'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഒക്‌ടോബർ 13, 2016

ശൌക്കത്തും ഷാജിയും ഐ.എസ്സിൻ്റെ മൂടു തിരയുമ്പോൾ.

ജാബിർ പുല്ലൂർ എന്ന സുഹൃത്ത് ഡയലോഗ് എന്ന ഫെയ്സ് ബുക്ക് ഗ്രൂപിൽ എഴുതിയ ഒരു പോസ്റ്റ് അങ്ങനെ തന്നെ ഷെയർ ചെയ്യുകയാണിവിടെ. ആര്യാടൻ ശൌക്കത്ത് ചാനലിലും സ്വന്തം ഫെയ്സ് ബുക്ക് വാളിലും കെ.എം ഷാജി മാതൃഭൂമി ദിനപത്രത്തിലും നടത്തിയ കണ്ടെത്തലുകളോടുള്ള ഒരു പ്രതികരണം എന്ന നിലക്കാണിതിനെ വായിക്കേണ്ടത്. അൽപം ദീർഘമെങ്കിലും പൊതുമാധ്യമങ്ങളിൽ വരെ സജീവചർചയായ ഈ വിഷയം നന്നായി മനസ്സിലാക്കാനാഗ്രഹിക്കുന്നവർ ഈ ലേഖനം വായിക്കാതെ പോകരുത്. 
**************************************
ആര്യാടന്‍റെ അടുപ്പും 

മൗദൂദിക്കു വെച്ച വെളളവും
--------------------------------------------------
ദേശീയത്വത്തിന്‍റേയും മതേതരത്വത്തിന്‍റേയും ജാനാധിപത്യത്തിന്‍റേയും പേരില്‍ തങ്ങള്‍ ഓതി പഠിച്ച വേദപാഠങ്ങള്‍
തലയോട്ടിക്കുളളില്‍ കിടന്ന് പിപ്പിരി കയറുമ്പോള്‍ പോണവഴിക്കും വരുന്ന വരവിലും കിഴുക്കുവാന്‍ ചിലര്‍ക്ക് 'അമ്പലമണികള്‍' കൂടിയെ തീരൂ. ഭക്തന്‍റെ ഭക്തിയുടെ ഊക്ക് കൂടുന്നതിനനുസരിച്ച് അമ്പലമണിക്കുളള കിഴുക്കിന്‍റെ ഊക്കും കൂടൂം! ചില ഘട്ടങ്ങളില്‍, വിഷ സഞ്ചി നിറഞ്ഞ് എടങ്ങേറാവുന്ന പാമ്പിന്‍റെ പരിതാപവസ്ഥയോളം ഇതെത്തും. അപ്പോഴാണ് വിഷം കടിച്ചിറക്കാനുളള പതമുളള പ്രതലങ്ങള്‍ തേടി ഈ ജന്തുക്കള്‍ ഇഴയുന്നത്. ജമാഅത്തിനേക്കാളും മൗദൂദിയേക്കാളും കടിച്ചുകുടയാന്‍ പറ്റിയ പരുവത്തില്‍ പതം വന്ന സാധനങ്ങളെ അത്ര എളുപ്പം കിട്ടുകയില്ല. ജമാഅത്തു കാരാണെങ്കില്‍, പണ്ട് ഗാന്ധിജി അവര്‍ക്കു നല്‍കിയ 'സാധു' പരിവേഷത്തില്‍ നിന്നും കൂടുതല്‍ പരിതാപകരമായ 'പരമസാധുത്വത്തി'ലേക്കു കൂപ്പു കുത്തിയതിനാല്‍ കഠിന സഹനത്തിന്‍റേതായ ഹഠയോഗാവസ്ഥയിലുമാണ്.

തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിന്‍റെ പേരിലാകുമ്പോള്‍ അതിന്‍റെ വേരുകള്‍ തോണ്ടിത്തിരയാന്‍ കരാറേറ്റെടുത്തവര്‍ അവരുടെ ജെസിബിയുമായി പാഞ്ഞെത്തുന്നത് മൗദൂദിയേയും ജമാഅത്തിനേയും മാന്താനാണ്. ചന്തയില്‍ ഉളളിക്കും പരിപ്പിനും വില കൂടിയാല്‍ പോലും അതിന്നു പിന്നില്‍ ഒരു മൗദൂദിയന്‍ 'ടെച്ച്' കൃത്യമായി മെനെഞ്ഞെടുക്കുന്നതില്‍ ഇവര്‍ കാണിക്കുന്ന മിടുക്ക് അപാരം തന്നെ!
ഇവരുടെ അഭിപ്രായ പ്രകാരം തീവ്രവാദവും ഭീകരവാദവും മാത്രമല്ല, രാജ്യം നേരിടുന്ന ഒട്ടുമുക്കാല്‍ പ്രതിസന്ധികള്‍ക്കു പിന്നിലേയും നാരായവേര് മൗദൂദിയാണ്!


ചേന്ദമങ്ങല്ലൂരും കാരശ്ശേരിയിലും നിലമ്പൂരും വയനാട്ടിലും നാട്ടപ്പെട്ട അതിശക്തമായ സ്വീകരണ ശേഷിയുളള ഈ മതേതര റഡാറുകളുടെ തരംഗദൈര്‍ഘ്യത്തില്‍ നിന്നും ഒരു കാലത്തും മുക്തമല്ല മൗദൂദിയും ജമാഅത്തും!
തീവ്രവാദത്തിനു വിത്തു പാകിയവന്‍ മൗദൂദി, ഭീകരവാദത്തിന്‍റെ കാറ്റു വിതച്ചവന്‍ മൗദൂദി, സ്‌ത്രീ സ്വാതന്ത്ര്യത്തിന് കത്തി വെച്ചവന്‍ മൗദൂദി... ഇങ്ങനെ പോകുന്നു മൗദൂദി വിമര്‍ശനങ്ങള്‍. അങ്കത്തട്ടില്‍ മാറ്റച്ചുരിക കൊടുക്കാതെ ആരോമല്‍ ചേകവരെ എടങ്ങേറിന്‍റെ ഔത്താക്കിയതും ഈ മൗദൂദിതന്നെ എന്നു പറയാതിരുന്നത് മഹാ ഭാഗ്യം! അല്ലെങ്കില്‍ ഇക്കൂട്ടര്‍ ആ 'വിവരം' അറിഞ്ഞിരിക്കില്ല!
ആരാണീ മൗദൂദി ?
---------------------------------
പാദാര്‍ത്ഥ വാദവും നാസ്തികത്വവും നിരീശ്വരനിര്‍മ്മത പ്രസ്ഥാനങ്ങളും ശക്തി പ്രാപിച്ചു വരികയും ധിഷണകളെ അവയുടെ യുവത്തത്തോടെ റാഞ്ചിയെടുക്കുകയും ചെയ്ത ഒരു ദശാസന്ധിയില്‍, ലോക യുവത്വം ബൗദ്ധികമായും ആശയപരമായും ചായ്‌വ് പ്രകടിപ്പിച്ചു കൊണ്ടിരുന്ന രണ്ടു തത്വ ശാസ്‌ത്രങ്ങളുടെ (കമ്മ്യൂണിസം, മുതലാളിത്വം) പരിണിതിയെ കുറിച്ച് അവയുടെ ഈറ്റില്ലങ്ങളില്‍ തന്നെ ഗതി കിട്ടാതെ അലയുമെന്നും അവിടെങ്ങളില്‍ തന്നെ ചത്തൊടുങ്ങുമെന്നും കാര്യ കാരണങ്ങള്‍ സഹിതം സമര്‍ത്ഥിച്ച ഒരു വ്യക്തിത്വത്തെ ക്രാന്ത ദര്‍ശിയായ മനീഷി എന്നേ വിശേഷിപ്പിക്കാനാവൂ. ആ രണ്ടു ചിന്താധാരകളുടേയും അന്ത്യം അദ്ദേഹം പ്രവചിക്കുന്നത്, അവ രണ്ടും ചേര്‍ന്ന് ലോകത്തെ പകുത്ത് അടക്കി വാഴുന്ന അവയുടെ ഉജ്ജ്വല കാലത്താണ് എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.

മനുഷ്യ നിര്‍മ്മിത വ്യവസ്ഥകളുടെ അനിവാര്യമായ ഒരു പരിണിതിയെ കൃത്യമായി സൂചിപ്പിക്കുകയാണ് സയ്യിദ് മൗദൂദി ചെയ്തത്. ഒന്നുകില്‍ അത് നാശമടയും, കമ്മ്യൂണിസം പോലെ. അല്ലെങ്കില്‍ അത് മാനവകുലത്തേയും ലോകത്തേയും ആകമാനം നാശത്തിലൂടെ വലിച്ചിഴക്കും, മുതലാളിത്വം പോലെ.
ഭൗതിക ദര്‍ശനങ്ങളുടെ പരിമിതിയെ ലോകത്തെ ബോധ്യപ്പെടുത്തുന്നതിനൊപ്പം തന്നെ ദൈവിക വ്യവസ്ഥയുടെ അപ്രമാദിത്വത്തേയും പ്രപഞ്ചത്തേയും മനുഷ്യ ജീവിതത്തേയും അവന്‍റെ വിവിധങ്ങളായ വ്യവഹാര മണ്ഡലങ്ങളേയും താളഭംഗം കൂടാതെ ഭരിക്കുവാനും നയിക്കുവാനുമുളള സമഗ്രമായ അതിന്‍റെ ശേഷീവൈഭവങ്ങളേയും ശക്തിയുക്തം സമര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട് സയ്യിദ് മൗദൂദി. അതോടൊപ്പം തന്നെ ആധുനിക കാലത്ത് ഇസ്‌ലാമില്‍ നിന്നും അതിന്‍റെ മൂല സംജ്ഞകളെ അടര്‍ത്തിയെടുത്ത് വികൃതമാക്കുകയും അര്‍ത്ഥചോരണം വരുത്തുകയും ചെയ്യുന്ന വിനാശകരമായ പ്രവണതയെ തന്‍റെ അനുഗ്രഹീതമായ തൂലികത്തുമ്പു കൊണ്ട് ശക്തിയുക്തം ചെറുത്തു തോല്‍പിക്കുകയും ചെയ്യുന്നു.
ലാളിത്യം കാത്തു സൂക്ഷിക്കുകയും എന്നാല്‍ ഗരിമ ചോര്‍ന്നു പോകാത്തതുമായ തന്‍റെ അതുല്ല്യവും അനുഗ്രഹീതവുമായ രചനാ ശൈലിയിലൂടെ മൗദൂദി ഇസ്‌ലാമിനെ ലോകത്തിന്‍റെ മുഖത്തേക്ക് സങ്കോചലേശമന്യേ തുറന്നു വെക്കുകയായിരുന്നു; ഏത് വെല്ലു വിളിയും നേരിടുവാനുളള ഉറച്ച നിലപാടുകളോടെ. താന്‍ വരച്ചു കാണിക്കുന്ന ജീവിത പദ്ധതിയുടെ തത്വത്തേയോ പ്രയോഗത്തേയോ പ്രതി ഒരു തരത്തിലുളള സന്ദേഹമോ ഇടര്‍ച്ചയോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. കാരണം അതിന്‍റെ വേരുകള്‍ ദൈവിക ഗ്രന്ഥത്തിന്‍റെ ആഴങ്ങളിലേക്കാണ് ആണ്ടിറങ്ങുന്നത്. അതിന്‍റെ ശാഖകള്‍ പ്രവാചകന്‍റെയും അനുചരന്‍മാരുടേയും ജീവിതമായാണ് പടര്‍ന്നു പന്തലിച്ചത്. അതു ലോകത്തിന്നു തണലായിരുന്നു. അതു കൊണ്ടു തന്നെ അതിന്‍റെ രാഷ്‌ട്രീയവും സാമൂഹികവും സാംസ്കാരികവും ആത്മീയവുമായ സകല മൂല്യ സാകല്യങ്ങളേയും ലോക സമക്ഷം സമഗ്രമായി അവതരിപ്പിക്കുവാന്‍ സയ്യിദ് മൗദൂദി ജീവിതാന്ത്യം വരെ പഠന മനനങ്ങളിലൂടെ തന്‍റെ ധിഷണയെ ഊതിക്കാച്ചിയെടുത്തു. ഒരു കേവല പണ്ഡിതന്‍ എന്നതിനപ്പുറത്തേക്ക് ദാര്‍ശനികനായ, ക്രാന്ത ദര്‍ശിയായ പ്രാസ്ഥാനിക നായകനായി മൗദൂദി ആധുനിക ഇസ്‌ലാമിക ലോകത്തിന്‍റെ ധൈഷണിക അമരത്വം ഏറ്റെടുക്കുകയായിരുന്നു.
പത്ര പ്രവര്‍ത്തനവും രാഷ്‌ട്രീയ നേതൃത്വവും ആ ചിന്താപരതയുടെ ചില പ്രയോഗതലങ്ങള്‍ മാത്രം!

'ജിഹാദി'ന്‍റെ ഉളളടക്കം
-----------------------
അദ്ദേഹത്തിന്‍റെ ആദ്യത്തെ ഗ്രന്ഥം തന്നെ ഇസ്‌ലാമിന്‍റെ മൂലശിലകളിലൊന്നായ ജിഹാദിന്നെതിരായുളള പ്രചാരവേലകളുടെ കടപുഴക്കുന്നതായിരുന്നു. ഇസ്‌ലാമിലെ ജിഹാദ് ഭീകരമായ തെറ്റിദ്ധാരണകള്‍ക്ക് വിധേയമാവുകയും കൊല്ലും കൊലയും രക്തം ചൊരിയലുമാണ് അതിലൂടെ വിവക്ഷിക്കപ്പെടുന്നതെന്നുമുളള പ്രചാരവേലകള്‍ കൊടുമ്പിരി കൊളളുന്ന ഘട്ടത്തിലാണ് ജിഹാദിനെ വൈജ്ഞാനികമായും യുക്തിഭദ്രമായും അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം സയ്യിദ് മൗദൂദി സമര്‍പ്പിക്കുന്നത്. ഈ രചന നിര്‍വ്വഹിക്കുന്നതിന് കാരണമായ സവിശേഷ സാഹര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. 1926 ഡിസംബര്‍ അവസാനത്തില്‍ ശുദ്ധി പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാവായിരുന്ന സ്വാമി ശ്രദ്ധാനന്ദ വധിക്കപ്പെട്ടു. അബ്ദുള്‍ റഷീദ് എന്ന മുസ്‌ലിം നാമധാരിയാണ് ഇതിന്‍റെ പേരില്‍ പിടിക്കപ്പെട്ടത്. ഒരു കാലത്ത് ഹിന്ദുക്കളായിരുന്ന മുസ്‌ലിംകളെ ഹിന്ദുമതത്തിലേക്കു തന്നെതിരിച്ചു കൊണ്ടുവരിക എന്ന ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ് ശുദ്ധി പ്രസ്ഥാനം സഥാപിച്ചത്. അങ്ങേയറ്റം പ്രകോപനപരമായ പ്രഭാഷണങ്ങളും പ്രചാരവേലകളും വഴിയാണ് ശ്രദ്ധാനന്ദ തന്‍റെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. അതാവട്ടെ ഖിലാഫത്ത് പ്രക്ഷോഭം വഴി ഉണ്ടായി വന്ന ഹിന്ദു മുസ്‌ലിം മൈത്രി തകര്‍ക്കുന്നതു വരെ ചെന്നെത്തി. ഇസ്‌ലാമിന്‍റെ ഈ ശത്രുവിനെ ഇല്ലാതാക്കിയാല്‍ അതു വഴി തനിക്കു സ്വര്‍ഗ്ഗം പൂകാന്‍ വേണ്ടിയാണ് അറസ്റ്റു ചെയ്യപ്പെട്ട ആ മുസ്‌ലിം യുവാവ് ശ്രദ്ധാനന്ദയെ വധിച്ചത് എന്ന വിധത്തിലുളള കിംവദന്തികള്‍ പ്രചരിച്ചു. ഗാന്ധിജി പോലും ''വാള്‍ വിധിനിര്‍ണയിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഈസ്‌ലാം ആവിര്‍ഭവിച്ചത്. ഇന്നും അതില്‍ വിധിനിര്‍ണ്ണയിക്കുന്നത് വാള്‍ തന്നെ'' എന്ന് പരിതപിക്കുമാറ് ഇസ്‌ലാമിലെ ജിഹാദ് അപലപിക്കപ്പെട്ടു.

ഈയൊരു ചരിത്രമുഹൂര്‍ത്തത്തിലാണ്, ജിഹാദ് എന്നാല്‍ ആത്മ സംസ്കരണത്തിലേക്കും ധാര്‍മിക വിശുദ്ധിയിലേക്കും വ്യക്തിയേയും സമൂഹത്തേയും നയിക്കുവാന്‍ പ്രാപ്തമായ ഇസ്‌ലാമിന്‍റെ ആത്മാവാണ് എന്നും ഏതെങ്കിലും അവിവേകികള്‍ക്ക് ആയുധം കയ്യിലെടുക്കുവാനും കൊല്ലും കൊലയും നടത്തുവാനുളള പ്രേരകമല്ലെന്നും പ്രമാണ ബന്ധിതവും യുക്തി ഭദ്രവുമായി മൗദൂദി സമര്‍ത്ഥിച്ചത്. അഥവാ, വിരുദ്ധവും വികൃതവുമായ വ്യാഖ്യാനങ്ങളാല്‍ ആശയപരമായി തെറ്റിദ്ധരിക്കപ്പെട്ട ഇസ്‌ലാമിന്‍റെ ഒരടിസ്ഥാന സംജ്ഞയെ യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കുക എന്ന കാലഘട്ടത്തിലെ ദൗത്യമാണ് 'ജിഹാദി'ന്‍റെ രചനയിലൂടെ മൗദൂദി നിര്‍വ്വഹിച്ചത്.

പേര് 'ജിഹാദ്' എന്നായതിനാല്‍ പുസ്തകം മുഴുവന്‍ വെട്ടാനും കുത്താനുമുളള ആഹ്വാനങ്ങളായിരിക്കും എന്നാണ് ഷൗക്കത്തിനെ പോലുളളവര്‍ കരുതിയത്. തകഴിയുടെ 'കയറു' വായിക്കാതെ 'വിവരം' വിളമ്പിയ ഒരു അധ്യാപകനെയാണ് ഓര്‍മ്മ വരുന്നത്. ആലപ്പുഴയിലെ കയര്‍ തൊഴിലാളികളുടെ കദന കഥയാണത്രെ 'കയര്‍'! ബഷീറിന്‍റെ 'ഭഗവദ്ഗീതയും കുറെ മുലകളും' എന്ന കൃതിയില്‍ മുല തിരഞ്ഞവരുടേതും ഏറെക്കുറെ ഇതേ അവസ്ഥ തന്നെയായിരുന്നു.
പുസ്തകത്തിന്‍റെ ഒന്നാം പകുതിയില്‍ ഇസ്ലാം വിഭാവനചെയ്യുന്ന ജിഹാദ് എന്താണ് എന്ന് പ്രമാണ ബന്ധിതമായും ചരിത്രത്തോടു ചേര്‍ന്നു നിന്നും പരിചയപ്പെടുത്തുന്നുവെങ്കില്‍, രണ്ടാം പകുതി ചര്‍ച്ചചെയ്യുന്നത് ഇന്ത്യയിലും ലോകത്തിലും നിലവിലിരിക്കുന്ന മതങ്ങളും വിശ്വാ പ്രമാണങ്ങളും മത നിരാസ പ്രസ്ഥാനങ്ങളും പരിചയപ്പെടുത്തുകയും പയറ്റുകയും ചെയ്ത യുദ്ധ കാഴ്ചപ്പാടുകളെ കുറിച്ചാണ്.
വളച്ചു കെട്ടില്ലാതെ, സുതാര്യതയോടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് മൗദൂദിയുടെ രചനാ വൈഭവം. പ്രമാണങ്ങളും ചരിത്രവും ഉദാഹരണങ്ങളും ഉപമകളും ആവശ്യാനുസാരം വിന്യസിച്ചു കൊണ്ടുളള അദ്ദേഹത്തിന്‍റെ രചനാ ശൈലിയെ വിമര്‍ശകര്‍ പോലും അത്യാകര്‍ഷണീയമെന്ന് ശരിവെക്കുന്നു. വക്രതകളില്‍ നിന്നും ആശയങ്ങളെ വളച്ചൊടിക്കുന്നതില്‍ നിന്നും തന്‍റെ രചനകള്‍ സംശുദ്ധമായിരിക്കണം എന്ന ആദര്‍ശപരമായ ധാര്‍മികതയും സത്യസന്ധതയും മുറുകെ പിടിച്ചു കൊണ്ടാണ് മൗദൂദി തന്‍റെ അനുഗ്രഹീതമായ സമര്‍ത്ഥന വൈഭവത്തെ വിനിയോഗിച്ചത്.
ആര്യാടന്‍ ഷൗക്കത്ത് (ജനാബ്. ശൈഖ് മുഹമ്മദ് സാഹിബ് സൗജന്യമായി ഒരു കോപ്പി വീട്ടിലെത്തിച്ചു കൊടുത്തിട്ടും) ഇന്നേവരെ വായിക്കാത്തതും മൗദൂദിയെ വിമര്‍ശിക്കുവാന്‍ മുഖ്യ 'ആധാര'മായി കൊണ്ടു നടക്കുന്നതുമായ 'ജിഹാദി'ല്‍ സയ്യിദ് മൗദൂദി ഹൈന്ദവ വേദങ്ങളിലെ യുദ്ധ സമീപനങ്ങളെ പഠന വിധേയമാക്കുന്ന ഭാഗത്ത് സംസ്കൃത ഭാഷയിലുളള തന്‍റെ വൈജ്ഞാനിക പരിമിധിയെ തുറന്നു സമ്മതിച്ചു കൊണ്ട് പറയുന്നു. ' വേദമന്ത്രങ്ങളുടെ വിവര്‍ത്തനത്തിന് ഗ്രിഫ്ത്തിന്‍റേയും മാക്സ്മുളളറുടേയും വേദ പരിഭാഷകളാണ് എന്‍റെ അവലംബം. സംസ്കൃതഭാഷ വശമില്ലാത്തതിനാല്‍ വേദങ്ങളെ അതിന്‍റെ മൂലഭാഷയില്‍ വായിക്കാന്‍ കഴിയാത്തതില്‍ എനിക്ക് ഖേദമുണ്ട്. ഖുര്‍ആന്‍റെ കാര്യത്തില്‍ പാശ്ചാത്യ വിവര്‍ത്തകരുടെ സമീപനം നമുക്ക് നന്നായറിയാം. അതുകൊണ്ട് ഹിന്ദുമത ഗ്രന്ഥങ്ങളുടെ കാര്യത്തിലും പാശ്ചാത്യ വിവര്‍ത്തനങ്ങളെ പൂര്‍ണമായും അവലംബിക്കാനാവില്ല. അതിനാല്‍, വേദമന്ത്രങ്ങള്‍ക്ക് ഞാന്‍ നല്‍കിയ വിവര്‍ത്തനം നിരൂപണബുദ്ധ്യാ പരിശോധിക്കണമെന്നും വല്ല അബദ്ധവും ശ്രദ്ധയില്‍ പെട്ടാല്‍ ചുണ്ടിക്കാട്ടണമെന്നും ഞാന്‍ ഹിന്ദു പണ്ഡിതന്‍മാരോട് അഭ്യര്‍ത്ഥിക്കുകയാണ്' (ജിഹാദ്, ഐപിഎച്ച് ഒന്നാം എഡിഷന്‍, പതിനൊന്നാം അദ്ധ്യായം, കുറിപ്പ് രണ്ട്) ഇതാണ് എഴുത്തിലെ സത്യസന്ധതയും ധാര്‍മിക മികവും. ആശയ സംവേദനങ്ങളില്‍ പാലിക്കേണ്ട മര്യാദകള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാന്‍ ഷൗക്കത്തിനെ പോലുളളവര്‍ക്ക് നന്നായി മനസ്സിരുത്തി വായിക്കുകയാണെങ്കില്‍ ഈ കുറിപ്പു ധാരാളം മതി! അല്ലാതെ, വിമര്‍ശിക്കുവാനും ആളുകളെ തെറ്റിദ്ധരിപ്പിക്കുവാനും വേണ്ടി ചാനല്‍ ചര്‍ച്ചകളിലും പത്രത്താളുകളിലും വിഴുങ്ങിയും അമുക്കിയും അടര്‍ത്തിയെടുത്തും അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും തോണ്ടിത്തേക്കുകയല്ല വേണ്ടത്.
ജനാധിപത്യം, മതേതരത്വം, ദേശീയത്വം 
-----------------------
നാളിതുവരെയുളള ലോക ചരിത്രത്തില്‍
ജനാധിപത്യത്തേയും ദേശീയത്വത്തേയും മതേതരത്വത്തേയും നിരൂപണ വിധേയമാക്കിയത് മൗദൂദി മാത്രമാണെന്നു തോന്നും ഷൗക്കത്തിനെ പോലുളളവരുടെ വിമര്‍ശനങ്ങള്‍ കേട്ടാല്‍.
ഗോള്‍‍വല്‍ക്കര്‍ മുതല്‍ ഗാന്ധിജിയും ഇഎംഎസ്സും വരെ ഇവയെ എല്ലാം തങ്ങളുടേതായ ആശയങ്ങളുടേയും താല്‍പര്യങ്ങളുടേയും വെളിച്ചത്തില്‍ നിശിതമായ വിമര്‍ശന നിരൂപണങ്ങള്‍ക്കു വിധേയമാക്കിയിട്ടുണ്ട്. അതിനുളള ഒരു പ്രധാന കാരണം, ഇവയുടെ പ്രയോഗവല്‍ക്കരണത്തില്‍ പ്രത്യക്ഷവും സമകാലികവുമായ ലോകത്ത് നടമാടിക്കൊണ്ടിരുന്ന വൈരുദ്ധ്യങ്ങള്‍ തന്നെയായിരുന്നു.

ഒന്ന്, ജനാധിപത്യത്തിന്‍റേയും മതേതരത്വത്തിന്‍റേയും മൊത്തം കുത്തക ഏറ്റെടുത്തിരുന്ന യൂറോപ്യന്‍ ശക്തികള്‍ അവരണ്ടിനേയും പച്ചക്കു വ്യപിചരിച്ചതെങ്ങനെയെന്ന് അവര്‍ ആധിപത്യം സ്ഥാപിച്ച മൂന്നാം ലോക കോളനികളിലെ ജനതയോടനുവര്‍ത്തിച്ച സമീപനങ്ങളിലൂടെ ലോകത്തിനു മുമ്പില്‍ വെളിപ്പെട്ടു. രണ്ടാമതായി, ദേശീയത്വം അതിന്‍റെ അതിരടയാളങ്ങളെ തച്ചു തകര്‍ത്തു മുന്നോട്ടു പോയാല്‍ എന്തൊക്കെ അനര്‍ത്ഥങ്ങള്‍ക്ക് കാരണമാകുമെന്നും അത് വംശീയ വൈകാരികതയിലേക്കും അതു വഴി ഫാഷിസത്തിലേക്കും ഏതു വിധമാണ് ലോകത്തെ നയിക്കുകയെന്നും ഹിറ്റ്ലറും മുസോളനിയും ഇസ്രയേലിന്‍റെ നേതൃത്വത്തിലുളള സയണിസവും വരച്ചു കാണിച്ചു തന്നു.
മൗദൂദി തന്‍റെ രചനകള്‍ നിര്‍വ്വഹിക്കുന്ന കാലത്ത് ലോകത്തിനു മുമ്പാകെയുളള ജനാധിപത്യത്തിന്‍റേയും മതേതരത്വത്തിന്‍റേയും ദേശീയത്വത്തിന്‍റേയും പേരില്‍ ഈ യൂറോപ്യന്‍ പതിപ്പുകളാണ് അരങ്ങു വാണത്. ദേശീയതയെ സംബന്ധിച്ച ഇന്ത്യന്‍ പതിപ്പാകട്ടെ ഒരു വശത്ത് അത് വൈദേശിക മേല്‍ക്കോയ്മക്കെതിരെയുളള സ്വാഭാവിക വൈകാരികതയായിരുന്നെങ്കില്‍ മറുവശത്ത് ആര്‍എസ്സ്എസ്സിന്‍റെ നേതൃത്വത്തില്‍ കൂടുതല്‍ അപായകരവും പ്രതിലോമ പരവുമായ ഹൈന്ദവ ദേശീയവാദവും ജിന്നയുടേയും മുസ്‌ലീം ലീഗിന്‍റേയും നേതൃത്വത്തില്‍ മുസ്‌ലീം സാമുദായികതയില്‍ ഊന്നിക്കൊണ്ടുളള ദ്വിരാഷ്ട്രവാദവുമായി ഉരുത്തിരിയുകയായിരുന്നു.
ദേശീയതയെ കുറിച്ചുളള അപകടം നിറഞ്ഞ ഈ രണ്ടു വാദങ്ങളും മാനവിക വിരുദ്ധവും മൂല്യവിരുദ്ധവും ധാര്‍മ്മിക വിരുദ്ധവുമാണ് എന്ന് സമര്‍ത്ഥിക്കുകയാണ്, തന്‍റെ സമകാലിക ലോകത്തിലെ ഇവ സംബന്ധമായ സൈദ്ധാന്തികവും പ്രയോകപരവുമായ രീതികളെ അപഗ്രഥിച്ച കൊണ്ട് സയ്യിദ് മൗദൂദി ചെയ്തത്.
ജനാധിപത്യവും മതേതരത്വവും ദേശീയത്വവും അക്കണ്ട രൂപങ്ങളില്‍ മുന്തിയ ചരക്കുകളാണ് എന്ന് മൗദൂദി വാദിച്ചിരുന്നു വെങ്കില്‍, മായം കലര്‍ത്തിയ തത്വവിചാരങ്ങളായി മാത്രമെ ഔചിത്യബോധമുളള ചരിത്ര വിദ്യാര്‍ത്ഥികള്‍ അതിനെ വിലയിരുത്തൂ. പ്രായോഗ തലത്തില്‍ സമകാലിക രാഷ്‌ട്രീയ സാമൂഹിക സാഹചര്യങ്ങളിലും ഈ മൂന്ന് രാഷ്ട്രീയ സങ്കല്‍പങ്ങള്‍ എത്രകണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നു എന്നു മനസ്സിലാക്കുവാന്‍ ആനുകാലിക ഇന്ത്യയുടെ നേര്‍ ചിത്രങ്ങള്‍ തന്നെ ധാരാളം! ഈ വിശകലനങ്ങളില്‍ എവിടെയാണ് മൗദൂദിക്ക് പാളിച്ച പറ്റിയതെന്നും അതിലെവിടെയാണ് ഭീകരവാദത്തിന്‍റെ ബീജങ്ങള്‍ ഉളളടങ്ങിയതെന്നും ഷൗക്കത്തിനെ പോലുളള വിമര്‍ശകര്‍ വക്രതകളില്ലാതെ പറഞ്ഞു തരേണ്ടതുണ്ട്.
ഇസ്മിലെ ദൈവരാജ്യ സങ്കല്‍പം
---------------------------------------------------

ദൈവിക പരമാധികാരത്തെ പ്രതിയുളള മൗദൂദിയുടെ പ്രതിപാദനങ്ങളാണ് ഷൗക്കത്തിനെ പോലുളളവര്‍ക്ക് ചൊറിച്ചിലുണ്ടാക്കിയ മറ്റൊരു പ്രധാന സംഗതി. ഹുക്കൂമത്തെ ഇലാഹിയേയും ഇഖാമത്തുദ്ദീനിനേയുമെല്ലാം സൗകര്യാര്‍ത്ഥം സന്ദര്‍ഭങ്ങളില്‍ നിന്നടര്‍ത്തിയെടുത്ത് കസര്‍ത്തു കാണിക്കുമ്പോള്‍ ആദ്യമായി ഷൗക്കത്ത് മനസ്സിലാക്കേണ്ട കാര്യം മൗദൂദി ദൈവം എന്ന് പറയുമ്പോള്‍ വിവക്ഷിതമാകുന്നത്, ഷൗക്കത്തിന്‍റെ പിതാവ് ഇയ്യിടെയായി ദീര്‍ഘായുസ്സ് നേര്‍ന്നു കൊണ്ട് പുകഴ്ത്തി കൊണ്ടു നടക്കുന്ന കടപ്പുറത്ത് കക്ക പെറുക്കാന്‍ നടന്നിരുന്ന 'ദൈവ'മല്ല.

നിലമ്പൂരുള്‍പ്പെടെ, പ്രപഞ്ചവും ആവാസവ്യവസ്ഥകളും സംവിധാനിച്ച് മനുഷ്യനടക്കമുളള സര്‍വ്വ ചരാചരങ്ങളേയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആദിയുമന്ത്യവുമില്ലാത്ത പരാശക്തിയെ കുറിച്ചാണ്. അതൊട്ട് മൗദൂദി കൊത്തിയുണ്ടാക്കിയ ഒന്നല്ല, ഇസ്‌ലാം പരിചയപ്പെടുത്തിയ ദൈവമാണ്.
അല്ലാഹു, സര്‍വ്വേശ്വരന്‍, പരബ്രഹ്മം, ജഗന്നിയന്താവ്, ആദിപരാശക്തി, പരമ്പൊരുള്‍ എന്നു തുടങ്ങി പരശ്ശതം നാമങ്ങളിലൂടെ വേദങ്ങളിലൂടെയും പ്രവാചകന്‍മാരിലൂടെയും മാലോകര്‍ക്കു ചിരപരിചിതമായ ദൈവം തമ്പുരാന്‍. അവന്‍റെ ഏകത്വം എന്ന, സ്ഥായിയും യുക്തി ഭദ്രവുമായ മൗലിക തത്വത്തിലാണ് ഇസ്‌ലാം ഊന്നിയിട്ടുളളത്. അവന്‍ നല്‍കിയിട്ടുളള ജീവിത പന്ഥാവിലൂടെ മുന്നേറുമ്പോഴാണ് മാനവകുലത്തിന്‍റെ ജീവിതം സാര്‍ത്ഥകവും ശോഭനവുമാകുന്നത്. ലക്ഷ്യോന്‍മുഖമാകുന്നത്. അതില്‍ നിന്നുളള വ്യതിചലനം സര്‍വ്വ നാശത്തിന്‍റെ കാരണമായി തീരുന്നു. പരത്തില്‍മാത്രമല്ല, ഇഹത്തിലും ആ വ്യതിചലനം മനുഷ്യ ജീവിതത്തെ താറുമാറാക്കുന്നു. അവന്‍റെ ദൈനന്ദിന ജീവിതത്തില്‍ അസ്വസ്ഥത പടര്‍ത്തുന്നു. അതിനാല്‍ നീതിയിലും സഹവര്‍ത്തിത്വത്തിലും ഊന്നിക്കൊണ്ടുളള സാമൂഹിക ജീവിതം നയിക്കുക. സഹജീവികളോട് കാരുണ്യത്തോടെ വര്‍ത്തിക്കുക. അക്രമവും ഫിത്വ്‌നയും ഏതവസ്ഥയിലും വെച്ചു പൊറുപ്പിക്കാതിരിക്കുക . അവരണ്ടും ഭൂമിയിലെ സ്വച്ഛതയുടെ വേരറുക്കും. നീതി നിര്‍വ്വഹണത്തില്‍ പരമമായ കണിശത പുലര്‍ത്തുക. സ്വന്തം മനസ്സാക്ഷിയോടും സമൂഹത്തോടും സര്‍വ്വോപരി ദൈവത്തിനോടും സത്യ സന്ധനായിരിക്കുക. ഇതൊക്കെയാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്ന മതരാഷ്‌ട്രത്തിന്‍റെ ഉളളടക്കം.
മൗദൂദിയും ജമാഅത്തും മുന്നോട്ടു വെക്കുന്നത് ഇസ്ലാമിന്‍റെ രാഷ്‌ട്രീയമാണ്. ദൈവിക വ്യവസ്ഥയുടെ സംസ്ഥാപനം എന്നതാണ് അതിന്‍റെ വിവക്ഷ. ആ ദര്‍ശനത്തിന്‍റെ ഉളളടക്കങ്ങളുടെ വ്യവസ്ഥാപിതവും സര്‍ഗാത്മകവു മായ സംവിധാനം. അഥവാ, ജനാധിപത്യത്തിന്‍റെ സംസ്ഥാപനം, പൗര സ്വാതന്ത്ര്യത്തിന്‍റെ സംസ്ഥാപനം, ചിന്താപരതയുടെ സംസ്ഥാപനം, യുക്തിപരതയുടെ സംസ്ഥാപനം, ആശയ നിരപേക്ഷതയുടെ സംസ്ഥാപനം, വിശ്വാസ സ്വാതന്ത്യ്രത്തിന്‍റെ സംസ്ഥാപനം, ധാര്‍മിക മൂല്യങ്ങളുടെ സംസ്ഥാപനം, സദാചാര നിഷ്ഠയുടെ സംസ്ഥാപനം, സമഭാവനയുടെ, സര്‍വ്വോപരി ശാന്തിയുടെയും സമാധാനത്തിന്‍റേയും, സംസ്ഥാപനം!
ഇവയെല്ലാം ദൈവിക വ്യവസ്ഥയുടെ ഉളളടക്കങ്ങളാണ്. ഈ ഉളളടക്കങ്ങളെ കൂടാതെ ഇസ്ലാം സമ്പൂര്‍ണമല്ല. പ്രവാചകന്‍ മദീനയില്‍ സ്ഥാപിച്ചെടുത്ത മാതൃകാ സ്റ്റേറ്റില്‍ ഇതെല്ലാമുണ്ടായിരുന്നു.
കേവലം തുച്ഛമായ ശതമാനം വരുന്ന ഒരു വിഭാഗത്തിന്‍റെ കൈവശം സമൂഹം തങ്ങളെ നയിക്കുവാനുളള ഉത്തരവാദിത്വം ഏല്‍പിച്ചത് അവര്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥക്കുളളില്‍ തങ്ങള്‍ക്കുവേണ്ട സ്വസ്ഥത കൂടി ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്നറിഞ്ഞു കൊണ്ടുതന്നെയാണ്. വ്യവസ്ഥാപിതത്വം എന്നത് അത്ര നിസ്സാരമായ സംഗതിയല്ല. അതില്ലാതെയാകുമ്പോഴും വക്രീകരിക്കപ്പെടുമ്പോഴുമാണ് അതിന്‍റെ വിലയെ നാം തിരിച്ചറിയുന്നത്.
ഈ തിരിച്ചറിവില്‍ നിന്നാണ് മറ്റാര്‍ക്കും മുമ്പായി ഐസിസ് ഇസ്‌ലാമല്ല എന്നു പ്രഖ്യാപിക്കാന്‍ ജമാഅത്തിനായത്. കാരണം, ഈ ഇസ്‌ലാമിക പ്രസ്ഥാനം പ്രതിനിധീകരിക്കുന്നത് ശുദ്ധ ഇസ്‌ലാമിനെയാണ്.

കമ്മ്യൂണിസ്റ്റുകാരന് കമ്മ്യൂണിസത്തെ ഒരു വ്യവസ്ഥയായി അവതരിപ്പിക്കാമെങ്കില്‍, കോണ്‍ഗ്രസുകാരന് (സ്വന്തം നിലക്ക് ഇതുവരെ പാലിച്ചിട്ടില്ലെങ്കിലും) ജനാധിപത്യത്തേയും മതേതരത്വത്തേയും കുറിച്ചു വാചാലനാവാമെങ്കില്‍, സോഷ്യലിസ്റ്റിന് അവന്‍റെ പ്രത്യയശാസ്‌ത്രങ്ങളെ മുന്നോട്ടു വെക്കാമെങ്കില്‍, ഹിന്ദുത്വവാദിക്ക് അവന്‍ ചെയ്തു കൊണ്ടിരിക്കുന്നതുപോലെ സനാതനം എന്ന നിലക്കും ഫാഷിസമെന്ന നിലക്കും അതിനെ രാഷ്‌ട്രീയമായി പ്രതിനിധീകരിക്കാമെങ്കില്‍ ഒരുമുസ്ലിമിന് ഇസ്ലാമിന്‍റെ രാഷ്‌ട്രീയത്തെ കുറിച്ച് പറയാന്‍ പാടില്ല എന്നു വരുമ്പോള്‍ അതിലെവിടേയാണ് ജനാധിപത്യം? അതിലെവിടെയാണ് ആശയ സ്വാതന്ത്ര്യം?
സായുധ വിപ്ലവവും മൗദൂദിയും
---------------------------------------------------------
ഷൗക്കത്തിനെക്കാളും മുന്തിയ മോഡേണിസ്റ്റായ സിയാഉദ്ദീന്‍ സര്‍ദാറിന് സായുധ പ്രതിരോധത്തിലടങ്ങിയിട്ടുളള അന്തക്കേടിനെ സിയായുടെ നല്ലകാലത്ത് നല്ല പോലെ പറഞ്ഞു മനസ്സിലാക്കികൊടുത്തിട്ടുണ്ട് മൗദൂദി. സിയാഉദ്ദീന്‍ സര്‍ദാര്‍ എഴുതുന്നു.
'' 'ദ മുസ്‌ലി'മിനു വേണ്ടി മൗദൂദിയുമായി ഞാന്‍ ദീര്‍ഘമായ ഒരഭിമുഖം നടത്തുകയുണ്ടായി. സായുധ കലാപത്തിലൂടെ ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമാകുമെന്ന് താങ്കള്‍ കരുതുന്നുവോ എന്നു ഞാന്‍ ചോദിച്ചു. ഒട്ടും സന്ദേഹമില്ലാതെ അദ്ദേഹം മറുപടി നല്‍കി. അത് ശരിയായ മാര്‍ഗ്ഗമായി ഞാന്‍ കാണുന്നില്ല. അത്തരം നിലപാടുകള്‍ ഗുണത്തേക്കാളേറെ ദോഷകരമായി ഭവിക്കും. സായുധ വിപ്ലവം വഴി ഒരിസ്‌ലാമിക രാഷ്‌ട്രം തട്ടി കൂട്ടിയാല്‍ തന്നെ, ഒരു രാഷ്‌ട്രമെന്ന നിലയില്‍ ഇസ്‌ലാമികമായ രീതിയില്‍ അതിനെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ല. ഇസ്‌ലാമികമായ ധാര്‍മ്മിക ജീവിതം നയിക്കുവാന്‍ പര്യാപ്തമായ മാറ്റങ്ങളെ ഉള്‍കൊളളുവാനാവശ്യമായ പാകതയിലേക്ക് ‍ അവിടെയുളള നാനാ വിഭാഗക്കാരായ ജനങ്ങള്‍ എത്തിയിട്ടുണ്ടാവുകയില്ല. അധികാരം പിടിക്കുവാന്‍ ആര്‍ക്കും അവലംബിക്കാവുന്ന ഒന്നാണ് സായുധ കലാപം. അങ്ങനെ ഉരുവപ്പെടുന്ന മുസ്‌ലിം രാഷ്‌ട്രങ്ങള്‍ വിപ്ലവങ്ങളുടേയും പ്രതി വിപ്ലവങ്ങളുടേയും ഗൂഢതന്ത്രങ്ങളുടേയും പ്രതിഗൂഢതന്ത്രങ്ങളുടേയും കെണികളില്‍ അകപ്പെട്ടു പോവാനുളള സാധ്യതകള്‍ വര്‍ദ്ധിക്കുന്നു. സായുധ വിപ്ലവങ്ങള്‍ക്കു വേണ്ടി നിങ്ങളുടെ പ്രസ്ഥാനത്തെ ഒരു നിഗൂഢ സംഘമായി മാറ്റേണ്ടതായി വരും. അവക്ക് അവയുടേതായ മനോഘടനയാണുളളത്. എതിരഭിപ്രായങ്ങളേയോ എതിര്‍പ്പുകളേയോ ഒരു വിധേനയും അവ വെച്ചു പൊറുപ്പിക്കില്ല. വിമര്‍ശന സ്വരങ്ങള്‍ തടയപ്പെടുകയും സ്വതന്ത്രവും ന്യായയുക്തവും തുറന്നതുമായ നിരീക്ഷണങ്ങള്‍ക്ക് അത്തരം സംഘത്തില്‍ ഒരിടവും ഉണ്ടായിരിക്കുകയില്ല. ചതി, കളളം ചമക്കല്‍, വ്യാച ഇടപാടുകള്‍, കൊടിയ വഞ്ചന, രക്തം ചിന്തല്‍ തുടങ്ങിയവ ഈ സംഘങ്ങളുടെ മുഖലക്ഷണമായിരിക്കും. ഇതൊക്കെയുമാകട്ടെ ഇസ്‌ലാം ശക്തമായി വിലക്കിയതുമാണ്. തോക്കിന്‍ കുഴലിലൂടെയാണ് വിപ്ലവം വരുന്നെതെങ്കില്‍ അതിനെ നിലനിര്‍ത്താന്‍ തോക്കിന്‍ കുഴല്‍ കൂടിയേ തീരൂ! ഇതാണ് ഇതപര്യന്തമുളള സായുധ വിപ്ലവങ്ങളില്‍ നിന്നുളള പാഠം. ഇസ്‌ലാം വിഭാവന ചെയ്യുന്ന സ്വച്ഛശാന്തമായ ഒരു സാമൂഹിക പരിവര്‍ത്തനത്തെ ഇത് പാടേ താറുമാറാക്കും''. (Desperately seeking paradise - Siaudhin Sardar)

സായുധ കലാപത്തിനോടും ഗൂഢവല്‍ ക്കരണങ്ങളോടുമെല്ലാമുളള തന്‍റെ നയ നിലപാടുകള്‍ ഇതു പോലെ പല ഘട്ടങ്ങളിലായി മൗദൂദി തന്നെ വിശതമാക്കി തരുന്നുണ്ട്. ഇസ്‌ലാമിന്‍റെ പേരില്‍ സംഘടിപ്പിക്കപ്പെടുന്ന ഏതു കാലത്തേയും ഐഎസ്സുകളുടെ അടിവേരറുക്കുന്നവയാണ് മൗദൂദിയുടെ ഈ വാക്കുകള്‍. ഈ മൗദൂദിയിലാണ് ഷൗക്കത്തും കൂട്ടരും ഭീകരവാദത്തിന്‍റെ വേരു ചികയുന്നത് എന്നതാണ് വലിയ തമാശ!

ഈ മൗദൂദി മഅദനിയുടെ ഐഎസ്സ്എസ്സിനു പോലും വഴികാട്ടിയായിട്ടില്ല, എന്നിട്ടല്ലേ മൂടെവിടെയാണ് മുരടെവിടെയാണ് എന്നറിയാത്ത അബൂബക്കര്‍ അല്‍ ബാഗ്ദാദി എന്ന വ്യാചന്‍റെ ഐഎസ്സിന്! മറിച്ച്, 'ജിഹാദ്' വായിച്ച് അല്‍പം രണ ശൂരതയൊക്കെയാവാം എന്ന് കരുതിയവരുടെ ഉളള മൂഡും പോക്കി കളയുകയാണ് മൗദൂദി. അങ്ങനെ 'ആയുധം താഴെയിട്ടവ'രുമുണ്ട്!
അതുകൊണ്ട്, ജമാഅത്തിന്‍റെ പദസമ്പത്തുകളില്‍ തീവ്രവാദത്തിനും ഭീകരവാദത്തിനും വേരു തെരഞ്ഞു നടക്കുന്നതിനു പകരം അത്തരം പദാവലികളുടെ നിരന്തര വായനകളിലൂടെ ഊര്‍ജ്ജം സ്വാംശീകരിച്ച ഒരു പ്രസ്ഥാനം ഉപഭൂഖണ്ഡത്തില്‍ പകല്‍ വെളിച്ചത്തില്‍ തന്നെ പന്തലിച്ചു നില്‍ക്കുന്നത് കാണണം. ഖുര്‍ആനിന്‍റെയും പ്രവാചകാധ്യാപനങ്ങളുടെയും പ്രോജ്ജ്വലമായ ആശയ സമ്പന്നതയെ അതിന്‍റെ തെളിമയും തനിമയും ഒട്ടും ചോര്‍ന്നു പോവാതെ ആവോളം പകര്‍ന്നു തന്ന മഹാനായ സയ്യിദ് അബുല്‍ അഅലാ മൗദൂദി വളര്‍ത്തിയെടുത്ത പ്രസ്ഥാനം! അതാണ് ജമാഅത്തെ ഇസ്‌ലാമി. കുഞ്ഞാലിയെ പോയിട്ട് ഒരു കുഞ്ഞീച്ചയെ പോലും മൗദൂദിയില്‍ നിന്ന് പ്രസ്ഥാനം ഉള്‍കൊണ്ട അതിന്‍റെ പ്രവര്‍ത്തകര്‍ വകവരുത്തിയിട്ടില്ലാ എങ്കില്‍ നിങ്ങളുടെ അരിശവും ചൊറിച്ചിലും നീറ്റലും തീര്‍ക്കാനുളള അമ്പമലണിയായി അതിനെ കാണാതിരിക്കുക. ഊക്കു കൂടിയാല്‍ ചില അമ്പലമണികളെങ്കിലും തിരികെ വന്ന് തളളിയവന്‍റെ നെറ്റിയില്‍ ഇടിച്ചേക്കാം. അല്ല, അങ്ങനെ ചിലരൊക്കെ വീണു പോയിട്ടുണ്ട്.
അതിനാല്‍, ആ തറവാട്ടടുപ്പത്ത് നിന്ന്, മൗദൂദിയേയും ജമാഅത്തിനേയും ആറ്റിക്കുറുക്കി ഐഎസ് ആക്കുവാന്‍ വെച്ച വെളളം പ്ലീസ്... ഇറക്കി വെച്ചേക്കൂ. അതില്‍ ഈ 'മൗദൂദി' വേവില്ല.
(13-10-2016. ജാബിര്‍ പുല്ലൂര്‍)

ഞായറാഴ്‌ച, സെപ്റ്റംബർ 04, 2016

ശംസുദ്ധീൻ പാലത്തിൻ്റെ വലാഉം ബറാഉം


അൽ വലാഅ് വൽ ബറാഅ് എന്നത് ഇയ്യിടെയായി അധികമായി കേൾക്കാൻ തുടങ്ങിയ പദമാണ്. ഇരുപത്തി അഞ്ചിലധികം വർഷമായി ഇസ്ലാമിനെക്കുറിച്ച് പഠിക്കുന്നുണ്ട്. പക്ഷെ ഒരു സാങ്കേതിക പ്രയോഗമെന്ന നിലക്ക് ഇത് ശ്രദ്ധയിൽ വരുന്നത് ഇയ്യിടെയാണ്. ഐ.എസ് പിന്തുണക്കുന്ന ഒരു സൈറ്റിലാണ് ആദ്യമായി ഇത് വായിച്ചത്. (അതുകൊണ്ട് ആദ്യം അവരാണ് പറഞ്ഞത് എന്നർഥമാക്കുന്നില്ല) മുസ്ലിംകളോടുള്ള പെരുമാറ്റത്തെക്കുറിക്കാൻ വലാഅ് എന്നും മുസ്ലികളല്ലാത്തവരോടുള്ള പെരുമാറ്റത്തെക്കുറിക്കാൻ ബറാഅ് എന്നും ഉപയോഗിച്ചുവരുന്നതായിട്ടാണ് മനസ്സിലായത്. രണ്ട് ദിവസം മുമ്പ് ശംസുദ്ധീൻ പാലത്ത് എന്ന മുജാഹിദ് പ്രാസംഗികൻ ഈ കാര്യം വിശദീകരിച്ചുകൊണ്ട് നടത്തിയ പ്രഭാഷണം വ്യാപകമായി ഷെയർ ചെയ്യപ്പെടുകയുണ്ടായി. അവ ശ്രദ്ധയോടെ മുഴുവനായി കേട്ടു. തികഞ്ഞ വിരക്കേടും അബദ്ധവുമാണ് അവയിലൂടെ എഴുന്നള്ളിക്കുന്നത്. ഈ പത്രങ്ങൾ മറ്റു വിഷയങ്ങളിലെന്ന പോലെ അവരുടേതായ വക്രീകരണം നടത്തിയിട്ടുണ്ടാകാം. അത് മാറ്റിവെച്ചാൽ പോലും ഒരു മുസ്ലിമിന് യോജിക്കാവുന്ന അഭിപ്രായങ്ങളല്ല അദ്ദേഹം പറയുന്നത് എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. വലാഉം ബറാഉം അതേ പദങ്ങളിൽ തന്നെ ഖുർആനിലില്ലെങ്കിലും ഇവയിൽ നിന്ന് നിഷ്പന്നമായ പദങ്ങൾ ഖുർആനിലുണ്ട്. അതിന് ഇവരിപ്പോൾ നൽകികൊണ്ടിരിക്കുന്ന ഇതിന് തെറ്റായ ഇത്ര വ്യാപകമായ ഒരു അർഥം ഉള്ളതായി മനസ്സിലാക്കിയിട്ടില്ലായിരുന്നു. ബറാഅത്ത് എന്ന ഒരു സൂറതന്നെ ഖുർആനിലുണ്ട്. 9ാം അധ്യായമായ സൂറത്തുതൌബക്ക് സുറത്ത് ബറാഅത്ത് എന്നും പേരുണ്ട്. സത്യനിഷേധികളും ഇസ്ലാമിനോട് ശത്രുതകാണിച്ച് ഇസ്ലാമിക രാഷ്ട്രവ്യവസ്ഥയോട് സായുധാക്രമണത്തിന് തയ്യാറായിവന്നവരുമായ ബഹുദൈവാരാധകർ  നടത്തിയ കരാർവ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് മുന്നോട്ട് നീങ്ങിയപ്പോഴാണ് ഖുർആൻ ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത്. 

(9:3-4) അല്ലാഹുവില്‍നിന്നും അവന്റെ ദൂതനില്‍നിന്നും സകല ജനങ്ങള്‍ക്കുമായി മഹാ ഹജ്ജ്ദിനത്തിലുള്ളപൊതുവിളംബരമാണിത്. എന്തെന്നാല്‍, അല്ലാഹു ബഹുദൈവവിശ്വാസികളോടുള്ള ബാധ്യതയില്‍നിന്ന് ഒഴിവായിരിക്കുന്നു; അവന്റെ ദൂതനും. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതിന്റെ ഗുണം നിങ്ങള്‍ക്കുതന്നെ. പിന്തിരിയുകയാണെങ്കില്‍, നന്നായറിഞ്ഞിരിക്കുക, നിങ്ങള്‍ അല്ലാഹുവിനെ തോല്‍പിക്കാനാവതുള്ളവരല്ല. പ്രവാചകന്‍, നിഷേധികളെ കഠിന ശിക്ഷയുടെ സുവാര്‍ത്ത അറിയിച്ചുകൊള്ളുക--നിങ്ങളുമായി കരാറിലേര്‍പ്പെടുകയും എന്നിട്ട് ആ കരാര്‍ പാലിക്കുന്നതില്‍ വീഴ്ചയൊന്നും ചെയ്യാതിരിക്കുകയും നിങ്ങള്‍ക്കെതിരായി ആരെയും സഹായിക്കാതിരിക്കുകയും ചെയ്ത ബഹുദൈവവിശ്വാസികളെ ഒഴിച്ച്. അങ്ങനെയുള്ളവരോട് നിങ്ങളും കരാറിന്റെ അവധിവരെ അതു പാലിക്കുന്നവരായിരിക്കുക. എന്തുകൊണ്ടെന്നാല്‍ സൂക്ഷ്മതയുള്ളവരെയത്രെ അല്ലാഹു ഇഷ്ടപ്പെടുന്നത് . (ഖുർആൻ)

ഇവിടെ ബഹുദൈവാരാധകർ എന്ന് പറയുന്നുണ്ടെങ്കിലും ഇവിടെ പരാമർശിക്കപ്പെട്ട ബഹുദൈവാരാധകർ എത്തരത്തിലുള്ളതാണ് എന്ന് ആ സംഭവം തുടർന്ന് വായിച്ചാൽ തന്നെ മനസ്സിലാകും. ഇത്തരക്കാരോട് സൌഹൃദവും ഇണക്കവും അവരെ കൈകാര്യകർത്താക്കളാക്കുന്നതും അക്കാലത്ത് എന്ത് മാത്രം രാജ്യദ്രോഹപരവും അപകടകരവുമാണ് എന്ന് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. അതിൽ തന്നെ കരാർ ലംഘിക്കാത്തവരോട് ഈ പറഞ്ഞകാര്യങ്ങൾ അനുവർത്തിക്കരുത് എന്നും ഉണ്ട്. കരാറിലുള്ള ഒരു കൂട്ടർ കരാർ ലംഘിച്ചാൽ തങ്ങളും ഇനി ആ കരാറിൽ ഇല്ല എന്ന് വ്യക്തമാക്കികൊണ്ടല്ലാതെ ഒരു നടപടിയും സ്വീകരിക്കരുത് എന്ന മഹത്തായ സന്ദേശമാണ് ഈ സൂക്തങ്ങളിലൂടെ ഖുർആനെ വിശദീകരിച്ച പണ്ടിതൻമാർ നമുക്ക് വ്യക്തമാക്കി തരുന്നത്. ഈ നൂറ്റാണ്ടിലെ ഇസ്ലാമിക ചിന്തകനും ഖുർആൻ വ്യാഖ്യാതാവുമയ സയ്യിദ് അബുൽ അഅ് ലാ മൌദൂദി അടക്കം അങ്ങനയാണതിനെ മനസ്സിലാക്കിയിട്ടുള്ളത്.  നമ്മുടെ അയൽ രാജ്യമായ പാകിസ്ഥാൻ നരകമാണെന്ന് ഞാൻ കരുതുന്നില്ല എന്ന് പറഞ്ഞ നടിയെപോലും കൈകാര്യം ചെയ്തതെങ്ങനെ എന്ന് ചിന്തിക്കുക. എന്നാൽ അത്തരം ശത്രുതാപരമായ ഒരു സമീപനം പോലുമല്ല ഖുർആൻ ഈ വിഷയത്തിൽ നടത്തുന്നത് എന്നറിയുക. ഈ പദം  പാലത്തിനെ പോലുള്ളവർ തങ്ങളുടേതായ വീക്ഷണം സ്വീകരിക്കാത്തവരുടെയെല്ലാം കാര്യത്തിൽ ഖുർആൻ പറഞ്ഞതിനേക്കാൾ തീവ്രമായ അഭിപ്രായം പറയാൻ ഉപയോഗപ്പെടുത്തുമ്പോൾ, പത്രങ്ങളും സോഷ്യൽമീഡിയയും അവ ഏറ്റെടുത്തില്ലെങ്കിലാണ് അത്ഭുതം. 

ഞാനീ പറഞ്ഞതൊക്കെ ഖുർആനിലും സുന്നത്തിലും ഉള്ളത് തന്നെ ഞങ്ങൾ സലഫികളാണ് ഖുർആനിലും സുന്നത്തിലുമില്ലാത്ത ഒന്നും ഞങ്ങൾ പറയില്ല എന്ന നിലപാട് ആവർത്തിച്ച് വ്യക്തമാക്കുന്നവരെന്ന നിലക്ക് അവ രണ്ടിനെയും പ്രമാണമായി അംഗീകരിക്കുന്ന ഇതര മുസ്ലിംകൾക്കും അത് സംബന്ധമായി ചിലത് പറയാതിരിക്കാനാവില്ല.
തുർമിദി ദുർബലമായ പരമ്പരയോട് കൂടി ഉദ്ധരിച്ച, നാസിറുദ്ദീ അൽബാനി ദുർബലമായി വിധിയെഴുതിയ ഒരു ഹദീസി തെറ്റായി വിശദീകരിച്ചാണ് അദ്ദേഹം തന്റെ പ്രഭാഷണം തുടരുന്നത്. അതിന് മുമ്പ് കഴിഞ്ഞ തവണനടന്ന ക്ലാസിന്റെ സംക്ഷിപ്ത വിവരണം നൽകുന്നുമുണ്ട്. ഇതാണ് അദ്ദേഹം തന്റെ പ്രസംഗത്തിന് തന്നെ അടിസ്ഥാനമാക്കുന്ന ദുർബല ഹദീസ്.
هذا الحديث روي من حديث حذيفة بن اليمان رضي الله عنه أن النبي صلى الله عليه وسلم قال : (لَا تَكُونُوا إِمَّعَةً ، تَقُولُونَ : إِنْ أَحْسَنَ النَّاسُ أَحْسَنَّا ، وَإِنْ ظَلَمُوا ظَلَمْنَا ، وَلَكِنْ وَطِّنُوا أَنْفُسَكُمْ ، إِنْ أَحْسَنَ النَّاسُ أَنْ تُحْسِنُوا ، وَإِنْ أَسَاءُوا فَلَا تَظْلِمُوا) رواه الترمذي (2007) بإسناد ضعيف .

وقد ضعفه الشيخ الألباني رحمه الله في "ضعيف الترمذي" غير أنه صححه من قول عبد الله بن مسعود رضي الله عنه .
(നിങ്ങൾ ഒപ്പംകൂടികളാകരുത്, ജനങ്ങൾ നന്മചെയ്താൽ ഞങ്ങളും നന്മ ചെയ്യും ജനങ്ങൾ അക്രമം കാണിച്ചാൽ ഞങ്ങളും അക്രമം കാണിക്കും. മറിച്ച് നിങ്ങളുടെ മനസ്സിനെ ഉറപ്പിച്ച് നിർത്തുക. ജനങ്ങൾ നന്മചെയ്താൽ നിങ്ങളും നന്മചെയ്യുക. അവർ അവർ തിന്മചെയ്താൽ നിങ്ങൾ അക്രമികളാകരുത്) എന്ന ഹദീസ്, ഹദീസെന്ന നിലക്ക് ദുർബലമെങ്കിലും അതിലെ ആശയം സ്വീകാര്യയോഗ്യമാണ് എന്ന കാര്യവും ഇതുമായി ബന്ധപ്പെട്ട ചർചയിൽ പണ്ഡിതന്മാർ എടുത്തുപറയുന്നു. എന്നാൽ ഈ ഹദീസിനെ ശംസുദ്ധീൻ പാലത്ത് വിശദീകരിക്കുന്ന പോലെ മുസ്ലിം പണ്ഡിതരിലാരെങ്കിലും വിശദീകരിക്കുന്നത് കേട്ടിട്ടില്ല. അഹ്ലുസുന്നത്തിൽനിന്ന് വ്യത്യസ്ഥമായി ജീവിക്കുന്നവരോട് അടുപ്പം പുലർത്തുന്നതാണ് ഇമ്മഅ എന്നാണ് പാലത്ത് വിശദീകരിച്ച് അവസാനിപ്പിക്കുന്നത്. ഹദീസേ ദുർബലം അതിന് ഇമ്മട്ടിലൊരു വിശദീകരണം നൽകുന്നത് അതിനേക്കാൾ വലിയ പ്രവാചനിന്ദയോളമെത്തുന്ന ക്രൂരത. കാരണം ഇത് കേൾക്കുന്ന മുസ്ലിമല്ലാത്ത, മുസ്ലിമായിട്ടും അറബിയറിയാത്ത ഒരാൾ ഇദ്ദേഹം തുടർന്ന് വിശദീകരിക്കുന്നതിന്റെയൊക്കെ പിതൃത്വം മുഹമ്മദ് നബിക്കാണ് എന്ന് തെറ്റിദ്ധരിക്കും.
ഒന്നാമതായി അദ്ദേഹം പറയുന്നതുപോലെയല്ല ഉള്ള ദുർബലമായ ആ വചനത്തിന്റെ ടെക്സ്റ്റ് പോലും. ദുർബലമെങ്കിലും അത് ഉള്ളതുപോലെ വിശദീകരിച്ചാൽ ഇതുപോലെ അദ്ദേഹത്തിന് ഒരു തത്വം കെട്ടിപ്പൊക്കാനാവില്ല. لا تكن أحدكم إمعة  എന്നാണദ്ദേഹം വായിക്കുന്നത് അപ്രകാരം ഈ ഹദീസ് തുടങ്ങുന്നേ ഇല്ലേ. തുടർന്ന് അദ്ദേഹം പറയുന്നതും ഹദീസിലുള്ളത് അങ്ങനെയല്ല. അദ്ദേഹം ഉദ്ധരിക്കുന്ന അറബി അനുസരിച്ച് തന്നെ അങ്ങനെയല്ല അർഥം പറയേണ്ടത്. റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസിന്റെ രൂപത്തിലല്ല അദ്ദേഹം ഉദ്ധരിക്കുന്നത് എന്നതുകൊണ്ടുതന്നെ അദ്ദേഹം ആരോ പറയുന്നതും എഴുതിയതും അങ്ങനെ തന്നെ പ്രചരിപ്പിക്കുകയാണ് എന്നത് വ്യക്തമാക്കുന്നു. സത്യത്തിൽ അതിന് മറുപടി പറയേണ്ട ആവശ്യമേ വരുന്നില്ല.  

ഈ വിഷയം വിവാദമായപ്പോൾ അദ്ദേഹം അതിന് ഒരു വിശദീകരണം നൽകിയിട്ടുണ്ട്. അൽപം ഭീഷണി സ്വരത്തിലുള്ളതാണത്. ഇത് റിപ്പോർട്ട് ചെയ്ത ഈ പത്രങ്ങൾ മറ്റുവിഷയത്തിലെന്ന പോലെ അവരുടേതായ മാറ്റത്തിരുത്തലുകൾ വാർത്തയിൽ നൽകിയിട്ടുണ്ടാവും. കാഫിർ എന്ന് അദ്ദേഹം പറഞ്ഞിടത്ത് അമുസ്ലിം എന്നവർ മാറ്റിയിട്ടുണ്ടാവും. അതിൽ പിടിച്ചാണ് അദ്ദേഹം നിയമപരമായി നേരിടും എന്ന ഭീഷണിമുഴക്കുന്നത് എന്ന് തോന്നുന്നു.  എന്നാൽ അദ്ദേഹത്തിന് ഇത്തരം കളവുകളൊക്കെ ആരുടെ മേലും വെച്ചുകെട്ടാൻ പൊതുവായി തന്നെ അനുവാദമുള്ളതുപോലെയാണ് അതിൽ സംസാരിക്കുന്നത്. ലോകത്തുള്ള തീവ്രവാദ പ്രവർത്തനങ്ങളുടെയെല്ലാം ഉത്തരവാദിത്തം മൌദൂദിക്കും ജമാഅത്തെ ഇസ്ലാമിക്കുമാണ് എന്ന പതിവുകള്ളം ഇതിലും അദ്ദേഹം ഉയർത്തുന്നു. 

മൌദൂദി ഇതുപോലെ എവിടെയങ്കിലും പറഞ്ഞതൊന്ന് കാണിച്ചുതരിക എന്ന് ആ സുഹൃത്തിനോട് വിനയത്തോടെ നമുക്ക് ആവശ്യപ്പെടാം. ഇദ്ദേഹം നടത്തുന്ന ഈ ക്ലാസ് കേട്ടാൽ നമുക്ക് മനസ്സിലാകും നാടുവിടുന്നവരുടെ ആദർശം രൂപപ്പെടുത്തിയാതാരാണെന്ന്. അത് മറച്ചുപിടിക്കാൻ ഇവിടെയുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ തലയിൽ അരോപണം കെട്ടിവെച്ചിട്ട് കാര്യമില്ല. 

ആധുനിക സലഫികളെക്കുറിച്ച ഒരു തെറ്റിദ്ധാരണകൂടി നാം മാറ്റേണ്ടതുണ്ട്. ഖുർആനും സുന്നത്തും ഓരോരുത്തർക്കും തോന്നിയതുപോലെ വിശദീകരിക്കുന്നവരാണ് അധുനികകാലത്തെ സലഫികൾ. ഇദ്ദേഹം നടത്തുന്നതുപോലുള്ള അക്ഷരവായനയും തെറ്റായ ആശയങ്ങളുമാണ് ഇവരുടെ പൊതുസ്വഭാവം. അനുഷ്ഠാനങ്ങളിലും കർമങ്ങളിലുമുള്ള തീവ്രത ഇവരുടെകൂടെ പിറപ്പാണ്. ഇത് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നതുകൊണ്ട് ചില മുജാഹിദു ഗ്രൂപുകൾ ഇന്ന് സലഫികൾ എന്ന് വിശേഷപ്പിക്കപ്പെടാൻ താൽപര്യപ്പെടാത്തത്. കഴിഞ്ഞ പോസ്റ്റിൽ സൂചിപ്പിച്ച പോലെ കേരളത്തിലേക്ക് ഈ സലഫി പ്രയോഗം കടന്നുവന്നത് ഗൾഫ് സലഫികളുടെ പണത്തിൽ കണ്ണുവെച്ചാണെന്നും അവർ അഭിപ്രായപ്പെടുന്നു.

ഖുർആനിൽ പറയുന്നത് പോലെ ഇസ്ലാമിക രാഷ്ട്രവ്യവസ്ഥയോട് യുദ്ധം പ്രഖ്യാപിച്ച സായുധരായി അതിനെ നേരിടാൻ വരുന്നവരുടെ കാര്യത്തിൽ മാത്രമാണ് ഞാൻ പറഞ്ഞ പെരുമാറ്റം ബാധകമാകുന്നത് എന്ന വാദം അദ്ദേഹത്തിനുണ്ടെങ്കിൽ അത് പറയട്ടെ. അതാണ് വാദമെങ്കിൽ അത് ഇങ്ങനെയല്ല പറയേണ്ടത് എന്ന് അപ്പോൾ നമുക്കദ്ദേഹത്തെ ഉപദേശിക്കുകയുമാവാം. പക്ഷെ അതിനദ്ദേഹം സന്നദ്ധമായിട്ടില്ല. മറിച്ച് ഭീഷണിപ്പെടുത്താനും കുറ്റം മറ്റുള്ളവരിൽ ചാരാനുമാണ് ആ അവസരം അദ്ദേഹം വിനിയോഗിച്ചത്. മാത്രമല്ല ഇതര സംഘടനകളെക്കുറിച്ച് പ്രത്യേകിച്ചു ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചൊക്കെയുള്ള ഇദ്ദേഹമടക്കമുള്ള സലഫികളുടെ പരാതി പാലത്ത് വിശദീകരിച്ച 'ഇമ്മഅ' (മറ്റുള്ളവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു. സഹകരിക്കുന്നു. അവരുമായി കൂട്ടുകൂടുന്നു) യിൽ അവർ ഉൾപ്പെടുനനുവെന്നൊക്കെയാണല്ലോ. അപ്പോൾ പിന്നെ നിങ്ങളുടെ ഈ അൽവലാഅ വൽ ബറാഅ് അമുസ്ലികളുടെ കാര്യത്തിൽ പറഞ്ഞതാണ് എന്ന് മറ്റുള്ളവർ മനസ്സിലാക്കിയാൽ അതിനെ കുറ്റം പറയാമോ..


എങ്കിലും അവരുടെ അത്തേരം ലേഖനത്തിലേക്ക് ലിങ്ക് നൽകുന്നില്ല. മറിച്ച് അവർ ചേർത്ത യൂറ്റൂബിൽ നിന്ന് നേരിട്ട് തന്നെ പ്രസംഗം കേൾക്കുക.

ഈ പ്രസംഗം വിവാദമായതിന് ശേഷം അദ്ദേഹം നടത്തിയ മറുപടി ഇവിടെ നിന്നും നിങ്ങൾക്ക് ശ്രവിക്കാം. അതിനായി ഇതിൽ ക്ലിക്ക് ചെയ്യുക. 

ഒരു കാര്യം മാത്രം പറയാം വിശുദ്ധഖുർആനിൽ നിന്നോ തിരുനബിയുടെ വചനങ്ങളിൽ നിന്നോ ഇവിടെയുള്ള അമുസ്ലിം സുഹൃത്തുക്കളോടുള്ള പെരുമാറ്റമായി ഞങ്ങൾ മനസ്സിലാക്കിയത് ശംസുദ്ധീൻ പാലത്ത് പറഞ്ഞതല്ല. അത് എന്താണ് എന്ന് നേരത്തെ വിശദമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഈ പ്രസംഗത്തിൽ പറയുന്ന കാര്യങ്ങളിൽ നിന്ന് ഞങ്ങൾ ബരീഅ് (ഒഴിവ് )ആണ്. 

കൂടുതൽ വിശദീകരണങ്ങൾക്കായി കമന്റ് ബോക്സിൽ നമുക്ക് സംവദിക്കാം... 

ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2016

സലഫിസത്തിന്റെ ദുര്‍ബലപ്രതിരോധം

പ്രബോധനം ചോദ്യോത്തരത്തിൽ നിന്ന് ... നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റു ബോക്സിൽ നൽകാം..
--------------------------
'.........സലഫികളുടെ (പൂര്‍വികരുടെ) രീതിശാസ്ത്രം പിന്തുടരുന്നുവെന്ന് അവകാശപ്പെട്ട് അതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും സലഫി എന്ന പേരില്‍ അറിയപ്പെടാനാഗ്രഹിച്ചു. മതത്തിന് രാഷ്ട്രീയ വ്യാഖ്യാനം നല്‍കിയവരും മദ്ഹബുകളെയും (ചിന്താധാര) വ്യക്തികളെയും അന്ധമായി അനുകരിക്കുന്ന സൂഫിത്വരീഖത്തിന്റെ വക്താക്കളും മേല്‍വിലാസം ലഭിക്കുന്നതിന് സലഫി എന്ന പേരില്‍ പരിചയപ്പെടുത്താന്‍ തുടങ്ങി. ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരും ബഹുസ്വരതയോട് യുദ്ധം പ്രഖ്യാപിച്ചവരും ജനാധിപത്യവിരോധികളുമെല്ലാം ആ പദം ദുരുപയോഗം ചെയ്തു. ആത്മീയതയിലുള്ള അതിരുകവിയലും ഇസ്‌ലാമിനെ രാഷ്ട്രീയമായി ദുര്‍വ്യാഖ്യാനിച്ചതുമാണ് ഭീകര സംഘങ്ങള്‍ക്കു പറ്റിയ അബദ്ധം. മാനവരാശിയുടെ ശത്രുക്കളായ ഈ കൊടും ഭീകരരെ സലഫിസവുമായി ബന്ധിപ്പിക്കുന്നത് വിവരദോഷമാണ്.''
''....സലഫികള്‍ ഖുര്‍ആനും നബിചര്യയും പൂര്‍വികര്‍ മനസ്സിലാക്കിയ രീതിയില്‍ ഉള്‍ക്കൊള്ളുന്നതോടൊപ്പം എല്ലാ ആധുനികതകളുടെയും നന്മയുടെ പക്ഷം നില്‍ക്കുന്നവരുമാണ്. ആധുനിക ജനാധിപത്യം, ബഹുസ്വരത, മതനിരപേക്ഷത, സാംസ്‌കാരിക സാമൂഹിക രംഗത്തെ നവീകരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതില്‍ സലഫികള്‍ എന്നും മുന്നിലാണ്. ഖുര്‍ആനിനെയോ നബിവചനങ്ങളെയോ രാഷ്ട്രീയ വ്യാഖ്യാനത്തിന് വിധേയമാക്കാത്തതിനാലാണ് പലപ്പോഴും പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ വക്താക്കള്‍ സലഫികളെ അക്ഷരവായനക്കാരെന്ന് ആക്ഷേപിക്കാറുള്ളത്. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ കടന്നുവരവിനെതിരെ ബൗദ്ധിക ചെറുത്തുനില്‍പു നടത്തി മതനിരപേക്ഷതയുടെ പക്ഷത്ത് മലയാളി മുസ്‌ലിംകളെ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ സലഫി പ്രസ്ഥാനത്തിന്റെയും ബുദ്ധിജീവികളുടെയും പങ്ക് ആര്‍ക്കും മറക്കാനാവില്ല. ബഹുസ്വര സമൂഹത്തിലെ ഭരണകൂടങ്ങളെ ദൈവികേതര ഭരണകൂടമെന്ന് വിശേഷിപ്പിച്ച് ഭരണകൂടത്തോട് യുദ്ധം പ്രഖ്യാപിക്കുന്ന പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ തടഞ്ഞില്ലായിരുന്നെങ്കില്‍ മലയാളി മുസ്‌ലിംകളുടെ അവസ്ഥ മറ്റൊന്നാകുമായിരുന്നു..'' ('സലഫിസവും തെറ്റിദ്ധാരണകളും'-ടി.പി അബ്ദുല്ലക്കോയ മദനി, മാതൃഭൂമി ദിനപത്രം 2016 ആഗസ്റ്റ് 10). മുജീബിന്റെ പ്രതികരണം?
ശുകൂര്‍ ചേകനൂര്‍

ഉസാമ ബിന്‍ ലാദിന്റെയും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണകാരികളുടെയും രംഗപ്രവേശത്തോടെ ആഗോളതലത്തില്‍ സലഫിസവും വഹാബിസവും പ്രതിക്കൂട്ടിലാണ്; വിശിഷ്യാ ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളില്‍. ദാഇശ് എന്ന ഐ.എസിന്റെ അരങ്ങേറ്റത്തോടെ ഈ പ്രവണത ശക്തിപ്പെടുകയും സലഫി സംഘടനകള്‍ കടുത്ത പ്രതിരോധത്തിലാവുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കേരളത്തില്‍നിന്ന് ഏതാനും പേര്‍ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടുവെന്നും അവര്‍ അഫ്ഗാനിസ്താനിലേക്കോ ഇറാഖ്-സിറിയ മേഖലയിലേക്കോ കടന്നുകയറിയിട്ടുണ്ടെന്നുമുള്ള ഇനിയും സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തകളെ തുടര്‍ന്ന് സലഫിസം വീണ്ടും വിമര്‍ശന ശരവ്യമായിരിക്കുന്നു. സത്യവും അര്‍ധസത്യവും അസത്യവും കൂടിക്കലര്‍ന്ന ഇത്തരം പ്രചാരണങ്ങളിലെ നെല്ലും പതിരും വേര്‍തിരിച്ച് സ്വന്തം നിരപരാധിത്വം തെളിയിക്കാനുള്ള കേരളത്തിലെ സലഫി സംഘടനകളുടെ ശ്രമം മനസ്സിലാക്കാന്‍ കഴിയാത്തതല്ല, തികച്ചും സ്വാഭാവികമാണത്.
എന്നാല്‍, ദുന്‍യാവില്‍ എന്ത് സംഭവിക്കുമ്പോഴും അതിനെ സംഘടനാ പക്ഷപാതിത്വത്തിന്റെ കണ്ണിലൂടെ നോക്കിക്കണ്ട്, മുന്‍വിധികളോടെ മത-രാഷ്ട്രീയ പ്രതിയോഗികളെ കടന്നാക്രമിക്കാനുള്ള അവസരമാക്കുന്ന പതിവു ശൈലിയില്‍ ഇപ്പോഴത്തെ വിവാദങ്ങളിലും സലഫി അഥവാ മുജാഹിദ് ഗ്രൂപ്പുകളും സുന്നി സംഘടനകളും ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സുന്നി, ശീഈ, സലഫി, സൂഫി ഭേദമന്യേ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മൊത്തം ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള പ്രചാരണ യുദ്ധമാണ് ശത്രുക്കള്‍ ലോകവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന വസ്തുതയേ മറന്ന് തല്‍ക്കാലത്തെ ലാഭചേതങ്ങള്‍ മാത്രം കണക്കാക്കി പരസ്പരം ചെളിവാരിയെറിയാനുള്ള നീക്കങ്ങള്‍ ആത്മഹത്യാപരമാണെന്ന് ഓര്‍മിപ്പിക്കേണ്ടതില്ല. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അസ്തിത്വമോ വ്യക്തിത്വമോ വകവെച്ചുതരാന്‍ തയാറില്ലാത്ത കടുത്ത അതിദേശീയതാവാദികള്‍ അധികാരം കൈയടക്കി ലക്ഷ്യം നേടാന്‍ സര്‍വ തന്ത്രങ്ങളും പയറ്റുന്ന ഇന്ത്യാ മഹാരാജ്യത്ത്, അവരുടെ കെണിയില്‍ വീഴാതിരിക്കാനുള്ള വിവേകം പോലും ചില ഗ്രൂപ്പുകളും നേതാക്കളും പണ്ഡിതന്മാരും കാണിക്കുന്നില്ലെന്ന് വന്നാല്‍ അല്ലാഹു ശപിച്ച മുന്‍ സമുദായങ്ങളേക്കാള്‍ കഷ്ടമാണ് നമ്മുടെ അവസ്ഥ എന്ന് പറയേണ്ടിവരും. സംസ്ഥാനത്തിപ്പോള്‍ നടക്കുന്നത് സലഫിസത്തിനെതിരെ സൂഫിസത്തിന്റെ അനുകൂലികളും സൂഫിസത്തിനെതിരെ സലഫി സംഘടനകളും നടത്തുന്ന പ്രചാരണ യുദ്ധങ്ങളാണ്. സലഫിസമോ സൂഫിസമോ ഇന്നോ ഇന്നലെയോ ജന്മമെടുത്തതല്ല. നൂറ്റാണ്ടുകളുടെ പഴക്കം രണ്ടിനുമുണ്ട്. അനേക ലക്ഷം പേജുകൡലായി ആയിരക്കണക്കില്‍ ഗ്രന്ഥങ്ങള്‍ തദ്വിഷയകമായി എഴുതപ്പെട്ടിട്ടുണ്ട്. പുതുതായി എന്ത് വിവരവും വെളിപാടുമാണ് രണ്ട് കൂട്ടരുടെയും പക്കലുള്ളത്? സമുദായം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ഗൗരവം മനസ്സിലാക്കി സലഫികള്‍ അവരുടെ വഴിക്കും സൂഫികള്‍ അവരുടെ വഴിക്കും പോവട്ടെ എന്നും ഇരുപക്ഷവും വിവിധ വിഷയങ്ങളിലെ വീക്ഷണ വ്യത്യാസങ്ങള്‍ അക്കാദമികമായി മാത്രം വിശദീകരിക്കട്ടെ എന്നും വെച്ചാല്‍ എന്ത് നഷ്ടമാണുണ്ടാവുക?
ഇതിനേക്കാള്‍ അപലപനീയമാണ് ഈ വിവാദങ്ങളിലൊന്നും തുടക്കം മുതലേ പങ്കുവഹിക്കാത്ത ഇസ്‌ലാമിക പ്രസ്ഥാനത്തെ അകാരണമായും കുത്സിതമായും കടന്നാക്രമിക്കാനുള്ള ശ്രമം. ഒരുകാലത്തും സലഫിസമോ സുന്നിസമോ സൂഫിസമോ അവകാശപ്പെട്ടിട്ടില്ലാത്ത, മൂന്ന് വിഭാഗങ്ങള്‍ക്കും ഒരുപോലെ ഇഖാമത്തുദ്ദീന്‍ എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ വാതില്‍ മലര്‍ക്കെ തുറന്നിട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. അതുകൊണ്ടുതന്നെ സംഘടനയില്‍ സലഫി ചിന്താഗതിക്കാരും മദ്ഹബുകളെ പിന്‍പറ്റുന്നവരും തസ്വവ്വുഫിന്റെ നല്ല വശങ്ങളെ സ്വാംശീകരിച്ചവരുമെല്ലാമുണ്ട്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ് മൂലപ്രമാണങ്ങളായി സംഘടന അതിന്റെ ഭരണഘടനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സത്യത്തിന്റെ മാനദണ്ഡമായി അല്ലാഹുവിനെയും പ്രവാചകനെയുമല്ലാതെ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കിയിരിക്കുന്നു. ഇതാണ് സലഫിസത്തിന്റെയും ചൈതന്യം. എന്നാല്‍ വിശ്വാസകാര്യങ്ങളും ആരാധനാനുഷ്ഠാനങ്ങളും പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും മാത്രമല്ല ഖുര്‍ആന്റെയും സുന്നത്തിന്റെയും ഉള്ളടക്കം. കുടുംബജീവിതത്തിലും സാമൂഹിക ബന്ധങ്ങളിലും ഇടപാടുകളിലും പാലിക്കേണ്ട നിയമങ്ങളും നിര്‍ദേശങ്ങളും രണ്ടിലുമുണ്ട്. സാമൂഹിക നീതി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കാനുള്ള കൃത്യമായ ശാസനകളുണ്ട്. അക്കാര്യം യുക്തിപരമായും പ്രാമാണികമായും തെളിയിക്കുമ്പോള്‍, മതത്തെ സ്വകാര്യ ജീവിതത്തില്‍ തളച്ചിടാന്‍ പ്രതിജ്ഞാബദ്ധരായ മതേതര വാദികളോടൊപ്പം ചേര്‍ന്ന് 'പൊളിറ്റിക്കല്‍ ഇസ്‌ലാമി'ന്റെ മറുപക്ഷത്ത് നിലയുറപ്പിക്കാനുള്ള സാഹസം മറ്റെന്തായാലും സലഫുകളുടെ മാതൃകയല്ല, സുഊദി അറേബ്യയുള്‍പ്പെടെയുള്ള മുസ്‌ലിം രാജ്യങ്ങളിലെ സലഫി പണ്ഡിതന്മാര്‍ അതംഗീകരിക്കുന്നുമില്ല. കേരളത്തിലെ മുജാഹിദുകളുടെ വിചാരവും ധാരയും വേറിട്ടതാണെങ്കില്‍ അവര്‍ സലഫികളെന്നവകാശപ്പെടാതിരിക്കുന്നതാണ് ശരി. സലഫിധാരയില്‍നിന്ന് വേര്‍പ്പെടുന്നതോടെ വിദേശ ഏജന്‍സികളുടെ സഹായം നിലക്കുമെന്ന ഭീതിയാണ് പ്രശ്‌നമെങ്കില്‍ അതിന്റെ പരിഹാരം വേറെ അന്വേഷിക്കണം. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ചത് ഈ വിദേശ സഹായം പങ്കുവെക്കലാണെന്ന് അവരില്‍തന്നെ ചിലര്‍ എഴുതിയതും മറച്ചുവെച്ചിട്ട് കാര്യമില്ല. 'ഇസ്‌ലാമിക ഭീകരത' എന്ന് തെറ്റായി ആരോപിക്കുന്നവര്‍ സലഫിസത്തെയും ഭീകരതയോട് ചേര്‍ത്തുപറയുന്നു എന്നത് ശരിയാണ്. പക്ഷേ, 'മുജാഹിദ്' പ്രയോഗത്തിനുമില്ലേ അതേ കുഴപ്പം? ഇന്ത്യന്‍ മുജാഹിദീനും ഹിസ്ബുല്‍ മുജാഹിദീനും അഫ്ഗാന്‍ മുജാഹിദീനുമൊക്കെ പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ തള്ളിപ്പറയുന്ന ശുദ്ധ മതേതരവാദികളും 'ആധുനികതകളുടെ പക്ഷത്ത് നില്‍ക്കുന്നവരും' ആണോ? അപ്പോള്‍പിന്നെ മുജാഹിദുകള്‍ എന്ന സംജ്ഞയും ഒഴിവാക്കേണ്ടിവരും. 'ഗ്ലോബല്‍ വിസ്ഡം' പോലെ ഉറുമ്പ് കടക്കാതിരിക്കാന്‍ പഞ്ചസാര ഭരണിക്ക് പുറത്ത് ചായപ്പൊടി എന്നെഴുതി വെക്കുന്ന മഠയത്തരമേ ഒടുവില്‍ ബാക്കിയാവൂ. സമാധാനത്തിന്റെ ദര്‍ശനമായ ഇസ്‌ലാമിനെ ടെററിസവുമായി ചേര്‍ത്തുവെക്കാന്‍ മടിക്കാത്തവര്‍ സലഫിസത്തെയും ഭീകരതയുമായി ബന്ധപ്പെടുത്തുന്നതില്‍ വെപ്രാളപ്പെട്ടിട്ട് പ്രയോജനമില്ല എന്നെങ്കിലും മനസ്സിലാക്കുക.
'എല്ലാ ആധുനികതകളുടെയും പക്ഷം നില്‍ക്കുന്നവരാണ് സലഫികള്‍' എന്ന് അവകാശപ്പെടുമ്പോള്‍ അദൃശ്യജീവികളായ ജിന്നുകള്‍ക്ക് മനുഷ്യശരീരത്തില്‍ കടന്നുകൂടാനും രോഗങ്ങളുണ്ടാക്കാനും സാധിക്കുമെന്നും പ്രത്യേകതരം മന്ത്രമാണ് അതിന് ചികിത്സയെന്നു വാദിക്കുന്ന ഒരു വിഭാഗം സലഫികളാണ് ഇന്ന് കെ.എന്‍.എമ്മിന് ഏറ്റവും വലിയ ഭീഷണിയെന്ന വസ്തുത സൗകര്യപൂര്‍വം വിസ്മരിക്കുന്നു. പുരുഷന്മാരെ നാലു വരെ വിവാഹങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന, അത് സ്ത്രീദൈന്യതക്ക് പരിഹാരമാണെന്ന് ഉദ്‌ഘോഷിക്കുന്ന സലഫി പരിപാടിയും ആധുനികതയുടെ പക്ഷത്തു നിന്നാണെന്ന് നാം സമ്മതിക്കണം! സമ്പൂര്‍ണവും സമഗ്രവുമായ ഇസ്‌ലാമിക ദര്‍ശനത്തെ അരാഷ്ട്രീയവത്കരിച്ച് മുസ്‌ലിം യുവാക്കളെ നിരീശ്വര നിര്‍മത ഭൗതിക പ്രത്യയശാസ്ത്രങ്ങളിലേക്ക് ചേക്കേറാന്‍ സഹായിച്ചവര്‍ക്കെതിരെ പ്രാമാണികമായും യുക്തിപരമായും പ്രതിരോധം തീര്‍ത്ത ഇസ്‌ലാമിക പ്രസ്ഥാനത്തെ, അതൊരു മഹാ പാതകമായെന്ന മട്ടില്‍ പ്രതിക്കൂട്ടില്‍ കയറ്റാന്‍ മിനക്കെടുന്നവര്‍ തങ്ങള്‍ക്ക് പറ്റിയ ഗുരുതരമായ അബദ്ധത്തെ മാറിയ പരിതഃസ്ഥിതിയില്‍ വന്‍ നേട്ടമായും സേവനമായും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് സഹതാപാര്‍ഹമാണ്. 

വ്യാഴാഴ്‌ച, ഓഗസ്റ്റ് 11, 2016

മുജാഹിദ് മടവൂർവിഭാഗം വീണ്ടും ഉരുളുന്നു


കേരളത്തിൽ ഇയ്യിടെ ഉണ്ടായ ചിലകുടുംബങ്ങളുടെയും വ്യക്തികളുടെയും നാടുവിടലും അതിനോടനുബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങളും വീണ്ടും മുസ്ലിം സംഘടനകളെ കാമ്പയിനുമായി രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചിരിക്കുന്നു. അങ്ങനെ നാടുവിട്ടവർ സലഫിവിഭാഗത്തിൽ പെട്ടവരാണ് എന്നതും. അറബി നാട്ടിൽ ഏതാനും വർഷം മുമ്പ് പ്രത്യക്ഷപ്പെട്ട ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) എന്നറിയപ്പെടുന്ന ഭീകര സംഘടന സലഫികളായി അറിയപ്പെടുന്നുവെന്നതും നാട്ടിലെ മുജാഹിദ് പ്രസ്ഥാനങ്ങളെ പ്രയാസപ്പെടുത്തുന്ന കാര്യങ്ങളാണ്. സമസ്തയിലെ എ.പി വിഭാഗം ഈ അവസരം ഉപയോഗപ്പെടുത്തി പഴയകണക്കു തീർക്കാൻ ഇതിനെ വ്യാപകമായി പ്രയോജനപ്പെടുത്തുന്നു. അതിന്റെ അടിസ്ഥാനത്തിൽ കാമ്പയിനും ലഘുലേഖ വിതരണവും നടത്തിക്കൊണ്ടിരിക്കുന്നു. 

ഈ സാഹചര്യത്തിലാണ് കെ.എൻ.എം (മടവൂർ വിഭാഗം) മർക്കസുദ്ദഅ് വ ഒരു ലഘു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. നാലുപേർ ശബാബിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളെ അവലംബിച്ചാണ് ഈ ലഘുലേഖ തയ്യാറാക്കിയിട്ടുള്ളത് എന്ന് ആമുഖത്തിൽ പറയുന്നു. പ്രധാനമായും അതിൽ ഉദ്ദേശിക്കുന്നത് തങ്ങൾ സലഫികളല്ലെന്ന് പറയാനും ഇപ്പോഴുണ്ടായ സംഭവങ്ങളുടെ ഉത്തരവാദിത്തമൊക്കെയും ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ നായകൻമാരായ ഇമാം മൌലാനാ അബുൽ അഅ് ലാ മൌദൂദിയിലും ശഹീദ് ഹസനുൽ ബന്നയിലും സയ്യിദ് ഖുതുബിലുമൊക്കെ ആരോപിക്കാനുമാണ്. പല ആളുകളുടെ ലേഖനങ്ങൾ അവലംബിച്ച് എഴുതിയത് കൊണ്ടാവും വൈരുദ്ധ്യങ്ങളും ധാരാളമായി കടന്നുവരുന്നു. പുസ്തകം മുഴുവൻ വായിച്ചുതീരുമ്പോഴും ഇസ്ലാമിൻ്റെ തന്നെ സുപ്രധാന മേഖലയായ രാഷ്ട്രീയ മേഖല മൌദൂദിയിടെയും ഹസനുൽബന്നയുടെയും ഒരു പുതിയ കണ്ടുപിടുത്തമാണെന്നും. ആ ചിന്തയാണ് ഇസ്ലാമിക സ്റ്റേറ്റ് എന്ന പേരിൽ തന്നെ ഭീകര സംഘടന പ്രത്യക്ഷപ്പെടാനിടയാക്കിയത് എന്നും വായനക്കാരനെ ധരിപ്പിക്കാൻ പാടുപെടുന്നതായികാണാം. 

ഈ ബ്ലോഗിൽ മടവൂർ വിഭാഗവും ശബാബിലെ ലേഖനവും ഇടക്കിടെ കടന്നുവരാനുള്ള കാരണം നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. നിരന്തരം ആ വിഭാഗമുമായി ബന്ധപ്പെടുന്നതുകൊണ്ടും, സാമാന്യെ പ്രമാണങ്ങളെ കുറേകൂടി അക്ഷരപൂജയുടെ തലത്തിൽ നിന്ന് ഉയർന്ന് നിന്ന് മനസ്സിലാക്കാനും ശ്രമിക്കുന്ന പൊതുവെ സഹിഷ്ണുതയുള്ള വിഭാഗം എന്ന നിലക്കാണ്. മാത്രമല്ല അതിലെ പല നേതാക്കളും സത്യസന്ധമായി കാര്യങ്ങളെ ഉൾകൊള്ളാനും പറയാനും മനസ്സുകാണിക്കുകയും ചെയ്യുന്നു. 

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം തീവ്രവാദത്തിന് വഴിമരുന്നിട്ടുവോ എന്ന ചോദ്യത്തിന് മറുപടി പറയാനാണ് ആദ്യത്തിൽ ശ്രമിക്കുന്നത്. 'കേരളത്തിലെ മുജാഹിദു പ്രസ്ഥാനം ഇന്ത്യയിലോ ലോകത്തിൻ്റെ മറ്റുഭാഗങ്ങളിലോ രൂപീകൃതമായ ഏതെങ്കിലും സലഫി സംഘടനകളുടെയോ ആശയങ്ങളുടെയോ ഘടകമോ പിന്തുടർച്ചയോ അല്ല' (പേജ് 5) എന്നും 'ഇസ്ലാഹി സെൻ്റർ പ്രവർത്തകർ ഗൾഫിലെ അറബി ശൈഖുമാരുമായി കൂടുതൽ അടുത്തപ്പോഴാണ് സലഫി എന്ന പദം കേരളത്തിലേക്ക് കടുന്നുവന്നത്' (പേജ് 7) എന്നും ലഘുലേഖ വ്യക്തമാക്കുന്നു. ലോകത്ത് പ്രത്യക്ഷപ്പെട്ട മിക്ക സായുധഭീകര സംഘടനകളുടെയും സലഫി പശ്ചാതലം ചർചയാകുന്ന പശ്ചാതലത്തിലാണ് ഇത്തരമൊരു വിശദീകരണം നൽകുന്നതെന്ന് ന്യായമായും പ്രതീക്ഷിക്കാം. 

അതിന് ശേഷം മുജാഹിദുകളിലുണ്ടായ വിഭജനത്തെക്കുറിച്ച് ചർച ചെയ്യുന്നു. ജിന്നുവിഭാഗം എന്നറിയപ്പെടുന്ന വിസ്ഡം ഗ്രൂപ്പ് കേരളത്തിലെ സുന്നി യാഥാസ്ഥിതികരിൽനിന്ന് ഒട്ടും ഭിന്നമല്ല എന്നും അതിന് ചില തെളിവുകൾ നൽകുകയും ചെയ്യുന്നു പത്താമത്തെ പേജിൽ. ജിന്നു ഗ്രൂപിൽ നിന്ന് മൂന്ന് ഗ്രൂപുകൾ കൂടി പിരിഞ്ഞുപോയതായി തുടർന്നു പറയുന്നു. ഈ ഗ്രൂപുകൾ ഏതാണ് ആരുടെ നേതൃത്വത്തിലാണ് എന്ന് വ്യക്തമാക്കുന്നില്ലെങ്കിലും മൂന്ന് കൂട്ടരുടെ സ്വഭാവം പറയന്നു. ഒന്നാമത്തെ വിഭാഗം.. സംഘടന വേണ്ട,അത് തിന്മയാണ് എന്ന് വാദിക്കുന്നവരാണ്. രണ്ടാമത്തെ വിഭാഗം, ഒരു ശൈഖിനെ അമീറായി നിശ്ചയിക്കുക, മുരീദുമാരായി അനുയായികൾ വർത്തിക്കുക എന്നതാണ് സലഫി മൻഹജ് എന്ന് വാദിക്കുന്നവരാണ്. മൂന്നാമത്തെവിഭാഗം. ഇന്ത്യയിലെ സാഹചര്യം ഇസ്ലാമിന് അനുയോജ്യമല്ലെന്നും അതുകൊണ്ട് ഹിജ്റ പോകേണ്ട സമയമായിരിക്കുന്നു എന്നും വാദിക്കുന്നവരാണ്. 

ഒരു നവോത്ഥാന നായകനായി കടന്നുവന്ന സയ്യിദ് അബുൽ അഅ് ലാ മൌദൂദി അക്കാലത്ത് ഇസ്ലാമിക ലോകം ഏറെ പ്രയാസം അനുഭവിച്ച ഭൌതിക ഇസ്സങ്ങളുടെ കടന്നുകയറ്റത്തിനെതിരെ മുസ്ലിംകളെ അവരുടെ അടിസ്ഥാനങ്ങൾ മുന്നിൽ വെച്ച് അന്ന് നിലവിലുണ്ടായിരുന്ന മതവിരുദ്ധമായ ജനാധിപത്യമതേതരത്വ ദേശിയത്വ ചിന്താഗതികളെ താത്വികമായി എതിർക്കുകയുണ്ടായി. പകരം ഇസ്ലാമിൻ്റെ രാഷ്ട്രീയ സിദ്ധാന്തം കളങ്കമില്ലാതെ അവതരിപ്പിക്കുകയും ചെയ്തു. ഇതിൽ പിടിച്ച് ലഘുലേഖ രാഷ്ടീയമായി ബന്ധപ്പെട്ട സകല തീവ്രവാദങ്ങളെയും അദ്ദേഹത്തിൻ്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ്. എന്നാൽ അദ്ദേഹം സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമി എങ്ങനെയാണ് ഇപ്പോൾ സലഫികളെന്ന് പറയുന്നവരിൽ കാണപ്പെടുന്ന തീവ്രവാദം പോലും ഏശാതെ സുരക്ഷിതമായി നിൽക്കുന്നത് എന്ന് മുജാഹിദു വിഭാഗം പഠിക്കേണ്ടതുണ്ട്. 

സലഫികൾ ഒരു വിഭാഗം തീവ്രവാദത്തിലേക്ക് നീങ്ങിയതായി മുജാഹിദുകൾ തന്നെ പറയുന്നു. അങ്ങനെ പോയവർ സലഫികളല്ല എന്നും പറയുന്നു. എന്നാൽ ജമാഅത്തെ ഇസ്ലാമിയിൽ തീവ്രവാദം ആരോപിക്കാൻ വേണ്ടി കരുവാക്കുന്നത്, ഇന്ത്യയിൽ നിരോധിക്കപ്പെട്ട സിമിയെയും ഇപ്പോൾ ഉടലെടുത്ത പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെയുമാണ്. അതിനാൽ ഇപ്പോൾ രാഷ്ട്രീയ തീവ്രവാദം പുലർത്തുന്ന സലഫി സംഘടനകൾക്കും പ്രചോദകമായത് മൌദൂദിയാണ് എന്ന് ധ്വനിപ്പിക്കാനാണ് ലഘുലേഖ ശ്രമിക്കുന്നത്. 

അതോടൊപ്പം സലഫികളല്ല ഈ തീവ്രവാദികൾ എന്ന് വരുത്താനും ശ്രമിക്കുന്നു. 'സലഫി പണ്ഡിതൻമാരാൽ ആകർശിക്കപ്പെട്ട് ഒരു തീവ്രവാദ ഗ്രൂപ്പ് ഏതെങ്കിലും കാലത്ത് സ്ഥാപിതമായതോ ലോകത്തെവിടെയെങ്കിലും പ്രവർത്തിക്കുന്നതായോ അറിയാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ശ്രദ്ധേയമായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) സലഫീ ആശയക്കാരാണ് എന്ന് പറഞ്ഞു കേൾക്കുന്നു. ഇസ്ലാമിക് സ്റ്റെയിറ്റ് എന്നത് മൌദൂദി ചിന്തയുടെ ഉൽപന്നമാണ്. ദീൻ എന്നാൽ സ്റ്റെയിറ്റ് എന്നാണ് മൌദൂദി വ്യക്തമാക്കിയത്. ഇവരുടെ രക്ഷകരും മാതൃത്വവും ഏത് നാട്ടിലെ സലഫികളുമായി ബന്ധപ്പെട്ടതാണ് എന്ന് വ്യക്തമായിട്ടില്ല. അവർ അമേരിക്കയുടെയും ഇസ്രാഈലിൻ്റെയും സൃഷ്ടിയാണ് എന്നും പറയപ്പെടുന്നുണ്ട്. ' (പേജ് 14). 

കാര്യം ഇങ്ങനെയാണെങ്കിൽ മുജാഹിദു സുഹൃത്തുക്കളേ ഈ വിഭാഗത്തെ ഇസ്ലാമിനെയും അതിൻ്റെ രാഷ്ട്രീയ സംവിധാനത്തെയും തെറ്റിദ്ധരിപ്പിക്കാൻ ഇസ്ലാമിക വിരുദ്ധ ശക്തികൾ ഉണ്ടാക്കിയതാണ് എന്ന് ഊഹിക്കുകയല്ലേ കുടുതൽ സത്യസന്ധമാകാനിടയുള്ളത്. എന്തിനിവിടെ നിങ്ങൾ മൌദൂദിയെ പറഞ്ഞുവെക്കുന്നു. ഇസ്ലാമിക വിരുദ്ധ ശക്തികളുടെ ഉപചാപത്തിൻ്റെ അക്ഷര പൂജകരായ സലഫി ചിന്താഗതിക്കാർ പങ്കാളികളായി ശക്തിപകർന്നുവെന്നതല്ലേ ഐ.എസിൻ്റെ കാര്യത്തിൽ സംഭവിക്കാനിടയുള്ള യാഥാർഥ്യം. ഇസ്ലാമിക രാഷ്ട്രീയത്തെ കണ്ണുമടച്ച് സംഘടനാ പക്ഷപാതിത്തം വെച്ച് നിഷേധിച്ചപ്പോൾ നിങ്ങളിലൊരു വിഭാഗം അതിനെ ലക്ഷ്യബോധമില്ലാതെ പിന്തുടർന്നുവെന്നതല്ലേ സത്യം. ഇസ്ലാമിലെ രാഷ്ട്രീയം എന്നത് മൌദൂദി ചിന്തയാണ് എന്നത് അൽപം സത്യസന്ധതയുള്ള ഏതെങ്കിലും മുസ്ലിമിനെ വിശ്വസിപ്പിക്കാനാവുമോ. ഈ തെറ്റായ ചിന്തതന്നെയാണ് നിങ്ങളിലൊരു വിഭാഗത്തെ തീവ്രവാദത്തിലേക്ക് നയിക്കുന്നത് എന്ന് ചിന്തിക്കുന്നതിൽ എന്താണ് തെറ്റ്. നിങ്ങളുടെ കൂട്ടത്തിൽ രൂപപ്പെട്ട നവസലഫിസം എന്ന് നിങ്ങൾ പേരിട്ട് വിളിക്കുന്നവർ അക്ഷരവായനയിൽ അതിരു കവിഞ്ഞവരും കടുത്ത മത-രാഷ്ട്രീയ തീവ്രവത വരിച്ചവരുമാണ് എന്ന് നിങ്ങൾ തന്നെ അംഗീകരികകുന്നില്ലേ. 

അന്തംകെട്ട 'അൽവാഉ വൽ ബറാഅ് ' വാദം

കേരള മുജാഹിദുകൾ (സലഫികൾ) മൌദൂദി ഇന്ത്യൻ പശ്ചാതലത്തിൽ നിന്ന് നടത്തിയ ഇസ്ലാമിൻ്റെ രാഷ്ട്രീയമായ വീക്ഷണങ്ങളെ തള്ളിക്കളഞ്ഞപ്പോൾ കേരളത്തിലെ മുജാഹിദുകളിലൊരുവിഭാഗം സൌദി സലഫി പണ്ഡിതൻമാരിലൊരു വിഭാഗത്തെ പിൻപറ്റി പോയി. അവരാകട്ടെ തികഞ്ഞ അക്ഷരപൂജകരായിരുന്നു. ശൈഖ് സ്വാലിഹ് അൽ ഫൌസാൻ അവരിലൊരാളാണ്.. 

ഇതേക്കുറിച്ച് വിശദമായി അടുത്ത പോസ്റ്റിൽ...

വ്യാഴാഴ്‌ച, ഏപ്രിൽ 07, 2016

തൊട്ടറിയണമത്രെ ഭീകരവാദത്തെ


ലോക ജനസംഖ്യയിൽ നാലിലൊന്നോ അഞ്ചിലൊന്നോ വരുന്ന ഒരു വലിയ സമൂഹമാണ് മുസ്ലിംകൾ. 1400 ലേറെ വർഷമായി ലോകത്തെ മുഴുവൻ രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്ന വിശ്വാസി സമൂഹമാണവർ. വിവിധങ്ങളായ വിഭാഗങ്ങളും മതസംഘടനകളും രാഷ്ട്രീയ പാർട്ടികളും അവർക്കിടയിലുണ്ട്. വിശുദ്ധ ഖുർആനെ തങ്ങളുടെ മത ഗ്രന്ഥമായും കഅ്ബയെ ഖിബ് ലയായും മുഹമ്മദ് നബിയെ അന്ത്യപ്രവാചകനായും അംഗീകരിക്കുന്നുവെന്നതാണ് അവരെ മുസ്ലിം എന്ന ഗണത്തിൽ പെടുത്തുന്ന സംഗതി. ഇവരിൽ ഇതര ജനവിഭാഗങ്ങളുമായി സഹകരിച്ച് സമാധാനപരമായി ജീവിക്കുന്നവരും മുസ്ലിംകളും അല്ലാത്തവരുമായ വിഭാഗവുമായും ഭരണകൂടങ്ങളുമായും കലഹിക്കുന്നവരും യുദ്ധം ചെയ്യുന്നവരും ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമുണ്ട്. ഇസ്ലാമിന് പുറമെയുള്ള വിഭാഗങ്ങളെ ഈ തരത്തിൽ എടുത്താലും ഇത്തരം വിഭാഗങ്ങളൊക്കെ അവയിലും കാണുന്നുണ്ട്. അവയുടെ വ്യാപ്തിയും അംഗബലവും അനുസരിച്ച് കൂടതലോ കുറവോ കണ്ടേക്കാം എന്ന് മാത്രം. ലോകത്ത് ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്ന മതങ്ങളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത് ഇസ്ലാമാണ്. ഇസ്ലാമിന്റെ വ്യാപകത്വം അതിനൊരു കാരണമായേക്കാം. മനുഷ്യന്റെ ജഢികേഛകളുടെ സ്വതന്ത്രമായ ആഗ്രഹസഫലീകരണത്തിന് ആദർശപരമായും വിശ്വാസപരമായും എതിര് നിൽക്കുന്നുവെന്നത് ഇതിന് ഒരു കാരണമാകാം. കുരിശുയുദ്ധാനന്തരം അതിനെതിരെ ലോകതലത്തിൽ തന്നെ രൂപപ്പെട്ട. അമേരിക്കൻ സാമ്രാജ്യത്വം ബോധപൂർവ്വം സൃഷ്ടിക്കാൻ ശ്രമിക്കന്ന ഇസ്ലാമിക്ക് ഫോബിയയും അതേ തുടർന്നും അതിന് മുസ്ലിംകളെന്ന് പറയന്നവരിൽ ഒരു വിഭാഗം നടത്തിയ നശീകരണ അക്രമ ഭീകര പ്രവർത്തനങ്ങളുമൊക്കെ ഇതിന് പ്രചോദനമായി വർത്തിക്കുന്നുണ്ടാവാം. അക്രമ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ എത്രയോ അനേകം മടങ്ങ് ഇതര മതവിശ്വാസികളെ പോലെയോ അതിലുപരിയായോ പരസ്പര സൌഹാർദ്ദത്തിലും സമാധാനത്തിലും ജീവിക്കുന്നവരാണ്. എന്നാൽ എല്ലാ അക്രമവും ഈ മതത്തിന്റെ പേരിലും, അവരുടെ കൂട്ടത്തിൽ സമാധാനപരമായി ജീവിക്കുന്നത് മറ്റു പല പ്രേരകങ്ങളാലും ആണ് എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. 

ഇതിന്റെ ഫലമായി ഇസ്ലാം എന്നത് തന്നെ ഭീകരതയും ഉൻമൂലനം ചെയ്യപ്പെടേണ്ടതും എന്ന ചിന്താഗതി വളർന്നുവരുന്നു. ഈ പ്രചാരണം മുഖ്യമായി ഉന്നം വെക്കുന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങളെ തന്നെയാണ്. അതിനൊരു പ്രധാനകാരണം ഇതരം സംഘടനകളും സംഘങ്ങളും തങ്ങളുടെ മതപരമായ വൃത്തത്തെ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നതാണ്. ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം ജമാഅത്തെ ഇസ്ലാമി ഇസ്ലാം വിമർശകരുടെ മുഖ്യ ഉന്നമാകുന്നത് അങ്ങനെയാണ്. ഒരു വിഭാഗത്തിന്റെ അവകാശവാദങ്ങൾ എന്തായാലും അവരുടെ പുസ്തകങ്ങളിലുള്ളത് എത്ര സമാധാനം വിളമ്പുന്നതായാലും ജനങ്ങൾ കാര്യമായി വീക്ഷിക്കുക അവരുടെ പ്രവർത്തനങ്ങളും ചരിത്രവുമാണ്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് ഈ ആളുകൾക്ക് വല്ലാതെയൊന്നും ലഭിക്കുന്നില്ല എന്നല്ല. ഒന്നും തന്നെ ലഭിക്കുന്നില്ല. രണ്ട് തവണ നിരോധിക്കപ്പെട്ടുവെങ്കിലും സകലമാന തെളിവുകളും പരതിയിട്ടും ആ നിരോധം നീട്ടികൊണ്ടുപോകാൻ സാധിക്കുന്നതൊന്നും ലഭിക്കാതെ രാജ്യത്തെ ഏറ്റവും വലിയ കോടതി ആ സംഘടനക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു നൽകുകയാണ് ചെയ്തത്. രാജ്യത്ത് പ്രവർത്തന സ്വതന്ത്ര്യം ലഭിക്കുന്നുവെന്നത് സമാധാനം കാംക്ഷിക്കുന്നുവെന്നതിന് തെളിവല്ലെങ്കിലും, ഭരണകൂടം കക്ഷി ചേർന്ന് നിരോധനമേർപ്പെടുത്തിയിട്ട് തെളിവ് സമർപ്പിക്കാനാവാതെ പോയി എന്നത് വലിയ കാര്യം തന്നെ. വളരെ വ്യക്തമായ കാരണങ്ങളാൽ ഹിന്ദുത്വ വർഗീയവാദ സംഘടനകളെ നിരോധിക്കുമ്പോൾ മറുവശത്ത് നിന്ന് തൂക്കമൊപ്പിക്കാനായിട്ടാണ് രണ്ട് പ്രാവശ്യവും ജമാഅത്ത് നിരോധിക്കപ്പെട്ടത്. ഇന്ദിരഗാന്ധി ഇക്കാര്യം തുറന്നു തന്നെ പറഞ്ഞിരുന്നുവെന്ന് വായിച്ചിട്ടുണ്ട്. 

വസ്തുത ഇതായിരിക്കെ എങ്ങനെ ഈ സംഘടനകളിൽ ഭീകരമുദ്ര ചാർത്തി ജനങ്ങളെ ഭയപ്പെടുത്തും എന്ന് ഈ സംഘടനകളിൽനിന്ന് തങ്ങൾക്ക് രാഷ്ട്രീയമായൊന്നും ലഭിക്കാനില്ല എന്ന് മനസ്സിലാവുമ്പോൾ കേരളത്തിലെ ചില രാഷ്ട്രീയ സംഘടനകൾ ഗവേഷണം നടത്താറുണ്ട്. ജമാഅത്തെ ഇസ്ലാമി ഇസ്ലാമല്ല എന്ന് പറഞ്ഞുകൊണ്ടു കാമ്പയിൻ നടത്തിയ ഒരു സംഘമാണ് ലോകതലത്തിൽ രൂപപ്പെട്ട ഭീകരസംഘമായ ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) എന്ന പേരിൽ ഗൾഫുനാടുകളിൽ രൂപം കൊണ്ട് ലോകത്തിന്റെ പലഭാഗങ്ങളിലും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന സംഘം. ആ പേര് പറഞ്ഞാൽ തന്നെ ഭീകരത ഏതൊരുത്തന്റെയും മനസ്സിൽ വരും. കാരണം പതിവിന് വിപരീതമായി അക്രമം നടത്തുന്നവർ തന്നെ തങ്ങളുടെ ചെയ്തികൾ ഇങ്ങനെ പരസ്യപ്പെടുത്തിയ മറ്റൊരു വിഭാഗം ലോകത്തില്ല. ഇയ്യിടെയായി ഇന്ത്യയിൽ തന്നെ എത്രയോ കൊലപാതകങ്ങളും കൊന്ന് കെട്ടിത്തൂക്കലുമൊക്കെ നടന്നു. അതൊക്കെ വീഡിയോ ആക്കി പ്രദർശിപ്പിച്ചിരുന്നെങ്കിൽ ഐ.എസിൽ നിന്ന് ഒട്ടും ഭിന്നമല്ല ഈ ക്രൂരതകളും എന്ന് മനസ്സിലാക്കാമായിരുന്നു. ഇടതുപക്ഷവും ഹിന്ദുത്വപക്ഷവും കേരളത്തിൽ തന്നെ അടുത്ത കാലത്ത് കുറേ കൊലപാതകങ്ങൾ നടത്തി. അവയുടെ തൽസമയ വിഡിയോ ഷൂട്ട് ചെയ്തിരുന്നെങ്കിൽ മലയാളികളായ നാം തലകുനിച്ചു പോകുമായിരുന്നു. 

ഇനി വിഷയത്തിലേക്ക് വരാം.  ഇടതുപക്ഷ പാർട്ടിയുടെ ജനയുഗം എന്ന സൈറ്റിൽ വന്ന കുറിപ്പ് വായിച്ചപ്പോൾ, ആടിനെ പട്ടിയാക്കാനും പേപ്പട്ടിയാക്കി അവതരിപ്പിച്ച് ആളുകളെ കൊണ്ട് തല്ലികൊല്ലിക്കാനുമുള്ള ശ്രമമാണ് മുസ്ലിം പേരുള്ള ഒരു വ്യക്തി വാരാവലോകനം എന്ന പക്തിയിലൂടെ നേർക്ക് നേരെ  ചെയ്യുന്നത് എന്ന് ആർക്കും മനസ്സിലാക്കാനാവും. ഈ ബ്ലോഗിൽ അത്തരമൊരു കുറിപ്പ് നിരുപണം ചെയ്യാനുള്ള കാരണം, അതിൽ പരാമർശിച്ച ബംഗ്ലാദേശ് പ്രശ്നത്തിൽ എന്ത് സംഭവിക്കുന്നുവെന്നതൊക്കെ ഈ ബ്ലോഗിൽ നേരത്തെ വന്നതാണ് എന്നതുകൊണ്ടാണ്. 

ആദ്യം ഐ.എസിൽ തുടങ്ങി, ബംഗ്ലാദേശിനെ പരാമർശിച്ച്, അതിൽ തന്നെ ബംഗ്ലാദേശിലെ ജമാഅത്തുകാരുടെ ഇഷ്ടവിനോദം ഹിന്ദുപെൺകുട്ടികളെ ബലാൽസംഘം ചെയ്യലാണ് എന്ന പച്ചക്കള്ളം കുത്തി നിറച്ച്, കേരളത്തിൽ പുരോഗമനപരമായ മുഖം കാണിക്കുന്നത് ഇടതുപക്ഷം ഇവിടെ ഉള്ളതുകൊണ്ടാണ് എന്ന് തട്ടിവിടുന്നു ലേഖകൻ.  ഒട്ടും മറുപടിയർഹിക്കാത്ത ഒരു ലേഖനമാണത്. അത് വായിച്ചവരെയും വായിക്കാനിടയുള്ളവരെയും ആ കുറിപ്പിലെ  വിരോധാഭാസവും വിവരക്കേടും അറിയിക്കുക മാത്രമാണ് ഈ ബ്ലോഗ് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.

വളർന്നുവരുന്ന ഹിന്ദുത്വഭീകരയെയും ഇസ്രായേലി ഭീകരതയെയും പറയുന്നതിന് മുമ്പ് ഇവിടെ നേരിടാൻ ഒരു ഭികരപ്രസ്ഥാനമുണ്ട് എന്ന് ഇടതുപക്ഷ സഖാക്കളെ ഉണർത്തുകയാണ് ലേഖനത്തിന്റെ ഉദ്ദേശ്യമെന്ന് വ്യക്തം.

അവസാനം കുറിപ്പുകാരൻ പറഞ്ഞതുപോലെ അന്ധൻ ആനയെ തൊട്ടറിഞ്ഞതുപോലെ ഒരു അറിവ് മാത്രമേ 'തൊട്ടറിയണം ഭീകരവാദത്തെ' എന്ന ഈ ലേഖനം കൊണ്ട് ആളുകൾക്ക് ലഭിക്കൂവെന്ന് സാന്ദർഭികമായി ഉണർത്തട്ടേ.. 

-----------------------
പഴയ ലേഖനങ്ങൾ

ബംഗ്ലാദേശിലെ സംഭവങ്ങൾ 

ബുധനാഴ്‌ച, ജനുവരി 20, 2016

തീരുമാനാധികാരം അല്ലാഹുവിന് മാത്രം

ശബാബ് വാരിക വീണ്ടും അസത്യവും അർദ്ധസത്യവും കൊണ്ട് ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്, 2016 ജനുവരി 16 ലെ 24ാം ലക്കത്തിൽ ആ തീരുമാനാധികാരം അല്ലാഹുവിന് മാത്രം എന്ന ലേഖനത്തിലൂടെ. ഈ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് പ്രസ്ഥാനവും തമ്മിലുള്ള ഭിന്നത ഈ തലക്കെട്ടിൽ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുമാത്രമാണ് മനുഷ്യനെ സൃഷ്ടിച്ചത് അതുകൊണ്ട് തന്നെ മനുഷ്യനാവശ്യമായ നിയമങ്ങളും അവന്റെ ഉത്തരവാദിത്തമാണ്. ഇതാണ് ഇസ്ലാം പ്രഖ്യാപിക്കുന്നത്. ബഹുദൈവവിശ്വാസികൾക്കോ നിരീശ്വരവാദികൾക്കോ അല്ലാതെ ഈ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാകാൻ പാടില്ലാത്തതാണ്. ഇക്കാര്യം ജമാഅത്തെ ഇസ്ലാമി അതിന്റെ രൂപീകരണഘട്ടത്തിലെ പ്രത്യേക സാഹചര്യത്തിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. സീസർക്കും ദൈവത്തിനും ജീവിതത്തിന്റെ മേഖലകൾ വിഭജിച്ച് നൽകുന്നതിൽ, ഖുർആൻ അംഗീകരിക്കുന്നുവെന്ന് പറയുന്നവർക്ക് പോലും യാതൊരു വിയോജിപ്പും പ്രകടമാകാത്ത പരിതസ്ഥിതിയിലാണ് ജമാഅത്ത് ആ വശം കൂടുതൽ ശക്തിയായി പറയാൻ നിർബന്ധിതമാകുന്നത്. 


നിയമനിർമാണാധികാരം അല്ലാഹുവിന് മാത്രം എന്ന ആശയത്തിലുള്ള മൂന്ന് ആയത്തുകളുണ്ടെന്ന് ലേഖകനും അംഗീകരിക്കുന്നു. പ്രസ്തുത മൂന്ന് സൂക്തങ്ങളുടെ പശ്ചാതലത്തിൽ വായിച്ചാൽ അവയിലൊന്ന് നിഷേധികളായ സമുദായങ്ങളിൽ ദൈവിക ശിക്ഷ ഇറക്കുന്ന തീരുമാനാധികാരമാണ് (6:57). രണ്ടാമത്തെത് ആരാധ്യരെ നിശ്ചയിക്കാനുള്ള തീരുമാനാധികാരമാണ് (12:40). മൂന്നാമത്തെത് മനുഷ്യന് മേലുള്ള അല്ലാഹുവിന്റെ വിധിയെ സംബന്ധിച്ചുള്ളതാണ്. ഈ കാര്യത്തിലൊന്നും ജമാഅത്തെ ഇസ്ലാമിക്ക് മുജാഹിദ് പ്രസ്ഥാനത്തോട് വിയോജിക്കേണ്ടകാര്യമില്ല. എന്നാൽ തീരുമാനാധികാരം പ്രാപഞ്ചികവിധിയിൽ പരിമിതമാണോ. അല്ല പിന്നെയൊ മനുഷ്യനുമായി ബന്ധപ്പെട്ട നിയമങ്ങളിലും അല്ലാഹുവിന് മാത്രമേ വിധികൽപിക്കാൻ അധികാരമുള്ളൂ എന്ന് ലേഖകനും സമ്മതിക്കുന്നു. പക്ഷെ അത് മതനിയമങ്ങളിൽ മാത്രം അഥവാ ശരീഅത്ത് നിയമങ്ങൾ തീരുമാനിക്കാനുള്ള അധികാരമാണ് അല്ലാഹുവിനുള്ളത് എന്നാണ ലേഖകൻ വായനക്കാരെ ഉണർത്താൻ ആഗ്രഹിക്കുന്നത് എന്ന് വ്യക്തം. നിയമസഭയിലെയോ പാർലമെന്റിലെയോ നിയമനിർമാണം അത് മനുഷ്യർക്ക് സ്വതന്ത്രമായി തീരുമാനിക്കാവുന്നതാണ്. അവയൊന്നും ശരീഅത്ത് നിയമത്തിലോ മതനിയമത്തിലോ വരില്ല എന്നും ശബാബ് ലേഖകൻ സ്ഥാപിച്ചെടുക്കാൻ പാടുപെടുന്നു. എന്നാൽ മറ്റൊരു കാര്യം കൂടിയുണ്ടെന്നു ഉണർത്തി, ആളുകൾക്കിടയിൽ പ്രശ്നങ്ങളുണ്ടായാൽ തീർപ്പുകൽപിക്കേണ്ടത് അല്ലാഹുവിൻ്റെ നിയമനുസരിച്ചാണ് എന്ന് ലേഖകൻ പറയുന്നു. സുക്തം (5:42) സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

എങ്കിലും വിധികർത്താവിന്റെ(ഖാദി) വിധി(ഹുക്മ്) അല്ലാഹുവിന്റെതല്ലത്രെ തെളിവായി ഒരു നബിവചനവും നൽകിയിരിക്കുന്നു. കളവായ വാദം തന്റെ മുന്നിൽ അവതരിപ്പിക്കരുതെന്ന പ്രവാചകന്റെ കൽപനയെ പിടിച്ചാണ് ഈ വിചിത്രവാദം ലേഖകൻ തട്ടിവിടുന്നത്. ലേഖകൻ നടത്തുന്ന അസംബന്ധ ജൽപനം കാണുക. വിധിക്കൽ തീർപ്പുകൽപിക്കൽ തീരുമാനാധികാരം വിധികർതൃത്വം എന്നെല്ലാം അർഥം വരുന്ന ഹുക്മിൻ്റെ മേൽപറഞ്ഞ വ്യത്യാസത്തെ വ്യവച്ഛേധിച്ചറിയാതെ വിധികർതൃത്വം അല്ലാഹുവിന് മാത്രമായതിനാൽ ഭൌതികനിയമനിർമാണം പാടില്ല എന്ന് സിദ്ധാന്തിച്ച മതരാഷ്ട്രവാദക്കാർ തങ്ങളുടെ ആദർശം കെട്ടിപ്പടുത്തത് തന്നെ ഈ മിഥ്യയിലാണ്.


സത്യത്തിൽ ആരാണ് മിഥ്യയിൽ പെട്ടത്. ഇക്കൂട്ടർ മതവിധി എന്ന് പറയുന്നതിൽ എന്തൊക്കെ പെടും നമസ്കാരത്തിന്റെയും മറ്റ് ആരാധനാ നിയമങ്ങളും മാത്രമാണോ അതല്ല മനുഷ്യനുമായി ബന്ധപ്പെട്ട അവന്റെ ഭൌതിക ഇടപാടുകളും ഭക്ഷണവും വസ്ത്രവുമൊക്കെ പെടുമോ. ഇക്കാലത്ത് മതസർക്കാരായാലും ഇസ്ലാമിക ഭരണകൂടമായാലും മതേതരസർക്കാരായാലും നിയമനിർമാണത്തിന് അവലംബിക്കുന്നത് നിയമസഭകളും രാജ്യസഭകളും പാർലമെന്റു സഭകളും ഒക്കെ തന്നെയല്ലേ. ഇങ്ങേ അറ്റത്തേക്ക് വന്നാൽ പഞ്ചായത്ത് സഭകളടക്കം. ഇവയിലൊക്കെ തോന്നിയ പോലെ നിയമമുണ്ടാക്കാൻ ഇസ്ലാമിക ദൃഷ്ട്യാ മനുഷ്യന് അധികാരമുണ്ടോ എന്ന ചോദ്യത്തിന് മുജാഹിദുകൾ മറുപടി പറയണം. ഇല്ല എന്നേ ഒരു മുസ്ലിമിന് പറയാൻ കഴിയൂ. ഇത്തരം നിയമനിർമാണത്തിൽ പങ്കാളികളാകേണ്ടിവരുമ്പോൾ കർക്കശമായി ഇസ്ലാമിക പ്രമാണങ്ങൾ പാലിക്കണം. അഥവാ നിയമങ്ങൾ ആരു നിർമിച്ചാലും നിർബന്ധിത പരിസ്ഥിതിയല്ലാതെ അതംഗീകരിക്കാൻ മുസ്ലിമിന് പാടില്ല. ഇതാണ് ഇസ്ലാം. അല്ല എന്ന് ഏതെങ്കിലും മുജാഹിദ് കാരന് പറയാമോ.

ലേഖകൻ ഈ ലേഖനത്തിന്റെ തുടക്കത്തിൽ ആരോപിക്കുന്നത് പോലെ നിയമനിർമാണാധികാരം അല്ലാഹുവിന് മാത്രമായതിനാൽ അല്ലാവിന്റെ നിയമങ്ങളല്ലാത്തെ ഏതെങ്കിലും നിയമം അനുസരിക്കുന്നത് ബഹുദൈവാരാധന (ശിർക്ക്) ആണ് എന്ന് ജമാഅത്തെ ഇസ്ലാമി പറഞ്ഞിട്ടില്ല. മറിച്ച് മുജാഹിദും ജമാഅത്തുമൊക്കെ ഓരേ പോലെ പറയുന്നത് അത്തരം നിയമങ്ങൾ ഖുർആനും സുന്നത്തിനും ഏതിരാകാത്ത കാലത്തോളം അവയെ സർവാത്മനാ അംഗീകരിക്കും. അതാര് നിർമിച്ചുവെന്നത് പ്രശ്നമല്ല. ആ നിലക്ക് തന്നെയാണ് ജമാഅത്തെ ഇസ്ലാമി ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നതും ഇവിടുത്തെ നിയമമനുസരിച്ച് ജീവിക്കുന്നതും. ജമാഅത്ത് ഇതിനൊക്കെ എതിര് നിൽക്കുന്ന അഞ്ചാപത്തിക്കാരാണ് എന്ന് ഇക്കാലമത്രയും തെറ്റിദ്ധരിപ്പിച്ച് നടന്ന മുജാഹിദുകൾ ഇപ്പോഴും ഈ കള്ളം പ്രചരിപ്പിക്കുന്നതിൽ ഒട്ടും ഇസ്ലാമികതയില്ല. ഏതെങ്കിലും ഏഴാംകൂലി എഴുത്തുകാരെകൊണ്ട് ഇത്തരം നുണ പ്രചാരണങ്ങൾ ആവർത്തിക്കുമ്പോൾ ഇവരുടെ കൂട്ടത്തിൽ സത്യത്തോട് പ്രതിബദ്ധതയുള്ള ഒരുത്തനുമില്ലേ എന്ന് ചോദിക്കേണ്ടിവരുന്നു.

ഈ വിഷയത്തിൽ മുജാഹിദുകാർ കാണിക്കുന്ന വിവരക്കേടും അട്ടിമറിയും അൽപം ശ്രദ്ധയോടെ അവരുടെ ലേഖനം തന്നെ വായിച്ചാൽ മനസ്സിലാകും. നിയമങ്ങളെ മതനിയമെന്നും ഭൌതിക നിയമമെന്നും രണ്ടായി തിരിച്ചു. അതോടൊപ്പം ഏതൊക്കെയാണ് മതനിയമം ഏതൊക്കെയാണ് ഭൌതികനിയമം എന്ന് വ്യക്തമാക്കുകയുമില്ല. ഏന്നിട്ട് മതനിയമം നിർമിക്കാനുള്ള പരമാധികാരം അല്ലാഹുവിന്. മറിച്ച് ഭൌതിക രാഷ്ട്രീയ നിയമങ്ങളൊക്കെ നിർമിക്കാനുള്ള അധികാരം മനുഷ്യന് എന്ന് വാദിച്ചു. സത്യത്തിൽ ഇങ്ങനെ ഒരു വിഭജനം ഇസ്ലാമിനില്ല. ദീനീകാര്യം ദുൻയാകാര്യം എന്നിങ്ങനെയായിരുന്നു നേരത്തെ ഈ വിഭജനം. ഇയ്യിലെ ചില തലമുതിർന്ന മുജാഹിദ് പണ്ഡിതൻമാർ ഇത് വിശദീകരിച്ചത് മനുഷ്യൻറെ പരലോകവുമായി ബന്ധപ്പെട്ടത് ദീൻ കാര്യം ദുൻയാവുമായി മാത്രം ബന്ധപ്പെട്ടത് ദുൻയാകാര്യം. ഇതും അബദ്ധമുക്തമല്ല. വഴിയിൽനിന്ന് ഉപദ്രവത്തെ നീക്കുന്നത് വിശ്വാസവുമായി പോലും ബന്ധിപ്പിക്കുന്ന ഇസ്ലാമിൽനിന്നുകൊണ്ട്, ട്രാഫിക്ക് നിയമങ്ങളെയൊക്കെ ഭൌതികകാര്യമായി അവതരിപ്പിക്കാൻ എന്തുകൊണ്ടിവർ പ്രയാസപ്പെടുന്നില്ല എന്നാണ് അത്ഭുതപ്പെടുന്നത്.

ചുരുക്കത്തിൽ ജമാഅത്തെ ഇസ്ലാമി ( ലേഖകൻ തന്റെ ലേഖനത്തിലൊരിടത്തും ജമാഅത്തെ ഇസ്ലാമി എന്ന് പരാമർശിക്കുന്നില്ല എന്നതുകൊണ്ടുമാത്രം ഇതിലെ കളവ് ലഘൂകരിക്കപ്പെടും എന്ന് മനസ്സിലാക്കരുത്) പറയുന്നത് ഞാൻ മനസ്സിലാക്കിയിടത്തോളം ഇതാണ്. ഇന്ത്യയിൽ ജീവീക്കുമ്പോൾ മനുഷ്യന്റെ ക്ഷേമവും സുരക്ഷയും മുൻനിർത്തി ഉണ്ടാക്കുന്ന നിയമങ്ങൾ പാലിക്കാൻ ഏതൊരു പൌരനെയും പോലെ ജമാഅത്ത് പ്രവർത്തകനും പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിനാണ് മനുഷ്യന് നിയമം നൽകാൻ അവകാശമുള്ളത് എന്ന് വിശ്വസിക്കൽ സൃഷ്ടിച്ച ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നതുപോലെ തൌഹീദിൻറെ ഭാഗമാണ്. ഇത് മനസ്സിലാകാതെ പോകുന്നത് മുജാഹിദുകളുടെ മാത്രം പ്രശ്നമാണ്. അല്ലാതെ ഇസ്ലാമിൻ്റെ പ്രശ്നമല്ല.

പാർലമെന്റിലെ നിയമനിർമാണം ഹുകുമിൽ പങ്കുചേർക്കലല്ല എന്ന ലളിത സത്യം മതരാഷ്ട്രവാദികളും തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് ലേഖകൻ പറയുമ്പോൾ ഈ കൌമ് കാര്യം തിരിച്ചറിയുന്ന ലക്ഷണമില്ല എന്നേ പറയാനുള്ളൂ.

  

 
Design by CKLatheef | Bloggerized by CKLatheef | CK