'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ഫെബ്രുവരി 26, 2014

ജമാഅത്തും മുജാഹിദും തമ്മിലുള്ള അന്തരം ?.

എന്താണ് മുജാഹിദും ജമാഅതെ ഇസ്ലാമിയും തമ്മിലുള്ള വ്യത്യാസം ? ഈ ചോദ്യം പലതവണ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളതാണ്.  പൊതുവെ ആളുകള്‍ക്ക് ജമാഅത്തെ ഇസ്ലാമിയെയോ മുജാഹിദ് പ്രസ്ഥാനത്തെയോ ബാഹ്യമായി അറിയാം. രണ്ട് കൂട്ടരെയും അവര്‍ കാണുകയും ഇടപെടുകയും ചെയ്യുന്നു. എന്നാലും എന്താണ് വ്യത്യാസം എന്നറിയില്ല. നേര്‍ക്ക് നേരെ ചോദ്യമുന്നയിച്ച പലര്‍ക്കും ഇത് വിശദീകരിച്ചു കൊടുക്കാന്‍ കഴിയാറുണ്ട്. എല്ലാം കേട്ട് അവര്‍ പിരിഞ്ഞുപോകുകയാണ് ചെയ്യാറുള്ളത്. ഏറെക്കുറെയൊക്കെ ബോധിച്ചുവെന്ന് തോന്നും. നേര്‍ക്ക് നേരെ വിശദീകരിച്ച് നല്‍കുമ്പോഴും അതത് സംഘടനകള്‍ അവകാശപ്പെടുന്നത് വെച്ചാണ് പരിചയപ്പെടുത്താറ്. കാരണം ചോദിക്കുന്നവര്‍ക്ക് ഒരു മുന്‍ധാരണയുണ്ടാവും, എങ്ങനെയായാലും ഇദ്ദേഹം ജമാഅത്തിനെ പൊക്കിപറയുകയും മുജാഹിദ് പ്രസ്ഥാനത്തെ താഴ്തിപ്പറയുകയും ചെയ്യും എന്ന്. പലരും എന്തെങ്കിലുമൊക്കെ രണ്ടിനെക്കുറിച്ചും കേട്ടതിന് ശേഷമാകും ഈ വ്യത്യാസം ചോദിക്കുന്നത്. ആത്മാര്‍ഥമായി തന്നെയാണ് അവര്‍ ചോദിക്കുന്നത്, പക്ഷെ അവര്‍ക്ക് മറുപടി പൂര്‍ണമായും തൃപ്തിനല്‍കിയോ എന്ന് തിരിച്ചു ചോദിക്കാന്‍ ശ്രമിക്കാറില്ല.

രണ്ട് ദിവസം മുമ്പ് ഒരു സുഹൃത്ത് ഇതേ ചോദ്യം ഫെയ്സ് ബുക്ക് ചാറ്റിലൂടെ ചോദിച്ചു. പതിവു ശൈലിയനുസരിച്ച് ഞാന്‍ മറുപടിയും നല്‍കി.

സുഹൃത്തിന്റെ ചോദ്യം:  ഈ മുജാഹിടും ജമാഅത്തും തമ്മിലെ പ്രധാന വ്യത്യാസങ്ങള്‍ എന്തൊക്കെയാണ് ?

= ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക പ്രസ്ഥാനവും മുജാഹിദു ഇസ്ലാഹി പ്രസ്ഥാനവുമാണ് എന്നാണ് രണ്ടുകൂട്ടരും സ്വയം അവകാശപ്പെടുന്നത്. അതുതന്നെയാണ് വ്യത്യാസവും..

ചോദ്യം: ഒന്നൂടെ വ്യക്തമാക്കാമോ ?

= ജമാഅത്തെ ഇസ്ലാമി ഇസ്ലാമിനെ മൊത്തമായി ജനങ്ങളില്‍ പ്രബോധനം ചെയ്യുന്നു. മുജാഹിദുകള്‍ മുസ്ലിംകളിലെ ശിര്‍ക്ക് കലര്‍ന്ന വിശ്വാസതിതനെതിരിലും അനാചാരങ്ങള്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്നു...

എന്നാല്‍ ഈ ചോദ്യവും മറുപടിയും കണ്ട എന്റെ സഹോദരന്‍ പറഞ്ഞു. താങ്കള്‍ പറഞ്ഞ മറുപടി അയാളെ ഒട്ടും തൃപ്തിപ്പെടുത്താന്‍ പര്യാപ്തമല്ല. അതെനിക്കും അറിയാമായിരുന്നു. അതിനെ സത്യപ്പെടുത്തി അദ്ദേഹം വീണ്ടും പ്രതികരിച്ചു.

സുഹൃത്ത് : വിയോജിപ്പിന്‍റെ മേഖലകള്‍ ആണ് ചോദിക്കുന്നത് . പേടിക്കണ്ട , ഞാന്‍ എല്ലാ സംഘടനകളും വേണം എന്ന് പറയുന്ന ഒരാളാണ് . പക്ഷെ ഇത് രണ്ടും ഒന്ന് തന്നെയെന്നു തോന്നിയിട്ടുണ്ട് . എങ്കില്‍ പിന്നെ ഇതെന്താണ് രണ്ടായി ഇരിക്കുന്നത് എന്നറിയാന്‍ വേണ്ടിയാണ് ചോദിച്ചത്. വളരെക്കാലമായുള്ള സംശയമാണ്.

= താമസിയാതെ വിശദമായ മറുപടി നല്‍കാം ഒരു ബ്ലോഗ് പോസ്റ്റായി തന്നെ... സംശയങ്ങള്‍ ഓരോന്നായി ചോദിക്കുക.. അത് രണ്ടിനെക്കുറിച്ചും നിങ്ങള്‍ക്ക് ഇപ്പോള്‍ അറിയുന്നത് പങ്കുവെക്കുക..

ഈ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ്. ഇത് എനിക്ക് സഹോദരനുമായി സംസാരിക്കാന്‍ ഒരു സാവകാശം ലഭിക്കുന്നതിന് വേണ്ടി നല്‍കിയതാണ്. മാത്രമല്ല അതിനിടയില്‍ അവന് പറയാനുള്ളത് കേള്‍ക്കുകയും ചെയ്യാമല്ലോ. എന്നാല്‍ നീ പറയൂ എന്താണ് വ്യത്യാസം.

അവന്‍ പറഞ്ഞു തുടങ്ങി: 'സത്യത്തില്‍ പുറമെ നിന്ന് ഈ രണ്ട് സംഘടനകളെയും വീക്ഷിക്കുന്ന ഒരാള്‍ക്ക് ഇവ തമ്മില്‍ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെടുകയില്ല. അതാണ് ഈ ചോദ്യത്തിന്റെ കാരണവും. ഇതെന്തുകൊണ്ട് സംഭവിച്ചുവെന്ന് ചോദിച്ചാല്‍, സലഫി മാര്‍ഗവും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മാര്‍ഗവും പ്രവര്‍ത്തനവും ഒരേ പോലെ ആയതുകൊണ്ടല്ല. മറിച്ച് കേരളത്തിലെ സലഫി വിഭാഗം അതിന്റെ പ്രവര്‍ത്തനങ്ങളിലും സംഘടനാ സെറ്റപ്പിലും ചില ആശയങ്ങളിലും ജമാഅത്തിനെ അക്ഷരാര്‍ഥത്തില്‍ പിന്തുടര്‍ന്നത് കൊണ്ടാണ്. നേരത്തെ ഇവിടെയുണ്ടായിരുന്ന പുരോഗമന സ്വഭാവമുള്ള സംഘടന കേരള ജംഇയത്തുല്‍ ഉലമയായിരുന്നു. ഇത് മുസ്ലിം ബഹുജനസാമാന്യത്തിന്റെ സംഘടനയായിരുന്നില്ല. മറിച്ച് ഒരു പണ്ഡിത സംഘടനയായിരുന്നു. ഇത് നിലനില്‍ക്കെയാണ് ജമാഅത്തെ ഇസ്ലാമി എന്ന ഇസ്ലാമിക പ്രസ്ഥാനം കേരളത്തില്‍ രൂപീകരിക്കപ്പെട്ടത്. ഇത് രൂപീകരിക്കപ്പെട്ടതോടെ നേരത്തെ ജംഇയത്തുല്‍ ഉലമ എന്ന പണ്ഡിത വേദിയിലുണ്ടായിരുന്ന പലരും ഇതില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി മാത്രമല്ല. പൂര്‍ണമായ സംഘടന സെറ്റപ്പോടെ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ നേരെ സലഫികളായി ഉണ്ടായിരുന്ന പലരും ഇതില്‍ ചേകാറാന്‍ തുടങ്ങി. ഇതിനെതിരെയുള്ള ഒരു പ്രതിരോധം എന്ന നിലക്കാണ്. കേരളാ നദ് വത്തുല്‍ മുജാഹിദീന്‍ എന്ന മുജാഹിദ് സംഘടന രൂപീകരിക്കപ്പെടുന്നത്.'


ഇത്രയുമായപ്പോള്‍ എനിക്ക് കാര്യം തിരിഞ്ഞു. ജമാഅത്തും മുജാഹിദും തമ്മിലുള്ള വ്യത്യാസം നിലവിലെ അവസ്ഥയില്‍ വിശദീകരിക്കുകയല്ല വേണ്ടത്. എന്നാണ് അവന്‍ പറഞ്ഞുവരുന്നതിന്റെ ചുരുക്കം. ഈ സംഭവങ്ങള്‍ മുജാഹിദു സുഹൃത്തുക്കള്‍ക്ക് മറുപടി പറഞ്ഞ സദ്റുദ്ധീന്‍ വാഴക്കാടിന്റെയും ടി.കെ. അബ്ദുല്ല സാഹിബിന്റെയും പ്രസംഗങ്ങളില്‍ കേട്ടത് ആ സന്ദര്‍ഭത്തില്‍ ഓര്‍ത്തു. ഞാന്‍ അവനെ ബാക്കി കൂടി പറയാന്‍ അനുവദിച്ചു. അവന്‍ തുടര്‍ന്നു. ' കേരളാ നദ് വത്തുല്‍ മുജാഹിദീന്‍ രൂപീകരിക്കപ്പെട്ട സന്ദര്‍ഭത്തില്‍ അതിന്റെ പ്രമുഖരായ പല പണ്ഡിതന്മാരും ജമാഅത്തുമായി സൌഹാര്‍ദ്ദത്തില്‍ തന്നെയായിരുന്നു. ഇന്ന് പറയപ്പെടുന്നത് പോലെ ജമാഅത്തെ ഇസ്ലാമി പിഴച്ച ഒരു സംഘടനയാണ് എന്ന് അവര്‍ക്ക് അഭിപ്രായം ഉണ്ടായിരുന്നില്ല. എന്നാല്‍ അധികം താമസിയാതെ കെ. ഉമര്‍ മൌലവിയുടെ യുഗം ആരംഭിച്ചു. അദ്ദേഹമാണ് ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് പ്രസ്ഥാനവും കാര്യമായി ഭിന്നതയുണ്ട് എന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചത്. ഇത് തന്നെ ഒരു പ്രതിരോധത്തിന്റെ ഭാഗമായിരുന്നു. അങ്ങനെ ജമാഅത്തെ ഇസ്ലാമി ആദര്‍ശത്തില്‍ തന്നെ പിഴച്ചുപോയി എന്നദ്ദേഹം പറയാന്‍ തുടങ്ങി. അതിനായി ജമാഅത്തെ ഇസ്ലാമി ലാഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ അര്‍ഥം മാറ്റി, ഇബാദത്തിന് മൂന്ന് അര്‍ഥം പറഞ്ഞു തുടങ്ങിയ ആരോപണങ്ങളാണ് ശക്തമായി ഉന്നയിച്ചത്. എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നും അദ്ദേഹം കണ്ടുപിടിച്ചു. അത് ഇസ്ലാമിനെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നു. അവര്‍ രാഷ്ട്രീയത്തിന് വേണ്ടി ഇസ്ലാമിനെ ഉപയോഗപ്പെടുത്തുന്നു. അവരുടെ ലക്ഷ്യം ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരലാണ്.' 

കാര്യം ശരിയാണല്ലോ... ഞാനും ചിന്തിച്ചു,  ഒരു  മുസ്ലിം സംഘടന അതിന് ലഭിച്ച വേദികളൊക്കെ ഉപയോഗപ്പെടുത്തി ജമാഅത്തെ ഇസ്ലാമിയെ പരിചയപ്പെടുത്തിയപ്പോള്‍, ഈ ചിത്രമാണ് പൊതുജനങ്ങള്‍ക്ക് ലഭിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇഖാമത്തുദ്ദീനാണ് എന്ന മറുവാദം പോലും അവര്‍ പറയുന്നതിന് തെളിവായിട്ടാണ് മനസ്സിലാക്കപ്പെട്ടത്. സത്യത്തില്‍ എന്താണ് ഇഖാമത്തുദ്ദീന്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്ന് ജമാഅത്ത് ആദ്യകാലത്ത് തന്നെ വ്യക്തമാക്കിയിരുന്നു. അത് ഭരണം നേടുന്ന ഒരു പരിപാടിയല്ല. ജീവിതത്തിന്റെ എല്ലാ തുറയിലും ദീനിന്റെ വിധിവിലക്കുകള്‍ പാലിക്കുക എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു രാജ്യത്തിന്റെ വ്യവസ്ഥ ദൈവികമാകുമ്പോള്‍ അത് മറ്റേത് മനുഷ്യനിര്‍മിത വ്യവസ്ഥയെക്കാളും ഉന്നതവും പ്രായോഗികവും ആയിരിക്കും. അതിനാല്‍ പ്രബോധനത്തില്‍ അവ കൂടി ഊന്നി വ്യക്തിയുടെ സംസ്കരണണവും സമൂഹത്തിന്റെ പുനര്‍നിര്‍മാണവും അതിലൂടെ വ്യവസ്ഥയുടെകൂടി മാറ്റവും ജമാഅത്ത് ലക്ഷ്യം വെക്കുന്നു. ഒരു മതവിഭാഗത്തിന് രാഷ്ട്രത്തിന്റെ വിഷയത്തില്‍ സ്വന്തമായി ഒരു കാഴ്ചപ്പാട് ഉണ്ടാകാവതല്ല എന്ന് പറയുന്നതില്‍ അര്‍ഥമില്ല. അവരത് പ്രചരിപ്പിക്കുന്നത് സമാധാനപരമായ മാര്‍ഗത്തിലൂടെയാണെങ്കില്‍ അതില്‍ കൈവെക്കാന്‍ മതേതരജനാധിപത്യവ്യവസ്ഥയനുസരിച്ച് പോലും അര്‍ഹതയുമില്ല. ജമാഅത്താകട്ടേ അതിന്റെ ആശയപ്രചരണത്തിന് നാട്ടില്‍ സമാധാനഭംഗം ഉണ്ടാക്കുകയോ ചിദ്രതയുണ്ടാക്കുകയോ ചെയ്യുന്ന മാര്‍ഗം സ്വീകരിക്കില്ല എന്ന് വ്യക്തമായി ഭരണഘടനയില്‍ പറഞ്ഞിട്ടുമുണ്ട്. ഭരണഘടനയില്‍ പ്രവര്‍ത്തന മാര്‍ഗം എന്ന ഖണ്ഡികയില്‍ ഇങ്ങനെ കാണാം. 

['ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ പ്രവര്‍ത്തനമാര്‍ഗം താഴെ വിവരിക്കും പ്രകാരമായിരിക്കും: 
1. ഖുര്‍ആനും സുന്നത്തും ജമാഅത്ത് പ്രവര്‍ത്തനത്തിന്റെ അസ്തിവാരമായിരിക്കും. മറ്റുള്ളതെല്ലാം രണ്ടാം സ്ഥാനത്ത്, ഖുര്‍ആനും സുന്നത്തും അനുസരിച്ച് പഴുതുള്ളേടത്തോളം മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.

2. ജമാഅത്ത് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ധാര്‍മിക പരിധികള്‍ പാലിക്കുന്നതായിരിക്കും. സത്യസന്ധതക്കും വിശ്വസ്തതക്കും നിരക്കാത്തതോ, വര്‍ഗീയ വിദ്വേഷത്തിനും വര്‍ഗസംഘട്ടനത്തിനും ഇടയാക്കുന്നതോ നാട്ടില്‍ നാശമുണ്ടാക്കുന്നതോ ആയ മാര്‍ഗങ്ങളും പരിപാടികളും ഒരിക്കലും സ്വീകരിക്കുന്നതല്ല.
3. ജമാഅത്ത് അതിന്റെ ലക്ഷ്യപ്രാപ്തിക്കായി രചനാത്മകവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്. ആദര്‍ശപ്രചാരണവും പ്രബോധനവും വഴി ഹൃദയങ്ങളും സ്വഭാവചര്യകളും സംസ്‌കരിക്കുന്നതും, സാമൂഹിക ജീവിതത്തില്‍ ഉദ്ദിഷ്ടമായ ഉത്തമ വിപ്‌ളവം വരുത്തുന്നതിന് പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരുന്നതുമാണ്.']

ഇത്രയും പറഞ്ഞു കഴിഞ്ഞാല്‍ ഒരു മുസ്ലിം സംഘടനക്കും അവരില്‍ തീവ്രതയോ ഇസ്ലാമിക വിരുദ്ധതയോ ആരോപിക്കാന്‍ കഴിയില്ല. പക്ഷെ സംഭവിക്കുന്നത് അതല്ല, മറിച്ചാണ്. മതവിരുദ്ധരേക്കാള്‍ ഇക്കാര്യത്തില്‍ പടപൊരുതേണ്ടത് തങ്ങളാണ് എന്ന് മുജാഹിദുകളടക്കമുള്ള മുസ്ലിം സംഘടനകള്‍ തീരുമാനിച്ചുറച്ചപോലെയായിരുന്നു. 

ഈ പോരാട്ടത്തിന് തുടക്കം കുറിച്ചതും പോര്‍മുഖം തുറന്നതും ഉമര്‍ മൌലവിയുടെ നേതൃത്വത്തിലാണ്. സല്‍സബീല്‍ എന്ന പത്രത്തില്‍ സ്ഥിരമായി ഒന്നിലധികം ലേഖനങ്ങള്‍ ജമാഅത്തിന് വേണ്ടി ഉണ്ടായിരുന്നത് ഓര്‍ത്തു. തുടര്‍ന്ന് കെ.സി. അബ്ദുല്ല മൌലവി, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി എന്നിവരുടെ സംവാദം നടന്നു. 

സഹോദരന്‍ തുടര്‍ന്നു: ' സത്യത്തില്‍ ഈ സംവാദങ്ങള്‍ സലഫിസവുമായി ബന്ധപ്പെട്ടതായിരുന്നില്ല. കേരളത്തിലെ പ്രത്യേക പശ്ചാതലത്തില്‍ തങ്ങള്‍ എന്തുകൊണ്ട് ജമാഅത്തുമായി വിയോജിക്കുന്നുവെന്ന് സ്വന്തം അണികളെ ബോധ്യപ്പെടുത്താന്‍ മാത്രമായി നിര്‍മിച്ചെടുത്ത വ്യത്യാസങ്ങളായിരുന്നു. ഗള്‍ഫിലെ സലഫി പണ്ഡിതന്മാര്‍ക്ക് ഇക്കാര്യത്തില്‍ ജമാഅത്തുമായി ഭിന്നാഭിപ്രായം ഉണ്ടായിരുന്നില്ല എന്ന് ഉമര്‍ മൌലവി തന്നെ തന്റെ ജീവചരിത്രത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ഹാകിമിയത്ത്, ജനാധിപത്യത്തോടുള്ള നിലപാട്, ഇസ്ലാമിക രാഷ്ട്രീയം, ഇബാദത്തിന്റെ അര്‍ഥ കല്‍പന എന്നിങ്ങനെ കേരളത്തില്‍ ജമാഅത്ത് മുജാഹിദ് സംവാദം നടക്കുന്ന വിഷയത്തില്‍ ഗള്‍ഫ് സലഫികള്‍ ജമാഅത്തിന്റെ അതേ വീക്ഷണം പുലര്‍ത്തുന്നവരാണ്. ഈ സംവാദം നടന്നുകൊണ്ടിരിക്കെ ജമാഅത്ത് അതിന്റെ പ്രവര്‍ത്തന പരിപാടികളുമായി മുന്നോട്ടു പോയി. അതിനിടക്ക് മറ്റൊരു കാര്യം സംഭവിച്ചു. മുജാഹിദുകളില്‍ ഒരു വിഭാഗത്തിന്, മുജാഹിദ് പ്രസ്ഥാനം ജമാഅത്തിനെതിരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടു, പ്രത്യേകിച്ചു യുവജനവിഭാഗത്തിന് അതിന് പ്രധാന കാരണം ഇസ്ലാമിക പ്രസ്ഥാനങ്ങളെയും അവയുടെ നിലപാടുകളെയും കുറിച്ച വ്യക്തമായ കാഴ്ചപ്പാടുള്ള ഹുസൈന്‍മടവൂര്‍ ആയിരുന്നു. അതിനാല്‍ ജമാഅത്തിനെ ഒരു വശത്ത് എതിര്‍ക്കുമ്പോള്‍ തന്നെ ജമാഅത്ത് ചെയ്തുവരുന്ന ഒട്ടനേകം പരിപാടികള്‍ അവര്‍ സ്വന്തം നിലക്ക് ചെയ്തുവന്നു. (ഇതിനെയാണ് പിന്നീട് ജമാഅത്ത് എപി വിഭാഗം ചവറ് പ്രവര്‍ത്തനങ്ങള്‍ എന്ന് പറഞ്ഞ് പരിഹസിച്ചത്.) മുജാഹിദിലെ തന്നെ അതിതീവ്രതയുള്ള സലഫികള്‍ ഇതിനെതിരെ രംഗത്ത് വരികയും അവരുടെ നിരന്തരമായ ശ്രമഫലമായി മുജാഹിദ് പ്രസ്ഥാനത്തില്‍നിന്ന് പുതിയ വാദവും പ്രവര്‍ത്തനവുമായി വന്ന യുവജനവിഭാഗത്തെ പുറത്താക്കുകയും ചെയ്തു. ഇങ്ങനെ മുജാഹിദ് സംഘടനയിലെ ആദ്യ വിഭജനം പൂര്‍ത്തിയായി.' 

'ജമാഅത്തും മുജാഹിദും തങ്ങളുടെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തും എന്ന് പറയുന്ന സന്ദര്‍ഭത്തില്‍ എന്തുകൊണ്ട് ഇതൊക്കെ സംഭവിച്ചു?' ഇടക്ക് ഞാന്‍ ചോദിച്ചു. 

അവന്‍ പറഞ്ഞു: 'അവിടെയാണ് രസം. ആദ്യം രൂപീകരിക്കപ്പെട്ട സംഘടന ജമാഅത്തെ ഇസ്ലാമിയാണ് എന്ന് പറഞ്ഞല്ലോ. ജമാഅത്ത് ഭരണഘടനയില്‍ വളരെ വ്യക്തമായി അടിസ്ഥാനം ഖുര്‍ആനും സുന്നത്തുമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സലഫി മന്‍ഹജ് അനുസരിച്ച് അതിന് വലിയ പ്രസക്തി ഇല്ല. നാട്ടിലെ സുന്നികളെ പോലെ അവര്‍ കാര്യങ്ങളെ മടക്കുന്നത് പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിലേക്കും ഫത് വകളിലേക്കും അണ്. ജമാഅത്തിനെ അനുകരിച്ച് കേരളത്തിലെ സലഫികള്‍ സംഘടനാ സെറ്റപ്പ് ഉണ്ടാക്കിയപ്പോള്‍ ജമാഅത്തിന്റെ അതേ വാക്കുകള്‍ ഉരുവിട്ടുവെന്ന് മാത്രം.'

ഞാന്‍ കൂട്ടിചേര്‍ത്തു; 'സംഗതി ശരിയാണല്ലോ. ജമാഅത്തുമായി ഭിന്നാഭിപ്രായമുള്ള കാര്യങ്ങളിലും അതല്ലാത്ത സ്വന്തം നിലക്ക് തീവ്രതയുള്ള മറ്റുചില കാര്യങ്ങളിലും ഖുര്‍ആനും സുന്നത്തിനും ഉപരി പൂര്‍വകാലത്തിലെ പണ്ഡിത ഉദ്ധരണികളിലാണ് പ്രമാണം കണ്ടെത്തുന്നത്. സംഗീതം ഹറാമാണ് എന്ന് പറയുമ്പോഴും താടിവടിക്കല്‍ ഹറാമാണ് എന്ന് പറയുമ്പോഴും വിഷയം എത്തിനില്‍ക്കുന്നത് പണ്ഡിത വചനങ്ങളിലാണ്. ഇക്കാര്യം ഞാനും സൂചിപ്പിച്ചു. ജിന്ന് വിഷയമാകട്ടെ, അതും അപ്രകാരം തന്നെ.'

അവന്‍ തുടര്‍ന്ന് പറഞ്ഞു: 'ഈ വിഷയത്തില്‍ ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി മുന്നോട്ട് പോകുന്നത് മടവൂര്‍ വിഭാഗമാണ്. അതുകൊണ്ടുതന്നെ ജമാഅത്തിനും മടവൂര്‍ വിഭാഗത്തിനും അധികം തര്‍കവിതര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടി വരില്ല. ഇക്കാര്യം അവരും നമ്മളും മനസ്സിലാക്കിക്കഴിഞ്ഞു. എടരിക്കോട് നടന്ന സമ്മേളനത്തില്‍ തുറന്ന സമീപനമാണ് പരസ്പരം കാണിച്ചത്. ഇത് ഭാവി കേരള മുസ്ലിംകള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഭൂരിപക്ഷം യുവാക്കളടങ്ങുന്ന ഈ വിഭാഗവും ജമാഅത്തെ ഇസ്ലാമിയും സാധ്യമാകുന്ന രംഗത്ത് സഹകരിച്ചാല്‍ തന്നെ വലിയ നേട്ടം ഇസ്ലാമിനും മുസ്ലിംകള്‍ക്കും പൊതുസമൂഹത്തിനും ലഭിക്കും.' 

'അപ്പോള്‍ ഔദ്യോഗിക വിഭാഗം എന്നറിയപ്പെടുന്ന എ.പി വിഭാഗമോ ?.' ഞാന്‍ ചോദിച്ചു. 

അവന്റെ മറുപടി: 'അവരും നമ്മളും തമ്മിലുള്ള സൌഹൃദവും കൂടുതല്‍ ഊഷ്മളമായി വരുന്നു.' ഇതെങ്ങനെ സാധിച്ചുവെന്നതും അവന്‍ വിശദീകരിച്ചുു. 'ഇയ്യിടെ ഉണ്ടായ ജിന്നുവിഷയത്തിലെ പുറത്താക്കല്‍ നടന്നതോടുകൂടി. ജമാഅത്തിനെതിരെ തീവ്രയുദ്ധം പ്രഖ്യാപിച്ചവര്‍ ആ സംഘടന വിട്ടുപോയി. അതോടെ അന്ധമായ ശത്രുതക്ക് അവിടെ വേണ്ടത്ര ആളില്ലാതെയായി.' 

'അപ്പോള്‍ പുറത്ത് പോയവരുടെ അവസ്ഥയോ?', ഞാന്‍ ചോദിച്ചു. 

അവന്റെ മറുപടി: 'അവരാണ് യഥാര്‍ഥ സലഫികള്‍. സലഫികളുടെ ചിന്താഗതിയും പ്രവര്‍ത്തനപരിപാടിയുമാണ് അവരുടേത്. സുന്നികളെ പോലെ അവരുടെ അടിസ്ഥാനവും ഖാലഖ്വീലകളാണ് അതിനാല്‍ അവര്‍ക്ക് സുന്നികള്‍ക്കെതിരെ കാര്യമായി ഇനി ഒന്നും ചെയ്യാനാവില്ല. ജമാഅത്തിനെതിരെ ഇനി അവരുടെ പക്ഷത്ത് നിന്ന്  കാര്യമായ സംവാദങ്ങള്‍ ഉണ്ടാവില്ല. കാരണം മുമ്പ് ഉമര്‍മൌലവി പറഞ്ഞ കാര്യങ്ങളില്‍ സലഫിസം പറയുന്നവര്‍ക്ക് ജമാഅത്തിനെ എതിര്‍ക്കാനാവില്ല. ജിന്നിനോടുള്ള കാഴ്ചപ്പാട് ഗള്‍ഫ് സലഫികളില്‍ ചെന്ന് നില്‍ക്കുന്നതാണ്. മറ്റനേകം കാര്യങ്ങളിലുള്ള തീവ്രതയും അവരുടെ പ്രത്യേകതയാണ് അവര്‍ക്ക് ഒരു പ്രസിഡണ്ടും സെക്രട്ടറിയും ഖജാഞ്ചിയുമൊക്കെയുള്ള സംഘടന വേണമെന്നില്ല. ഒരു ശൈഖും കുറേ മുരീദുമാരും ഉണ്ടായാല്‍ അവര്‍ക്ക് തൃപ്തിയായി. പ്രത്യേക വേഷവും തീവ്രചിന്താഗതിയുമായി അവര്‍ ജീവിച്ചു പോയിക്കൊള്ളും.'

ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, മുജാഹിദ് വിഭാഗം ഒരുമിച്ചിരുന്നപ്പോഴും അതിന് ശേഷം അപൂര്‍വമായും ഇറങ്ങിയ ഏതാണ്ടെല്ലാ ജമാഅത്ത് വിരുദ്ധ മുജാഹിദ് പുസ്തകങ്ങളും എന്റെ മേശപ്പുറത്ത് ഉണ്ടായിരുന്നു. ഞാന്‍ ചിന്തിച്ചു കാര്യം ഇങ്ങനെയൊക്കെ ആയിരിക്കാമെങ്കിലും, ഞങ്ങളും ജമാഅത്തും ഭിന്നതയുണ്ട് എന്ന് കാണിക്കാന്‍ ഇനിയും ഈ പുസ്തകങ്ങളൊക്കെ അവര്‍ വിറ്റുകൊണ്ടിരിക്കും.... ശബാബിലും അല്‍മനാറിലും ജമാഅത്തിനെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ വരും... ജമാഅത്തിന് കുറച്ചൊക്കെ സ്വാധീനം ഉള്ള മേഖലകളില്‍, പ്രത്യേകിച്ച് തീവ്ര ലീഗുകാര്‍ കൂടി പ്രവര്‍ത്തകരായി ഉള്ളിടത്ത് ഇനിയും ജമാഅത്തിനെ വിമര്‍ശിച്ചുകൊണ്ടുള്ള പൊതുയോഗങ്ങള്‍ ഉണ്ടാവും.... പഴയ തീവ്രതയില്‍ തുടരുന്ന ചില മുജാഹിദ് പ്രാസംഗികരെങ്കിലും ലീഗിന് വേണ്ടി ജമാഅത്തിനെ തീവ്രവാദികളാക്കും.... ഇക്കാര്യമൊന്നും അറിയാത്ത ചില ഫെയ്സ് ബുക്ക് മുജാഹിദ് സുഹൃത്തുക്കള്‍ ഇനിയും ഇബാദത്ത് ചര്‍ചക്കിടും. പക്ഷെ ഇനിയൊരിക്കലും മുജാഹിദ് പ്രസ്ഥാനത്തിലെ തലമുതിര്‍ന്ന പണ്ഡിതന്‍മാര്‍ ജമാഅത്തുമായി ഒരു സംവാദത്തിന് വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. ചെറുവാടി വെച്ച് നടന്ന സംവാദം അവസാനത്തേതാണ് എന്നാണ് ഇതിനകം ഞാന്‍ മനസ്സിലാക്കിയത്.

അതൊന്നുമല്ല, കാര്യമായ വിയോജിപ്പ് തന്നെയുണ്ട് എന്ന് ഏതെങ്കിലും മുജാഹിദ് സുഹൃത്തുക്കള്‍ക്ക് തോന്നുന്നുവെങ്കില്‍ അവരെ അത് വ്യക്തമാക്കാന്‍ സ്നേഹപൂര്‍വം ക്ഷണിക്കുന്നു. 


7 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ പോസ്റ്റില്‍ നല്‍കിയ പുസ്തക പേജ് മടവൂര്‍ വിഭാഗം പഴയകാല മുജാഹിദ് പ്രസ്ഥാന നേതാക്കളെ പരിചയപ്പെടുത്തുന്ന കൂട്ടത്തില്‍ കെ. ഉമര്‍ മൌലവിയെ പരിചയപ്പെടുത്തുന്ന ലേഖനത്തില്‍നിന്ന് എടുത്തതാണ്. അദ്ദേഹം കേരള ജംഇയത്തുല്‍ ഉലമ എന്ന പണ്ഡിത സംഘടനയില്‍നിന്ന് പുറത്തുപോകാന്‍ ഇടവന്ന സാഹചര്യമാണ് മര്‍ഹൂം ഉമര്‍ മൌലവി വിശദീകരിക്കുന്നത്. അതിലദ്ദേഹം തുറന്ന് പറയുന്നു. അറബ് പണ്ഡിതന്മാര്‍ ജമാഅത്ത് അനുകൂലികളാണല്ലോ.. ഇത് പറയേണ്ടി വന്നത് അക്കാലത്ത് ജമാഅത്തെ ഇസ്ലാമിയുമായി അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ അറബി പണ്ഡിതന്മാര്‍ ജമാഅത്തിനുള്ള അതേ നിലപാട് പുലര്‍ത്തുന്നവരായതുകൊണ്ടാണ്. അതുകൊണ്ടുതന്നെ അവരുടെ മധ്യസ്ഥതയില്‍ ഒരു ചര്‍ച നടന്നാല്‍ അതോടെ മുജാഹിദ് പ്രസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലകപ്പെടുമായിരുന്നു. അതിനാല്‍ ആ ഒപ്പിട്ട കോപ്പി മുക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് പിന്നീട് സംഘടനയില്‍ കാര്യമായ ഒരു സ്ഥാനവും ലഭിക്കാതെ കാലം കഴിച്ചുകൂട്ടേണ്ടിവരികയും ചെയ്തു. ഇത് കഴിഞ്ഞ കഥ.

MA-ARIFATH പറഞ്ഞു...

,,<<1. ഖുര്‍ആനും സുന്നത്തും ജമാഅത്ത് പ്രവര്‍ത്തനത്തിന്റെ അസ്തിവാരമായിരിക്കും. മറ്റുള്ളതെല്ലാം രണ്ടാം സ്ഥാനത്ത്, ഖുര്‍ആനും സുന്നത്തും അനുസരിച്ച് പഴുതുള്ളേടത്തോളം മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ>>>
ഖുറാനും സുന്നത്തും അനുസരിച്ചാണോ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ കൊണ്ട് പൊതുജന മധ്യത്തില്‍ നാടകം കളിപ്പിക്കുന്നത്,കടപ്പുറത്ത് കൊണ്ടുപോയി പകുതി മന്നുമൂടി കോപ്രായം കാണിക്കുന്നത്.സ്ത്രീകളെ അധികാരത്തിലേക്ജ കൊണ്ടുവരരുതെന്ന പ്രവാചക വചനം അധികാര കസേരക്ക് വേണ്ടി വലിച്ചെറിഞ്ഞു. ജമാ ത് ആദര്‍ശം പറഞ്ഞു ഈര്കിലി പാര്‍ടിക്ക് ഒരു വാര്ടുപോലും കിട്ടില്ലെന്ന് കണ്ടപോലെ ഹുകൂമത്തെ ഇലാഹി വെല്‍ഫയര്‍ ഇലാഹി ആയി,ഖുറാനും സുന്നത് അനുസരിക്കുന്നവരാണോ പുതിയ സ്ഥാനര്തികള്‍??അധികാര മോഹത്തിന് വേണ്ടി ഇസ്ലാമിനെ വളച്ചൊടിച്ചു അണികളെ എല്ലാം കണ്ണടച്ച് വിശ്വസിപ്പിച്ചു ദീനിന്റെ വിധിവിലക്കുകളെ തന്ന്നിഷ്ടതിനു വിനിയോഗിപ്പിക്കുന്ന പിതാവിനെ (മൌദൂദിയെ)തള്ളിയ അഭിനവ ഖവാരിജുകള്‍....

CKLatheef പറഞ്ഞു...

ആയിരത്തിലധികം പേര്‍ ഇന്നലെ ഇത് വായിച്ചു പോയെങ്കിലും ആരും ഒന്നും പറഞ്ഞില്ല. അതില്‍നിന്ന് ഞാന്‍ മനസ്സിലാക്കുന്നത് മുജാഹിദുകളെ സംബന്ധിച്ചേടത്തോളം കാര്യമായി വിയോജിപ്പില്ല എന്നാണ്. അല്ലായിരുന്നെങ്കില്‍ അവരിതില്‍ എന്തെങ്കിലും പറയുമായിരുന്നു.

ഇവിടെ വന്ന ഒരേ ഒരു കമന്റ് മുജാഹിദുകാരനില്‍നിന്നല്ല. അതിന്റെ ശൈലിയില്‍നിന്നും എന്റെ ഫെയ്സ് ബുക്ക് വാളില്‍ അതേ കമന്റ് കണ്ടതില്‍നിന്നും മനസ്സിലാക്കുന്നത് ഒരു കാന്തപുരം വിഭാഗം സുഹൃത്തിന്റെ അഭിപ്രായമാണ് എന്നാണ്.

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നെങ്കില്‍ ഈ സുഹൃത്തിനെ പോലുള്ളവര്‍ ചോദിക്കുക. നിങ്ങള്‍ പ്രായപൂര്‍ത്തിയായ കുട്ടികളെ എഴുത്തും വായനയും പഠിക്കാന്‍ പറഞ്ഞയക്കുന്നില്ലേ, നാടകം അവതരിപ്പിക്കുന്നില്ലേ എന്നൊക്കെയായിരിക്കും. പെണ്‍ക്കുട്ടികള്‍ക്ക് എഴുതാന്‍ പാടില്ല എന്ന ഫത് വ ഇപ്പോഴും നിലനില്‍ക്കെ തന്നെയാണ് അവിടെ നിന്ന് മുന്നോട്ട് പോയത്. ഖുര്‍ആനും സുന്നത്തും എന്ന് പറഞ്ഞാല്‍ ഈ വിഭാഗത്തെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഉസ്താദുമാര്‍ പറഞ്ഞുകൊടുക്കുന്നതാണ്. അതുകൊണ്ടു തന്നെ (സ്ത്രീകളെ അധികാരത്തിലേക്ജ കൊണ്ടുവരരുതെന്ന പ്രവാചക വചനം അധികാര കസേരക്ക് വേണ്ടി വലിച്ചെറിഞ്ഞു.) സ്ത്രീകളെ അധികാരത്തിലേക്ക് കൊണ്ടുവരുത് എന്ന് പറഞ്ഞ പ്രവാചകവചനം കാണിച്ചു തരാന്‍ പറഞ്ഞാല്‍, ഈ സുഹൃത്തിനെ പിന്നെ ഈ വഴിക്ക് കാണില്ല.

സത്യത്തില്‍ ജമാഅത്തും അതിന്റെ പോഷക സംഘടനകളും ചെയ്യുന്നത് ഖുര്‍ആനും സുന്നത്തും അനുവദിക്കുന്ന വൃത്തത്തില്‍നിന്നുതന്നെയാണ്. പക്ഷെ അത് മനസ്സിലാക്കാന്‍ പൌരോഹിത്യസമാനമായ ഉസ്താദുമാരുടെയും ശൈഖുമാരുടെയും മാനസികവിധേയത്വത്തില്‍നിന്ന് സ്വതന്ത്രമായി വല്ലതും പഠിക്കാനും ചിന്തിക്കാനും സന്നദ്ധമാകണം.

അന്ധമായി അനുകരിക്കപ്പെടുന്ന തങ്ങളുടെ ഉസ്താദിന്റെ അതേ രൂപത്തില്‍ മൌദൂദിയെ ജമാഅത്ത് കാണണം എന്ന് വെച്ചാല്‍, പിന്നെ ഖുര്‍ആനും സുന്നത്തുമാണ് തങ്ങളുടെ അവലംബം എന്ന് പറയുന്നതിന് അര്‍ഥമുണ്ടാവില്ല. പിതാവിനെ തള്ളി എന്നൊക്കെ അത്തരം മിഥ്യാധാരണയില്‍നിന്ന് വരുന്നതാണ്. അഭിനവ ഖവാരിജുകള്‍ എന്ന വിളിയാകട്ടെ ആരാണ് ഖവാരിജ് എന്നും എന്താണ് ജമാഅത്തെ ഇസ്ലാമിയെന്നും മനസ്സിലാകാത്തതിന്റെ ഫലവും

Unknown പറഞ്ഞു...

"...ഇതിനെയാണ് പിന്നീട് ജമാഅത്ത് എപി വിഭാഗം ചവറ് പ്രവര്‍ത്തനങ്ങള്‍ എന്ന് പറഞ്ഞ് പരിഹസിച്ചത്..."
മുജാഹിദ് എ.പി വിഭാഗം

anwar latheef പറഞ്ഞു...

കുറെ സംശയങ്ങൾ മാറുവാൻ പ്രയോജനപ്പെട്ടു..നന്ദി... അള്ളാഹു അനുഗ്രഹിക്കട്ടെ

Aneesudheen പറഞ്ഞു...


സ്വന്തം പ്രസ്ഥാനത്തെ വലുതാക്കിക്കാട്ടാന്‍ ഇതര പ്രസ്ഥാനങ്ങളെ ഇടിച്ചു താഴ്ത്തുക മനുഷ്യരുടെ സാമാന്യ ദൌര്‍ബല്യമാണ്. പക്ഷേ, ജമാഅത്തെ ഇസ്ലാമിയില്‍നിന്ന് വ്യത്യസ്തമായ എന്തു സേവനങ്ങളാണ് മുജാഹിദ് പ്രസ്ഥാനക്കാര്‍ കേരളത്തില്‍ ചെയ്തതെന്ന് ആലോചിക്കാതിരുന്നത് ഉചിതമായില്ല. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കേരളത്തില്‍ പൊരുതിയത് ഇന്നുള്ള മുജാഹിദ് സംഘടനയല്ല; മുന്‍ ഇസ്ലാഹീ പ്രസ്ഥാനമാണ്. അതാകട്ടെ ജമാഅത്തെ ഇസ്ലാമിക്കുംകൂടി അവകാശപ്പെടാന്‍ ഒരു വിരോധവുമില്ലാത്തതാണ്താനും. 1944-ലാണ് കേരളത്തില്‍ ജമാഅത്ത് പ്രവര്‍ത്തനമാരംഭിച്ചത്. അതിനുമുമ്പ് അതിന്റെ നേതാക്കള്‍ ഇസ്ലാഹീ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരാണ്. ജമാഅത്തെ ഇസ്ലാമി നിലവില്‍വന്നശേഷവും ശിര്‍ക്ക്-ബിദ്അത്തുകള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുകയും അക്കാരണത്താല്‍ അത് യാഥാസ്ഥിതിക പൌരോഹിത്യത്തിന്റെ എതിര്‍പ്പുകളെ നിരന്തരം ഏറ്റു വാങ്ങുകയും ചെയ്തിട്ടുണ്ട്.

ismail hudavi പറഞ്ഞു...

വെല്ഫയര് പാര്ട്ടിക്ക് കീഴില് അമുസ്ലിംകള് സ്ഥാനര്ത്ഥിയാകുന്നത് ഏത് അടിസ്ഥാനത്തിലാണ് ഇഖാമത്തുദീനിനോട് യോജിക്കുക ഒന്ന് വിശദീകരിച്ചാല് കൊള്ളാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK