിർമാണത്തിന്റെ പരമാധികാരം ജനങ്ങളുടെ ഭൂരിപക്ഷത്തിന് എന്ന ഭാഗത്ത് സ്വന്തം നിലപാട് എന്താണ് എന്ന് അവരിതുവരെ തുറന്ന് പറഞ്ഞിട്ടില്ല. അത് പറഞ്ഞതിന്റെ പേരിൽ ജമാഅത്തിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അപ്പോൾ എന്താണ് അതിന്റെ അർഥം. രാഷ്ട്രത്തിന്റെ നിയമനിർമാണവുമായി ബന്ധപ്പെട്ട തൗഹീദിന്റെ വശത്തെ മുജാഹിദുകാർ നിരാകരിക്കുന്നുവെന്നതല്ലേ. അതുതന്നെയല്ലേ ടി.കെയും പറഞ്ഞത്. ഇത് മനസ്സിലാക്കാൻ എന്താണ് പ്രശ്നം. ഇത് അബദ്ധമോ കളവോ ആകൂന്നത്. മുജാഹിദ് പ്രസ്ഥാനം ഈ വിഷയത്തിൽ വ്യക്തമായ നിലപാട് എടുക്കുവോളം എന്തടിസ്ഥാനത്തിലാണ് ജമാഅത്ത് പ്രസ്തുത വാദത്തിൽ നിന്ന് പിൻമാറുക. 


(മറ്റൊരു ഉദ്ധരണി കാണുക: ``പ്രത്യക്ഷത്തില്‍ ചില വ്യക്തികളാണെങ്കിലും യഥാര്‍ഥത്തില്‍ ചില സിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളുമാണിന്ന്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ആ വ്യക്തികള്‍ക്ക്‌ വോട്ട്‌ കൊടുക്കുന്നതിന്റെ അര്‍ഥം അവര്‍ പ്രതിനിധാനം ചെയ്യുന്ന അനിസ്‌ലാമിക സിദ്ധാന്തങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ബൈഅത്ത്‌ ചെയ്യുകയാണെന്നും ഒരു യഥാര്‍ഥ മുസല്‍മാന്‌ അത്‌ സാധ്യമല്ല.'' (പ്രബോധനം -1960 ജനുവരി 15))

ഇതിൽ പിഴവുണ്ടെന്ന് പറയാനാവില്ല. ഇസ്ലാമിക വ്യവസ്ഥിതി അംഗീകരിക്കുകയും അതിന് വേണ്ടി പരിശ്രമിക്കലാണ് തങ്ങളുടെ ദൗത്യമെന്ന് കരുതുകയും ചെയ്യുന്ന ഒരു വിശ്വാസി സ്വാഭാവികമായും എത്തിച്ചേരുന്ന ഒരു നിഗമനമാണ് മേൽ പറഞ്ഞത്. എന്നാൽ അതൊരു ശാശ്വത നിലപാട് ആക്കാൻ പ്രയാസമുണ്ടാകും. കാരണം നേരത്തെ പറഞ്ഞ ഒരു വ്യവസ്ഥക്ക് വേണ്ടി പണിയെടുത്തുകൊണ്ടിരിക്കെ നിലവിലെ സാഹചര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന ചർച വരുമ്പോൾ അനിസ്ലാമികമോ ഒരു പക്ഷെ മതവിരുദ്ധമോ ഒക്കെ ആയ പാർട്ടികൾക്ക് വോട്ടു ചെയ്യേണ്ടി വരും. ഇത് ജമാഅത്തെ ഇസ്ലാമി എന്നും അംഗീരിച്ച കാര്യമാണ്. 


(പുതിയ കാലത്തെ ജമാഅത്തുകാര്‍ കേള്‍ക്കാനോ ഓര്‍ക്കാനോ ചര്‍ച്ച ചെയ്യാനോ ഇഷ്‌ടപ്പെടാത്ത ഈ പ്രതിലോമവാദത്തിലേക്ക്‌ ജമാഅത്തുകാരെ തിരിച്ചുവിളിക്കുന്ന പഴയ അമീര്‍ അതിന്റെ ക്രമപ്രശ്‌നങ്ങള്‍ ഒട്ടും ഓര്‍ത്തുകാണില്ല. ഇത്തരം പ്രതിലോമവാദങ്ങളാണ്‌ ജമാഅത്തിനെ ഇത്രമേല്‍ പൊതു സമൂഹത്തില്‍ തെറ്റിദ്ധരിപ്പിച്ചത്‌ എന്ന്‌ 1985 ല്‍ തന്നെ പ്രമുഖ ജമാഅത്ത്‌ നേതാവ്‌ ടി മുഹമ്മദ്‌ സാഹിബ്‌ വ്യക്തമാക്കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്‌ ശിര്‍ക്കാണെന്ന്‌ പറഞ്ഞത്‌ തെറ്റാണെന്ന്‌ ജനങ്ങളോട്‌ തിരുത്തിപ്പറയണം എന്ന്‌ അദ്ദേഹം ജമാഅത്തുകാരെ ശക്തമായ ഭാഷയില്‍ ഉണര്‍ത്തിയിരുന്നു. ഇതെല്ലാം മുന്‍ അമീര്‍ മറന്നുപോയതായിരിക്കാമെന്നാണോ വായനക്കാര്‍ വിചാരിക്കേണ്ടത്‌?)

മേൽപറഞ്ഞ വാദത്തിൽ തുടർന്ന് പോരുകയാണെങ്കിൽ മാത്രമേ ടി. മുഹമ്മദ് സാഹിബ് പറഞ്ഞവെന്ന് ഇവിടെ പരമർശിക്കപ്പെട്ട കാര്യത്തിൽ പ്രസക്തിയുള്ളൂ. മറ്റൊരു കാര്യം ജമാഅത്തെ ഇസ്ലാമി എന്നതാൽ അത് ടി.കെ പറഞ്ഞതും ടി.എം (മുഹമ്മദ്) പറഞ്ഞതുമല്ല. ജമാഅത്തെ ഇസ്ലാമിയിൽ ഏത് പണ്ഡിതൻ പറഞ്ഞാലും അത് ജമാഅത്തെ ഇസ്ലാമിയെ അദ്ദേഹത്തിന്റെ ഭാഷയിൽ വിശദീകരിക്കാനുള്ള ശ്രമം മാത്രമാണ്. ജമാഅത്തെ ഇസ്ലാമി എന്നത് അതിന്റെ ഭരണഘടനയും പോളിസി പ്രോഗ്രാമും ശൂറാ പ്രമേയങ്ങളുമൊക്കെയാണ്. വ്യക്തമായ ഒരു ഘടനയില്ലാത്ത മുജാഹിദ് പ്രസ്ഥാനത്തിന് ഇതൊരു പക്ഷെ അത്ഭുതമായി തോന്നാം. വേണമെങ്കിൽ നേതാക്കളുടെ വാക്കുകൾക്ക് പോലും വിലകൽപിക്കാത്ത പ്രസ്ഥാനമെന്നോക്കെ അടുത്ത ലേഖനത്തിൽ കാച്ചുകയുമാവാം. ഇസ്ലാമിക പ്രസ്ഥാനം അഥവാ ജമാഅത്തെ ഇസ്ലാമി എന്താണെന്ന് ഇനിയും മുജാഹിദുകൾ പഠിച്ചിട്ട് വേണം. 


(രാഷ്‌ട്രീയ സാമൂഹിക മേഖലയില്‍ അല്ലാഹുവിന്റെ പരമാധികാരം എന്നതുകൊണ്ട്‌ എന്താണ്‌ അബ്‌ദുല്ല സാഹിബ്‌ ഉദ്ദേശിക്കുന്നത്‌ എന്നതിലാണ്‌ വ്യക്തത വേണ്ടത്‌. ഭൗതികമായ മേഖലയില്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ പാര്‍ലമെന്റോ പ്രധാനമന്ത്രിയോ ജനങ്ങളുടെയും രാജ്യത്തിന്റെയും ഭൗതിക പുരോഗതിക്കാവശ്യമായ നിയമനിര്‍മാണം നടത്തിയാല്‍ അത്‌ അല്ലാഹുവിന്റെ `രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌' എന്ന്‌ അബ്‌ദുല്ലാ സാഹിബ്‌ പറയുന്ന ദൈവിക പരമാധികാരത്തില്‍ പങ്കുചേര്‍ക്കലാകുമോ? മുജാഹിദുകള്‍ ആര്‍ജവത്തോടെ ഉയര്‍ത്തിവിട്ട ഈ ചോദ്യത്തിന്‌ മറുപടി പറയാന്‍ കഴിയുന്ന ഏതേങ്കിലും ശൂറാ മെമ്പറോ സാദാ മുത്തഫിഖോ ജമാഅത്തുകാരിലുണ്ടെങ്കില്‍ ആ മറുപടി കേള്‍ക്കാന്‍ പുതിയ സാഹചര്യത്തില്‍ മുജാഹിദുകള്‍ക്ക്‌ മാത്രമല്ല, എല്ലാ മുസ്‌ലിംകള്‍ക്കും ആകാംക്ഷയും കൗതുകവുമുണ്ട്‌. അതിനാല്‍ മേല്‍ ചോദ്യത്തിന്‌ ആളുകള്‍ക്ക്‌ തിരിയുന്ന ഭാഷയില്‍ മറുപടി പറയാന്‍ ഒരു ടി കെ അബ്‌ദുല്ലയെങ്കിലും തയ്യാറാവുക. `പഴകിപ്പുളിച്ച' ഒരു വിഷയം പുറത്തെടുത്തിട്ട സ്ഥിതിക്ക്‌ പരമാധികാരത്തെ പറ്റിയുള്ള പരമപ്രധാനമായ ഈ ചോദ്യത്തിന്‌ മറുപടി പറയേണ്ട ബാധ്യത അബ്‌ദുല്ല സാഹിബിനുണ്ടല്ലോ.)

ഈ വിഷയത്തിന് ജമാഅത്തെ ഇസ്ലാമി ആവശ്യമായ വിശദീകരണം പണ്ടുമുതലേ നൽകിയിട്ടുണ്ട്. എന്നാൽ ഒരിക്കലും ആ വാദം മനസ്സിലാക്കാനുള്ള സന്മനസ്സ് മുജാഹിദുകൾ കാണിച്ചിട്ടില്ല. അവർക്ക് മാത്രം അത് മനസ്സിലാക്കുന്നില്ല എന്നത് അംഗീകരിക്കാൻ പ്രയാസമുണ്ട്. ജമാഅത്തെ ഇസ്ലാമിയിൽ സാധാരണ പ്രവർത്തകരടക്കം അത് മനസ്സിലാക്കുമ്പോൾ ഒരു പ്രസ്ഥാനത്തിന്റെ മുഖപത്രത്തിൽ ലേഖനമെഴുതി ആളുകളെ കാര്യങ്ങൾ വ്യക്തമാക്കികൊടുക്കുന്നവർ തികഞ്ഞ അസംബന്ധം ഇതുമായി ബന്ധപ്പെട്ട് എഴുതിവിടുന്നു.

പാലക്കോട് മനസ്സിലാക്കിയത് നോക്കുക. (
1). മുജാഹിദുകള്‍ ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കുന്നില്ല. ജമാഅത്തുകാര്‍ ഭൂമിയില്‍ കുറെ ഭാഗത്ത്‌ അല്ലാഹുവിന്‌ `നഷ്‌ടപ്പെട്ട'(!) പരമാധികാരം പുനസ്ഥാപിക്കാന്‍ വേണ്ടി നിലകൊള്ളുന്നു. മുജാഹിദുകളും യഥാര്‍ഥത്തില്‍ അതിനു വേണ്ടി നിലകൊള്ളേണ്ടവരാണ്‌.)

ഇതാണോ ജമാഅത്ത് വാദിക്കുന്നത്. അല്ലാഹുവിന് ഭൂമിയിൽ കുറേ ഭാഗത്ത് പരമാധികാരം നഷ്ടപ്പെട്ടിരിക്കുന്നു അത് പുനസ്ഥാപിക്കണം. എന്നാണോ ജമാഅത്ത് പറയുന്നത്. ഇനി ഇങ്ങനെ തന്നെ അവർ മനസ്സിലാക്കി എന്ന് വെക്കുക. എന്നാൽ തിരിച്ച് അല്ലാഹുവിന് നഷ്ടപ്പെട്ട ആരാധന വാങ്ങിക്കൊടുക്കാണ് മുജാഹിദുകൾ ശ്രമിക്കുന്നത് എന്ന് പറഞ്ഞാൽ മുജാഹിദുകൾ അംഗീകരിച്ചു തരുമോ. തരുമെങ്കിൽ ആ നിലക്ക് തന്നെ മറുപടിയും തരാം. 



ഇത് വരെ മനസ്സിലാക്കാത്ത വിഷയം ഇനി ടി.കെ.യോ ഏതെങ്കിലും ശൂറാ മെമ്പറോ മുത്തഫിഖോ പറഞ്ഞാൽ പാലക്കോടിന് മനസ്സിലാകും എന്ന പ്രതീക്ഷ തൽകാലം എനിക്കില്ല. ഈ ഗംഭീര ചോദ്യത്തിനൊന്നും ആർക്കും ഉത്തരം പറയാനാവില്ല എന്ന ഒരു ധാരണ അണികൾക്ക് ഉണ്ടാക്കുക എന്നതാണ് ഇതിന്റെ ആകെയുള്ള അർഥം. 

(രണ്ടാമത്തെ വിഷയം ഇബാദത്തും ഇതാഅത്തും സംബന്ധിച്ചുള്ളതാണ്‌. മുജാഹിദുകള്‍ ഇബാദത്ത്‌ എന്ന്‌ കാണുന്നിടത്തെല്ലാം ഇത്വാഅത്ത്‌ എന്ന്‌ അര്‍ഥം പറയാന്‍ വിസമ്മതിക്കുന്നത്‌ ഇബാദത്തിന്റെയും ഇത്വാഅത്തിന്റെയും അര്‍ഥം ശരിക്കും ബോധ്യപ്പെട്ടതുകൊണ്ടാണ്‌. അഥവാ അല്ലാഹുവിന്‌ ഇബാദത്ത്‌ ചെയ്‌തവന്‍ മുസ്‌ലിം. പ്രവാചകന്‌ ഇബാദത്ത്‌ ചെയ്‌തവന്‍ മുശ്‌രിക്ക്‌. ഈ ലളിതമായ സമവാക്യത്തിലൂടെ ഇബാദത്തും ഇത്വാഅത്തും രണ്ടാണെന്ന്‌ മുജാഹിദുകള്‍ ജനങ്ങളെ പഠിപ്പിച്ചു. എന്നാല്‍ ജമാഅത്തുകാര്‍ ചെയ്‌തതോ?)

പതിറ്റാണ്ടുകൾക്ക് മുമ്പ് ഉമർ മൗലവി പറഞ്ഞ അബദ്ധങ്ങൾ അൽപം ചിന്താശേഷിയുള്ള മുജാഹിദുകൾ ആവർത്തിക്കാറില്ല. എന്ന് അത് അപ്പടി ആവർത്തിക്കാനുള്ള ബുദ്ധിയേ ഇക്കാര്യത്തിൽ പാലത്തിനുള്ളൂവെന്നത് മറുപടി പറയാൻ പോലുമുള്ള മൂഡ് നഷ്ടപ്പെടുത്തുന്നു. ഇബാദത്ത് എന്ന് കാണുന്നിടത്തെല്ലാം ഇതാഅത്ത് എന്ന് അർഥം പറയണം എന്ന് ഭൂമിയിലാർക്കെങ്കിലും പറയാൻ കഴിയുമോ എങ്കിൽ അത് അല്ലാഹുവിനെ തിരുത്തുന്ന ഒരു പണിയല്ലേ. അവിടെയൊക്കെ ഇത്വാഅത്ത് എന്നാണ് ഉദ്ദേശിക്കേണ്ടതെങ്കിൽ അല്ലാഹുവിന് ആ വാക്ക് അറിയാത്തതൊന്നുമല്ലല്ലോ. ഇത്വഅത്തിനേക്കാൾ വ്യപകമായ അർഥമുള്ളതാണ് ഇബാദത്ത് എന്ന പദം. അത് ആരാധന എന്ന പരിമിതാർഥമുള്ള മലയാളപദത്തിൽ ചുരുക്കികെട്ടരുത് എന്ന് മാത്രമാണ് മുജാഹിദുകളോട് ജമാഅത്ത് പറഞ്ഞത്. 


(ജനാധിപത്യ സര്‍ക്കാറുകളെയും രാജാധിപത്യ ഗവണ്‍മെന്റുകളെയും അനുസരിച്ചാല്‍ അത്‌ അവര്‍ക്കുള്ള ഇബാദത്താകയാല്‍ അത്‌ ശിര്‍ക്കും കുഫ്‌റുമായി മുദ്രകുത്തി, അത്‌ അല്ലാഹുവിന്റെ പരമാവധികാരത്തില്‍ അഥവാ `രാഷ്‌ട്രീയ ഹാകിമിയ്യത്തില്‍' പങ്കുചേര്‍ക്കലായി വിശേഷിപ്പിച്ചു. അങ്ങനെയാണ്‌ മുന്‍ അമീറുമാരായ അബ്‌ദുല്ലമാരുടെ കാലത്ത്‌ ജമാഅത്തുകാര്‍ ജനാധിപത്യ കോടതികളെ `താഗൂത്ത്‌' എന്ന്‌ മുദ്ര കുത്തിയത്‌. കലാലയങ്ങളെ കൊലാലയങ്ങള്‍ എന്ന്‌ വിശേഷിപ്പിച്ചത്‌. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയത്‌. സര്‍ക്കാര്‍ ജോലിയില്‍ നിന്ന്‌ ആദ്യകാല ജമാഅത്ത്‌ നേതാക്കള്‍ രാജിവെച്ചതും സര്‍ക്കാര്‍ ജോലി നേടുന്നതില്‍ നിന്ന്‌ മുസ്‌ലിംകളെ നിരുത്സാഹപ്പെടുത്തിയതും.)

പറഞ്ഞവന്നവിഷയത്തിലെ ഗ്രിപ്പ് നഷ്ടപ്പെടുന്നതാണ് നാം കാണുന്നത്. വിഷയം സകല ആരോപണങ്ങളിലേക്കും വഴുതുന്നത് അങ്ങനെയാണ്. ഇബാദത്തും ഹാകിമിയത്തും മുജാഹിദ് പ്രസ്ഥാനം വ്യക്തമാക്കിയാൽ തീരേണ്ട സംശയമേ തുടർന്ന് വരുന്ന ഇത്തരം കാര്യത്തിലുള്ളൂ. ജമാഅത്തെ ഇസ്ലാമി പറയുന്നത് പലപ്പോഴും മനസ്സിലാക്കാൻ മുജാഹിദുകൾക്ക് കഴിയാതെ പോകുന്നത് അവരുടെ ഈ രംഗത്തെ അജ്ഞത കാരണമാണ്.

ഈ പറഞ്ഞതൊക്കെ ഇജ്തിഹാദുമായി ബന്ധപ്പെട്ട വിഷയമാണ്. ഇത് വായിച്ച് തെറ്റ് ശരി എന്ന് പറയാൻ കഴിയില്ല. ഏത് സാഹചര്യത്തിൽ പറഞ്ഞുവെന്നത് പ്രസക്തമാണ്. എന്നാൽ ഇപ്പറഞ്ഞതൊക്കെ ഒരു അടിസ്ഥാനമായി നയം രൂപീകരിക്കുന്നത് തെറ്റാണ്. അപ്രകാരം ജമാഅത്തെ ഇസ്ലാമി ചെയ്തിട്ടില്ല. സാഹചര്യം മാറിയപ്പോൾ അവസ്ഥ മാറിയപ്പോൾ അത്തരം ഇജ്തിഹാദി പ്രാധാന്യമുള്ള കാര്യങ്ങളിൽ മാറ്റം വരുത്തിയാണ് അത് മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. 


(ഇബാദത്തിന്‌ ഇത്വാഅത്ത്‌ എന്നുകൂടി അര്‍ഥം പറഞ്ഞേ പറ്റൂ എന്ന്‌ ജമാഅത്തുകാര്‍ വാശിപിടിച്ചപ്പോള്‍ അവര്‍ എത്തിപ്പെട്ട സ്വാഭാവിക പരിണിതികളില്‍ ചിലത്‌ മാത്രമാണിവ. ഇബാദത്തിന്‌ ഇത്വാഅത്ത്‌ എന്നര്‍ഥം കൂടി കല്‌പിക്കല്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ജമാഅത്തുകാര്‍ എത്തിപ്പെട്ട വിഷമസന്ധിയെപ്പറ്റി ആദ്യമായി ജമാഅത്തിനകത്ത്‌ നിന്ന്‌ ഒരു എതിര്‍ശബ്‌ദം വന്നത്‌ ടി മുഹമ്മദ്‌ സാഹിബിന്റേതായിരുന്നു. 1985 ജൂലൈ മാസത്തിലെ ഒരു മാസികയില്‍ നല്‌കിയ അഭിമുഖത്തില്‍ ടി മുഹമ്മദ്‌ സാഹിബ്‌ ഇപ്രകാരം പറയുകയുണ്ടായി:
``വിദ്യാഭ്യാസത്തോടുള്ള നമ്മുടെ സമീപനം രൂക്ഷമായിരുന്നു. നാമത്‌ വിമര്‍ശിച്ചു, പ്രോത്സാഹിപ്പിച്ചില്ല. മൗദൂദി സാഹിബിന്റെ ചില കൃതികളില്‍ `കലാലയങ്ങളല്ല, കൊലാലയങ്ങള്‍' എന്നുവരെ വിശേഷിപ്പിച്ചു. അതേ സ്ഥിതിയില്‍ നാം പ്രചരിപ്പിച്ചു. അവസാനം എന്തായി? വിചാരിച്ചപോലെ മുസ്‌ലിംകളെ, കുട്ടികളെ കിട്ടാതായി. നമ്മുടെ ആളുകള്‍ അത്യധ്വാനം ചെയ്‌ത്‌ പണിത സ്ഥാപനങ്ങള്‍ പോലും ഇന്ന്‌ അതിനായി നിലകൊള്ളുന്നു. അഖിലേന്ത്യാ തലത്തില്‍ നിലപാട്‌ ഇത്രയേറെ രൂക്ഷമായിരുന്നില്ല -ടി എം പറഞ്ഞു.'' ``തെരഞ്ഞെടുപ്പ്‌ നയമോ? തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്നായിരുന്നു നയം. പക്ഷെ, ചിലപ്പോഴൊക്കെ സ്വരം രൂക്ഷമായിരുന്നു. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്‌ ഈമാനെ, അഖീദയെ ബാധിക്കുമെന്നു പറഞ്ഞു'' (വിവേകം മാസിക -1985 ജൂലൈ `ടി എമ്മിനോടൊപ്പം' എന്ന അഭിമുഖ ലേഖനം))

ഇക്കാര്യത്തിൽ നേരത്തെ പറഞ്ഞ അഭിപ്രായം തന്നെയാണ് ഉള്ളത്. ജമാഅത്ത് എന്താണ് പറയുന്നത് എന്ന് തെറ്റാതെ തിരിച്ച് പറയാനുള്ള മിനിമം കഴിവ് മുജാഹിദുകൾ ആർജിച്ചെടുക്കണം. 


(ടി മുഹമ്മദ്‌ സാഹിബ്‌ സൂചിപ്പിച്ച വിഷമഘട്ടത്തിലേക്ക്‌ തിരിച്ചുനടക്കാന്‍ മാത്രമേ ടി അബ്‌ദുല്ലയുടെ മൗദൂദി ദര്‍ശന ഭൂമികയില്‍ നിന്നുകൊണ്ടുള്ള ഇബാദത്തും ഇത്വാഅത്തും രാഷ്‌ട്രീയ ഹാകിമിയ്യത്തും ഉപകരിക്കുകയുള്ളൂ എന്ന്‌ വ്യക്തം. അതിനാല്‍ തന്നെ പുതിയ ലോകത്തെ പുതിയ ജമാഅത്തുകാര്‍ക്കെല്ലാം മുന്‍ അമീറിന്റെ ഇബാദത്ത്‌ ചര്‍ച്ച ദഹനക്കേടുണ്ടാക്കുമെന്നതില്‍ സംശയമില്ല.)

ജമാഅത്തെ ഇസ്ലാമിയുടെ ദഹനവും ദഹനക്കേടും അവർ നോക്കിക്കൊള്ളും. അതിൽ ശംസുദ്ധിൻ പാലക്കോടും മുജാഹിദ് പ്രവർത്തകരും അസ്വസ്തപ്പെടേണ്ടതില്ല എന്നാണ് പറയാനുള്ളത്.(തുടരും)

 
Design by CKLatheef | Bloggerized by CKLatheef | CK