'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, മേയ് 03, 2014

പ്രതിരോധം അപരാധമല്ല പക്ഷെ ....


പ്രതിരോധം അപരാധമല്ല എന്ന തലക്കെട്ടില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി ശ്രദ്ധയില്‍ പെട്ടിരുന്നു. അത് അങ്ങനെ തന്നെ അംഗീകരിക്കുന്നു. എന്നാല്‍ എന്താണ് പ്രതിരോധം ?. പ്രതിരോധവും പ്രത്യാക്രമണവും പ്രതികാരവും തമ്മിലുള്ള ബന്ധമെന്താണ് ?. ഇതിലേതാണ് ജിഹാദിന്റെ പരിധിയില്‍ വരുന്നത്? ഏതാണ് കുറ്റകരം ? ഏതാണ് നിയമവിരുദ്ധം ? നെറ്റ് ആക്ടിവിസ്റ്റുകളുടെയും സോഷ്യല്‍നെറ്റ് വര്‍ക്കില്‍ സംവദിക്കുന്നവര്‍ക്കിടയിലും ആശയക്കുഴപ്പം പ്രകടമാക്കുന്ന പദാവലികളാണിവ. ബംഗ്ലാദേശില്‍ അന്യായമായ വധശിക്ഷക്ക് വിധേയമാക്കപ്പെടുന്ന ജമാഅത്ത് നേതാക്കളെ ശഹീദ് എന്ന് പരാമര്‍ശിക്കുമ്പോള്‍ ചിലര്‍ക്ക് സംശയം അപ്പോള്‍ എന്താണ് ജിഹാദ് എന്ന്. ഇങ്ങനെ നോക്കുമ്പോള്‍ പലര്‍ക്കും ഒരു എത്തും പിടിയും കിട്ടാത്ത മേഖലയാണിത്. എന്നാല്‍ ജീവന്‍ കൊണ്ടുള്ള കളിയായതിനാല്‍ ഇക്കാര്യത്തില്‍ സാധ്യമാക്കുന്ന പഠനം ആവശ്യമാണ് താനും. അതല്ലെങ്കില്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണ് ഈ വിഷയത്തിലെ ആശയക്കുഴപ്പങ്ങളൊക്കെയും. അതിനാല്‍ ഈ വാക്കുകളെ ഞാന്‍ മനസ്സിലാക്കിയത് വെച്ച് വിശദീകരിക്കാനാണ് ആഗ്രഹിക്കുന്നത്. ഇസ്ലാമിക പ്രമാണങ്ങളെക്കുറിച്ച സാമാന്യധാരണയുണ്ടെങ്കില്‍ നിങ്ങളുടെ ബുദ്ധി തന്നെ ഞാന്‍ പറയുന്ന കാര്യങ്ങളെ അംഗീകരിക്കും എന്നെനിക്ക് ഉറപ്പുണ്ട്. അതിനാല്‍ ഈ പദങ്ങളെ ഓരോന്നായി പരിശോധിക്കാം. 


പ്രതിരോധം എന്നാല്‍. 


പ്രതിരോധം എന്നത് ജന്തുസഹചമായ ഒരു പ്രതികരണമാണ്. ഏത് നിയമവ്യവസ്ഥയനുസരിച്ചും അത് അനുവദനീയമാണ്. സ്വന്തത്തെ പ്രതിരോധിച്ചതിന്റെ പേരില്‍ ആരും ആരെയും കുറ്റക്കാരായി വിധിക്കാറില്ല. സ്വന്തം ശരീരത്തെയും സമ്പത്തിനെയും അഭിമാനത്തെയുമൊക്കെ കടന്നാക്രമണങ്ങളില്‍നിന്ന് പ്രതിരോധിക്കാം. ഈ പൊതുധാരണയില്‍നിന്നാണ്, പ്രത്യാക്രമണത്തെയും പ്രതികാരത്തെയുമൊക്കെ പ്രതിരോധം എന്ന രൂപത്തില്‍ ന്യായീകരിക്കുന്നത്. രാജ്യത്ത് മുസ്ലിം ന്യൂനപക്ഷങ്ങള്‍ വര്‍ഗീയ ഫാസിസ്റ്റുകളാല്‍ നിരന്തരം കലാപത്തിനിരയാവുകയും കലാപം തടയേണ്ട ഭരണകൂടവും നിയമപാലകരും മിക്കപ്പോഴും അക്രമികളുടെ പക്ഷത്ത് നില്‍ക്കുകയും ചെയ്യുക പതിവായപ്പോഴാണ്. മുസ്ലിം സമുഹത്തിലെ യുവാക്കളില്‍ ചിലര്‍ പ്രതിരോധത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. ദുര്‍ബലരും ദരിദ്രരുമായ മുസ്ലിംകള്‍ ജന്തുസഹജമായ ചെറുത്ത് നില്‍പ്പുപോലും നടത്താത്ത പശ്ചാതലത്തില്‍ അക്രമികള്‍ക്ക് വലിയ സൌകര്യമായി. മുസ്ലിംകള്‍ സാമ്പത്തികമായി മെച്ചപ്പെട്ട ചില പോക്കറ്റുകളില്‍ അപ്രതീക്ഷിതമായും ആസുത്രിതമായും കലാപങ്ങള്‍ ഉണ്ടാക്കുകയും അവരുടെ കച്ചവട സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകുയം ചെയ്തു. അക്കാലത്ത് സ്വാഭാവികമായ പ്രതിരോധമെങ്കിലും മുസ്ലിംകള്‍ സ്വീകരിച്ചുപോയെങ്കില്‍ എന്നാഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല. കേരളത്തിലെ വടക്കന്‍ ഭാഗങ്ങളിലും സമാനമായ ആക്രമണങ്ങള്‍ ഉണ്ടായി. അത് പക്ഷെ ആര്‍.എസ്.എസുകാരില്‍നിന്നായിരുന്നില്ല. വര്‍ഗീയതക്ക് വിധേയമായ കമ്മ്യൂണിസ്റ്റുകാരില്‍നിന്നായിരുന്നു. 

ഈ ഘട്ടത്തിലാണ് തെക്കന്‍ കേരളത്തില്‍ മഅ്ദനിയുടെ ഓളം ഉണ്ടായത്. അദ്ദേഹം ആക്രണത്തെക്കുറിച്ചായിരുന്നില്ല സംസാരിച്ചത്, മറിച്ച് പ്രതിരോധത്തെക്കുറിച്ചായിരുന്നു. കേരളം ആര്‍എസ്.എസു പ്രവര്‍ത്തനം സജീവമാണെങ്കിലും പറയത്തക്കരൂപത്തില്‍ അവര്‍ ഉത്തരേന്ത്യയിലേത് പോലെ മുസ്ലിംകളെ ഉന്നമാക്കി ആക്രമണങ്ങള്‍ നടത്തിയിരുന്നില്ല എന്നാണ് എന്റെ അറിവ്. എവിടെയെങ്കിലുമൊക്കെ ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നിരിക്കാം എന്നത് നിഷേധിക്കുന്നില്ല. അതിനാല്‍ മഅ് ദനി ആര്‍.എസ്.എസിന് ബദലായി ഐ.എസ്.എസ് എന്ന സംഘടന രൂപീകരിച്ചുിരുന്നുവെങ്കില്‍ പ്രധാന പരിപാടി ആവേശപ്രസംഗങ്ങളായിരുന്നു. കറുത്തകുപ്പായമിട്ട കുറേ കരിമ്പൂച്ചകള്‍ ബൈക്കിലും മറ്റു കസര്‍ത്ത് നടത്തിയതല്ലാതെ. ഫാസിസ്റ്റുകള്‍ക്കെതിരില്‍ ഒരു പ്രതിരോധമോ പ്രത്യാക്രണമോ നടത്തിയതായി അന്നൊന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അറിയില്ല. ആയിടക്ക് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുകയും അതിന് കാരണക്കാരായ ഹൈന്ദവ ഫാസിസ്റ്റ് സംഘടനകളെ നിരോധിച്ച കൂട്ടത്തില്‍ ഐ.എസ്.എസ് നെയും നിരോധിച്ചു. ജമാഅത്തെ ഇസ്ലാമിയും അന്ന് നിരോധിക്കപ്പെട്ടു. നിയമ പോരാട്ടത്തിനൊടുവില്‍ ജമാഅത്തെ ഇസ്ലാമി സുപ്രീം കോടതിയില്‍ നിരപരാധിത്തം തെളിയിക്കപ്പെട്ട് നിരോധനം നീക്കി. എന്നാല്‍ ഐ.എസ്.എസ് അതില്‍ പരാജയപ്പെട്ടു. പക്ഷെ ആര്‍എസ്.എസ് നിരോധിക്കപ്പെട്ടപ്പോള്‍ തന്നെ അക്കാരണം പറഞ്ഞ് ഐ.എസ്.എസ് പിരിച്ചുവിട്ടിരുന്നു. 


 പ്രത്യാക്രമണവും പ്രതികാരവും ആവുന്നതെപ്പോള്‍. 

ഒരു അക്രമി അക്രമണം നടത്തുമ്പോള്‍ അതിനെ ചെറുക്കുന്നത് പ്രതിരോധവും, ആക്രമണം നടത്തിയപ്പോള്‍ നിസ്സഹാനായി പോവുകയും പിന്നീട് സംഘടിച്ച് ആ വ്യക്തിയെ തേടിപിടിച്ച് ആക്രമിച്ചാല്‍ അത് പ്രതികാരവുമാണ്. സമാന സ്വഭാവത്തില്‍ മറ്റൊരു സന്ദര്‍ഭത്തില്‍ അദ്ദേഹത്തെയും കുടുംബത്തെയും ആക്രമിക്കുന്നത് പ്രത്യാക്രമണവും. ഇതുപറയുമ്പോള്‍ പതിവായി ഉന്നയിക്കപ്പെടുന്ന ഒരു കാര്യമുണ്ട്. പ്രതിരോധം നിയമപരമായി ന്യയീകരിക്കപ്പെടുമെങ്കിലും പ്രതികാരവും പ്രത്യാക്രമണവും നിയമം കയ്യിലെടുക്കലാണ്. ഒരു നിയമവ്യവസ്ഥക്ക് ഉള്ളിലും അത് അനുവധിക്കപ്പെടുകയില്ല. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ കണ്ടെത്തിയ ഒരു സൂത്രമാണ് തങ്ങള്‍ നടത്തുന്നത് ജിഹാദ് ആണ് എന്ന വാദം. അങ്ങനെ വരുമ്പോള്‍ നിയമപാലകരുടെയും ജനങ്ങളുടെയും മുന്നില്‍ അവര്‍ അക്രമം നടത്തിയവരല്ല മറിച്ച് ഇസ്ലാമിലെ ജിഹാദ് എന്ന സല്‍കര്‍മം ചെയ്തവര്‍ എന്ന സല്‍പേര് സമ്പാദിക്കാം എന്നായിരിക്കും ഇത്തരക്കാരുടെ ഉള്ളിലിരുപ്പ്. ഇതിലൂടെ ഇസ്ലാമിന് വളരെ ഗുരുതരമായ ഒരു അപകടം ഇവര്‍ ഉണ്ടാക്കിവെക്കുന്നു. നിയമവ്യവസ്ഥയനുസരിച്ച് കുറ്റകരമായ കാര്യം ഇസ്ലാമിന്റെ പവിത്രകര്‍മമായി തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ ഇസ്ലാം തന്നെ പ്രശ്നമാണ് എന്ന് വരുന്നു. ഇസ്ലാമും ജിഹാദുമൊക്കെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാകുന്നത് അങ്ങിനെയാണ്. ജിഹാദ് എന്ന് കേട്ടാല്‍ പോലും ഇപ്പോള്‍ നിയമപാലകര്‍ക്ക് ഒരു തരം വെകിളി അനുഭവപ്പെടുന്ന അവസ്ഥ വന്നത് അങ്ങനെയാണ്. ഇസ്ലാമിക പ്രസിദ്ധീകരണങ്ങളും പ്രബോധനപരമായ പുസ്തകങ്ങളും വരെ എന്തോ അപകടം വരുത്തുന്ന സംഗതികളാണ് എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയപരമായ പകപോക്കലുകള്‍ നടത്തുകയും തിരിച്ച് ആക്രമിക്കപ്പെടുന്നവരെ രക്തസാക്ഷികളും പ്രവാചകാനുചരന്‍മാരോട് സദൃശപ്പെടുത്തി നിരന്തരം ഫെയ്സ് ബുക്ക് പോസ്റ്റുകളിടുകയും ചെയ്യുന്നു. അതിനാല്‍ എന്താണ് ഇസ്ലാമില ജിഹാദ് എന്ന് വിശദീകരിക്കേണ്ടി വരുന്നു. 

ഇന്ത്യന്‍മുസ്ലിംകളുടെ അവസ്ഥ. 

ഇന്ത്യന്‍ മുസ്ലിംകള്‍ ഒരു മതേതരജനാധിപത്യ രാഷ്ട്രത്തിലെ തുല്യാവകാശങ്ങളുള്ള പൌരന്‍മാരാണ്. അവരുടെ നിയമാനുസൃതമായ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ ഭരണഘടനാവിധേയമായ ശ്രമങ്ങളാണാവശ്യം. നിയമങ്ങള്‍ നടപ്പാക്കുന്നിടത്ത് പോരായ്മകളുണ്ടെങ്കില്‍ അവ തിരുത്തുന്നതിന് ജനാധിപത്യപരമായ മാര്‍ഗങ്ങളവലംഭിക്കണം. നിസംഗതവെടിയുന്നില്ലെങ്കില്‍ ഇരകള്‍ക്കിയടയില്‍ ബോധവല്‍ക്കരണം നടത്തി നിയമവിധേയമായ രൂപത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണം. രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളെയും വോട്ടിനെയും ഉപയോഗപ്പെടുത്തണം. ഒരു കാര്യം ഉറപ്പാണ്. രാജ്യം മുച്ചൂടും വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും നിയമത്തിന്റെ പരിരക്ഷ മുസ്ലിംകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇയ്യിടെയായി അതില്ല എന്ന് തോന്നാന്‍ കാരണം. മനുഷ്യത്വവിരുദ്ധമായ ചില കാടന്‍നിയമങ്ങളുടെ കുരുക്കില്‍ ബോധപൂര്‍വം മുസ്ലിംകളെ കുരുക്കിയിടുന്നത് കൊണ്ടാണ്. പലപ്പോഴും വേണ്ടത്ര നിയമ സഹായം നല്‍കാന്‍ മുസ്ലിം സംഘടനകള്‍ക്കും രാഷ്ട്രീയകൂട്ടായ്മകള്‍ക്കും കഴിയുന്നില്ല. വിദ്യാസമ്പന്നരായ മുസ്ലിം യുവാക്കളെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിഗൂഢശക്തികളാല്‍ നടത്തപ്പെടുന്ന സ്ഫോടനങ്ങളുടെ മറപറ്റി പിടിച്ചുകൊണ്ടു പോകുന്നു. എന്നാല്‍ അതിനെതിരില്‍ ജനങ്ങള്‍ ഇളകി വശായപ്പോള്‍ ഇയ്യിടെ അവരില്‍ ചിലരെ വെറുതെ വിട്ടു. അതേ പ്രകാരം ഏതാനും എസ്.ഐ.ഓ കാരെ ഇപ്രകാരം പിടിച്ചപ്പോള്‍ അതിനെ നിയമപരമായി പിന്തുടര്‍ന്നപ്പോള്‍ പതിവ് പീഢന പവര്‍വ്വത്തിന് ഇരയാക്കാതെയും നീണ്ട വിചാരണത്തടവ് വിധിക്കാതെയും സ്വതന്ത്രരാക്കാന്‍ കഴിഞ്ഞതും രാജ്യം പൂര്‍ണമായും മുസ്ലിം വിരുദ്ധതക്ക് അടിമപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാണ്. സ്വേഛാധിപത്യം നിലനില്‍ക്കുന്ന ഈജിപ്തും സ്വേഛാധിപത്യപ്രവണത കാണിക്കുന്ന ബംഗ്ലാദേശുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ മുസ്ലികള്‍ ഏറെ സ്വതന്ത്ര്യവും സൌകര്യവും നീതിയും അനുഭവിക്കുന്നുവെന്ന് പറയാതെ തരമില്ല. 

എന്നാല്‍ സായുധജിഹാദി വാദക്കാര്‍ ഈ പോസ്റ്റീവായ വശം പാടെ അവഗണിക്കുകയും. തങ്ങളുടെ പ്രതിരോധവും പ്രതികാരവും ഉള്ളതുകൊണ്ടാണ് മുസ്ലിം സമൂഹം ഇവിടെ നിലനില്‍ക്കുന്നത് എന്ന് ആശ്വാസം കൊള്ളുകയും ചെയ്യുന്നുവെന്നതാണ് അനുഭവം. 

ജിഹാദ് എന്നാല്‍ എന്താണ് ?. 

'ഒരു ഉദ്ദേശ്യം നേടേണ്ടതിന് അങ്ങേയറ്റത്തോളമുള്ള പരിശ്രമം വിനിയോഗിക്കുകയെന്നാണ് 'ജിഹാദി'ന്റെ അര്‍ഥം. ഇത് 'യുദ്ധ'ത്തിന്റെ പര്യായമല്ല; യുദ്ധത്തിന് അറബിയില്‍ 'ഖിതാല്‍' എന്ന വാക്കാണ് സാധാരണ ഉപയോഗിക്കാറുള്ളത്. 'ജിഹാദി'ന് അതിലും എത്രയോ വിപുലവും വിശാലവുമായ അര്‍ഥമാണുള്ളത്. സകലവിധ ത്യാഗപരിശ്രമങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ലക്ഷ്യത്തെക്കുറിച്ചുള്ള ചിന്തയില്‍ സദാ മുഴുകിയിരിക്കുക, ഹൃദയമസ്തിഷ്‌കങ്ങള്‍കൊണ്ട് അത് പ്രാപിക്കുന്നതിനുള്ള പോംവഴികളാരാഞ്ഞുകൊണ്ടിരിക്കുക, നാവുകൊണ്ടും പേനകൊണ്ടും അതിനെ പ്രചരിപ്പിക്കുക, കൈകാലുകള്‍കൊണ്ട് അതിനുവേണ്ടി പരിശ്രമങ്ങള്‍ നടത്തുക, സാധ്യമായ എല്ലാ ഉപകരണസാമഗ്രികളും അതിന്റെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുക, ആ മാര്‍ഗത്തില്‍ നേരിടുന്ന ഏതു പ്രതിബന്ധങ്ങളെയും പൂര്‍ണശക്തിയോടെയും ധൈര്യസ്ഥൈര്യത്തോടെയും നേരിടുക, ആവശ്യം വരുമ്പോള്‍ ജീവനെപ്പോലും ബലിയര്‍പ്പിക്കാന്‍ മടികാണിക്കാതിരിക്കുക ഇവക്കെല്ലാം കൂടിയുള്ള പേരാണ് 'ജിഹാദ്'. അത്തരം ത്യാഗപരിശ്രമങ്ങള്‍ ചെയ്യുന്നവനത്രെ 'മുജാഹിദ്!' 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുക'യെന്നാല്‍, പ്രസ്തുത ത്യാഗപരിശ്രമങ്ങളെല്ലാം അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചും അവന്റെ ദീന്‍ അവന്റെ ഭൂമിയില്‍ സ്ഥാപിതമാവേണ്ടതിനും അവന്റെ വാക്യം മറ്റെല്ലാ വാക്യങ്ങളെയും ജയിക്കേണ്ടതിനും മാത്രമായിരിക്കുകയും മറ്റൊരു താല്‍പര്യവും 'മുജാഹിദി'ന്റെ ലക്ഷ്യമാവാതിരിക്കുകയും ചെയ്കയെന്നാണ്.'' (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 1, പേജ് 150).

'ഒരു പ്രതികൂല ശക്തിയെ നേരിടുന്നതിന് സമരം നടത്തുകയും ത്യാഗപരിശ്രമങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നതിനാണ് മുജാഹദഃ എന്നു പറയുക. ഒരു പ്രത്യേക എതിര്‍ശക്തിയെ ചൂണ്ടിക്കാണിക്കാതെ 'മുജാഹദഃ' എന്നു മാത്രം പറയുമ്പോള്‍ അതിനര്‍ഥം സമഗ്രവും സര്‍വതോമുഖവുമായ സമരം എന്നാണ്. വിശ്വാസി ഈ ലോകത്ത് നടത്തേണ്ട സമരം ഈ വിധത്തിലുള്ളതാണ്. തിന്മയനുവര്‍ത്തിക്കുന്നതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് പ്രലോഭിപ്പിക്കുന്ന ചെകുത്താനുമായി അവന്‍ സദാ സമരംചെയ്തുകൊണ്ടിരിക്കണം. തന്നെ ജഡികേച്ഛകളുടെ അടിമയാക്കാന്‍ ശക്തിയായി പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വമനസ്സുമായും സമരം ചെയ്യണം. സ്വന്തം വീടു മുതല്‍ ചക്രവാളം വരെ വീക്ഷണങ്ങളിലും ദര്‍ശനങ്ങളിലും ധാര്‍മികതത്ത്വങ്ങളിലും നാഗരിക രീതികളിലും ആചാരസമ്പ്രദായങ്ങളിലും സാമൂഹിക-സാംസ്‌കാരിക നിയമങ്ങളിലും സത്യദീനിനെ എതിര്‍ക്കുന്ന സകല മനുഷ്യരോടും സമരം ചെയ്യണം. ദൈവത്തിന്റെ ആധിപത്യത്തില്‍നിന്നു മുക്തരായി സ്വന്തം ആധിപത്യം നടത്താന്‍ ശ്രമിക്കുകയും തങ്ങളുടെ കഴിവുകള്‍ നന്മക്കു പകരം തിന്മ പ്രചരിപ്പിക്കാന്‍ വിനിയോഗിക്കുകയും ചെയ്യുന്ന സാമൂഹിക നേതൃത്വത്തോടും സമരം ചെയ്യണം. ഇത് ഒന്നോ രണ്ടോ നാളത്തെ സമരമല്ല, ആജീവനാന്ത സമരമാണ്. ദിവസത്തില്‍, ഇരുപത്തിനാലു മണിക്കൂറും അവിരാമം തുടരുന്ന സമരം. ഏതെങ്കിലും ഒരു രംഗത്തുമാത്രം നടക്കുന്നതുമല്ല ഈ സമരം. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഇത് നടക്കേണ്ടതാണ്. ഇതിനെക്കുറിച്ചാണ് ഹദ്‌റത്ത് ഹസന്‍ ബസ്വരി പറയുന്നത്: 'മനുഷ്യന്‍ തീര്‍ച്ചയായും ജിഹാദ് ചെയ്യുന്നുണ്ട്; അവന്‍ ഒരിക്കലും വാളെടുത്തിട്ടില്ലെങ്കിലും.'(തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 3, പേജ് 645).

ഇവിടെ മൌദൂദിയെ ഉദ്ധരിച്ചത് ബോധപൂര്‍വമാണ്. മേല്‍ ലക്ഷ്യത്തിന് വേണ്ടി ആയുധമേന്തേണ്ടിവരികയാണെങ്കില്‍ അതും ജിഹാദ് തന്നെ. ഇസ്ലാമില്‍ അതിനെ ഖിതാല്‍ (യുദ്ധം) എന്നും ഉപയോഗിച്ചിട്ടുണ്ട്. സായുധജിഹാദിനെക്കുറിച്ചാണ് ഇനി ഏതാനും കാര്യങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. സായുധ ജിഹാദ് എന്നാല്‍ ഒരു കൂട്ടം മുസ്ലിംകള്‍ ഒരു സുപ്രഭാതത്തില്‍ ഒരു നേതാവിനെ തെരഞ്ഞെടുത്ത് ആയുധസജ്ജരായി മുസ്ലിംകളല്ലാത്തവര്‍ക്കെതിരെ നടത്തുന്ന പോരാട്ടമല്ല. ആക്രമണത്തിന് വിധേയരാക്കുന്നവര്‍ ഇസ്ലാമിനോട് ശത്രുത പുലര്‍ത്തുന്നുണ്ടോ അല്ലേ എന്നതൊന്നുമല്ല സായുധ ജിഹാദിനെ ന്യായീകരിക്കുന്നത്. മറിച്ച് അതിന് അര്‍ഹതയുള്ളവര്‍ അതിന് അര്‍ഹതയുള്ളവരോടാകുന്നുണ്ടോ എന്നൊക്കെ പരിഗണിക്കേണ്ടതുണ്ട്. 

സായുധജിഹാദിന്റെ ഘട്ടം. 

ഇസ്ലാമിക പ്രമാണമനുസരിച്ച് ദഅ് വത്തിന്റെയും ഹിജ്റയുടെയും ഘട്ടങ്ങള്‍ക്ക് ശേഷമാണ് സായുധ ജിഹാദ് വരുന്നത്. ഇത് അറിയുന്ന ജിഹാദി ഗ്രൂപുകള്‍ ഈ ഘട്ടം കടന്നിരിക്കുന്നുവെന്ന് വാദിക്കാറാണ് പതിവ്. അത് ഒരു തന്ത്രമാണ് എന്ന് വിഷയം കൂടുതല്‍ പഠിച്ചാല്‍ ബോധ്യപ്പെടും. ഒരു ജനതയോടുള്ള ന്യായപ്രമാണം (ഹുജ്ജത്ത്) പൂര്‍ത്തീകരിച്ചിരിക്കണം. അതിലൂടെ അവരിലെ നല്ലവരെയും ചീത്ത ആളുകളെയും പൂര്‍ണമായും വേര്‍പ്പെടുത്തപ്പെടും. നല്ലവരെ പ്രബോധനത്തിന് വഴിപ്പെടുകയും അവര്‍ നന്മയുടെ മാര്‍ഗത്തില്‍ ജീവാര്‍പ്പണത്തിന് വരെ സന്നദ്ധമാക്കുകയും ചെയ്യും. അതോടൊപ്പം അത്തരം ആളുകള്‍ക്ക് അധികാരമുള്ള ഒരു സ്വതന്ത്ര പ്രദേശം, സ്വതന്ത്രരും സുസംഘടിതരുമായ ഒരു സംഘം, അവരുടെ മേലുള്ള ശാസനാധികാരം, അവര്‍ക്ക് കാലാനുസൃതമായ സൈനിക പരിശീലനം നല്‍കാനുള്ള സംവിധാനം എന്നിവയൊക്കെയുണ്ടാകും. മാത്രം പോരാ സായുധജിഹാദിന് ചില ഉപാധികളുണ്ട് അവ പൂര്‍ത്തീകരിക്കപ്പെടണം. അതേ കുറിച്ച് ശേഷം പറയാം. എന്നാല്‍ പലപ്പോഴും നടക്കുന്നത്. വളരെ പരിമിതമായ നിയന്ത്രണാധികാരമുള്ള ഒരു നേതാവിന് കീഴില്‍ ആവേശം മാത്രം കൈമുതലാക്കി സംഘടിക്കുന്ന കുറേ ചെറുപ്പക്കാര്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൂട്ടുക എന്നതാണ്. ചെയ്യുന്നതൊക്കെയും ചോദ്യം ചെയ്യുമ്പോള്‍ പ്രവര്‍ത്തകര്‍ വികാരം കൊണ്ട് ചെയ്താണ് നേതൃത്വത്തിന് അതില്‍ യാതൊരു പങ്കുമില്ല എന്ന് പറയും. ഇത്തരം ഗതികേടിന്റെ പേരല്ല ഇസ്ലാമിലെ ജിഹാദ്. ഇപ്രകാരം ആകുന്നത് ഉപാധികള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിന് മുമ്പ് ജിഹാദിന് വേണ്ടി ചാടിയിറങ്ങുന്നത് കൊണ്ടാണ്. ഇത്തരം രക്തം ചിന്തലുകള്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്ന് മാത്രമല്ല അതിന്റെ പേരില്‍ പിടികൂടപ്പെടുകയും നാശം വിതച്ച കുറ്റം ചുമത്തപ്പെടുകയും ചെയ്യും. അതിനും പുറമെ മുസ്ലിംകള്‍ക്ക് തുല്യാവകാശം ഉള്ള ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ഇസ്ലാമിനെ ക്രൂരമായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. 

സായുധ ജിഹാദിന്റെ ഉപാധികള്‍ 

1. ആര്‍ക്കെതിരിലാണോ യുദ്ധം പ്രഖ്യാപിക്കുന്നത് അവര്‍ക്ക് സത്യസന്ദേശം പൂര്‍ണമായും എത്തിയിട്ടുണ്ടാവണം. സന്ദേശമെത്തിച്ചുകൊടുക്കാതെ ആര്‍ക്കെതിരിലും യുദ്ധപ്രഖ്യാപനം പാടില്ല. സന്ദേശപ്രചാരണത്തിന് രണ്ട് രൂപങ്ങളുണ്ട് രണ്ടിലെയും യുദ്ധനിയമങ്ങള്‍ വ്യത്യസ്ഥമാണ്. 

എ. സന്ദേശപ്രചാരണം പ്രവാചകന്‍മാര്‍ മുഖേന ആയിരിക്കുക. സമ്പൂര്‍ണമായ സന്ദേശപ്രചാരണത്തിന്റെ മാധ്യമമാണ് പ്രവാചകന്‍. ന്യായപ്രമാണ പൂര്‍ത്തിരണത്തിന്റെ മുഴുവന്‍ ഉപാധികളും പൂര്‍ത്തീകരിക്കപ്പെടുന്നത് അദ്ദേഹത്തിലൂടെയാണ്. കാര്യകാരണങ്ങളുടേതായ ലോകത്ത് മനുഷ്യന്റെ യുക്തിബോധത്തെ തൃപ്തിപ്പെടുത്താവുന്ന എല്ലാ തെളിവുകളിലൂടെയും തികവാര്‍ന്ന രൂപത്തില്‍ ഒരു പ്രവാചകന് മാത്രമേ സമ്പൂര്‍ണമായ പ്രബോധനം നിര്‍വഹിക്കാന്‍ കഴിയൂ. ജനങ്ങളിലെ ഏറ്റവും ഉന്നതനായ വ്യക്തിയായിരിക്കും പ്രവാചകന്‍. പ്രവാചകത്വലബ്ധിക്ക് മുമ്പും ശേഷവും ഉദാത്തമായ സ്വാഭാവത്തിന്റെ ഉടമയായിരിക്കും അദ്ദേഹം. കളവ്, ചതി, ദുരാരോപണം, തട്ടിപ്പ്, ദുഷ്പെരുമാറ്റം, ഔന്നത്യനാട്യം, മേധാവിത്വവാഞ്ഛ തുടങ്ങിയ എല്ലവിധ സ്വഭാവദൂഷ്യങ്ങളില്‍നിന്നും മുക്തമായിരിക്കും. ശത്രക്കള്‍ക്ക് പോലും പ്രവാചകന്റെ സദ്ഗുണങ്ങളെ നിഷേധിക്കാനാവില്ല. സുന്ദരവും ഏവര്‍ക്കും മനസ്സിലാകുന്നതുമായ ലളിതമായ ഭാഷയിലായിരിക്കും അദ്ദേഹം സന്ദേശം എത്തിച്ചുകൊടുക്കുക. ശത്രുക്കള്‍ക്ക് പോലും മറുപടി പറയാനാവാത്തവിധം യുക്തിഭദ്രമായ രൂപത്തില്‍ അത് അദ്ദേഹം നിര്‍വഹിക്കും. നന്മയുടെ കണികയുള്ള ദുര്‍വൃത്തന്‍മാര്‍ വരെ അതില്‍ ആകൃഷ്ടരാകും. അദ്ദേഹം പ്രബോധനം ചെയ്യുന്ന നിയമത്തിന് മറ്റാരെക്കാളും വിധേയനാകുന്നത് അദ്ദേഹമാകും. തന്റെ പ്രബോധനത്തിന്റെ സത്യപൊരുള്‍ അനുചരന്മാരുടെ ജീവിതത്തിലൂടെ അദ്ദേഹം പ്രകാശിപ്പിക്കും. അതുകൊണ്ടുതന്നെ ഈ രൂപത്തില്‍ ന്യായപ്രമാണങ്ങളെല്ലാം പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ അവരിലെ അക്രമികള്‍ക്ക് പിന്നീട് അല്ലാഹു സാവകാശം നല്‍കാറില്ല. നൂഹ് , സ്വാലിഹ്, ശുഐബ് (അ) എന്നീ പ്രവാചകന്‍മാരുടെ ജനത എങ്ങനയാണ് നഷിപ്പിക്കപ്പെട്ടത് എന്ന് നോക്കുക. അവരില്‍നിന്നുള്ള ആക്രണം തുടരുകയും വിശ്വാസികള്‍ അതിനെ പ്രതിരോധിക്കുമാര്‍ ശക്തവുമാണെങ്കില്‍ അല്ലാഹു സായുധജിഹാദിന് അവര്‍ക്ക് അനുവാദം നല്‍കും. അപ്പോഴും യുദ്ധം ഒഴിവാക്കാന്‍ അവരുടെ മുന്നില്‍ ഉപാധിവെക്കും. സത്യമാര്‍ഗം സ്വീകരിക്കുകയോ, ഇസ്ലാമിക വ്യവസ്ഥക്ക് വിധേയമായികൊണ്ടോ അവര്‍ക്ക് യുദ്ധം ഒഴിവാക്കാം. നബി(സ) അറേബ്യയിലെ നിഷേധികള്‍ക്കെതിരെ നടത്തിയ യുദ്ധം ഇപ്രകാരമുള്ളതായിരുന്നു. ഇത്തരമൊരു ജിഹാദിന് ഇനി സാധ്യതയില്ല. 

ബി. പ്രബോധനം സജ്ജനങ്ങള്‍ മുഖേനയാവുക. ന്യായപ്രമാണത്തിന്റെ പൂര്‍ത്തീകരണം പ്രവാചകന്‍മാരിലുടെ സാധ്യമാകുന്ന അളവില്‍ സജ്ജനങ്ങളിലൂടെ സാധ്യമാവുകയില്ല. നേരത്തെ പറഞ്ഞ കഴിവുകളിലൊന്നും സജ്ജനങ്ങളായിരുന്നാലും പ്രവാചകന്മാര്‍ക്കൊപ്പം എത്തുകയില്ല എന്നത് ഉറപ്പാണല്ലോ. അതുകൊണ്ടു തന്നെ സത്യസത്യങ്ങളും കുഫറും ഇസ്ലാമും സമ്പൂര്‍ണമായി വേര്‍ത്തിരിയുകയില്ല. എന്നിരിക്കെ സത്യനിഷേധികള്‍ക്കെതിരെ സായുദ്ധമായ ഒരു പോരാട്ടത്തിനോ, സത്യനിഷേധികളെ ദൈവിക ശിക്ഷയിറക്കികൊണ്ട് നഷിപ്പിക്കാനോ അല്ലാഹു അനുമതി നല്‍കുകയില്ല. അതിനാല്‍ സജ്ജനങ്ങള്‍ സത്യനിഷേധികള്‍ക്കെതരില്‍ നടത്തുന്ന പോരാട്ടത്തിന് നീതിയും സമാധാനവും സ്ഥാപിക്കുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടാവൂ. അവര്‍ അതിന് വിധേയമായാല്‍ പിന്നീട് ഒരടി മുന്നോട്ട് പോകാന്‍ പാടില്ല. സഹാബികള്‍ തങ്ങളുടെ എതിരാളി സമൂഹങ്ങള്‍ക്ക് എതിരില്‍ നടത്തിയ സായുധ പോരാട്ടം ഈ ഗണത്തിലാണ് പെടുക. ഇവിടെ അക്രമികളുടെ അക്രമം അവസാനിപ്പിച്ച് ഇസ്ലാമിക വ്യവസ്ഥിതിയില്‍ അവരുടെ വിധേയത്വം സ്ഥാപിക്കുക എന്നതാണ് സായുധപോരാട്ടത്തിന്റെ ലക്ഷ്യം. ഒരു രാഷ്ട്രീയ വ്യവസ്ഥയും അതിനുള്ളി ആ വ്യവസ്ഥക്കെതിരെ സായുധമായ പോരാട്ടം അനുവദിക്കുകയില്ല എന്ന് പ്രത്യേകം ഓര്‍ക്കുക. അതുതന്നെയാണ് ഫലത്തില്‍ ഈ സായുധപോരാട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്. 

2. യുദ്ധം നടത്തുന്നത് സജ്ജനങ്ങളായിരിക്കുക. ഇതാണ് സായുധ ജിഹാദിന്റെ രണ്ടാമത്തെ ഉപാധി. ഇസ്ലാമിന്റെ ജിഹാദ് ലോകത്തെ കുഴപ്പത്തില്‍നിന്ന് രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. അതുകൊണ്ടുതന്നെ അധര്‍മകാരികളായ ആളുകള്‍ക്ക് ഈ ജിഹാദ് നടത്താനുള്ള അവകാശമില്ല. അവര്‍ മാത്രമേ അത് നിര്‍വഹിക്കേണ്ടതുള്ളൂ. ജന്തുസഹജമായ വാസനയോടെ പ്രതികാരമനസ്സോടെയും ഒരു വിഭാഗത്തിനോടുള്ള വിദ്വേഷം നിറഞ്ഞ മനസ്സോടെയും നടത്തപ്പെടേണ്ട ഒന്നല്ല ഈ ജിഹാദ്. യുദ്ധം ചെയ്യുമ്പോഴും ജനങ്ങളോടുള്ള കാരുണ്യവും ആദരവും ഗുണകാംക്ഷയുമാണ് ഒരു മുജാഹിദിലുണ്ടാവുക. ദൈവപ്രീതിയുടെയും സത്യസംസ്ഥാപനത്തിന്റെയും വിശുദ്ധവികാരമല്ലാതെ മറ്റവല്ല പ്രചോദനവും അതിലുണ്ടെങ്കില്‍ ആ പരിശ്രമത്തിന് ഒരു വിലയും ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ഉണ്ടായിരിക്കുകയില്ല. എന്നുമാത്രമല്ല അനാശ്യമായി ചിന്തുന്ന രക്തത്തിന്റെ ശാപം ആയാളെ പിടികൂടുകയും ചെയ്യും. പലപ്പോഴും സജ്ജനങ്ങളെന്നത് പോകട്ടെ സാമാന്യനീതിബോധമോ മാനുഷിക പെരുമാറ്റമോ അറിയാത്തവരാണ് ഇവിടെ ജിഹാദിന് ഒരുങ്ങി പുറപ്പെടുന്നത്. അവര്‍ മുന്നിലുള്ളവരോട് പ്രതികാരത്തിന്റെ രൂപത്തിലാണ് വിളയാടുന്നത്. തങ്ങള്‍ സംഘടന പോസ്റ്ററൊട്ടിച്ചപ്പോള്‍ ചോദ്യം ചെയ്തതോ എവിടെയോ വെച്ച് വിമര്‍ശിച്ചതോ ഒക്കെയാണ് ഇവരുടെ ജിഹാദിന് പ്രേരകം. 

3. യുദ്ധം ചെയ്യുന്നത് അധികാരമുള്ള അമീറിന്റെ നേതൃത്വത്തിലായിരിക്കുണം. തന്റെ സംഘത്തിന്റെ മേല്‍ അയാള്‍ക്ക് പൂര്‍ണമായ അധികാരം ഉണ്ടായിരിക്കണം. ജനങ്ങളുടെ മേല്‍ ശരീഅത്തിന്റെ നിയമങ്ങള്‍ നടപ്പാക്കാന്‍ സാധിക്കണം. ജനങ്ങളെ അതനുസരിച്ചുള്ള ജീവിതത്തിന് നിര്‍ബന്ധിക്കാന്‍ കഴിയണം. അല്ലാഹുവിന്റെതല്ലാത്ത ഒരു നിയമവ്യവസ്ഥക്കും വഴങ്ങുന്ന ആളാവരുത്. ചുരുക്കത്തില്‍ ഏതെങ്കിലും വ്യവസ്ഥയുടെ കീഴിലുള്ള ഒരു പ്രജയായ താല്‍കാലിക നേതാവിന് സായുധപോരാട്ടത്തിന് ഉത്തരവ് നല്‍കാനാവില്ല. പാലായനം ചെയ്ത് തന്റെ സംഘത്തെ ഏതെങ്കിലും സ്വതന്ത്രഭൂമിയില്‍ സംഘടിപ്പിച്ചതിനു ശേഷമല്ലാതെ പ്രവാചകരാരും യുദ്ധപ്രഖ്യാപനം നടത്തിയിട്ടില്ല എന്നതത്രേ ഇതിനുള്ള ശക്തമായ തെളിവ്. മൂസാനബിയുടെയും മുഹമ്മദ് നബി (സ)യുടെ ജീവിതം ഇത് സാക്ഷ്യപ്പെടുത്തുന്നു. ഇതിനെ പിന്തുടര്‍ന്ന് ലോകത്ത് സായുധജിഹാദ് നടത്തിയ നേതാക്കളും അനുയായികളും ഉണ്ട്. 

ഈ ഉപാധിക്ക് പിന്നിലെ യുക്തി രണ്ടാണ്. 

എ. ഒരു അസത്യവ്യവസ്ഥയെയോ വിഭാഗത്തെയോ സായുധപോരാട്ടത്തിലൂടെ വിധേയമാക്കിയാല്‍ അതിന്റെ സ്ഥാനത്ത് ഒരു സത്യവ്യവസ്ഥ അവര്‍ക്ക് കീഴപ്പെടാനും പിന്തുടരാനും ഒരു സത്യവ്യവസ്ഥയും നേതാവും ഉണ്ടാകേണ്ടതുണ്ട്. സത്യവ്യവസ്ഥ സ്ഥാപിതമാകുന്നതിന് മുമ്പ് അസത്യവ്യവസ്ഥയെ തകര്‍ക്കരുത്, അസത്യവ്യവസ്ഥ അനീതിപരമാണെങ്കില്‍ കൂടി. എന്നാല്‍ ജനാധിപത്യരൂപത്തിലുള്ള പ്രബോധനം ഇതില്‍ വരികയില്ല. സായുധപോരാട്ടത്തിലൂടെ അട്ടിമറി സമരം ആണ് ഉദ്ദേശിക്കുന്നത്. നിലവിലെ ഒരു വ്യവസ്ഥയെ ശിഥിലമാക്കാന്‍ പൂര്‍ണമായ അധികാരമുള്ള ഒരു അമീര്‍ വേണമെന്നില്ല, കൂറും അനുസരണവും പരീക്ഷണവിധേയരാക്കപ്പെട്ട അനുയായികളും വേണമെന്നില്ല. അംഗങ്ങള്‍ അസംഘടിതരും ലക്ഷ്യബോധവും ഉള്ളവരാവണം എന്നില്ല. പക്ഷെ പകരം ഒരു വ്യവസ്ഥരൂപീകരിക്കാന്‍ അതൊക്കെ അനിവാര്യമാണ്. അരാചകത്വവും അവ്യവസ്ഥയും പ്രകൃതിവിരുദ്ധമാണ്. അവ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ശിഥിലമായതിനെ ഉദ്ഗ്രഥിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിട്ടില്ലാത്തവര്‍ക്ക് അല്ലാഹു യുദ്ധം ചെയ്യാന്‍ അനുമതി നല്‍കുന്നില്ല. 

ബി. യുദ്ധം ചെയ്യുന്ന സമൂഹത്തിന് മനുഷ്യന്റെ ധനത്തിനും ജീവന്നും മേല്‍ അസാധാരണായ അധികാരമാണ് കൈവരുന്നത്. തങ്ങളുടെ മേല്‍ ധാര്‍മികമായ അധികാരം മാത്രമുള്ള ഒരു നേതാവിന്റെ കീഴില്‍ സംഘടിച്ച സംഘത്തിന് ഒരിക്കലും അത്തരമൊരു അധികാരം നേടുക സാധ്യമല്ല. ഇസ്ലാമിലെ സായുധ ജിഹാദ് കേവലം ഒരു അട്ടിമറിയല്ല. അധികാരത്തിലിരിക്കുന്ന കക്ഷിയെ താഴെ ഇറക്കലും മാത്രമല്ല. തങ്ങള്‍ തുടച്ചുനീക്കാനുദ്ദേശിക്കുന്ന തിന്മ തങ്ങളുടെ അനുയായികള്‍ ചെയ്യുന്നത് വിലക്കാനാവാത്ത ഒരു നേതൃത്വം ഇല്ലെങ്കില്‍ ജനങ്ങളുടെ ജീവിനും ധനവും പന്താടാന്‍ അത്തരമൊരു സംഘത്തിന് അര്‍ഹതയില്ല. 

നമ്മുടെ നാട്ടില്‍ കാണുന്നത് പോലുള്ള ജിഹാദീഗ്രൂപ്പുകള്‍ തങ്ങള്‍ നടത്തുന്ന സായുധപോരാട്ടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിക്കുന്നതിന് കാരണം എന്താണെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണും. ഇവിടെ നേതാക്കളും അനുയായികളും വളരെ ഉത്തരവാദപ്പെട്ട ഒരു വ്യവസ്ഥക്ക് കീഴിലാണ്. കേവലം ധാര്‍മിക അധികാരം മാത്രമുള്ള ഒരു നേതൃത്വം. ഇത്തരമൊരു നേതൃത്വത്തെകൊണ്ട് ആവുന്നത് കേവലം ധാര്‍മികമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുക എന്നത് മാത്രം. അതിനപ്പുറം ആയുധമെടുക്കാന്‍ അനുവാദം നല്‍കിയാല്‍ നിലവിലെ നിയമത്തിന്റെ പിടുത്തം അയാളുടെ മേല്‍ വന്ന് ഭവിക്കും. അതിന് കാണുന്ന പരിഹാരം പരസ്യമായി ചാനലുകളിലും മറ്റും നടത്തിയ ഉദ്യമം അണികളുടെ വികാരത്തള്ളിച്ചയായി മാത്രം കാണുകയും കൈകഴുകുകയും ചെയ്യുക എന്നതാണ്. 

4. ശക്തി സംഭരണം. സായുധജിഹാദിന്റെ നാലാമത്തെ ഉപാധിയാണിത്. ശക്തി എന്നത് ആയുധത്തിന്റെ ശക്തിമാത്രമല്ല. അത് ഏത് ഘട്ടത്തിലും നേടിയെടുക്കാം. എന്നാല്‍ ഇസ്ലാം ആവശ്യപ്പെടുന്ന കൃത്യമായ ആദ്യത്തെ മൂന്ന് ഉപാധികളിലൂടെ കടന്നുപോയാല്‍ മാത്രമേ യഥാര്‍ഥ ശക്തി സംഭരിക്കാനാവൂ. സ്വാബിരീന്‍ എന്ന വിശേഷണമുള്ള ഒരു സംഘം രൂപപ്പെടാന്‍ അനിവാര്യമായും ദഅ് വത്ത് അടക്കമുള്ള ഘട്ടം താണ്ടിക്കടക്കേണ്ടതുണ്ട്. ശരിയാ പ്രബോധനം എല്ലാ കഴിവും യോഗ്യതയുമുള്ള ആളുകളെ ചുറ്റും ഒരുമിച്ച് കൂട്ടും. ആവശ്യമായ വിഭവങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി അവര്‍ക്കുണ്ടായിതീരും. പിന്നീട് അവര്‍ സംഘമായി തീര്‍ന്ന് അധികാരമുള്ള ഒരു അമീറിന് കീഴില്‍ സംഘടിതരാവുകയും ചെയ്യും. അതുകൊണ്ടത്രെ ഇസ്ലാമില്‍ ആദ്യഘട്ടങ്ങളില്‍ സായുധജിഹാദിന് വേണ്ടി പ്രത്യേകം സൈന്യത്തെ സജ്ജമാക്കാതിരുന്നത്. ആവശ്യഘട്ടം വരുമ്പോള്‍ വിശ്വാസികളായി പുരുഷന്മാരെ എല്ലാവരെയും വിളിച്ചുകൂട്ടുി യുദ്ധത്തിന് പുറപ്പെടുകായാണ് ചെയ്തുത്. 

ഇത്രയും വായിച്ചതില്‍നിന്നും ഒരു കാര്യം ബോധ്യമായിട്ടുണ്ടാകും. സായുധജിഹാദിന്റെ പേരില്‍ ഇവിടെ നടക്കുന്നത് കേവലം രാഷ്ട്രീയ അക്രമങ്ങള്‍ മാത്രമാണ് എന്ന്. മുസ്ലിം പേരുള്ള ഒരാള്‍ ഇസ്ലാമിന്റെ പേര്‍ പറഞ്ഞ് ആയുധമെടുത്തത് കൊണ്ടുമാത്രം അത് ജിഹാദാവുകയില്ല. ഒരു കര്‍മം ഇസ്ലാമില്‍ സ്വീകരിക്കപ്പെടുന്നതാകണമെങ്കില്‍ ഉദ്ദേശ്യം മാത്രം നന്നായതുകൊണ്ടായില്ല. ഇസ്ലാം കല്‍പിച്ച നിയമനിര്‍ദ്ദേശങ്ങല്‍ പാലിച്ചുകൊണ്ട് കൂടിയാകണം. ഇനി ഇസ്ലാം നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പാലിച്ചുകൊണ്ട് പ്രബോധന ദൌത്യം നിര്‍വഹിക്കുകയോ, സേവന ദൌത്യത്തിലേര്‍പ്പെടുകയോ, തിന്മയെ തടുക്കാനുള്ള പരിശ്രമത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിനിടയില്‍ കൊലചെയ്യപ്പെട്ടാലും അദ്ദേഹം ശഹീദ് തന്നെ. യാസിര്‍ കുടുംബത്തിന് ശുഹദാക്കളുടെ പദവി ലഭിച്ചത് അവര്‍ സായുധ ജിഹാദില്‍ പങ്കെടുത്ത് ശഹീദായത് കൊണ്ടല്ല. മറിച്ച് ഇസ്ലാമികമായി തങ്ങളുടെ വിശ്വാസം തുറന്ന് പ്രഖ്യാപിച്ച് മുന്നോട്ടു പോയപ്പോള്‍ അക്കരണം കൊണ്ടുമാത്രം ശത്രുക്കളാല്‍ കൊലചെയ്യപ്പെട്ടതുകൊണ്ടാണ്. സായുധ ജിഹാദിന്റെ സന്ദര്‍ഭത്തിലല്ലെങ്കിലും അബ്ദുല്‍ ഖാദിര്‍ മുല്ലയെ ശഹീദെന്ന് പറയുന്നത് ഇതേ അടിസ്ഥാനത്തിലാണ്. ഇന്ത്യയില്‍ ആര്‍ക്കെങ്കിലും ശഹീദിന്റെ പ്രതിഫലം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ വടിവാളും ബോംബുമായി പുറപ്പെടുകയല്ല വേണ്ടത്. മറിച്ച് വിശുദ്ധഗ്രന്ഥവും തിരുസുന്നത്തും പഠിച്ച് അത് ജീവത്തില്‍ പ്രാവര്‍ത്തികമാക്കി അതേക്കുറിച്ച് അജ്ഞാതരായ അമുസ്ലിംകളെ തേടി പുറപ്പെടുകയാണ് വേണ്ടത്. അവരുടെ ഇത്തരം നീക്കങ്ങളില്‍ അവര്‍ കൊല്ലപ്പെട്ടാല്‍ അവര്‍ രക്തസാക്ഷികളാണ്. ഭരണകൂടത്തിന്റെ അനീതിക്കെതിരെ ജനാധിപത്യവും നിയമവിധേയവുമായ മാര്‍ഗത്തില്‍ പ്രതികരിക്കുക. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നാന്തരം ജിഹാദാണത്. 

ഞങ്ങളാണ് ഏറ്റവും കൂടുതല്‍ പ്രബോധനം ചെയ്യുന്നതും കൂടുതല്‍ പേര്‍ക്ക് വെളിച്ചമെത്തിച്ചതും എന്ന പതിവു പല്ലവി ആവര്‍ത്തിക്കേണ്ടതില്ല. കിമ്മില്‍ ചോദിച്ചിട്ട് ലഭിക്കാത്ത കണക്കും ഇവിടെ ആവശ്യമില്ല. കുറേ പേര്‍ക്ക് ദഅ് വത്ത് നടത്തിയതുകൊണ്ടുമാത്രം സായുധജിഹാദിനുള്ള അവകാശം നേടി എന്ന് വരുന്നില്ല. ഇസ്ലാമിലെ പണ്ഡിതന്മാര്‍ അക്കമിട്ട് പറഞ്ഞ ഈ ഉപാധികള്‍ നിങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ, ഇന്ത്യന്‍ സാഹചര്യത്തില്‍ നിങ്ങള്‍ക്കതിന് സാധ്യമാണോ എന്നതാണ് പ്രസക്തമായ ചോദ്യം. 

പ്രതിരോധം അപരാധമല്ല എന്നാല്‍  പ്രതിരോധത്തിന്റെ പേര്‍ പറഞ്ഞ് സായുധ ജിഹാദ് നടത്താന്‍ നിങ്ങള്‍ക്കെന്ത് അര്‍ഹത?. 

 
Design by CKLatheef | Bloggerized by CKLatheef | CK