ഇസ്ലാമിന്റെ രാഷ്ടീയ ലക്ഷ്യങ്ങള്‍ എന്നാണ് ഇതിന് സ്വാഭാവികമായും തലക്കെട്ട് വേണ്ടത്. കാരണം ജമാഅത്തിന് പ്രത്യേകമായ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല, ഇസ്ലാമിന്റെ രാഷ്ട്രീയ ലക്ഷ്യമല്ലാതെ. അവയിലൊന്ന്: ദൈവം മനുഷ്യജീവിതത്തില്‍ ശോഭിച്ച് കാണാനാഗ്രഹിക്കുന്ന മുഴുവന്‍ നന്‍മകളും (മഅ്റൂഫ്) പ്രചരിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്യുക. സാമുഹ്യനീതി, സത്യസന്തത, സഹാനുഭൂതി, കാരണ്യം, സ്നേഹം, വിട്ട് വീഴ്ച, വിശാലമനസ്കത, ആത്മനിയന്ത്രണം, സംസ്കാരം, കര്‍മസന്നദ്ധത, ഉത്തരവാദിത്വബോധം തുടങ്ങി മനുഷ്യസമൂഹം അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഏതെല്ലാം നന്‍മകളുണ്ടോ അവയെല്ലാം മഅ്റൂഫിന്റെ നിര്‍വചനത്തില്‍ പെടുന്നു. രണ്ട്: മനുഷ്യജീവിതത്തില്‍ നിന്ന് ലോകരക്ഷിതാവ് ഇഷ്ടപ്പെടാത്ത തിന്‍മകള്‍(മുന്‍കര്‍) തടയുകയും നിര്‍മാര്‍ജനം ചെയ്യുകയും ചെയ്യുക. അക്രമം, കളവ്, കൊല, വ്യഭിചാരം, വഞ്ചന, ചൂതാട്ടം, കരിഞ്ചന്ത, പൂഴ്തിവെപ്പ്, മദ്യപാനം, സങ്കുചിതത്വം, സംസ്കാരശൂന്യത, ദുഃസ്വഭാവം, കുടിലമനസ്കത തുടങ്ങിയ ഏത് കാലഘട്ടത്തിലേയും മനുഷ്യപ്രകൃതി വെറുക്കുന്ന സകല അധാര്‍മികതകളും മുന്‍കറില്‍ പെടുന്നു. ഇതിലൂടെ സമൂഹത്തില്‍ സംഭവിക്കുന്ന മാറ്റം; ഒന്ന്: തന്റെ ഭൂമിയില്‍ തന്റെ അടിമകളുടെ ജീവിതത്തില്‍ ലോകനാഥന്‍ കാണാനുദ്ദേശിക്കുന്ന പരിശുദ്ധിയും ഭംഗിയും ചിട്ടയും സമാധാനവും പുരോഗതിയും വിജയവും പൂര്‍ണമായും പ്രത്യക്ഷപ്പെടുക. രണ്ട്: ദൈവ ദൃഷ്ടിയില്‍ ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കുന്നതും തന്റെ അടിമകളുടെ ജീവിതത്തെ ദുഷിപ്പിക്കുന്നതുമായ എല്ലാ കവാടങ്ങളും ബന്ധിപ്പിക്കപ്പെടുക. ശാന്തിയും സമാധാനമാഗ്രഹിക്കുന്ന ഒരു മനുഷ്യന്‍ അവന്‍ ഏത് മതത്തില്‍ വിശ്വസിക്കുന്നവനാകട്ടെ ഇതിനപ്പുറം ഒരു ഭരണകൂടത്തില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്. ചുരുക്കത്തില്‍ മതേതരത്വത്തിനും ദേശീയതക്കും ജനാധിപത്യത്തിനും സോഷ്യലിസത്തിനും എന്തെല്ലാം ഗുണങ്ങളുണ്ടോ അവയെല്ലാം ഉള്‍ക്കൊള്ളുന്നതും അവയുടെ പോരായ്മകളില്‍ നിന്ന് മുക്തവുമാണ് ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം.
കേവലം രാജ്യഭരണമോ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സാമൂഹികാവകാശങ്ങളുടെ പൂര്‍ത്തീകരണമോ ലക്ഷ്യമാക്കിയുള്ളതല്ല ഈ രാഷ്ട്രീയം. ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും ഉള്‍കൊള്ളുന്ന നന്‍മകള്‍ റദ്ദ് ചെയ്യുക ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമല്ല. അവയെ വിലമതിക്കുന്നതോടൊപ്പം അവയുടെ നിലനില്‍പ്പിനായി ജമാഅത്ത് ഇപ്പോഴും സമരമുഖത്താണ്. സ്വേഛാധിപത്യത്തേയും രാജാധിപത്യത്തേയും അറിയപ്പെടുന്ന ഥിയോക്രസിയേയും അത് പൂര്‍ണമായും നിരാകരിക്കുന്നു.
1 അഭിപ്രായ(ങ്ങള്‍):
ഇസ്ലാം എന്നാൽ ഒരാൾ തന്റെ സ്രഷ്ടാവിന് തന്റെ ജീവിതം സമർപ്പിക്കുന്നതിലൂടെ അയാൾക്ക് കൈവരുന്ന സമാധാനമാണ്. അങ്ങിനെ സമർപ്പണത്തിന്റെ മാർഗ്ഗം തിരഞ്ഞെടുത്ത മനുഷ്യനെ മുസ്ലിം എന്ന് പറയുന്നു.
ജീവിതവും മരണവും അല്ലാഹു സ്രിഷ്ടിക്കിട്ടുള്ളത് ആരാണ് നന്നായി പ്രവർത്തിക്കുന്നത് എന്ന് പരീക്ഷിക്കുവാൻ വേണ്ടിയാകുന്നു.
സന്മാർഗ്ഗികൾക്ക് സ്വർഗ്ഗവും ദുർമാർഗ്ഗികൾക്ക് നരകവും പ്രതിഫലമായി ലഭിക്കും.
സന്മാർഗ്ഗം ഓരോരുത്തരും സ്വയം തീരുമാനിക്കുകയല്ല, മറിച്ച് പടച്ചവൻ കാലാകാലങ്ങളിൽ ദൂതന്മാരിലൂടെ നന്മയും തിന്മയും വേർതിരിച്ച് പഠിപ്പിക്കുകയായിരുന്നു. അങ്ങിനെ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) യിലൂടെയും അദ്ദേഹത്തിലൂടെ അവതരിപ്പിച്ച അന്തിമവേദഗ്രന്ഥത്തിലൂടെയും അല്ലാഹു ഇസ്ലാം മതത്തെ പൂർത്തീകരിച്ചു തന്നിരിക്കുന്നു. ഇനി ആർക്കും ദീനിൽ പുതുതായി ഒന്നും കൂട്ടിച്ചേർക്കാൻ അനുവാദമില്ല. പണ്ഡിതന്മാരും പരിഷ്കർത്താക്കളും ദീനിനെ പ്രവാചകൻ പഠിപ്പിച്ച രീതിയിൽ വിവരിച്ചുകൊടുക്കുന്നവരും ജനങ്ങൾക്ക് ബാധിക്കുന്ന വിശ്വാസവൈകല്യങ്ങളെ തിരുത്തി ഖുർആനിന്റെയും സുന്നത്തിന്റെയും യഥാർത്ഥമാർഗ്ഗത്തിലേക്ക് ജനങ്ങളെ തിരിച്ചു കൊണ്ടു വരുന്നവരുമാണ്. അവർക്കും തെറ്റു പറ്റാം. അതിനെ അന്ധമായി പിന്തുടരാൻ പാടില്ല. അടിസ്ഥാനം ദൈവിക ഗ്രന്ഥവും ദൈവദൂതന്റെ അധ്യാപനവുമായിരിക്കണം. പരിഷ്കരിച്ച് പരിഷ്കരിച്ച് പടച്ചവനും പ്രവാചകനും പഠിപ്പിച്ചതിന് എതിരാവരുത്.
ദീനിന്റെ അടിസ്ഥാനപരമായി വിശ്വാസ കാര്യങ്ങളായും കർമ്മകാര്യങ്ങളായും മൌദൂദിക്ക് മുൻപുള്ള പണ്ഡിതന്മാർ വിശദീകരിക്കിട്ടുണ്ട്. അതിന്റെ ഏറ്റവും ലളിത രൂപം താഴെകൊടുക്കുന്നു.
ഈമാൻ കാര്യങ്ങൾ:
1. അല്ലാഹുവിൽ വിശ്വസിക്കൽ
2. മലക്കുകളിൽ വിശ്വസിക്കൽ
3. വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കൽ
4. പ്രവാചകന്മാരിൽ വിശ്വസിക്കൽ
5. അന്ത്യനാളിൽ വിശ്വസിക്കൽ
6. വിധിയിൽ വിശ്വസിക്കൽ
ഇസ്ലാംകാര്യങ്ങൾ:
1. അശ് ഹദു അന്ന ലാഇലാഹ ഇല്ലല്ലാഹ് വ അശ് ഹദു അന്ന മുഹമ്മദ് റസൂലുല്ലാഹ് എന്ന് സാക്ഷ്യവചനപ്രഖ്യാപനം.(അല്ലാഹു അല്ലാതെ ആരാധനക്കർഹൻ ഇല്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നുമുള്ള ആത്മാർത്ഥമായ പ്രഖ്യാപനം)
2. നമസ്ക്കാരം
3. സക്കാത്ത്
4. നോമ്പ്
5. ഹജ്ജ്
ഇതാണ് ഇസ്ലാമിന്റെ അടിസ്ഥാനം. ഇത് പ്രവാചകൻ പഠിപ്പിച്ചതു പോലെ പിൻപറ്റി മൌദൂദി സാഹിബിന്റെ കാലം വരെയും അതിനുശേഷവും ജീവിച്ച ആളുകളും പൂർണ്ണമുസ്ലിംകളല്ലെ? മൌദൂദി സാഹിബിനെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശദീകരണത്തെക്കുറിച്ചും കോടിക്കണക്കിന് മുസ്ലിംകൾ കേട്ടിട്ടു പോലുമില്ല എന്ന് വിചാരിക്കുക. എന്നാൽ അവർ പ്രവാചകന്റെ അധ്യാപനം ശരിയായി മനസ്സിലാക്കി അനുധാവനം ചെയ്യുന്നു. അവരുടെ ഈമാനിനോ ദീനിനോ വല്ല കുഴപ്പവുമുണ്ടോ?
ഉണ്ടെങ്കിൽ നബി(സ)പഠിപ്പിച്ചത് ശരിയല്ല എന്നല്ലേ നിങ്ങളുടേ വാദം.
കുഴപ്പമൊന്നുമില്ലെങ്കിൽ മുജാഹിദ് പ്രസ്ഥാനം ഉള്ളപ്പോൾ മറ്റൊരു പ്രസ്ഥാനം ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ചതെന്തിന്? ലളിതമായി ജനങ്ങളെ പഠിപ്പിക്കേണ്ട ദീനിനെ വിശദീകരിക്കുമ്പോൾ എന്തിനാണ് ജമാ അത്തെ ഇസ്ലാമിക്ക്, മൌദൂദിസാഹിബിനെക്കുറിച്ചും സമഗ്ര രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചും സാഹിത്യശൈലിയിൽ ഒരുപാട് എഴുതേണ്ടിവരുന്നത്.?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.