'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, മാർച്ച് 13, 2012

ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാട് ?

ശബാബ് വാരിക 28 ജൂലായ് 2000, എഡിറ്റോറിയലില്‍ ഇസ്‌ലാഹി പ്രസ്ഥാനവും രാഷ്ട്രീയ പ്രശ്‌നങ്ങളും എന്ന വിഷയം കൈകാര്യം ചെയ്യുന്നു. അത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയ സംശയങ്ങളും വിയോജിപ്പുകളും ഇവിടെ കുറിച്ച് വെക്കുന്നു. ചോദ്യോത്തര രൂപത്തില്‍ നല്‍കിയ ഈ എഡിറ്റോറിയലിനപ്പുറം ഒരു രാഷ്ട്രീയം മുജാഹിദ് സംഘടക്കില്ല എന്ന് നമ്മുക്കുറപ്പിക്കാം. എങ്കില്‍ ഇത് പൂര്‍ണമായ ഒരു ഇസ്ലാമിന്റെ രാഷ്ട്രീയ സമീപനമാണോ നമ്മുക്ക് പരിശോധിക്കാം. എഡിറ്റോറിയലിലേക്ക്...
ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടെന്താണ്‌? ഇസ്‌ലാമില്‍ രാഷ്ട്രീയ നിയമങ്ങളില്ലെന്നാണോ? ശരീഅത്ത്‌ നടപ്പാക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരല്ലെന്നാണോ? മുസ്‌ലിം രാഷ്ട്രങ്ങളില്‍ പാശ്ചാത്യ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ തെറ്റില്ലെന്നാണോ? അനിസ്‌ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ ലയിച്ചു ചേരണമെന്നാണോ? ആധുനിക ഇസ്‌ലാമിക പ്രസ്ഥാനമെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന വിഭാഗത്തോട്‌ ഇസ്‌ലാഹി പ്രസ്ഥാനം വിയോജിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

ഇത്തരം ഒട്ടേറെ ചോദ്യങ്ങള്‍ ഇസ്‌ലാഹി പ്രവര്‍ത്തകരുടെ നേരെ പലപ്പോഴും ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നിരന്തരമായ തെറ്റിദ്ധരിപ്പിക്കല്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ എത്രമാത്രം വിശദീകരിച്ചാലും ആശയക്കുഴപ്പങ്ങള്‍ അവശേഷിക്കുന്നു. ആയതിനാല്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ക്ക്‌ ഈ വിഷയകമായി ഭാരിച്ച ഉത്തരവാദിത്തമുണ്ട്‌. നിരന്തരമായ ആശയവിശദീകരണവും തെറ്റിദ്ധാരണ നീക്കലും അനുപേക്ഷ്യമാകുന്നു. ആദ്യം ഇസ്‌ലാഹി ആദര്‍ശത്തിന്റെ മൌലികതയും വ്യതിരിക്തതയും പ്രവര്‍ത്തകര്‍ സൂക്ഷമായി ഗ്രഹിക്കണം. തുടര്‍ന്ന്‌ ജിജ്ഞാസുക്കള്‍ക്കും സംശയാലുക്കള്‍ക്കും അത്‌ ഫലപ്രദമായി വിശദീകരിച്ചു കൊടുക്കണം.

പ്രതികരണം , എളുപ്പം ഉത്തരം പറയാന്‍ പാകത്തില്‍ ചില ചോദ്യങ്ങളാണ് ഇതില്‍ കാണുന്നത്. മുജാഹിദുകളോട് ഇസ്ലാമിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുയര്‍ത്തുന്നത് ജമാഅത്തു പ്രവര്‍ത്തകരാകാനാണ് സാധ്യത. ഇസ്ലാഹി പ്രവര്‍ത്തകരുടെ നേരെ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന പ്രയോഗം തന്നെ  ചോദ്യങ്ങള്‍ പുറത്ത് നിന്നാണെന്ന്
സൂചിപ്പിക്കുന്നു. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഇത്തരം വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ ശ്രദ്ധിക്കുന്നുവെന്ന നിലക്കും അവരുടെ പുറമെ കാണുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നിത്യേനകാണുന്നവനെന്ന നിലക്കും ഈ ചോദ്യങ്ങളുടെ ഉത്തരമല്ല എനിക്ക് ലഭിക്കേണ്ടത് അത് അവസാനം പറയാം ആദ്യമായി ഇവിടെനല്‍കിയ ഉത്തരങ്ങളെ പരിശോധിക്കാം.
ഏത്‌ വിഷയത്തിലാണെങ്കിലും ഏതെങ്കിലുമൊരു പണ്ഡിതന്റെയോ നേതൃസഭയുടേയോ വീക്ഷണങ്ങളിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുകയല്ല ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാട്‌. ``അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീര്‍പ്പ്‌ കല്‌പിച്ചു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ , സ്‌ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലഹുവെയും അവന്റെ ദൂതനേയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(33:36) എന്ന ഖുര്‍ആന്‍ വാക്യത്തില്‍ വ്യക്തമാക്കിയിട്ടുള്ളതുപോലെ ഏതു കാര്യത്തിലും അല്ലാഹുവിന്റേയും റസൂലി(സ) ന്റേയും തീര്‍പ്പ്‌ യാതൊരു ഭേദഗതിയും കൂടാതെ അംഗീകരിക്കുക എന്നതാണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാട്‌. ഇത്‌ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ എല്ലാ കാര്യങ്ങള്‍ക്കും ബാധകമാവുന്നു. ഭരണാധികാരികളുടേയും ഭരണീയരുടേയും ബാധ്യതകള്‍ സംബന്ധിച്ച്‌ അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളും കലവറയില്ലാതെ അംഗീകരിക്കണം. `അല്ലാഹുവോ റസൂലോ വിധിച്ചതെന്തായാലും എന്റെ നേതാവോ കക്ഷിയോ തീരുമാനിക്കുന്നതാണ്‌ എനിക്ക്‌ നിര്‍ണായകം എന്നാണ്‌ ഒരാളുടെ നിലപാടെങ്കില്‍ അയാള്‍ക്ക്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല. അത്തരക്കാരെ എതിര്‍ക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാകുന്നു.

ഞാന്‍ മനസ്സിലാക്കിയിടത്തോളം ജമാഅത്തെ ഇസ്ലാമിയുടെ മൊത്തത്തിലുള്ള നിലപാടും ഇതുതന്നയാണ്. ഒരു പണ്ഡിതന്റെയോ നേതൃസഭയുടെ വീക്ഷണങ്ങളിലേക്കല്ല ജമാഅത്തും ആളുകളെ ക്ഷണിക്കുന്നത്. മറിച്ച് ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും ബോധ്യമായ വസ്തുതകളിലേക്കാണ്. അവിടെ തീരുമാനം അല്ലാഹുവിനും അവന്റെ ദൂതനും വിട്ടുകൊടുത്തിരിക്കുന്നു. പൂര്‍ണമായും. എന്നാല്‍ ഇവിധം വാദം ഉന്നയിക്കാന്‍ മുജാഹിദ് പ്രസ്ഥാനത്തിന് അര്‍ഹതയുണ്ടോ എന്ന് ന്യായമായ കാരണങ്ങളാല്‍ സംശയിക്കുകയും ചെയ്യുന്നു.

ഇസ്ലാമിന്റെ ശാഖോപശാഖകളായ ഏത് കാര്യവും അതിന്റെ അടിസ്ഥാന ആദര്‍ശവുമായി നേര്‍ക്ക് നേരെ ബന്ധപ്പെട്ടതാണ്. ഒരു വൃക്ഷത്തിലെ ശിഖരങ്ങളെ പോലെ അത് അതിന്റെ മുരടും വേരുമായും ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധം വേര്‍പ്പെട്ടാല്‍ പ്രസ്തുത ശിഖരം ഉണങ്ങി നശിച്ച് പോകും. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും ആരാധനപരവുമായ മുഴുവന്‍ കാര്യങ്ങളും അപ്രകാരം തന്നെ. എന്നാല്‍ ഇവിടെ കാണുന്നത് പോലെ മുജാഹിദ് പ്രസ്ഥാനം രാഷ്ട്രീയ കാര്യങ്ങളില്‍ പെട്ടെന്ന് ചില ഭാഗം വിട്ടുപോകുന്നു. ഉദാഹരണം ഇവിടെ തന്നെ നോക്കുക.
'ഭരണാധികാരികളുടേയും ഭരണീയരുടേയും ബാധ്യതകള്‍ സംബന്ധിച്ച്‌ അല്ലാഹുവും റസൂലും(സ) പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളും കലവറയില്ലാതെ അംഗീകരിക്കണം.' ഇത് ഒരു ചാട്ടമാണ്. അതിന് മുമ്പ് ചില കാര്യങ്ങല്‍ വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. ഭരണാധികാരികളുടെയും ഭരണീയരുടെയും ബാധ്യതകളില്‍നിന്നല്ല ഈ ചര്‍ച തുടങ്ങേണ്ടത്. ഈ വിഷയത്തിലല്ല ജമാഅത്ത് മുജാഹിദ് തര്‍ക്കം. രാഷ്ട്രീയം എന്ന വിഷയം എങ്ങനെ നമ്മുടെ ആദര്‍ശവുമായി ബന്ധപ്പെടുന്നുവെന്നതാണ്. അതുമായി ബന്ധപ്പെട്ട ഒട്ടനേകം സൂക്തങ്ങളുമായി ഇവയെ ബന്ധിപ്പിച്ച് ഒരു നിയതമായ തത്വത്തിന്റെ അടിസ്ഥാനത്തില്‍ രൂപ്പെടുന്ന രാഷ്ട്രീയത്തില്‍ മുജാഹിദുകള്‍ക്ക് താല്‍പര്യം കാണുന്നില്ല. മറിച്ച് ഭരണാധികാരിയുടെയും ഭരണീയരുടെയും ബാധ്യതകള്‍ പറഞ്ഞ് രക്ഷപ്പെടുകയാണ്.

അതിന് പുറമെ ഖണ്ഡികയുടെ തുടക്കത്തില്‍ പറഞ്ഞ ഒരു കാര്യം വീണ്ടും ആവര്‍ത്തിച്ച് തെറ്റിദ്ധാരണ പടര്‍ത്താനും ശ്രമിക്കുന്നു. ജമാഅത്തെ ഇസ്ലാമി അതിന്റെ രാഷ്ട്രീയ തീരുമാനം ഇസ്ലാമിന്റെ അടിത്തറകളില്‍നിന്ന് കൊണ്ട് എടുക്കാറുണ്ട്. അത് ജമാഅത്ത് പണ്ഡിതരടങ്ങുന്ന കൂടിയാലോചന സമിതിയില്‍ ചര്‍ച ചെയ്താണ് കൈകൊള്ളുന്നത്. അങ്ങനെ പ്രഖ്യാപിക്കുന്ന തീരുമാനം നടപ്പാക്കാന്‍ അണികള്‍ ബാധ്യസ്ഥരാണ്. ഇത്തരം നടപടിക്രമങ്ങള്‍ മുജാഹിദ് പ്രസ്ഥാനം എടുക്കാറില്ല. അതിനാല്‍ ജമാഅത്ത് എടുക്കുന്ന ശൈലിയിലേക്ക് വ്യഗ്യമായി സൂചന നല്‍കി വളരെ തെറ്റായ ഒരു ആശയം അരക്കിട്ട് ഉറപ്പിക്കാന്‍ വേണ്ടിയാണ് ശബാബ് വീണ്ടും അപ്രകാരം പറയുന്നതെന്ന് ഞാന്‍ സംശയിക്കുന്നു. സാധാരണയായി മുജാഹിദ് പ്രവര്‍ത്തകര്‍ നിലവിലുള്ള ഇസ്ലാമികമല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ അവരുടെ തൃപ്തിക്കനുസരിച്ച് മറ്റേത് മതവിഭാഗത്തേയും പോലെ പ്രവര്‍ത്തിച്ച് വരികയാണ്. അത്തരം ഒരാള്‍ക്ക് ഈ പറഞ്ഞ നിബന്ധന പാലിക്കാന്‍ കഴിയുമോ '`അല്ലാഹുവോ റസൂലോ വിധിച്ചതെന്തായാലും എന്റെ നേതാവോ കക്ഷിയോ തീരുമാനിക്കുന്നതാണ്‌ എനിക്ക്‌ നിര്‍ണായകം എന്നാണ്‌ ഒരാളുടെ നിലപാടെങ്കില്‍ അയാള്‍ക്ക്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല. അത്തരക്കാരെ എതിര്‍ക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാകുന്നു.'

ഇത് സ്വന്തം മതസംഘടനയിലെ രാഷ്ട്രീയപാര്‍ട്ടിക്കാരെ സംബന്ധിച്ചാണ് പറയുന്നതെങ്കില്‍ മുഴുവന്‍ മുജാഹിദ് പ്രവര്‍ത്തകരെയും സംഘടനയില്‍നിന്ന് പുറത്താക്കേണ്ടിവരും. എന്താണ് രാഷ്ട്രീയ വിഷയത്തില്‍ അല്ലാഹുവും അവന്‍റെ റസൂലും വിധിച്ചിട്ടുള്ളത് എന്നത് പ്രസക്തമായ ചോദ്യമാണ്. ആ ചോദ്യം ഉയര്‍ത്തിയാല്‍ അതിന് സത്യസന്ധമായ മറുപടി പറയാന്‍ മുജാഹിദ് നേതൃത്വത്തിന് കഴിയുമോ?. ഈ വിഷയത്തില്‍ അല്ലാഹുവും റസൂലും എന്താണ് വിധിച്ചിട്ടുള്ളത് എന്ന് വളരെ വ്യക്തമായി ജമാഅത്തെ ഇസ്ലാമി അണികളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ അതൊക്കെ മൌദൂദിയുടെ കണ്ടുപിടുത്തം എന്ന നിലക്ക് തള്ളിക്കളയുകയാണ് മുജാഹിദുകള്‍ ഇതുവരെ ചെയ്തു വരുന്നത്. അവരാകട്ടെ അത് പറയുന്നുമില്ല. ഈ ലേഖനത്തിലും ജമാഅത്ത് ചൂണ്ടിക്കാണിക്കുന്ന ഇസ്ലാമിന്റെ അത്തരം അധ്യാപനങ്ങളെ വളച്ചൊടിച്ച് വിമര്‍ശിക്കുന്നതിനപ്പുറം കടക്കുന്നില്ല എന്നത് ദുഖകരമാണ്.
സമൂഹങ്ങള്‍ പല പ്രവണതകളുടെയും പിടിയില്‍ അകപ്പെട്ടെന്നുവരും. അങ്ങനെ സംഭവിക്കുന്നത്‌ കാലപ്പഴക്കം കൊണ്ട്‌ വന്നുപെടുന്ന ജീര്‍ണതകള്‍ കൊണ്ടാകാം. അനിസ്‌ലാമിക സംസ്‌കാരങ്ങളൂടെയും പ്രത്യയശാസ്‌ത്രങ്ങളുടെയും സിദ്ധാന്തങ്ങളുടെയും സ്വാധീനം കൊണ്ടാകാം. എന്തായാലും ഒരു സാമൂഹിക പ്രവണത ഇസ്‌ലാമിക വിധിക്ക്‌ വിരുദ്ധമാണെന്ന്‌ ബോധ്യപ്പെട്ടാല്‍ ഉടനെ വര്‍ജിക്കാന്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ സന്നദ്ധരാകണം. `അല്ലാഹുവോ റസൂലോ പറഞ്ഞതെന്തായാലും സാമൂഹിക സമ്പ്രദായങ്ങലെ കൈവിടാന്‍ എനിക്ക്‌ പറ്റില്ല എന്നാണ്‌ ഒരാളുടെ നിലപാടെങ്കില്‍ അത്‌ തികച്ചും അനിസ്‌ലാമികമാകുന്നു. അല്ലാഹുവും റസൂലും(സ) പഠിപ്പിച്ചതിനും വിരുദ്ധമായ സാമ്പത്തിക സമീപനങ്ങളും ധനസമ്പാദന മാര്‍ഗ്ഗങ്ങളും സമൂഹത്തില്‍ വ്യാപകമായാലും അതില്‍ പങ്കുചേരുകയോ അതിനെ ന്യായീകരിക്കുകയോ ചെയ്യുന്ന നിലപാട്‌ ഒരു ഇസ്‌ലാഹി പ്രവര്‍ത്തകന്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ല.

ശ്രദ്ധിച്ച് വായിക്കുക. ഒന്നും പറയാനില്ലാത്തതുകൊണ്ട് പറഞ്ഞതു തന്നെ ആവര്‍ത്തിക്കുകയാണ്. മറിച്ച് എന്താണ് ഈ വിഷയത്തില്‍ അല്ലാഹുവും റസൂലും പറഞ്ഞത് എന്ന് പറഞ്ഞുകൊടുക്കാതെ അത് ചെയ്യാത്തവര്‍ അനിസ്ലാമിക പ്രവര്‍ത്തനമാണ് നടത്തുന്നത് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം.
രാഷ്ട്രീയ സ്വയം നിര്‍ണയാവകാശമൂള്ള ഏതൊരു മുസ്‌ലിം സമൂഹവും ഭരണരംഗത്ത്‌ ഇസ്‌ലാമിന്റെ സിവില്‍ , ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥമാണ്‌. ഇസ്‌ലാമിക നിയമം നടപ്പാക്കാന്‍ അധികാരം ലഭിച്ചിട്ടും ഒരു മുസ്‌ലിം ഭരണാധികാരി അതില്‍ നിന്നും വ്യത്യസ്‌തമായ ഭരണമാണ്‌ നടപ്പാക്കുന്നതെങ്കില്‍ അയാള്‍ കുറ്റക്കാരനാണ്‌. അയാളൂടെ മനോഭാവമനുസരിച്ച്‌ ആ കുറ്റം പാപത്തിന്റേയോ മതനിഷേധത്തിന്റേയോ പരിധിയില്‍ വരും. ഭരണരംഗത്ത്‌ ഏത്‌ നിയമം നടപ്പാക്കിയാലും കുഴപ്പമില്ല എന്ന നിലപാട്‌ യാതൊരു മുസ്‌ലിമിനും സ്വീകരിക്കാന്‍ പാടില്ല. ഇസ്‌ലാമിനെയോ മുസ്‌ലിംകളെയോ എതിര്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതും ഒരു മുസ്‌ലിമിന്‌ അനുവദനീയമല്ല. ബന്ധങ്ങളുടേയും ബന്ധവിച്ഛേദത്തിന്റേയും കാര്യത്തില്‍ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അദ്ധ്യാപനങ്ങള്‍ മുറുകെ പിടിക്കാന്‍ മുസ്‌ലിംകളെല്ലാം ഒരുപോലെ ബാധ്യസ്ഥരാകുന്നു.

വീണ്ടും വിഷയം ചാടിക്കടക്കുകയാണ് നമ്മുടെ മുന്നിലുള്ള പ്രശ്നം മുസ്ലിം രാഷ്ട്രത്തിന്റെ ഭരണാധികാരി ഇസ്ലാമിക നിയമങ്ങള്‍ നടപ്പിലാക്കണോ എന്നതിനേക്കാള്‍ ഒരു മുസ്ലിമിന് പിന്തുടരേണ്ടുന്ന വല്ല രാഷ്ട്രീയഅധ്യാപനങ്ങളും ഇസ്ലാമിലുണ്ടോ എന്നതാണ്. അതുകൊണ്ട് ശബാബിന്റെ ഈ ഖണ്ഡിക തര്‍ക്ക വിഷയത്തില്‍ അനാവശ്യമാകുന്നു.
ഇങ്ങനെയൊക്കെയാണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാടെങ്കില്‍ പിന്നെ ഏത്‌ വിഷയത്തിലാണ്‌ സയ്യിദ്‌ മൌദൂദിയുടേയും സയ്യിദ്‌ ഖുതുബിന്റേയും ചിന്തകളെ പിന്തുടരുന്ന പ്രസ്ഥാനങ്ങളോട്‌ വിയോജിപ്പുള്ളത്‌? പലര്‍ക്കും ആശയക്കുഴപ്പമുള്ള വിഷയമാണിത്‌. ഇസ്‌ലാമികേതര ഭരണകൂടങ്ങളുടെ നിയമങ്ങള്‍ അനുസരിക്കുന്നത്‌ ആ ഭരണകൂടങ്ങള്‍ക്കുള്ള ഇബാദത്താണ്‌ അഥവാ ഏകദൈവവിശ്വാസത്തിന്‌ നേര്‍വിപരീതമാണ്‌ എന്ന മൌദൂദിയന്‍ –ഖുത്‌ബിയന്‍ വീക്ഷണത്തോടാണ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്‌ വിയോജിപ്പുള്ളത്‌. `ലാ ഇലാഹ ഇല്ലല്ലാഹു എന്ന സത്യസാക്ഷ്യത്തിന്റെ താല്‌പര്യം അല്ലാഹുവല്ലാതെ യാതൊരു ഭരണാധികാരിയും ഇല്ല എന്നാണെന്ന മൌദൂദിയന്‍ വീക്ഷണത്തോടും ഇസ്‌ലാഹി പ്രസ്ഥാനത്തിന്‌ വിയോജിപ്പുണ്ട്‌. പ്രവാചകന്മാരെയൊക്കെ അല്ലാഹു നിയോഗിച്ചതിന്റെ ലക്ഷ്യം ഇസ്‌ലാമികേതര ഭരണകൂടങ്ങളെ നിഷ്‌കാസനം ചെയ്‌ത്‌ ദൈവിക ഭരണം സ്ഥാപിക്കുകയായിരുന്നുവെന്ന വീക്ഷണത്തോടും വിയോജിപ്പുണ്ട്‌. രാജവാഴ്‌ച ഏകദൈവത്വത്തിന്‌ വിപരീതമാണെന്ന വീക്ഷണത്തോടും വിയോജിപ്പുണ്ട്‌.
ചോദ്യത്തില്‍നിന്ന് സയ്യിദ് മൌദൂദിയുടെയും സയ്യിദ് ഖുതുബിന്റെയും ഈ വിഷയത്തിലുള്ള വിശദീകരണം മനസ്സിലായിട്ടില്ല എന്ന് വ്യക്തമാകുന്നു. അദ്ദേഹം തന്നെ ഉത്തരം പറയുന്നതില്‍നിന്ന് അത് കൂടുതല്‍ വ്യക്തമാകുകയും ചെയ്യുന്നു. സത്യത്തില്‍ മുജാഹിദ് പ്രസ്ഥാനം പറയുന്നത് തര്‍ക്കമില്ലാത്ത ചില കാര്യങ്ങള്‍ എന്നാല്‍ അതിന് മുമ്പ് പറയേണ്ട പല കാര്യങ്ങളും അവര്‍ പറഞ്ഞില്ല. അത് പറഞ്ഞതിന്റെ പേരില്‍ മൌദൂദിയോട് അവര്‍ വിയോജിക്കുകയും ചെയ്തു. എന്നാല്‍ വിയോജിച്ച കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം അപ്പോള്‍ പോലും അവര്‍ പ്രകടിപ്പിക്കുകയും ചെയ്തില്ല. ഇനി തങ്ങളുടെ അപക്വവും അപൂര്‍ണവുമായ നിലപാടിന് തെളിവ് തേടുന്ന പണിയാണ് ബാക്കിയുള്ളത് അതുകൂടി കഴിഞ്ഞാല്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടായി എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍ . ഇതൊക്കെ പൊതുയോഗത്തില്‍ പ്രസംഗിച്ച് പോകാം എന്നതല്ലാതെ നെറ്റിലെ നേരിട്ടുള്ള ചര്‍ചയില്‍ ഒരു സ്ഥാനവും ഇല്ല.

(തുടരും)

ശനിയാഴ്‌ച, മാർച്ച് 10, 2012

മുജാഹിദുകള്‍ ചെയ്യുന്ന അനുസരണ ശിര്‍ക്ക് ഏതാണ് ?

അബ്ദുല്‍ ഹമീദ് മദനി
Anees Aluva M A അനുസരണ്ശിര്‍ക്ക് എന്ന വിഷയത്തില്‍ മുജാഹിദുകളുമായി ജമാ‍അത്തിന്‌ എന്താണ്‌ അഭിപ്രായ വ്യത്യാസം? ഒന്നു കൂടി വ്യക്തമാക്കി ചോദിച്ചാല്‍ അനുസരണശിര്‍ക്ക് എന്ന് ജമാഅത്ത് വിശദീകരിക്കുന്ന എന്തെങ്കിലും ശിര്‍ക്കാകുന്ന കാര്യങ്ങള്‍ മുജാഹിദുകള്‍ ചെയ്യുന്നുണ്ടോ?? ഉണ്ടെങ്കില്‍ അത് ഏതൊക്കെ? അല്ല നിരീശ്വരവാദി ചെയ്യുന്നതും, എന്നാല്‍ മുജാഹിദുകളൂടെ ചിലവിലാക്കി ജമാഅത്ത് വിശദീകരിക്കുന്നതുമായ ഒരു കാര്യമാണോ അനുസരണശിര്‍ക്ക്?

ഞങ്ങളില്‍ നിലനില്‍ക്കുന്ന കാര്യമാണ്‌ അനുസരണ്ശിര്‍ക്ക് എങ്കില്‍ അതേ പറ്റി പഠിക്കാന്‍ തയ്യാറാണ്‌. . പക്ഷേ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ , താങ്കള്‍ , മുഹമ്മദ് സാഹിബിനെ പോലെ നേരെ നിരീശ്വരവാദിയെ മുന്‍-നിര്‍ത്തി മുജാഹിദ് സംവാദം നടത്തരുത്.

അനുസരണശിര്‍ക്ക് എന്ന് ജമാഅത്ത് വിശദീകരിക്കുന്ന എന്തെങ്കിലും ശിര്‍ക്കാകുന്ന കാര്യങ്ങള്‍ മുജാഹിദുകള്‍ ചെയ്യുന്നുണ്ടോ?? ഉണ്ടെങ്കില്‍ അത് ഏതൊക്കെ? മുജാഹിദുകള്‍ "മുശ്-രിക്ക്" ആണെന്ന് പറയണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നു എന്ന് തെറ്റിദ്ധരിക്കരുത്. ജാറത്തില്‍ പോയി ഖബറാളിയോട് പ്രാര്‍ത്ഥിക്കല്‍ ശിര്‍ക്ക് എന്ന് പറയാറില്ലേ, ചെയ്യുന്നവരെ മുശ്-രിക്ക് എന്ന് പറയാതെ തന്നെ. അങ്ങിനെ പറഞ്ഞ് തന്നാല്‍ മതി. ദയവായി വിശദീകരിക്കുക.

മുജാഹിദുകള്‍ ചെയ്യാത്തത് ആണെങ്കില്‍ പിന്നെ അത് ചര്‍ച്ച ചെയ്യാന്‍ തല്‍ക്കലം ഞാന്‍ ഇല്ല.

താങ്കള്‍ വിശദീകരിക്കുക.
----------------------------

ഇബാദത്തുമായി ബന്ധപ്പെട്ട
വളരെ സുദീര്‍ഘമായ ചര്‍ചയില്‍ ഒരു മുജാഹിദ് സുഹൃത്ത് മറ്റൊരു ജമാഅത്ത് സുഹൃത്തിനോട് ചോദിച്ച ചോദ്യമാണ് മുകളിലേത്.

ഈ വിഷയത്തില്‍ ചെറിയ ഒരു വിശദീകരണം ആവശ്യമാണ്. അതിന് ശേഷം മുകളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഏത് മുജാഹിദ് കാരനും സാധിക്കും. ചോദ്യങ്ങള്‍ എത്ര ആത്മാര്‍ഥമാണ് എന്ന് തോന്നിച്ചാലും ഞങ്ങളങ്ങനെ ശിര്‍ക്കായിത്തീരുന്ന ഒന്നും ചെയ്യുന്നില്ല എന്ന് അറിയിക്കുകയാണ് യഥാര്‍ഥ ഉദ്ദേശ്യം എന്ന് വ്യക്തമാണ്. അന്വേഷണത്തെക്കാള്‍ നിഷേധമാണ് ആ ചോദ്യത്തില്‍ മുഴച്ച് നില്‍ക്കുന്നത് അതുകൊണ്ടു തന്നെ നേര്‍ക്ക് നേരെ ഒറ്റവാക്കില്‍ മറുപടി പറഞ്ഞാല്‍ അവസാനിക്കുന്ന ഉത്തരവും അതിനില്ല.

മനുഷ്യന്റെ സൃഷ്ടിപ്പിന്റെ തന്നെ ഉദ്ദേശ്യം അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്ന അവസ്ഥയില്‍ അവന്‍ ജീവിതം കഴിച്ചുകൂട്ടുക എന്നതാണ്. അല്ലാഹു നിര്‍ദ്ദേശിച്ച ചില ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിച്ച് ജീവിതം നയിക്കുക എന്നതല്ല ഇതിന്റെ ഉദ്ദേശ്യം. കാരണം മനുഷ്യരുടെ കൂറേ ആരാധനാകര്‍മങ്ങള്‍ ലഭിക്കേണ്ടതായ സൃഷ്ടിപരമായ എന്തെങ്കിലും ആവശ്യം ഉള്ളവനല്ല ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം. സൃഷ്ടിച്ചതിന് പ്രത്യുപകാരമായി കുറച്ച് പുകഴ്തലുകളും മഹത്വപ്പെടുത്തലുകളും മനുഷ്യനില്‍നിന്ന് ആവശ്യപ്പെടാം എന്ന് തീരുമാനിക്കുന്നുവെന്നത് ദൈവിക മഹത്വത്തിന് ചേര്‍ന്നതോ സ്രഷ്ടാവിന്റെ പൂര്‍ണതക്ക് നിരക്കുന്നതോ അല്ല. അപ്രകാരം ദൈവം ആവശ്യപ്പെട്ടിട്ടുമില്ല.

ദൈവം മനുഷ്യനില്‍നിന്ന് ഇഷ്ടപ്പെടുന്നത് അവനെ മാത്രം അനുസരികക്കണമെന്നതാണ്. ആ അനുസരണത്തില്‍ തന്നെ അവന്‍ കല്‍പിച്ച ആരാധനകളും അവനെ വണങ്ങി വഴങ്ങി ജീവിക്കുന്നതിലെ അടിമത്തവും ഒക്കെ ഉള്‍പ്പെടും എന്ന് കാണാന്‍ പ്രയാസമില്ല. അതിനാല്‍ പൂര്‍വികരായ പണ്ഡിതരൊക്കെ ഇബാദത്തിന് അനുസരണം എന്ന അര്‍ഥം പ്രത്യേകമായി നല്‍കിയത് കാണാന്‍ കഴിയും. ആരാധന എന്ന് ഇബാദത്തിനെ മൊത്തമായി വിവക്ഷിച്ചവര്‍ വളരെ അപൂരവമായി മാത്രമേ ഉള്ളൂ. എന്നാല്‍ ആരാധനകളും ഇബാദത്ത് തന്നെ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല.

ഇതിലൂടെ ദൈവത്തിന് എന്ത് ലഭിക്കുന്നുവെന്ന് ചോദിക്കാം. ഒന്നും ലഭിക്കുന്നില്ല. മനുഷ്യന് വേണ്ട അവയവങ്ങള്‍ സൃഷ്ടിച്ച അവന് ജീവിക്കാവശ്യമായ സാഹചര്യവും നല്‍കിയ ദൈവം നല്‍കുന്ന നിയമങ്ങളനുസരിച്ച് ജീവിക്കുന്നലൂടെ അവന് പ്രകൃതിയുടെ താളക്രമത്തിനുസരിച്ച് സമാധാനപരമായി ജീവിക്കാന്‍ കഴിയും എന്നതാണ് ഈ കല്‍പനയുടെ മഹത്വം. ഒരു അതോറിറ്റിയുടെ നിയമം അനുസരിക്കണമെങ്കില്‍ ആ അതോറിറ്റിയോട് ബഹുമാനവും ആദരവും നിലനില്‍ത്തേണ്ടതുണ്ട്. അതിനോടുള്ള ബന്ധം സജീവമായി നിലനില്‍ത്തേണ്ടതുണ്ട്. അതിന് വേണ്ടിയാണ് നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ആരാധനാകര്‍മങ്ങള്‍ നിശ്ചയിച്ചിരി്കുകന്നത്. ഇവയൊന്നും സ്വയം ലക്ഷ്യങ്ങളല്ല.

മുജാഹിദുകളും ഈ വസ്തുത ഏറെക്കുറേ അംഗീകരിക്കുന്നു. അതിനാല്‍ നമസ്കാരം നോമ്പ് തുടങ്ങിയവ മാത്രമല്ല ആരാധന എന്ന് വിശദീകരിച്ച് ആരാധനയുടെ വ്യാപ്തികൂട്ടാനാണ് ശ്രമിക്കാറുള്ളത്. പക്ഷെ എത്ര കൂട്ടിയാലും ആരാധന ആരാധനയായി തന്നെ മാത്രമേ പരിഗണിക്കൂവെന്നത് നമ്മുടെ അനുഭവമാണ്.

ജമാഅത്തിനെ എതിര്‍ക്കുക എന്നത് മുജാഹിദുകളുടെ സംഘടനാപരമായ ഒരു താല്‍പര്യം കൂടിയായി പരിഗണനയില്‍വന്ന ശേഷം. ജമാഅത്ത് എന്ത് പറഞ്ഞാലും അതിന് പിന്നില്‍ ചില ഭൌതിക താല്‍പര്യങ്ങളുണ്ട് എന്ന് വാദിക്കുക അവരുടെ സ്ഥിരം സ്വാഭാവമായി മാറി. അതിനാല്‍ ഇബാദത്തിന്റെ ഭാഷാപരമായ അടിസ്ഥാനത്തോടും പൂര്‍വികരായ പണ്ഡിതന്മാരുടെ അഭിപ്രായത്തോടും ഏറെ ഒട്ടിനില്‍ക്കുന്ന അനുസരണം എന്ന് ഇബാദത്തിന് അര്‍ഥം നല്‍കിയതിന് പിന്നില്‍ ഭൌതികമായ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ട് എന്ന് നിരന്തരം പ്രചാരണം നടത്തി.

അനുസരണം എന്ന് ഇബാദത്തിന് അര്‍ഥം പറയാതിരിക്കാന്‍ അവരുടെ പണ്ഡിതന്‍മാര്‍ സഹിച്ച പ്രയാസം ചില്ലറയല്ല. അത് ആരാധനയിലൊതുക്കാന്‍ ഇബാദത്തിന് പണ്ഡിതന്‍മാര്‍ നല്‍കിയ നിര്‍വചനം ആരാധനയില്‍  കൊണ്ടുവരാന്‍ നോക്കി. പക്ഷെ എന്തായാലും ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും എന്ന് ചൊല്ലിനെ അന്വര്‍ഥമാക്കി ആ ഭാഗം എപ്പോഴും മുഴച്ച് തന്നെയിരുന്നു.

അവസാനം അനുസരണം ഇബാദത്ത് ആകാന്‍ അനുസരിക്കപ്പെടുന്ന അസ്തിത്വത്തിന് അഭൌതിക കല്‍പിക്കുകയോ അനുസരിക്കുന്നവര്‍ക്ക് പ്രാര്‍ഥനാഭാവം ഉണ്ടാവുകയോ വേണമെന്ന ചിന്തയില്‍ അവരെത്തി. എന്നാല്‍ ഇത്തരമൊരു നിബന്ധന വേണ്ടതില്ല എന്നതിന് തെളിവായി വിശുദ്ധഖുര്‍ആനിലെ സൂറത്ത് അന്‍ആം 121 ാം സുക്തം വിശദീകരിച്ച് ജമാഅത്ത് വ്യക്തമാക്കിക്കൊടുത്തു.

അതേ തുടര്‍ന്ന് അപ്പോള്‍ മാതാപിതാക്കളെ അനുസരിച്ചാല്‍ അത് മാതാപിതാക്കള്‍ക്കുള്ള ഇബാദത്തല്ലേ, പ്രവാചകനെ അനുസരിക്കാന്‍ അല്ലാഹു തന്നെ കല്‍പിച്ചിട്ടില്ലേ, അതിന്റെ അര്‍ഥം മാതാപിതാക്കള്‍ക്കും പ്രവാചകനും ഇബാദത്ത് എടുക്കണം എന്നാണോ തുടങ്ങിയ കുസൃതി ചോദ്യങ്ങള്‍ വലിയ നേതാക്കളില്‍നിന്ന് വരെ വരാന്‍ തുടങ്ങി. സത്യത്തില്‍ അല്‍പം ചിന്തിക്കാന്‍ തയ്യാറാകുന്നവര്‍ ഇങ്ങനെ ചോദിക്കുമായിരുന്നില്ല. അനുസരണം  സ്വതന്ത്രവും നിരുപാധികവുമ്പോഴെ യഥാര്‍ഥ അനുസരണം തന്നെ ആകുന്നുള്ളൂ. മറ്റൊരാള്‍ പറഞ്ഞിട്ട് അദ്ദേഹം അനുവദിക്കുന്ന കാര്യത്തില്‍ മാത്രം ഒരാളെ അനുസരിക്കുന്നത് കേവലമായ ഒരു അനുസരണമാണ്. ഇബാദത്താകുന്ന അനുസരണം യഥാര്‍ഥ അനുസരണമാണ്. അഥവാ ഒരു ഉപാധിയുമില്ലാത്ത അനുസരണം. ആ അനുസരണം ആര്‍ക്ക് അര്‍പിച്ചാലും - അതില്‍ അഭൌതികത കല്‍പിച്ചാലും ഇല്ലെങ്കിലും പ്രാര്‍ഥനാഭാവം ഉണ്ടായാലും ഇല്ലെങ്കിലും - ഇബാദത്ത് തന്നെ. ഇതാണ് ജമാഅത്ത് വാദം.

ജമാഅത്തെ ഇസ്ലാമി ഒരു സമ്പൂര്‍ണ ഇസ്ലാമിക പ്രസ്ഥാനമാണ്. ആ നിലക്ക് അത് എല്ലാകാര്യത്തിലും ഇസ്ലാമികമായ നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. വ്യക്തിയുടെ സ്വാകാര്യതയില്‍ മാത്രമല്ല ദൈവിക നിയമങ്ങള്‍ പാലിക്കേണ്ടത്. രാഷ്ടത്തിന്റെ ഭരണപരമായ വശത്തും നിയമം നിര്‍മിക്കാനുള്ള അവകാശം അല്ലാഹുവിന് മാത്രമാണ് എന്നാണ് ഇസ്ലാം സിദ്ധാന്തിക്കുന്നത്. ഇസ്ലാമിന്റെ നിയമ വ്യവസ്ഥയനുസരിക്കാത്ത ഭരണകൂടങ്ങള്‍ അവനടത്തുന്നത് മുസ്ലികളാകട്ടെ മുസ്ലിംകളല്ലാത്തവരാകട്ടെ അനിസ്ലാമിക ഭരണകൂടങ്ങളാണ് ഇസ്ലാമിന്റെ സാങ്കേതിക പ്രയോഗത്തില്‍ . അനിസ്ലാമിക ഭരണകൂടം എന്നാല്‍ ഇസ്ലാമിനോട് ശത്രുത പുലര്‍ത്തുന്ന ഭരണകൂടം എന്നര്‍ഥമില്ല. സ്വന്തമായി നിയമനിര്‍മാണം നടത്തുന്ന ഭരണകൂടം എന്ന നിലക്ക് താഗൂത്ത് എന്ന പ്രയോഗവും ഉണ്ട്. പരമാമായി അനുസരിക്കുന്നതില്‍നിന്നും (ഇബാദത്തില്‍നിന്നും) വിട്ട് നില്‍ക്കല്‍ അത്തരം അവസ്ഥയില്‍ ഒരു മുസ്ലിമിന്റെ ബാധ്യതയാണ്. ഭരണകൂടം നടപ്പാക്കുന്ന ജനക്ഷേമപരവും സുരക്ഷാപരവുമായ നിയമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയോ അതിനോട് നിസ്സഹകരിക്കുകയോ ചെയ്യണം എന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത് മറിച്ച്. ഇസ്ലാമിക കല്‍പനക്ക് എതിരായ കല്‍പനകള്‍ പോലും അവിടെ നിയമമാക്കപ്പെട്ടാലും അത് സ്വീകരിക്കാന്‍ ഒരു മുസ്ലിമിന് പാടില്ല എന്ന അര്‍ഥത്തിലാണ്.

എന്നാല്‍ പൂര്‍ണമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് പുലര്‍ത്തുന്ന സംഘടന എന്ന നിലക്ക് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പില്‍നിന്ന് വിട്ട് നിന്നതും. അനിസ്ലാമിക ഭരണകൂടങ്ങളുമായുള്ള സഹകരണം ഏതൊക്കെ മേഖലയിലാകാം എന്ന വിഷയം ചര്‍ച ചെയ്തപ്പോള്‍ ഉണ്ടായ ചില നിലപാടുകളും മുജാഹിദുകള്‍ മറ്റൊരു തരത്തില്‍ വ്യാഖ്യാനിച്ചു. അതും ജമാഅത്ത് രാജ്യത്തെ മൊത്തം ജനങ്ങളോടോ മുസ്ലിം സമൂഹത്തോടോ പറഞ്ഞതായിരുന്നില്ല. അതിന്റെ മെമ്പര്‍മാര്‍ക്ക് മാത്രം നല്‍കിയ നിര്‍ദ്ദേശമായിരുന്നു. അതും ഇസ്ലാമികമായ ഒരു ഇജ്തിഹാദിന്റെ അടിസ്ഥാനത്തില്‍. അതുകൊണ്ട് തന്നെ അത് എക്കാലത്തും അതേ നിലപാടിലാകണമെന്നുമില്ല. മെമ്പര്‍മാര്‍ കുഞ്ചിക സ്ഥാനം വഹിക്കുന്നതുമായി ബന്ധപ്പെട്ട കാര്യമാണ് സൂചിപ്പിക്കുന്നത്. ഇബാദത്തിന് ജമാഅത്ത് അനുസരണം എന്നര്‍ഥം പറഞ്ഞതുകൊണ്ടാണ് ജമാഅത്തിന് ഈ ഗതികേട് വന്നത് എന്നതാണ് അവരുടെ ആരോപണത്തിന്റെ മറ്റൊരു ഭാഗം.

സ്വാഭാവികമായും ജമാഅത്ത് മുജാഹിദ് സംവാദത്തിന്റെ ഒരു മുഖ്യമായ ഭാഗമായി ഇത് മാറി. കാര്യങ്ങളെ അടിസ്ഥാനപരമായി മനസ്സിലാകാത്ത ഒരു പുതിയ മുജാഹിദ്-ജമാഅത്ത് പ്രവര്‍ത്തകന് മുകളില്‍ മുജാഹിദുകാരന്‍ ചോദിച്ച ചോദ്യവും അതിന് ജമാഅത്തു പ്രവര്‍ത്തകന്‍ നല്‍കുന്ന മറുപടിയും വായിച്ചാല്‍ ഉണ്ടാകാനിടയുള്ള ഒരു ധാരണ, ഇത് ജമാഅത്ത് മുജാഹിദ് സംവാദത്തില്‍ ഉള്ളി തോലുപൊളിച്ചത് പോലുള്ള ഒരു കാര്യമാണ് എന്നാണ്.
1. അനുസരണ്ശിര്‍ക്ക് എന്ന വിഷയത്തില്‍ മുജാഹിദുകളുമായി ജമാ‍അത്തിന്‌ എന്താണ്‌ അഭിപ്രായ വ്യത്യാസം? 2.  ഒന്നു കൂടി വ്യക്തമാക്കി ചോദിച്ചാല്‍ അനുസരണശിര്‍ക്ക് എന്ന് ജമാഅത്ത് വിശദീകരിക്കുന്ന എന്തെങ്കിലും ശിര്‍ക്കാകുന്ന കാര്യങ്ങള്‍ മുജാഹിദുകള്‍ ചെയ്യുന്നുണ്ടോ?? 3. ഉണ്ടെങ്കില്‍ അത് ഏതൊക്കെ? 4. അല്ല നിരീശ്വരവാദി ചെയ്യുന്നതും, എന്നാല്‍ മുജാഹിദുകളൂടെ ചിലവിലാക്കി ജമാഅത്ത് വിശദീകരിക്കുന്നതുമായ ഒരു കാര്യമാണോ അനുസരണശിര്‍ക്ക്?

ഉത്തരം പറയാനുള്ള സൌകര്യത്തിന് അനീസിന്റെ ചോദ്യങ്ങളെ നാലാക്കി എണ്ണമിട്ടിരിക്കുന്നു. 1. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഞാന്‍ മുകളില്‍ പറഞ്ഞുകഴിഞ്ഞത്. ഈ വിഷയത്തില്‍ ജമാഅത്തുമായി മുജാഹിദുകള്‍ വ്യത്യാസപ്പെടേണ്ടതുണ്ടോ എന്ന് അവര്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. ഇബാദത്തിന് അനുസരണം എന്ന അര്‍ഥവും കൂടി ഉണ്ട് എന്നും അത് ഇബാദത്താക്കാന്‍ അതില്‍ പ്രാര്‍ഥനയോ, അനുസരിക്കപ്പെടുന്നതില്‍ അഭൌതികത കല്‍പിക്കുകയോ വേണ്ടതില്ല എന്നും, മറിച്ച് യഥാര്‍ഥ അനുസരണം അതിന് നല്‍കിയാല്‍ തന്നെ മതി എന്നും മുജാഹിദുകള്‍ അംഗീകരിച്ചാല്‍ ജമാഅത്തുമായുള്ള അവരുടെ അഭിപ്രായ വ്യത്യാസം അതോടെ അവസാനിക്കും. പക്ഷെ ആ കാര്യം പറയേണ്ടത് അവര്‍ തന്നെയാണല്ലോ.

2,3. ജമാഅത്തുകാര്‍ ചെയ്യാത്ത വല്ല അനുസരണ ശിര്‍ക്കും മുജാഹിദുകാര്‍ ചെയ്യുന്നുണ്ടോ എന്നറിയാനുള്ള എളുപ്പമാര്‍ഗം അവര്‍ അനുസരണത്തെ എങ്ങനെ കാണുന്നുവെന്നതാണ്. നിരുപാധികമായ അനുസരണം ഏത് കാര്യത്തിലായാലും അല്ലാഹുവിന് മാത്രമേ പാടുള്ളൂ എന്നവര്‍ വിശ്വസിക്കുന്നുണ്ടോ?. ഉണ്ടെങ്കില്‍ അവര്‍ ശിര്‍ക്ക് ചെയ്യുന്നില്ല. ഇനി മതനിയമങ്ങളില്‍ മാത്രമേ അത് ബാധകമാകൂ രാഷ്ട്രീയ നിയമങ്ങളില്‍ ആ അധികാരം മനുഷ്യന് സ്വതന്ത്രമായി വിട്ടുതന്നിരിക്കുന്നുവെന്ന് വാദിച്ച് അത്തരം നിയമങ്ങള്‍ അതേ മനസ്സോടെ അംഗീകരിച്ചാല്‍ അവരില്‍നിന്ന് ശിര്‍ക്ക് സംഭവിച്ചുപോകുന്നുവെന്ന് പറയേണ്ടിവരും. ഏത് പോലെ എന്ന് ചോദിച്ചാല്‍ സുന്നികള്‍ക്ക് പ്രാര്‍ഥന ഇബാദത്ത് ആകണമെങ്കില്‍ പ്രാര്‍ഥിക്കപ്പെടുന്ന അസ്തിത്വത്തില്‍ സ്വമദിയത്ത് വാദിക്കണം. മറിച്ച് അല്ലാഹു നല്‍കിയ കഴിവില്‍നിന്ന് ചോദിച്ചാല്‍ ആരോടും സഹായം തേടാം. അതിന് മറഞ്ഞ വഴി നേരിട്ട വഴി എന്നൊന്നുമില്ല. ആ നിലക്ക് പ്രവാചകന്‍മാരോട് സഹായം തേടാം. ഇത് ശിര്‍ക്കാണ് എന്ന് മുജാഹിദുകള്‍ പറയുന്നത് പോലെ. നേരത്തെ പറഞ്ഞ പോലെ ഭരണകൂടത്തെയോ മറ്റോ അനുസരിച്ചാലും ശിര്‍ക്ക് സംഭവിച്ച് പോകും. പക്ഷെ അത് തീരുമാനിക്കാന്‍ കഴിയുക മുജാഹിദുകള്‍ക് തന്നെയായിരിക്കും.

4. ജമാഅത്തെ ഇസ്ലാമി ഈ പറയുന്ന കാര്യങ്ങള്‍ ഏത് മതസ്ഥനും മതമില്ലാത്തവനും മുസ്ലിം പേരുള്ളവനും ഒരു പോലെ ബാധകമായ കാര്യമാണ്. എല്ലാവരും അല്ലാഹുവിന്റെ ദാസന്‍മാരാണ്. അവര്‍ സ്വയം അടിമത്തം അംഗീകരിച്ച് അവനെ മാത്രം അനുസരിച്ച് വഴങ്ങി വണങ്ങി ജീവിക്കണം. അവരുടെ ഇഹപര രക്ഷക്കും സമാധാനത്തിനും അത് മാത്രമാണ് വഴി എന്നാണ് ജമാഅത്ത് ജനങ്ങളുടെ മുന്നില്‍ വെക്കുന്നത്.

ബാക്കിയുള്ള ഭാഗത്ത് വരുന്ന ചോദ്യങ്ങള്‍ മേലെ നല്‍കിയവയുടെ ആവര്‍ത്തനം തന്നെയാണല്ലോ അതുകൊണ്ട്. ഇത്രയും വായിച്ചതിന് ശേഷം എന്താണ് അനീസിന് പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ താല്‍പര്യമുണ്ട്.

ബുധനാഴ്‌ച, മാർച്ച് 07, 2012

ത്വാഗൂത്തിനെ വെടിയുക എന്നാല്‍ ?

കെ.സി അബ്ദുല്ല മൌലവി
മുജാഹിദ് ജമാഅത്ത് സംവാദത്തില്‍ സ്ഥാനം പിടിച്ച ഒരു സാങ്കേതിക പദമാണ് ത്വാഗൂത്ത്. ഈ പദം ഇവിടെ വിശദീകരിക്കുന്നത് ഒരു സംവാദ വിഷയം എന്ന നിലക്കല്ല. സകല പ്രവാചകന്‍മാരും ഒന്നാമത്തെ പ്രഖ്യാപനത്തില്‍ തന്നെ സമൂഹത്തോട് പറഞ്ഞ രണ്ടു കാര്യങ്ങളില്‍ ഒന്ന് ഈ വിഷയവുമായി ബന്ധപ്പെട്ടതാണ് എന്നതുകൊണ്ടാണ്. മുഴുവന്‍ പ്രവാചകന്‍മാരുടെയും സന്ദേശത്തിന്റെ സത്ത് ഈ രണ്ട് കാര്യങ്ങളിലാണ്. ഒന്ന്. അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുക. രണ്ട് ത്വാഗൂത്തിനെ വെടിയുക. ത്വാഗൂത്തിനെ വെടിയുകയെന്ന് പറയുമ്പോള്‍ അതിനെ നിഷേധിച്ചുതള്ളുക എന്നുകൂടി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഇസ്ലാമിന്റെ ആദര്‍ശവചനമായ ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ എല്ലാ താല്‍പര്യങ്ങളും മേല്‍ പറയപ്പെട്ട രണ്ട് കാര്യങ്ങളിലും ഉള്‍പെട്ടിരിക്കുന്നു. ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ കുറേകൂടി വിശദീകരണമാണ് അത് എന്നും പറയാം. അല്ലാഹുവിന് മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്ന് പറയുന്നത്രയും പ്രധാനമാണ് ത്വാഗൂത്തിനെ വെടിയുക എന്നതും. രണ്ടും ഒപ്പം നടക്കേണ്ടതാണ്. രണ്ടും അഭിവാജ്യമാണ്.

ഇബാദത്തിന് ആരാധന എന്ന് അര്‍ഥം പറഞ്ഞ് ശീലിച്ച പോലെ ത്വാഗൂത്തിന് പിശാച് എന്നും മാത്രമേ അര്‍ഥം പറയൂ എന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ഇബാദത്തിന്റെ എല്ലാ ഇനങ്ങളും ആരാധനയില്‍ ഒതുക്കാന്‍ പാടുപെടുന്നത് പോലെ ത്വാഗൂത്തുമായി പരാമര്‍ശിച്ചതൊക്കെ പിശാചായും പൈശാചികമായും വ്യാഖ്യാനിക്കുന്നു. ഇത്തരം ദുര്‍വ്യാഖ്യാനത്തിനൊക്കെ ഒരൊറ്റ കാരണമേ ഉള്ളൂ. ജമാഅത്തിനെ തോല്‍പിക്കുകക. ജമാഅത്ത് ജനങ്ങളുടെ മുന്നില്‍ സമര്‍പിക്കുന്നത് മൗദൂദിയുടെ സ്വന്തമെന്ന് വരുത്തിതീര്‍ക്കുക.

മുജാഹിദ് പണ്ഡിതനായിരുന്ന കെ..പി. മുഹമ്മദ് മൗലവിയാണ് ഈ വാദത്തിന് ചുക്കാന്‍ പിടിച്ചത്. സ്വാഭാവികമായും അതിനെ പിന്തുണക്കലാണ് തന്റെ ചുമതലയെന്ന് ധരിച്ച അബ്ദുല്‍ ഹമീദ് മദനിയും ത്വാഗൂത്ത് എന്നാല്‍ പിശാച് ആണ് എന്ന് സ്ഥാപിക്കാന്‍ വളരെയേറെ ഊര്‍ജം ചെലവാക്കിയിട്ടുണ്ട്. ഇതിന്റെ അര്‍ഥ കല്‍പനക്കനുസരിച്ച് ഇസ്ലാമിക അധ്യാപനം തന്നെ മനസ്സിലാക്കുന്ന വിഷയത്തില്‍ വ്യത്യസ്ഥ വീക്ഷണമായിരിക്കും എന്നതാണ് ഇത്തരം പദപ്രയോഗങ്ങളില്‍ അബദ്ധം സംഭവിച്ചാലുള്ള പ്രശ്‌നം. എന്തിന് ഇക്കാര്യത്തില്‍ ജമാഅത്തും മുജാഹിദും വാഗ്വാദം നടത്തണം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇതിന്റെ വിവക്ഷ എങ്ങനെയാണ് പൂര്‍വ പണ്ഡിതന്‍മാര്‍ വിശദീകരിക്കുന്നത് എന്ന് അന്വേഷിക്കുകയും അതില്‍ നിന്ന് മനസ്സിലാകുന്നത് സ്വീകരിക്കുകയും ചെയ്താല്‍ പോരെ.

ജമാഅത്ത ഇസ്ലാമിയോ മൌദൂദിയോ ത്വാഗൂത്ത് എന്ന പദത്തിന് പുതിയ ഒരു അര്‍ഥവും കണ്ടുപിടിച്ചിട്ടില്ല. എന്ന് പ്രമാണികരായ ഇസ്ലാമിക പണ്ഡിതരുടെ അഭിപ്രായം പഠിക്കാന്‍ ശ്രമിച്ചാല്‍ മനസ്സിലാകും.

ഇമാം ഇബ്‌നു ജരീര്‍ അത്ത്വബ് രി ജാമിഉല്‍ ബയാനില്‍ പറഞ്ഞത് ഇങ്ങനെയാണ്: ത്വാഗൂത്തിന്റെ അര്‍ഥത്തില്‍ വ്യാഖ്യാതാക്കള്‍ വിവിധ അഭിപ്രായങ്ങള്‍ പറഞ്ഞിരിക്കുന്നു. ചിലര്‍ പറഞ്ഞു പിശാച് എന്ന്. ഉമറുബ്‌നുല്‍ ഖത്താബ്, മുജാഹിദ്, ശഅബി, ളഹ്ഹക്ക്, ഖത്താദ, സുദ്ദി ഇവരെല്ലാം പിശാച് എന്നര്‍ഥം പറഞ്ഞവരാണ്. മറ്റു ചിലര്‍ പറഞ്ഞു ആഭിചാരകന്‍ എന്ന്. അബുല്‍ ആലിയാ, മുഹമ്മദ് എന്നിവരാണ് അത് പറഞ്ഞത്. വേറെ ചിലര്‍ പറഞ്ഞു ജോത്സ്യന്‍ എന്ന്. സഈദ്ബ്‌നു സുബൈര്‍ , റഫീഅ് ഇബ്‌നു ജുറൈജ്, ജാബിര്‍ എന്നിവരാണ് ഈ അഭിപ്രായക്കാര്‍ .

പിശാച്, ആഭിചാരകന്‍, ജ്യോത്സ്യന്‍ എന്നീ മൂന്ന് അഭിപ്രായങ്ങള്‍ അവയുടെ വക്താക്കളോടൊപ്പം വിവരിച്ചതിന് ശേഷം അദ്ദേഹം സ്വന്തം അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തി....

(അല്ലാഹുവിനെതിരെ അതിക്രമനയം കൈകൊള്ളുകയും അങ്ങനെ അല്ലാഹുവിനെ വിട്ടു ഇബാദത്ത് ചെയ്യപ്പെടുകയും ചെയ്യുന്ന സകലതുമാണ് ത്വാഗൂത്ത് എന്ന് പറയുന്നതാണ് എന്റെ അഭിപ്രായത്തില്‍ ശരി. ഇബാദത്ത് ചെയ്യപ്പെടുന്നത് ആ ത്വാഗൂത്തിന്റെ നിര്‍ബന്ധം കൊണ്ടാവട്ടേ, ഇബാദത്ത് ചെയ്യുന്നവന്റെ ഇഷ്ടത്തോടുകൂടിയാവട്ടെ, ഇബാദത്ത് ചെയ്യപ്പെടുന്ന വസ്തു മനുഷ്യനാകട്ടെ, പിശാചാകട്ടെ, വിഗ്രഹമകട്ടെ, ബിംബമാകട്ടെ, മറ്റെന്തെങ്കിലും ആയിക്കൊള്ളട്ടെ എല്ലാം ത്വാഗൂത്തുകള്‍ തന്നെ.)

ഇക്കാര്യത്തില്‍ എന്തിന് മുജാഹിദുകളെ ആക്ഷേപിക്കുന്നുവെന്ന്് ചോദിക്കാം. കാരണം ധാരാളം സഹാബികള്‍ പറഞ്ഞ അര്‍ഥമല്ലേ മുജാഹിദുകളും പറഞ്ഞുള്ളൂ എന്ന ചോദിക്കാം. എന്നാല്‍ നമ്മുക്ക് മനസ്സിലാകുന്നത്. ആ മഹാന്‍മാര്‍ പിശാച് എന്ന് പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചിരുന്നത് മുജാഹിദുകള്‍ ഉദ്ദേശിച്ച പിശാചിനെ അല്ല എന്നതാണ്. ഇബ്‌നു കഥീറില്‍ മുജാഹിദ് എന്ന പണ്ഡിതനെ ഇങ്ങനെ ഉദ്ധരിക്കുന്നു. മുജാഹിദ് പറഞ്ഞു, പ്രശ്‌നങ്ങള്‍ക്ക് വിധിലഭിക്കാന്‍ ജനങ്ങള്‍ സമീപിക്കുന്ന, അവരുടെ കാര്യത്തെ നിയന്ത്രിക്കുന്ന മനുഷ്യരുപത്തിലുള്ള പിശാചാണ് താഗൂത്ത്

അതേ പ്രകാരം ജാബിര്‍ , ജ്യോത്സ്യന്‍ എന്ന് അര്‍ഥം പറഞ്ഞതായി ത്വബ് രി അഭിപ്രായപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ പരിശോധിക്കുമ്പോള്‍ നമ്മുക്ക് കുറേകൂടി വിശാലമായ ഒരു അര്‍ഥം ലഭിക്കുന്നുണ്ട്. അത് പിശാചിലേക്കും അതിലൂടെ പിശാചിന്റെ പ്രേരണ പ്രകാരം അല്ലാഹുവിന്റെ നിയമത്തില്‍നിന്ന് മനുഷ്യരെ തെറ്റിച്ച് മറ്റൊന്നിലേക്ക് നയിക്കുന്ന മനുഷ്യരുമൊക്കെ ആകുന്നു.

ഇബ്‌നു അബ്ബാസ് (റ) : 'ത്വാഗൂത്ത് എന്നാല്‍ വിഗ്രഹങ്ങളെ ചുറ്റിപ്പറ്റി നിലകൊള്ളുകയും ജനങ്ങളെ ദുര്‍മാര്‍ഗത്തിലകപ്പെടുത്താന്‍ ഈ വിഗ്രഹങ്ങളെ സംബന്ധിച്ച് കള്ളകഥകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന മനുഷ്യരാണ് ത്വാഗൂത്തുകള്‍ ' .

ഇനി ഹാഫിസ് ഇബ്‌നു കസീറിന്റെ അഭിപ്രായത്തില്‍ : 'ഈ സൂക്തം (4. 60)ഇപ്പറഞ്ഞെതിനേക്കാളെല്ലാം വിശാലമാണ്. കാരണം കിതാബില്‍നിന്നും സുന്നത്തില്‍നിന്നും തെറ്റി അത് രണ്ടുമല്ലാത്ത നിഷിദ്ധത്തിലേക്ക് വിധിയും തേടിപ്പൊകുന്ന എല്ലാവരെയും ഇത് കുറ്റപ്പെടുത്തുന്നു. അതാണിവിടെ താഗൂത്ത്'.

എ്ന്ന് വെച്ചാല്‍ ഖുര്‍ആനും സുന്നത്തും വിട്ട് തെറ്റായ വിധികള്‍ നല്‍കുന്നവരാണ് താഗൂത്ത് എന്നുപറയാന്‍ ഇമാം ഇബ്‌നു കസീര്‍ മടിച്ചില്ല. ജാബിറും, മുജാഹിദും പറഞ്ഞ ജ്യോത്സ്യനും പിശാചും ഒരു തരത്തില്‍ വിധികര്‍ത്താക്കളായ മനുഷ്യര്‍ തന്നെയായിരുന്നു.

ഖുര്‍ആനും സുന്നത്തും വിട്ട് അവയല്ലാത്തതുകൊണ്ട് വിധികല്‍പ്പിച്ച കഅ്ബ ബ്‌നു അശ്‌റഫിനെയാണ് താഗൂത്ത് കൊണ്ട് നിസാഇലെ 60 ാം സൂക്തത്തില്‍ പരാമര്‍ശിച്ചത് എന്ന് ഇമാം സമഖ്ശരിയും കശ്ശാഫില്‍ പറയുന്നു.

മേല്‍ പരാമര്‍ശിച്ചവയൊക്കെ വിശുദ്ധഖുര്‍ആനിലെ വിവിധ സൂക്തങ്ങളില്‍ പരാമര്‍ശിച്ച താഗൂത്ത് എന്ന പദത്തെ സന്ദര്‍ഭത്തില്‍ വെച്ച് വിശദീകരിച്ചതാവാം. പൊതുവായി ആ പദത്തെ വിശദീകരിക്കുമ്പോള്‍ ഇതിനെയെല്ലാം ഉള്‍കൊള്ളുന്ന ഒരു വിവക്ഷയാണ് പണ്ഡിതന്‍മാര്‍ നല്‍കികാണുന്നത്.

സയ്യിദ് റശീദ് രിദാ ത്വാഗൂത്തിനെ ഇങ്ങനെ വിശദീകരിക്കുന്നു: 'ഏതൊന്നില്‍ വിശ്വസിക്കലും അതിന് ഇബാദത്ത് ചെയ്യലും കടുത്ത വഴികേടിനും സത്യത്തില്‍നിന്ന് തെറ്റിപ്പോകുന്നതിനും കാരണമാകുന്നുവോ അതാണ് ത്വാഗൂത്ത്്. ഇബാദത്ത് ചെയ്യപ്പെടുന്നത് ഏതെങ്കിലും സൃഷ്ടിയോ അനുകരിക്കപ്പെടുന്ന നേതാവോ, പിന്തുടരപ്പെടുന്ന ദേഹേഛയോ ആയിക്കൊള്ളട്ടെ'.

അല്ലാമാ ഇബ്‌നു ഖയ്യിം കുറേകൂടി സമഗ്രമായ ഒരു വ്യാഖാനം നല്‍കുന്നു: 'അടിമയെന്ന തന്റെ സാക്ഷാല്‍ പരിധി വിട്ടുകടക്കുന്നവരെല്ലാം താഗൂത്താകുന്നു. അത് ആരാധന ചെയ്യപ്പെടുന്ന ആരാധ്യനാകട്ടെ, പിന്തുടരപ്പെടുന്ന നേതാവാകട്ടെ, അനുസരിക്കപ്പെടുന്ന യജമാനനാകട്ടെ. അപ്പോള്‍ ഏത് ജനതയുടെയെും ത്വാഗൂത്ത് അല്ലാഹുവിനെയും റസൂലിനെയും വിട്ട് അവര്‍ വിധിയും തേടി ചെല്ലുന്ന വിധികര്‍ത്താവ്, അല്ലെങ്കില്‍ അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ആരാധ്യന്‍, അതുമല്ലെങ്കില്‍ അല്ലാഹുവിങ്കള്‍ നിന്നുള്ള രേഖയൊന്നുമില്ലാതെ അവര്‍ പിന്‍പറ്റുന്ന നേതാവ്, അങ്ങനെയുമല്ലെങ്കില്‍ അല്ലാഹുവിനുള്ള അനുസരണമാണ് എന്ന് തെളിഞ്ഞിട്ടില്ലാത്തതിനാല്‍ അവര്‍ അനുസരിക്കുന്ന യജമാനന്‍, ഇതെല്ലാമാണ് ലോകത്തെ ത്വാഗൂത്തുകള്‍.  ഇവയെയും ഇവയോടുള്ള ജനങ്ങളുടെ സമീപനത്തെയും പറ്റി ശരിക്കുചിന്തിച്ചാല്‍ ജനങ്ങളധിക പേരും അല്ലാഹുവിനുള്ള ഇബാദത്തില്‍ നിന്ന് താഗൂത്തിനുള്ള ഇബാദത്തിലേക്കും അല്ലാഹുവിനുള്ള അനുസരണത്തിന് പകരം ത്വാഗൂത്തിനുള്ള അനുസരമത്തിലേക്കും തിരിഞ്ഞുകളഞ്ഞതായി നിനക്ക് കാണാന്‍ കഴിയുന്നതാണ്' (ഫത് ഹുല്‍ മജീദ്)

ത്വാഗൂത്തിന് ഇത്രയും വിപുലമായ അര്‍ഥമുള്ളതുകൊണ്ട് തന്നെയാണ് പ്രവാചകന്‍മാരുടെ പ്രഥമ പ്രഖ്യാപനം അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, ത്വാഗൂത്തിനെ വെടിയുക എന്നതായി മാറിയത്. ഇബാദത്ത് അതിന്റെ വിപുലമായ അര്‍ഥത്തില്‍ പരിഗണിച്ചാല്‍ സ്വാഭാവികമായും ത്വഗൂത്ത് എന്നതിനെ 'പിശാചി'ല്‍ (അതിന്റെ അര്‍ഥം ത്വാഗൂത്തിന്റെ മേല്‍ പറയപ്പെട്ട അര്‍ഥങ്ങളൊക്കെ ചേര്‍ത്ത് വിപുലപ്പെടുത്തിയിട്ടില്ലെങ്കില്‍) ഒതുക്കാന്‍ കഴിയില്ല.

ചുരുക്കം: അല്ലാഹുവിന്റെ അടിമയെന്ന അവസ്ഥ അതിലംഘിച്ചു അല്ലാഹുവിനെതിരില്‍ അതിക്രമ നയം കൈക്കൊള്ളുകയും സ്വയം ദിവ്യത്വമോ യജമാനത്വമോ നടിച്ചു അതുനടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന എല്ലാ സംഘടനകളും വ്യക്തികളും താഗൂത്ത് എന്ന വിവക്ഷയില്‍ പെടുന്നു.
(തുടരും)
(കെ.സി അബ്ദുല്ല മൌലവിയുടെ ഇബാദത്ത് ഒരു സമഗ്രപഠനം എന്ന പുസ്തകത്തെ അവലംബിച്ച് തയ്യാറാക്കിയത്)

 
Design by CKLatheef | Bloggerized by CKLatheef | CK