'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )
ഭരണമില്ലാത്ത ദീന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഭരണമില്ലാത്ത ദീന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഏപ്രിൽ 11, 2013

ജമാഅത്തുകാര്‍ക്ക് സൌദിയിലേക്ക് പോയിക്കൂടെ ?.

മുജാഹിദുകള്‍ക്കിടയിലെ പിളര്‍പ്പും വടംവലിയും പരസ്പരാക്ഷേപംചൊരിയലും പല മുജാഹിദ് സുഹൃത്തുക്കളെയും മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവെന്നത് ഒരു രഹസ്യമല്ല. സ്വഭാവികമായി അവരില്‍ പലരും ജമാഅത്തെ ഇസ്ലാമിയെയും അറിയാന്‍ ശ്രമിക്കുന്നു. തങ്ങള്‍ നിരന്തരമായി അതിനെതിരെ കേട്ട ആക്ഷേപത്തിലെ വസ്തുതകളെ വിശകലനവിധേയമാക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു. പരസ്പരം പഴിചാരുകയും പോരാടികൊണ്ടിരിക്കുന്ന ഈ നേതാക്കളുടെ വാക്ക് കേട്ടാണല്ലോ തങ്ങള്‍ ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തെക്കുറിച്ചുള്ള ധാരണ രൂപീകരിച്ചിരിക്കുന്നത് എന്നവര്‍ തിരിച്ചറിയുന്നു. ഇയ്യിടെ ചില ജമാഅത്ത് സുഹൃത്തുക്കള്‍ക്ക്  മുജാഹിദ് സഹോദരങ്ങളില്‍ നിന്ന് അയച്ചുകിട്ടിയ ചോദ്യം അതാണ് വ്യക്തമാക്കുന്നത്. ചോദ്യം ഇതാണ്.

നിങ്ങൾ പറയുന്നു ഒരു മുസ്ലിം ഇസ്ലാമിക ഭരണം ഉള്ളയിടത്ത് മാത്രമേ ജീവിക്കാവൂ, എങ്കിൽ മാത്രമേ അവന്റെ ഈമാൻ പൂർണ്ണമാവൂ, അപ്പോൾ നിങ്ങൾ ആദ്യം ഇന്ത്യ വിട്ടു സൌദിയിൽ പോവുകയല്ലേ വേണ്ടത് ?

ഇസ്ലാമിക ഭരണത്തിന് കീഴിലെ ഒരു മുസ്ലിമിന് ജീവിക്കാവൂ എന്ന് നിങ്ങൾ പറയുന്നുണ്ടോ ?

സത്യത്തില്‍ ഈ ചോദ്യം മുജാഹിദുകളും അവരെ തുടര്‍ന്ന് മറ്റു വിഭാഗങ്ങളും നിരന്തരമായി ജമാഅത്തെ ഇസ്ലാമിയെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായി ഉത്ഭവിച്ച ഒരു സംശയമാണ്. ഇത്തരമൊരു വാദം ജമാഅത്ത് ഏതെങ്കിലും കാലത്ത് ഉന്നയിച്ചിരുന്നോ ?. ഉണ്ടെങ്കില്‍ ആരാണതുന്നയിച്ചത് ?. എന്തായിരുന്നു ആ വാദം ?. എന്നിങ്ങനെ ഈ വാദത്തിന് ഉപോദ്പലകമായ തെളിവുകളൊന്നും പൊതുവെ ഹാജറാക്കപ്പെടാറില്ല. ചിലപ്പോഴെങ്കിലും ഒരു തെളിവായി കൊണ്ട് വരാറുള്ളത് മൌദൂദി സാഹിബ് ഖുതുബാത്തില്‍ പറഞ്ഞ ഒരു ഉദ്ധരിയാണ്.  ഭരണമില്ലാത്ത ദീന്‍ ഭൂമിയില്‍ സ്ഥാപിതമാകാത്ത ഭവനം പോലെയാണ് എന്ന മൌദൂദി പറഞ്ഞുവെന്നും. അതിന്റെ അര്‍ഥം ഭരണമില്ലെങ്കില്‍ ദീനില്ല എന്നല്ലേ. അപ്പോള്‍ ഇസ്ലാമിക ഭരണമില്ലാത്തിടത്ത് ജീവിക്കുന്ന മുസ്ലിമിന്റെ ഈമാന്‍ പൂര്‍ണമല്ല എന്ന് മൌദൂദിയും ജമാഅത്ത് പ്രവര്‍ത്തകരും വിശ്വസിക്കുന്നുവെന്നും അല്ലേ ഇതിനര്‍ഥം എന്നാണ് അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചോദിക്കുന്നത്. ഇതേ വിഷയത്തില്‍ നേരത്തെ ഒരു പോസ്റ്റ് നല്‍കിയതിനാല്‍ അക്കാര്യം ഇവിടെ വിശദീകരിക്കുന്നില്ല.

ഞാനീ പ്രസ്ഥാനത്തെ പരിചയപ്പെട്ടിട്ട് കാല്‍നൂറ്റാണ്ടിലേറെയായി അതിനിടയില്‍  മുകളിലെ ചോദ്യത്തിന് സഹായകമായ ഒരു പ്രസ്താവനയോ, പ്രസംഗമോ, ലേഖനമോ, പുസ്തക ഉദ്ധരണിയോ ഞാനിതുവരെ കണ്ടിട്ടില്ല. ഇസ്ലാമിക ഭരണം ഉണ്ടാവട്ടേ ഇല്ലാതിരിക്കട്ടേ ഒരു മുസ്ലിമിന്റെ ഈമാനെ അത് ബാധിക്കുന്നില്ല എന്നാണ് ഇത്രയും കാലത്തിനിടക്ക് ജമാഅത്തെ ഇസ്ലാമിയില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. കടുത്തധിക്കാരിയായ ഫറോവയുടെ കീഴിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ പത്നിയെയാണ് അല്ലാഹു വിശ്വാസിനികള്‍ക്ക് മാതൃകയായി അവതരിപ്പിച്ചത് എന്നതു തന്നെ മതി ഇതിന് തെളിവായി. അല്ലെങ്കിലും ഈമാന്‍ എന്നത് ഒരാളുടെ മനസ്സുമായി ബന്ധപ്പെട്ടതാണ്. അതില്‍ അയാളുടെ നിയന്ത്രണത്തിലില്ലാത്ത ഒരു ബാഹ്യഘടകത്തിന് സ്വധീനം ചെലുത്താനാവും എന്ന് കരുതുന്നത് തന്നെ ശരിയല്ല.

മുജാഹിദ് സുഹൃത്തിന്റെ മേലെ നല്‍കിയ ചോദ്യത്തിലേക്ക് മടങ്ങാം. നിങ്ങള്‍ പറയുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഇവിടെ ചോദ്യം ഉന്നയിക്കുന്നത്. സത്യത്തില്‍ ജമാഅത്ത് പറയുന്നതായി ജമാഅത്ത് വിമര്‍ശകര്‍ ആരോപിക്കുകയാണിവിടെ. ജമാഅത്ത് പറയുന്നെങ്കില്‍ ആര് എവിടെ പറഞ്ഞുവെന്ന് അവര്‍ വ്യക്തമാക്കട്ടേ.. അപ്പോള്‍ അതേക്കുറിച്ച് സംസാരിക്കാം. അങ്ങനെ ഒരു വാദം ഇല്ലാത്തതിനാല്‍ ചോദ്യത്തിന് ഉത്തരം പറയേണ്ട ആവശ്യം ഇല്ല. എന്ന് വെച്ചാല്‍ ജമാഅത്തെ ഇസ്ലാമി ഒരു മുസ്ലിം ഇസ്ലാമിക ഭരണമുള്ളിടത്തേ ജീവിക്കാവൂ എന്ന് പറഞ്ഞിട്ടില്ല. അതിനാല്‍ തുടര്‍ന്ന് വരുന്ന ചോദ്യത്തിന് ഒട്ടും പ്രസക്തിയില്ല. ഒരു മാതൃകാ ഇസ്ലാമിക രാജ്യമായി ജമാഅത്തെ ഇസ്ലാമി സൌദി അറേബ്യയെ കാണുന്നുമില്ല.

ഈ ചോദ്യത്തിലും മുജാഹിദ് നിലപാടിലും ആക്ഷേപത്തിലും ഉള്ള വൈരുദ്ധ്യം പ്രകടമാണ്. പലപ്പോഴും തെറ്റായ വലിയ മുന്‍ധാരണകളാണ് ജമാഅത്ത് വിമര്‍ശകരെ നയിക്കുന്നത്. ആവശ്യമായ ഡാറ്റ് കളക്ട് ചെയ്യുന്നതിന് മുമ്പ് അവര്‍ തീരുമാനത്തിലും നിലപാടിലും എത്തുന്നു. സമസ്ത മുസ്ലിയാക്കന്‍മാരുടെ പ്രസംഗം കേട്ട് ഒരാള്‍ മുജാഹിദ് പ്രസ്ഥാനത്തെ വിലയിരുത്തുന്നത് പോലുള്ള ഒരു അന്തക്കേട് മുജാഹിദ് പ്രാസംഗികരുടെ പ്രസംഗം കേട്ട് ജമാഅത്തെ ഇസ്ലാമിയെ വിലയിരുത്തിയാലും സംഭവിക്കും എന്നത് സ്വഭാവികമാണല്ലോ. എങ്കിലും തങ്ങളുടെ നേതാക്കള്‍ സത്യമേ പറയൂ എന്ന ധാരണയില്‍ അവര്‍ പറയുന്നതിനപ്പുറം വിശ്വാസിക്കാതെ അണികള്‍ പിന്തുടരുന്നു. ആ വിശ്വാസത്തിന് ഉലച്ചില്‍ തട്ടിയപ്പോഴാണ്. ഇത്തരം മറുചിന്തകളും. ജമാത്തുകാരില്‍നിന്ന് തന്നെ കാര്യം അറിയണം എന്ന താല്‍പര്യവും ചിലരില്‍ അങ്കുരിക്കുന്നത്. ഇതിനെ പൂര്‍ണമായി സ്വാഗതം ചെയ്യുന്നു.

ഈ വിഷയത്തിലെ അവ്യക്തത നീക്കാന്‍ മുജാഹിദു സുഹൃത്തുക്കളെ ക്ഷണിക്കുകയും ചെയ്യുന്നു..

ചൊവ്വാഴ്ച, ജനുവരി 31, 2012

ഭരണമില്ലാത്ത ദീൻ സങ്കൽപ വീട് പോലെയോ ?

'സ്വന്തം ഭരണമില്ലാത്ത ദീനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്‌പവീടുപോലെയാണ്‌. ഭൂമിയില്‍ സ്‌ഥാപിതമായ ഒരു വീട്ടില്‍ മാത്രമെ നിങ്ങള്‍ക്ക്‌ താമസിക്കാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ പിന്നെ തലച്ചോറില്‍ മറ്റൊരു വീട്ടിന്റെ പ്ലാനുണ്ടായിരിക്കുന്നതുകൊണ്ട്‌ എന്തു പ്രയോജനമാണുള്ളത്‌?' (ഖുതുബാത്ത്‌, പേജ്‌ 398, ജിഹാദിന്റെ പ്രാധാന്യം)

സങ്കല്‌പവീടു എന്നാല്‍ അങ്ങനെ ഒരു സംഭവം ഇല്ല. അതെല്ലേ അതിന്റെ അർത്ഥം.. ഞാന്‍ ചോദിച്ച ജാമഅത്തുകാരെല്ലാം പറഞ്ഞത്. നിങ്ങൾ... ആ ഖുതുബാത് മുഴുവന്‍ വായിക്കണം.. അവിടെ വായിക്കണം . ഇവിടെ വായിക്കണം.. എവിടെ വായിച്ചിട്ടും ഈ എഴുതിയത് ഇല്ലാതാവുന്നുണ്ടോ ?.. ..ഈ മലയാളത്തില്‍ ഉള്ള ഈ പരിപാഷ ബുക്ക്‌ ഇനി എത്ര പ്രാവശ്യം വായിക്കണം?

ഇത് വായിച്ച്. അതിന്റെ പൂര്‍ണ രൂപങ്ങള്‍ എല്ലാം മനസിലായ ജമാഅത്തുകാര്‍ ഒന്ന് വിശദീകരിക്കണം.. അറിയാന്‍ വേണ്ടിയിട്ടാണ് ..

മുകളില്‍ കൊടുത്ത ഖുതുബാത്തിലെ വാചകങ്ങള്‍ ഖുറാനില്‍ ഉണ്ടോ ? അല്ലെങ്കില്‍ അതിനു സമാനമായത് ?ഹദീസില്‍ ഉണ്ടോ ?ഏതെങ്കിലും മത്ഹബിന്റെ ഇമാമുകളോ, അല്ലെങ്കില്‍ മഹാന്മാരായ മുഫസ്സിര്‍ മാരോ , ഇങ്ങനെ പറഞ്ഞിട്ടുണ്ടോ?

ഇത് സത്യമാണെന്ന് നിങള്‍ വിശ്വസിക്കുന്നു എങ്കില്‍ നിങ്ങളുടെ ദീനിന്റെ അവസ്ഥ എന്താണ്?ഭരണം ഇല്ലാതെ മരിച്ചു പോയ പ്രവാചകന്‍ മാരുടെ അവസ്ഥ എന്താണ് ? അവരുടെ ദീന്‍ പൂര്‍ത്തിയായില്ല എന്നാണോ നിങ്ങള്‍ പറയുന്നത്?ദീന്‍ പൂര്തിയാകതിരുന്നാല്‍ എന്ത് സംഭവിക്കും? മുസ്ലിമോ ,കാഫിറോ, മുനാഫിക്കോ, അതോ മുശ്രിക്കോ ? അതോ പാപം ചെയ്തവരോ? പാപമാണെങ്കില്‍ , വലിയ പാപമോ ചെറിയ പാപമോ? ഭരണം മുസ്ലിമിന് നിര്‍ബന്ധമാണോ? അതോ സുന്നതോ? അതോ തൌഹീദിന്റെ ഭാഗമോ ? തൌഹീദിന്റെ ഭാഗമാണെങ്കില്‍ അത് മുഴുവനാകാതെ ഒരാള്‍ മുസ്ലിമാകുമോ? ഭരണം ഉലൂഹിയത്തിലോ , അതോ റുബൂബിയത്തിലോ , അതോ അസ്മാഉ വസിഫാതിലോ , പെടുക ? ഇതാണല്ലോ തൊഹീദിന്റെ ഭാഗങ്ങള്‍.

----------------------
ഫെയ്സ് ബുക്കിൽ ഒരു മുജാഹിദ് പ്രവർത്തകന്റെ കമന്റാണ് മുകളിൽ നൽകിയത്. ഇത് ഒരാളുടെ മാത്രം അഭിപ്രായമോ ചോദ്യങ്ങളോ അല്ല.  മുജാഹിദ് പണ്ഡിതൻമാർ മുതല്‍ അവരിലൂടെ പാമരന്‍മാര്‍ വരെ അകപ്പെട്ട തെറ്റിദ്ധാരണയുടെ ആഴം വ്യക്തമാക്കുന്ന പരാമര്‍ശങ്ങളാണ് അതിലുള്ളത്. പ്രതികരണത്തിലേക്ക് കടക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ വ്യക്തമാക്കട്ടേ.
 
ഏതൊരു വാചകത്തിനും അതിന്റെ ശരിയായ ആശയം ലഭിക്കുന്നത് അതിന്റെ സന്ദര്‍ഭത്തില്‍ വെച്ച് വായിക്കുമ്പോഴാണ്. വിമര്‍ശിക്കാന്‍ മാത്രം ഉദ്ദേശിച്ച് ഏത് ഗ്രന്ഥം പരതിയാലും ഇഷ്ടം പോലെ വ്യഖ്യാനിക്കാവുന്ന ഉദ്ധരണികള്‍ ലഭിക്കും. ഈ അവസരം തന്നെയാണ് ഇസ്ലാമിക വിമര്‍ശകരും അവലംബിക്കുന്നത്. ഇസ്ലാമിനെതിരെ യുക്തിവാദി കേന്ദ്രങ്ങളില്‍ നിന്നും ഇതര മതങ്ങളുടെ വിമര്‍ശകരില്‍നിന്നും ആരോപണം വരുമ്പോള്‍ മുജാഹിദും സമസ്തയും ജമാഅത്തുമൊക്കെ അവരോട് വിമര്‍ശനത്തിന് ആധാരമാക്കിയ ഉദ്ധരണി അത് എടുത്ത സ്ഥലവും സന്ദര്‍ഭവും പരിഗണിച്ച് വായിക്കാനാണ് ആദ്യം ആവശ്യപ്പെടാറുള്ളത്. അപ്രകാരം ആവശ്യപ്പെടുന്നത് ഒരു ആത്മവിശ്വാസത്തിന്റെ കൂടി ഫലമാണ്. അപ്രകാരം ചെയ്തിട്ടും മനസ്സിലാകുന്നില്ലെങ്കില്‍ അവരുടെ തന്നെ മുന്‍ധാരണ കാരണമായും സംഭവിക്കാം. അപ്പോള്‍ അതിന് കാരണമായ ചില ധാരണകളെ തിരുത്തേണ്ടി വരും.

ഖുതുബാത്തില്‍നിന്ന് മുകളില്‍ ഉദ്ധരിച്ച വാചകത്തെ സംബന്ധിച്ചും അത് തന്നെയാണ് പറയാനുള്ളത്. ദീന്‍ എന്നാല്‍ മതം എന്ന അര്‍ഥത്തിനപ്പുറം ചിന്തിക്കാത്തവര്‍ക്ക് പിണയുന്ന ഒരു അബദ്ധമാണ് മുജാഹിദ് പണ്ഡിതന്‍മാരിലൂടെ ഈ സഹോദരനും പിണഞ്ഞിരിക്കുന്നത്. വിഷയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഒരു ചെറിയ ഉദാഹരണം പറയാം. വിശുദ്ധഖുര്‍ആനിലെ മാഇദ അധ്യായത്തിലെ മൂന്നാമത്തെ   സൂക്തത്തിന്റെ ഒരു ഭാഗമാണല്ലോ
( ഇന്നു ഞാന്‍ നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്കു സമ്പൂര്‍ണമാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളില്‍ തികയ്ക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി ഇസ്ലാമിനെ ദീന്‍ എന്ന നിലയില്‍ ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ) ഹിജ്റ 10ാം വര്‍ഷമാണ് ഈ സൂക്തം അവതരിച്ചത്. അഥവാ പ്രവാചകന്‍റ അവസാന കാലത്ത്. ഈ സൂക്തം മാത്രം എടുത്ത് നമ്മുക്ക് എന്തെല്ലാം ചോദ്യം മുജാഹിദ് ശൈലിയില്‍ ചോദിക്കാം. എന്താണ് കൂട്ടരെ നിങ്ങളീ പറയുന്നത്. ദീന്‍ പൂര്‍ത്തിയായത് അവസാന പ്രവാചകന്‍റെ അവസാന കാലത്തോ? അപ്പോള്‍ അതിന് മുമ്പ് മരിച്ചു പോയ സഹാബാക്കളെല്ലാം പകുതി ദീനും കാല്‍ ദീനുമായി മരിച്ചു പോയവരാണോ?. അവരുടെ ദീന്‍ പൂര്‍ത്തിയായില്ല എന്നാണോ നിങ്ങള്‍ പറയുന്നത്?ദീന്‍ പൂര്തിയാകതിരുന്നാല്‍ എന്ത് സംഭവിക്കും? മുസ്ലിമോ ,കാഫിറോ, മുനാഫിക്കോ, അതോ മുശ്രിക്കോ ? അതോ പാപം ചെയ്തവരോ? പാപമാണെങ്കില്‍ , വലിയ പാപമോ ചെറിയ പാപമോ?  ഇങ്ങനെ ചോദിക്കുന്നവന് സാമാന്യഇസ്ലാമിക ബോധം ഉണ്ട് എന്ന് നമ്മുക്ക് പറയാനാവുമോ അത് പോലെ മാത്രമേ മേല്‍ ഖുതുബാത്ത് ഉദ്ധരണിവായിച്ച് വലിയ ചോദ്യമെന്ന നിലക്ക് ഉന്നയിക്കുന്ന മുജാഹിദ് കാരനെക്കുറിച്ചും ഒരു ജമാഅത്ത് പ്രവര്‍ത്തകന് തോന്നുന്നത്. ഇനി ഖുതുബാത്തിലെ ഉദ്ധരണിയെക്കുറിച്ച് ചിന്തിക്കാം.
'സ്വന്തം ഭരണമില്ലാത്ത ദീനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്‌പവീടുപോലെയാണ്‌. ഭൂമിയില്‍ സ്‌ഥാപിതമായ ഒരു വീട്ടില്‍ മാത്രമെ നിങ്ങള്‍ക്ക്‌ താമസിക്കാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ പിന്നെ തലച്ചോറില്‍ മറ്റൊരു വീട്ടിന്റെ പ്ലാനുണ്ടായിരിക്കുന്നതുകൊണ്ട്‌ എന്തു പ്രയോജനമാണുള്ളത്‌?' (ഖുതുബാത്ത്‌, പേജ്‌ 398, ജിഹാദിന്റെ പ്രാധാന്യം) ഇതാണ് ഉദ്ധരണി 2001ല്‍ ഇറങ്ങിയ 16ാമത് എഡിഷനാണ് എന്റെ കൈവശം ഉള്ളത്. അതില്‍ പ്രസ്തുത ഉദ്ധരണി 288 ാം പേജിലാണ്. ഇത് പറയുന്നത് പതിറ്റാണ്ടുകള്‍ക്ക് മുമ്പെങ്ങോ എഴുതിവെച്ച ഉദ്ധരണി പിന്നാലെ വരുന്നവര്‍ പകര്‍ത്തുന്നുവെന്നല്ലാതെ ആ പുസ്തകം വായിച്ചിട്ടോ തൊട്ടുനോക്കിയിട്ടോ അല്ല ആരോപണം ഉന്നയിക്കുന്നത് എന്ന് വ്യക്തമാക്കാനാണ്.


ഈ അധ്യായം ദീനിനെ വിശദീകരിക്കാനല്ല മൌദൂദി ഉപയോഗിക്കുന്നത്. അത് വിശദമാക്കുന്നത് ദീനും ശരീഅത്തും എന്ന പതിനൊന്നാം അധ്യായത്തിലാണ് (പേജ് 123)
. ആ അധ്യായം വായിച്ച് മൌദൂദിയുടെ ഈ വിശകലനം ഇസ്ലാമിക ദൃഷ്ട്യാ തെറ്റാണ് എന്ന് പ്രമാണങ്ങളിലൂടെ വ്യക്തമാക്കുകയാണ് വേണ്ടത്. ഇസ്ലാമിന്റെ നാല് സാങ്കേതിക ശബ്ദങ്ങള്‍ എന്ന പുസ്തകത്തിലാണ് എന്താണ് ദീന്‍ എന്ന് വളരെ കൃത്യമായി മൌദൂദി വിശദീകരിക്കുന്നത്. ആ ഭാഗവും ഖുതുബാത്തിലെ ദീനും ശരീഅത്തും എന്ന അധ്യായവും വായിച്ചിട്ടാണ് ഇതേ പുസ്തകത്തിലെ അവസാന അധ്യായമായ ജിഹാദിന്റെ പ്രാധാന്യം (അധ്യായം 29) എന്നിടത്ത് നാം എത്തിച്ചേരുന്നതെങ്കില്‍ ഇത്തരം വിഢി ചോദ്യങ്ങളേ ഉണ്ടാവില്ല. ആ അധ്യായം തന്നെ തുടക്കം മുതല്‍ വായിക്കുന്നുവെങ്കില്‍ എന്താണ് മൌദൂദി ഇതുകൊണ്ട് അര്‍ഥമാക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല. അദ്ദേഹം അത് പറയുന്ന സന്ദര്‍ഭം കൂടി പരിഗണിച്ചാല്‍ ഇതല്ലാതെ ഒരു കാലഘട്ടത്തിന്റെ മുജദ്ദിദ് മറ്റെന്താണ് പറയുക എന്നും നമ്മുക്ക് സംശയമുണ്ടാവും.

ഇസ്ലാമിക വിശ്വാസ പ്രമാണമനുസരിച്ച് ദീന്‍ എന്നാല്‍ ചില ആരാധനകളുടെ സമുച്ചയമായ മതത്തിന് പറയുന്ന പേരല്ല. ദൈവത്തിന് സര്‍വാത്മനാ വിധേയമാകുന്നതിന്റെ പേരാണ്. അതില്‍ ആരാധനയുണ്ട്, വ്യക്തിനിയമമുണ്ട്,  സാമൂഹിക-സാംസ്കാരിക-സാമ്പത്തിക-കുടുംബ-രാഷ്ടീയ നിയമങ്ങളൊക്കെയുണ്ട്. അതൊരു ജീവിത വ്യവസ്ഥയാണ്, ഭരണവ്യവസ്ഥയാണ്, സാമ്പത്തിക വ്യവസ്ഥയാണ്. ഇവയിലൊക്കെ പെട്ട ഒന്നോ അതിലധികമോ വ്യവസ്ഥക്ക് ദീന്‍ എന്ന് പ്രയോഗിക്കാമെങ്കിലും ഇസ്ലാം ദീന്‍ എന്നാല്‍ ഇതെല്ലാം ചേര്‍ന്നതാണ്. അതുകൊണ്ട് ഒരു മുസ്ലിമിന് ഓരോ രംഗത്തും ഓരോ ദീന്‍ ആവശ്യമില്ല എന്നതാണ് മൌദൂദി സാഹിബ് പറയുന്നത്. ഇത് അദ്ദേഹത്തിന്റെ കണ്ട് പിടുത്തമല്ല. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ സ്ഥീരീകരിക്കുന്നതാണ്. മൌദൂദി പ്രമാണബദ്ധമായിട്ടല്ലാതെ ഇക്കാര്യം പറഞ്ഞിട്ടുമില്ല. അതിനെ ഖണ്ഡിക്കാതെ ചില ഉദ്ധരണികള്‍ മുറിച്ചെടുത്ത് വിമര്‍ശകര്‍ തെറ്റിദ്ധാരണ പരത്തുന്നതും അതുകൊണ്ടാണ്.

ഇതേ ചിന്തയില്‍നിന്ന് കൊണ്ട് അന്നത്തെ ഭരണവ്യവസ്ഥയെ അടക്കം മൌദൂദി ദീനുകള്‍ എന്ന് വിവക്ഷിക്കുന്നു. എന്നിട്ടദ്ദേഹം പറയുന്നു. നിങ്ങള്‍ ഇസ്ലാം ദീനിന്റെ ആളുകളാണെങ്കില്‍ ഇതര ദീനുകളെ എങ്ങനെ നിങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയും. ആരാധനകള്‍ ബിംബത്തിനര്‍പ്പിക്കുന്ന ഇതര ദീന് മാത്രമല്ല. മനുഷ്യജീവിതത്തിന്റെ ഇതര രംഗങ്ങളെ സ്വാധീനിക്കുന്ന വ്യവസ്ഥകളെയും ദീന്‍ എന്ന് തന്നെ പറയാവുന്നതാണ്. ആ നിലക്ക് പ്രസ്തുത ഉദ്ധരണി ഉള്‍കൊള്ളുന്ന ഖണ്ഡിക വായിച്ചാല്‍ തന്നെ മൌദൂദിയെ വളരെ ക്രൂരമായി തെറ്റിദ്ധരിപ്പിക്കുകയാണ് അല്ലാഹുവിന്റെയും റസൂലിന്റെയും പേര് പറഞ്ഞ് മുജാഹിദു നേതാക്കള്‍ ചെയ്യുന്നതെന്ന് ആര്‍ക്കും പകല്‍ പോലെ വ്യക്തമാകും. അതിന് മുമ്പ് വിശുദ്ധഖുര്‍ആനിലെ ഒരു സൂക്തം കൂടി പരിഗണിക്കണം. പ്രവാചകന്റെ നിയോഗ ലക്ഷ്യം എന്താണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. (തന്റെ ദൂതനെ സന്മാര്‍ഗവും സത്യദീനുമായി നിയോഗിച്ചത് അവനാകുന്നു; അതിനെ സകല ദീനിനേക്കാളും വിജയിപ്പിക്കുന്നതിന്-ദൈത്തില്‍ പങ്കാളികളെ കല്‍പിക്കുന്നവര്‍ക്ക്  അതെത്ര അസഹ്യമായാലും ശരി. 61:9)
ദൈവത്തിന് പങ്കാളികളെ കല്‍പ്പിക്കുക എന്നത് ആരാധനയില്‍ മാത്രമല്ല. ദൈവത്തിന്റെ സത്തയിലും ഗുണവിശേഷണങ്ങളിലും അധികാരാവകാശങ്ങളിലും പങ്കുചേര്‍ത്താലും മുശ്രിക്ക് തന്നെ. സ്വയം നിയമം നിര്‍മിക്കാനും നടപ്പിലാക്കാനും അധികാരം വാദിക്കുന്നതും അത് അപ്പടി അംഗീകരിച്ചുകൊടുക്കുന്നതും എന്തിന്റെ പേരിലായാലും ദൈവത്തില്‍ പങ്കുചേര്‍ക്കല്‍ തന്നെ. ആ നിലക്ക് തന്നെ മുകളിലെ സൂക്തത്തിലെ ദീനിന് കേവലം ഏതെങ്കിലും മതത്തേക്കാള്‍ വിജയം എന്നതിനപ്പുറം എല്ലാ വ്യവസ്ഥകളെകളെയും അതിജയിക്കുന്നതിന് വേണ്ടി എന്ന ആശയമാണ് കൂടുതല്‍ ഇസ്ലാമിക സത്തയോട് പൊരുത്തപ്പെടുന്നത്. അതിജയിക്കുന്നത് ശക്തികൊണ്ടല്ല അതിന്റെ മികവ് കൊണ്ടാണ് എന്ന് മനസ്സിലാക്കുകയാണ് ഒന്നാമത് വേണ്ടത്.  ആ നിലക്കാണ് മൌദൂദി സാഹിബ് ദീന്‍ എന്ന സംജ്ഞയെ കാണുന്നത്. ഇനി അദ്ദേഹം ഖുതുബാത്തില്‍ എന്താണ് പറഞ്ഞെതെന്ന് കാണുക. ഇടക്ക് ബ്രാക്കറ്റില്‍ നല്‍കിയത് എനിക്ക് പ്രസ്തുത ഭാഗത്ത് നിന്ന് മനസ്സിലായത്. 288-289 പേജില്‍ ഒറ്റ ഖണ്ഡികയായിട്ടാണ് മൌദൂദി വിശദീകരിക്കുന്നത് വായനാ സൌകര്യത്തിന് അത് വീണ്ടും ഖണ്ഡികയാക്കിതിരിച്ചിരിക്കുന്നു. 

'ഈ തത്വവും നിങ്ങളുടെ ഹൃദയത്തില്‍ സ്ഥലംപിടിച്ചുകഴിഞ്ഞാല്‍ പിന്നെ ഒരു ദീര്‍ഘിച്ച സംഭാഷണമോ വാദപ്രതിവാദമോ കൂടാതെതന്നെ, ദീന്‍ ഏതുജാതിയില്‍ പെട്ടതാണെങ്കിലും അതു അതിന്റേതായ ഭരണം ആഗ്രഹിക്കുന്നുണ്ടെന്ന പരമാര്‍ഥത്തില്‍ നിങ്ങളുടെ ബുദ്ധിതന്നത്താന്‍ ചെന്നെത്തുന്നതാണ്. പ്രജായത്ത ദീനോ രാജത്വദീനോ ആകട്ടേ, സോഷ്യലിസ്റ്റ് ദീനോ അല്ലാഹുവിന്റെ ദീനോ മറ്റേതെങ്കിലും ദീനോ ആകട്ടേ ഓരോന്നിനും അതിന്റെ നിലനില്‍പ്പുതന്നെ സ്വന്തമായ ഭരണം ഏതുവിധത്തിലും അത്യന്താപേക്ഷിതമാകുന്നു. സ്വന്തം ഭരണമില്ലാത്ത ദീനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്‍പ വീടുപോലെയാണ്. (ഇതില്‍നിന്ന് ഈ പരാമര്‍ശം ഇസ്ലാം ദീനിനെക്കുറിച്ച് മാത്രമല്ല എന്ന് വളരെ വ്യക്തമാണ്. അഥവാ ഏത് വ്യവസ്ഥയും അതിന്റെതായ അധികാരം കൂടി ഉണ്ടാവണമെന്ന് അതിയായി അഗ്രഹിക്കുകയും അതിന് വേണ്ടി പണിയെടുക്കുകയും ചെയ്യുന്നു. നമ്മുക്ക് ഇന്നത്തെ കാലത്ത് കമ്മ്യൂണിസത്തെയോ മുതലാളിത്തത്തെയോ എടുക്കാം. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ താന്‍ വിഭാവനം ചെയ്യുന്ന ഒരു അധികാര വ്യവസ്ഥവരുന്നതിനാണ് ശ്രമിക്കുന്നത്. അതിലൊരു തെറ്റും ആരും കാണുന്നില്ല. ഇസ്ലാമിന് ഒരു ആരാധനാ വ്യവസ്ഥകൂടിയുണ്ട് എന്നത്കൊണ്ട് മാത്രം അതിന്റെ രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ച് മിണ്ടാനോ അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഭരണത്തിന് ശ്രമിക്കാനോ പാടില്ല എന്നത് മതത്തെക്കുറിച്ച സമൂഹത്തിന്റെ തെറ്റിദ്ധാരണയില്‍നിന്ന് ഉണ്ടായത്ാണ്. അഥവാ ഇസ്ലാം ദീനും ഇതര ദീനിനെ പോലെ തന്നെ അതിന്റെ പൂര്‍ണത ഭരണവ്യവസ്ഥകൂടി നടപ്പിലാകുമ്പോഴാണ് സംഭവിക്കുന്നത് മൌദൂദി തുടര്‍ന്ന് പറയുന്നത് കാണുക) ഭൂമിയില്‍ സ്ഥാപിതമായ ഒരു വീട്ടില്‍മാത്രമേ നിങ്ങള്‍ക്ക് താമസിക്കാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ പിന്നെ തലച്ചോറില്‍ മറ്റൊരു വീടിന്റെ പ്ലാനുണ്ടായിരിക്കുന്നത് കൊണ്ട് എന്ത് പ്രയോജനമാണുള്ളത്. നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നിര്‍മിക്കപ്പെട്ട അതേ വീടിന്റെ വാതിലില്‍കൂടിയായിരിക്കും നിങ്ങള്‍ പ്രവേശിക്കുന്നതും പുറപ്പെടുന്നതും അതിന്റെ തന്നെ മേല്‍പ്പുരയുടെയും ചുമരുകളുടെയും നിഴലില്‍നിങ്ങള്‍ക്ക് കഴിച്ചുകൂട്ടേണ്ടതായും വരും.  (ഇത്തരുണത്തില്‍ നമ്മുക്ക് പാശ്ചാത്യശക്തികളില്‍നിന്ന് സ്വതന്ത്രമായി രാജത്വദീനില്‍ അഭയം തേടിയ ഈജിപ്തിലെയും തുനീഷ്യയിലെയുമൊക്കെ ജനങ്ങളെക്കുറിച്ച് ഓര്‍ത്തുനോക്കുക. അവര്‍ ഏതൊരു ദീനിന്റെ നിഴലിലായിരുന്നു കഴിച്ചുകൂട്ടിക്കൊണ്ടിരുന്നത്. ഏത് വാതിലിലൂടെയായിരുന്നു പ്രവേശിച്ചിരുന്നതും പുറത്തുപോയിരുന്നതുമെന്ന് അവരുടെ കൈവശം അന്നും ഒരു ദീനുണ്ടായിരുന്നു ഇന്ന് അവരുടെ മോചനമാര്‍ഗമായി കണ്ട അതേ ദീന്‍ എന്ന് നമ്മള്‍ മറക്കാതരിക്കുക. ഈ കാര്യമാണ് മൌദൂദി അന്ന് അഥവാ 1939 ല്‍ ഓര്‍മിപ്പിക്കുന്നത്)
'അതിന്റെ ആകൃതിയനുസരിച്ച് തന്നെ തമാസത്തിനുള്ള എല്ലാ ഏര്‍പ്പാടും ചെയ്വാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായി തീരുകയും ചെയ്യും. (ഇത് വ്യക്തമാകണമെങ്കില്‍ എളുപ്പം മുസ്ലിം ബഹുജനം ജനായത്ത ദീന്‍ എന്ന് മൌദൂദിവിളിക്കുന്ന ആധുനിമതേതരജനാധിപത്യ ദീനില്‍ അവിടുത്തെ മുസ്ലിംകള്‍ എങ്ങനെ ജീവിക്കേണ്ടി വന്നുവെന്നതിനെക്കുറിച്ച് മാത്രം ആലോചിച്ചാല്‍മതി. അതായിരുന്നു അന്ന് പരിചയമുള്ള മതേതരജനാധിപത്യം. ഇന്ത്യയിലെ രൂപം ഈ പ്രസംഗത്തിന് ശേഷം രൂപം കൊണ്ട മതനിരപേക്ഷതയാണ്). എന്നിരിക്കെ ഒരാകൃതിയിലുള്ള വീട്ടില്‍ താമസിച്ചുകൊണ്ട് മറ്റൊരാകൃതിയിലുള്ള വീടിനെ ഹൃദയത്തില്‍ ചിത്രീകരിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നതില്‍ മാത്രം എന്തര്‍ഥമാണുള്ളത്. സങ്കല്‍പവീട് നിങ്ങളുടെ ഹൃദയത്തില്‍ മാത്രമായിരിക്കുകയും, ഭൂമിയില്‍ നിര്‍മിക്കപ്പെട്ട വീട്ടില്‍ നിങ്ങള്‍ താമസിക്കുകയും ചെയ്യും. തലച്ചോറില്‍ മാത്രം സ്ഥിതിചെയ്യുന്ന ഒരു വീടിനെ സംബന്ധിച്ച് ആരെങ്കിലും വീടെന്ന് പറയാറുണ്ടോ അത്തരം വീട്ടില്‍ ആര്‍ക്കെങ്കിലും താമസിക്കാന്‍ സാധിക്കുമോ. അടിത്തറ ഭൂമിയില്‍ സ്ഥാപിതമാവുകയും അതിന്‍മേല്‍ ചുമരും മേല്‍പ്പുരയും നിര്‍മിക്കുകയും ചെയ്തതിന് മാത്രമേ വീടെന്ന് പറയുകയുള്ളൂ. അതില്‍മാത്രമേ മനുഷ്യന് താമസിക്കാനും സാധിക്കുകയുള്ളൂ. (മൌദൂദി പറയുന്നതെന്തെന്ന് വ്യക്തം കേവലം മതാചാരങ്ങളുടെ ദീനിനെക്കുറിച്ചല്ല ഇവിടെ ചര്‍ച. ദീനെന്ന് പറയുമ്പോള്‍ ഇസ്ലാം മാത്രവുമല്ല. എല്ലാ വ്യവസ്ഥകളെയുമാണ് ഉദ്ദേശിക്കുന്നത് ഇവിടെ പറയന്നതൊക്കെ എല്ലാ ദീനിനും /വ്യവസ്ഥക്കും ബാധകമായ കാര്യവുമാണ്.  ഏത് വ്യവസ്ഥക്ക് വേണ്ടി നിലകൊള്ളുന്നവരായാലും സ്വപ്നംകൊണ്ട് മാത്രം കാര്യമില്ല പണിയെടുക്കേണ്ടതുണ്ട് അഥവാ ജിഹാദ് ചെയ്യേണ്ടതുണ്ട് എന്നാണ് മൌദൂദി പറയാന്‍ ഉദ്ദേശിക്കുന്നത്. സയ്യിദ് മൌദൂദി തുടരുന്നു.)

അതുപോലെ, ഒരു ദീന്‍ സത്യമാണെന്നവെറും വിശ്വാസത്തിന് യാതൊരു അര്‍ഥവുമില്ല. ജനങ്ങള്‍ മറ്റുവല്ല ദീനിലുമാണ് ജീവിതം നയിക്കുന്നതെങ്കില്‍ അത്തരം വിശ്വാസം തീരെ നിഷ്പ്രയോജനമാണ്. സങ്കല്‍പവീടിനെ വീടെന്ന് പറയാത്തത് പോലെ സങ്കല്‍പദീനിന് ദീനെന്നും പറയുകയില്ല. സങ്കല്‍പ ഗൃഹത്തിലെന്നപോലെ സങ്കല്‍പ ദീനിലും ആര്‍ക്കും നിലകൊള്ളുക സാധ്യമല്ല. (മൌദൂദി ദീനെന്ന് ഇവിടെ പറയുന്നത് ചില ആരാധനാ ചടങ്ങുകളെക്കുറിച്ചോ വിശ്വാസത്തെക്കുറിച്ചോ അല്ല എന്ന് മനസ്സിലാക്കണം.) ഏതൊന്നിന്റെ ശക്തി ഭൂമിയില്‍ സ്ഥാപിതമായിരിക്കുന്നുവോ ഏതൊന്നിന്റെ നിയമം അനുഷ്ഠാനത്തിലുണ്ടോ ഏതൊന്നിന്റെ പദ്ധതിയനുസരിച്ച് ജീവിത ഏര്‍പ്പാടുകള്‍ വ്യവസ്ഥിതമായിരിക്കുന്നുവോ അതത്രേ സാക്ഷാല്‍ ദീന്‍ . (ഈ ദീനിനെക്കുറിച്ചാണ് സുറത്തുല്‍ മാഇദയില്‍ നാം നേരത്തെ പൂര്‍ത്തിയാക്കി തന്നുവെന്ന് അല്ലാഹു പറഞ്ഞതും). ആകയാല്‍ ഒരോ ദീനിന്റെയും പ്രകൃതിതന്നെ തേടുന്നത് അതിന് ഭരണം ലഭിക്കണമെന്നാണ്. ഇത്രയുമല്ല ദീന്‍ നിലകൊള്ളുന്നതുതന്നെ ആധികാര ശക്തിയെ മാത്രം ആരാധിക്കുകയും അതിനുമാത്രം അടിമപ്പെടുകയും അതിന്റെ നിയമങ്ങള്‍മാത്രം നടപ്പില്‍വരികയും ചെയ്യാന്‍ വേണ്ടിയാകുന്നു. (ഇതും ഇസ്ലാം ദീനിനെക്കുറിച്ച് മാത്രം പറഞ്ഞതല്ല എന്ന് മലയാളം വായിച്ച് ഗ്രഹിക്കാന്‍ കഴിയുന്നവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതില്ല. സകല ദീനും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് മൌദൂദി പറഞ്ഞുവരുന്നത് ഇത്രമാത്രമാണ്. ഇസ്ലാമില്‍ അധികാരശക്തി അല്ലാഹുവാണ് ആ അധികാരശക്തിയെ ആരാധിക്കുയും അവന് മാത്രം അടിമപ്പെടുകയും അവന്റെ വിധിവിലക്കുകള്‍ മാത്രം അനുസരിക്കുകയും ചെയ്യുമ്പോള്‍ അതാണ് ഇസ്ലാം ദീന്‍ . അവന്റെ നിയമങ്ങള്‍മാത്രം നടപ്പില്‍ വരുത്താന്‍ ശ്രമിക്കുക എന്നത് അതിന്റെ സ്വാഭാവിക തേട്ടമാണ് എന്നാണ്. ഇതില്‍ ആര്‍ക്കാണ് വിയോജിപ്പുണ്ടാവുക. അഥവാ വിയോജിപ്പുണ്ടെങ്കില്‍ അത് അവതരിപ്പിക്കേണ്ടതും വിമര്‍ശിക്കേണ്ടതും തുടക്കത്തില്‍ നാം കണ്ട വിധത്തിലല്ല എന്ന് ആര്‍ക്കാണ് മനസ്സിലാക്കാന്‍ കഴിയാത്തത്.)

ഇനി ആര്‍ക്കെങ്കിലും പൂര്‍ണമായി മനസ്സിലായിട്ടില്ലെങ്കിലോ എന്ന് കരുതി തുടര്‍ന്ന് ഉദാഹരണ സഹിതം അത് വിശദീകരിക്കുകയാണ് സയ്യിദ് മൌദൂദി ചെയ്യുന്നത്. ഒരിക്കല്‍ കൂടി മുജാഹിദുകാര്‍ നല്‍കിയ ഉദ്ധരണിയും അവരുടെ ചോദ്യവും ഒന്നുകൂടി വായിക്കുക. ജമാഅത്തിനെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വിമര്‍ശിക്കുകയാണ് എന്ന് അതില്‍നിന്ന് വളരെ വ്യക്തമായി മനസ്സിലാകും. ഇക്കാരണം കൊണ്ടാണ് വിമര്‍ശകരോട് ആദ്യമായി പുസ്തകം വായിക്കാന്‍ ആവശ്യപ്പെടുന്നത് എന്ന് മനസ്സിലായിക്കാണുമല്ലോ. ഇനിയും മനസ്സിലാകാത്തവര്‍ക്ക് കമന്റ് ബോക്സിലുടെ മറുപടി പറയാം.

 
Design by CKLatheef | Bloggerized by CKLatheef | CK