'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ഒക്‌ടോബർ 02, 2013

സിമിയുടെ ഭൂതവും വര്‍ത്തമാനവും ഒരു ഫെയ്സ് ബുക്ക് സംവാദം .


ഇന്ത്യയില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിദ്യാര്‍ഥി സംഘടന ഏതെന്ന് ചോദിച്ചാല്‍ അത് സിമിയാണെന്ന് മിക്കവര്‍ക്കും ഉത്തരം നല്‍കാനാവും. നിരോധിക്കുന്നത് വരെ അധികമാര്‍ക്കും അറിയാത്ത ഈ ഇസ്ലാമിക വിദ്യാര്‍ഥി സംഘടനിരോധനത്തിന് ശേഷം ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന സംഘടനയായി. സിമി എന്ന് കേട്ടാല്‍ അതൊരു വിദ്യാര്‍ഥി സംഘടനയാണ് എന്ന് പോലും ആര്‍ക്കും മനസ്സിലാവില്ല. എവിടെ സ്ഫോടനം നടന്നാലും പിടിക്കപ്പെടുന്നവര്‍ക്ക് സിമി ബന്ധം ഉണ്ടായിരുന്നുവെന്ന് ആദ്യമേ പ്രഖ്യാപിക്കും. അതല്ല സ്ഫോടനം നടന്നാല്‍ അത്തരം ബന്ധമുള്ളവരെ പിടിക്കും. അവര് തന്നെയാണ് നടത്തിയത്  എന്ന കാര്യത്തില്‍ പിന്നീട് സംശയമേ ഇല്ല. കാരണം അവര്‍ക്ക് സിമിയുമായി ബന്ധം ഉണ്ട്  എന്ന് പറഞ്ഞു കഴിഞ്ഞല്ലോ. പിന്നീട് ഇതിന്റെ വിചാരണ പൂര്‍ത്തിയാകാന്‍ അഞ്ചോ എട്ടോ പത്തോ കൊല്ലം പിടിക്കും അത് വരെ പിടിക്കപ്പെട്ടവര്‍ വിചാരണ തടവുകാര്‍ എന്ന നിലക്ക് വധശിക്ഷക്ക് ബാധകമായ തരത്തില്‍ കഠിന തടവ് അനുഭവിക്കണം. വിചാരണ നടന്നു കിട്ടിയാല്‍ രക്ഷപ്പെട്ടു. കാരണം എല്ലായ്പ്പോഴും തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിടാറാണ് സംഭവിക്കാറുള്ളത്. ഇപ്പോള്‍ സിമി വീണ്ടും ചര്‍ചയാകുന്നത് ഒരു ഉറുദു പുസ്തകത്തിന്റെ പരിഭാഷയില്‍ ജിഹാദുമായി ബന്ധപ്പെട്ട പ്രകോപനപരമായ പരാമര്‍ശം ഉണ്ട് എന്ന കാരണം പറഞ്ഞ് അതിന്റെ പ്രസാധകനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ്. സ്ഥാനത്തും അസ്ഥാനത്തും സിമി എന്ന സംഘടനയെ കൊണ്ടുവന്ന് ഭീകരവല്‍ക്കരിക്കുന്ന , വിവേചന ബുദ്ധിയോടെ നോക്കുന്ന ആര്‍ക്കും തികഞ്ഞ അനീതിയാണെന്ന് തോന്നുന്ന നിയമപാലകരുടെ രീതി ഒട്ടേറെ മുസ്ലിം യുവാക്കളില്‍ സിമിയോട് ഒരു രക്തസാക്ഷിയോട് തോന്നാനിടയുള്ള അനുകമ്പയും ആരാധനാ മനോഭാവവും  വളര്‍ത്തിയെടുത്തിരിക്കുന്നുവെന്നാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ചയിലൂടെ കണ്ണോടിക്കുമ്പോള്‍ അനുഭവപ്പെടുന്നത്. ഒരു വശത്ത് ഭീകരവല്‍ക്കരിച്ച് തെറ്റിദ്ധരിപ്പിക്കുമ്പോള്‍ അതിന്റെ സ്വാഭാവിക പ്രതികരണെം എന്ന നിലക്ക് അതിനെ വല്ലാതെ മഹത്വവല്‍ക്കരിച്ചും തെറ്റിദ്ധരിപ്പിക്കുന്നു. സത്യം വീണ്ടും അവ്യക്തമാവുന്നു.    സിമിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഫെയ്സ് ബുക്കില്‍  കണ്ട ലേഖനം അത്തരത്തിലുള്ളതാണ്. അതും  അതിന് ഞാന്‍ നല്‍കി കമന്റും ചേര്‍ന്നതാണ് ഈ ബ്ലോഗ് പോസ്റ്റ്. തുടര്‍ന്ന് വായിക്കുക. 

*****************************
Navas Padoor

"ഇസ്ലാമിക മത മൌലികവാദിയാകുക-സിമിയാവുക"
----------------------------------------------------------
ഈ മുദ്രാവാക്യം പോലെത്തന്നെ, ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രസ്ഥാനമായിട്ടാണ് സിമിയെ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.മുകളിലെ മുദ്രാവാക്യവും, സിമി ഉയര്‍ത്തിവിട്ട മറ്റു മുദ്രാവാക്യങ്ങളും ഇന്ത്യന്‍ സാഹചര്യത്തില്‍ സവിശേഷമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളായിരുന്നു.നിര്‍ഭാഗ്യകരമെന്നു പറയട്ടെ, തികച്ചും ധൈഷണികമായ സംവാദങ്ങള്‍ക്കു പകരം വൈകാരികമായാണ് സമൂഹം - അവര്‍ ഉള്‍കൊള്ളുന്ന മുസ്ലിം സമൂഹം പോലും - ഈ ആശയങ്ങളെ നോക്കിക്കണ്ടത്.അതു പക്ഷേ, യാദൃശ്ചികമായിരുന്നില്ല.അതിന്റെ പിന്നില്‍ വ്യക്തമായ ഫാഷിസ്റ്റ് അജണ്ട ഉണ്ടായിരുന്നു.ഒട്ടേറെ സിമി പ്രവര്‍ത്തകര്‍ സുഹൃത്തുക്കളായി ഉണ്ടായിരുന്നിട്ടും, വര്‍ഗ്ഗീയമായി ചിന്തിക്കുന്ന ഒറ്റ പ്രവര്‍ത്തകനേയും ഞാന്‍ അവര്‍ക്കിടയില്‍ കണ്ടിട്ടില്ല.ഇസ്ലാമുമായി ബന്ധപ്പെടുന്ന വിഷയങ്ങളില്‍ പോലും,കാലഘട്ടത്തിനിണങ്ങും വിധം, പൊതു സമൂഹത്തെ മൊത്തം അഭിസംബോധന ചെയ്യുന്ന വിധത്തില്‍ വിശാലമായ പഠനമാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കപ്പെട്ടിരുന്നത് എന്ന് അവരുമായുള്ള സംവാദങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു.ആശയങ്ങളെ, മൂര്‍ച്ചയുള്ള വിമര്‍ശനത്തിന്റെ മുനയില്‍ നിറുത്തുന്ന അവരുടെ രീതി, സമൂഹത്തോടുള്ളതിനേക്കാള്‍ സംഘടയ്ക്കകത്ത് ശക്തമായിരുന്നു. 

ഇസ്ലാമിക ആശയങ്ങളെ അതേപടി പൊതുജനത്തിലേക്കെത്തിക്കാനായിരുന്നു അവരുടെ ശ്രമങ്ങള്‍.അതായത്, ഇസ്ലാമികാശയങ്ങളുടെ തലത്തിലേയ്ക്ക് ജനത്തെ ഉയര്‍ത്തിക്കൊണ്ടു വരിക എന്ന രീതി.മറിച്ച്, ഇന്ന് പല പ്രബോധക സംഘങ്ങളും ചെയ്യുന്നതു പോലെ ജനങ്ങളുടെ തലത്തിലേക്ക് ഇസ്ലാമികാശയങ്ങളെ ഇറക്കിക്കൊണ്ടു വരിക എന്ന രീതിയായിരുന്നില്ല. (രണ്ട് രീതികളിലും തെറ്റുണ്ടെന്ന് എനിക്ക് അഭിപ്രായമില്ല).

കോലാഹലം സൃഷ്ടിച്ച പല മുദ്രാവാക്യങ്ങളും വളരെ പ്രസക്തവും, വിശാലമായ ചര്‍ച്ച നടക്കേണ്ടതുമായിരുന്നു.ഉദാഹരണം : "ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ" എന്ന മുദ്രാവാക്യം വിശാലമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നായിരുന്നു.എന്നാല്‍, നേര്‍ക്കു നേര്‍ കാര്യം പറയുക;ശേഷം, ചോദ്യങ്ങളെ നേരിടുക എന്ന ഈ ശൈലി, പലപ്പോഴും ഫാഷിസ്റ്റുകള്‍ ദുരുപയോഗം ചെയ്തു."ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ!" എന്ന തികച്ചും പ്രകോപനപരമായ മറുപ്രചാരണം അഴിച്ചു വിട്ടാണ് സംഘ പരിവാരം ഈ ആശയത്തെ പ്രതിരോധിച്ചത്.എന്നാല്‍, കാലങ്ങള്‍ക്കു ശേഷം ആ കാമ്പയിനിലൂടെ സിമി പറയാന്‍ ശ്രമിച്ചത് അമുസ്ലിംകളായ പലരും പറയുന്നു എന്നിടത്താണ് അവരുടെ ഇക്കാര്യത്തിലെ ദീര്‍ഘവീക്ഷണം നമുക്ക് അനുഭവഭേദ്യമാകുന്നത്.തോമസ് ഐസക്കിനെപ്പോലെയുള്ളവര്‍ ഇസ്ലാമിക് ബാങ്കിംഗിനെക്കുറിച്ചു പറയുന്നതും സുബ്രഹ്മണ്യം സ്വാമിയേപ്പോലുള്ളവര്‍ അതിനെ വര്‍ഗ്ഗീയമായി കാണുന്നതും ചരിത്രത്തിലെ പുതിയ വിശേഷങ്ങള്‍.

മതമൌലികവാദം എന്ന ചാപ്പകുത്തി മുസ്ലിംകളെ പാര്‍ശ്വവല്‍ക്കരിക്കുന്ന ഏര്‍പ്പാടിന് തുടക്കം കുറിച്ച അതേ സമയത്തു തന്നെയാണ് 'മൌലികവാദമാണ് ശരി' എന്ന് സ്ഥാപിക്കുന്ന പ്രചാരണവുമായി സിമി മുന്നോട്ടു വന്നത്. 'ഇസ്ലാമിക മത മൌലിക വാദിയാകുക-സിമിയാവുക' എന്ന മുദ്രാവാക്യം കേട്ട് നെറ്റി ചുളിച്ചവരില്‍ പൊതു സമൂഹത്തിലെ ബുദ്ധിജീവികള്‍ മാത്രമായിരുന്നില്ല, മുസ്ലിംകളിലെ 'റാന്‍ മൂളി' സംഘങ്ങളും ഉണ്ടായിരുന്നു.അവര്‍ക്ക്, ഇപ്പോഴും അതിന്റെ അര്‍ഥം പിടികിട്ടിയിട്ടില്ല..! 

പലരും, വിമര്‍ശിക്കുന്നത് സിമിയുടെ ആശയങ്ങളുടെ തീവ്രതയേയാണ്.എന്നാല്‍, അയ്യായിരം വര്‍ഷം കൊണ്ട് അടിമ തന്റേതെന്ന് ധരിച്ചുവശായ ചങ്ങല, സ്വാതന്ത്ര്യമല്ല എന്നു തിരിച്ചറിയാന്‍ അല്‍പ്പം തീവ്രമായിത്തന്നെ ആശയങ്ങള്‍ ജനമനസ്സുകളില്‍ അടിച്ചേല്‍പ്പിക്കേണ്ടതുണ്ട് എന്ന സിമിയുടെ നിലപാട് ശരിയാണെന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു.അക്കാലത്ത് ഇത്തരം 'പ്രകോപനപരമായ' മുദ്രാവാക്യങ്ങളില്‍ എനിക്കുള്ള വിയോജിപ്പ് ഞാന്‍ അവരോട് പറയുമായിരുന്നു.

ഒരിക്കല്‍, ഒരു പ്രചാരണ യോഗത്തില്‍ പങ്കെടുത്ത്, "നിങ്ങള്‍ക്ക് പറയാനുള്ളത് നല്ല ആശയങ്ങളാണ്.പക്ഷേ, അത് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.മുദ്രാവാക്യങ്ങള്‍ കൊണ്ട് സിമി എന്താണ് ഉദ്ധേശിക്കുന്നതെന്ന്, പൊതു ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തി, എന്തു കൊണ്ട് തെറ്റിദ്ധാരണ മാറ്റുന്നില്ല?" എന്ന എന്റെ ചോദ്യത്തിന് ലഭിച്ച മറുപടി ഇതായിരുന്നു: 

"സിമി ഒരു വിദ്യാര്‍ഥി പ്രസ്ഥാനമാണ്.അതിന്റെ പ്രഥമ സംബോധിതര്‍ വിദ്യാര്‍ഥികളാണ്.പൊതു സമൂഹത്തേക്കാള്‍, വിപ്ലവകരമായ ആശയങ്ങള്‍ സ്വീകരിക്കാന്‍ പാകപ്പെട്ട മനസ്സ് വിദ്യാര്‍ഥികളുടേതാണ്.ഇന്ന്, അത് കേള്‍ക്കുന്ന വിദ്യാര്‍ഥി, നാളത്തെ പൌരനാണ്.അവരിലൂടെയാണ് നമ്മുടെ സമൂഹത്തില്‍ മാറ്റം ഉണ്ടാകാന്‍ പോകുന്നത്.നമുക്ക്, തിരക്കില്ല"

എന്തൊക്കെയായാലും, സിമിയുടെ അഭാവം വിദ്യാര്‍ഥി സമൂഹത്തില്‍ വലിയൊരു വിടവ് സൃഷ്ടിച്ചിരിക്കുന്നു.മുസ്ലിം സമൂഹത്തിലല്ല-പൊതു സമൂഹത്തില്‍ തന്നെ..!

*******************************************

ഇതിന് ‍ ഞാന്‍ നല്‍കിയ ഫെയ്ബുക്ക് കമന്റുകള്‍

  • Abdul Latheef CK വിക്കിപീഡിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഈ ലേഖനം സന്തുലിതമല്ല എന്നാണ് എന്റെ മൊത്തത്തില്‍ ഉള്ള വിലയിരുത്തല്‍ ....
  • Abdul Latheef CK സിമിയുടെ അവിവേകങ്ങളെ തലോടിയും അവരുടെ ആശയം എന്നത് അവരുടെ കുത്തകയെന്ന നിലക്കും അവതരിപ്പിച്ച ഈ ത്രെഡ് സത്യസന്ധമായ വിവരണമല്ല എന്ന് ഞാന്‍ പറയും..
  • Abdul Latheef CK സമഗ്രമായ ഇസ്ലാമിന്റെ യുക്തിപൂര്‍ണമല്ലാത്ത അവതരണത്തിലൂടെയാണ് സിമി ശ്രദ്ധേയമായത്. അല്ലാഹുവിലേക്കുള്ള ക്ഷണമായിരുന്നു തങ്ങളുടേതെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെയാണ് അന്‍സാറുള്ളാഹ് എന്നതിലെ അന്‍സാര്‍ എന്ന പേര്‍ തങ്ങളുടെ മെമ്പര്‍മാര്‍ക്കായി അവര്‍ കരുതി വെച്ചത്. എന്നാല്‍ അല്ലാഹുവിലേക്ക് വിളിക്കുന്നവര്‍ക്ക് അടിസ്ഥാനപരായി വേണ്ട രണ്ട് യോഗ്യത ഒന്ന് യുക്തിയും രണ്ടാമത്തേത് ഗുണകാംക്ഷയുമായിരുന്നു..അതില്‍ അദ്യത്തേത് ഒരു ഘട്ടത്തിലും അവര്‍ പ്രദര്‍ശിപ്പിച്ചില്ല. രണ്ടാമത്തേത് ജനങ്ങളില്‍ ഒരാള്‍ക്ക് പോലും തിരിച്ചറിയാന്‍ സാധ്യമല്ലാത്ത വിധം അവര്‍ അവേശത്തിലകപ്പെടുകയും ചെയ്തു.
  • Abdul Latheef CK ഇസ്ലാമിന് ഒരു സമഗ്രസ്വഭാവമുണ്ട്. അത് ഊന്നിപ്പറഞ്ഞ ആധുനിക കാലഘട്ടത്തിലെ മഹാരഥന്‍മാരാണ് സയ്യിദ് ഖുതുബും ഹസനുല്‍ബന്നയും ഇമാം മൌദൂദിയും. ഈ ആശയങ്ങളില്‍നിന്ന് ജീവിതത്തെ വിലയിരുത്തുമ്പോള്‍ ബുദ്ധിയും കാര്യഗ്രഹണ ശേഷിയുമുള്ള മുസ്ലിംകള്‍ക്ക് വല്ലാത്ത ഒരു ആത്മനിര്‍വൃതി ലഭിക്കും. തങ്ങള്‍ പിറന്ന മതം കേവലം ഒരു ആചാരമതമല്ലെന്നും ലോകത്തിന് ആവശ്യമുള്ള ജീവിത ദര്‍ശനമാണെന്ന തിരിച്ചറിവും ഉണ്ടാകും. മതത്തിനിതിലെന്ത് കാര്യം എന്ന ഭാവേന ജനങ്ങള്‍ തള്ളിക്കളയുന്ന പട്ടിപ്രദര്‍ശനം പോലുള്ളവയെക്കുറിച്ച് അവര്‍ (സിമിയെ മാത്രം ഉദ്ദേശിച്ചല്ല) സംസാരിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും അമ്പരപ്പുണ്ടാകും. വാസ്ഗോഡഗാമയുടെ യാത്ര മറ്റുള്ളവര്‍ കേവലം വിനോദമായി കാണുമ്പോള്‍ അതിന്റെ ആന്തരാര്‍ഥങ്ങളെയും സാമ്രാജ്യത്വ ദുഷ്ടലാക്കുകളെയും തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കുന്നതിനാല്‍ വീണ്ടും അമ്പരപ്പും ബഹുമാനവും തോന്നും. ഇത്തരക്കാരില്‍ ആഴത്തില്‍ ചിന്തിക്കാത്തവരെ സ്വാധീനിക്കാന്‍ സിമിയില്‍ നിലനില്‍ക്കുന്ന കൂടിയ വൈകാരികതക്കായിട്ടുണ്ട്. 

    എന്നാല്‍ അതേ സമയം ഇസ്ലാമിന്റെ ഇതേ സമഗ്രസ്വഭാവത്തെ ഖുര്‍ആന്‍ എങ്ങനെ പ്രബോധനം ചെയ്യണം എന്നാവശ്യപ്പെട്ടോ അതേ യുക്തിയോടെയും ഗുണകാംക്ഷയോടെയും പ്രബോധനം ചെയ്ത ഒരു മഹത്തായ സംഘടന ഇവിടെ ഉണ്ടായിരുന്നു. ആശയതലത്തിലെ സാമ്യത ഇത് രണ്ടിനെയും സമീകരിക്കാന്‍ ചിലരെ പ്രേരിപ്പിച്ചു. അത്തരക്കാര്‍ ഇന്നും ജമാഅത്തിന്റെ വിദ്യാര്‍ഥി സംഘടനയാണ് സിമി എന്ന തെറ്റിദ്ധാരണയില്‍ തന്നെയാണ് ഉള്ളത്. 

    സിമിയെ നിരോധിച്ചത് അവര്‍ ചെയ്ത എന്തെങ്കിലും ഭീകരതയുടെ പേരിലാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നില്ല. ഇന്ത്യയെ പോലുള്ള ഒരു മതേതര ഭരണകൂടം ഇത്തരം നിരോധനമേര്‍പ്പെടുത്തുമ്പോള്‍ അതിലും മതേതരത്വം കൊണ്ട് വരാന്‍ ശ്രമിക്കുന്നുവെന്നതാണ് നേര്. അഥവാ ആര്‍ എസ്.എസിനെ നിരോധിക്കുമ്പോള്‍ പകരം മുസ്ലം സംഘത്തില്‍നിന്നും ചില സംഘടനകളെ നിരോധിക്കേണ്ടത് ഭരിക്കുന്ന രാഷ്ടീയപാര്‍ട്ടിക്ക് ഗുണം ചെയ്യും എന്നവര്‍ പ്രതീക്ഷിക്കുന്നു. ആ നിലക്ക് ജമാഅത്തെ ഇസ്ലാമിയെയും രണ്ട് വട്ടം നിരോധിച്ചിട്ടുണ്ട്. നിരോധനം വന്നത് അവിവേകം കാണിച്ചതുകൊണ്ടോ വൈകാരികത കാരണമോ മാത്രമാകണം എന്നില്ല എന്നാണ് പറഞ്ഞുവന്നതിന്റെ ചുരുക്കം..
  • Abdul Latheef CK സിമിയെ നിരോധിച്ചതിന് ശേഷം അത് ശക്തിപ്രാപിച്ചതായിട്ടാണ് നമുക്ക് തോന്നുക. എങ്കില്‍ സംഘടനകളെ നിരോധിക്കാതരിക്കലാണ് നല്ലത് എന്ന് പോലും ഒരു നിഷ്പക്ഷ നിരീക്ഷകന് ചിന്തിക്കാവുന്നതാണ്. കാരണം സിമി നിരോധനത്തിന് ശേഷം എവിടെ സ്ഫോടനം ഉണ്ടായാലും അതില്‍ പിടിക്കപ്പെടുക മുന്‍ സിമിക്കാരാണ്. പിന്നീട് ആര്‍ എസ് എസു കാര്‍ നടത്തിയതെന്ന് അസിമാനന്ദ വിളിച്ച് പറഞ്ഞ സ്ഫോടനങ്ങളിലും പിടിക്കപ്പെട്ടത് മുന്‍ സിമിക്കാര്‍ എന്ന നിലക്കായിരുന്നു അന്നത്തെ പ്രചാരണം. നിരോധിക്കപ്പെട്ടവരുടെ പേരില്‍ ചാര്‍ത്തിയാല്‍ ഒരു സൌകര്യമുണ്ട് ആരും അതിനെ ചോദ്യം ചെയ്യില്ല. ഈ സൌകര്യം എമ്പാടും ഉപയോഗിച്ചു. 

    നിരോധിക്കുന്നത് വരെ അതിലെ ഏതെങ്കിലും പ്രവര്‍ത്തകന്‍ ഒരു തീവ്രവാദത്തിന് അറസ്റ്റ് ചെയ്തതായി എന്റെ അറിവിലില്ല. എന്നാല്‍ തീവ്രവാദത്തിന്റെ നൂറുകണക്കിന് അനുഭവങ്ങളും ഭീകരതയുടെ സ്ഫോടനങ്ങള്‍ നിരന്തരം കുറ്റാരോപിതരാകുന്ന നല്‍കുന്ന ആര്‍ എസ് എസ് അന്ന് വേണ്ടത്ര തെളിവുകള്‍ ഭരണകൂടം സമര്‍പിക്കാതെ പെട്ടെന്ന് നിരോധനത്തില്‍നിന്ന് ഒഴിവായി... 

    ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് ആവര്‍ക്ക് ലഭ്യമായതും അതിന് പുറമെ മുസ്ലിം മതസംഘടനകള്‍ക്ക് ലഭ്യമമായതുമായ മുഴുവന്‍ തെളിവുകളെയും തള്ള സുപ്രീം കോടതി കുറ്റവിമുക്തരാക്കി. ജമാഅത്ത് പ്രവര്‍ത്തകര്‍ ആ കേസിനെ യഥാവിധി പിന്തുടര്‍ന്നതിനാലാണ് അത് സാധിച്ചത്. ഭരമകൂടെ തീര്‍ത്തും പക്ഷപാതപരമായിട്ടേ പെരുമാറു എന്നത ധാരണക്ക് അടിസ്ഥാനമില്ല എന്നതിന്റെ തെളിവുകൂടിയാണ് ജമാഅത്തിന്റെ നിരോധം സുപ്രീം കോടതി നീക്കിയതില്‍നിന്നും വ്യക്തമാക്കുന്നത്. 

    നൂറ് ശതമാനം നീതി പുലരും എന്ന് പ്രതീക്ഷിക്കുന്നത് പോലെ തന്നെ നീതി ഇവിടെ ലഭ്യമല്ല എന്ന് പറയുന്നതും അതിവാദമാണ്.
  • Abdul Latheef CK ആശയതലത്തില്‍ സമഗ്രഇസ്ലാമിനെ സ്വീകരിച്ചതുകൊണ്ടുണ്ടായ ചില മേന്മകളാണ് സിമിയുടെ വലിയ മേന്‍മകളായി നവാസ് പാടൂര്‍ ഇവിടെ അവതരിപ്പിച്ചത്. അത് സിമിയുടെ വകയല്ല. ഇസ്ലാമിനെക്കുറിച്ച് നിഷ്പക്ഷമായി ചിന്തിക്കുന്ന ആര്‍ക്കും അതിലെത്തിച്ചേരാം. ആ കര്‍മം നിര്‍വഹിച്ച പണ്ഡിതരും ചിന്തകരുമാണ് ഞാന്‍ നേരത്തെ പേരെടുത്ത് പറഞ്ഞ മഹാന്‍മാര്‍ ... ആ നിലക്ക് അതിന്റെ അതിന്റെ എല്ലാ തരം ഗരിമയോടെയും അവതരിപ്പിക്കുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സിമിക്ക് മുമ്പേ ഇവിടെ ഉണ്ട് സിമി നിരോധനത്തിന് ശേഷവും ഇവിടെ അതിന്റെ ദൌത്യം തുടരുന്നു. 

    എന്നാല്‍ അതിനെ അംഗീകരിക്കാനോ അവരുടെ നിലപാടുകളെ ഉള്‍ക്കൊള്ളാനോ സാധ്യമല്ലാത്ത ഒരു പറ്റം അവിവേകികളായ യുവാക്കള്‍ അതാണ് സിമി. മുകളിലൊരു സുഹൃത്ത് സൂചിപ്പിച്ച പോലെ വിവേകം കക്ഷത്ത് മാത്രമായിരുന്നു കയ്യുയര്‍ത്തിയാല്‍ താഴെപോകുന്ന അവസ്ഥയിലായിരുന്നു അവരിലുള്ള വിവേകം..
  • Abdul Latheef CK ആശയതലത്തിലെ അവരുടെ ഗരിമക്ക് അവര്‍ ആ മൂന്ന് ഇസ്ലാമിക ചിന്തകരോട് കടപ്പെട്ടിരിക്കുന്നു. എന്നാല്‍ പ്രായോഗിക തലത്തില്‍ അവര്‍ നടത്തിയെ പ്രവര്‍ത്തനങ്ങള്‍ ഒട്ടും ബുദ്ധിപൂര്‍വകമായിരുന്നില്ല. ജമാഅത്തിന് വിദ്യാര്‍ഥി സംഘടനയില്ലാത്ത സമയത്ത് ഈ ചെറുപ്പക്കാരോട് ജമാഅത്ത് തോന്നിയ അടുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ തങ്ങളുടെ നിയന്ത്രണത്തിലല്ലാതെ ഒരു കൂട്ടം യുവാക്കള്‍ അവര്‍ക്ക തോന്നിയ പോലെ ചിന്തിച്ച് പ്രവര്‍ത്തിക്കുന്നത് ശരിയല്ല എന്ന് തോന്നിയ ജമാഅത്തെ ഇസ്ലാമി, സിമിയോട് തങ്ങളുടെ രക്ഷാകര്‍തൃത്വം അംഗീകരിക്കാന്‍ ആവശ്യപ്പെട്ടു. അവരിലെ നേതാക്കള്‍ അത് നിരസിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമി സ്വന്തമായി എസ്.ഐ.ഓ എന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിന് രൂപം നല്‍കി. തങ്ങള്‍ പറഞ്ഞാല്‍ അനുരസിക്കുന്നവരെയൊക്കെ അതിലേക്ക് ചേരാന്‍ പ്രേരിപ്പിച്ചു. അതോടെ സംഘടനാ തലത്തില്‍ സിമി അതീവ ദുര്‍ബലമായി.. അതിന് ശേഷം അവരുടെ മുഖ്യ ഉന്നം ജമാഅത്തെ ഇസ്ലാമിയായി എന്നത് അന്നത്തെ വിവേകം എടുത്ത് നോക്കിയാല്‍ കാണാവുന്നതാണ്. അവര്‍ ജമാഅത്തിനെ ഏത് കാര്യത്തില്‍ എതിര്‍ത്തുവോ അത് തന്നെയാണ് പിന്നീടവര്‍ക്ക് വിനയായി മാറിയതും. അതില്‍ ചില ആരോപണം ഞാന‍് ഈ പോസ്റ്റില്‍ നിന്ന് തന്നെ ഉദ്ധരിക്കാം...
  • Abdul Latheef CK നവാസ് പാടൂര്‍ പറയുന്നു..

    (((ഇസ്ലാമിക ആശയങ്ങളെ അതേപടി പൊതുജനത്തിലേക്കെത്തിക്കാനായിരുന്നു അവരുടെ ശ്രമങ്ങള്‍.അതായത്, ഇസ്ലാമികാശയങ്ങളുടെ തലത്തിലേയ്ക്ക് ജനത്തെ ഉയര്‍ത്തിക്കൊണ്ടു വരിക എന്ന രീതി.മറിച്ച്, ഇന്ന് പല പ്രബോധക സംഘങ്ങളും ചെയ്യുന്നതു പോലെ ജനങ്ങളുടെ തലത്തിലേക്ക് ഇസ്ലാമികാശയങ്ങളെ ഇറക്കിക്കൊണ്ടു വരിക എന്ന രീതിയായിരുന്നില്ല. (രണ്ട് രീതികളിലും തെറ്റുണ്ടെന്ന് എനിക്ക് അഭിപ്രായമില്ല). )))

    ഈ പറഞ്ഞതിന്റെ തീവ്രരൂപങ്ങളാണ് സിമി ജമാഅത്തിനെതിരെ ആരോപിച്ചത്. ഇപ്പോഴും അവരുടെ മനസ്സുള്ളവര്‍ രൂപം കൊടുത്ത സംഘടനയില്‍ പെട്ടവരും അത് ആവര്‍ത്തിക്കുന്നുണ്ട്. 

    ജമാഅത്തെ ഇസ്ലാമി ഇസ്ലാമില്‍ വെള്ളം ചേര്‍ത്തു. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതില്‍ ഭീരുത്വം തടയുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് അവര്‍ ഇസ്ലാമിനെ വക്രിച്ച് അവതരിപ്പിക്കുന്നു. സയ്യിദ് മൌദൂദിയും സയ്യിദ് ഖുതുബും പറഞ്ഞത് തള്ളുന്നുവെന്നൊക്കെയാണ് അവര്‍ വ്യഗ്യമായും അല്ലാതെയും പ്രചരിപ്പിക്കുന്നത്. ഈ അവിവേകികള്‍ക്കും സിമിയുടെ അവസ്ഥ വന്നാല്‍ അത്ഭുതപ്പെടാനില്ല..
  • Abdul Latheef CK ജമാഅത്ത് അത് അതിന്റെ സ്വന്തമായ വിദ്യാര്‍ഥി സംഘടനയുമായി മുന്നോട്ട് പോയപ്പോള്‍ നേരത്തെ സിമി കാമ്പസില്‍ ക്രിയാത്മകമായി ചെയ്ത ദൌത്യമെന്തോ അതിന് പിന്തുടര്‍ച ലഭിക്കുകയും സിമിക്ക് അവിടെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്തു. ബിജെപി ഗവ. അവരെ നിരോധിച്ചത് തന്നെ ഹിന്ദുത്വം നടത്താന്‍ പോകുന്ന ബോംബ് സ്ഫോടനങ്ങല്‍ക്ക് സമൂഹത്തില്‍ പറഞ്ഞാല്‍ വിശ്വാസ്യത ലഭിക്കുന്ന ഒരു വിഭാഗത്തെ കണ്ടെത്താനാണ് എന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. നിരോധനനത്തിന് ശേഷം അവരിലാരെങ്കിലും അധോസംഘങ്ങളെ സഹാച്ചോ എന്ന് പറയാന്‍ എനിക്കാവില്ല. പക്ഷെ അറസ്റ്റുകളല്ലാതെ അത്തരം കുറ്റങ്ങള്‍ക്ക് കോടതി ശിക്ഷിച്ചത് ഞാന്‍ കണ്ടിട്ടില്ല. സത്യത്തില്‍ സിമി നിരോധിക്കുന്നതിന് മുമ്പ് തന്നെ ഒരു കടലാസ് സംഘടനയായിക്കഴിഞ്ഞിരുന്നു. അവര്‍ ജീവിച്ചിരിക്കുന്നുവെന്നതിന്റെ ഏക തെളിവ് ചില പോസ്റ്ററുകലും വിവേകം എന്ന മാസികയുമായിരുന്നു. 

    നേരത്തെ ചിലര്‍ സുചിപ്പിച്ച പോലെ 30 കഴിഞ്ഞ ശേഷം എവിടെ പോകണം എന്ന് നിശ്ചയമില്ലാതെ അവര്‍ അതുവരെ എതിര്‍ത്ത് വന്ന സകല രാഷ്ട്രീയ മതസംഘടനകളില്‍ ചേകേറി. ചിലര്‍ ന്യൂട്ടരലായി. ചിലര്‍ ആത്മീയ ത്വരീഖത്തുകളില്‍ അഭയം തേടി. അത്യപൂര്‍വം ഇസ്ലാമിക പ്രസ്ഥാനത്തിലേക്കും വന്നിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. 

    ഒട്ടും ആശാവഹമല്ലാത്ത ഒരു റിക്കോര്‍ഡ് ആണ് അവര്‍ പ്രവര്‍ത്തിച്ച കാലത്തും രംഗം വിട്ടപ്പോഴും ഉണ്ടായത്. ജമാഅത്ത് സ്വന്തം വിദ്യാര്‍ഥി സംഘടന രൂപീകരിക്കുന്നതിന് മുമ്പ് പ്രഗര്‍ഭരായ ചില നേതാക്കളും അത്യവശ്യം അണികളും ഉണ്ടായരുന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നത് പോലുള്ള മുദ്രാവാക്യം ചുമരില്‍ ഒട്ടിച്ച് വെക്കുന്ന കാലത്ത് ഇവര്‍ പറഞ്ഞ കെ.ടി ജലീലോ സമദാനിയോ ശൈഖ് മുഹമ്മദ് കാരക്കുന്നോ അവരുടെ കൂടെയുണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇസ്ലാമിനെ സമഗ്രമായി ഉള്‍കൊണ്ട മുസ്ലിം വിദ്യാര്‍ഥി വിഭാഗം എന്ന നിലക്ക് കാമ്പസില്‍ സര്‍ഗാത്മക വിഭാഗമായപ്പോള്‍ അതില്‍ അണിനിരന്നവര്‍ പില്‍കാലത്തെ അവരുടെ അവിവേകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആവശ്യമില്ല.

തുടര്‍ന്ന് വരുന്ന ചര്‍ചകള്‍  ഈ പ്രതികരണത്തിന് ഇടക്ക് വന്ന കമന്റുകള്‍ക്ക് കൂടിയുള്ളതാണ് അവ സൌകര്യാര്‍ഥം കമന്റ് ബോക്സില്‍ ചേര്‍ക്കാം... 

 
Design by CKLatheef | Bloggerized by CKLatheef | CK