"പലവട്ടം പറഞ്ഞതാണു. ഇനിയും മനസ്സിലായില്ലെങ്കില്‍ ഒരു രക്ഷയുമില്ല. മുര്‍സിയെ താഴെ വീയ്തിയത് സഹികെട്ട ഈജിപ്തിലെ ജനഗള്‍ നടത്തിയ പ്രതിവിപ്ലമാണു.ആ വിപ്ലവത്തെ മാത്രമെ ഇവിടെ ആരും പിന്തുണച്ചിട്ടുള്ളൂ. പട്ടാള അക്രമങ്ങളെ എല്ലാവരും എതിര്‍ത്തിട്ടെ ഉള്ളൂ.."
തുര്‍ക്കിയില്‍ അര്‍ഗനാകോണ്‍ എന്ന സംഘടിത സംവിധാനത്തിലായിരുന്നു അധോവ്യവസ്ഥ പുലര്‍ന്നിരുന്നത്. സര്‍വീസിലുള്ളവരും, പെന്‍ഷന്‍പററിയവരുമായ ആയിരക്കണക്കിന് സൈനിക ജനല്‍മാര്‍, ജഡ്ജിമാര്‍, പോലീസ് ഓഫീസര്‍മാരുടെയും വന്‍കിട ബിസിനസുകാരുടെയും പ്രാദേശിക ഭരണാധികാരികളുടെയും ഒരു ഗൂഢസംഘമാണ് ( Turkish military, security, judiciary, and mafia) എര്‍ഗനാകോണ്‍. (Ergenekon). തുര്‍ക്കിയില്‍ ഈ സംഘം മൂന്ന് തവണയാണ് ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളെ അട്ടിമറിച്ചത്, 1960ലും 1971ലും 1980ലും മാത്രമല്ല 1997ല്‍ അധികാരത്തില്‍ വന്ന നജ്മുദ്ദീന്‍ അര്‍ബക്കാന്‍റെ ഗവണ്‍മെന്റിനെ ഭീഷണിപ്പെടുത്തി താഴെ ഇറക്കുന്നിതിലും അവര്‍ വിജയിച്ചു. എന്നാല്‍ ഉര്‍ദ്ദുഗാന്‍ അധികാരത്തിലേറിയപ്പോഴും ഈ സംഘം അടങ്ങിയിരുന്നില്ല. പക്ഷെ അതിസമര്‍ഥനായ ഉര്‍ദുഗാന്‍ വളരെ തന്ത്രപൂര്‍വം പെരുമാറുകയും ഇവരുടെ അട്ടിമറിശ്രമം പരാജയപ്പെടുത്തുകയും ചെയ്തു. അതിലെ പ്രതികള്‍ക്കാണ് ഉര്‍ദുഗാന്‍ ഇപ്പോള്‍ ശിക്ഷവാങ്ങികൊടുത്തത്. അതുകൊണ്ട് തന്നെയാണ് ആ വിധി ഉര്‍ദുഗാന്‍ സര്‍ക്കാരിന്റെ ചരിത്രവിജയമെന്ന് ലോകത്തെ രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെടാനുള്ള കാരണവും.
ഇപ്പോഴും ഇങ്ങനെ ചിന്തിക്കുന്നവരുണ്ട്. നേരത്തെ ഇങ്ങനെ ചിന്തിക്കുന്നവര്‍ വളരെകൂടുതലുണ്ടായിരുന്നു. എന്നാല്‍ പട്ടാളം എങ്ങനെയാണ് പിന്നീട് പ്രക്ഷോഭം നടത്തിയവരെ നേരിട്ടത് എന്ന് കണ്ട് സത്യം മനസ്സിലാക്കി അവരില്‍ മിക്കവരും. ഈ പോസ്റ്റ് തയ്യാറാക്കുന്നതിന് ഏഴ് മണിക്കൂര്‍ മുമ്പ് ഒരു സുഹൃത്ത് ഫെയ്സ് ബുക്കില്‍ ഇട്ട കമന്റ് അത്രയും സമയത്തിന് ശേഷവും ആരും ലൈക്ക് ചെയ്തിട്ടില്ലെങ്കിലും പലരിലും ഇതൊരു സംശയമായി അവശേഷിക്കാന്‍ സാധ്യതയുണ്ട്. അവര്‍ക്ക് വേണ്ടിയാണീ പോസ്റ്റ്. ഈ പോസ്റ്റ് ശ്രദ്ധയോടെ വായിച്ചാല്‍ മനസ്സിലാക്കും എന്തുകൊണ്ടാണ് യുദ്ധസമാനമായ പ്രതിക്രിയ മുര്‍സിക്ക് അനുകൂലമായി തെരുവിലിറങ്ങിയവരോട് പട്ടാളം അനുവര്‍ത്തിച്ചത് എന്നും. ഏതൊരു രാജ്യത്തും ചില പ്രക്ഷോഭങ്ങള്‍ അരങ്ങേറാറുണ്ട്. സ്വേഛാധിപത്യ ഏകാധിപത്യരാജ്യങ്ങളില്‍ അത്തരം പ്രതികരണങ്ങളെ എത്ര സമാധാനപരമാണെങ്കിലും ടാങ്കും പീരങ്കിയും ഉപയോഗിച്ചാണ് നേരിടാറുള്ളത്. ജനാധിപത്യരാജ്യങ്ങളില്‍ അവരെ അക്രമത്തിലേക്ക് നീങ്ങുകയാണെങ്കില്‍ മാത്രമേ പിരിച്ചുവിടാന്‍ ശ്രമിക്കാറുള്ളൂ. അതിന് തന്നെയും ടിയര്‍ഗ്യാസ്, ജലപീരങ്കി എന്നിവ ഉപയോഗിച്ചതിന് ശേഷം, പലതവണ വെടിവെപ്പിന് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം. (പലപ്പോഴും ഇത് ലംഘിക്കപ്പെടാറുണ്ട്. അതിന് കാരണം രാഷ്ട്രീയമായ സമ്മര്‍ദ്ദമാണ്. "നിങ്ങള്‍ അക്രമാസക്തമായ ഒരു ജനമാകുന്നു. അതിനാല്‍ പിരിഞ്ഞുപോകണം അല്ലാത്ത പക്ഷം വെടിവെക്കുന്നതാണ്..." എന്ന് മൂന്ന് തവണ മൈക്കിലൂടെ വിളിച്ച് പറയണമത്രേ. ഒരു പോലീസുകാരനില്‍നിന്ന് കേട്ടതാണ്). ചുരുക്കത്തില്‍ പറഞ്ഞുവന്നത് മുര്‍സിക്ക് ജനാധിപത്യം പോരാ എന്ന് പറഞ്ഞ് അദ്ദേഹത്തെ നീക്കിയതിന് ശേഷം തികച്ചും സ്വേഛാധിപതികളുടെ നിലപാടാണ് പട്ടാളം പ്രക്ഷോഭകരോട് സ്വീകരിച്ചത് എന്ന് സൂചിപ്പിക്കാനാണ്.
"...മുര്‍സി തെരഞ്ഞെടുത്ത ജനങ്ങളുടെ പ്രതീക്ഷയനുസരിച്ച് ഉയര്‍ന്നില്ല. മാത്രമല്ല ഏകാധിപത്യ പ്രവണതകാണിച്ചു. ഇഖ് വാന്‍ അജണ്ടയനുസരിച്ച് മുന്നോട്ട് പോയി. ഭരണഘടന പോലും മാറ്റാന്‍ ശ്രമിച്ചു. അതോടെ ജനം ഇളകി. ഗത്യന്തരമില്ലാതെ പട്ടാളം ഇടപെട്ട് മുര്‍സിയെ നീക്കി. അവര്‍ താല്‍കാലിക പ്രസിഡണ്ടിനെയും പ്രധാനമന്ത്രിയെയും നിയമിച്ചു. മുര്‍സിക്ക് അനുകൂലമായി പ്രക്ഷോഭം നടത്തിയവരെ ചര്‍ചക്ക് ക്ഷണിച്ചു. പക്ഷെ അവര്‍ ചര്‍ചക്ക് സന്നദ്ധമായില്ല. പട്ടാളം മുന്നറിയിപ്പ് നല്‍കി. പ്രക്ഷോഭകര്‍ അത് ലംഘിച്ചു. സ്വാഭാവികമായും പട്ടാളം ശക്തി ഉപയോഗിച്ച് പ്രക്ഷോഭകരെ തുടച്ച് നീക്കി. കുറേ പേര്‍ കൊല്ലപ്പെട്ടു. അത് തന്നെയും ഇഖ് വാനുല്‍ മുസ്ലിമൂന്റെയും ജസ്റ്റിസ് ആന്‍റ് ഫ്രീഡം പാര്‍ട്ടിയുടെയും പിടിവാശികൊണ്ടാണ്...." നെറ്റ് ലോകത്ത് ഇങ്ങനെ ലളിതമായി കണ്ടത് വെച്ച് മാത്രം ചിന്തിക്കുകയും വിലയിരുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ധാരാളമാണ്. കാര്യങ്ങളെ ശരിക്ക് വിലയിരുത്തിയാല്‍ അല്‍പം മാത്രമേ മുകളില്‍ നല്‍കിയവയില്‍ സത്യമുള്ളൂവെന്ന് മനസ്സിലാകും.
ഈജിപ്തിലെ ഈ അട്ടിമറി പഠനവിധേയമാക്കുന്നവര്‍ക്ക് അവഗണിക്കാന്‍ സാധ്യമല്ലാത്ത അനുഭവമാണ് ആധുനിക തുര്‍ക്കിയുടേത്. ഈജിപ്ത് ഇപ്പോള്‍ അഭിമുഖീകരിച്ച പ്രതിസന്ധികളിലൂടെ തുര്‍ക്കി വര്‍ഷങ്ങള്‍ക്ക് മുമ്പ് കടന്നുപോയി. ഇയ്യിടെ അവിടെനിന്നുള്ള ഒരു വാര്‍ത്ത ഒരു പക്ഷെ അധികമാരും ശ്രദ്ധിച്ച് കാണില്ല. തുര്‍ക്കിയിലെ അട്ടിമറിശ്രമത്തിന് മുന്‍ സൈനിക മേധാവിയടക്കം 275 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ച വാര്‍ത്തയായിരുന്നു അത് വാര്‍ത്ത പൂര്‍ണമായി വായിക്കാന്‍ ഇതോടൊപ്പമുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. സത്യത്തില്‍ ഈജിപ്തില്‍ ഇപ്പോള്‍ സംഭവിച്ചത്. ജനാധിപത്യരൂപത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മുര്‍സി ഭരണകൂടത്തിന് തങ്ങള്‍ക്കെതിരെ നടന്ന അട്ടിമറി ശ്രമം പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നതാണ്. ഇത് മാത്രമാണ് മുര്‍സിയുടെ കഴിവുകേടായി ഞാന്‍ മനസ്സിലാക്കുന്നത്. എന്തുകൊണ്ട് മുര്‍സിക്ക് അതിന് സാധിച്ചില്ല എന്ന ചോദ്യം പ്രസക്തമാണ്. അതിന് അതേക്കുറിച്ച് പഠിച്ചവര്‍ കണ്ടെത്തിയ വിവരം ഇവിടെ പങ്കുവെക്കുന്നു.
നാം പ്രത്യക്ഷത്തില്‍ കാണുന്ന ഭരണകൂടവും ഭരണാധികാരിയുമല്ല മിക്കവാറും രാജ്യങ്ങളുടെ നയനിലപാടുകളും സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. ലളിതമായി പറഞ്ഞാല്‍ അമേരിക്കയില്‍ യഥാര്‍ഥത്തില്‍ ഭരിക്കുന്നത് ഒബാമയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ അല്ല ഇന്ത്യ ഭരിക്കുന്നത് പൂര്‍ണമായും മന്‍മോഹന്‍സിംഗോ കോണ്‍ഗ്രസ് പാര്‍ട്ടിയോ അല്ല. അവര്‍ ചില സ്വാധീനങ്ങള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ വിധേയരാണ്. അതില്‍നിന്ന് കുതറിമാറാന്‍ പോലും അവര്‍ക്ക് സാധ്യമല്ല. ഞാന്‍ മനസ്സിലാക്കുന്നു. ഒബാമ വിചാരിച്ചാലും ഗോണ്ടനാമോ തടവറ അടച്ചുപൂട്ടാനാവില്ല. ഇസ്രായേലിനുള്ള സഹായം നിര്‍ത്താനാവില്ല. അതിന് മറ്റുചിലര്‍ വിചാരിക്കണം. പ്രത്യക്ഷത്തില്‍ പൊതുജനത്തിന് ശ്രദ്ധയില്‍പെടാത്ത ഒരു അധോവ്യവസ്ഥയാണ് യഥാര്‍ത്തില്‍ ഭരണകൂടത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. ജനാധിപത്യരാജ്യങ്ങളില്‍ പോലും അവ അതിശക്തമാണ്. എന്നിരിക്കെ സ്വേഛാധിപത്യരാജ്യങ്ങളിലും ഏകാധിപത്യ-രാജാധിപത്യരാജ്യങ്ങളിലും അവയുടെ സ്വാധീനം പറയായിരിക്കുന്നതാണ് നല്ലത്. ആധുനിക രാഷ്ട്രീയമീംമാസകരടും ഭാഷയില്‍ ഡീപ്പ് സ്റ്റേറ്റ് എന്നാണ് ഈ തലത്തിന് പറയുക. അധോവ്യവസ്ഥ എന്ന് സൌകര്യാര്‍ഥം ഇതിനെ നമുക്ക് പരിഭാഷപ്പെടുത്താം.
ഇത്തരം ഒരു തലം മിക്ക രാജ്യങ്ങളിലും നിലനില്‍ക്കുന്നുണ്ട് എന്ന് പറഞ്ഞല്ലോ. രാജ്യത്തിനകത്ത് മറ്റൊരു രാജ്യമായി ("state within the state") ഇവ നിലനില്‍ക്കുന്നു. അമേരിക്കയിലെ അധോവ്യവസ്ഥ നിയന്ത്രിക്കുന്നത് മിലിറ്ററി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ് ആണ് . ബഹുരാഷ്ട്രക്കുത്തകകളും സൈനികരും അധികാരകേന്ദ്രങ്ങളില്‍ സ്വാധീനമുള്ളവരും ആയുധനിര്‍മാണ ശാലകളും അടങ്ങുന്ന ശക്തമായ ഒരു കൂട്ടായ്മയാണത്. അമേരിക്കയുടെ നയങ്ങളെ സ്വാധീനിക്കുക മാത്രമല്ല. ആര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍വരണമെന്ന് തീരുമാനിക്കാന്‍ വരെ ഇവര്‍ക്ക് ഒരു പരിധിവരെ സാധിക്കും. അമേരിക്ക ഒരു ജനാധിപത്യരാജ്യമായതിനാല്‍ അവരുടെ പ്രത്യക്ഷമായ ഇടപെടലിന് പരിധിയുണ്ടാകും എന്ന് മാത്രം. സ്വേഛാധിപത്യരാജ്യങ്ങളിലെ അധോവ്യവസ്ഥ ചെയ്യുന്നത് സ്വേഛാധിപത്യത്തെയും രാജാധിപത്യത്തെയും താങ്ങി നിര്‍ത്തുക എന്നതാണ്. അറബ് ദേശങ്ങളിലുള്ള മിക്ക അധോവ്യവസ്ഥയുടെയും കടിഞ്ഞാല്‍ പാശ്ചാത്യ രാജ്യങ്ങളിലായിരിക്കും. എന്ന് വെച്ചാല്‍ യു.എ.ഇ, സൌദി, കുവൈത്ത് പോലുള്ള രാജ്യങ്ങളില്‍ ഭരണാധികാരികള്‍ ചെയ്യുന്നത് അത് ചെയ്യുന്നവരുടെയും അവിടുത്തെ ജനങ്ങളുടെയും താല്‍പര്യമല്ല. ഈ അധോവ്യവസ്ഥയുടെ താല്‍പര്യമനുസരിച്ചാണ്. അമേരിക്ക ഒരു ഉദാഹരണത്തിന് പറഞ്ഞുവെന്ന് മാത്രം. ഇന്ത്യയിലും ഈ അധോവ്യവസ്ഥ ശക്തമാണ്. ഇയ്യിടെ പെട്ട്രോള്‍ ഡീസല്‍ വിലവര്‍ദ്ധിപ്പിക്കാനും പഞ്ചസാര വിലവര്‍ദ്ധിപ്പിക്കാനുമുള്ള അധികാരം ആ കമ്പനികള്‍ക്ക് തന്നെ വിട്ടുകൊടുത്തത് ആരാണ് ഇന്ത്യയിലെ ഡീപ്പ് സ്റ്റേറ്റിന്റെ നിയന്ത്രണം വഹിക്കുന്നത് എന്നതിന്റെ സൂചനയാണ്. ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഭരണകൂടത്തിലെയും പലപ്പോഴും പ്രതിപക്ഷത്തിലെയും ഒരു സംഘം പ്രവര്‍ത്തിക്കും. ഏകാധിപതികള്‍ എങ്ങനെയാണ് മുപ്പതും നാല്‍പതും കൊല്ലം ജനഹിതത്തിന് വിരുദ്ധമായി അധികാരത്തില്‍ തുടരുന്നത് എന്ന് ചോദിച്ചാല്‍ അവരുടെ മുഖ്യശക്തി ഈ അധോവ്യവസ്ഥയാണ് എന്ന് കാണാം. ജനാധിപത്യരാജ്യങ്ങളില്‍ പ്രത്യക്ഷത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണാധികാരികളെ കാണാമെങ്കിലും സ്വേഛാധിപത്യ ഏകാധിപത്യരാജ്യങ്ങളില്‍ ജനങ്ങളെ പൂര്‍ണമായി നിയന്ത്രിക്കുന്നത് ഈ അധോ വ്യവസ്ഥയാണ്. ഏകാധിപതി അതിന്റെ മുന്നണി പോരാളിയാണ് എന്ന് മാത്രമേയുള്ളൂ.
ഡീപ് സ്റ്റേറ്റ് ഭരണം നടത്തിവന്നതിന്റെ ഏറ്റവും നല്ല മാതൃകയാണ് ഈജിപ്ത്. പട്ടാളമാണ് അതിന്റെ മുഖ്യഘടകം. രാഷ്ട്രനായകന്‍മാരെയും, സാമ്പത്തിക ശക്തികളെയും, മാധ്യമങ്ങളെയും അവര്‍ ഉപയോഗപ്പെടുത്തുന്നു. കൂടാതെ വളരെ ശക്തമായ ഗുണ്ടാസംഘങ്ങളെയും ജനങ്ങളില്‍നിന്ന് അവര്‍ തെരഞ്ഞെടുക്കും. അവര്‍ക്ക് ആവശ്യമായ ആയുധങ്ങള്‍ പട്ടാളം തന്നെ വിതരണം ചെയ്യും. അവരുടെ ഒരു ചെയ്തിയെയും പട്ടാളം നിയന്ത്രിക്കുകയില്ല. ഈ സംഘങ്ങളെ ഉപയോഗിച്ച് തന്നെ ജനങ്ങളുടെ മുന്നേറ്റങ്ങളെ അവര്‍ക്ക് പിടിച്ച് കെട്ടാനാവും.
ഇവിടെ തുര്‍ക്കിയുടെ ഉദാഹരണം പറഞ്ഞത് ബോധപൂര്‍വമാണ്. വിഷയം ഈജിപ്തിലെ അട്ടിമറിയാണ്. ഈജിപ്തിലെ ഡീപ്പ് സ്റ്റേറ്റ് നിയന്ത്രിക്കുന്നത് പൂര്‍ണമായും അവിടുത്തെ പട്ടാളമാണെന്ന് പറഞ്ഞു. അതില്‍ തന്നെ ലോകത്ത് ഒരിടത്തുമില്ലാത്ത ഒരു പ്രത്യേകത ഈജിപ്ത്യന്‍ പട്ടാളത്തിനുണ്ട് 1.3 ബില്ല്യാണ്‍ ഡോളറാണ് (8000 കോടി ഇന്ത്യരൂപ) അമേരിക്ക ഈജിപ്ത്യന്‍ പട്ടാളത്തിന് ശംബളമായി നല്‍കുന്നത്. ഇസ്രായേല്‍ കഴിച്ചാല്‍ അമേരിക്ക ഏറ്റവും കൂടുതല്‍ സഹായം നല്‍കുന്നത് ഈജിപ്തിനാണ്. ഇന്നത്തെ വാര്‍ത്തയില്‍ അത് പുനരാലോചന നടത്താന്‍ ഒബാമ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും കേവലം തന്ത്രത്തിനപ്പുറം അതിന് ഗൌരവം നല്‍കിയാല്‍ നാം വിഢികളാവും. ഈജ്പിതിലെ അധോവ്യവസ്ഥയില്‍ ഉള്ളത്, സുരക്ഷാസേന, സാമ്പത്തിക ശക്തികള്‍, മാധ്യമങ്ങള്‍, ജുഡീഷ്യറി എന്നിവയാണ്. ഇതോടൊപ്പമാണ് മാഫിയാ സംഗങ്ങള്‍. , കൂടാതെ ഗുണ്ടാ സംഘങ്ങളും ഈജിപ്തിലെ ജനങ്ങള്‍ ഇവരെ വിളിക്കുന്നത് ബല്‍ത്വജിയ എന്നാണ്. പട്ടാളം ആയുധമണിച്ച് ഫോട്ടോയെടുത്ത് മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ഇവരെയാണ്. മുര്‍സി വിരുദ്ധ പ്രക്ഷോഭകാലത്ത് ഇഖ് വാനികളുടെ ഓഫീസുകള്‍ തകര്‍ക്കുകയും അമ്പതിലധികം ഇഖ് വാനികളെ നിഷ്ടൂരമായി കൊല ചെയ്യുകയും ചെയു ഈ തെമ്മാടിക്കൂട്ടം. സ്വാഭാവികമായും ഇഖ് വാന്‍ പ്രക്ഷോഭം നടത്തുമ്പോള്‍ കൊലനടത്തുന്നതും അവരായിരിക്കും എന്നാണ് സാധാരണ ലോകര്‍ കരുതുക. അതേ ഊഹം വെച്ച് പലരും നെറ്റില്‍ ഇടപെട്ടുകാണുന്നു. അവരില്‍ സത്യം മനസ്സിലാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടിയാണ് വീണ്ടും ഈജിപ്ത വിഷയം പറയേണ്ടിവരുന്നത്.
തുണീഷ്യയില്‍ ആരംഭിച്ച അറബ് വസന്തം അടിച്ചുവിശിയപ്പോള്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ പ്രതികരിച്ചത് വിവിധ സ്വഭാവത്തിലാണ്. ഏറ്റവും ബുദ്ധിപരമായി പ്രവര്‍ത്തിച്ചത് ഹുസ്നിമുബാറക്ക് ആണെന്ന് തോന്നുന്നു. ഏറ്റവും ബുദ്ധിശൂന്യമായി പ്രവര്‍ത്തിച്ചത് ലിബിയയിലെ മുഅമ്മര്‍ ഖദ്ദാഫിയും. ആ സമയത്ത് ഇളകിയ ജനത്തെ വെടിവെച്ച് പ്രകോപിച്ച് അവര്‍ സൈന്യത്തോട് ആയുധങ്ങളുമായി ഏറ്റുമുട്ടി ഖദ്ദാഫിയെ വധിക്കുന്നതില്‍ അത് ചെന്നത്തി. ഒരു പക്ഷെ ഖദ്ദാഫിയെ നിലനിര്‍ത്തുന്നതിനേക്കാള്‍ അവിടെ ഒരു അഫ്ഘാന്‍ മോഡല്‍ പിണിയാളിനെകിട്ടാന്‍ വേണ്ടിയാകും അമേരിക്കന്‍ ലോബി ആഗ്രഹിച്ചിട്ടുണ്ടാവുക. അതിനാല്‍ അത് നടന്നു. എന്നാല്‍ ഹുസ്നിമുബാറക്ക് അവസാനം വരെ അമേരിക്കയുടെ വേണ്ടപ്പെട്ടവനാണ്. അതിനാല്‍ വളരെ തന്ത്രപരമായ ഒരു നാടകം അവിടെ അരങ്ങേറി. നാം നേരത്തെ കണ്ട തന്റെ ഇഷ്ട അധോവ്യവസ്ഥയുടെ ആളുകള്‍ക്ക് തന്നെ ഏല്‍പിച്ചുകൊടുത്തു. അവര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. മുബാറക്ക് തല്‍കാലം രംഗം വിടുകയാണ് ചെയ്തത്. ജനകീയ പ്രക്ഷോഭം ഭയന്ന് മാറിനിന്നതാണ് എന്ന് ധരിച്ച് നാം വിഢികളാണ്. സത്യത്തില്‍ നടന്നത്, തല്‍കാലം ഭരണം തന്റെ ഇഷ്ടദാസന്‍മരെ ഏല്‍പിക്കുകയാണ്. അവര്‍ ആരെക്കെ എന്ന് നോക്കാം. സൈനിക ഇന്റലിജന്‍സിന്റെ (മുഖാബറാത്ത്) തലവന്‍ ജനറല്‍ ഉമര്‍ സുലൈമാന്‍, നാസിറിന്റെയും സാദാത്തിന്റെയും മുബാറകിന്റെയും കാലത്ത് അതിന്റെ താക്കോല്‍ സ്ഥാനത്തുണ്ടായിരുന്ന സഫ് വത്ത് ശരീഫ്, അഭ്യന്തരമന്ത്രി ഹബീബ് ആദ് ലി, ബിസിനസ് ഗ്രൂപിനെ നിയന്ത്രിച്ചുകൊണ്ട് മുബാറക്കിന്റെ പുത്രനായ ജമാല്‍ മുബാറക്ക്. ഇവര്‍ക്കാണ് ഹുസ്നി മുബാറക്ക് അധികാരം വിട്ടുകൊടുത്തത്, ഇവര്‍ക്ക് മാത്രമാണ് മുബാറക്ക് ഭരണം വിട്ടുകൊടുത്തത്. അല്ലാതെ സൈന്യം ഇവിടെ കേവലം നിയമപാലകരും രാജ്യത്തിന്റെ സംരക്ഷകരും മാത്രമല്ല. ഇന്ത്യയുടെ അവസ്ഥവെച്ച് നാം ഈജിപ്തിനെയും വായിക്കുമ്പോള്‍ ഗുരുതരമായ തെറ്റ് പറ്റും. സൈന്യത്തിലെ ജൂനിയര്‍ ഓഫീസര്‍മാര്‍ അട്ടിമറിയില്‍ പങ്കാളികളാകുമോ എന്ന് ഭയപ്പെട്ട കൊണ്ട് പെട്ടെന്ന് അമേരിക്കയുടെ നിര്‍ദ്ദേശത്തോടെ പട്ടാള മേധാവികള്‍ നിര്‍ബന്ധിച്ച് സ്ഥാനത്യാഗം ചെയ്യിക്കുകയായിരുന്നു ഹുസ്നിമുബാറക്കിനെ എന്ന് വി.എ. കബീറിനെ പോലുള്ളവര്‍ നേരത്തെ പറഞ്ഞിരുന്നു, അത് സത്യമാണ് ഇപ്പോള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. കാരണം ഈ അട്ടിമറിയോടെ ആദ്യം ചെയ്തത് ഹുസ്നി മുബാറക്കിനെ കുറ്റമുക്തമാക്കുക എന്ന പരിപാടിയാണ്.
ഇനി എങ്ങനെയാണ് വിപ്ലവത്തിന് ശേഷം ഈ ഡീപ്പ് സ്റ്റേറ്റിന്റെ വക്താക്കള്‍ കര്‍മനിരതരായത് എന്ന് നോക്കാം. പ്രധാനമായും ഇവര്‍ രണ്ട് മേഖലയിലാണ് ഉള്ളത്. ഒന്ന്. ഭരണസ്ഥാപനങ്ങളിലും കായികരംഗത്തും ജുഡീഷ്യറിയിലും മുന്‍നിരയിലുള്ളവര്‍ രണ്ട്. സെക്യറിറ്റി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘങ്ങള്‍ . മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഭീകരപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് ഇവരുടെ പ്രധാന ദൌത്യം. ഇതില്‍ ആദ്യത്തെ സംഘം നേടിയ വിജയം ഈജിപ്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും സുതാര്യമെന്ന് അന്തരാഷ്ട്രനിരീക്ഷക സംഘം വിലയിരുത്തിയ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന പാര്‍ലമെന്റ് ഭൂരിപക്ഷത്തോടെ പാസാക്കിയ ഒന്നാണ്. മുന്‍ഭരണകൂടത്തിലെ നേതൃസ്ഥാനത്തിരുന്നവരെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കണം എന്ന വകുപ്പ്. അതിനെ കോടതി റദ്ദ് ചെയ്തു അഹ്മദ് ഷഫീഖിന് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാഹചര്യം ഒരുക്കി. ഇതാണ് വിപ്ലവത്തിന് മേല്‍ ഡീപ് സ്റ്റേറ്റ് നേടിയ ആദ്യത്തെ വിജയം എന്ന് കെയ്റോ യുണിവേഴസിറ്റി പൊളിറ്റിക്കല്‍ സ്കോളര്‍ പ്രഫ. ഡോ. സൈഫുദ്ധീന്‍ അബ്ദുല്‍ ഫത്താഹ് പറയുന്നു. പാര്‍ലമെന്റ് കൂടി പിരിച്ച് വിട്ട് ഡീപ്പ് സ്റ്റേറ്റ് അതിന്റെ വിജയം പാരമ്യതയിലെത്തിച്ചു.
തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ താല്‍പര്യമനുസരിച്ച് മുര്‍സിക്ക് ഭരിക്കാന്‍ കഴിഞ്ഞില്ല എന്ന ആരോപണം നല്ല ഒരു അളവോളം സത്യമാണ്. അത്ര തന്നെ സത്യമാണ് അദ്ദേഹത്തെ അതിന് ഡീപ്പ് സ്റ്റേറ്റ് അനുവദിച്ചില്ല എന്നതും. അത് എന്തുകൊണ്ട് ? എന്ന ചോദ്യവും എങ്ങനെ എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.
എന്ത് കൊണ്ട് മുര്‍സിയെ ഭരിക്കാന്‍ അനുവദിച്ചില്ല.
ഈ ചോദ്യം വിശകലനം ചെയ്യുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഉത്തരം വ്യക്തമാണ്. മുര്‍സി ചരിത്രത്തിലാധ്യമായി ജനങ്ങളുടെ പ്രതിനിധിയാണ്. മാത്രമല്ല അനീതിയും അക്രമവും ഒട്ടും സ്വീകാര്യമല്ലാത്ത ഒരു ഇസ്ലാമിക പാര്‍ട്ടിയുടെ പ്രതിനിധി. അദ്ദേഹത്തെ ഭരിക്കാന്‍ വിട്ടാല്‍ സ്വയം ശവക്കുഴി തോണ്ടുകയായിരിക്കും ഡീപ്പ് സ്റ്റേറ്റിനെ സംബന്ധിച്ചിടത്തോളം അത്. മുര്‍സി ഭരിക്കുന്നത് അവര്‍ക്ക് സ്വന്തം മരണമണിക്ക് കാതോര്‍ക്കുന്നതിന് തുല്യമാണ്. മുര്‍സിക്ക് പ്രതിബദ്ധത സത്യത്തോടും അതിലൂടെ ജനങ്ങളോടും മാത്രമായിരിക്കും. എന്നാല്‍ ഡീപ്പ് സ്റ്റേറ്റിന്‍റെ നിലനില്‍പ്പ് അക്രമത്തിലും അധര്‍മത്തിലും കളവിലും മാത്രമാണ്. ഇത് മനസ്സിലാക്കാന്‍ വലിയ ചിന്തയൊന്നും വേണ്ട. രണ്ട് കൂട്ടരും ആരാണ് എന്ന് സ്വതന്ത്രമായി പഠിച്ചാല്‍ മാത്രം മതി. അതിനാല്‍ എന്താണ് അതിന് വേണ്ടി ഈ അധോവ്യവസ്ഥ ചെയ്തത് എന്ന് കുറേകൂടി ആഴത്തില്‍ പരിശോധിക്കാം.
ഡീപ്പ് സ്റ്റേറ്റ് എന്തെല്ലാം ചെയ്തു.
രാജ്യത്തിലെ മിക്കവാറും എല്ലാ ഭരണസ്ഥാപനങ്ങളും സേനയുടെ നീരാളിപിടുത്തത്തിലാണ്. സൂപ്പര്‍മാര്‍ക്കെറ്റുകള്‍ റോഡ്-പാര്‍പ്പിട നിര്‍മാണം, റിസോര്‍ട്ട മാനേജ്മെന്റ്, റിയല്‍ എസ്റ്റേറ്റ്. രാജ്യത്തിന്റെ സാമ്പത്തിക സ്രോതസിന്റെ 40 ശതമാനം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് എന്ന് പത്രപ്രവര്‍ത്തകനായ ജോഷോ ഹാമ്മര്‍ (Joshua Hamer) പറയുന്നു. സാധാരണ ജനങ്ങള്‍ക്കാവശ്യമായ സാധനങ്ങളും സൈനികോപകരണങ്ങളും നിര്‍മിക്കുന്ന ഒമ്പത് ഫാക്ടറികളുടെ മേല്‍നോട്ടം വഹിക്കുന്നത് സേനയുടെ കീഴിലുള്ള ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയലൈസേഷനാണ്. 1993-ല്‍ സൌദിയുടെയും യു.എ.ഇയുടെയും മുതല്‍മുടക്കോടെയാണിത് സ്ഥാപിച്ചത്. പിന്നീട് അവരുടെ ഓഹരികള്‍ മുഴുവനും ഈജിപ്തിന് വിട്ടുകൊടുത്തു. ക്രോണി കാപ്പിറ്റലിസമാണ് ഈജിപ്തിലുണ്ടായിരുന്നത്. ഇത്തരമൊരു സംവിധാനത്തില്‍ ജനാഭിലാഷത്തെ സാക്ഷാല്‍കരിക്കുന്ന ഒരു ഭരണകൂടം നടത്തികൊണ്ട് പോകുന്നത് എളുപ്പമല്ല. ജനജീവിതം ദുസ്സഹമാക്കാന്‍ പട്ടാളം വിചാരിച്ചാല്‍ മാത്രം മതി. മുര്‍സി ഭരണമേറ്റെടുത്തപ്പോള്‍ അവരത് തന്ത്രപൂര്‍വം പ്രയോഗിച്ചു. മുര്‍സി ഭരണം ഏറ്റെടുത്തതോടെ ഇന്ധന ക്ഷാമം രൂക്ഷമായി കാരണം അവ ഭൂരിപക്ഷവും പട്ടാളം ഉടമസ്ഥതയിലും ബാക്കിയുള്ളവ അല്‍പം മാത്രം സ്വാകാര്യവ്യക്തികളുടേതുമായിരുന്നു. ഇതേ കേവലം ഊഹമല്ല. കാരണം ജൂലൈ 4 നേ പട്ടാള അട്ടിമറി നടന്ന ഉടനെ മുര്‍സിയുടെ കാലത്തുള്ള ഇന്ധന ക്ഷമാം തീര്‍ന്ന് പെട്ട്രോളും ഡീസലും സുലഭമായി ലഭിക്കാന്‍ തുടങ്ങി. തീര്‍ചയായും മുര്‍സിയുടെ കഴിവുകേടാണ് ഈ ഇന്ധന ക്ഷാമം എന്ന് ധരിച്ചിട്ടുള്ള പാവങ്ങള്‍ ഉണ്ടാവും. അതിനാല്‍ മുര്‍സിക്ക് എതിരായി തെരുവിലറങ്ങിയ മുഴുവന്‍ ജനങ്ങളും പട്ടാളത്തിന്റെ പിണിയാളുകളാണ് എന്ന് കരുതുന്നില്ല. ആ ജനങ്ങളുടെ പ്രക്ഷോഭം ശ്രദ്ധിച്ചാല്‍ അറിയാം അക്രമാസക്തമായിരുന്നു അത്. ഇവിടെയാണ് ഡീപ്പ് സ്റ്റേറ്റിന്റെ നിഗൂഢ വിംഗിന്റെ പ്രവര്‍ത്തനം. ബ്ലാക്ക് ബ്ലോക്ക് എന്നറിയപ്പെടുന്ന അജ്ഞാത സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കയ്യും കെട്ടിനിന്ന് സൈന്യം അവരുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അവര്‍ തന്നെയാണ് പിന്നിട് സമാധാനപരമായ ഇഖ് വാനികളുടെ പ്രക്ഷോപത്തിന് നേരെ നിറയൊഴിച്ചതും.
സാമ്പത്തിക ശക്തികള്‍ നടത്തിയ ശ്രമം
ഡീപ്പ് സ്റ്റേറ്റിന്റെ ശക്തമായ ഒരു വിഭാഗമാണ് സാമ്പത്തിക ശക്തികള്‍. മുന്‍ഭരണകക്ഷിയായ നാഷ്ടണല്‍ പാര്‍ട്ടിയുടെ പരിലാളനയില്‍ വളര്‍ന്നവരാണ് ഈജിപ്തിലെ സാമ്പത്തിക ശക്തികള്‍. ഈ വന്‍ ബിസിനസ് ഗ്രൂപ്പുകള്‍ക്ക് കാലാകായിക രംഗത്തും മാധ്യമരംഗത്തും ജുഡീഷ്യറിയിലെയും ബ്യൂറോക്രാറ്റുകളെ വിലക്കെടുക്കാന്‍ കഴിയും. എല്ലാ രാജ്യത്തെയും പോലെ തന്നെ. മുര്‍സിയെ തൂത്ത് മാറ്റാന്‍ വന്‍തോതില്‍ പണമിറക്കി ആളുകളെ സംഘടിപ്പിച്ചത് ഇവരിലൂടെയായിരുന്നു. മുര്‍സി ഭരണകൂടം വിചാരണ ചെയ്ത് ശിക്ഷവിധിച്ച ഫുഡ് ബോള്‍ കലാപത്തിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ ഉണ്ടാക്കപ്പെട്ട കോലാഹലം നമുക്ക് അറിവുള്ളതാണല്ലോ. കാരണം ഒന്ന് മാത്രം ഇതേ ബിസിനസ് ഗ്രൂപിന്റെ ഗുണ്ടകളെയാണ് മുര്‍സി വിചാരണ ചെയ്തത്. ഈ അധോവ്യവസ്ഥ അധികാരം കയ്യാളുമ്പോള്‍ മുര്‍സി ഒരു കുറ്റവാളിക്ക് പോലും ശിക്ഷനല്‍കാന്‍ ആവതില്ലാതെ പോവുക സ്വാഭാവികം. ആ നിലക്ക് മുര്‍സി കഴിവ് കെട്ട ഭരണാധികാരിയല്ല. കഴിവ് ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വന്ന ഭരണാധികാരിയായിട്ടാണ് ചരിത്രം രേഖപ്പെടുത്തുക.
മാധ്യമങ്ങള്‍ ചെയ്തത്.
അധോവ്യവസ്ഥയുടെ ശക്തമായ ഒരു ഉപകരണമാണ് എന്നും മാധ്യമങ്ങള്‍ . അറുപത് വര്‍ഷമായി ഏകാധിപത്യത്തിന് ജയജയപാടുക എന്നതല്ലാത്ത ഒന്നും ചെയ്ത് പരിചയമില്ലാത്ത ഈജിപ്തിലെ മാധ്യമങ്ങള്‍ മുര്‍സി ഭരണത്തിലേറിയ അന്ന് തുടങ്ങി. അദ്ദേഹത്തെയും ഭരണത്തെയും താറടിക്കാനുള്ള പരിപാടികള്‍ . പ്രശസ്ത അറബി പത്രപ്രവര്‍ത്തകനായ ഫഹ് മി ഹവൈദ് ചൂണ്ടിക്കാണിച്ച പോലെ മുര്‍സിയുടെ യഥാര്‍ഥ പ്രതിപക്ഷം ജനകീയമായി അടിത്തറയില്ലാത്ത പ്രതിപക്ഷകക്ഷികളായിരുന്നില്ല, മറിച്ച് മീഡിയയായിരുന്നു. മുര്‍സി ഭരണകൂടം പുതിയ നിയമനങ്ങള്‍ നടത്തിയപ്പോള്‍ മാധ്യമ സ്വതന്ത്ര്യത്തില്‍ ഇടപെടുന്നുവെന്ന് വലിയ ബഹളം വെച്ച് അവര്‍ക്ക് പിന്തിരിപ്പിക്കാന്‍ സാധിച്ചു. അവരുടെ ഇടപെടല്‍ എത്രത്തോളമെന്നാല്‍ മുര്‍സിക്കെതിരെ ജനങ്ങളോട് തെരുവിലിറങ്ങാന്‍ പോലും അവതാരകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ജോര്‍ഡാന്‍ പത്രപ്രവര്‍ത്തകനായ അഹ്മദ് ദുബ് യാന്‍ താനിങ്ങനെ ഒരു സംഭവം ഇന്ന് വരെ കണ്ടിട്ടില്ല എന്ന് പറഞ്ഞ് അത്ഭുതം കൂറുന്നു. ഇത് ഭരണകൂടത്തിന്റെ ചാനലുകളുടെ കാര്യം. സ്വകാര്യചാനലാകട്ടേ അതിലും കഷ്ടം. അവ ഇതേ അധോസഭയിലുള്ള ബിസിനസ് ഗ്രൂപ്പുകളുടേതാണ്. കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് ബിസിനസ് ഗ്രുപ്പുകള്‍ക്ക് സ്വതന്ത്രചാനലുകള്‍ . നിരവധി ചാനലുകളുടെ ഉടമയും വന്‍ കിട ബിസിനസുകാരനുമായ നജീബ് സാര്‍വീസ് 50 ബില്ല്യണ്‍ ഈജിപ്ഷ്യന്‍ പൌണ്ട് ഇക്കാര്യത്തായി ഒഴുക്കിയതായി ചില റിപ്പോര്‍ട്ടുകളുണ്ട്. ഈ പണത്തിന്റെ ഉറവിടം അജ്ഞാതമാണ്.
പത്രങ്ങളുടെ അവരുടെ പങ്കുവഹിച്ചു. ഇവരുടെ പ്രധാനപരിപാടി ഇഖ് വാനെതിരെ കല്ലുവെച്ച നുണ പ്രചരിപ്പിക്കലായിരുന്നു. ഇഖ് വാന് സുഡാനില്‍നിന്ന് ആയുധം തേടുന്നു വെന്ന് പ്രധാന വര്‍ത്തയാക്കി അല്‍അഹാലിയുടെ റിപ്പോര്‍ട്ട് വന്നു. ഇടതുപക്ഷത്തിന്റേതാണ് ഈ പത്രം. നമ്മുടെ നാട്ടിലെ പോലെ പരമാവധി ഇഖ് വാനെക്കുറിച്ച് ഭീതിജനപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ഒരു സലഫി ശൈഖിന്റെ കഠാര ഉയര്‍ത്തിപ്പിടിച്ച പടത്തോടുകൂടി ചര്‍ചുകള്‍ക്ക് തീവെച്ചില്ലെങ്കില്‍ നമ്മള്‍ ആണുങ്ങളല്ല എന്ന പ്രസ്താവന അല്‍ഫജ് ര്‍ പത്രം ബാനര്‍ തലക്കെട്ടില്‍ പ്രസിദ്ധിപ്പെടുത്തി. പത്രം നല്‍കിയ പടം ഈജിപ്തുകാരന്റെത് പോലും ആയിരുന്നില്ല. ജോര്‍ഡാനിയുടേതായിരുന്നു. ജെയ്ഷെ മുഹമ്മദ് എന്ന സംഘത്തിന്റെ തലവന്‍ . ഖത്തറിന്റെ മുര്‍സിയോടുള്ള സോഫ്റ്റ് കോര്‍ണര്‍ ലക്ഷ്യം വെച്ച് ഖത്തര്‍ പണത്തിന് പകരമായി സൂയസ് കനാല്‍ പണയം വെക്കുന്നുവെന്നായിരുന്നും മറ്റൊരു പ്രചാരണം.
തെരഞ്ഞെടുപ്പില്‍നിന്ന് സൈന്യം പ്രതീക്ഷിച്ചത്.
തെരഞ്ഞെടുപ്പില്‍നിന്ന് സൈന്യം പ്രതീക്ഷിച്ചത്.
പിന്നെ എന്തിനാണ് സൈന്യം വളരെ നിഷ്പക്ഷമായ ഒരു തെരഞ്ഞെടുപ്പിന് കളമൊരുക്കിയത് എന്ന ഒരു ചോദ്യം വായനക്കാര്‍ക്ക് ഉണ്ടാവും. ഇതിന്റെ ഉത്തരം ലളിതം. ഇഖ് വാന്‍ അധികാരത്തില്‍ വരുമെന്നത് ഇവര്‍ സ്വപ്നേപി വിചാരിച്ചില്ല. ജനങ്ങളുടെ ഇംഗിതം അവര്‍ക്ക് അറിയാന്‍ സാധിച്ചില്ല. പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെങ്കിലും തങ്ങള്‍ക്ക് അഭിമതനായ അഹ്മദ് ശഫീഖ് പ്രസിഡണ്ടായി വരുമെന്ന് അവര്‍ വിചാരിച്ചു. മുര്‍സി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ എന്ത് ചെയ്യണം എന്ന് നേരത്തെ അവര്‍ ആസുത്രണം ചെയ്തിരുന്നു. എന്റെ നേരത്തെയുള്ള പോസ്റ്റില്‍ അതില്‍ സുചന നല്‍കിയിരുന്നു. ഇക്കാര്യം മുന്‍കൂട്ടി പറഞ്ഞത്. മുന്‍ ഇന്റലിജന്‍സ് മേധാവി ജന. ഉമര്‍ സുലൈമാന്‍ , അല്‍--ഹയാത്ത് പത്രത്തിലെ ജിഹാദ് ഖാസിന് നല്‍കിയ അഭിമുഖത്തില്‍.
ഒരു ഏകാധിപതി അപ്രത്യക്ഷനാവുകയും അദ്ദേഹത്തിന് പകരമായി മറ്റൊരാളെ തെരഞ്ഞെടുക്കുകയും ചെയ്തതുകൊണ്ട് മാത്രം ഒരു രാജ്യത്തിലെ അധോവ്യവസ്ഥയെ തകര്‍ക്കാനാവില്ല. മുര്‍സി പലപ്പോഴും ഈജിപ്തിന്റെ ഈ വശത്ത് കൈവെക്കാന്‍ നോക്കിയതാണ്. അതാണ് പിന്നീട് മുര്‍സിയുടെ ഏകാധിപത്യപ്രവണതയായി പിന്നീട് കൊണ്ടാടപ്പെട്ടത്. തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡണ്ടിന്റെ ഉത്തരവുകളില്‍ ജുഡീഷ്യറി ഇടപെടുന്നത് വിലക്കുന്ന ഒരു പരാമര്‍ശം വിവാദമായത് ഓര്‍ക്കുക. മുര്‍സിക്കെതിരെ ഉന്നയിക്കപ്പെട്ടത് അദ്ദേഹം നിലവിലെ ഭരണഘടനക്ക് പകരം പുതിയ ഭരഘടനകൊണ്ട് വരാന്‍ ശ്രമിച്ചുവെന്നതാണ്. അത് സ്വാഭാവികമാണല്ലോ. അത് തന്നെയല്ലേ ജനാധിപത്യത്തിന്റെ പ്രത്യകകത. എന്നാല്‍ ഈ കൊണ്ട് വരുന്ന ഭരണഘടന സൌദിഭരണഘടനയെ പോലെ ഒന്നായിരിക്കും എന്ന് നമ്മുടെ നാട്ടിലെ കാരശേരി അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്നു. അവിടെയാണ് സൌദിയും മുര്‍സി ഭരണകൂടവും തമ്മിലുള്ള വ്യത്യാസം. എന്താണ് ഇസ്ലാമിസ്റ്റുകള്‍ ഈ വിഷയത്തില്‍ പറയുന്നത് എന്ന് കേള്‍ക്കാന്‍ ഇതുവരെ വിമര്‍ശകര്‍ തയ്യാറായിട്ടില്ല.
ഭരണഘടനയുടെ അടിസ്ഥാനം ഖുര്‍ആനായിരിക്കും എന്ന് പ്രഖ്യാപിച്ചാല്‍ പിന്നെ പുതിയ പ്രശ്നങ്ങള്‍ക്കൊക്കെ അതില്‍ നേരത്തെ എഴുതിവെച്ച പരിഹാരം മാത്രമേ പാടുള്ളു. പുതിയ നിയമം നിര്‍മിക്കാന്‍ മനുഷ്യന് അധികാരമില്ല എന്നാണ് ഇവരുടെ വാദം എന്നൊക്കെ പ്രചിപിക്കുന്നത് അങ്ങേ അറ്റത്തെ മുന്‍ധാരണയും വിവരക്കേടുമാണ്. അക്കാര്യം പിന്നീട് പറയാം. ഈജിപ്തിലേക്ക് തന്നെ തിരിച്ചുവരാം. ചുരുക്കത്തില്‍ മുര്‍സിയെ ജനം ഏല്‍പിച്ച പണി അദ്ദേഹം ചെയ്യാന്‍ ശ്രമിച്ചുവെന്നത് ഒരു കുറ്റമാണെങ്കില്‍ മുര്‍സി അത് ഏറ്റെടുക്കും എന്ന് ഉറപ്പ്. കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ കമ്യൂണിസ്റ്റ് മാനഫെസ്റ്റോ അംഗീകരിച്ചാണോ പ്രവര്‍ത്തിക്കുക. നിലവിലെ ഭരണഘടന പോരാത്തത് കൊണ്ടാണല്ലോ ഇജിപ്തില്‍ വിപ്ലവ ശ്രമം നടന്നത്. ഇതിനെ മറികടക്കാനുള്ള ചിലരുടെ വ്യഗ്രതയാണ്. മുര്‍സിയെ ജനം ഏല്‍പിച്ചത് അതിനല്ല എന്നവാദം. ഇത്തരം ആരോപണങ്ങളെല്ലാം ഉയര്‍ത്താന്‍ അതിന്റെ വക്താക്കളെ പ്രരിപ്പിക്കുന്നത്. ഡീപ്പ് സ്റ്റേറ്റിന്റെ വാദങ്ങളെ അപ്പാടെ വിഴുങ്ങിയത് കൊണ്ടാണ്. കാര്യങ്ങളെ യഥാര്‍ഥമായി കാണുകയും സ്വന്തമായ നിലപാടിലെത്തുകയുമാണ് ബുദ്ധിപണയം വെച്ചിട്ടില്ലാത്തവര്‍ ചെയ്യേണ്ടത്.
വിപ്ലവങ്ങള്‍ ഡീപ്പ് സ്റ്റേറ്റിനെ അതിജയിച്ചതെങ്ങനെ ?
വിപ്ലവങ്ങള്‍ ഡീപ്പ് സ്റ്റേറ്റിനെ അതിജയിച്ചതെങ്ങനെ ?
ഡീപ്പ് സ്റ്റേറ്റ് എന്നത് ഈജിപ്തിന്റെ മാത്രം പ്രശ്നമല്ല വിപ്ലവം നടക്കുന്ന ഏത് രാജ്യവും അഭിമുഖീകരിക്കുന്ന പ്രശ്നമാണത്. പലരൂപത്തിലാണ് വിപ്ലവശേഷം അതിനോട് തുടര്‍ന്ന് വന്ന ഭരണകൂടങ്ങള്‍ പ്രതികരിച്ചത്. ചില ഭരണകൂടങ്ങള്‍ അവയെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുകയും അട്ടിമറിച്ച് വിജയിക്കുകയും ചെയ്തു. അള്‍ജീറിയ അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. അട്ടിമറിക്കപ്പെട്ട ജനത പലരൂപത്തില്‍ പ്രതികരിക്കാറുണ്ട്. അടിമറി വലിയ ഒരു നിരാശയാണ് അട്ടിമറിക്കപ്പെട്ട ജനതയില്‍ നിറക്കുക എന്ന് പറയേണ്ടതില്ല. നിയമാനുസൃതമായ വഴിയില്‍ രക്ഷയില്ല എന്ന് തോന്നുന്നവര്‍ കിട്ടിയ ആയുധങ്ങളുമായി പട്ടാളത്തോട് ഏറ്റ് മുട്ടിനോക്കാറുണ്ട്. ഒരിക്കലും എവിടെ നിന്ന് സഹായം ലഭിച്ചാലും ഒരു രാജ്യത്തിലെ പട്ടാളത്തെ ജനക്കൂട്ടത്തിന് ആയുധം കൊണ്ട് പരായജപ്പെടുത്താനാവില്ല. സത്യത്തില്‍ അട്ടിമറിച്ച് പട്ടാളം തങ്ങള്‍ക്കെതിരെ ആയുധം ഉപയോഗിക്കുന്നത് സ്വാഗതം ചെയ്യുന്നു. എങ്കില്‍ തുടര്‍ന്നുള്ള അവരുടെ നടപടി ലോകം അംഗീകരിക്കും എന്നതാണ് അതിന്റെ മനശാസ്ത്രം. അല്‍ജീറിയയില്‍ അത് സംഭവിച്ചു.
മറ്റൊന്ന് വളരെ തന്ത്രപരമായ നീക്കമാണ്. ഉര്‍ദുഗാനാണ് അതിന്റെ അധുനികമായ ഉദാഹരണം. കാര്യമായി രക്തം ചിന്താതെ നയപരമായി അതിനെ കൈകാര്യം ചെയ്തു. ഇറാന്‍ ഉദാഹരണമാകുന്നത് മറ്റൊരു രൂപത്തിലാണ്. സൈന്യമുള്ളതോടൊപ്പം സൈന്യത്തിന് സമാന്തരമായി വിപ്ലവഗാര്‍ഡുകളെ കെട്ടിപ്പടുത്തു. ഷാഭരണകൂടത്തിന്റെ ചാരസംഘടനയെയടക്കം അന്നത്തെ ഇറാന്‍ ഡീപ്പ് സ്റ്റേറ്റിനെ നിര്‍മൂലനം ചെയ്തു. ഇത്തരം ഒരു കര്‍ശന നടപടിക്ക് അവരെ പ്രേരിപ്പിച്ചത് നേരത്തെ തെരഞ്ഞെടുക്കപ്പെട്ട മുസദ്ദിഖിനെ അട്ടിമറിച്ച മുന്‍ അനുഭവും, വിപ്ലവത്തിന് ആജ്ഞാശക്തിയുള്ള ഒരു നേതാവുണ്ടായതുമാണ്. കുറേ പഴി അതിന് ഇറാന്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടി ഇപ്പോഴും കേള്‍ക്കുന്നുണ്ട്.
തുര്‍ക്കിയിലെ ഡീപ്പ് സ്റ്റേറ്റ് ഭരിച്ച എര്‍ഗനാകോണില്‍ പിടിച്ചെടുത്ത പട്ടിക അനുസരിച്ച് ലക്ഷക്കണക്കിന് അംഗങ്ങളുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഉര്‍ദുഗാന്‍ ഭരണകൂടത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതിനെ നിയമത്തിന്റെ വഴിയില്‍ എത്തിക്കാന്‍ സാധിച്ചത്. മുര്‍സിയെ ഇപ്പോള്‍ ജനങ്ങളുടെ പ്രക്ഷോഭം കണക്കിലെടുത്ത് പട്ടാളം പ്രസിഡണ്ടായി നിശ്ചയിച്ചാല്‍ പോലും (അങ്ങനെ സംഭവിക്കില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു) ഈ ഡീപ് സ്റ്റേറ്റിനെ തൊടാന്‍ അദ്ദേഹത്തിന് ആകില്ല. അവര്‍ക്ക് ആര് വേണമെന്ന് അവര്‍ തീരുമാനിക്കും. അല്‍ബറാദിയും അത് തൊട്ടറിഞ്ഞോ ആവോ?.
മുര്‍സിയെ സൌദി വെറുത്തതതെന്തിന് ?
മുര്‍സിയെ സൌദി വെറുത്തതതെന്തിന് ?
ഇതൊന്നും മനസ്സിലാകാതെ മുര്‍സി ഇറാനുമായി ബന്ധം സ്ഥാപിച്ചത് കൊണ്ടാണ് സൌദി അടക്കമുള്ള രാജ്യങ്ങള്‍ ശത്രുക്കളായത് എന്നൊക്കെ അടിച്ചുവിടുന്നവര്‍ പ്രചാരണങ്ങളെ അന്ധമായി പിന്തുടരുകയാണ്. ശീഇ, സുന്നി വ്യത്യാസം കല്‍പിക്കാതെ തന്നിക്ക് ലഭിച്ച കാലയളവില്‍ സാധ്യമാകുന്ന സൌഹൃദവും പരസ്പര സഹായവും മുര്‍സി തേടി. ഇറാനില്‍ മാത്രമല്ല ഇന്ത്യയിലും അദ്ദേഹം വന്നെത്തി. നിസ്സഹായത അദ്ദേഹത്തിന് ഉണ്ടായിരുന്നുവെങ്കില്‍ സാധ്യമാകുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി. ഗസയിലേക്കുള്ള മാര്‍ഗങ്ങള്‍ അദ്ദേഹം തുറന്നു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്കായി വിവിധരാജ്യങ്ങളുമായി സംഭാഷണം നടത്തി. ഇസ്രായേല്‍ ഫലസ്തീന്‍ ചര്‍ചയില്‍ ആദ്യമായി പാശ്ചാത്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ ഈജിപ്ത മധ്യസ്ഥത വഹിച്ചു. അതിശക്തമായ അധോവ്യവസ്ഥയെ മറികടന്ന് ഒരു വര്‍ഷം മുര്‍സി ഭരിച്ചുവെന്നത് തന്നെ അദ്ദേഹത്തിന്റെ നയതന്ത്രവിജയമായി കാണണം. കാരണം അദ്ദേഹത്തെ അതിന് മുമ്പ് കുടുക്കാനുള്ള കാര്യമായൊന്നും അവര്‍ക്ക് ലഭിച്ചില്ല.
ഈ പോസ്റ്റ് തയ്യാറാക്കികൊണ്ടിരിക്കുമ്പോള്‍ എന്റെ ഒരു മുജാഹിദ് സുഹൃത്തിന്റെ ഈ വിഷയത്തിലുള്ള ഒരു പോസ്റ്റ് കാണാനിടയായി. അതിലദ്ദേഹം ഉര്‍ദുഗാനെ പുകഴ്തുകയും മുര്‍സിയെ കഴിവുകെട്ടവനായി അവതരിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ചില ദുരാരോപണങ്ങള്‍ കൂടി കെട്ടിവെക്കുന്നു. മുര്‍സി അധികാരത്തിലിരുന്ന സന്ദര്‍ഭത്തില്‍ കാണാത്ത പറയാത്ത കാര്യങ്ങള്‍. സൌദി മുര്‍സിയെ വീക്ഷിക്കുകയായിരുന്നത്രേ. അദ്ദേഹത്തിന്റെ അടുപ്പം ശിയാക്കളോടാണ് എന്ന് കണ്ടതിനാല്‍ അദ്ദേഹം മുര്‍സിയില്‍നിന്ന് മുഖം തിരിച്ചു വലിയ അപകടത്തിനെതിരെ പട്ടാളത്തെ പിന്തുണച്ചുവെന്നാണ് തട്ടിവിടുന്നത്. ഒരിക്കലും സത്യമല്ല അത്. സൌദി മുര്‍സിയും കൂട്ടരും അധികാരത്തില്‍ വരാതിരിക്കാന്‍ ആവത് ശ്രമിച്ചിട്ടുണ്ട്. ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ അത് സൂചിപ്പിച്ചിട്ടുണ്ട്. സൌദിയുടെ ഈ വിയോജിപ്പിന് പിന്നിലെ താല്‍പര്യം നേരത്തെ പുറത്തായിട്ടുണ്ട് അത് ഇനി മറ്റാരും വിശദീകരിക്കേണ്ടതില്ല.
മുര്‍സിക്ക് സാധിക്കാതെ പോയത് ?
മുര്‍സിക്ക് സാധിക്കാതെ പോയത് ?
മുര്‍സിയുടെ പരാജയം താന്‍ ഇപ്പോള്‍ നിലനില്‍ക്കുകയും ഭരിക്കുകയും ചെയ്യുന്ന ഹുസ്നി മുബാറക്കിന്റെ അവശിഷ്ടമായ, പിന്തുണയായ അധോവ്യവസ്ഥയുടെ ആളാണ് താനുമെന്നും സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയി എന്നതാണ്. തന്റെ പര്യവസാനം എന്തെന്ന് അദ്ദേഹം വളരെ വ്യക്തമായി മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗം അത് സൂചിപ്പിക്കുന്നുണ്ട് അദ്ദേഹം പറഞ്ഞത് അല്‍ജസീറ പ്രക്ഷേപണം ചെയ്തു. അതോടെ അവരുടെ ഓഫീസ് പൂട്ടുകയും ചെയ്തു. മുര്‍സിയുടെ അന്നത്തെ പ്രസംഗം ചരിത്രത്തിന്റെ ഭാഗമാണ്. അദ്ദേഹം യഥാര്‍ഥ ജനാധിപത്യവാദിയുടെ ഉറച്ച സ്വരത്തില്‍ തന്നെ താഴെഇറക്കാന്‍ ഒരുങ്ങുന്നവരോടായി ഇങ്ങനെ പറഞ്ഞു.
"ഈജിപ്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് ഒന്നിച്ചിരിക്കാം എന്ന് ഞാന്‍ പറഞ്ഞതാണ്. നിങ്ങള്‍ പക്ഷെ സമ്മതിച്ചില്ല ഇനിയും ഞാന്‍ പറയുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ നമുക്ക് പറഞ്ഞ തീര്‍ക്കാം. പക്ഷെ നിയമാനുസൃത ഭരണകൂടം രാജിവെക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല." പട്ടാളത്തിന്റെ 48 മണിക്കൂര്‍ അന്ത്യശാസനത്തെ സൂചിപ്പിച്ചുകൊണ്ട് ദൃഢസ്വരത്തില്‍ അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: "നിയമാനുസൃത ഗവണ്‍മെന്റിന്‍മേല്‍ അന്ത്യശാസനങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല." ഒരു കാര്യം കൂടി അദ്ദേഹം തറപ്പിച്ച് പറഞ്ഞു: "വിപ്ലവാനന്തരം ഈജിപ്ത് നേടിയിട്ടുള്ള ജനാധിപത്യത്തെ എന്റെ രക്തം നല്‍കിയും ഞാന്‍ സംരക്ഷിക്കും.. നമ്മുടെ സന്താനങ്ങള്‍ മനസ്സിലാക്കട്ടേ അവരുടെ പിതാക്കളും പ്രപിതാക്കളും ആണുങ്ങളായിരുന്നുവെന്ന്, അവരൊരിക്കലും കുഴപ്പക്കാരികളുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചിട്ടില്ല എന്ന്, തങ്ങളടുെ ദേശത്തിന്റെയോ ദീനിന്റെയോ കാര്യത്തില്‍ അവര്‍ ആരുടെ മുന്നിലും മുട്ടുമടക്കിയിട്ടില്ല എന്ന്. "
ഇതാണ് സത്യം. അദ്ദേഹവും അദ്ദേഹത്തിന്റെ ടീമും പറഞ്ഞ വാഗ്ദാനം പാലിച്ചു. അരാണ് കുറ്റവാളികളെന്നും ആരാണ് സത്യത്തിന്റെ പക്ഷത്തെന്നും ലോകത്തിന് ബോധ്യം വരുവോളം അവര്‍ ധീരമായി നിലനിന്നു. കടുത്ത പ്രതിസന്ധിയില്‍ പോലും അവരുടെ തത്വം (സമാധാനം) സില്‍മിയ്യ അവര്‍ പാലിച്ചു. ആരുടെ മേലും അവര്‍ കൈവെച്ചില്ല. അതവരുടെ പ്രഖ്യാപിത തത്വമായിരിരുന്നു. പക്ഷെ അവരെ അറിയാത്ത വിഢികള്‍ പട്ടാളം തട്ടിക്കൂട്ടിയെടുത്ത വാര്‍ത്തകളും വിഡിയോകളുമായി നടക്കുന്നുണ്ട്. പക്ഷെ ഒരു ഇസ്ലാമിക പ്രവര്‍ത്തകന് അറിയാം മറ്റൊരു ഇസ്ലാമിക പ്രവര്‍ത്തകനെ. ഒരു പക്ഷെ നിങ്ങളില്‍ ചിലര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല.
കാര്യങ്ങളുടെ ബാഹ്യവശം മാത്രം മനസ്സിലാക്കാന്‍ കഴിയുന്നവര്‍. മുര്‍സിയും കൂട്ടരും ജനങ്ങളെ മരണത്തിലേക്ക് നയിച്ചു. കൊലയില്‍ സഹായിച്ചുവെന്നല്ലാം അവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് മറുപടിയായി ഈ സൂക്തം മതി.
ജനം ഭൌതികജീവിതത്തിന്റെ ബാഹ്യമുഖം മാത്രമാണറിയുന്നത്. അവര്‍ പരലോകത്തെ സംബന്ധിച്ച് ബോധമില്ലാത്തവരാകുന്നു. (ഖുര്‍ആന്‍ 30:7)
മധ്യസ്ഥത എന്ന നാടകം |
ചര്‍ചചെയ്ത് പരിഹാരം കണ്ടെത്താന്‍ സൈന്യത്തിന് താല്‍പര്യമുണ്ടായിരുന്നെങ്കില്‍ അത് നിയമാനുസൃതമായ ഭരണത്തിന് കീഴിലായിരുന്നു നടക്കേണ്ടത്. മുര്‍സി തനിക്ക് ചില തെറ്റ് പറ്റിയിട്ടുണ്ടെന്നും ഏത് കാര്യത്തിലും ചര്‍ചയാകാമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ജനാധിപത്യത്തെ കഴുത്ത് ഞെരിച്ച് പട്ടാളം വന്‍ഭൂരിപക്ഷത്തോടുകൂടി തെരഞ്ഞെടുത്ത പാര്‍ലമെന്റ് പിരിച്ച് വിട്ട്. രണ്ട് ശതമാനം പോലും തികച്ച് ഭൂരിപക്ഷം ലഭിക്കാത്ത പാര്‍ട്ടിയുടെ നേതാക്കളെ തലപ്പത്തിരുത്തി. ചര്‍ചക്ക് ക്ഷണിതാവാകേണ്ട നേതാക്കളെ ദിനം പ്രതി അറസ്റ്റ് ചെയ്തുകൊണ്ടിരിക്കെ ചര്‍ചയെന്ന നാടകത്തിന് വഴങ്ങിയില്ല എന്നത് ഒരു തെറ്റായി എനിക്ക് തോന്നുന്നില്ല. പലപ്പോഴും പട്ടാളത്തിന്റെ ഏക ആവശ്യം പ്രക്ഷോഭം അവസാനിപ്പിക്കലായിരിക്കും. സൈന്യം ഒരു പാട് ഓഫറുകള്‍ നല്‍കുന്നതായി പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും പട്ടാളം അത് നിഷേധിക്കുയാണ് ചെയ്തത്. അതേ സമയം പരിഹരിക്കാവുന്ന ജനാധിപത്യമാര്‍ഗം പല നിഷ്പക്ഷരും മുന്നോട്ട് വെച്ചിരുന്നതാണ്. അത് അംഗീകരിക്കാന്‍ സൈന്യത്തിനും മനസ്സുണ്ടായിരുന്നില്ല.
ഈജിപ്തിന്റെ ഭാവി
ഈജിപ്തില്‍ പൂര്‍ണമായതോതില്‍ തന്നെ സ്വേഛാധിപത്യം തിരിച്ചുവന്നുകഴിഞ്ഞു. മുര്‍സിയെ പുറത്തിറക്കാന്‍ ഓശാന പാടിയ അന്നൂര്‍ പാര്‍ട്ടി ഇതിനകം അവരുടെ നയം വ്യക്തമാക്കി. അവരിപ്പോള്‍ പട്ടാളത്തെ പിന്തുണച്ച നടപടിയില്‍ ഖേദിക്കുന്നു. അല്‍ബറാദി സൈന്യം കെട്ടിയേല്‍പ്പിച്ച അധികാരം വിട്ടൊഴിഞ്ഞ് നാട് വിട്ടു. അദ്ദേഹത്തിനെതിരെ രാജ്യവഞ്ചനക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നു. ഒരു ദിവസത്തിനുള്ളില്‍ മിക്കവാറും ഹുസ്നി മുബാറക്ക് ജയില്‍ മോചിതനാവും. എനിക്കുറപ്പുണ്ട് ഇതൊക്കെ സംഭവിച്ചാലും മുര്‍സി സ്വാഛാധിപതിയാകുന്നുവെന്ന് പറഞ്ഞ് തെരുവിലറങ്ങിയ ജനക്കൂട്ടം. പ്രതിഷേധത്തിന് മുതിരില്ല. കാരണം അങ്ങനെ ഒരു ജനമില്ല എന്നത് തന്നെയാണ് സത്യം. അന്ന് മുര്‍സിക്ക് എതിരായി തെരുവിലിറങ്ങിയ സൈന്യത്തിന്റെ പിണിയാളുകള്‍ക്ക് വേണ്ടത് ലഭിച്ചുകഴിഞ്ഞു. കൂട്ടത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ ഇതിനകം മുര്‍സി അനുകൂല സമരത്തോട് ഐക്യപ്പെട്ടിരിക്കണം. എന്തുകൊണ്ടെന്നാല്‍ 2011 ല്‍ നടന്ന വിപ്ലവ ശ്രമത്തെ വെല്ലുന്ന ജനക്കൂട്ടമാണ് മുര്‍സിക്ക് അനുകൂലമായി തെരുവിലറങ്ങിയത്. അതിനെയാണ് ചോരയില്‍ മുക്കി ഒരു വിധം തെരുവില്‍നിന്ന് ഒതുക്കിയത്. എന്നാല്‍ ആ ജനം സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
ഇഖ് വാന്റെ ക്രൂരതയും പട്ടാളത്തിന്റെ ജനാധിപത്യവും !! |
ചിലപ്പോള്‍ ഏതാനും വര്‍ഷംകൂടി ജനങ്ങളെ ബന്ധികളാക്കി പട്ടാളത്തിന് ഭരിക്കാന്‍ സാധിച്ചേക്കാം. എന്നാലും അന്തിമമായ വിജയം ജനങ്ങള്‍ക്കായിരിക്കും സത്യത്തിനായിരിക്കും. ഇസ്ലാമിസ്റ്റുകള്‍ ഈജിപ്തില്‍ അധികാരത്തില്‍ വരിക തന്നെ ചെയ്യും.