'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, സെപ്റ്റംബർ 30, 2010

മുഖംമൂടിയണിഞ്ഞ ജമാഅത്തെ ഇസ്‌ലാമി ?

 കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ജമാഅത്തെ ഇസ്‌ലാമിയും വിമര്‍ശകരും എന്ന പോസിന്റെ ചര്‍ചയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ അഭിപ്രായ പ്രകടനത്തില്‍നിന്നുള്ള താഴെ നല്‍കിയ ഏതാനും വരികളാണ് ഈ പോസ്റ്റിന്റെ പ്രചോദനം. തുടര്‍ന്ന് വായിക്കുക:
[[[ 'എങ്കിലും ഈ വിഷയത്തില്‍ അല്പം dissent രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ആര് നല്ല കാര്യങ്ങള്‍ ചെയ്താലും appreciate ചെയ്യണം. പക്ഷെ ഇവിടെ താങ്കള്‍ അല്പം carried away ആയില്ലേ എന്നൊരു സംശയം. ജമാ അത്തെ ഇസ്ലാമി ഒരു islamic fundamentalist organization ആണ്. അല്ലെന്നു Mr. CK Lateef പോലും പറയുമെന്ന് തോന്നുന്നില്ല. എത്ര പൊതിഞ്ഞു പറഞ്ഞാലും, ജമാ അത്തെ ഇസ്ലാമിയുടെ ലക്‌ഷ്യം ഒരു ഇസ്ലാമിക്‌ ഭരണം (hukumat-e-elahi) ഇന്ത്യയില്‍ സ്ഥാപിക്കുക എന്നതാണ്. Would you say that is a lofty ideal? I am not at all against Islam - I think it is a very scientific and organized religion. It is hard to imagine it was founded by a mortal human - I think there was some devine intervention in the life of Prophet Mohammed which is why he could achieve so much. Anyway, irrespective of all my appreciation to the inherant beauty of Islam, I believe in any modern society the role of religion should be limited.' ]]]

ഹുക്കൂമത്തെ ഇലാഹി എന്നാല്‍ ഇസ്‌ലാമിക ഭരണം എന്നല്ല അര്‍ഥം. ഇസ്‌ലാമിക ഭരണമെന്നാല്‍ അപകടകരമായ ഒരു കാര്യമാമാണ്   എന്ന് സ്വയം കരുതുന്നതുകൊണ്ടല്ല ഈ തിരുത്ത്; മറിച്ച്  അതിന്റെ  അര്‍ഥമോ ഉദ്ദേശ്യമോ അതല്ലാത്തതുകൊണ്ടാണ്. എന്തൊക്കെ പറഞ്ഞാലും മഹാഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം കേവലം ഒരു മതമാണ്. അഥവാ അങ്ങനെ തെറ്റിദ്ധരിച്ചിരിക്കുന്നു. അതുകൊണ്ട് എന്താണോ  ഹുക്കൂമത്തെ ഇലാഹി കൊണ്ട് ജമാഅത്ത് അര്‍ഥമാക്കുന്നത് അതല്ല സമൂഹം ഉള്‍കൊള്ളുക എന്നതിനാല്‍ ആ പ്രയോഗം ജമാഅത്ത് ഉപയോഗിക്കാറില്ല. എന്നാല്‍ വിമര്‍ശകര്‍ക്ക് തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യത അതിലാണ് കൂടുതലുള്ളത് എന്നതിനാല്‍ കാരശേരി മുട്ടിന് മുട്ടിന് അത് പറഞ്ഞുകൊണ്ടിരിക്കും അതുകേട്ട് മറ്റുള്ളവരും.

ഇസ്‌ലാമിക ഭരണമെന്നാല്‍ ജമാഅത്തിന് ഒരു കാഴ്ചപ്പാടുണ്ട് അതവര്‍ വിശദീകരിക്കുന്നുമുണ്ട്. എന്നാല്‍ അത് മനസ്സിലാക്കി ആരോഗ്യകരമായ ഒരു ചര്‍ചക്ക് ആരും സന്നദ്ധത പ്രകടിപ്പിക്കുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ആത്യന്തിക ലക്ഷ്യം ഇസ്‌ലാമിക ഭരണമാണെന്ന് അത് എവിടെയും പറയുന്നില്ല. 'ഹുകൂമത്തെ ഇലാഹി' എന്ന് പറഞ്ഞപ്പോഴും 'ഇഖാമത്തുദ്ദീന്‍ ' എന്ന് പറഞ്ഞപ്പോഴും ജമാഅത്ത് അതുകൊണ്ടുദ്ദേശിച്ചത് കേവല ഭരണമാറ്റമല്ല. എന്നാല്‍ ജമാഅത്ത് അതാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നു. അത് കേട്ട് തെറ്റിദ്ധരിച്ചവര്‍ ജമാഅത്തിന്റെ വിശദീകരണം കേള്‍ക്കുമ്പോള്‍ ജമാഅത്ത് തങ്ങളുടെ യഥാര്‍ഥ  ഉദ്ദേശ്യം ഇതുവരെ മറച്ചുവെച്ചതുപോലെ കരുതുന്നു. കൂടുതല്‍ പഠനത്തിന് അവര്‍ സമയം കാണുന്നുമില്ല.

എന്താണ് 'ഇഖാമത്തുദ്ദീന്‍ ' ഇത് ജമാഅത്തെ ഇസ്‌ലാമി നിശ്ചയിച്ച ഒരു സ്വയംകൃത ലക്ഷ്യമാണോ. മുസ്‌ലിംകളില്‍ ആര്‍ക്കും അങ്ങനെ പറയാനാവില്ല കാരണം ഒരു സമൂഹമെന്നനിലയില്‍ മുസ്ലിംകളുടെ മേല്‍ ഖുര്‍ആനിലൂടെ അല്ലാഹു നിയമമാക്കിയതാണ് അത്. ഖുര്‍ആന്‍ പറയുന്നത് കാണുക:

നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം വഴി ഇപ്പോള്‍ നിന്നിലേക്കയച്ചിട്ടുള്ളതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചിരുന്നതുമായ അതേ ദീനിനെത്തന്നെ നിങ്ങള്‍ക്ക് നിയമിച്ചുതന്നിരിക്കുന്നു; ഈ ദീനിനെ നിലനിര്‍ത്തുവിന്‍ ‍, അതില്‍ ഭിന്നിക്കരുത് എന്ന താക്കീതോടുകൂടി. പ്രവാചകന്‍ ‍, പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ഈ സംഗതി ബഹുദൈവവിശ്വാസികള്‍ക്ക് ഏറ്റം അസഹ്യമായിത്തീര്‍ന്നിരിക്കുന്നു. താന്‍ ഇച്ഛിക്കുന്നവനെ, അല്ലാഹു തന്റേതാക്കുന്നു. അവങ്കലേക്ക് മടങ്ങുന്നവര്‍ക്ക് അവന്‍ തന്നിലേക്കുള്ള വഴി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു.(13:13)

ഈ ദീനിനെ നിലനിര്‍ത്തുവിന്‍ എന്ന മറ്റുപ്രവാചകന്‍മാരോട് നല്‍കിയ കല്‍പന നിങ്ങള്‍ക്കും നിയമമാക്കിയിരിക്കുന്നു എന്ന ഖുര്‍ആന്റെ കല്‍പന അംഗീകരിക്കാന്‍ ബാധ്യസ്ഥരായ ജമാഅത്തെ ഇസ്‌ലാമി അതിനാല്‍ തങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യം ഇഖാമത്തുദ്ദീനായി തെരഞ്ഞെടുത്തിരിക്കുന്നു. ഈ ലക്ഷ്യം അവര്‍ക്ക് കൂടിയാലോചിച്ച് മാറ്റാനാവില്ല. അവരില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും തന്റെ ലക്ഷ്യം മറച്ചുവെക്കാനോ മാറ്റിത്തിരുത്താനോ കഴിയില്ല. കഴിയില്ല എന്ന് പറഞ്ഞത് സാങ്കേതികമായിട്ടാണ് ഖുര്‍ആന്റെ അധ്യപനങ്ങള്‍ ബാധകമാണ് എന്ന് കരുതുന്നിടത്തോളം അപ്രകാരം കഴിയില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

ദീന്‍ നിലനിര്‍ത്തുക എന്ന കല്‍പനയുടെ മുഴുവന്‍ വ്യാപ്തി ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ആദ്യമായി പറയട്ടേ. മറ്റു വശങ്ങള്‍ പൊതുവെ എല്ലാവരും അംഗീകരിക്കുന്നതില്‍ ജമാഅത്തിന്റെ വ്യതിരിക്തത എന്നനിലക്ക് അതിന്റെ രാഷ്ട്രീയരംഗത്തെ ദീനിന്റെസംസ്ഥാപനം കൂടുതല്‍ ചര്‍ചചെയ്യുക സ്വാഭാവികമാണ്. ഇതും ജമാഅത്ത് ലക്ഷ്യം വെക്കുന്നത് ഇസ്‌ലാമിക രാഷ്ട്രീയമാണ് എന്ന ചിന്തക്ക് കാരണമാകാം.

ഇസ്‌ലാം എന്നത് കേവലം ഒരു ആദ്യാത്മിക മതമല്ല. ഒരു ജീവിത ദര്‍ശനമാണ്. സമ്പൂര്‍ണവ്യവസ്ഥയാണ്. മനുഷ്യന്റെ ലൗകിവും പാരത്രികവുമായ പരിഹാരമാണ്. ഒരു ദൈവിക വ്യവസ്ഥ സ്വാഭാവികമായും അത് ആവശ്യപ്പെടുന്നുണ്ട്. വ്യക്തിജീവിതത്തില്‍ ദൈവികനിയമങ്ങള്‍ പാലിക്കണമെന്നത് പോലെ സാമൂഹ്യമേഖലകളിലും ദൈവികനിയമങ്ങല്‍ പര്യപ്തമാണെന്ന് അത് ഉറച്ചുവിശ്വസിക്കുന്നു. രാഷ്ട്രീയമായ മേഖലകളിലും ദൈവികനിയമനിര്‍ദ്ദേശങ്ങളെ വെല്ലാന്‍ മറ്റൊരു നിയമമില്ല എന്നാണ് അതിന്റെ പ്രബോധനം. ഇസ്‌ലാമിക രാഷ്ട്രീയം എന്നാല്‍ ഇസ്‌ലാമിന്റെ ആരാധനാനുഷ്ഠാനങ്ങള്‍ സമൂഹത്തില്‍ നടപ്പിലാക്കുന്നതിന്റെ പേരല്ല. ചില ഇസ്‌ലാമിക ശിക്ഷാ സമ്പ്രദായങ്ങള്‍ നടപ്പിലാക്കിയതുകൊണ്ടും അത് ഇസ്‌ലാമിക ഭരണമാവില്ല. ആയിരുന്നെങ്കില്‍ മാതൃകാ രാഷ്ട്രം താലിബാനികളുടെ അഫ്ഘാനിസ്ഥാനാകേണ്ടിയിരുന്നു. അപ്പോള്‍ എന്താണ് ഇസ്ലാമിക ഭരണം. അത് സമൂഹത്തില്‍ ധാര്‍മികമൂല്യങ്ങളുടെ സംസ്ഥാപനമാണ്.  അധാര്‍മികതയുടെ ഉച്ചാടനവും. ആ മൂല്യങ്ങളുടെ ഉറവിടം ഏതെന്ന് ചോദിച്ചാല്‍ വിശുദ്ധഖുര്‍ആനാണ് എന്ന് അവര്‍ പറയും. എന്നാല്‍ ഈ മൂല്യവ്യവസ്ഥ ഇസ്‌ലാമിന്റെ മാത്രം സ്വന്തമാണോ അല്ലെന്ന് മുകളിലെ സൂക്തം തെളിയിക്കുന്നു. ഏത് പ്രവാചകനിലൂടെയും നല്‍കപ്പെട്ടത് ഒരേ മൂല്യസങ്കല്‍പമാണ്. വിശുദ്ധവേദങ്ങളിലേത് പരിശോധിച്ചാലും അതേ മൂല്യങ്ങളെത്തന്നെയാണ് അവയും അംഗീകരിക്കുന്നത് എന്ന് കാണാന്‍ പ്രയാസമില്ല. അവയുടെ ഏറ്റവും വലിയ പ്രത്യേകത അതിനെ സമൂഹം മൊത്തം നന്മയായി തിരിച്ചറിയുന്നുവെന്നതാണ് അതിനാല്‍ ഖുര്‍ആന്റെ സാങ്കേതിക ഭാഷയില്‍ അതിനെ മഅ്‌റൂഫ്  (അറിയപ്പെട്ടത്) എന്നാണ് പറയുക. സത്യവിശ്വാസികളുടെ സ്വഭാവമായി ഖുര്‍ആന്‍ പറയുന്നത് നാം ഭൂമിയില്‍ അവര്‍ക്ക് സൗകര്യം അധികാരം നല്‍കിയാല്‍ അവര്‍ ധര്‍മം (മഅ്റൂഫ്) കല്‍പിക്കുകയും അധര്‍മം (മുന്‍കര്‍) വിരോധിക്കുകയും ചെയ്യും എന്നാണ്.

ഇത് മനസ്സിലാക്കുന്ന ജമാഅത്തെ ഇസ്‌ലാമി തങ്ങളുള്‍കൊള്ളുന്ന സമൂഹത്തില്‍ ഇതെങ്ങനെ പ്രാവര്‍ത്തികമാക്കും എന്ന വഴി അന്വേഷിക്കുക സ്വാഭാവികമാണ്. അതിനവര്‍ക്ക് കാലാകാലങ്ങളില്‍ കൂടിയാലോചനകളിലൂടെ ലഭിച്ച ഉത്തരമാണ് അതിന്റെ രാഷ്ട്രീയ നിലപാടുകള്‍. ജമാഅത്ത് ആദ്യമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയല്ല ഇപ്പോഴുണ്ടായത്. ഇതുവരെ അതെടുക്കുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രയോജനകരമായതുകൊണ്ട് ഇപ്പോള്‍ അവര്‍ പറയുന്ന ആരോപണങ്ങളൊന്നും മിണ്ടാറില്ല. ജമാഅത്തെടുത്ത് പുതിയ തീരുമാനം തങ്ങളുടെ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുമെന്നാണ് അവര്‍ ചിന്തിച്ചത്. മാത്രമല്ല അത് നേരിട്ട് തന്നെ മനസ്സിലാക്കിയതിന് ശേഷമാണ് അവര്‍ ഗോദയില്‍ ജമാഅത്തിനെ എതിരിടാന്‍ തന്നെ തയ്യാറെടുത്തത്. അതിന് അവര്‍ കണ്ട എളുപ്പവഴി ജമാഅത്തിന്റെ ലക്ഷ്യം തെറ്റിദ്ധരിപ്പിക്കുക എന്നതാണ്. എന്നാല്‍ അത് ലക്ഷ്യവും മാര്‍ഗവും ശരിയായി നിര്‍വചിക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനവും ചരിത്രവും വര്‍ത്തമാനവും അതിനെ സാധൂകരിക്കുകയും ചെയ്യുന്നു. അതിനാല്‍ വിമര്‍ശകരുടെ മുമ്പില്‍ ഇനി ഒരേ ഒരു വഴിയേ ഉള്ളൂ. ഈ അറുപത് വര്‍ഷവും മുഖംമൂടി അണിഞ്ഞാണ് പ്രവര്‍ത്തിച്ചതെന്ന് പ്രചരിപ്പിക്കുക. ഇതുവരെ  ജമാഅത്തിനെതിരെയുള്ള ഒരു ആരോപണവും അതിനെ മനസ്സിലാക്കാന്‍ ശ്രമിച്ച് മുന്നോട്ട് വന്നവരെ / അതിനെ അനുഭവിച്ചവരെ വഞ്ചിക്കാന്‍ പര്യാപ്തമായിട്ടില്ല. ഈ മുഖം മൂടി ആരോപണത്തിനും അതിന് സാധ്യമല്ല. അത്ര മാത്രമേ എനിക്ക് അവകാശപ്പെടാനാവൂ.

വ്യാഴാഴ്‌ച, സെപ്റ്റംബർ 23, 2010

കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി വീണ്ടും.

"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാ അത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജമാ അത്തെ സ്ലാമിയുടെ അനുകൂല ഗ്രൂപ്പാണ്‌. ഇതിനു പുറമെ അള്ളാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം കൊടുത്തിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാ അത്തെ ഇസ്ലാമിയുടെ പങ്ക് പ്രധാനമാണ്‌." (ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്, പേജ് 145)

സുശീല്‍ ഭായ്! ഈ വെളിപ്പെടുത്തല്‍ അടങ്ങിയ വാര് ‍ഷിക പതിപ്പിന്റെ ഭാഗം സ്കാന്‍ ചെയ്തു ഇടുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ ജമാ-അത്തെ ഇസ്ലാമി കഷ്മീരിലെയോ ബംഗ്ലാദേശിലെയോ പാകിസ്ഥാനിലെയോ പോലെ സായുധ തീവ്ര വാദം നടത്തുന്നു എന്ന് എനിക്ക് അഭിപ്രായം ഇല്ല. കാരണം മേല്പറഞ്ഞ ഇടങ്ങളിലെ സാമൂഹ്യ അവസ്തയല്ലല്ലോ കേരളത്തില്‍ ഉള്ളത്. അവരുടെ തീവ്ര ബൌധിക ആശയങ്ങള്കൊണ്ട് തന്നെ അവരെ കേരത്തിലെ പൊതു സമൂഹം (സാമൂഹ്യ,സാംസ്കാരിക, രാഷ്ട്രീയ, ജാതി, മത, മതേതര,യുക്തിവാദ ...) പരവാവധി അകറ്റി നിര്‍ത്തുന്നുണ്ട്. ഈ അവസരത്തില്‍ നിലനില്‍പ്പിനായി അവര്‍ പരമാവധി മതേതര സ്വഭാവം പ്രകടിപ്പിക്കുന്നു എന്നതും ശ്രദ്ധേയമായി തോന്നുന്നു. ഇവര്‍ മതേതരത്വം തെളിയിക്കാന്‍ കൂടുതല്‍ ശ്രധിക്കുംപോലും ബഹു ഭൂരിപക്ഷം വരുന്ന മറ്റെല്ലാ മുസ്ലിം സംഘടനകളും ഇവരെ തൊട്ടുകൂടാത്തവര്‍ ആയും തീവ്രവാദികള്‍ ആയും വിശേഷിപ്പിക്കുന്നു. കാശ്മീരിലെ ജമാ-അത്ത് തീവ്ര വാദം നടത്തുന്നു എന്ന് പറയുന്ന ജാമാ-അത്തെ ഇസ്ലാമി ഹിന്ദ്‌ എന്ന (ഇന്ത്യന്) സംഘന എന്തുകൊട്നു ആ തീവ്ര വാദ സംഘത്തെ തള്ളി കളഞ്ഞ് അവിടെക്ക് കൂടി ഇന്ത്യന്‍ ജമാ അതിന്റെ പ്രവര്‍ത്തനം വ്യാപിപിക്കുന്നില്ല. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല എന്ന ജമാ-അത്തെ മാതൃ സംഘടനയുടെ (പാകിസ്താന്‍) അഭിപ്രായം തന്നെ ആണ് ജമാ-അത്തെ ഹിന്ദിനും എങ്കില്‍ അതിന്റെ ആവശ്യം ഇല്ല താനും.!? എന്റെ ഒരു ഗുജറാത്തി (അഹമ്മദ്‌ബാദ് ) സുഹൃത്ത്‌ നരേന്ദ്ര മോഡിയെ പറ്റി പറഞ്ഞപ്പോളും, മറ്റൊരു ബംഗ്ലാദേശി സുഹൃത്ത്‌ ജമാ-അത്തെ അമീര്‍ മോതിഹുര്‍ റഹ്മാന്‍ നിസാമിയെ പറ്റി വിവരിച്ചപ്പോഴും അവരുടെ കണ്ണുകളിലും വാക്കുകളിലും നിറഞ്ഞത്‌ ഈ രണ്ടു കൂട്ടരും അവരുടെ ആളുകളും, സ്വന്തം രാജ്യത്തെ മത ന്യൂന പക്ഷങ്ങല്‍ക്കെതിരെ നടത്തിയേ നരനായട്ടിനെയും, രക്തദാഹത്തിന്റെയും ഭീകര ചിത്രന്ങ്ങള്‍ ആണ്. എന്റെ അനുഭവസ്ഥര്‍ ആയ സുഹ്ര്തുകളെ ഞാന്‍ ഒരിക്കലും അവിസ്വസിക്കുന്നില്ല.... കേട്ടതും വായിച്ചതും പ്രചരിപ്പിക്കുന്നവര്‍ പറയുന്നതിനേക്കാള്‍ വിശ്വാസയോഗ്യം കണ്ടും അനുഭവിച്ചും അറിഞ്ഞവരുടെ ദയനീയ രോദനങ്ങള്‍ തന്നെ അല്ലെ!!! 

അടുത്ത കാലത്ത് ജമാഅത്ത് വിമര്‍ശനത്തില്‍ അമിത താല്‍പര്യം കാണിക്കുന്ന ശ്രീജിത്ത് കൊണ്ടോട്ടി ബ്ലോഗര്‍ സുശീല്‍ കുമാറിന്റെ പോസ്റ്റില്‍ നല്‍കിയ കമന്റാണ് മുകളില്‍ നല്‍കിയത്. പിണറായ് മുതല്‍ ശ്രീജിത്ത് വരെ കൊണ്ടുനടക്കുന്ന ആരോപണമാണ് കാശ്മീര്‍ ജമാഅത്തുമായി ബന്ധപ്പെട്ട ഈ വിഷയം. എത്ര വ്യക്തമാക്കിയാലും ആരോപണങ്ങള്‍ പഴയപടി ആവര്‍ത്തിക്കുക എന്നത് ജമാഅത്ത് വിമര്‍ശകരുടെ സ്ഥിരം ശൈലിയാണ്. ആരോപിക്കുന്ന കാര്യത്തിലെ വസ്തുകളെക്കാറെ അതിലെ വൈകാരികതയാണ് ഈ ആരോപണത്തിലൂടെ ലക്ഷ്യമിടുന്നത്. കാശ്മീര്‍ ചരിത്രമോ വര്‍ത്തമോ അറിയാത്തതുകൊണ്ടല്ല ഇവര്‍ ആരോപണം ഉന്നയിക്കുന്നത്. ജമാഅത്തിനെ കേവലം ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പോലെ കാണുന്നവര്‍ക്കാണ് ഈ ആരോണത്തില്‍ പ്രത്യേക താല്‍പര്യം തോന്നുന്നത്. ഇതൊടെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ പ്രതിരോധത്തിലാക്കാമെന്നവര്‍ കണക്കുകൂട്ടുന്നു.

ജമാഅത്തെ ഇസ്‌ലാമി അത് എവിടെയായിരുന്നാലും പ്രതിനിധാനം ചെയ്യുന്നത് വിശുദ്ധഖുര്‍ആനും പ്രവാചക ചര്യയും അടിസ്ഥാനമാക്കിയുള്ള ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയെയാണ്. രാഷ്ട്രീയം അതിന്റെ ഒരു ഭാഗം മാത്രമാണ്. അത് കേവലം ഒരു രാഷ്ട്രീയ സംഘടനയോ ആരാധനാപരമായ ആത്മീയതയിലൂന്നിയ കേവല മതസംഘടനയോ അല്ല. എവിടെയായിരുന്നാലും അതിന്റെ ആദര്‍ശം പൊതുവാണ്. ഈ അടിസ്ഥാനമാണ് ഇന്ത്യാ-പാക്-ബംഗ്ലാദേശ്-ശ്രീലങ്ക എന്നിവിടങ്ങളിലുള്ള മുഴുവന്‍ ജമാഅത്തെ ഇസ്ലാമിയെയും ബന്ധിപ്പിക്കുന്ന കണ്ണി. ഇവിടങ്ങളിലെ രാഷ്ട്രീയ അവസ്ഥകള്‍ വ്യത്യസ്ഥമായതുകൊണ്ട്  പ്രവര്‍ത്തന ശൈലിയും വ്യത്യസ്ഥമായിരിക്കും. ആ നിലക്ക് ഇവയൊക്കെ വ്യത്യസ്ഥ സംഘടനകാളാണ് എന്ന് പറയാം. കാരണം പ്രവര്‍ത്തനമാണല്ലോ പ്രകടമായതും അതിന്റെ ചലനത്തെയും നിയന്ത്രിക്കുന്നതും.  കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇത് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. ചൈനയിലെ കമ്മ്യൂണിസ്റ്റുകാരുടെ  നയനിലപാടുകളുല്ലല്ലോ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുടരുക.

ഇനി ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി രണ്ട് വ്യത്യസ്ഥ പേരുകളിലും നയനിലപാടിലും പ്രവര്‍ത്തികാനുണ്ടായ സാഹചര്യം എന്താണെന്ന് നോക്കാം.  (കാശ്മീരില്‍ DYFI അല്ല JKDYF ആണ് എന്നതും നാം മറക്കരുത്.) അതിന്റെ പ്രധാന കാരണം രണ്ട് സ്ഥലത്തെയും ആളുകള്‍ നേരിടുന്ന വ്യത്യസ്ഥ സാഹചര്യങ്ങള്‍ തന്നെ. അതിന് അല്‍പം ചരിത്രം മനസ്സിലാക്കേണ്ടതുണ്ട്.

1941 ലാണ് ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കപ്പെടുന്നത്. 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ കാശ്മീര്‍ ഇന്ത്യയുടെയോ പാകിസ്ഥാന്റെയോ ഭാഗമായിരുന്നില്ല. മറിച്ച് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാനുള്ള അനുവാദം നല്‍കപ്പെട്ട നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു. ഹൈദരാബാദിന്റെ കാര്യത്തിലും ഈ അനിശ്ചിതത്വം സ്വാതന്ത്ര്യപുലരിയുടെ നാളുകളില്‍ നിലനിന്നിരുന്നു. അഥവാ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ആ പ്രദേശം ഇന്ത്യയില്‍ പെട്ടതായിരുന്നില്ല. നൈസാമിന്റെ കീഴിലുള്ള ഒരു നാട്ടുരാജ്യമായിരുന്ന ഹൈദരാബാദിനെ ജനറല്‍ മനകഷ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സൈന്യം ഇടപെട്ട് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്തു അത് വരെ ഹൈദരാബാദിലെ ജമാഅത്ത് പ്രവര്‍ത്തകരും സ്വതന്ത്രമായ ഒരു ഘടനയിലാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ പ്രദേശവും അവിടുത്തെ ജനതയും പൂര്‍ണമായി ഇന്ത്യയെ സ്വീകരിച്ചതോടെ അവിടെയുള്ള ജമാഅത്തെ ഇസ്്‌ലാമിയും ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയില്‍ ലയിച്ചു.

അപ്പോള്‍ കാശ്മീരോ?. മുസ്ലിം ഭൂരിപക്ഷ പ്രദേശമെന്ന നിലക്ക് അത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് പാകിസ്ഥാന്‍ അവകാശവാദമുന്നയിച്ചു. എന്നാല്‍ അന്നവിടെ ഭരിച്ചുകൊണ്ടിരുന്ന (ഹിന്ദുവായ) രാജാവിന്റെ ഇംഗിതമാണ് പരിഗണിക്കേണ്ടതെന്ന് ഇന്ത്യയും വാദിച്ചു. തര്‍ക്കത്തിന് പരിഹാരമായി ജനഹിതപ്പരിശോധന നടന്നുകൊണ്ടിരിക്കെ പാക്കിസ്ഥാന്‍ കാശ്മീരിനെ ആക്രമിച്ച് കൂറേ ഭാഗങ്ങള്‍ കയ്യടക്കി. ഇന്നും പാകിസ്ഥാന്റെ നിയന്ത്രണത്തിലിരിക്കുന്ന ആ ഭാഗത്തെയാണ് നാം പാക്കധീന കാശ്മീര്‍ എന്ന് പറയുന്നത്. പാകിസ്ഥാന്‍ അതിനെ ആസാദ് കാശ്മീര്‍ എന്നും വിളിക്കുന്നു. രാജാവിന്റെ ആവശ്യപ്രകാരം ഇടപെട്ട ഇന്ത്യന്‍ സൈന്യം കാശ്മീരിന്റെ ശേഷിച്ച ഭാഗം സംരക്ഷിക്കുന്നതില്‍ വിജയിച്ചു. അവയെ ഇന്ത്യയോട് ലയിപ്പിക്കാന്‍ രാജാവ് തീരുമാനിച്ചു. എങ്കിലും ജനഹിതപരിശോധനയിലൂടെയായിരിക്കും അന്തിമമായി തീരുമാനിക്കുകയെന്ന് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഗവര്‍ണര്‍ ജനറലായിരുന്ന മൗണ്ട് ബാറ്റണ്‍ ഉറപ്പുനല്‍കിയിരുന്നു.

1948 ലും 49 ലും ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയങ്ങളിലും കാശ്മീര്‍ പ്രശ്‌നപരിഹാരത്തിന് ഹിതപരിശോധനയാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഇന്ത്യയും പാകിസ്ഥാനും ഈ രണ്ട് പ്രമേയങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഇതുവരെയും ഹിതപരിശോധന നടക്കാത്തതുകൊണ്ടുതന്നെ കാശ്മീരില്‍  ഒരു വിഭാഗം ജനത കാശ്മീരിന്റെ ലയനം ഒരു യാഥാര്‍ഥ്യമായി അംഗീകരിച്ചിട്ടില്ല. ഇതാര്‍ക്കും നിഷേധിക്കാനാവാത്ത സത്യമാണ്. അങ്ങനെ കാശ്മീരില്‍ മുന്ന് രൂപത്തിലുള്ള ചിന്താഗതിക്കാര്‍ രൂപപ്പെട്ടു. അതില്‍ കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്നവരും, പാകിസ്ഥാനോട് ചേര്‍ക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. അവരില്‍ വിഘടനവാദമുയര്‍ത്തുന്ന സായുധ വിഭാഗത്തെയാണ് തീവ്രവാദി ഗ്രൂപ്പുകള്‍ എന്നതുകൊണ്ട് സാധാരണയായി ഉദ്ദേശിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് കാശ്മീര്‍ ഇന്ത്യയുടെ ഒരു സംസ്ഥാനമാണെങ്കിലും മറ്റുസംസ്ഥാനങ്ങള്‍ക്കില്ലാത്ത പ്രത്യേക പദവി അതിന് നല്‍കപ്പെട്ടിരിക്കുന്നു. കൂറേ കാലത്തേക്ക് കാശ്മീര്‍ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി എന്നാണ് വിളിച്ചിരുന്നത്. ഈ സവിശേഷ പശ്ചാതലമുള്ളതുകൊണ്ടുതന്നെയാണ്, കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് വേറിട്ട് നില്‍ക്കാന്‍ കാരണം. വിഭജനനാന്തരം ഇന്ത്യയിലവശേഷിച്ച ജമാഅത്തു പ്രവര്‍ത്തകര്‍ മൗലാനാ അബുല്ലൈസ് ഇസ്ലാഹി നദ് വിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ കാശ്മീരില്‍ കേണല്‍ അബ്ബാസിയുടെ നേതൃത്വത്തില്‍ ബാരാമുല്ല കേന്ദ്രമാക്കി സ്വതന്ത്രമായ ഒരു ജമാഅത്ത് രൂപീകരിക്കുകയാണുണ്ടായത്. കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി പലതവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നുതവണ കാശ്മീര്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അലി ഷാ ഗീലാനിയാണ് അന്ന് ജമാഅത്തിനെ യഥാര്‍ഥത്തില്‍ നയിച്ചിരുന്നത്. നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു അദ്ദേഹം.

കാശ്മീരിനെ ഇന്ത്യയോട് ചേര്‍ത്തന നടപടിയെ കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി അംഗീകരിക്കാതെ  വിഘടനവാദമുയര്‍ത്തുന്നതിനാല്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റൈ നിയമ നടപടിക്ക് അതിന്റെ നേതാക്കളും പ്രവര്‍ത്തകരും വിധേയരായി വരുന്നു പലരും സുദീര്‍ഘകാലം ജയില്‍ വാസമനുഭവിച്ചിട്ടുണ്ട്. ജനഹിത പരിശോധന നടപ്പിലാക്കണമെന്നും അതിലൂടെ കാശ്മീരിന്റെ ഭാഗധേയം നിര്‍ണയിക്കണമെന്നുമാണ് അവരുടെ മുഖ്യ ആവശ്യം. ഇതാണ് കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ വേറിട്ട നിലനില്‍പ്പിന്റെ ന്യായം. വസ്തുത ഇതായിരിക്കെ തികച്ചും വേറിട്ട് രൂപത്തിലും സാഹചര്യത്തിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഈ വിഷയത്തില്‍ എന്ത് ചെയ്യാന്‍ കഴിയും. ഇത്തരം കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് ആദര്‍ശവുമായി ബന്ധപ്പെട്ട വിഷയമല്ല. എന്നാല്‍ അക്രമവും അനീതിയും ആദര്‍ശപരമായിതന്നെ വര്‍ജ്യമാണ്. കാശ്മീര്‍ ജമാഅത്തോ പാകിസ്ഥാന്‍ ജമാഅത്തോ അത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ അവ ഖുര്‍ആന് വിരുദ്ധമാണ് എന്ന് പറയാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. മറ്റുകാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസവും നയനിലപാടുകളും ഭരണഘടനക്കും നാട്ടിലെ നിയമ വ്യവസ്ഥക്കും യോജിക്കാത്തതാണെങ്കില്‍ അതിന് നിയമനടപടി സ്വീകരിക്കാം. അത്രമാത്രമേ മനുഷ്യരെന്ന നിലക്ക് കഴിയൂ. കാഷ്മീരിനെ കുറിച്ച് ചിലത് കൂടി പറയാനുണ്ട്.

ഇനി ഒരാള്‍ക്ക് ചോദിക്കാം എന്തുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് കാശ്മീരില്‍ ഘടകം രൂപീകരിച്ച് പ്രവര്‍ത്തനം വ്യാപിച്ചുകൂടാ. ഒരു നാട്ടിലെ ആളുകള്‍ സ്വയം മനസ്സിലാക്കി മുന്നോട്ട് വന്നാലല്ലാതെ അടിച്ചേല്‍പിക്കാന്‍ കഴിയുന്ന ഒന്നല്ല സംഘടനാ പ്രവര്‍ത്തനം. എന്റെ നാട്ടില്‍ ജമാഅത്ത് പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏതാനും വര്‍ഷമേ ആയിട്ടുള്ളൂ. ജമാഅത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാത്ത ജില്ലകള്‍ ഇന്ത്യയില്‍ ഉണ്ടാവാം. അവിടെയൊന്നും പ്രവര്‍ത്തനം വ്യാപിപിക്കാന്‍ സംഘടന വിചാരിച്ചത് കൊണ്ട മാത്രം കാര്യമില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളവും ബംഗാളും മാത്രം മതി എന്ന് തീരുമാനിച്ചത് കൊണ്ടാണോ മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാത്തത്. ചില കാര്യങ്ങള്‍ ന്യായമാണെങ്കിലും യാഥാര്‍ഥ്യം ഉള്‍കൊള്ളുക എന്ന ഒരു വശമുണ്ട്. ആ നിലക്ക് കാശ്മീര്‍ പ്രശ്‌നത്തിന് സമാധാനപരമായ ഒരു പരിഹാരം എന്നതാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ആത്മാര്‍ഥമായിത്തന്നെ ആഗ്രഹിക്കുന്നത്.

കാര്യം ഇങ്ങനയൊക്കെ ആയിരിക്കെ. കാശ്മീര്‍ ജമാഅത്തെ ഇസ്്‌ലാമിയ പരിചയപ്പെടുത്തുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ മറച്ചു വെക്കണോ അതോ മനസ്സിലാക്കിയത് പറയണോ. അതില്‍ കാശ്മീര്‍ ജമാഅത്തിന്റെ നിലപാട് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാടില്‍നിന്ന് ഭിന്നമായതിനാല്‍ അത് പറയാന്‍ പാടില്ലെന്ന് തീരുമാനം എന്ത് മാത്രം നീതിയാണ്. അതുകൊണ്ടാണ് അമ്പതാം വാര്‍ഷികപതിപ്പില്‍ അതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ മുകളില്‍ നല്‍കിയ ഒട്ടേറെ കാര്യം പരാമര്‍ശിച്ച ശേഷം ഇങ്ങനെ പറഞ്ഞത്. 50 വര്‍ഷത്തിനിടെ ജമാഅത്ത നേടിയ സ്വാധീനം ഒന്ന് കനത്തില്‍തന്നെ അവതരിപ്പിക്കാം എന്ന് ചിന്തിച്ചത് കൊണ്ടാകും ലേഖകന്‍ ഇങ്ങനെ പറഞ്ഞു:

'താഴ്`വരയില്‍ തീവ്രവാദിപ്രവര്‍ത്തനം ശക്തിപ്പെട്ടതിന് ശേഷം ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്`വരയില്‍ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനു പുറമെ അല്ലാഹ് ടൈഗേഴ്‌സ് എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്. ജനങ്ങളില്‍ ഇസ്ലാമിക ചൈതന്യം വളര്‍ത്തുകയും നിലനിര്‍ത്തുകയുമാണ് ഈ സംഘത്തിന്റെ മുഖ്യമായ പ്രവര്‍ത്തനമെന്ന് പറയപ്പെടുന്നു.

വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയ മേഖലയില്‍ പതിമൂന്ന് സംഘടനകള്‍ ചേര്‍ന്ന തഹ്രീകെ ഹുര്‍രിയത്തെ കാശ്മീര്‍ (കാശ്മീര്‍ സ്വാതന്ത്ര്യ പ്രസ്ഥാനം) എന്ന പേരില്‍ ഒരു മുന്നണിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഈ ഗ്രുപിലെ ഏറ്റവും വലിയ സംഘടന ജമാഅത്താണ്.....' (ജ.ഇ. അമ്പതാം വാര്‍ഷിക പതിപ്പ് പേജ് 145)

ഇവിടെ ലേഖകന്‍ അദ്ദേഹത്തിന് ലഭ്യമായ ചില വിവരങ്ങള്‍ മുന്നില്‍ വെച്ച് പറയുന്ന വാചകങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെയാണ് വിമര്‍ശകര്‍ അതുദ്ധരിച്ചപ്പോള്‍ ആ വാക്ക് വിട്ടുകളഞ്ഞതും. 'പറയപ്പെടുന്നു' എന്ന പ്രയോഗവും കറുപ്പിച്ച് നല്കിയതും വിമര്‍ശകരുടെ ഉദ്ധരണികളില്‍ കാണാതിരിക്കുന്നത് ബോധപൂര്‍വമാണ് എന്ന് ഞാന്‍ കരുതുന്നു.

ലേഖകന്‍ പറഞ്ഞ കാര്യം ഒന്നുകില്‍ കാശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ശരിയായിരിക്കും. അങ്ങനെയെങ്കില്‍ ലേഖകന്‍ ആക്ഷേപാര്‍ഹനല്ല. ഇനി തെറ്റാണെങ്കില്‍ അത് തിരുത്താന്‍ പ്രബോധനം തയ്യാറാകാത്ത പക്ഷം മാത്രമേ ആ പരാമര്‍ശം പ്രശ്‌നമാക്കേണ്ടതുള്ളൂ. ശ്രീജിത്തിന്റെ പരമാര്‍ശങ്ങള്‍ക്ക് മറുപടി കമന്റ് ബോക്‌സില്‍ ആവശ്യമെങ്കില്‍ നല്‍കാം. എതായാലും യുക്തിവാദികള്‍ക്കും ജമാഅത്ത് വിമര്‍ശകര്‍ക്കും ആര്‍ത്തുല്ലസിക്കാന്‍ മാത്രം ഇതില്‍ എന്താണുള്ളത് എന്ന് അവര്‍ തന്നെ വ്യക്തമാക്കും എന്ന് കരുതുന്നു.

തിങ്കളാഴ്‌ച, സെപ്റ്റംബർ 13, 2010

ഖാദിയാനി പീഢനവും മൌദൂദിയും

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച മുഴുവന്‍ ആരോപണങ്ങളും പറഞ്ഞുകഴിഞ്ഞത് കൊണ്ടാകും പാകിസ്ഥാനിലെ അഹമ്ദികളുടെ പീഢനവും അതിന് ഇവിടെയുള്ള ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ കവര്‍ സ്റ്റോറി നല്‍കാത്തതുമൊക്കെ വലിയ വിഷയമായി ഉയര്‍ന്ന് വരുന്നത്. അഹ്മദിയാ ജമാഅത്ത് പ്രവര്‍ത്തകര്‍ പാകിസ്ഥാനില്‍ അനുഭവിക്കുന്ന മുഴുവന്‍ പീഢനങ്ങളുടെയും കാരണം ജമാഅത്തെ ഇസ്്‌ലാമി സ്ഥാപകനായ മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയാണെന്ന നിലയില്‍ ബ്ലോഗില്‍ കണ്ട പോസ്റ്റാണ് ഈ കുറിപ്പിന് പ്രേരകം. അന്ധമായ ജമാഅത്ത് വിരോധം അലങ്കാരമായി കൊണ്ടുനടക്കുകയും തന്റെ ഐഡന്റിറ്റിയായി അത് അദ്ദേഹവും നാടും അംഗീകരിക്കുകയും ചെയ്തത് കൊണ്ട് ഇനി ആഴ്ചയിലൊരിക്കലെങ്കിലും ജമാഅത്തിനെ വിമര്‍ശിക്കുന്ന ലേഖനം അദ്ദേഹത്തില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായി പുറത്ത് വന്ന ലേഖനം സുശീല്‍ തന്റെ ബ്ലോഗില്‍ പോസ്റ്റായി നല്‍കിയിരിക്കുന്നു. അതിന്റെ വസ്തുതകള്‍ പറയാതിരുന്നാല്‍ ചിലരെങ്കിലും അത് ശരിയെന്ന് ധരിക്കാന്‍ ഇടയുണ്ട്. ഏതൊരും പ്രസ്ഥാനത്തിനും പൂര്‍ണ വിശുദ്ധി അവകാശപ്പെടാനാവില്ലല്ലോ എന്ന സാമാന്യയുക്തിയും തെറ്റിദ്ധാരണക്ക് കാരണമായേക്കും. അതിനാല്‍ സത്യാവസ്ഥ എന്താണെന്ന് നോക്കാം.

1951 ല്‍ കറാച്ചിയില്‍ മൗലാനാ സയ്യിദ് സുലൈമാന്‍ നദ് വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അഖിലകക്ഷി പണ്ഡിത സമ്മേളനമാണ് ഖാദിയാനികളെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന് പാകിസ്ഥാന്‍ സര്‍ക്കാരിനോട് ആദ്യമായി ആവശ്യപ്പെട്ടത്. പാക്കിസ്ഥാന്‍ ഇസ്‌ലാമിക ഭരണഘടനയുടെ രൂപരേഖ സമര്‍പ്പിക്കാന്‍ വിളിച്ചുചേര്‍ത്ത പ്രസ്തുത കോണ്‍ഫറന്‍സില്‍ മൗലാനാ മൗദൂദിയും സംബന്ധിച്ചിരുന്നു. എന്നാല്‍ ഭരണഘടന മുഖ്യ ഇഷ്യൂ ആയി എടുത്ത ആ കോണ്‍ഫറന്‍സില്‍ ഖാദിയാനി പ്രശ്‌നം ഉന്നയിക്കുന്നതിനെ മൗദൂദി എതിര്‍ക്കുകയുണ്ടായി. പക്ഷെ അദ്ദേഹത്തിന്റെ ഭിന്നാഭിപ്രായം വകവെക്കാതെ സമ്മേളനം, അഹ്മദികളെ അമുസ്ലിംകളായി പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ചു. ആ നിര്‍ദ്ദേശത്തോട് മൗദൂദിയും യോജിച്ചു.

പിന്നീടാണ് പഞ്ചാബില്‍ അഹ്മദികള്‍ക്കെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അത് സംഘടിപ്പിച്ചത് ജമാഅത്തെ ഇസ്‌ലാമിയായിരുന്നില്ല; മറിച്ച് തീവ്രവാദികളായ 'അഹ് രാരി'കള്‍ എന്ന വിഭാഗമായിരുന്നു അതിന് നേതൃത്വം നല്‍കിയത്. പ്രക്ഷോഭത്തില്‍നിന്ന് പൂര്‍ണമായും ജമാഅത്തെ ഇസ്‌ലാമി വിട്ടുനിന്നു. മാത്രമല്ല പ്രക്ഷോഭം അവസാനിപ്പിക്കാന്‍ മൗദൂദി തന്റെ നിര്‍ദ്ദേശം മുന്നോട്ട് വെക്കുകയും ചെയ്തു. അതാണ് 'ഖാദിയാനി മസ്അല' (Quadiyani Problem) എന്ന ലഘുകൃതി. ഖാദിയാനികള്‍ക്കെതിരെയുള്ള മുഴുവന്‍ പ്രക്ഷോഭത്തിനും കാരണം ഈ കൃതിയായിരുന്നുവെന്നത് ഒരു വ്യാജപ്രാചരണം മാത്രമാണ്. അധ്യാപകന്റെ കൈവെട്ടാന്‍ മൗദൂദി കൃതിയാണ് സഹായകമായത് എന്ന് പ്രതികളില്‍ ചിലരുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത (കുറച്ചൊക്കെ വായന സംസ്കാരമുള്ള മിക്കാവാറും കേരളീയ വീടുകളിലും ഒന്നോ രണ്ടോ മൗദൂദി കൃതികള്‍ ലഭിച്ചേക്കും) ചില മൗദൂദി കൃതികള്‍ കണ്ടെടുത്തതുമായി ചേര്‍ത്ത് വെച്ച് ഒരു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പിച്ചാലുള്ള ആധികാരികത പോലും മേല്‍ പറഞ്ഞ വാദത്തിനില്ല.   കാരണം ഖാദിയാനി മസഅല എഴുതിയത് ആ പ്രക്ഷോഭങ്ങള്‍ക്കിടയിലാണ്. ഖാദിയാനികളെ മുസ്ലിംകളില്‍നിന്ന് വേര്‍പ്പെട്ട ഒരു പ്രത്യേക സമുദായമായി പ്രഖ്യാപിക്കണമെന്ന് അതില്‍ ആവശ്യപ്പെടുന്നു. ഈ വാദം ന്യായമാണെന്ന് ഇസ്‌ലാമിനെക്കുറിച്ചും ഖാദിയാനികളുടെ പുത്തന്‍വാദത്തെക്കുറിച്ചും അറിയുന്നവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. 1974 ല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ഭരണകാലത്ത് അംഗീകരിക്കപ്പെട്ട ഭരണഘടനയില്‍ ഖാദിയാനികളെ അമുസ്ലിം ന്യൂനപക്ഷമായി നാഷണന്‍ അസംബ്ലി ഏകകണ്ഠമായി അംഗീകരിച്ചു. മൗദൂദിയുടെ ഒരൊറ്റ പുസ്തകം കാരണമാണ് അതൊക്കെ സംഭവിച്ചത് എന്നാണ് വാദമെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക് അതില്‍ പ്രയാസമുണ്ടാകേണ്ട കാര്യമില്ല. പക്ഷെ ബാക്കിയുള്ളവര്‍ അത് അംഗീകരിച്ചു തരുമെന്ന് തോന്നുന്നില്ല. കാരണം ഇസ്‌ലാമിക ലോകം മുഴുവന്‍ ഖാദിയാനികളെ മുസ്‌ലിംകളായി അംഗീകരിക്കുന്നില്ല.

ഒരു രാജ്യത്തില്‍ ന്യൂനപക്ഷവിഭാഗത്തെ പ്രഖ്യാപിക്കുന്നത് അവര്‍ക്കെതിരെ അന്യായം പ്രവര്‍ത്തിക്കാനാണ് എന്ന ചിന്ത ജമാഅത്തെ ഇസ്‌ലാമിക്ക് വെച്ചുപുലര്‍ത്താനാവില്ല. ഒരു രാജ്യത്തിലെ ഏതൊരു പൗരനും അവന്‍ ഭൂരിപക്ഷവിഭാഗത്തില്‍ പെട്ടവനാകട്ടേ ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവനാകട്ടെ നീതിലഭിക്കണമെന്നും. മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായി ലഭിക്കണമെന്നും ഇസ്‌ലാമിക ഭരണഘടന അനുശാസിക്കുന്നു. മൗദൂദി അത് വ്യക്തമായി നിര്‍വചിച്ചിട്ടുമുണ്ട്. (മനുഷ്യാവകാശങ്ങള്‍ ഇസ്‌ലാമില്‍ എന്ന വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പുസ്തകം മലയാളത്തില്‍ ലഭ്യമാണ്‌) എന്നിരിക്കെ പാകിസ്ഥാനില്‍ അഹമദികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് കാരണം മൗദൂദിയാണ് എന്ന് പറയുന്നതില്‍ ഒരു ന്യയവുമില്ല. പാകിസ്ഥാനില്‍ വ്യത്യസ്ഥ ഭരണകൂടങ്ങള്‍ വരുമ്പോള്‍ പലരും അന്യായമായ മര്‍ദ്ദനങ്ങള്‍ക്കും പീഢനങ്ങള്‍ക്കും ഇരയായിരുന്നു. അതിന് കൂടുതലും ഇരയായതില്‍ ജമാഅത്തെ ഇസ്‌ലാമിയും പെടും. ഖാദിയാനി മസ്അലയുടെ പേരിലാണ് മൗദൂദിയെ ജയിലിലടച്ചതും തൂക്കിക്കൊല്ലാന്‍ വിധിച്ചതും. അവസാനം മുസ്ലിം ലോകത്തിന്റെ പ്രതിഷേധത്തിനുമുന്നില്‍ ഭരണകൂടത്തിന് അദ്ദേഹത്തെ മോചിപ്പിക്കേണ്ടി വന്നു എന്നതാണ് ചരിത്രം.

ഇനി എന്തുകൊണ്ടാണ്. ഇസ്‌ലാമിനെ വേണ്ടി വാദിക്കുന്ന പ്രവാചകന്‍ മുഹമ്മദ് നബിയെ അംഗീകരിക്കുന്ന ഖാദിയാനികളെ ഇസ്‌ലാമില്‍ നിന്ന് പുറം തള്ളുന്നത് എന്ന് സംശയം ചിലര്‍ക്ക് ന്യായമായും ഉണ്ട്. മറ്റുമതങ്ങളെ പോലെ ഇസ്ലാം സഹിഷുണതാപരമല്ലാത്തതും മറ്റുമൊക്കെ ഇതിന് കാരണമായി കാണുന്നവരുണ്ടാകാം. എന്നാല്‍ ഇസ്‌ലാമികാദര്‍ശം പുലര്‍ത്തുന്ന കണിശമായ ചട്ടക്കൂടാണ് അതിന് പ്രധാന കാരണം. ഏകദൈവത്വം, പ്രവാചകത്വം, പരലോകവിശ്വാസം തുടങ്ങിയ അതിന്റെ അടിസ്ഥാന ശിലകളില്‍ നേരിയ വ്യത്യാസം പോലും ശ്രദ്ധിക്കപ്പെടും. കാരണം ഖുര്‍ആനും നബി ചര്യയുമാണ് അവയുടെ അടിസ്ഥാനം. അവ രണ്ടും യാതൊരു മാറ്റവും സംഭവിക്കാതെ നിലനില്‍ക്കുന്നു. പ്രവാചകത്വത്തിലുള്ള വിശ്വാസം മുഹമ്മദ് നബി പ്രവാചകനാണ് എന്നതില്‍ ഒതുങ്ങുന്നില്ല. അദ്ദേഹം അന്ത്യപ്രവാചകനാണ് എന്നതും കൂടിയാണ്. അദ്ദേഹത്തിന് ശേഷം ഇനിയൊരാള്‍ ഞാന്‍ ദിവ്യസന്ദേശം ലഭിക്കുന്ന പ്രവാചകനാണ് എന്ന് പറഞ്ഞാല്‍ ഒരു മുസ്ലിമിന് അത് അംഗീകരിക്കാന്‍ മുസ്ലിമായിരിക്കെ കഴിയില്ല. കാരണം ഇനിയൊരു പ്രവാചകന്റെ ആഗമനം അംഗീകരിക്കുന്നതോടെ അദ്ദേഹത്തെ പൂര്‍ണമായി പിന്‍പറ്റല്‍ നിര്‍ബന്ധമായി മാറും. അദ്ദേഹത്തെ പിന്‍പറ്റാതെ ഇരിക്കുന്നവര്‍ മുഴുവന്‍ പിന്നീട് മുസ്‌ലിംകള്‍ എന്ന് അവസ്ഥയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്യും.

മിര്‍സാ ഗുലാം അഹമ്മദിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം അങ്ങനെ അംഗീകരിക്കാന്‍ കഴിയുന്ന ഒരു പ്രവാചകനായി ബോധ്യപ്പെടാവുന്ന തെളിവുകളൊന്നും ലഭ്യമല്ല. മാത്രമല്ല പ്രവാചകന്‍ മുഹമ്മദ് നബി ഞാന്‍ അല്ലാഹുവിന്റെ അന്ത്യദൂതനാണ് എന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ഖുര്‍ആനും അത് പ്രഖ്യാപിക്കുന്നു. അഹമ്മദ് ഒരു മുജദ്ദിദ് (പരിഷ്‌കര്‍ത്താവ്  ) എന്ന നിലക്കാണ് ആരെങ്കിലും അംഗീകരിക്കുന്നതെങ്കില്‍ അവരെ ഇസ്ലാമില്‍തന്നെ മനസ്സിലാക്കപ്പെടുമായിരുന്നു. അതിനാല്‍ മുസ്ലിം ലോകത്തിന്റെ മുന്നില്‍ രണ്ട് ഓപ്ഷനാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ വാക്കുകളും ഖുര്‍ആന്‍ സുക്തങ്ങളും മുഖവിലക്കെടുത്ത് മിര്‍സാഗുലാം അഹ്മദിന്റെ പ്രവാചകത്വവാദം തിരസ്‌കരിക്കുക. അല്ലെങ്കില്‍ അദ്ദേഹത്തെ പൂര്‍ണമായി പിന്‍പറ്റി തങ്ങളുടെ അതുവരെ തുടര്‍ന്നുവന്ന ഇസ്‌ലാമിനെ നിരാകരിക്കുക. മുസ്ലിം ലോകം ഇതില്‍ ആദ്യത്തേത് തെരഞ്ഞെടുത്തു. അതിന് അവര്‍ക്ക് ശക്തമായ ന്യായവുമുണ്ടായിരുന്നു. അതിനെതിരെ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇന്നോളം തൃപ്തികരമായ മറുപടി ശ്രദ്ധയില്‍ പെട്ടിട്ടുമില്ല. മൗദൂദി എഴുതിയ 'പ്രവാചകത്വ പരിസമാപ്തി' എന്ന പുസ്തകം ആ ന്യായങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇനി ഇതിനെ ഖാദിയാനികള്‍ എങ്ങനെ കാണുന്നു എന്ന് നോക്കാം. മുകളില്‍ കൊടുത്ത് വസ്തുതകളെ അവര്‍ അംഗീകരിക്കുന്നു. മുസ്‌ലിം ലോകം അഹ്മദിന്റെ പ്രവാചകത്വത്തോട് പുറം തിരിഞ്ഞപ്പോള്‍ അദ്ദേഹത്തില്‍ വിശ്വാസം കൊണ്ടവര്‍ തങ്ങളെ അഹ്മദികള്‍ എന്ന് സ്വയം വിശേഷിപ്പിച്ച് മാറിനില്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയാണ് ചെയ്തത്. മുസ്ലിംകള്‍ അവരില്‍നിന്ന് മാറിനില്‍ക്കുന്നതിനേക്കാളേറെ അവര്‍ മറ്റുമുസ്ലിംകളില്‍നിന്നും മാറിനില്‍ക്കുന്നു. പാകിസ്ഥാനിലെ ഒന്നാമത്തെ സെന്‍സസില്‍ തങ്ങളെ ഒരു പ്രത്യേക വിഭാഗമായി രേഖപ്പെടുത്തണം എന്ന് അവരുടെത്തന്നെ ഒരു ആവശ്യമായിരുന്നുവെന്ന് മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥ മുസ്‌ലിംകള്‍ തങ്ങളാണെന്ന വാദം അവര്‍ക്കുണ്ട് താനും. അപ്പോള്‍ ഇക്കാര്യത്തില്‍ അവര്‍ മറ്റുള്ളവരെ ഏകപക്ഷീയമായി കുറ്റപ്പെടുത്തുന്നതില്‍ ഒരര്‍ഥവുമില്ല.

പാക്കിസ്ഥാനില്‍ ഖാദിയാനികള്‍ മാത്രമല്ല മുഹാജിറുകളെ പോലുള്ള ന്യൂനപക്ഷ വിഭാഗങ്ങളും ജമാഅത്തെ ഇസ്‌ലാമിയും പീഢിപ്പിക്കപ്പെടുന്നുണ്ട്. ഡോ. നദീര്‍ അഹ്മദിനെ പോലുള്ള പ്രഗല്‍ഭരായ ജമാഅത്ത് നേതാക്കളും മുഹമ്മദ് സലാഹുദ്ദിനെ പോലുള്ള പ്രശസ്ത പത്രപ്രവര്‍ത്തകരും മാഫിയകളുടെ പിടിയിലമര്‍ന്ന് ആ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. ഖാദിയാനി പീഢനത്തിന് മാത്രം വമ്പിച്ച അന്താരാഷ്ട്ര പ്രചാരണം നല്‍ക്കുന്നതിന് പിന്നില്‍ ഇംപീരിയലിസ്റ്റ്-സയണിസ്റ്റ്-ഖാദിയാനി കൂട്ടുകെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അത് മാത്രമായി ഏറ്റുപാടാന്‍ ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ തയ്യാറാകാത്തത് യുക്തിവാദികളുടെയും ഹമീദിന്റെയും ബുദ്ധിശൂന്യത അവര്‍ക്കില്ലാത്തത് കൊണ്ടായിരിക്കും. ഖാദിയാനികള്‍ക്ക് പ്രത്യേക നിയോജകമണ്ഡലങ്ങള്‍കൂടി സംവരണം ചെയ്യപ്പെട്ട പാകിസ്ഥാനില്‍ അവര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നുവെന്ന് പോലും പ്രചാരണം നടത്തുന്നവരെക്കുറിച്ചെന്ത് പറയാന്‍ ‍.

അവര്‍ക്ക് വേണ്ടി വക്കാലത്തെടുക്കുന്ന യുക്തിവാദികള്‍ക്ക് എന്ത് പ്രവാചകന്‍ , എന്ത് ദൈവം. കലക്കവെള്ളത്തില്‍ അല്‍പം മീന്‍പിടിക്കാന്‍ കഴിയുമോ എന്ന് മാത്രമേ അവര്‍ നോക്കുന്നുള്ളൂ. മാത്രമല്ല തങ്ങളുടെ മുഖ്യപ്രതിയോഗികളായി കാണുന്ന ജമാഅത്തിനെ അടിക്കാനുള്ള വടി ഇവിടെയെവിടെയെങ്കിലുമുണ്ടോ എന്ന അന്വേഷണം മാത്രമാണ് യുക്തിവാദികളുടെ ഈ ഖാദിയാനി സ്‌നേഹപ്രകടനത്തിന് പിന്നിലുള്ളത്. എന്നാല്‍ ഇവിടെയും അവര്‍ വസ്തുതകള്‍ ബോധ്യമാകുന്നതോടെ പുതിയ ആരോപണം കണ്ടെത്തേണ്ടി വരും.

ശനിയാഴ്‌ച, സെപ്റ്റംബർ 11, 2010

ചോരപുരണ്ട കൈകളില്‍ മൌദൂദി കൃതി!

 കെ.കെ. ആലിക്കോയ അയച്ചുതന്ന ലേഖനം ഈ ബ്ലോഗിന്റെ വായനക്കാരുമായി പങ്കുവെക്കുന്നു:

റസൂലിനെ അവഹേളിച്ചയാള്‍ക്ക് ജമാഅത്തോ സോളിഡാരിറ്റിയോ രക്തം കൊടുത്തിട്ടില്ല; മറിച്ച് ഒരു മുസ്‌ലിം സംഘടനയാല്‍ അക്രമിക്കപെട്ട ഒരാള്‍ക്കാണ്‌ രക്തം കൊടുത്തത്. അദ്ദേഹം റസൂലിനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസ് കോടതിയിലുണ്ട്. അദ്ദേഹത്തെ ശിക്ഷിക്കേണ്ടത് കോടതിയാണ്‌. യൂനിവേഴ്സിറ്റി അദേഹത്തിന്‍റെ അംഗീകാരം ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയിരുന്നു; അദ്ദേഹത്തിന്‍റെ മാപ്പപേക്ഷയും കൈവെട്ടപെട്ടതും കണക്കിലെടുത്ത് അവര്‍ അംഗീകാരം തിരിച്ചു നല്‍കി. കോളേജധികൃതര്‍ അദ്ദേഹത്തെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചു വിട്ടു.  രാജ്യത്ത് നിലവിലുള്ള നിയമവാഴ്ച അനുസരിച്ച് ജീവിക്കാന്‍ കഴിയണം. നിയമം കയ്യിലെടുക്കുന്നത് അരാജകത്വം സൃഷ്ടിക്കും.

അക്രമികള്‍ വെട്ടിയത് ജോസഫിന്‍റെ കയ്യാണെങ്കിലും, യഥാര്‍ത്ഥത്തില്‍ കൈ നഷ്ടപ്പെട്ടത് കൈവെട്ടിയവര്‍ക്ക് തന്നെയാണ്‌. കൈ വെട്ടപ്പെട്ടതില്‍ അതിന്നിരയായ ജോസഫ് ആശ്വാസം പ്രകടിപ്പിച്ചത് അറിയാമല്ലോ. കൈവെട്ടിന്‌ മുമ്പുള്ള അവസ്ഥ കടുത്ത ശിക്ഷയായി അദ്ദേഹത്തിന്‌ തോന്നിയിരുന്നുവെന്ന്. അതായിരുന്നു അദ്ദേഹം അര്‍ഹിച്ചിരുന്ന ശിക്ഷ; ജനാധിപത്യ രീതിയിലുള്ള ശിക്ഷ. അതില്‍ നിന്ന് കൈവെട്ടുകാര്‍ അദ്ദേഹത്തെ മോചിപ്പിച്ചു. അതോടെ പ്രവാചകനിന്ദയെന്ന കുറ്റം എല്ലാവരും മറന്നു. കൈവെട്ടിയ കുറ്റം മാത്രം എല്ലാവരുടെയും മനസ്സില്‍ ബാക്കിയാവുകയും ചെയ്തു. ആ കുറ്റം എല്ലാവരും ചേര്‍ന്ന് ഈ സമുദായത്തിന്‍റെയും മതത്തിന്‍റെയും വേദത്തിന്‍റെയും പ്രവാചകന്‍റെയും തലയില്‍ കെട്ടിവച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ അക്രമികള്‍ക്ക് സമാധാനമായി; അവരെകൊണ്ട് ഇതൊക്കെ ചെയ്യിക്കുന്ന അദൃശ്യരായ യജമാന്‌മാര്‍ക്ക് ഏറെ സന്തോഷവും.

ഇസ്‌ലാമിന്‌  ഭീകരമുദ്ര ചാര്‍ത്താന്‍  ആവശ്യമായ തെളിവുകള്‍ നിര്‍മ്മിച്ചു കൊടുക്കന്നവരെ സഹായിക്കാന്‍ സയണിസവും ഫാഷിസവും സാമ്രാജ്യത്വവും ഒരു പോലെ സന്നദ്ധരായിരിക്കും എന്ന് തിരിച്ചറിയുക. ജമാഅത്തിനെ പോലെ ഇസ്‌ലാമിന്‍റെ സമഗ്രതയെ കുറിച്ച് സംസാരിക്കുന്നവരെ ലോകത്തിന്‍റെ എല്ലാ ഭാഗത്തും അവര്‍ നശിപ്പിക്കാന്‍ ശ്രമിക്കും. മൌദൂദിയുടെ ഗ്രന്‍ഥം വായിക്കുകയും അതോടൊപ്പം കൈവെട്ടുകയും തലവെട്ടുഅകയും ചെയ്യുന്നവരെ ഇന്ത്യയില്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. ഇത് മൌദൂദിയെ ഭീകരനായി ചിത്രീകരിക്കാന്‍ വേണ്ടിയുള്ള തന്ത്രത്തിന്‍റെ ഭാഗമാണ്‌. എന്നാല്‍ മറ്റു പലേടത്തുമെന്ന പോലെ ഇന്ത്യയിലും  ഈ തന്ത്രം പരാചയപ്പെടാനാണ്‌ സാധ്യത.

കൈവെട്ടു കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് മൌദൂദി സാഹിബിന്‍റെ പുസ്തകം കിട്ടിയത് കൊണ്ട് മാത്രം കാര്യമില്ല; ആ ബുക്കില്‍ തൊടുപുഴയില്‍ നടന്ന കൈവെട്ടിനെ അനുകൂലിക്കുന്ന പരാമര്‍ശം ഉണ്ടാകണം; അപ്പോഴേ മൌദൂദി ഭീകരനാവുകയുള്ളു. അതാകട്ടെ മൌദൂദി കൃതികളില്‍ കണ്ടെത്തുക അസാധ്യവും. അതായത് അക്രമത്തിന്‍റെ ചോര പുരണ്ട കയ്യില്‍ നിന്ന് മൌദൂദി കൃതി കണ്ടെടുക്കാന്‍ കഴിയുന്നത് ഏറ്റവും വലിയ വൈരുദ്ധ്യമാണ്‌. ഒന്നുകില്‍ അക്രമത്തിന്‍റെ ചോര; അല്ലെങ്കില്‍ മൌദൂദി കൃതി! രണ്ടിലൊന്നേ ഒരിടത്തുണ്ടാകാവൂ. ചോര അക്രമികളുടെ കയ്യിലിരിക്കട്ടെ; അക്രമികള്‍ അവര്‍ക്കൊരു തരത്തിലും ഉപകാരപ്പെടാത്ത മൌദൂദി കൃതികള്‍ ജമാഅത്ത്പ്രവര്‍ത്തകരെ ഏല്‍പ്പിക്കുക. അത് ഇരിക്കേണ്ടിടത്ത് ഇരിക്കട്ടെ. അത് കൈകാര്യം ചെയ്യാന്‍ അര്‍ഹതയുള്ളവര്‍ അത് കൈകാര്യം ചെയ്യട്ടെ. 

അവലംബം: കാഴ്ചപ്പാട്
 
 

വെള്ളിയാഴ്‌ച, സെപ്റ്റംബർ 10, 2010

ഈദുല്‍ ഫിത്വര്‍ ആശംസകള്‍

ഐക്യദാര്‍ഢ്യത്തിന്റെ വസന്തം -ടി. ആരിഫലി

എന്താണ് യഥാര്‍ഥത്തില്‍ പെരുന്നാളിന്റെ സന്തോഷം? കഴിഞ്ഞ ഒരു മാസക്കാലമായി വിശ്വാസികള്‍ ജീവിതത്തില്‍ സാധാരണഗതിയില്‍ ഇല്ലാത്ത കുറെ വിലക്കുകളും നിയന്ത്രണങ്ങളും സ്വയം എടുത്തണിയുകയായിരുന്നു. നിര്‍ബാധം ഭക്ഷണം മുന്നിലിരിക്കെ ഭക്ഷണം വേണ്ടെന്നു വെച്ചു. സ്വന്തമെന്ന് കരുതിപ്പോന്ന ധനം മറ്റുള്ളവര്‍ക്കായി പങ്ക് വെച്ചു. കോപങ്ങളും വിദ്വേഷങ്ങളും സ്വയം അടക്കി വെച്ചു. തന്നോട് കോപിക്കുന്നവനോട് പോലും സ്‌നേഹത്തിന്റെ മറുവാക്ക് മൊഴിയാന്‍ ശീലിച്ചു. അങ്ങനെ എല്ലാ നിലക്കും ആത്മനിയന്ത്രണത്തിന്റെ പാഠങ്ങള്‍ പരിശീലിച്ചു. സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു സാമൂഹികശരീരത്തെ കെട്ടിപ്പടുക്കാന്‍ പണിയെടുത്തു.

പാപങ്ങള്‍ അറിഞ്ഞും അറിയാതെയും എല്ലാവരില്‍ നിന്നും വന്നു പോകും. ചെയ്തുപോയ പാപങ്ങളെക്കുറിച്ചോര്‍ത്ത്, കുറ്റബോധത്താല്‍ നിസംഗനാവുകയല്ല മനുഷ്യന്‍ ചെയ്യേണ്ടത്. പാപങ്ങള്‍ ഏറ്റുപറഞ്ഞ് പടച്ചവനോട് മാപ്പിരിക്കുകയാണ് വേണ്ടത്. ആരോടാണോ തെറ്റുകള്‍ ചെയ്തത് അവരോട് കലവറയില്ലാതെ മാപ്പ് ചോദിക്കുക. റമദാന്‍ പാപമോചനത്തിന്റെയും മാപ്പാക്കലിന്റെയും മാസമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് നിരാശരാവാതെ, പ്രതീക്ഷയോടെ നാളെയിലേക്ക് നോക്കാനാണ് റമദാന്‍ നമ്മെ പഠിപ്പിച്ചത്. റമദാന്‍, ഖുര്‍ആന്‍ മനുഷ്യര്‍ക്ക് മേല്‍ പെയ്തിറങ്ങിയ മാസമാണ്. അതിനാല്‍ റമദാനില്‍ വിശ്വാസികള്‍ ഖുര്‍ആനെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി. ഖുര്‍ആന്‍ പഠിക്കാനും പഠിപ്പിക്കാനും സംവിധാനങ്ങള്‍ ഒരുക്കി. മുഴുവന്‍ മനുഷ്യര്‍ക്കും സന്മാര്‍ഗത്തിന്റെ ഗുരുസാന്നിധ്യമായി ഖുര്‍ആന്‍ എപ്പോഴുമുണ്ടായിരിക്കും എന്ന കാര്യം റമദാന്‍ ആവര്‍ത്തിച്ചോര്‍മിപ്പിച്ചു.

റമദാനില്‍ വ്രതമെടുത്തവര്‍ വിശപ്പിന്റെ വിളിയറിഞ്ഞു. വിശക്കുന്നവരോടും വിഷമിക്കുന്നവരോടുമുള്ള സ്‌നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും പാലം പണിയുകയായിരുന്നു അവര്‍. അന്നത്തിന് പാടുപെടുന്നവര്‍ക്ക് അവര്‍ അന്നം നല്‍കി. കടംകൊണ്ട് പൊറുതിമുട്ടിയവരെ നാം കണ്ടെത്തി സഹായിച്ചു. രോഗപീഡകളില്‍ പ്രയാസപ്പെടുന്നവരെ സന്ദര്‍ശിച്ച് സാന്ത്വനപ്പെടുത്തി. അവരുടെ ചികിത്സക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തു. ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് ആ ബന്ധങ്ങള്‍ പുതുക്കി വിളക്കി. ധനം ഉള്ളവരില്‍നിന്ന് ഇല്ലാത്തവരിലേക്ക് ധാരാളമായി ഒഴുകിയ മാസമായിരുന്നു റമദാന്‍.

അങ്ങനെ, എല്ലാ അര്‍ഥത്തിലും റമദാന്‍ നന്മകളുടെ ഒരു വസന്തോത്സവമായിരുന്നു. ദൈവത്തിന്റെ മാലാഖമാര്‍ കൂട്ടംകൂട്ടമായി ഭൂമിയിലേക്ക് ഇറങ്ങിവന്ന് അനുഗ്രഹത്തിന്റെ പെരുമഴക്കാലം തീര്‍ക്കുകയായിരുന്നു ആ ദിനരാത്രങ്ങളില്‍. സുന്ദരമായ ഭൂമി, കൃപാലുവായ ദൈവം; ഈ ദിവ്യവചനത്തിന്റെ പ്രായോഗികപ്രഘോഷണങ്ങളായിരുന്നു എങ്ങും. ആയുസ്സില്‍ ഒരു തവണ കൂടി റമദാന്റെ പുണ്യങ്ങളില്‍ ആറാടാന്‍ അവസരം ലഭിച്ചിരിക്കുന്നു-ദൈവത്തിന് സ്തുതി.

റമദാനെ എല്ലാ അര്‍ഥത്തിലും പുണരാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെക്കലാണ്; ആ വലിയ സംഭവത്തിന്റെ ആഹ്ലാദകരമായ പരിസമാപ്തിയാണ് ഈദുല്‍ഫിത്ര്‍. ഈ ദിനം സന്തോഷിക്കാനുള്ളതാണ്. അല്ലാഹുവിനെ കൂടുതല്‍ ഉച്ചത്തിലും ആഴത്തിലും സ്തുതിക്കാനുള്ളതാണ്. വിശ്വാസികള്‍ അവന്റെ മഹത്വം ആവര്‍ത്തിച്ച് ഉരുവിടുന്നു-അല്ലാഹു അക്ബര്‍, വ ലില്ലാഹില്‍ ഹംദ്! മഹത്തായ ഈ ദിനത്തിന്റെ സന്തോഷത്തിലൂടെ കടന്നു പോകുമ്പോള്‍ റമദാനില്‍ ആര്‍ജിച്ച വ്യക്തിവൈശിഷ്ട്യങ്ങള്‍ നഷ്ടപ്പെടാനല്ല; അതിനെ കൂടുതല്‍ തെളിമയുള്ളതാക്കാനാണ് ശ്രദ്ധിക്കേണ്ടത്. അടുത്ത പതിനൊന്ന് മാസക്കാലത്തേക്കുള്ള പ്രയാണത്തിനുള്ള ഊര്‍ജമാണ് വിശ്വാസികള്‍ നേടിയെടുത്തത്. അത് കൈമോശം വന്നുപോകരുത്. അതിനെ കൂടുതല്‍ തിളക്കമുള്ളതാക്കുക.

പെരുന്നാളിന്റെ സന്തോഷങ്ങളില്‍ മുഴുകുക. കുടുംബക്കാരോടും അയല്‍വാസികളോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷിക്കുക. മത ഭേദമെന്യേ എല്ലാവരെയും ആ സന്തോഷത്തില്‍ പങ്കാളികളാക്കുക. അങ്ങനെ ഭൂമിയില്‍ ആഹ്ലാദം നിറയുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുക. നമ്മുടെ നാടിനും കാലത്തിനും ഏറ്റവും ആവശ്യമായിരിക്കുന്നത് അത് തന്നെയാണ്.

പെരുന്നാളിന്റെ സന്തോഷങ്ങളില്‍ മുഴുകുമ്പോഴും ചില കയ്ക്കുന്ന യാഥാര്‍ഥ്യങ്ങള്‍ മറക്കരുത്. ലോകത്ത് പല ഭാഗങ്ങളിലായി ഈ ആഹ്ലാദങ്ങളില്‍ ഹൃദയം നിറഞ്ഞ് പങ്കെടുക്കാനാകാതെ ധാരാളം സുഹൃത്തുക്കളും ജനസമൂഹങ്ങളും കഴിയുന്നുണ്ട്. അന്യായമായി തടവറകളില്‍ അകപ്പെട്ടവര്‍, സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍, അധിനിവേശത്തിന്റെ കൊടുംക്രൂരതകള്‍ക്ക് വിധേയമാവുന്നവര്‍, നിലനില്‍പിനായുള്ള പോരാട്ടങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍... അവരെ മറക്കരുത്. പ്രാര്‍ഥനകളില്‍ അവരെയും ഉള്‍പ്പെടുത്തുക. ഐക്യദാര്‍ഢ്യത്തിന്റെ കരുത്ത് നിറഞ്ഞ സന്ദേശം അവര്‍ക്ക് കൈമാറുക. ഇറാഖിലെ ജനത, അഫ്ഗാനിലെ പീഡിതര്‍, ഗസ്സയില്‍ ശ്വാസം മുട്ടിക്കുന്ന ഉപരോധത്തിന് വിധേയമാകുന്ന സഹോദരങ്ങള്‍... അവരെയെല്ലാം ഓര്‍ക്കുക. കേരളത്തിലെ ഇസ്‌ലാമികപണ്ഡിതന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഭരണകൂട ഭീകരതയുടെ ബലിയാടായി തടവറയിലാണ്. അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥനയും ഐക്യദാര്‍ഢ്യത്തിന്റെ സന്ദേശവും ഉയരണം. സര്‍വ പീഡിതര്‍ക്കും സ്വാതന്ത്ര്യത്തിന്റെയും അഭിമാനത്തിന്റെയും വസന്തം വിരിയുന്ന ഒരു നാളേക്കായി നമുക്ക് പ്രാര്‍ഥിക്കാം; പ്രവര്‍ത്തിക്കാം.

സമുദായബന്ധങ്ങളില്‍ അനഭിലഷണീയമായ പലവിധ വിള്ളലുകള്‍ അടുത്ത കാലത്ത് നാട്ടില്‍ വന്നു ഭവിച്ചിട്ടുണ്ട്. പരസ്‌പരം തെറ്റിദ്ധരിക്കുകയും പേടിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന ആശാവഹമല്ലാത്ത അവസ്ഥകള്‍ വന്നുപെടുന്നു. ഇത്തരം സാമൂഹിക മുറിവുകളെ തുന്നിച്ചേര്‍ക്കാനുള്ള അവസരമായി പെരുന്നാളിനെ മാറ്റിയെടുക്കണം. അകലാനല്ല; അടുക്കാനും സ്‌നേഹിക്കാനുമാണ് നമുക്ക് സാധിക്കുക എന്ന സന്ദേശം എല്ലാവരും ഉയര്‍ത്തിപ്പിടിക്കുക. ഭിന്നതകളില്‍ നിന്ന് നേട്ടം കൊയ്യാം എന്നു കരുതുന്നവര്‍ നിരാശരാകട്ടെ. സ്‌നേഹം കൊണ്ട് കോട്ടകള്‍ കെട്ടാം എന്നു വിചാരിക്കുന്നവര്‍ വിജയിക്കട്ടെ. പെരുന്നാള്‍ ആ നിലക്ക് സാമൂഹിക ഐക്യദാര്‍ഢ്യത്തിന്റെ ഒരു മഹാനാളാകും എന്ന് പ്രത്യാശിക്കാം.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി പെരുന്നാള്‍ നന്മകള്‍ നേരുന്നു.

തിങ്കളാഴ്‌ച, സെപ്റ്റംബർ 06, 2010

തീവ്രവാദം: മൌദൂദിയുടെ നിലപാട്

 മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി ലാഹോറിന്‍ നിന്ന് പുറത്തിറങ്ങുന്ന ആഈന്‍, ഏഷ്യ എന്നീ ഉര്‍ദു വാരികകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ തീവ്രവാദത്തോടും ഭീകരവാദത്തോടുമുള്ള തന്റെ സമീപനമെന്തെന്ന് വ്യക്തമാക്കൂന്നു. ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കുന്നതിന് മുമ്പും അതിന് ശേഷവും അദ്ദേഹം തന്നെ പുസ്തകങ്ങളില്‍ ഇതേ ആശയമാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ടാണ് ജമാഅത്ത് രൂപീകരിക്കപ്പെട്ട് 30 വര്‍ഷത്തിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന് ഇങ്ങനെ പറയാന്‍ കഴിയുന്നത്:

'ജമാഅത്തിന്റെ മുപ്പത് വര്‍ഷക്കാലത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ അത് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനോ അതിനായി പ്രേരിപ്പിച്ചതിനോ ഒരൊറ്റ ഉദാഹരണം പോലും ഇതുവരെയും ആര്‍ക്കും ചൂണ്ടിക്കാണിക്കാനായിട്ടില്ല. രചനാത്മകവും നിയമവിധേയവും ജനാധിപത്യ രീതിയില്‍ അധിഷ്ഠിതവുമായിരിക്കും അതിന്റെ പ്രവര്‍ത്തനം എന്ന് അതിന്റെ ഭരണഘടനയില്‍ വ്യക്തമായി രേഖപ്പെടുത്തിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.'

ജമാഅത്തിനെതിരെ നിയാമാനുസൃതമല്ലാത്ത വിധം പ്രവര്‍ത്തിക്കുമ്പോള്‍ ജമാഅത്തിന്റെ പ്രവര്‍ത്തനം മാത്രം നിയമാനുസൃതമാകണം എന്ന് വാശിയിലെ ന്യായമാണ് ആദ്യത്തെ ചോദ്യത്തിലുള്ളത്. അഭിമുഖം പാക്കിസ്ഥാന്‍ പശ്ചാതലത്തിലാണ് എന്നത് ഈ ഉത്തരത്തിന്റെ മര്‍മത്തെ ബാധിക്കുന്നില്ല. ചോദ്യത്തിനുള്ള മൗദൂദിയുടെ മറുപടി മൗദൂദിയെ തീവ്രവാദത്തിന്റെ  മാസ്റ്റര്‍ ബ്രൈനായി ചിത്രീകരിക്കുന്നവര്‍ക്കുള്ള വായടപ്പന്‍ മറുപടിയാണ്. തുടര്‍ന്ന് വായിക്കുക.

ചോദ്യം: ഇത്തരമൊരു സാഹചര്യത്തില്‍ നിയമാനുസൃതമായി ഒരു പരിവര്‍ത്തനം കൊണ്ടുവരിക അസാധ്യമാണ്. നമ്മുടെ പ്രതിയോഗികളാവട്ടെ നിയമവിരുദ്ധ മാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്നു?

സയ്യിദ് മൌദൂദി: ഒരു സംഘമാളുകള്‍ ഒരുമിച്ച് കൂടി അവരുടെ ആരോഗ്യം സ്വയം നശിപ്പിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുവെന്ന് സങ്കല്‍പിക്കുക. എങ്കില്‍ അവര്‍ ചെയ്യുന്നത് കണ്ട് നിങ്ങള്‍ സ്വയം തന്നെ നിങ്ങളുടെ ആരോഗ്യം നശിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുമോ? നിയമവിരുദ്ധ മാര്‍ഗം സ്വീകരിച്ചവര്‍ അത്യന്തം മോശമായ രീതിയാണ് അവലംബിച്ചിരിക്കുന്നത്. നാമും അതേ രീതി തന്നെ പിന്തുടരുന്നുവെങ്കില്‍ അതിനേക്കാള്‍ മോശമായിരിക്കും.

നിയമവിരുദ്ധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നവര്‍ ലക്ഷ്യം നേടാന്‍ രണ്ട് രീതികളാണ് സ്വീകരിക്കാറുള്ളത്. ഒന്ന്, പരസ്യമായ നിയമലംഘനം. രണ്ട്, രഹസ്യ പ്രവര്‍ത്തനങ്ങള്‍. പരസ്യമായ നിയമലംഘനത്തിലൂടെ നേടിയെടുക്കുന്ന വിപ്ളവം പൊതുജനങ്ങളില്‍ നിയമത്തോടുള്ള ആദരവ് നഷ്ടപ്പെടുത്തുകയും നിയമലംഘനം അവരുടെ സ്വഭാവമായിത്തീരുകയും ചെയ്യും. നൂറു വര്‍ഷം ശ്രമിച്ചാലും അവരെ നിയമം അനുസരിക്കുന്നവരാക്കാന്‍ നിങ്ങള്‍ക്കാവില്ല. ഇന്ത്യന്‍ സ്വാതന്ത്യ്ര സമരകാലത്ത് സിവില്‍ നിയമലംഘനവും ഒരടവായി സ്വീകരിക്കുകയുണ്ടായി. അതിന്റെ പരിണതി നിങ്ങളിപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. ഇന്ന് 20 വര്‍ഷത്തിനു ശേഷവും ഇന്ത്യയിലെ ജനങ്ങളെ നിയമം അനുസരിക്കുന്നവരാക്കാനായിട്ടില്ല.

രഹസ്യ മാര്‍ഗമാണ് സ്വീകരിക്കുന്നതെങ്കില്‍ അത് അതിനേക്കാള്‍ ആപത്കരമാണ്. അധികാരങ്ങളത്രയും രഹസ്യ സംഘടനയിലെ ഏതാനും വ്യക്തികളില്‍ കേന്ദ്രീകരിക്കുകയും അവരുടെ ഇംഗിതമനുസരിച്ച് മാത്രം ചലിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായിത്തീരുകയും ചെയ്യും. അവരുടെ നയങ്ങളെ വിമര്‍ശിക്കുന്നത് അവര്‍ക്ക് അസഹ്യമായിരിക്കും. അഭിപ്രായ ഭിന്നതയുള്ളവര്‍ നിഷ്കാസനം ചെയ്യപ്പെടും. ഇത്തരം ചിലരുടെ കൈകളില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുന്നതോടെ അവര്‍ എത്രമാത്രം സ്വേഛാധിപതികളായിരിക്കുമെന്ന് സ്വയം ആലോചിക്കുക. അപ്പോള്‍ ഒരു ഏകാധിപതിയെ മാറ്റി മറ്റൊരു ഏകാധിപതിയെ പ്രതിഷ്ഠിച്ചതുകൊണ്ട് ജനങ്ങള്‍ക്ക് എന്ത് പ്രയോജനമാണ് ലഭ്യമാവുക.

ഭീകരവാദത്തെക്കുറിച്ചും തീവ്രവാദത്തെക്കുറിച്ചും എന്നും എന്റെ സുചിന്തിതമായ അഭിപ്രായം ഇതായിരുന്നു. പട്ടിണി കിടക്കുകയോ ജയിലില്‍ കഴിയേണ്ടിവരികയോ വെടിയുണ്ടകള്‍ ഏല്‍ക്കേണ്ടിവരികയോ ചെയ്താലും ക്ഷമയും സഹനവും കൈവിടാതെ ധീരമായും പരസ്യമായും നിയമത്തിനു വിധേയമായും ധാര്‍മിക പരിധികള്‍ പാലിച്ചും സംസ്കരണ ശ്രമങ്ങളില്‍ വ്യാപൃതരാവുക. പ്രവാചകന്മാരുടെ മാതൃകയും ഇതുതന്നെയായിരുന്നു. ജമാഅത്തും ഇതേ രീതിതന്നെയാണ് സ്വീകരിച്ചിരിക്കുന്നത്.

ഏതാനും വര്‍ഷങ്ങളായി നമുക്ക് നേരെ നിയമവിരുദ്ധ മാര്‍ഗങ്ങള്‍ അവലംബിച്ചുകൊണ്ട് ആക്രമണങ്ങഴളിച്ചു വിട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ നാമൊരിക്കലും നിയമവിരുദ്ധ മാര്‍ഗങ്ങള്‍ അവലംബിച്ചിട്ടില്ല. ഫലമോ അവരുടെ മുഖങ്ങള്‍തന്നെ കറുത്തു പോവുകയും മ്ളാനമാവുകയും ചെയ്തു. എന്നാല്‍ നമ്മുടെ മേല്‍ ഒരു കറുത്ത പുള്ളി പോലും സ്ഥിരീകരിക്കാനവര്‍ക്കായില്ല. ഇതിന്റെ ധാര്‍മിക ഫലം അതിശക്തമായിരിക്കും. അവരുടെ മനസ്സാക്ഷി തന്നെ അവര്‍ ചെയ്യുന്നത് അനീതിയാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നിങ്ങളാര്‍ജിച്ച സ്വഭാവ മഹിമ ഒരിക്കലും കളങ്കപ്പെടാനനുവദിക്കാതിരിക്കുക. നിയമവിരുദ്ധ മാര്‍ഗം സ്വീകരിക്കുന്നവരെ പ്രോത്സാഹിപ്പിക്കാതിരിക്കുക. സാഹചര്യം എത്ര തന്നെ ദുഷിച്ചുപോയിട്ടുണ്ടെങ്കിലും നമുക്കതിനെ മാറ്റിയെടുക്കേണ്ടതുണ്ട്. തെറ്റായ രീതികള്‍ അവലംബിച്ചാല്‍ അതൊരിക്കലും സാധ്യമാവുകയില്ലെന്ന് മാത്രമല്ല, കൂടുതല്‍ ദുഷിച്ചുപോവുകയായിരിക്കും ഫലം.

(ആഈന്‍, 1968 സെപ്റ്റംബര്‍ 9)

* * * * *******************
ചോദ്യം: ചിലര്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ തീവ്രവാദവും ഭീകരവാദവും ആരോപിക്കുന്നു. ഇതില്‍ എത്രമാത്രം ശരിയുടെ അംശമുണ്ട്?

സയ്യിദ് മൌദൂദി: ജമാഅത്തിന്റെ മുപ്പത് വര്‍ഷക്കാലത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ അത് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനോ അതിനായി പ്രേരിപ്പിച്ചതിനോ ഒരൊറ്റ ഉദാഹരണം പോലും ഇതുവരെയും ആര്‍ക്കും ചൂണ്ടിക്കാണിക്കാനായിട്ടില്ല. രചനാത്മകവും നിയമവിധേയവും ജനാധിപത്യ രീതിയില്‍ അധിഷ്ഠിതവുമായിരിക്കും അതിന്റെ പ്രവര്‍ത്തനം എന്ന് അതിന്റെ ഭരണഘടനയില്‍ വ്യക്തമായി രേഖപ്പെടുത്തിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.

ഭരണഘടനയോട് പ്രതിബദ്ധത പുലര്‍ത്തുന്ന പ്രസ്ഥാനം അതിനെതിരായി ഒരു പ്രവര്‍ത്തനവും സംഘടിപ്പിക്കുകയില്ല. അതിലെ ഒരംഗം ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാനൊരുമ്പെട്ടാല്‍ ജമാഅത്തില്‍നിന്ന് രാജിവെച്ചൊഴിയേണ്ടിവരും. ഇതേ ലാഹോറില്‍ തന്നെ താഷ്കന്റ് പ്രഖ്യാപനത്തിനെതിരെ ഒരു ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. ഈ കോണ്‍ഫറന്‍സില്‍ ഒരു ജമാഅത്ത് അംഗം സിവില്‍ നിയമലംഘന പ്രമേയം അവതരിപ്പിക്കാന്‍ ആഗ്രഹിച്ചു. ഒരു ജമാഅത്ത് അംഗമെന്ന നിലക്ക് താങ്കള്‍ അത്തരമൊരു പ്രമേയം അവതരിപ്പിക്കരുതെന്ന് ജമാഅത്ത് അദ്ദേഹത്തെ വ്യക്തമായി അറിയിച്ചു. ജമാഅത്തില്‍നിന്ന് രാജി സമര്‍പ്പിച്ചതിനു ശേഷമേ അത്തരമൊരു പ്രമേയം അവതരിപ്പിക്കാന്‍ സാധിച്ചുള്ളൂ. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു പോകട്ടെ, സിവില്‍ നിയമലംഘന പ്രമേയവതരിപ്പിക്കാന്‍പോലും അനുവാദം നല്‍കാത്ത ജമാഅത്തിനെ എങ്ങനെയാണ് ഒരു ഭീകരവാദ പ്രസ്ഥാനമായി ചിത്രീകരിക്കാനാവുക?

സ്വയം ഭീകരവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും അതിന്റെ പ്രചാരകരും അതിലൂടെ വിപ്ളവം കൊണ്ടുവരാനാഗ്രഹിക്കുന്നവരും തങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മറയിടാന്‍ നമ്മുടെ മേല്‍ ഭീകരത ആരോപിക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം. കള്ളന്‍ മോഷണം നടത്തിയതിനു ശേഷം 'കള്ളന്‍ കള്ളന്‍' എന്ന് വിളിച്ച് കൂവുന്നതിന് സമാനമാണിത്.

(ഏഷ്യ, ലാഹോര്‍ 9.8.1970)
(മര്‍കസി മക്തബ പ്രസിദ്ധീകരിച്ച ഇസ്തിഫ്സാറാത്ത് (1994) എന്ന കൃതിയില്‍ എടുത്ത് ചേര്‍ത്തത്)

 
Design by CKLatheef | Bloggerized by CKLatheef | CK