'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, ജൂലൈ 31, 2010

ജമാഅത്ത് അമീര്‍ സംസാരിക്കുന്നു.

 മതസൌഹാര്‍ദം, വര്‍ഗീയത, തീവ്രവാദം, ഇസ്ലാമോഫോബിയ, നബിനിന്ദാചോദ്യം, അധ്യാപകന്റെ കൈവെട്ട്, പോപ്പുലര്‍ ഫ്രണ്ട്, മാധ്യമങ്ങളുടെ നിലപാട്....... സമകാലിക കേരളത്തിലെ വിവാദങ്ങളെക്കുറിച്ച് ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷന്‍
ടി. ആരിഫലിയുടെ ദീര്‍ഘസംഭാഷണം.


സാമുദായിക സൗഹാര്‍ദവും സമാധാനപൂര്‍ണമായ സാമൂഹിക ജീവിതവുമാണ് കേരളത്തെ, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് സവിശേഷമാക്കുന്ന പ്രധാന ഘടകം. എന്താണ് നമ്മുടെ സാമുദായിക സൗഹൃദത്തിന്റെയും സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെയും പൈതൃകം?
 മൂന്ന് വ്യത്യസ്ത മത സമുദായങ്ങളാണ് കേരളത്തില്‍ പ്രധാനമായും ഉള്ളത്; ഹൈന്ദവര്‍, മുസ്‌ലിംകള്‍, ക്രൈസ്തവര്‍. ഈ മൂന്ന് വിഭാഗങ്ങളും മലയാളികള്‍ അല്ലെങ്കില്‍ കേരളീയര്‍ എന്ന ഒരൊറ്റ ജനതയായി ജീവിച്ചു എന്നതാണ് സാമൂദായിക സൗഹൃദത്തിന്റെ മഹത്തായ പൈതൃകം. സ്‌നേഹ സാഹോദര്യത്തോടെ, പരസ്പരം അറിഞ്ഞും അനുഭവിച്ചും ഇഴുകിച്ചേര്‍ന്നു കൊണ്ടാണ് ഇന്നലെകളില്‍ നാം കടന്നുവന്നിട്ടുള്ളത്. സംഘര്‍ഷത്തിന്റെയും സംഘട്ടനത്തിന്റെയും വഴിയായിരുന്നില്ല നമ്മുടേത്.

ഇസ്‌ലാം ഇവിടേക്ക് കടന്നുവന്നിട്ടുള്ള രീതി തന്നെയാണ് ഈ മഹത്തായ പൈതൃകത്തിന്റെ ഒരു നിമിത്തം. കച്ചവടാവശ്യാര്‍ഥം, വളരെ സമധാനപരമായാണ് മുസ്‌ലിംകള്‍ ഇങ്ങോട്ടു കടന്നുവന്നത്. അങ്ങനെ വന്നവരെ ഇവിടെയുള്ളവര്‍ സ്വീകരിച്ചത് വലിയ ഹൃദയ വിശാലതയോടെയും ഉദാരതയോടെയുമാണ്. കടന്നുവന്നവരുടെയും സ്വീകരിച്ചവരുടെയും മനസ്സും പാരസ്പര്യവുമാണ് മതസൗഹാര്‍ദത്തെ ഊട്ടിയുറപ്പിച്ചിട്ടുള്ളത്. പരസ്പര സ്‌നേഹവും ആദരവും പഠിപ്പിക്കുന്ന മതപ്രമാണങ്ങള്‍ വിശ്വാസികളെ ആ നിലക്ക് പ്രചോദിപ്പിക്കുകയും ചെയ്തു. ഇതാണ് കേരളത്തിന്റെ സുദീര്‍ഘമായ ചരിത്രം.

ഈ സൗഹൃദാന്തരീക്ഷം ദുര്‍ബലപ്പെടുത്തുന്ന സാഹചര്യങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെയാണ് അതത് ഘട്ടങ്ങളില്‍ നാം അവയെ മറികടന്നത്? 
ഈ സൗഹൃദാന്തരീക്ഷം തകര്‍ന്നുപോകാവുന്ന ചില സാഹചര്യങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് 1921ലെ മലബാര്‍ കലാപം. ചരിത്രപണ്ഡിതരും നിരൂപകരും കലാപത്തിന്റെ കാരണങ്ങളെയും വളര്‍ച്ചയെയും പരിണതിയെയും കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. സാമുദായിക ധ്രുവീകരണത്തിന്റേതായ ചില തലങ്ങളും അതില്‍ ഉണ്ടായിരുന്നു. ബ്രിട്ടന്റെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്കും അതില്‍ പങ്കുണ്ടായേക്കാം. എന്നാല്‍, മലബാര്‍ കലാപത്തിന്റെ തുടര്‍ച്ചയായി കേരളത്തില്‍ ശക്തിപ്പെട്ട സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികളും മത വൈജാത്യങ്ങള്‍ക്കതീതമായി കേരളീയ ജനതയുടെ സ്വാതന്ത്ര്യ സമരത്തിലെ സജീവതയും കലാപത്തിലൂടെ സൃഷ്ടിക്കപ്പെടുമായിരുന്ന സാമുദായിക ധ്രുവീകരണത്തിന്റെ സാധ്യതകള്‍ പോലും തുടച്ചുനീക്കുകയാണുണ്ടായത്. ഈ ചരിത്ര വസ്തുത, കേരളീയ സമൂഹം കാത്തുസൂക്ഷിക്കാനാഗ്രഹിക്കുന്ന മത സൗഹാര്‍ദത്തിന്റെയും ഐക്യബോധത്തിന്റെയും ഉത്തമ നിദര്‍ശനമാണ്.

സ്വാതന്ത്ര്യത്തിന് ശേഷവും സാമുദായിക ധ്രുവീകരണത്തിന്റേതായ ചില സാധ്യതകള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. അതില്‍ പ്രധാനം, 1992-ലെ ബാബരി മസ്ജിദിന്റെ പതനമാണ്. സംഘ്പരിവാര്‍ '92-ല്‍ ബാബരി മസ്ജിദ് തകര്‍ത്തു. തുടര്‍ന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലും സാമുദായിക സംഘര്‍ഷങ്ങളും വര്‍ഗീയ ലഹളകളും ഉണ്ടായി. അതിന്റെ ചില പതിപ്പുകള്‍ കേരളത്തിലും ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ, കേരളം ആ വഴിക്ക് നീങ്ങിയില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായെങ്കിലും കേരളത്തിന്റെ പൊതുവായ മതനിരപേക്ഷ ബോധവും സൗഹാര്‍ദ ചിന്തയും ആ ധ്രുവീകരണത്തിന്റെ സാധ്യത നിരാകരിക്കുകയാണ് ചെയ്തത്.

അതിനു ശേഷം, കൃത്യമായി പറഞ്ഞാല്‍ പത്തു വര്‍ഷം കഴിഞ്ഞാണ് മാറാട് കലാപം ഉണ്ടാകുന്നത്. മാറാട് കലാപാനന്തരം 3-4 മാസം കേരളത്തിലെ ജനങ്ങളെ ധ്രുവീകരണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും, കേരളീയ ജനത വരാന്‍ പോകുന്ന അപകടത്തെക്കുറിച്ച് ബോധവാന്മാരാവുകയും ആ അന്തരീക്ഷത്തെ മറികടക്കുകയും ചെയ്തു. പല ഘടകങ്ങളും അതിന് സഹായകമായി വര്‍ത്തിച്ചിട്ടുണ്ട്. ഗവണ്‍മെന്റിന്റെ ക്രിയാത്മകമായ സമീപനം, രണ്ട് സമുദായങ്ങളുടെയും നേതാക്കളുടെയും വിവേകപൂര്‍ണമായ ഇടപെടലുകള്‍, സംയമന നിലപാട്, ഗാന്ധിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഇടപെടലുകള്‍ തുടങ്ങിയവ അതില്‍പെടുന്നു. മുസ്‌ലിം സമൂഹവും അതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അന്ന് യു.ഡി.എഫ് ഗവണ്‍മെന്റിന്റെ ഭാഗമായിരുന്ന മുസ്‌ലിം ലീഗിന്റെ പങ്കാണ് അതിലൊന്ന്. എന്നാല്‍ മാറാട് കലാപത്തിനു ശേഷം വേദനിക്കുന്ന പ്രദേശവാസികളുടെ, അരയസമാജക്കാരായ സഹോദരങ്ങളുടെ അടുത്തേക്ക് ആദ്യമായി കടന്നുചെന്ന മുസ്‌ലിം നേതാവ്, അന്നത്തെ ജമാഅത്തെ ഇസ്‌ലാമി കേരള അധ്യക്ഷന്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബായിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനവും സാന്ത്വന വാക്കുകളും സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

പറഞ്ഞുവരുന്നത്, കേരളീയ ജനതയുടെ പ്രകൃതം സൗഹാര്‍ദത്തിന്റേതും സാഹോദര്യത്തിന്റേതുമാണ്. അത് ദുര്‍ബലപ്പെടുത്താനോ തകര്‍ക്കാനോ ഉള്ള ശ്രമങ്ങള്‍ ഉണ്ടായപ്പോഴൊക്കെ അതിനെ നിരാകരിക്കാനും ചെറുക്കാനുമുള്ള സാമൂഹിക ബോധം കേരളം പ്രകടിപ്പിച്ചുപോന്നിട്ടുണ്ട്. പുതിയ സാഹചര്യങ്ങളിലും കേരളജനത അത് നന്നായി പ്രകടിപ്പിക്കുന്നുണ്ട് എന്നാണ് ജമാഅത്തെ ഇസ്‌ലാമി മനസ്സിലാക്കുന്നത്. സാമുദായിക ധ്രുവീകരണത്തെയും വര്‍ഗീയതയെയും കേരളത്തിന്റെ മണ്ണില്‍ വളരാനനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയിട്ടുള്ളത് ഇവിടത്തെ ജനങ്ങളാണ്. ഈ ജനം തന്നെയാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്.
വളരെ ആഴമുള്ള സാമുദായിക സൗഹൃദമാണ് കേരളത്തില്‍ ഉള്ളതെന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്?

 അതെ, പെട്ടെന്ന് അളന്ന് തിട്ടപ്പെടുത്താനോ എളുപ്പത്തില്‍ വര്‍ഗീയതയുടെ വിഷമാലിന്യങ്ങളിട്ട് തൂര്‍ക്കാനോ കഴിയാത്തത്രയും ആഴം കേരളത്തിലെ മതസൗഹാര്‍ദ പാരമ്പര്യത്തിനുണ്ട്. അതിന്റെ വലിയ തെളിവാണ് സംഘ്പരിവാറിന്റെ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ ഇവിടെ രാഷ്ട്രീയ വിജയം നേടാത്തത്. ആര്‍.എസ്.എസ്സിന് വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളും ധാരാളം ശാഖകളും പ്രവര്‍ത്തകരുമുള്ള പ്രദേശമാണ് കേരളം. എന്നാല്‍ കേരളത്തിലെയത്രപോലും ശാഖകളോ അംഗങ്ങളോ പ്രവര്‍ത്തകരോ ഇല്ലാത്ത സംസ്ഥാനങ്ങളില്‍, അവര്‍ക്ക് തങ്ങളുടെ ചിന്തകളെ രാഷ്ട്രീയവത്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അധികാരത്തിലേറാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്. അത് കേരളത്തില്‍ സാധിക്കാത്തത് ഇവിടത്തെ പൊതുസമൂഹം വര്‍ഗീയതയെ നിരാകരിക്കുന്നു എന്നതുകൊണ്ടാണ്.

എന്നാല്‍ നമ്മുടെ സവിശേഷമായ ഈ സാമൂഹികാന്തരീക്ഷത്തെ ക്രമേണ ഇല്ലാതാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന കാര്യത്തില്‍ കേരളീയ ജനതക്ക് നല്ല ബോധമുണ്ടാകണം. നമ്മുടെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ചില ഘടകങ്ങള്‍ ഇവിടെ വളര്‍ത്തപ്പെടുന്നുണ്ട്. ആ ഘടകങ്ങളെയാണ് നാം തിരിച്ചറിയേണ്ടത്.
മുസ്‌ലിം സമൂഹം കേരളത്തിന്റെ സാമൂഹിക സൗഹൃദത്തിന്റെ നിര്‍മിതിയില്‍ എത്രത്തോളം പങ്കുവഹിച്ചിട്ടുണ്ട്?

കേരളത്തില്‍ നടന്നിട്ടുള്ള സാമൂഹിക നവോത്ഥാനത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ സമര പോരാട്ടങ്ങളുടെയും ചരിത്രമാണ് യഥാര്‍ഥത്തില്‍ നമ്മുടെ മതസൗഹാര്‍ദത്തിന്റെയും ചരിത്രം. നമ്മുടെ രാജ്യം കീഴടക്കാന്‍ വന്ന വിദേശ ദുഷ്ടശക്തികളോട് നാം ഏറ്റുമുട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം പോരാളി സംഘങ്ങളുടെ മുന്‍നിരയില്‍ തന്നെ മുസ്‌ലിം സമൂഹം ഉണ്ടായിരുന്നു. കുഞ്ഞാലിമരക്കാര്‍, സൈനുദ്ദീന്‍ മഖ്ദൂം, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ഫസല്‍ പൂക്കോയ തങ്ങള്‍ തുടങ്ങി മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് വരെ നീളുന്ന അനേകം മഹത്തുക്കളുടെ ചരിത്രം അതാണ് സൂചിപ്പിക്കുന്നത്. ആരോടൊപ്പമാണ് ഇവര്‍ പോരാടിയത്, ആരൊക്കെയാണ് ഇവരോടൊപ്പം പോരാടിയത് എന്ന് നാം ചിന്തിക്കണം. 'നാം കേരളീയര്‍, നാം ഭാരതീയര്‍' എന്ന ചിന്തയോടെ, 'നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നാം സമരം ചെയ്യണം' എന്ന ബോധമാണ് അന്ന് സമൂഹത്തിനുണ്ടായിരുന്നത്. 'നാം' എന്ന പ്രയോഗത്തിന്റെ മര്‍മസ്ഥാനത്തുതന്നെ മുസ്‌ലിം സമൂഹവും ഉണ്ടായിരുന്നു. കേരളത്തിലെ സാമൂഹിക നവോത്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, ഇസ്‌ലാം അതില്‍ വലിയ അളവില്‍ സ്വാധീനം ചെലുത്തുകയും മുസ്‌ലിം സമുദായവും അതിലെ പരിഷ്‌കര്‍ത്താക്കളും അതില്‍ പങ്കുവഹിക്കുകയും ചെയ്തിട്ടുള്ളതായി കാണാം. ദലിതരുടെയും പട്ടിക ജാതി-വര്‍ഗങ്ങളുടെയും ആദിവാസി-ഹരിജനങ്ങളുടെയും സാമൂഹിക വളര്‍ച്ചയില്‍ ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും പങ്കുണ്ട്. ഗൗരവത്തോടെ പഠനവിധേയമാക്കേണ്ട ഒരു മേഖലയാണിത്. അതായത്, നവകേരളത്തിന്റെ നിര്‍മിതിയില്‍ മുസ്‌ലിം സമൂഹവും ക്രിയാത്മക പങ്കുവഹിച്ചിട്ടുണ്ട്. മുസ്‌ലിംകളെ മാറ്റിനിര്‍ത്തിയല്ല അത് നടന്നിട്ടുള്ളത്. ഇതിലൂടെ തന്നെയാണ് കേരളത്തില്‍ മതസൗഹാര്‍ദവും ശക്തിപ്പെട്ടിട്ടുള്ളത്.
കേരളത്തിലെ ഇതര മതവിഭാഗങ്ങളുമായി മുസ്‌ലിം സമൂഹത്തിന് എത്രത്തോളം തുറന്ന ബന്ധമാണ് ഉണ്ടായിട്ടുള്ളത്?

വിശ്വാസങ്ങളും ആരാധനാ രീതികളും വ്യത്യസ്തമായിരിക്കെ, മതവൈജാത്യങ്ങള്‍ക്കതീതമായ ഒരു ഏകജനതാബോധം കേരളീയ സമൂഹത്തിനുണ്ടാകത്തക്ക വിധമാണ് മുസ്‌ലിം സമൂഹവും ഇവിടെ ജീവിച്ചുവന്നിട്ടുള്ളത്. ഇന്നലെകള്‍ അതിന്റെ ധന്യമായ ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. ഇന്ന് അതിന്റെ ചേതോഹരമായ അനുഭവങ്ങള്‍ നമുക്ക് പങ്കുവെക്കാന്‍ കഴിയുന്നുണ്ട്. കേരളീയരുടെ വീടുകള്‍, അങ്ങാടികള്‍, പീടികത്തിണ്ണകള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, കളിക്കളങ്ങള്‍, ആഘോഷവേളകള്‍, ക്ലാസ്സുകള്‍, സാംസ്‌കാരിക വേദികള്‍, ലൈബ്രറികള്‍, വായനാശാലകള്‍, ഭാഷ തുടങ്ങിയ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രങ്ങളെല്ലാം പൊതു ഇടങ്ങളാണ് കേരളത്തില്‍. ഭിന്ന മതവിഭാഗങ്ങളുടെ വീടുകളും ആരാധനാലയങ്ങളും ഇടകലര്‍ന്ന് തോളുരുമ്മിയുമാണ് ഇവിടെ നിലകൊള്ളുന്നത്. ചില സംസ്ഥാനങ്ങളിലെങ്കിലും സമുദായങ്ങള്‍ക്ക് പ്രത്യേകം ബസ്തികള്‍ ഉണ്ട്. അവര്‍ ഒരുമിച്ച് ചേരുന്ന ബസ്തികള്‍ അപൂര്‍വമാണ്. കേരളത്തില്‍ മലയാളം പൊതുഭാഷയാണ്. മറ്റു പലയിടങ്ങളിലും മുസ്‌ലിംകള്‍ക്ക് തങ്ങളുടേതായ ഭാഷയുണ്ട്. പ്രാദേശികമായി മറ്റൊരു ഭാഷയുമുണ്ട്. എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കുന്ന ഭാഷ പ്രയോഗത്തില്‍ പരിമിതമാണ്.

കേരളത്തിലെ കലാലയങ്ങളും കളിമുറ്റങ്ങളും സാമുദായിക സൗഹാര്‍ദത്തിന്റെ വളര്‍ത്തുനിലങ്ങളാണ് എന്നും. എല്ലാ മതക്കാരും ഒരുമിച്ച് ചേരുന്ന മനോഹരമായ കേന്ദ്രങ്ങളാണവ. ഓരോ മതക്കാരനും ഇതര മതക്കാരെ സംബന്ധിച്ച് ഏറ്റവും നല്ല അനുഭവങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്, കലാലയങ്ങളില്‍ നിന്നും, സ്‌കൂളുകളിലെ കളിമുറ്റങ്ങളില്‍നിന്നുമാണ്. ഇന്ന് മത സൗഹാര്‍ദം ഉയര്‍ത്തിപ്പിടിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന ആളുകളെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, അവരെല്ലാം മത സൗഹാര്‍ദത്തിന്റെ മനസ്സ് വളര്‍ത്തിയെടുത്തതും, മതാതീതമായ സൗഹാര്‍ദങ്ങള്‍ സ്ഥാപിച്ചതും സ്‌കൂളുകളില്‍ നിന്നും കളിക്കളങ്ങളില്‍നിന്നുമാണ്.
നമ്മുടെ നാട്ടില്‍ സജീവമായിരുന്ന ക്ലബ്ബുകള്‍, വായനാശാലകള്‍, ലൈബ്രറികള്‍, സാംസ്‌കാരിക വേദികള്‍ തുടങ്ങിയവ ഭിന്ന മതവിഭാഗങ്ങള്‍ ഒന്നിച്ചിരിക്കുന്ന ഇടങ്ങളായിരുന്നു. അവിടെ വളര്‍ന്നത് സൗഹൃദത്തിന്റെ ചെടികളായിരുന്നു, അവയില്‍ പൂത്തത് സ്‌നേഹത്തിന്റെ പുഷ്പങ്ങളായിരുന്നു, മനസ്സിലും ശരീരത്തിലും മുറിവുണ്ടാക്കുന്ന വിദ്വേഷത്തിന്റെ മുള്ളുകളായിരുന്നില്ല.

ഒരു മതവിഭാഗത്തിനും മറ്റുള്ളവരുടെ ആരാധനാലയങ്ങളും അവിടെ നടക്കുന്ന ചടങ്ങുകളും ആഘോഷങ്ങളും കാണാതെയും അനുഭവിക്കാതെയും കേരളത്തില്‍ ജീവിക്കാന്‍ മാത്രമല്ല, വഴി നടക്കാന്‍ പോലും കഴിയില്ല. അതിലൂടെ ഉണ്ടാകുന്ന അറിവും അടുപ്പവും പാരസ്പര്യവുമാണ് കേരളത്തിലെ ജനങ്ങളെ ഇത്രമേല്‍ സൗഹൃദമുള്ളവരാക്കി മാറ്റിയത്. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും നമ്മുടെ രാഷ്ട്രീയത്തിനും ഇതില്‍ പങ്കുണ്ട്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിവിധ മതക്കാര്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒരുമിച്ചാണ് ഭരിക്കുന്നത്. ഇവിടെ മാറി മാറി അധികാരത്തില്‍ വരുന്ന മുന്നണികളില്‍ എല്ലാ മതക്കാരുമുണ്ട്. നമ്മുടെ സാമൂഹിക ഇടങ്ങള്‍ പച്ചപിടിച്ചുനില്‍ക്കുമ്പോഴാണ് മതസൗഹാര്‍ദം സമ്പന്നമാകുന്നത്. സമുദായങ്ങള്‍ ഒറ്റപ്പെട്ട തുരുത്തിലേക്ക് ചുരുങ്ങുമ്പോഴാണ് അത് ദുര്‍ബലവും ദരിദ്രവുമായിത്തീരുന്നത്.
സമ്പന്നമായ നമ്മുടെ മതസൗഹാര്‍ദ പാരമ്പര്യത്തിന് സമീപകാലത്ത് ചില ഭീഷണികള്‍ ഉയരുന്നുണ്ടല്ലോ. എന്തൊക്കെയാണ് അവ?

സാമുദായിക സൗഹൃദത്തിനെതിരെ ഇന്ന് ഉയരുന്ന വലിയ ഒരു ഭീഷണി നമുക്ക് കാണാതിരിക്കാനാവില്ല. അമേരിക്ക നേതൃത്വം നല്‍കുന്ന നവസാമ്രാജ്യത്വത്തിന്റേതാണ് ആ ഭീഷണി. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കു ശേഷം അമേരിക്ക ഒരു സിദ്ധാന്തം തന്നെ സ്ഥാപിച്ചെടുത്തിട്ടുണ്ട്. 'ഇനിയുള്ള ലോകം സംഘര്‍ഷത്തിന്റേതാണ്. സംഘര്‍ഷത്തില്‍ ഒരുപക്ഷത്ത് അമേരിക്കയും അവരുടെ അനുകൂലികളുമായിരിക്കും, മറുപക്ഷത്ത് ഇസ്‌ലാം.' ഈ സംഘര്‍ഷത്തില്‍ അമേരിക്കന്‍ പക്ഷത്തിന്റെ വിജയമാണ് അവരുടെ ഏറ്റവും വലിയ മുദ്രാവാക്യം. ആ വിജയത്തില്‍ അഭിരമിച്ചുകൊണ്ടാണ് അവരുടെ നേതൃത്വം അവിടത്തെ ജനങ്ങളെ തങ്ങളുടെ പിന്നില്‍ നിര്‍ത്തുന്നത്. ലോകത്തെയും തങ്ങളോടൊപ്പം നിര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നതും അങ്ങനെത്തന്നെയാണ്. അതിന്റെ ഏറ്റവും വലിയ ഉപകരണമാണ് 'ഇസ്‌ലാമോഫോബിയ' അഥവാ ഇസ്‌ലാംപേടി! ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച പേടി ഉല്‍പാദിപ്പിക്കുകയും വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുകയെന്നതാണ് അമേരിക്ക ലക്ഷ്യസാധ്യത്തിനായി സ്വീകരിക്കുന്ന പ്രധാന മാര്‍ഗം. മാത്രമല്ല, അമേരിക്കയിലെയും അനുകൂല രാജ്യങ്ങളിലെയും രാഷ്ട്രീയ നേതൃത്വത്തിനും ഭരണാധികാരികള്‍ക്കും എതിരിലുള്ള ജനവികാരത്തെ അടക്കിനിര്‍ത്താനുള്ള പ്രധാന ആയുധവും ഇതുതന്നെ.

'ഇസ്‌ലാംപേടി' ബോധപൂര്‍വം വളര്‍ത്താനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ ലോകത്തുടനീളം കാണാം. കേരളത്തിലും അത് പ്രയോഗിക്കുന്നുവെന്നു മാത്രമല്ല, ലക്ഷ്യം നേടാവുന്നവിധം അത് പ്രാവര്‍ത്തികമാക്കുന്നതില്‍ അമേരിക്ക വിജയിക്കുന്നുവെന്നതാണ് സമീപകാലത്തെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതി പേടിപ്പെടുത്തുന്ന പ്രചാരണങ്ങളാണ് അമേരിക്ക നടത്തുന്നത്. അപകടകാരികള്‍, ആക്രമണോത്സുകര്‍, കാടന്‍ നിയമങ്ങളുടെ വക്താക്കള്‍, കണ്ണുകള്‍ ചൂഴ്‌ന്നെടുക്കാനും അരുംകൊലകള്‍ നടത്താനും മടിയില്ലാത്തവര്‍.... ഇത്തരം ദുര്‍ബോധനങ്ങള്‍ കേട്ട് പേടിച്ചിരിക്കുന്നവര്‍ക്ക്, കേട്ടതെല്ലാം സത്യമാണെന്ന് ബോധ്യപ്പെടുന്ന തെളിവുകള്‍ ഉണ്ടാക്കാനും അമേരിക്കക്ക് വിപുലമായ ആസൂത്രണങ്ങളുണ്ട്. മുസ്‌ലിംകളില്‍ തീവ്രവാദികളില്ലെങ്കില്‍ അത്തരക്കാരെ ഉണ്ടാക്കിയെടുക്കുക, ഉള്ള തീവ്രവാദ ചിന്താഗതിക്കാരെ കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കുക, അവരെക്കൊണ്ട് ഉദ്ദിഷ്ട ലക്ഷ്യത്തിനുതകുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കുക തുടങ്ങിയ അജണ്ടകള്‍ക്ക് വിപുലവും വ്യവസ്ഥാപിതവുമായ പദ്ധതികള്‍ അമേരിക്കക്കും അവരുടെ രഹസ്യാന്വേഷണ ഏജന്‍സിക്കുമുണ്ട്. പ്രവാചകനിന്ദ പോലുള്ള വൈകാരിക വിഷയങ്ങള്‍ ഉപയോഗിച്ച് പ്രകോപനങ്ങള്‍ സൃഷ്ടിച്ചാണ് അമേരിക്ക മുസ്‌ലിം സമുദായത്തിലെ തീവ്രവാദികളെ കൊണ്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കുന്നത്. പ്രവാചകനിന്ദാ കാര്‍ട്ടൂണുകളും ചോദ്യങ്ങളും രചിക്കുന്നവരുടെ തലയറുക്കാനും കൈ വെട്ടാനും അവിവേകികളായ തീവ്രവാദികള്‍ ധൃഷ്ടരാകുന്നതോടെ വിജയിക്കുന്നത് അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ ഇസ്‌ലാം വിരുദ്ധ-സാമ്രാജ്യത്വ ലോബികളുടെ അജണ്ടയാണ്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനും സാമുദായിക സൗഹാര്‍ദം തകര്‍ത്ത് വര്‍ഗീയത വളര്‍ത്താനുമുള്ള അമേരിക്കന്‍ പദ്ധതികളുടെ നടത്തിപ്പുകാരാവുകയാണ് തങ്ങളെന്ന് കൈവെട്ട് തീവ്രവാദത്തിന്റെ പ്രയോക്താക്കള്‍ ചിന്തിക്കുന്നില്ല. അവര്‍ക്കിടയിലെ ബുദ്ധിജീവികള്‍ക്ക് പോലും ഇതൊന്നും തിരിച്ചറിയാനാകുന്നില്ല.
മാര്‍ക്‌സിസ്റ്റ് സംഘടനകളെ തകര്‍ക്കാന്‍ നക്‌സല്‍ പ്രസ്ഥാനങ്ങളെ വളര്‍ത്തിയതും അമേരിക്കയുടെ ഇത്തരമൊരു തന്ത്രമായിരുന്നല്ലോ?

 മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം കണ്ടെത്തിയ ഏറ്റവും നല്ല മാര്‍ഗമായിരുന്നു നക്‌സലിസം. മാര്‍ക്‌സിസ്റ്റുകാര്‍ക്കിടയില്‍ നിന്ന് തീവ്ര മാര്‍ക്‌സിസ്റ്റുകാരെ കണ്ടെത്തിയ അമേരിക്ക, ആവശ്യമായതെല്ലാം കൊടുത്ത് അവരെ വളര്‍ത്തി. നക്‌സല്‍ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം കൊടുത്ത തീവ്ര മാര്‍ക്‌സിസ്റ്റുകാര്‍ അറിഞ്ഞിരുന്നില്ല, തങ്ങള്‍ അമേരിക്കന്‍ അജണ്ടകളുടെ നടത്തിപ്പുകാരാവുകയാണെന്ന്, മാര്‍ക്‌സിസ്റ്റുകാരെ ഉപയോഗിച്ചുതന്നെ മാര്‍ക്‌സിസത്തെ തകര്‍ക്കാനുള്ള അമേരിക്കന്‍ തന്ത്രത്തിന്റെ ഉപകരണങ്ങളാവുകയാണെന്ന്. ഈ ചരിത്രം ഇസ്‌ലാമിന്റെ കാര്യത്തിലും അമേരിക്ക നടപ്പിലാക്കുന്നുണ്ടെന്ന് തിരിച്ചറിയാനുള്ള വിവേകം തീവ്രവാദ ചിന്താഗതിക്കാര്‍ക്ക് ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
നമ്മുടെ മാധ്യമങ്ങള്‍ വലിയൊരളവോളം സാമ്രാജ്യത്വത്തിന്റെ അജണ്ടകള്‍ തന്നെയല്ലേ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്?

 നമ്മുടെ വാര്‍ത്താ മാധ്യമങ്ങളില്‍ പലതും അറിഞ്ഞോ അറിയാതെയോ സാമ്രാജ്യത്വത്തിന്റെ അജണ്ടകളില്‍ കുടുങ്ങിപ്പോയിരിക്കുന്നു. 'ഇസ്‌ലാംപേടി'യുടെ പ്രചാരകരായി മാധ്യമങ്ങള്‍ നിലകൊള്ളുകയാണെന്ന് നിരീക്ഷകര്‍ക്ക് ബോധ്യപ്പെടും വിധത്തിലാണ് വാര്‍ത്തകളും വിശകലനങ്ങളും വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളുമൊക്കെ വന്നുകൊണ്ടിരിക്കുന്നത്. 'തീവ്രവാദം' എന്ന വിഷയം വരുമ്പോള്‍ 'തൊപ്പിയും താടിയും' വെച്ച, പൈജാമയും ജുബ്ബയും ധരിച്ച ഒരാള്‍, പര്‍ദയിട്ട ഒരു സ്ത്രീ സ്‌ക്രീനില്‍ വരും. അതായത് തീവ്രവാദം, ഭീകരത തുടങ്ങിയവയുമായി ചേര്‍ത്തുവെക്കുന്നത് ഇസ്‌ലാമിന്റെയോ മുസ്‌ലിം സമുദായത്തിന്റെയോ ചില ചിഹ്നങ്ങളാണ്. മീഡിയാ സമീപനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. 'വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കാന്‍ കഴിയുന്ന ഒരു സമുദായം, ഇന്ത്യയില്‍ ചില സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ കഴിയുന്ന ഒരു സമുദായം, ഒരു അധ്യാപകന്‍ ചോദ്യപേപ്പറില്‍ പ്രവാചകനിന്ദ പ്രയോഗം നടത്തിയപ്പോള്‍ ജനാധിപത്യ പ്രക്രിയയില്‍ നല്‍കാവുന്ന ശിക്ഷ നല്‍കിയ ശേഷവും ഞങ്ങള്‍ ഞങ്ങളുടേതായ ശിക്ഷ നടപ്പിലാക്കും എന്ന് ധാര്‍ഷ്ട്യം കാണിക്കുന്ന ഒരു സമുദായം, എപ്പോഴും ഒരു ആക്രമണം അവരില്‍നിന്ന് ഞങ്ങള്‍ക്കു നേരെ പ്രതീക്ഷിക്കാം' -ഇതാണ് ജനമനസ്സില്‍ മാധ്യമങ്ങളുടെ തെറ്റായ സമീപനം വഴി സൃഷ്ടിക്കപ്പെടുന്ന പൊതുബോധം. അങ്ങനെ ഇസ്‌ലാംപേടി ഉല്‍പാദിപ്പിക്കപ്പെടുകയാണ്. ഈ ഇസ്‌ലാംപേടി സത്യമാണെന്ന് തെളിയിക്കുകയാണ് തീവ്രവാദികള്‍ ചെയ്യുന്നത്. അഥവാ, അമേരിക്ക മുസ്‌ലിം സമുദായത്തിനകത്ത് നട്ട വിത്താണ് തീവ്രവാദം. അതിന് വെള്ളവും വളവും നല്‍കി കൊച്ചു കൊച്ചു തീവ്രവാദ സംഘങ്ങളാക്കി വളര്‍ത്തുന്നതും അമേരിക്കതന്നെ. ആ തീവ്രവാദ മരങ്ങള്‍ നല്‍കുന്ന ഫലം കൊയ്യുന്നത് സാമ്രാജ്യത്വവും സംഘ്പരിവാറുമാണ്. പക്ഷേ, തങ്ങള്‍ സി.ഐ.എക്കും മൊസാദിനും ആര്‍.എസ്.എസ്സിനുമാണ് സേവനം ചെയ്യുന്നതെന്ന് ഇത്തരം തീവ്രവാദ സംഘടനകള്‍ തിരിച്ചറിയുന്നില്ല; മുമ്പ് നക്‌സല്‍ നേതാക്കളും സംഘടനകളും മനസ്സിലാക്കാതിരുന്നപോലെ.

തീവ്രവാദം പോലുള്ള വിഷയങ്ങളില്‍ മാധ്യമങ്ങള്‍ ഒതുതരം ഇരട്ടത്താപ്പ് സമീപനം പുലര്‍ത്തുന്നതായാണല്ലോ അനുഭവം?

തീവ്രവാദ സ്വഭാവമുള്ള കേസുകളെയും മുസ്‌ലിം പേരുള്ളവര്‍ പങ്കാളികളായ അക്രമ സംഭവങ്ങളെയും പര്‍വതീകരിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന സമീപനം ചില മാധ്യമങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്. അത്തരം കേസുകളെച്ചൊല്ലിയുള്ള മാധ്യമ ചര്‍ച്ചകള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നു. ഉദാഹരണമായി, സി.പി.എം രണ്ടു പേരെ വെട്ടിക്കൊന്നാല്‍ ഒന്നോ രണ്ടോ ദിവസത്തിനപ്പുറം ആ വാര്‍ത്തക്ക് ആയുസ്സുണ്ടാവില്ല. എന്നാല്‍, ഒരാളും മരിക്കാത്ത ചില സംഭവങ്ങളുടെയും കൈവെട്ട് പോലുള്ള അക്രമങ്ങളുടെയും വിഷയത്തില്‍ മാധ്യമ സമീപനം ഇതല്ല. ആഴ്ചകളും ചിലപ്പോള്‍ മാസങ്ങളും അത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ മുഖ്യ സ്ഥാനം നേടുന്നു. 'തീവ്രവാദ സ്വഭാവം' ഒരു സംഭവത്തിനുണ്ട് എന്നു പറയുന്നതിന്റെ ന്യായം ഒരു മുസ്‌ലിം നാമധാരി അതില്‍ പങ്കാളിയാണെന്ന സംശയമാണ്.

നമ്മുടെ ചില മാധ്യമങ്ങള്‍ നെഗറ്റീവ് സമീപനം സ്വീകരിക്കുന്നതും ഗൗരവത്തോടെ കാണേണ്ടതാണ്. അതായത് സമൂഹത്തിലുണ്ടാകുന്ന അരുതായ്മകള്‍ക്കും അക്രമങ്ങള്‍ക്കും മീഡിയ നല്‍കുന്ന കവറേജ്, അത്തരം അക്രമങ്ങള്‍ക്കെതിരായ നീക്കങ്ങള്‍ക്കും സൗഹാര്‍ദം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മീഡിയ നല്‍കുന്നില്ല. ഉദാഹരണമായി ചോദ്യപേപ്പര്‍ വിവാദത്തിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവം വമ്പിച്ച വിവാദമായി. എന്നാല്‍ അതുപോലെയോ അതിലേറെയോ വലിയ വാര്‍ത്തയാവേണ്ടിയിരുന്ന സംഭവമാണ് അദ്ദേഹത്തിന് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ രക്തം കൊടുത്തത്. എന്നാല്‍ ഒന്നു രണ്ട് പത്രങ്ങളില്‍ വാര്‍ത്ത വന്നതൊഴിച്ചാല്‍ മീഡിയ അത് തമസ്‌കരിക്കുകയാണുണ്ടായത്. എന്തുകൊണ്ടാണ് ഇത്ര വലിയ ഒരു സംഭവത്തെ മാധ്യമങ്ങള്‍ അവഗണിച്ചത്? കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ പൊതുരീതി നെഗറ്റീവാണ്.
സോളിഡാരിറ്റി ദശലക്ഷണക്കിന് രൂപയുടെ സേവന പ്രവര്‍ത്തനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ നടത്തി. പക്ഷേ, മീഡിയയില്‍ അതിന് കവറേജ് ലഭിച്ചില്ല. ചെങ്ങറയില്‍ ഭൂരഹിതരായ പട്ടിണി പാവങ്ങള്‍ക്ക് സോളിഡാരിറ്റി ഭക്ഷണം എത്തിച്ചുകൊടുത്തു. ഇതിനു വേണ്ടത്ര മാധ്യമ പ്രാധാന്യം ലഭിച്ചില്ല. എന്നാല്‍ ഭക്ഷണവുമായി പോയ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ചെങ്ങറയില്‍ ആക്രമിക്കപ്പെട്ടു. ട്രേഡ് യൂനിയനുകളുടെ അക്രമവും സംഘര്‍ഷാവസ്ഥയും വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍, സോളിഡാരിറ്റിയുടെ സേവനം കണ്ടില്ല. ഈ നെഗറ്റീവ് ശൈലിക്ക് പകരം പോസിറ്റീവായ സമീപനം മാധ്യമങ്ങള്‍ പുലര്‍ത്തണം എന്നാണ് പറയാനുള്ളത്.
കേരളത്തില്‍ നേരത്തെ നടന്ന, പൂന്തുറ-തലശ്ശേരി കലാപങ്ങള്‍ പോലുള്ള അനിഷ്ട സംഭവങ്ങളുടെ മുറിവുകള്‍ വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാതെ ഉണക്കപ്പെടുകയായിരുന്നു. എന്നാല്‍ ബാബരി മസ്ജിദ് പതനാനന്തരം ഈയവസ്ഥക്ക് മാറ്റം വന്നിട്ടില്ലേ. മാറാട് നടന്ന രണ്ട് കലാപങ്ങളും ശേഷമുണ്ടായ ചില സംഭവങ്ങളും സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടി എന്ന നിരീക്ഷണത്തെക്കുറിച്ച്...?

 'ബാബരി മസ്ജിദ് പതനാനന്തര ഘട്ടം' എന്ന കാലഗണനയെ അന്തര്‍ദേശീയ തലത്തില്‍ തന്നെ നാം വിശകലന വിധേയമാക്കേണ്ടതുണ്ട്. സോവിയറ്റ് യൂനിയന്‍ തകരുന്നത് 1991-ലാണ്. ബാബരി മസ്ജിദ് നശിപ്പിക്കപ്പെട്ടത് 1992-ലാണ്. സോവിയറ്റ് യൂനിയന്റെ പതനാനന്തരമാണ് അമേരിക്കന്‍ സാമ്രാജ്യത്വം, ഇസ്‌ലാമോഫോബിയ വളര്‍ത്തിക്കൊണ്ടുവരുന്നതും അതിനെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതും. 1992-ലെ ബാബരി മസ്ജിദ് നശീകരണത്തിന് ശേഷമാണ് വര്‍ഗീയതയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതില്‍ സംഘ്പരിവാര്‍ വിജയിക്കുന്നതും ബി.ജെ.പി അധികാര രാഷ്ട്രീയത്തില്‍ പിടിമുറുക്കുന്നതും. രാജീവ് ഗാന്ധിയുടെ ഒരു നിലപാട് ഇതിന് സഹായകമായിട്ടുണ്ട്. 1986-ലാണ് രാജീവ് ഗാന്ധി ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ തുറന്നുകൊടുത്തത്. ആസന്നമായ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ടുള്ള ഒരു കാര്‍ഡിറക്കുകയാണ് രാജീവ് ഗാന്ധി ചെയ്തത്. ബാബരിയെ രാഷ്ട്രീയ ആയുധമാക്കാന്‍ കോണ്‍ഗ്രസ്സിനേക്കാള്‍ തങ്ങള്‍ക്കാണ് സാധിക്കുകയെന്ന ബി.ജെ.പിയുടെ തിരിച്ചറിവാണ് പിന്നീടുള്ള അവരുടെ നീക്കങ്ങളെ നിയന്ത്രിച്ചത്. അതിന്റെ തുടര്‍ച്ചയെന്നോണം, അവര്‍ക്ക് ഒന്നു രണ്ട് തവണ അധികാരത്തിലെത്താനായത് വര്‍ഗീയ ധ്രുവീകരണത്തിന്റെ സാധ്യതകള്‍ വെളിപ്പെടുത്തുകയും ചെയ്തു.

അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയുടെ ഇസ്‌ലാമോഫോബിയയും ദേശീയതലത്തില്‍ ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയവും 1990-കളിലാണ് സജീവമാവമായത്. പിന്നീടുണ്ടായ പല സംഭവങ്ങളിലും ഇരു വിഭാഗവും ബഹുമുഖ സ്വഭാവത്തില്‍ ഇസ്‌ലാമോഫോബിയ -വര്‍ഗീയ കാര്‍ഡ് ഇറക്കി കളിക്കുകയും ചെയ്തു. അത് സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ കാണാതിരുന്നിട്ട് കാര്യമില്ല.
കേരളത്തില്‍ സമീപകാലത്തുണ്ടായ ചില സംഭവങ്ങള്‍ ആശങ്കാജനകമാണ്. മുഹമ്മദ് നബിയെ നിന്ദിക്കുന്ന പുസ്തകങ്ങള്‍, ചോദ്യപേപ്പര്‍, മുസ്‌ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രം (മഫ്ത) ധരിക്കുന്നതിന് ചില സ്‌കൂളുകളിലുണ്ടായ വിലക്ക്, ചോദ്യ പേപ്പര്‍ വിവാദത്തിലെ അധ്യാപകന്റെ കൈ ചില അക്രമികള്‍ വെട്ടി മാറ്റിയത്.... ഇത്തരം സംഭവങ്ങള്‍ നമ്മുടെ സാമൂഹികാന്തരീക്ഷത്തില്‍ എന്ത് പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്?

എപ്പോഴൊക്കെ മുസ്‌ലിം സമുദായത്തെ വൈകാരികമായി ഇളക്കിവിട്ട് ഏതെങ്കിലും മുഖ്യ വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കേണ്ടതുണ്ടോ അപ്പോഴൊക്കെ പ്രവാചകനിന്ദ പോലെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാക്കപ്പെടുന്നത് കാണാം. പെട്ടെന്ന് പ്രകോപിപ്പിക്കാന്‍ കഴിയുന്ന സമുദായമാണിവര്‍. ഒരുപക്ഷേ ദൈവത്തെക്കുറിച്ച് പറഞ്ഞാല്‍ ഉണ്ടാകുന്നതിലേറെ വൈകാരിക പ്രക്ഷുബ്ധത നബിയെക്കുറിച്ച് പറഞ്ഞാല്‍ ഉണ്ടാകും എന്ന തോന്നലുണ്ട് ചിലര്‍ക്ക്. മുഹമ്മദ് നബിയെ താറടിക്കുന്ന രൂപത്തില്‍ അവതരിപ്പിക്കുന്നത് മുസ്‌ലിംകളെ പ്രകോപിപ്പിച്ച് തെരുവിലിറക്കാനുള്ള മാര്‍ഗമായി ചില ബുദ്ധികേന്ദ്രങ്ങള്‍ മനസ്സിലാക്കുന്നു. ഡന്‍മാര്‍ക്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രവാചകനിന്ദാ കാര്‍ട്ടൂണുകളുടെയും ലക്ഷ്യം അതാണ്. പെട്ടെന്ന് പ്രതികരിക്കുക എന്ന മുസ്‌ലിം സമൂഹത്തിന്റെ സ്വഭാവത്തെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരില്‍ എങ്ങനെ ഉപയോഗിക്കാം എന്ന ഗൂഢാലോചനയുടെ സൃഷ്ടിയാണ് ആ കാര്‍ട്ടൂണ്‍.

ഇത് തിരിച്ചറിഞ്ഞ്, പക്വതയോടെയും സംയമനത്തോടെയും ഒരു പ്രബോധകന്റെ സംവാദ മനസ്സോടെയും പ്രതികരിക്കാനുള്ള വിവേകം മുസ്‌ലിംസമൂഹം കാണിക്കണം. അവരെ സംയമനത്തിന്റ വഴിയില്‍ നയിക്കാനുള്ള വിവേകം മുസ്‌ലിം നേതൃത്വത്തിനും ഉണ്ടാകണം.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ചോദ്യപേപ്പറില്‍ നടത്തിയ പ്രവാചകനിന്ദയെ ഇങ്ങനെ കൈകാര്യം ചെയ്യാന്‍ മുസ്‌ലിം സമൂഹത്തിന് സാധിച്ചിട്ടുണ്ടോ?

ചോദ്യപേപ്പര്‍ വിവാദത്തില്‍ മുസ്‌ലിം സമുദായത്തിന്റെ പ്രതികരണത്തെ ശരിയായ ദിശയില്‍ നയിക്കാനുള്ള ശ്രമം മുസ്‌ലിം നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. വിഷയം സംയമനത്തോടെയും പക്വതയോടെയും തന്നെയാണ് മുസ്‌ലിം സമൂഹം കൈകാര്യം ചെയ്തത്. ഇസ്‌ലാമിക സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ളതായിരുന്നു അതെന്ന് പറയാം. അതിനനുസൃതമായ പ്രതികരണവും നടപടികളും ഗവണ്‍മെന്റിന്റെയും ക്രൈസ്തവ സഭയുടെയും ന്യൂമാന്‍ കോളേജ് അധികൃതരുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.

എന്നാല്‍, ചോദ്യപേപ്പറിലെ നബിനിന്ദാ പ്രശ്‌നം സംയമനത്തോടെ കൈകാര്യം ചെയ്തത് കണ്ട് അടങ്ങിയിരിക്കാന്‍ രണ്ടു വിഭാഗങ്ങള്‍ക്ക് സാധ്യമല്ല. ഒരു വിഭാഗം മുസ്‌ലിം സമുദായത്തിലെ വൈകാരികതയെ ചൂഷണം ചെയ്ത് പാര്‍ട്ടി വളര്‍ത്തണം എന്നാഗ്രഹിക്കുന്ന തീവ്രവാദ ചിന്താഗതിക്കാരാണ്. മുസ്‌ലിം സമൂഹത്തെ പ്രകോപിതരാക്കി തെരുവിലിറക്കി ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തണം എന്നാഗ്രഹിക്കുന്ന ഇസ്‌ലാംവിരോധികളാണ് രണ്ടാമത്തേത്. ഒരു അക്രമിസംഘം അധ്യാപകന്റെ കൈവെട്ടിയതോടുകൂടി ഈ രണ്ട് വിഭാഗങ്ങളും വിജയിച്ചു. വലിയ വിജയമുണ്ടായത്, 'ഇസ്‌ലാംപേടി' വളര്‍ത്തിയെടുക്കാന്‍ തക്കം പാര്‍ത്തിരുന്ന ഇസ്‌ലാംവിരോധികള്‍ക്കാണ്. കൈവെട്ടിയതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ തീവ്രവാദികള്‍ക്കും വര്‍ഗീയവാദികള്‍ക്കും പരസ്പരം സഹായമാവുകയാണ് ചെയ്യുന്നത്. ഒരു സമുദായത്തിലെ വര്‍ഗീയവാദികളായിരിക്കും മറ്റൊരു സമുദായത്തിലെ വര്‍ഗീയവാദികള്‍ക്ക് ഏറ്റവുമധികം സഹായം ചെയ്യുന്നത്. ഇരു വിഭാഗങ്ങളും ഊര്‍ജം സ്വീകരിക്കുന്നത് എതിരാളികളില്‍നിന്നാണ്. മുസ്‌ലിം സമൂഹത്തിലെ തീവ്രവാദികള്‍ക്ക് ഊര്‍ജം നല്‍കുന്നത് ഹിന്ദുത്വ വര്‍ഗീയതയുടെ വക്താക്കളാണ്. സംഘ്പരിവാര്‍ വര്‍ഗീയവാദികള്‍ക്ക് ഊര്‍ജം നല്‍കുന്നത് മുസ്‌ലിം സമുദായത്തിലെ നാമമാത്രം വരുന്ന തീവ്രവാദികളാണ്.
പ്രവാചകനിന്ദ, പര്‍ദ/മഫ്ത വിരോധം, ഖുര്‍ആനെതിരായ വിമര്‍ശനം തുടങ്ങിയ ഇസ്‌ലാമോഫോബിയയുടെ ഭാഗമായ പ്രചാരണങ്ങളെ ജമാഅത്തെ ഇസ്‌ലാമി എങ്ങനെയാണ് കാണുന്നത്?

ഇസ്‌ലാമും മുഹമ്മദ് നബിയും വിമര്‍ശിക്കപ്പെടുന്നത് പുതിയ സംഭവമല്ല. ഇസ്‌ലാമിന്റെ ആരംഭം മുതല്‍, മുഹമ്മദ് നബിയുടെ പ്രബോധനത്തിന്റെ തുടക്കം മുതല്‍ എതിര്‍പ്പുകളും വിമര്‍ശനങ്ങളുമുണ്ടായിട്ടുണ്ട്. നബിയുടെ കാലശേഷം പതിനാല് നൂറ്റാണ്ടുകളായി ഇന്നോളം പല സ്വഭാവത്തില്‍ അത് തുടരുന്നുമുണ്ട്. അത്തരം വിമര്‍ശനങ്ങളിലും എതിര്‍പ്പുകളിലും ഇസ്‌ലാം തകര്‍ന്നുപോവുകയോ മുഹമ്മദ് നബിയുടെ വ്യക്തിത്വത്തിന്റെ തിളക്കം നഷ്ടപ്പെട്ടു പോവുകയോ ചെയ്യില്ല. അങ്ങനെ തകരുകയാണെങ്കില്‍ അത് മുമ്പേ സംഭവിക്കേണ്ടതായിരുന്നു. എന്നല്ല, എല്ലാവരും വിമര്‍ശനങ്ങള്‍ അപ്പടി വിശ്വസിക്കുന്നവരല്ല. ഇസ്‌ലാമിനെ പഠിക്കാനും സത്യം മനസ്സിലാക്കാനും നബിയുടെ വ്യക്തിത്വം അടുത്തറിയാനും വിമര്‍ശനങ്ങള്‍ ധാരാളമാളുകളെ സഹായിച്ചിട്ടുണ്ടെന്നതാണ് ഇസ്‌ലാമിന്റെ ചരിത്രം.

ഇസ്‌ലാമിനെ വിമര്‍ശിക്കുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കിയിട്ടുള്ള പ്രസ്ഥാനം, ജമാഅത്തെ ഇസ്‌ലാമിയെപ്പോലെ വേറെയൊന്ന് ഇന്ത്യയിലില്ല. ഇസ്‌ലാമിന്റെ ഏതേത് വശങ്ങളാണോ വിമര്‍ശിക്കപ്പെട്ടിട്ടുള്ളത്, അവക്കെല്ലാം അതത് സന്ദര്‍ഭങ്ങളില്‍ തന്നെ ആര്‍ജവത്തോടെ ജമാഅത്ത് മറുപടി പറഞ്ഞിട്ടുണ്ട്. ആ മറുപടികള്‍, ബുദ്ധിപരവും വിമര്‍ശകരുടെ വായടപ്പിക്കുന്നതും സംവാദത്തിന്റെ സംസ്‌കാരം കാത്തുസൂക്ഷിക്കുന്നതുമായിരുന്നു. ജമാഅത്തെ ഇസ്‌ലാമി വിമര്‍ശനങ്ങള്‍ക്ക് നല്‍കിയ മറുപടികളോരോന്നും ആളുകളുടെ മനസ്സിനോടും മസ്തിഷ്‌കത്തോടും സംവദിക്കുന്നതാണ്. വൈകാരികത സൃഷ്ടിക്കുന്ന പ്രതികരണങ്ങളിലല്ല, വിചാരത്തെ ഉദ്ദീപിപ്പിക്കുന്ന ആശയസമരത്തിലാണ് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നത്. പ്രവാചകനിന്ദയുടെ വിഷയത്തിലും ഇതുതന്നെയാണ് ജമാഅത്തിന്റെ സമീപനം. ഇടമറുകിന്റെ ഖുര്‍ആന്‍ - പ്രവാചക വിമര്‍ശനത്തിന് യുക്തിവാദികളും ഇസ്‌ലാമും എന്ന പ്രൗഢ ഗ്രന്ഥത്തിലൂടെയാണ് ജമാഅത്ത് മറുപടി നല്‍കിയത്. പ്രബോധനം വാരികയുടെ താളുകള്‍ പരിശോധിച്ചാല്‍ എത്ര ക്രിയാത്മകവും ചടുലവുമായാണ് ഇസ്‌ലാംവിമര്‍ശനങ്ങളെ ജമാഅത്ത് കൈകാര്യം ചെയ്തതെന്ന് മനസ്സിലാകും. ശരീഅത്ത് വിമര്‍ശന കാലത്തിറക്കിയ ശരീഅത്ത് പതിപ്പ് ഇതിലൊരു നാഴികക്കല്ലാണ്. ഇതെല്ലാം വലിയ സ്വാധീനമാണ് കേരളത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്.

വൈജ്ഞാനികാടിത്തറയില്‍ വിമര്‍ശനങ്ങളെ ആശയപരമായി നേരിടുക എന്നതാണ് ജമാഅത്തിന്റെ ശൈലി. വിമര്‍ശകരെ ആയുധം കൊണ്ട് നേരിടുകയും നിയമം കൈയിലെടുക്കുകയും ചെയ്യുന്നത് ശരിയായ സമീപനമല്ല എന്നാണ് ജമാഅത്തിന്റെ നിലപാട്. നിയമവ്യവസ്ഥയെ നാം അട്ടിമറിക്കരുത്. ജമാഅത്തെ ഇസ്‌ലാമി ആദര്‍ശപ്രബോധന മാര്‍ഗത്തില്‍ നിയമവ്യവസ്ഥയെ അനുസരിച്ചുകൊണ്ട് മാത്രമേ പ്രവര്‍ത്തിക്കൂ. നിയമവാഴ്ചയെ വെല്ലുവിളിക്കുക ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ശൈലിയല്ല. അതുകൊണ്ട്, നബിനിന്ദാ ചോദ്യം രചിച്ച ആളുടെ കൈവെട്ടിയ സംഭവം രാജ്യത്തിന്റെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയും ഇസ്‌ലാമിക സംസ്‌കാരത്തിന് വിരുദ്ധവുമാണെന്നാണ് ജമാഅത്ത് മനസ്സിലാക്കുന്നത്.

ചോദ്യപേപ്പറില്‍ നബിനിന്ദാ പരാമര്‍ശം നടത്തിയതിനെ ശക്തമായ ഭാഷയില്‍ ജമാഅത്ത് അപലപിച്ചിട്ടുണ്ട്. മുസ്‌ലിം സംഘടനകളോടൊപ്പം പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിക്കുകയും നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു കാര്യം ജമാഅത്ത് അന്ന് പ്രത്യേകം പറഞ്ഞിരുന്നു; 'പ്രവാചക നിന്ദ' എന്ന ചിന്തയില്ലാതെയാണ് അധ്യാപകന്‍ ചോദ്യം തയാറാക്കിയതെങ്കില്‍ അദ്ദേഹം ചിന്താശേഷിയില്ലാത്ത ആളാണ്. അത്തരമൊരാളെ ആ ജോലിക്ക് പറ്റുകയില്ല. അതല്ല, ബോധപൂര്‍വമാണ് അത് ചെയ്തതെങ്കില്‍ അന്താരാഷ്ട്ര ഇസ്‌ലാംവിരുദ്ധ ഗൂഢാലോചനയുടെ കണ്ണിയാവുകയാണ് അദ്ദേഹം ചെയ്തത്. അങ്ങനെയാണെങ്കിലും അദ്ദേഹത്തെ ഈ ചുമതല ഏല്‍പിക്കാന്‍ പറ്റില്ല. ഇത് അന്നുതന്നെ ജമാഅത്ത് വ്യക്തമാക്കിയിട്ടുള്ളതാണ്.
സംഭവത്തെത്തുടര്‍ന്ന് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടികളുണ്ടായി. സഭയും കോളേജ് അധികൃതരും വിഷയത്തില്‍ ഇടപെട്ടു, അധ്യാപകനെതിരെ നടപടികളെടുത്തു. അധ്യാപകന്‍ തന്നെയും സംഭവത്തില്‍ മാപ്പ് പറഞ്ഞു. നിയമനടപടി നേരിടുന്ന അധ്യാപകനെ, നിയമവ്യവസ്ഥക്കു വിട്ടുകൊടുക്കുന്നതിനു പകരം നിയമം കൈയിലെടുത്തുകൊണ്ട് ഇത്തരമൊരു അക്രമം ചെയ്യുകയെന്നത് ഇസ്‌ലാമിനെ മനസ്സിലാക്കിയ ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടാവുകയില്ല.
കൈവെട്ടിയതുപോലുള്ള സമീപനങ്ങള്‍ പ്രവാചകന്റെ പാരമ്പര്യത്തിന് നിരക്കുന്നതാണോ?

മുഹമ്മദ് നബിയുടെ വ്യക്തിത്വം തന്നെ ആക്രമിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ ഉണ്ടായിട്ടുണ്ട്. പ്രാര്‍ഥനയില്‍ കഴിയുന്ന നബിയുടെ കഴുത്തില്‍ ഒട്ടകത്തിന്റെ കുടല്‍മാല ഇട്ടു, ത്വാഇഫ് പ്രദേശത്ത് അഭയം ചോദിച്ചെത്തിയപ്പോള്‍ കല്ലെറിഞ്ഞ് ആട്ടിയോടിച്ചു, പല തെറിവാക്കുകളും വിളിച്ച് നിന്ദിച്ചു, മതില്‍ കെട്ടിന് മുകളില്‍നിന്ന് കല്ല് തലയില്‍ ഇട്ട് കൊല്ലാന്‍ ശ്രമിച്ചു, വാളെടുത്ത് തലവെട്ടാന്‍ ശ്രമിച്ചു, നബിയെ പിടികൂടി കൊണ്ടുവരുന്നവര്‍ക്ക് നൂറ് ഒട്ടകം വാഗ്ദാനം ചെയ്തു... ഇങ്ങനെ ധാരാളം സംഭവങ്ങള്‍ കാണാം. ഇതിലെല്ലാം നബി കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും മാപ്പു കൊടുക്കുന്നതിന്റെയും ഉദാത്തമായ മാതൃകയാണ് കാഴ്ചവെച്ചത്.
കൈവെട്ടിയ സംഭവവും തുടര്‍ന്നുള്ള പ്രചാരണങ്ങളും വമ്പിച്ച സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും നമ്മുടെ മതസൗഹാര്‍ദത്തിനും ഒട്ടും ഗുണകരമല്ല. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരായ ചിന്ത വളര്‍ത്തുന്നതിന് ഇത് കാരണമായി. സാമുദായിക ധ്രുവീകരണത്തിന് ഇത് ആക്കം കൂട്ടി. എന്നല്ല, വിഷയം കീഴ്‌മേല്‍ മറിഞ്ഞു എന്നതാണ് പ്രധാന പ്രശ്‌നം. അതായത്, ചോദ്യപേപ്പറിലെ പ്രവാചകനിന്ദക്കെതിരായിരുന്നു കേരളത്തിന്റെ പൊതുവികാരം. ആ പൊതുവികാരത്തെ, നിന്ദിക്കപ്പെട്ട പ്രവാചകനെതിരായ വികാരമാക്കി മാറ്റാന്‍ കൈവെട്ട് സംഭവം കാരണമായി.
ഇസ്‌ലാമിന്റെ വിമര്‍ശകര്‍ ഇസ്‌ലാമിനെക്കുറിച്ച് പ്രചരിപ്പിക്കുന്ന ഒരു ചിത്രമാണ് ഇതിലൂടെ സമൂഹത്തിന് ലഭിച്ചത് എന്നാണോ?

 വളരെ വിവേകമതികള്‍ക്ക് മാത്രമേ, ഇന്ന് ലോകത്ത് ഇസ്‌ലാംവിരോധികള്‍ ഇസ്‌ലാമിനെതിരെ ഏതുതരം യുദ്ധമാണ് നടത്തുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. ഞാന്‍ നേരത്തെ പറഞ്ഞു, ഇസ്‌ലാമിനെതിരായ പേടി വളര്‍ത്തുകയാണ് സാമ്രാജ്യത്വ ശക്തികളും വര്‍ഗീയവാദികളും അവരുടെ ഉപകരണങ്ങളായ മാധ്യമങ്ങളും ചെയ്യുന്നത്. മീഡിയയില്‍ അതിനനുസരിച്ചുള്ള കാര്യങ്ങള്‍ ക്രമപ്പെടുത്തുക എന്നതാണവരുടെ അജണ്ട. ഇതാണ് ഇസ്‌ലാമിനെതിരിലുള്ള ഏറ്റവും വലിയ യുദ്ധം. അപ്പോള്‍ ഇസ്‌ലാമിനെതിരായ യുദ്ധം ഏതെങ്കിലും കോളേജിലോ ഇടവഴിയിലോ സെമിനാരിയിലോ നടക്കുന്നതല്ല. അത് നടക്കുന്നത് മാധ്യമങ്ങളിലാണ്. കേരളത്തിലും അത് നടക്കുന്നുണ്ട്. ഇസ്‌ലാമിക മാര്‍ഗത്തിലുള്ള സമരം -ജിഹാദ്- നയിക്കുന്ന ആള്‍ യഥാര്‍ഥത്തില്‍ ചെയ്യേണ്ടത് ഇസ്‌ലാമിന്റെ ഇമേജ് മാധ്യമങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുകയെന്നതാണ്. ദൈവിക ദര്‍ശനത്തെ ഉയര്‍ത്തുക എന്നതാണ് ജിഹാദിന്റെ ലക്ഷ്യം. അത് തിരിച്ചറിയുന്നവര്‍ മാധ്യമങ്ങളില്‍ ഇസ്‌ലാമിന്റെ ഇമേജ് കാത്തുസൂക്ഷിക്കാനാണ് ശ്രമിക്കേണ്ടത്.
കൈവെട്ടിയ ആള്‍ മാധ്യമങ്ങള്‍ക്ക് സംഭാവന ചെയ്ത ഇസ്‌ലാമിന്റെ ഒരു ചിത്രമുണ്ട്. കൈ നഷ്ടപ്പെട്ട ആള്‍ക്ക് രക്തം നല്‍കിയ യുവാക്കളുണ്ട്. അവര്‍ മുസ്‌ലിം സമുദായത്തില്‍ പെട്ടവരാണ്. അവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഇസ്‌ലാമിന്റെ ഒരു ചിത്രമുണ്ട്. ഇതില്‍ ആരാണ് ഇസ്‌ലാമിന്റെ അനുകൂലികള്‍, പ്രചാരകര്‍ എന്ന് മുസ്‌ലിംകളും നമ്മുടെ സമൂഹവും വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ടതാണ്. ആക്രമിക്കപ്പെട്ട അധ്യാപകന് രക്തം നല്‍കിയ സോളിഡാരിറ്റി പ്രവര്‍ത്തകര്‍, ഇസ്‌ലാമിന്റെയും മുഹമ്മദ് നബിയുടെയും സുന്ദരമായ ഒരു ചിത്രമാണ് അവതരിപ്പിച്ചത്. ഈ മഹദ് കര്‍മത്തിന് മുഹമ്മദ് നബിയുടെ ജീവിതത്തില്‍ മാതൃകയുണ്ട്. നബിയെയും അനുയായികളെയും ആട്ടിപ്പുറത്താക്കുകയും യുദ്ധം ചെയ്ത് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ശത്രുക്കള്‍ക്ക് ക്ഷാമം ബാധിച്ചപ്പോള്‍ നബി ഭക്ഷണം ശേഖരിച്ച് അയച്ചുകൊടുത്തു. കൊല്ലുമെന്ന് പറഞ്ഞ് വാളൂരിയ ശത്രുവിന്റെ കൈയില്‍നിന്ന് വാള്‍ കൈവശപ്പെടുത്തിയ നബി, അയാള്‍ക്ക് മാപ്പ് കൊടുത്ത് വിട്ടയക്കുന്നു. 'എന്റെ കൈയില്‍ നിന്ന് രക്ഷപ്പെടാന്‍ ആരാണ് നിന്നെ സഹായിക്കുക' എന്ന് നബി അയാളോട് ചോദിച്ചു. 'അല്ലാഹുവും മുഹമ്മദും' എന്നയാള്‍ മറുപടി പറഞ്ഞു. അയാള്‍ പ്രതീക്ഷിച്ച സഹായം- മാപ്പ് നല്‍കി വിട്ടയക്കല്‍- നബി അയാള്‍ക്ക് നല്‍കി. ഇത്തരം മാതൃകകള്‍ തന്നെയാണ് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നത്.
ചോദ്യപേപ്പറില്‍ പ്രവാചകനിന്ദ നടത്തിയ അധ്യാപകനെതിരിലുള്ള ആക്രമണത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് (പി.എഫ്.ഐ) എന്ന സംഘടനയാണെന്നാണല്ലോ പോലീസും മാധ്യമങ്ങളും പറയുന്നത്. കേസില്‍ പിടിക്കപ്പെട്ടതെല്ലാം അവരുടെ പ്രവര്‍ത്തകരുമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളോടുള്ള ജമാഅത്തിന്റെ സമീപനം എന്താണ്?

 അധ്യാപകനെതിരെ ആക്രമണം നടത്തിയ വ്യക്തികളും സംഘടനയും ആരാണെന്ന് നിഷ്പക്ഷമായ അന്വേഷണം നടത്തി കൃത്യമായ തെളിവുകളോടെ സ്ഥാപിക്കപ്പെടണം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരിലേക്കാണ് മിക്കവാറും എല്ലാവരും വിരല്‍ചൂണ്ടുന്നത്. എന്നാല്‍ പി.എഫ്.ഐ നേതൃത്വവും അവരുടെ തേജസ് പത്രവും സംഭവത്തെ അപലപിക്കുകയാണ് ചെയ്തിട്ടുള്ളത്. സംഭവത്തിനു പിന്നില്‍ ആരാണെങ്കിലും അവര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കണം എന്നാണ് ജമാഅത്തിന്റെ നിലപാട്.

ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും തീര്‍ത്തും ഭിന്നമായ നയപരിപാടികളോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരസ്പര വിരുദ്ധമായ മാര്‍ഗങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ജമാഅത്തും പോപ്പുലര്‍ ഫ്രണ്ടും സ്വീകരിച്ചിട്ടുള്ളത്. ജമാഅത്തെ ഇസ്‌ലാമി പറയുന്നത്, നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതും വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് നയിക്കാത്തതും നിര്‍മാണാത്മകവും മതസൗഹാര്‍ദവും സംവാദാന്തരീക്ഷവും നിലനിര്‍ത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ മാത്രമേ മുസ്‌ലിം സമൂഹം സ്വീകരിക്കാവൂ എന്നാണ്. ജമാഅത്തിന്റെ ഭരണഘടനയിലും പോളിസി പ്രോഗ്രാമിലും അത് വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ ജമാഅത്തിന് കണിശമായ നിലപാടുതന്നെയുണ്ട്. പ്രശ്‌നങ്ങള്‍ക്ക്, ജനാധിപത്യപരവും നിയമവിധേയവുമായ പരിഹാരങ്ങളേ തേടാവൂ. ജനാധിപത്യ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും നിയമസംവിധാനങ്ങളെയും നീതിന്യായ വ്യവസ്ഥയെയും സ്ഥാപനങ്ങളെയും ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാം ഉപയോഗപ്പെടുത്തണം, അതല്ലാത്ത വഴികള്‍ സ്വീകരിക്കരുത് എന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സുചിന്തിതമായ നിലപാട്. പ്രസ്ഥാനത്തിന്റെ അറുപത് വര്‍ഷത്തെ ചരിത്രത്തില്‍ ഈ നിലപാടില്‍നിന്ന് അണുഅളവ് പോലും വ്യതിചലിച്ചിട്ടില്ല. ജമാഅത്തെ ഇസ്‌ലാമിക്കകത്ത് ഒരു പോപ്പുലര്‍ ഫ്രണ്ടുകാരനും ഉണ്ടാവുകയില്ല. പോപ്പുലര്‍ ഫ്രണ്ടിനകത്ത് ഒരു ജമാഅത്തുകാരനും ഉണ്ടാവുകയില്ല. ഇങ്ങനെ ഉണ്ടാവുകയില്ല എന്ന് പറയാന്‍ കഴിയുന്ന ഏക സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി.
ഈയൊരു സാമൂഹികാന്തരീക്ഷത്തില്‍ എന്ത് സന്ദേശമാണ് ജമാഅത്തെ ഇസ്‌ലാമി കേരള ജനതക്ക് നല്‍കുന്നത്?

സഹസ്രാബ്ദങ്ങളായി കേരളീയ സമൂഹം കാത്തുസൂക്ഷിക്കുന്ന സംയമനവും മതസൗഹാര്‍ദത്തിന് കോട്ടം തട്ടാതിരിക്കാനുള്ള നടപടികളും ഈ സാഹചര്യത്തിലും നാം ഉയര്‍ത്തിപ്പിടിക്കണം. യുദ്ധങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും ഉണ്ടാകുമ്പോള്‍, കിംവദന്തികള്‍ പ്രചരിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുതെന്ന് സാധാരണ പറയാറുണ്ട്. ഈ ഉദ്‌ബോധനം ഇന്ന് കൂടുതല്‍ പ്രസക്തമാണ്. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് ചിലപ്പോഴെങ്കിലും ഔദ്യോഗിക കേന്ദ്രങ്ങളാണെന്നതാണ് ദുഃഖകരമായ വസ്തുത. ജന മനസ്സുകളില്‍ തറക്കുംവിധം ദൃശ്യമാധ്യമങ്ങള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നുണ്ട്. വസ്തുതകളെയും കിംവദന്തികളെയും വേര്‍തിരിക്കാന്‍ കഴിയാത്തവിധം ആശയക്കുഴപ്പം സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സത്യസന്ധമായ വാര്‍ത്തകള്‍ മാത്രമേ വിശ്വസിക്കാവൂ. പോലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായി തെളിഞ്ഞ സംഭവങ്ങളും വാര്‍ത്തകളും മാത്രമേ മാധ്യമങ്ങള്‍ക്ക് നല്‍കാവൂ. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരില്‍ പോലീസ് ഉള്‍പ്പെടരുത്. മത നേതാക്കള്‍ അവരവരുടെ സമുദായങ്ങളിലെ യുവാക്കള്‍ ഏതെല്ലാം തെറ്റായ വഴികളിലേക്കാണ് പോകുന്നതെന്ന് തിരിച്ചറിയുകയും അവരെ നേര്‍വഴിയിലേക്ക് നയിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ന് വ്യത്യസ്ത സമുദായ സംഘടനകള്‍ ധാരാളം വിദ്യാലയങ്ങള്‍ നടത്തുന്നുണ്ട്. അത്തരം വിദ്യാലയങ്ങളില്‍ മത സൗഹാര്‍ദവും പരമത വിശ്വാസങ്ങളെ ആദരിക്കാനുള്ള മനസ്സും വളര്‍ത്തിയെടുക്കാന്‍ ഉപകരിക്കുന്ന പാഠങ്ങളാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ടത്. അതിനുപകരം, പരമതനിന്ദയും ഏതെങ്കിലും മതവിഭാഗത്തോട് വെറുപ്പും സൃഷ്ടിക്കുന്ന പാഠങ്ങളോ സന്ദേശങ്ങളോ വിദ്യാലയങ്ങളില്‍ നല്‍കരുത്. ഏതൊരാളുടെയും മത ചിഹ്നങ്ങളെയും വിശ്വാസങ്ങളെയും ഹനിക്കാനും മൗലികാവകാശങ്ങള്‍ തടയാനും വിദ്യാലയാധികൃതര്‍ ശ്രമിക്കരുത്. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോവുകയാണ് നമുക്ക് കരണീയമായിട്ടുള്ളത്.
(Prabodhanam Weekly_31.7.2010)

ചൊവ്വാഴ്ച, ജൂലൈ 27, 2010

മുഖ്യമന്തി അവഹേളിക്കുന്നത് ആരെ ?

ഡല്‍ഹിയില്‍ ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്തി വി.എസ്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്ന നിലക്ക് നടത്തിയ പ്രസ്താവന ആരെ ലക്ഷ്യം വെച്ചാണ്? ആരെയാണ് അതില്‍ അവഹേളിക്കുന്നത്?. തികഞ്ഞ അല്‍പത്തം പ്രകടിപ്പിക്കുന്ന ഒന്നായി പോയി ആ പ്രസ്താവന എന്ന കാര്യത്തില്‍ പൊതുവെ അഭിപ്രായ ഐക്യമുണ്ട്. അതുകൊണ്ട് തന്നെയായിരിക്കണം ദേശാഭിമാനി പ്രസ്തുത പ്രസ്താവനക്ക് ഒട്ടും പ്രാധാന്യം നല്‍കാതിരുന്നത്.  തൊഗാഡിയയെപ്പോലുള്ള കടുത്ത ഹിന്ദുത്വ വര്‍ഗീയവാദികളുടെ അതേ ശൈലിയും ആശയവും നാട് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ വായയില്‍കൂടി പുറത്ത് വന്നതാണ് മുസ്‌ലിം വിഭാഗത്തെ ചൊടിപ്പിച്ചത്.

മുഖ്യമന്തി ഇത്രയും പ്രകോപിതനാകാന്‍ എന്താണ് കാരണം ഇതിനെക്കുറിച്ചു പത്രപ്രവര്‍ത്തകര്‍ പല ഊഹങ്ങളും നടത്തിയിട്ടുണ്ട്. അതിലൊന്ന് ഇതാണ്.


{{{ പോ­പ്പു­ലര്‍ ഫ്ര­ണ്ട് കേ­ന്ദ്ര­ങ്ങള്‍ റെ­യ്ഡ് ചെ­യ്യു­ന്ന­തി­നി­ട­യില്‍ കണ്ടെ­ത്തിയ സര്‍­ഫ്രാ­സ് നവാ­സ് എഴു­തിയ ജനാ­ധി­പ­ത്യ വി­രു­ദ്ധ പ്ര­സ്താ­വ­ന­ങ്ങള്‍ ഉള്‍­ക്കൊ­ള്ളു­ന്ന പു­സ്ത­ക­മാ­ണ് മു­ഖ്യ­മ­ന്ത്രി­യെ പ്ര­കോ­പി­ക്കാന്‍ കാ­ര­ണ­മെ­ന്നാ­ണ് കരു­ത­പ്പെ­ടു­ന്ന­ത്. ബാം­ഗ്ലൂര്‍ സ്ഫോ­ട­ന­ക്കേ­സില്‍ പ്ര­തി­യാ­ക്ക­പ്പെ­ട്ട തടി­യ­ന്റ­വിട നസീ­റി­ന്റെ അനു­യാ­യി­യായ സര്‍­ഫ്രാ­സ് നവാ­സ് എഴു­തിയ ജനാ­ധി­പ­ത്യ­ത്തെ­ക്കു­റി­ച്ചൊ­രു കാ­ഴ്ച­പ്പാ­ട് എന്ന പു­സ്ത­ക­ത്തില്‍ മു­ഴു­വന്‍ ജനാ­ധി­പ­ത്യ­വി­രു­ദ്ധ പരാ­മര്‍­ശ­ങ്ങ­ളാ­ണു­ള്ള­ത്. ജനാ­ധി­പ­ത്യ­ത്തെ അട്ടി­മ­റി­ച്ച് ഇസ്ലാ­മിക ഭര­ണ­കൂ­ടം സ്ഥാ­പി­ക്ക­ണ­മെ­ന്ന് ആ പു­സ്ത­ക­ത്തില്‍ പറ­യു­ന്നു. ജനാ­ധി­പ­ത്യ രാ­ജ്യ­ത്തെ കോ­ട­തി­കള്‍­ക്ക് പക­രം ദൈ­വ­ത്തി­ന്റെ കോ­ട­തി­കള്‍ സ്ഥാ­പി­ക്ക­ണ­മെ­ന്നും പു­സ്ത­ക­ത്തില്‍ വ്യ­ക്ത­മാ­ക്കു­ന്നു. പി­ടി­ച്ചെ­ടു­ത്ത പു­സ്ത­ക­ത്തെ­ക്കു­റി­ച്ച് ഉന്നത ഉദ്യോ­ഗ­സ്ഥര്‍ മു­ഖ്യ­മ­ന്ത്രി­യെ ധരി­പ്പി­ച്ചു­ണ്ടെ­ന്നാ­ണ് വി­വ­രം. ഇതി­ന്റെ അടി­സ്ഥാ­ന­ത്തി­ലാ­ണ് മു­ഖ്യ­മ­ന്ത്രി­യു­ടെ പരാ­മര്‍­ശ­ങ്ങള്‍ ഉണ്ടാ­യി­രി­ക്കു­ന്ന­ത്.}}}

മുഖ്യമന്തി വി.എസ്. എഴുതികൊടുക്കുന്നത് വായിക്കുകയും പറഞ്ഞുകൊടുക്കുന്നത് ഏറ്റുപറയുകയുമാണ് സാധാരണയായി ചെയ്യാറുള്ളത് എന്ന് എല്ലാവര്‍ക്കും അറിയാം. അതിനപ്പുറം കാര്യങ്ങളെ ദീര്‍ഘദൃഷ്ടിയോടുകൂടി കണ്ടുകൊണ്ട് സാമൂഹിക സാഹചര്യങ്ങളെ മനസ്സിലാക്കി ഉള്‍കാഴ്ചയോടെ അവതരിപ്പിക്കുന്ന ശൈലി ഏതായാലും ഇന്നോളം വി.എസ് പ്രകടിപ്പിച്ചു കണ്ടിട്ടില്ല.

മുസ്ലിംകളില്‍നിന്ന് പൂര്‍ണമായി ഒറ്റപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കാന്‍ മാത്രമേ ഈ പ്രസ്താവന ഉതകുകയുള്ളൂ. പോപ്പുലര്‍ ഫ്രണ്ടിനെതിരെയും റെയ്ഡിലൂടെ നിരപരാധികളെ പീഢിപ്പിക്കുന്നതിലൂടെ തീവ്രവാദികള്‍ക്ക് പിന്തുണയേകുന്ന പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന ചില മുസ്്‌ലിം നേതാക്കളുടെ ആവശ്യത്തിനെതിരെയുമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെങ്കിലും. അതില്‍ പ്രധാനമായും അവഹേളിക്കുന്നത് മുസ്്‌ലിംകളല്ലാത്ത ഇതര മതവിശ്വാസികളെയാണ് എന്നാണ് വ്യക്തിപരമായ അഭിപ്രായം. മുസ്്‌ലിം സമൂഹത്തില്‍ ഒട്ടും സ്വീകാര്യത നേടാത്ത ഒരു ന്യൂനപക്ഷം 20 വര്‍ഷം കൊണ്ട് കേരളത്തിലെ ഇതര വിശ്വാസികളെ പെണ്ണും പണവും നല്‍കി വിശ്വാസം മാറ്റാനുള്ള ശ്രമമാണ് എന്ന് പറയുമ്പോള്‍ അപമാനിക്കപ്പെടുന്നത് യഥാര്‍ഥത്തില്‍ ആരാണ്?. കമ്മ്യൂണിസത്തിന്റെ ഈ കളി എവിടെ ചെന്നവസാനിക്കും എന്നാണ് ഇപ്പോള്‍ ചിന്തിച്ചു പോകുന്നത്.

ഈ വിഷയത്തിലുള്ള രണ്ട് പ്രതികരണം ഇവിടെ നല്‍ക്കുന്നു. ഒന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ ആരിഫലിയുടെതും മറ്റൊന്നു സി.എം.പി പോളിറ്റ് ബ്യൂറോ അംഗം അഡ്വ. ജി. സുഗുണന്റെതുമാണ് തുടര്‍ന്ന് വായിക്കുക.

മുഖ്യമന്ത്രിയുടെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നത്: ടി.ആരിഫലി

കോഴിക്കോട്: കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും അതിനെ തടഞ്ഞുനിര്‍ത്തുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിലോമപരവും അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ കാലങ്ങളായി ഏറ്റെടുത്തു പ്രചരിപ്പിക്കുന്ന മുദ്രാവാക്യമാണ് മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവുമായ വി.എസ് അച്യൂതാനന്ദന്‍ ഏറ്റെടുത്തിരിക്കുന്നത്. ഗുജറാത്ത് വംശഹത്യക്ക് മുമ്പ് നരേന്ദ്രമോഡിയും സംഘപരിവാറും സമാനമായ പ്രചാരണങ്ങളാണ് ഗുജറാത്തില്‍ നടത്തിയിരുന്നത്. സമൂഹത്തില്‍ മതപരമായ വേര്‍തിരിവും മതവിദ്വേഷവും വളര്‍ത്തുന്ന തരത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചിരിക്കുന്നത്. തീവ്രവാദത്തിനെതിരെ സമുദായത്തിനകത്ത് നടക്കുന്ന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ഇത് ഉതകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പൊതുസമൂഹത്തെ അവിശ്വസിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. സി.പി.എം ഇറക്കുന്ന ഹിന്ദുത്വ കാര്‍ഡ് കളിയുടെ ഭാഗമാണ് ഈ പ്രസ്താവന. അടുത്ത കാലത്തായി സി.പി.എം സ്വീകരിച്ച മൃദുഹിന്ദുത്വ രാഷ്ട്രീയ ലൈന്‍ കൂടുതല്‍ തീവ്രമായ രീതിയിലേക്ക് അവര്‍ കൊണ്ടു പോകുന്നതിന്റെ ഭാഗമാണിത്. സമൂഹത്തെ മതപരമായി വിഭജിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സി.പി.എമ്മിന്റെ അടവുകള്‍ സംസ്ഥാനത്തിന് ദുരന്തങ്ങള്‍ മാത്രമേ സമ്മാനിക്കുകയുള്ളു. സി.പി.എം പോലുള്ള പ്രസ്ഥാനം വര്‍ഗീയ സ്വഭാവത്തിലുള്ള പ്രചാരണം ഏറ്റെടുക്കുമ്പോള്‍ അങ്ങേയറ്റത്തെ ജാഗ്രതയോടെ കാര്യത്തെ സമീപിക്കാന്‍ പൊതുസമൂഹം ബാധ്യസ്ഥമാണ്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള എല്ലാ ശ്രമങ്ങളേയും ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്നും ടി.ആരിഫലി പറഞ്ഞു. 

കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ കവര്‍ന്നത് ജനാധിപത്യം

അഡ്വ. ജി. സുഗുണന്‍
Monday, July 26, 2010 
സി.എം.പിയുടെ പിറവിക്ക് ഇന്ന് 25 വര്‍ഷം. 1986 ജൂലൈ 27ന് തൃശൂരില്‍ ചേര്‍ന്ന, സി.പി.എം വിട്ട് പുറത്തുവന്ന കമ്യൂണിസ്റ്റുകാരുടെ സംസ്ഥാനതല സമ്മേളനമാണ് സി.എം.പിക്ക് ജന്മം നല്‍കിയത്. രജത ജൂബിലിയോടനുബന്ധിച്ച് ജൂലൈ 27 മുതല്‍ 2011 ജൂലൈ 27 വരെയുള്ള ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന വളരെ വിപുലമായ വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സി.എം.പി തീരുമാനിച്ചിട്ടുണ്ട്.

മതന്യൂനപക്ഷങ്ങളുടെ പാര്‍ട്ടികളോട് സൗഹൃദസമീപനം പുലര്‍ത്തണമെന്നും അവരെ സി.പി.എമ്മിനോടൊപ്പം നിര്‍ത്താന്‍ പര്യാപ്തമായ നിലപാടായിരിക്കണം പാര്‍ട്ടി സ്വീകരിക്കേണ്ടതെന്നും തദടിസ്ഥാനത്തില്‍ മുസ്‌ലിംലീഗ്, കേരള കോണ്‍ഗ്രസ് എന്നീ ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കമുള്ള പാര്‍ട്ടികളെ ഇടതുമുന്നണിയില്‍ കൊണ്ടുവരണമെന്നും ശക്തമായി വാദിക്കുകയും പാര്‍ട്ടി സംസ്ഥാന-അഖിലേന്ത്യാ സമ്മേളനങ്ങളില്‍ ഈ വിഷയം ചര്‍ച്ചക്ക് അവതരിപ്പിക്കുകയും ചെയ്തതിന്റെ പേരിലാണ് എം.വി. രാഘവനെയും ഒപ്പം നിന്നവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. ഈ സംഭവങ്ങളുടെ അനന്തരഫലമാണ് സി.എം.പി.

സി.എം.പി രൂപവത്കരണത്തിന് ആധാരമായ കാരണങ്ങള്‍ ഇന്നും പ്രസക്തമാണ്. എം.വി. രാഘവനും കൂട്ടരും അന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ച രേഖയില്‍ (ബദല്‍രേഖ എന്നാണ് ഇതറിയപ്പെടുന്നത്) ഇപ്രകാരം പറയുന്നു: 'ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പു നല്‍കിയ അവകാശങ്ങള്‍ ഇന്നത്തെ മുതലാളിത്ത പരിതഃസ്ഥിതിയില്‍ നടപ്പാക്കുന്നില്ല. ബൂര്‍ഷ്വ-ജന്മി ഭരണകൂടം ശിഥിലീകരണ പിളര്‍പ്പന്‍ ശക്തികളെ വളര്‍ത്തുകയും ഉറച്ച അസ്തിവാരത്തില്‍ രാജ്യത്തിന്റെ ഐക്യം കെട്ടിപ്പടുക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു'.

ബദല്‍രേഖ അവതരിപ്പിച്ചിട്ട് 25 വര്‍ഷം കഴിഞ്ഞു. മുന്നണി സംവിധാനങ്ങള്‍ പലതും മാറിമറിഞ്ഞു. മുസ്‌ലിം ന്യൂനപക്ഷപാര്‍ട്ടിയായ ഐ.എന്‍.എല്ലും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ഏറ്റവും ഒടുവില്‍ കേരള കോണ്‍ഗ്രസ് തോമസ് ഗ്രൂപ്പും പരസ്യമായും രഹസ്യമായുമെല്ലാം മഅ്ദനിയുടെ നേതൃത്വത്തിലുള്ള പി.ഡി.പിയുമൊക്കെ സി.പി.എമ്മുമായി എല്ലാ നിലയിലും സഹകരിക്കുകയാണ്. ഇതില്‍ പല പാര്‍ട്ടികളും സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ ഘടകകക്ഷിയാണ്. ന്യൂനപക്ഷപാര്‍ട്ടികളോടുള്ള സി.പി.എം നിലപാടില്‍ ഇതിനകം മൗലികമാറ്റം വന്നുകഴിഞ്ഞു എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.

ബദല്‍രേഖയുടെ പേരില്‍ എം.വി. രാഘവനെയും കൂട്ടരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിന് ഒരു ന്യായീകരണവുമില്ലെന്ന് പിന്നീടുള്ള സംഭവങ്ങള്‍ ഓരോന്നായി തെളിയിക്കുകയും ചെയ്യുന്നു.

പി.ഡി.പിയെപോലുള്ള ചില പാര്‍ട്ടികളെയും മതസംഘടനകളെയും ഒപ്പം നിര്‍ത്താന്‍ ശ്രമിച്ച സി.പി.എം തന്നെ ഇപ്പോള്‍ പൊതുവെ ന്യൂനപക്ഷവിരുദ്ധ സമീപനമാണ് സ്വീകരിച്ചുവരുന്നത്. ഭൂരിപക്ഷപ്രീണനം തന്നെയാണ് സി.പി.എം ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായി ഭൂരിപക്ഷത്തെ ഇളക്കിവിട്ട് ഭൂരിപക്ഷസമുദായങ്ങളുടെ വോട്ടുനേടാനുള്ള വൃഥാ ശ്രമമാണ് ഇതെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. മുസ്‌ലിം സമുദായത്തിനെതിരായിപ്പോലും ഉന്നതരായ ചില സി.പി.എം നേതാക്കള്‍ ഇപ്പോള്‍ പ്രസ്താവന നടത്തുന്നത് ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് ജനാധിപത്യം അനുവദിക്കണമെന്നും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ സ്വേച്ഛാധിപത്യം അടിച്ചേല്‍പിക്കരുതെന്നും സി.എം.പി എക്കാലവും വാദിച്ചതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അനുവദിക്കേണ്ട ജനാധിപത്യാവകാശങ്ങള്‍ നേതൃത്വം കവര്‍ന്നതാണ് പൂര്‍വ യൂറോപ്യന്‍രാജ്യങ്ങളിലും സോവിയറ്റ് റഷ്യയിലുമുണ്ടായ പാര്‍ട്ടിയുടെ തിരിച്ചടിക്ക് മുഖ്യകാരണമെന്നും സി.എം.പി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ കാലഘട്ടത്തില്‍ 'തൊഴിലാളിവര്‍ഗ സര്‍വാധിപത്യ'ത്തിന് പ്രസക്തിയില്ലെന്ന് സി.എം.പി ചൂണ്ടിക്കാട്ടിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തൊഴിലാളിവര്‍ഗത്തിനു തന്നെയാണ് മുന്‍തൂക്കം. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. പക്ഷേ, മറ്റു വര്‍ഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് സി.എം.പിയുടെ പാര്‍ട്ടി പരിപാടി അടിവരയിട്ട് പറയുന്നു. കമ്യൂണിസ്റ്റ് സെക്‌ടേറിയന്‍-റിവിഷനിസ്റ്റ് സമീപനങ്ങളില്‍ കാലോചിതമായ മാറ്റം വരുത്താന്‍ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇന്ന് തയാറായേ മതിയാവൂ.

നിര്‍ഭാഗ്യവശാല്‍, സി.പി.എം, സി.പി.ഐ അടക്കമുള്ള ഇന്ത്യന്‍ പാര്‍ട്ടികള്‍ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ മാറ്റങ്ങള്‍ക്കു നേരെ ഇപ്പോഴും മുഖംതിരിഞ്ഞു നില്‍ക്കുകയും കണ്ണടച്ച് ഇരുട്ടാക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം മാറ്റത്തിനു വിധേയമാണെന്നുള്ള മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രമാണത്തെപ്പോലും ഈ പാര്‍ട്ടികള്‍ വിസ്മരിക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്. കമ്യൂണിസ്റ്റ് ലോകത്തിലെ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയാറായില്ലെങ്കില്‍ രാജ്യത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ഭാവി ഇരുളടയാനേ തരമുള്ളൂ.

നിര്‍ഭാഗ്യവശാല്‍, സി.പി.എമ്മും ചില ഇടതുപക്ഷ പാര്‍ട്ടികളും മതേതര മുന്നണിയുടെ ഗൗരവം ഇപ്പോള്‍ ബോധപൂര്‍വം വിസ്മരിക്കുകയും അന്ധമായ കോണ്‍ഗ്രസ്‌വിരുദ്ധ രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോകുകയും ചെയ്തിരിക്കുന്നു. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒരേപോലെ എതിര്‍ത്ത് പരാജയപ്പെടുത്തുമെന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ ഏറ്റവും ഒടുവിലത്തെ പ്രമേയം ഫലത്തില്‍ ബി.ജെ.പിയെ മാത്രമേ സഹായിക്കുകയുള്ളൂ.

റിവിഷനിസവും സെക്‌ടേറിയനിസവും മാത്രമല്ല, കടുത്ത അഴിമതിയും മാഫിയാസാന്നിധ്യവുമെല്ലാം സംസ്ഥാനത്തെ  സി.പി.എം അടക്കമുള്ള മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ പിടികൂടിയിരിക്കുകയാണ്. സംസ്ഥാനത്തെ ജനകീയ വികാരങ്ങള്‍ മാനിക്കുന്ന, ജനങ്ങളോടൊപ്പം നിലകൊള്ളുന്ന, ജനാധിപത്യത്തില്‍ അടിയുറച്ച വിശ്വാസമുള്ള, ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അംഗീകരിക്കുന്ന ഒരു പ്രസ്ഥാനമായി സംസ്ഥാനത്തെ കമ്യൂണിസ്റ്റുകാരും ജനങ്ങളും സി.എം.പിയെ കാണുന്നു. രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ മുന്നണി പടയാളിയും സംരക്ഷകരുമായാണ് കമ്യൂണിസ്റ്റ്പ്രസ്ഥാനം മുന്നോട്ടുപോകേണ്ടത്. പ്രബല കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍ ഈ ചുമതലയില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഈ സമയത്ത് ആ ഭാരിച്ച ചുമതലകളാണ് സി.എം.പിക്ക് വഹിക്കാനുള്ളത്. ഇതിനാവശ്യമായ ജനകീയ അംഗീകാരം ഇക്കാര്യത്തില്‍ സി.എം.പിക്ക് ഇതിനകം നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. (സി.എം.പി പോളിറ്റ് ബ്യൂറോ അംഗമാണ് ലേഖകന്‍ )

വെള്ളിയാഴ്‌ച, ജൂലൈ 23, 2010

കമ്മ്യൂണിസത്തിലെ ജനാധിപത്യം

'ജമാഅത്തെ ഇസ്‌ലാമിയെ നിരൂപണം ചെയ്യുന്നത് പോലെ മറ്റു സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും നിലപാടുകളും ചരിത്രവും വിശകലനം ചെയ്യുമ്പോഴെ കാര്യങ്ങളുടെ യഥാര്‍ഥ കിടപ്പ് മനസ്സിലാക്കാന്‍ കഴിയൂ. ചില സംഘടനകളൊക്കെ തങ്ങളിലേക്ക് തിരിയാതിരിക്കാന്‍ ജമാഅത്തിനെ പ്രതിരോധത്തില്‍ നിര്‍ത്തുക എന്ന തന്ത്രത്തിന്റെ ഭാഗമാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടതുണ്ട്.'

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയം ചര്‍ച ചെയ്ത എന്റെ തുടര്‍ പോസ്റ്റുകളുടെ അവസാനം പ്രകടിപ്പിച്ച അഭിപ്രായമാണ് മുകളില്‍ നല്‍കിയത്.  ഇതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഈ വിഷയത്തിലുള്ള കാഴ്ചപ്പാടുകളെ അന്വേഷിച്ച പ്രസിദ്ധ ബ്ലോഗര്‍ കെ.പി. സുകുമാരന്‍ സാറിന്റെ പോസ്റ്റ് ഈ ബ്ലോഗിന്റെ കൂടി വായനക്കാര്‍ അറിഞ്ഞിരിക്കേണ്ടതാണെന്ന് തോന്നി.  അവിടെ പോയി നോക്കാന്‍ സമയമില്ലാത്തവര്‍ക്കായി എന്നെ ആകര്‍ഷിച്ച അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങള്‍ ഇവിടെ എടുത്ത് ചേര്‍ക്കുകയാണ്. ഞാന്‍ എടുത്തു ചേര്‍ക്കുന്നു എന്നത് കൊണ്ട് അതിനോട് അക്ഷരാര്‍ഥത്തില്‍ ഞാന്‍ യോജിക്കുന്നു എന്ന് ധരിക്കേണ്ടതില്ല. എങ്കിലും പൊതുവെ ഏതോ അര്‍ഥത്തില്‍ എനിക്ക് യോജിപ്പ് അതിനോടുണ്ട് താനും. തുടര്‍ന്ന് വായിക്കുക:

{{{ ജമാ‌അത്തേ ഇസ്ലാമി വര്‍ഗ്ഗീയമാണെന്ന് സീപീയെം സെക്രട്ടരി ബ്രാണ്ട് ചെയ്തിട്ടുണ്ട്. അവര്‍ക്കാണ് അതിന്റെ ചുമതല. ഒരു സംഘടന അല്ലെങ്കില്‍ പാര്‍ട്ടി എന്താണെന്ന് തരംതിരിക്കാനുള്ള ഫോര്‍മ്യൂല മാര്‍ക്സിസ്റ്റുകള്‍ക്ക് മാത്രമേ അറിയൂ. അവര്‍ പറഞ്ഞാല്‍ അപ്പീലില്ല. ആ നിലയ്ക്ക് ജമാ‌അത്തേഇസ്ലാമി പാര്‍ട്ടി ഉണ്ടാക്കിയാല്‍ എല്‍‌ഡി‌എഫില്‍ പ്രവേശനം കിട്ടില്ല. മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മദനിയെ കൂട്ട് പിടിച്ചത്കൊണ്ട് കുറെ ഹിന്ദു വോട്ട് നഷ്ടമായി എന്ന് മനസ്സിലാക്കിയ സിപീയെം ഇപ്പോള്‍ ഹിന്ദു പ്രീണനത്തിന്റെ പാതയിലുമാണ്.  അത്കൊണ്ട് ജമാ‌അത്തേഇസ്ലാമി പാര്‍ട്ടി ഉണ്ടാക്കിയാല്‍ ഉടനടി സംഭവിക്കാന്‍ പോകുന്നത്  സീപിയെമ്മിന്റെ ഭാഗത്ത് നിന്ന് ആശയപരമായും കായികമായും ഉള്ള ആക്രമണങ്ങളാണ്. കക്കോടിയില്‍ അതിന്റെ റിഹേഴ്സല്‍ കണ്ടതാണ്. പിന്നെ ഉള്ള മാര്‍ഗ്ഗം  യുഡി‌എഫില്‍ ചേരലാണ്. അതും അത്ര എളുപ്പമല്ല.  ഇപ്പോള്‍ തന്നെ ജയിച്ച മട്ടിലാണ് കോണ്‍ഗ്രസ്സിന്റെ നില്പ്.  ഉമ്മന്‍ ചാണ്ടി കുപ്പായം തുന്നിക്കുകയും അതില്‍ കീറല്‍ ഉണ്ടാക്കുകയും ചെയ്തു.  എന്നാലും കോണ്‍ഗ്രസ്സുകാരുടെ ഒരു ഭാഗ്യം. ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിക്കണ്ട, ഒന്നിലും ഇടപെടണ്ട,  ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചു സംഘടനാതെരഞ്ഞെടുപ്പ് വേണ്ട, സമവായക്കമ്മറ്റി മുഖാന്തിരം സ്ഥാനം കിട്ടിയാല്‍ പിന്നെ ആജീവനാന്തം അനുഭവിക്കാം. ഖദറിന്റെ ഇസ്തിരി ചുളിയാതെ മാത്രം നോക്കിയാല്‍ മതി. 

ഇപ്പോള്‍ ഒരു പാര്‍ട്ടി ഉണ്ടാക്കാനുള്ള പ്രേരണ എന്താണെന്ന് ജമാ‌അത്തേ ഇസ്ലാമിക്കാര്‍ക്ക് മാത്രേ അറിയൂ.  പാര്‍ട്ടി ഉണ്ടാക്കിയാല്‍ , ഭരണം കിട്ടിയാല്‍ എല്ലാ പ്രശ്നങ്ങളും തീര്‍ക്കാന്‍ കഴിയും എന്നൊരു അന്ധവിശ്വാസം  എന്നാണ് ആരംഭിച്ചത് എന്നറിയില്ല. അങ്ങനെയൊരു വിശ്വാസം ഇക്കാലത്ത് വളരെ പ്രബലമാണ്. നമ്മുടെ ഭരണം വന്നാല്‍ എല്ലാം ശുഭം എന്ന് വിശ്വാസികള്‍ കരുതുന്നു. എന്നാല്‍ അനുഭവം മറിച്ചാണ്. കമ്മ്യൂണിസ്റ്റുകള്‍ ഭരണം സ്ഥാപിച്ചിട്ട് കമ്മ്യൂണിസ്റ്റുകളുടെ പ്രശ്നം തീര്‍ന്നോ? പാക്കിസ്ഥാന്‍ ഉണ്ടാക്കിയിട്ട് (ഇവിടത്തെ പോട്ടെ) പാക്കിസ്ഥാനിലെ മുസ്ലീകളുടെ പ്രശ്നം തീര്‍ന്നോ? പാക്കിസ്ഥാനില്‍ നിന്ന് പിന്നെയും വിഘടിച്ച ബംഗ്ലാദേശിന്റെ പ്രശ്നമോ? നമ്മുടെ  ഗവണ്മേണ്ട് ഉണ്ടാക്കിയാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനും ആവേശം കൊള്ളിക്കാനും  നേതാക്കളായി ഉയര്‍ന്നുവരുന്നവര്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നു.  രാജ്യമില്ലെങ്കില്‍ സംസ്ഥാനം അതുമില്ലെങ്കില്‍ ജില്ല ഇല്ലെങ്കില്‍ താലൂക്ക് ഇങ്ങനെ നേതാവാകുന്നവന്റെ കഴിവിനനുസരിച്ച് നേതൃമോഹികള്‍ക്ക് പ്രക്ഷോഭം നയിക്കാന്‍ എന്നും എവിടെയും അവസരമുണ്ട്.  ഒരു പാര്‍ട്ടി ഉണ്ടാക്കിയാല്‍ പെട്ടെന്നുള്ള ഗുണം ഫണ്ട് പിരിക്കാമെന്നതാണ്. ജില്ലാക്കമ്മറ്റിയില്‍ ഒരു പത്താളു മതി. നഗരത്തിലെ എല്ലാ കടകളില്‍ നിന്നും സംഭാവന കിട്ടും. ഇങ്ങനെ ചെറിയ പാര്‍ട്ടികളുടെ ആളുകളായി വേറെ പണിയൊന്നുമില്ലാത പട്ടണത്തില്‍ സുഖമായി കഴിയുന്നവരെ എനിക്ക് പരിചയമുണ്ട്. എനിക്കെന്തോ രാഷ്ട്രീയം ഒരു സപര്യയാണ്. അത്കൊണ്ട് ഒരു പാര്‍ട്ടിയും എന്നെ കൂട്ടുകയില്ല.  സാമൂഹ്യസേവനതല്പരരായ നിസ്വാര്‍ത്ഥര്‍ മാത്രമേ രാഷ്ട്രീയപ്രവര്‍ത്തനത്തിന് വരാവൂ. സ്വന്തം കാര്യമാണെങ്കില്‍ മറ്റെന്തൊക്കെ മേഖലകളുണ്ട്. രാഷ്ട്രീയം ത്യാഗികള്‍ക്ക് വിട്ടുകൊടുക്കൂ എന്ന എന്റെ ആശയം ഇക്കാലത്ത് പുറത്ത് പറയാന്‍ പോലും പറ്റില്ല.

ജമാ‌അത്തേ ഇസ്ലാമിയ്ക്ക് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചുകൂടെ? അതില്‍ എന്താണ് തെറ്റ്?  ഇതാണെന്ന് തോന്നുന്നു എതിര്‍ക്കുന്നവരോടുള്ള ജമാ‌അത്തിന്റെ ചോദ്യം.  ചോദ്യം ന്യായമാണ്. ഇക്കണ്ട പാര്‍ട്ടികളോക്കെ നിലനില്‍ക്കുന്ന രാജ്യത്ത് ജമാ‌അത്തേ ഇസ്ലാമിയുടെ പാര്‍ട്ടിക്ക് മാത്രം സ്പേസ് ഇല്ലാതെ പോകുമോ? പക്ഷെ പ്രശ്നം അതല്ല. ജമാ‌അത്തിനെ എതിര്‍ക്കുന്ന മറ്റൊരു മുസ്ലീം സംഘടനയുടെ വാദം ഇപ്രകാരമാണ്. “മതേതര ജനാധിപത്യ വ്യവസ്ഥയില്‍ നിയമനിര്‍മാണ സഭകളില്‍ അംഗമാകുന്നതും വോട്ടു ചെയ്യുന്നതുമെല്ലാം മതവിരുദ്ധമാണെന്നാണ് ജമാ‌അത്തേ ഇസ്ലാമിയുടെ  ഭരണഘടനയില്‍ ഇന്നും ഉള്ളത്. ആ ഭരണഘടന നിലനിര്‍ത്തിക്കൊണ്ട്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വോട്ടു ചെയ്യുന്നതും കാപട്യമാണ്‌. ഭരണഘടനയിലും ആശയാര്‍ദര്‍ശങ്ങളിലും ജനാധിപത്യത്തെയും മതേതരത്വത്തെയും തള്ളിപ്പറയുകയും പ്രായോഗിക തലത്തില്‍ അതംഗീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ്‌ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക്‌ നിരക്കുന്നതല്ല.”  ജനാധിപത്യത്തെയും മതേതരത്വത്തെയും ഹറാമായി കണ്ട മൌദൂദിയുടെ ചിന്തകളെ നിങ്ങള്‍ തള്ളിപ്പറഞ്ഞോ എന്നും അവര്‍ ചോദിക്കുന്നുണ്ട്.  ഇക്കാര്യത്തെ പറ്റി എനിക്ക് കൂടുതല്‍ അറിവില്ല.  എന്നാല്‍ ജമാ‌അത്തിന്റെ നേരെ തൊടുത്തുവിടുന്ന ഈ ചോദ്യത്തിന് പ്രസക്തിയുണ്ട്.
 
ജനാധിപത്യത്തെ നിരാകരിക്കുന്ന മൌദൂദിയന്‍ ദര്‍ശനങ്ങളുടെ പാരമ്പര്യാവകാശികളായ ജമാ‌അത്തുകാര്‍ക്ക് ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കണമെങ്കില്‍ ആദ്യം അവര്‍ മൌദൂദിയെ തള്ളിപ്പറയട്ടെ എന്നാണല്ലോ ജമാ‌അത്തുകാരെ എതിര്‍ക്കുന്നവര്‍ പറയുന്നത്. (എനിക്ക് മൌദൂദിയന്‍ ചിന്തകള്‍ വായിച്ച് പരിചയമില്ല) എന്നാല്‍ ഇതേ ആവശ്യം കമ്മ്യൂണിസ്റ്റുകളോട് ആരും ഉന്നയിക്കുന്നില്ല എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഈ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ബഹുകക്ഷിപാര്‍ലമെന്ററി സമ്പ്രദായവും നമ്മുടെ ഭരണഘടനയും  നീതിന്യായവ്യവസ്ഥയും ഒക്കെ അംഗീകരിക്കുന്നുണ്ടോ?  ഉണ്ടെങ്കില്‍ അവര്‍ മാര്‍ക്സിസവും ലെനിനിസവും  തള്ളിപ്പറയേണ്ടതാണ്. രണ്ടും എങ്ങനെ ഒരുമിച്ച് കൊണ്ടുനടക്കാന്‍ കഴിയും? മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തത്തില്‍ ഇവിടെ ഉള്ളതെല്ലാം നിഷിദ്ധമാണ്. കമ്മ്യ്യൂണിസ്റ്റ് ഭരണക്കുത്തക സ്ഥാപിച്ചാലേ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ക്ക് വിശ്രമിക്കാനാകൂ.

സ്വാതന്ത്ര്യം കിട്ടിയ 1947 ആഗസ്റ്റ് 15 ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ കരിദിനമായാണ് ആചരിച്ചത്. ഇന്ത്യന്‍ ജനത വഞ്ചിക്കപ്പെട്ട ഈ ആഗസ്റ്റ് 15, ആപത്ത് പതിനഞ്ചാണ് എന്നാണവര്‍ വിശേഷിപ്പിച്ചത്. അടുത്ത വര്‍ഷം 1948ല്‍ അവര്‍ കല്‍ക്കത്തയില്‍ ഒത്ത്ചേര്‍ന്ന്  ഇന്ത്യയില്‍ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തു.  ഇന്ത്യ ഇപ്പോള്‍ തന്നെ പിടിച്ചെടുത്ത് നമ്മുടെ സര്‍വ്വാധിപത്യം സ്ഥാപിക്കണം എന്ന തീസീസ് അവതരിപ്പിച്ചത് ബി.ടി.രണദിവെ. കൈയ്യില്‍ കിട്ടിയ ആയുധങ്ങളുമായി സഖാക്കള്‍ വിപ്ലവത്തിനിറങ്ങി. അപ്പോള്‍ സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചു.  വിപ്ലവകാരികളായ സഖാക്കള്‍ സധൈര്യം ഒളിവില്‍ പോയി. അതാണ് ഒളിവ് കാലഘട്ടം. തോപ്പില്‍ ഭാസി ഓര്‍മ്മിച്ച് എഴുതിയ ഒളിവ്കാലം. സക്കറിയ പയ്യന്നൂരില്‍ പരാമര്‍ശിച്ച അതേ കാലം.  ഒളിവില്‍ പോയത് എന്തോ മഹാകാര്യമെന്ന മട്ടിലാണ് ഇപ്പോഴും സഖാക്കള്‍ ആ കാലത്തെ കുറിച്ചു പറയുക.

എന്തിനാണ് ഒളിവില്‍ പോകേണ്ടി വന്നത്? സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാരായ കൊളോണിയല്‍ ഭരണകൂടത്തോട് ആത്മാഭിമാനമുള്ള ഒരു ജനത സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുക.  ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം , ലോകത്തെ സ്വാതന്ത്ര്യസമരചരിത്രങ്ങളില്‍ അനുപമമായ ഒന്നാണ്.  തരം കിട്ടുമ്പോഴെല്ലാം സ്വാതന്ത്ര്യസമരത്തെ ഒറ്റ്കൊടുക്കാനാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ശ്രമിച്ചത്. എന്നിട്ട് ഇന്ത്യ സ്വതന്ത്രമായി ഒരു വര്‍ഷം തികയ്ക്കുന്നതിന് മുന്നേ സായുധകലാപം അഴിച്ചുവിട്ട് നാട്ടില്‍ അരാജകത്വം ഉണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് കമ്മ്യ്യൂണിസ്റ്റ്കള്‍ ഒളിവില്‍ പോകേണ്ടി വന്നത്. അല്ലാതെ രാജ്യത്തിനോ ജനങ്ങള്‍ക്കോ വേണ്ടി എന്തെങ്കിലും ത്യാഗം ചെയ്തതിന്റെ പേരിലല്ല.  ആഗസ്റ്റ് പതിനഞ്ചിന് ഇന്ത്യന്‍ ജനത വഞ്ചിക്കപ്പെട്ടിട്ടില്ല, എന്നാല്‍ 1948ല്‍ കമ്മ്യൂണിസ്റ്റുകളാല്‍ രാജ്യം വഞ്ചിക്കപ്പെടുമായിരുന്നു. ഇന്ത്യാ ഗവണ്‍മ്മേണ്ടിന്റെ സന്ദര്‍ഭോചിതമായ ഇടപെടലാല്‍ ആ‍ വഞ്ചനയെ രാജ്യം അതിജീവിച്ചു. ആ ഒളിവ് പോക്കില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അഭിമാനിക്കാന്‍ എന്താണുള്ളത്?

അങ്ങനെ രണ്ട് വര്‍ഷത്തോളം ഒളിവിലും ജയിലിലും ഒക്കെ കഴിഞ്ഞുകൂടിയ കമ്മ്യൂണിസ്റ്റുകള്‍ ഗവണ്മേണ്ടിന് എഴുതിക്കൊടുത്തു. ഞങ്ങള്‍ സായുധവിപ്ലവാഹ്വാനം പിന്‍‌വലിക്കുന്നു. പാര്‍ലമെന്ററി പ്രക്രിയയില്‍ പങ്കാളികളാകാം. മാപ്പാക്കണം.  സര്‍ക്കാര്‍ നിരോധനം പിന്‍‌വലിച്ചു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സജീവമാവുകയും ഇന്ത്യയിലെ രണ്ടാമത്തെ പാര്‍ട്ടിയാവുകയും  പിന്നെ പിളര്‍ന്ന് ഇന്ന് ഇക്കാണുന്ന കോലത്തില്‍ ആവുകയും ചെയ്തതൊക്കെ ചരിത്രം. പക്ഷെ അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കടലാസില്‍ എഴുതിക്കൊടുത്തതല്ലാതെ അവരുടെ പരിപാടിയിലോ ഭരണഘടനയിലോ മാറ്റം വരുത്തിയില്ല. ഇക്കാലയളവില്‍ ചില്ലറ ഭേദഗതികള്‍ വരുത്തി. എന്നാലും ഇന്ത്യയില്‍ ജനകീയജനാധിപത്യ വിപ്ലവം നടത്തി തങ്ങളുടെ ഏകാധിപത്യം സ്ഥാപിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ് എന്നാണ് ഇന്നും അവരുടെ പരിപാടി. ഇവിടത്തെ ഭരണഘടനയും സര്‍ക്കാര്‍ സംവിധാനവും ഒക്കെ മാറ്റി കമ്മ്യൂണിസ്റ്റ് ഭരണഘടനയും സര്‍വ്വാധിപത്യവും അവരുടെ പരിപാടി വിഭാവനം ചെയ്യുന്നു.

പരിപാടി ഇങ്ങനെയൊക്കെ ആണെങ്കിലും വിപ്ലവം എവിടം വരെ എത്തി സഖാവേ എന്ന് ചോദിക്കേണ്ട അവസ്ഥയാണ്.  അപ്പോള്‍ ഞാന്‍ പറഞ്ഞുവരുന്നത് ഒന്നുകില്‍ ഇവര്‍ വിപ്ലവവും ഏകകക്ഷിസര്‍വ്വാധിപത്യവും എന്ന ആശയത്തെ തള്ളിപ്പറയണം. അല്ലെങ്കില്‍ പാര്‍ലമെന്ററി പ്രവര്‍ത്തനവും , തീം പാര്‍ക്ക്-സൂപ്പര്‍സ്പെഷ്യാലിറ്റി, പന്‍ഞ്ചനക്ഷത്രഹോട്ടല്‍, ഷോപ്പിങ്ങ് മോള്‍ , ഷേര്‍മാര്‍ക്കറ്റ് സംരംഭങ്ങളും ഒക്കെ നടത്തുന്നതിനിടയില്‍ അല്പസമയം വിപ്ലവപ്രവര്‍ത്തനങ്ങളും നടത്തണം. ഒരു പക്ഷെ ഇപ്പോള്‍ അവര്‍ എന്തൊക്കെയാണോ നടത്തുന്നത് അതൊക്കെയാണോ വിപ്ലവ പ്രവര്‍ത്തനം എന്നറിയില്ല. എന്തായാലും ജനാധിപത്യത്തിന് വേണ്ടി മുറവിളി കൂട്ടുകയും ജനാധിപത്യം നിഷേധിക്കുന്ന ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തട്ടിപ്പാണ് കമ്മ്യൂണിസ്റ്റുകള്‍ ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള്‍ ജമാ‌അത്തേ ഇസ്ലാമിയുടെ ഭാഗത്ത് തട്ടിപ്പോ കാപട്യമോ എനിക്ക് കാണാന്‍ കഴിയുന്നില്ല. മാത്രമല്ല അവരുടെ ഇടപെടലുകളില്‍ എനിക്ക് മതിപ്പുമുണ്ട്. }}} 

ഏറെക്കുറെ പോസ്റ്റ് മുഴുവനായും ഇവിടെ പേസ്റ്റ് ചെയ്തിട്ടുണ്ട്.  എന്റെ പ്രതികരണം മുഴുവന്‍ അവിടെ രേഖപ്പെടുത്തി ആ നല്‍കപ്പെട്ട പോസ്റ്റിന്റെ ആത്മാവ് നശിപ്പിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ അവിടെ ഇടപെട്ട ഒരു ഇസ്‌ലാഹി സുഹൃത്തിന്റെ അസഹിഷ്ണുത നിറഞ്ഞ കമന്റിന് മറുപടി പറയാതെ ഒഴിവായതാണ്. സൗകര്യമെങ്കില്‍ അതിവിടെ വിശദീകരിക്കുന്നതാണ്. ഇത്രയും നിഷ്പക്ഷമായി ഈ കാര്യത്തെ നോക്കിക്കണ്ട കെ.പി. സുകുമാരന്‍ സാറിന് നന്ദി പറയുന്നു. 

ജനാധിപത്യത്തോടും മതേതരത്വത്തോടും ജമാഅത്തെ ഇസ്‌ലാമിയുടെ താത്വിക വിമര്‍ശനങ്ങളെ പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍. അതേ പോസ്റ്റുമോര്‍ട്ടം നാം വോട്ടുനല്‍കി കൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഇവിഷയകമായ നിലപാടുകളോടുമാകാം എന്നത് ഒരു സമാന്യ അവകാശവും നീതിയുമാണ്.
 

ഞായറാഴ്‌ച, ജൂലൈ 18, 2010

കൈവെട്ടിയതിനു പ്രചോദകം മൗദൂദി ?

ജമാഅത്ത് ഇസ്ലാമി ഒരു ബാധയായി തീര്‍ന്ന ചില ബുജികളും എഴുത്തുകാരുമുണ്ട് കേരളത്തില്‍ ചിലര്‍ ബൂലോകത്തും സജീവമാണ്. എന്ത് അനിഷ്ടകരമായ സംഭവങ്ങളെയും എങ്ങനെ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധിപ്പിക്കാം എന്നവര്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കും. അതിലൊരാളാണ് മുഹമ്മദാലി എന്ന മുസ്‌ലിം നാമധാരിയായ, മതമില്ലെന്നതില്‍ അഭിമാനിക്കുന്ന മാര്‍കിസ്റ്റുകാരന്‍. ഈ പ്രശ്‌നവും അദ്ദേഹം ജമാഅത്തുമായി ചേര്‍ത്തുകെട്ടുന്നു. ജമാഅത്ത് എന്ന് പറയാന്‍ മനസ്സ് വിശാലമല്ലാത്തതുകൊണ്ടാകാം, അതല്ലെങ്കില്‍ ആക്ഷേപിക്കാന്‍ നല്ലത് മൗദൂദിസ്റ്റ് ആണ് എന്ന് മനശാസ്ത്രപരമായി അദ്ദേഹം കണ്ടെത്തിയതുകൊണ്ടായിരിക്കാം, സാധാരണയായി മൗദൂദിസ്റ്റ് എന്ന് പറഞ്ഞാലെ അദ്ദേഹത്തിന് തൃപ്തിവരൂ. അദ്ദേഹത്തിന്റെ ലേഖനത്തിലേക്ക് പോകുന്നതിന് മുമ്പ് നമ്മുക്ക് ഈ വിഷയകമായി ജമാഅത്തെ ഇസ്‌ലാമിക്ക് ഔദ്യോഗികമായി പറയാനുള്ളതെന്തെന്ന് കേള്‍ക്കാം. അതിനായി പ്രബോധനം വാരികയുടെ എഡിറ്റോറിയല്‍ (2010 ജൂലൈ 17) വായിക്കുക:
{{{ കഴിഞ്ഞ മാര്‍ച്ചില്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകന്‍ ടി.ജെ ജോസഫ് തയാറാക്കിയ ചോദ്യപേപ്പറില്‍ മുഹമ്മദ് നബിയെ നിന്ദിച്ചത് മുസ്‌ലിം സമുദായത്തില്‍ വലുതായ വേദനയും പ്രതിഷേധവും ഉളവാക്കിയത് സ്വാഭാവികമായിരുന്നു. വാസ്തവത്തില്‍ കോളേജ് കാമ്പസിനകത്തു തന്നെ തീര്‍ക്കാവുന്നതായിരുന്നു ആ പ്രശ്‌നം. കുത്സിത പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറായില്ല. എങ്കിലും പ്രശ്‌നം പുറത്തെത്തുകയും മുസ്‌ലിം സമുദായത്തില്‍ പ്രതിഷേധം കനക്കുകയും ചെയ്തപ്പോള്‍ അവരുണര്‍ന്നു പ്രവര്‍ത്തിച്ചു. വിവാദ ചോദ്യം തയാറാക്കിയ അധ്യാപകനെ സസ്‌പെന്റ് ചെയ്തു. കോളേജ് മാനേജ്‌മെന്റ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. സര്‍ക്കാരും ഊര്‍ജസ്വലമായി. ടി.ജെ ജോസഫിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. ഒരു കലാപമായി കത്തിപ്പടരുമായിരുന്ന ആ സംഭവം അങ്ങനെ ഏറെ കുറെ സമാധാനപരമായി കെട്ടടങ്ങുകയായിരുന്നു.

ഈ കെട്ടടങ്ങല്‍ എല്ലാ മതവിഭാഗങ്ങളും ഓര്‍ത്തിരിക്കേണ്ട ഒരു സന്ദേശം നല്‍കുന്നുണ്ട്: ഉത്തരവാദപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മതസമുദായങ്ങള്‍ക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ കലാപത്തിലേക്കു വളരാതെ സമാധാനപരമായി പരിഹരിക്കാനാകും. നമ്മുടേതു പോലുള്ള ബഹുസ്വരസമൂഹത്തില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാഥമികോപാധികള്‍ നിയമവ്യവസ്ഥയും ജനാധിപത്യസംവിധാനവുമാണ്. അതവഗണിച്ച് ബന്ധപ്പെട്ട കക്ഷികള്‍ കത്തിയും കുറുവടിയുമെടുത്ത് കണക്കു തീര്‍ക്കാന്‍ മുതിരുന്നതാണ് ഏറ്റം വലിയ വിപത്ത്.

കേരളത്തിന്റെ പൊതുമനസ്സ് വര്‍ഗീയകരിക്കപ്പെട്ടു കഴിഞ്ഞിട്ടില്ല എന്നതാണ് ശുഭോദര്‍ക്കമായ മറ്റൊരു സന്ദേശം. പരാതിക്കാരാരായാലും പരാതി ന്യായമാണെങ്കില്‍ അവരോടൊപ്പം നില്‍ക്കാന്‍ പൊതുസമൂഹം തയാറാണ്. ചോദ്യ പേപ്പര്‍ വിവാദത്തില്‍ എല്ലാ മതവിഭാഗങ്ങളും മതമില്ലാത്തവര്‍പോലും മുസ്‌ലിംകളുടെ പരാതി അംഗീകരിക്കുകയുണ്ടായി. ഈ മനോഭാവം സാമുദായിക സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും പ്രബലമായ ഈടുവെയ്പാണ്. ഇത് നിലനിര്‍ത്താനും പുഷ്ടിപ്പെടുത്താനും എല്ലാ മതവിഭാഗങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

ഈ അന്തരീക്ഷത്തിലേക്ക് വന്നു പതിച്ച ഇടിത്തീയാണ് കഴിഞ്ഞ 4-നു ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിനു നേരെ മൂവാറ്റുപുഴയില്‍ നടന്ന കിരാതമായ അക്രമം. അദ്ദേഹത്തിന്റെ കൈവെട്ടി മാറ്റുകയും കാലുകള്‍ ഗുരുതരമായി മുറിവേല്‍പിക്കുകയും ചെയ്തിരിക്കുന്നു. ഏറക്കുറെ പരിഹരിക്കപ്പെട്ട ഒരു പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കാനും ആളിക്കത്തിക്കാനുമുള്ള ഈ ശ്രമം അങ്ങേയറ്റം അപലപനീയവും ആപല്‍ക്കരവുമാണ്. മതാഭിമാനത്തിന്റെയും സമുദായ രക്ഷയുടെയും പേരിലാണീ കുത്സിത ചെയ്തിയെങ്കില്‍, സമുദായത്തെ നാണം കെടുത്താനും അരക്ഷിതമാക്കാനും മാത്രമേ അതുപകരിക്കുന്നുള്ളൂ എന്ന് ഇനിയും ആര്‍ക്കാണറിഞ്ഞുകൂടാത്തത്? കൈവെട്ടല്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയാണ് പിന്നിലെന്ന് പോലീസ് പറയുന്നു. ആ സംഘടന അത് നിഷേധിക്കുകയും ചെയ്യുന്നു. അതിന്റെ ചില പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്. ഒരു കാര്യം വ്യക്തമാണ്. ഒരു യാദൃശ്ചിക സംഘട്ടനത്തിനിടയിലുണ്ടായ അത്യാഹിതമല്ല; നീണ്ട നാളത്തെ ഗൂഢാലോചനയുടെ പരിസമാപ്തിയാണീ സംഭവം. അതിനു പിന്നില്‍ ആരായാലും സ്വന്തം 'വീര കൃത്യ'ത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള നട്ടെല്ലു പോലുമില്ലാത്ത ഭീരുക്കളാണവര്‍. ഈ ഭീരുത്വത്തിലൂടെ മുസ്‌ലിം സമുദായത്തെ മുഴുവന്‍ അവര്‍ സംശയത്തിന്റെ നിഴലിലാക്കുകയാണ്. പതിയിരുന്ന് ആളുകളെ ആക്രമിച്ച് ഉത്തരവാദിത്വമേല്‍ക്കാതെ ഓടിയൊളിക്കുക വിപ്ലവകാരികളുടെയോ സമുദായോദ്ധാരകരുടെയോ രീതിയല്ല. വഴിവെട്ടിക്കൊള്ളക്കാരുടെയും മാഫിയാ സംഘങ്ങളുടെയും രീതിയാണ്.

അധ്യാപകന്റെ കൈവെട്ടിയ നടപടിക്ക് മതത്തിന്റെയോ സമുദായത്തിന്റെയോ പിന്തുണ ഒട്ടുമില്ല. പ്രവാചക നിന്ദയെ ഇസ്‌ലാം സ്വാഭാവികമായും ഗുരുതരമായ പാപമായി കാണുന്നു. എന്നാല്‍ അതുചെയ്യുന്നവരെ കൈവെട്ടാന്‍ എന്നല്ല കായികമായ ഒരു നടപടിക്കും വിധേയരാക്കാന്‍ പ്രവാചകന്‍ കല്‍പിച്ചിട്ടില്ല. വല്ല നടപടിയും എടുക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതെടുക്കേണ്ടത് ഭരണകൂടമാണ്; വ്യക്തികളല്ല. മുഹമ്മദ് നബി(സ) അദ്ദേഹത്തിന്റെ ജീവിത കാലത്ത് ഏറെ പരിഹാസങ്ങള്‍ക്കും നിന്ദകള്‍ക്കും വിധേയനായിട്ടുണ്ട്. പ്രതികാര നടപടിയെടുക്കാനുള്ള എല്ലാ അധികാരവും ശക്തിയും കൈവന്നപ്പോഴും അത്തരക്കാര്‍ക്ക് മാപ്പ് നല്‍കുകയാണ് നബി(സ) ചെയ്തത്. നിന്ദയും ശകാരവുമൊക്കെ അജ്ഞരും അവിവേകികളുമായ ആളുകള്‍ ഉത്തരം മുട്ടുമ്പോള്‍ അവലംബിക്കുന്ന ഉപായങ്ങളാണ്. ആയുധംകൊണ്ടല്ല; വിവേകം കൊണ്ടും വിജ്ഞാനം കൊണ്ടുമാണതിനെ നേരിടേണ്ടത്.

മുസ്‌ലിം സമുദായത്തിലെ എല്ലാവിഭാഗങ്ങളും മൂവാറ്റുപുഴ സംഭവത്തെ അപലപിച്ചിരിക്കുകയാണ്. അനിഷ്ട സംഭവങ്ങളുണ്ടാകുമ്പോള്‍ അപലപിക്കുന്നതിലും സമാധാനം പാലിക്കാന്‍ ആഹ്വാനം ചെയ്യുന്നതിലും മതിയാക്കാതെ, പ്രകോപനങ്ങളെ സമചിത്തതയോടെ, സമാധാനപരമായി ജനാധിപത്യമാര്‍ഗത്തിലൂടെ നേരിടാനുള്ള വിവേകവും പരിശീലനവും അണികള്‍ക്കു നല്‍കാന്‍ സംഘടനാ നേതാക്കള്‍ അസൂത്രിതമായ പരിപാടികളാസൂത്രണം ചെയ്യുക കൂടി വേണമെന്ന് മനസ്സിലാക്കേണ്ട സന്ദര്‍ഭമാണിത്. മൂവാറ്റുപുഴ സംഭവത്തില്‍ മാരകമായി മുറിവേറ്റിരിക്കുന്നത് ഒരധ്യാപകന് മാത്രമല്ല; അതിലുപരി മതമൈത്രിക്കും സമുദായ സൗഹാര്‍ദത്തിനുമാണ്. ശിഥിലമാകുന്ന ബന്ധങ്ങള്‍ ദൃഢീകരിക്കാന്‍ ഇരു സമുദായത്തിന്റെയും നേതാക്കള്‍ മുന്നോട്ടു വരേണ്ടതുണ്ട്. നിഷ്‌കളങ്കമായ സ്‌നേഹവായ്പും സഹകരണ സന്നദ്ധതയുമാണ് അവര്‍ ആയുധമാക്കേണ്ടത്. അക്രമത്തിനിരയായ സഹോദരന് രക്തം നല്‍കാന്‍ മുന്നോട്ടുവന്ന സോളിഡാരിറ്റി പ്രവര്‍ത്തകരുടെ മാതൃക അനുകരണീയമാണ്. ജാതിമത വ്യത്യാസമന്യെ മനുഷ്യരെല്ലാം ഒരേ ചോരയാണ് എന്ന സത്യത്തിന്റെ സന്ദര്‍ഭോചിതമായ സാക്ഷാത്കാരമായിക്കൂടി നമുക്കതിനെ കാണാം. ഈ രക്തബന്ധം സമുദായങ്ങള്‍ തമ്മിലുള്ള മൈത്രിയും സഹകരണവുമായി പുഷ്‌കല സുരഭിലമാവട്ടെ. }}} 

ജമാഅത്തിന്റെ ഇന്നേവരെയുള്ള വാക്കും പ്രവൃത്തിയും എത്രചുഴിഞ്ഞന്വേഷിച്ചാലും ഈ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായതൊന്നും കണ്ടെത്താനാകില്ല. എന്നാലും ഇതത്രപെട്ടെന്ന് അംഗീകരിച്ച് കൊടുക്കാന്‍ ജമാഅത്ത് വിമര്‍ശകര്‍ എന്ന പേരിലറിയപ്പെടുന്ന മനോരോഗികള്‍ക്ക് സാധിക്കില്ല. അവര്‍ മറ്റുള്ളവരുടെ മനോരോഗത്തെ ചികിത്സിക്കുന്നവരാണെങ്കിലും ശരി. സസ്‌പെന്‍സ് നീട്ടികൊണ്ടുപോകുന്നില്ല ഈ പോസ്റ്റിന് കാരണമായ മുഹമ്മദ് അലിയുടെ പോസ്റ്റ് ഇവിടെയാണുള്ളത്.

മുമ്പ് ലൗജിഹാദ് പ്രശ്‌നം കത്തിനിന്നപ്പോഴും അദ്ദേഹം അതിനെ ജമാഅത്തുമായി യോജിപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. അതെങ്ങനെയെന്നല്ലേ. താഴെ നല്‍കിയ അദ്ദേഹത്തിന്റെ വരികള്‍ വായിക്കുക:
എങ്കിലും പ്രണയജിഹാദിന്റെ ബദല്‍ ബാധ്യതയില്‍ (vicarious responsibility) നിന്നു ജമാഅത്തെ ഇസ്ലാമി മുക്തമാവുന്നില്ല. കാരണം മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം ഈ കാമുകരെ സ്വാധീനിച്ചിട്ടുണ്ട്. ലോകത്തുള്ള സകല ചരാചരങ്ങളും മുസ്ലിം ആണെന്നും മനുഷ്യരില്‍ കുറച്ചുപേര്‍ മാത്രമാണ് മുസ്ലിം ആകാതെയുള്ളത് എന്നുമാണ് മൌദൂദിയുടെ വാദം. മുസ്ലിം എന്നാല്‍ അല്ലാഹുവിന് കീഴടങ്ങിയവന്‍ എന്നാണ് അര്‍ത്ഥം. ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം കീഴടങ്ങല്‍ എന്നാണ്. ചില ‘പണ്ഡിതന്മാര്‍’ പറയാറുള്ളത് പോലെ സമാധാനം എന്നല്ല. അല്ലാഹുവിനു കീഴടങ്ങിയവരാണ് മുസ്ലിങ്ങള്‍ (മുസ്ലിമീന്‍). അല്ലാഹുവിനു കീഴടങ്ങാതെ കഴിയുന്ന മനുഷ്യരെക്കൂടി കീഴടങ്ങിയവരാക്കുന്നത് മുസ്ലിങ്ങളുടെ മതപരമായ കടമയാണ്. ഈ കടമ നിറവേറ്റാനുള്ള പരിശ്രമമാണ് ജിഹാദ്. അത് യുദ്ധം തന്നെ ആയിരിക്കണമെന്നില്ല. മൌദൂദിയുടെ സിദ്ധാന്തമനുസരിച്ച് ഇസ്ലാമും കുഫറും (അമുസ്ലിങ്ങള്‍) തമ്മില്‍ നിരന്തരം സമരം നടന്നു കൊണ്ടിരിക്കുകയാണ്. മൌദൂദിക്ക് ഇസ്ലാമും കുഫറും തമ്മിലുള്ള സമരം കമ്മ്യൂണസത്തിലെ വര്‍ഗ്ഗസമരം പോലെയാണ്. അന്തിമ വിജയം അല്ലാഹുവിന്റെ സ്വന്തം മതമായ ഇസ്ലാമിനു തന്നെ ആയിരിക്കുമെന്നാണ് മൌദൂദിയുടെ ദര്‍ശനം.

മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം തലയ്ക്ക് പിടിച്ച കാമുകന്‍ സ്വാഭാവികമായും പ്രണയം സഫലീകരിക്കുന്നതിനു മുമ്പ് കാമുകിയെ അല്ലാഹുവിന് കീഴടങ്ങിയവളാക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. കാമുകിയെ മുസ്ലിമാക്കലാണ് മതഭ്രാന്ത് പിടിച്ച കാമുകന്റെ പ്രണയ സാഫല്യം. 

എങ്ങനെയുണ്ട് ജമാഅത്തിനെയും ലൗജിഹാദിനെയും ബന്ധിപ്പിക്കാനുള്ള ശ്രമം. ഇസ്്‌ലാമിക പ്രബോധനം എന്നാല്‍ ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി മാത്രം മുന്നോട്ട് വെക്കുന്ന ആശയമാണ് എന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ ഈ വരികളില്‍ പറയുന്നത് സത്യമല്ലേ എന്ന് അവര്‍ ചിന്തിച്ചേക്കാം. ഇവരാണ് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് മനശാസ്ത്ര ലേഖനങ്ങളെഴുതുന്നത് എന്നത് അത്ഭുതകരമായ കാര്യം തന്നെ. പ്രസ്തുത ലേഖനത്തിന് അദ്ദേഹം നല്‍കിയ തലക്കെട്ട് പ്രേമജിഹാദും ജമാഅത്തെ ഇസ്ലാമിയും - ഒരു മന:ശാസ്ത്രവിചിന്തനം എന്നാണ്.   ഇതുകൊണ്ടാണ് ഈ അസുഖത്തെ മനോരോഗമെന്നും ജമാഅത്ത് ബാധയെന്നും പറഞ്ഞത്. 

ഇപ്പോള്‍ മുഹമ്മദലിയെ പ്രകോപിപിച്ചത്. രാമനുണ്ണി സോളിഡാരിറ്റിയുടെ രക്തദാനവുമായി ബന്ധപ്പെടുത്തി തൊടുപുഴ സംഭവത്തെക്കുറിച്ച് പങ്കുവെച്ച അഭിപ്രായങ്ങളാണ്. മാത്രമല്ല പ്രവാചകന്റെ സ്‌നേഹത്തെയും വിട്ടുവീഴ്ചയെയും കുറിച്ച് പറയുന്ന പരാര്‍ശങ്ങള്‍ അദ്ദേഹം നടത്തുകയും ചെയ്തു. ഈ മഹാപരാധം ക്ഷമിക്കാന്‍ കഴിയുന്ന യുക്തിവാദികളും മാര്‍കിസ്റ്റുകളും ഇനിയും ജനിച്ചിട്ടുവേണം എന്ന തിരിച്ചറിവാണ് ആദ്യമായി അദ്ദേഹം നല്‍കുന്നത്. അതുകൊണ്ട് ആദ്യമായി അദ്ദേഹം ചെയ്യുന്നത്. രാമനുണ്ണിയെ പോലുള്ളവരെ അറിയിക്കാനായി യുദ്ധസംബന്ധിയായി അവതരിച്ച് ഏതാനും സൂക്തങ്ങള്‍ ക്വോട്ടുചെയ്യുകയാണ്. മലയാളത്തില്‍ പറഞ്ഞാല്‍ ഗൗരവം ലഭിക്കാത്തതുകൊണ്ടാകാം. ഇംഗ്ലീഷും നല്‍കിയിട്ടുണ്ട്. 19 സൂക്തങ്ങള്‍ യുദ്ധത്തെ മഹത്വവല്‍ക്കരിക്കുന്നതായി ഉണ്ടെന്ന് കൃത്യമായ ജ്ഞാനവും നല്‍കുന്നു. മുഹമ്മദ് സ്‌നേഹത്തിന്റെ പ്രവാചകനാണ് എന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കള്‍ക്ക് ചരിത്രകാരന്‍മാരുടെ ഉദ്ധരണി വേറെയും. എന്നാലും ജമാഅത്തുമായി എന്ത് ബന്ധം എന്നാണ് നിങ്ങളുടെ ചോദ്യമെങ്കില്‍ ഇതാ ആ കണ്ടെത്തല്‍. 

'കുറ്റകൃത്യം ചെയ്തത് തങ്ങളല്ല പോപുലര്‍ ഫ്രണ്ട് കാരാണെന്ന നല്ല പിള്ള നാട്യത്തിലിരിക്കുകയാണ് ജമാ’അത്തെ ഇസ്ലാമി. മാത്രവുമല്ല ഇസ്ലാമിക ശിക്ഷയ്ക്ക് വിധേയനായ് അധ്യാപകന് രക്തദാനം ചെയ്തത് ജമാ’അത്ത് പരിവാറില്‍ പെട്ട സോളിഡാരിറ്റിയാണെന്ന വ്യാപക പ്രചാരണവും നടത്തുന്നുണ്ട്. അതിന്റെ ഭാഗമാണ് ആദ്യം സൂചിപ്പിച്ച രാമനുണ്ണിലേപനം. നബിനിന്ദ നടത്തിയ അധ്യാപകന്‍ ശിക്ഷാര്‍ഹനാണെന്ന് മറുവശത്തുകൂടി പ്രചാരണം നടത്തുന്നുമുണ്ട്.'

ഇങ്ങനെയാണ് ജമാഅത്ത് ഈ സംഭവത്തില്‍ പ്രതിയാകുന്നത്. അവര്‍ നടപ്പാക്കിയത് ഇസ്‌ലാമിക ശിക്ഷയാണ് പോലും. അപ്പോള്‍ പിന്നെ അതിന്റെ പിതൃത്വം ജമാഅത്തിന് തന്നെ നല്‍കുക. അതുകൊണ്ട് കുറ്റകൃത്യം നടത്തിയത് പോപ്പുലര്‍ ഫ്രണ്ടാണെന്നത് നാട്യം മാത്രമാണ്. യഥാര്‍ഥത്തില്‍ ജമാഅത്താണ് ചെയ്തത്. രക്തം നല്‍കിയത് സോളിഡാരിറ്റിക്കാരാണ് എന്നത് വെറും പ്രചാരണമാണ് വസ്തുതയല്ല എന്ന ധ്വനി മനശാസ്ത്രപരമായി പകരാന്‍ പാകത്തില്‍ വാക്കുകളെ ഉപയോഗിച്ചിട്ടുമുണ്ട്. ഏതായാലും ഇതെല്ലാം വിശദമായി അദ്ദേത്തിന്റെ അടുത്ത് പുറത്തിറങ്ങാന്‍ പോകുന്ന ഇസ്‌ലാമും രാഷ്ട്രീയ ഇസ്ലാമും മനഃശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും വെളിച്ചത്തില്‍ എന്ന് പുസ്തകത്തില്‍ വായിക്കാം എന്ന് ആശ്വാസവും അദ്ദേഹം നല്‍കുന്നു.

ജമാഅത്ത് നേതൃത്വത്തോട് ഒരു വാക്ക്: പിണറായി വിജയനപ്പോലുള്ളവര്‍ ജമാഅത്തിനെ മനസ്സിലാക്കാന്‍ വായിക്കുന്നത്    ജമാഅത്തിന്റെ അടിസ്ഥാനസാഹത്യങ്ങളല്ല. ഇതുപൊലെ മനോവൈകല്യമുള്ളവര്‍ അന്ധന്‍ ആനയെകണ്ടതുപോലെ എഴുതിവിടുന്ന സാഹിത്യങ്ങളാണ്. അതുകൊണ്ടാണ് ജമാഅത്ത് ഭീകര സംഘടനായാണെന്നൊക്കെ ഇടക്കിടക്ക് ഉരുവിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ വസ്തുനിഷ്ടമായ എതിര്‍ പഠനങ്ങള്‍ പ്രസിദ്ധീകരിക്കാത്ത പക്ഷം നമ്മുടെ ബുദ്ധിപരമായ പ്രതിരോധം ഒരു ഗുണവും ചെയ്യില്ല.

ഞായറാഴ്‌ച, ജൂലൈ 11, 2010

ആര്‍.എസ്.എസ്സും ജമാമഅത്തും തമ്മിലുള്ള സമാനതകള്‍

ജമാഅത്തെ ഇസ്‌ലാമിയും ആര്‍.എസ്.എസ് ഉം തമ്മിലുള്ള സാമ്യതയെന്താണ്?. ഈ ചോദ്യത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ഒരു കമ്മ്യൂണിസ്റ്റ് സുഹൃത്ത് നല്‍കിയ മറുപടിയുടെ ചുരുക്കം ഇവിടെ പറയാം. അതിങ്ങനെയാണ്. '"രണ്ടും രണ്ട് മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളാണ്. രണ്ടിനെയും അടിയന്തിരാവസ്ഥയിലും അതിന് ശേഷം ബാബരിമസ്ജിദ് തകര്‍ത്തപ്പോഴും നിരോധിക്കപ്പെട്ടിട്ടുണ്ട്. രണ്ട് സംഘടനകള്‍ക്കും പിന്നീട് പ്രവര്‍ത്താനുമതി ലഭിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്‌ലാമി നേരിട്ട് കലാപത്തില്‍ പങ്കെടുക്കാത്തത് പോലെ ആര്‍.എസ്.എസും നേരിട്ട് ഇടപെടാറില്ല. രണ്ട് സംഘടനകളും പിന്നില്‍നിന്ന് അത്തരം കാര്യങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കുകയാണ് ചെയ്യാറ്. ഒന്ന് ഹിന്ദു രാഷ്ട്രത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ മറ്റൊന്ന് ഇസ്്‌ലാമിക രാഷ്ട്രത്തിന് വേണ്ടി ശ്രമിക്കുന്നു. എന്ന ചെറിയ വ്യത്യാസം ഉണ്ടെങ്കിലും മതേതരസ്‌നേഹികളെ സംബന്ധിച്ചിടത്തോളം രണ്ടും അപകടകരമാണ്." മാതൃഭൂമി, മനോരമ, ദേശാഭിമാനി എന്നീ പത്രങ്ങള്‍ വായിക്കുകയും അത്യാവശ്യം ടി.വി. കാണുകയും ചെയ്യുന്ന ഒരു ശരാശരി മലയാളി ഇപ്പോഴും ഇതുതന്നെയല്ലേ ജമാഅത്തിനെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ളത്. ഇത് ഞാന്‍ ഊഹിക്കുന്നത് കേരത്തിലെ നേതാക്കളുടെ ഈ വിഷയകമായ പ്രതികരണം കണക്കിലെടുത്താണ്.

ഇയ്യിടെയായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍  പരിശോധിക്കുമ്പോള്‍ മഹാഭൂരിപക്ഷം വരുന്ന കേരളീയരുടെ മേല്‍ധാരണകളെ ഒരു പുനര്‍വിചന്തനം ചെയ്യാന്‍ ഈ സന്ദര്‍ഭം നിര്‍ബന്ധിക്കുന്നുണ്ട്. ജമാഅത്തിനെ മനസ്സിലാക്കിയ ജമാഅത്ത് പ്രവര്‍ത്തകര്‍ക്കും അടുത്ത് പരിചയപ്പെട്ട മറ്റുള്ളവര്‍ക്കും ജമാഅത്ത്-ആറെസ്സെസ്സ് താരതമ്യത്തിലെ യുക്തി മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകും. അതേ പ്രകാരം ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ക്കും അതിനെ മനസ്സിലാക്കിയവര്‍ക്കും ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ഏകദേശ ധാരണയുണ്ടെങ്കില്‍ ആര്‍.എസ്.എസുമായി അതിന് വിദൂര ബന്ധം പോലുമില്ല എന്ന് തിരിച്ചറിയാനും ബുദ്ധിമുട്ടില്ല. 

പക്ഷെ ചിലര്‍ക്ക് ജമാഅത്തെ ഇസ്‌ലാമി എന്നാല്‍ ആര്‍.എസ്. എസ്സിന്റെ പ്രതിരൂപമാണ്. അത് പ്രചരിപ്പിക്കാന്‍ അവര്‍ അത്യാധ്വോനം ചെയ്യുന്നുണ്ട്. എന്താണ് അതുകൊണ്ടുള്ള നേട്ടമെന്ന് എനിക്കറിയില്ല.

ജമാ അത്തെ ഇസ്ലാമി ആര്‍ എസ്സ് എസ്സിന്റെ പ്രതിരൂപം ! [മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഹമീദ് ചേന്നമംഗലൂര്‍ എഴുതിയ ലേഖനത്തോട് അനുകൂലമായി പ്രതികരിച്ചു കൊണ്ട് ശ്രീ എം എ കാരപ്പഞ്ചേരി ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ കുറിപ്പാണ് ഞാന്‍ കണ്ട ഈ വിഷയത്തില്‍ വന്ന അവസാന വിശകലനം അതിലും അദ്ദേഹം ജമാഅത്തിനെതിരെ പതിവായി ഉന്നയിക്കാറുള്ള ചില ആരോപണങ്ങള്‍ പറയുന്നതല്ലാതെ ഏതെല്ലാം തലത്തില്‍ ജമാഅത്തെ ഇസ്‌ലാമി ആര്‍.എസ്.എസുമായി സമാനതകള്‍ പങ്കുവെക്കുന്നു എന്ന് പറഞ്ഞിട്ടില്ല. ഇത്തരം അസംബന്ധലേഖനങ്ങള്‍ വായിച്ചാണ് ഭൂരിപക്ഷം പേരും ഈ സാമ്യത ആരോപിക്കുന്നത്. അവര്‍ക്ക് ജമാഅത്തിനെ അറിയില്ല. എന്നാല്‍ കുറച്ചൊക്കെ ആര്‍. എസ്.എസിനെ അറിയാം. അവര്‍ പറയുന്നത് പോലെ ഭാരതത്തിന്റെ രക്ഷക്ക് സ്വയം സേവനസന്നദ്ധരായി വന്ന സാസ്‌കാരിക സംഘം എന്ന നിലക്കുള്ള വിധത്തിലല്ല. ഇന്ത്യയുടെ സമാധാനാത്തിനും ശാന്തിക്കും ഭീഷണിയായ, ഇന്ത്യയിലിന്നേവരെ നടന്ന ഏത് സംഘടനത്തിലും ഒളിഞ്ഞോ തെളിഞ്ഞോ സഹായം നല്‍കിയ, ഇയ്യിടെയായി മിക്ക സ്‌ഫോടനങ്ങളിലും പങ്കുള്ള ഒരു ആര്‍.എസ്.എസിനെയാണ് പൊതുജനങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളത്. ഇതുപോലെയാണ് ജമാഅത്തെ ഇസ്‌ലാമിയും എന്ന് കേള്‍ക്കുന്നവര്‍ മനസ്സിലാക്കണം അത്രയേ ഉള്ളൂ. ഇനി മുഴുവന്‍ രൂപം കിട്ടിയില്ലെങ്കിലും അപകടകരം എന്ന ഒരു ഏകദേശ ചിത്രം ലഭിച്ചാല്‍ അവര്‍ സംതൃപ്തരായിരിക്കും.

ജമാഅത്തെ ഇസ്‌ലാമിയെയും ആര്‍.എസ്.എസിനെയും കുറിച്ച് ഇയ്യിടെ പത്രത്തില്‍ വന്ന വാര്‍ത്തകള്‍ ഈ താരതമ്യത്തിലെ വൈരുദ്ധ്യം പെട്ടെന്ന് കണ്ടെത്താന്‍ സഹായകമാകും. അതിനാല്‍ ഓര്‍മപ്പെടുത്താന്‍ മാത്രമായി അവ ഇവിടെ നല്‍കുകയാണ്.


Thursday, July 8, 2010
{{{ ന്യൂദല്‍ഹി: സ്‌ഫോടനക്കേസുകളില്‍ ഹിന്ദുത്വ ഭീകരരുടെ പങ്ക് പുറത്തുവന്ന സാഹചര്യത്തില്‍ സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയ നേതാക്കളെ തള്ളിപ്പറഞ്ഞ് മുഖം രക്ഷിക്കാന്‍ ബി.ജെ.പി, ആര്‍.എസ്.എസ് പദ്ധതി. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് മദന്‍ ദാസ് ദേബി, ബി.ജെ.പി നേതാക്കളായ രാജ്‌നാഥ് സിങ് , അനന്ത്കുമാര്‍, രാംലാല്‍ എന്നിവരുമായി ചൊവ്വാഴ്ച രാത്രി നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണ. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളുടെ ചുമതലയുള്ള രണ്ട് നേതാക്കളോട് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്ന് അവധിയില്‍ പ്രവേശിക്കാന്‍ ആര്‍.എസ്.എസ് നിര്‍ദേശം നല്‍കി.

ഹൈദരാബാദ്, മാലേഗാവ്, അജ്മീര്‍ സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയ ഝാര്‍ഖണ്ഡിലെയും മധ്യപ്രദേശിലെയും ആര്‍.എസ്.എസ് നേതാക്കളായ അശോക് ബെറി, അശോക് വര്‍ശ്‌നി എന്നിവരോടാണ് വിട്ടുനില്‍ക്കാന്‍ നിര്‍ദേശം നല്‍കിയത്. ഉത്തര്‍പ്രദേശിന്റെ സംസ്ഥാന ചുമതലയുള്ള അശോക് ബെറി ആര്‍.എസ്.എസ് ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ്. ഝാര്‍ഖണ്ഡിന്റെ സംസ്ഥാന ചുമതലയാണ് ആര്‍.എസ്.എസ് നേതാവായ അശോക് വര്‍ശ്‌നിക്കുള്ളത്.  സംഘടനക്കുള്ളില്‍ സ്വന്തം നിലയില്‍ നടത്തിയ അന്വേഷണത്തില്‍ ഹിന്ദുത്വഭീകരരാണ് ഇവരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ആര്‍.എസ്.എസ് വൃത്തങ്ങള്‍ പറഞ്ഞു.

നിരവധി സ്‌ഫോടനക്കേസുകളില്‍ മുതിര്‍ന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെയാണ് മുഖംരക്ഷിക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും പദ്ധതി തയാറാക്കിയത്. ബി.ജെ.പി,  ആര്‍.എസ്.എസ് ഉന്നത നേതാക്കള്‍ ഇതിനായി നടത്തിയ ചര്‍ച്ചയില്‍ സ്‌ഫോടനക്കേസുകളില്‍ പ്രതികളായവര്‍ക്ക് രാഷ്ട്രീയ-നിയമ സഹായങ്ങള്‍ നല്‍കേണ്ടെന്ന് ധാരണയിലെത്തിയിരുന്നു. }}}

പ്രതികളെ സംരക്ഷിച്ചത് ആര്‍.എസ്.എസ് നേതാക്കളെന്ന് സി.ബി.ഐ

Sunday, July 11, 2010
{{{ ന്യൂദല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് 2007ല്‍ നടന്ന അജ്മീര്‍ സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയത് ആര്‍.എസ്.എസ് നേതാക്കളെന്ന് സി.ബി.ഐ. ഉത്തര്‍പ്രദേശിലെ ആര്‍.എസ്.എസ് നേതാക്കളായ അശോക് ബെറി, അശോക് വര്‍ഷ്‌നെ എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐയുടെ വെളിപ്പെടുത്തല്‍. സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍നിന്ന് അവധിയില്‍ പ്രവേശിക്കാന്‍ ഈ രണ്ടു നേതാക്കള്‍ക്കും ആര്‍.എസ്.എസ് നേതൃത്വം കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.

ഉത്തര്‍ പ്രദേശിന്റെ സംസ്ഥാന ചുമതലയുള്ള അശോക് ബെറി ആര്‍.എസ്.എസ് ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ്. ഝാര്‍ഖണ്ഡിന്റെ സംസ്ഥാന ചുമതലയാണ് ആര്‍.എസ്.എസ് നേതാവായ അശോക് വര്‍ഷ്‌നെക്കുള്ളത്.
സംഘടനയുടെ മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളോട്  അവധിയില്‍ പ്രവേശിക്കാന്‍ ആര്‍.എസ്.എസ് നിര്‍ദേശം നല്‍കിയത്. .... (പൂര്‍ണമായി വായിക്കാന്‍)}}}

 ജമാഅത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവില്ല: സര്‍ക്കാര്‍

{{{ കൊച്ചി: ജമാഅത്തെ ഇസ്‌ലാമി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നതിന് തെളിവുകളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സംഘടനക്കെതിരെ ഇതുസംബന്ധിച്ച് ഇതുവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം, വിജിലന്‍സ്) കെ. ജയകുമാര്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം വാഴക്കാലയിലെ ഇസ്‌ലാം മത്രപബോധകസംഘം കണ്‍വീനര്‍ അബ്ദുല്‍സമദ് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം.

20 രേഖകളാണ് ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുള്ളത്. ഇവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസിലെ രഹസ്യാനേഷണ വിഭാഗം അന്വേഷണവും പരിശോധനയും നടത്തി. സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ നിരോധിക്കലും പിടിച്ചെടുക്കലും അനിവാര്യമാക്കുന്ന ഒന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. സര്‍ക്കാറിന്റെ വിശദീകരണത്തെത്തുടര്‍ന്ന് ഹരജി വീണ്ടും പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ എന്നിരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സെപ്റ്റംബര്‍ രണ്ടാം വാരത്തിലേക്ക് മാറ്റി.}}}

ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേ വരേ നടന്ന ഒരു സംഘടനത്തിലും ജമാഅത്തെ ഇസ്‌ലാമിയുടെ പങ്ക് ഇതുവരെ ആരോപിക്കപ്പെട്ടിട്ടുപോലുമില്ല. എന്നിട്ടല്ലേ പ്രതി ചേര്‍ക്കല്‍. ഇന്ത്യയിലിന്നോളം സൂക്ഷനിരീക്ഷണം നടത്തപ്പെട്ട ഒരു സംഘടനയാണിത് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. 

അതൊക്കെ ശരി പക്ഷേ മൗദൂദിയുടെ പുസ്തകങ്ങള്‍ എന്തൊക്കെ പറഞ്ഞാലും അത് ജനാധിപത്യവിരുദ്ധവും മതേതരവിരുദ്ധവുമാണ് എന്നാണ് പിന്നെത്തെ വാദം. മതേതരജനാധ്യപത്യവിരുദ്ധമെന്ന് പറയുന്നതും അവയോട് ചിലവശങ്ങളിലെ താത്വികമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ പോകുന്നു.  പിടിച്ചാണ് ഇപ്പോഴും ജമാഅത്ത് തീവ്രവാദ സംഘടന എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നത്. ജമാഅത്ത് സാഹിത്യത്തില്‍ ഏത് ഭാഗമാണ് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് എന്ന് ചോദിക്കാറുണ്ട്. ആത്മാര്‍ഥമായി തന്നെ കാരണം അത്തരം ഭീകരത ഇസ്‌ലാമിക വിരുദ്ധമായതിനാല്‍ അതിന് പ്രോത്സാഹനകരമാകുന്ന ഭാഗം ഏതാണെന്നറിയാനുള്ള താല്‍പര്യം അതിന്റെ പ്രവര്‍ത്തകര്‍ക്ക് സ്വാഭാവികമാണ്. എന്നാല്‍ ഇപ്പോള്‍ ചിലര്‍ പറയാറുള്ളത് മൊത്തം സന്ദേശം ഭീകരമാണ് എന്നാണ്. എന്നാല്‍ ഈ പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുയും ചെയ്യുന്ന സംഘം മൊത്തെത്തില്‍ ഭീകരമാകേണ്ടേ എന്ത് കൊണ്ട് അങ്ങനെ സംഭവിക്കുന്നില്ല എന്നതിനുള്ള മറുപടി തിരയുന്നതിന്റെ ഭാഗമാണ്. ജമാഅത്തുമായി  അല്‍പസ്വല്‍പം അടുക്കുകയും പിന്നീട് പിണങ്ങി പോകുകയും ചെയ്ത സിമിയും അതിനെ നിരോധിച്ചപ്പോള്‍ അവരില്‍ ചിലരും പിന്നീട് മറ്റു വിവിധ സംഘടനകളില്‍നിന്ന് പുറത്ത് വന്നവരും ചേര്‍ന്ന് രൂപം കൊണ്ട എന്‍.ഡി.എഫിന്റെയുമൊക്കെ പിതൃത്വം മൗദൂദിയില്‍ കെട്ടിവെച്ച് തങ്ങളുടെ അസംബന്ധവാദത്തിനുള്ള മറുചോദ്യത്തിന് ഉത്തരം ശരിയാക്കാന്‍ ശ്രമിക്കുന്നത്.   ജമാഅത്തിലുള്ളവരെ മൗദൂദിയുടെ പുസ്തക വായന ഭീകരവാദികളോ തീവ്രവാദികളോ ആക്കുന്നില്ല. എന്നാല്‍ സുന്നികളിലെയും ഇസ്‌ലാഹികളിലെയും മൗദൂദിയുടെ വായനക്കാര്‍ ഭീകരവാദികളും തീവ്രവാദികളുമാകുന്നു എന്നാണോ ഈ പറയുന്നവര്‍ അര്‍ഥമാക്കുന്നത്.

ബുധനാഴ്‌ച, ജൂലൈ 07, 2010

ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെടുമ്പോള്‍..

കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു ഹരജി ഫയല്‍ ചെയ്തിട്ടുണ്ട് എന്നറിയാത്തവരുണ്ടാകില്ല. ഇസ്‌ലാംമതപ്രബോധനകസംഘം എന്ന വേദിയുടെ കണ്‍വീനറായ അബ്ദുമദാണ് മാസങ്ങള്‍ക്ക് മുമ്പ് കോടതിയില്‍ ഇങ്ങനെ ഒരാവശ്യമുന്നയിച്ചത്. പുതിയ കൈവെട്ട് വിവാദത്തിനിടയില്‍ അത് ഒന്നുകൂടി സജീവമായിരിക്കുന്നു. ചാനലുകളിലെ വാര്‍ത്താവതാരകര്‍ പരമാവധി പ്രസ്തുസംഭവത്തോട് ചേര്‍ത്ത് തന്നെ ഈ വാര്‍ത്തയും ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ജനങ്ങളില്‍ തെറ്റിദ്ധാരണക്ക് വേറെ കൂടുതല്‍ വിവരണം വേണമെന്നില്ല. അതോടൊപ്പം ഇതുവരെ കോടതിയുടെ സത്യവാഗ്മൂലം സമര്‍പിക്കാനുള്ള കല്‍പന നടപ്പാക്കുന്നതില്‍ ഗവണ്‍മെന്റ് വീഴ്ചവരുത്തി എന്നവിമര്‍ശനവുമുണ്ട്. എന്നാല്‍ ഈ അറുപത് വര്‍ഷം അരിച്ചുപെറുക്കിയിട്ടും കാര്യമായി ഒന്നും ലഭിക്കാത്തത് കൊണ്ടാണ് ഗവണ്‍മെന്റ് മുന്നോട് വലിയ ആവേശത്തില്‍ റിപ്പോര്‍ട്ട് നല്‍കാതിരുന്നത് എന്ന സത്യം അധികപേര്‍ക്കറിയില്ല. എങ്കിലും കഴിഞ്ഞ തിങ്കളായ്ച അഡീഷണന്‍ സെക്രട്ടറി നേരിട്ട് തന്നെ ഹാജറായി അതിന്റെ റിപ്പോര്‍ട്ട് റഫറന്‍സിനായി ഇവിടെ നല്‍കുന്നു:

[[ കൊച്ചി: ജമാഅത്തെ ഇസ്‌ലാമി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നതിന് തെളിവുകളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സംഘടനക്കെതിരെ ഇതുസംബന്ധിച്ച് ഇതുവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം, വിജിലന്‍സ്) കെ. ജയകുമാര്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം വാഴക്കാലയിലെ ഇസ്‌ലാം മത്രപബോധകസംഘം കണ്‍വീനര്‍ അബ്ദുല്‍സമദ് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാറിന്റെ വിശദീകരണം. 

20 രേഖകളാണ് ഹരജിക്കൊപ്പം ഹാജരാക്കിയിട്ടുള്ളത്. ഇവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസിലെ രഹസ്യാനേഷണ വിഭാഗം അന്വേഷണവും പരിശോധനയും നടത്തി. സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ നിരോധിക്കലും പിടിച്ചെടുക്കലും അനിവാര്യമാക്കുന്ന ഒന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. സര്‍ക്കാറിന്റെ വിശദീകരണത്തെത്തുടര്‍ന്ന് ഹരജി വീണ്ടും പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ എന്നിരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സെപ്റ്റംബര്‍ രണ്ടാം വാരത്തിലേക്ക് മാറ്റി.

ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ച് സര്‍ക്കാറിന് പ്രതിവാര റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. കോടതിയുടെ മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി, ഇന്റലിജന്‍സ് എ.ഡി.ജി.പി, നിയമ സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഹരജിയിലെ ആരോപണങ്ങള്‍ കണക്കിലെടുത്ത് ദേശവിരുദ്ധ ആശയങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രചരിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അഡീഷനല്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കും. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കാനാകൂ. സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കാനും എ.ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കും.


1908ലെ ക്രിമിനല്‍ നിയമഭേദഗതി ആക്ടിലെ 16 ാം വകുപ്പ് പ്രകാരം ഒരു സംഘടനയെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, അതിക്രമങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് തെളിവില്ലാത്ത സാഹചര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഈ വകുപ്പ് ബാധകമാക്കാനാകില്ലെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആവശ്യമെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.


സംഘടന ദേശവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും മറ്റും ആരോപിച്ചാണ് ഹരജിക്കാരന്‍ കോടതിയിലെത്തിയത്. ഹരജിയില്‍ പറയുന്നതുപോലുള്ള കാര്യങ്ങളില്‍ സര്‍ക്കാറിന്റെ ശ്രദ്ധ വേണമെന്നതിനാലാണ് അഡീഷനല്‍ ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.]]

രണ്ടുതവണ നിരോധിക്കപ്പെട്ട സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഒന്ന് അടിയന്തിരാവസ്ഥയിലായിരുന്നു. അന്നും അതിന് ശേഷം ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും പല ഹൈന്ദവ സംഘടകളെയും നിരോധിച്ചപ്പോള്‍ തൂക്കമൊപ്പിക്കാന്‍ ഒരു ഇസ്‌ലാമിക സംഘടനയേയും നിരോധിക്കുകയാണുണ്ടായത് എന്ന് വ്യക്തമാകുന്ന തരത്തിലായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങള്‍. അന്നും നിരോധനത്തിനെ ന്യായീകരിക്കുന്ന ഒരൊറ്റ തെളിവും ലഭിക്കാത്തതിനാല്‍ ആദ്യത്തേത് അടിയന്തരാവസ്ഥയും ഭരണവും മാറിയതോടെയും രണ്ടാമത്തെ നിരോധനം  സൂപ്രീം കോടതി ഇടപെട്ടും  നീക്കം ചെയ്യുകയാണുണ്ടായത്.

രണ്ടുതവണ നിരോധിക്കപ്പെട്ടതിനാല്‍ ഇനിയും നിരോധിക്കപ്പെട്ടുകൂടായ്കയില്ല. പക്ഷെ ആ നിരോധനവും അന്യായമായിരിക്കും എന്ന കാര്യത്തില്‍ നിഷ്പക്ഷ മതികള്‍ക്ക് നല്ല ഉറപ്പുണ്ട്. ആദ്യ നിരോധനങ്ങളില്‍ സേട്ടുസാഹിബിനെ പോലുള്ളവരാണ് ശക്തമായി പ്രതികരിച്ചത് എന്ന് ഓര്‍ക്കേണ്ടതുണ്ട്. ചില പുസ്തകങ്ങളിലെ വാലും തലയും വെട്ടിക്കളഞ്ഞ ചില ഉദ്ധരണികള്‍ ദുര്‍വ്യാഖ്യാനം ചെയ്താണല്ലോ ഹരജിക്കാരന്‍ സമര്‍പിച്ചിട്ടുണ്ടാകുക. അത്തരം ഉദ്ധരികളൊക്കെ മുമ്പും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ നിഷ്പക്ഷമായ ഒരു വായനയില്‍ കോടതിക്ക് അവയില്‍ ഒന്നുമില്ല എന്ന ബോധ്യം വന്നു. കോടതികള്‍ ഇന്നും ഈ നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്നുവെങ്കില്‍ അക്കാര്യത്തില്‍ ജമാഅത്ത് പ്രവര്‍ത്തകരെ ഇത്തരം ഹരജികളെ ഒട്ടും പരിഗണനാര്‍ഹമാകുന്നു പോലുമില്ല. ഇനി ജമാഅത്തിനെ ഗവണ്‍മെന്റ് വേണ്ടവിധം പരിശോധിക്കുന്നില്ല ശ്രദ്ധിക്കുന്നില്ല എന്നാണ് ആര്‍ക്കെങ്കിലും അഭിപ്രായമുള്ളതെങ്കില്‍ കക്കോടിയില്‍ സി.പി.എമ്മുകാരുടെ അടികിട്ടിയവരുടെ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മതി. അതില്‍ ജമാഅത്തുകാരുടെ അനുഭാവികളെ പോലെ അവിടെ നടന്ന് പ്രസംഗം ശ്രദ്ധിച്ച് കുശലം പറഞ്ഞ് ഉള്ളുകള്ളികള്‍ വരെ അറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ യഥാര്‍ഥ ജനാധിപത്യവാദികളുടെ ചൂടറിഞ്ഞ രണ്ടു പേര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍മാരായിരുന്നു വെന്ന് നാമറിഞ്ഞത് അവര്‍ക്ക് പരിക്ക് പറ്റിയപ്പോഴാണ്. ഇതാണ് ജമാഅത്തുകാരുടെ സുകൃതം. ഇത്രയും സുതാര്യവും സത്യസന്ധവുമായ ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുവെന്നത് ദൈവം അവര്‍ക്കേകിയ വലിയ അനുഗ്രഹമാണ്. അതുകൊണ്ട് പീഢനങ്ങളേല്‍ക്കേണ്ടിവരില്ല എന്നല്ല; മറിച്ച് വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും അപ്രകാരം സംഭവിക്കുക തന്നെ ചെയ്യും എന്നവര്‍ വിശ്വസിക്കുന്നു. അന്യായം എപ്പോഴും അതുകൊണ്ടുതന്നെ ജമാഅത്തിനെതിര്‍ പക്ഷത്താക്കുന്നത് യാദൃശ്ചികമല്ല.

നിരോധനം പ്രശ്‌നപരിഹാരത്തിന് ഉതകും എന്ന അന്ധമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്നത് കൊണ്ടാണ് ചിലര്‍ അതിന് പിന്നാലെ പോകുന്നത്. നിരോധനത്തിനുള്ള ഒരു സൗകര്യം തീവ്ര ഭീകരവാദികളെ സംബന്ധിച്ചിടത്തോളം സൗകര്യമാകുന്നതും മറക്കാന്‍ പാടില്ല. ജമാഅത്ത് പ്രവര്‍ത്തകരെ സംബന്ധിച്ച നിരോധിച്ചാലും ഇല്ലെങ്കിലും അവരുടെ ദൗത്യം ഒന്നുതന്നെയായിരിക്കും അത് സമാധാനപരമായ ആശയ പ്രബോധനമാണ്. പൊതുയോഗങ്ങളും ഓഫീസുകളും അടച്ചുപൂട്ടിയാലും അതിന്റെ പ്രവര്‍ത്തനം മറ്റൊരാളുമായി സംസാരിക്കാന്‍ അവസരം ലഭിക്കുവോളം തടയാനാവില്ല. ഇനി ഇതിന്റെ ലക്ഷകണക്കിന് പ്രവര്‍ത്തകരെ ജയിലില്‍ പാര്‍പ്പിച്ചുവെന്ന് സങ്കല്‍പിക്കുക. എങ്കില്‍ പുറത്ത് ഇതേ ദൗത്യവുമായി അല്ലാഹു മറ്റുസംഘങ്ങളെയും പ്രവര്‍ത്തകരെയും കൊണ്ടുവരിക തന്നെ ചെയ്യും. അതുകൊണ്ട് ഈ ദൗത്യം ഞങ്ങളേ നിര്‍വഹിക്കാവൂ ഞങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്ന ചിന്തിക്കുന്ന ഒരു ജമാഅത്ത് പ്രവര്‍ത്തകനും ഉണ്ടാവില്ല. അത് ഒരിക്കലും ജമാഅത്തിനെ നിരോധിക്കാന്‍ ഹരജി നല്‍കിയ മഴുത്തായ സംഘങ്ങളാവുമെന്ന് കരുതിയവര്‍ക്ക് തെറ്റി. അവര്‍ ജങ്ങളെ ദൈവമാര്‍ഗത്തില്‍നിന്ന തടയുന്നവര്‍ എന്ന വിശേഷണം അര്‍ഹിക്കുന്ന ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ മാത്രം ഇടപിടിക്കാന്‍ വിധിക്കപ്പെട്ട ഇസ്‌ലാമിന്റെ വിതൃക രൂപങ്ങള്‍ മാത്രമാണ്.  പറയപ്പെട്ടവിധം ഒരു ഇസ്‌ലാമിക സംഘം തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുപ്പെടുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലല്ല. യഥാവിധി പ്രവര്‍ത്തിക്കാത്തതിന്റെ പേരിലായിരിക്കും.

തിങ്കളാഴ്‌ച, ജൂലൈ 05, 2010

പ്രവാചക നിന്ദകന് രക്തം നല്‍കുകയോ- മഹാപാതകം??

ജാതി-മത-മതവിരുദ്ധ ബ്ലോഗര്‍മാരെല്ലാവരും ഈ ഒരാഴ്ച ഇടുന്ന ആദ്യ പോസ്റ്റ് തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിമാറ്റിയ കാടത്തത്തെ അപലപിച്ചുകൊണ്ടാകണം എന്ന് തീരുമാനിച്ചിരിക്കുന്നു. പതിവുപോലെ തലക്കെട്ടില്‍ മാത്രമാണ് സാമ്യതകുറച്ചെങ്കിലുമുള്ളത്. ലക്ഷ്യം തങ്ങളുടെ എതിരാളികളെ ഒതുക്കുക എന്നതാണോ എന്ന് തോന്നിപ്പോയി യുക്തിവാദികളുടെ ബ്ലോഗുകള്‍ വായിച്ചപ്പോള്‍. കൂട്ടത്തില്‍ അധികമാരും ശ്രദ്ധിക്കാതെ പരാമര്‍ശിക്കാതെ പോയ സംഭവത്തിന് ബ്ലോഗില്‍ കൂടുതല്‍ പ്രാധാന്യമുണ്ട് എന്ന് തോന്നി. അതിനെക്കുറിച്ചു കണ്ട ഒരു മാറ്റര്‍ ഇവിടെ ഞാന്‍ മുഴുവനായി പകര്‍ത്തുന്നു. ഇതാണ് ഇസ്‌ലാമിനെയും പ്രവാചകാധ്യാപനങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രവൃത്തി എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. വായിക്കുക:
അക്രമികളുടെ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ടി.ജെ ജോസഫിന് അടിയന്തിര ശസ്ത്രക്രീയക്ക് 10 യൂണിറ്റ് ബി-പോസിറ്റീവ് രക്തം ആവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയാ ഓര്‍ഗനൈസര്‍ വി.എ സലിമിനെയാണ് വിളിച്ചത്. അപ്പോള്‍തന്നെ 10 സോളിഡാരിറ്റി പ്രവര്‍ത്തകര്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഓടിയെത്തി രക്തം നല്‍കുകയുണ്ടായി. ഇക്കാര്യം ഞാന്‍ ഫേയ്‌സ് ബുക്കില്‍ ചിലരുടെ പോസ്റ്റുകളില്‍ കമന്റായി എഴുതിയിരുന്നു. അതിനു ശേഷം എനിക്ക് പലയിടങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തുന്ന സ്വരത്തില്‍ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രവാചകനെയും ദൈവത്തേയും നിന്ദിച്ച മനുഷ്യന് എന്തിന് രക്തം നല്‍കി എന്നതാണ് മിക്ക ഫോണുകളുടേയും ഉള്ളടക്കം. ഇനി ചില മുസ്ലിം സംഘടനകള്‍ സോളിഡാരിറ്റിയെ എതിര്‍ക്കാനുള്ള കാരണമായി ഇതും പറഞ്ഞേക്കാം. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സോളിഡാരിറ്റി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത് പ്രവാചകന്‍ മുഹമ്മദ്(സ) പ്രബോധനം ചെയ്ത ഇസ്ലാമാണ്. അതുകൊണ്ടാണ് ടി.ജെ ജോസഫിന് രക്തം നല്‍കിയത്. വേണമെങ്കില്‍ ഇനിയും നല്‍കും. ആ കുടുംബത്തിന്റെ പ്രയാസത്തില്‍ കഴിയുന്നത്ര പങ്കുചേരും. നമസ്‌കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്റ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത നരാധമന് മാപ്പ് കൊടുത്തതാണല്ലോ മുഹമ്മദ് നബിയുടെ മാതൃക. അതിലും വലിയ ഒരു പ്രവാചക നിന്ദയൊന്നുമല്ലല്ലോ ജോസഫ് ചെയ്തത്. വി നടന്നു പോകുമ്പോള്‍ തന്റെ മുകളില്‍ നിത്യേനെ ചപ്പുചവറുകളും എച്ചിലും വലിച്ചെറിഞ്ഞ പെണ്‍കുട്ടി രോഗബാധിതയായപ്പോള്‍ അടുത്ത ചെന്ന് കണ്ണീര്‍ വാര്‍ത്ത് രോഗ ശമനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണല്ലോ കാരുണ്യത്തിന്റെ പ്രവാചകന്‍ ചെയ്തത്. അവളുടെ കൈപ്പത്തി വെട്ടിമാറ്റിയില്ലല്ലോ!. ഈ പ്രവാചകന്റെ ദര്‍ശനത്തില്‍ നിന്ന് പ്രവര്‍ത്തിക്കുനന് സോളിഡാരിറ്റിക്ക് ജോസഫിന് രക്തം നല്‍കാന്‍ മടിയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട് നേരിട്ട് കൊടിയ ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള പരിശ്രമമാണ് സോളിഡാരിറ്റിയുടേത്. എന്നോട് ഫോണില്‍ വിളിച്ച് ഒരാള്‍ പറഞ്ഞത് സോളിഡാരിറ്റി ഭീരുക്കളായതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ്. കാരുണ്യവാന് മാത്രമേ ധീരനാവാന്‍ സാധിക്കുകയുള്ളൂ. ക്രൂരന്‍മാരാവുക എപ്പോഴും ഭീരുക്കളുമാണ്. വൃദ്ധയായ മാതാവിന്റെ ഭാര്യയുടെ സഹോദരിയുടെ മുനിനിലിട്ട് ഒരാളെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നത് എന്ത് ധീരതാണ് സുഹൃത്തുക്കളേ!. അത് ചെയ്ത നിങ്ങളും ഗര്‍ഭത്തിലെ കുഞ്ഞിനെ ശൂലത്തില്‍ കുത്തിയെടുത്ത നരാധമന്‍മാരും തമ്മില്‍ എന്ത് വ്യത്യാസം? പിഞ്ച് വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയവരും നിങ്ങളും തുല്യര്‍ തന്നെയാണ്!.

NB:- എന്നെ തട്ടിക്കളയും എന്ന് ഭീഷണി മുഴക്കിയവരോട് - നിങ്ങള്‍ക്ക സ്വാഗതം. (അന്വേഷിച്ചപ്പോള്‍ എല്ലാ ഫോണുകളും കോയിന്‍ ബൂത്തുകളില്‍ നിന്നാണ്. മര്യാദക്ക് ഭീഷണിപ്പെടുത്താന്‍ പോലും ധൈര്യമില്ലാത്തവര്‍)


ശനിയാഴ്‌ച, ജൂലൈ 03, 2010

ജമാഅത്തെ ഇസ്‌ലാമിയുടെ പുതിയ രാഷ്ട്രീയ ചുവട്‌

റിയാദ്: ആഗതമായ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ രൂപം കൊള്ളാന്‍ പോകുന്ന ജനപക്ഷ രാഷ്ട്രീയ കൂട്ടായ്മ സംസ്ഥാനത്തിന്റെ പൊതുനന്‍മ ലക്ഷ്യമിട്ട് കൊണ്ടുള്ളതായിരിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി വ്യക്തമാക്കി. ഹ്രസ്വ സന്ദര്‍ശനത്തിനായി ഇവിടെയെത്തിയ അദ്ദേഹത്തിന് 'തനിമ' നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.

പഞ്ചായത്തീരാജിന്റെ ലക്ഷ്യങ്ങള്‍ യഥാവിധി ജനങ്ങളിലേക്ക് എത്തിക്കാനും വികസനവും വിഭവ വിതരണവും എല്ലാ വിഭാഗം ഗുണഭോക്താക്കള്‍ക്കും ഒരുപോലെ ലഭ്യമാക്കാനുമുള്ള ശ്രമമാണ് ജമാഅത്ത് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ ഫണ്ടുകളുടെ പകുതിയില്‍ കുറഞ്ഞ ഭാഗം മാത്രമാണ് ജനങ്ങളിലേക്ക് എത്തുന്നത്. വിഭവ വിതരണത്തില്‍ തികഞ്ഞ അസന്തുലിതത്വമുണ്ട്. അഴിമതി രഹിതമായി, ജനപങ്കാളിത്തത്തോടെയുള്ള പുതിയ രാഷ്ട്രീയ മുന്നേറ്റത്തിലൂടെ ഈ അവസ്ഥക്ക് കാതലായ മാറ്റം വരുത്താനാകുമെന്ന് അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു. മൂല്യബോധമുള്ള എല്ലാ പൗരന്‍മാരുടെയും പിന്തുണ ഇതിനാവശ്യമാണെന്നും അദ്ദേഹം ഉണര്‍ത്തി.

ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരും അനുഭാവികളും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഇപ്പോള്‍ കൈക്കൊണ്ട തീരുമാനമല്ല. വളരെ നേരത്തെ സ്വീകരിച്ച നിലപാട് ഇപ്പോളാണ് പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നതെന്ന് മാത്രം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ നൂറുകണക്കിന് പഞ്ചായത്തുകളില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ രൂപവത്കരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചും അദ്ദേഹം സൂചന നല്‍കി.

ജമാഅത്തെ ഇസ്‌ലാമി സ്വയം രാഷ്ട്രീയപാര്‍ട്ടിയായി മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പൊതുനന്‍മയില്‍ താല്‍പര്യമുള്ളവരെക്കൂടി ഉള്‍പ്പെടുത്തി സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ആരിഫലി വ്യക്തമാക്കി. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പൊതുനന്‍മ ലക്ഷ്യമിട്ടായിരിക്കും അതിന്റെ പ്രവര്‍ത്തനം. ഫാഷിസം ഇന്ത്യന്‍ മതേതരത്വത്തിന് അപകടകരമായ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അതിനെതിരെ ശക്തമായി നിലകൊള്ളും. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും സ്വയം നിര്‍ണയാവകാശം നിലനിര്‍ത്താനും പൊതു ധാര്‍മ്മിക മൂല്യങ്ങളുടെ പുനരുദ്ധാരണം ഉറപ്പാക്കാനും ശ്രമിക്കും. ജനപക്ഷപരവും പ്രകൃതിക്കനുയോജ്യവുമായ വികസനമായിരിക്കും അതിന്റെ നയം. നന്‍മയില്‍ സഹകരിക്കുന്ന, രാജ്യത്തിന്റെ ഭാവിയില്‍ ക്രിയാത്മക പങ്ക് വഹിക്കാന്‍ താല്‍പര്യമുള്ള എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം ഉറപ്പാക്കിയാകും പാര്‍ട്ടി നിലവില്‍ വരികയെന്നും ആരിഫലി പറഞ്ഞു. തനിമ രക്ഷാധികാരി കെ.എം ബഷീര്‍, എസ്.എം നൗഷാദ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

കാലികമായ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇതില്‍ പോസ്റ്റുചെയ്യുന്നതിന്റെ ഉദ്ദേശ്യം ജമാഅത്തിന്റെ നയനിലപാടുകള്‍ താത്വികമായി ചര്‍ചചെയ്യുന്നതിനൊപ്പം അത് പ്രായോഗികമായി എടുക്കുന്ന സ്‌റ്റെപ്പുകള്‍ കൂടി അറിയിക്കുക എന്ന ഉദ്ദേശ്യത്തിലാണ്. ഇപ്പോള്‍ തന്നെ ഇവിടെ പലരും പ്രതികരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി അതേ പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കാന്‍ പോകുന്നു എന്ന തലത്തിലാണ്. എനിക്ക് ഈ ബ്ലോഗില്‍ അവസാനം നല്‍കപ്പെട്ട കമന്റ് അത്തരത്തിലുള്ളതാണ്. ഇസ്‌ലാം കേവലമൊരു മതമാണെന്ന തലത്തില്‍നിന്നു തന്നെയാണ് മഹാഭൂരിപക്ഷം ജനങ്ങളും ചിന്തിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ജമാഅത്തിന്റെ അന്തിമ ലക്ഷ്യം എങ്ങനെയൊക്കെ പറഞ്ഞാലും അത് പൂര്‍ത്തീകരിക്കണമെങ്കില്‍ അവസാനമില്ലാത്ത പ്രശ്‌നങ്ങള്‍്ക് വഴിവെച്ചേ സാധ്യമാകൂ എന്നവര്‍ കണക്കുകൂട്ടുന്നു. ഓരോ മതവും ഇപ്രകാരം മുന്നോട്ട് വന്നാല്‍ എന്തായിരിക്കും സ്ഥിതി എന്നോര്‍ത്ത് അവര്‍ നെടുവീര്‍പ്പിടുകയും ചെയ്യുന്നു. എന്നാല്‍ ജമാഅത്ത് പറയുന്നത് നേര്‍ക്ക് നേരെ കേള്‍ക്കാനും മുഖവിലക്കെടുക്കാനും കഴിയുന്നവര്‍ക്ക് കാര്യങ്ങള്‍ ബോധ്യമാകുന്നുണ്ട് എന്നത് ആശ്വാസകരം തന്നെ.

വളരെ സുതാര്യമായ ലക്ഷ്യങ്ങളും നയനിലപാടുകളുമാണ് ജമാഅത്ത്് മുന്നോട്ട് വെക്കുന്നത്. താത്വിക തലത്തിലും പ്രായോഗിക തലത്തിലും അതെടുക്കുന്ന നിലപാടുകളെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനുമുള്ള അവകാശം നല്‍കുക മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നിരിക്കെ. ഒട്ടും സുതാര്യമോ അറിഞ്ഞിടത്തോളം അവര്‍ പറയുന്നത് പൂര്‍ണമായി വിജയിക്കുകയാണെങ്കിലും സമ്പൂര്‍ണമായ ഏകാധിപത്യ സ്വേഛാധിപത്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ വരെ 60 വര്‍ഷത്തിലേറെയായി ഒരു നിയമ ലംഘനവും നടത്താത്ത മുഴുവന്‍ സമൂഹങ്ങളുമായി സൗഹാര്‍ദ്ദത്തില്‍ വര്‍ത്തിച്ച ഒരു സംഘത്തെ ഭീഷണിയായി പരിചയപ്പെടുത്തുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു.   

ജമാഅത്തെ ഇസ്‌ലാമിയെ നിരൂപണം ചെയ്യുന്നത് പോലെ മറ്റു സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും നിലപാടുകളും ചരിത്രവും വിശകലനം ചെയ്യുമ്പോഴെ കാര്യങ്ങളുടെ യഥാര്‍ഥ കിടപ്പ് മനസ്സിലാക്കാന്‍ കഴിയൂ. ചില സംഘടനകളൊക്കെ തങ്ങളിലേക്ക് തിരിയാതിരിക്കാന്‍ ജമാഅത്തിനെ പ്രതിരോധത്തില്‍ നിര്‍ത്തുക എന്ന തന്ത്രത്തിന്റെ ഭാഗമാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടതുണ്ട്.

കഴിഞ്ഞ പോസ്റ്റിന്റെ ബാക്കി തുടരും.

 
Design by CKLatheef | Bloggerized by CKLatheef | CK