'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ഞായറാഴ്‌ച, മേയ് 29, 2011

മതപരമായ നിയമനിര്‍മാണാധികാരമോ ???.

'ഇന്ദിരാഗാന്ധിയുടെ ആരാധകരെപ്പറ്റി' എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണിത്. പ്രസ്തുത പോസ്റ്റിന്റെ ചര്‍ചയില്‍ പങ്കെടുത്തുകൊണ്ട് അനീസ് ആലുവ ഉന്നയിച്ച ചില സംശയങ്ങളാണ് ഈ പോസ്റ്റിന് പ്രേരകം. അദ്ദേഹം പറഞ്ഞു: 'വിഷയത്തിന്റെ മര്‍മം ഇന്ത്യന്‍ മുസ്ലിംകള്‍ നിരുപാധികമായ നിയമനിര്‍മാണത്തിന്റെ അധികാരം ഗവണ്‍മെന്റിന് നല്‍കുന്നോ, ഇല്ലോയോ എന്നാണ്. ഞാന്‍ പ്രബോധനം ഉദ്ധരണിയോട് യോജിക്കുന്നു. അതായത് നല്‍കുന്നില്ല എന്നതില്‍. താങ്കളോ?.'

ഈ ചോദ്യത്തില്‍ ഞാനും, എന്ന് നിസംശയം മറുപടി പറയണമെന്നാണ് എന്റെയും ആഗ്രഹം. അതിന് പെട്ടെന്നൊരു മറുപടി അസാധ്യമാക്കുന്ന ചില കാര്യങ്ങളും വിശദീകരണങ്ങളും മുജാഹിദുകളിലൊരുവിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അത് മുഴുവന്‍ ജമാഅത്തേതര മുസ്ലിംകളിലും വെച്ചുകെട്ടി അവരില്‍ ആരോപിക്കാന്‍ മാത്രമുള്ള അവിവേകം ആര്‍ക്കും നല്ലതല്ല. ഇക്കാര്യത്തില്‍ ജമാഅത്തിന് ചെയ്യാവുന്നത്, ഇന്ത്യന്‍ മുസ്ലിംകളെ ഉത്തമ വിശ്വാസത്തിലെടുത്ത്  ഒരിക്കലും ഒരു മുസ്ലിമിന് അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ പാടില്ലാത്ത അല്ലാഹുവിന്റെ പരമാധികാര വിഭാവനയിലുള്ള പങ്ക് ചേര്‍ക്കല്‍ അവരില്‍ സംശയിക്കാതിരിക്കുക എന്നതാണ്. അവരില്‍ പലരുടെയും പ്രവര്‍ത്തനം അതിനെ സാധൂകരിക്കുന്നില്ലെങ്കിലും.

പ്രബോധനത്തില്‍ ഈ മറുപടി വന്ന ശേഷം മുജാഹിദുകള്‍ ഈ ഉദ്ധരണി വ്യാപകമായി ദുരുപയോഗം ചെയ്യുകയുണ്ടായി. അവര്‍ക്ക് അനുകൂലമെന്ന് തോന്നിയ ഭാഗം വെട്ടിയെടുത്ത് അതിന് ശേഷമുള്ളത് ഒഴിവാക്കി, ഇങ്ങനെ ഒരു ചര്‍ചയേ ആവശ്യമില്ലായിരുന്നുവെന്നും നൗഷാദ് മുമ്പ് നല്‍കിയ പോലെ കര്‍മപരമായി കാപട്യം പുലര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിക്ക് വ്യതിരിക്തത അവകാശപ്പെടുവവാന്‍ വേണ്ടിയാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും പറയാന്‍ തുടങ്ങി.

എന്നാല്‍ എന്താണ് ഈ ചര്‍ച ഉയര്‍ന്ന് വരാനുള്ള കാരണം എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഇത് ജമാഅത്തെ ഇസ്ലാമിയുടെ വ്യതിരിക്തത ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം ഉയര്‍ത്തപ്പെട്ട ഒരു ചര്‍ചയല്ല. അതിന് പ്രത്യേകമായ ഒരു പശ്ചാതലമുണ്ടായിരുന്നു.

അല്ലാഹുവിന്റെ പരമാധികാരം:

ഈ പ്രപഞ്ചത്തില്‍ പരമാധികാരം (Sovereignty) അല്ലാഹുവിന് മാത്രമാണ് എന്നത് മുസ്ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത കാര്യമാണ്. അത് പ്രാപഞ്ചിക വസ്തുകളിലുള്ള പമാധികാരമായാലും, സൃഷ്ടികളിലുള്ള അവകാശമായാലും, മനുഷ്യരിലെ സാന്‍മാര്‍ഗിക വിധികര്‍ത്താവ് എന്ന നിലക്കായാലുമെല്ലാം തുല്യമാണ്. ഈ പരമാധികാരത്തില്‍ ഭാഗികമായ അവകാശം പോലും മറ്റാര്‍ക്കുമില്ല എന്നതാണ് ഖുര്‍ആന്റെ അധ്യാപനം.

'ആകാശഭുമികളുടെ ആധിപത്യം അല്ലാഹുവിന് മാത്രമാണ് എന്ന് നിനക്കറിയില്ലേ.' (2:107)


'ആധിപത്യത്തില്‍ അവന് ഒരു പങ്കാളിയുമില്ല' (25:2)

'ഇഹത്തിലും പരത്തിലും സര്‍വസ്തുതിയും അവന്നത്രെ ആജ്ഞാധികാരവും അവന്ന്, നിങ്ങളുടെ മടക്കവും അവങ്കലേക്കുതന്നെ.' (28:70)

'വിധികല്‍പിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമാകുന്നു.' (6:57)


സൃഷ്ടികള്‍ അവന് മാത്രം വഴിപ്പെടുക എന്നത് അല്ലാഹുവിന്റെ അവകാശമാണ് ഈ അവകാശത്തില്‍ അവനെ പങ്ക് ചേര്‍ക്കാതെ അവന്റെ ഏകത്വം അംഗീകരിക്കുന്നത് പോലെ തന്നെ പ്രധാനമാണ്. അവന്റെ കഴിവിലും വിശേഷണത്തിലും പങ്കാളികളെ കല്‍പിക്കാന്‍ പാടില്ല എന്നത് ഖുര്‍ആന്‍ അര്‍ഥ ശങ്കക്കിടയില്ലാത്ത വിധം അത് ഇങ്ങനെ വ്യക്തമാക്കി:

'സൃഷ്ടികള്‍ക്ക് അവനല്ലാതെ മറ്റൊരു രക്ഷാധികാരിയില്ല, തന്റെ ആധിപത്യത്തില്‍ ആരെയും അവന്‍ പങ്കുചേര്‍ക്കുന്നതുമല്ല.' (18:26)

'വിധികല്‍പിക്കാനുള്ള അധികാരം അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല. അവനല്ലാതെ മറ്റാര്‍ക്കും അടിമപ്പെടരുതെന്ന് അവന്‍ അജ്ഞാപിച്ചിരിക്കുന്നു. ചൊവ്വായ ദീന്‍ അതത്രേ. പക്ഷെ മനുഷ്യര്‍ അധികപേരും അറിയുന്നില്ല.' (12:40)

സമാനമായ അര്‍ഥം ലഭിക്കുന്ന നൂറുകണക്കിന് സൂക്തങ്ങളില്‍ ചിലതാണ് മുകളില്‍ നല്‍കിയത്. നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിനാണ് എന്ന് വ്യക്തമാക്കുന്ന സൂക്തങ്ങളുണ്ടായിരിക്കെ അതിനെതിരെ ശബ്ദിക്കാന്‍ മുസ്ലിമെന്നവകാശപ്പെട്ടുകൊണ്ട് ആര്‍ക്കും സാധ്യമല്ല. സംശയത്തിനവകാശമില്ലാത്തതും എതിര്‍പ്പിന് വകുപ്പില്ലാത്തതുമായ ഈ അടിസ്ഥാനത്തിലാണ് ജമാഅത്തെ ഇസ്ലാമി അതിന്റെ ആദര്‍ശം ഉള്‍കൊണ്ട് പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. മുജാഹിദ് പ്രസ്ഥാനത്തിലെ പൂര്‍വികരായ പണ്ഡിതന്‍മാര്‍ക്ക് ജമാഅത്തെ ഇസ്ലാമിയോട് ഇക്കാര്യത്തില്‍ വിയോജിപ്പുണ്ടായിരുന്നതായി മനസ്സിലാക്കാന്‍ കഴിയില്ല. മാത്രമല്ല അവര്‍ ഇക്കാര്യത്തിലെല്ലാം ഖുര്‍ആന്റെ തനതായ അധ്യാപനം ഉള്‍കൊണ്ടുകൊണ്ട് കാര്യങ്ങള്‍ അവരുടേതായ രൂപത്തില്‍ വിശദീകരിച്ചിട്ടുമുണ്ട്.

1970 നും 80 നുമിടയില്‍ മുജാഹിദില്‍ ഒരു പുതിയ ചിന്താഗതി രൂപം കൊണ്ടു. അത് വരെ സര്‍വാംഗീകൃതമായിരുന്ന ചില തത്വങ്ങളെ ജമാഅത്ത് വിമര്‍ശനത്തിന്റെ പേരില്‍ അവര്‍ ചോദ്യം ചെയ്തു. 1979 ല്‍ അഥവാ ഏതാണ് 32 കൊല്ലം മുമ്പ് പുറത്തിറങ്ങിയ തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി എന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഇങ്ങനെ എഴുതി. 'ഇസ്ലാം സമഗ്രമായ ജീവിത പദ്ധതിയാണെന്ന് പറയുന്നത് അപകടമാണ് ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ദീനും ദുന്‍യാവും രണ്ടാണ്. ഇസ്ലാമില്‍ രാഷ്ട്രീയമുണ്ടെന്ന് പറയുന്നത് അധികാരമോഹമാണ്. ഇസ്ലാമിന് അപരിചിതമായ ഈ വിചിത്രവാദങ്ങളുമായി ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത് മോഡേണിസ്റ്റുകളല്ല. യാഥാസ്ഥികത്വത്തിനെതിരില്‍ പോരാടിയ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പുത്തന്‍ തലമുറയാണ്.' (തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി മുഖവുരയില്‍ നിന്ന്)

മര്‍ഹും കെ. ഉമര്‍ മൗലവിയുടെ നേതൃത്വത്തിലാണ് ഈ പ്രചരണ പരിപാടികള്‍ ആരംഭിച്ചത്. സല്‍സബീല്‍ എന്ന ഒരു പത്രം തന്നെ ഇതിന് വേണ്ടി ഉപയോഗപ്പെടുത്തി. 'മുസ്ലിയാക്കന്‍മാരെ നിങ്ങളെന്തിനാണ് കിതാബോതിയത്?' എന്ന ലേഖന പരമ്പരയും മറ്റുചില ലേഖനങ്ങളും കഴിച്ചാല്‍ കെ. ഉമര്‍ മൗലവിയുടെ ലേഖനങ്ങളും മാസികയുടെ തന്നെ മുഖക്കുറിപ്പിലും നിറഞ്ഞുനിന്നത് ജമാഅത്തെ ഇസ്ലാമിയായിരുന്നുവെന്ന് വ്യക്തമായി ഞാന്‍ ഓര്‍ക്കുന്നു. അവ വായിച്ച് ജമാഅത്തെ ഇസ്ലാമിയോട് ഒരു വെറുപ്പ് മനസ്സില്‍ കൊണ്ടു നടക്കുമ്പോഴാണ് ശാന്തപുരത്ത് ചേരാനുള്ള അവസരമുണ്ടാകുന്നത്. രക്ഷിതാക്കളെ എതിര്‍ക്കാനുള്ള തന്റേടമില്ലായ്മക്ക് പകരം ചെയ്തത് ഇന്റര്‍വ്യൂ ബോഡിന് വിലങ്ങനെ ഉത്തരം പറഞ്ഞുകൊണ്ടാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞാന്‍ വെറുക്കുന്ന പ്രസ്ഥാനത്തെ തന്നെ അടുത്തറിയാനും അതിന് മനസ്സിലാക്കാനും എനിക്ക് അല്ലാഹു ഉതവി നല്‍കി. ഇസ്ലാം എന്ന മഹത്തായ അനുഗ്രഹത്തിന് ശേഷം ഞാന്‍ വിലമതിക്കുന്ന അനുഗ്രഹം ഈ പ്രസ്ഥാനത്തെ മനസ്സിലാക്കാനും അതിന്റെ ഒരു എളിയ പ്രവര്‍ത്തകനാകാനും സാധിച്ചുവെന്നതാണ്. വിഷയത്തിലേക്ക് തിരിച്ചുവരാം.

കെ. ഉമര്‍ മൗലവി ജമാഅത്ത് വിമര്‍ശനം ആരംഭിച്ചത്, ജമാഅത്തെ ഇസ്ലാമി ഇബാദത്തിന് ആരാധനക്ക് പകരം അനുസരണം എന്നര്‍ഥം നല്‍കി. അതെ പ്രകാരം ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന് ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല എന്ന പതിവു അര്‍ഥത്തിന് പകരം അനുസരിക്കപ്പെടാന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ല എന്ന് വാദിച്ചു എന്ന് ആക്ഷേപിച്ചുകൊണ്ടാണ്. പരിഹാരമായി അവര്‍ കണ്ടത് ഇബാദത്ത് എന്നത് ആരാധന എന്ന മലയാള പദത്തില്‍ ഒതുക്കാനുള്ള ഗംഭീര ശ്രമങ്ങളാണ്. ഈ ജിഹാദില്‍ കെ.പി. മുഹമ്മദ് മൗലവി അബ്ദുല്‍ ഹമീദ് മദനി തുടങ്ങിയ പ്രഗല്‍ഭരായ പണ്ഡിതന്‍മാരും അണിചേര്‍ന്നു. ജമാഅത്ത് പക്ഷത്ത് നിന്ന് കെ.സി. അബ്ദുല്ല മൗലവിയും ശൈഖ് മുഹമ്മദ് കാരക്കുന്നും പ്രധാനമായും മറുപടി പറയുകയും വിശദീകരിക്കുകയും ചെയ്തു.

കെ.സി. അബ്ദുല്ല മൗലവി അന്ന് നടത്തിയ സംവാദത്തിന്റെ ക്രോഡീകരണമാണ് ഇന്ന് നമുക്ക് ലഭിക്കുന്ന 'ഇബാദത്ത് ഒരു സമഗ്രപഠനം' എന്ന കനപ്പെട്ട പുസ്തകം. കെ.പി.യുടെ 'ഇബാദത്തും ഇതാഅത്തും' അബ്ദുല്‍ ഹമീദ് മദനിയുടെ 'ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യം.' അതേ കാലത്ത് പ്രസിദ്ധീകരിച്ച ജമാഅത്തിന്റെ ഒരു പുസ്തകമാണ് 'ഇബാദത്ത് പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍' എന്നത്. ഈ സംവാദത്തിന് ശേഷം പത്ത് വര്‍ഷത്തിലധികം ഇതിന്റെ തന്നെ പ്രചാരണം കേരളത്തില്‍ നടന്നു. അതിനെ തുടര്‍ന്ന് നടത്തപ്പെട്ട മുഖാമുഖങ്ങളുടെ സംഗ്രഹമാണ് ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ മുഖാമുഖം എന്ന പുസ്തകം. ഈ പുസ്തകങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാകും. അനുസരണ ശിര്‍ക്ക് എന്ന ഒരു പദപ്രയോഗം എങ്ങിനെ ഈ ചര്‍ചയില്‍ കടന്നുവന്നുവെന്നത്.

അല്ലാഹുവിന്റെ പരമാധികാരം എപ്പോഴെങ്കിലും മുജാഹിദ് പ്രസ്ഥാനം ചോദ്യം ചെയ്യുകയോ നിഷേധിക്കുകയോ ഉണ്ടായോ പിന്നെന്തിന് തര്‍കമില്ലാത്ത ഈ കാര്യം ചര്‍ചാവിഷയമായി..? എന്ന ചോദ്യം സ്വാഭാവികവും പ്രസക്തവുമാണ്. കാര്യം ശരിയാണ് അവര്‍ ഒരിക്കലും അതിനെ ചോദ്യം ചെയ്തിട്ടില്ല, നിഷേധിച്ചിട്ടുമില്ല. പക്ഷെ ഒന്നു സംഭവിച്ചു. അല്ലാഹുവിന്റെ പരമാധികാരം എന്നത് അവര്‍ പ്രപഞ്ച ഭരണത്തിന്റെ നടത്തിപ്പിലും പ്രകൃതിനിയമങ്ങളിലും പരിമിതപ്പെടുത്തി. സൂര്യനെ ഉദിപ്പിക്കുന്നതിലും കാറ്റടിപ്പിക്കുന്നതിലും അല്ലാഹുവിന്റെ തീരുമാനമാണ് പങ്കുവഹിക്കുന്നതെന്ന് കാര്യത്തിലും അവയുടെ സൃഷ്ടിയെ സംബന്ധിച്ച കാര്യത്തിലും മക്കയിലെ ബഹുദൈവ വിശ്വാസികളും അംഗീകരിച്ചിരുന്നു. മനുഷ്യന്റെ സാന്‍മാര്‍ഗിക വിധികര്‍ത്താവും മനുഷ്യന്റെ ജീവിതതുറകളിലൊക്കെയും പിന്തുടരപ്പെടേണ്ടുന്ന നിയമത്തിന്റെ ദാതാവും അല്ലാഹു മാത്രമാണെന്ന വാദത്തെ ഖണ്ഡിക്കുവാന്‍ അവര്‍ നടത്തിയ ശ്രമം പഴയ പുസ്തകത്താളുകളില്‍ സുലഭമാണ്. 1987 ജൂലായ് 3 ലെ ശബാബ് വാരിക ഇപ്രകാരം വിശദീകരിച്ചു:

'പ്രപഞ്ചം നിലനില്‍ക്കുന്നിടത്തോളം കാലം ആ പ്രവിശാലമായ രാഷ്ട്രത്തിന്റെ പരമാധികാരി അല്ലാഹു തന്നെയാണ്. അവിടെ ഭരണമാറ്റമില്ല. അതുകൊണ്ടുതന്നെ ഭരണ പ്രശ്‌നങ്ങളും ഉത്ഭവിക്കുന്നില്ല. അല്ലാഹു പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനും, താന്‍ സൃഷ്ടിയും ആയതുകൊണ്ട് അവന്റെ സൃഷ്ടികര്‍ത്തൃത്വം അംഗീകരിക്കുകയല്ല മനുഷ്യന്റെ ജോലി. അല്ലാഹുവിന്റെ വിധികര്‍ത്തൃത്വത്തില്‍ വിശ്വസിക്കാനും പരമാധികാരത്തിന് വിധേയമാകാനും അവന്റെ പരമാധികാരം വിഭാവനയില്‍ ആരെയും പങ്ക് ചേര്‍ക്കാനുമല്ല അല്ലാഹു മനുഷ്യനോട് ആവശ്യപ്പെടുന്നത്.'

ഇത്രയും പറഞ്ഞതിന് ശേഷം പറയാനുള്ള സുപ്രധാനമായ ഒരു കാര്യത്തെക്കുറിച്ച് മൗനം പാലിക്കുന്നുവെന്നതാണ് മുജാഹിദുകളുമായുള്ള തര്‍ക്കത്തിന്റെ മര്‍മപ്രധാനമായ ഭാഗം. മുകളില്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണ്. പിന്നീടുള്ള ശരിയെക്കുറിച്ച് അവര്‍ എന്തുകൊണ്ട് പറയുന്നില്ല എന്ന് ചോദിച്ചാല്‍ അത് പറയുന്നതോടെ ജമാഅത്തിനെ പിന്നീട് അവര്‍ക്ക് അക്കാര്യത്തില്‍ വിമര്‍ശിക്കേണ്ടി വരില്ല എന്നതാണ്. അതിന്റെ തുടര്‍ചയായി പറയേണ്ടിയിരുന്നത് ഇതാണ്.

അതിനാല്‍ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ-ഭരണരംഗങ്ങളുള്‍പ്പെടെ മുഴുജീവിത മേഖലകളിലും നിയമനിര്‍മാണത്തിന്റെ പരമാധികാരം അല്ലാഹുവിന് മാത്രമാണ് എന്നത് ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് അല്ലാഹു വിശുദ്ധഖുര്‍ആനില്‍ നൂറുകണക്കിന് സൂക്തങ്ങള്‍ അവതരിപ്പിച്ചത്.

ഇത് പറഞ്ഞാലുള്ള പ്രശ്‌നമെന്താണ്. അതോടെ മറ്റൊരു വാദം കൂടി നിലവില്‍ വരും. അതനുസരിച്ച് രാഷ്ട്രീയവും ഭരണവുമുള്‍പ്പെടെ എല്ലാം തൗഹീദിലധിഷ്ഠിതമാണെന്ന് അംഗീകരികേണ്ടി വരും. മാത്രമല്ല നിയമനിര്‍മാണത്തിന്റെ പരമാധികാരം മനുഷ്യര്‍ക്കാണെന്ന് അവകാശപ്പെടുന്ന വ്യക്തികളും ശക്തികളും സംഘടനകളും സര്‍ക്കാരും താഗൂത്താണെന്നും അംഗീകരിക്കേണ്ടതായി വരും. അങ്ങനെ അംഗീകരിച്ചാല്‍ പിന്നീട് വരുന്നത് ഇത്തരം താഗൂത്തുകളോട് പ്രയോഗികതലത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ്. അതിന് ഖുര്‍ആനെയും സുന്നത്തിനെയും അവലംബിച്ചുകൊണ്ട് ഒരു തീരുമാനം എടുക്കേണ്ടി വരും. കാലാകാലങ്ങളില്‍ വരുന്ന രാഷ്ട്രീയ മാറ്റങ്ങളിലുമൊക്കെ ഒരു മുസ്ലിം ഖുര്‍ആനികാധ്യാപനങ്ങള്‍ സ്വീകരിക്കണമെന്ന് വരും.

അതിന് പരിഹാരമായി മുജാഹിദ് പ്രസ്ഥാനം കണ്ട ഒരു മാര്‍ഗമാണ്. മതപരമായ നിയമുണ്ടാക്കാന്‍ അല്ലാഹുവിന് മാത്രമേ അധികാരമുള്ളൂവെന്ന് വീണ്ടും നിയമനിര്‍മാണത്തെ പരിമിതപ്പെടുത്താന്‍ ശ്രമം നടത്തി. സത്യത്തില്‍ മതപരം മതപരമാല്ലാത്തത് എന്ന വിഭജനം ഇസ്ലാമിന് പരിചയമില്ല. സ്വതന്ത്രമായ പരമാധികാരം നിയമനിര്‍മാണത്തിന് തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടുന്നവര്‍ നിര്‍മിക്കുന്ന നിയമങ്ങളെ പരിശോധിച്ചുനോക്കുക അവ മതപരമായ പരിധിയില്‍ വരുന്നുണ്ടോ ഇല്ലേ. ഉദാഹരണം. പലിശയും ഭാഗ്യക്കുറിയും മദ്യവില്‍പനയും നടപ്പാക്കാനുള്ള നിയമം. മദ്യശാലക്കും വേശ്യാലയത്തിനും ലൈസന്‍സ് നല്‍കാനുള്ള അനുമതി. ചില രാജ്യങ്ങളില്‍ ബാങ്ക് വിളിക്കുന്നതിനും  സ്ത്രീകള്‍ക്ക്  തലമറക്കുന്നതിനുമുള്ള വിലക്ക്. ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ ഇത്തരം നിയമങ്ങളിലൊക്കെ നിയമം നിര്‍മിക്കാന്‍ അല്ലാഹുവിന് മാത്രമേ അധികാരമുള്ളൂവെന്നിരിക്കെ മതപരം രാഷ്ട്രീയം എന്ന് വേര്‍ത്തിരിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളത് എന്ന ചോദ്യത്തിന് ഇതേ വരെ മുജാഹിദ് പക്ഷത്ത് നിന്ന് മറുപടി നല്‍കപ്പെട്ടിട്ടില്ല.

പകരം രാഷ്ട്രീയത്തിന് മതവുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ വളരെ ബാലിശമായ ഒരു വാദമുയര്‍ത്തുകയാണ് അവര്‍ ചെയ്തത്. താഴെ നല്‍കിയ ഉദ്ധരണി വായിക്കുക:

'മതപരമായ കാര്യങ്ങളെല്ലാം തന്നെ നബി(സ) മുസ്ലിംകളെ പഠിപ്പിക്കുകയും അവ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അവയൊന്നും തന്നെ തീരുമാനിക്കാനുള്ള അവകാശം മനുഷ്യന്റെ യുക്തിക്കോ ബുദ്ധിക്കോ ഇസ്ലാം വിട്ടുകൊടുത്തിട്ടില്ല. ദീനിലെ താരതമ്യേന സാരമില്ലാത്തതെന്നും ചിലര്‍ പറയാറുള്ള ഖുനൂതും കൈകെട്ടുപോലും യുക്തിയുടെ തീരുമാനാനുസാരം സ്വീകരിക്കാവതല്ല. എന്നാല്‍ രാഷ്ട്രീയം ഇസ്ലാം മനുഷ്യബുദ്ധിക്ക് വിട്ടുതന്നിരിക്കുന്നു. അതൊരു ദീന്‍ കാര്യമായിരുന്നുവെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നില്ല. രാഷ്ട്രീയത്തിലെ വളരെ പ്രധാനമായ ഭരണത്തിന്റെ സ്വഭാവം, തെരഞ്ഞെടുപ്പ് സമ്പ്രദായം എന്നിവയില്‍ പോലും ഇസ്ലാമിന് സുവ്യക്തമായി നിര്‍ദ്ദേശമില്ല.' - ജമാഅത്തെ ഇസ്ലാമി പരിവര്‍ത്തനങ്ങളിലൂടെ പേജ് 69, 70. (ഉദ്ധരണം മുഖാമുഖം പേജ് 46,47) 

ജമാഅത്തിനെ വിമര്‍ശിക്കുന്നതിന് വേണ്ടിയാണ് ഒരിക്കലും ഉറച്ച് നില്‍ക്കാന്‍ കഴിയാത്ത ഇത്തരം വാദങ്ങള്‍ ഉന്നയിച്ചത്. ഈ പരിതസ്ഥിതിയില്‍. നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹു അല്ലാത്തവര്‍ക്ക് അറിഞ്ഞോ അറിയാതെയോ വകവെച്ചുകൊടുക്കുന്ന ചിലര്‍ മുസ്ലിംകളിലുണ്ടെന്ന് വരുന്നു. ഈ സാഹചര്യമാണ് അനുസരണത്തിലൂടെ സംഭവിക്കുന്ന ശിര്‍ക്ക് കേരളീയ പശ്ചാതലത്തില്‍ കൂടുതലായി ഉയര്‍ത്താന്‍ ജമാഅത്തെ ഇസ്ലാമിയെ പ്രേരിപ്പിച്ചത്.

9 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ജമാഅത്തെ ഇസ്ലാമിയെന്തിന് അനുസരണത്തിലെ ശിര്‍ക്ക് ഇത്ര ഗൗരവപൂര്‍വം ഇങ്ങനെ ചര്‍ചചെയ്യുന്നുവെന്ന് ഇനിയും സംശയം തീരുന്നില്ലെങ്കില്‍ ഈ ലേഖനം ഇനിയും തുടരും.

Anees Aluva പറഞ്ഞു...

@ CK LATHEEF
ചര്‍ച്ചയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ താങ്കളോട്‌ അന്വേഷിക്കുകയാണ്‌. ദയവായി വിശദീകരിക്കുക.

1- ഹലാല്‍-ഹറാം എന്നീ പദങ്ങളുടെ ഇസ്ലാമിക സാങ്കേതിക അര്‍ത്ഥമെന്താണ്‌? ഭരണകൂടങ്ങള്‍ നിര്‍മ്മിക്കുന്ന നിയമങ്ങളെ അറബിയില്‍ "ഹലാല്‍-ഹറാം" എന്നാണോ വിളിക്കുന്നത്‌?

ഉദാ:- എ.കെ.ആന്റണി കേരള മുഖ്യമന്ത്രിയായിരുന്ന സമയത്ത്‌ "ചാരായ നിരോധനം" ഏര്‍പ്പെടുത്തി നിയമം നിര്‍മ്മിക്കുകയുണ്ടായി. അതിനര്‍ത്ഥം അതുവരെ "ഹലാല്‍" ആയിരുന്ന ചാരായം പ്രസ്ത്ഥുത നിയമത്തിലൂടെ "ഹറാം" ആക്കി എന്നാണോ?
to be continued in another comment

Anees Aluva പറഞ്ഞു...

continuation..

അതുപോലെ ഡ്രൈവിങ്ങ്‌ ലൈസന്‍സ്‌ ഇല്ലാതെ വാഹനമോടിക്കരുത്‌ എന്ന "ഗവണ്മെന്റിന്റെ" നിയമത്തിനര്‍ത്ഥം അത്‌ "ഹറാം" എന്നാണോ? യാതൊരുവിധ അപകടവുമുണ്ടാക്കാതെ ലൈസന്‍സ്‌ രഹിതനായ ഒരാള്‍ ഒരിക്കല്‍ വാഹനമോടിച്ചു എന്നതിനാല്‍ അയാള്‍ "ഹറാം" ചെയ്തവനാവുമോ?

അടുത്ത കാലത്തായി കേരള ഗവണ്‍മന്റ്‌ നിയമിച്ച നിയമപരിഷ്കരണ കമ്മീഷന്‍ "ദയാ വധം" അനുവദിക്കണം എന്ന്‌ നിര്‍ദ്ദേശിക്കുകയുണ്ടായി. ആ നിയമം നടപ്പിലായാല്‍ അതിനര്‍ത്ഥം കേരളത്തില്‍ "ദയാവധം ഹലാല്‍ " എന്നാണോ? അതനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവര്‍ പരലോക ശിക്ഷയില്‍ നിന്ന്‌ മുക്തരായിക്കുമോ?

Anees Aluva പറഞ്ഞു...

continuation

ചുരുക്കത്തില്‍ "ഹലാല്‍ ഹറാം" എന്ന്‌ വിളിക്കാവുന്ന ദൈവ ഹിത- അഹിത പ്രഖ്യാപനങ്ങളും, അതൊന്നുമല്ലാത്ത ഭൗതിക ലോകത്തെ ക്രമീകരണവുമായി മാത്രം ബന്ധപ്പെട്ട മറ്റൊരു വിഭാഗം നിയമങ്ങളുമുണ്ടോ?

ഹലാല്‍ ഹറാം നിശ്ചയിക്കാന്‍ അല്ലാഹുവല്ലാത്ത ആര്‍ക്കും അധികാരമില്ല എന്നതിന്റെ പരിധിയില്‍ വരുന്നതും വരാത്തതുമായ രണ്ട്‌ തരം നിയമനിര്‍മ്മാണങ്ങള്‍ ഉണ്ടോ? അങ്ങിനെയുണ്ടെങ്കില്‍ ഹലാല്‍ -ഹറാം നിശ്ചയിക്കലിനെ മലയാളത്തില്‍ എന്തു പേര്‍ വിളിക്കും??, അതല്ലാത്ത കേവലം ഭൗതികമാത്ര നിയമ നിര്‍മ്മാണത്തെ മലയാളത്തില്‍ എന്തു പേര്‍ വിളിക്കും??.

CKLatheef പറഞ്ഞു...

സമഗ്രവും സമ്പൂര്‍ണവുമായ ഇസ്ലാമിന്റെ ആദര്‍ശ ഭൂമികയില്‍നിന്ന് ഒരു മുസ്ലിമെന്ന നിലയില്‍ കാര്യങ്ങളെ വീക്ഷിക്കാന്‍ കഴിയാത്തതുകൊണ്ടുള്ള ചില ചോദ്യങ്ങളാണ് മുകളില്‍ ഉയര്‍ത്തപ്പെട്ടത്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം മേല്‍ വിവരിക്കപ്പെട്ട ഉദാഹരണങ്ങളെല്ലാം ഇസ്ലാമിന്റെ പരിധിയില്‍ വരുന്നതും അതില്‍ വ്യക്തമായ വിധികളുള്ളതുമായ പ്രശ്‌നങ്ങളാണ്. അവിടെ മതപരം രാഷ്ട്രീയപരം എന്ന് തിരിക്കേണ്ട അതില്‍ വരമ്പ് ഏതാണ് എന്ന് മനസ്സിലാകുന്നില്ല. എന്നതിനര്‍ഥം ഇസ്ലാമില്‍ അങ്ങനെ ഒരു വിഭജനമില്ല എന്നതുതന്നെയാണ്. അല്ലാഹുവിന്റെ നിയമനിര്‍മാണപരിധിയില്‍ വരുന്നത് മതപരമായ നിയമനിര്‍മാണമാണ് എന്ന മുജാഹിദ് വാദത്തിന് കഴമ്പില്ല എന്നാണ് ആ ഉദാഹരണത്തിലൂടെ ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിച്ചത്. അത് മനസ്സിലായോ എന്നതാണ് ഇവിടെ പ്രസക്തമായ കാര്യം.

അല്ലാതെ മതേതരഗവണ്‍മെന്റ് ചാരായ നിരോധം ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് ഹലാലായ ചാരായം ഹറാം ആയോ എന്നൊക്കെയുള്ള ചോദ്യം തര്‍ക്കശാസ്ത്രയുക്തിയിലൂടെ വസ്തുതകളെ അട്ടിമറിക്കാനുള്ള ശ്രമം മാത്രമായിട്ടേ തോന്നുന്നുള്ളൂ. ഇസ്ലാമിക ഗവണ്‍മെന്റാണ് അത്തരമൊരു നിയമം കൊണ്ടുവന്നതെങ്കില്‍ താങ്കള്‍ക്ക് ഹലാല് ഹറാമാക്കിയോ എന്ന സംശയമുണ്ടാവില്ലല്ലോ.

Anees Aluva പറഞ്ഞു...

ഞാന്‍ ഒന്നും വിഭജിച്ചില്ലല്ലോ?
വിഷയം സുവ്യക്തമാകാന്‍ എളുപ്പം മനസ്സിലാകുന്ന പ്രായോഗിക കാര്യം ഉദാഹരിച്ച് ചില കാര്യങ്ങള്‍ അറിയാന്‍ താങ്കളോട് ചോദിച്ചു. അതിന്‍റെ ശരി തെറ്റുകള്‍ താങ്കള്‍ വ്യക്തമാക്കിയാല്‍ "നിയമനിര്‍മ്മാണ പ്രശ്നം" self explanatory ആയിത്തീരും .
ചോദ്യത്തിലെ "സമഗ്രത,ഭൂമിക, നിസ്സാരത" ഒക്കെ തല്‍ക്കാലം മാറ്റി നിര്‍ത്തി, ചോദ്യത്തിനുത്തരം താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു.

Anees Aluva പറഞ്ഞു...

അല്ലാഹുവല്ലാത്തവളരെ പരമാധികാരിയാക്കുന്നതെങ്ങിനെ എന്ന ജമാഅത്ത് വിശദീകരണം ഇപ്രകാരമാണ്‍.
“..ഞാന്‍ വിധേയത്വം കാണിക്കേണ്ടത്‌ എന്റെ പാര്ട്ടി നേതാവിന്നാണ്‌, ദൈവത്തിനോ മറ്റു വല്ലതിനോ അല്ല. പാര്ട്ടി നേതാവിനു മേലെ മറ്റാര്ക്കുംട ഞാനത്‌ ചെയ്യുകയില്ല. ഇവിടെ പാര്ട്ടിര നേതാവ്‌ ഇലാഹും വിധേയത്വത്തിന്റെ പ്രകടനങ്ങള്‍ അതിനുള്ള ഇബാദത്തുമാകുന്നു. അല്ലാഹുവിനുള്ള വിധേയത്വത്തിനു വിധേയമായേ പാര്ട്ടിര നേതാവിനു വിധേയത്വം കാണിക്കൂ എന്നാണെങ്കില്‍ അവിടെ നേതാവ്‌ ഇലാഹല്ല; വിധേയത്വ പ്രകടനങ്ങള്‍ ഇബാദത്തുമല്ല. മനുഷ്യന്‍ തന്റെ ജീവിതത്തെ പരമമായി ഏതു ശക്തിക്ക്‌ വിട്ടുകൊടുക്കുന്നുവോ ആ ശക്തി അവന്റെ ഇലാഹും വിട്ടുകൊടുക്കലിന്റെ പ്രകടനങ്ങള്‍ അതിനുള്ള ഇബാദത്തുമാകുന്നുവെന്നു ചുരുക്കം. ..” (പേ 306 ഇബാദത്ത്‌ ഒരു സമഗ്രപഠനം)
ഇത്തരത്തില്‍ ഞങ്ങളൂടെ ജീവിതം”രാഷ്ട്രീയ പാര്ട്ടി ക്കും ,സര്ക്കാുരിനും” വിട്ട് കൊടുക്കുന്നു എന്ന് ഏത് മത വിശ്വാസിയാണ്‍ എഴുതിയത്. അപ്രകാരമൊന്നുണ്ടേങ്കില്‍ അത് ഉദ്ദരിക്കുക.അല്ലാതെ “എഴുതാപ്പുറം വായിച്ച്” വ്യാഖ്യാനിക്കുന്നതെന്തിന്‌. നേര്ക്കുതനേരെയുള്ള ഉദ്ദരണികള്‍ കൊടുക്കുക. ഇല്ല എന്നതിനുള്ള വെല്ലുവിളിയല്ല ഇത്, അറിയാനുള്ള അന്വേഷണമാണ്‌.

CKLatheef പറഞ്ഞു...

വര്‍ഷങ്ങളായി മുജാഹിദ് പ്രസ്ഥാനം ചെയ്യുന്നതെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. വിഭജിക്കുന്നുവെന്ന് തത്വത്തില്‍ പ്രകടമായി അംഗീകരിക്കാതെ പ്രായോഗികരംഗത്ത് വിഭജിക്കുക. നിഷേധിക്കുന്നുവെന്ന് അംഗീകരിക്കാതെ പ്രായോഗികമായി നിഷേധിക്കുക. അത് ഇവിടെയും സംഭവിക്കുന്നുണ്ട്. ഏതൊരു കാര്യത്തിലാണോ ജമാഅത്തിനെ വിമര്‍ശിക്കുന്നത് ആ കാര്യത്തില്‍ പോസ്റ്റീവായ ഒരു സമീപനം സ്വീകരിക്കാന്‍ കഴിയാതിരിക്കുക എന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ നിസ്സഹായത ആരോപണത്തിന് മറുപടി പറയേണ്ടിവരുന്ന ജമാഅത്തെ ഇസ്ലാമിയെയും പ്രയാസപ്പെടുത്തുന്നുണ്ട്.

ഞാന്‍ എഴുതാപുറം വായിക്കുകയും ജമാഅത്തെ ഇസ്ലാമി തന്നെ ആര്‍ക്കും വിയോജിപ്പില്ലാത്ത കാര്യത്തില്‍ വെറുതെ ചര്‍ച ചെയ്യുകയുമാണോ എന്ന കാര്യം ഇന്‍ഷാ അല്ലാഹ് വിശദമാക്കാം.

Latheef hassan Vatakara പറഞ്ഞു...

അല്ലാഹുവിന്റെ വിധി വിലക്കുകളെ ലംഘിക്കാതെ ഇന്ത്യാ ഗവണ്മെന്റിന്റെ ഭരണ നിയമങ്ങള്‍ അനുസരിക്കുന്ന മുസ്ലിംകളെ സംബന്തിച്ച് ജമാ അത്തെ ഇസ്ലാമിയുടെ നിലപാട് സംശയത്തിനിടയില്ലാത്ത വിധത്തില്‍ അവര്‍ ഒരിക്കലും വ്യക്തമാക്കിയിട്ടില്ല.ഇന്ത്യയിലെ മുസ്ലിംകളാരും രാഷ്ട്രീയ ശിര്‍ക്ക് ചെയ്യുന്നില്ല (ഇന്തിരാ ഗാന്ധിയുടെ അരാധകര്‍പോലും)എന്നു ജമാ അത്തു ആനുകാലികങ്ങള്‍ വ്യക്തമാക്കിയ ശെഷവും,മുജാഹിദുകള്‍ രാഷ്ട്രീയ ശിര്‍ക്കില്‍ അകപ്പെട്ടിരിക്കുകയാണെന്നു ആരോപിച്ചുകൊണ്ട് നിങ്ങള്‍ അനേകം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അല്ലാഹു കണിശമായ നിയമങ്ങള്‍ നിശ്ചയിച്ചിട്ടില്ലാത്ത മനുഷ്യര്‍ നിയമം നിര്‍മ്മിക്കുന്നത് ഹാക്കിമിയത്ത്ല്ലാഹുവിന്നു മാത്രം എന്ന തത്വത്തിന്നു വിരുദ്ധമാവില്ലെന്നു യൂസുഫുല്‍ ഖറദാവി എഴുതിയത് മുജാഹിദുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മുന്‍ ജമാ അത്ത് അമീര്‍ കെ.സി അബ്ദുല്ല മൌലവി നല്‍കിയ മറുപടി,..സയ്യിദ് മൌദൂദിയുടെ അഭിപ്രായം അങ്ങിനെ തന്നെയാകുന്നു എന്നാണു!പ്ക്ഷേ അതിനു ശേഷവും മൌദൂദിയുടെ ഗ്രന്ധങ്ങളില്‍ നിന്നുദ്ധരിച്ചു കൊണ്ടാണ് ,മനുഷ്യന്‍ യാതൊരു വിധ നിയമനിറ്മ്മണത്തിന്നും അര്‍ഹതയില്ലെന്നും യാതൊരു മനുഷ്യ് നിര്‍മ്മിത നിയമവും അനുസരിക്കാന്‍ പാടില്ലെന്നും ജമാ അത്തുകാര്‍ പ്രചരിപ്പിച്ചത് ! ഹാക്കിമിയ്യത്ത് വിഷയത്തിലെ സൂക്ഷമമായ വേര്‍തിരിവ് ബഹുജങ്ങള്‍ക്കു വ്യക്തമാക്കിക്കൊടുക്കാന്‍ മുജാഹിദുകളേയും ലോകമുസ്ലിം നേതാക്കളേയും പോലെ ജമാ അത്തുകാരും തയ്യാറായാല്‍ ഈ പ്രശ്നത്തില്‍ ഒരു തര്‍ക്കവും അവശെഷിക്കുകയില്ലെന്നു ജമാ അത്തു സഹോദരങ്ങള്‍ മനസ്സിലാക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK