'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ഓഗസ്റ്റ് 17, 2009

എന്തിന് മുസ്ലിംകളില്‍ ഭിന്നതയുണ്ടാക്കി?.

ഞാനറിഞ്ഞ ജമാഅത്തെ ഇസ്ലാമി എന്ന ലേഖനങ്ങളോട് പ്രതികരിച്ച് ചോദ്യങ്ങള്‍ ചോദിച്ച സുഹൃത്തിനുള്ള മറുപടി സൌകര്യാര്‍ഥം ഒരു പുതിയ പോസ്റായി ചേര്‍ക്കുന്നു.

ആദ്യമായി പോസ്റിനോട് പ്രതികരിക്കുയും അന്വേഷിക്കുകയും ചെയ്ത മാന്യസഹോദരന് നന്ദി. എല്ലാ ലേഖനത്തിലും ഒരേ അഭിപ്രായം പോസ്റ് ചെയ്യേണ്ടിയിരുനിന്നില്ല. ചോദ്യങ്ങളെല്ലാം പ്രസക്തങ്ങളും മറുപടിയര്‍ഹിക്കുന്നതുമാണ്. അതേ സമയം സങ്കീര്‍ണമായ ഒരു പ്രശ്നവും ചോദ്യകര്‍ത്താവ് ഉയര്‍ത്തിയിട്ടില്ല. മറുപടികള്‍ക്ക്, എന്റെ അഭിപ്രായങ്ങളാണ് എന്ന ഒരു പരിമിതിയുണ്ടാവും എന്ന് മാത്രം. ഇസ്ലാമിനെ സംക്ഷേപിച്ച് പറഞ്ഞ കാര്യങ്ങളില്‍ എനിക്ക് ഒട്ടും അഭിപ്രായവ്യത്യാസമില്ല. അതില്‍ മുസ്ലിങ്ങളിലാര്‍ക്കും അഭിപ്രായവെത്യാസം ഉണ്ടാകാവതല്ല. തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് ചുരുക്കി മറുപടി പറയുന്നു.

....ഇതാണ് ഇസ്ലാമിന്റെ അടിസ്ഥാനം. ഇത് പ്രവാചകൻ പഠിപ്പിച്ചതു പോലെ പിൻപറ്റി മൌദൂദി സാഹിബിന്റെ കാലം വരെയും അതിനുശേഷവും ജീവിച്ച ആളുകളും പൂർണ്ണമുസ്ലിംകളല്ലെ?

തീര്‍ച്ചയായും അവരൊക്കെയും ചോദ്യകര്‍ത്താവ് സൂചിപ്പിക്കുന്ന വിധം പൂര്‍ണമുസ്ലിംകളായിരുന്നു. പൂര്‍ണമുസ്ലിംകളാകാന്‍ മൌദൂദിയെ പിന്‍പറ്റണം എന്ന കാഴ്ചപ്പാട് ജമാഅത്തിനില്ല. പ്രവാചകന്‍ പഠിപ്പിച്ചതുപോലെ പിന്‍പറ്റുക എന്നതില്‍ പഠിപ്പിച്ചത് എങ്ങനെ എന്ന് മനസ്സിലാക്കുന്നതിലാണ് മതസംഘടനകള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം എന്ന് തോന്നുന്നു. മൌദൂദി സാഹിബ് ചെയ്തത് ഒരു തജ്ദീദ് മാത്രമാണ്. ജനങ്ങള്‍ വികലമാക്കിയ ഇസ്ലാമിന്റെ വശം അതിന്റെ ശരിയായ രൂപത്തില്‍ അവതരിപ്പിക്കുക എന്ന ജോലി. അതിനപ്പുറം ഒന്നുമല്ല. പക്ഷേ ഇവിടെ വിശദീകരിക്കപ്പെടുന്നത് അദ്ദേഹം അതുവരെ ഇസ്ലാമിന് അന്യമായ ഒരു പുതിയ തത്വം അവതരിപ്പിച്ചു എന്ന നിലക്കാണ്. ജമാഅത്ത് അങ്ങനെ കരുതുന്നില്ല. അതിന്റെ ഉത്തരവാദിത്വം അത് അവ്വിധത്തില്‍ അവതരിപ്പിച്ചവര്‍ക്ക് മാത്രമാണ്.

മൌദൂദി സാഹിബിനെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശദീകരണത്തെക്കുറിച്ചും കോടിക്കണക്കിന് മുസ്ലിംകൾ കേട്ടിട്ടു പോലുമില്ല എന്ന് വിചാരിക്കുക. എന്നാൽ അവർ പ്രവാചകന്റെ അധ്യാപനം ശരിയായി മനസ്സിലാക്കി അനുധാവനം ചെയ്യുന്നു. അവരുടെ ഈമാനിനോ ദീനിനോ വല്ല കുഴപ്പവുമുണ്ടോ?.

മൌദൂദിസാഹിബിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ക്ക് ഒരു കുഴപ്പവും വരാനില്ല. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശദീകരണത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ക്കും കുഴപ്പമില്ല. അവരുടെ ദീനിനും ഈമാനിനും കുഴപ്പമില്ല. അവര്‍ക്ക് ഇസ്ലാമിന്റെ രാഷ്ട്രീയ വീക്ഷണം യഥാവിധി മനസ്സിലാക്കിയാല്‍ മതി. മൌദൂദി സാഹിബിന്റെ കാലഘട്ടം വരെ മുസ്ലിം സമൂഹത്തില്‍ അത്തരം ധാരാളം ആളുകള്‍ ഉണ്ടായിരുന്നിരിക്കണം. മൌദൂദി സാഹിബിന് ശേഷവും. ആരുടെ ദീനിനും ഈമാനിനും ഒരു കുഴപ്പവുമില്ല. പക്ഷേ അത് സലഫി പണ്ഡിതനായ അബ്ദുല്‍ ഹമീദ് മദനി സാഹിബ് വിശദീകരിച്ചത് പോലുള്ള (അതറിയാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക) ഒരു രാഷ്ട്രീയ വീക്ഷണമാണെങ്കില്‍ അത്തരം ആളുകള്‍ക്ക് ഇസ്ലാമിന്റെ ഒരു ഭാഗം മനസ്സിലായിട്ടില്ല എന്ന് പറയേണ്ടിവരും. എങ്കിലും അവരുടെ ദീനിന്റെയും ഈമാനിന്റെയും കാര്യം പറയാന്‍ ജമാഅത്തെ ഇസ്ലാമി ആരാണ്?.

ഉണ്ടെങ്കിൽ നബി(സ)പഠിപ്പിച്ചത് ശരിയല്ല എന്നല്ലേ നിങ്ങളുടേ വാദം?.

അങ്ങനെയില്ല എന്ന് പറഞ്ഞില്ലേ.

കുഴപ്പമൊന്നുമില്ലെങ്കിൽ മുജാഹിദ് പ്രസ്ഥാനം ഉള്ളപ്പോൾ മറ്റൊരു പ്രസ്ഥാനം ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ചതെന്തിന്?

ഇതരമൊരു സമാപനത്തിലേക്ക് വരുന്നതിന് മുമ്പ്. പ്രവാചകന്‍ പഠിപ്പിച്ച അതേ രാഷ്ട്രീയമാണോ മുജാഹിദ് പ്രസ്ഥാനം പഠിപ്പിച്ചത് എന്ന് നമ്മുക്കന്വേഷിക്കേണ്ടിവരും. ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു. പ്രവാചകന്‍ പഠിപ്പിച്ച അതേ രാഷ്ട്രീയം മറ്റ് ആധുനിക രാഷ്ട്രീയ സാമ്പത്തിക വീക്ഷണങ്ങളുമായി തുലനം ചെയ്ത് വ്യക്തമായി നമ്മുക്ക് പറഞ്ഞ് തന്ന ദാര്‍ശനികനും പണ്ഡിതനുമാണ് മൌദൂദി സാഹിബ്. മൌദൂദി സാഹിബ് ജമാഅത്തിന്റെ സ്വകാര്യ സ്വത്തല്ല. മുജാഹിദ് പ്രസ്ഥാനത്തിന് തികച്ചും വ്യത്യസ്ഥമായ കാഴ്ചപ്പാടാണ് രാഷ്ട്രീയത്തിലുള്ളത് ആ വ്യത്യാസം മനസ്സിലാക്കുന്നതിന് വേണ്ടിയാണ്, ഹമീദ് സാഹിബിന്റെ ലേഖനം പൂര്‍ണവായിക്കാന്‍ എന്റെ ബ്ളോഗ് സന്ദര്‍ശകര്‍ക്ക് ഞാന്‍ അവസരം ഒരുക്കിയത് (ലേഖനം പൂര്‍ണമായി വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക). അതോടൊപ്പം എന്താണ് ഇസ്ലാമിന്റെ രാഷ്ട്രീയം എന്ന് വ്യക്തമാക്കാനും ഞാന്‍ ആഗ്രഹിക്കുന്നു സമയ ദൌര്‍ലഭ്യമാണ് ലേഖനം വൈകുന്നതിന് കാരണം.

ലളിതമായി ജനങ്ങളെ പഠിപ്പിക്കേണ്ട ദീനിനെ വിശദീകരിക്കുമ്പോൾ എന്തിനാണ് ജമാ‍ അത്തെ ഇസ്ലാമിക്ക്, മൌദൂദിസാഹിബിനെക്കുറിച്ചും സമഗ്ര രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചും സാഹിത്യശൈലിയിൽ ഒരുപാട് എഴുതേണ്ടിവരുന്നത്.?

പ്രസക്തമായ ചോദ്യം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇസ്ലാമിന്റെ യഥാര്‍ഥ രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ച് മറ്റുമതസംഘടനകള്‍ തെറ്റിദ്ധരിപ്പിച്ചില്ലായിരുന്നെങ്കെല്‍ ഇത്രയധികം ഊര്‍ജം ജമാഅത്ത് ചെലവഴിക്കേണ്ടിവരുമായിരുന്നില്ല. എന്റെ ഉദാഹരണം തന്നെ നോക്കൂ. ഇസ്ലാമിലെ രാഷ്ട്രീയം എന്ന ബ്ളോഗില്‍ ഹമീദ് സാഹിബിന്റെ ലേഖനമാണ് ഏറെ സ്ഥലം അപഹരിച്ചത്. പിന്നെ സാഹിത്യവാസനുയുള്ളവര്‍ എഴുതിയപ്പോള്‍ അതിലും സാഹിത്യം വന്നുവെന്ന് മാത്രം. അത് മനസ്സിലാക്കാന്‍ പ്രയാസമുള്ളവര്‍ക്കാണ് ഞാന്‍ ബ്ളോഗ് തുടങ്ങിയത്. ഇതില്‍ സാഹിത്യം അയലത്തുകൂടി പോയതായി ആര്‍ക്കും പരാതിയുണ്ടാവില്ല. നിര്‍ത്തട്ടേ ക്ഷേമം നേരുന്നു.

ഇത്രയും എനിക്ക് പുതുതായി പറയാന്‍ സാധിച്ചത് നിങ്ങള്‍ പ്രതികരിച്ചത് കൊണ്ടാണ്. ഇത് ഞാന്‍ ഇവിടെ കുറിച്ചിട്ടത് വായിക്കാന്‍ വേണ്ടിമാത്രം എന്റെ സൈറ്റിലെത്തിയ മാന്യസ്നേഹിതര്‍ക്ക് വേണ്ടിയാണ്.

ജമാഅത്തെ ഇസ്ലാമി പ്രമുഖരുടെ അഭിപ്രായങ്ങള്‍

അബുല്‍ ഹസന്‍ ചുണ്ടക്കാട് അയച്ചുതന്ന ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള പ്രമുഖരുടെ അഭിപ്രായങ്ങള്‍ എന്റെ ബ്ളോഗ് വായനക്കാര്‍ക്കായി എടുത്ത് ചേര്‍ക്കുകയാണ്. എത്രമാത്രം ഉത്തരവാദിത്വബോധത്തോടെയും ഭയരഹിതമായുമാണ് അവര്‍ തങ്ങളുടെ അഭിപ്രായം പറയുന്നത് എന്ന് നോക്കുക. ഈ അഭിപ്രായം പറഞ്ഞവരോ അതല്ല യാതൊരു തെളിവും സമര്‍പിക്കാതെ കിട്ടുന്ന വേദികളെല്ലാം ജമാഅത്തില്‍ തീവ്രവാദവും ഭീകരവാദവും കാണുന്നവരോ സത്യം പറയുന്നവര്‍ ?. രണ്ടും ഒരേ സമയം ശരിയാകുമോ?. ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടേ...

"മൌദൂദിയും അദ്ദേഹത്തിന്റെ ജമാഅത്തെ ഇസ്ലാമിയും പാകിസ്താന്‍ രൂപീകരണത്തെ
ശക്തിയായി എതിര്‍ത്തിരുന്നു.
''(ബംഗ്ളാദേശിലെ ബംഗാളി ദിനപത്രമായ 'സംവാദ്' പ്രസിദ്ധീകരിച്ച
മുഖപ്രസംഗത്തിന്റെ പരിഭാഷ, ദേശാഭിമാനി, 5.1.1986)

"പാന്‍ ഇസ്ലാമികമാണ് ജമാഅത്തെ ഇസ്ലാമിയെങ്കിലും ഇസ്ലാമിക ദേശീയതക്കും,
പാകിസ്താന്‍ രൂപവല്‍ക്കരണത്തിനും എതിരായിരുന്നു മൌദൂദി. അതിന്റെ മുഖ്യ
ഉദ്ദേശ്യം മുസ്ലിംകളെ പരിഷ്കരിക്കലും അമുസ്ലിംകള്‍ക്കിടയില്‍ ഇസ്ലാം
പരിചയപ്പെടുത്തലുമാണ്.''
(ഡേവിഡ് ദേവദാസ്, കശ്മീര്‍ ഡയറി, മാതൃഭൂമി ഡെയ്ലി, 2003 സപ്തം. 2)

"ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, ശ്രീലങ്ക തുടങ്ങിയ നാടുകളില്‍
വ്യവസ്ഥാപിതമായി നൂറ് ദശകങ്ങളിലേറെയായി പ്രവര്‍ത്തിച്ചുവരുന്ന ഭദ്രമായ
അടിത്തറയുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമി.'
'(മലയാളം വാരിക, 19.10.2001)

"ഖുര്‍ആനും നബിചര്യയും പിന്തുടരുന്നതിലൂടെ ദിവ്യമായ അനുഗ്രഹം നേടാന്‍
ജമാഅത്ത് ആഗ്രഹിക്കുന്നു. എന്നാല്‍, വര്‍ഗീയലഹളകളില്‍ ജമാഅത്തെ ഇസ്ലാമി
ഇതുവരെ പങ്കെടുത്തതായി ആരോപിക്കപ്പെട്ടിട്ടുപോലുമില്ല. ഒരു വ്യക്തിയോ
സംഘടനയോ വര്‍ഗീയമാണ് എന്ന് പറയുന്നത്, അവനോ അതോ മറ്റു സമുദായങ്ങളോട്
ശത്രുത പുലര്‍ത്തുമ്പോഴാണ്. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അംഗങ്ങളില്‍ ഈ
വര്‍ഗീയതയുടെ ഒരംശവും ഞാന്‍ കണ്ടിട്ടില്ല. അവരെ യാഥാസ്ഥിതികരെന്നോ
ഫണ്ടമെന്റലിസ്റുകളെന്നോ നമുക്ക് വിളിക്കാമെങ്കിലും ഒരു ഫണ്ടമെന്റലിസ്റ്
വര്‍ഗീയവാദിയാകണമെന്നില്ല.''
(വി.എം. താര്‍ക്കുണ്ടേ,Through humanist eyes, Ajanta Publishers, New
Delhi , 1997, Page: 269, 70, 71, 254, 255)

"ജമാഅത്തെ ഇസ്ലാമിയെ സിദ്ധാന്തപരമായി ഞാന്‍ അനുകൂലിക്കുന്നില്ല. പക്ഷേ,
കേരളത്തിലെ ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും വര്‍ഗീയ സംഘട്ടനങ്ങളില്‍
പങ്കെടുത്തതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.''
(ഡോ. എം. ഗംഗാധരന്‍, കേസരി, 2003 ജൂണ്‍ 29)

"സ്വാതന്ത്യ്രസമരത്തില്‍ ജമാഅത്തിന്റെ സ്ഥാപകനേതാവ് മൌദൂദി
ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി നിലകൊണ്ടയാളായിരുന്നു.
ഇന്ത്യാവിഭജനത്തെ എതിര്‍ത്ത ആളായിരുന്നു.'' ഫണ്ടമെന്റലിസം
തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്നതാരാണ്? അതിന്റെ അര്‍ഥവും നിര്‍വചനവുമൊക്കെ
അറിയുന്നവനാണോ? നിങ്ങള്‍ ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളില്‍
വിശ്വസിക്കുന്നു. ഉറച്ചുനില്‍ക്കുന്നു. നിങ്ങള്‍ ഫണ്ടമെന്റലിസ്റാണോ?
വാക്കുകള്‍ അര്‍ഥമില്ലാതെ ഉപയോഗിക്കുകയാണ്.''
"ജമാഅത്തെ ഇസ്ലാമിയുമായിട്ട് ഇന്നേവരെയുള്ള ഇടപെടലുകള്‍വച്ച്
നോക്കുമ്പോള്‍ അവരൊരു ഭീകരവാദ-തീവ്രവാദ പ്രസ്ഥാനമായി എനിക്ക്
തോന്നിയിട്ടില്ല. നല്ല മൂല്യബോധമുള്ളവരെയും സന്മനസ്സുള്ളവരെയും അവരില്‍
ഞാന്‍ ധാരാളം കണ്ടുമുട്ടിയിട്ടുണ്ട്. വര്‍ഗീയവാദത്തിലും
ഭീകരാക്രമണത്തിലും ജമാഅത്തെ ഇസ്ലാമിക്കുള്ള പങ്ക് ഇന്നേവരെ
തെളിയിക്കപ്പെടാതിരിക്കെ, അവരെ അത്തരക്കാരെന്ന് ആരോപിക്കുന്നത് തികച്ചും
അധാര്‍മികമാണ്. ''
(കെ.പി. രാമനുണ്ണി, പ്രബോധനം വാരിക, 2004 മാര്‍ച്ച് 27)

"മൌദൂദിയുടെ നേതൃത്വത്തില്‍ 1941-ല്‍ സ്ഥാപിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി
വിഭജനത്തെ എതിര്‍ത്തു.''
(അജയ് പി. മങ്ങാട്ട്, സമകാലിക മലയാളം വാരിക, 8.2.2002)

"ജമാഅത്തെ ഇസ്ലാമി ഇതുവരെ ആര്‍ക്കെങ്കിലും ദ്രോഹം ചെയ്തതായി അറിയില്ല.
ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച കേന്ദ്രസര്‍ക്കാറിന്റെ നടപടി
തെറ്റായിരുന്നു.''
(സി. രാധാകൃഷ്ണന്‍, മാധ്യമം, 1994 ഡിസംബര്‍ 8)

"ഇന്നു വരെയുള്ള ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ യാതൊരു ദോഷവും
കണ്െടത്താന്‍ ഗവണ്‍മെന്റിന് പോലും കഴിഞ്ഞിട്ടില്ല. ഗാന്ധിജിയെ കൊലചെയ്ത
ആര്‍.എസ്.എസിനെപ്പോലെയല്ല; സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന
ജമാഅത്തെ ഇസ്ലാമി.''
(എസ്.എന്‍.ഡി.പി. യോഗം മുന്‍ പ്രസിഡന്റും, മുന്‍ മന്ത്രിയുമായ എം.കെ.
രാഘവന്‍, മാധ്യമം, 1994 ഡിസംബര്‍ 8)

"ശ്രീമതി ഇന്ദിര പ്രധാനമന്ത്രിയായിരുന്നപ്പോള്‍ എ.ഐ.സി.സിയില്‍ ജമാഅത്തെ
ഇസ്ലാമിയെ നിരോധിക്കുകയെന്ന നിര്‍ദേശം വന്നപ്പോള്‍, അന്ന് കോണ്‍ഗ്രസ്
വര്‍ക്കിംഗ് കമ്മിറ്റിയില്‍ അംഗമായിരുന്ന ഞാന്‍, കുറേനേരം ചിന്തിച്ചശേഷം
പറഞ്ഞു: "കുറുനരിയെയും ആട്ടിന്‍കുട്ടിയെയും കണ്ടാല്‍ തിരിച്ചറിയാത്തവരാണ്
ഈ അഭിപ്രായം പറഞ്ഞത്. നിങ്ങളാരെങ്കിലും അതിന്റെ സാഹിത്യങ്ങള്‍
തൊട്ടുനോക്കിയിട്ടുണ്ടോ? ഞാന്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമല്ല. പക്ഷേ, ആ
സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എനിക്ക് നന്നായറിയാം ഈ സംഘടന എങ്ങനെയാണ്
വര്‍ഗീയ സംഘടനയാവുക?'' ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശം ഇവിടെ നിലവില്‍
വന്നുകഴിഞ്ഞാല്‍ ഭൌതികവാദികള്‍ക്ക് യഥേഷ്ടം അഴിഞ്ഞാടാന്‍ സാധ്യമല്ല.
അതുകൊണ്ടാണവര്‍ ഇതിനെ എതിര്‍ക്കുന്നത്.''
(കെ.വി. സതീര്‍ഥ്യന്‍, മുതുവട്ടൂര്‍)

"ഇന്ത്യന്‍ ഭരണഘടനക്കുള്ളില്‍നിന്നുകൊണ്ട് സമാധാനപരമായി
പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയും, മുസ്ലിംവിരോധം മാത്രം
ലാക്കാക്കി വര്‍ഗീയത ഇളക്കിവിട്ട് മുന്നേറുന്ന ബി.ജെ.പിയും
ഒരുപോലെയാണെന്ന് സാധാരണക്കാരന്‍ പോലും പറയുകയില്ല. ഏതെങ്കിലും ഒരു
മീറത്തോ ഭഗല്‍പൂരോ രഥയാത്രയോ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി നടത്തിയതായി
ആര്‍ക്കുമറിയില്ല. മാത്രമല്ല; സ്വാതന്ത്യ്രാനന്തരം ഭാരതത്തില്‍ നടന്നതും
നടന്നുകൊണ്ടിരിക്കുന്നതുമായ ഏതെങ്കിലും വര്‍ഗീയ സംഘട്ടനങ്ങളിലോ
കലാപങ്ങളിലോ ജമാഅത്തെ ഇസ്ലാമിയുടെ കൈയുണ്െടന്ന് ഇന്ത്യയിലെ ഒരു ഭരണകൂടവും
ഒരു കമീഷന്‍ റിപ്പോര്‍ട്ടും ഇതുവരെയും ആരോപിച്ചിട്ടില്ല.

വര്‍ഗീയ സംഘടനകളെപ്പോലെ, ജമാഅത്തെ ഇസ്ലാമി എവിടെയെങ്കിലും ശാഖകള്‍
സ്ഥാപിച്ച് ആയുധപരിശീലനം നടത്തുന്നതായിട്ടോ, കുറുവടികളും സൈക്കിള്‍
ചെയിനും ബോംബും മറ്റുമുപയോഗിച്ച് കൂട്ടയാക്രമണങ്ങള്‍ നടത്തിയതായിട്ടോ
ഏതെങ്കിലും ഒരു ഹിന്ദുവിനെ വധിച്ചതായോ പറയാമോ? വളരെക്കാലമായി ജമാഅത്തെ
ഇസ്ലാമി എന്ന മാനുഷിക സംഘടനയെ വളരെ സൂക്ഷ്മമായി
നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന എന്നെപ്പോലെയുള്ള സാധാരണക്കാരുണ്ടിവിടെ.
എല്ലാ മനുഷ്യരുടെയും മാതാപിതാക്കള്‍ ഒന്നാണെന്നും, അതിനാല്‍ ഏവരും
ജാതിമതഭേദമന്യേ സഹോദരങ്ങളുമാണെന്ന് പ്രചരിപ്പിക്കുകയും, വര്‍ഗീയ
കലാപങ്ങളും സംഘട്ടനങ്ങളും നടക്കുമ്പോള്‍, സമാധാനത്തിന്റെയും
സാഹോദര്യത്തിന്റെയും സന്ദേശമുയര്‍ത്തിപ്പിടിച്ച് സഹായഹസ്തവുമായി
പാഞ്ഞെത്തുകയും ചെയ്യുന്നവരാണ് ജമാഅത്തെ ഇസ്ലാമി.''
(എം. കരുണാകരന്‍, നേമം, കേരളകൌമുദി, 1991 ജൂലൈ 28)

"ഞാന്‍ ഇന്നലെ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തില്‍ സംബന്ധിച്ചു. അത്
സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷയാചിക്കുന്ന സാധുക്കളുടേതല്ല. നന്മ
പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ചനീചത്വം തുടച്ചുനീക്കുകയും
നിങ്ങള്‍ ദൈവദാസരാണെങ്കില്‍ ദൈവത്തിന്റെ കല്‍പനകള്‍ അനുസരിക്കൂ എന്ന്
ജനങ്ങളോട് പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം. അവരുടെ
സമ്മേളനത്തില്‍ സംബന്ധിച്ചതില്‍ എനിക്ക് ഖേദഃമില്ല; സന്തോഷമേയുള്ളൂ.
അവര്‍ ഇനിയും എന്നെ ക്ഷണിച്ചാല്‍ കാല്‍നടയായെങ്കിലും ഞാനവരുടെ
സമ്മേളനത്തില്‍ സംബന്ധിക്കും''
(ഗാന്ധിജി, സര്‍ച്ച്ലൈറ്റ് - പാറ്റ്ന 27 ഏപ്രില്‍ 1946)

"സാമുദായിക സൌഹാര്‍ദ്ദവും ഹിന്ദു-മുസ്ലിം ഐക്യവും ഉന്നംവച്ച്
പ്രവര്‍ത്തിക്കുന്ന വല്ലസംഘടനകളും ഇന്ന് രാജ്യത്തുണ്െടങ്കില്‍ അത്
ജമാഅത്തെ ഇസ്ലാമിയാണെന്ന് പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ എനിക്കുപറയാന്‍
കഴിയും.
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ സാക്ഷാല്‍ ലക്ഷ്യം ഇസ്ലാമിന്റെ
പ്രചരണമാണ്. ഈ ലക്ഷ്യത്തോടു യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാന്‍
ഓരോവ്യക്തിക്കും സ്വാതന്ത്യ്രമുണ്ട്. എന്നാല്‍ ഈ മാര്‍ഗത്തില്‍
നടത്തപ്പെടുന്ന ശ്രമങ്ങള്‍ സമാധാനപരമായിരിക്കുന്നേടത്തോളം അതിനെ
എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ല.''
(പണ്ഡിറ്റ് സുന്ദര്‍ലാല്‍, നാഷണല്‍ ഹെറാള്‍ഡ്)

"പാശ്ചാത്യ ജീവിതരീതിയുടെ പ്രവാഹത്തില്‍ നിന്ന് മുസ്ലിംകളെ രക്ഷിക്കാന്‍
മുന്നോട്ട് വന്ന ജമാഅത്തെ ഇസ്ലാമി അവരെ യഥാര്‍ത്ഥ മുസ്ലിംകളാക്കി
മാറ്റാന്‍ നിരതരാവുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് മനുഷ്യത്വത്തിന്റെ
പുനരുജ്ജീവനത്തിനുള്ള യജ്ഞമാണ് അത് നിര്‍വഹക്കുന്നത് എന്നാണ്.
(ഡോ. സത്യവാദി (മുന്‍ എം.പി.), ദഅ്വത്ത്)

"വിഭാഗീയ ചിന്തകളുമായി ജമാഅത്തിനു യാതൊരു ബന്ധവുമില്ല. എന്നല്ല,
വിഭാഗീയതയുടെ സമഗ്ര രൂപങ്ങലെയും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ജമാഅത്ത്
ആഗ്രഹിക്കുന്നു. ജമാഅത്തിലെ വ്യക്തികള്‍ മഹാമനസ്കരും വിശാലവീക്ഷകരും
സഹിഷ്ണുക്കളുമാണ്. രാഷ്ട്രത്തിന്റെ യഥാര്‍ഥ ഗുണകാംക്ഷികളാമവര്‍.''
(ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന മഹാമായ പ്രസാദ് സിന്‍ഹയുമായി 'ദഅ്വത്ത്'
നടത്തിയ അഭിമുഖത്തില്‍ നിന്ന്)

"ലോകത്തെങ്ങുമുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കുള്ള സൈദ്ധാന്തിക ഊര്‍ജ്ജം
പകരാന്‍ മൌദൂദിയുടെ രചനകള്‍ക്കായി. ഈജിപ്തിലെ മുസ്ലിം ബ്രദേര്‍സ്
സംഘടനയുടെ സ്ഥാപകരായ ഹസനുല്‍ബന്നയെയും സയ്യിദ് ഖുതുബിനെയും ആഴത്തില്‍
സ്വാധീനിച്ചിട്ടുണ്ട് മൌദൂദിയുടെ ദര്‍ശനം. മൌദൂദിയുടെ നേതൃത്വത്തില്‍
1941-ല്‍ സംഘടിപ്പിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി തുടക്കത്തില്‍ വിഭജനത്തെ
എതിര്‍ത്തു. കാശ്മീര്‍ പ്രശ്നത്തില്‍, ഇന്ത്യയുടെ ഫെഡറല്‍
വ്യവസ്ഥക്കുള്ളില്‍ നിന്നുള്ള പരിഹാരമാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ്
നിര്‍ദേശിക്കുന്നത്.''
(അജയ് പി. മങ്ങാട്ട്. സമകാലിക മലയാളം 8-2-2002)


"ജമ്മു-കാശ്മീര്‍ ജമാഅത്തെ ഇസ്ലാമി ഘടകം പാക്കിസ്ഥാനിലേയോ, ഇന്ത്യയിലെ
മറ്റു പ്രദേശങ്ങളിലേയോ ജമാഅത്ത് ചാപ്റ്ററിന്റെ ഭാഗമല്ല. സ്വതന്ത്രമായാണ്
അത് പ്രവര്‍ത്തിക്കുന്നത്. പാന്‍ ഇസ്ലാമികമാണ് ജമാഅത്തെങ്കിലും ഇസ്ലാമിക
ദേശീയതക്കെതിരായിരുന്നു മൌദൂദി. പാക്കിസ്ഥാന്‍ രൂപവല്‍ക്കരണത്തിനും
എതിരായിരുന്നു. അതിന്റെ മുഖ്യ ഉദ്ദേശ്യം മുസ്ലിംകളെ പരിഷ്കരിക്കലും,
അമുസ്ലിംകള്‍ക്കിടക്ക് ഇസ്ലാം പരിചയപ്പെടുത്തലുമാണ്.''
(ഡേവിഡ് ദേവദാസ്. മാതൃഭൂമി 2003 സപ്തംബര്‍ 2)

മര്‍ദ്ദിത ജനവിഭാഗത്തിന്റെയും, ന്യൂനപക്ഷങ്ങളുടെയും പ്രശ്നപരിഹാരത്തിന്
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി വഹിച്ച പങ്ക് വളരെയധികം വിലപ്പെട്ടതാണ്.
മനുഷ്യരെ വര്‍ണത്തിന്റെയോ, വര്‍ഗത്തിന്റെയോ പേരില്‍ വേര്‍തിരിക്കരുതെന്ന
ഖുര്‍ആനിക പ്രഖ്യാപനം പൂര്‍ണമായി ഉള്‍ക്കൊണ്ട ഒരു പ്രസ്ഥാനമാണ് ജമാഅത്ത്.
ഈ ഒരു സവിശേഷതയാണ് അതിനെ ഇതര മുസ്ലിം സംഘടനകളില്‍നിന്ന് വേര്‍തിരിച്ചു
നിര്‍ത്തുന്നത്.''
(ദലിത് വോയ്സ് പത്രാധിപര്‍. വി.ടി. രാജശേഖരന്‍. മാധ്യമം 30-9-89)

വ്യാഴാഴ്‌ച, ഓഗസ്റ്റ് 06, 2009

ഈ ബ്ലോഗിനെക്കുറിച്ച്.

ഈ ബ്ലോഗ് ഒരു സാദാപ്രസ്ഥാനപ്രവര്‍ത്തകന്‍ തന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മിച്ചതാണ്. ഇതില്‍ പ്രകടിപ്പിക്കുന്ന  അഭിപ്രായങ്ങള്‍ക്ക് ബ്ലോഗര്‍ മാത്രമായിരിക്കും ഉത്തരവാദി. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള ഔദ്യോഗിക ഭാഷ്യമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് jihkerala.org ഉപയോഗപ്പെടുത്തുക. എന്നാല്‍ നെറ്റിലെ സഹജീവികളുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചപ്പോള്‍ അതിനുപരിയായി ചിലകാര്യങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നതായി തോന്നി. അതിനാല്‍ ഞാന്‍ മനസ്സിലാക്കിയ ജമാഅത്തെ ഇസ്ലാമിയെ എന്റെ സഹോദരങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ സാധാരണ ഭാഷയിലുള്ള  ഒരു ബ്ലോഗ് ആവശ്യമുള്ളതായി ബോധ്യപ്പെട്ടു. (ലേഖനങ്ങളുടെ ഭാഷയും സാഹിത്യവുമാണ് നിങ്ങള്‍ പ്രധാനമായി കാണുന്നതെങ്കില്‍ നിങ്ങള്‍ നിരാശപ്പെടേണ്ടി വരും എന്ന് മുന്നറിയിപ്പ് നല്‍കുന്നു.) അതുകൊണ്ട് 2009 ആഗസ്ത് 6 മുതല്‍ 2011 ഫെബ്രുവരി 6 വരെ ഈ ബ്ലോഗിന്റെ നാമം 'ഞാനറിഞ്ഞ ജമാഅത്തെ ഇസ്ലാമി' എന്നതായിരുന്നു. എന്നാല്‍ ചില സഹോദരങ്ങളുടെ 'തികഞ്ഞബോധ്യം' വീണ്ടും ജമാഅത്തിന്റെ ഔദ്യോഗിക ബ്ലോഗായി ഇത് മനസ്സിലാക്കപ്പെടാനിടയുണ്ട് അതുകൊണ്ട് പേര് മാറ്റണം എന്നതായിരുന്നു. ന്യായമെന്ന് എനിക്ക് ബോധ്യം വന്നിട്ടില്ലെങ്കിലും അത്തരം ധാരണകള്‍ ചിലര്‍ക്കെങ്കിലും മേലിലും സംഭവിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇനി മുതല്‍ ഈ ബ്ലോഗ് 'പ്രാസ്ഥാനിക ചിന്തകള്‍' എന്ന പേരിലറിയപ്പെടും. ഒരര്‍ഥത്തില്‍ ഇതിലൂടെ എനിക്ക് കൂറേകൂടി ചിന്താസ്വാതന്ത്ര്യം കൈവന്നിരിക്കുന്നു. പ്രസ്ഥാനപ്രവര്‍ത്തകരുടെ ചിന്തകള്‍ക്ക് എന്തെങ്കിലും പരിധി പ്രസ്ഥാനം വെച്ചതായി ഞാന്‍ മനസ്സിലാക്കിയിട്ടില്ലാത്തതിനാല്‍ ഈ ബ്ലോഗ് എന്റെ സ്വതന്ത്രമായ ചിന്തയുടെ കൂടി പ്രകാശനമായിരിക്കും.

ബ്ലോഗുമായോ ഇതിലെ വാദങ്ങളുമായോ ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് നിങ്ങളുടെ ആദ്യ പ്രതികരണം ഇതിലെ കമന്റ് ബോക്‌സിലൂടെയായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം നിങ്ങള്‍ മനസ്സിലാക്കിയ വിധം തന്നെയായിരിക്കില്ല ഞാന്‍ ഈ സംഘടനയെ മനസ്സിലാക്കിയത്. എന്റെ അടുത്താണ് അബദ്ധമെങ്കില്‍ എനിക്കും അല്ലെങ്കില്‍ നിങ്ങള്‍ക്കും തിരുത്താന്‍ അതിലൂടെ അവസരം ലഭിക്കുന്നു.എന്റെ വാദം എതിര്‍ക്കപ്പെടുന്നത് വരെ നിങ്ങളുടെ വാദവും ഇതുതന്നെയാണ് എന്ന് ഞാന്‍ മനസ്സിലാക്കും. മാത്രമല്ല അതുതന്നെയാണ് ജമാഅത്തിന്റെ വാദമെന്ന് ഇതിലെ വായനക്കാരും മനസ്സിലാക്കും. എന്റെ വാദത്തില്‍ ചില അബദ്ധങ്ങള്‍ കടന്നുകൂടാനും പ്രവര്‍ത്തകരിലാരും അത് തിരുത്താന്‍ ശ്രമിക്കാതെ ജനങ്ങള്‍ അത് ജമാഅത്ത് വാദമായി മനസ്സിലാക്കിയാലും അവര്‍ ജമാഅത്ത് പ്രതിയോഗികളില്‍നിന്ന് തെറ്റിദ്ധരിക്കുന്നതിനേക്കാള്‍ സത്യത്തോട് അടുത്തായിരിക്കും എന്ന ന്യായം എനിക്ക് മനസ്സമാധാനം നല്‍കുന്നു. കൂടുതല്‍ നല്ലത് മനസ്സിലാക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടേ.

(06-02-2011)

********************************

2009, ആഗസ്റ്റ് 6, വ്യാഴാഴ്ച

മുസ്ലിം സംഘടനകള്‍ തമ്മിലുള്ള സഹകരണവും സൌഹാര്‍ദ്ദവും ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഒരു ഘട്ടമാണിത്. ഇസ്ലാമിനെ തന്നെ ഭീകരമായി ചിത്രീകരിക്കാന്‍ ആഗോളതലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന തരത്തില്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവര്‍ മാറിചിന്തിക്കേണ്ട സമയമായിരിക്കുന്നു. പാമ്പിന്റെ പുറത്തേറിയ തവളയുടെ പ്രവര്‍ത്തനം നടത്തുന്നവര്‍ ഇപ്പോള്‍ ഉണരുന്നില്ലങ്കില്‍ അവര്‍ പിന്നെ എപ്പോഴാണ് ഉണരുക. എന്തുകൊണ്ട് മുഴുവന്‍ മനുഷ്യരുടെ നന്‍മക്കും വിജയത്തിനുമായി നമ്മുക്ക് സഹകരിച്ചുകൂട?. തികഞ്ഞ സങ്കുചിതത്തിലേക്ക് ക്ഷണിക്കുന്നവരെ അവഗണിക്കാന്‍ താങ്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അല്ലാഹുവിന്റെ മുമ്പില്‍ താങ്കള്‍ കുറ്റക്കാരനായിരിക്കും. ഇനിയും അവസരം കഴിഞ്ഞ് പോയിട്ടില്ല, ഈ പ്രസ്ഥാനത്തെ മനസ്സിലാക്കാന്‍ . അല്ലാഹു താങ്കള്‍ക്കേകിയ വിവേകവും ചിന്തയും ആരുടെ മുമ്പിലും അടിയറ വെക്കേണ്ടതില്ല. ഈ പ്രസ്ഥാനത്തെ പഠിക്കാന്‍ താങ്കളെ ക്ഷണിക്കുന്നു. 1946 ഡിസം 30 ല്‍ മൌദൂദി നടത്തിയ ഈ പ്രഖ്യാപനത്തില്‍ ഇന്നും ഈ പ്രസ്ഥാനം ഉറച്ച് നില്‍ക്കുന്നു:
വഴക്കും വക്കാണവും തര്‍ക്കവിതര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും ഞങ്ങളുടെ മാര്‍ഗമല്ല. ഞങ്ങളുടെ വിഷയം നേര്‍ക്കുനേരെ ഗ്രഹിപ്പിക്കാന്‍ ഏതവസരത്തിലും ഞങ്ങള്‍ തയ്യാറുണ്ട്; ഞങ്ങളുടെ അബദ്ധങ്ങള്‍ ന്യായമായ മാര്‍ഗേണ ഞങ്ങളെ ഗ്രഹിപ്പിക്കുവാന്‍ വല്ലവരും ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഗ്രഹിക്കുവാനും ഞങ്ങളൊരുക്കമാണ്. എന്നാല്‍ സ്വയം കെട്ടിപ്പിണയുകയും മറ്റുള്ളവരെ കെട്ടിപ്പിണയ്ക്കുകയും മാത്രമാണ് ഒരാളുടെ ലക്ഷ്യമെങ്കില്‍ അങ്ങനെയുള്ളവരുമായി ഇടപെടുവാന്‍ ഞങ്ങളൊട്ടും ഇഷ്ടപ്പെടുകയില്ല. താനുദ്ദേശിക്കുന്ന ജോലി താനുദ്ദേശിക്കുന്ന കാലത്തോളം നടത്തിക്കൊണ്ട് പോകുവാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.’ (സത്യസാക്ഷ്യം, പേജ്: 39).
ഇതാണ് എനിക്കറിയുന്ന ജമാഅത്തെ ഇസ്ലാമി. ഞാന്‍ ഉള്‍ക്കൊണ്ട ജമാഅത്തെ ഇസ്ലാമി. വിയോജിപ്പുള്ളവര്‍ പ്രതികരിക്കുക.
സസ്നേഹം
(06-08-2009)

സഹോദരങ്ങളോട് വിനയ പൂര്‍വ്വം

ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് ഇതില്‍ വല്ല അബദ്ധവും വന്ന് പോയിട്ടുണ്ടെങ്കില്‍ അത് മനഃപൂര്‍വമല്ല എന്റെ അറിവിന്റെ പരിമിതി കൊണ്ടാണ്. സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിക്കുക. ഈ കുറിപ്പുകള്‍ക്ക് അവലംബിച്ച ജമാഅത്ത് സാഹിത്യങ്ങള്‍ തന്നെ വിമര്‍ശിക്കുന്നവരും അവലംബിക്കുന്നതാണ് നീതി. ജമാഅത്തെ ഇസ്ലാമി ഇന്ത്യയില്‍ 50 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംപൂര്‍ണ ഇസ്ലാമിനെ പ്രതിനിധികരിക്കുന്ന ഒരു കേഡര്‍ സംഘടനയാണ്. അതിന്റെ ഭരണഘടനയും പോളിസിയും പ്രോഗ്രാമും ജനങ്ങളുടെ മുമ്പില്‍ തുറന്നുവെച്ചിരിക്കുന്നു പരസ്യമാക്കാന്‍ പറ്റാത്ത ഒരജണ്ടയും അതിനില്ല. അതിന്റെ പ്രവര്‍ത്തകര്‍ നിങ്ങള്‍ക്കുമുമ്പില്‍ ജീവിക്കുന്നു. നിങ്ങളോടെപ്പോഴും സംവദിക്കാന്‍ ഒരുക്കമാണവര്‍. ഈ പ്രസ്ഥാനത്തെ കുറിച്ച് പഠിക്കാന്‍ അല്‍പ സമയം വിനിയോഗിച്ചാല്‍ നിങ്ങള്‍ക്കൊരു നഷ്ടവും വരാനില്ല. ഈ കാലഘട്ടത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തെ നിങ്ങള്‍ക്ക് പരിചയപ്പെടാം ആവുന്ന വിധത്തില്‍ സഹകരിക്കാം. ‘ഏതെങ്കിലും വിഷയത്തെക്കുറിച്ച്, അത് ഖുര്‍ആന്റെയും സുന്നത്തിന്റെയും ശിക്ഷണങ്ങളില്‍ ഞങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് ആര്‍ തെളിയിച്ചാലും, ഞങ്ങളതിനെ തള്ളിക്കളയുവാന്‍ ഏതവസരത്തിലും സന്നദ്ധരാണ്.’(സത്യസാക്ഷ്യം, പേജ് 29)

ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കേണ്ട വിധം

കുത്താന്‍ വരുന്ന പോത്തിനോട് എങ്ങനെ കുത്തണം എന്ന് പറഞ്ഞുകൊടുക്കേണ്ടതില്ല. എന്നാല്‍ വിമര്‍ശനത്തെ പോത്തിന്റെ കുത്തായിട്ടല്ല ഈ പ്രസ്ഥാനം കാണുന്നത് മറിച്ച് ‘വിമര്‍ശനത്തിന്റെ അഭാവത്തെക്കാള്‍ സംഘടനയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന മറ്റൊന്നുമില്ല. വിമര്‍ശനഅടിച്ചമര്‍ത്തുന്നതിനേക്കാള്‍ സംഘടനക്ക് ദോശകരമായും മറ്റൊന്നില്ല’ (പ്രസ്ഥാനവും പ്രവര്‍ത്തകരും, പേജ് 75) സ്വയം വിമര്‍ശനത്തെക്കുറിച്ച് മൌദുദി ഇങ്ങനെയാണ് പഠിപ്പിക്കുന്നതെങ്കില്‍ വിമര്‍ശനം ആരുടേതായാലും പ്രസ്ഥാനത്തിന് അതുകൊണ്ട് പ്രയോജനമുണ്ട്. പക്ഷേ വിമര്‍ശനത്തിന്റെ രീതിശാസ്ത്രം പാലിക്കണമെന്ന മാത്രം. ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തെയാണ് തങ്ങള്‍ വിമര്‍ശിക്കുന്നതെന്ന ബോധം വിമര്‍ശകര്‍ക്കുണ്ടായിരിക്കണം. ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രവര്‍ത്തനത്തിന് രൂപം നല്‍കുന്നത് അതിന്റെ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് അതുകൊണ്ട് പ്രവര്‍ത്തനത്തെ വിമര്‍ശിക്കുമ്പോള്‍ അത് പരിഗണിക്കണം. ലക്ഷ്യം തന്നെ തെറ്റാണെന്ന വാദമുണ്ടെങ്കില്‍ അത് തെളിയിച്ചാല്‍ മതി. അതോടൊപ്പം എന്താണ് മുസ്ലിമിന്റെ ലക്ഷ്യമെന്നും ഒരു ഇസ്ലാമിക സംഘടനക്ക് എന്താണ് ലക്ഷ്യമാക്കേണ്ടതെന്നും വിശദീകരിക്കുകയും ചെയ്യുക. ലക്ഷ്യം തെറ്റാണെങ്കില്‍ അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും തിന്‍മയായിരിക്കും അതിനാല്‍ പ്രത്യേകം പ്രത്യേകം വിമര്‍ശിക്കേണ്ടതില്ല. ലക്ഷ്യം ശരിയാണ് എന്നാണെങ്കില്‍ ഏതെങ്കിലും ഒരു പ്രവര്‍ത്തനം സ്വയം ഒരു തിന്‍മയാണോ എന്ന് നോക്കുക ആണെങ്കില്‍ അത് ചൂണ്ടിക്കാണിക്കുക. അതുമല്ലെങ്കില്‍ ഇന്ന പ്രവര്‍ത്തനം ലക്ഷ്യം നേടുന്നതിന്ന് സഹായകമല്ല എന്ന കാര്യം ചൂണ്ടിക്കാണിക്കുക. ഇതിനപ്പുറമുള്ള ഒരു ഒരു പ്രവര്‍ത്തനം അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു വിമര്‍ശകന് ചെയ്യാനില്ല.

മാറ്റേണ്ട പ്രബോധന രീതികള്‍

അഥവാ എല്‍സിഡി പ്രദര്‍ശനം
പഴയ ഖണ്ഡന വെല്ലുവിളി പ്രസംഗങ്ങള്‍ക്ക് ഒരു പുതിയ അകമ്പടിയാണല്ലോ എല്‍സിഡി പ്രദര്‍ശനം. നീണ്ട വിരസമായ പ്രസംഗത്തിന് ഇത് മുലം വലിയ ആശ്വാസം ലഭിച്ചിട്ടുണ്ട്. സ്വന്തം സ്റേജുകളിലേക്ക് സഹോദര സംഘടനയിലെ ആളുകളെ ക്ഷണിക്കാന്‍ ധൈര്യം കാണിക്കാത്ത സംഘടനകള്‍ നടത്തുന്ന പ്രഭാഷണവേദികളില്‍ തങ്ങളുടെ പ്രതിയോഗികളായവരുടെ സാന്നിധ്യം ക്ളിപ്പിങ്ങിലൂടെയാണെങ്കിലും ഒരു പുതുമയാണ്. മുമ്പ് പുസ്തകങ്ങളിലെ ഉദ്ദരണികള്‍ സൌകര്യപൂര്‍വ്വം വാലും തലയും വെട്ടികളഞ്ഞ് തങ്ങള്‍ക്ക് വിമര്‍ശിക്കാന്‍ തക്കവിധം ഉദ്ധരിക്കുന്ന പഴയ ശൈലി വീഡിയോ ക്ളിപ്പിംഗുകള്‍ കയ്യേറിയിരിക്കുന്നു. തങ്ങളുടെ പ്രസംഗങ്ങള്‍ക്ക് വലിയ തെളിവുകളായി എന്നാണ് പ്രസംഗകരുടെ ഭാവം. തങ്ങളുടെ വിക്രിയകളുടെ അനന്തര ഫലം പരലോകത്ത് എന്ത് തന്നെയായാലും പ്രതിയോഗികളെ നല്ലവണ്ണം ഒതുക്കാന്‍ കഴിയുന്നുണ്ട് എന്ന ധാരണ അണികള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട് എന്ന കാര്യം നിഷേധിക്കുന്നില്ല. സഹോദര സംഘടനകളെ മുഖ്യശത്രുക്കളായി കാണുന്ന വികാരം നിലനില്‍ക്കുന്നിടത്തോളം തൌഹീദെന്നു പറഞ്ഞാന്‍ തങ്ങള്‍ വിചാരിക്കുന്ന ചില ഏര്‍പ്പാടുകളാണെന്നും അതിനപ്പുറം ഒരു ലോകമില്ലെന്നു കരുതപ്പെടുന്ന കാലത്തോളവും ഇതൊരു ആകര്‍ഷകപരിപാടിയായി ബന്ധപ്പെട്ടവര്‍ക്ക് തോന്നും.
മുഴുനീള പ്രസംഗങ്ങള്‍ ഇപ്പോള്‍ സാധാരണയായി ജമാഅത്തിനെതിരെ കാണപ്പെടുന്നില്ല. പകരം ഏത് വിഷയം ചര്‍ച്ചചെയ്യുമ്പോഴും അഞ്ച് മിനിറ്റ് ജമാഅത്തിനെതിരെ എന്നതാണ് പുതിയ രീതി (മുമ്പ് അങ്ങനെ ഇല്ല എന്നല്ല). ഇതിന് പല സൌകര്യങ്ങളുമുണ്ട് എട്ടോ പത്തോ ആരോപണങ്ങള്‍ ഒറ്റയടിക്ക് ഒരുമിച്ച് ഉന്നയിക്കാം തെളിവുകള്‍ സമര്‍പ്പിച്ച് ബുദ്ധിമുട്ടേണ്ടതില്ല. ഭരണകുടത്തോടും രാഷ്ട്രീയ പാര്‍ട്ടികളോടും ഞങ്ങള്‍ക്കിവരെ കൈകാര്യം ചെയ്യാന്‍ ഇത്രയൊകെയേ ആവൂ, നിങ്ങള്‍ ഇവരെ ഒന്ന് ഒതുക്കി തരണം എന്നതാണ് ധ്വനി.

ജമാഅത്തെ ഇസ്ലാമിയുടെ നയനിലപാടുകള്‍

ജമാഅത്തെ ഇസ്ലാമി സമഗ്ര ഇസ്ലാമിനെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് ഇത് വരെ പറഞ്ഞുവന്നത്. ഇതിനെ ആചരിക്കാനും സമാധാന പൂര്‍വം പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് തന്നെ അതിന് സ്വാതന്ത്യമുണ്ട്. നാട്ടില്‍ കുഴപ്പവും ചിദ്രതയും ഉണ്ടാക്കുന്നതോ സമാധാനത്തെ ഹനിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും അത് ഏര്‍പ്പെടുകയില്ല എന്നത് ജമാആത്തിന്റെ നയം മാത്രമല്ല അതിന്റെ ആദര്‍ശത്തില്‍തന്നെ അലിഞ്ഞ് ചേര്‍ന്നതാണ് അതിനാല്‍ ഒരു ഘട്ടത്തിലും അതില്‍ മാറ്റമുണ്ടാവുകയില്ല.
സ്വയം രാഷ്ട്രീയത്തില്‍ പ്രവേശിക്കാതിരിക്കെ തെരഞ്ഞെടുപ്പിന്റെ അവസരത്തില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നത് പ്രസ്ഥാനം ചിന്തിച്ച് പോന്നിട്ടുണ്ട്. തുടക്കത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് രേഖപ്പെടുത്തേണ്ടതില്ല എന്ന സ്വാഭാവിക നിലപാടാണ് സ്വീകരിച്ചത്. അടിയന്തരാവസ്ഥയെ തുടര്‍ന്ന് പ്രസ്ഥാനത്തിന് പ്രവര്‍ത്തന സ്വാതന്ത്യ്രം തിരിച്ച് കിട്ടുന്നതിന് വേണ്ടി കോണ്‍ഗ്രസിനെതിരെ വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചു. പിന്നീട് മൂല്യാധിഷ്ഠിത നിലപാട് സ്വീകരിച്ചു. അതിന് ശേഷം വന്ന തെരഞ്ഞെടുപ്പുകളില്‍ വര്‍ഗീയ ഫാസിസ്റ് ശക്തികള്‍ അധികാരത്തില്‍ വരുന്നത് തടയത്തവിധം അവര്‍ക്കെതിരെ മല്‍സരിക്കുന്ന വിജയസാധ്യതയുള്ള മതേതര കക്ഷികള്‍ക്ക് വോട്ടു നല്‍കാന്‍ തീരുമാനിച്ചു. അവസാനം സാമ്രജ്യത്വത്തിനെതിരെ താരതമ്യേന കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടത് പക്ഷ കക്ഷികാളാണെന്ന അടിസ്ഥാനത്തില്‍ അവര്‍ക്ക് വോട്ടുനല്‍കി. ഇന്ത്യ സ്വാതന്ത്യം നേടി ഇത് വരെയുള്ള അതിസങ്കീര്‍ണമായ വ്യത്യസ്ത അവസ്ഥകളില്‍ കടന്ന് വന്ന തെരഞ്ഞെടുപ്പുകളില്‍ ജമാഅത്ത് സ്വീകരിച്ച നിലപാടുകളുടെ സംക്ഷിപ്തമാണിത്. ഇവയിലോരോ തീരുമാനവും ജമാഅത്തിലെ പണ്ഡിതന്‍മാര്‍ (ശൂറാ അംഗങ്ങള്‍) ഖുര്‍ആനും സുന്നത്തും സമകാലിക ലോക പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങളും മുന്നില്‍വെച്ച് ദീര്‍ഘനാളത്തെ ചര്‍ച്ചകൊടുവില്‍ എത്തിചേര്‍ന്നവയായിരുന്നു. അപ്പോഴൊക്കെ മുജാഹിദ് പ്രസ്ഥാനം എന്ത് ചെയ്യുകയായിരുന്നു?. മുഖ്യമായും ചെയ്തിരുന്നത് മുന്‍കാല തീരുമാനങ്ങളുടെ ഉദ്ധരണികള്‍ എടുത്ത് കാട്ടി പുതിയ തീരുമാനങ്ങളെ എത്രപരിഹാസ്യമായി ചിത്രീകരിക്കാന്‍ കഴിയുമോ അത്രയും മോശമാക്കി സ്റേജുകളിലൂടെയും പുസ്തകത്താളുകളിലൂടെയും ആഘോഷിക്കുകയായിരുന്നു. ഒറ്റപ്പെട്ട ചിലതീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല എന്നല്ല. പഴയകാല മുജാഹിദ് സാഹിത്യങ്ങള്‍ പരിശോധിച്ചാല്‍ ഇസ്ലാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച ചര്‍ച്ചയില്‍ സംഭവിച്ച വൈരുദ്ധ്യങ്ങള്‍ ആര്‍ക്കും ന്യായീകരിച്ചൊപ്പിക്കാനാവാത്ത വിധത്തിലാണ്. അതുകൊണ്ടു തന്നെയാവണം ഇപ്പോള്‍ ഞങ്ങള്‍ക്ക് ആര് പറഞ്ഞതും തെളിവല്ല, ഞങ്ങളുടെ തെളിവ് ഖുര്‍ആനും സുന്നത്തുമാണ് എന്നവകാശപ്പെട്ട് ഓരോരുത്തരും തോന്നിയപോലെ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നത്. അപ്പോള്‍ ആദ്യം പറഞ്ഞവരുടെ സ്രോതസ് ഖുര്‍ആനും സുന്നത്തുമായിരുന്നില്ലേ എന്ന് ചോദിക്കാന്‍ തോന്നുന്നു.
രാഷ്ട്രീയവും തെരഞ്ഞെടുപ്പും ഒരു ദീന്‍കാര്യമോ അതല്ല മാര്‍ക്കെറ്റില്‍ ചെന്ന് മീന്‍ വാങ്ങുന്നത് പോലെ ഒരു ദുന്‍യാകാര്യമോ എന്ന ചര്‍ച്ചനടന്നുകൊണ്ടിരിക്കുന്ന പക്ഷത്തോടു ഈ വിഷയത്തില്‍ വലിയ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് പ്രസക്തിയില്ല. അല്ലെങ്കില്‍ നമുക്ക് ചോദിക്കാമായിരുന്നു. എന്താണ് ഇസ്ലാമിക രാഷ്ട്രീയം? ഒരാള്‍ മതപരമായി മുജാഹിദും രാഷ്ട്രീയപരമായി കമ്മ്യൂണിസ്റും ആകുന്നതിന്റെ വിധി എന്താണ്?. ഒരു മുസ്ലിമിന് രാഷ്ട്രീയത്തിലൊരു നേതാവും മതകാര്യങ്ങളില്‍ വേറൊനേതാവും ആകാം എന്നത് ഖുര്‍ആനിന്റെയും സുന്നത്തിന്റേയും അടിസ്ഥാനത്തിലുള്ള തീരുമാനമാണോ?. ഇവയ്ക്കൊക്കെ ആര് മറുപടിതരാനാണ്. ഇനി തന്നാലും അണികള്‍തന്നെയും അതംഗീകരിക്കുമോ? അവരുടെ തെളിവ് ഖുര്‍ആനും സുന്നത്തുമല്ലേ?. എങ്കിലും നമുക്ക് ഒന്ന് പ്രതീക്ഷിക്കാം ഒരു നോട്ടീസ്. അതില്‍ സ്വന്തം വകയായി ഒരു തലക്കെട്ടും ജമാഅത്ത് സാഹിത്യങ്ങളിലും പ്രബോധനത്തില്‍ വ്യത്യസ്ത സന്ദര്‍ഭത്തിലെടുത്ത തീരുമാനങ്ങള്‍ നിരത്തിയിട്ടുണ്ടാകും. ഹറാം ഹലാലാക്കിയതിലെ രോഷപ്രകടനം, തീവ്രവാദത്തിന്റെ അടിസ്ഥാനം മൌദുദിയും ഐ.പി.എച്ച് സാഹിത്യവുമാണ് എന്നുണ്ടാവും. ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരാണ് എന്ന പതിവ് പല്ലവിയുണ്ടാവും. ഇത്തരം നോട്ടിസുകളെ അവഗണിക്കുക എന്നതാണ് പലപ്പോഴും ജമാഅത്തിന്റെ സമ്പ്രദായം എന്നറിയുന്നതിനാല്‍ ധൈര്യമായി എന്തും എഴുതിവിടാം.

ജമാഅത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍

ഇസ്ലാമിന്റെ രാഷ്ടീയ ലക്ഷ്യങ്ങള്‍ എന്നാണ് ഇതിന് സ്വാഭാവികമായും തലക്കെട്ട് വേണ്ടത്. കാരണം ജമാഅത്തിന് പ്രത്യേകമായ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല, ഇസ്ലാമിന്റെ രാഷ്ട്രീയ ലക്ഷ്യമല്ലാതെ. അവയിലൊന്ന്: ദൈവം മനുഷ്യജീവിതത്തില്‍ ശോഭിച്ച് കാണാനാഗ്രഹിക്കുന്ന മുഴുവന്‍ നന്‍മകളും (മഅ്റൂഫ്) പ്രചരിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്യുക. സാമുഹ്യനീതി, സത്യസന്തത, സഹാനുഭൂതി, കാരണ്യം, സ്നേഹം, വിട്ട് വീഴ്ച, വിശാലമനസ്കത, ആത്മനിയന്ത്രണം, സംസ്കാരം, കര്‍മസന്നദ്ധത, ഉത്തരവാദിത്വബോധം തുടങ്ങി മനുഷ്യസമൂഹം അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഏതെല്ലാം നന്‍മകളുണ്ടോ അവയെല്ലാം മഅ്റൂഫിന്റെ നിര്‍വചനത്തില്‍ പെടുന്നു. രണ്ട്: മനുഷ്യജീവിതത്തില്‍ നിന്ന് ലോകരക്ഷിതാവ് ഇഷ്ടപ്പെടാത്ത തിന്‍മകള്‍(മുന്‍കര്‍) തടയുകയും നിര്‍മാര്‍ജനം ചെയ്യുകയും ചെയ്യുക. അക്രമം, കളവ്, കൊല, വ്യഭിചാരം, വഞ്ചന, ചൂതാട്ടം, കരിഞ്ചന്ത, പൂഴ്തിവെപ്പ്, മദ്യപാനം, സങ്കുചിതത്വം, സംസ്കാരശൂന്യത, ദുഃസ്വഭാവം, കുടിലമനസ്കത തുടങ്ങിയ ഏത് കാലഘട്ടത്തിലേയും മനുഷ്യപ്രകൃതി വെറുക്കുന്ന സകല അധാര്‍മികതകളും മുന്‍കറില്‍ പെടുന്നു. ഇതിലൂടെ സമൂഹത്തില്‍ സംഭവിക്കുന്ന മാറ്റം; ഒന്ന്: തന്റെ ഭൂമിയില്‍ തന്റെ അടിമകളുടെ ജീവിതത്തില്‍ ലോകനാഥന്‍ കാണാനുദ്ദേശിക്കുന്ന പരിശുദ്ധിയും ഭംഗിയും ചിട്ടയും സമാധാനവും പുരോഗതിയും വിജയവും പൂര്‍ണമായും പ്രത്യക്ഷപ്പെടുക. രണ്ട്: ദൈവ ദൃഷ്ടിയില്‍ ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കുന്നതും തന്റെ അടിമകളുടെ ജീവിതത്തെ ദുഷിപ്പിക്കുന്നതുമായ എല്ലാ കവാടങ്ങളും ബന്ധിപ്പിക്കപ്പെടുക. ശാന്തിയും സമാധാനമാഗ്രഹിക്കുന്ന ഒരു മനുഷ്യന്‍ അവന്‍ ഏത് മതത്തില്‍ വിശ്വസിക്കുന്നവനാകട്ടെ ഇതിനപ്പുറം ഒരു ഭരണകൂടത്തില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്. ചുരുക്കത്തില്‍ മതേതരത്വത്തിനും ദേശീയതക്കും ജനാധിപത്യത്തിനും സോഷ്യലിസത്തിനും എന്തെല്ലാം ഗുണങ്ങളുണ്ടോ അവയെല്ലാം ഉള്‍ക്കൊള്ളുന്നതും അവയുടെ പോരായ്മകളില്‍ നിന്ന് മുക്തവുമാണ് ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം.
കേവലം രാജ്യഭരണമോ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സാമൂഹികാവകാശങ്ങളുടെ പൂര്‍ത്തീകരണമോ ലക്ഷ്യമാക്കിയുള്ളതല്ല ഈ രാഷ്ട്രീയം. ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും ഉള്‍കൊള്ളുന്ന നന്‍മകള്‍ റദ്ദ് ചെയ്യുക ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമല്ല. അവയെ വിലമതിക്കുന്നതോടൊപ്പം അവയുടെ നിലനില്‍പ്പിനായി ജമാഅത്ത് ഇപ്പോഴും സമരമുഖത്താണ്. സ്വേഛാധിപത്യത്തേയും രാജാധിപത്യത്തേയും അറിയപ്പെടുന്ന ഥിയോക്രസിയേയും അത് പൂര്‍ണമായും നിരാകരിക്കുന്നു.

എന്തിന് ജമാഅത്ത് രാഷ്ട്രീയത്തില്‍ ഇടപെടണം ?

മതകാര്യങ്ങള്‍ നോക്കി നടന്നാല്‍ പോരെ?
ചോദ്യത്തിന്റെ ബാക്കി ഇപ്രകാരമായിരിക്കും. ഇസ്ലാമിനെ മറ്റുമതങ്ങളെപ്പോലെ ചില വിശ്വാസാചാരങ്ങളുടെ ആകെതുകയായി കാണുന്നവര്‍ ആത്മാര്‍ത്ഥമായി ചോദിക്കുന്ന ചോദ്യമാണിത്. ഇസ്ലാമിനെ അതിന്റെ മൂല സ്രോതസില്‍ നിന്ന് പഠിച്ചാല്‍ മാത്രമേ ഇതിന്റെ മറുപടി പൂര്‍ണമായി സ്വീകാര്യമാവൂ. ഇസ്ലാമികരാഷ്ട്രീയത്തിന്റെ ലക്ഷ്യവും അത് സമൂഹത്തില്‍ ചെലുത്താനിടയുള്ള സ്വധീനവും മനസ്സിലാക്കുന്ന ഒരു മനുഷ്യസ്നേഹിക്കും അത് പ്രബോധനം ചെയ്യാതിരിക്കാനോ അതിന്റെ വാഹകനായി മുന്നോട്ട് വരാതിരിക്കാനോ സാധ്യമല്ല. ജമാഅത്തിന്റെ രാഷ്ട്രീയ രംഗത്തെ ഓരോ ചുവടുവെപ്പും അതിന്റെ ദൌത്യനിര്‍വഹണത്തിന്റെ അനിവാര്യമായ തേട്ടമായിരുന്നു. ഇനിയുള്ള നടപടികളും അങ്ങനെത്തന്നെ. അത് മറ്റുപാര്‍ട്ടികള്‍ക്കുള്ള പിന്തുണയായാലും, സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണമായാലും ശരി.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം

രാഷ്ട്രീയത്തോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് നിലവിലെ രാഷ്ട്രീയ പരിസരത്ത് നിന്നാണ് രൂപം കൊള്ളുക. നല്ലയാളുകള്‍ക്ക് പ്രവേശനം അസാധ്യമോ പ്രയാസകരമോ ആണ് നിലവിലെ രാഷ്ട്രീയ സംവിധാനങ്ങള്‍ എന്ന് പൊതുവെ മനസ്സിലാക്കപ്പെടുന്നു. ഇക്കാരണത്താലാണ് ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ സംഘടനായാണ് എന്ന് സ്റേജില്‍ നിന്ന് വിമര്‍ശകര്‍ പ്രഖ്യാപിക്കുമ്പോള്‍ ഒരല്‍പം ഭേദപ്പെട്ട ശകാരമായി എന്ന് ശ്രോതാക്കള്‍ക്ക് തോന്നുന്നത്. അത് കേവലം മതസംഘടനയോ നിലവിലെ രാഷ്ട്രീയ സംഘടനകളെപ്പോലെ ഒരു രാഷ്ട്രീയ സംഘടനയോ അല്ല; സംപൂര്‍ണമായി ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന ഒരു ഇസ്ലാമിക പ്രസ്ഥാനമാണ്. പ്രവാചകന്‍ പ്രബോധനം ചെയ്ത ഇസ്ലാമില്‍ നിന്ന് രാഷ്ട്രീയം വേര്‍ത്തിരിച്ച് നിര്‍ത്തിയാല്‍ എന്താണ് ബാക്കിയാവുക. അല്ലാഹുവിന്റെ വ്യവസ്ഥ അഥവാ ദീന്‍ ജീവിതത്തിന്റെ സകലതുറകളിലും നടപ്പില്‍വരുത്താന്‍ (ഇഖാമത്തുദ്ദീന്‍) വേണ്ടിയാണല്ലോ പ്രവാചകന്‍ നിയോഗിക്കപ്പെട്ടത്. മാത്രമല്ല ആ വ്യവസ്ഥ സകല വ്യവസ്ഥകളേക്കാളും മേല്‍കൈ നേടണമെന്നതും (ലി യുള്ഹിറഹു അലദ്ദീനി കുല്ലിഹീ) പ്രവാച നിയോഗത്തിന്റെ ലക്ഷ്യമാണ്. ഈ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന് അതിന്റെ ജനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുകയും ഒരു വ്യവസ്ഥയുടെ തന്നെ ജീവനുമായ രാഷ്ട്രീയവശത്തെ കുറിച്ച് നിശബ്ദമാകാനാവില്ല. ഇതൊരിക്കലും ദേശവിരുദ്ധമാവില്ല; മനുഷ്യവിരുദ്ധവും. കാരണം ഇത് സര്‍വലോക സ്രഷ്ടാവായ ദൈവത്തിന്റെ വ്യവസ്ഥയാണ്. ഇന്ത്യയില്‍ ജമാഅത്തെ ഇസ്ലാമി പോലൊരു പ്രസ്ഥാനം വേറെയില്ല. ഇത് പോലൊരു ചിന്തയും വേറെയില്ല. രാഷ്ട്രപിതാവ് ഗാന്ധിജിക്ക് ഇതു പോലെയൊരു ചിന്തയുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ മതമൂല്യങ്ങളുടെ സമന്വയം. ഉമറിന്റെ ഭരണം എന്ന് ഗാന്ധിജി പ്രയോഗിക്കുമ്പോള്‍ ഈ ചിന്തയുടെ ബഹിര്‍സ്ഫുരണമല്ലെങ്കില്‍ അത് മറ്റെന്താണ്?. മൂല്യങ്ങളില്‍ നിന്ന് മുക്തമായ രാഷ്ട്രീയം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു. ജമാഅത്ത് ഇസ്ലാമി അതിന്റെ ലക്ഷ്യം കണ്ടെത്തിയാല്‍ ഏത് മതത്തിലേയും അക്രമികള്‍ക്ക് മാത്രമേ ഭയക്കേണ്ടതായി വരികയുള്ളൂ. മതത്തിന്റെ നേട്ടങ്ങള്‍ക്ക് രാഷ്ട്രീയത്തെ ഉപയോഗിക്കുകയോ രാഷ്ട്രീയ നേട്ടങ്ങള്‍ മതവികാരത്തെ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്ന ഒരു ശൈലിമാത്രം പരിചയമുള്ളവരാണ് ഇന്ത്യന്‍ ജനത, അതുമൂലം ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശത്തെ ചിലരെങ്കിലും ആശങ്കയോടെനോക്കിക്കാണുന്നു. അവരുടെ കണ്ണില്‍ മാത്രമല്ല അനുഭവത്തിലും മതം വളരെ സങ്കുചിതമാണ്. അവര്‍ക്കറിയാവുന്ന ഇസ്ലാമാകട്ടെ അതിലേറെ അസഹിഷ്ണുവാണ്. സ്വന്തം മതക്കാരിലെ സ്വന്തം സംഘടനകളിലെ അഭിപ്രായ വ്യത്യാസങ്ങളോടുപോലും തുറന്ന ജിഹാദിലേര്‍പ്പെടുന്ന മതത്തിന് അധികാരം ലഭിച്ചാലുള്ള അവസ്ഥ എത്ര ഭീകരമായിരിക്കും എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. സഹോദര സംഘനയായി കാണേണ്ട ഒരു സംഘടനയെ തൂക്കമൊപ്പിക്കാന്‍ നിരോധിച്ചപ്പോള്‍ ആഹ്ളാദം പ്രകടിപ്പിക്കുകയും. നിരോധനം നിലനിന്നപ്പോള്‍ എതിര്‍ക്കാന്‍ സ്വന്തം ആവനാഴിയിലെ അവസാന അസ്ത്രവും ഉപയോഗിക്കുകയും, അതൊന്നും ബോധ്യപ്പെടാതിരുന്ന ഇന്ത്യയിലെ പരമോന്നത നീതിപീഠം പ്രവര്‍ത്തന സ്വാതന്ത്യം തിരിച്ച് നല്‍കിയിട്ടും ഇപ്പോഴും ഒന്നുകൂടി നിരോധിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് വൃഥാ ശ്രമത്തിലേര്‍പ്പെടുകയും ചെയ്യുന്നവരല്ല ജമാഅത്തെ ഇസ്ലാമിയുടെ മാതൃക. താലിബാനിസമോ, രാജാധിപത്യവാഴുന്ന സഊദി അറ്യേബ്യ പോലുമോ ജമാഅത്തെ ഇസ്ലാമിയുടെ മാതൃകയല്ല. മറിച്ച് ശത്രുകളുടെ പീഢനം സഹിക്കവയ്യാതെ സ്വരാജ്യം വിട്ട് പലായനം ചെയ്യുമ്പോള്‍ പോലും ബഹുദൈവ വിശ്വാസിയെ വഴികാട്ടിയായി സ്വീകരിക്കാന്‍ ധൈര്യമുള്ള, തന്റെ വിശുദ്ധമസ്ജിദില്‍ ക്രിസ്തുമത വിശ്വാസികളില്‍പ്പെട്ട പ്രതിനിധി സംഘത്തിന് പ്രാര്‍ത്ഥിക്കാന്‍ സമയമായപ്പോള്‍ അവസരം നല്‍കിയ മദീനയിലെ ഭരണാധികരാരി പ്രവാചകന്‍ മുഹമ്മദ് നബി (സ)യാണ് ജമാഅത്തെ ഇസ്ലാമിയുടെ മാതൃക. തന്റെ പിന്‍തലമുറ അവകാശവാദമുന്നയിക്കുമോ എന്ന സംശയത്താല്‍ ക്രിസ്ത്യന്‍ ദേവലയത്തില്‍ നമസ്കരിക്കാനുള്ള ക്രിസ്തുമത വിശ്വാസികളുടെ ആവശ്യം നിരാകരിച്ച ഉമര്‍(റ)നെ ഓര്‍മയില്ലേ. ആ സാത്വികരായ ഖലീഫമാരെ മാതൃകയായി സ്വീകരിക്കുന്ന ഒരു വിഭാഗത്തിന്ന് തങ്ങളെ കുറിച്ച് ഒട്ടും അവിശ്വസമില്ല. ജമാഅത്തെ ഇസ്ലാമിയെ ചൂണ്ടി മനുഷ്യരെ ഭയപ്പെടുത്തുന്നവരുണ്ടല്ലോ, അവര്‍ തങ്ങളുടെ മാനസിക നില അനാവരണം ചെയ്യുകയും, അതേ മനസ്സ് ജമാഅത്തില്‍ കാണുകയുമാണ് ചെയ്യുന്നത്.

തൌഹീദും ഭരണാധികാരവും

തൌഹീദിനെക്കുറിച്ച് പറയുമ്പോള്‍ ഉടനെ തന്നെ ഭരണാധികാരം പരാമര്‍ശിക്കേണ്ടിവരുന്നത് ജമാഅത്തെ ഇസ്ലാമിയുടെ മുഖ്യലക്ഷ്യം ഭരണാധികാരം ആയത് കൊണ്ടോ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയപാര്‍ട്ടി ആയത് കൊണ്ടോ അല്ല. ഇസ്ലാമിലെ ഏറ്റവും തെറ്റായി വായിക്കപ്പെടുന്ന ഒരു ഭാഗമാണ് ഇസ്ലാമിലെ രാഷ്ടീയം എന്നത് കൊണ്ടാണ്. ഇസ്ലാമിലെ രാഷ്ട്രീയം അംഗീകരിക്കുന്നവര്‍ തന്നെ അതിനെ പ്രയോഗവല്‍ക്കരിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നു എന്ന് ജമാഅത്തെ ഇസ്ലാമി മനസ്സിലാക്കുന്നു. മൌലാനാ മൌദൂദി ഒരു മുജദ്ദിദും ജമാഅത്തെ ഇസ്ലാമി ഒരു തജ്ദീദി പ്രസ്ഥാനവുമായത് കൊണ്ട് ജനങ്ങള്‍ അവഗണിച്ച ഈ ഭാഗത്തെ ഊന്നിപ്പറഞ്ഞു. അല്ലാഹുവാണ് വിധികര്‍ത്താവ് (ഹാകിം) എന്ന് വിശ്വസിക്കാത്തവന്‍ യഥാര്‍ത്ഥ വിശ്വാസിയാവുകയില്ല. എല്ലാ കാര്യത്തിലും വിധികര്‍തൃത്വം അവനുമാത്രമാണെന്നും, തന്റെ അധികാരത്തില്‍ അവന്‍ ആരെയും പങ്കുകാരാനാക്കുകയില്ലെന്നും വിശ്വസിക്കണം. അല്ലാഹുവിന്റെ നിയമ വ്യവസ്ഥയാണ് ദീന്‍. അവന്‍ സത്യമായി പ്രഖ്യാപിച്ചതാണ് സത്യം. അവന്‍ അസത്യമായി ഗണിച്ചത് അസത്യവും, അവന്‍ നന്‍മയായി പ്രഖ്യപിച്ചത് നന്‍മ, തിന്‍മയും അപ്രകാരം തന്നെ. ജീവിതത്തിന്റെ ഏതെങ്കിലും ഒരു രംഗത്ത് അവന്റെ വിധി വേണ്ടെന്ന് വയ്കാനോ അവന്റെ കല്‍പനക്ക് വിരുദ്ധമായി വര്‍ത്തിക്കാനോ ആര്‍ക്കും അവകാശമില്ല. അങ്ങനെ ചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടും. വിശാലമായ ജീവിതമേഖലകളില്‍ അത് വ്യക്തിതലമാകട്ടെ കൂടുംബത്തിലോ സമൂഹത്തിലോ രാഷ്ട്രത്തിലോ ആകട്ടെ സ്വന്തമായ നിയമ നിര്‍മാണത്തിന് ദൈവം മനുഷ്യന് വിട്ടുതന്നിട്ടില്ല. പിന്നെങ്ങനെയാണ് രാഷ്ടീയത്തില്‍ ദൈവത്തിന്റെ നിയമനിര്‍മാണത്തിന്റെ പരമാധികാരം പ്രപഞ്ചനാഥനുമാത്രമാണെന്ന സത്യം നിരാകരിക്കുകയും അത് മനുഷ്യര്‍ക്കുതന്നെയാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന പാര്‍ട്ടികളുടെ നിലപാട് ഒരു വിശ്വാസിക്ക് അംഗീകരിക്കാന്‍ കഴിയുക. ഇത്തരം രാഷ്ടീയ പാര്‍ട്ടികളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും തങ്ങള്‍ ഇസ്ലാമിലെ രാഷ്ട്രീയം അംഗീകരിക്കുന്നു എന്ന് വെറുതെ പറയുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം പരിഹരിക്കേണ്ടതുണ്ട്. ഇസ്ലാമിക രാഷ്ട്രീയം എന്നാല്‍ നിലവിലെ ഏതെങ്കിലും ഒരു ഭൌതിക രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവന്‍ ഇസ്ലാമിലെ ധാര്‍മിക മൂല്യങ്ങള്‍ പാലിക്കുന്നതിന്റെ പേരാണ് എന്ന് തെറ്റിദ്ധരിച്ച പോലെയാണ് മുജാഹിദ് പ്രസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ മതേതരത്തോടുള്ള നിലപാട്ഇസ്ലാമിക രാഷ്ട്രീയവും മനുഷ്യനിര്‍മിത രാഷ്ട്രീയവും അതിന്റേതായ വ്യത്യസ്ത അടിത്തറകളിലാണ് നിലനില്‍ക്കുന്നത്.
ഇസ്ലാമിക രാഷ്ട്രീയം തൌഹീദ്, രിസാലത്ത്, ഖിലാഫത്ത് എന്നീ മൂന്ന് അടിത്തറകളില്‍ നിലനില്‍ക്കുമ്പോള്‍, മനുഷ്യനിര്‍മിത രാഷ്ടീയത്തില്‍ ജനാധിപത്യം, മതേതരത്വം, സോഷിലിസം എന്നീ തത്വങ്ങളില്‍ നിലക്കൊള്ളുന്നു. ജനാധിപത്യം, മതേതരത്വം, സോഷിലിസം എന്നിവക്ക് അവ ഉടലെടുത്ത കാലഘട്ടത്തിലെയും വ്യാഖ്യാനവും സ്വതന്ത്ര ഇന്ത്യയില്‍ അതിന് നല്‍കപ്പെട്ട വ്യാഖ്യാനവും ഒന്നല്ല. ഇപ്പോഴും അതേ വ്യാഖ്യാനത്തോടെ അവ നിലനിര്‍ത്തുന്ന രാഷ്ട്രങ്ങളില്ലേ, തുര്‍ക്കിയില്‍ മുസ്ലിം സ്ത്രീകള്‍ തലമറക്കുന്നത് മതേതരത്തിന് ഭീഷണിയായിട്ടാണ് അവിടുത്തെ സൈന്യവും കോടതിയും കാണുന്നത്. മതേതരത്വത്തിന്റെ പാശ്ചാത്യന്‍ വ്യാഖ്യാനം മതവിരുദ്ധമെന്നാണ്, മതസഹിഷ്ണുതയുമായി അതിന് ബന്ധമില്ല. 1937, 39 കാലഘട്ടത്തില്‍ നടത്തപ്പെട്ട ഖുതുബകളില്‍ പ്രജായത്തവും മതേതരത്വവും വിമര്‍ശിക്കപ്പെടുന്നത് ഈ അടിസ്ഥാനത്തിലാണ്. മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ച പ്രൌഢമായ ഗ്രന്ഥം രചിക്കുമ്പോഴും സ്വതന്ത്ര ഇന്ത്യ നിലവില്‍ വന്നിട്ടില്ല. സ്വതന്ത്ര ഇന്ത്യ നിലവില്‍വന്ന ശേഷം മൌദൂദി ഇന്ത്യയില്‍ ജീവിച്ച് ഗ്രന്ഥരചന നിര്‍വഹിച്ചിട്ടില്ല. ഇന്ത്യന്‍ മതേതരത്തോടും ജനാധിപത്യത്തോടും ദേശീയതയോടുമുള്ള നിലപാട് വ്യക്തമാക്കേണ്ടത് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയാണ്. മൌദൂദിയുടെ പ്രസ്തുത വീക്ഷണങ്ങളുള്ള കാഴ്ചപ്പാടും അവയുടെ ഇന്ത്യന്‍ വ്യാഖാനത്തോടുള്ള ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാടും ഒരേ പോലെ ആവുക സാധ്യമാണോ?. സാധ്യമല്ല അത്കൊണ്ട് തന്നെ അവയുടെ പ്രസക്തി ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ അംഗീകരിക്കുകയാണ് ജമാഅത്തെ ഇസ്ലാമി ചെയ്തിട്ടുള്ളത്. അതോടെ അവയുടെ പോരായ്മകളും ഇസ്ലാമിക വ്യവസ്ഥയുടെ മെച്ചങ്ങളും അത് പ്രബോധനം ചെയ്യാതിരിക്കുന്നുമില്ല. ഇനി ഒരാള്‍ ജമാഅത്തെ ഇസ്ലാമിയുടെ മതേതരത്തോടുള്ള കാഴ്ചപ്പാട് പരാമര്‍ശിക്കുമ്പോള്‍ സ്വീകരിക്കേണ്ടത് മൌദൂദി സ്വാതന്ത്രലബ്ദിക്കുമുമ്പ് പറഞ്ഞ കാര്യങ്ങളായിരിക്കരുത് എന്നത് ഈ പ്രസ്ഥാനം തങ്ങളുടെ വിമര്‍ശകരില്‍ നിന്ന് ആഗ്രഹിക്കുന്ന സ്വാഭാവികമായ നീതിയാണ്. എന്നാല്‍ ഞങ്ങളുടെ സഹോദര സംഘടനകള്‍ ചെയ്ത് കൊണ്ടിരിക്കുന്നതോ?.

മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യം

അല്ലാഹുവിന്റെ നാമങ്ങളും(അസ്മാഅ്) വിശേഷണങ്ങളും(സ്വിഫാത്ത്) കര്‍മങ്ങളും(അഫ്ആല്‍) സത്യപ്പെടുത്തി അംഗീകരിക്കുക. അദ്യശ്യകാര്യങ്ങളില്‍, മലക്കുകളില്‍, പ്രവാചകന്‍മാരില്‍ പരലോകത്തില്‍, ദൈവവിധിയില്‍ വിശ്വസിക്കുക. നാവ്കൊണ്ടത് അംഗീകരിക്കുകയും കര്‍മത്തിലൂടെ സത്യപ്പെടുത്തുകയും ചെയ്യുക. ഇതാണ് മുസ്ലിം ലോകം ഈമാനിന് നല്‍കിയ നിര്‍വചനം, ഈ അംഗീകാരവും അതനുസരിച്ചുള്ള കര്‍മവും കൂടിചേര്‍ന്നുള്ളതാണ് അല്ലാഹുവിനുള്ള ഇബാദത്ത്. മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്നതിന് വേണ്ടിയാണ്. അഥവാ മനുഷ്യന്‍ തനിക്ക് തിരഞ്ഞെടുപ്പ് സ്വാതന്ത്യം നല്‍കപ്പെട്ട മുഴുവന്‍ ജീവിതമേഖലകളിലും സ്വമേധയാ അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അവന് വണങ്ങി വഴങ്ങി ജീവിക്കണം. അവന്റെ അടിമത്തം അംഗീകരിക്കണം. ഇതുമുഖേന ദൈവേതര സൃഷ്ടികളുടെ അടിമത്തത്തില്‍ നിന്നും അവര്‍ മോചിതരാകണം. അവനിലും ലോകത്തും സമാധാനവും ശാന്തിയും നിറയണം. തൌഹീദ്സ്രഷ്ടാവ് അല്ലാഹുവാണെന്നത് പോലെത്തന്നെ പരമാധികാരവും അല്ലാഹുവിന്ന് മാത്രമാണ്. പ്രപഞ്ചത്തില്‍ ശാസനാധികാരം അതേ അല്ലാഹുവില്‍ നിക്ഷിപ്തമാണ്. മറ്റാര്‍ക്കും അതില്‍ പങ്കില്ല. അതുപോലെ നിയമനിര്‍മാണാധികാരവും അല്ലാഹുവിന് മാത്രമാകുന്നു. ആരാധനകള്‍ക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്ന പോലെ അവന്റെ വിധികര്‍തൃത്വാധികാരത്തിലും (ഹുക്മ്)അവന് പങ്കാളികളില്ല. സര്‍വശക്തനായ അല്ലാഹു മാത്രമാണ് ഇബാദത്തുകള്‍ക്കര്‍ഹന്‍. ഇബാദത്തിന് അനേകം ശാഖകളുണ്ട്. സമര്‍പണം, കീഴ്വണക്കം, ദൈവഭയം, പശ്ചാതാപം, അനുസരണം, അടിമത്തം എന്നിവ അതിലുണ്ട്. നമസ്കാരം, സകാത്ത്, നോമ്പ്, ദാനധര്‍മം, നേര്‍ച, ജിഹാദ് തുടങ്ങിയ കര്‍മങ്ങളും ഇബാദത്ത് തന്നെ. ഇബാദത്ത് എന്നാല്‍ കേവല ആരാധനകള്‍ മാത്രമല്ല. പൂര്‍വികരായ പ്രാമാണികരായ മുഴുവന്‍ പണ്ഡിതന്‍മാരുടെ ഇബാദത്തിന്റെ നിര്‍വചനം പരിശോധിച്ചാലും ഇതല്ലാതെ നമുക്ക് ലഭിക്കുകയില്ല. ലോകസലഫി വീക്ഷണവും ഇത് തന്നെ.

ഇസ്ലാമിന്റെ പ്രപഞ്ചവീക്ഷണം

അനന്തമായ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നത് അല്ലാഹുവാണ്. മനുഷ്യരും അവര്‍ക്ക് കാണാന്‍ കഴിയുന്നതും കഴിയാത്തവയുമായ സകലതും ആ ഏകനായ അല്ലാഹുവിന്റെ സൃഷ്ടികള്‍ മാത്രമാണ്. പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളും സ്വമേധയാലോ നിര്‍ബന്ധിതരായോ അവന്റെ നിയമത്തിന് കീഴ്പെട്ടിരിക്കുന്നു. സൃഷ്ടികളില്‍ മനുഷ്യന് സവിശേഷമായ സ്ഥാനം നല്‍കപ്പെട്ടിരിക്കുന്നു. ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയാണ് മനുഷ്യന്‍. അവന്റെ കര്‍മങ്ങള്‍ പരലോകത്ത് വിചാരണചെയ്യപ്പെടുകയും രക്ഷാശിക്ഷകള്‍ നല്‍കപ്പെടുകയും ചെയ്യും. ഭൂമിയിലെ സകലവസ്തുകളേയും മനുഷ്യന് വേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്.

ജമാഅത്തെ ഇസ്ളാമിയുടെ ആദര്‍ശം

ജമാഅത്തെ ഇസ്ലാമിടേത് ഒരു പുതിയ ആദര്‍ശമല്ല. മനുഷ്യാരംഭത്തോളം പഴക്കമുള്ള ഇസ്ലാമാണ് അതിന്റെ ആദര്‍ശത്തിന്റെ അടിത്തറ. ഖുര്‍ആന്‍, സുന്നത്ത് ഇജ്മാഅ് തുടങ്ങിയവയെയാണ് അത് അവലംബിക്കുന്നത്. അതിന്റെ പ്രപഞ്ചവീക്ഷണവും പ്രവര്‍ത്തനവും രൂപപ്പെടുന്നതും അവയില്‍ നിന്ന് മാത്രമാണ്. ഇസ്ലാമിന്റെ സ്ഥാനത്ത് ഒരു സംഘടനയെ പ്രതിഷ്ടിക്കുകയല്ല അത് ചെയ്യുന്നത്. ദൈവം മനുഷ്യര്‍ക്കാകമാനം തൃപ്തിപ്പെട്ട് നല്‍കിയ പരിശുദ്ധ ദീനുല്‍ ഇസ്ലാമിനെ ജീവിതത്തിന്റെ മുഴുവന്‍ മേഖലയിലും സംസ്ഥാപിച്ച് നിലനിര്‍ത്തുനിര്‍ത്തുന്നതിന്ന്(ഇഖാമത്തുദ്ദീന്‍) സംഘടിതരൂപം നല്‍കുകയാണ് ജമാഅത്തെ ഇസ്ലാമി. ഇത് മുഖേനമാത്രമേ പരലോകത്ത് അല്ലാഹുവിന്റെ തൃപ്തിനേടാനാവൂ എന്നത് ഉറച്ച് വിശ്വസിക്കുന്നു. ഇപ്രകാരം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ ഒന്ന് മാത്രമാണ് ജമാഅത്തെ ഇസ്ലാമി. ഇന്ത്യയില്‍ അതിന്റെ പേര്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്നാണ്.

ജമാഅത്തെ ഇസ്ലാമി

എല്ലാവര്‍ക്കും ജമാഅത്തെ ഇസ്ലാമിയെ കുറിച്ചറിയാം, സിമിയുടെ മാതൃപ്രസ്ഥാനമാണ്, മുഴുവന്‍ തീവ്രവാദ സംഘടനകളുടെയും മാസ്റര്‍ ബ്രൈനാണ് എന്ന് തുടങ്ങി ഒട്ടേറെ, ഐ. എന്‍. എല്‍, പി. ഡി. പി. പോലെ വെറും ഒരു രാഷ്ട്രീയ സംഘടനയാണ് എന്ന്് മുജാഹിദ് സുഹൃത്തും മതമൌലികവാദ സംഘടനയാണെന്ന് കമ്യൂണിസ്റ് സുഹൃത്തും ജമാഅത്തെ ഇസ്ലാമി ജമാഅത്തെ ഇസ്ലാമിയെ മനസ്സിലാക്കിയിട്ടുണ്ട്. സുന്നി സഹോദരങ്ങള്‍ളില്‍ പലരും മനസ്സിലാക്കുന്നത് അഹ്ലുസുന്നത്ത് ജമാഅത്തില്‍ നിന്ന് പുറത്ത് പോയ നവീന ആശയക്കാരായിട്ടാണ്. പരസ്പര വിരുദ്ധമായ ഈ കാര്യങ്ങളെല്ലാം ഒരു സംഘടനയില്‍ ഒരുമിച്ച് കൂടുക സാധ്യമല്ലല്ലോ. ജമാഅത്തെ ഇസ്ലാമി സ്വയം അവകാശപ്പെടുന്നതും ഇത് വരെയുള്ള ജമാഅത്തിന്റെ ചരിത്രം സാക്ഷ്യപ്പെടുത്തുന്ന വസ്തുതയും എന്താണെന്ന് ബഹളങ്ങളുടെയും മുന്‍ധാരണകളുടെയും ഇടയില്‍നിന്ന് സാധാരണക്കാര്‍ക്ക് മാത്രമല്ല പണ്ഡിതന്‍മാര്‍ എന്നവകാശപ്പെടുന്നവര്‍ക്കും കാണാന്‍ സാധിക്കാതെ പോകുന്നുണ്ട്. പലരും ജമാഅത്തിനെ വിമര്‍ശിക്കുന്നത് കേള്‍ക്കുമ്പോള്‍ ഇവര്‍ ഏത് ജമാഅത്തെ ഇസ്ലാമിയെയാണ് വിമര്‍ശിക്കുന്നത് എന്ന് അത്ഭുതപ്പെടാറുണ്ട്. ഏതായാലും ഇതിലെ ബ്ളോഗുകള്‍ ഒന്നു ഓടിച്ചു വായിച്ചുനോക്കൂ. നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു സാധാരണ പ്രവര്‍ത്തകരില്‍ ഒരാള്‍ എങ്ങനെ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കാനെങ്കിലും ഉപകരിക്കും. എനിക്ക് പിണഞ്ഞ അപകടം എന്നെ ബോധ്യപ്പെടുത്താനുള്ള സംവിധാനവും ഇവിടെയുണ്ടല്ലോ. തുടര്‍ന്ന് വായിക്കുക.

 
Design by CKLatheef | Bloggerized by CKLatheef | CK