'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, ഓഗസ്റ്റ് 17, 2013

ഈജിപ്ത് : മുത്തശി പത്രം പച്ചകള്ളം പറയുന്നു..

മനോരമവായനക്കാര്‍ക്ക് ഇതെന്താ സംഭവം എന്ന് അറിയില്ല. 
ഒരു രാഷ്ട്രത്തലവന്‍ ഇന്ത്യാരാജ്യത്ത് വന്ന് മൂന്ന് ദിവസത്തോളം തങ്ങി. ഒട്ടനേകം വ്യാപാരകരാറില്‍ ഒപ്പിട്ട് പോയതിന്റെ ഒരു ചെറിയ റിപ്പോര്‍ട്ട് പോലും നല്‍കാത്ത ഒരു മുത്തശിപത്രം ഇവിടെയുണ്ട്. മിക്ക പത്രങ്ങളും ഒന്നാം പേജില്‍ വാര്‍ത്തയും ഫോട്ടോയും പ്രസിദ്ധീകരിച്ചിട്ടും. മനോരമ അതിന് ശേഷം പോലും അക്കാര്യത്തെക്കുറിച്ച് ഒരു വരി എഴുതാത്തത് പലരെയും അമ്പരപ്പിച്ചിരുന്നു. എന്റെ ചില സഹ ബ്ലോഗര്‍മാര്‍ ആ വിവരം അന്ന് ഭംഗിയായി അവതരിപ്പിച്ചതിനാല്‍ അക്കാര്യം ഇവിടെ മുമ്പ് വിഷയമാക്കിയിട്ടില്ല. എന്തായിരുന്നു അതിന് കാരണം, കേവലം ഒരു വിഭാഗത്തോടുള്ള വെറുപ്പ് ആയിരിക്കും. പത്രങ്ങളുടെ സ്വാഭാവികമായ ചില അവഗണനയെന്ന് പറഞ്ഞ് തള്ളാന്‍ അതിനെ കഴിയുമോ. ഇന്ത്യാരാജ്യത്തിന് പോലും ലഭിക്കാത്ത പിന്നീട് നടക്കാന്‍ പോകുന്ന ഗൂഢാലോചനയുടെ വല്ല രഹസ്യവിവരവും ഇവര്‍ക്ക ലഭിച്ചിരുന്നോ ?. അല്ലെങ്കില്‍ ഇതിനെ ഇങ്ങനെ തമസ്കരിക്കാന്‍ എങ്ങനെ സാധിച്ചു? ഇങ്ങനെ സംശയിക്കേണ്ടി വരുന്നത്, അവിടെ നിന്നുള്ള വാര്‍ത്തകള്‍ അവര്‍ വളച്ചൊടിക്കുന്ന ശൈലികാണുമ്പോഴാണ്. ഇന്നത്തെ മലയാള മനോരമയുടെ റിപ്പോര്‍ട്ടും ഇതര പത്രങ്ങളുടെ റിപ്പോര്‍ട്ടും ശ്രദ്ധിക്കുക. അപ്പോഴാണ് ഇവരുടെ അസുഖം എത്ര കലശലാണ് എന്ന് നമുക്ക് മനസ്സിലാകുക.

***************

മനോരമയുടെ റിപ്പോര്‍ട്ട് കാണുക. 

വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം ക്ഷുഭിതരായി മുസ്ലിംബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനങ്ങള്‍ പലസ്ഥലത്തും രക്തരൂഷിതമായി മാറുകയായിരുന്നു. 

അക്രമത്തിനെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നു സൈന്യം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. രാജ്യത്തെ ആഭ്യന്തരക്കുഴപ്പത്തിലേക്കു തള്ളിവിടുന്നവരോട് ഒത്തുതീര്‍പ്പില്ലെന്നും രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും പ്രസിഡന്റ് അദ്ലി മന്‍സൂര്‍ പ്രഖ്യാപിച്ചു.


അക്രമങ്ങളെ യുഎന്‍ രക്ഷാസമിതി അപലപിച്ചു. സൈന്യവും മുസ്ലിംബ്രദര്‍ഹുഡും അക്രമങ്ങളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു. യുഎസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളും അക്രമങ്ങളെ അപലപിച്ചു.  

**************

ഇപ്പോള്‍ കാര്യം എന്തായി ?. ലക്ഷക്കണക്കിന് ആളുകള്‍ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുക മാത്രമല്ല അവര്‍ ക്ഷുഭിതരായി രക്തരൂക്ഷിതമായ അക്രമത്തിലേക്ക് തിരിഞ്ഞാല്‍ പട്ടാളം വെടിവെക്കും. അതില്‍ 700 ആളുകള്‍ രണ്ട് ഭാഗത്തുനിന്നും (സ്വാഭാവികമായി അങ്ങനെ ഉണ്ടാവുമല്ലോ) കൊല്ലപ്പെട്ടാല്‍ അത് ഒരു സാധാരണ സംഭവം മാത്രം. പട്ടാളത്തിന്റെ നടപടി അക്രമത്തിനെതിരെ. അതും വേണ്ടത്ര മുന്നറിയിപ്പ് നല്‍കിയിട്ട്. ആഭ്യന്തര കുഴപ്പമുണ്ടാക്കുന്നതും ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍. .അപ്പോള്‍ യുഎന്‍ അക്രമം അപലപിക്കുന്ന അക്രമം ഏതാണ് ?. അവസാനഭാഗത്തെങ്കിലും സൈന്യത്തെയും ചേര്‍ത്ത് പറഞ്ഞതില്‍ തല്‍കാലം ആശ്വാസം കൊള്ളാം. എന്നാലും അക്രമത്തിന്റെ മൊത്തം ഉത്തരവാദിത്തവും പരാമര്‍ശവും മനോരമ ബ്രദര്‍ ഹുഡിലേക്ക് ചേര്‍ത്ത് പറയുന്നു. 

ഇതിന്റെ ഏറ്റവും ഗുരുതരമായ ഒരു പ്രത്യഘാതം എന്താണ് എന്ന് ചോദിച്ചാല്‍ . അസത്യം പ്രചരിപ്പിക്കുന്നുവെന്നത് മാത്രമല്ല. അതികിരാതമായ കൂട്ടക്കൊലയില്‍ പ്രതിഷേധിക്കുന്നത് പോലും മനോരമ വായനക്കാരെ സംശയിപ്പിക്കാനിടയാക്കും. കാര്യം ഇങ്ങനെയാണെങ്കില്‍ ഈജിപ്തിലെ പട്ടാള ഭരണകൂടത്തിന്റെ ചെയ്തിയെ അപലപിക്കുന്നത് പോലും ശരിയായ നടപടിയല്ല. കാരണം ഒരു രാജ്യത്ത് സമാധാനം സ്ഥാപിക്കാന്‍ ബാധ്യതപ്പെട്ടവര്‍ അക്രമം തടയാന്‍ ഇടപെടുക എന്നത് സ്വാഭാവികം മാത്രം. മലയാള മനോരമ വായിക്കുന്നവര്‍ക്ക് മാത്രമല്ലേ ഈ പ്രശ്നമുള്ളൂവെന്ന് തോന്നാം. എന്നാല്‍ ഇതിന്റെയൊക്കെ ചുവട് പിടിച്ച് ചില സങ്കുചിത മുസ്ലിം പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം കാര്യത്തില്‍ സമനില നഷ്ടപ്പെടുന്ന മാതൃഭൂമി വാര്‍ത്ത വാര്‍ത്തയായി തന്നെ നല്‍കി എന്നത് സന്തോഷകരമാണ്.  

******************

മാതൃഭൂമിയുടെ റിപ്പോര്‍ട്ട് കാണുക. 

പട്ടാളനടപടിയില്‍ യു.എസ്. പ്രസിഡന്‍റ് ബരാക് ഒബാമയും അതൃപ്തി രേഖപ്പെടുത്തി. ഈജിപ്തുമായി സാധാരണ സഹകരണം തുടരാനാകില്ലെന്നും അടുത്തമാസം നടത്താനിരുന്ന യു.എസ്.- ഈജിപ്ത് സൈനിക പരിശീലനം റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു. സംഘര്‍ഷവും അനുരഞ്ജനത്തിനുള്ള നടപടികളുടെ അഭാവവും ദീര്‍ഘനാളായുള്ള യു.എസ്.-ഈജിപ്ത് പ്രതിരോധസഹകരണത്തെ അപകടത്തിലാക്കിയിരിക്കുകയാണെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ പ്രതികരിച്ചു. ഒബാമയുടെ പ്രതികരണം വസ്തുതകള്‍ മനസ്സിലാക്കാതെയാണെന്നും തീവ്രവാദപ്രവൃത്തികള്‍ നടത്തുന്ന അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണിതെന്നും ഈജിപ്ത് ഭരണകൂടം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

***************


അമേരിക്കയുടെ ഈ പ്രതികരണവും നടപടിയും എങ്ങനെ കണക്കിലെടുക്കണം എന്ന് ഇത്തരം കാര്യത്തില്‍ അമേരിക്കയുടെ പ്രതികരണവും പ്രവര്‍ത്തനവും സൂക്ഷമമായി വീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. അവര്‍ മനുഷ്യത്വഹീനമായ ചെയ്തിയെയും അന്യായങ്ങളെയും പരസ്യമായി തള്ളിപ്പറയുകയും അകമേ അവരുടെ രാജ്യതാല്‍പര്യത്തിന് അനുകൂലമായ നിലപാട്-അത് അക്രമമാണെങ്കില്‍ കൂടി-എടുക്കുകയും ചെയ്ത് ലോകത്തിന് മുന്നില്‍ നല്ല പിള്ള ചമയും. എന്നാല്‍ ഇക്കാര്യത്തില്‍ പട്ടാളത്തെ പിന്തുണക്കുന്ന അറബി രാജ്യങ്ങള്‍ക്ക് ആ യുക്തിപോലും ഇല്ലാത്തതിനാല്‍ അവര്‍ കലവറയില്ലാതെ ധനസാഹയവും പിന്തുണയും നല്‍കുന്നു. ഇതിലൂടെ ഇസ്ലാം വിരുദ്ധശക്തികള്‍ക്കും മറ്റൊരു സൌകര്യം കൂടി ലഭിക്കുന്നു, ഞങ്ങള്‍ പരിഷ്കൃത ജനത സകല കുഴപ്പത്തിനും എതിരാണെന്നും, അവിടെയൊക്കെ അധിക്രമം നടത്തുന്നത് മുസ്ലിംകളാണെന്നും പ്രചരിപ്പിക്കാന്‍ കഴിയുന്നു. ദൂരവ്യാപകമായ മറ്റൊരു അപകടം കൂടിയുണ്ട്. അത് ആരാജ്യങ്ങള്‍ താമസിയാതെ മനസ്സിലാക്കും. ശുദ്ധമായ ഇസ്ലാമിക ധര്‍മത്തെ അധര്‍മത്തിന്റെ ശക്തികളെ പിന്തുണച്ച് അടിച്ചമര്‍ത്തുകയാണ് ഈജിപ്തിലും സിറിയയിലും സമാന രാജ്യങ്ങളിലും ചെയ്യുന്നത്. 

ആയുധമെടുക്കരുത് എന്നും ഒരാളെ പോലും ഉപദ്രവിക്കരുത് എന്നതും ബ്രദര്‍ഹുഡിന്റെ ഈ പ്രക്ഷോഭത്തിലെ മുദ്രാവാക്യം തന്നെയാണ്. സില്‍മിയ (സമാധാനം) എന്നാണ് അവര്‍ ഉരുവിടുന്നത്.  ബാനറില്‍ അവര്‍ പ്രദര്‍ശിപ്പിക്കുന്നത് ആദമിന്റെ രണ്ട് മക്കളില്‍ ഒരാള്‍ തന്റെ അക്രമിയായ സഹോദരനോട് പറഞ്ഞ വാക്യമാണ്. ഖുര്‍ആനില്‍നിന്നുള്ള പ്രസ്തുത സുക്തം അവര്‍ പരക്കെ എഴുതിവെക്കുകയും അവര്‍ക്കെതിരെ പട്ടാളം വെടിവെച്ച ആദ്യ ദിവസം തങ്ങളുടെ അനുകൂല പേജില്‍ കവര്‍ ഫോട്ടോയായി പ്രദര്‍ശിപ്പിക്കുയും ചെയ്തു അത് ഇതാണ്.

നീ എന്നെ വധിക്കാനായി കരമുയര്‍ത്തിയാല്‍, നിന്നെ വധിക്കാനായി ഞാന്‍ കരമുയര്‍ത്തുന്നതല്ല.

ഞാന്‍നിന്നെകൊല്ലും എന്ന് ഖാബില്‍ ഹാബീലിനോട് പറഞ്ഞ സന്ദര്‍ഭത്തിലാണ് ഖാബീല്‍ ഇത് പറഞ്ഞത്. അന്ന് തുടങ്ങിയതാണ് ധര്‍മവും അധര്‍മവും തമ്മിലുള്ള സംഘടനം. പറഞ്ഞ പോലെ ധര്‍മചാരിയായ ഹാബില്‍ വധിക്കപ്പെട്ടു. ഇവിടെയും അത് തന്നെയാണ് സംഭവം. ഇവിടെ ഖാബീലിനെ ന്യായീകരിക്കുന്നവര്‍ക്ക് ഇപ്പോള്‍ പട്ടാള ഭരണാധികാരിയെ ന്യായീകരിക്കുന്നതിനേക്കാള്‍ നന്നായി അത് ചെയ്യാം.



റാബിയ അദവിയയിലെ ഇഖ് വാനികളുടെ സഹന സമരം

ഇഖ് വാന്‍ ഇത് വരെ ആയുധമെടുത്തിട്ടില്ല. ഇന്നലെ ഞാന്‍ അവരുടെ സെറ്റില്‍ കണ്ടവാക്ക്. നിങ്ങളുടെ ആയുധത്തേക്കാള്‍ ശക്തിയുണ്ട് ഞങ്ങളുടെ സമാധാനത്തിന് എന്നതാണ്. എന്നാല്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത നിഷ്ഠൂര നരമേധം നടത്താന്‍ മുന്നിട്ട് വരുന്നവരെ പേടിച്ച് ഓടി മാളത്തിലൊളിക്കുന്നതിന് പകരം അവിടെയുള്ള കട്ടകള്‍ ഉടച്ച് പിന്തിരിപ്പിക്കാന്‍ വൃഥാ ശ്രമിക്കുന്നുണ്ട് എന്നത് നിഷേധിക്കുന്നില്ല. ബ്രദര്‍ഹുഡിന്റെ ഈ നിലപാടാണ് സത്യത്തില്‍ പട്ടാളത്തെ തോല്‍പിക്കുന്നത് എന്ന് പട്ടാളത്തിനും ബ്രദര്‍ഹുഡിനും നന്നായി അറിയാം. അതിനാല്‍ അതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ പട്ടാളം നന്നായി പയറ്റുന്നുണ്ട്. അതിലൊന്ന് ആബുലന്‍സില്‍ പ്രക്ഷോഭം നടത്തുന്ന സ്ഥലത്ത് ആയുധം ഇറക്കാനുള്ള ശ്രമമാണ്. ഇക്കാര്യത്തില്‍ ബ്രദര്‍ഹുഡിന് ജാഗ്രതയുള്ളതിനാല്‍ അത്തരം ശ്രമങ്ങളെ അപ്പപ്പോള്‍ അവര്‍ പരാജയപ്പെടുത്തുന്നു. മറ്റൊന്ന് പട്ടാളക്കാരെ സിവില്‍ വേഷത്തില്‍ കൊണ്ട് വന്ന് ആയുധമണിച്ച് ഫോട്ടോ എടുത്ത് പ്രസിദ്ധീകരിക്കുക എന്നതാണ് എന്നാല്‍ ഇതും ഇഖ് വാനികള്‍ അവര്‍ക്ക് മുമ്പേ പ്രസിദ്ധപ്പെടുത്തി പട്ടാളത്തിന്റെ കുത്സിത ശ്രമം പൊളിച്ചുകൊണ്ടിരിക്കുന്നു. അതേ സമയം അക്രമികളായ ജനങ്ങളെ പട്ടാളവും പോലീസും ഇഖ് വാനികളെ കൊല്ലാന്‍ ആയുധം നല്‍കി തന്നെ തയ്യാറാക്കുകയും ചെയ്യുന്നു. ജനങ്ങളെ തമ്മിലടിപ്പിച്ച് , അഭ്യന്തര കലാപം അഴിച്ച് വിട്ട് ഇഖ് വാനികളെ തുരത്താനുള്ള അബ്ദുല്‍ ഫത്താഹ് സീസിയുടെ ശ്രമവും പാഴായതാണ്. മുര്‍സിയെ അനുകൂലിക്കുന്നവര്‍ക്ക് എതിരായി ജനങ്ങളോടു തെരുവിലിറങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്തതാണ്. പക്ഷെ അത് വേണ്ട വിധം വിജയിക്കാതെ വന്നു. കാരണം ലക്ഷക്കണക്കിന് ഇഖ് വാനികള്‍ക്കെതിരെ ജീവിത്തെ സ്നേഹിക്കുന്ന തങ്ങളുടെ കുഞ്ഞാടുകള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകില്ല.


ഈജപ്ത് പട്ടാളം കൂടെ കൊണ്ട് നടക്കുന്ന ഗുണ്ടാസംഘങ്ങള്‍
പട്ടാളം പോറ്റിവളര്‍ത്തി കൂടെ കൊണ്ട് നടക്കുന്ന ഗുണ്ടാസംഘങ്ങളുണ്ട്. അവരാണ് മുര്‍സി വിരുദ്ധസമരകാലത്ത് ഏതാനും ഇഖ് വാനികളെ നിഷ്ടൂരമായി കൊലനടത്തിയത്. അന്ന് തകര്‍ക്കപ്പെട്ടത് ഭരിക്കുന്ന പാര്‍ട്ടിയായ ജസ്റ്റീസ് അന്‍റ് ഫ്രീഡം പാര്‍ട്ടിയുടെയും ഇഖ് വാനിന്റെയും ഓഫീസുകളാണ്. പട്ടാളത്തോടൊപ്പം ഒരു നിഴല്‍പോലെ അവരും ഉണ്ട്. പട്ടാളം ഉപയോഗിക്കുന്ന അതേ യന്ത്രത്തോക്കുകളുമായി. പക്ഷെ ഇവരുടെ ചെയ്തികളും പാശ്ചാത്യമീഡിയ വരവ് വെക്കുന്നത് ഇഖ് വാനികളുടെ പേരിലാണ്.

ഇഖ് വാനിന്റെ ഈ സഹനസമരം ഭൌതികമായ അളവുകോലുകള്‍ വെച്ച് വിശദീകരിക്കാനാവില്ല. പത്ത് ലക്ഷത്തിധികം വരുന്ന ജനസഞ്ചയം 40 ദിവസത്തോളം യാതൊരു പ്രശ്നവും ഇല്ലാതെ തെരുവില്‍ മാത്രമായി കഴിച്ചുകൂട്ടുക. ഒരിടത്ത് മാത്രമല്ല പത്ത് പതിനെട്ടോളം പട്ടണങ്ങളില്‍.. ഒരു അക്രമി ഭീകരവാദി സംഘത്തിന് സാധിക്കുന്നതല്ല അത്. തമറുദ് എന്ന പേരിട്ട് മുര്‍സിക്കെതിരില്‍ ഏതാനും ആയിരങ്ങള്‍ തഹ്രരീര്‍ സ്വകയറില്‍ ഒരുമിച്ച് കൂടിയിട്ട്  80 ലധികം സ്ത്രീ പീഢനങ്ങള്‍ അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.

മുര്‍സിഅനുകൂല പ്രകടനങ്ങളും മുര്‍സി വിരുദ്ധ പ്രകടനങ്ങളും ദൂരെ നിന്ന് പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നുവെത്രെ. പക്ഷെ അത് അറിയാത്ത ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് പറ്റിയ അബദ്ധം ലോക പ്രശസ്തമാണ്. അച്ചടക്കമുള്ള ഒരു പ്രകടനം വരുന്നത് കണ്ട ചാനല്‍ റിപ്പോര്‍ട്ടര്‍ കത്തിക്കയറി മുര്‍സിക്കെതിരെയാണ് എന്നാണ് അദ്ദേഹം ധരിച്ചത് എന്നാല്‍ അത് മുര്‍സി അനുകൂല പ്രകടനമായിരുന്നു.

ഈജിപ്തിലെ ഇഖ് വാന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു സഹന സമരത്തിന് മാതൃക സമര്‍പിച്ചിരിക്കുകയാണ്. ഈജിപ്തിലെ അധികാരത്തില്‍നിന്ന് മുര്‍സിയെ പിടിച്ച് മാറ്റിയത് ജനങ്ങള്‍ക്ക് വേണ്ടിയാരുന്നുവെന്ന കള്ളം ഇപ്പോഴും ആവര്‍ത്തിക്കാന്‍ മടിയില്ലാത്ത മുസ്ലിം സംഘടനാ പ്രസിദ്ധീകരണങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു. വെടിവെക്കില്ല എന്ന ഉറപ്പിന്‍മേല്‍ പട്ടാള ആശീര്‍വാദത്തോടെ മുര്‍സിക്കെതിരെ തെരുവിലിറങ്ങിയവരില്‍ പലരും ഇപ്പോള്‍ മുര്‍സിക്ക് അനുകൂലമാണ് എന്ന വാര്‍ത്ത നാം വായിക്കുന്നു. തമറുദ്  എന്ന പേരിലുള്ള മുര്‍സിവിരുദ്ധ പ്രക്ഷോഭം നയിച്ചവര്‍ ഇന്ന് എവിടെയാണ് എന്നറിയില്ല. അവരുടെ തെരുവിലിറങ്ങാനുള്ള അഹ്വാനം ഒരു ഫലവും ചെയ്തില്ല. തഹരീര്‍ സ്വകയറില്‍ അവരുടെ വിളികേട്ട് ആരും ഹജാറായില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇപ്പോള്‍ മുര്‍സിക്ക് അനുകൂലമായി ഒരു ചതുരത്തില്‍ ഉള്ളതിന്റെ പകുതിപോലും തമറുദിന്റെ പ്രക്ഷോഭത്തില്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്. അതിനെ മുപ്പത് മില്യണും നാല്‍പതു മില്യണുമായിട്ടാണ് വിദേശ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. അങ്ങനെയാണ് ഈ അട്ടിമറി ജനങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് പട്ടാളം പ്രചരിപ്പിച്ചത്.

നമ്മുടെ മുന്നിലുള്ള ചോദ്യം ഇതാണ്. ഭയപ്പെടുത്തിയും വെടിവെച്ചും ഇഖ് വാനികളെ സമരത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം മിക്കവാറും വിഫലമായി. ദൈവമാര്‍ഗത്തിലുള്ള മരണം ഞങ്ങള്‍ക്ക് ഉന്നതമായ പ്രതീക്ഷയാണ് (الموت في سبيل الله اسمى امانينا) എന്നാണ് ഇഖ് വാനികളുടെ തുടക്കം മുതലുള്ള മുദ്രാവാക്യം.  എത്രകാലം ഇതുപോലെ വെടിവെപ്പ് തുടരും. പട്ടാളം കൊന്ന് കൊലവിളിച്ച് ജനത്തെ  പിരിച്ചുവിട്ട പ്രദേശമൊക്കെ അതിലിരട്ടിയായി ജനങ്ങളാല്‍ നിറഞ്ഞു. ലോകം മുഴുവന്‍ അക്രമികള്‍ ആരെന്ന് മനസ്സിലാക്കി. അമേരിക്ക പോലും തല്‍ക്കാലം പട്ടാള ഭരണകൂടത്തെ തള്ളിപ്പറഞ്ഞു. എന്നിട്ടും കള്ളം പ്രചരിപ്പിക്കാനാണ് മുത്തശിപത്രങ്ങളുടെ ശ്രമമെങ്കില്‍ അവരോട് സഹതപിക്കാനെ കഴിയൂ.

ചാനല്‍ അടച്ചുപൂട്ടിയത് എന്തിന് വേണ്ടിയായിരുന്നുവെന്ന് നമുക്ക് ഇപ്പോള്‍ മനസ്സിലാകും. എന്നാല്‍ അതുകൊണ്ട് മാത്രം സത്യം പുറത്താകാത്ത കാലം കഴിഞ്ഞുപോയിരിക്കുന്നു. മരണത്തെ പുല്ലുവില വെക്കാതെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരും. സ്വന്തത്തെ വെടിവെക്കുന്നത് ഉണ്ട നെഞ്ചില്‍ റക്കുന്നത് വരെ റിക്കോര്‍ഡ് ചെയ്യാന്‍മാത്രം സ്ഥിരചിത്തതയുള്ള ആളുകളും ഉളളിടത്ത് നിന്ന് വാര്‍ത്തകര്‍ ലഭിക്കുക പ്രയാസമല്ല. ഇതാ അത്തരം ഒരു വീഡിയോ മനസ്സുറപ്പുള്ളവര്‍ മാത്രം കാണുക. 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 05, 2013

മുര്‍സിക്ക് അധികാരം നഷ്ടപ്പെട്ടതെന്തുകൊണ്ട് ?.

ഈജിപ്തില്‍ മുഹമ്മദ് മുര്‍സിക്ക് തെരഞ്ഞെടുപ്പിലൂടെ ലഭിച്ച  അധികാരം നഷ്ടപ്പെട്ടത് എന്തുകൊണ്ട് എന്നതിന് രണ്ട് ഉത്തരങ്ങള്‍ പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നു. ഒന്ന്  ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തകരുടെതും രണ്ടാമത്തേത് മതേതരരെന്ന് വാദിക്കുന്ന ഹമീദ് ചേന്ദമംഗല്ലൂരിനെ പോലുള്ളവര്‍ നല്‍കുന്നതുമാണ്. ഇതില്‍ രണ്ടാമത്തെ ഉത്തരത്തെക്കുറിച്ച് ആദ്യം ചര്‍ച ചെയ്യാം. ഈ ഉത്തരം ഇപ്പോള്‍ മുര്‍സി ഭരണത്തെ പട്ടാളത്തെ ഉപയോഗിച്ച് അട്ടിമറിച്ച് പട്ടാള ഭരണകൂടം നല്‍കുന്നത് തന്നെ. അഥവാ, ഹുസ്നിമുബാറക്കിനെതിരെ പ്രക്ഷോഭം നടത്തി അദ്ദേഹത്തെ ഭരണത്തില്‍നിന്ന് താഴെ ഇറക്കിയ ജനങ്ങളുടെ പ്രതീക്ഷക്ക് വിരുദ്ധമായി മുര്‍സി ഭരണം നടത്തിയതിനാല്‍ ജനങ്ങള്‍ മുര്‍സിക്കെതിരെ തിരിയുകയും ഗത്യന്തരമില്ലാതെ പട്ടാളം മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കി ജനങ്ങളോടൊപ്പം നില്‍ക്കുകയും ചെയ്തു.

ജനങ്ങള്‍ ഇപ്രകാരം ഇളകി വശകാന്‍ എന്തായിരുന്നു കാരണം എന്നതിനെക്കുറിച്ച് ചര്‍ച ചെയ്യുമ്പോള്‍ ഹമീദ് ചേന്ദമംഗല്ലൂരിന് ലഭിക്കുന്ന ഉത്തരം അദ്ദേഹം മലയാളം വാരികയില്‍ വിശദമായി എഴുതുന്നുണ്ട്. അതിങ്ങനെയാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ പേരില്‍ ഫ്രീഡവും ജസ്റ്റീസും തുന്നിചേര്‍ത്തതുകൊണ്ട് കാര്യമായില്ല. ഫ്രീഡവും ജസ്റ്റിസും ജനങ്ങള്‍ക്ക് അനുഭവവേദ്യമാകണം. ഈജിപ്തിലെ ഇസ്ലാമിസ്റ്റ് ഭരണത്തില്‍ ജനങ്ങള്‍ക്ക് ലഭിച്ചത് അണ്‍ഫ്രീഡവും ഇന്‍ജസ്റ്റീസുമായിരുന്നു. മുര്‍സിയുടെ സ്ഥാനനഷ്ടത്തിന് ഇടവരുത്തിയ അടിസ്ഥാന ഘടകം അതാണ്.

രണ്ട് പേജ് വരുന്ന ലേഖനത്തെ ഉപസംഹരിച്ച് ഹമീദ് പറഞ്ഞ ഇക്കാര്യമാണ് മലയാളം വാരിക റൈറ്റ് അപ്പില്‍ നല്‍കിയിട്ടുള്ളതും. എങ്ങനെയാണ് മുര്‍സി അണ്‍ഫ്രീഡവും ഇന്‍ജസ്റ്റീസും ഈജിപ്തുകാര്‍ക്ക് അനുഭവവേദ്യമാക്കിയതെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്. ലേഖനത്തില്‍ പറയുന്ന വാചോടാപങ്ങളെയും ആശങ്കകളെയും മാറ്റിനിര്‍ത്തിയാല്‍ പറയുന്ന കാര്യങ്ങളില്‍ പ്രസക്തമായത്. ഭരണഘടനാസമിതിയില്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് മൃഗീയ ഭുരിപക്ഷം നല്‍കി എന്നതാണ്. അതിലൂടെ 10 ശതമാനം വരുന്ന കോപ്റ്റിക് ക്രിസ്ത്യാനികളെയും മുസ്ലിംകളിലെ ഇസ്ലാമിസ്റ്റേതര ചിന്താഗതിക്കാരും അവഗണിക്കപ്പെട്ടുവത്രേ. പിന്നെയുള്ളത് കുറേ ആശങ്കകളും പേടിയും മുന്‍നിര്‍ത്തിയുള്ള വിശകലനമാണ്. ഒരു മതേതരനിയമ വ്യവസ്ഥ നിലനിന്ന രാജ്യം മതനിയമ വ്യവസ്ഥയിലേക്ക് മാറുമ്പോള്‍ അവിടെ മുസ്ലിംകളല്ലാത്തവര്‍ രണ്ടാം കിട പൌരന്‍മാരും അഭിപ്രായ സ്വതന്ത്ര്യമോ മതസ്വതന്ത്ര്യമോ ലഭിക്കാത്തവരായി മാറുമത്രേ. മതേതര ലിബറല്‍ വിഭാഗങ്ങളും സ്ത്രീകളുമൊക്കെ ഇക്കാര്യം ഭയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ വസ്തുതയായിട്ടുള്ളത് ഈ ചിന്താഗതിയും പേടിയുമുള്ള ഒരു വിഭാഗം മുര്‍സിക്കെതിരെ തിരിഞ്ഞുവെന്ന് മാത്രമാണ്. മറിച്ച് അദ്ദേഹം തന്റെ ഭരണത്തില്‍ ഒരു നിമിഷം പോലും മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞുവെന്നോ ആരെയെങ്കിലും രണ്ടാംകിട പൌരന്‍മാരായി കണ്ടുവെന്നോ സ്ഥാപിക്കാന്‍ ആര്‍ക്കും ആയിട്ടില്ല.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മുര്‍സി അനുകൂല പ്രക്ഷോഭത്തില്‍നിന്ന് 
കരട് ഭരണഘടന അംഗീകരിക്കുന്നത് വരെ തന്റെ ഉത്തരവുകളെ ചോദ്യം ചെയ്യാന്‍ ജുഡീഷ്യറിക്ക് അധികാരമുണ്ടായിരിക്കുന്നതല്ല എന്ന മുര്‍സിയുടെ ഉത്തരവാണ് മുര്‍സിയുടെ ഭരണം പുറത്താക്കപ്പെട്ട ഹുസ്നി മുബാറക്കിന്റെ സ്വേഛാധിപത്യത്തിലേക്ക് നിങ്ങുന്നുവെന്നതിന് മറ്റൊരു തെളിവായി സമര്‍പിക്കുന്നത്. ഈ വാദത്തില്‍ മുര്‍സിക്കെതിരെ അത്തരം ഒരു ആരോപണത്തിന് സാധ്യതയുണ്ടെങ്കിലും വസ്തുത എന്താണെന്ന് ആ സാഹചര്യം പരിഗണിച്ചാല്‍ വ്യക്തമായിരുന്നു. ഏകാധിപതിയായ ഹുസ്നിമുബാറക്ക് എന്ന തലമാത്രമേ മാറിയിട്ടുണ്ടായിരുന്നുള്ളു. ഭരണകൂടത്തിന്റെ മറ്റു ഭാഗങ്ങളല്ലാം ഹുസ്നിമുബാറക്കിന്റെ കയ്യും കാലും തന്നെയായിരുന്നു. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ നീക്കങ്ങള്‍ ഏകപക്ഷീയമായി ജൂഡീഷ്യറി എടുത്തപ്പോഴാണ് ഭരണഘടന നിലവില്‍വരുന്നത് വരെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയുടെ വാക്കുകള്‍ക്കായിരിക്കണം ശക്തി എന്ന് തീരുമാനിച്ചത്. എന്നാല്‍ വ്യപകമായ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം അതില്‍നിന്ന് പിന്‍മാറി. തന്റെ സത്യസന്ധതയും തന്റെ പാര്‍ട്ടിയുടെ പേരിന്റെ അര്‍ഥവും തെളിയിച്ചു..

30 മില്യണ്‍ ജനങ്ങള്‍ മുര്‍സിക്കെതിരെ തെരുവിലിറങ്ങി എന്ന് പാശ്ചാത്യ മീഡിയകള്‍ കള്ളം പ്രചരിപ്പിച്ചു.
മുര്‍സിക്ക് അധികാരം നഷ്ടപ്പെട്ടത് തെരഞ്ഞെടുത്ത ജനങ്ങള്‍ അവര്‍ ഉദ്ദേശിച്ച വിധം ഭരണാധികാരിയായ മുര്‍സിക്ക് ഭരണം നടത്താന്‍ കഴിയാതെ വന്നപ്പോള്‍ ഒരുമിച്ച് തെരുവിലിറങ്ങിയപ്പോഴാണ് എന്ന പട്ടാള ഭരണകൂട ഭാഷ്യം നാള്‍ക്കുനാള്‍ പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. പട്ടാളം അട്ടിമറിക്കുന്നതിന് മുമ്പ് തന്നെ റാബിയ അദവിയയില്‍ മുര്‍സിക്ക് അനുകൂലമായി തഹ്രീര്‍ സ്ക്വയറിലെ ജനക്കൂട്ടത്തെ വെല്ലുന്ന ജനസഞ്ചയം പ്രക്ഷോഭത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ അത്യാവേശം മൂത്ത് അട്ടിമറിയില്‍ പങ്കാളികളാകാന്‍ മത്സരിക്കുന്ന ചാനലുകള്‍ അങ്ങോട്ട് തിരിഞ്ഞില്ല. അന്ന് മുതല്‍ ഇന്ന് ഇതെഴുതുന്നത് വരെയും അവര്‍ തെരുവില്‍നിന്ന് മാറിയിട്ടില്ല. അവര്‍ ജീവിതം തന്നെ പൂര്‍ണാര്‍ഥത്തില്‍ ചുട്ടുപൊള്ളുന്ന തെരുവിലേക്ക് മാറ്റിയിരിക്കുന്നു. അവരുടെ ഭക്ഷണവും ഉറക്കവും പ്രാര്‍ഥനയും അവിടെ തന്നെ. എന്താ മുര്‍സിക്ക് എതിരായ ശബ്ദത്തിന് മാത്രമേ പട്ടാളം പിന്തുണക്കൂ എന്നുണ്ടോ?. പട്ടാളത്തിന്റെ വാദത്തില്‍ വല്ല കാമ്പും ഉണ്ടായിരുന്നെങ്കില്‍ ജനാധിപത്യരൂപത്തില്‍ തെരഞ്ഞെടുക്ക ഭരണാധികാരിയെ തിരിച്ചുകൊണ്ട് വരാനുള്ള സമരത്തിനും പിന്തുണ നല്‍കേണ്ടതായിരുന്നില്ലേ.

അതുകൊണ്ട് തന്നെ പട്ടാളത്തിന്റെ വ്യാഖ്യാനം വിശ്വസിക്കുന്നവര്‍ മാറിചിന്തിച്ചുതുടങ്ങുകയും അതേക്കുറിച്ച് ഇസ്ലാമിക പ്രസ്ഥാനങ്ങളും സ്വതന്ത്രമാധ്യമങ്ങളും നല്‍കുന്ന ഉത്തരത്തിന് സ്വീകാര്യത വര്‍ദ്ധിച്ച് വരികയുമാണ്.

അതനുസരിച്ച് മുര്‍സിക്ക് 'അധികാരം നഷ്ടപ്പെട്ടു'വെന്ന് അകര്‍മകക്രിയയില്‍ പറയുന്നത് തന്നെ ഒരു തരം തെറ്റിദ്ധരിപ്പിക്കലാണ്. അധികാരം ശക്തിഉപയോഗിച്ച് തട്ടിപ്പറിക്കുകയാണ് ഉണ്ടായത്. അതിന് ജനങ്ങളുടെ മറതീര്‍ക്കുന്നതില്‍ ഒട്ടൊക്കെ അവര്‍ വിജയിച്ചു. പട്ടാളം മുര്‍സിയെ അറസ്റ്റ് ചെയ്ത് ഭരണം പിടിച്ചെടുക്കുന്നതിന്റെ തലേദിവസം ഇത്രയധികം ആളുകളെ മുര്‍സി വിരുദ്ധരാക്കിയതെന്ത് എന്ന ചോദ്യം നിങ്ങളെ പോലെ എനിക്കും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനുള്ള കാരണങ്ങള്‍ കൂടി വ്യക്തമായിരിക്കുന്നു. ഇനിയും ജനങ്ങള്‍ക്ക് വേണ്ടിയാണ് പട്ടാളം ഇടപെട്ട് മുഹമ്മദ് മുര്‍സിയെ നീക്കിയതെന്ന് വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി ചിലകാര്യങ്ങള്‍ ഇവിടെ പങ്കുവെക്കുകയാണ്.

2011 ല്‍ നടന്ന 'ജനുവരി 25 വിപ്ലവം' എന്ന പേരിലറിയപ്പെട്ട പ്രക്ഷോഭമാണ് മുര്‍സി അധികാരത്തിലെത്തുന്നതിലേക്ക് നയിച്ചത്. മുപ്പത് വര്‍ഷത്തിലേറെയായി ഈജിപ്തില്‍ സ്വേഛാധിപത്യം വാണ ഹുസ്നിമുബാറക്കിനെതിരെ ജനങ്ങള്‍ തുനീഷ്യയിലെ പ്രക്ഷോഭത്തെ മാതൃകയാക്കി സോഷ്യല്‍നെറ്റ് വര്‍ക്കിലൂടെയുള്ള പ്രചാരണത്തിലൂടെ ഒന്നിച്ച് തെരുവിലിറങ്ങിയപ്പോള്‍ അന്താളിച്ച് പോയ ഹുസ്നിമുബാറക്കിന് മുന്നില്‍ രണ്ട് വഴിയാണ് ഉണ്ടായിരുന്നത്. ഒന്ന് പട്ടാളത്തിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് പ്രക്ഷോഭം അടിച്ചമര്‍ത്തുക. അല്ലെങ്കില്‍ തന്ത്രപൂര്‍വം തന്റെ ചോറ്റുപട്ടാളത്തിന് കീഴടങ്ങുന്നതായി ഭാവിച്ച് ഉള്‍വലിയുക. ലക്ഷങ്ങള്‍ തെരുവിലിറങ്ങിയാല്‍ അവരെ പട്ടാളത്തെ ഉപയോഗിച്ച് നേരിടുന്നത് അപ്രായോഗികമാണ്. അതിനാല്‍ ഹുസ്നിമുബാറക്ക് രണ്ടാമത്തെ മാര്‍ഗം തെരഞ്ഞെടുത്തു. അങ്ങനെ ഹുസ്നി മുബാറക്ക് കീഴടങ്ങി. പട്ടാളം താല്‍കാലിക ഭരണം ഏറ്റെടുക്കുകയും ജനങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. അന്താരാഷ്ട്ര നീരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ വളരെ സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പില്‍ ഇഖ് വാനുല്‍ മുസ്ലിമൂന്റെ രാഷ്ട്രീയ പ്രസ്ഥാനം ഫ്രീഡം അന്‍റ് ജസ്റ്റിസ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു.


വിപ്ലവം നടന്നതിന് ശേഷമാണ് അറുപത് വര്‍ഷത്തെ നിരോധനത്തിന് ശേഷം ഇഖ് വാനുല്‍ മുസ്ലിമൂന് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്. ആറ് പതിറ്റാണ്ട് നിരോധത്തില്‍ കഴിഞ്ഞ ഒരു പാര്‍ട്ടിക്ക് ഒരു വര്‍ഷത്തിനകം നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും നേടിയെടുക്കാനായത് ജനങ്ങളുടെ പിന്തുണകൊണ്ട് തന്നെയാണ്. 1928 ലാണ് ഇഖ് വാന്‍ രൂപീകരിക്കപ്പെട്ടത് അതിന് ശേഷം അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് 20 വര്‍ഷം. ഈ കാലയളവില്‍ നേടിയെടുത്ത ജനപിന്തുണ അവര്‍ക്ക് നിരോധന കാലയളവില്‍ നഷ്ടപ്പെട്ടില്ല എന്നാണ് മനസ്സിലാകുന്നത്. ഇഖ് വാനെ നിരോധിച്ചത് അവര്‍ എന്തെങ്കിലും ഭീകരപ്രവര്‍ത്തനം നടത്തിയത് കൊണ്ടല്ല. 1948 ല്‍ ഫലസ്തീനില്‍ ഇസ്രായേല്‍ രാഷ്ടമുണ്ടാക്കാനുള്ള യു.എന്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് രംഗത്ത് വന്നതാണ് അതിന്റെ നായകന്‍ ഹസനുല്‍ബന്നയുടെ വധത്തിനും ഇഖ് വാന്റെ നിരോധനത്തിനും കാരണം. ആറ് പതിറ്റാണ്ടിലധികം പേര് ഉച്ചരിക്കാന്‍ പോലും അനുവാദം ലഭിക്കാത്ത ഒരു പാര്‍ട്ടി അധികാരത്തില്‍ വരുന്നത് . തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ ഹുസ്നിമുബാറകിന്റെയും അമേരിക്കയുടെയും ചോറ്റുപട്ടാളം പോലും നിനച്ചില്ല. പാശ്ചാത്യര്‍ കൊട്ടിഘോഷിച്ച് നടന്ന അല്‍ബറാദിയുടെ പാര്‍ട്ടിക്ക് ലഭിച്ചത് ഒന്നര ശതമാനം വോട്ട് മാത്രം. അതുകൊണ്ട് തന്നെ തങ്ങളിഷ്ടപ്പെടാത്ത മുര്‍സിയെ താഴെഇറക്കാനുള്ള പരിപാടി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട അന്ന് തന്നെ തുടങ്ങിയിരുന്നു. ഏതാനും ദിവസത്തിനകം തന്നെ ചെറിയ തമ്പുകെട്ടി തഹ്രരീര്‍ സ്വകയറില്‍ പ്രക്ഷോഭം ആരംഭിച്ചു. എണ്ണത്തില്‍ വളരെ കുറവായിട്ട് പോലും ഈജിപ്തിലെ ചാനലുകള്‍ അവയെ പരമാവധി പൊലിപ്പിച്ച് കാണിക്കുകയും കിട്ടിയ സന്ദര്‍ഭത്തിലെല്ലാം മുര്‍സിയെയും ഭരണത്തെയും താറടിക്കുകയും ചെയ്തു.അതോടൊപ്പം വളരെ ആസൂത്രിതവും സമയബന്ധിതവുമായ ഗൂഢാലോചന മുര്‍സിയെ നിഷ്കാശിതനാക്കാന്‍ തുടര്‍ന്ന് വരികയായിരുന്നു.  അതിന്റെ പര്യവസാനമാണ് കഴിഞ്ഞമാസം സംഭവിച്ച പട്ടാള അട്ടിമറി.

ഇത്രയും പറഞ്ഞത് എന്റെ ഊഹങ്ങളല്ല, ജൂലൈ 13 ന് പുറത്തിറങ്ങിയ അമേരിക്കയിലെ വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഈ രഹസ്യങ്ങള്‍ തുറന്നെഴുതുന്നത്.  സാല്‍വേഷന്‍ ഫ്രണ്ട നേതാക്കളും പട്ടാളവും മുബാറക്ക് ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളും പാശ്ചാത്യരാജ്യങ്ങളും അവരുടെ വിനീത വിധേയരായ ചില അറബി രാഷ്ട്രങ്ങളും  ചേര്‍ന്നാണ് ഈ ഗൂഢാലോചന നടത്തിയത്. ജൂലൈ 30 ന് തഹ് രീര്‍ സ്വകയറിലെ പ്രക്ഷോഭകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായാല്‍ അട്ടിമറിനടത്താമെന്ന് പട്ടാളം ഏറ്റു. ഏത് ഏതാനും മാസത്തെ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. അട്ടിമറിക്ക് മാസങ്ങള്‍ക്ക് മുമ്പ് ഒബാമ മുര്‍സിയെ നേരില്‍വിളിച്ച് അട്ടിമറിനടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും എന്നാല്‍ അമേരിക്കക്ക് വഴങ്ങില്ലെന്ന് മുര്‍സി തിരിച്ചടിച്ചതായും ഫ്രീഡം ആന്‍റ് ജസ്റ്റിസ് പാര്‍ട്ടി ഉപാധ്യക്ഷന്‍ ഡോ. ഉസാമുല്‍ അര്‍യാന്‍ വ്യക്തമാക്കിയിരുന്നു. പട്ടാള അട്ടിമറിയെ അനുകൂലക്കണമെന്നും ഇസ്ലാമിസ്റ്റുകള്‍ അധികാരത്തില്‍ തിരിച്ച് വരുന്നത് എങ്ങനെയും തടയണമെന്നും അമേരിക്കയോട് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെട്ട വാര്‍ത്തയും ജൂലൈ 6 ന് ഇസ്രായേല്‍ റേഡിയോ പ്രക്ഷേപണം ചെയ്തു. ഈജിപ്ത് പട്ടാളത്തിന് അമേരിക്കന്‍ സഹായം തുടരാനുള്ള ആവശ്യവും ഇസ്രായേലിന്റേതാണ് എന്ന് അന്നാട്ടിലെ പത്രം ഹാററ്റ്സും റിപ്പോര്‍ട്ട് ചെയ്തു. മുര്‍സിയെ അട്ടിമറിച്ചത് ആര്‍ക്ക് വേണ്ടിയായിരുന്നുവെന്ന് ഇതില്‍നിന്നൊക്കെ വ്യക്തമാവും. എന്നാല്‍ ഇതില്‍ ഉത്തരം പറയേണ്ട ഒരു വിഷയം ബാക്കിയുണ്ട്. ഒന്ന് രണ്ട് മില്യണ്‍ ഈജ്പ്ത്യരെ തെരുവിലിറക്കാന്‍ എങ്ങനെ സാധിച്ചുവെന്ന്. അക്കാര്യം അടുത്ത പോസ്റ്റില്‍ വിവരിക്കാം.





ചൊവ്വാഴ്ച, ജൂലൈ 09, 2013

മുര്‍സിയെ പുറത്താക്കല്‍::; മുജാഹിദുകള്‍ ആരോടൊപ്പം ?

ഈജിപ്തില്‍നടന്ന പുതിയ സംഭവവികാസങ്ങളില്‍ സന്തോഷിക്കുന്ന മുസ്ലിം സംഘടനകളോ വിഭാഗങ്ങളോ ഉണ്ടാവുമോ? . അറബ് വസന്തം എന്നറിയപ്പെട്ട മാറ്റങ്ങളില്‍ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സന്തോഷിച്ചതിന് സമാനമായ ഒരു സന്തോഷം ഇപ്പോള്‍ കേരളത്തിലെ സലഫികള്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗത്തിന് ഉള്ളത് പോലെ അവരുടെ നെറ്റിലെ ഇടപെടലും  ബ്ലോഗുകളും കാണുമ്പോള്‍ തോന്നിപ്പോകുന്നു. പ്രബോധനം അറബ് വസന്തം എന്ന പ്രത്യേക പതിപ്പ് ഇറക്കിയപ്പോള്‍ അതില്‍ ആദ്യത്തെ ലേഖനത്തിന് നല്‍കിയ തലക്കെട്ട് 'വസന്തം വിളിച്ചുപറയുന്നത് ഇസ്ലാമിന്റെ അതിജീവന ശേഷി' എന്നായിരുന്നു. എന്നാല്‍ ആ വ്യാഖ്യാനമൊന്നും ശരിയായിരുന്നില്ല എന്ന് സ്ഥാപിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മുര്‍സിയെ അട്ടിമറിച്ചത് കൊണ്ട് മാത്രം അറബ് വസന്തം അപ്രസക്തമായോ, വസന്തം കഴിഞ്ഞ് ഗ്രീഷ്മം ആരംഭിച്ചുവോ. പുതിയ മാറ്റങ്ങളില്‍ എന്തിന്റെ പേരിലാണ് ഒരു വിശ്വാസി ആശ്വസിക്കുന്നത് ?.


അറബ് വസന്തം വിവിധ രാജ്യങ്ങളില്‍
അറബ് വസന്തത്തോടനുബന്ധിച്ച് രൂപപ്പെട്ട പ്രക്ഷോപത്തില്‍  ഭരണം നഷ്ടപ്പെട്ട ഏകാധിപതിയായ ഹുസിനിമുബാറക്കിനെ തുര്‍ന്ന്  ഈജിപ്തില്‍ ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയുടെ  ഭരണം മറ്റൊരു  പ്രക്ഷോഭത്തിന്‍റെ മറപറ്റി സൈന്യത്താല്‍ അട്ടിമറിക്കപ്പെട്ടുവെന്നതാണ് പുതിയ സംഭവം. മുര്‍സി ഈജിപ്തിലെ ഇസ്ലാമിക പ്രസ്ഥാനമായ ഇഖ് വാനുല്‍ മുസ്ലിമൂന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ ഫ്രീഡം അന്‍്റ് ജസ്റ്റീസ് പാര്‍ട്ടിയുടെ നോമിനിയായിരുന്നു. ശക്തമായ ഒരു ജനാധിപത്യരാഷ്ട്രീയം ആയിരുന്നു അത് ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത്. ആ നിലക്ക് തന്നെയാണ് അവര്‍ ഒരു വര്‍ഷം ഭരണം നടത്തിയതും. ബഹുസ്വരതയെ മറ്റേതൊരു ജനാധിപത്യ-മതേതരരാജ്യങ്ങളിലേതുപരിയായി പരിഗണിച്ചത്, തുടക്കത്തില്‍ സലഫി സംഘടനകളുടെ വ്യപകമായ എതിര്‍പ്പിന് കാരണമായി. തങ്ങള്‍ക്ക് എതിരായി മത്സരിച്ച അന്നൂര്‍ എന്ന സലഫി സംഘടനക്ക് പോലും അര്‍ഹമായ പരിഗണനല്‍കി സഹകരണം ഉറപ്പിച്ച് മുന്നോട്ട് നീങ്ങിയ ഈജിപ്ത് ഫലസ്തീന്‍ വിഷയത്തില്‍ പോലും മധ്യസ്ഥനായി ഇടപെടാന്‍ തക്കവിധത്തിലുള്ള പ്രതാപത്തിലേക്ക് നീങ്ങുകയും തകര്‍ന്ന് ഈജിപ്തിനെ പുനരുദ്ധിരിക്കുന്നതില്‍ വ്യാപൃതമാവുകയുമായിരുന്നു.

വിപ്ലവത്തില്‍ അന്ന് പങ്ക് വഹിച്ചവരില്‍ ചെറിയ ഒരു വിഭാഗത്തിന് പ്രതിപക്ഷത്തിരിക്കേണ്ടിവന്നു. ഭരിക്കുന്നവര്‍ മാത്രമേ മാറിയിട്ടുണ്ടായിരുന്നുള്ളൂ. ഭരണത്തെ താങ്ങി നിര്‍ത്തുന്ന നിയമപാലകരായ സൈന്യത്തിലോ പോലീസിലോ, ജുഡീഷ്യറിയിലോ മാധ്യമങ്ങളിലോ മാറ്റം പൂര്‍ണമായിരുന്നില്ല. അവയൊക്കെയും സ്വേഛാധിപത്യത്തിന്റെ അവശിഷ്ടങ്ങളായിരുന്നു. ലോകത്തിന്റെ ഏതെങ്കിലും ഒരു സൈനിക വിഭാഗം മറ്റൊരു രാജ്യത്തിന്റെ ശംബളം ആശ്രയിച്ച് കഴിഞ്ഞു കൂടുന്നുണ്ടെങ്കില്‍ അത് ഈജിപ്താണ്. ഇന്ന് വരെയും അവര്‍ക്ക് ശംബളത്തിന്റെ സിംഹഭാഗവും നല്‍കുന്നത് അമേരിക്കയായിരുന്നു. സ്വാഭാവികമായും അവരുടെ കൂറ് ആരോടായിരിക്കും എന്ന് പറയേണ്ടതില്ല. അമേരിക്കക്ക് താല്‍പര്യം തങ്ങളെ പിന്തുണക്കുന്ന (എന്ന് പറഞ്ഞാല്‍ പോരാ പാദസേവ ചെയ്യുന്ന) ഭരണാധികാരികളോട് മാത്രമാണ്. ജനാധിപത്യത്തിലൂടെയാണ് അത് സംഭവിക്കുന്നെങ്കില്‍ അവര്‍ അതിനെ അംഗീകരിക്കും. അല്ലെങ്കില്‍ പുറമെ നല്ല വര്‍ത്തമാനം പറയുകയും ഉള്ളിലൂടെ അതിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

നേരത്തെ ജനങ്ങളുടെ പ്രക്ഷോഭത്തിലൂടെ സ്വേഛാധിപതികളെ തുത്തെറിഞ്ഞപ്പോള്‍ കാണാന്‍ കഴിയാതെ പോയ സന്തോഷം ഇപ്പോള്‍ ജനങ്ങളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ സൈന്യം ജനാധിപത്യരൂപത്തില്‍ തെരഞ്ഞെടുത്ത മുര്‍സിയെ താഴെയിറക്കുമ്പോള്‍ ചിലര്‍ കാണിക്കുന്നു. അന്ന് ഈജിപ്ത്യന്‍ ജനതയുടെ 27 ശതമാനം പ്രക്ഷോഭത്തില്‍ പങ്കെടുത്തു. അതില്‍ സലഫികളും മതേതരും കോപ്റ്റിക് കൃസ്ത്യാനികളും ഇഖ് വാനികളും ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ മുര്‍സിയുടെ ഭരണം തുടങ്ങിയത് മുതല്‍ ആരംഭിച്ച പ്രക്ഷോഭത്തിന് ഏതാനും ആയിരങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വളരെ ആസുത്രിതമായി മുര്‍സിക്ക് കൌണ്ട് ഡൌണ്‍ ആരംഭിച്ചപ്പോള്‍ ഭരണത്തിലുള്ള സലഫികളും അവരോടൊപ്പം ചേരുകയും ലക്ഷങ്ങള്‍ തെരുവിലറങ്ങുകയും ചെയ്തു. കൌണ്ട്  ഡൌണ്‍ അവസാനിച്ചപ്പോള്‍ നേരത്തെ ആസുത്രണം ചെയ്ത പോലെ മുര്‍സിയെ സൈന്യം വീട്ടുതടങ്കലിലാക്കി, നേതാക്കളില്‍ മിക്കവരെയും അറസ്റ്റ് ചെയ്തു. അത് വരെ എന്തോ കാര്യമായി രാജ്യദ്രോഹം കുറ്റം ചെയ്തവരെ പോലും ഹുസ്നി മുബാറകിനെ പാര്‍പ്പിച്ച ജയിലിലേക്ക് തള്ളിവിട്ടു. ശരിയായ വാര്‍ത്തകള്‍ പുറത്ത് വരാതിരിക്കാന്‍ ഇഖ് വാന്‍ ചാനലുകള്‍ അടച്ച് പൂട്ടി. അല്‍ ജസീറയുടെ ചാനല്‍ ബ്യൂറോപോലും  നിര്‍ത്തലാക്കി. പലയിടത്തും സൈന്യത്തിന്റെ സഹായത്തോടെ അട്ടിമറിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ വെടിവെപ്പും മുര്‍സിക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ അക്രമവും അരങ്ങേറി.

സത്യത്തില്‍ മനുഷ്യനന്മകളെ അംഗീകരിക്കുന്ന ഏതൊരാളും ഈ കാടത്തത്തില്‍ പ്രതിഷേധിക്കുകയും ദുഖിക്കുകയും ചെയ്യേണ്ടതായിരുന്നു. പതിവായി ഇത്തരം വിഷയത്തില്‍ ബ്ലോഗ് പോസ്റ്റിലൂടെയും ഫെയ്സ് ബുക്ക് വാളിലൂടെയും പ്രതികരിക്കുന്ന യുക്തിവാദികളും ഇസ്ലാം വിമര്‍ശകര്‍ പോലും നിശബ്ഗത പാലിക്കുകയോ എങ്ങും തൊടാതെ ഇസ്ലാമല്ല മതേതരത്വം തന്നെയാണ് അജയ്യം എന്ന് പ്രഖ്യാപിച്ച് പിന്തിരിയുകയും ചെയ്തു. പക്ഷെ ഒളിഞ്ഞും തെളിഞ്ഞും  സലഫികളെന്ന് പറയുന്ന ചിലര്‍ സന്തോഷം പ്രകടിപ്പിച്ചു. അറബ് വസന്തം എന്തായി?, മുല്ലപ്പൂ വസന്തത്തിന് മുല്ലപ്പൂവിന്റെ ആയുസ് പോലും ഉണ്ടായില്ലല്ലോ? എന്നിങ്ങനെ  പരിഹസിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടു.  അത്തരമൊരു ലേഖനമാണ് നദ് വി സാഹിബ്.കോം എന്ന സൈറ്റില്‍ വന്ന പോസ്റ്റ്.  അതില്‍ ഇങ്ങനെ വായിക്കാം....

(((ഈജിപിഷ്യന്‍ സമൂഹത്തോട് നീതി പുലര്‍ത്താന്‍ സാധിക്കാത്തതിന്‍റെ പേരില്‍ വോട്ടു നല്‍കിയവര്‍തന്നെ തിരിച്ചിറക്കിവിട്ട മുര്‍സിയുടെ പരാജയത്തെ സാക്ഷാല്‍ ഇസ്ലാമിനു സംഭവിച്ച എന്തോ വമ്പന്‍ ഭീഷണിപോലെ പരിചയപ്പെടുത്തി സഹതാപ തരംഗം സൃഷ്ട്ടിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയില്‍ ഭരണം സ്ഥാപിക്കല്‍ അടിസ്ഥാന വിശ്വാസത്തിന്‍റെ ഭാഗമാണെന്നും ഭരണമില്ലാത്തദീന്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത സാങ്കല്‍പ്പിക ഭവനം പോലെയാണെന്നും ഇസ്ലാമിനെ ദുര്‍വ്യാഖ്യാനിച്ചവര്‍ക്ക് മുര്‍സിയുടെ പരാജയം ഉള്‍ക്കൊള്ളാന്‍ ഇനിയും ദിനരാത്രങ്ങള്‍ പിന്നിടേണ്ടിവരും. കാരണം ഭൌതീക സാമൂഹിക ജീവിതത്തിലെ ചില സമീപനങ്ങളില്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ടുന്ന സമീപങ്ങളെ വിശദീകരിക്കപ്പെട്ടപ്പോള്‍ ഇരു ചെവിയും പൊത്തി പിന്‍തിരിഞ്ഞു നിന്നവര്‍ക്ക് പിന്നെയും നേരം വെളുക്കാന്‍ പതിറ്റാണ്ടുകള്‍ പിന്നിടേണ്ടിവന്നത് ചരിത്രപരമായ വസ്തുതകളാണ്.)))

ഇത് ഒരു കളവാണ് എന്ന് പ്രത്യേകം പറയേണ്ടതില്ല. കാരണം തെരുവില്‍ ഒരുമിച്ച് കൂടുന്ന ജനക്കൂട്ടം മുഴുവന്‍ മുര്‍സിയെ അധികാരത്തിലേറ്റിയവരാണ് എന്ന് പറയുന്നത് ജനാധിപത്യ സംവിധാനത്തെക്കുറിച്ച് തീരെ വിവരമില്ലാത്തവരില്‍നിന്നേ പ്രതീക്ഷിക്കാനാവൂ. മന്‍മോഹന്‍ സിംഗിനെതിരെ പ്രതിപക്ഷം ഡല്‍ഹിയില്‍ വലിയ ഒരു പ്രക്ഷോഭം നയിക്കുന്നത് കണ്ടാല്‍ ബോധമുള്ള ആരെങ്കിലും പറയുമോ അത് മന്‍മോഹന്‍ സിംഗിന് വോട്ട് നല്‍കിയവരുടെ പ്രക്ഷോഭമാണെന്ന്. ഭരണത്തില്‍ പങ്കാളികളായ അന്നൂര്‍ എന്ന സലഫി പാര്‍ട്ടികള്‍ സന്ദര്‍ഭം വന്നപ്പോള്‍ കളം മാറ്റിചവിട്ടി വഞ്ചന കാണിച്ചു. അവര്‍ക്ക് പോലും തങ്ങളുടെ വോട്ടുകൊണ്ടാണ് മുര്‍സി ജയിച്ചത് എന്ന് പറയാനാവില്ല. ശരിയാണ് മുര്‍സിക്ക് കേവല ഭൂരിപക്ഷമേ ലഭിച്ചിട്ടുള്ളൂ. പക്ഷെ 25 ശതമാനം വരുന്ന സലഫികളുടെ പിന്തുണയും അദ്ദേഹത്തിന് ഭരണത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭരണം മോശമായത് കൊണ്ടും പട്ടിണികാരണവുമാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത് എന്ന് ജല്‍പിക്കുന്നവരുണ്ട്. അത് യുക്തിപരമായി ആലോചിച്ചാല്‍ പോലും സത്യമാകാന്‍ വഴിയില്ല. കാരണം മുര്‍സിക്കെതിരെ തുടക്കം മുതല്‍ ഒരു വിഭാഗം പ്രക്ഷോഭം തുടര്‍ന്നിരുന്നു. മാത്രമല്ല ഭരണകക്ഷികളില്‍ പെട്ടവര്‍ക്കില്ലാത്ത ഒരു പട്ടിണി പെട്ടെന്ന് പ്രതിപക്ഷത്തെ ആളുകള്‍ക്ക് പിടികൂടാന്‍ എങ്ങനെ സാധിക്കും. മുര്‍സി ഇതര സ്വേഛാധിപത്യ ഭരണാധികാരികളെ പോലെ 99.9 വോട്ട് നേടി പ്രധാനമന്ത്രിയായതല്ല. ജനാധിപത്യത്തില്‍ ഭൂരിപക്ഷം ജനങ്ങളുടെ വോട്ട് നേടിയാണ് അധികാരത്തിലെത്തിയത്. മിക്ക ജനാധിപത്യ രാജ്യങ്ങളിലും 30 ശതമാനമോ അതില്‍ അല്‍പം അധികം വോട്ടേ മിക്കപ്പോഴും ഭരിക്കുന്ന പാര്‍ട്ടിക്ക് ലഭിക്കാറുള്ളൂ.. ആ നിലക്ക് അമ്പത് ശതമാനത്തിലധിം വോട്ട് നേടിയ മുര്‍സിയുടെ പാര്‍ട്ടി താരതമ്യേന മികച്ച ജനാധിപത്യ അടിത്തറയുള്ള നേതാവാണ്. ജനാധിപത്യരീതിയില്‍ അധികാരത്തില്‍ വന്ന ഒരു നേതാവിനെ മാറ്റേണ്ടതും തെരഞ്ഞെടുപ്പിലൂടെയാണ്. അത്രയും കാലം ക്ഷമിക്കാന്‍ കഴിയുക എന്നതാണ് ജനാധിപത്യത്തിന്റെ അന്തസത്ത.

ആദ്യത്തെ പ്രക്ഷോഭം സ്വേഛാധിപത്യത്തിനെതിരെ ആയിരുന്നുവെന്നതാണ് ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ പിന്തുണക്കും സന്തോഷത്തിനും കാരണം. എന്നാല്‍ അന്ന് ദുഖവും നിരാശയും കാണിക്കുയും. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിയെ പട്ടാള അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന മാനസികാവസ്ഥ രോഗാതുരമാണ് . കേരളത്തില്‍ സലഫികള്‍ എന്നറിയപ്പെടുന്നവര്‍ക്ക് ഈ വ്യത്യാസം മനസ്സിലാകുന്നില്ല. അവര്‍ രണ്ടിലും സന്തോഷിച്ചില്ലെങ്കില്‍ മനസ്സിലാക്കാമായിരുന്നു. പക്ഷെ സ്വേഛാധിപതിയുടെ ഭരണനഷ്ടത്തില്‍ സന്തോഷിക്കാതിരിക്കുകയും ഇപ്പോള്‍ സന്തോഷിക്കുകയും ചെയ്യുന്നത് മനസ്സിലാക്കാനാവുന്നില്ല. എന്നിട്ടിപ്പോള്‍ ഭരണാധികാരിയോടുള്ള ഒരു വിശ്വാസിയുടെ സമീപനം എങ്ങനയാരിക്കണം എന്ന് ക്ലാസെടുത്ത് തരികയാണ് നദ് വി സാഹിബ്. (ഈ സാഹിബ് അദ്ദേഹം സ്വന്തത്തിന് തന്നെ ഇട്ടപേരാണ് ) അദ്ദേഹം പറയുന്നത് വീണ്ടും കാണുക.

(((ഭരണാധികാരികളോടുള്ള വിശ്വാസികളുടെ മനോഭാവം എങ്ങനെയാകണം..? കേരളീയ ഭൂമികയില്‍ ഇനിയും വേണ്ടവിധത്തില്‍ വിശദീകരിക്കപ്പെടാത്ത ഒരുവിഷയം തന്നെ. അഥവാ ആരെങ്കിലും ഇതിനായി വായതുറന്നാല്‍ അവരെ അധികാരി വര്‍ഗ്ഗത്തിന്‍റെ പാദസേവകരും ചെരുപ്പു നക്കികളുമായി വികലമാക്കാന്‍ എന്നും ജമാഅത്ത്കാരും അവരുടെ കുഞ്ഞാടുകളും ഒന്നാമത്തെ സഫ്ഫില്‍ തന്നെ. അധികാരത്തിന്‍റെ അപ്പക്കഷണങ്ങള്‍ക്കായി താഗൂത്തി സേവയുടെ ഏതറ്റംവരെയും കടന്നുചെല്ലാന്‍ ഇന്നു കേരള ജമാഅത്തുകാര്‍ മാനസ്സികമായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നുവെന്നത് ഈ സമയത്ത് പ്രത്യേകം സ്മരണീയം തന്നെ. മുന്‍പ് നൂറുകാരറ്റ് ഷിര്‍ക്കും കുഫ്രും താഗൂത്തുമായി മുദ്രയടിച്ചു പത്തായത്തില്‍ ഒളിപ്പിച്ച അവകാശങ്ങള്‍ തങ്ങള്‍ക്കുകൂടി ലഭ്യമാകാന്‍ പരുവത്തില്‍ പ്രത്യകം "നിയമനിര്‍മ്മാണം" നടത്തണമെന്നും ഇവര്‍ മുദ്രാവാക്യം മുഴക്കുന്നു. "പരമം" എന്ന പാവം പരമുവിനെ ഇടക്കിടെ സ്ഥാനത്തും അസ്ഥാനത്തും തിരുകിക്കയറ്റി പ്രയോഗിച്ചുകൊണ്ട് ജമാഅത്ത് സുഹൃത്തുക്കള്‍ നടത്തുന്ന അനുവദനീയമാക്കല്‍ (ഹലാല്‍) സര്‍ക്കസുകള്‍ അതിലും രസകരം.)))
ഭരണാധികാരിയോടുള്ള വിശ്വാസികളുടെ സമീപനം എങ്ങനെയാകണം എന്ന് കേരളീയ ഭൂമികയില്‍ ഇനിയും വേണ്ടവിധം വിശദീകരിക്കപ്പെട്ടിട്ടില്ലത്രേ. ഒരു പക്ഷെ മുജാഹിദ് - സലഫികളെ സംബന്ധിച്ചിടത്തോളം ഇത് ശരിയായിരിക്കാം. എന്നാല്‍ ഭരണത്തെ ഇസ്ലാമിന്റെ ഒരു ഭാഗമായി കാണുന്ന ഇസ്ലാമിക പ്രസ്ഥാനം ഇത് എമ്പാടും വിശദീകരിച്ചിട്ടുണ്ട്. എന്റെ ചെറിയ ഹോം ലൈബ്രറിയില്‍ പോലും ഐ.പി.എച് പുറത്തിറിക്കിയ അര ഡസന്‍ പുസ്തകങ്ങളിലെങ്കിലും ഇസ്ലാമിലെ ഭരണവ്യവസ്ഥയും ഭരണാധികാരികളോടുള്ള സമീപനവുമൊക്കെ വിശദീകരിക്കുന്നതാണ്. അതില്‍ പറഞ്ഞ പല സാങ്കേതിക പദാവലികളെയും മനസ്സിലാക്കാന്‍ ശ്രമിക്കാതെ പരിഹസിക്കുന്നതില്‍ മാത്രം ശ്രദ്ധാലുക്കളായവര്‍ക്ക് കാര്യം എന്തെന്ന് ഇനിയും മനസ്സിലായിട്ടില്ല. എന്ന് തുടര്‍ വാക്കുകള്‍ തന്നെ വായിച്ചാല്‍ മനസ്സിലാകും. ശിര്‍ക്കും, താഗൂത്തും, കുഫ്റുമൊക്കെ ജിന്നുമായി ബന്ധപ്പെട്ടതാണ് എന്ന് ധരിക്കുന്നവര്‍ക്ക് ഇതിലധികം മനസ്സിലായി എന്ന് വരില്ല. പക്ഷെ അവര്‍ അത് വെച്ച് നെടുങ്കന്‍ ലേഖനങ്ങളുമായി വരുന്നത് തീര്‍ത്തും ആശ്ലീലം തന്നെയാണ്.

(മുര്‍സിക്ക് വേണ്ടി പ്രകടനം നടത്തുന്നവര്‍ ഇവരെന്താ ഈജിപ്തുകാരല്ലേ. പട്ടിണികാരണമാണ് ഈജിപ്തുകാര്‍ മുര്‍സിക്ക് വിരുദ്ധമായി തെരുവിലിറങ്ങിയത് എന്ന് എഴുതിയ ചന്ദ്രിക ലേഖകന്‍ ഇതിനെ എങ്ങനെ വ്യാഖ്യാനിക്കും ഇവര്‍ക്ക് പട്ടിണിയുണ്ടായിരുന്നില്ലേ?)

ഈജിപ്ത്യന്‍ തെരുവുകളില്‍ ഒരു വര്‍ഷത്തിന് മുമ്പ് ഹുസ്നിമുബാറക്ക് എന്ന് ഏകാധിപതിയ താഴെ ഇറക്കാന്‍ നടന്ന പ്രക്ഷോഭവും ഒരാഴ്ചക്ക് മുമ്പ് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട  മുര്‍സിയെ താഴെ ഇറക്കാനും നടന്ന പ്രക്ഷോഭങ്ങളെ വേര്‍ത്തിരിച്ച് പഠിച്ചാല്‍ വലിയ ഒരു വ്യത്യാസം ബോധ്യപ്പെടും , ആദ്യത്തെ പ്രക്ഷോഭം അധികം താമസിയാതെ ഇഖ് വാനികളുടെ നേതൃത്വത്തിന് കീഴിലാണ് നടന്നത്, പ്രക്ഷോഭം വഴിതെറ്റാതെ മൂല്യബന്ധിതമാക്കി നിര്‍ത്തിയതും അത് ഉടനടി മോഷ്ടിക്കപ്പെടാതിരിക്കാനുള്ള കരുക്കള്‍ നീക്കിയതും അന്തരാഷ്ട്ര മുസ്ലിം പണ്ഡിത സഭയുടെ അധ്യക്ഷനായ യുസുഫുല്‍ ഖര്‍ദാവിയടക്കമുള്ളവരുടെ പിന്തുണയാലാണ്. എന്നാല്‍ ഇപ്പോള്‍ നടന്ന പ്രക്ഷോപത്തില്‍ തഹ്രീര്‍ സ്വകയറില്‍ പോലും നിരന്തരം ഇഖ് വാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അക്രമം അറങ്ങേറി, അവിടെ ഒരുമിച്ച് കൂടിയ സ്ത്രീകളെ പോലും മാനഭംഗപ്പെടുത്തുന്നത് പതിവായിരുന്നു. വളരെ തന്ത്രപരമായി സ്ത്രീകളെ വളയുകയും ആള്‍ക്കൂട്ടത്തില്‍ പീഢനത്തിനിരയാകുകയും ചെയ്യുന്ന സംഭവം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. മുര്‍സിയെ അട്ടിമറിച്ചതിനെതിരെ പ്രതിഷേധിച്ചവരെ അക്രമിച്ചു. മരിച്ചവരില്‍ മിക്കവരും ഇഖ് വാനികളായിരുന്നു. സൈന്യവും അവരുടേതായ പങ്കുവഹിച്ചു. എന്നിട്ടും സലഫി എന്നഭിമാനിക്കുന്ന ഒരു വ്യക്തി പറയുന്നത് കാണുക.

(((ഖേദകരമെന്നു പറയട്ടെ, ഇന്നു ഭരണകൂടങ്ങള്‍ക്കെതിരില്‍' അസംതൃപ്തി, അട്ടിമറി പ്രകടനവുമായി രംഗത്തുള്ള സംഘടകളും ഗ്രൂപ്പുകളും ഈ വിഷയത്തിലെ പ്രാഥമിക ഇസ്‌ലാമിക മൂല്യങ്ങള്‍പോലും തിരിച്ചറിയാത്ത കേവലം വാളെടുത്ത വെളിച്ചപ്പാടുകള്‍ മാത്രമാണ്. കൊല്ലാനും തല്ലാനും യാതൊരുമടിയുമില്ലാത്ത ഇവരുടെ പാശം പൊട്ടിയ അണികള്‍ ചില സ്വഭാവങ്ങളില്‍ ലോകത്തെ വമ്പന്‍ ക്രിമിനലുകളെപോലും വെല്ലുവിളിക്കുന്നു. നിലവില്‍ അറബുരാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കെതിരില്‍ മുല്ലപ്പൂവസന്തമെന്ന കുറ്റപത്രവുമായി കടന്നുവന്ന ആള്‍ക്കൂട്ടത്തിനുപിന്നില്‍  ഇമാമീ ഷീഈ രാഷ്ട്രീയ ചിന്തകള്‍ തലയില്‍ ചുമറ്റിനടക്കുന്ന ഖുമൈനിസ്റ്റുകളായിരുന്നു. പതിറ്റാണ്ടുകള്‍ക്കുമുന്‍പു ഇറാന്‍ലഹളയുടെ അട്ടിമറി വിജയസാഹച്ചര്യത്തില്‍ ഖുമൈനി നടത്തിയ ആഹ്വാനം പ്രാവര്‍ത്തികമാക്കാന്‍ തക്കം പാര്‍ത്തുനടന്ന റാഫിളീ ഷീഇകളും യഹൂദ മസ്ഥിഷ്ക്കങ്ങളും  തക്കംനോക്കി പൊട്ടിച്ചുവിട്ട പടക്കത്തിന്‍റെ രക്ഷകര്‍ത്രത്വം പണ്ടെതക്കം പാര്‍ത്തുനടന്ന ഇഖുവാനികളുടെ ഗ്രൂപ്പുകള്‍ ചുമലില്‍ ഏറ്റുകയായിരുന്നു. ഈജിപ്റ്റിലെ വസന്തത്തിന്‍റെ പ്രാഥമികഘട്ടത്തില്‍ രംഗത്തില്ലാതിരുന്ന ഇഖുവാനികള്‍ അപ്രതീക്ഷിതമായി കളത്തിലേക്ക്‌ കടന്നുവന്നത് എല്ലാവര്‍ക്കും സുപരിചിതമാണ്.
കൊല്ലും കൊലയും സമരവും ജീവിതഭാഗമായിരുന്നു ഈജിപ്റ്റിലെ ഇഖുവാനികള്‍ക്കെന്നു് മീഡിയാവണ്ണിന്‍റെ മുഖ്യശില്‍പ്പി ഡോ. അബ്ദുസ്സലാം വാണിയമ്പലം  ഇഖുവാനികളെപ്പറ്റി നടത്തിയ അക്കാദമിക പഠനത്തില്‍ ആധികാരികമായി രേഖപെടുത്തിയിട്ടുണ്ട്. അറബുലോകത്തെ പ്രമുഖ  പണ്ഡിത നേതാക്കളുടെ കൊലപാതകം, ആക്രമണ പരമ്പരകളില്‍ ഇഖുവാന്‍ വഹിച്ച സമഗ്രപങ്കാളിത്തം ഇവയെല്ലാം ഈ ഗ്രന്ഥത്തില്‍ അനിഷേധ്യമായ വസ്തുതകളാണ്. ഇങ്ങനെ തികച്ചും അക്രമവാസനയുള്ള ഒരു സംഘം നിലവിലെ ഭരണകൂടങ്ങള്‍ക്കെതിരില്‍ നടത്തുന്ന അട്ടിമറി സമരങ്ങളെ ഒരു ഇസ്‌ലാമിക വിപ്ലവത്തിന്‍റെ ഫ്രൈമിലൂടെ നോക്കിക്കാണാന്‍ അല്‍പ്പം പ്രയാസം ഉണ്ട്. ഡോ. അബ്ദുസ്സലാം വാണിയമ്പലം ഇഖുവാനികള്‍ക്കെതിരില്‍ ഉന്നയിച്ച അതേ കുറ്റപത്രം വസ്തുതകളായി നിലവില്‍ നമ്മുടെ കണ്മുമ്പില്‍ കാണാന്‍ സാദിക്കുന്നു.)))

ഇവിടെ പരാമര്‍ശിക്കുന്നത് മുര്‍സിക്കെതിരെ പ്രക്ഷോഭം നടത്തിയവരില്‍നിന്നുണ്ടായ അക്രമത്തെക്കുറിച്ചല്ല. ഇത് സത്യത്തില്‍ അടിനെ പട്ടിയാക്കലാണ്. ഇഖ് വാന്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ സമാധാന പൂര്‍ണമായിരുന്നു. അവരുടെ സമാധാന ത്വരമാത്രമാണ് ആദ്യം നടന്ന പ്രക്ഷോഭത്തെ രക്തരഹിത വിപ്ലവമാക്കിയത്. കുതന്ത്രത്തിലും നിഗൂഢമായ ആസൂത്രണത്തിലും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് പാസ് മാര്‍ക്ക് പോലും നല്‍കാമോ എന്ന് സംശയമാണ്. രാജ്യത്തെ നാലിലൊന്നിലധികം ആളുകള്‍ ഒരേ സമയം തെരുവിലിറങ്ങിയപ്പോള്‍ ഉണ്ടായ പ്രതിസന്ധിയെ നേരിടാന്‍ പാശ്ചാത്യ യജമാനന്മ‍ാര്‍ ചേര്‍ന്നൊരുക്കിയ നാടകമല്ല ഹുസ്നിമുബാറക്കിന്റെ പിന്‍വലിയല്‍ എന്ന് പറയാന്‍ ഇപ്പോള്‍ അല്‍പം പ്രയാസമുണ്ട്. ഒരു വര്‍ഷത്തിന് ശേഷം ഇപ്പോള്‍ നടന്ന സംഭവം ഒരു തിരക്കഥയുടെ പ്രയോഗവല്‍ക്കരണമല്ല എന്ന് പറയാനും ഇപ്പോള്‍ കഴിയാതെ വന്നിരിക്കുന്നു. താഴെ നല്‍കിയ വീഡിയോ വളരെ ഭീകരമായ രംഗങ്ങള്‍ ഉള്ളവയാണ്. മനസ്സുറപ്പുള്ളവര്‍ മാത്രം കാണുക. പട്ടാള അട്ടിമറിക്ക് ശേഷം അവിടെ ജനാധിപത്യം എങ്ങനെയാണ് പുരുന്നത് എന്ന് അതില്‍നിന്ന് മനസ്സിലാകും. 



വിപ്ലവ ശേഷം നിലവില്‍വരുന്ന ഭരണകൂടം തങ്ങള്‍ക്കനുകൂലമല്ലെങ്കില്‍ റാഞ്ചുക എന്നത് പാശ്ചാത്യ സാമ്രാജ്യശക്തികളുടെ പതിവ് ശൈലിയാണ്. പക്ഷെ അതിന് ഇങ്ങനെയും ഒരു രൂപമുണ്ട് എന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അജ്ഞാതമായിരിക്കാം. സത്യത്തില്‍ ഒരു റാഞ്ചല്‍ പ്രതീക്ഷിച്ചിരുന്നു. (അമേരിക്കയും യൂറോപ്പും ഇസ്രായേലും അറബ് ഏകാധിപത്യരാജ്യങ്ങളുമാണ് അറബ് വസന്തത്തിന്റെ ഏറ്റവും വലിയ എതിരാളികളും അപകടങ്ങളും - പ്രബോധനം അറബ് വസന്തം സ്പഷ്യല്‍, പേജ് 34) ഈജിപ്തില്‍ പ്രത്യേകിച്ചും, ഈജിപ്ത് എന്നത് പാശ്ചാത്യരെ സംബന്ധിച്ച് തന്ത്രപ്രധാനമാണ്, ഇസ്രായേലുമായി ആ സ്ഥലത്തിനുള്ള അടുപ്പം ഒരു കാരണമാണ്. എന്തുകൊണ്ട് തങ്ങള്‍ക്ക് തീര്‍ത്തും അഭിമതരായ ഇസ്ലാമിക പ്രസ്ഥാനം നിലവില്‍വന്നിട്ടും അവര്‍ നിസ്സഹായരെ പോലെ നിന്നുവെന്നതിന് കുറേകൂടി കൃത്യമായ ഉത്തരം ഇപ്പോള്‍ നല്‍കപ്പെട്ടുകഴിഞ്ഞുവെന്ന് തോന്നുന്നു.


ഒരു സമൂഹത്തോടുള്ള അധിക്രമം പരിധിവിടുമ്പോള്‍ അതിനോട് എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ആ സമുഹത്തില്‍ പെട്ടവര്‍ ആശയക്കുഴപ്പത്തിലാകാറുണ്ട്. ഏകാധിപതികളുടെ അറ്റമില്ലാത്ത ക്രൂരതക്കും പീഢനത്തിനും ഇരയായ ഇഖ് വാനികളിലെ ഒരു വിഭാഗം സായുധപ്രതിരോധത്തിന് മുതിര്‍ന്ന കാര്യം അബ്ദുസ്സലാം സാഹിബ് പറയുന്നുണ്ട്. അത് വെച്ചാണ് സലഫിയായ നദ് വി സാഹിബിന്റെ വാചക കസര്‍ത്ത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. പക്ഷെ അന്നും ഇന്നും ഇഖ് വാന്‍റെ മുഖ്യധാര സമാധാനത്തിലാണ് വിശ്വസിച്ചത്. പക്ഷെ ഇപ്പോള്‍ ഒരു പുതിയ സാഹചര്യത്തെയാണ് ഇഖ് വാന്‍ അഭിമുഖീകരിക്കുന്നത്. കേവല പ്രതിഷേധത്തെ പോലും ചോരയില്‍മുക്കി കൊല്ലാന്‍ ശ്രമിക്കുന്ന പുതിയ സാഹചര്യത്തെ എങ്ങനെയാണ് അവര്‍ അഭിമുഖീകരിക്കുക എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ഏതായാലും ഒന്ന് ഉറപ്പ്. ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള സ്വതന്ത്ര്യം അനുവദിച്ചാല്‍ മുര്‍സിക്ക് ശേഷമുള്ള ഭരണാധികാരിക്കും ഈജിപ്ത് ഭരിക്കാനാവില്ല. സൈന്യത്തിന് ആയുധം ഉപയോഗിച്ച് എത്രകാലം ജനങ്ങളെ ഭയപ്പെടുത്തി നിര്‍ത്താനാവും എന്നതിനെ ആശ്രയിച്ച് മാത്രമേ ഇപ്പോഴുള്ള അവസ്ഥ നിലനില്‍ക്കുകയുള്ളൂ.



സൈന്യം ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധത അവസാനിപ്പിക്കുകയും,  മുര്‍സിയെ തിരിച്ച് വിളിച്ച് പ്രതിപക്ഷവുമായുള്ള സമവായത്തിനും ചര്‍ചക്കും സൌകര്യമൊരുക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഈജിപ്ത് എന്ന രാജ്യത്തിന്റെ ഭാവിക്ക് നല്ലത് എന്ന് ഏത് നിഷ്പക്ഷമതിക്കും ബോധ്യമാകും.

ഇഖ് വാനികള്‍ ഭീരുക്കളല്ല.അവര്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുകയാണ്. അവരുടെ പ്രക്ഷോഭം അന്യായമായി സൈന്യം ഇടപെട്ട് ഇറക്കിവിട്ട ജനനായകനെ തിരിച്ചുകൊണ്ട് വരാനുള്ളതാണ്.  മുര്‍സിക്കെതിരെ നടത്തിയ പ്രക്ഷോഭത്തെ ന്യായീകരിച്ചവര്‍ക്ക്, മുര്‍സിയെ പുറത്താക്കിയതിനെതിരെയുള്ള പ്രക്ഷോഭം അംഗീകരിക്കാതിരിക്കാന്‍ എങ്ങനെ കഴിയുന്നു. ഭരണാധികാരിയെ പുറത്താക്കാന്‍ ഇറങ്ങിപ്പുറപ്പെടല്‍ ഇസ്ലാമികമായി ശരിയല്ല എന്ന് പറയുന്ന സലഫികള്‍ മുര്‍സിയെ പുറത്താക്കിയതിനെതിരെ ഫത് വ പുറപ്പെടുവിക്കുന്നില്ല. അതില്‍ സന്തോഷിക്കുകയും ചെയ്യുന്നുവെന്നത് വിചിത്രമാണ്.

ഈജിപ്തില്‍നിന്നുള്ള പുതിയ വാര്‍ത്ത, ഏറ്റവും മുകളില്‍നല്‍കിയ വീഡിയോയില്‍കാണുന്ന വെടിവെപ്പിലുള്ള പ്രതിഷേധമറിയിക്കാന്‍ ഇഖ് വാന്‍ ഇന്ന് തെരുവിലറങ്ങുന്നു....
 'ഒരു മില്യന്‍ രക്തസാക്ഷികള്‍' എന്ന പേരില്‍ ഇന്ന് വന്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് മുര്‍സി അനുകൂലികള്‍ വ്യക്തമാക്കി. ഇന്നലെ പ്രഭാത നമസ്‌ക്കാരത്തിനിടെ 51 ആളുകള്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണിത്. മുര്‍സിയെ തല്‍സ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഈജിപ്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടത്തുന്ന പ്രതിഷേധം തുടരുമെന്നും തങ്ങളുടെ ആവശ്യം നിറവേറ്റാതെ റാബിഅത്തുല്‍ അദവിയ്യയില്‍ നിന്നും പിന്‍മാറില്ലെന്നും ഇഖ്‌വാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളെ നേരിടാന്‍ മുഴുവനാളുകളും ഒന്നിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന് ഇഖ്‌വാന്‍ വക്താവ് ഹാതിം അസ്സാം ആവശ്യപ്പെട്ടു. അതോടൊപ്പം രാഷ്ട്രീയ കാര്യങ്ങളില്‍ സൈന്യത്തിന് ഇടപെടാന്‍ അവസരം നല്‍കരുതെന്ന്, സൈനിക നേതാവ് അബ്ദുല്‍ ഫത്താഹ് സീസിയോട് ആവശ്യപ്പെടുകയും ചെയ്തു.





മുര്‍സിയെ തിരിച്ചുകൊണ്ട് വരുവാന്‍ പ്രക്ഷോഭം നടത്തുന്ന ഈജ്പ്ഷ്യന്‍ ജനത
ഈജിപ്ത് കൂടുതല്‍ കലുഷമാകുകയാണ്. ഏകാധിപത്യത്തിലേക്ക് അത്ര പെട്ടെന്ന് ഈജിപ്തിന് തിരിച്ച് നടക്കാനാവില്ല. അറബ് വസന്തം അസ്തമിക്കുന്ന ഒന്നല്ല. ആളുകള്‍ സത്യം മനസ്സിലാക്കും. മുര്‍സിക്കെതിരെ സമരം നയിച്ചവരില്‍ നിഷ്കളങ്കരായവര്‍ ഉണ്ടാവും. അവര്‍ മീഡിയകളുടെ പ്രചാരണങ്ങളില്‍ വഞ്ചിതരായതാണ്. അവരും ഇഖ് വാനോടൊപ്പം ചേരുന്ന കാലം വിദൂരമല്ല. അങ്ങനെ ഉഹദില്‍ സംഭവിച്ചത് പോലുള്ള ഈ താല്‍കാലിക തിരിച്ചടിയില്‍നിന്നും കൂടുതല്‍ ശക്തമായി ഇസ്ലാമിക ശക്തികള്‍ തന്നെ അവിടെ അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കാം. അതിനായി നമുക്ക് പ്രാര്‍ഥിക്കാം. അറബ് വസന്തത്തില്‍ ദുഖിതരായവരുടെ മുഖങ്ങള്‍ ഒരിക്കല്‍ കൂടി മ്ലാനമാകുന്ന ദിനങ്ങള്‍ അതിവിദൂരമല്ല (ഇന്‍ശാ അല്ലാഹ്). 
**************************************

ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട് രണ്ട് ലേഖനങ്ങള്‍ :

1. ഇയ്യിടെ ഈജിപ്ത് സന്ദര്‍ശിച്ചതിന് ശേഷം സി.ദാവൂദ് എഴുതിയത്. 

2. 
സൈനിക ഭരണകൂടത്തെ ആര് വിശ്വസിക്കും? 

3. ഈജിപ്തിലെ മാറ്റം - എ.കെ രാമകൃഷ്ണന്‍ 

ബുധനാഴ്‌ച, ജൂൺ 12, 2013

തുര്‍ക്കി; ഇസ്ലാമിസ്റ്റുകള്‍ ത്രിശങ്കുവിലോ ?

ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിക ചലനങ്ങളില്‍ കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രതികരണം ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. തുര്‍ക്കിയിലെ ഭരണാധികാരിയെയും ഭരണകൂടത്തെയും ഒരു മാതൃകയായി അവര്‍ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ ഇനിയും അങ്ങനെ ചെയ്യമോ എന്ന് ചിലര്‍ സംശയിക്കുന്നു. അത്തരം ഒരു സംശയമാണ് മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്ന ഐ.എസ്.എം നേതാവിന്റെ ബ്ലോഗില്‍ പ്രകടിപ്പിക്കുന്നത്. ആ വിഷയത്തില്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ഇവിടെ പങ്കുവെക്കുകയാണ്.  ബ്ലോഗില്‍ നല്‍കിയ കമന്റുകള്‍ ഇതുവരെയും പ്രസിദ്ധീകരിച്ചു കാണാത്തതുകൊണ്ടാണ് ഈ ബ്ലോഗില്‍ ഇത്തരം ഒരു പ്രതികരണം ആവശ്യമായി വന്നത്.

എന്താണ് ഇപ്പോഴുണ്ടായ പ്രകോപനം?. അദ്ദേഹം തന്നെ പറയുന്നത് കാണുക.

ഇസ്‌തംബൂളിലെ പ്രസിദ്ധമായ ഗെസി പാര്‍ക്ക്‌ പൊളിച്ചു മാറ്റി, ആധുനിക രീതിയില്‍ സൗന്ദര്യവത്‌കരണം നടത്താനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ കുറച്ചുപേര്‍ തുടങ്ങിയ പ്രതിഷേധമാണ്‌ പുതിയ സംഭവ വികാസങ്ങളുടെ തുടക്കം. ഇരുന്നൂറോളം മരങ്ങള്‍ നശിപ്പിച്ചും പാര്‍ക്കിന്റെ പഴമ തകര്‍ത്തുമുള്ള സൗന്ദര്യവത്‌ക്കരണം അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ഇറങ്ങിത്തിരിച്ച ആക്‌ടിവിസ്റ്റുകള്‍, പാര്‍ക്കില്‍ ഒത്തുചേര്‍ന്ന്‌ സംരക്ഷണ കവചം ഒരുക്കി. എന്നാല്‍ പൊലീസിന്റെ അകമ്പടിയോടെ അധികൃതര്‍ പാര്‍ക്ക്‌ തകര്‍ത്തു. തുടര്‍ന്നാണ്‌ തക്‌സീര്‍ സ്‌ക്വയറില്‍ യുവാക്കള്‍ കൂട്ടത്തോടെ തമ്പടിക്കുകയും കൂറ്റന്‍ റാലികളും പ്രതിഷേധ പരിപാടികളും പണിമുടക്കും അതിനിടെ അക്രമങ്ങളും അരങ്ങേറുകയും ചെയ്‌തത്‌.പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസ്‌ നടത്തിയ നടപടികള്‍ തെരുവു യുദ്ധമായി മാറി. നൂറു കണക്കിനാളുകള്‍ക്ക്‌ പരിക്കേറ്റു. രണ്ടായിരത്തോളം പേരെ അറസ്റ്റു ചെയ്‌തു. ഇതോടെ സമരം അങ്കാറയിലേക്കും മറ്റു നഗരങ്ങളിലേക്കും പടരുകയായിരുന്നു.  (ബ്ലോഗില്‍ നിന്ന്) 

ഇത്രയും വായിച്ചാല്‍ സമരം ന്യായമാണെന്ന് തോന്നാം. പിന്തുണക്കപ്പെടേണ്ടതാണെന്നും. കാരണം മരം ഇപ്പോള്‍ ഒരു വികാരമാണല്ലോ. മരം വെട്ടി നഷിപ്പിക്കുന്ന, പാര്‍ക്ക് ഇല്ലാതാക്കുന്ന പ്രധാനമന്ത്രി തീര്‍ചയായും എതിര്‍ക്കപ്പെടേണ്ടത് തന്നെ. ഭരണാധികാരി ഒരു ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതാവ് കൂടിയാകുമ്പോള്‍ പാര്‍ക്ക് തകര്‍ത്തതില്‍ അല്‍പം മതമൌലികവാദവും മതേതരന്‍മാര്‍ സംശയിച്ചേക്കാം. എന്നാല്‍ സത്യം എന്താണ്. 2002 മുതല്‍ തന്റെ ഭരണ കാലയളവില്‍ 160 പാര്‍ക്കുകള്‍ അദ്ദേഹം പണിതിട്ടുണ്ട്. ഇനി ഉര്‍ദുഗാന്‍ മരത്തിന്റെ ശത്രുവാണോ അല്ലേ അല്ല. കാരണം ഇക്കാലയളവില്‍ 2 ബില്യണ്‍ (20 കോടി) മരങ്ങള്‍ രാജ്യവ്യാപകമായി നട്ടുപിടിപ്പിച്ചിട്ടുണ്ട്. മരം നടലിന്റെ പ്രാധാന്യം ഇസ്ലാമിസ്റ്റുകളെ ആരും പഠിപ്പിക്കേണ്ട എന്ന് ബോധ്യപ്പെടുത്തുമാര്‍ നട്ട മരത്തിന് കീഴില്‍നിന്ന് തന്നെയാണ് അവന്‍മാര്‍ പ്രക്ഷോഭം നടത്തുന്നത്. 

പിന്നെ എന്താണ് പ്രശ്നം. രണ്ട് കാര്യങ്ങളാണിവിടെ ഉള്ളത് ഒന്ന് പ്രക്ഷോഭവും രണ്ട് അതിന് കാരമമായ പാര്‍ക്ക് പൊളിക്കാനുള്ള തീരുമാനവും. ഇവയെ രണ്ട് പ്രശ്നമായി കാണുന്നത്. പാര്‍ക്ക് പൊളിക്കാനുള്ള തീരുമാനത്തെ പ്രക്ഷോഭത്തിനുള്ള യഥാര്‍ഥ കാരണമായി കാണാന്‍ കഴിയാത്തതുകൊണ്ട് തന്നെ. ഭരണാധികാരികള്‍ രാജ്യത്തിന്റെയും നിവാസികളുടെയും സൌകര്യം മുന്‍നിര്‍ത്തി ചില സംഹാരങ്ങളും നിര്‍മാണങ്ങളുമൊക്കെ നടത്തുക സ്വാഭാവികമാണ്. രാജ്യത്തെ പ്രതിസന്ധിയിലാക്കുമാര്‍ വലിയ പ്രക്ഷോഭമൊന്നും അതുകൊണ്ട് ഉണ്ടാവാറില്ല. ഉര്‍ദുഗാന്‍ ഒരു ഏകാധിപതിയല്ല. തീര്‍ത്തും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുകയും പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ ക്രമാനുഗതമായി ഭൂരിപക്ഷം ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്ത എ.കെ പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ്. അദ്ദേഹം ഉണ്ടാക്കിയ ഭരണനേട്ടങ്ങള്‍ തന്നെയാണ് 34 ശതമാനത്തില്‍നിന്ന് 50 ന് മുകളിലേക്ക് അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചത്. അദ്ദേഹം തന്റെ ഭരണകാലയളവില്‍ ചെയ്ത ചില പ്രവര്‍ത്തനങ്ങള്‍ പലരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഇയ്യിടെയാണ് അദ്ദേഹം ഐ.എംഎഫില്‍നിന്ന് എടുത്ത വായ്പ പൂര്‍ണമായി തിരിച്ചടച്ചത്. ഇക്കാര്യത്തില്‍ ഇന്ത്യ എന്ത് നിലപാട് എടുക്കുന്നുവെന്ന് താരതമ്യം ചെയ്താല്‍ അതിന്റെ പ്രാധാന്യം നമുക്ക് പെട്ടെന്ന് പിടിക്കിട്ടും. കടം തിരിച്ചടക്കുക മാത്രമല്ല. തുര്‍ക്കിയെ അദ്ദേഹം ലോകത്തെ പതിനാറാമത് സാമ്പത്തിക ശക്തിയായി ഉയര്‍ത്തുകയും പത്ത് വര്‍ഷം കൊണ്ട് ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആളോഹരി വരുമാനം രണ്ടിരട്ടിയായി വര്‍ദ്ധിപ്പിച്ചു. കയറ്റുമതി 30 ബില്യണില്‍നിന്ന് 114 ലേക്ക് ഉയര്‍ത്തി. 

ഇതൊക്കെകൊണ്ട് എന്ത് സംഭവിച്ചു വെന്ന് ചോദിച്ചാല്‍ റിപ്ലബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇനി അടുത്ത കാലത്തൊന്നും തുര്‍കി ഭരണത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്നവര്‍ മനസ്സിലാക്കി. ലോകമെമ്പാടും ഭരണകൂടങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ന്നപ്പോള്‍ കുരച്ചുചാടാന്‍ എല്ലായിടത്തേയും പോലെ മേല്‍ കാരണങ്ങളാല്‍ തുര്‍ക്കിയിലെ പ്രതിപക്ഷത്തിന് സാധിച്ചില്ല. കാരണം ഇപ്പോള്‍ വരുന്ന വസന്തം അത് തുര്‍ക്കിയില്‍ നേരത്തെ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ ധാര്‍മികത സംരക്ഷിക്കുന്ന ചില നിയമങ്ങളുടെ മറപിടിച്ച് തുര്‍ക്കിയിലെ മതേതരത്വം തകര്‍ക്കുന്നേ എന്ന് മുറവിളി കൂട്ടി പ്രതിപക്ഷം രംഗത്തിറങ്ങുന്നത് അതിന് തഖ്സീം ഒരു കാരണമാക്കി എന്ന് മാത്രം. തഖ്സീം എന്നല്‍ അറബിയില്‍ വിതരണം ചെയ്യുക/വിഭജിക്കുക എന്നാണ് അര്‍ഥം. പട്ടണത്തിലെ ജലവിതരണ കേന്ദ്രം ഇവിടെയായിരുന്നതിനാലാണ് ആ പേര്‍ ലഭിച്ചത്. ഉസ്മാനി ഭരണത്തിന്റെ ആയുധ കേന്ദ്രമായിരുന്ന ആ പ്രദേശത്ത് 1740 ല്‍ നിര്‍മിച്ച് കെട്ടിടം പൊളിച്ച് സ്റ്റേഡിയം ഗ്രൌണ്ട് ആക്കി മാറ്റി. 1940 ല്‍ അത് പൊളിച്ച് നീക്കി മുസ്ത്വഫ ഇസ്ലാമത്തിന്റെ കീഴിലുള്ള റിപ്ലബ്ലിക്ക് ഭരണകൂടം. ഇപ്പോഴത്തെ പ്രതിപക്ഷം പാര്‍ക്ക് ആക്കി മാറ്റി. ഈ പാര്‍ക്ക് കുടിയന്‍മാരുടെയും അധര്‍മകാരികളുടെയും വിഹാര രംഗമാണ്. അടിയുംപിടിയും കൊലയും അവിടുത്തെ സ്ഥിര സംഭവമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റാലി നടത്തുന്നത് പോലുള്ള കാര്യങ്ങള്‍ അവിടെ തടഞ്ഞെങ്കിലും അവിടെ പ്രശ്നങ്ങളൊഴിഞ്ഞ നേരമില്ല. അതുകൊണ്ടുകൂടിയായിരിക്കാം രാജ്യത്തിന്റെ വരുമാനത്തിലേക്ക് നല്ലൊരു മുതല്‍ കൂട്ടായ വ്യാപാര സമുച്ചയം എന്ന ആശയത്തിലേക്ക് ഉര്‍ദുഗാന്‍ വന്നത്.  തഖ്സിം ചത്വരം ഹോട്ടല്‍, റസ്റ്റോറന്‍റ് ഷോപ്പിംഗ് മാള്‍ എന്നിവ കൊണ്ട് നേരത്തെ തന്നെ പ്രസിദ്ധമാണ്. അവിടെ പ്രശ്നമുക്തവും സാമാധാനം വരുത്താനും ഒരു പാര്‍ക്ക് വേണ്ട എന്ന് തീരുമാനിക്കാന്‍ ഭരണാധികാരി എന്ന നിലക്ക് തീര്‍ചയായും ഉര്‍ദുഗാന്‍ അവകാശമുണ്ട്. 

ഈ ഒരു സമരത്തില്‍ ഇസ്ലാമിക ശക്തികള്‍ എന്നവകാശപ്പെടുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ഉടനെ കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനം ത്രിശങ്കുവിലാകും എന്ന് മുജാഹിദ് സഹോദരങ്ങള്‍ ധരിക്കേണ്ടതില്ല. പാര്‍ക്ക് വേണോ മരത്തില്‍ ചിലത് വെട്ടണോ എന്നൊക്കെ തീരുമാനിക്കേണ്ടത് ജനങ്ങളുടെ പൊതുവായ ഉപയോഗവും ഉപദ്രവവും നോക്കിയാണ്. അത് മനസ്സിലാക്കാത്ത ചില സുഹൃത്തുക്കള്‍ ജമാഅത്തിനോ സോളിഡാരിറ്റിക്കോ ഇല്ലാത്ത തീവ്രത ഈ വിഷത്തില്‍ ഉള്ളതായി കാണിക്കാറുണ്ട്. ഒരു പക്ഷെ അതേ ചിന്താഗതിയായിരിക്കാം. മുജീബ് കിനാലൂരിനെക്കൊണ്ട് ഇങ്ങനെ എഴുതിക്കുന്നത്. കിനാലൂര്‍ തന്റെ ബ്ലോഗ് പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്... 

'അതേസമയം, സമരക്കാരില്‍ ഇസ്‌ലാമിക ശക്തികളുമുണ്ടെന്നത്‌ മറ്റൊരു യാഥാര്‍ഥ്യമാണ്‌.തക്‌സീം ചത്വരത്തില്‍ ജുമുഅ നിര്‍വഹിച്ചും ഖുര്‍ആന്‍ പാരായണം ചെയ്‌തും തങ്ങള്‍ മുസ്‌ലിംകള്‍ തന്നെയാണെന്ന്‌ അവര്‍ പ്രഖ്യാപിക്കുകയും ചെയ്‌തു. മാര്‍ക്‌സിസ്റ്റ്‌ സഹയാത്രികനായ ഒരു സമരാനുകൂലി അല്‍അഹ്‌റാം പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇതില്‍ ഇസ്‌ലാം വിരുദ്ധ രാഷ്‌ട്രീയമില്ലെന്നും ഉര്‍ദുഗാന്‍ പിന്തുടരുന്ന വലതുപക്ഷ, നവലിബറല്‍ വികസന നയങ്ങള്‍ക്കെതിരിലുള്ള പ്രതിഷേധമാണിതെന്നും വ്യക്‌തമാക്കി. സാധാരണക്കാരെ കുടിയൊഴിച്ച്‌, ഉപരിവര്‍ഗത്തിനുവേണ്ടി നഗരസൗന്ദര്യവത്‌കരണവും ലക്കുകെട്ട വികസന ശ്രമങ്ങളും നടത്തുന്ന ജനവിരുദ്ധ രാഷ്‌ട്രീയത്തെയാണ്‌ തങ്ങള്‍ എതിര്‍ക്കുന്നതെന്നാണ്‌ അഭിമുഖത്തില്‍ വിശദീകരിക്കുന്നത്‌.   ഈ വാദം ശരിയാണെങ്കില്‍ ഉര്‍ദുഗാനെ പിന്തുണയ്‌ക്കാതിരിക്കാനും വയ്യ, സമരക്കാരെ കയ്യൊഴിയാനും വയ്യ എന്ന ത്രിശങ്കുവിലായിരിക്കും ഇസ്‌ലാമിസ്റ്റുകള്‍ (വിശിഷ്യാ കേരളത്തിലെ ഇസ്‌ലാമിസ്റ്റുകള്‍ ) അകപ്പെടുന്നത്‌! .' (kinaloor) 

ഇത്തരം ചില നമ്പറുകൊണ്ടൊന്നും ഇസ്ലാമിസ്റ്റുകളെ ത്രിശങ്കുവിലാക്കാനാവില്ല എന്ന് വിനയ പൂര്‍വം ഓര്‍മിപ്പിക്കട്ടേ. എന്തുകൊണ്ടെന്നാല്‍ ഏത് വിഷയവും അതിന്റെ അക്ഷരങ്ങളില്‍ ഉപരിപ്ലവായി വായിച്ചല്ല ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ തീരുമാനം എടുക്കാറുള്ളത്. ആഴത്തില്‍ ചിന്തിച്ച് അവയുടെ ഇസ്ലാമികമായ നിലപാട് എന്ത് എന്ന് മനസ്സിലാക്കിയാണ്.

ഈ വിഷയം  പ്രത്യേകമായ പോസ്റ്റാക്കി നല്‍കിയതിന് കാരണം. ഈജിപ്തിലെ ഏകാധിപതികള്‍ക്കെതിരിലുള്ള ജനകീയ പ്രക്ഷോഭത്തെ ഇസ്ലാമിക പ്രസ്ഥാനം പിന്തുണച്ചത് കണ്ടപ്പോള്‍ ചിലര്‍ മനസ്സിലാക്കിയത്. ഏത് നാട്ടിലെയും ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭത്തെ കാരണവും സാഹചര്യവും നോകാതെ തന്നെ പിന്തുണക്കല്‍ ഇസ്ലാമിസ്റ്റുകളുടെ ബാധ്യതയാണ് എന്നാണ്. ആ നിലക്ക് പലരും പലപ്പോഴും ചോദ്യങ്ങള്‍ ഉയര്‍ത്താറുണ്ട്.

ചുരുക്കത്തില്‍ തുര്‍ക്കി അതിന്റെ പ്രതാപത്തിലേക്ക് മടങ്ങുകയാണ്, ഇപ്പോള്‍ അതിനെതിരെയുള്ള ലഹളക്ക് ധര്‍മത്തിന്റെയോ സത്യത്തിന്റെയോ പിന്തുണയില്ല. അതിനാല്‍ ഉര്‍ദുഗാന്‍ വിജയിക്കുമെന്ന് തന്നെയാണ് അന്നാട്ടിലേയും പുറത്തുള്ളവരുമായ നിഷ്പക്ഷ നീരീക്ഷകര്‍ പ്രത്യശിക്കുന്നത്. 

തിങ്കളാഴ്‌ച, ജൂൺ 10, 2013

സോളിഡാരിറ്റിയെ ഇബാദത്ത് പഠിപ്പിക്കുന്ന മുജാഹിദുകള്‍ !


ഏതാണ്ടെല്ലാ മുസ്ലിം സംഘടനകളും മുസ്ലിം ലീഗെന്ന രാഷ്ട്രീയ സംഘടന ഉള്‍പ്പെടെ ഇന്ന് പരിസ്ഥിതി വിഷയങ്ങളില്‍ ഏറെ താല്‍പര്യം കാണിക്കുന്നു. നാലഞ്ച് വര്‍ഷം മുമ്പ് ഇതൊക്കെ അവരുടെ പരിധിക്ക് പുറത്തായിരുന്നു. ജമാഅത്തെ ഇസ്ലാമി അതിന്റെ പോഷക സംഘടനകളുടെയുമൊക്കെ വിഷയമായ തൈനടലും പ്രകൃതിയെ സംരക്ഷിക്കാനുള്ള പോരാട്ടവും ഒട്ടൊക്കെ പരിഹാസത്തോടെ പറഞ്ഞുനടന്നവരാണിവര്‍ എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. ഇതുപോലുള്ള ജനകീയ പ്രശ്നങ്ങളില്‍ യുവാക്കളുടെ പങ്ക് ഉറപ്പുവരുത്താനും അവരെ സംഘടിപ്പിക്കാനുമാണ് സോളിഡാരിറ്റി എന്ന യുവജനവിഭാഗത്തെ ജമാഅത്ത് രൂപപ്പെടുത്തിയത്.  അതിനിപ്പോള്‍ പത്ത് വര്‍ഷമായി സോളിഡാരിറ്റി ഈ കാലത്തിനിടക്ക് വിമര്‍ശിക്കപ്പെട്ടത്, രണ്ട് രൂപത്തിലാണ്. മതേതര രാഷ്ട്രീയക്കാര്‍ പറഞ്ഞു. ഇവര്‍ കമ്മ്യൂണിസ്റ്റ് യുവജനവിഭാഗത്തിന്റെ അജണ്ടകള്‍ തട്ടിയെടുത്ത് കേരളീയ സമൂഹത്തില്‍ ഇടം നേടിയെടുക്കുകയാണെന്ന്. ഇത്തരം പ്രവര്‍ത്തനങ്ങളോട് ഏറെക്കുറെ മാനസികമായ താല്‍പര്യം ഉള്ളവരുടെ ആരോപമായിരുന്നു അത്. അതേ സമയം കമ്മ്യൂണിസ്റ്റ് കാരുടെ ഇത്തരം ഇടപെടലുകളെ തന്നെ പുഛത്തോടെ കാണുന്നവര്‍ അതേ പുഛത്തോടെ സോളിഡാരിറ്റിയെ വികസ വിരോധികളും പിന്തിരിപ്പന്‍മാരും എന്ന് ആക്ഷേപിച്ചു.

മതസംഘടനകളുടെ ആക്ഷേപത്തിന്റെയും പരിഹാസത്തിന്റെയും അലയൊലികള്‍ ഇപ്പോഴും മാറി വരുന്നതേയുള്ളൂ. അവരുടെ പ്രധാന ആരോപണം. ഇസ്ലാമിനെക്കുറിച്ച് ഒന്നും പറയാതെ തൌഹീദിനെക്കുറിച്ച് മിണ്ടാതെ പ്ലാച്ചിമട, കൊക്കക്കോള, മയിലമ്മ, എക്സ് പ്രസ്സ് ഹൈവേ എന്നിവയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു. തൌഹീദ് പറയുന്നില്ല എന്ന ആരോപണം പ്രധാനമായും മുജാഹിദ് വിഭാഗങ്ങളുടേതായിരുന്നു. എന്നാല്‍ അതിനിടയില്‍ തന്നെ മുജാഹിദുകളിലെ യുവജനങ്ങള്‍ മരം വെക്കാനും, ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാനും തുടങ്ങി. മുജാഹിദ് സംഘടന പിളര്‍ന്നു. പിളര്‍പ്പിന്റെ മുഖ്യകാരണമായി പറഞ്ഞത്. ഇത്തരം ചവറ് പ്രശ്നങ്ങളില്‍  ഇടപെടുന്നുവെന്നതാണ്. ഇപ്പോള്‍ സോളിഡാരിറ്റിയുടെ സാന്നിദ്ധ്യം അപ്രസക്തമാക്കുമാറ് സോളിഡാരിറ്റിയുടെ അജണ്ടകള്‍ ഓരോന്നോരോന്നായി സംഘടനകള്‍ പിന്‍പറ്റി. പക്ഷെ അതിലൂടെ മുന്നോട്ട് പോകുമ്പോള്‍ തന്നെ ആര്‍ക്കെങ്കിലും സോളിഡാരിറ്റിയെ ഓര്‍മ വന്നാല്‍ അതൊരു കുറച്ചിലാണ്. അതിനാലവണം പരിസ്ഥിതി മുഖ്യവിഷയമായി ഇറങ്ങിയ ഈ ആഴ്ചയിലെ ശബാബ് വീക്കിലി തുറക്കുമ്പോള്‍ തന്നെ ഒരു സോളിഡാരിറ്റി വിമര്‍ശനം കത്ത് എന്ന രൂപത്തില്‍ ഉള്‍പ്പെടുത്തിയത് എന്ന് സംശയിച്ചാല്‍ തെറ്റാവുകയില്ല. കാരണം അതില്‍ പറഞ്ഞ ആരോപണങ്ങള്‍ വല്ലാതെ പഴകിപ്പുളിച്ചതാണ്.

സോളിഡാരിറ്റി വായിച്ചിട്ടുണ്ടോ ഇസ്ലാമിലെ ഇബാദത്ത് ?. എന്ന ചോദ്യത്തിന് കീഴെയാണ് കത്തുകാരന്‍ എഴുതുന്നത്. സോളിഡാരിറ്റിക്ക് ഇസ്ലാമിലെ ഇബാദത്തിനെയും തൌഹീദിനെയും കുറിച്ച് നല്ല കാഴ്ചപ്പാടുള്ളത് കൊണ്ടുതന്നെയാണ് അത് പാരിസ്ഥിതിക പ്രശ്നങ്ങളിലും ജനകീയ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടുവരുന്നത് എന്ന് അതിന്റെ നേതാക്കള്‍ പലപ്പോഴും പറയാറുളളതാണ്. കമ്മ്യൂണിസ്റ്റ് കാര്‍ക്ക് ദൈവനിഷേധപരമായ അടിത്തറയില്‍നിന്നും തത്വശാസ്ത്രത്തില്‍നിന്നും ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാമെങ്കില്‍ ഏകദൈവത്വത്തിലധിഷ്ഠിതമായ ഒരു തത്വശാസ്ത്രത്തിന്റെ അടിത്തറയില്‍ നിന്ന് കേരളത്തിലെ ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നത് കൂടുതല്‍ സംഗതമാണ് എന്നാണ് സോളിഡാരിറ്റിയുടെ കാഴ്ചപ്പാട്. കേരളീയ ജനത മത-ദൈവവിരുദ്ധത അംഗീകരിക്കുന്നതിനേക്കാള്‍ മത-ദൈവ ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്നവരാണ്.

സോളിഡാരിറ്റി അതിന്റെ പിതൃത്വം ജമാഅത്തെ ഇസ്ലാമിയില്‍ തന്നെയാണ് പരിചയപ്പെടുത്തുന്നത് എന്നതിനാല്‍ ആദ്യഖണ്ഡികയില്‍ പ്രത്യേകിച്ച് ഒന്നും പുതുതായി ഇല്ല. എന്നാല്‍ കത്തുകാരന്‍ ഇതിവിടെ പറയുന്നത് സോളിഡാരിറ്റിയെക്കുറിച്ച് വിമര്‍ശിക്കാന്‍ കാര്യമായ വകുപ്പില്ലാത്തതിനാല്‍ ജമാഅത്തിനെ വിമര്‍ശിക്കാനുപയോഗിക്കുന്ന ഉരുപ്പടികള്‍ ഇവിടെ നിരത്തുന്നതിന് വേണ്ടിയാണ് എന്ന് വ്യക്തം. ശേഷമുള്ള ഖണ്ഡിക വായിച്ചാല്‍ അക്കാര്യം മനസ്സിലാകും.

ഇസ്ലാമിലെ ഇബാദത്ത് ആരാധനയില്‍ പരിമിതപ്പെടുത്തുന്ന പതിവ് ശൈലിയില്‍നിന്ന് ഇബാദത്തിന് ഇസ്ലാമിക പണ്ഡിതന്‍മാര്‍ ഇക്കാലമത്രയും നല്‍കിവന്ന സമ്പൂര്‍ണമായ വിവക്ഷ അംഗീകരിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. അതിന്റെ അടിത്തറയില്‍ തന്നെയാണ് സോളിഡാരിറ്റിയും പ്രവര്‍ത്തിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ആരാധനകളെ മാത്രമല്ല. മനുഷ്യന്‍ അഭിമുഖീകരിക്കാനുള്ള ഏത് മേഖലയെയും ഇസ്ലാമിക കാഴ്ചപ്പാടില്‍ നിന്ന് വിശകലനം ചെയ്യുവാന്‍ ജമാഅത്തെ ഇസ്ലാമി നിര്‍ബന്ധിതമാണ്. കുറേ കാര്യങ്ങളെ മതകാര്യങ്ങളും മറ്റു കുറേ കാര്യങ്ങള്‍ മതേതരവും ആയിക്കാണുന്ന ശൈലി ഒരു കാലത്തും ജമാഅത്തോ അതിന്‍റെ പോഷക സംഘടനകളോ സ്വീകരിക്കില്ല.

ഇബാദത്തിന് അനുസരണം എന്നര്‍ഥം വെച്ചതുകൊണ്ട് മറ്റാര് പറഞ്ഞാലും ഒന്നും അനുസരിക്കരുത് എന്ന് ജമാഅത്ത് ഇന്നോളം വാദിച്ചിട്ടില്ല. മാതാപിതാക്കളാകട്ടേ, ഗുരുനാഥന്‍മാരാകട്ടെ, നിയമപാലകരാകട്ടെ, ഭരണകൂടമാകട്ടേ ആരെ എങ്ങനെ അനുസരിക്കണം എന്ന് ഇസ്ലാമിന് ഒരു നിലപാടുണ്ട്. അതില്‍നിന്ന് തങ്ങള്‍ ഒഴിവാണ് എന്ന് ഒരു മുസ്ലിം സംഘടനക്കും പ്രഖ്യാപിക്കാനാവില്ല. അക്കാര്യത്തില്‍ ഇവിടെയുള്ള സമസ്തക്കാരും മുജാഹിദുകളും സ്വീകരിക്കുന്ന നിലപാടില്‍ കവിഞ്ഞ ഒന്നും ജമാഅത്തെ ഇസ്ലാമിക്കില്ല. വ്യത്യാസം എന്താണെന്ന് ചോദിച്ചാല്‍ ജമാഅത്തെ ഇസ്ലാമി ഇത്തരം കാര്യങ്ങളെ ഇസ്ലാമികമായി വ്യാഖ്യാനിച്ച് വ്യക്തമായ ഒരു ധാരണയിലെത്തിയ ശേഷം ചെയ്യുന്നുവെന്ന് മാത്രം. മറ്റുള്ളവര്‍ ചെയ്യുന്നത് ഒന്നുതന്നെയാണെങ്കിലും അതിനെയൊന്നും തങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെടുത്താതെ ഇതരെ തത്വശാസ്ത്രങ്ങളിലും മതങ്ങളിലും വിശ്വസിക്കുന്നവരെ പോലെ ചെയ്യുന്നു. അപ്പോള്‍ തന്നെ ഇസ്ലാം വിരദ്ധമായ കാര്യം ഭരണകൂടം കല്‍പിച്ചാല്‍ അത് അംഗീകരിക്കില്ലെന്നും അവര്‍ പറയുന്നു.

ജമാഅത്തെ ഇസ്ലാമിക്കില്ലാത്ത ഒരു വാദം ആദ്യം കെട്ടിയേല്‍പ്പിക്കുകയും. എന്നിട്ട് ജമാഅത്തും സോളിഡാരിറ്റിയും അതിനെതിരായി പ്രവര്‍ത്തിക്കുന്നുവെന്ന് വാദിക്കുകയും. അതിന് ശേഷം തങ്ങള്‍ വ്യാജമായി ഉണ്ടാക്കിയ വാദത്തിന് വേണ്ടിയാണ് സോളിഡാരിറ്റി രൂപീകരിക്കപ്പെട്ടത് തന്നെ എന്നവര്‍ കള്ളം പറയുകയും ചെയ്യുന്നു. സോളിഡാരിറ്റി എന്തി രൂപീകരിക്കപ്പെട്ടുവെന്ന്  പറയേണ്ടത് അതിന്റെ ഉത്തരവാദപ്പെട്ടവരാണ്. അവരുടെ ചെയ്തികളെ മറ്റുള്ളവര്‍ക്ക് അവര്‍ അവകാശപ്പെടുന്ന തത്വശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് ചോദ്യം ചെയ്യുന്നത് മനസ്സിലാക്കാം.

ഇത്തരം കാര്യത്തിലൊന്നും ഇസ്ലാമികമായി ചിന്തിക്കാത്തവരാണ്. ആചാര്യകാര്യങ്ങളില്‍ അടിസ്ഥാന പ്രമാണങ്ങള്‍ ആധാരമാക്കല്‍ അനിവാര്യമാണ് എന്ന കാര്യം ജമാഅത്തിനെ പഠിപ്പിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്ക് വ്യക്തമായ ഒരു ഭരണഘടനയുണ്ട്. അത് കറകളഞ്ഞ ഏകദൈവത്വത്തെയും സകലമാന വ്യക്തിപൂജയില്‍നിന്നും മുക്തമായ പ്രവാചകത്വത്തെയും വ്യക്തമാക്കുന്നതാണ്. അത് അംഗീകരിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍. അതല്ലാതെ ഏതെങ്കിലും പുസ്തകത്തിലെ ഉദ്ധരണികള്‍ സന്ദര്‍ഭം നോക്കാതെ എടുത്തുകൊണ്ട് ജമാഅത്തില്‍ വിശ്വാസ വൈകല്യമുള്ളവരുണ്ട് എന്ന് വാദിക്കുന്നത് അക്രമപരമാണ്. ജമാഅത്ത് ഭരണഘടന അംഗീകരിക്കുന്ന ആര്‍ക്കും ജമാഅത്തില്‍ അംഗത്വം നല്‍കും. അത് ആരാകട്ടേ.. അതുപോലെ തന്നെ ഏത് വ്യക്തിക്കും തങ്ങള്‍ക്ക് യോജിക്കുന്ന മേഖലയില്‍ ജമാഅത്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അത് അവസരം നല്‍കും. ജനകീയമായ ഒരു പ്രശനത്തില്‍ സോളിഡാരിറ്റിയോടോ ജമാഅത്തിനോടോ ആരെങ്കിലും സഹകരിക്കാന്‍ തയ്യാറായാല്‍ നിങ്ങള്‍ കലിമ ചൊല്ലിയിട്ട് വരൂ എന്നവരോട് ആവശ്യപ്പെടില്ല.

ഓരോ പ്രദേശത്തെയും ഭൂരിപക്ഷത്തോടൊപ്പം നില്‍ക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍ എന്ന വ്യഗ്യമായ ഒരു ആരോപണവും ഇതിലുണ്ട്. ജമാഅത്ത് ഏതെങ്കിലും ഫിഖ്ഹ് ചിന്താധാരയെ പിന്തുണക്കുന്നവരല്ല എന്നതിനാല്‍ അക്കാര്യത്തില്‍ ജമാഅത്ത് ഇസ്ലാം അനുവദിച്ച വിശാലത നല്‍കുന്നുവെന്നതാണ് സത്യം. ഹംബലി ചിന്താഗതി പുലര്‍ത്തുന്നവര്‍ക്കും ശാഫി, അബുഹനീഫ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവര്‍ക്കും ഇസ്ലാം എന്ന കാഴ്ചപ്പാടില്‍ ജമാഅത്തിലും അതിന്റെ പോഷക സംഘടനകളിലും പ്രവര്‍ത്തിക്കാം.

ശിര്‍ക്ക് രണ്ട് തരമുണ്ട് ഒന്ന് യാതൊരു വ്യാഖ്യനത്തിനും പഴുതില്ലാത്തവിധം തനിബഹുദൈവത്വത്തില്‍ വിശ്വസിക്കുന്നവരുടെ ശിര്‍ക്ക്. മറ്റൊന്ന് മുസ്ലിം സമൂഹത്തില്‍ കാലാന്തരങ്ങളിലായി അടിഞ്ഞുകൂടിയ ശിര്‍ക്കന്‍ വിശ്വാസങ്ങള്‍ . ഇവരെ രണ്ടിനെയും രണ്ടായി കണ്ട് കൈകാര്യം ചെയ്യുന്നതിലാണ് ജമാഅത്തും അതിന്റെ പോഷക ഘടകങ്ങളും വിശ്വസിക്കുന്നത്. ആദ്യത്തേത് യുക്തിപൂര്‍ണമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെയും രണ്ടാമത്തേത് സ്നേഹപൂര്‍ണമായു സംസ്കരണ പ്രവര്‍ത്തനങ്ങളിലൂടെയും യുക്തിസഹമായ സംവാദങ്ങളൂടെയും ബോദ്യപ്പെടുത്തേണ്ടതാണ്. അത് ജമാഅത്ത് ചെയ്തുകൊണ്ടിരിക്കുന്നു. അതല്ല തങ്ങള്‍ കരുതുന്ന വിധം അക്രമാസക്തമായ രൂപത്തില്‍ അതിനോട് എതിരിടണം എന്ന മുജാഹിദ് കാഴ്ചപ്പാട് അംഗീകരിക്കാന്‍ ജമാഅത്തിന് തല്‍കാലം നിര്‍വാഹമില്ല. അതിനെയാണ് മുജാഹിദുകാരന്‍ ശിര്‍ക്കിനെ ശാഖാപരമായി ജമാഅത്ത് കാണുന്നുവെന്ന് വിമര്‍ശിക്കുന്നത്.

അടുത്ത ഖണ്ഡിക കിനാലൂരിനെക്കുറിച്ചാണ്. ഇത്രയും പറഞ്ഞുവന്നതില്‍ സോളിഡാരിറ്റിയുമായി നേരിട്ട് ബന്ധപ്പെടുന്നത് ഈ ആരോപണം മാത്രമേ ഉള്ളൂ. സോളിഡാരിറ്റിയുടെ സമരമോ പിന്തുണയോ അന്ധമല്ല. വ്യക്തമായ തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. തങ്ങളെ ഉപദ്രവിച്ചു എന്നതോ സഹായിച്ചുവെന്നതോ ഒരു നിലപാടെടുക്കുന്ന കാര്യത്തില്‍ പരമപ്രധാനമായി ജമാഅത്തോ സോളിഡാരിറ്റിയോ കാണുന്നില്ല.


അവസാനത്തെ വരികള്‍ മുജാഹിദുകളുടെ പതിവു ശൈലി. ഒട്ടും പ്രതികരണം അര്‍ഹിക്കാത്തത്. അത് ഇതാണ്. ' ഉപരിപ്ലവമായ ചില സമരങ്ങള്‍ ഏറ്റെടുത്ത് തങ്ങളാണ് രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നത് എന്ന് വീമ്പുനടക്കുന്നവര്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെയാണ് സ്മരിപ്പിക്കുന്നത് എന്നല്ലാതെ എന്തുപറയാന്‍' (ശബാബ് വീക്കിലെ പുസ്തകം 36 ലക്കം 43 പേജ് 5) 

ഉപരിപ്ലവമായ സമരമല്ല. മനുഷ്യരെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളില്‍ തന്നെ മുജാഹിദ് പ്രസ്ഥാനം സമരം ചെയ്യാനായി മുന്നോട്ട് വരട്ടേ. സോളിഡാരിറ്റിയുടെയും ജമാഅത്തിന്റെയും എല്ലാ സഹകരണവും ഉണ്ടാവും എന്ന് ഒരു സാദാ പ്രവര്‍ത്തകനെന്ന നിലയില്‍ തന്നെ എനിക്ക് വിശ്വസിക്കാനാവും. 

വ്യാഴാഴ്‌ച, ഏപ്രിൽ 11, 2013

ജമാഅത്തുകാര്‍ക്ക് സൌദിയിലേക്ക് പോയിക്കൂടെ ?.

മുജാഹിദുകള്‍ക്കിടയിലെ പിളര്‍പ്പും വടംവലിയും പരസ്പരാക്ഷേപംചൊരിയലും പല മുജാഹിദ് സുഹൃത്തുക്കളെയും മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവെന്നത് ഒരു രഹസ്യമല്ല. സ്വഭാവികമായി അവരില്‍ പലരും ജമാഅത്തെ ഇസ്ലാമിയെയും അറിയാന്‍ ശ്രമിക്കുന്നു. തങ്ങള്‍ നിരന്തരമായി അതിനെതിരെ കേട്ട ആക്ഷേപത്തിലെ വസ്തുതകളെ വിശകലനവിധേയമാക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നു. പരസ്പരം പഴിചാരുകയും പോരാടികൊണ്ടിരിക്കുന്ന ഈ നേതാക്കളുടെ വാക്ക് കേട്ടാണല്ലോ തങ്ങള്‍ ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തെക്കുറിച്ചുള്ള ധാരണ രൂപീകരിച്ചിരിക്കുന്നത് എന്നവര്‍ തിരിച്ചറിയുന്നു. ഇയ്യിടെ ചില ജമാഅത്ത് സുഹൃത്തുക്കള്‍ക്ക്  മുജാഹിദ് സഹോദരങ്ങളില്‍ നിന്ന് അയച്ചുകിട്ടിയ ചോദ്യം അതാണ് വ്യക്തമാക്കുന്നത്. ചോദ്യം ഇതാണ്.

നിങ്ങൾ പറയുന്നു ഒരു മുസ്ലിം ഇസ്ലാമിക ഭരണം ഉള്ളയിടത്ത് മാത്രമേ ജീവിക്കാവൂ, എങ്കിൽ മാത്രമേ അവന്റെ ഈമാൻ പൂർണ്ണമാവൂ, അപ്പോൾ നിങ്ങൾ ആദ്യം ഇന്ത്യ വിട്ടു സൌദിയിൽ പോവുകയല്ലേ വേണ്ടത് ?

ഇസ്ലാമിക ഭരണത്തിന് കീഴിലെ ഒരു മുസ്ലിമിന് ജീവിക്കാവൂ എന്ന് നിങ്ങൾ പറയുന്നുണ്ടോ ?

സത്യത്തില്‍ ഈ ചോദ്യം മുജാഹിദുകളും അവരെ തുടര്‍ന്ന് മറ്റു വിഭാഗങ്ങളും നിരന്തരമായി ജമാഅത്തെ ഇസ്ലാമിയെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായി ഉത്ഭവിച്ച ഒരു സംശയമാണ്. ഇത്തരമൊരു വാദം ജമാഅത്ത് ഏതെങ്കിലും കാലത്ത് ഉന്നയിച്ചിരുന്നോ ?. ഉണ്ടെങ്കില്‍ ആരാണതുന്നയിച്ചത് ?. എന്തായിരുന്നു ആ വാദം ?. എന്നിങ്ങനെ ഈ വാദത്തിന് ഉപോദ്പലകമായ തെളിവുകളൊന്നും പൊതുവെ ഹാജറാക്കപ്പെടാറില്ല. ചിലപ്പോഴെങ്കിലും ഒരു തെളിവായി കൊണ്ട് വരാറുള്ളത് മൌദൂദി സാഹിബ് ഖുതുബാത്തില്‍ പറഞ്ഞ ഒരു ഉദ്ധരിയാണ്.  ഭരണമില്ലാത്ത ദീന്‍ ഭൂമിയില്‍ സ്ഥാപിതമാകാത്ത ഭവനം പോലെയാണ് എന്ന മൌദൂദി പറഞ്ഞുവെന്നും. അതിന്റെ അര്‍ഥം ഭരണമില്ലെങ്കില്‍ ദീനില്ല എന്നല്ലേ. അപ്പോള്‍ ഇസ്ലാമിക ഭരണമില്ലാത്തിടത്ത് ജീവിക്കുന്ന മുസ്ലിമിന്റെ ഈമാന്‍ പൂര്‍ണമല്ല എന്ന് മൌദൂദിയും ജമാഅത്ത് പ്രവര്‍ത്തകരും വിശ്വസിക്കുന്നുവെന്നും അല്ലേ ഇതിനര്‍ഥം എന്നാണ് അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചോദിക്കുന്നത്. ഇതേ വിഷയത്തില്‍ നേരത്തെ ഒരു പോസ്റ്റ് നല്‍കിയതിനാല്‍ അക്കാര്യം ഇവിടെ വിശദീകരിക്കുന്നില്ല.

ഞാനീ പ്രസ്ഥാനത്തെ പരിചയപ്പെട്ടിട്ട് കാല്‍നൂറ്റാണ്ടിലേറെയായി അതിനിടയില്‍  മുകളിലെ ചോദ്യത്തിന് സഹായകമായ ഒരു പ്രസ്താവനയോ, പ്രസംഗമോ, ലേഖനമോ, പുസ്തക ഉദ്ധരണിയോ ഞാനിതുവരെ കണ്ടിട്ടില്ല. ഇസ്ലാമിക ഭരണം ഉണ്ടാവട്ടേ ഇല്ലാതിരിക്കട്ടേ ഒരു മുസ്ലിമിന്റെ ഈമാനെ അത് ബാധിക്കുന്നില്ല എന്നാണ് ഇത്രയും കാലത്തിനിടക്ക് ജമാഅത്തെ ഇസ്ലാമിയില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. കടുത്തധിക്കാരിയായ ഫറോവയുടെ കീഴിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ പത്നിയെയാണ് അല്ലാഹു വിശ്വാസിനികള്‍ക്ക് മാതൃകയായി അവതരിപ്പിച്ചത് എന്നതു തന്നെ മതി ഇതിന് തെളിവായി. അല്ലെങ്കിലും ഈമാന്‍ എന്നത് ഒരാളുടെ മനസ്സുമായി ബന്ധപ്പെട്ടതാണ്. അതില്‍ അയാളുടെ നിയന്ത്രണത്തിലില്ലാത്ത ഒരു ബാഹ്യഘടകത്തിന് സ്വധീനം ചെലുത്താനാവും എന്ന് കരുതുന്നത് തന്നെ ശരിയല്ല.

മുജാഹിദ് സുഹൃത്തിന്റെ മേലെ നല്‍കിയ ചോദ്യത്തിലേക്ക് മടങ്ങാം. നിങ്ങള്‍ പറയുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഇവിടെ ചോദ്യം ഉന്നയിക്കുന്നത്. സത്യത്തില്‍ ജമാഅത്ത് പറയുന്നതായി ജമാഅത്ത് വിമര്‍ശകര്‍ ആരോപിക്കുകയാണിവിടെ. ജമാഅത്ത് പറയുന്നെങ്കില്‍ ആര് എവിടെ പറഞ്ഞുവെന്ന് അവര്‍ വ്യക്തമാക്കട്ടേ.. അപ്പോള്‍ അതേക്കുറിച്ച് സംസാരിക്കാം. അങ്ങനെ ഒരു വാദം ഇല്ലാത്തതിനാല്‍ ചോദ്യത്തിന് ഉത്തരം പറയേണ്ട ആവശ്യം ഇല്ല. എന്ന് വെച്ചാല്‍ ജമാഅത്തെ ഇസ്ലാമി ഒരു മുസ്ലിം ഇസ്ലാമിക ഭരണമുള്ളിടത്തേ ജീവിക്കാവൂ എന്ന് പറഞ്ഞിട്ടില്ല. അതിനാല്‍ തുടര്‍ന്ന് വരുന്ന ചോദ്യത്തിന് ഒട്ടും പ്രസക്തിയില്ല. ഒരു മാതൃകാ ഇസ്ലാമിക രാജ്യമായി ജമാഅത്തെ ഇസ്ലാമി സൌദി അറേബ്യയെ കാണുന്നുമില്ല.

ഈ ചോദ്യത്തിലും മുജാഹിദ് നിലപാടിലും ആക്ഷേപത്തിലും ഉള്ള വൈരുദ്ധ്യം പ്രകടമാണ്. പലപ്പോഴും തെറ്റായ വലിയ മുന്‍ധാരണകളാണ് ജമാഅത്ത് വിമര്‍ശകരെ നയിക്കുന്നത്. ആവശ്യമായ ഡാറ്റ് കളക്ട് ചെയ്യുന്നതിന് മുമ്പ് അവര്‍ തീരുമാനത്തിലും നിലപാടിലും എത്തുന്നു. സമസ്ത മുസ്ലിയാക്കന്‍മാരുടെ പ്രസംഗം കേട്ട് ഒരാള്‍ മുജാഹിദ് പ്രസ്ഥാനത്തെ വിലയിരുത്തുന്നത് പോലുള്ള ഒരു അന്തക്കേട് മുജാഹിദ് പ്രാസംഗികരുടെ പ്രസംഗം കേട്ട് ജമാഅത്തെ ഇസ്ലാമിയെ വിലയിരുത്തിയാലും സംഭവിക്കും എന്നത് സ്വഭാവികമാണല്ലോ. എങ്കിലും തങ്ങളുടെ നേതാക്കള്‍ സത്യമേ പറയൂ എന്ന ധാരണയില്‍ അവര്‍ പറയുന്നതിനപ്പുറം വിശ്വാസിക്കാതെ അണികള്‍ പിന്തുടരുന്നു. ആ വിശ്വാസത്തിന് ഉലച്ചില്‍ തട്ടിയപ്പോഴാണ്. ഇത്തരം മറുചിന്തകളും. ജമാത്തുകാരില്‍നിന്ന് തന്നെ കാര്യം അറിയണം എന്ന താല്‍പര്യവും ചിലരില്‍ അങ്കുരിക്കുന്നത്. ഇതിനെ പൂര്‍ണമായി സ്വാഗതം ചെയ്യുന്നു.

ഈ വിഷയത്തിലെ അവ്യക്തത നീക്കാന്‍ മുജാഹിദു സുഹൃത്തുക്കളെ ക്ഷണിക്കുകയും ചെയ്യുന്നു..

ചൊവ്വാഴ്ച, ഏപ്രിൽ 09, 2013

മുജീബ് കിനാലൂരും ജമാഅത്ത് ലഘുലേഖയും

മുജീബ് റഹ്മാന്‍ കിനാലൂര്‍ ആദരണീയമായ വ്യക്തിത്വമാണ്. വിഭാഗീയതയുടെയോ സങ്കുചിതത്വത്തിന്റെയോ വാക്കുകള്‍ അദ്ദേഹത്തിന്റേതായി കേള്‍ക്കാറില്ല. ജമാഅത്ത് അടക്കമുള്ള സംഘടനകളോട് തുറന്ന സമീപനം പുലര്‍ത്തുകയും അവരുടെ നന്മയില്‍ സഹകരിക്കാനുള്ള സന്നദ്ധത തുറന്ന് തന്നെ പ്രകടിപ്പിക്കുന്നതും അദ്ദേഹത്തില്‍നിന്ന് നേരിട്ട് തന്നെ കേട്ടിട്ടുമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റേതായി വന്ന ഒരു പത്ര റിപ്പോര്‍ട്ട് കൂടുതല്‍ ശ്രദ്ധിച്ചത്. അദ്ദേഹം ദോഹയില്‍ വെച്ച് മിഡില്‍ ഇസ്റ്റ്  ചന്ദ്രിക നടത്തിയ ആ അഭിമുഖം ഇവിടെ വായിക്കാം.

അദ്ദേഹത്തിന്റെ അഭിമുഖത്തില്‍നിന്ന് ...


ദോഹ: കേരളത്തിലെ മതസംഘടനകള്‍ പരസ്പരം നടത്തുന്ന അനാവശ്യമായ കലഹങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇത്തരം അനാരോഗ്യ സംവാദങ്ങള്‍ പൊതുസമൂഹത്തില്‍ ഇസ്‌ലാമിന്റെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും ഐ.എസ്.എം മുന്‍ സംസ്ഥാന പ്രസിഡണ്ടും എഴുത്തുകാരനുമായ മുജീബ്‌റഹ്മാന്‍ കിനാലൂര്‍. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ അദ്ദേഹം മിഡില്‍ ഈസ്റ്റ് ചന്ദ്രികയുമായി സംസാരിക്കുകയായിരുന്നു. ഇസ്‌ലാമിന്റെ ആന്തരിക ശക്തി എന്നത് സാഹോദര്യമാണ്.

മാനവിക ഐക്യം ഊട്ടിയുറപ്പിക്കാനും എല്ലാ മതങ്ങള്‍ക്കും കൈകോര്‍ക്കാവുന്ന സത്യം, സഹിഷ്ണുത, നീതി എന്നീ ഗുണങ്ങള്‍ പ്രചരിപ്പിക്കാനും ലോകത്ത് മുസ്‌ലിംകള്‍ മുന്‍കൈയെടുക്കുമ്പോള്‍ കേരളത്തിലെ ഇസ്‌ലാമിക സംഘടനകള്‍ നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം വിഴുപ്പലക്കുന്നത് ശരിയല്ല. റാബിത്തത്തുല്‍ ആലമീന്‍ ഇസ്‌ലാമി (മുസ്‌ലിം വേള്‍ഡ് ലീഗ്) പോലുള്ള സംഘടനകള്‍ ഇസ്‌ലാമിക സാഹോദര്യത്തിന്റെ മഹത്വം മറ്റു മതങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാനവികതയെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചുമുള്ള പ്രസംഗങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടാനും ഈ ഗുണങ്ങള്‍ സ്വയം റദ്ദാക്കാനും മാത്രമാണ് ആരോഗ്യകരമല്ലാത്ത സംഘടനാ വൈരങ്ങള്‍ സഹായിക്കുക. ഇസ്‌ലാമിന്റെ ഐക്യത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും മറ്റു സമൂഹങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ഇസ്‌ലാമിനകത്ത് മിനിമം ഐക്യം ഉറപ്പുവരുത്താന്‍ സംഘടനകള്‍ ശ്രമിക്കണം. -അദ്ദേഹം വിശദീകരിച്ചു.

കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയെല്ലാം രൂപീകരണത്തില്‍ അടിസ്ഥാന ലക്ഷ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. ഇത് നിലനിര്‍ത്തിക്കൊണ്ടുതന്നെ യോജിക്കാവുന്ന മേഖലകളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. മദ്യം, മയക്കുമരുന്ന്, സ്ത്രീധനം തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ക്കെതിരെ ഒന്നിച്ച് പോരാടണം. മുസ്‌ലിം ശാക്തീകരണത്തിനും സമുദായത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിക്കാനാവണം. -കിനാലൂര്‍ പറഞ്ഞു. സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകളില്‍ പുതിയ കാലത്തെ ചെറുപ്പക്കാര്‍ക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തിലെ വിശ്വാസപരവും കര്‍മ്മശാസ്ത്രപരവുമായ അഭിപ്രായഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ബാഫഖി തങ്ങളും കെ.എം മൗലവിയും സമുദായത്തിനു വേണ്ടി ഒന്നിച്ചു നിന്നത്. എന്നാല്‍ ആദര്‍ശത്തിന്റെ ലക്ഷണം വിഭാഗീയതയിലെ തീവ്രതയാണെന്ന ധാരണ ഈയടുത്ത കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. വിജ്ഞാനവും ലാളിത്യവുമാണ് പാണ്ഡിത്യത്തിന്റെ അടയാളമെന്ന ധാരണകളെ തിരുത്തുന്ന രീതിയിലാണ് പുതിയ കാലത്തെ മതപ്രഭാഷണങ്ങള്‍. നാവിന്റെ ബലം നോക്കിയാണ് ഇപ്പോള്‍ പലരും പാണ്ഡിത്യത്തെ അളക്കുന്നത്. തീവ്രമായി പ്രസംഗിക്കുകയും വാക്കുകള്‍ കൊണ്ട് ബഹളമുണ്ടാക്കുകയും ചെയ്യുന്നവരിലേക്കാണ് ജനക്കൂട്ടം ആകര്‍ഷിക്കപ്പെടുന്നത്. ചാനലുകളില്‍ ക്രൈമും കോമഡിയും അനിവാര്യതയായി മാറിയ പോലെയാണിത്. ഇതിനെ തിരുത്തേണ്ടവര്‍ തന്നെ ഇതിന്റെ വക്താക്കളാവുന്നത് അബദ്ധമാണ്.- കിനാലൂര്‍ പറഞ്ഞു.

വര്‍ഗ്ഗീയതയിലേക്ക് ഉള്‍വലിയുന്ന സമൂഹത്തിന് സഹകരണത്തിന്റെ വിശാലമായ തലം ബോധ്യപ്പെടുത്തേണ്ട മതസംഘടനകള്‍ നിസ്സാരമായ വാദപ്രതിവാദങ്ങളിലേക്ക് സമുദായത്തെ ചുരുക്കുന്നത് ശരിയല്ല. കേരളത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗ്ഗീയധ്രുവീകരണത്തിന് ഫേസ്ബുക്ക് ഉള്‍പ്പെടെ കാരണമാകുന്നതായി പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുസ്‌ലിംലീഗും വ്യവസ്ഥാപിത മതസംഘടനകളുമാണ് കേരളത്തിന് മതമൈത്രിയുടെ പാരമ്പര്യം ഉണ്ടാക്കിയത്. ഈ പാരമ്പര്യം നഷ്ടമാകുന്നതോടെ സമൂഹത്തില്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന മേല്‍ക്കോയ്മയും പരിഗണനയും ഇല്ലാതാകും. -കിനാലൂര്‍ വ്യക്തമാക്കി.

ബഹുസ്വര സമൂഹത്തില്‍ പാലിക്കേണ്ട മര്യാദകള്‍ മതസംഘടനകള്‍ മറന്നുപോകാന്‍ പാടില്ല. വിപ്ലവാനന്തര ഈജിപ്തിലും ടുണീഷ്യയിലുമൊക്കെയുള്ള ജനങ്ങള്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമായിട്ടും ബഹുസ്വര രാഷ്ട്ര ഘടനയെയും ന്യൂനപക്ഷങ്ങളെയും അംഗീകരിച്ചുകൊണ്ടുള്ള ഭരണത്തിനു വേണ്ടിയാണ് മുറവിളി കൂട്ടുന്നത്. ഏകാധിപത്യത്തില്‍നിന്നുള്ള പാഠങ്ങളാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. ലോകം ഈ വിധത്തില്‍ മാറിക്കൊണ്ടിരിക്കുമ്പോഴാണ് ബഹുസ്വര സമൂഹത്തിലെ സഹകരണത്തിന്റെ സാധ്യതകളെ തകര്‍ക്കാന്‍ കേരളത്തിലെ വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത്. - അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യത്തെയും വിദ്യാസമ്പന്നരായ ചെറുപ്പക്കാരില്‍ ഉണര്‍വ്വുണ്ടായ കാലമായിരുന്നു എണ്‍പതുകളും തൊണ്ണൂറുകളും. മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കണമെന്ന ചിന്ത ഇവരിലുണ്ടായി. മനുഷ്യരാശിയുടെ വെല്ലുവിളികളെക്കുറിച്ച് ഇവര്‍ ചര്‍ച്ച ചെയ്തു തുടങ്ങി.

ഒരു നവോത്ഥാന സംഘടനയെന്ന നിലയില്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ പരിസ്ഥിതിയും മണ്ണിന്റെ നിലനില്‍പ്പും രാഷ്ട്രീയവുമെല്ലാം ചര്‍ച്ചയായത് ഇതിന്റെ ഭാഗമായിരുന്നു. നവോത്ഥാനമെന്നത് മനുഷ്യന്റെ സമഗ്രമായ ഗുണത്തെ ലക്ഷ്യം വെക്കുന്നത് കൂടിയാവണമെന്ന വാദമാണ് മുജാഹിദിലെ ഒന്നാം പിളര്‍പ്പിന് കാരണമായത്. ദൃശ്യമായ കാര്യങ്ങളെക്കുറിച്ചായിരുന്നു നേരത്തെയുണ്ടായ അഭിപ്രായ ഭിന്നതകളെങ്കില്‍ അദ്യശ്യമായ കാര്യങ്ങളിലൂന്നിയാണ് ഇപ്പോള്‍ തമ്മിലടിക്കുന്നത്. സ്വയം നവീകരിക്കാതെ ഒരു പ്രസ്ഥാനത്തിനും സമൂഹത്തെ നവീകരിക്കാനാവില്ല എന്ന സത്യം എല്ലാവരും മനസ്സിലാക്കണം.- മുജീബ് റഹ്മാന്‍ കിനാലൂര്‍ പറഞ്ഞു. പുതിയ തലമുറയിലെ യുവാക്കള്‍ സാമ്പ്രദായിക നേതൃത്വത്തിന്റെ സങ്കുചിത ചിന്തകളെ മറികടക്കാന്‍ ശ്രമിക്കുന്നവരാണെന്നും അദ്ദേഹം.

***********************

അദ്ദേഹത്തിന്റെ സംസാരത്തിലൂടെ കടന്നുപോയപ്പോള്‍ മുജാഹിദ് മടവൂര്‍ വിഭാഗം ശബാബില്‍ നിരന്തരമായി വിഷയമാക്കിക്കൊണ്ടിരിക്കുന്ന ജമാഅത്ത് ലഘുലേഖയിലും ഇതുതന്നെയല്ലേ പറയുന്നത് എന്ന് ഓര്‍ത്തു പോയി. ഇസ്ലാമിക നവോത്ഥാനം രണ്ടാംഘട്ടത്തിനൊരു മുഖവുര എന്ന ലഘു കൃതിയില്‍ ഇങ്ങനെ കാണാം.

'നവോത്ഥാനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് നാമിപ്പോള്‍ . മുന്‍ഗാമികള്‍ നട്ടുനനച്ച നവോത്ഥാന സംരംഭങ്ങളെ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് നയിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങളും വികാസങ്ങളും നമ്മുടെ കാഴ്ചപ്പാടുകളിലും പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണം. ഇടക്കാലത്തു വന്നുചേര്‍ന്ന അപഭ്രംശങ്ങളെക്കുറിച്ച് എല്ലാവരും ആത്മപരിശോധന നടത്തണം. നവോത്ഥാനനന്മകളെ നഷിപ്പിക്കാന്‍ പോന്ന രോഗാണുക്കള്‍ അടുത്തകാലത്തായി ചില സംഘടനകളില്‍ പ്രത്യക്ഷമായിരിക്കുന്നു. അപഭ്രംശത്തിന്റെ അണുബാധ ഏതെങ്കിലും ഒരു പ്രസ്ഥാനത്തെ മാത്രം ബാധിക്കുന്ന കേവല സംഘടനാ പ്രശ്നമല്ല.  മുസ്ലിം സമുദായത്തെ തന്നെയാണ് ഇക്കൂട്ടര്‍ അപമാനിക്കുന്നത്. മനുഷ്യരേക്കാള്‍ കൂടുതല്‍ ജിന്നുകളെക്കുറിച്ചും ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതല്‍ മരിച്ചവരെക്കുറിച്ചും ചിന്തിക്കുന്നവര്‍ക്ക് സമൂഹനന്മക്കൊന്നും നല്‍കാനില്ല. ആടിയും പാടിയും ആത്മീയത വര്‍ധിപ്പിക്കാനിറങ്ങിയവരും ഇസ്ലാമിനെ കൊച്ചാക്കുകയാണ്. നവോത്ഥാനത്തിന്റെ ചക്രം പിറകോട്ട് തിരിക്കുന്ന പണിയാണ് ഇവര്‍ എടുക്കുന്നത്. പ്രസംഗിച്ച് പ്രസംഗിച്ച് സ്വയം പ്രസ്ഥാനങ്ങളാകുന്നവരെയും സൂക്ഷിക്കണം. ' (Page 5,6)

തുടര്‍ന്ന് ലഘുലേഖ പ്രതിരോധമെന്ന പേരില്‍ ചിലര്‍ ചെയ്തുകൊണ്ടിരിക്കുന്ന അവിവേകങ്ങളെ പരാമര്‍ശിക്കുന്നു. വര്‍ഗീയതക്ക് പകരം പ്രതിവര്‍ഗീയത, ഭീകരതക്ക് പകരം പ്രതിഭീകരതയല്ലെന്നും ഇസ്ലാം ആദിമധ്യാന്തം മനുഷ്യസ്നേഹമാണ് എന്നും നമ്മുടെ വഴികള്‍ സുതാര്യമായിരിക്കണമെന്നും ഉണര്‍ത്തുന്നു.

'പരസ്പരം പടവെട്ടുന്ന ശൈലി മുസ്ലിം സംഘടനകള്‍ പാടെ വര്‍ജിക്കണം. മത്സരം ആവാം. പക്ഷെ അതാരെയും തോല്‍പ്പിക്കാനായിരിക്കരുത്. സ്വയം മുന്നോട്ട് കുതിക്കാനായിരിക്കണം. പാദവും പ്രതിവാദവും പുതിയ കാലത്തിന്റെ ആവശ്യമല്ല. കാണാനും കേള്‍ക്കാനും സുഖമില്ലാത്ത വര്‍ത്തമാനങ്ങളും പ്രവര്‍ത്തനങ്ങളും സംഘടനകള്‍ പാടി ഉപേക്ഷിക്കണം. അടിസ്ഥാനങ്ങളില്‍ ഏകതയും വിശദാംശങ്ങളില്‍ വൈവിധ്യവും ഈ സമുദായത്തിന്റെ സവിശേഷതയാണ്. അനുഗൃഹീതമായ വൈവിധ്യങ്ങളെ ആരും കൃത്രിമമായി ഏകീകരിക്കാന്‍ ശ്രമിക്കരുത്. അഭിപ്രായവ്യത്യാസങ്ങളെ പരസ്പരം മാനിക്കണം ശാഖാപരമായ കാര്യങ്ങളില്‍ തര്‍ക്കിച്ച് സമുദായത്തെ വട്ടം കറക്കരുത്.' (Page 6,7)

'സംഘടനകള്‍ മറക്കാന്‍ പാടില്ലാത്ത ഒരു സത്യമുണ്ട് - ഒരു സംഘടനക്ക് മാത്രമായി എല്ലാ കാര്യങ്ങളും ചെയ്തുതീര്‍ക്കാനാവില്ല. എല്ലാ സംഘടനകള്‍ക്കും കൂടി ചെയ്യാന്‍ മാത്രം വലുതാണ് മുസ്ലിം സമുദായത്തിന്റെ ഉത്തരവാദിത്തങ്ങള്‍ . ആയതിനാല്‍ സംഘടനകള്‍ക്കിടയില്‍ കൂടിയാലോചനകളും ആസൂത്രണവും സഹകരിച്ചുള്ള പ്രവര്‍ത്തനവും ആവശ്യമാണ്. ഈജിപ്തില്‍ ഇസ്ലാമിസ്റ്റുകളും സലഫികളും ഒന്നിച്ച് ഭരിക്കുന്നു. ലബനാനില്‍ ശിയാക്കളും സുന്നികളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. വെള്ളം കടക്കാത്ത കമ്പാര്‍ട്ടുമെന്റ് പ്രവര്‍ത്തനങ്ങളുടെ കാലം കഴിഞ്ഞത് കേരളത്തിലെ സംഘനടകള്‍ തിരിച്ചറിയണം. ഈ തിരിച്ചറിവ് സംഘടനകളുടെ പ്രവര്‍ത്തന ശൈലിയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കണം. ' (Page 7)

'സംഘടനകള്‍ വേണം. സംഘടനകളാണ് മേല്‍പറഞ്ഞ (നേരത്തെ ലഘുകൃതിയില്‍ പറഞ്ഞ കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്- ബ്ലോഗര്‍ ) നേട്ടങ്ങളത്രയും ഉണ്ടാക്കിയെടുത്തത്. എല്ലാ സംഘടനകളെയും ഒന്നിച്ച് ഒരു നേതൃത്വത്തിന് കീഴില്‍ കൊണ്ടുവരാന്‍ ഇപ്പോള്‍ കഴിയില്ലെങ്കിലും സംഘടനകളുടെ ഒരു ഏകോപന സമിതി സാധ്യമാകേണ്ടതാണ്. നടേ പറഞ്ഞ തരത്തിലുള്ള കൂടിയാലോചനകള്‍ക്കും ആസൂത്രണങ്ങള്‍ക്കും ഇത് ഉപകരിക്കും. സംഘടനാ പക്ഷപാതിത്വം കുറച്ചുകൊണ്ട് വരാനും പ്രവര്‍ത്തനരംഗത്തെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും ഇതുവഴിസാധിക്കും.' (Page 7)

തുടര്‍ന്ന് ലഘുലേഖ പറയുന്നത് ഇസ്ലാമിന്റെ തന്നെ വിശാലമായ അജണ്ടയെക്കുറിച്ചണ്. മുസ്ലിംകള്‍ ഒരുമിച്ചുകൂടുന്നത് അവര്‍ക്ക് വേണ്ടി മാത്രമല്ല. മുസ്ലികളല്ലാത്തവര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കണം. അവിടെ നിന്നും വിട്ട് ജന്തുജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കും മണ്ണിനും വിണ്ണിനും കാടിനും കടലിനും കിട്ടണം. പാരിസ്ഥിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇസ്ലാമിനെ പ്രയോജനപ്പെടുത്തണം. ശീര്‍ഷാസനം ചെയ്യുന്ന ഇന്നത്തെ നാഗരീകതയെ നേരെ നിര്‍ത്താനും ഇസ്ലാമിന്റെ സഹായം ലോകത്തിന് ആവശ്യമുണ്ട്.

ഒരുര്‍ഥത്തില്‍ ഇതുതന്നെയാണ് മുജീബ് റഹ്മാന്‍ കിനാലൂരും അടിവരയിടുന്നത്. എനിക്ക് ചോദിക്കാനുള്ളത് ഇതേ രണ്ട് ചിന്തകള്‍ പുലര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദ് മടവൂര്‍ വിഭാഗത്തിനും ഈ രംഗത്ത് ഒരു മാതൃക കാണിച്ചൂകൂടെ എന്നാണ്. ഇതിന് ആദ്യം വേണ്ടത് മടവൂര്‍ വിഭാഗം അടിസ്ഥാനരഹിതമായ ചില ആശങ്കകളെ ഒഴിവാക്കുകയാണ്. അതൊരു പക്ഷെ സമസ്ത സുന്നികളെ പോലെ ഒരുമിച്ചാല്‍ അതിന്റെ വലിയ ദോശം തങ്ങള്‍ക്കാകും എന്നഭമയാകാം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും... എന്തായാലും അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവര്‍ക്ക് ഗുണം ചെയ്യുകയില്ല എന്നവര്‍ തങ്ങളുടെ മാതൃപ്രസ്ഥാനത്തിന് സംഭവിച്ച ദുര്യോഗത്തില്‍നിന്ന് മനസ്സിലാക്കണം.

തിങ്കളാഴ്‌ച, ഏപ്രിൽ 08, 2013

ശ്മശാനവിപ്ലവവും ശബാബ് വീക്കിലിയും

എന്തുവന്നാലും മുസ്ലിം നവോത്ഥാനത്തിന്‍റെ പേറ്റന്റ് മുജാഹിദുകളില്‍ ഒരു വിഭാഗവും വിട്ടുകൊടുക്കുന്ന പ്രശ്നമില്ല. തങ്ങളാണ് യഥാര്‍ഥ നവോത്ഥാനത്തിന്‍റെ ആളുകളെന്ന് ഓരോരുത്തരും അവകാശവാദം ഉന്നയിക്കുന്നതിനിടയിലാണ്. ജമാഅത്തെ ഇസ്ലാമി "ഇസ്ലാമിക നവോത്ഥാനം രണ്ടാം ഘട്ടത്തിനൊരു മുഖവുര" എന്ന ഒരു ലഘു കൃതി പ്രസിദ്ധീകരിച്ച് വ്യാപകമായി ജനങ്ങളുടെ കൈകളിലെത്തിച്ചത്. എല്ലാ സംഘടനകളുടെയും അസ്തിത്വത്തെ അംഗീകരിച്ചുകൊണ്ടും മുസ്ലിം നവോത്ഥാനത്തിന് അവരോരുത്തരും ചെയ്ത പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞുകൊണ്ടും മുസ്ലിംകള്‍ പൊതുകാര്യത്തിലെങ്കിലും ഐക്യപ്പെടേണ്ടതിന്റെ പ്രാധാന്യം ലഘുലേഖ ഊന്നിപ്പറയുന്നു. പക്ഷെ ഈ ലഘുലേഖ വന്നതോടുകൂടി വല്ലാതെ അങ്കലാപ്പിലായ ഒരു വിഭാഗമുണ്ട് അവരാണ് മുജാഹിദ് മടവൂര്‍ വിഭാഗം.

മുസ്ലിം നവോത്ഥാനത്തിന്റെ ഏക കാരണക്കാര്‍ മുജാഹിദ് പ്രസ്ഥാനമാണെന്നും അതില്‍ തന്നെ തങ്ങളാണ് ശരിയായ മുജാഹിദ് പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത് എന്നും സ്ഥാപിക്കുകയാണ്  തുടര്‍ന്ന് അവര്‍ ജനങ്ങളെ ധരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.

ജമാഅത്ത് ലഘുലേഖ പറയുന്നത് ഇങ്ങനെ: " ജമാഅത്തെ ഇസ്ലാമിയും നദ് വത്തുല്‍ മുജാഹിദീനുമാണ് കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ മുന്നില്‍ നടന്ന പ്രസ്ഥാനങ്ങള്‍ . ഇസ്ലാമിന്റെ സമഗ്രതയും സമ്പുര്‍ണതയും പുനസ്ഥാപിക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമിയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിര്‍മാര്‍ജനം ചെയ്യുന്നതില്‍ നദ് വത്തുല്‍ മുജാഹിദീനും വഹിച്ച പങ്ക് ചരിത്രത്തില്‍ രേഖപ്പെട്ടതാണ്. അകത്തുനിന്നും പുറത്ത് നിന്നുമുള്ള മാലിന്യങ്ങളില്‍നിന്ന് മുസ്ലിം സമുദായത്തെ ശുദ്ധീകരിക്കുന്നതില്‍ ഈ സംഘടനകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. രാഷ്ട്രീയ രംഗത്ത് മുസ്ലിം ലീഗിന്‍റെ സാന്നിദ്ധ്യവും വിദ്യാഭ്യാസ രംഗത്തെ എം.ഇ.എസ്സിന്റെ പ്രവര്‍ത്തനങ്ങളും നവോത്ഥാന പ്രവര്‍ത്തനങ്ങളെ പുഷ്ടിപ്പെടുത്തി. സമസ്ത നവോത്ഥാന രംഗത്തേക്ക് അല്‍പം വൈകിയാണ് കടന്നുവന്നതെങ്കിലും ആള്‍ബലം കൊണ്ടും വ്യാപകമായ സാന്നിദ്ധ്യം കൊണ്ടും അവര്‍ തുടക്കത്തിലെ കുറവ് പരിഹരിച്ചിരിക്കുന്നു. പഴയ സമസ്തയല്ല ഇന്നുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. ഇസ്ലാമികവും കാലോചിതവുമായ മാറ്റങ്ങള്‍ക്ക് സമസ്ത സന്നദ്ധമായിട്ടുണ്ട്. ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമയും നവോത്ഥാനത്തിന്റെ പാതയിലാണ്. എല്ലാ സംഘടനകളും അവരുടെതായ രീതിയില്‍ ഇസ്ലാമിക പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുകയാണ്. ...."  ലഘുലേഖ ഇങ്ങനെ പോകുന്നു.

തുടര്‍ന്ന് ഇന്ന് മുസ്ലിം സംഘടനകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പിളര്‍പ്പുകള്‍ അതത് പ്രസ്ഥാനങ്ങളെ മാത്രം ബാധിക്കുന്നതല്ല എന്നും മുസ്ലിം സമുദായത്തെ മൊത്തത്തില്‍ തന്നെയാണവ ബാധിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു. നവോത്ഥാനത്തിന്റെ ചക്രം പിറകോട്ട് തിരിക്കുന്ന പണിയാണ് അവര്‍ എടുക്കുന്നതെന്ന് പ്രത്യേകം ഉണര്‍ത്തുന്നു. ഇത് എല്ലാവരും അംഗീകരിക്കുന്ന ഒരു പരമസത്യമല്ലേ ?. ഇതില്‍ ഏതെങ്കിലും സംഘടന കെറുവിക്കേണ്ടതുണ്ടോ?. തുടര്‍ന്ന് നവോത്ഥാനത്തിന്റെ രണ്ടാഘട്ടത്തിലേക്ക് കടക്കണമെങ്കില്‍ ഒരോ സംഘടനയും തങ്ങളുടെ അജണ്ട വികസിപ്പിക്കണമെന്നും കേവലമതമോ സമുദായമോ അല്ലെ അവരെന്നും ഒത്തൊരുമയോടെ ഇസ്ലാമിന്റെ വാഹകരായി ഇസ്ലാം ആവശ്യപ്പെടുന്ന എല്ലാ മാറ്റങ്ങള്‍ക്കും അവര്‍ സന്നദ്ധരാകേണ്ടതുണ്ട് അവരെന്നും ഉണര്‍ത്തുന്നു. നാട്ടിലെ മുജാഹിദുകളെല്ലാം തുറന്ന മനസ്സോടെയാണ് ഇത് കൈപറ്റിയത്. എവിടെവെച്ചാണ് ചിലര്‍ ഇതില്‍ അപകടം മണത്തതെന്ന് മനസ്സിലാകുന്നില്ല. ലഘുലേഖയുടെ ആവസാനം പറയുന്ന കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ പിന്നെ ജമാഅത്തെ ഇസ്ലാമിക്കും നമ്മള്‍ക്കുമിടിയില്‍ പിന്നെ വിയോജിപ്പുകള്‍ ഉണ്ടാവില്ല എന്ന പേടികൊണ്ടാണോ ?.

പുതിയ ശബാബ് ജമാഅത്തിന്റെ നിലപാടിനെ കൈകാര്യം ചെയ്യുന്നത് കാണുക. മുജാഹിദുകളുടെ ഇത്തരം എഡിറ്റോറിയലിന്റെ പിന്നിലുള്ള പ്രകോപനം മുജാഹിദ് വിഭജനത്തെക്കുറിച്ച് മാധ്യമം എഴുതിയ എഡിറ്റോറിയലാണ് എന്ന് സൂചനയുണ്ട്. ശബാബിന്റെ പരാതി ഇതത്രേ..
പ്രസ്ഥാനത്തിലെ പിളര്‍പ്പുകള്‍ ഇന്ന്‌ സജീവ ചര്‍ച്ചയാണ്‌. യാഥാസ്ഥിതിക വിഭാഗത്തിന്റെ ഒരു ഡസന്‍ പ്രസിദ്ധീകരണങ്ങള്‍ ഈ പ്രതിസന്ധി ആഘോഷിക്കുന്നു. സമകാലിക മലയാളം വാരിക പോലുള്ള പൊതു മീഡിയ പ്രശ്‌നം വിലയിരുത്തുന്നു. പച്ചക്കുതിര പോലുള്ള ചില പ്രസിദ്ധീകരണങ്ങള്‍ ഈ `ദുര്‍ബലവേള'യില്‍ നവോത്ഥാനത്തെ തന്നെ പ്രതിലോമപരമെന്ന്‌ വിശേഷിപ്പിച്ചുകൊണ്ട്‌ യാഥാസ്ഥിതികത്വത്തിന്‌ ഊര്‍ജം പകരുന്നു. അനുതാപവും ഉപദേശവുമായി മാധ്യമം ദിനപത്രം എഡിറ്റോറിയല്‍ തന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നു (29-03-13). നാട്ടിലുള്ള ഒരു പ്രധാന സംഭവത്തോട്‌ സ്വാഭാവികമായി പ്രതികരിക്കുന്നത്‌ പത്ര ധര്‍മമാണെങ്കിലും പത്തുവര്‍ഷം മുമ്പ്‌ പറയേണ്ടത്‌ ഇപ്പോഴെങ്കിലും പറഞ്ഞതിന്‌ മാധ്യമത്തിന്‌ നന്ദിപറയുന്നു. അതേസമയം, മാധ്യമവും പ്രബോധനവും പ്രതിനിധീകരിക്കുന്ന മതരാഷ്‌ട്രവാദ സമൂഹത്തോട്‌ വിനീതമായി ചില കാര്യങ്ങള്‍ ഉണര്‍ത്താനുണ്ട്‌.

ജീവിച്ചിരിക്കുന്ന കാലത്ത്‌ ഒരു നന്ദിവാക്കു പോലും പറയാത്തവരും ചരമക്കുറിപ്പില്‍ നന്മകള്‍ എണ്ണിയെണ്ണി പറയുമല്ലോ. ഇസ്‌ലാഹി പ്രവര്‍ത്തനം കേവലം ശ്‌മശാന വിപ്ലവമെന്ന്‌ ആക്ഷേപിച്ച്‌ കൊച്ചാക്കിയ ചരിത്രം മാത്രമുള്ളവര്‍, കേരള മുസ്‌ലിം സമുദായ രൂപവത്‌കരണത്തിലും പരിഷ്‌കരണത്തിലും മുജാഹിദ്‌ പ്രസ്ഥാനത്തിനുള്ള പങ്ക്‌ ഏറ്റവും കടുത്ത എതിരാളികള്‍ക്ക്‌ പോലും നിഷേധിക്കാനാവാത്തതാണ്‌, എന്ന്‌ എഡിറ്റോറിയല്‍ എഴുതിയതിന്‌ കൃതജ്ഞത രേഖപ്പെടുത്തട്ടെ. പക്ഷേ, ഇസ്‌ലാഹീ പ്രസ്ഥാനം മരിച്ചിട്ടില്ല. ഒരു പോറലുമേല്‍ക്കാതെ നിലനില്‍ക്കുന്നു. പൂര്‍വാധികം ഊര്‍ജസ്വലമായി തിരിച്ചുവരും. തീര്‍ച്ച. (ഇ.അ). മാധ്യമം എഡിറ്റോറിയലിന്റെ അവസാനവാക്യം ഇങ്ങനെയാണ്‌:
``ദീര്‍ഘവീക്ഷണമോ ദാര്‍ശനിക ഔന്നത്യമോ കാണിക്കാത്ത ഒരുപറ്റം അത്യാവേശക്കാരുടെയും ആത്യന്തികവാദികളുടെയും പ്രഘോഷണങ്ങള്‍ക്ക്‌ നമ്മുടെ മതങ്ങളെയും സമുദായങ്ങളെയും നാം വിട്ടുകൊടുക്കാന്‍ പാടില്ല.'' മീഡിയ സഹജീവിയെ സ്‌നേഹപൂര്‍വം ഉണര്‍ത്തട്ടെ: പത്തു പന്ത്രണ്ട്‌ വര്‍ഷമായി ഇക്കാര്യം പറഞ്ഞു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ഥ ഇസ്‌ലാഹി പ്രസ്ഥാനത്തെ ധാര്‍മികമായി പിന്തുണയ്‌ക്കാന്‍ പോകട്ടെ, മര്യാദയ്‌ക്കു ഒരു വാര്‍ത്ത പോലും നല്‍കി സഹകരിക്കാന്‍ തയ്യാറാകാത്തവര്‍ അന്ത്യകൂദാശ അടുത്തു എന്നു കരുതിയിട്ടാണോ പരമാര്‍ഥം വിളിച്ചുപറഞ്ഞത്‌? അതോ, സേട്ടുസാഹിബിനെ വീഴ്‌ത്തിയ, ജെ ഡി റ്റിയെ നശിപ്പിച്ച, മഅ്‌ദനിയെ വെടക്കാക്കിയ പത്രധര്‍മം തുടരുകയോ? അതോ നവോത്ഥാനത്തിന്റെ ഒന്നാംപാദത്തെ മുക്തകണ്‌ഠം പ്രശംസിക്കുകയും അതിവിടെ തീര്‍ന്നിരിക്കുന്നു എന്നു ഘോഷിക്കുകയും രണ്ടാം ഘട്ടത്തിന്‌ മുഖവുര (ജമാഅത്ത്‌ ലഘുലേഖ) ഒരുക്കാന്‍ സ്വയം ഇറങ്ങിത്തിരിക്കുകയുമാണോ?
ശബാബിന്റെ കാര്യമായ പരാതി പന്ത്രണ്ട് വര്‍ഷം മുമ്പ് തങ്ങള്‍ പിളര്‍ന്നപ്പോള്‍ ഇത്തരമൊരു ലേഖനം എന്തുകൊണ്ട് വന്നില്ല എന്നതാണ്. ഉത്തരം വ്യക്തമാണ്. ഏതെങ്കിലും മുസ്ലിം സംഘടന പിളരുമ്പോഴേക്ക് അവയെല്ലാം എഡിറ്റോറിയിലില്‍ കൊണ്ടുവരണം എന്ന് മാധ്യമം തീരുമാനിച്ചിട്ടുണ്ടാവില്ല. ഇപ്പോഴത്തെ പിളര്‍പ്പും തുടര്‍ന്ന് വന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ സംഭവങ്ങള്‍ കേരളത്തിലെ പൊതുസമൂഹത്തിന് പോലും അവഗണിക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ടാണ് മാധ്യമം എഡിറ്റോറിയല്‍ എഴുതിയത്. ജമാഅത്ത് ഇറക്കിയ ലഘുലേഖയും പങ്ക് വെക്കുന്ന ആശങ്ക അതുതന്നെയായിരുന്നു.

എക്കാലത്തും മുജാഹിദു പ്രസ്ഥാനത്തിന്റെ നന്മകളെ ജമാഅത്ത് വിലമതിക്കുകയും എടുത്ത് പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തനമാണ് എല്ലാം അതിനപ്പുറമുള്ളതെല്ലാം വഴികേടിലാണെന്ന ധാരണയില്‍ പലതും എഴുതിവിട്ടപ്പോള്‍ ഒരു ലേഖനത്തിലോ ചോദ്യോത്തരത്തിലോ  ശ്മശാന വിപ്ലവം എന്ന ആക്ഷേപ ഹാസ്യം പ്രയോഗിച്ചിട്ടുണ്ടാകാം. എന്നാല്‍ എക്കാലത്തും ജമാഅത്തിന്റെ വിലയിരുത്തല്‍ അതായിരുന്നുവെന്ന് പറയുന്നത് ശരിയല്ല.

തങ്ങളെ ഏത് സമയവും പുകഴ്തിക്കൊണ്ടിരിക്കണം എന്ന് പറയുന്നവര്‍ ഏതെങ്കിലും കാലത്ത് ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനത്തെയോ അതിന്റെ സംവിധാനങ്ങളെയോ അസത്യം ചേര്‍ത്തല്ലാതെ പരാമര്‍ശിക്കാറുണ്ടോ എന്ന് സ്വയം ചോദിച്ചുനോക്കുക. ഇവിടെ തന്നെ മഅ്ദനിയെ വെടക്കാക്കി, ജെഡിടി തകര്‍ത്തു, സേട്ടുസാഹിബിനെ വീഴ്തി, ഇതുവരെയും മുജാഹിദുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പോലും നല്‍കിയില്ല.... എന്നൊക്കെ പറയുന്നതില്‍ എത്രമാത്രം ശരിയുണ്ട് എന്ന് ബുദ്ധിയും വിവേകവും ഉള്ളവര്‍ ചിന്തിച്ചുനോക്കുക. പകരം എന്താണ് അവര്‍ ജമാഅത്തിന് വെച്ച് നീട്ടുന്ന സര്‍ട്ടിഫിക്കറ്റ് എന്നും. മുജാഹിദ് വാരി‍ക വീണ്ടും അരിശം തീര്‍ത്ത് സ്വയം സമാധാനമടയുന്നത് ഇങ്ങനെ...."യാഥാസ്ഥിതികത്വത്തോടും അന്ധവിശ്വാസത്തോടും പൊരുതിയ ആദര്‍ശപ്പട (മുജാഹിദുകള്‍)യെ നോക്കി ശ്‌മശാന വിപ്ലവക്കാര്‍ എന്നാക്ഷേപിച്ച്‌ വരമ്പത്ത്‌ കയറിനിന്ന്‌ ആത്യന്തിക മതരാഷ്‌ട്ര തീവ്രവാദികളുടെ മക്കള്‍ ഇസ്‌ലാഹിന്റെ ഇളംകാറ്റേറ്റ്‌ വന്നപ്പോള്‍ അവര്‍ക്കും കാര്യം പിടികിട്ടി. ജനാധിപത്യ രാജ്യത്ത്‌ നൂറുശതമാനം മുസ്‌ലിമായി ജീവിക്കാന്‍ കഴിയും എന്ന്‌ പഠിപ്പിച്ച മുജാഹിദുകളെ അപഹസിച്ച മതരാഷ്‌ട്ര വാദത്തിന്റെ പിന്‍മുറക്കാര്‍ ആത്യന്തിക തീവ്രവാദത്തിലേക്കു നീങ്ങിയപ്പോള്‍ ആ വാല്‍ മുറിച്ചു. അവശേഷിച്ച ദുര്‍ബല മനസ്‌കരായ ചെറുപ്പക്കാര്‍ മതരാഷ്‌ട്രവാദത്തില്‍ നിന്ന്‌ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിന്റെ നടുവിലേക്ക്‌ എടുത്തുചാടി."

അസത്യവും അസഹിഷ്ണുതയും കുത്തിനിറച്ച ശബാബ് എഡിറ്റോറിയല്‍ ഇവിടെ നിന്നും വായിക്കുക.

ചൊവ്വാഴ്ച, മാർച്ച് 12, 2013

ദീനും ദുന്യാവും വെല്‍ഫയര്‍ പാര്‍ട്ടിയും ?

രണ്ട് ദിവസം മുമ്പ് നാട്ടിലെ മുജാഹിദുകാരനായ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു: "ഇപ്പോള്‍ മുജാഹിദുകളില്‍ ഒരു വിഭാഗത്തിന്റെയും പരിപാടിക്ക് ഞാന്‍ പോകാറില്ല. എല്ലാം ഒന്ന് കലങ്ങിതെളിയട്ടേ എന്നിട്ട് നോക്കാം." മുജാഹിദുകളിലെ മടവൂര്‍ വിഭാഗമൊഴിച്ചുള്ള ആളുകള്‍ ഇപ്പോള്‍ വല്ലാത്ത ഒരു ആശയക്കുഴപ്പത്തിലാണ്. ഔദ്യോഗികമായി സംഘട ഒരു വഴിക്കും ഒട്ടനവധി ജനസ്വാധീനമുള്ള പ്രാസംഗികര്‍ മറ്റൊരു വഴിക്കും പോയിക്കൊണ്ടിരിക്കുന്നു. തങ്ങള്‍ ആരുടെ കൂടെ കൂടണം എന്ന അങ്കലാപ്പിലാണ് പ്രവര്‍ത്തകര്‍ .   നല്ല ഒരു വിഭാഗം, തങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തെ ആരുടെ സി.ഡികളില്‍നിന്നാണോ മനസ്സിലാക്കിയത് അവരുടെ കൂടെയാണ്. തല്‍കാലം അവര്‍ സംഘടനാ രൂപം സ്വീകരിച്ചിട്ടില്ലെങ്കിലും അധികകാലം ഇങ്ങനെ മുന്നോട്ടുപോകും എന്ന് തോന്നുന്നില്ല. ഐ.സ്.എം എന്ന് അവരും പ്രയോഗിച്ച് തുടങ്ങിയിരിക്കുന്നു. അങ്ങനെയാണ് പ്രോഫ്കോണ്‍ ഒന്ന് മലപ്പുറത്തും മറ്റൊന്ന് കോഴിക്കോടും വെച്ച് നടന്നത്. വിഭാഗീയത ഏറ്റവും പ്രകടമായത് ഈ സമ്മേളനങ്ങളിലൂടെയാണ്. ഇതിനിടയില്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും ചായാതെ നില്‍ക്കുന്ന ഒരു വിഭാഗത്തെ ടാര്‍ജറ്റ് ചെയ്താണ് ശബാബ് ഇയ്യിടെ ജമാഅത്ത് വിമര്‍ശനപഠനങ്ങള്‍ നടത്തുന്നത് എന്ന് ഊഹിച്ചാല്‍ അത് തെറ്റാവുകയില്ല. മുജാഹിദ് നേതൃത്വം മൊത്തത്തില്‍ മതിപ്പു നഷ്ടപ്പെടുത്തുന്ന വിഭാഗീയതയില്‍ ഏര്‍പ്പെട്ടതുകൊണ്ട് തങ്ങളുടെ തന്നെ അണികളെ പിടിച്ചുനിര്‍ത്തുന്നതാനും ഉദ്ദേശിച്ചാകാം ഈ ലേഖനങ്ങള്‍ . മറ്റൊരു സാധ്യതയും ഈ ലേഖനങ്ങള്‍ക്ക് ഞാന്‍ കാണുന്നില്ല.

എം.എം മുഹമ്മദലി സുല്ലമിയാണ് ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നത്. 2013 മാര്‍ച്ച് 08 ലക്കം 31 ല്‍ ദീനും ദുന്‍യാവും വെല്‍ഫയര്‍ പാര്‍ട്ടിയും എന്ന ലേഖനം വായിച്ചപ്പോള്‍ തോന്നിയ സംശയങ്ങളും പ്രതികരണവുമാണ് ഈ ബ്ലോഗ് പോസ്റ്റിന്റെ ഉള്ളടക്കം.

മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിനു മാത്രമുള്ള ഇബാദത്താണ് എന്നത് ഒരു മുസ്ലിമിനും സംശയമില്ലാത്ത കാര്യമാണ്. ആ ലക്ഷ്യം യഥാവിധി മനസ്സിലാകണമെങ്കില്‍ ഇബാദത്ത് എന്നതിന്റെ വിവക്ഷ മനസ്സിലാക്കണം. അതിനര്‍ഥം ആരാധന എന്നാണെങ്കില്‍ ആരാധന എന്ന ചില ചടങ്ങുകള്‍ നിര്‍വഹിക്കലാണ് മനുഷ്യസൃഷ്ടിപ്പിന്റെ യഥാര്‍ഥ ലക്ഷ്യം എന്ന് വരും. എന്നാല്‍ വിശുദ്ധഖുര്‍ആനില്‍നിന്നോ തിരുസുന്നത്തില്‍നിന്നോ ഇപ്രകാരം പരിമിതമായ ഒരു അര്‍ഥമല്ല ഇബാദത്തിനുള്ളത് എന്ന് പണ്ഡിതന്‍മാര്‍ നേരത്തെ മനസ്സിലാക്കിയതാണ്. നിരുപാധികമായ അനുസരണവും അടിമത്തവും ആരാധനയും ഉള്‍കൊള്ളുന്നതാണ് ഇബാദത്ത് എന്ന് ആദ്യമായി കണ്ടെത്തിയത് മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും അല്ല. 

എന്നാല്‍ ശബാബ് ലേഖകന്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്, ഇസ്ലാമിക ഭരണകൂടമല്ലാത്തവയോട് സഹകരിക്കുന്നത് തൌഹീദിന്റെ താല്‍പര്യത്തിന് എതിരാണെന്ന് വരുത്തിതീര്‍ക്കാനാണ് ജമാഅത്തെ ഇസ്ലാമി സാഹിത്യങ്ങളും മൌദൂദിയും ഇബാദത്തിന് അടിമവേല, അനുസരണം എന്നിങ്ങനെ അര്‍ഥങ്ങള്‍ വലിച്ചിഴച്ചുകൊണ്ടുവന്നത് എന്ന് വാദിച്ചുകൊണ്ടാണ്. അതിനദ്ദേഹം ഇവിടെ കെ.എം മൌലവിയെ കൂട്ടുപിടിക്കുന്നു. പിന്നീട് ഉദ്ധരിക്കുന്നത് പഴയ അല്‍മനാറില്‍നിന്നാണ്. ജമാഅത്ത് ഊന്നുന്ന കാര്യങ്ങളില്‍നിന്ന് ഭിന്നമായി ജമാഅത്തിനെ തെറ്റായി പ്രചരിപ്പിക്കാനാണ് അതില്‍ കാര്യമായി ശ്രമിക്കുന്നത്. ജമാഅത്തിനെ തങ്ങള്‍ നേരത്തെ വിമര്‍ശിച്ചതെടുത്ത് വീണ്ടും നല്‍കുന്നത് വിമര്‍ശനത്തിന്റെ പുതിയ രീതിയായിരിക്കും.

 ഒരു മതേതര ഗവണ്‍മെന്റിന് കീഴില്‍ ജീവിക്കുന്ന മുസ്ലിംകളുടെ നിലപാട് എന്തായിരിക്കണം എന്ന് കെ.എം മൌലവി വിശദീകരിക്കുന്നത് കാണുക. ``ഇനി നമ്മെപ്പോലെ ഒരു മതേതര ഗവണ്‍മെന്റിന്റെ കീഴില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ നിലയെപ്പറ്റി ചിന്തിക്കാം. മുസ്‌ലിം സമുദായം എവിടെയായിരുന്നാലും അവരുടെ ഇടയില്‍ ഇസ്‌ലാമിക ജീവിതത്തെ അവര്‍ പാലിക്കണം. അതോടൊപ്പം തന്നെ രാജ്യത്ത്‌ പൊതുവെ നീതിയും സമാധാനവും പാലിക്കേണ്ടതും അവരുടെ കടമയാണ്‌. അതുകൊണ്ട്‌ നല്ലവരും പ്രാപ്‌തരുമായ മുസ്‌ലിംകള്‍ അസംബ്ലിയിലും മറ്റും സ്ഥാനങ്ങള്‍ സ്വീകരിക്കേണ്ടതും ഉദ്യോഗങ്ങള്‍ വഹിക്കേണ്ടതുമാണ്‌. അങ്ങനെ ചെയ്യുന്നതുകൊണ്ട്‌ കുറേയെങ്കിലും അക്രമങ്ങളും അനീതികളും തടയാനും ഇസ്‌ലാമിക താല്‌പര്യങ്ങളെയും സമുദായത്തിനുള്ള രാഷ്‌ട്രീയാവകാശങ്ങളെയും സംരക്ഷിക്കാനും സാധിക്കുമെന്നുള്ളത്‌ ഒരു പരമാര്‍ഥം മാത്രമാണ്‌. തന്മൂലം, ഈ ഉദ്ദേശ്യാര്‍ഥം ഉദ്യോഗങ്ങളും അസംബ്ലി മുതലായവയിലുള്ള മെമ്പര്‍ സ്ഥാനവും സ്വീകരിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും താരതമ്യപ്പെടുത്തി `രണ്ടുപദ്രവങ്ങളില്‍ നിന്ന്‌ ലഘുവായത്‌ സ്വീകരിക്കുക' എന്ന തത്വമനുസരിച്ചു ചിലപ്പോള്‍ അനുവദനീയവും മറ്റു ചിലപ്പോള്‍ നിര്‍ബന്ധവുമായിത്തീരുന്നതാണ്‌. കാരണം മുസ്‌ലിംകളില്‍ പ്രാപ്‌തിയും നീതിനിഷ്‌ഠയുമുള്ളവരെല്ലാം ഒഴിഞ്ഞുമാറിനില്‌ക്കുന്ന പക്ഷം നാട്ടില്‍ പൊതുവെ അനീതിയും അക്രമപരമായ നിയമങ്ങള്‍ മൂലം മുസ്‌ലിംകള്‍ക്കു തന്നെ കൂടുതല്‍ ദ്രോഹങ്ങളും അനുഭവിക്കേണ്ടതായി വരുന്നതാണ്‌.'' (അല്‍മനാര്‍, പുസ്‌തകം 4, ലക്കം 7)

ഈ പറഞ്ഞ കാര്യങ്ങളോട് ജമാഅത്തെ ഇസ്ലാമി എന്നെങ്കിലും വിയോജിച്ചിരുന്നുവെന്ന് ഞാന്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. ഒരു മുസ്ലിമിന് രാഷ്ട്രീയത്തിലും ഇസ്ലാമിന്റെതായ വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ട് എന്നും സാഹചര്യം മനസ്സിലാക്കി. ചിലപ്പോള്‍ അനുവദനീയവും മറ്റുചിലപ്പോള്‍ നിര്‍ബന്ധവും ആയിത്തീരുമെന്നും കെ.എം മൌലവി പറയുന്നു. സത്യത്തില്‍ ഇതു അതിന്റെ ശരിയായ വിധത്തില്‍ വെള്ളം ചേര്‍ക്കാതെ നടപ്പാക്കുകയല്ലേ ജമാഅത്തെ ഇസ്ലാമി ചെയ്തത്. ഇസ്ലാമിന് പ്രത്യേകമായി രാഷ്ട്രീയത്തില്‍ ഒരു ഇടം തന്നെയില്ല എന്നോ ഉണ്ടെങ്കില്‍ തന്നെ അത് ഇപ്പോള്‍ പ്രയോഗത്തില്‍ വരുത്തേണ്ടതല്ല എന്നോ ചിന്തിച്ച ഒരു കാലഘട്ടത്തില്‍ അത് ഊന്നിപ്പറയുകയും ഇതര രാഷ്ട്രീയ വ്യവസ്ഥകളോട് ഇസ്ലാമിന്റെ ഭൂമികയില്‍നിന്ന് എത്രത്തോളം സഹകരണമാകാം എന്നും ഊന്നിപ്പറയുകയാണ് ജമാഅത്ത് ചെയ്തത്. വോട്ടെടുപ്പില്‍നിന്ന് ആദ്യകാലത്ത് വിട്ടുനിന്നതും പിന്നീട് വോട്ട് ചെയ്തതും രണ്ടുപദ്രവങ്ങളില്‍നിന്ന് ലഘുവായത് സ്വീകരിക്കുക എന്ന തത്വമനുസരിച്ചോ രണ്ടുപകാരങ്ങളില്‍ കൂടുതല്‍ ഉപകാരമുള്ളത് സ്വീകരിക്കുക എന്ന തത്വമനുസരിച്ചോ ആയിരുന്നു. (അത് വേര്‍ത്തിരിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുന്നില്ല) ഏത് സ്വീകരിച്ചാലും അത് ഇസ്ലാമിന്റെ ഉള്ളില്‍നിന്നുള്ള ഒരു ഇടപെടലായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കെ.എം മൌലവിയുടെ കാലത്തോ പിന്നീടോ ഈ രൂപത്തിലാണോ മുജാഹിദ് പ്രസ്ഥാനം രാഷ്ട്രീയത്തില്‍ ഇടപെട്ടത് എന്ന് ചിന്തിക്കാവുന്നതാണ്.

സത്യത്തില്‍ മുജാഹിദുകള്‍ ചെയ്തത് മറ്റെല്ലാവരെയും പോലെ തന്നെ തങ്ങളുടെ ഭൌതിക താല്‍പര്യം ലക്ഷ്യംവെച്ച് നിലവിലെ ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. അക്കാര്യത്തില്‍ മുജാഹിദ് പ്രസ്ഥാനം അണികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനോ നിയന്ത്രിക്കാനോ ശ്രമിച്ചതായി കാണുന്നില്ല. അങ്ങനെ ഉണ്ടെങ്കില്‍ മുജാഹിദുകള്‍ പറയട്ടേ. എന്നാല്‍ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി നിലവിലെ സാഹചര്യം വിലയിരുത്തുകയും ഇന്ത്യന്‍ നിവാസികളുടെ താല്‍പര്യം മുന്‍നിര്‍ത്തി കാലാകാലങ്ങളില്‍ ഇസ്ലാമികമായി ചിന്തിച്ച് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രീയത്തിലും നല്‍കിവരികയായിരുന്നു. സ്വഭാവികമായും അക്കാരണത്താല്‍ തന്നെ മുജാഹിദുകളെ പോലെ എന്നും ഒറൊറ്റ നിലപാട് എന്ന അവസ്ഥ ജമാഅത്ത് തീരുമാനങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ഇതിനെയാണ് ഇന്ന് മുജാഹിദുകള്‍ കളിയാക്കുന്നത്. മുസ്ലിംകളില്‍ സകല നവോത്ഥാനവും ഉണ്ടായത് തങ്ങളുടെ ഈ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയാണ് എന്നും ജമാഅത്ത് പറയുന്നത് കേട്ടിരുന്നെങ്കില്‍ മുസ്ലികള്‍ ഇരുട്ടില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും കരകേറില്ലായിരുന്നുവെന്നും ലേഖകന്‍ തട്ടിവിടുന്നു.

ജമാഅത്ത് ചരിത്രത്തെ ഇരുണ്ട വര്‍ഷങ്ങള്‍ എന്ന് പ്രത്യേകമായി തന്നെ ലേഖകന്‍ വേര്‍ത്തിരിക്കുന്നുണ്ട്. അത് ഹാജി സാഹിബ് ജമാഅത്തിനെ നയിച്ച ഘട്ടമാണത്രേ. അക്കാലത്ത് ഹസനുല്‍ ബന്നയുടെ മിതവാദത്തെ തള്ളി സയ്യിദ് ഖുതുബിന്റെയും സയ്യിദ് മൌദൂദിയുടെയും തീവ്ര ചിന്തകള്‍ക്ക് പ്രമുഖ്യം നല്‍കി എന്ന ഒരു കള്ളാരോപണവും ഇവിടെ ഉന്നയിച്ചിട്ടുണ്ട്. ശബാബ് വീക്കിലി ഇയ്യിടെയായി കാര്യമായി ശ്രമിക്കുന്ന ഒന്നാണ് ഈ വിഭാഗീയതാ ആരോപണം. യൂസുഫുല്‍ ഖര്‍ദാവിയുടെ ഹസനുല്‍ ഹുദൈബിയുടെയോ വിമര്‍ശനങ്ങളെ കേള്‍ക്കാന്‍ സന്നദ്ധമായില്ല എന്നും പറയുന്നു. അത് കേട്ടാല്‍ തോന്നും ഇവരൊക്കെ മുജാഹിദ് പ്രസ്ഥാനത്തിന്റെ അമരക്കാരാണ് എന്ന്. എന്നും എല്ലാ കാര്യത്തിലും യുസുഫുല്‍ ഖര്‍ദാവി അടക്കമുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുത്തുകൊണ്ട് തന്നെയാണ് ഇസ്ലാമിക പ്രസ്ഥാനം മുന്നോട്ട് പോകുന്നത് എന്ന് ഇവരുടെ ആളുകള്‍ക്ക് അറിയില്ല എന്നതാണ് ഇപ്രകാരം പറയാന്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നത്.

1960 കളോട് അടുത്തപ്പോള്‍ ജമാഅത്തെ ഇസ്ലാമി തങ്ങളുടെ ആശയത്തില്‍ മാറ്റം വരുത്താന്‍ തുടങ്ങിയത്രേ. ആദ്യം കലാലയങ്ങളെ ഉപയോഗപ്പെടുത്താമെന്നായി, പിന്നീട് ഉദ്യോഗമണ്ഡലങ്ങളില്‍ കയറിപ്പറ്റാമെന്നായി എഴുപതായപ്പോഴേക്ക് തെരഞ്ഞെടുപ്പ് ഗോദയിലും സജീവമായി (തെരഞ്ഞെടുപ്പ് ഗോദയില്‍ താഗുത്തിന് പകരം തൌഹീദിനെ കണ്ടുപിടിക്കാന്‍ സാധിച്ചുവെന്നതാമ് ശബാബ് പരിഹാസം) എന്നും ലേഖകന്‍ സമ്മതിക്കുന്നു.

ഇവിടെ നാം ഒരു കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയും മുജാഹിദും തമ്മില്‍ ഇപ്പോഴുള്ള അഭിപ്രായ ഭിന്നത ആശയതലത്തിലോ പ്രയോഗിക തലത്തിലോ. ഇതിനെക്കുറിച്ച് മുജാഹിദ് പ്രസ്ഥാനം എന്നെങ്കിലും പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?. ഈ ലേഖനം വായിച്ചാലും അതില്‍ ഒരു ഉത്തരം ലഭിക്കുന്നില്ല. പ്രയോഗിക രംഗത്ത് ജമാഅത്തെ ഇസ്ലാമിയുമായി മുജാഹിദ് പ്രസ്ഥാനത്തിനുള്ള അന്തരം നേര്‍ത്ത് വന്നുവെന്ന് അവര്‍ അംഗീകരിക്കുന്നു. ആശയ തലത്തില്‍ വല്ല അന്തരവും നിലനില്‍ക്കുന്നുണ്ടോ ?. ഉണ്ട് എന്നാണ് എന്റെ അഭിപ്രായം. ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തെ ദീനിന്റെ ഒരു ഭാഗമായി കണ്ട് നിലപാട് സ്വീകരിക്കുമ്പോള്‍ മുജാഹിദ് പ്രസ്ഥാനം അങ്ങനെ ചെയ്യുന്നില്ല എന്നതാണ് അവര്‍ക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതയുടെ മര്‍മം. എന്നാല്‍ അതൊരിക്കലും മുജാഹിദുകള്‍ ചര്‍ചയാക്കുന്നില്ല. മറിച്ച് പ്രയോഗത്തിലെ സാമ്യത ചൂണ്ടിക്കാട്ടി ഇപ്പോള്‍ ഞങ്ങളുടെ നിലപാടിലേക്ക് നിങ്ങളുമെത്തി എന്ന് പറയാനാണ് ശബാബ് വീക്കിലിയിലും ഇതര മുജഹാദിതുകളുടെ മാസികകളിലും മുജാഹിദുകള്‍ ചെയ്തുകൊണ്ടിക്കുന്നത്.

വളരെ പ്രാധ്യാന്യപൂര്‍വം എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന വിധം റൈറ്റപ്പായി നല്‍കിയ ഒരു ഖണ്ഡിക ഇതാണ്. (((
ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്‌ത്യാനികളും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ ഇസ്‌ലാം നശിക്കുമെന്ന്‌ കോണ്‍ഗ്രസ്സിനെതിരെ പ്രോപഗണ്ട നടത്തിയ സയ്യിദ്‌ മൗദൂദിയുടെ അനുയായികളെന്ന്‌ വാദിക്കുന്നവര്‍ ഇന്ന്‌ അതേ വേദി തന്നെ പങ്കിടുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ ഇന്‍ര്‍നെറ്റ്‌ കോളം പരിശോധിച്ചാല്‍ അത്‌ മൗദൂദിയെയും ഹാജി സാഹിബിനെയുമെല്ലാം നോക്കി `പറ്റിച്ചേ' എന്നു വിളിച്ചുപറയുന്നതായി തോന്നിപ്പോകും.)))

ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും ഒന്നിച്ചുപ്രവര്‍ത്തിച്ചാല്‍ ഇസ്ലാം നശിക്കുമെന്ന് എന്നെങ്കിലും കോണ്‍ഗ്രസിനെതിരെ ജമാഅത്തുകാര്‍ പ്രോപഗണ്ട നടത്തിയിട്ടുണ്ടോ ?. ഉണ്ടെങ്കില്‍ അതൊന്ന് കാണിച്ചുതരണം. ഇല്ലെങ്കില്‍ അല്ലാഹുവിനെ ഓര്‍ത്ത് ഈ ഗുരുതരമായ ആരോപണം പിന്‍വലിക്കണം. ലീഗിനോടും മാര്‍കിസ്റ്റ് പാര്‍ട്ടിയോടും കോണ്‍ഗ്രസിനോടും ജമാഅത്തെ ഇസ്ലാമിക്ക് വല്ല വിയോജിപ്പും ഉണ്ടെങ്കില്‍ അത് ഇസ്ലാമിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ്. നിങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ അങ്ങനെ ഒരു അടിസ്ഥാനം ഇല്ലാത്തതുകൊണ്ടാണ് വിയോജിപ്പില്ലാതിരിക്കുന്നതും.

സാഹചര്യവും നന്മതിന്മകളും നോക്കി രാഷ്ട്രീയത്തില്‍ ഒരു നിലപാട് രൂപീകരിക്കണം എന്ന് സൂചിപ്പിച്ചത് കെ.എം മൌലവി തന്നെയാണല്ലോ ആ അടിസ്ഥാത്തില്‍ ചിന്തിക്കുമ്പോള്‍ ഹാജിസാഹിബിനെ നോക്കി പറ്റിച്ചേ എന്ന് വിളിച്ചുപറയുന്നതായി തോന്നുകയില്ല. പക്ഷെ നിങ്ങളുടെ ഇക്കാര്യത്തില അടിസ്ഥാനം കേവലം ജാഹിലിയത്ത് മാത്രമായതുകൊണ്ടാണ് ഇത്തരം തോന്നലുകളുണ്ടാവുന്നത്.

ജമാഅത്തെ ഇസ്ലാമി ഇതുവരെ കോണ്‍ഗ്രസിനും, ലീഗിനും, മാര്‍കിസ്റ്റ് പാര്‍ട്ടിക്കും വോട്ട് ചെയ്തിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ താല്‍കാലികമായി വികസന മുന്നണി എന്ന പാര്‍ട്ടിയുടെ കീഴില്‍ മത്സരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു ബഹുജന രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണത്തിന് മുന്‍കൈ എടുത്തിട്ടുണ്ട്. അതാണ് വെല്‍ഫയര്‍ പാര്‍ട്ടി. അതിന്റെ ലക്ഷ്യങ്ങള്‍ അത് തുറന്ന് പ്രഖ്യാപിച്ചത് തന്നെയാണ്. അതിന്റെയും ജമാഅത്തിന്റെയും ലക്ഷ്യങ്ങള്‍ വേറെ തന്നെയാണ് എന്ന് ജമാഅത്ത് നേതൃത്വവും വെല്‍ഫയര്‍ പാര്‍ട്ടിയുടെ നേതാക്കളും പ്രത്യേകം പറഞ്ഞിട്ടുള്ളത് തന്നെയാണ്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ ലക്ഷ്യത്തോട് യോജിക്കുന്നവര്‍ക്ക് അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം. ഇവിടെ ഒരു ചോദ്യം പ്രസക്തമാകുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുജാഹിദുകള്‍ക്ക് വെല്‍ഫയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വല്ല പ്രശ്നവും ഉണ്ടോ ?.

വെല്‍ഫയര്‍ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനം ജമാഅത്തെ ഇസ്ലാമിക്ക് അതിന്റെ ദര്‍ശനം തന്നെയാണ്. എന്നാല്‍ മുജാഹിദുകള്‍ക്കോ ?. നിലപാടില്ലായ്മയെ ഏറ്റവും വലിയ നിലപാടായി അഭിനയിക്കുകയാണിവിടെ മുജാഹിദുകള്‍ . വലിയ ആശ്വാസ വാക്കുകളോടെയും പ്രാര്‍ഥനയോടെയുമാണ് ലേഖകന്‍ അവസാനിപ്പിക്കുന്നത്. അത് വായിക്കുമ്പോള്‍ മുജാഹിദുകളുടെയും ജമാഅത്തിന്റെയും രാഷ്ട്രീയ വീക്ഷണങ്ങളുടെ അന്തരം അറിയുന്നവര്‍ക്ക് ചിരിവരാതിരിക്കില്ല. ലേഖകന്‍ ഉദ്ബോധിപ്പിക്കുന്നത് കാണുക.
"ജമാഅത്തിലെ പുരോഗമനവാദികള്‍ ക്ഷമിക്കുക. കേരളത്തിലെ ജമാഅത്തേതര മുസ്‌ലിം സംഘടനകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കണ്ടെത്തിയ ഭൗതിക രംഗത്തെ നവോത്ഥാന പാതയിലേക്ക്‌ നിങ്ങളുടെ സംഘടനയെ നയിക്കുന്നതില്‍ ഒരളവോളം നിങ്ങള്‍ വിജയിച്ചിരിക്കുന്നു. സയ്യിദ്‌ മൗദൂദിയുടെയും സയ്യിദ്‌ ഖുത്തുബിന്റെയുമൊക്കെ വിതണ്ഡവാദങ്ങളില്‍ നിന്ന്‌ സംഘടന മോചിതമായിക്കൊണ്ടിരിക്കുന്നു. ധാര്‍മികസീമകളെ അതിലംഘിക്കാതെ നവോത്ഥാന പാതയിലേക്ക്‌ സംഘടനയെ നയിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമാറാകട്ടെ. വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങളെയും ശിര്‍ക്ക്‌ ബിദ്‌അത്തുകളെയും അധാര്‍മിക പ്രവര്‍ത്തനങ്ങളെയും തടയിടാനുള്ള പോരാട്ടത്തില്‍ അണിചേരുക. അതിലൂടെയായിരിക്കും ഐഹിക-പാരത്രിക സൗഭാഗ്യങ്ങള്‍ കൈവരിക്കുന്ന നവോത്ഥാനം സാക്ഷാല്‍കൃതമാവുക."

ഇത്രയും നല്ല ഒരു പ്രാര്‍ഥന ഈ പ്രസ്ഥാനത്തിന് നല്‍കുന്നയാളുടെ ആത്മാര്‍ഥത സംശയിക്കുന്നത് നല്ലതല്ല. ഒരളവോളം വിജയിച്ചിരിക്കുന്നുവെന്നാണ് ഇവിടെ ആശ്വസിക്കുന്നത്. മുഴുവനായി വിജയിക്കാന്‍ എന്ത് വേണം എന്നുകൂടി പറയാമായിരുന്നു. ജമാഅത്തെ ഇസ്ലാമിക്കാര്‍ മുജാഹിദുകാരും സുന്നികളും ചെയ്യുന്നത് പോലെ കമ്മ്യൂണിസ്റ്റ് - ലീഗ് - കോണ്‍ഗ്രസ് പാര്‍ട്ടികളുടെ സജീവ പ്രവര്‍ത്തകര്‍ കൂടിയായിമാറിയാല്‍ മതിയോ ?.  അതോ ജമാഅത്തുകാരല്ലാം വെല്‍ഫയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നാലും വിജയം പൂര്‍ത്തിയാകുമോ ?.

 
Design by CKLatheef | Bloggerized by CKLatheef | CK