ജാബിർ പുല്ലൂർ എന്ന സുഹൃത്ത് ഡയലോഗ് എന്ന ഫെയ്സ് ബുക്ക് ഗ്രൂപിൽ എഴുതിയ ഒരു പോസ്റ്റ് അങ്ങനെ തന്നെ ഷെയർ ചെയ്യുകയാണിവിടെ. ആര്യാടൻ ശൌക്കത്ത് ചാനലിലും സ്വന്തം ഫെയ്സ് ബുക്ക് വാളിലും കെ.എം ഷാജി മാതൃഭൂമി ദിനപത്രത്തിലും നടത്തിയ കണ്ടെത്തലുകളോടുള്ള ഒരു പ്രതികരണം എന്ന നിലക്കാണിതിനെ വായിക്കേണ്ടത്. അൽപം ദീർഘമെങ്കിലും പൊതുമാധ്യമങ്ങളിൽ വരെ സജീവചർചയായ ഈ വിഷയം നന്നായി മനസ്സിലാക്കാനാഗ്രഹിക്കുന്നവർ ഈ ലേഖനം വായിക്കാതെ പോകരുത്.
**************************************
ആര്യാടന്‍റെ അടുപ്പും
മൗദൂദിക്കു വെച്ച വെളളവും
--------------------------------------------------
ദേശീയത്വത്തിന്‍റേയും മതേതരത്വത്തിന്‍റേയും ജാനാധിപത്യത്തിന്‍റേയും പേരില്‍ തങ്ങള്‍ ഓതി പഠിച്ച വേദപാഠങ്ങള്‍
തലയോട്ടിക്കുളളില്‍ കിടന്ന് പിപ്പിരി കയറുമ്പോള്‍ പോണവഴിക്കും വരുന്ന വരവിലും കിഴുക്കുവാന്‍ ചിലര്‍ക്ക് 'അമ്പലമണികള്‍' കൂടിയെ തീരൂ. ഭക്തന്‍റെ ഭക്തിയുടെ ഊക്ക് കൂടുന്നതിനനുസരിച്ച് അമ്പലമണിക്കുളള കിഴുക്കിന്‍റെ ഊക്കും കൂടൂം! ചില ഘട്ടങ്ങളില്‍, വിഷ സഞ്ചി നിറഞ്ഞ് എടങ്ങേറാവുന്ന പാമ്പിന്‍റെ പരിതാപവസ്ഥയോളം ഇതെത്തും. അപ്പോഴാണ് വിഷം കടിച്ചിറക്കാനുളള പതമുളള പ്രതലങ്ങള്‍ തേടി ഈ ജന്തുക്കള്‍ ഇഴയുന്നത്. ജമാഅത്തിനേക്കാളും മൗദൂദിയേക്കാളും കടിച്ചുകുടയാന്‍ പറ്റിയ പരുവത്തില്‍ പതം വന്ന സാധനങ്ങളെ അത്ര എളുപ്പം കിട്ടുകയില്ല. ജമാഅത്തു കാരാണെങ്കില്‍, പണ്ട് ഗാന്ധിജി അവര്‍ക്കു നല്‍കിയ 'സാധു' പരിവേഷത്തില്‍ നിന്നും കൂടുതല്‍ പരിതാപകരമായ 'പരമസാധുത്വത്തി'ലേക്കു കൂപ്പു കുത്തിയതിനാല്‍ കഠിന സഹനത്തിന്‍റേതായ ഹഠയോഗാവസ്ഥയിലുമാണ്.
തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിന്‍റെ പേരിലാകുമ്പോള്‍ അതിന്‍റെ വേരുകള്‍ തോണ്ടിത്തിരയാന്‍ കരാറേറ്റെടുത്തവര്‍ അവരുടെ ജെസിബിയുമായി പാഞ്ഞെത്തുന്നത് മൗദൂദിയേയും ജമാഅത്തിനേയും മാന്താനാണ്. ചന്തയില്‍ ഉളളിക്കും പരിപ്പിനും വില കൂടിയാല്‍ പോലും അതിന്നു പിന്നില്‍ ഒരു മൗദൂദിയന്‍ 'ടെച്ച്' കൃത്യമായി മെനെഞ്ഞെടുക്കുന്നതില്‍ ഇവര്‍ കാണിക്കുന്ന മിടുക്ക് അപാരം തന്നെ!
ഇവരുടെ അഭിപ്രായ പ്രകാരം തീവ്രവാദവും ഭീകരവാദവും മാത്രമല്ല, രാജ്യം നേരിടുന്ന ഒട്ടുമുക്കാല്‍ പ്രതിസന്ധികള്‍ക്കു പിന്നിലേയും നാരായവേര് മൗദൂദിയാണ്!
ചേന്ദമങ്ങല്ലൂരും കാരശ്ശേരിയിലും നിലമ്പൂരും വയനാട്ടിലും നാട്ടപ്പെട്ട അതിശക്തമായ സ്വീകരണ ശേഷിയുളള ഈ മതേതര റഡാറുകളുടെ തരംഗദൈര്‍ഘ്യത്തില്‍ നിന്നും ഒരു കാലത്തും മുക്തമല്ല മൗദൂദിയും ജമാഅത്തും!
തീവ്രവാദത്തിനു വിത്തു പാകിയവന്‍ മൗദൂദി, ഭീകരവാദത്തിന്‍റെ കാറ്റു വിതച്ചവന്‍ മൗദൂദി, സ്‌ത്രീ സ്വാതന്ത്ര്യത്തിന് കത്തി വെച്ചവന്‍ മൗദൂദി... ഇങ്ങനെ പോകുന്നു മൗദൂദി വിമര്‍ശനങ്ങള്‍. അങ്കത്തട്ടില്‍ മാറ്റച്ചുരിക കൊടുക്കാതെ ആരോമല്‍ ചേകവരെ എടങ്ങേറിന്‍റെ ഔത്താക്കിയതും ഈ മൗദൂദിതന്നെ എന്നു പറയാതിരുന്നത് മഹാ ഭാഗ്യം! അല്ലെങ്കില്‍ ഇക്കൂട്ടര്‍ ആ 'വിവരം' അറിഞ്ഞിരിക്കില്ല!
---------------------------------
പാദാര്‍ത്ഥ വാദവും നാസ്തികത്വവും നിരീശ്വരനിര്‍മ്മത പ്രസ്ഥാനങ്ങളും ശക്തി പ്രാപിച്ചു വരികയും ധിഷണകളെ അവയുടെ യുവത്തത്തോടെ റാഞ്ചിയെടുക്കുകയും ചെയ്ത ഒരു ദശാസന്ധിയില്‍, ലോക യുവത്വം ബൗദ്ധികമായും ആശയപരമായും ചായ്‌വ് പ്രകടിപ്പിച്ചു കൊണ്ടിരുന്ന രണ്ടു തത്വ ശാസ്‌ത്രങ്ങളുടെ (കമ്മ്യൂണിസം, മുതലാളിത്വം) പരിണിതിയെ കുറിച്ച് അവയുടെ ഈറ്റില്ലങ്ങളില്‍ തന്നെ ഗതി കിട്ടാതെ അലയുമെന്നും അവിടെങ്ങളില്‍ തന്നെ ചത്തൊടുങ്ങുമെന്നും കാര്യ കാരണങ്ങള്‍ സഹിതം സമര്‍ത്ഥിച്ച ഒരു വ്യക്തിത്വത്തെ ക്രാന്ത ദര്‍ശിയായ മനീഷി എന്നേ വിശേഷിപ്പിക്കാനാവൂ. ആ രണ്ടു ചിന്താധാരകളുടേയും അന്ത്യം അദ്ദേഹം പ്രവചിക്കുന്നത്, അവ രണ്ടും ചേര്‍ന്ന് ലോകത്തെ പകുത്ത് അടക്കി വാഴുന്ന അവയുടെ ഉജ്ജ്വല കാലത്താണ് എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.
മനുഷ്യ നിര്‍മ്മിത വ്യവസ്ഥകളുടെ അനിവാര്യമായ ഒരു പരിണിതിയെ കൃത്യമായി സൂചിപ്പിക്കുകയാണ് സയ്യിദ് മൗദൂദി ചെയ്തത്. ഒന്നുകില്‍ അത് നാശമടയും, കമ്മ്യൂണിസം പോലെ. അല്ലെങ്കില്‍ അത് മാനവകുലത്തേയും ലോകത്തേയും ആകമാനം നാശത്തിലൂടെ വലിച്ചിഴക്കും, മുതലാളിത്വം പോലെ.
ഭൗതിക ദര്‍ശനങ്ങളുടെ പരിമിതിയെ ലോകത്തെ ബോധ്യപ്പെടുത്തുന്നതിനൊപ്പം തന്നെ ദൈവിക വ്യവസ്ഥയുടെ അപ്രമാദിത്വത്തേയും പ്രപഞ്ചത്തേയും മനുഷ്യ ജീവിതത്തേയും അവന്‍റെ വിവിധങ്ങളായ വ്യവഹാര മണ്ഡലങ്ങളേയും താളഭംഗം കൂടാതെ ഭരിക്കുവാനും നയിക്കുവാനുമുളള സമഗ്രമായ അതിന്‍റെ ശേഷീവൈഭവങ്ങളേയും ശക്തിയുക്തം സമര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട് സയ്യിദ് മൗദൂദി. അതോടൊപ്പം തന്നെ ആധുനിക കാലത്ത് ഇസ്‌ലാമില്‍ നിന്നും അതിന്‍റെ മൂല സംജ്ഞകളെ അടര്‍ത്തിയെടുത്ത് വികൃതമാക്കുകയും അര്‍ത്ഥചോരണം വരുത്തുകയും ചെയ്യുന്ന വിനാശകരമായ പ്രവണതയെ തന്‍റെ അനുഗ്രഹീതമായ തൂലികത്തുമ്പു കൊണ്ട് ശക്തിയുക്തം ചെറുത്തു തോല്‍പിക്കുകയും ചെയ്യുന്നു.
ലാളിത്യം കാത്തു സൂക്ഷിക്കുകയും എന്നാല്‍ ഗരിമ ചോര്‍ന്നു പോകാത്തതുമായ തന്‍റെ അതുല്ല്യവും അനുഗ്രഹീതവുമായ രചനാ ശൈലിയിലൂടെ മൗദൂദി ഇസ്‌ലാമിനെ ലോകത്തിന്‍റെ മുഖത്തേക്ക് സങ്കോചലേശമന്യേ തുറന്നു വെക്കുകയായിരുന്നു; ഏത് വെല്ലു വിളിയും നേരിടുവാനുളള ഉറച്ച നിലപാടുകളോടെ. താന്‍ വരച്ചു കാണിക്കുന്ന ജീവിത പദ്ധതിയുടെ തത്വത്തേയോ പ്രയോഗത്തേയോ പ്രതി ഒരു തരത്തിലുളള സന്ദേഹമോ ഇടര്‍ച്ചയോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. കാരണം അതിന്‍റെ വേരുകള്‍ ദൈവിക ഗ്രന്ഥത്തിന്‍റെ ആഴങ്ങളിലേക്കാണ് ആണ്ടിറങ്ങുന്നത്. അതിന്‍റെ ശാഖകള്‍ പ്രവാചകന്‍റെയും അനുചരന്‍മാരുടേയും ജീവിതമായാണ് പടര്‍ന്നു പന്തലിച്ചത്. അതു ലോകത്തിന്നു തണലായിരുന്നു. അതു കൊണ്ടു തന്നെ അതിന്‍റെ രാഷ്‌ട്രീയവും സാമൂഹികവും സാംസ്കാരികവും ആത്മീയവുമായ സകല മൂല്യ സാകല്യങ്ങളേയും ലോക സമക്ഷം സമഗ്രമായി അവതരിപ്പിക്കുവാന്‍ സയ്യിദ് മൗദൂദി ജീവിതാന്ത്യം വരെ പഠന മനനങ്ങളിലൂടെ തന്‍റെ ധിഷണയെ ഊതിക്കാച്ചിയെടുത്തു. ഒരു കേവല പണ്ഡിതന്‍ എന്നതിനപ്പുറത്തേക്ക് ദാര്‍ശനികനായ, ക്രാന്ത ദര്‍ശിയായ പ്രാസ്ഥാനിക നായകനായി മൗദൂദി ആധുനിക ഇസ്‌ലാമിക ലോകത്തിന്‍റെ ധൈഷണിക അമരത്വം ഏറ്റെടുക്കുകയായിരുന്നു.
പത്ര പ്രവര്‍ത്തനവും രാഷ്‌ട്രീയ നേതൃത്വവും ആ ചിന്താപരതയുടെ ചില പ്രയോഗതലങ്ങള്‍ മാത്രം!
-----------------------
അദ്ദേഹത്തിന്‍റെ ആദ്യത്തെ ഗ്രന്ഥം തന്നെ ഇസ്‌ലാമിന്‍റെ മൂലശിലകളിലൊന്നായ ജിഹാദിന്നെതിരായുളള പ്രചാരവേലകളുടെ കടപുഴക്കുന്നതായിരുന്നു. ഇസ്‌ലാമിലെ ജിഹാദ് ഭീകരമായ തെറ്റിദ്ധാരണകള്‍ക്ക് വിധേയമാവുകയും കൊല്ലും കൊലയും രക്തം ചൊരിയലുമാണ് അതിലൂടെ വിവക്ഷിക്കപ്പെടുന്നതെന്നുമുളള പ്രചാരവേലകള്‍ കൊടുമ്പിരി കൊളളുന്ന ഘട്ടത്തിലാണ് ജിഹാദിനെ വൈജ്ഞാനികമായും യുക്തിഭദ്രമായും അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം സയ്യിദ് മൗദൂദി സമര്‍പ്പിക്കുന്നത്. ഈ രചന നിര്‍വ്വഹിക്കുന്നതിന് കാരണമായ സവിശേഷ സാഹര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. 1926 ഡിസംബര്‍ അവസാനത്തില്‍ ശുദ്ധി പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാവായിരുന്ന സ്വാമി ശ്രദ്ധാനന്ദ വധിക്കപ്പെട്ടു. അബ്ദുള്‍ റഷീദ് എന്ന മുസ്‌ലിം നാമധാരിയാണ് ഇതിന്‍റെ പേരില്‍ പിടിക്കപ്പെട്ടത്. ഒരു കാലത്ത് ഹിന്ദുക്കളായിരുന്ന മുസ്‌ലിംകളെ ഹിന്ദുമതത്തിലേക്കു തന്നെതിരിച്ചു കൊണ്ടുവരിക എന്ന ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ് ശുദ്ധി പ്രസ്ഥാനം സഥാപിച്ചത്. അങ്ങേയറ്റം പ്രകോപനപരമായ പ്രഭാഷണങ്ങളും പ്രചാരവേലകളും വഴിയാണ് ശ്രദ്ധാനന്ദ തന്‍റെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. അതാവട്ടെ ഖിലാഫത്ത് പ്രക്ഷോഭം വഴി ഉണ്ടായി വന്ന ഹിന്ദു മുസ്‌ലിം മൈത്രി തകര്‍ക്കുന്നതു വരെ ചെന്നെത്തി. ഇസ്‌ലാമിന്‍റെ ഈ ശത്രുവിനെ ഇല്ലാതാക്കിയാല്‍ അതു വഴി തനിക്കു സ്വര്‍ഗ്ഗം പൂകാന്‍ വേണ്ടിയാണ് അറസ്റ്റു ചെയ്യപ്പെട്ട ആ മുസ്‌ലിം യുവാവ് ശ്രദ്ധാനന്ദയെ വധിച്ചത് എന്ന വിധത്തിലുളള കിംവദന്തികള്‍ പ്രചരിച്ചു. ഗാന്ധിജി പോലും ''വാള്‍ വിധിനിര്‍ണയിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഈസ്‌ലാം ആവിര്‍ഭവിച്ചത്. ഇന്നും അതില്‍ വിധിനിര്‍ണ്ണയിക്കുന്നത് വാള്‍ തന്നെ'' എന്ന് പരിതപിക്കുമാറ് ഇസ്‌ലാമിലെ ജിഹാദ് അപലപിക്കപ്പെട്ടു.
ഈയൊരു ചരിത്രമുഹൂര്‍ത്തത്തിലാണ്, ജിഹാദ് എന്നാല്‍ ആത്മ സംസ്കരണത്തിലേക്കും ധാര്‍മിക വിശുദ്ധിയിലേക്കും വ്യക്തിയേയും സമൂഹത്തേയും നയിക്കുവാന്‍ പ്രാപ്തമായ ഇസ്‌ലാമിന്‍റെ ആത്മാവാണ് എന്നും ഏതെങ്കിലും അവിവേകികള്‍ക്ക് ആയുധം കയ്യിലെടുക്കുവാനും കൊല്ലും കൊലയും നടത്തുവാനുളള പ്രേരകമല്ലെന്നും പ്രമാണ ബന്ധിതവും യുക്തി ഭദ്രവുമായി മൗദൂദി സമര്‍ത്ഥിച്ചത്. അഥവാ, വിരുദ്ധവും വികൃതവുമായ വ്യാഖ്യാനങ്ങളാല്‍ ആശയപരമായി തെറ്റിദ്ധരിക്കപ്പെട്ട ഇസ്‌ലാമിന്‍റെ ഒരടിസ്ഥാന സംജ്ഞയെ യഥാസ്ഥാനത്ത് പുനഃസ്ഥാപിക്കുക എന്ന കാലഘട്ടത്തിലെ ദൗത്യമാണ് 'ജിഹാദി'ന്‍റെ രചനയിലൂടെ മൗദൂദി നിര്‍വ്വഹിച്ചത്.
പേര് 'ജിഹാദ്' എന്നായതിനാല്‍ പുസ്തകം മുഴുവന്‍ വെട്ടാനും കുത്താനുമുളള ആഹ്വാനങ്ങളായിരിക്കും എന്നാണ് ഷൗക്കത്തിനെ പോലുളളവര്‍ കരുതിയത്. തകഴിയുടെ 'കയറു' വായിക്കാതെ 'വിവരം' വിളമ്പിയ ഒരു അധ്യാപകനെയാണ് ഓര്‍മ്മ വരുന്നത്. ആലപ്പുഴയിലെ കയര്‍ തൊഴിലാളികളുടെ കദന കഥയാണത്രെ 'കയര്‍'! ബഷീറിന്‍റെ 'ഭഗവദ്ഗീതയും കുറെ മുലകളും' എന്ന കൃതിയില്‍ മുല തിരഞ്ഞവരുടേതും ഏറെക്കുറെ ഇതേ അവസ്ഥ തന്നെയായിരുന്നു.
പുസ്തകത്തിന്‍റെ ഒന്നാം പകുതിയില്‍ ഇസ്ലാം വിഭാവനചെയ്യുന്ന ജിഹാദ് എന്താണ് എന്ന് പ്രമാണ ബന്ധിതമായും ചരിത്രത്തോടു ചേര്‍ന്നു നിന്നും പരിചയപ്പെടുത്തുന്നുവെങ്കില്‍, രണ്ടാം പകുതി ചര്‍ച്ചചെയ്യുന്നത് ഇന്ത്യയിലും ലോകത്തിലും നിലവിലിരിക്കുന്ന മതങ്ങളും വിശ്വാ പ്രമാണങ്ങളും മത നിരാസ പ്രസ്ഥാനങ്ങളും പരിചയപ്പെടുത്തുകയും പയറ്റുകയും ചെയ്ത യുദ്ധ കാഴ്ചപ്പാടുകളെ കുറിച്ചാണ്.
വളച്ചു കെട്ടില്ലാതെ, സുതാര്യതയോടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ് മൗദൂദിയുടെ രചനാ വൈഭവം. പ്രമാണങ്ങളും ചരിത്രവും ഉദാഹരണങ്ങളും ഉപമകളും ആവശ്യാനുസാരം വിന്യസിച്ചു കൊണ്ടുളള അദ്ദേഹത്തിന്‍റെ രചനാ ശൈലിയെ വിമര്‍ശകര്‍ പോലും അത്യാകര്‍ഷണീയമെന്ന് ശരിവെക്കുന്നു. വക്രതകളില്‍ നിന്നും ആശയങ്ങളെ വളച്ചൊടിക്കുന്നതില്‍ നിന്നും തന്‍റെ രചനകള്‍ സംശുദ്ധമായിരിക്കണം എന്ന ആദര്‍ശപരമായ ധാര്‍മികതയും സത്യസന്ധതയും മുറുകെ പിടിച്ചു കൊണ്ടാണ് മൗദൂദി തന്‍റെ അനുഗ്രഹീതമായ സമര്‍ത്ഥന വൈഭവത്തെ വിനിയോഗിച്ചത്.
ആര്യാടന്‍ ഷൗക്കത്ത് (ജനാബ്. ശൈഖ് മുഹമ്മദ് സാഹിബ് സൗജന്യമായി ഒരു കോപ്പി വീട്ടിലെത്തിച്ചു കൊടുത്തിട്ടും) ഇന്നേവരെ വായിക്കാത്തതും മൗദൂദിയെ വിമര്‍ശിക്കുവാന്‍ മുഖ്യ 'ആധാര'മായി കൊണ്ടു നടക്കുന്നതുമായ 'ജിഹാദി'ല്‍ സയ്യിദ് മൗദൂദി ഹൈന്ദവ വേദങ്ങളിലെ യുദ്ധ സമീപനങ്ങളെ പഠന വിധേയമാക്കുന്ന ഭാഗത്ത് സംസ്കൃത ഭാഷയിലുളള തന്‍റെ വൈജ്ഞാനിക പരിമിധിയെ തുറന്നു സമ്മതിച്ചു കൊണ്ട് പറയുന്നു. ' വേദമന്ത്രങ്ങളുടെ വിവര്‍ത്തനത്തിന് ഗ്രിഫ്ത്തിന്‍റേയും മാക്സ്മുളളറുടേയും വേദ പരിഭാഷകളാണ് എന്‍റെ അവലംബം. സംസ്കൃതഭാഷ വശമില്ലാത്തതിനാല്‍ വേദങ്ങളെ അതിന്‍റെ മൂലഭാഷയില്‍ വായിക്കാന്‍ കഴിയാത്തതില്‍ എനിക്ക് ഖേദമുണ്ട്. ഖുര്‍ആന്‍റെ കാര്യത്തില്‍ പാശ്ചാത്യ വിവര്‍ത്തകരുടെ സമീപനം നമുക്ക് നന്നായറിയാം. അതുകൊണ്ട് ഹിന്ദുമത ഗ്രന്ഥങ്ങളുടെ കാര്യത്തിലും പാശ്ചാത്യ വിവര്‍ത്തനങ്ങളെ പൂര്‍ണമായും അവലംബിക്കാനാവില്ല. അതിനാല്‍, വേദമന്ത്രങ്ങള്‍ക്ക് ഞാന്‍ നല്‍കിയ വിവര്‍ത്തനം നിരൂപണബുദ്ധ്യാ പരിശോധിക്കണമെന്നും വല്ല അബദ്ധവും ശ്രദ്ധയില്‍ പെട്ടാല്‍ ചുണ്ടിക്കാട്ടണമെന്നും ഞാന്‍ ഹിന്ദു പണ്ഡിതന്‍മാരോട് അഭ്യര്‍ത്ഥിക്കുകയാണ്' (ജിഹാദ്, ഐപിഎച്ച് ഒന്നാം എഡിഷന്‍, പതിനൊന്നാം അദ്ധ്യായം, കുറിപ്പ് രണ്ട്) ഇതാണ് എഴുത്തിലെ സത്യസന്ധതയും ധാര്‍മിക മികവും. ആശയ സംവേദനങ്ങളില്‍ പാലിക്കേണ്ട മര്യാദകള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാന്‍ ഷൗക്കത്തിനെ പോലുളളവര്‍ക്ക് നന്നായി മനസ്സിരുത്തി വായിക്കുകയാണെങ്കില്‍ ഈ കുറിപ്പു ധാരാളം മതി! അല്ലാതെ, വിമര്‍ശിക്കുവാനും ആളുകളെ തെറ്റിദ്ധരിപ്പിക്കുവാനും വേണ്ടി ചാനല്‍ ചര്‍ച്ചകളിലും പത്രത്താളുകളിലും വിഴുങ്ങിയും അമുക്കിയും അടര്‍ത്തിയെടുത്തും അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും തോണ്ടിത്തേക്കുകയല്ല വേണ്ടത്.
-----------------------
നാളിതുവരെയുളള ലോക ചരിത്രത്തില്‍
ജനാധിപത്യത്തേയും ദേശീയത്വത്തേയും മതേതരത്വത്തേയും നിരൂപണ വിധേയമാക്കിയത് മൗദൂദി മാത്രമാണെന്നു തോന്നും ഷൗക്കത്തിനെ പോലുളളവരുടെ വിമര്‍ശനങ്ങള്‍ കേട്ടാല്‍.
ഗോള്‍വല്‍ക്കര്‍ മുതല്‍ ഗാന്ധിജിയും ഇഎംഎസ്സും വരെ ഇവയെ എല്ലാം തങ്ങളുടേതായ ആശയങ്ങളുടേയും താല്‍പര്യങ്ങളുടേയും വെളിച്ചത്തില്‍ നിശിതമായ വിമര്‍ശന നിരൂപണങ്ങള്‍ക്കു വിധേയമാക്കിയിട്ടുണ്ട്. അതിനുളള ഒരു പ്രധാന കാരണം, ഇവയുടെ പ്രയോഗവല്‍ക്കരണത്തില്‍ പ്രത്യക്ഷവും സമകാലികവുമായ ലോകത്ത് നടമാടിക്കൊണ്ടിരുന്ന വൈരുദ്ധ്യങ്ങള്‍ തന്നെയായിരുന്നു.
ഒന്ന്, ജനാധിപത്യത്തിന്‍റേയും മതേതരത്വത്തിന്‍റേയും മൊത്തം കുത്തക ഏറ്റെടുത്തിരുന്ന യൂറോപ്യന്‍ ശക്തികള്‍ അവരണ്ടിനേയും പച്ചക്കു വ്യപിചരിച്ചതെങ്ങനെയെന്ന് അവര്‍ ആധിപത്യം സ്ഥാപിച്ച മൂന്നാം ലോക കോളനികളിലെ ജനതയോടനുവര്‍ത്തിച്ച സമീപനങ്ങളിലൂടെ ലോകത്തിനു മുമ്പില്‍ വെളിപ്പെട്ടു. രണ്ടാമതായി, ദേശീയത്വം അതിന്‍റെ അതിരടയാളങ്ങളെ തച്ചു തകര്‍ത്തു മുന്നോട്ടു പോയാല്‍ എന്തൊക്കെ അനര്‍ത്ഥങ്ങള്‍ക്ക് കാരണമാകുമെന്നും അത് വംശീയ വൈകാരികതയിലേക്കും അതു വഴി ഫാഷിസത്തിലേക്കും ഏതു വിധമാണ് ലോകത്തെ നയിക്കുകയെന്നും ഹിറ്റ്ലറും മുസോളനിയും ഇസ്രയേലിന്‍റെ നേതൃത്വത്തിലുളള സയണിസവും വരച്ചു കാണിച്ചു തന്നു.
മൗദൂദി തന്‍റെ രചനകള്‍ നിര്‍വ്വഹിക്കുന്ന കാലത്ത് ലോകത്തിനു മുമ്പാകെയുളള ജനാധിപത്യത്തിന്‍റേയും മതേതരത്വത്തിന്‍റേയും ദേശീയത്വത്തിന്‍റേയും പേരില്‍ ഈ യൂറോപ്യന്‍ പതിപ്പുകളാണ് അരങ്ങു വാണത്. ദേശീയതയെ സംബന്ധിച്ച ഇന്ത്യന്‍ പതിപ്പാകട്ടെ ഒരു വശത്ത് അത് വൈദേശിക മേല്‍ക്കോയ്മക്കെതിരെയുളള സ്വാഭാവിക വൈകാരികതയായിരുന്നെങ്കില്‍ മറുവശത്ത് ആര്‍എസ്സ്എസ്സിന്‍റെ നേതൃത്വത്തില്‍ കൂടുതല്‍ അപായകരവും പ്രതിലോമ പരവുമായ ഹൈന്ദവ ദേശീയവാദവും ജിന്നയുടേയും മുസ്‌ലീം ലീഗിന്‍റേയും നേതൃത്വത്തില്‍ മുസ്‌ലീം സാമുദായികതയില്‍ ഊന്നിക്കൊണ്ടുളള ദ്വിരാഷ്ട്രവാദവുമായി ഉരുത്തിരിയുകയായിരുന്നു.
ദേശീയതയെ കുറിച്ചുളള അപകടം നിറഞ്ഞ ഈ രണ്ടു വാദങ്ങളും മാനവിക വിരുദ്ധവും മൂല്യവിരുദ്ധവും ധാര്‍മ്മിക വിരുദ്ധവുമാണ് എന്ന് സമര്‍ത്ഥിക്കുകയാണ്, തന്‍റെ സമകാലിക ലോകത്തിലെ ഇവ സംബന്ധമായ സൈദ്ധാന്തികവും പ്രയോകപരവുമായ രീതികളെ അപഗ്രഥിച്ച കൊണ്ട് സയ്യിദ് മൗദൂദി ചെയ്തത്.
ജനാധിപത്യവും മതേതരത്വവും ദേശീയത്വവും അക്കണ്ട രൂപങ്ങളില്‍ മുന്തിയ ചരക്കുകളാണ് എന്ന് മൗദൂദി വാദിച്ചിരുന്നു വെങ്കില്‍, മായം കലര്‍ത്തിയ തത്വവിചാരങ്ങളായി മാത്രമെ ഔചിത്യബോധമുളള ചരിത്ര വിദ്യാര്‍ത്ഥികള്‍ അതിനെ വിലയിരുത്തൂ. പ്രായോഗ തലത്തില്‍ സമകാലിക രാഷ്‌ട്രീയ സാമൂഹിക സാഹചര്യങ്ങളിലും ഈ മൂന്ന് രാഷ്ട്രീയ സങ്കല്‍പങ്ങള്‍ എത്രകണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നു എന്നു മനസ്സിലാക്കുവാന്‍ ആനുകാലിക ഇന്ത്യയുടെ നേര്‍ ചിത്രങ്ങള്‍ തന്നെ ധാരാളം! ഈ വിശകലനങ്ങളില്‍ എവിടെയാണ് മൗദൂദിക്ക് പാളിച്ച പറ്റിയതെന്നും അതിലെവിടെയാണ് ഭീകരവാദത്തിന്‍റെ ബീജങ്ങള്‍ ഉളളടങ്ങിയതെന്നും ഷൗക്കത്തിനെ പോലുളള വിമര്‍ശകര്‍ വക്രതകളില്ലാതെ പറഞ്ഞു തരേണ്ടതുണ്ട്.
ഇസ്മിലെ ദൈവരാജ്യ സങ്കല്‍പം
---------------------------------------------------
ദൈവിക പരമാധികാരത്തെ പ്രതിയുളള മൗദൂദിയുടെ പ്രതിപാദനങ്ങളാണ് ഷൗക്കത്തിനെ പോലുളളവര്‍ക്ക് ചൊറിച്ചിലുണ്ടാക്കിയ മറ്റൊരു പ്രധാന സംഗതി. ഹുക്കൂമത്തെ ഇലാഹിയേയും ഇഖാമത്തുദ്ദീനിനേയുമെല്ലാം സൗകര്യാര്‍ത്ഥം സന്ദര്‍ഭങ്ങളില്‍ നിന്നടര്‍ത്തിയെടുത്ത് കസര്‍ത്തു കാണിക്കുമ്പോള്‍ ആദ്യമായി ഷൗക്കത്ത് മനസ്സിലാക്കേണ്ട കാര്യം മൗദൂദി ദൈവം എന്ന് പറയുമ്പോള്‍ വിവക്ഷിതമാകുന്നത്, ഷൗക്കത്തിന്‍റെ പിതാവ് ഇയ്യിടെയായി ദീര്‍ഘായുസ്സ് നേര്‍ന്നു കൊണ്ട് പുകഴ്ത്തി കൊണ്ടു നടക്കുന്ന കടപ്പുറത്ത് കക്ക പെറുക്കാന്‍ നടന്നിരുന്ന 'ദൈവ'മല്ല.
നിലമ്പൂരുള്‍പ്പെടെ, പ്രപഞ്ചവും ആവാസവ്യവസ്ഥകളും സംവിധാനിച്ച് മനുഷ്യനടക്കമുളള സര്‍വ്വ ചരാചരങ്ങളേയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആദിയുമന്ത്യവുമില്ലാത്ത പരാശക്തിയെ കുറിച്ചാണ്. അതൊട്ട് മൗദൂദി കൊത്തിയുണ്ടാക്കിയ ഒന്നല്ല, ഇസ്‌ലാം പരിചയപ്പെടുത്തിയ ദൈവമാണ്.
അല്ലാഹു, സര്‍വ്വേശ്വരന്‍, പരബ്രഹ്മം, ജഗന്നിയന്താവ്, ആദിപരാശക്തി, പരമ്പൊരുള്‍ എന്നു തുടങ്ങി പരശ്ശതം നാമങ്ങളിലൂടെ വേദങ്ങളിലൂടെയും പ്രവാചകന്‍മാരിലൂടെയും മാലോകര്‍ക്കു ചിരപരിചിതമായ ദൈവം തമ്പുരാന്‍. അവന്‍റെ ഏകത്വം എന്ന, സ്ഥായിയും യുക്തി ഭദ്രവുമായ മൗലിക തത്വത്തിലാണ് ഇസ്‌ലാം ഊന്നിയിട്ടുളളത്. അവന്‍ നല്‍കിയിട്ടുളള ജീവിത പന്ഥാവിലൂടെ മുന്നേറുമ്പോഴാണ് മാനവകുലത്തിന്‍റെ ജീവിതം സാര്‍ത്ഥകവും ശോഭനവുമാകുന്നത്. ലക്ഷ്യോന്‍മുഖമാകുന്നത്. അതില്‍ നിന്നുളള വ്യതിചലനം സര്‍വ്വ നാശത്തിന്‍റെ കാരണമായി തീരുന്നു. പരത്തില്‍മാത്രമല്ല, ഇഹത്തിലും ആ വ്യതിചലനം മനുഷ്യ ജീവിതത്തെ താറുമാറാക്കുന്നു. അവന്‍റെ ദൈനന്ദിന ജീവിതത്തില്‍ അസ്വസ്ഥത പടര്‍ത്തുന്നു. അതിനാല്‍ നീതിയിലും സഹവര്‍ത്തിത്വത്തിലും ഊന്നിക്കൊണ്ടുളള സാമൂഹിക ജീവിതം നയിക്കുക. സഹജീവികളോട് കാരുണ്യത്തോടെ വര്‍ത്തിക്കുക. അക്രമവും ഫിത്വ്‌നയും ഏതവസ്ഥയിലും വെച്ചു പൊറുപ്പിക്കാതിരിക്കുക . അവരണ്ടും ഭൂമിയിലെ സ്വച്ഛതയുടെ വേരറുക്കും. നീതി നിര്‍വ്വഹണത്തില്‍ പരമമായ കണിശത പുലര്‍ത്തുക. സ്വന്തം മനസ്സാക്ഷിയോടും സമൂഹത്തോടും സര്‍വ്വോപരി ദൈവത്തിനോടും സത്യ സന്ധനായിരിക്കുക. ഇതൊക്കെയാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്ന മതരാഷ്‌ട്രത്തിന്‍റെ ഉളളടക്കം.
മൗദൂദിയും ജമാഅത്തും മുന്നോട്ടു വെക്കുന്നത് ഇസ്ലാമിന്‍റെ രാഷ്‌ട്രീയമാണ്. ദൈവിക വ്യവസ്ഥയുടെ സംസ്ഥാപനം എന്നതാണ് അതിന്‍റെ വിവക്ഷ. ആ ദര്‍ശനത്തിന്‍റെ ഉളളടക്കങ്ങളുടെ വ്യവസ്ഥാപിതവും സര്‍ഗാത്മകവു മായ സംവിധാനം. അഥവാ, ജനാധിപത്യത്തിന്‍റെ സംസ്ഥാപനം, പൗര സ്വാതന്ത്ര്യത്തിന്‍റെ സംസ്ഥാപനം, ചിന്താപരതയുടെ സംസ്ഥാപനം, യുക്തിപരതയുടെ സംസ്ഥാപനം, ആശയ നിരപേക്ഷതയുടെ സംസ്ഥാപനം, വിശ്വാസ സ്വാതന്ത്യ്രത്തിന്‍റെ സംസ്ഥാപനം, ധാര്‍മിക മൂല്യങ്ങളുടെ സംസ്ഥാപനം, സദാചാര നിഷ്ഠയുടെ സംസ്ഥാപനം, സമഭാവനയുടെ, സര്‍വ്വോപരി ശാന്തിയുടെയും സമാധാനത്തിന്‍റേയും, സംസ്ഥാപനം!
ഇവയെല്ലാം ദൈവിക വ്യവസ്ഥയുടെ ഉളളടക്കങ്ങളാണ്. ഈ ഉളളടക്കങ്ങളെ കൂടാതെ ഇസ്ലാം സമ്പൂര്‍ണമല്ല. പ്രവാചകന്‍ മദീനയില്‍ സ്ഥാപിച്ചെടുത്ത മാതൃകാ സ്റ്റേറ്റില്‍ ഇതെല്ലാമുണ്ടായിരുന്നു.
കേവലം തുച്ഛമായ ശതമാനം വരുന്ന ഒരു വിഭാഗത്തിന്‍റെ കൈവശം സമൂഹം തങ്ങളെ നയിക്കുവാനുളള ഉത്തരവാദിത്വം ഏല്‍പിച്ചത് അവര്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥക്കുളളില്‍ തങ്ങള്‍ക്കുവേണ്ട സ്വസ്ഥത കൂടി ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്നറിഞ്ഞു കൊണ്ടുതന്നെയാണ്. വ്യവസ്ഥാപിതത്വം എന്നത് അത്ര നിസ്സാരമായ സംഗതിയല്ല. അതില്ലാതെയാകുമ്പോഴും വക്രീകരിക്കപ്പെടുമ്പോഴുമാണ് അതിന്‍റെ വിലയെ നാം തിരിച്ചറിയുന്നത്.
ഈ തിരിച്ചറിവില്‍ നിന്നാണ് മറ്റാര്‍ക്കും മുമ്പായി ഐസിസ് ഇസ്‌ലാമല്ല എന്നു പ്രഖ്യാപിക്കാന്‍ ജമാഅത്തിനായത്. കാരണം, ഈ ഇസ്‌ലാമിക പ്രസ്ഥാനം പ്രതിനിധീകരിക്കുന്നത് ശുദ്ധ ഇസ്‌ലാമിനെയാണ്.
കമ്മ്യൂണിസ്റ്റുകാരന് കമ്മ്യൂണിസത്തെ ഒരു വ്യവസ്ഥയായി അവതരിപ്പിക്കാമെങ്കില്‍, കോണ്‍ഗ്രസുകാരന് (സ്വന്തം നിലക്ക് ഇതുവരെ പാലിച്ചിട്ടില്ലെങ്കിലും) ജനാധിപത്യത്തേയും മതേതരത്വത്തേയും കുറിച്ചു വാചാലനാവാമെങ്കില്‍, സോഷ്യലിസ്റ്റിന് അവന്‍റെ പ്രത്യയശാസ്‌ത്രങ്ങളെ മുന്നോട്ടു വെക്കാമെങ്കില്‍, ഹിന്ദുത്വവാദിക്ക് അവന്‍ ചെയ്തു കൊണ്ടിരിക്കുന്നതുപോലെ സനാതനം എന്ന നിലക്കും ഫാഷിസമെന്ന നിലക്കും അതിനെ രാഷ്‌ട്രീയമായി പ്രതിനിധീകരിക്കാമെങ്കില്‍ ഒരുമുസ്ലിമിന് ഇസ്ലാമിന്‍റെ രാഷ്‌ട്രീയത്തെ കുറിച്ച് പറയാന്‍ പാടില്ല എന്നു വരുമ്പോള്‍ അതിലെവിടേയാണ് ജനാധിപത്യം? അതിലെവിടെയാണ് ആശയ സ്വാതന്ത്ര്യം?
സായുധ വിപ്ലവവും മൗദൂദിയും
---------------------------------------------------------
ഷൗക്കത്തിനെക്കാളും മുന്തിയ മോഡേണിസ്റ്റായ സിയാഉദ്ദീന്‍ സര്‍ദാറിന് സായുധ പ്രതിരോധത്തിലടങ്ങിയിട്ടുളള അന്തക്കേടിനെ സിയായുടെ നല്ലകാലത്ത് നല്ല പോലെ പറഞ്ഞു മനസ്സിലാക്കികൊടുത്തിട്ടുണ്ട് മൗദൂദി. സിയാഉദ്ദീന്‍ സര്‍ദാര്‍ എഴുതുന്നു.
'' 'ദ മുസ്‌ലി'മിനു വേണ്ടി മൗദൂദിയുമായി ഞാന്‍ ദീര്‍ഘമായ ഒരഭിമുഖം നടത്തുകയുണ്ടായി. സായുധ കലാപത്തിലൂടെ ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമാകുമെന്ന് താങ്കള്‍ കരുതുന്നുവോ എന്നു ഞാന്‍ ചോദിച്ചു. ഒട്ടും സന്ദേഹമില്ലാതെ അദ്ദേഹം മറുപടി നല്‍കി. അത് ശരിയായ മാര്‍ഗ്ഗമായി ഞാന്‍ കാണുന്നില്ല. അത്തരം നിലപാടുകള്‍ ഗുണത്തേക്കാളേറെ ദോഷകരമായി ഭവിക്കും. സായുധ വിപ്ലവം വഴി ഒരിസ്‌ലാമിക രാഷ്‌ട്രം തട്ടി കൂട്ടിയാല്‍ തന്നെ, ഒരു രാഷ്‌ട്രമെന്ന നിലയില്‍ ഇസ്‌ലാമികമായ രീതിയില്‍ അതിനെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ല. ഇസ്‌ലാമികമായ ധാര്‍മ്മിക ജീവിതം നയിക്കുവാന്‍ പര്യാപ്തമായ മാറ്റങ്ങളെ ഉള്‍കൊളളുവാനാവശ്യമായ പാകതയിലേക്ക് അവിടെയുളള നാനാ വിഭാഗക്കാരായ ജനങ്ങള്‍ എത്തിയിട്ടുണ്ടാവുകയില്ല. അധികാരം പിടിക്കുവാന്‍ ആര്‍ക്കും അവലംബിക്കാവുന്ന ഒന്നാണ് സായുധ കലാപം. അങ്ങനെ ഉരുവപ്പെടുന്ന മുസ്‌ലിം രാഷ്‌ട്രങ്ങള്‍ വിപ്ലവങ്ങളുടേയും പ്രതി വിപ്ലവങ്ങളുടേയും ഗൂഢതന്ത്രങ്ങളുടേയും പ്രതിഗൂഢതന്ത്രങ്ങളുടേയും കെണികളില്‍ അകപ്പെട്ടു പോവാനുളള സാധ്യതകള്‍ വര്‍ദ്ധിക്കുന്നു. സായുധ വിപ്ലവങ്ങള്‍ക്കു വേണ്ടി നിങ്ങളുടെ പ്രസ്ഥാനത്തെ ഒരു നിഗൂഢ സംഘമായി മാറ്റേണ്ടതായി വരും. അവക്ക് അവയുടേതായ മനോഘടനയാണുളളത്. എതിരഭിപ്രായങ്ങളേയോ എതിര്‍പ്പുകളേയോ ഒരു വിധേനയും അവ വെച്ചു പൊറുപ്പിക്കില്ല. വിമര്‍ശന സ്വരങ്ങള്‍ തടയപ്പെടുകയും സ്വതന്ത്രവും ന്യായയുക്തവും തുറന്നതുമായ നിരീക്ഷണങ്ങള്‍ക്ക് അത്തരം സംഘത്തില്‍ ഒരിടവും ഉണ്ടായിരിക്കുകയില്ല. ചതി, കളളം ചമക്കല്‍, വ്യാച ഇടപാടുകള്‍, കൊടിയ വഞ്ചന, രക്തം ചിന്തല്‍ തുടങ്ങിയവ ഈ സംഘങ്ങളുടെ മുഖലക്ഷണമായിരിക്കും. ഇതൊക്കെയുമാകട്ടെ ഇസ്‌ലാം ശക്തമായി വിലക്കിയതുമാണ്. തോക്കിന്‍ കുഴലിലൂടെയാണ് വിപ്ലവം വരുന്നെതെങ്കില്‍ അതിനെ നിലനിര്‍ത്താന്‍ തോക്കിന്‍ കുഴല്‍ കൂടിയേ തീരൂ! ഇതാണ് ഇതപര്യന്തമുളള സായുധ വിപ്ലവങ്ങളില്‍ നിന്നുളള പാഠം. ഇസ്‌ലാം വിഭാവന ചെയ്യുന്ന സ്വച്ഛശാന്തമായ ഒരു സാമൂഹിക പരിവര്‍ത്തനത്തെ ഇത് പാടേ താറുമാറാക്കും''. (Desperately seeking paradise - Siaudhin Sardar)
സായുധ കലാപത്തിനോടും ഗൂഢവല്‍ ക്കരണങ്ങളോടുമെല്ലാമുളള തന്‍റെ നയ നിലപാടുകള്‍ ഇതു പോലെ പല ഘട്ടങ്ങളിലായി മൗദൂദി തന്നെ വിശതമാക്കി തരുന്നുണ്ട്. ഇസ്‌ലാമിന്‍റെ പേരില്‍ സംഘടിപ്പിക്കപ്പെടുന്ന ഏതു കാലത്തേയും ഐഎസ്സുകളുടെ അടിവേരറുക്കുന്നവയാണ് മൗദൂദിയുടെ ഈ വാക്കുകള്‍. ഈ മൗദൂദിയിലാണ് ഷൗക്കത്തും കൂട്ടരും ഭീകരവാദത്തിന്‍റെ വേരു ചികയുന്നത് എന്നതാണ് വലിയ തമാശ!
ഈ മൗദൂദി മഅദനിയുടെ ഐഎസ്സ്എസ്സിനു പോലും വഴികാട്ടിയായിട്ടില്ല, എന്നിട്ടല്ലേ മൂടെവിടെയാണ് മുരടെവിടെയാണ് എന്നറിയാത്ത അബൂബക്കര്‍ അല്‍ ബാഗ്ദാദി എന്ന വ്യാചന്‍റെ ഐഎസ്സിന്! മറിച്ച്, 'ജിഹാദ്' വായിച്ച് അല്‍പം രണ ശൂരതയൊക്കെയാവാം എന്ന് കരുതിയവരുടെ ഉളള മൂഡും പോക്കി കളയുകയാണ് മൗദൂദി. അങ്ങനെ 'ആയുധം താഴെയിട്ടവ'രുമുണ്ട്!
അതുകൊണ്ട്, ജമാഅത്തിന്‍റെ പദസമ്പത്തുകളില്‍ തീവ്രവാദത്തിനും ഭീകരവാദത്തിനും വേരു തെരഞ്ഞു നടക്കുന്നതിനു പകരം അത്തരം പദാവലികളുടെ നിരന്തര വായനകളിലൂടെ ഊര്‍ജ്ജം സ്വാംശീകരിച്ച ഒരു പ്രസ്ഥാനം ഉപഭൂഖണ്ഡത്തില്‍ പകല്‍ വെളിച്ചത്തില്‍ തന്നെ പന്തലിച്ചു നില്‍ക്കുന്നത് കാണണം. ഖുര്‍ആനിന്‍റെയും പ്രവാചകാധ്യാപനങ്ങളുടെയും പ്രോജ്ജ്വലമായ ആശയ സമ്പന്നതയെ അതിന്‍റെ തെളിമയും തനിമയും ഒട്ടും ചോര്‍ന്നു പോവാതെ ആവോളം പകര്‍ന്നു തന്ന മഹാനായ സയ്യിദ് അബുല്‍ അഅലാ മൗദൂദി വളര്‍ത്തിയെടുത്ത പ്രസ്ഥാനം! അതാണ് ജമാഅത്തെ ഇസ്‌ലാമി. കുഞ്ഞാലിയെ പോയിട്ട് ഒരു കുഞ്ഞീച്ചയെ പോലും മൗദൂദിയില്‍ നിന്ന് പ്രസ്ഥാനം ഉള്‍കൊണ്ട അതിന്‍റെ പ്രവര്‍ത്തകര്‍ വകവരുത്തിയിട്ടില്ലാ എങ്കില്‍ നിങ്ങളുടെ അരിശവും ചൊറിച്ചിലും നീറ്റലും തീര്‍ക്കാനുളള അമ്പമലണിയായി അതിനെ കാണാതിരിക്കുക. ഊക്കു കൂടിയാല്‍ ചില അമ്പലമണികളെങ്കിലും തിരികെ വന്ന് തളളിയവന്‍റെ നെറ്റിയില്‍ ഇടിച്ചേക്കാം. അല്ല, അങ്ങനെ ചിലരൊക്കെ വീണു പോയിട്ടുണ്ട്.
അതിനാല്‍, ആ തറവാട്ടടുപ്പത്ത് നിന്ന്, മൗദൂദിയേയും ജമാഅത്തിനേയും ആറ്റിക്കുറുക്കി ഐഎസ് ആക്കുവാന്‍ വെച്ച വെളളം പ്ലീസ്... ഇറക്കി വെച്ചേക്കൂ. അതില്‍ ഈ 'മൗദൂദി' വേവില്ല.
(13-10-2016. ജാബിര്‍ പുല്ലൂര്‍)