'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജനുവരി 25, 2017

ലയനാനന്തര മുജാഹിദുകളോട് സ്നേഹപൂർവ്വം


പതിനാല് വർഷമായി പിളർന്ന് നിന്ന മുജാഹിദ് സംഘടനകളിൽ രണ്ടെണ്ണം ആളുകളെ അറിയിച്ചുതന്നെ ഒന്നായി പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണല്ലോ. ഇസ്ലാമിക പ്രസ്ഥാനം വലിയ പിന്തുണയും സന്തോഷവുമാണ് പ്രസ്തുത ലയനത്തിനും ലയനസമ്മേളനത്തിനും അറിയിച്ചത്. എന്നാൽ സമ്മേളനം തന്നെ തങ്ങളുടെ പ്രവർത്തനത്തിൻ്റെ മുഖ്യമായ ഉന്നങ്ങളിലൊന്ന് ഇനിമുതൽ ഇസ്ലാമിക പ്രസ്ഥാനം തന്നെയായിരിക്കും എന്നതിൻ്റെ വ്യക്തമായ സൂചന നൽകുന്നതായിരുന്നു. ചിലരെങ്കിലും അതിൽ സംശയം പ്രകടിപ്പിച്ചു, എന്നാൽ അത് കൂടുതൽ വ്യക്തമായ രൂപത്തിൽ ഇപ്പോൾ നോട്ടീസായും പുസ്തകമായുമൊക്കെ പുറത്ത് വരുന്നു. എൻ്റെ ശ്രദ്ധയിൽ പെട്ട അത്തരമൊരു നോട്ടീസ് വിശകലനം ചെയ്യാനാണീ കുറിപ്പ്. 

സലഫി/മുജാഹിദ് സംഘടനളുടെ മേൽ ഭരണകൂടത്തിൽ നിന്നും പൊതുസമുഹത്തിൽനിന്നും തീവ്രവാദാരോപണങ്ങൾ ശക്തിപ്പെടുകയും, തങ്ങളുടെ പല മുതിർന്ന പ്രവർത്തകരിലും യു.എ.പി.എ ചുമത്തപ്പെടുകയും, എം.എം അകബർ സാഹിബിനെ പോലുള്ളവരിലേക്ക് വരെ ഭീകരവാദാരോപണങ്ങളും അന്വേഷണങ്ങളും എത്തിനോക്കാൻ തുടങ്ങിയ പശ്ചാതലത്തിലാണ് ലയനം എന്നതുകൊണ്ട് അതിൻ്റെ ശക്തമായ സ്വാധീനം സമ്മേളനത്തിലും തുടർന്നുള്ള പ്രബോധന പ്രചാരണത്തിലും സ്വാഭാവികമായി പ്രതീക്ഷിക്കാവുന്നതാണ്. അതിൽ തെറ്റില്ല താനും. എന്നാൽ തുടർന്നും തങ്ങളെ പ്രതിരോധിക്കാൻ  തെരഞ്ഞെടുത്ത വഴി വളരെ അപകടകരമായി തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ് എഴുതേണ്ടിവന്നത്. ഇസ്ലാമിലും മുസ്ലിംകളിലും തീവ്രതയും ഭീകരതയും ഉണ്ടെന്ന പൊതുധാരണക്ക് അടിവരയിടുന്ന തരത്തിലാണ് ഇയ്യിടെ നടക്കാനിരിക്കുന്ന പരിപാടികളുടെ പോസ്റ്ററുകളും ലഘുലേഖകളും കാണപ്പെടുന്നത്. ഉദാഹരണത്തിന് മഞ്ചേരി സഭാഹാളിൽ നടത്താൻ ഉദ്ദേശിക്കുന്ന കുടുംബ വിജ്ഞാന ക്ലാസിൻ്റെ ഒരു നോട്ടീസിൽ പറയുന്ന കാര്യങ്ങൾ നോക്കുക.



'.... ഇസ്ലാമിന് രാഷ്ട്രീയ വ്യാഖ്യാനം നൽകി രാഷ്ട്രീയ കൊലകൾക്കും അട്ടിമറി ശ്രമങ്ങൾക്കും ന്യായം ചമച്ച് പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ വഴിവിട്ട ചിന്തകളാണ് ഭീകരഗ്രൂപ്പുകളുടെ ആശയധാര. ഇന്ത്യയിൽ ഭീകരവാദികളെയും തീവ്രവാദികളെയും സൃഷ്ടിക്കുന്നതിന് മതരാഷ്ട്രവാദ സിദ്ധാന്തത്തിന് വലിയ പങ്കുണ്ട്. ബഹുമത സമൂഹത്തിലെ ഭരണകൂടങ്ങളെ അനിസ്ലാമികമെന്നും താഗൂത്തെന്നും വിശേഷിപ്പിച്ച് യുവാക്കളുടെ മനസ്സും മസ്തിഷ്കവും നശിപ്പിച്ച മതരാഷ്ട്രവാദ ചിന്തകളുടെ വേരുകൾ പിഴുതെറിയാൻ വിവേകമതികൾ ഒന്നിക്കേണ്ടതുണ്ട്.


     ബഹുസ്വര സമൂഹത്തിലെ മുസ്ലിമിൻ്റെ ജീവിതം സംശയത്തോടെ കണ്ട മതരാജ്യവാദക്കാരും തീവ്ര-ആത്മീയ കൂട്ടങ്ങളും മതത്തെ തെറ്റായിട്ടാണ് വായിക്കുന്നത്.....' 

നോട്ടിസിലെ വരികൾ ഇങ്ങനെ പോകുന്നു. പിന്നീട് പൌരോഹിത്യത്തെക്കുറിച്ചും മറ്റും പറയുന്നു.  മലയാളി മുസ്ലിംകളുടെ മത-സാമൂഹിക-വിദ്യാഭ്യാസ-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശരിയായി ഇസ്ലാമിൻ്റെ വഴികാട്ടിയത് തങ്ങളാണ് എന്നും ബഹുമത സമൂഹത്തിലെ ഭരണകൂടങ്ങളെ താഗൂത്തായി വിശേഷിപ്പിച്ച് അവ നൽകുന്ന വിദ്യാഭ്യാസത്തോടും സർട്ടിഫിക്കറ്റുകളോടും അവജ്ഞ കാണിച്ചവരെ മുജാഹിദ് പ്രസ്ഥാനം മാറ്റിയെടുത്തുവെന്നും നോട്ടീസ് അവകാശപ്പെടുന്നു.

മുജാഹിദുകളുടെ യോജിച്ച പോരാട്ടം ഇത്തരത്തിലായിരിക്കുമെന്നും അതിലെ പ്രധാന ഉന്നം തങ്ങൾ മതരാഷ്ട്രവാദികൾ എന്ന് വിളിക്കുന്ന ജമാഅത്തെ ഇസ്ലാമി ആയിരിക്കുമെന്നും സമ്മേളനവും സമ്മേളനാനന്തര സംസാരവും വേണ്ടത്ര സൂചന നൽകിയിരുന്നു.

അത്ര ആശാസ്യമല്ലാത്ത തികച്ചും തെറ്റായ ഒരു പ്രചാരണത്തിലൂടെയാണ് ലയനാനന്തര മുജാഹിദ് സംഘടന മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നത് എന്ന് ഇതോടെ സംശയലേശമന്യേ നമുക്ക് പറയാവുന്നതാണ്.


'സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിൻ്റെയും മതമായ ഇസ്ലാമിനെ ഇകഴ്താൻ ഭീകരഗ്രൂപുകളെ വളർത്തുന്നതും സംരക്ഷിക്കുന്നതും ഇസ്ലാം വിരുദ്ധലോബികളാണ്'  എന്ന് പറഞ്ഞുകൊണ്ടാണ് മേൽ പറയപ്പെട്ട ഖണ്ഡിക ആരംഭിക്കുന്നത്. ഇതിൽ സത്യത്തിൻ്റെ അംശമുണ്ട് എന്ന് നമുക്ക് ഒട്ടൊക്കെ ബോധ്യപ്പെട്ടതാണ്. പൊതുസമൂഹം അത് മുഖവിലക്കെടുക്കില്ലെങ്കിലും. സത്യത്തിൽ ഇസ്ലാം ഭീകരതയുടെയും തീവ്രതയുടെയും മതമാണ് എന്ന് സ്ഥാപിക്കാനും പ്രചരിപ്പിക്കാനും ഒട്ടൊന്നുമല്ല പാശ്ചാത്യഇസ്ലാംവിരുദ്ധശക്തികൾ ശ്രമിച്ചുവരുന്നത്. അമേരിക്കയുടെ രാഷ്ട്രീയ താൽപര്യം അതിലുണ്ടായിരുന്നു. അങ്ങനെ ഇറാഖിനെയും അഫ് ഗാനിസ്ഥാനെയും അവർ ആക്രമിച്ചു. തുടർന്നുണ്ടായ തീവ്രവാദ വളർച്ച ലോകം കണ്ടതാണ്. ഇപ്പോൾ രംഗത്തുവന്ന ബഗ്ദാദിയുടെ നേതൃത്വത്തിലുള്ള ഐ.എസ്.ഐ.എസ് വരെ അമേരിക്കയുടെ  ഇറാഖ് ആക്രമണത്തോടെ പിൻവലിഞ്ഞ സദ്ദാം പട്ടാളക്കാരുടെ പിന്തുണയോടെയാണ് എന്നത് ഒരു നഗ്നസത്യമാണ്. തങ്ങളുടെ ആക്രമണത്തെ ന്യായീകരിക്കാൻ അമേരിക്ക അക്കാലത്ത് പ്രചരിപ്പിച്ച ഒരു സമവാക്യമായിരുന്നു ഒന്നുകിൽ ഞങ്ങളോടൊപ്പം അല്ലെങ്കിൽ ഭീകരരോടൊപ്പം എന്നത്, ഈ പേരിൽ വിവിധരാജ്യങ്ങളെ പങ്കാളികളാക്കി. പിന്നീട് നാം കണ്ടത് അമേരിക്കയുടെ സംഖ്യകക്ഷികളായ മുസ്ലിംരാജ്യങ്ങളിൽ നടന്ന ഭീകരമായ സ്ഫോടന പരമ്പരകളാണ്. ഇന്ത്യക്ക് മുന്നേ പാകിസ്ഥാൻ അന്ന് അമേരിക്കയുടെ പങ്കാളികളായി. അങ്ങനെ ഇന്ത്യക്ക് ആ സാധ്യത ലഭിക്കാതെ പോയി. ഇടതുപക്ഷവിഭാഗങ്ങളുടെ എതിർപ്പുകൊണ്ടും മറ്റും  അത്ര താൽപര്യത്തിലും ആയിരുന്നില്ല നാം.

പക്ഷെ ഇന്ത്യക്കാരെ ഭീതിപ്പെടുത്താൻ പോന്ന കുറേയേറെ സ്ഫോടനങ്ങൾ ഇന്ത്യയിലും സംഭവിച്ചു. ഓരോ സ്ഫോടനത്തിന് ശേഷവും അപകടസ്ഥലത്ത് നിന്ന് മുസ്ലിംകളിലേക്ക് നയിക്കുന്ന ചില സൂചനകൾ വിട്ടേച്ചുകൊണ്ടാണ് എല്ലാം കടന്നുപോയത്. മാത്രമല്ല അതുമായി ബന്ധപ്പെട്ട് ഒട്ടനേകം മുസ്ലിം ചെറുപ്പക്കാരെ പിടികൂടുകയും ചെയ്തു. മിക്കവാറും അതിൽ പ്രതികളായി ചേർക്കപ്പെട്ടത് സിമി പ്രവർത്തകരായിരുന്നു. (വർഷങ്ങൾക്ക് ശേഷം ഇവരിൽ മിക്കവരെയും തെളിവില്ലെന്ന കാരണത്താൽ വിട്ടയക്കപ്പെട്ടു) കർക്കരെ നടത്തിയ നിഷ്പക്ഷമായ അന്വേഷണത്തിലൂടെ അന്ന് നടന്ന ഒരു ഡസനോളം സ്ഫോടനങ്ങളുടെ കാരണക്കാർ തീവ്രഹിന്ദുത്വ വിഭാഗങ്ങളാണ് എന്ന് തെളിയിക്കപ്പെട്ടു. തുടർന്ന് നടന്ന ബോബെ ഭീകരാക്രമണത്തോടെ കർക്കരെ വധിക്കപ്പെട്ടു. അതിലെ ഒരു പ്രധാനകണ്ണി അജമൽ കസബ് മുസ്ലിം നാമധാരിയായിരുന്നതിനാൽ ആ ആക്രമണത്തിൻ്റെയും കാരണം ഇസ്ലാമിലേക്ക് തന്നെ ചേർക്കപ്പെട്ടു.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പൊതുസമൂഹത്തിൽ ഇസ്ലാം എന്നാൽ ഭീകരതയുടെ മതമായി ഇന്നും അവശേഷിക്കുന്നു. മഹാഭൂരിപക്ഷം വരുന്ന മുസ്ലിം സമൂഹം വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും തങ്ങളോടൊപ്പം  ജീവിക്കുന്നുവെന്ന വസ്തുത പോലും അവഗണിക്കപ്പെടുന്നു. ഇന്ത്യയിൽ ഇതുവരെ നടന്ന മുഴുവൻ ഭീകരാക്രമണങ്ങളും മുസ്ലികളാണ് നടത്തിയതെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ആകെ തെളിയിക്കപ്പെട്ടത് ബോബെ സ്ഫോടന പരമ്പരയാണ് അതിന് പിന്നിലാകട്ടെ അധോലോക സംഘങ്ങളാണെന്നും പിന്നീട് തെളിയിക്കപ്പെട്ടു. എന്നാൽ ഇന്ത്യയിൽ ഫാസിസ്റ്റുകളാൽ നടത്തപ്പെട്ട അതിഭീകരമായ കൂട്ടക്കൊലകളോ ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന കൊലയും അക്രമവുമൊന്നും ഭീകരതയുടെയോ തീവ്രതയുടെയോ കണക്കിൽ വരുന്നില്ല. അവയെകൂടി ഭീകരതയായി പരിഗണിച്ചാൽ മുസ്ലിംകളിൽ ആരോപിക്കപ്പെട്ട ഭീകരതപോലും ഇന്ത്യയിൽ നടന്നുകഴിഞ്ഞ ഭീകരതയുടെ  ചെറിയ ഒരംശമേ ഉള്ളൂവെന്ന് മനസ്സിലാക്കാമായിരുന്നു. 

കാര്യം ഇങ്ങനെയൊക്കെ ആയിരിക്കെ, അടുത്ത കാലത്ത് ചിലർ  ചിത്രമായ തീവ്രസലഫി വാദങ്ങൾ ഉയർത്തി. നേരത്തെ മുജാഹിദ് പ്രാസംഗികനായിരുന്ന ശംസുദ്ധീൻ പാലത്ത് ആയിരുന്നു അതിൽ പ്രധാനി. പ്രമുഖ സലഫി പണ്ഡിതൻ്റെ പുസ്തകങ്ങളാണ് അതിന് അദ്ദേഹം ഉപയോഗപ്പെടുത്തിയത്. ഇതിൻ്റെ പേരിൽ അദ്ദേഹത്തിന് യു.എ.പി.എ ചുമത്തപ്പെട്ടു.  ആയിടക്ക് കേരളത്തിൽ നിന്ന് ഇരുപതോളം പേർ എവിടേക്കെന്നില്ലാതെ അപ്രത്യക്ഷരായി. അവർ ഐ.എസിലാണ് എത്തിപ്പെട്ടത് എന്ന പ്രചാരണവും വന്നു. ഈ ആരോപണം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല എന്നാണറിവ്. തുടർന്നാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം  തീവ്രവാദാരോപണത്തിന് വിധേയമായത്. ഇതിനിടയിൽ സാക്കിർ നായികിനെതിരെയും അതേ തുടർന്ന് അക് ബർ സാഹിബിനെയും തീവ്രവാദത്തിൽ കണ്ണിചേർക്കപ്പെട്ടു പീസ് സ്കൂളിൽ പഠിപ്പിക്കപ്പെടുന്ന ഒരു പുസ്തകവുമായി ബന്ധപ്പെട്ടായിരുന്നു അത്. തീവ്രവാദം ഇന്ത്യൻമണ്ണിൽ നിന്ന് തുടച്ചുനീക്കാനോ അതുമല്ലെങ്കിൽ അതിൻ്റെ വളർചയെ തടയാനോ ഉള്ള ശക്തമായ ഒരു നിലപാടായി ഇതിനെ മുസ്ലിം സംഘടനകൾക്ക് കാണാനാവുന്നില്ല. ആയിരുന്നെങ്കിൽ സമാനമായ പ്രവർത്തനങ്ങൾ നടത്തുന്ന ഹിന്ദുത്വസംഘടനാ പ്രതിനിധികളിലേക്കും അന്വേഷണം തിരിയേണ്ടതായിരുന്നുവെന്നാണ് അവരുടെ ന്യായം.

ഇനി ഇത്തരം അരോപണങ്ങളെ മുസ്ലിം സംഘടനകൾ നേരിടുന്നത് എങ്ങനെ എന്ന് നോക്കാം. തീവ്രവാദികൾ തങ്ങളല്ല, ഇതര മുസ്ലിം സംഘടനകളാണ് എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്  മുജാഹിദ് സുന്നി സംഘടനകൾ കാര്യമായി ഏർപ്പെട്ടത്. ഇതെ പ്രചാരണ പരിപാടി വർഷങ്ങൾക്ക് മുമ്പ് മുജാഹിദ് സംഘടനകൾ തുടങ്ങിയതാണ്. നേരത്തെ സൂചിപ്പിച്ച അമേരിക്കൻ സാമ്രാജ്യത്വ പ്രചാരണങ്ങൾ തുടങ്ങിയ അന്ന് തന്നെ. ഈ കാലയളവിൽ മുജാഹിദ് സംഘടനകൾ ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള ഇസ്ലാമിനെ സമഗ്രമായി പ്രബോധനം ചെയ്യുന്ന സംഘങ്ങളെയും മൌദൂദിയെയും തീവ്രവാദത്തിൻ്റെ മാസ്റ്റർ ബ്രൈനായി അവതരിപ്പിച്ചു. ഇതിൽ മുഖ്യപങ്ക് വഹിച്ചവരാണ് ഇപ്പോൾ ആരോപണ വിധേയരായ ശംസുദ്ധീൻ പാലത്തും, എം.എം അക് ബറും. ഈ പ്രചാരണം തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ പര്യാപ്തമായില്ല എന്ന് അനുഭവങ്ങളുടെ ശേഷവും മനസ്സിലാക്കുന്നില്ല മുജാഹിദ് പ്രസ്ഥാനം എന്നത് വലിയ ഒരു ദുരന്തമാണ്.

രാഷ്ട്രീയമടക്കമുള്ള മുഴുവൻ ജീവിതവുമായ ബന്ധപ്പെട്ട കൽപനാ നിർദ്ദേശങ്ങളും അടങ്ങുന്നതാണ് ഇസ്ലാം എന്നിരിക്കെ പൊളിറ്റിക്കൽ ഇസ്ലാം എന്ന സംജ്ഞ ഇസ്ലാമിക വിരുദ്ധ ശക്തികളുടെ പ്രചാരണതന്ത്രത്തിൻ്റെ ഭാഗമാണ്. എന്നാൽ അതേ വാദം മുജാഹിദുകൾ ആവർത്തിക്കുന്നു. എല്ലാ കുഴപ്പങ്ങൾക്കും തീവ്രവാദ-ഭീകരവാദത്തിനും കാരണം ഈ പൊളിറ്റിക്കൽ ഇസ്ലാമാണെന്ന് ആവർത്തിക്കുന്നു. അങ്ങനെ പറയുമ്പോൾ ആർക്കെങ്കിലും അവ്യക്തത ഉണ്ടാവാതിരിക്കാനാണ് ചില പദപ്രയോഗങ്ങളിലൂടെ തങ്ങളുദ്ദേശിക്കുന്ന സംഘടന ഇസ്ലാമിക പ്രസ്ഥാനമാണ് എന്ന് വരുത്തുന്നത്.

ജമാഅത്തെ ഇസ്ലാമി, ഒരു ഇസ്ലാമിക സംഘടനതന്നെയാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിനെ സമഗ്രമായി സമ്പൂർണമായി സന്തുലിതമായി ആചരിക്കാനും പ്രബോധനം ചെയ്യാനും അത് പ്രതിജ്ഞാബദ്ധമാണ്. അതിൽ എത്രത്തോളം ആരാധനകൾക്കും സാമുഹിക ജീവിതത്തിനും സാസ്കാരത്തിനും രാഷ്ട്രീയത്തിനും കുടുംബത്തിനും പരിഗണന നൽകിയിട്ടുണ്ടോ അത്രയും നൽകാൻ അത് ബാധ്യസ്ഥമാണ്. അതുകൊണ്ട് ഇസ്ലാമിലെ രാഷ്ട്രീയത്തെയും അത് അഭിസംബോധന ചെയ്തിട്ടുണ്ട്. ഇതര രാഷ്ട്രീയ ഇസ്സങ്ങളുമായും ജീവിത രീതിയുമായും ബന്ധപ്പെടുത്തി അതിനെ വിശദീകരിച്ചിട്ടുണ്ട്. അത്തരം കാര്യത്തിൽ ഇസ്ലാമിൻ്റെ അടിസ്ഥാനങ്ങളും നടപടിയും അത് പിന്തുടരാൻ ശ്രമിച്ചിട്ടുണ്ട്. ആരാധനകളെപ്പോലെ സ്ഥായിയായ നിലപാടല്ല, (ആരാധനാകാര്യങ്ങളിൽ പോലും സന്ദർഭവും സാഹചര്യവും പരിഗണിക്കാറുണ്ട്. പക്ഷെ അത് എല്ലാവർക്കും അറിയുന്നതായതുകൊണ്ട് വിഷയമാകാറില്ല) രാഷ്ട്രീയ അധ്യാപനങ്ങൾക്ക് നിലവിലെ സാഹചര്യം കൂറെകൂടി കാര്യമായി പരിഗണിക്കേണ്ടിവരും. ജനങ്ങളുടെ നന്മ ഉദ്ദേശിച്ചാണ് അത് വിശദീകരിക്കേണ്ടതും പ്രയോഗതലത്തിൽ നടപ്പാക്കേണ്ടതും. 75 വർഷത്തിനിടക്ക് അത്തരം ചില കാര്യങ്ങളിൽ പാളിച്ച സംഭവിച്ചിട്ടുണ്ടാകാം. അതുമല്ലെങ്കിൽ നേരത്തെ എടുത്ത ഒരു ശരിയായ തീരുമാനത്തിൽ നിന്ന് തന്നെ സാഹചര്യം മാറിയപ്പോൾ മാറ്റം വരുത്തിയിരിക്കാം. ഇസ്ലാമിനെ ആരാധനകളുടെ സമുച്ഛയമായി കാണുന്നവർക്ക് ഇതിൽ വലിയ പ്രയാസവും പരിഹാസ്യതയും  അനുഭവപ്പെടും. അവരിൽ ചിലർ പിന്നീട് ഇത്തരം രാഷ്ട്രീയ വിഷങ്ങളിലും അസന്തുലിതവും അപ്രായോഗികവും അപകടകരവുമായ മാർഗം പിന്തുടരും. ഇത് ഇസ്ലാമിക രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്തവരുടെ കുഴപ്പമല്ല. അതിനെ അവഗണിച്ചുകൊണ്ട് ഒരു ആരാധനാ മതത്തെ മാത്രം കണ്ടുകൊണ്ട് നീങ്ങുകയും അതിൽ പരാചയപ്പെടുകയും ചെയ്തതിൻ്റെ ഫലമാണ്. അതുകൊണ്ടാണ് തീവ്ര ആത്മീയതയും തീവ്ര രാഷ്ട്രീയവും മുജാഹിദുകളിലും ഇതര മുസ്ലിം സംഘടകളിലും പ്രത്യക്ഷപ്പെടുന്നത്. ഇതിനെ എതിർക്കാൻ വീണ്ടും ഇസ്ലാമിക പ്രസ്ഥാനത്തെ കരുവാക്കുന്നവർ മഹാഅബദ്ധമാണ് ചെയ്യുന്നത് എന്ന് പറയാൻ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. അനുഭവം തന്നെ മതിയായതാണ്. 


ലയനത്തിലൂടെ കൂടുതൽ ശക്തിയാർജിച്ച മുജാഹിദ് സംഘടനയോട് വിനയപൂർവ്വം ഉണർത്താനുള്ളത്. നിങ്ങൾ എതിർക്കാൻ ഉദ്ദേശിക്കുന്ന തീവ്രതകളെ ഇല്ലാതാക്കാനുള്ള ശരിയായ മാർഗം ഇപ്പോൾ നിങ്ങൾ ചെയ്യുന്നതല്ല. ഇസ്ലാമിക രാഷ്ട്രീയത്തെ ശരിയായ രൂപത്തിൽ അഭിമുഖീകരിക്കുകയും അതിനെ ഈ കാലഘട്ടത്തിൽ എങ്ങനെ പ്രയോഗത്തിൽ വരുത്തണമെന്ന് നിങ്ങളുടെ പണ്ഡിതസഭയായ കേരള ജംഇയത്തുൽ ഉലമ കൂടിച്ചേർന്ന് തീരുമാനത്തിലെത്തുകയുമാണ്. നിങ്ങളിലൊരുവിഭാഗം അക്ഷരവായനക്ക് എതിരായിരുന്നുവല്ലോ. ഇസ്ലാമിക രാഷ്ട്രീയത്തെ വായിക്കുമ്പോൾ അക്ഷരവായനയല്ല. ശരീഅത്തിൻ്റെ ഉദ്ദേശ്യം ജനനന്മയാണ് എന്ന് മനസ്സിലാക്കിയുള്ള സാഹചര്യത്തെക്കൂടി പരിഗണിച്ച ഒരു വായനയാണ് ആവശ്യം. അങ്ങനെ വരുമ്പോൾ ജമാഅത്തെ ഇസ്ലാമിയിൽ നിങ്ങൾ കാണുന്ന ഏതൊരു പ്രശ്നവും അത് ഇസ്ലാമിൻ്റെ തന്നെ പ്രയോഗവൽക്കരണത്തിൽ അനുഭവപ്പെടുന്നതാണ് എന്ന് മനസ്സിലാക്കാനാവും. നിങ്ങളുടെ തന്നെ അണികളെ രാജ്യം വിടാതെ പിടിച്ച് നിർത്താനും അതി തീവ്രവാദത്തിലേക്ക് നീങ്ങാതെ സംരക്ഷിക്കാനുമാവും. ജമാഅത്തെ ഇസ്ലാമിക്ക് സാധിക്കുന്നത് പോലെ തന്നെ. 

അതോടൊപ്പം ഇസ്ലാമിക സംഘടനകൾ ഒരുമിച്ച് ചേർന്ന് നേരിടേണ്ട വിപത്ത് എന്താണ് എന്ന് തിരിച്ചറിയാനും നിങ്ങൾക്ക് സാധിക്കും. മുസ്ലികളിൽ അല്ലാഹു ഏൽപിച്ച ദൌത്യം യഥാവിധി നിർവഹിക്കാനും സാധിക്കും. ഇല്ലെങ്കിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ പതിൻമടങ്ങായി നിങ്ങളെ മാത്രമല്ല മുസ്ലിം സമൂഹത്തയാകമാനം പിടിക്കൂടുക മാത്രമായിരിക്കും സംഭവിക്കുക. 

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK