'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, നവംബർ 10, 2015

ശബാബ് പരത്തുന്ന ജമാഅത്ത് പേടി


വാസ്കോഡഗാമയുടെ കപ്പലിലാണ് ഇസ്ലാംപേടി കേരളത്തിലെത്തിയത് എന്ന കവര്‍ സ്റ്റോറിയിലൂടെ കേരളത്തില്‍ ഇസ്ലാമോഫോബിയ കടന്നുവന്ന ചരിത്രം വിശകലനം ചെയ്യുന്ന ലേഖനവുമായാണ് ഈ ലക്കം ശബാബ് വാരിക ഇറങ്ങിയിട്ടുള്ളത്. എന്നാല്‍ അതേ ലക്കത്തില്‍ അബുല്‍ അഅ് ലാ മൗദൂദിയും ശീഅ പ്രസ്ഥാനവും എന്ന ലേഖനം വായിച്ചപ്പോള്‍ താരതമ്യേന ഇസ്ലാമികമായ സൗഹൃദവും സഹിഷ്ണതയും കാത്ത് സൂക്ഷിച്ച് വരുന്ന മുജാഹിദ് വിഭാഗത്തിലെ മടവൂര്‍ വിഭാഗം കേരളത്തില്‍ ജമാഅത്ത് പേടിയുടെ പ്രാചാണത്തിനായി മത്സരിക്കുകയാണോ എന്ന് തോന്നിപ്പോയി. വ്യക്തിപരമായി മുജാഹിദ് മടവൂര്‍ വിഭാഗവുമായി നല്ല ബന്ധവും സൗഹാര്‍ദ്ധവും സഹകരണവും പുലര്‍ത്തുന്ന ഒരാളെന്ന നിലക്ക് ഇത്തരം ക്ഷുദ്രലേഖനങ്ങള്‍ വല്ലാത്ത അലോസരം ഉണ്ടാക്കുന്നു.  

ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദിലെ മടവൂര്‍ വിഭാഗത്തിനും ഇസ്ലാമികമായ എല്ലാ വിഷയത്തിലും ഒരേ നിലപാടാണ് എന്ന തെറ്റിദ്ധാരണയൊന്നുമില്ല. ഇബാദത്തിന് ആരാധന എന്ന അര്‍ത്ഥമേ ശരിയായി മലയാളത്തില്‍ ഉപയോഗിക്കാവൂ എന്നും അനുസരണം എന്നോ അടിമത്തം എന്നോ അതിന് അര്‍ത്ഥം പറയുന്നത് ഗുരുതരമായ പ്രശ്നമുണ്ടാക്കും എന്നോ ഒക്കെ കരുതുന്നവരാണ് മുജാഹിദ് മടവൂര്‍ വിഭാഗത്തിലെ ഏതാണ്ടെല്ലാവരും. എന്നാല്‍ ജമാഅത്തിന് അപ്രകാരം വാദമില്ല. ആരാധന എന്നത് ഇബാദത്തിന്റെ വിവക്ഷയില്‍ ഒരു ഭാഗം മാത്രമാണ് അവരുടെ വീക്ഷണത്തില്‍. അതേ പ്രകാരം ഇസ്ലാമില്‍ രാഷ്ട്രീയം ഉള്ളതോടൊപ്പം മതേതരഇന്ത്യയില്‍ അത് പറയുന്നത് വലിയകുഴപ്പങ്ങള്‍ക്കിടവരുത്തും എന്ന വീക്ഷണവും മുജാഹിദ് പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടാവാം. എന്നാല്‍ സമഗ്രമായ ഇസ്ലാമിക പ്രബോധനത്തില്‍ മതേതരഇന്ത്യയില്‍  ഇസ്ലാമിന്റെ രാഷ്ട്രീയ വീക്ഷണങ്ങളും പ്രബോധനം ചെയ്യുന്നതില്‍ എന്തെങ്കിലും അപകടം ജമാഅത്ത് കാണുന്നില്ല.  രാഷ്ട്രീയവിഷയങ്ങളിലും ഇസ്ലാമികാധ്യാപനങ്ങള്‍ക്കനുസൃതമായി തന്നെയാണ് ഒരു മുസ്ലിം തീരുമാനമെടുക്കേണ്ടത് എന്ന കാര്യത്തില്‍നിന്ന് ജമാഅത്തെ ഇസ്ലാമി ഉറച്ചുവിശ്വസിക്കുന്നു. അതിനുമപ്പുറം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യമുപയോഗിച്ച് മനുഷ്യാവകാശങ്ങളെ മാനിക്കുകയും മൂല്യങ്ങളിലൂന്നിയതുമായ ഇസ്ലാമികരാഷ്ട്രീയം സാധ്യമാകുന്നത്ര ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ അവസരം നല്‍കുകയാണ് വേണ്ടത് എന്നിടത്താണ് ജമാഅത്ത് ഇപ്പോള്‍ ഉള്ളത്.  എന്നാല്‍ ഇന്ത്യയിലോ മറ്റെവിടെയെങ്കിലോ ഇസ്ലാമിക ഭരണം സ്ഥാപിക്കലാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ ജീവിത ലക്ഷ്യം എന്ന വാദം ആരോപകരുടേത് മാത്രമാണ്. ഇഖാമത്തുദ്ധീന്‍ എന്നാല്‍ ഇസ്ലാമികഭരണം സ്ഥാപിക്കുക എന്നതല്ല. സ്വതന്ത്രഭാരതം നിലവില്‍വന്നത് മുതല്‍ തന്നെ വിശുദ്ധഖുര്‍ആന്‍ നിങ്ങള്‍ക്ക് നിയമമാക്കിയിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് കല്‍പിച്ച അതേ ഇഖാമത്തുദ്ധീന്‍ ആണ് ജമാഅത്ത് ലക്ഷ്യം വെക്കുന്നത്.

മൗലാനാ സയ്യിദ് അബുല്‍ അഅ്ലാമൗദൂദിയുടെ കുടുംബ പരമ്പര പരിശോധിച്ചാല്‍ ഫാത്തിമ ()യുടെയും അലി()യുടെയും മൂത്തമകനായ ഹസനില്‍ ചെന്നത്തുന്നുവെന്ന് പറയുന്ന ജമാഅത്ത് വിമര്‍ശകന്‍ മൗദൂദിയുടെ ശീഈ ബന്ധം സ്ഥാപിക്കാനായിട്ടാണ് ഇക്കാര്യം ഉണര്‍ത്തുന്നത് എന്നത് വളരെ വിചിത്രമായിരിക്കുന്നു. ശീഇസം ഇസ്ലാമില്‍നിന്ന് വ്യതിചലിച്ച് പോയ ഒരു അവാന്തരവിഭാഗമാണ് എന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയ പണ്ഡിതനാണ് മൗലാനാ മൗദൂദി. അദ്ദേഹത്തെ സംബന്ധിച്ചാണ്. മൗദൂദി അഹ് ലുസുന്നത്തി വല്‍ ജമാഅത്തിന്റെ മുഖംമൂടി ധരിച്ചുകൊണ്ട് കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം ശീഈസത്തെ പിന്തുണക്കുകയാണ് മൗദൂദി എന്ന പച്ചക്കളം എഴുതിവിടുന്നത്. ജമാഅത്തെ ഇസ്ലാമിയെ അടിയന്തിരാവസ്ഥകാലത്ത് തൂക്കമൊപ്പിക്കാന്‍ ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് നിരോധിച്ചുവെന്നത് ശരിയാണ്. അതിന് ശേഷമാണ് ഹുകൂമത്തെ ഇലാഹിയില്‍നിന്ന് തലയൂരി ഇഖാമത്തുദ്ധീന്‍ എന്ന മുദ്രാവാക്യം തെരഞ്ഞെടുത്തത് എന്ന് പറയുമ്പോള്‍ അതിലെ കല്ലുവെക്കാത്ത നുണ മനസ്സിലാക്കാന്‍ കഴിയാത്തവരാണോ മടവൂര്‍ വിഭാഗത്തിലെ പണ്ഡിതന്‍മാര്‍. അതല്ല ഈ ലേഖനം ഒരു വ്യക്തിയുടെ മാത്രം കാഴ്ചപ്പാടാണെന്ന് പറഞ്ഞു കൈകഴുകാനാണോ പുറപ്പാട്. അങ്ങിനെയെങ്കില്‍ ഈ ലേഖനത്തിലെ അസത്യങ്ങളെയും അബന്ധങ്ങളെയും ചൂണ്ടിക്കാട്ടുന്ന ഒരു ലേഖനം ശബാബില്‍ തന്നെ പ്രസിദ്ധീകരിക്കാന്‍ ഒരുക്കമുണ്ടോ?.

ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കാം. വിമര്‍ശിക്കണം. അതിന്റെ നിലപാടുകളെ ചോദ്യം ചെയ്യാനും തൊലിയുരിച്ച് പരിശോധിക്കാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ മടവൂര്‍ വിഭാഗത്തെ പോലുള്ള ഒരു സംഘടന അത്തരം കാര്യം ചെയ്യുന്നത് പണ്ഡിതോചിതമായിട്ടായിരിക്കണം. ഇതുപോലെ അസത്യങ്ങള്‍ കുത്തിനിറച്ച് ജമാഅത്ത് പേടി പരത്തുന്ന തരത്തിലാകരുത്. കഴിഞ്ഞ ഏതാനും ലക്കങ്ങളില്‍ ഐഎസ്സിന് ഇഖ് വാന്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും അതിലൂടെ ജമാഅത്തിനും അതിന്റെ പിതൃത്വം നല്‍കാനും കിണഞ്ഞു ശ്രമിക്കുകയായിരുന്നു ശബാബ് വാരിക.  ഈ വാരികക്ക് ഇസ്ലാംപേടി പരത്തുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ എന്തവകാശമാണ് ഉള്ളത്. അല്ലാഹുവിനെയോ വിചാരണയെയോ ഭയപ്പെടാത്ത തനി ഭൗതികരായ ആളുകള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായിട്ടാണ് ഇസ്ലാംപേടി വളര്‍ത്തുന്നത്. എന്നാല്‍ അല്ലാഹുവിലുള്ള വിശ്വാസവും പരലോക ചിന്തയുമുള്ള ഒരു വിഭാഗം ഇസ്ലാമിനും ലോകത്തിനും മഹത്തായ സംഭാവനയര്‍പ്പിച്ച ഒരു ലോകപണ്ഡിതനെതിരെ കളവ് പറയാനും തെറ്റിദ്ധാരണ പരത്താനും ഒട്ടും സങ്കോചം തോന്നുന്നില്ല എന്നതാണ് ഏറെ അമ്പരപ്പുണ്ടാക്കുന്നത്. ദൈവത്തിന്റെ ഭരണം എന്നര്‍ത്ഥമുള്ള ഹുകൂമത്തെ ഇലാഹി എന്ന സംജ്ഞയോ ദീനിന്റെ സംസ്ഥാപനം എന്നര്‍ത്ഥമുള്ള ഇഖാമത്തുദ്ധീനോ ജമാഅത്തിന്റെയോ ശിയാക്കളുടെയോ കണ്ടുപിടുത്തമല്ല. ഇസ്ലാമിന്റെ തന്നെ ഭാഗമാണവ. നിങ്ങളുടെ ദൗത്യം ഇഖാമത്തുദ്ധീനാണ് എന്നും, ആ വിഷയത്തില്‍ നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് പാടില്ലെന്നും പറഞ്ഞുതന്നത് സ്രഷ്ടാവായ അല്ലാഹു തന്നെയാണ്. എന്നിരിക്കെ രാഷ്ട്രീയവിഷത്തിലുള്ള കേവല സാമ്യതവെച്ച് തീവ്രവാദസംഘങ്ങളുമായും ശീഇസവുമായും ബന്ധപ്പെടുത്തുമ്പോള്‍ ഈ വിഷയത്തിലൊക്കെ തങ്ങളുടെ നിലപാട് എന്താണ് എന്ന് വ്യക്തമാക്കേണ്ട ബാധ്യത വിമര്‍ശകര്‍ക്കുണ്ട്.

മൗദൂദി മരണപ്പെട്ടപ്പോള്‍ ശീഇകള്‍ വാനോളം പുകഴ്തിയതാണ് ശീഇസവുമായി മൗദൂദിക്ക് ബന്ധമുണ്ട് എന്നതിന് മറ്റൊരു തെളിവ് എന്നാല്‍ അക്കാലത്ത് ഇറങ്ങിയ ചന്ദ്രികയില്‍ മുജാഹിദ് നേതാവിന്റേതായി വന്ന ലേഖനത്തില്‍ വാനോളമല്ല അതിനും മുകളില്‍ മൗദൂദിയെ ഉയര്‍ത്തിയിട്ടുണ്ട് എന്ന കാര്യം വിമര്‍ശകനറിയില്ലെങ്കിലും മടവൂര്‍ വിഭാഗത്തിലെ തലമുതിര്‍ന്ന നേതാക്കള്‍ക്ക് അറിയാതിരിക്കാന്‍ തരമില്ല.

ലാഹോറില്‍നിന്ന് ഇറങ്ങിയ ശിയാക്കളുടെ വാരികയില്‍ മൗദൂദിയെക്കുറിച്ച് വന്നതാണ് മറ്റൊരു തെളിവ്. ഉസ്താദ് മൗദൂദി മരണപ്പെട്ടപ്പോള്‍ ലോകമുസ്ലിം പണ്ഡിതന്മാരെല്ലാം അഗാധമായ ദുഖം രേഖപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ദീനീ പ്രവര്‍ത്തനങ്ങളെ സ്തുതിച്ചു പറയുകയും ചെയ്തിട്ടുണ്ട്.... എന്ന് തുടങ്ങുന്ന ഉദ്ധരിണിയില്‍ അല്‍ഖിലാഫത്തു വല്‍ മുല്‍ക്ക് (ഖിലാഫത്ത് വ മൂലൂക്കിയത്ത് എന്നാണ് ശരിയായ പേര്‍) എന്ന പുസ്തകത്തില്‍ മൂന്ന് ഖലീഫമാരെ, അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ എന്നിവരെ ശക്തിയായി മൗദൂദി വിമര്‍ശിച്ച കാര്യവും ശീഇവാരിക എടുത്ത് പറയുന്നു. ഇതെങ്ങനെയാണ് ശീഇ ബന്ധത്തിന് തെളിവാകുന്നത്. മൗദൂദി എത്രത്തോളം ഖലീഫമാരെ വിമര്‍ശിച്ചുവെന്നറിയാന്‍ ആ പുസ്തകം വായിച്ചാല്‍ മതി. ആ പുസ്തകം വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള എനിക്ക് മനസ്സിലായത്. അതില്‍ ഉസ്ലാമാന്‍ ()വിന്റെ ചില ഭരണപരമായ പാളിച്ചകളെ ചൂണ്ടിക്കാണിച്ചട്ടുണ്ട്. അത് ശരിയല്ലെന്നും പില്‍കാലചരിത്രകാരന്മാര്‍ കൂട്ടിച്ചേര്‍ത്തതാണവയെന്ന വാദമുള്ളവരും ഉണ്ടാവാം. എന്നാല്‍ അക്കാലത്തെ സാമാന്യജനത്തില്‍ ഒട്ടൊക്കെ ധാരണകള്‍ ഉണ്ടായി എന്നത് വാസ്തവമാണ്. ഖിലാഫത്ത് രാജാധിപത്യത്തലേക്ക് വഴിമാറാന്‍ ഉണ്ടായ കാരണങ്ങളില്‍ അത്തരം പിഴവുകള്‍ക്ക് പങ്കുണ്ടോ എന്ന അന്വേഷണം സ്വഹാബിമാരെ ഇകഴ്തിക്കാണിക്കാനല്ല. മറിച്ച് ഖിലാഫത്ത് രാജാധിപത്യത്തിലേക്ക് നീങ്ങാനുണ്ടായ സാഹചര്യം വിശകലനം ചെയ്യാന്‍ വേണ്ടിയാണ് ആ പുസ്തകത്തില്‍ അത്തരമൊരു ചര്‍ചയുടെ പ്രസക്തി.  അതിനെ നേരിടേണ്ടി രീതി ശബാബ് സ്വീകരിച്ചതല്ല എന്നേ തല്‍കാലം ഉണര്‍ത്താനുള്ളൂ.

ലേഖനത്തിലുള്ള മറ്റൊരു കള്ളത്തരം സിമി ജമാഅത്തിന്റെ വിദ്യാര്‍ഥി സംഘടനയായിരുന്നുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കാനുള്ള പതിവുതന്ത്രമാണ്. ഇസ്ലാമിനെ സംബന്ധിച്ച സമഗ്രമായ കാഴ്ചപാട് പങ്കുവെക്കുന്നവരായിരുന്നു സിമിയും എന്നതിനാല്‍ ജമാഅത്തിന് സ്വന്തമായി ഒരു വിദ്ധ്യാര്‍ഥി പ്രസ്ഥാനം ഉണ്ടാകുന്നത് വരെ പരസ്പരം സഹകരിച്ചിരുന്നുവെന്നത് മാത്രമാണി ഈ വിഷയത്തിലെ ശരിയായ വസ്തുത. എന്നാല്‍ ജമാഅത്തിന് ഒരു വിദ്യാര്‍ഥി പ്രസ്ഥാനം അനിവാര്യമാണ് എന്ന ചിന്തയില്‍ അവരെ ആ നിലക്ക് മാറ്റാനുള്ള ശ്രമത്തിന് സിമി എതിര് നിന്നപ്പോള്‍ എസ്..ഓ എന്ന വിദ്യാര്‍ഥി സംഘടന ജമാഅത്ത് രൂപീകരിച്ചു മുന്നോട്ട് പോയി. അല്ലാതെ സിമിയെ ജമാഅത്തില്‍നിന്ന് പുറത്താക്കിയതല്ല. മറിച്ചൊരു ചരിത്രമുണ്ടെങ്കില്‍ അത് ശബാബില്‍ തന്നെ പ്രസിദ്ധീകരിക്കാവുന്നതാണ്. സിമി നിരോധിക്കപ്പെടുന്നത് വരെ ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തനത്തിന് അവരെ അറസ്റ്റ് ചെയ്യപ്പെട്ടതായി അറിയില്ല. നിരോധിക്കപ്പെട്ടതിന് ശേഷം നടന്ന പല സ്ഫോടനങ്ങള്‍ക്ക് പിന്നിലും അവരാണ് എന്ന് പറയുകയും മുന്‍ സിമി പ്രവര്‍ത്തകരെ അറസ്റ്റുചെയ്യുകയുമുണ്ടായി. അതില്‍ ഏത്ര പേര്‍ ശിക്ഷിക്കപ്പെട്ടുവെന്നതൊക്കെ പരിശോധിക്കാവുന്നതാണ്. അത്തരം പലസ്ഫോടനങ്ങള്‍ക്ക് പിന്നിലും ഹിന്ദുത്വഫാസിസ്റ്റുകള്‍ തന്നെയാണെന്ന് പിന്നീട് വെളിപ്പെടുകയുണ്ടായി. ചിലരെങ്കിലും പിന്നീട് കടുത്ത തീവ്രവാദത്തിലേക്ക് നീങ്ങിയിട്ടുണ്ടാകാം. നിരോധം കൊണ്ട് വിപരീതഫലമാണ് ഉണ്ടാകുന്നത് എന്നതാണ് ഇതിലൂടെ തെളിയിക്കപ്പെടുന്നത്. അവരില്‍ പെട്ട ചിലര്‍ തീവ്രസ്വഭാവുള്ള സംഘടനകള്‍ രൂപീകരിച്ചെങ്കില്‍ അവരെ ഏതിരിടുന്നതിന് പകരം അവരോട് അക്കാര്യത്തില്‍ വിയോജിപ്പുള്ള ജമാഅത്തെ ഇസ്ലാമിയെ തന്നെ വിമര്‍ശിക്കുന്നതില്‍ ഒരര്‍ഥവുമില്ല.

ശീഈ വിശ്വാസങ്ങളില്‍ പലതും നമ്മുക്ക് അംഗീകരിക്കാനാവുന്നതല്ല. അവര്‍ വേര്‍പിരിയുന്ന പോയിന്റ മുതല്‍ നമുക്ക് വിയോജിപ്പുണ്ട്. അത് ആദ്യത്തെ നാല് ഖലീഫമാരോടുള്ള അവരുടെ വിയോജിപ്പാണ്. അക്കാര്യത്തില്‍ നാല് ഖലീഫമാരും സത്യത്തിന്റെ പാതയിലാണ് എന്നതാണ് അഹ്ലുസുന്നത് വല്‍ ജമാഅത്തിന്റെ വിശ്വാസം ഈ നിലക്കാണ് മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും അഹ്ലുസുന്നയുടെ ഭാഗമാകുന്നത്. അഹ് ലുസുന്നത്ത് വല്‍ ജമാഅത്തില്‍ തന്നെ വിവിധ വിഭാഗങ്ങള്‍ ഉണ്ട്. എന്ന പോലെ ശിയാക്കളിലും ഒട്ടേറെ അവാന്തരവിഭാഗങ്ങളുണ്ട്അതോടൊപ്പം മുസ്ലിം ലോകം അവരെ മുസ്ലിംകളായിതന്നെ പരിഗണിച്ചുവരുന്നു. മക്കയില്‍ ചെന്ന് മറ്റുമുസ്ലിംകളെ പോലെ ഹജ്ജ് നിര്‍വഹിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. എന്നിരിക്കെ അവരിലെ പണ്ഡിതന്മാരുടെ നമുക്ക് യോജിക്കാന്‍ കഴിയുന്ന ചിന്തകളെ പ്രബോധനത്തിലോ മറ്റോ പ്രസിദ്ധീകരിച്ചത് ഗുരുതരമായി കാണേണ്ടതില്ല. ഇയ്യിടെ പ്രസിദ്ധീകരിക്കുന്ന പ്രബോധനത്തില്‍ മുജാഹിദിലെ എല്ലാ വിഭാഗത്തില്‍ പെട്ട നേതാക്കളുടെയും അഭിമുഖവും ലേഖനവും വന്നുകൊണ്ടിരിക്കുന്നത് നാം കാണുന്നതാണല്ലോ. അല്‍പം കൂടിയ തലത്തില്‍ സഹിഷ്ണുതകാണിക്കാന്‍ സാധിച്ചാല്‍ ഇത്തരം കാര്യത്തിന് പിന്നില്‍ മറ്റു കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയില്ല.

ശിയാക്കളെക്കുറിച്ചാണ് ലേഖനത്തില്‍ കാര്യമായി പറയുന്നത് കൂട്ടത്തില്‍ മൗദൂദി പ്രചരിപ്പിച്ചത് ശീഇസം തന്നെ എന്ന് പറഞ്ഞുവെച്ചാല്‍ അതൊക്കെ തന്നെയാണ് ജമാഅത്തിന്റെയും വിശ്വാസം എന്ന് ചിലരെങ്കിലും വിശ്വസിച്ചോളും ഇത്രയാണ് ലേഖകനും അത് പ്രസിദ്ധീകരിച്ച ശബാബും പ്രതീക്ഷിക്കുന്നത് എന്നാണ് ലേഖനം വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.

സത്യത്തോടും നീതിയോടും പ്രതിബദ്ധതയുള്ള ഒട്ടേറെ നേതാക്കള്‍ മടവൂര്‍ വിഭാഗത്തിലും ഉണ്ടാവും. അവര്‍ ഇത്തരം ലേഖനങ്ങളോട് പ്രതികരിക്കാതിരിക്കരുത്. ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തിനോട് ഏതിരിട്ടവരൊന്നും ഗുണം പിടിച്ചിട്ടില്ല. ഈ നിഴല്‍യുദ്ധവും ആ സംഘടനക്ക് ക്ഷീണമേ ഉണ്ടാക്കൂ. അതിനാല്‍ പ്രസ്തുതസംഘടനയിലെ വിവേകശാലികള്‍ മുന്നോട്ട് വരട്ടേ. സംവാദം ആരോഗ്യകരവും പണ്ഡിതോചിതവുമാകട്ടേ.

 
Design by CKLatheef | Bloggerized by CKLatheef | CK