'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, സെപ്റ്റംബർ 20, 2012

മുജാഹിദ് മൌലവിയുടെ അറസ്റ്റും സൂറത്തുന്നൂറും

ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നായകനും ഈ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ ഇസ്ലാമിക ചിന്തകരിലൊരാളും പണ്ഡിതനുമായ ഇമാം സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയെ ഒരു ദാക്ഷിണ്യമില്ലാതെ ആക്രമിക്കുകയും ചെയ്യുന്ന, മുജാഹിദ് വിഭാഗത്തിലെ പ്രാസംഗികനായ വ്യക്തിയെ സ്ത്രീപിഢനത്തിന് അറസ്റ്റ് ചെയ്യപ്പെട്ടത് സ്വാഭാവികമായും സോഷ്യല്‍നെറ്റ് വര്‍ക്കില്‍ വലിയ ചര്‍ചയായി മാറുന്നുണ്ട്. പത്രങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പാടുണ്ടായിരുന്നോ ?, റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ തന്നെ അദ്ദേഹത്തിന്റെ സംഘടനയേതെന്ന് സൂചിപ്പിക്കാന്‍ പാടുണ്ടായിരുന്നോ എന്നതാണ് ഏറ്റവും വലിയ തര്‍ക്കവിഷയം. ഇക്കാര്യം മിണ്ടാതിരിക്കണം എന്നതാണ് ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ചിലര്‍ ആവശ്യപ്പെടുന്നത്. മാധ്യമമടക്കമുള്ള പത്രങ്ങള്‍ ചെയ്തത് വലിയ തെറ്റായി പോയി എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. സംഘടനയുടെ പേര് പറയാതെ വാര്‍ത്തകൊടുക്കാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. പേര് പോലും പറയാതെ ഗള്‍ഫിലെ പത്രങ്ങളിലേത് പോലെ എ. എന്ന വ്യക്തി ബി എന്ന സ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ എ.ക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തുവെന്നേ പറയാന്‍ പാടുള്ളൂ എന്ന അഭിപ്രായം ആരും പ്രകടിപ്പിക്കുന്നത് കണ്ടില്ലെങ്കിലും അതും പ്രസക്തമാണ് എന്നാണ് എന്റെ അഭിപ്രായം. പക്ഷെ അത് ഈ ഒരു കേസില്‍ മാത്രം പരിമിതപ്പെടാനും പാടില്ല.

ഇത്തരം സന്ദര്‍ഭത്തില്‍ എങ്ങനെ ഇടപെടണം എന്നതിന് ഏറ്റവും വ്യക്തമായ നിര്‍ദ്ദേശം നല്‍കുന്ന ഖുര്‍ആനിലെ അധ്യായമാണ് സൂറത്തുന്നൂര്‍ . അതോടൊപ്പം ഖുര്‍ആനില്‍ മറ്റുഭാഗത്ത് വന്ന പൊതുവായ നിര്‍ദ്ദേശമടങ്ങിയ സൂക്തങ്ങളും ചിലര്‍ ഉദ്ധരിക്കുന്നു. ആ ചര്‍ചയില്‍ കണ്ട അഭിപ്രായങ്ങളും അവയ്ക്ക ഞാന്‍ നല്‍കിയ പ്രതികരണങ്ങളുമാണ് ഈ പോസ്റ്റിന്റെ ഉള്ളടക്കം.
Abu Ameen-Shabab Just imagine if it he was a JIH person, will Mujas keep quiet? There is nothing in celebrating this news, any organization can have such evil workers, Allah only knows..!Better ignore this news and pray for Allah's protection from such vulgar deviations..!
Salim Rayyan സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന്‌ വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക്‌ സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക്‌ പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ്‌ ധര്‍മ്മനിഷ്ഠയോട്‌ ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു (അല്‍ മാഇദ 5:8)
Ali Koya സമാധാനപരമായി ഇസ്‌ലാമികപ്രവര്‍ത്തനം നടത്തുന്നവരെ തീവ്രവാദികളാക്കിമുദ്രയടിക്കുകയും ദീനിന്റെ ഇഖാമത്തിനുവേണ്ടിയുള്ള ശ്രമത്തിന്‌ തടസ്സം നില്‍ക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ഖുര്‍ആനില്‍ ഒന്നും പറഞ്ഞിട്ടില്ലേ?

Salim Rayyan അവിശ്വാസി ആയിക്കൊണ്ട്‌ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന്‌ ജനങ്ങളെ തടയുന്നവരെ ഖുര്‍ആനില്‍ ശക്തിയായി അക്ഷേപിച്ചിട്ടുണ്ട്.

എന്നാല്‍ ഒരു സത്യവിശ്വാസി (സംഘടനാപരമായി വിമര്‍ശനത്തില്‍ അതിര് കവിഞ്ഞയാള്‍ ആണെന്ന് തന്നെയിരിക്കട്ടെ) യുടെമേല്‍ ഇതുപോലെ ഗുരുതരമായ ഒരു ആരോപണം ഉണ്ടായാല്‍ അതിന്റെ നിജസ്ഥിതി അറിയുന്നതിന് മുമ്പ് അയാളെ ആക്രമിക്കുന്നതിന് ന്യായീകരണമില്ല.

സമാധാനപരമായി ഇസ്‌ലാമികപ്രവര്‍ത്തനം നടത്തുന്നവരെ തീവ്രവാദികളാക്കിമുദ്രയടിക്കുകയും ദീനിന്റെ ഇഖാമത്തിനുവേണ്ടിയുള്ള ശ്രമത്തിന്‌ തടസ്സം നില്‍ക്കുകയും ചെയ്യുന്ന ആളാണ്‌ അയാള്‍ എങ്കില്‍, അയാളുടെ കാര്യത്തില്‍ അനീതി കാണിക്കുന്നത് നമുക്ക് അനുവദനീയമാകുമോ?

CK Latheef റയ്യാന്‍ പറയുന്നത് ശരിയാണ് , ഇവിടെ ഇപ്പോള്‍ ഈ മൌലവി കുറ്റാരോപിതന്‍ മാത്രമാണ്. ഒരു പക്ഷെ നിരപരാധി ആയേക്കാം. അങ്ങനെ സംഭവിച്ചിട്ടുണ്ട്. നിരപരാധിയാകാനുള്ള സാധ്യത ഒരു ശതമാനം മാത്രമേ ഉള്ളൂവെങ്കില്‍ പോലും നാം അത് അംഗീകരിച്ചുകൊടുക്കണം.അദ്ദേഹം ഇമാം സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയെ തീവ്രവാദിയും തീവ്രവാദത്തിന്റെ തലതൊട്ടപ്പനായും യാതൊരു തെളിവുമില്ലാതെ നാടാകെ ആരോപിച്ചു നടന്നുവെന്നത് കടുത്ത അനീതി തന്നെ പക്ഷെ അദ്ദേഹം ചെയ്ത അനീതി അദ്ദേഹത്തിന് ഇസ്ലാം നല്‍കിയ ഇളവ് അംഗീകരിച്ചുകൊടുക്കാതിരിക്കാന്‍ ന്യായമല്ല.ഒരു കാര്യം കൂടി ശ്രദ്ധിക്കണം എന്ന് തോന്നുന്നു. മൌലവിയെ അറസ്റ്റ് ചെയ്തുവെന്നത് ഒരു വാര്‍ത്തയാണ്. സത്യസന്ധമായ വാര്‍ത്ത. അത് റിപ്പോര്‍ട്ട് ചെയ്യുന്നത് തെറ്റല്ല. അത് ഇവിടെ നലല്‍കിയതും തെറ്റാണെന്ന് പറയാനാവില്ല. പക്ഷെ ഇത് വെച്ച് അദ്ദേഹം കുറ്റവാളിയാണ് എന്ന് വിധിക്കുന്നതാണ് തെറ്റ്. ചിലരുടെ ഈ സന്ദര്‍ഭത്തിലുള്ള പ്രതികരണം ഈ വാര്‍ത്ത പറയുന്നതേ തെറ്റാണ് എന്ന വിധത്തിലാണ്. അത് ശരിയായ സമീപനമല്ല. പലപ്പോഴും ഇത്തരം പണ്ഡിതരുടെ കാര്യം വരുമ്പോള്‍ മാത്രമേ അനുയായികള്‍ക്ക് അത്തരം സൂക്തങ്ങള്‍ ഓര്‍മവരുന്നുള്ളൂ. ഇത്തരം കാര്യങ്ങളുണ്ടാകുമ്പോള്‍ നാം കാര്യമായി ഉദ്ധരിക്കുന്നത് സൂറത്തുന്നൂറിലെ ആയത്തുകളാണല്ലോ ?.

എന്നാല്‍ ആരോപണവിധേയമായ സംഭവം തന്നെ പരാമര്‍ശിക്കാതരിക്കുക എന്നത് ഖുര്‍ആന്‍ ചെയ്തിട്ടില്ലല്ലോ ?. ലോകവസാനം വരെ പാരായണം ചെയ്യുന്ന ഖുര്‍ആനില്‍ ആ സംഭവം പരാമര്‍ശിച്ചു അതിനോട് സ്വീകരിക്കേണ്ട നടപടി വിശദീകരിച്ചു.
ഇസ്ലാമിനും മുസ്ലിംകള്‍ക്കും  (സംഘടനാഭേദമന്യേ) തന്നെയാണ് ഈ വാര്‍ത്ത പ്രചരിക്കുന്നതിലെ മാനഹാനി എന്നത് സത്യം, എന്നാല്‍ അതിനേക്കാള്‍ മാനഹാനി വരുത്തുന്നതാണ് ഇത്തരം സന്ദര്‍ഭമുണ്ടാകുമ്പോള്‍ മുസ്ലിംകള്‍ അത് മൂടിവെക്കുന്നുവെന്ന തെറ്റായ ധാരണ. ഇത് ഖുര്‍ആന്‍ പഠിപ്പിച്ചതല്ല. ഇത്തരം സന്ദര്‍ഭത്തില്‍ നിയമവിധേയമായ മാര്‍ഗത്തിലൂടെ കുറ്റമുക്തമാകുക, അതിന് മുമ്പ് ആരോപണ പ്രത്യാരോപണങ്ങള്‍ പ്രതിയുടെ മേല്‍ ഉന്നയിക്കാതിരിക്കുക എന്നിവ ശ്രദ്ധിക്കണം.

അതിലും പരമപ്രധാനമാണ്. കളവ് പറയുന്നുവെന്ന് വളരെ വ്യക്തമാകുന്ന പ്രാസംഗികരെ നേതൃത്വസ്ഥാനങ്ങളില്‍നിന്നും സ്റ്റേജില്‍നിന്നും മാറ്റിനിര്‍ത്താന്‍ ബന്ധപ്പെട്ട സംഘടനകള്‍ ശ്രദ്ധിക്കണമെന്നത്. കാരണം അവരുടെ മനസ്സ് ശുദ്ധമല്ല. അവര്‍ അല്ലാഹുവിനെ ഭയപ്പെടുന്നില്ല എന്നത് വളരെ വ്യക്തം.
ആളുകള്‍ക്കും അവരുടെ സംഘനാ നേതൃത്വത്തിനും പാഠമുള്‍കൊള്ളാനും ശരിയായ നിലപാടുകള്‍ സ്വീകരിക്കാനുമുതകുന്ന ഒരു പാട് സന്ദര്‍ഭങ്ങള്‍ അല്ലാഹു നല്‍കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ഇസ്ലാമിക ചരിത്രത്തിലെ ഇത്തരം പാഠമുള്‍കൊള്ളാവുന്ന പല സംഭവങ്ങളൊക്കെയും പിന്നീട് പലതും ഖുര്‍ആന്‍ വിശകലനം ചെയ്യുകയും ശരിയായ പാഠം പറഞ്ഞുകൊടുക്കയും ചെയ്തിട്ടുണ്ട്. ബദ്റിലെ ബന്ധികളെ വിട്ടയച്ചപ്പോള്‍ , ഉഹദിലും ഹുനൈനിലും മുസ്ലിംകള്‍ പരാജയപ്പെട്ടപ്പോള്‍ , ആയിശ (റ) നെതിരെ വ്യജാരോപണം ഉണ്ടായപ്പോള്‍ , നബി (സ) ഉമ്മു മഖ്തൂം (റ) അവഗണിച്ചപ്പോള്‍ ... പ്രത്യക്ഷത്തില്‍ നബിക്കും സഹാബിമാര്‍ക്കും മാനഹാനി എന്ന് പറയാവുന്ന എത്രസംഭവങ്ങളെ ഖുര്‍ആന്‍ പരാമര്‍ശിച്ചു.

ഒട്ടും സത്യസന്ധമല്ലാത്തതും വ്യക്തഹത്യനടത്തുകയും ചെയ്യുന്ന രൂപത്തില്‍ തങ്ങളുടെ പ്രാസംഗികര്‍ ഇടപെട്ടാലും അതിനെ നിയന്ത്രിക്കാനോ ആ കാര്യത്തിലെ ഇസ്ലാമികത പഠിപ്പിക്കാനോ മുജാഹിദ് നേതൃത്വം ശ്രദ്ധിക്കാറില്ല. ഇതിന്റെ ഫലം അവര്‍ ഓരോരുത്തരും ഇന്ന് തിരിച്ച് അനുഭവിക്കുന്നു. പരസ്പരം പിരിഞ്ഞപ്പോഴൊക്കെ വളരെ ഗുരുതരമായ രൂപത്തില്‍ അവര്‍ പരസ്പരം വ്യക്തിഹത്യ നടത്തിക്കൊണ്ടിരിക്കുന്നു. അണികള്‍ അത് ആസ്വദിച്ചുകൊണ്ടിരിക്കുന്നു.

മറ്റൊന്ന് മാറ്റാന്‍ പാടില്ലാത്ത ആദര്‍ശമെന്ത് , അഭിപ്രായവ്യത്യാസം ഉണ്ടാകാവുന്ന മേഖലകളേത് എന്ന കാര്യത്തിലുള്ള ഒരു വിദ്യാഭ്യാസം അണികള്‍ക്ക് നല്‍കുന്നതിലെ പോരായ്മ. ഇപ്പോള്‍ നടക്കുന്ന സകല സകല മുജാഹിദു പോസ്റ്ററുകളും ശ്രദ്ധിച്ചാല്‍ അത് മനസ്സിലാക്കും എല്ലാം ആദര്‍ശ വിശദീകരണമാണ്. താടിയും, കൈകെട്ടും, ഖുനൂത്തും എല്ലാം ആദര്‍ശം. ഇപ്പോള്‍ ജിന്ന് ചര്‍ചയും അങ്ങനെ തന്നെ. ജിന്ന് ചര്‍ചയില്‍ വിശ്വാസവുമായി ബന്ധപ്പെടുന്ന തലം ഉണ്ട് എന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ, ഈ ചര്‍ചയിലും അഭിപ്രായ വ്യത്യാസം അംഗീകരിക്കാവുന്ന മേഖലകളുണ്ടായിരുന്നുവെന്നതാണ് സത്യം.
Ali Koya ശംസുദ്ദീനെതിരെയുള്ള കേസിനാസ്‌പദമായ ആരോപണത്തെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല; അത് കോടതി തീരുമനിക്കട്ടെ എന്ന് വെക്കാനേ നിര്‍വ്വാഹമുള്ളു. മറ്റൊരു വഴിക്ക് ഈ ചര്‍ച്ച നടകണമെന്ന് ഞാന്‍ വിചാരിക്കുന്നു.
ജിന്നും തൌഹീദും.....
ജിന്നിന്റെ സഹായം....
ജിന്നും അറിവ് നല്‍കലും...
ജിന്നും വസ്‌തുക്കള്‍ കൊണ്ടുവരലും...

CK Latheef ആലിക്കോയ സാഹിബ് , ഇക്കാര്യത്തിലൊക്കെ അവരുടെ സംഘടനതന്നെ ചര്‍ച ചെയ്യുകയും ഇസ്ലാമികമായ ഒരു ഉത്തരം നല്‍കുകയും ചെയ്യുന്നുണ്ട്. ചില കാര്യത്തിലൊക്കെ നമ്മുക്ക് വിയോജിപ്പുണ്ടാകാമെങ്കിലും. ഇവിടെയും മുജാഹിദു അണികള്‍ക്കും നേതാക്കള്‍ക്കും പറ്റുന്നത് അന്ധമായ അനുകരണമാണ്. ഓരോ പ്രസംഗികരും ഓരോ ശൈഖും, അദ്ദേഹത്തിന്റെ പ്രസംഗം ഇഷ്ടപ്പെടുന്നവര്‍ അവരുടെ മുരീദ് മാരെപ്പോലെയും വര്‍ത്തിക്കുന്നു. ഏത് നേതാവിനെ പുറത്താക്കിയാലും അദ്ദേഹത്തോടൊപ്പം കുറേ പേര്‍ ഇറങ്ങിപോകാനുണ്ടാകും. ആദര്‍ശരഹിതരായ ആള്‍ക്കൂട്ടം പോലെ.

ജിന്നുമായി ബന്ധപ്പെട്ട് ഇത്രയും നീട്ടിപ്പരത്തിപ്പറയാന്‍ മാത്രം ഖുര്‍ആന്‍ വിശദീകരണം നല്‍കുന്നില്ല. പ്രസംഗകരുടെ ഭാവനകളും ഖുര്‍ആനും ഹദീസും ആശയം ഗ്രഹിച്ച് വായിക്കാനുള്ള കഴിവില്ലായ്മയും ചേര്‍ന്നാണ് ജിന്നിനെക്കുറിച്ച് സംശുദ്ധീന്‍ പാലത്തും സകരിയാ സലാഹിയും നല്‍കുന്ന വിശദീകരണങ്ങള്‍ നല്‍കാനാവുന്നത്.
ഫെയ്സ് ബുക്കില്‍ നടന്ന ചര്‍ചയില്‍നിന്ന് എടുത്ത് ചേര്‍ത്തതാണ് മുകളിലെ അഭിപ്രായങ്ങള്‍ .. ഇവിടെ ഖുര്‍ആന്‍ മുസ്ലിംകളോട് സൂറത്തുന്നൂറില്‍ ആവശ്യപ്പെട്ടതെന്താണ്. അത് ഇങ്ങനെ വായിക്കാം.

['ഈ അപവാദം കെട്ടിച്ചമച്ചവര്‍ നിങ്ങളില്‍ത്തന്നെയുളള ഒരുപിടി ആളുകളാകുന്നു. ഈ സംഭവത്തെ നിങ്ങള്‍ക്കു ദോഷമായി കരുതേണ്ടതില്ല. പ്രത്യുത, ഇതു ഗുണം തന്നെയാകുന്നു. അതില്‍ ആര്‍ എത്രത്തോളം പങ്കുകൊണ്ടുവോ, അയാള്‍ അത്രത്തോളം പാപം പേറിയിരിക്കുന്നു. അതില്‍ മുഖ്യ പങ്കിന് ഉത്തരവാദിയായവന്ന് കൊടൂരമായ ശിക്ഷയാണുള്ളത്. ഈ വര്‍ത്തമാനം കേട്ടമാത്രയില്‍ത്തന്നെ, വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും തങ്ങളെക്കുറിച്ച് നല്ലതു തോന്നുകയും ഇതു കെട്ടിച്ചമച്ച അപവാദമാണെന്ന് പറയുകയും ചെയ്യാതിരുന്നതെന്ത്? എന്തുകൊണ്ട് അക്കൂട്ടര്‍ (അവരുടെ ആരോപണം തെളിയിക്കുന്നതിന്ന്) നാലു സാക്ഷികളെ കൊണ്ടുവന്നില്ല? നാലു സാക്ഷികളെ കൊണ്ടുവന്നിട്ടില്ലാത്തതിനാല്‍ അല്ലാഹുവിന്റെ ദൃഷ്ടിയില്‍, അവരാകുന്നു കള്ളം പറയുന്നവര്‍. ഇഹത്തിലും പരത്തിലും നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടായിരുന്നില്ലെങ്കില്‍, നിങ്ങള്‍ ഏര്‍പ്പെട്ടിരുന്ന വര്‍ത്തമാനത്തിന്റെ ഫലമായി ഭയങ്കരമായ ശിക്ഷ ഭവിക്കുമായിരുന്നു.(ആ സന്ദര്‍ഭത്തില്‍ നിങ്ങള്‍ എത്ര വലിയ തെറ്റാണ് ചെയ്തുകൊണ്ടിരുന്നതെന്ന് ഒന്നാലോചിച്ചുനോക്കുക.) ഈ അപവാദം നാക്കില്‍ നിന്നു നാക്കിലേക്ക് പകര്‍ന്നുകൊണ്ടും, യാതൊരറിവുമില്ലാത്ത കാര്യം സ്വന്തം വായ്കളാല്‍ പറഞ്ഞുകൊണ്ടുമിരുന്നപ്പോള്‍, നിങ്ങള്‍ അതു നിസ്സാര സംഗതിയായിക്കരുതി. അല്ലാഹുവിങ്കലോ, അത് ഗുരുതരമായ കാര്യമായിരുന്നു. (25:11-15)]

ഇവിടെ പരാമര്‍ശവിഷയമായ കാര്യം പ്രവാചക പത്നിയും സഫ് വാന്‍ എന്ന സ്വഹാബിയുമായി ബന്ധപ്പെടുത്തി ചിലര്‍ വ്യഭിചാരോരപണം ഉന്നയിച്ചതാണ്. ഈ സംഭവത്തെ പോലും ദോഷകരമായി കാണേണ്ടതില്ല എന്നാണ് ഖുര്‍ആന്‍ പറയുന്നത്. സംഭവിച്ച് പോകുന്നതിനെ പോസ്റ്റീവായി ഉള്‍കൊള്ളാനുള്ള ഒരു നിര്‍ദ്ദേശമാണിത്. തീര്‍ത്തും പരിശുദ്ധരില്‍ പരിശുദ്ധരും യാതൊരു തരത്തിലുള്ള തിന്മ ആരോപിക്കാന്‍ കഴിയാത്തതുമായ രണ്ട് സഹാബികളെക്കുറിച്ചാണ് ഒരു അടിസ്ഥാനവുമില്ലതാതെ ചിലര്‍ കള്ളം അരോപിച്ചത്. ഇത്തരം ഒരു ആരോപണത്തില്‍ ഒരിക്കലും മുസ്ലിംകള്‍ വീഴതരുത് എന്നാണ് ഈ സൂക്തം നല്‍കുന്ന താകീത്. കേരളത്തില്‍ പലപ്പോഴും സംഭവിക്കുന്നത്, ബഹുമാന്യരായ നേതാക്കള്‍ അപഥസഞ്ചാരം നടത്തുകയും അത് കണ്ടെത്തുന്നവര്‍ പോലീസില്‍ പരാതിപ്പെടുകയും പ്രാഥമിക അറിവനുസരിച്ച് അതില്‍ സത്യമുണ്ടെന്ന് തോന്നുമ്പോള്‍ അറസ്റ്റ് ചെയ്യുകയുമാണ്. അതുമല്ലെങ്കില്‍ ഇപ്രകാരം ചുഷണം ചെയ്യപ്പെടുന്ന സ്ത്രീകളാല്‍ അല്ലെങ്കില്‍ അവരുടെ രക്ഷിതാക്കളാല്‍ നല്‍കപ്പെടുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇവിടെ വ്യഭിചാരാരോപണം അല്ല, പീഢനാരോപണമാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്.

ഈ വാര്‍ത്ത മറുച്ചുവെക്കണം അതിനെക്കുറിച്ച് മിണ്ടിപോകരുത് എന്നാണോ ആ സൂക്തം ആവശ്യപ്പെടുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്നവന്‍ പ്രതിമാത്രമാണ്. കുറ്റം തെളിയിക്കപ്പെടുന്നത് വരെ. അവനെ കുറ്റവാളി എന്ന നിലക്ക് കാണരുത് എന്ന് മാത്രമേ ഏറി വന്നാല്‍ മേല്‍ സൂക്തങ്ങളില്‍നിന്ന് ലഭിക്കൂ. അതാകട്ടേ ന്യായവും. നമ്മുടെ പാരമ്പര്യമനുസരിച്ച് ഇത്തരം വാര്‍ത്തകള്‍ പ്രാധാന്യം നല്‍കപ്പെടുന്ന ഒരു അവസ്ഥയാണ് കേരളത്തിലുള്ളത്. ഇത്തരം അറസ്റ്റുകള്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന പ്രാധാന്യം വേണോ എന്ന ചര്‍ച വേറെ നടക്കേണ്ടതാണ്. ഒരു പൊതുതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇതില്‍ നിലപാട് സ്വീകരിക്കാന്‍ പത്രങ്ങള്‍ക്ക് ആവൂ. അത് എല്ലാവര്‍ക്കും ബാധകമാക്കുകയും വേണം. അല്ലാത്ത പക്ഷം വാര്‍ത്തകളില്‍ ഇരട്ടത്താപ്പ് കാണിക്കലാകും അത്. മാധ്യമം പോലുള്ള പത്രങ്ങള്‍ ഫോട്ടോയും പേരും നല്‍കിയില്ലെങ്കിലും മറ്റുപത്രങ്ങള്‍ നല്‍കും. പേര് നല്‍കാതെ ഒരു മുസ്ലിം സംഘടനയുടെ പണ്ഡിതന്‍ എന്ന് പറഞ്ഞാലും അനീതിയുണ്ട് സകല സംഘടനകളെയും അത് പുകമറക്കുള്ളിലാക്കും.  അദ്ദേഹം നടത്തിവരുന്ന കളവും മൌലാനാ മൌദൂദിക്കും ജമാഅത്തിനും നേരെ നടത്തിവരുന്ന യാതൊരു നീതീകരണവുമില്ലാത്ത പ്രസംഗവും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് തന്നെ ഇത്തരം കാര്യങ്ങളുടെ ബാധ്യത സംഭവിക്കലാണ് സ്വാഭാവിക നീതി.

ഈ സംഭവം നല്‍കുന്ന ഏറ്റവും വലിയ പാഠം കുറ്റാരോപിതനായ (ആരോപണം സത്യമായാലും അല്ലെങ്കിലും) സംശുദ്ധീന്‍ പാലത്ത് എന്ന വ്യക്തിക്ക് തന്നെയാണ് . മൌലാനാ മൌദൂദിയെ പോലെ, മുസ്ലിം ലോകം ആധരിക്കുന്ന ഒരു പണ്ഡിതനെ കേട്ടുകേള്‍വിയുടെയും തന്റെ ഭാവനയുടെയും അടിസ്ഥാനത്തില്‍ തേജോവധം ചെയ്യുമ്പോള്‍ അല്ലാഹു മുകളില്‍ അത് വീക്ഷിച്ചുകൊണ്ടിരിക്കുന്നവെന്നത് മറക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തിന്റെ ഒരു പ്രസംഗം സാന്ദര്‍ഭികമായി കാണുക.എം.എം. അക്ബര്‍ സാഹിബിന് ശേഷം പ്രസംഗിക്കുന്ന വ്യക്തിയാണ് കുറ്റാരോപിതന്‍ . ഈ വിഡിയോയിലെ ഏതെങ്കിലും വിഷയങ്ങള്‍ മറുപടി പറയേണ്ടതുണ്ടെങ്കില്‍ അത് അകാവുന്നതാണ്. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് സാമാന്യമായ അറിവോ , ആവശ്യത്തിന് വിവേചന ബുദ്ധിയോ ഉണ്ടെങ്കില്‍ ആര്‍ക്കും അക്ബര്‍ സാഹിബിന്റെയും ശംസുദ്ധീന്‍ പാലത്തിന്റെയും സംസാരത്തിലെ അബദ്ധം മനസ്സിലാക്കാവുന്നതാണ് എന്നത് കൊണ്ടാണ് ഇതിവിടെ മറുപടിയില്ലാതെ തന്നെ നല്‍കുന്നത്. വ്യാഴാഴ്‌ച, സെപ്റ്റംബർ 13, 2012

ജിന്ന് കറുത്തനായയുടെ രൂപത്തില്‍ ?

ശൈത്വാന്‍ എന്ന് എവിടെ കണ്ടാലും ആദ്യം അതിനെ ജിന്നാക്കി മാറ്റി പിന്നീട് ജിന്നിനെ കോലം മാറ്റി അവതരിപ്പിക്കുന്ന ജിന്നിന്റെ ആളുകള്‍  പിടികൂടി നിറം കെടുത്തിയ ഒരു ഹദീസാണ് മുസ്ലിം ഉദ്ധരിച്ച താഴെ ഹദീസ്.

إذا قام أحدكم يصلي ، فإنه يستره إذا كان بين يديه مثل آخرة الرحل . فإذا لم يكن بين يديه مثل آخرة الرحل ، فإنه يقطع صلاته الحمار والمرأة والكلب الأسود . قلت : يا أبا ذر ! ما بال الكلب الأسود من الكلب الأحمر من الكلب الأصفر ؟ قال : يا ابن أخي ! سألت رسول الله صلى الله عليه وسلم كما سألتني فقال : الكلب الأسود شيطان

സാരം: നിങ്ങളിലാരെങ്കിലും നമസ്കാരത്തിന് നിന്നാല്‍ അവന്റെ മുന്നില്‍ ഒരു ഒട്ടകകട്ടിലിന്റെ പിന്നിലെ കുറ്റി പോലുള്ളത് മറയായി വെക്കട്ടേ. അവന് മുന്നില്‍ വെക്കാന്‍  അത് ലഭിച്ചില്ലെങ്കില്‍ അവന്റെ നമസ്കാരത്തെ ഒരു കഴുതയോ ഒരു സ്ത്രീയോ ഒരു കറുത്ത നായയോ മുറിക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ഞാന്‍  ചോദിച്ചും. അല്ലയോ അബൂദര്‍ എന്തുകൊണ്ടാണ് മഞ്ഞ നായയേയോ ചുവപ്പ് നായയെയോ പറയാതെ കറുത്ത നായയെമാത്രം എടുത്ത് പറഞ്ഞത്. അദ്ദേഹം പറഞ്ഞു സഹോദരപുത്രാ നീയെന്നോട് ചോദിച്ച പ്രകാരം ഞാനും നബിയോട് ചോദിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. കറുത്ത നായ ശൈത്വാനാണ് .

ജിന്ന് നായയായി രൂപം പ്രാപിക്കും എന്ന് വാദിക്കുന്നവര്‍ പ്രസ്തുത വാദം  തെളിയിക്കാനായി ഉദ്ധരിക്കുന്ന ഹദീസാണിത്. കറുത്ത നായ ശൈത്വാനാണ് എന്ന് കേട്ടപാടെ ശൈത്വാനെന്ന് പറഞ്ഞാല്‍ ജിന്നാണെന്നും. ജിന്നാണെങ്കില്‍ ആ നായ രൂപാന്തരം പ്രാപിച്ച ജിന്നായിരിക്കുമെന്ന് വിധിച്ചുകളഞ്ഞു. ഖുര്‍ആനെ സംബന്ധിച്ചും ഹദീസിനെ സംബന്ധിച്ചുമാണ് എന്തെങ്കിലും പറയുന്നതെങ്കില്‍ യുക്തിചിന്തയും ബുദ്ധിയും ഉപയോഗിച്ചാല്‍ മഹാപതകമായി ഇക്കൂട്ടര്‍ കാണുന്നു. വ്യാഖ്യാനത്തില്‍ ബുദ്ധി ഉപയോഗിച്ചു അത് തള്ളാന്‍ അത് തന്നെ മതി എന്നാണ് ചിലരുടെ നിലപാട്. 

ജിന്നുമായി കൂട്ടിക്കുഴച്ചിട്ടില്ലെങ്കില്‍ ഈ ഹദീസിന്റെ ആശയവും സന്ദേശവും വളരെ വ്യക്തമാണ്. നമസ്കാരം എന്നാല്‍ അല്ലാഹുവമായിട്ടുള്ള ഒരു മുനാജാത്ത് (കൂടിക്കാഴ്ച) ആണ്. നല്ല ഏകാഗ്രതയോടെ നമസകരിച്ചാല്‍ മാത്രമേ അതിന്റെ ആത്മീയമായ ഫലം ലഭിക്കൂ. അതിലൂടെ മാത്രമേ നമസ്കാരത്തിന്റെ ലക്ഷ്യം നിറവേറൂ. അതിനായി നമസ്കരിക്കുന്നവന്‍ തന്റെ മുന്നില്‍ ഒരു മറ, അടയാളം വെക്കണം. തൂണോ ചുമരോ ഇല്ലെങ്കില്‍ ഒട്ടക കട്ടിലിന്റെ പിന്നിലെ കുറ്റിപോലുള്ളത് (നമുക്ക് അത് അല്‍പം അവ്യക്തമാണെങ്കിലും അവിടെയുള്ളവര്‍ക്ക് പെട്ടെന്ന് മനസ്സിലാകുന്ന ഭാഷയാണത്)  വെച്ചാല്‍ മതി. നമസ്കാരം പള്ളിക്കുള്ളില്‍ മാത്രം നിര്‍വഹിക്കുന്നതല്ല. ആള്‍പെരുമാറ്റവും ജീവികള്‍ അലയുന്നിടത്തുമൊക്കെ നമസ്കരിക്കേണ്ടിവരും. അത്തരം സന്ദ‍ര്‍ഭത്തില്‍ ഒരു മറയുണ്ടെങ്കില്‍ നമസ്കാരത്തിന് ഭംഗം വരാതെ ആളുകളില്‍നിന്നും കഴുത നായ പോലുള്ളവയില്‍നിന്നും ഒരു പരിധിവരെ അകലാം. ഈ പറഞ്ഞ മൂന്നും നമസ്കരിക്കുന്നവന്റെ മുന്നിലൂടെ പോയാല്‍ നമസ്കാരത്തില്‍നിന്ന് ശ്രദ്ധതിരിയാനിടയുണ്ട്. കറുത്ത നായ പലപ്പോഴും കൂടുതല്‍ ഭീതിജനിപ്പിക്കുന്നതാണ്.

എന്തുകൊണ്ടാണ് കറുത്ത നായ എന്ന് ചോദിച്ചപ്പോള്‍ അബൂദര്‍റിനോട് നബി പറഞ്ഞുവത്രം കറുത്ത നായ പിശാചാണ്. എല്ലായിടത്തും ജിന്നിനെ പ്രതീക്ഷിച്ച് കഴിയുന്നവര്‍ ഉടനെ അര്‍ഥം നല്‍കി  കറുത്ത നായ ജിന്നാണ് എന്ന്. കറുത്ത നായ കൂടുതല്‍ ഇണങ്ങാത്തതും അപകടകാരിയും അതേ പ്രകാരം മനസ്സില്‍ കൂടുതല്‍ ഭീതിനിറക്കുന്നതും ആയതുകൊണ്ടാണ് അതിനൊക്കെ ഉപയോഗിക്കാവുന്ന ശൈത്വാന്‍ എന്ന പദം ഉപയോഗിച്ചിട്ടുള്ളത് ഏത് സാമാന്യബുദ്ധിക്കും മനസ്സിലാക്കാന്‍ കഴിയും.

മുസ്ലിം ഉദ്ധരിച്ച ഈ ഹദീസിലെ വിധിസ്വീകരിക്കാത്ത ധാരാളം പണ്ഡിതന്‍മാരുണ്ട്. അവരുടെ അഭിപ്രായത്തില്‍ ഇത്തരം കാര്യങ്ങളൊന്നും തന്നെ നമസ്കാരം ബാത്വിലാക്കുകയില്ല. ഇമാം നവവി പറഞ്ഞു.
وقال مالك وأبو حنيفة والشافعي رضي الله عنهم وجمهور العلماء من السلف والخلف: لا تبطل الصلاة بمرور شيء من هؤلاء ولا من غيرهم
മാലിക്കും അബൂഹനീഫയും ശാഫിയും പൂര്‍വികരും ശേഷമുള്ളവരുമായ ഭൂരിപക്ഷം പണ്ഡിതരും മേല്‍പറഞ്ഞവ നമസ്കരിക്കുന്നവന്റെ മുന്നിലൂടെ പോയാല്‍ നമസ്കാരം ബാത്വിലാകുകയില്ല എന്ന് മറ്റൊരു ഹദീസിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അതേ സമയം ഈ ഹദീസ് തള്ളാതെ തന്നെ അവിടെ നമസ്കാരം മുറിയും എന്ന് പറഞ്ഞതിന് നമസ്കാരത്തില്‍ കുറവ് വരുത്തും എന്നാണ് അര്‍ഥമമെന്ന് അവര്‍ പറയുകയും ചെയ്തിട്ടുണ്ട്. അഥവാ മേല്‍പറഞ്ഞ കാര്യങ്ങള്‍ സംഭവിച്ചാല്‍ നമസ്കരിക്കുന്നവന്റെ ശ്രദ്ധയെ അത് റാഞ്ചിയെടുക്കും എന്ന്.
(وأن المقصود بالقطع: نقص الأجر بشغل القلب بمرور أحدها) നമസ്കാരം മുറിയുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഇപ്രകാരം നടക്കുമ്പോള്‍ ശ്രദ്ധമാറുന്നത് കാരണം നമസ്കാരത്തിന്റെ പ്രതിഫലം കുറഞ്ഞുപോകുന്നതിനെക്കുറിച്ചാണ് എന്നും ഇതിന് വിശദീകരണം നല്‍കിയിരിക്കുന്നു. മേല്‍പറഞ്ഞ ഹദീസില്‍നിന്നും നേര്‍ക്ക് നേരെ ലഭിക്കുന്ന വിധി പണ്ഡിതന്‍മാര്‍ ഒഴിവാക്കാന്‍ കാരണം നമസ്കാരം മുറിയില്ല എന്ന് പറയുന്ന ഇതര ഹദീസുകളാണ്. അബൂസഈദ് (റ) നമസ്കരിച്ചുകൊണ്ടിരിക്കെ ഒരു ഖുറൈശി യുവാവ് അദ്ദേഹത്തിന്റെ മുന്നിലൂടെ കടന്നുപോകാന്‍ ശ്രമിച്ചു അദ്ദേഹം മൂന്ന് പ്രാവശ്യം തള്ളിമാറ്റി. വിരമിച്ച ശേഷം അദ്ദേഹം പറഞ്ഞു :  "നമസ്കാരത്തിന് ഒന്നും ഭംഗം വരുത്തുന്നതല്ല. പക്ഷെ നമസ്കരിക്കുമ്പോള്‍ മുമ്പിലൂടെ നടന്നുപോകുന്നവനെ സംബന്ധിച്ച് റസൂല്‍ (സ) തിരുമേനി ഇങ്ങനെ പറഞ്ഞിട്ടുണ്ട് നിങ്ങള്‍ കഴിയുന്നിടത്തോളം തടയണം കാരണം അവന്‍ പിശാചാണ്. " (ഫിഖുഹുസ്സുന്ന)

ഇവിടെയും പിശാചാണ് എന്ന് നബി പറഞ്ഞു. എന്ന് വെച്ചാല്‍ നമസ്കരിക്കുന്നവന്റെ മുന്നിലൂടെ ആര് നടന്നാലും അവന്‍ ജിന്നാണ് എന്നാണോ നബി ഉദ്ദേശിച്ചത്. ഇതേ അര്‍ഥം തന്നെയല്ലേ കറുത്ത നായ പിശാചാണ് എന്നതിലും ഉള്ളത്.

കറുത്തനായ ജിന്നാണ് എന്ന് പറയുന്നവര്‍ ഇക്കാര്യത്തില്‍ നടത്തുന്ന ഒരു തെറ്റ്. പണ്ഡിതവചനങ്ങള്‍ക്ക് പ്രമാണങ്ങളുടെ സ്ഥാനം നല്‍കുമ്പോള്‍ ഈ വിഷയത്തില്‍ പണ്ഡിതന്‍മാര്‍ പറഞ്ഞ അഭിപ്രായം അവര്‍ വകവെക്കുന്നില്ല എന്നതാണ്. അവരെ സംബന്ധിച്ചിത്തോളം ജിന്ന് വേഷം മാറും എന്ന ഒരു ധാരണ നേരത്തെ ഉണ്ട്. അതിന് തെളിവ് ലഭിക്കണം. കിട്ടിയ തെളിവാകട്ടെ തീരെ ദുര്‍ബലം. അതുകൊണ്ട് ഈ വിഷയത്തില്‍ പണ്ഡിതന്‍മാരുടെ വിശദീകരണത്തെ അവര്‍ സ്വീകരിക്കുന്നില്ല.

ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് ബ്നു ഉഥൈമീന്‍ സലഫികള്‍ അവലംബിക്കുന്ന പണ്ഡിതനും മുഫ്തിയുമാണ്. അദ്ദേഹം ഉറപ്പിച്ചുപറയുന്നു. ഇവിടെ പരഞ്ഞ ശൈത്വാന്‍ ജിന്നില്‍ പെട്ടതല്ല. നായയുടെ കൂട്ടത്തിലെ ശൈത്വാനാണ് എന്ന്. ശൈത്വാന്‍ എന്നാല്‍ ജിന്നില്‍ പരിമിതമല്ല എന്ന് സൂറത്തുല്‍ അന്‍ആമിലെ 112 ാം സൂക്തം പരാമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കുന്നു. ശൈത്വാന്‍ മനുഷ്യരിലും ജിന്നിലും മൃഗങ്ങളിലും ഉണ്ടാവും. അതുകൊണ്ട് തന്നെ ഏതവസ്ഥയിലും അതിന വധിക്കാവുന്നതാണ്.

ممن رجح هذا المعنى الشيخ محمد بن صالح بن عثيمين رحمه الله، فقال: والصحيح: أنه شيطان كلاب، لا شيطان جِنٍّ، والشيطان ليس خاصًّا بالجن، قال الله تعالى: وَكَذَلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا شَيَاطِينَ الإِنْسِ وَالْجِنِّ {الأنعام: 112}، فالشيطان كما يكون في الجِنِّ يكون في الإِنس، ويكون في الحيوان، فمعنى شيطان في الحديث، أي: شيطان الكلاب، لأنه أخبثها ولذلك يُقتل على كُلِّ حال، ولا يحلُّ صيده بخلاف غيره.

ചുരുക്കത്തില്‍ പകല്‍ പോലെ വ്യക്തവും മനുഷ്യമനസ്സിന് ഏറെ തൃപ്തികരമായ വ്യാഖ്യാനവുമാണ് ഇവിടെ പറഞ്ഞത്. ഇനി ഇതിന്റെ വായനക്കാര്‍ ചിന്തിക്കുക. ഹദീസില്‍ പറഞ്ഞ ഈ കറുത്ത നായ ജിന്നാണ് എന്ന് വ്യാഖ്യാനിക്കാന്‍ എത്രമാത്രം സാധ്യതയുണ്ട് എന്ന്.

എന്നാല്‍ ഈ ലളിതവ്യാഖ്യാനം ജിന്നൂരികള്‍ക്ക് (മുജാഹിദിലെ ഏതെങ്കിലും വിഭാഗത്തെയല്ല ഞാനുദ്ദേശിച്ചത് മറിച്ച് പിശാച് എന്ന് കാണുന്നിടത്തൊക്കെ ജിന്നായി അര്‍ഥം വെച്ച് ഭാവനവികസിപ്പിക്കുന്നവരെ സംബന്ധിച്ചാണ്) സ്വീകാര്യമല്ല. ആ പറഞ്ഞത് ദുര്‍വ്യാഖ്യാനമാണ് എന്നാണ് അവരുടെ വാദം.

കറുത്ത നായകളൊക്കെ ജിന്നുകള്‍ വേഷം മാറിയതാണോ ?. അതോ കറുത്ത നായയുടെ കൂട്ടത്തില്‍ കുറെ ജിന്നുകളുണ്ടാകും എന്ന് കരുതി പൊതുവായി കറുത്തനായയെ ഉള്‍പ്പെടുത്തിയതാണോ ?. കറുത്ത നായയെ കൊല്ലാന്‍ അനുവാദം നല്‍കപ്പെട്ട ഹദീസുകളുണ്ട്. വീട്ടില്‍കടന്നുവരുന്ന പാമ്പിനോട് മൂന്ന് ദിവസം പോകാന്‍ കല്‍പിക്കുന്നത് അവയുടെ കൂട്ടത്തില്‍ ജിന്നുണ്ടാകാം അതിനാല്‍ അവയെ വധിക്കരുതെന്ന് കരുതിയല്ലേ. (അത് വേറൊരു ദുര്‍വ്യാഖ്യാനമാണ്) ആ ഇളവ് അക്കൂട്ടര്‍ കറുത്ത നായയുടെ കാര്യത്തില്‍ നല്‍കാത്തതെന്ത്യേ.

ജിന്ന് നായയായി വേഷം മാറും എന്നതിന് പ്രമാണമായി നല്‍കപ്പെട്ട ഹദീസാണ്  നാം ഇവിടെ വിശകലനവിധേയമാക്കിയത്. പ്രസ്തുത വാദം തെളിയിക്കുന്നതില്‍ ഇത് എത്രമാത്രം ദുര്‍ബലമാണ് എന്ന് കണ്ടുകഴിഞ്ഞു. പ്രമുഖ തെളിവിന്റെ കാര്യം ഇതാണെങ്കില്‍ മറ്റുതെളിവുകളുടെ കാര്യം പറയാനുണ്ടോ?.

ബുധനാഴ്‌ച, സെപ്റ്റംബർ 12, 2012

ജിന്ന് മനുഷ്യന്റെ ശരീരത്തില്‍ പ്രവേശിക്കുമോ?

പല സുഹൃത്തുക്കളും ഫെയ്സ് ബുക്കിലെ പേഴ്സണല്‍ മെസേജിലൂടെയും അല്ലാതെയും ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കും എന്നാണ് ഇത് സംബന്ധമായ ഗവേഷണത്തിലും പഠനത്തിലും ഏര്‍പ്പെട്ടവര്‍ നല്‍കുന്ന വിവരം. എന്നാല്‍ അവര്‍ നല്‍കുന്ന തെളിവുകള്‍ പര്യാപ്തമല്ല എന്നാണ് വീണ്ടും ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നതില്‍നിന്ന് മനസ്സിലാകുന്നത്.  ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കും എന്നതിന് ഖണ്ഡിതമായ ഒരു തെളിവ് എനിക്കും ലഭിച്ചിട്ടില്ല. മാത്രമല്ല അപ്രകാരം പ്രവേശിക്കുന്നതായി നിത്യജീവതിത്തില്‍ കാണുന്നുമില്ല. അതിനാല്‍ ജിന്നിന് മനുഷ്യശരീരത്തില്‍ പ്രവേശിക്കാനാവില്ല എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഇത് വരെ നല്‍കപ്പെടാത്ത ഖണ്ഡിതമായ വല്ല തെളിവുകളും ആരെങ്കിലും കൊണ്ട് വരുന്നതുവരെ ഞാന്‍ ആ വിശ്വാസത്തില്‍ തന്നെയായിരിക്കും.

എന്തുകൊണ്ട് വിശ്വസിക്കുന്നില്ല ?.


ജിന്ന് എന്ന സൃഷ്ടി മനുഷ്യന് അദൃശ്യമാണ്. ജിന്ന് എന്ന പേര്‍ ലഭിച്ചത് തന്നെ മനുഷ്യരില്‍നിന്ന് മറഞ്ഞിരിക്കുന്നത് കൊണ്ടാണ് എന്ന് ആദ്യത്തെ പോസ്റ്റില്‍ തന്നെ നാം മനസ്സിലാക്കിയതാണ്. ഇത്രയും സര്‍വസമ്മതമാണ്. ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കുമോ എന്ന വിഷയം പൂര്‍വികരായ പണ്ഡിതന്‍മാര്‍ ചര്‍ച ചെയ്തിട്ടുണ്ട്. അവരില്‍ ഏതാനും പേരുടെ ഫത് വകള്‍ പ്രസിദ്ധവുമാണ്. പ്രത്യേകിച്ചും ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയയുടെയും ഇമാം അഹ്മദ് ബ്നു ഹംബലിന്റെയുമൊക്കെ ഈ വിഷയത്തിലുള്ള അഭിപ്രായങ്ങള്‍ ജിന്ന് മനുഷ്യശരീരിത്തില്‍ പ്രവേശിക്കുമെന്നും ജിന്നുകള്‍ അവര്‍ക്കിഷ്ടപ്പെട്ട രൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്നും ഉറപ്പിച്ചു പറയുന്നു. എന്നാല്‍ അവര്‍ അതിന് അവലംബിച്ച ഖുര്‍ആന്‍ ഹദീസ് സൂക്തങ്ങള്‍ പരിശോധിച്ചാല്‍ ആ ഫത് വകള്‍ അതേ പോലെ നമുക്ക് ഉള്‍കൊള്ളാന്‍ പ്രയാസമാകും.
وقال شيخ الإسلام ابن تيمية: دخول الجني في بدن الإنسان ثابت باتفاق أئمة أهل السنة وهو أمر مشهود محسوس لمن تدبره، يدخل في المصروع ويتكلم بكلام لا يعرفه.

وذكر عن عبد الله بن أحمد بن حنبل أنه قال: قلت لأبي: إن أقواماً يزعمون أن الجني لا يدخل في بدن الإنس، فقال: يا بني يكذبون هو ذا يتكلم على لسانه.
ഇബ്നുത്തൈമിയയെ തിരുത്തുകയാണ് വിമര്‍ശിക്കുകയാണ് എന്നൊന്നും ഇതിന് അര്‍ഥം നല്‍ലകരുത്. അദ്ദേഹം സത്യത്തിനും അസത്യത്തിനും മാനദണ്ഡമല്ല. അദ്ദേഹത്തിന്റെ ഏതെങ്കിലും അഭിപ്രായം നമുക്ക് ശരിയല്ലെന്ന് തോന്നുന്നെങ്കില്‍ അത് ഉപേക്ഷിക്കാനും മറ്റൊന്ന് സ്വീകരിക്കാനും നമുക്ക് അവകാശമുണ്ട്. അല്ലാഹുവും റസൂലും ഒഴികെ ആരും പരമാമായി പിന്തുടരപ്പെടേണ്ടതല്ല. ആര്‍ക്കെങ്കിലും ഈ പണ്ഡിതമാരുടെ അഭിപ്രായമാണ് ഈ വിഷയത്തില്‍ സ്വീകരിക്കാന്‍ അര്‍ഹമായി തോന്നുന്നതെങ്കില്‍ അവര്‍ക്ക് അതിനുള്ള പൂര്‍ണസ്വാതന്ത്ര്യമുണ്ട്. അതുപോലെ തന്നെ ഈ വിഷയത്തില്‍ അത്തരം അഭിപ്രായം പറഞ്ഞവരോട് വിയോജിക്കാനുള്ള അവകാശവും ഉണ്ട്. അവരുടെ വാദങ്ങള്‍ വായിച്ചപ്പോള്‍ അവരെ അലട്ടിയ ഒരു പ്രശ്നം അവരുടെ വിവരണത്തില്‍ തന്നെയുണ്ട്. അത് ചില വ്യക്തികള്‍ ചില സന്ദര്‍ഭത്തില്‍ കാണിക്കുന്ന മാനസികമായ വൈകല്യങ്ങളാണ്. മനുഷ്യര്‍ക്ക് മനസ്സിലാകാത്ത ഭാഷയില്‍ ആരോടെന്നില്ലാതെ സംസാരിക്കുകയും ചില പ്രത്യേക ഗോഷ്ടികള്‍ കാണിക്കുകയും ചെയ്യുന്നു. ഇന്ന് അത്തരം മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ മനശാസ്ത്ര വിശദീകരണങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു. മരുന്നും കൌണ്‍സിലിംഗും ഉപയോഗിച്ച് അത്തരം അസുഖങ്ങളെ വളരെ എളുപ്പത്തില്‍ സുഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പണ്ട് കാലത്ത് അഥവാ ഈ പണ്ഡിതര്‍ ഇതേക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇത്രയും ആധുനിക ശാസ്ത്രം വികസിച്ചിട്ടില്ലായിരുന്നു. അതിനാല്‍ നമ്മുടെ മുസ്ലിം പൊതുജനം അടുത്ത കാലം വരെ ഇതൊക്കെ ജിന്നുകൂടിയതായി സങ്കല്‍പ്പിക്കുകയും അതിന് അടിചിക്തിസ നല്‍കുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് ജിന്ന് കൂടും എന്ന് ഒരു സമൂഹം വിശ്വസിച്ചാല്‍ ഈ രോഗം വല്ലാതെകൂടും. അതിന് പരിഹാരം പലപ്പോഴും അവരുടെ വിശ്വാസത്തിനനുസരിച്ച ചികിത്സയും ആവശ്യമായി വരും. അത് വിവിധ മതക്കാരില്‍ വേറെവേറെയായിരിക്കും എന്ന് മാത്രം. ഹോമവും, യാഗവും, മന്തിച്ചൂതലും, നൂല് കെട്ടലും, മന്ത്രിച്ചൂതിയ വെള്ളംകുടിക്കലുമൊക്കെ ഇതിന് പരിഹാരമാണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

കാലം ഒരുപാട് മാറി, മനുഷ്യമനസ്സിന്റെ വിവിധ അവസ്ഥകളെക്കുറിച്ച് പഠനം നടന്നു. ഇനിയും ഇത്തരം ദുര്‍ബലമായ വാദങ്ങളെ പൊളിച്ചെഴുതാനുള്ള തന്റേടം ഇസ്ലാമിക ലോകത്തെ പണ്ഡിതന്‍മാര്‍ കാണിക്കേണ്ടതുണ്ട്. 1400 വര്‍ഷം മുമ്പ് മുതല്‍ ഏതൊരു മനുഷ്യനും മനസ്സിലാകുന്ന വിധം അല്ലാഹുവിന്റെ പ്രവാചകന്‍ നല്‍കിയ ചില പരാമര്‍ശങ്ങള്‍ക്ക് ആധുനിക പഠനങ്ങളുമായി ബന്ധപ്പെടുത്തി മനുഷ്യയുക്തി തൃപ്തിപ്പെടുന്ന ഒരു വിശദീകരണം നല്‍കപ്പെടേണ്ടതുണ്ട്.

ഉദാഹരണത്തിന്. മനുഷ്യമനസ്സില്‍ മനുഷ്യശരീരത്തിന്റെ ആവശ്യം പൂര്‍ത്തീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു തലം ഉണ്ട് എന്ന് ഇന്ന് വിശദീകരിക്കപ്പെട്ടിരിക്കുന്നു. ഫ്രോയിഡിന്റെ ഇദ്ദ് , ഈഗോ, സൂപ്പര്‍ ഈഗോ (Id, Ego, Super Ego) എന്ന പരാമര്‍ശങ്ങളും അവയുടെ വ്യഖ്യാനവും ശ്രദ്ധിക്കുന്നവര്‍ക്ക് അത് മനസ്സിലാകും. ഇസ്ലാം നേരത്തെ പറഞ്ഞുവെച്ച മനസിന്റെ തലങ്ങളുമായി ഇവയെ ചേര്‍ത്ത് വെച്ചാല്‍ അതുമായി ഇത് ഏറെക്കുറെ നല്ല രൂപത്തില്‍  യോജിച്ചുപോകും. എല്ലാറ്റിനും പുറമെ നാം ഇത് നിത്യജീവത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്. (According to this model of the psyche, the id is the set of uncoordinated instinctual trends; the ego is the organized, realistic part; and the super-ego plays the critical and moralizing role.) മനുഷ്യമനസ്സിന്റെ ഒരു തലം അവന് ജഢികമായ ഇഛകള്‍ പൂര്‍ത്തിക്കരിക്കാന്‍ നല്‍കപ്പെടുന്ന നിര്‍ദ്ദേശങ്ങളാണ്, തിന്നുക, കുടിക്കുക, ഭോഗിക്കുക എന്നീ ശരീരത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ ഉപരിപ്ലവമായി നല്‍കികൊണ്ടിരിക്കുക എന്നതാണ് അവിടെ സംഭവിക്കുന്നത്. ഇത്തരം ഒരു ബോധം ഏറെക്കുറെ എല്ലാ ജീവികളിലുമുണ്ട്. ഇവയെ കുറേകൂടെ യുക്തിപരമായി നിയന്ത്രിക്കുക എന്നതാണ് ഈഗോ ചെയ്യുന്നത്. അതിനെ കുറേകൂടി ആഴത്തില്‍ സ്വാധീനിച്ചുകൊണ്ട് ധാര്‍മികമായി വളര്‍ന്ന് അവന്റെ ജഡികതാല്‍പര്യത്തെ നിയന്ത്രിക്കുന്ന അവസ്ഥയാണ് സൂപ്പര്‍ ഈഗോ. ഇനി ഇവയെ ഖുര്‍ആനിലെ പരാമര്‍ശങ്ങളുമായി തട്ടിച്ചുനോക്കുക. (نفس الأمارة) പ്രേരിപ്പിക്കുന്ന മനസ്സ് എന്നാല്‍ ഇഡ് നോട് യോജിച്ച് വരുന്നു. നഫ്സുല്ലവ്വാമ (نفس اللوامة) ആക്ഷേപിക്കുന്ന മനസ്സ് എന്നാല്‍ ഈഗോയും നഫ്സുല്‍ മുത് മഇന്ന ( نفس المطمئنة  ) ശാന്തമായ മനസ്സ് എന്നാല്‍ സൂപര്‍ ഈഗോയുമാണ് എന്ന് ഒരാള്‍ വാദിച്ചാല്‍ ആര്‍ക്കാണ് തെറ്റ് പറയാന്‍ കഴിയുക.

ഇവ മൂന്നും ഖുര്‍ആനിക പ്രയോഗങ്ങളാണ് . തിന്മക്ക് പ്രേരിപ്പിക്കുന്ന ഒരു മനസ്സുണ്ട്. പക്ഷെ തിന്മക്ക് പ്രേരിപ്പിക്കുക എന്നതല്ല അതിന്റെ ധര്‍മം, മറിച്ച് ജഢികേഛകളെ പൂര്‍ത്തികരിക്കാനുള്ള പ്രേരണ നല്‍കുക എന്നതാണ്. ആ മനസ്സിന്റെ പ്രവര്‍ത്തനം മൂലമാണ് ജീവിതാസ്വാധനത്തിനുള്ള താല്‍പര്യം മനുഷ്യനില്‍ ഉണ്ടാകുന്നത്. നല്ല രുചികരമായ ഭക്ഷണം അകത്താക്കുക, നല്ല രുചികരമായ പാനീയം കുടിക്കുക, ഏറ്റവും ആസ്വാധ്യകരമായ രൂപത്തില്‍ ഇണചേരുക എന്നിങ്ങനെ അത് മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഇതിനെ നിയന്ത്രിച്ചിട്ടില്ലെങ്കില്‍ മനുഷ്യനും മൃഗവും ഒരുപോലെയാകും, അതിനാല്‍ മനുഷ്യനില്‍ മനസ്സാക്ഷി എന്ന് നാം പറയുന്ന ഒരു തലമുണ്ട്. അവ പ്രേരിപ്പിക്കുന്ന മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ യുക്തിപരമായി നിയന്ത്രിക്കും. ഈ മനസ്സാക്ഷി മനുഷ്യന് പൊതുവെയുണ്ട്. അതുകൊണ്ടാണ് ഏത് വിശ്വാസിയിലും അവിശ്വാസിയിലും ഈ ഗുണങ്ങള്‍ ഒരു പരിധിവരെ കാണപ്പെടുന്നത്. വഴിയില്‍ ഒരു ലക്ഷം രൂപ കിടക്കുന്നത് കണ്ടാല്‍ അത് എടുത്ത് ഉപയോഗിക്കാന്‍ നഫ്സുല്‍ അമ്മാറ ആവശ്യപ്പെടും, എന്നാല്‍ ഉടനെ മനസ്സാക്ഷി അതിലെ യുക്തിഹീനത ബോധ്യപ്പെടുത്തും. ധാര്‍മിക ബോധത്താല്‍ നിയന്ത്രിക്കുന്ന മനസ്സ് അത് ഇഗോ എന്ന ആക്ഷേപമനസ്സിനെ ശക്തിപ്പെടുത്തും. പൂര്‍ണമായും സൂപ്പര്‍ ഈഗോയാല്‍ നിയന്ത്രിക്കപ്പെടുന്ന വ്യക്തിയാണ് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ മുത്തഖിയും മുഹ്സിനും. അവനാണ് സ്വര്‍ഗാവകാശി.

മനുഷ്യരില്‍ ചിലര്‍ ഇഡ് (id) ന്റെ നിര്‍ദ്ദേശത്തിന് മാത്രം വഴങ്ങി ജഢികേഛകള്‍ (هوى) പൂര്‍ത്തികരിക്കാന്‍ വേണ്ടി ജീവിക്കുന്നവരാണ്. ഈഗോ (Ego) യുടെ നിയന്ത്രണം അവരില്‍ ഇല്ല. ഇത്തരക്കാരെ നമുക്ക് പിശാച് എന്ന് വിളിക്കാം. മനുഷ്യരില്‍ , അല്ലാഹു ഉണ്ട് എന്ന് പറഞ്ഞ പിശാചുകള്‍ ഇവരാണ്. ജഢികേഛകള്‍ പൂര്‍ത്തീകരിക്കാന്‍ ഇവര്‍ എന്തും ചെയ്യും. കള്ളവും കൊലയും നടത്തി എന്ന് വരും. ജീവനുള്ള ഒരാളില്‍ ഈ ഇഡ്  (Id) ഉണ്ട്. തിന്മക്ക് പ്രേരിപ്പിക്കുന്ന ഇതിനെയും മനുഷ്യനിലുള്ള പിശാച് എന്ന് വിളിക്കാം. മനുഷ്യരക്തം സഞ്ചരിക്കുന്നിടത്തുകൂടെ സഞ്ചരിക്കുന്ന ശൈത്വാന്‍ ഇതല്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാനാകുമോ ?. മറിച്ച് മനുഷ്യരക്തം സഞ്ചരിക്കുന്ന റൂട്ടിലൊക്കെ തീയാല്‍ പടക്കപ്പെട്ട അദൃശ്യസൃഷ്ടിയായ ജിന്നാണ് ഓടുന്നത് എന്ന് ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ ആവാം. പക്ഷെ ഓര്‍ക്കുക. അവിടെയും ജിന്ന് എന്ന് പറഞ്ഞിട്ടില്ല. പിശാച് (ശൈത്വാന്‍ എന്നാണ് പ്രയോഗിച്ചിട്ടുള്ളത്). ഏതൊരു മനുഷ്യനോടും കുടെയുള്ള മനുഷ്യനില്‍ തന്നെയുള്ള തിന്‍മക്ക് പ്രേരിപ്പിക്കുന്ന ഈ മനസ്സിനെയാണ്. ഹദീസില്‍ ഇവിടെ ശൈത്വാന്‍ എന്ന് പ്രയോഗിച്ചത് എന്ന് ഞാന്‍ വാദിച്ചാല്‍ അതല്ല എന്ന് പറയാന്‍ കഴിയുമോ ?
أن النبي صلى الله عليه وسلم قال: "إن الشيطان يجري من ابن آدم مجرى الدم
(നബി (സ) പറഞ്ഞു : ആദമിന്റെ പുത്രന്റെ രക്തം സഞ്ചരിക്കുന്നിടത്തുകൂടിയെല്ലാം പിശാച് സഞ്ചരിക്കും)

ഓര്‍ക്കുക... ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കും എന്നതിന്റെ ഹദീസില്‍നിന്നുള്ള തെളിവാണ് മുകളില്‍ ഉദ്ധരിച്ചത്.

ഇനി ശൈഖ് ഇബനുത്തൈമിയ (റ) ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തം നോക്കാം.

الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ [البقرة:275

ഈ സൂക്തം ഈ ഭാഗം മാത്രം മുറിച്ചെടുത്താല്‍ ഇതിന്റെ യഥാര്‍ഥ ഉദ്ദേശ്യം ഗ്രഹിക്കാനാവില്ല. അതിനാല്‍ ആദ്യമായി അതിന്റെ സന്ദര്‍ഭത്തില്‍ വായിക്കുക.

രാവും പകലും പരസ്യമായും പരോക്ഷമായും ധനം ചെലവഴിച്ചുകൊണ്ടിരിക്കുന്നവരുണ്ടല്ലോ, അവര്‍ക്ക് അവരുടെ നാഥങ്കല്‍ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടുന്നതിനോ ദുഃഖിക്കുന്നതിനോ സംഗതിയാകുന്നതല്ലതന്നെ. എന്നാല്‍ പലിശ തിന്നുന്നവരോ അവരുടെ ഗതി ചെകുത്താന്‍ ബാധിച്ച് ഭ്രാന്തുപിടിച്ചവന്റേതുപോലെയാകുന്നു. (2:275)

പലിശതിന്നുന്നവരെ അല്ലാഹു ഉപമിച്ചതാണിവിടെ. ഇവിടെ അതിന്റെ അക്ഷരങ്ങളിലെടുത്താല്‍ പോലും ജിന്നു മനുഷ്യനില്‍ പ്രവേശിക്കും എന്ന് ലഭിക്കില്ല. പിശാച് പ്രവേശിക്കും എന്നേ വരൂ. പലിശ തിന്ന ആരെങ്കില്‍ ജിന്ന് ബാധിച്ച രൂപത്തില്‍ പെരുമാറാറുണ്ടോ?. ഇനി പരലോകത്താണ് ഇങ്ങനെ വരുന്നതെങ്കില്‍ അപ്പോഴും അത് ആലംങ്കാരികമാണ് എന്ന് വരുന്നു. കാരണം അന്ത്യദിനത്തില്‍ ഹാജറാകുമ്പോള്‍ കുറേ ആളുകളെ ജിന്ന് ബാധിക്കും എന്ന് ആര്‍ക്കും വാദമില്ലല്ലോ ?. 

അതുകൊണ്ട് തന്നെ ഈ നൂറ്റാണ്ടിലെ ചിന്തകന്‍ മൌലാനാ മൌദൂദി ഈ സൂക്തത്തിന് നല്‍കിയ വ്യാഖ്യാനമാണ് എനിക്ക് ഇഷ്ടപ്പെട്ടത് അത് ഇങ്ങനെ...

[ഭ്രാന്ത് ബാധിച്ചവനു മജ്നൂന്‍(പിശാച് ബാധയേറ്റവന്‍) എന്ന വാക്കാണ് അറബികള്‍ ഉപയോഗിച്ചിരുന്നത്. ഒരാള്‍ക്ക് ഭ്രാന്ത് പിടിപെട്ടുവെന്നു പറയേണ്ടിവരുമ്പോള്‍ `അവനെ പിശാച് ബാധിച്ചു` എന്നവര്‍ പറഞ്ഞിരുന്നു. ഈ പ്രയോഗംകൊണ്ട്, വിശുദ്ധ ഖുര്‍ആന്‍ പലിശ വാങ്ങുന്നവനെ ബുദ്ധി ഭ്രമിച്ചവനോട് ഉപമിക്കുകയാണ്. അതായത്, ഒരു ഭ്രാന്തന്‍ വിശേഷബുദ്ധി നഷ്ടപ്പെട്ടതുകാരണം സമനില തെറ്റി പ്രവര്‍ത്തിക്കുന്നതുപോലെ പലിശക്കാരനും പണത്തിന്റെ പിന്നാലെ ഭ്രാന്തുപിടിച്ചോടുന്നു. തന്റെ പലിശവ്യാപാരം കാരണം മാനുഷിക സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദീനാനുകമ്പയുടെയും അടിവേര് എത്രമാത്രം മുറിഞ്ഞുപോവുന്നുണ്ട്, സാമൂഹ്യനന്മക്ക് എത്ര വലിയ വിനാശമേല്‍ക്കുന്നുണ്ട്, ആരുടെയൊക്കെ ദുഃസ്ഥിതിയില്‍നിന്നാണ് തന്റെ സുസ്ഥിതിക്കുള്ള ഉപകരണങ്ങള്‍ ചൂഷണം ചെയ്തുണ്ടാക്കുന്നത് എന്നിവക്കൊന്നും, സ്വാര്‍ഥമാകുന്ന ഭ്രാന്തില്‍ പെട്ടതുകാരണം അവന്‍ തീരെ വില കല്‍പിക്കുകയില്ല. ഇത് ഈ ലോകത്ത് തന്നെയുണ്ടാകുന്ന അവന്റെ ഭ്രാന്തിന്റെ അവസ്ഥയാണ്; പരലോകത്തില്‍ മനുഷ്യന്‍ പുനര്‍ജീവിപ്പിക്കപ്പെടുന്നത്, ഇഹലോകത്ത് അവര്‍ ജീവിതമവസാനിപ്പിച്ച അതേ അവസ്ഥയിലായിരിക്കും. അതിനാല്‍, പേ പിടിച്ച് ബുദ്ധി ഭ്രമിച്ച ഒരു മനുഷ്യന്റെ രൂപത്തിലായിരിക്കും അന്ത്യനാളില്‍ പലിശക്കാരന്‍ എഴുന്നേല്‍ക്കുക.]

ഇതിനേക്കാള്‍ വലിയ തെളിവുകളൊന്നും ഈ ഫത് വ അങ്ങനെ തന്നെ അക്ഷരങ്ങളില്‍ വായിച്ച് വിശദീകരിക്കുന്ന മുജാഹിദ് പണ്ഡിതന്‍മാരും നല്‍കിയത് കണ്ടില്ല. ഇത് വായിച്ചിട്ടും നിങ്ങള്‍ക്ക് ജിന്ന് മനുഷ്യശരീരത്തില്‍ പ്രവേശിക്കും എന്നാണ് തോന്നുന്നതെങ്കില്‍ വിശ്വസിച്ചോളൂ. പക്ഷെ എനിക്ക് ആ വിശ്വാസമില്ല. എന്റെ ശരീരത്തില്‍ അതുകൊണ്ട് തന്നെ ഒരു ജിന്നും പ്രവേശിക്കുകയുമില്ല.

ചൊവ്വാഴ്ച, സെപ്റ്റംബർ 11, 2012

ആരാണ് പിശാച് എന്താണ് ജിന്ന് ?

മലയാളം വിക്കിയില്‍ ജിന്നിന് നല്‍കിയ ചിത്രം:
മനുഷ്യരില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണക്ക്
നല്ല ഒരു തെളിവാണ്
കേരളത്തില്‍ ഇക്കാലമത്രയും നടന്ന് വന്ന ജിന്ന് - പിശാച് ചര്‍ചയില്‍ എന്തോ ഒരു അപാകതയുണ്ട് എന്ന് നാം മനസ്സിലാക്കാന്‍ നിര്‍ബന്ധിതരാണ്. എന്തുകൊണ്ടെന്നാല്‍ ഇത് സംബന്ധമായി ചര്‍ചയില്‍ പങ്കെടുത്ത മുജാഹിദ് വിഭാഗത്തിലെ പണ്ഡിതരെല്ലാം ഇരുട്ടില്‍ തപ്പുന്നത് പോലെയാണ് അനുഭവപ്പെട്ടത്. സംഘടനയില്ലെന്ന് പറയുന്ന മുജാഹിദില്‍നിന്ന് പോയ സുബൈര്‍ മങ്കടയുടെ ജിന്ന് സിഹ്റ് സംബന്ധമായി വിശദമായ ക്ലാസ് നെറ്റില്‍നിന്ന് ശ്രവിക്കാവുന്നതാണ്. സംഘടയുടെ നിയന്ത്രണം ഇല്ലാത്തതുകൊണ്ട് അദ്ദേഹം പറയാനുള്ളതെല്ലാം തുറന്ന് പറയുന്നു. ഒരു മുജാഹിദ് പണ്ഡിതന് അതില്‍നിന്ന് വ്യത്യസ്ഥമായ അഭിപ്രായം ഉണ്ട് എന്ന സൂചന ലഭിച്ചിട്ടില്ല. പൂര്‍ണമായ പ്രസംഗം എന്ന നിലക്ക് ലഭിച്ചതും അതാണ്. യൂറ്റൂബിലുള്ള മുറിക്ലിപ്പുകള്‍ യഥാര്‍ഥ വാദം മനസ്സിലാക്കാന്‍ പര്യാപ്തമല്ല എന്നതിനാല്‍ സുബൈര്‍ മങ്കടയുടെ ആ ക്ലാസുകളാണ് ഇവിടെ പരിശോധനക്ക് വിധേയമാക്കുന്നത്.

സകരിയ സലാഹിയുടെ അതേവാദം ഏറ്റുപിടിച്ചു സംസാരിച്ച മറ്റു ചില പണ്ഡിതന്‍മാരും ഉണ്ടായിരുന്നു. പിന്നീട് അവരില്‍ ചിലര്‍ കെ.ജെ.യുവുമായി യോജിച്ചു പോകാന്‍ തീര്‍ച്ചപ്പെടുത്തി. എന്നാല്‍ സകരിയാ സലാഹി കെ.എന്‍. എം നേതാക്കള്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ട നിബന്ധനകള്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. അതിലെ പരാമര്‍ശങ്ങള്‍ എന്റെ വാദങ്ങളല്ല എന്ന നിലപാടിലാണ് അദ്ദേഹം ഉള്ളത്. ഇതുതന്നെയാണ് അദ്ദേഹത്തിന് പുറത്തേക്കുള്ള വഴിതുറന്നുകൊടുക്കുന്നതിലും കലാശിച്ചത്. അണികളില്‍ വലിയ ഒരു പങ്ക് ഏത് പക്ഷത്ത് നില്‍ക്കണം എന്നറിയാതെ കുഴങ്ങുന്നതായി അനുഭവപ്പെടുന്നു. നാട്ടിലെ അറിയപ്പെടുന്ന മുജാഹിദ് പ്രവര്‍ത്തകനോട് ചോദിച്ചപ്പോഴും പ്രമാണം എവിടെയോ അവിടെയാണ് ഞാന്‍ എന്ന് പറയാനെ സാധിച്ചുള്ളൂ. എല്ലാവരും പ്രമാണം തന്നെയാണ് ഉദ്ധരിക്കുന്നത്. പക്ഷെ അതിന് നല്‍കുന്ന വിശദീകരണമാണ് വ്യത്യസ്ഥമാകുന്നത്. അതിനാല്‍ മുജാഹിദ് പ്രവര്‍ത്തകന്റെ മുന്നിലുള്ള മാര്‍ഗം ആരുടെ പ്രമാണവിശദീകരണം അംഗീകരിക്കണം എന്നതാണ്.

ഖുര്‍ആനിലും ഹദീസിലും എവിടെയൊക്കെ ജിന്ന്, പിശാച് എന്ന് പ്രയോഗിച്ചു എന്ന് മനസ്സിലാക്കി ആ രണ്ട് കാര്യങ്ങളെയും വിശദീകരിക്കുന്നതിന് പകരം,  ശ്രദ്ധയില്‍ പെട്ടത്, ഖുര്‍ആനും ഹദീസും ഉദ്ധരിച്ച്  തങ്ങളുടെ മുന്‍ധാരണകളില്‍നിന്ന് വരുന്ന ഒരു വ്യാഖ്യാനം നല്‍കുന്നതായിട്ടാണ്. അവിടെ ജിന്നും പിശാചും സാര്‍വത്രികമായി മാറിമറിയുന്നു. ജിന്ന് എന്ന് എവിടെ പ്രയോഗിച്ചുവോ അവിടെ മാത്രം ജിന്ന് എന്ന നിലക്ക് കാര്യങ്ങളെ കാണുക. പിശാച് എന്ന് പ്രയോഗിച്ചിടത്ത് അവ ജിന്നാകാനും മനുഷ്യനാകാനും അതിനുമപ്പുറം മറ്റേതെങ്കിലും ജീവിയാകാനും സാധ്യതയുണ്ട് അതിനാല്‍ ആ നിലക്കുള്ള സാധ്യത മുന്‍നിര്‍ത്തിമാത്രം അതിനെ വ്യാഖ്യാനിക്കുക. ചിലയിടത്ത് ഖരീന്‍ (കൂട്ടുകാരന്‍ ) എന്ന് കണ്ടേക്കാം. ഉടനെ അതും ജിന്നാക്കി മാറ്റി വ്യഖ്യാനിക്കാതെ ഏത് മനുഷ്യനും എപ്പോഴും കൂട്ടുകാരനായിരിക്കാന്‍ ഇടയുള്ള മനുഷ്യനെ ഒന്നാമതായി പരിഗണിക്കുക. ഇതാണ് കുറേകൂടി സത്യസന്ധമായ മാര്‍ഗം എന്നാണ് എന്റെ അഭിപ്രായം.

ജിന്നിനെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ ഖുര്‍ആന്‍ പറഞ്ഞുതന്നിട്ടുള്ളൂ. തീയ്യിനാല്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും മനുഷ്യനെപ്പോലെ സ്വന്തം ഇഛക്കനുസരിച്ച് അല്ലാഹുവിന്റെ കല്‍പനകളെ സ്വീകരിക്കാനും ധിക്കരിക്കാനും കഴിവ് നല്‍കപ്പെട്ടവരാണെന്നും നാം മനസ്സിലാക്കുന്നു. മുഹമ്മദ് നബി അവരിലേക്ക് കൂടി അയക്കപ്പെട്ടവരാണെന്നും. നന്മതിന്മകളെ സ്വയം തെരഞ്ഞെടുക്കാന്‍ അവകാശം ഉള്ളവരെന്ന നിലക്ക് നല്ലവരും ചീത്തയായവരും അവരുടെ കൂട്ടത്തിലുമുണ്ടെന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. അവര്‍ അവരുടെതായ ലോകത്ത് ജീവിക്കുന്നു. മനുഷ്യരുമായി ബന്ധപ്പെടുന്നത് നാം കാണുന്നില്ല. നബി തിരുമേനിയോ സഹാബികളോ ജിന്നുകളോട് ബന്ധപ്പെടുകയോ അവരെ ഉപോയോഗപ്പെടുത്തി ആരെയെങ്കിലും സഹായിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തതായി അറിയില്ല. ജിന്നിനെ ഇറക്കാന്‍ എന്തെങ്കിലും തന്ത്രമോ മന്ത്രമോ പ്രയോഗിച്ചതായും ആരും പറയുന്നത് കേട്ടിട്ടില്ല. ലോകത്ത് ഇന്നെവരെയുള്ള മുസ്ലിംകളില്‍ മഹാഭൂരിപക്ഷവും ഇങ്ങനെ തന്നെ ജീവിച്ച് പോയവരാണ്. വിശുദ്ധഖുര്‍ആന്‍ അറിയിച്ച് തന്നെത് കൊണ്ട് അങ്ങനെയും ഒരു സൃഷ്ടിയുടെ അസ്ഥിത്വത്തില്‍ നാം വിശ്വസിക്കുന്നുവെന്ന് മാത്രം.

ജിന്നിന്റെ സൃഷ്ടിപ്പ് തീയില്‍നിന്ന്

അവന്‍ ചോദിച്ചു: `ഞാന്‍ നിന്നോട് ആജ്ഞാപിച്ചപ്പോള്‍ പ്രണാമംചെയ്യുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്ത്?` അവന്‍ പറഞ്ഞു: `ഞാന്‍ അവനെക്കാള്‍ ശ്രേഷ്ഠനാകുന്നു. നീ എന്നെ അഗ്നിയില്‍നിന്നാണ് സൃഷ്ടിച്ചിട്ടുള്ളത്; അവനെ മണ്ണില്‍നിന്നും. (ഖുര്‍ആന്‍ 7:12) . മനുഷ്യനെ നാം, വരണ്ടതും ഗന്ധമുള്ളതുമായ കറുത്ത കളിമണ്ണില്‍നിന്നു സൃഷ്ടിച്ചു. അതിനുമുമ്പ് ജിന്നുകളെ നാം തീജ്വാലയില്‍നിന്നു സൃഷ്ടിച്ചിട്ടുണ്ടായിരുന്നു . (15:27).  മനുഷ്യനെ മണ്ണില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുമ്പോഴും മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം നമുക്ക് അനുഭവഭേദ്യമാണ്. ആരും വിശദീകരിച്ച് തരേണ്ടതില്ല. അഥവാ മണ്ണിലെ മുലകങ്ങള്‍ തന്നെയാണ് മനുഷ്യശരീരത്തിലും അടിസ്ഥാനപരമായി ഉള്ളത്. എന്നാല്‍ ഇത്തരം പദാര്‍ഥങ്ങള്‍കൊണ്ടല്ല ജിന്നുകളെ സൃഷ്ടിച്ചിട്ടുള്ളത് തീയിലെ ഘടകങ്ങളെ ഉപയോഗിച്ചാണ് എന്നാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന. അവയിലെ ഒന്നോ ഒന്നില്‍ കൂടുതലോ ആവാം. എന്താണ് തീയിലെ ഘടകങ്ങള്‍ അതിലെ ഏത് ഘടകമാണ് ജിന്നില്‍ ഉപയോഗിച്ചരിക്കുന്നത്. ഇവയൊക്കെ നാം വിശകലനം ചെയ്യേണ്ടതില്ല. എന്തായാലും അത് നമ്മെ ഒരു വിധത്തിലും ബാധിക്കുന്നുമില്ല.

ഇഛാസ്വാതന്ത്ര്യമുള്ളവരാണ് ജിന്നുകള്‍

മനുഷ്യരെ പോലെ ദൈവിക കല്‍പന സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും കഴിയും. ജിന്ന് വര്‍ഗത്തില്‍പെട്ട ഇബ്ലീസാണ് ധിക്കാരികളുടെ മാതൃകയായി ഖുര്‍ആന്‍ എടുത്ത് പറഞ്ഞത്. ആദമിന് വണങ്ങാന്‍ അല്ലാഹു ആവശ്യപ്പെട്ടപ്പോള്‍ അവന്‍ വിസമ്മതിച്ചുവെന്ന് ഖുര്‍ആന്‍ പറയുന്നു. ഇഛാസ്വാതന്ത്ര്യമുള്ളത് കൊണ്ട് തന്നെ നല്ലവരും വഴിപിഴച്ചവരും അവരില്‍ ഉണ്ട്. ജിന്നുകളുടെ സംഭാഷണം ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് നോക്കൂ...   നമ്മില്‍ കുറേ സച്ചരിതരുണ്ട്. കുറേയാളുകള്‍ അതിനു താഴെയും. നാം വിവിധ മാര്‍ഗങ്ങളില്‍ ചിതറിപ്പോയിരിക്കുന്നു. ഭൂമിയില്‍ അല്ലാഹുവിനെ തോല്‍പിക്കാനും ഓടിയകന്ന് അവനെ പറ്റിക്കാനും സാധ്യമല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. സന്മാര്‍ഗ സന്ദേശം കേട്ടപ്പോള്‍ ഞങ്ങളതില്‍ വിശ്വസിച്ചു. ആര്‍ തന്റെ നാഥനില്‍ വിശ്വാസം കൊള്ളുന്നുവോ, അവന് അവകാശ നഷ്ടമോ അനീതിയോ അശേഷം ഭയപ്പെടേണ്ടതില്ല. (ഖുര്‍ആന്‍ 72:11-13). ചിന്തയിലും ബാധ്യതകളിലും അവര്‍ മനുഷ്യര്‍ക്ക് തുല്യമാണ്. സൃഷ്ടിപ്പിന്റെ ഘടനയില്‍മാത്രമാണ് വ്യത്യാസം. തീകൊണ്ടാണ് സൃഷ്ടിപ്പ് എന്നതില്‍ പദാര്‍ഥത്താലല്ല എന്ന് നമുക്ക് മനസ്സിലാക്കാം. പ്രകാശോര്‍ജ്ജം, താപോര്‍ജ്ജം എന്നിവയെക്കുറിച്ച് മനുഷ്യര്‍ക്ക് അറിവില്ലാതിരുന്ന ഒരു കാലത്ത്  എക്കാലത്തെ മനുഷ്യര്‍ക്കും മനസ്സിലാക്കാനോ വിശ്വസിക്കാനോ പാകത്തില്‍ മലക്കുളെ പ്രകാശംകൊണ്ടും ജിന്നുകളെ തീകൊണ്ടും സൃഷ്ടിച്ചുവെന്ന് പറയുന്നത് സ്വാഭാവികം മാത്രമല്ലേ.

സ്രഷ്ടാവും സര്‍വശക്തനുമായ അല്ലാഹു രൂപമാറ്റം വരുത്തുന്നതിലൂടെയല്ലാതെ ജിന്നുകള്‍ക്കോ മലക്കുകള്‍ക്കോ യഥേഷ്ടം രൂപം മാറാനുള്ള കഴിവുണ്ട് എന്ന് കരുതുന്നതിന് എന്ത് തെളിവാണ് ഖുര്‍ആനിലുള്ളത്. മറിച്ച് പ്രവാചകന്‍മാര്‍ക്ക് ചിലകാര്യങ്ങള്‍ പഠിപ്പിക്കാന്‍ മലക്കുകളെ മനുഷ്യരൂപത്തില്‍ അയച്ച സംഭവങ്ങള്‍ ഖുര്‍ആനിലും ഹദീസിലും ഉണ്ട്. ഉര്‍ജ്ജം പദാര്‍ഥമായും പദാര്‍ഥത്തെ ഊര്‍ജമായും മാറ്റാന്‍ കഴിയും എന്ന ആധുനിക അറിവ് വെച്ച് ഇത് അവിശ്വസനീയമായി ഇപ്പോള്‍ ഭൌതികവാദിക്ക് പോലും തോന്നേണ്ടതുമില്ല. ജിന്നുകളെ ഒരു അമാനുഷിക ദൃഷ്ടാന്തമെന്നോണം സുലൈമാന്‍ നബിക്ക് വിധേയമാക്കിയ സംഭവം ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്. പക്ഷെ അത് വെച്ച്, വിജനമായ സ്ഥലത്ത് നിന്ന് ജിന്നിനെയോ മലക്കിനെയോ ഉദ്ധേശിച്ച് വിളിച്ച് തേടുന്നതിന് തെളിവായി സ്വീകരിക്കാമോ ?. ജിന്നിനെ മനുഷ്യരില്‍പെട്ട എല്ലാവര്‍ക്കും ഇവിധം സഹായം തേടാവുന്നവിധം സൃഷ്ടിച്ചതാണോ?. നബിയോ സഹാബികളോ ഇവിധം ജിന്നുകളെ ഉപയോഗപ്പെടുത്തിയിരുന്നോ ?. ഇതിനൊക്കെ നിഷേധാത്മകമായ മറുപടിയേ ഉണ്ടാവൂ. മറിച്ച് എന്നഭിപ്രായമുള്ളവര്‍ ഇനിയെങ്കിലും വ്യക്തമായ തെളിവ് കൊണ്ട് വരട്ടേ. പിശാച് അങ്ങനെ ഇങ്ങനെ എന്നുപറഞ്ഞുള്ള തെളിവ് ആവശ്യമില്ല. പിശാചിനെ പിശാചായും ജിന്നിനെ ജിന്നായും മനസ്സിലാക്കിയ വിശദീകരണമേ സത്യം കണ്ടെത്താന്‍ പ്രയോജനപ്പെടൂ. പിശാച് എന്നിടത്ത് മനുഷ്യപിശാചിനെ സംബന്ധിച്ചാകാനുള്ള സാധ്യതയുമുണ്ടല്ലോ ?. എന്നിരിക്കെ പിശാചിന്റെ പ്രവര്‍ത്തനത്തെ ജിന്നിന്റെ പ്രവര്‍ത്തനമായി മാത്രം വിലയിരുത്തുന്നതിന് ഒരു ന്യായവും ഇല്ല.

ജിന്നിനോട് സഹായം തേടാമോ ?.

എന്തിന് ജിന്നിനോട് സഹായം തേടണം എന്നതാണ് ആദ്യത്തെ പ്രശ്നം. മനുഷ്യനെ പോലെ ദൃഷ്ടിഗോചരമായ ഒരു സൃഷ്ടിയല്ല ജിന്ന്. ജിന്ന് മനുഷ്യനെ ഏത് കാര്യത്തിലും സഹായിക്കും എന്നതിന് ഒരു തെളിവും ആരും പറയുന്നത് കേട്ടിട്ടില്ല. മനുഷ്യനെ ജിന്ന് ഉപദ്രവിക്കുമെന്നുള്ളതിനും തെളിവ്  ആരും കാണിച്ച് തന്നിട്ടില്ല. എന്നിരിക്കെ അദൃശ്യനായ ഈ ശക്തിയോടുള്ള സഹായതേട്ടം അസംബന്ധമാണ്. ശരിയാണ് മനുഷ്യരില്‍ ചിലര്‍ ജിന്നുകളോട് അഭയം തേടിയിരുന്നുവത്രെ. അത് ജിന്നുകളില്‍ അഹങ്കാരമുണ്ടാക്കി എന്ന് ഖുര്‍ആന്‍ പറയുന്നു. അവര്‍ അഭയം നല്‍കി എന്നോ ഇല്ല എന്നോ പറയുന്നില്ല. മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ച്ചിലരോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അവര്‍ ജിന്നുകളുടെ അഹങ്കാരം വര്‍ധിപ്പിച്ചു. (72:6).

ജിന്നുകളെ അടിക്കടി ഖുര്‍ആന്‍ പരമാര്‍ശിക്കാനുള്ള കാരണം ഖുര്‍ആന്‍ ജിന്നുകളുടെ കൂടി സന്മാര്‍ഗമായതുകൊണ്ടാണ് അവരുടെ ജിവിതം വളരെ പരിമിതമായ വൃത്തത്തിലായതുകൊണ്ടാണോ ആവോ, മൊത്തത്തിലുള്ള ചില ഉപദേശങ്ങളേ അവരുമായി ബന്ധപ്പെടതായികാണുന്നുള്ളൂ. ദൈവാനുസരണത്തിനും ഏകദൈവാരാധനക്കും പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന്  വിചാരണവേളയില്‍ അല്ലാഹു ചോദിക്കും..  `ജിന്നുകളുടെയും മനുഷ്യരുടെയും കൂട്ടമേ, എന്റെ ദൃഷ്ടാന്തങ്ങള്‍ കേള്‍പ്പിച്ചുതരികയും ഈ ദിനത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നതിനെക്കുറിച്ച് മുന്നറിയിപ്പുനല്‍കുകയും ചെയ്യുന്ന ദൈവദൂതന്മാര്‍ നിങ്ങളില്‍നിന്നുതന്നെ നിങ്ങളില്‍ വന്നിരുന്നില്ലേ?` അവര്‍ പറയും: `അതെ, ഞങ്ങള്‍ ഞങ്ങള്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിക്കുന്നു.` ഇന്ന് ഭൌതികജീവിതം അവരെ ആത്മവഞ്ചനയിലകപ്പെടുത്തിയിരിക്കുകയാകുന്നു. പക്ഷേ, തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന്, ആ സന്ദര്‍ഭത്തില്‍ അവര്‍ , അവര്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിക്കും. (6:130)
സത്യത്തില്‍ ഒരാള്‍ വിശ്വാസിയായിരിക്കാന്‍ ഇത്രയേ വേണ്ടൂ. ഭൌതിക ശാസ്ത്രജ്ഞരെ പോലെ ഇത്തരം ഒരു സൃഷ്ടിയുടെ അല്ലാഹു നല്‍കാത്ത വിശദാംശങ്ങള്‍ കണ്ടുപിടിക്കേണ്ട ഒരാവശ്യവും വിശ്വാസിക്കില്ല. പക്ഷെ മുസ്ലിംകളില്‍ ഒരു വിഭാഗം ഇതുകൊണ്ട് തൃപ്തിപ്പെട്ടില്ല അവര്‍ ജിന്നുകളെക്കുറിച്ച് ഗവേഷണം തന്നെ നടത്തി. അവരുടെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ തേടിപ്പോയി. ഖുര്‍ആനില്‍ വേണ്ടത്ര വിശദീകരണം ലഭിക്കാതെ വന്നപ്പോള്‍ ഹദീസുകളെ സമീപിച്ചു. എന്നിട്ടും വേണ്ടത്ര ലഭിച്ചില്ല. അതിനാല്‍ പിന്നീട് ശൈത്വാന് നല്‍കപ്പെട്ട വിശേഷണങ്ങള്‍ അവര്‍ ജിന്നിലേക്ക് ചാര്‍ത്തി. പിശാച് എന്നാല്‍ ജിന്നിന്റെ പര്യായം എന്ന നിലക്ക് അവര്‍ കാര്യങ്ങളെ വിശദീകരിച്ചു. അങ്ങനെ ജിന്നിനെക്കുറിച്ച് ഒരു പാട് അറിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്ന രൂപത്തില്‍ കൈകാര്യം ചെയ്തു.

അങ്ങനെ ജിന്നുകള്‍ മനുഷ്യനില്‍ പ്രവേശിക്കുമെന്നും, അവരും മനുഷ്യരും തമ്മില്‍ ലൈംഗികബന്ധത്തില്‍വരെ ഏര്‍പ്പെടുമെന്നും, അവരില്‍ ചിലര്‍ കള്ളന്‍മാരായി വന്ന് സാധനങ്ങള്‍ മോഷ്ടിക്കുമെന്നും , അവര്‍ സൌകര്യാനുസരണം പാമ്പും, നായയുമായി രൂപാന്തരപ്പെടുമെന്നും നീണ്ടനീണ്ട പള്ളിക്ലാസുകളിലൂടെ ജനങ്ങളെ പഠിപ്പിച്ചു.  ആ വിശദീകരണം അതേ പ്രകാരം അംഗീകരിക്കാത്തവര്‍ അറബി ഭാഷയുടെ എ.ബി.സി.ഡി അറിയാത്തവരാണെന്നും ഹദീസിനെ തള്ളുന്നവരാണെന്നും ദുര്‍വ്യാഖ്യാനം ചമക്കുന്നവരാണെന്നും തട്ടിവിട്ടു.

 എന്താണ് പിശാച് എന്നതിന് അവര്‍ നല്‍കിയ വിശദീകരണം കൃത്യമായിരുന്നു. പക്ഷെ വാദങ്ങളിലേക്ക് വന്നപ്പോള്‍ അവര്‍ ആ വിശദീകരണം മറന്നു. ശൈത്വാന്‍ എന്നതിന് ഇസ്ലാമില്‍ ശൈത്വാന്‍ (പിശാച്) എന്നത് ഒരു പ്രത്യേക സൃഷ്ടിയുടെ പേരല്ല. ജിന്നിലും മനുഷ്യരിലും പിശാചുക്കളുണ്ട് എന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയതാണ്. മാത്രമല്ല അല്‍ബഖറയില്‍ ആദ്യമായി പരാമര്‍ശിച്ച ശൈത്വാന്‍ ജിന്നിലെ പിശാചിനെക്കുറിച്ചല്ല മദീനയിലുള്ള മുനാഫിഖുകളുടെ നിഷേധികളായ സുഹൃത്തുക്കളെ സംബന്ധിച്ചാണ്. മനുഷ്യമനസ്സില്‍ വസ്വ് വാസ് ഉണ്ടാക്കുന്ന പിശാചുകളില്‍ പോലും മനുഷ്യരിലും ജിന്നിലും പെട്ടവരുണ്ട് .

ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്. (6:112)

ജിന്നിനെ മനസ്സിലാക്കിയ പോലെ ശൈത്വാന്‍ എന്താണെന്ന് മനസ്സിലാക്കേണ്ടതും ഏതൊക്കെ കാര്യങ്ങളെ ശൈത്വാന്‍ എന്ന് വിളിച്ചു എന്നത് നോക്കിയാണ്. അങ്ങനെ പരിശോധിച്ചാല്‍ മനുഷ്യനെ സത്യത്തിന്റെ വഴിയില്‍നിന്ന് തെറ്റിക്കുന്ന, ദൈവാനുസരണത്തിന് വിഘാതംവരുത്തുന്ന, ദൈവാനുസരണത്തിന് വഴങ്ങാത്ത, മനുഷ്യന് ഉപദ്രവകരമായ വ്യക്തികളെയും ജീവികളെയുമൊക്കെ പിശാച് എന്ന് വിളിച്ചതായി കാണാം.  നമസ്കാരത്തിന് മുന്നിലൂടെ കടന്നുപോകുന്ന കറുത്ത നായയെ പിശാച് എന്ന് പരാമര്‍ശിച്ചിരിക്കുന്നു. മനുഷ്യരിലെ ചീത്തക്കൂട്ടുകാരെയും നേതാക്കളെയുംമൊക്കെ പിശാച് എന്ന് വിളിക്കാവുന്നതാണ്. മനുഷ്യനെ ഏറ്റവും കൂടുതല്‍ വഴിതെറ്റിക്കുന്നതും മനുഷ്യരിലെ പിശാചുക്കള്‍ തന്നെയാണ്. അതുകൊണ്ട് തന്നെയായിരിക്കും ഖുര്‍ആനിലെ ആദ്യ പരാമര്‍ശം തന്നെ മനുഷ്യരിലെ പിശാചിനെക്കുറിച്ചായത്.

ജിന്ന് എന്നോ ജാന്ന് എന്നോ കണ്ടിടത്തോക്കെ ഇബ്ലിസിന്റെ വര്‍ഗമായ ജിന്ന് മാത്രമാണ് എന്ന് ധരിക്കരുത് എന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നു. ജാന്ന് എന്ന പ്രയോഗം ഖുര്‍ആനില്‍ ഏഴ് തണവന്നപ്പോള്‍ അതില്‍ രണ്ട് തവണ സര്‍പം എന്ന അര്‍ഥത്തിലാണ് വന്നിട്ടുള്ളത്. അത് ജിന്ന് വേഷം മാറി പാമ്പായതല്ല. മൂസാനബി വടി ഇട്ടപ്പോള്‍ മാറിയ സാക്ഷാല്‍ സര്‍പം. ഈ സൂക്തം കാണുക. (തുടര്‍ന്ന് ഇപ്രകാരം കല്‍പനയായി:) നിന്റെ വടി താഴെയിടുക.` താഴെയിട്ടപ്പോള്‍ ആ വടി പാമ്പിനെപ്പോലെ പുളയുന്നതു  (وألق عصاك فلما رآها تهتز كأنها جان)
കണ്ട് മൂസാ പുറംതിരിഞ്ഞ് ഓടിക്കളഞ്ഞു. തിരിഞ്ഞു നോക്കിയതേയില്ല. (കല്‍പനയുണ്ടായി:) `മൂസാ, തിരിച്ചുവരിക. ഭയപ്പെടേണ്ട. നീ തികച്ചും സുരക്ഷിതനാകുന്നു. (28:31)

പാമ്പിന് ജിന്ന് /ജാന്ന് എന്ന് പറയുന്നത് ആലങ്കാരികമായിട്ടോ ജിന്ന് പാമ്പായതുകൊണ്ടോ അല്ലാ സാക്ഷാല്‍ ഭാഷാര്‍ഥത്തില്‍ തന്നെ. ജന്ന എന്നവാക്കില്‍ മറഞ്ഞു അപ്രത്യക്ഷമായി എന്ന അര്‍ഥമാണ് ഉള്ളത് എന്ന് ആദ്യ പോസ്റ്റില്‍ സൂചിപ്പിച്ചുവല്ലോ. അറബി ഭാഷയനുസരിച്ച് അതേ അടിസ്ഥാന അക്ഷരങ്ങള്‍ ഉള്‍കൊള്ളുന്ന ഏതൊക്കെ പദങ്ങളുണ്ടോ അവയ്ക്കെല്ലാം അര്‍ഥത്തിലും സമാനമായ ഒരു ഘടകം ഉണ്ടാകും. ഉദാഹരണം  ج ن ن എന്ന മൂന്ന് അടിസ്ഥാന അക്ഷരങ്ങളുള്ള പദങ്ങളാണ് ജിന്ന് , ജന്നത്ത്, ജുന്നത്ത്, മജ് നൂന്‍ തുടങ്ങിയവയെല്ലാം. ഇവിയിലോക്കെ ഒരു മറയലോ മറക്കലോ ഉണ്ടാകും. ജിന്ന് എന്നാല്‍ മറഞ്ഞിരിക്കുന്നത് അഥവാ ദൃഷ്ടിഗോചരമല്ലാത്തത്, ജുന്നത്ത് എന്നാല്‍ പരിച (വെട്ട് മറക്കുന്നത്, തടുക്കുന്നത്) ജന്നത്  എന്നാല്‍ തോട്ടം ഭൂമിയെ സൂര്യപ്രകാശത്തില്‍നിന്ന് മറയ്ക്കുന്നത്, മജ്നൂന്‍ എന്നാല്‍ ഭ്രാന്തന്‍ ബുദ്ധിമറയുമ്പോഴാണല്ലോ ഭ്രാന്ത് സംഭവിക്കുന്നത്. ഇത്രയും കാര്യം പറഞ്ഞത്, ജിന്ന് എന്നത് ഇബ്ലീസ് വര്‍ഗത്തില്‍പെട്ട ഒരു സൃഷ്ടിക്ക് പറയുന്ന സത്താനാമം മാത്രമല്ല എന്ന് സൂചിപ്പിക്കാനാണ്. ആ പേര് ലഭിച്ചത് തന്നെ മനുഷ്യദൃഷ്ടിയില്‍ മറഞ്ഞിരിക്കുന്ന സൃഷ്ടി എന്ന നിലക്കാണ്. പാമ്പിന് ജാന്ന് എന്ന് പ്രയോഗിച്ചത് പകല്‍ സമയത്ത് മനുഷ്യദൃഷ്ടിയില്‍നിന്ന് മറഞ്ഞിരിക്കുന്നത് കൊണ്ടാണ്. സൂക്ഷമജീവികളെയോ ഫംഗസിനെയോ ജിന്ന് എന്ന് അറബി ഭാഷയനുസരിച്ച് തന്നെ വിളിക്കാവുന്നതാണ്. എല്ലുകള്‍ ജിന്നുകളുടെ ഭക്ഷണമാണ് എന്ന് കുറിക്കുന്ന ഹദീസില്‍ പറയപ്പെടുന്ന ജിന്ന് സൂക്ഷമജീവികളെ ഉദ്ദേശിച്ചാണ് എന്ന് മനസ്സിലാക്കുന്നതില്‍ ഒരു തെറ്റുമില്ല. അത് തന്നെയാണല്ലോ സ്വാഭാവികവും. നാം കണ്ടുകൊണ്ടിരിക്കുന്നതും.

ഇത്രയും കാര്യങ്ങള്‍ പ്രാമണികമായും ഭാഷാപരമായും യുക്തിപരമായും മനസ്സിലാക്കിയാല്‍ ഇബ്ലീസും , ജിന്നും , പിശാചുമൊന്നും  പ്രചരിപ്പിക്കുന്നത് പോലെ സങ്കീര്‍ണമല്ല. ഏത് സാധാരണക്കാരന് പോലും മനസ്സിലാകുന്നവിധം ലളിതമാണ്. മാത്രമല്ല സകല തെറ്റായ വിശ്വാസത്തില്‍നിന്നും തൌഹീദീആദര്‍ശത്തിന്റെ വ്യതിചലനത്തില്‍നിന്നും അത് മനുഷ്യനെ രക്ഷപ്പെടുത്തുകയും ചെയ്യും.

തിങ്കളാഴ്‌ച, സെപ്റ്റംബർ 10, 2012

ജിന്നു ബാധിച്ച സംഘടനകള്‍ ...

നാലഞ്ചു വര്‍ഷമായി മുജാഹിദ് പ്രസ്ഥാനം ഏറ്റവും കൂടുതല്‍ ഗവേഷണം നടത്തിയത് ജിന്നുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഉണ്ടാവില്ലെന്ന് കരുതട്ടേ. പക്ഷെ അവസാന റിസള്‍ട്ട് പരിശോധിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നതെന്താണ് ?. ഏറ്റവും പ്രാമാണികവും പണ്ഡിതോചിതവുമായ ഒരു ഉത്തരം നമുക്ക് ഈ വിഷത്തില്‍ കിട്ടിയോ ?. ഇല്ല എന്ന് മാത്രല്ല. പ്രസ്തുത സംഘടന അതേ കാരണം പറഞ്ഞ് മൂന്നായി പിളര്‍ന്നതാണ് നാം കാണുന്നത്. മുജാഹിദ് സംഘടനയില്‍ നേരത്തെ ഉണ്ടായ  പിളര്‍പ്പിന് മറ്റുപലകാരണങ്ങളും ഉണ്ടാവാമെങ്കിലും. പുതുതായി സംഭവിച്ച പിളര്‍പ്പിന് (രണ്ട് വിഭാഗമായി തിരിഞ്ഞതിനെയാണ് ഞാനിവിടെ പിളര്‍പ്പ് എന്നതുകൊണ്ട് ഉദ്ദേശിച്ചത്. സാങ്കേതികമായി സംഘടനാ രൂപം സകരിയാ സലാഹിയുടെ നേതൃത്വത്തിലുള്ള ടീമിന് വന്നിട്ടില്ലെങ്കിലും) കാരണം ജിന്നുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ഈ തര്‍ക്കവിതര്‍ക്കം നടക്കുന്ന സന്ദര്‍ഭത്തില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരെ ഈ സംവാദത്തില്‍ കക്ഷിചേര്‍ക്കാന്‍ പലപ്പോഴും സോഷ്യല്‍നെറ്റില്‍ പല മുജാഹിദ് സുഹൃത്തുക്കളും ശ്രമിച്ചിരുന്നു. എന്നാല്‍ അതില്‍നിന്ന് ബോധപൂര്‍വം മാറിനിന്ന് തങ്ങളുടെ അജണ്ടയില്‍ ശ്രദ്ധിക്കുകയും ഈ തര്‍ക്കങ്ങള്‍ സാകൂതം വീക്ഷിക്കുകയുമാണ് അവര്‍ ചെയ്തത്. പണ്ഡിതോചിതമായ ഈ സംവാദത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യമായ അറിവ് ഇല്ലാത്തതുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ഇതില്‍ താല്‍പര്യമെടുക്കാത്തവര്‍ എന്ന് ധരിച്ച മുജാഹിദു സുഹൃത്തുക്കള്‍ ധാരാളമുണ്ട്.

അവര്‍ക്ക് വേണ്ടിയാണ് ഇവിടെ ചില കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഈ സംവാദങ്ങള്‍ ഒട്ടോക്കെ വീക്ഷിച്ചപ്പോള്‍ അവഗണിക്കാവുന്നതും അവഗണിക്കാന്‍ സാധ്യമല്ലാത്തുമായ പല കാര്യങ്ങളും ശ്രദ്ധയില്‍ വന്നിരുന്നു. ജിന്നുകളുമായി ബന്ധപ്പെട്ട വിശദമായ പലകാര്യങ്ങളും (ഉദാഹരണത്തിന് ജിന്നിന്റെ ഭക്ഷണം, അവ മനുഷ്യന് സഹായം ചെയ്യുന്നതും ഉപദ്രവിക്കുന്നതുമാണെന്ന വിശ്വാസം, അവ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നതും, അവ കല്യാണം കഴിക്കുന്നതും കുട്ടികളുണ്ടാവുന്നതും, അവരിലെ സ്ത്രീകളും മനുഷ്യരും ബന്ധപ്പെടാവുന്നതുമാണെന്ന വിശ്വാസം) അവഗണിക്കാവുന്നതാണെന്നും അത്തരം കാര്യങ്ങള്‍ മനുഷ്യനെ ബാധിക്കുന്നത് ശ്രദ്ധയില്‍ പെടുമ്പോള്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നും വെച്ചു. എന്നാല്‍ ഇത്തരം കാര്യങ്ങളുടെ തെളിവായി ഉദ്ധരിക്കുന്ന ആയത്തുകളും ഹദീസുകളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് അവഗണിക്കാവുന്നതാണെന്ന് തോന്നിയതുമില്ല.

 മുകളില്‍പറയപ്പെട്ടത് പോലുള്ള അനാവശ്യമായ വിഷയത്തിലുള്ള ഗവേഷണത്തിന് തെറ്റായ ഉത്തരം ലഭിച്ചത് കൊണ്ടാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായത് എന്ന് എനിക്ക് തോന്നുന്നു. ജിന്ന് മനുഷ്യനില്‍ പ്രവേശിക്കും, അത് മനുഷ്യരക്തം സഞ്ചരിക്കുന്നിടത്തെല്ലാം സഞ്ചരിക്കും, ജിന്ന് ബാധയാല്‍ അസുഖം ഉണ്ടാവും, ജിന്നിന് മനുഷ്യനെ ഉപദ്രവിക്കാനും ഉപകാരം ചെയ്യാനും കഴിയും തുടങ്ങിയ കാര്യങ്ങളില്‍ മുജാഹിദിലെ രണ്ട് വിഭാഗത്തിനും (മടവൂര്‍ വിഭാഗത്തെ ഈ ചര്‍ചയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു, രണ്ട് വിഭാഗം എന്നത് കൊണ്ട് ഉദ്ദേശിച്ചത് സകരിയാ സലാഹിയുടെ നേതൃത്വത്തിലുള്ള അനൌദ്യോഗിക മുജാഹിദുകളും അദ്ദേഹത്തെ പുറത്താക്കിയ ഔദ്യോഗിക വിഭാഗവുമാണ്) തമ്മില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉള്ളതായി അറിയില്ല.

ജിന്നിന് സഹായിക്കാന്‍ കഴിയുമെങ്കില്‍ ആ സഹായം ചോദിച്ചാല്‍ എങ്ങനെ അത് ആരാധനയാകുന്ന പ്രാര്‍ഥനയാകും എന്നാണ് സകരിയാ സലാഹി ചോദിക്കുന്നത്. അതേ പ്രകാരം ജിന്നിന് രോഗം വരുത്താന്‍ കഴിയുമെങ്കില്‍ , ജിന്ന് മനുഷ്യനെ ബാധിക്കുമെങ്കില്‍ എന്തുകൊണ്ട് അതിനുള്ള ചികിത്സയും പറഞ്ഞുകൂടാ എന്നും അദ്ദേഹം ചോദിക്കുന്നു. ചുരുക്കത്തില്‍ ഇത് രണ്ടുമാണ് അദ്ദേഹം ചെയ്തത്.

അപ്പോള്‍ മറുപക്ഷമോ ?. അവര്‍ പറയുന്നത് ജിന്നിനോട് സഹായം തേടാം എന്ന് വെച്ചാല്‍ അത് അദൃശ്യമാര്‍ഗത്തിലൂടെയുള്ള സഹായതേട്ടം പോലെയാണ്. ഇതാണ് ആരാധനയാകുന്ന പ്രാര്‍ഥന. അത് ജിന്നിനോടാകാം എന്ന് പറയുന്നത് തൌഹീദിലുള്ള  വ്യതിചലനമാണ്. ഇതിന് സകരിയാ സ്വലഹിയുടെ മറുചോദ്യം. ജിന്നിനോടോ മലക്കുകളോടും പ്രാര്‍ഥിക്കാം എന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞതായോ എഴുതിയതായോ തെളിയിക്കാമോ എന്നതാണ്. മറു പക്ഷത്തിന് കഴിയില്ല. കാരണം പ്രാര്‍ഥിക്കാം എന്ന പദം സകരിയാ സലാഹി ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് കാണിക്കാനും കഴിയില്ല. എന്നാല്‍ ജിന്നിനോട് സഹായം തേടുന്നത് അഭൌതികമാര്‍ഗത്തിലൂടെയുള്ള സഹായതേട്ടമല്ല എന്ന് സകരിയാ സലാഹി പ്രസംഗിക്കുന്നത് നെറ്റ് ഉപയോഗിക്കുന്നവരൊക്കെ കേട്ടതുമാണ്. ഈ സഹായതേട്ടം ഒരു ഡോക്ടറോട് സഹായം തേടുന്നത് പോലെയാണ് എന്നാണ് സകരിയാ സ്വലാഹിയുടെ വിശദീകരണത്തിലൂടെ വരുന്നത്. ഇത് മുജാഹിദ് അണികള്‍ക്ക് ബോധ്യപ്പെടുകുയും ചെയ്യുന്നു. എന്നാല്‍ ജിന്ന് അദൃശ്യമാണ് അതിനാല്‍ അതിനോട് സഹായം തേടുന്നത് ശിര്‍ക്ക് തന്നെയാണ് എന്നാണ്  ഔദ്യോഗികവാദമെന്നാണ് മൊത്തം ചര്‍ചയില്‍നിന്ന് മനസ്സിലാകുന്നത്. അതിനാല്‍ ഔദ്യോഗിക പക്ഷം സകരിയാ സലാഹിയില്‍ ശിര്‍ക്ക് ആരോപിക്കുന്നു.

തര്‍ക്കത്തിന്റെയും വിഭജനത്തിന്റെയും അടിസ്ഥാനം,  ജിന്നിനെക്കുറിച്ച തെറ്റായ വിശ്വാസത്തിലാണ് കിടുക്കുന്നത്. ഇവിടെ പ്രത്യക്ഷത്തില്‍ കുറേകൂടി വ്യക്തത സകരിയാ സലാഹിയുടെ വാദത്തിനാണ് എന്നതിനാല്‍ മഹാഭൂരിപക്ഷം അണികള്‍ക്കും ഔദ്യോഗിക പക്ഷം പറയുന്നത് മനസ്സിലാകുന്നില്ല എന്നാണ് ചില ചര്‍ചകളില്‍ നേരിട്ടും രണ്ട് പക്ഷത്തിന്റെയും ചര്‍ചകള്‍ ബൈലക്സിലും ഫെയസ്ബുക്ക് യൂറ്റൂബിലും കണ്ടത്തില്‍നിന്ന് മനസ്സിലാകുന്നത്. എന്നാല്‍ ഈ പ്രശ്നത്തില്‍ സത്യമായ അന്തിമവാദം ഔദ്യോഗിക പക്ഷത്താണ് എന്നും ഞാന്‍ കരുതുന്നു. ജിന്നുമായി ബന്ധപ്പെട്ട തെറ്റായ ഒരു പാട് നിഗമനങ്ങള്‍ ഔദ്യോഗിക പക്ഷത്തിനും ഉണ്ടായിരിക്കെ അതേ നിഗമനങ്ങളില്‍നിന്ന് അവരുടെ വാദം രൂപപ്പെടുത്തുക സാധ്യമല്ല. ഇത് തന്നെയാണ് ഔദ്യോഗിക വിഭാഗം അനുഭവിക്കുന്ന പ്രതിസന്ധിയും.

മുജാഹിദ് സംഘടനാമനസ്സുകൊണ്ടു ചിന്തിക്കാത്ത, സമാന്യം ഖുര്‍ആനിലും ഹദീസിലും വിവരമുള്ള ഇസ്ലാമിന്റെ സാകല്യത്തെയും അതിന്റെ സന്തുലിതത്വത്തെയും കുറിച്ച് ബോധമുള്ള ഒരു നിഷപക്ഷമതിക്ക് ഈ പ്രശ്നം വളരെ പെട്ടെന്ന് വിശകലനം ചെയ്യാന്‍ കഴിയും. ജിന്നിനെ മനസ്സിലാക്കുന്ന കാര്യത്തില്‍ ഈ രണ്ട് വിഭാഗത്തിനും തെറ്റ് പറ്റിയിരിക്കുന്നുവെന്നതാണ് അതില്‍ ഒന്നാമത്തെ കാര്യം. അതിന് പങ്കുവഹിച്ചത് പൊതുവെ ജിന്നിന്റെ കാര്യത്തില്‍ വെച്ചുപുലര്‍ത്തുന്ന തെറ്റായ ഒരു ധാരണയാണ്. പിശാച് (ശൈത്വാന്‍ )  എന്നാല്‍ എന്താണെന്ന് നാം ഭംഗിയായും സത്യസന്ധമായും നിര്‍വചിക്കുമെങ്കിലും - പിശാച് മനുഷ്യരില്‍ പെട്ടവരാണ് എന്ന് വ്യക്തമായ സൂചനയില്ലാത്തിടത്ത് ജിന്നുകളെ ഉദ്ദേശിക്കുക എന്ന ഒരു തത്വം പൊതുവെ എല്ലാവരും തുടര്‍ന്ന് വരുന്നുണ്ട് - പിന്നീട് പിശാച് എന്ന് കാണുന്നിടത്തൊക്കെ ജിന്ന് എന്ന് വിവക്ഷിക്കുകയും അങ്ങനെ പിശാചിന്റെ വിശേഷണങ്ങളൊക്കെ ജിന്നിന് ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു.

ജിന്നിനെക്കുറിച്ച വിഭാവനയില്‍ ഘടാഘടിയന്‍മാരായ പണ്ഡിത ശ്രേഷ്ഠര്‍ക്ക് അബദ്ധം പിണയാനുള്ള ഒരു കാരണം, ജിന്ന് എന്ന പദത്തെ ഭാഷാപരമായി തന്നെ വിശകലനം ചെയ്യാന്‍ സമയം കാണാത്തതുകൊണ്ടാണ്. ജന്ന എന്ന അറബി പദം അപ്രത്യക്ഷമായി,  മറഞ്ഞു എന്നൊക്കെയുള്ള അര്‍ഥത്തിലാണ് പ്രയോഗിക്കുന്നത്. അതിന്റെ എതിര്‍ പദമാണ് ആനസ കണ്ടു, പ്രത്യക്ഷമായി എന്നൊക്കെ അതിന് അര്‍ഥമുണ്ട്. അങ്ങനെ അല്ലാഹുവിന്റെ സവിശേഷമായ തെരഞ്ഞടുപ്പ് സ്വാതന്ത്യം നല്‍കപ്പെട്ട ദൃശ്യജീവിയെ ഇന്‍സ് എന്നും അദൃശ്യജീവിയെ ജിന്ന് എന്നും ഉപയോഗിച്ചു.

എന്നാല്‍ ജിന്ന് എന്നോ ജാന്ന് എന്നോ എവിടെ കണ്ടാലും അത് തീയാല്‍ സൃഷ്ടിക്കപ്പെട്ട ഇബ്ലീസിന്റെ വംശത്തില്‍പെട്ട ജിന്നാണെന്നോ ജിന്ന് വേഷം മാറിയതാണെന്നോ ഒക്കെ ധരിക്കുന്നത് പരമാബദ്ധമാണ്. ഉദാഹരണങ്ങള്‍ ശേഷമുള്ള പോസ്റ്റുകളില്‍ ഇന്‍ശാ അല്ലാഹ്.

ഇവിടെയുള്ള പോസ്റ്റുകളിലൂടെ മുജാഹിദുകളുടെ തര്‍ക്കത്തില്‍ കക്ഷിചേരുകയോ ഏതെങ്കിലും വിഭാഗത്തിന് പിന്തുണ നല്‍കുകയോ എന്റെ ലക്ഷ്യമല്ല. ചില സൂക്തങ്ങള്‍ക്കും ഹദീസുകള്‍ക്കും ഒരിക്കലും സാധ്യതയില്ലാത്ത വ്യാഖ്യാനം നല്‍കപ്പെട്ടുകാണുന്നു. അതിലൂടെ ആ സൂക്തങ്ങളുടെയും ഹദീസുകളുടെയും ശരിയായ വിവക്ഷ അജ്ഞാതമാകുകയും അതിന്റെ ഉദ്ദിഷ്ഠഫലം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് നിസ്സാരമായ ഒരു കാര്യമല്ല അനേകം ആളുകളെ തെറ്റിദ്ധാരണയിലകപ്പെടുത്തിയ വ്യാഖ്യാനങ്ങള്‍ നല്കപ്പെട്ട പ്രസ്തുത ഹദീസുകളും സൂക്തങ്ങളും ഒരു പരിശോധനക്ക് വിധേയമാക്കുകയാണ് തുടര്‍ന്നുള്ള പോസ്റ്റുകളിലൂടെ.

 
Design by CKLatheef | Bloggerized by CKLatheef | CK