'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ജൂലൈ 05, 2010

പ്രവാചക നിന്ദകന് രക്തം നല്‍കുകയോ- മഹാപാതകം??

ജാതി-മത-മതവിരുദ്ധ ബ്ലോഗര്‍മാരെല്ലാവരും ഈ ഒരാഴ്ച ഇടുന്ന ആദ്യ പോസ്റ്റ് തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിമാറ്റിയ കാടത്തത്തെ അപലപിച്ചുകൊണ്ടാകണം എന്ന് തീരുമാനിച്ചിരിക്കുന്നു. പതിവുപോലെ തലക്കെട്ടില്‍ മാത്രമാണ് സാമ്യതകുറച്ചെങ്കിലുമുള്ളത്. ലക്ഷ്യം തങ്ങളുടെ എതിരാളികളെ ഒതുക്കുക എന്നതാണോ എന്ന് തോന്നിപ്പോയി യുക്തിവാദികളുടെ ബ്ലോഗുകള്‍ വായിച്ചപ്പോള്‍. കൂട്ടത്തില്‍ അധികമാരും ശ്രദ്ധിക്കാതെ പരാമര്‍ശിക്കാതെ പോയ സംഭവത്തിന് ബ്ലോഗില്‍ കൂടുതല്‍ പ്രാധാന്യമുണ്ട് എന്ന് തോന്നി. അതിനെക്കുറിച്ചു കണ്ട ഒരു മാറ്റര്‍ ഇവിടെ ഞാന്‍ മുഴുവനായി പകര്‍ത്തുന്നു. ഇതാണ് ഇസ്‌ലാമിനെയും പ്രവാചകാധ്യാപനങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രവൃത്തി എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. വായിക്കുക:
അക്രമികളുടെ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ടി.ജെ ജോസഫിന് അടിയന്തിര ശസ്ത്രക്രീയക്ക് 10 യൂണിറ്റ് ബി-പോസിറ്റീവ് രക്തം ആവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയാ ഓര്‍ഗനൈസര്‍ വി.എ സലിമിനെയാണ് വിളിച്ചത്. അപ്പോള്‍തന്നെ 10 സോളിഡാരിറ്റി പ്രവര്‍ത്തകര്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഓടിയെത്തി രക്തം നല്‍കുകയുണ്ടായി. ഇക്കാര്യം ഞാന്‍ ഫേയ്‌സ് ബുക്കില്‍ ചിലരുടെ പോസ്റ്റുകളില്‍ കമന്റായി എഴുതിയിരുന്നു. അതിനു ശേഷം എനിക്ക് പലയിടങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തുന്ന സ്വരത്തില്‍ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രവാചകനെയും ദൈവത്തേയും നിന്ദിച്ച മനുഷ്യന് എന്തിന് രക്തം നല്‍കി എന്നതാണ് മിക്ക ഫോണുകളുടേയും ഉള്ളടക്കം. ഇനി ചില മുസ്ലിം സംഘടനകള്‍ സോളിഡാരിറ്റിയെ എതിര്‍ക്കാനുള്ള കാരണമായി ഇതും പറഞ്ഞേക്കാം. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സോളിഡാരിറ്റി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത് പ്രവാചകന്‍ മുഹമ്മദ്(സ) പ്രബോധനം ചെയ്ത ഇസ്ലാമാണ്. അതുകൊണ്ടാണ് ടി.ജെ ജോസഫിന് രക്തം നല്‍കിയത്. വേണമെങ്കില്‍ ഇനിയും നല്‍കും. ആ കുടുംബത്തിന്റെ പ്രയാസത്തില്‍ കഴിയുന്നത്ര പങ്കുചേരും. നമസ്‌കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്റ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത നരാധമന് മാപ്പ് കൊടുത്തതാണല്ലോ മുഹമ്മദ് നബിയുടെ മാതൃക. അതിലും വലിയ ഒരു പ്രവാചക നിന്ദയൊന്നുമല്ലല്ലോ ജോസഫ് ചെയ്തത്. വി നടന്നു പോകുമ്പോള്‍ തന്റെ മുകളില്‍ നിത്യേനെ ചപ്പുചവറുകളും എച്ചിലും വലിച്ചെറിഞ്ഞ പെണ്‍കുട്ടി രോഗബാധിതയായപ്പോള്‍ അടുത്ത ചെന്ന് കണ്ണീര്‍ വാര്‍ത്ത് രോഗ ശമനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണല്ലോ കാരുണ്യത്തിന്റെ പ്രവാചകന്‍ ചെയ്തത്. അവളുടെ കൈപ്പത്തി വെട്ടിമാറ്റിയില്ലല്ലോ!. ഈ പ്രവാചകന്റെ ദര്‍ശനത്തില്‍ നിന്ന് പ്രവര്‍ത്തിക്കുനന് സോളിഡാരിറ്റിക്ക് ജോസഫിന് രക്തം നല്‍കാന്‍ മടിയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട് നേരിട്ട് കൊടിയ ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള പരിശ്രമമാണ് സോളിഡാരിറ്റിയുടേത്. എന്നോട് ഫോണില്‍ വിളിച്ച് ഒരാള്‍ പറഞ്ഞത് സോളിഡാരിറ്റി ഭീരുക്കളായതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ്. കാരുണ്യവാന് മാത്രമേ ധീരനാവാന്‍ സാധിക്കുകയുള്ളൂ. ക്രൂരന്‍മാരാവുക എപ്പോഴും ഭീരുക്കളുമാണ്. വൃദ്ധയായ മാതാവിന്റെ ഭാര്യയുടെ സഹോദരിയുടെ മുനിനിലിട്ട് ഒരാളെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നത് എന്ത് ധീരതാണ് സുഹൃത്തുക്കളേ!. അത് ചെയ്ത നിങ്ങളും ഗര്‍ഭത്തിലെ കുഞ്ഞിനെ ശൂലത്തില്‍ കുത്തിയെടുത്ത നരാധമന്‍മാരും തമ്മില്‍ എന്ത് വ്യത്യാസം? പിഞ്ച് വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയവരും നിങ്ങളും തുല്യര്‍ തന്നെയാണ്!.

NB:- എന്നെ തട്ടിക്കളയും എന്ന് ഭീഷണി മുഴക്കിയവരോട് - നിങ്ങള്‍ക്ക സ്വാഗതം. (അന്വേഷിച്ചപ്പോള്‍ എല്ലാ ഫോണുകളും കോയിന്‍ ബൂത്തുകളില്‍ നിന്നാണ്. മര്യാദക്ക് ഭീഷണിപ്പെടുത്താന്‍ പോലും ധൈര്യമില്ലാത്തവര്‍)


18 അഭിപ്രായ(ങ്ങള്‍):

Noushad Vadakkel പറഞ്ഞു...

ജമാഅത്തെ ഇസ്ലാമിയോടും , സോളിടാരിടിയോടും വിയോജിപ്പുകള്‍ നില നിര്‍ത്തി തന്നെ പറയട്ടെ ഏതൊരു മുസ്ലിമും ഇത്തരം സാഹചര്യങ്ങളില്‍ ഇസ്ലാമിന്റെ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ഇപ്രകാരം പെരുമാറാന്‍ ബാദ്ധ്യസ്ഥരാണ് ....

രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാനുള്ള പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്‌' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .

മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .
കൂടുതല്‍ പ്രതിഷേധങ്ങള്‍ ഇവിടെ വായിക്കാം

poor-me/പാവം-ഞാന്‍ പറഞ്ഞു...

മിസ്റ്റെര്‍ ലത്തീഫ്
ഇത്തവണ നിങളെ എതിര്‍ത്തെഴുതുവാന്‍ യുക്തിയും ബുദ്ധിയും ഉള്ള ആര്‍ക്കും ആകില്ല...

Unknown പറഞ്ഞു...

ലത്തീഫിന്റെ അത്മാര്തതയെ ചോദ്യം ചെയ്യാതെ തന്നെ പറയട്ടെ, താങ്കളുടെ വ്യാഖ്യാനങ്ങള്‍ ആണോ യഥാര്‍ത്ഥ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍. നിറയെ യുദ്ധവും തല വെട്ടലും ഉള്ള ഈ പോത്തകതെ വീര്യം കുറഞ്ഞു നേരെ വിപരീത ആശയത്തില്‍ അവതരിപ്പിക്കാനുള്ള താങ്കളുടെ ശ്രമങ്ങള്‍ കയ്യൂക്കുള്ളവരുടെ മുന്നില്‍ വിലപ്പോകില്ല എന്ന് മനസിലായിക്കാണുമല്ലോ?
ദയവു ചെയ്തു ഈ കപട ന്യായീകരണങ്ങള്‍ നിര്‍ത്തുക, വിട്ടു പോകുന്നവര്‍ പോകട്ടെ. സ്വന്തം മതത്തെ സംരക്ഷിക്കാന്‍ ദൈവത്തിനു നിങ്ങളുടെ സഹായം ആവശ്യമില്ല. മത വിശ്വാസം മൂലമുള്ള മൃഗ മനസ്സ് മാറി അവര്‍ നല്ല മനുഷ്യരായി തീരട്ടെ. അത് ഈ സമൂഹത്തിനു മൊത്തം നല്ലതായി ഭാവിക്കുകയും ചെയ്യും.

PM NISHAD പറഞ്ഞു...

സോളിടാരിടിയുടെ അവസോരോജിത ഇടപെടലിനോടു കടപ്പാട്. അവരുടേത് ഇസ്ലാമിക മാര്‍ഗ്ഗം തന്നെ. പിന്തുണയ്ക്കുന്നു.
poor-me/പാവം-ഞാന്‍-നോട് യോജിക്കുന്നു.

Salim PM പറഞ്ഞു...

ശ്ലാഖനീയം

Salim PM പറഞ്ഞു...

Amar Akbar

താങ്കള്‍ ദയവുചെയ്ത് ഖുര്‍ആന്‍ ഓരുതവണയെങ്കിലും നിഷ്പക്ഷ മനസ്സോടെ മുഴുവന്‍ വായിക്കുക. അതിനു ശേഷമാകട്ടെ വിമര്‍ശനം.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

അടിക്കടി തീവ്രവാദവും വര്‍ഗീയവാദവും ഇനി മറ്റേതെങ്കിലും 'വാദ'ങളൊക്കെ ഉണ്ടെങ്കില്‍ അതെല്ലാം യാതൊരു ഉളുപ്പുമില്ലാതെ ഇസ്‌ലാമിണ്റ്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും ഒക്കെ മേല്‍ ആരോപിക്കുകയും തങ്ങളുടെ ബ്ളോഗിലൂടെ സാധ്യമായത്രെ വിഷം വമിപ്പിക്കുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണു സോളിഡാരിറ്റിയുടേ പ്രവര്‍ത്തി. ബ്ളോഗുകളിലൂടെ കാളകൂടം നിറക്കുന്നവര്‍ക്കെതിരില്‍ വാക്കുകള്‍കൊണ്ടല്ല പ്രവര്‍ത്തിയിലൂടെയാണു സോളിഡാരിറ്റി മറുപടി പറഞ്ഞത്‌. അഭിനന്ദങ്ങള്‍. മതവിശ്വാസം മൂലം അന്ധരായ അക്രമികളെ അവരുടെ സ്വാഭാവിക പ്രതികരണമായി കണ്ട്‌ സോളിഡാരിറ്റി യൂത്ത്‌ മൂവ്മെണ്റ്റ്‌ പിണറായി വിജയനെപോലെ തരം താഴ്ന്നില്ല. ഇത്തരം മത-മാനുഷ്യക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന സംഘടനകള്‍ സമൂഹത്തിനാവശ്യമാണു. യുക്തിവാദി സുഹ്രുത്തുക്കളൂടെ 'ഭരണി പാട്ടി'നെക്കാള്‍ എത്രയോ ഉന്നതിയിലാണു സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍. കുളം കലക്കി മീന്‍പിടിക്കാന്‍ നടക്കുന്ന ചിലര്‍ക്ക്‌ സോളിഡാരിറ്റിയുടെ ഈ പ്രവര്‍ത്തി കരണത്തുകൊണ്ട ശക്താമയൊരടിയാണു. തീര്‍ച്ചയായും കലക്കല്‍ വിദ്വാന്‍മാര്‍ക്ക്‌ ഇത്‌ അരോചകമായിരിക്കും.

CKLatheef പറഞ്ഞു...

ഇവിടെ അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി. വിഷം ഇവിടെ വിലപോവില്ല എന്നറിഞ്ഞതുകൊണ്ടായിരിക്കും ഇ.എ.ജബ്ബാറിന്റെ ബ്ലോഗില്‍ ലിങ്ക് നല്‍കിയിട്ടും നൂറോളം പേര്‍ ഇന്നിവിടെ സന്ദര്‍ശിച്ചിട്ടും ഇസ്‌ലാമിനെതിരെ വാളെടുക്കാന്‍ ഇവിടെ തയ്യാറാകാതിരുന്നത് എന്ന് കരുതുകയാണ്.

മാത്രമല്ല, പ്രകോപനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമെതിരെ സോളിഡാരിറ്റിയുടെ ശൈലിയാണ് സ്വീകാര്യം. അവര്‍ സ്‌നേഹം പ്രകടിപ്പിച്ചാണ് മറുപടി പറഞ്ഞത് അതുകൊണ്ടുകൂടിയാണ് ഇവിടെ വിയോജിപ്പുകള്‍ കുറഞ്ഞു പോയത്. നന്മയെ മനുഷ്യന്‍ അംഗീകരിക്കുന്നു. വാചകകസര്‍ത്തുകള്‍ക്ക് പോലും കഴിയാത്തത് സോളിഡാരിറ്റി കാണിച്ചുകൊടുത്തു. ഇതില്‍ കേരള ജനതക്ക് പാഠമുണ്ട്. ഇസ്‌ലാമിനെ ജീവിതത്തില്‍ പകര്‍ത്തുക. എനിക് ഒരു മുസ്‌ലിം അയല്‍ക്കാരനെ ആവശ്യമുണ്ട് എന്ന് ജോസഫും രാമനും പറയും. സത്യം. മഹാഭൂരിപക്ഷം വരുന്ന സമാധാന പ്രേമികളായ മതവിശ്വാസികളെ പരിഗണിക്കാതെ ന്യൂനാല്‍ന്യൂനപക്ഷം ചെയ്യുന്ന അതിക്രമത്തിന് പരിഹാരം മഹാഭൂരിപക്ഷത്തിന് സമാധാനവും സ്‌നേഹവും നല്‍കാന്‍ പ്രേരകമായ വിശുദ്ധഖുര്‍ആനെ വലിച്ചെറിച്ച് യുക്തിവാദികളെപ്പോലെ പരസ്പരം കടികൂടാന്‍ പ്രേരിപ്പിക്കുന്ന മാര്‍ഗം തെരഞ്ഞെടുക്കാന്‍ ഉപദേശിക്കുന്ന ബൂലോക പുലികളോട് സ്‌നേഹപൂര്‍വം വിയോജിക്കാനെ ഇപ്പോള്‍ കഴിയൂ.

ഷാനിദ് അലി പറഞ്ഞു...

സോളിടരിടിയുടെ പ്രവര്തിയോടു നൂറു ശടമാനം യോചിക്കുന്നു ...

CKLatheef പറഞ്ഞു...

@Amar Akbar ,

>>> ലത്തീഫിന്റെ അത്മാര്തതയെ ചോദ്യം ചെയ്യാതെ തന്നെ പറയട്ടെ, താങ്കളുടെ വ്യാഖ്യാനങ്ങള്‍ ആണോ യഥാര്‍ത്ഥ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍. നിറയെ യുദ്ധവും തല വെട്ടലും ഉള്ള ഈ പോത്തകതെ വീര്യം കുറഞ്ഞു നേരെ വിപരീത ആശയത്തില്‍ അവതരിപ്പിക്കാനുള്ള താങ്കളുടെ ശ്രമങ്ങള്‍ കയ്യൂക്കുള്ളവരുടെ മുന്നില്‍ വിലപ്പോകില്ല എന്ന് മനസിലായിക്കാണുമല്ലോ? ദയവു ചെയ്തു ഈ കപട ന്യായീകരണങ്ങള്‍ നിര്‍ത്തുക, വിട്ടു പോകുന്നവര്‍ പോകട്ടെ. സ്വന്തം മതത്തെ സംരക്ഷിക്കാന്‍ ദൈവത്തിനു നിങ്ങളുടെ സഹായം ആവശ്യമില്ല. മത വിശ്വാസം മൂലമുള്ള മൃഗ മനസ്സ് മാറി അവര്‍ നല്ല മനുഷ്യരായി തീരട്ടെ. അത് ഈ സമൂഹത്തിനു മൊത്തം നല്ലതായി ഭാവിക്കുകയും ചെയ്യും.<<<

പ്രിയ സുഹൃത്തേ താങ്കള്‍ ബുദ്ധിമാറ്റിവെച്ചാണ് സംസാരിക്കുന്നത്. ഞാന്‍ പറയുന്നത് പോലുള്ള ഖുര്‍ആന്റെ വിശദീകരണവും വ്യാഖ്യാനവും വായിച്ചവരുടെ പ്രവര്‍ത്തനമാണ് മുകളിലെ പോസ്റ്റില്‍ വായിച്ചത്. അത്തരക്കാര്‍ സമൂഹത്തില്‍ ഉണ്ടാകരുതെന്നും. മൃഗമനസ്സുള്ളവര്‍ വര്‍ദ്ധിക്കണമെന്നുമാണോ താങ്കളാഗ്രഹിക്കുന്നത്. അത്തരം അക്രമികളെ മനുഷ്യരാക്കുന്നതിന് വേണ്ടിയാണ് എന്നെ പോലുള്ളവര്‍ അധ്വോനിക്കുന്നവര്‍, ഖുര്‍ആന്‍ ആളുകളുടെ കഴുത്തുവെട്ടാനാണ് കല്‍പിക്കുന്നത് എന്ന് ഖുര്‍ആന്‍ വ്യാഖ്യാനം നല്കുന്ന യുക്തിവാദികള്‍ ചെയ്യുന്നത് അത്തരം അക്രമികള്‍ക്ക് മതപരമായ ന്യായം നല്‍കുകയും. മേലിലെങ്കിലും യുക്തിയോടെ അഭിപ്രായം പറയുക.

ഷൈജൻ കാക്കര പറഞ്ഞു...

നമുക്ക്‌ അപലപിക്കാം... പ്രതികരിക്കാം... പൊതുസമൂഹം ഉണർന്നിരിക്കണം... കൈ വെട്ടുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം... അതിന്‌ പരിശ്രമിക്കുന്ന നിയമപാലകരെ സഹായിച്ചില്ലെങ്ങിലും അവരുടെ ശ്രമത്തെ തടയരുത്‌... അക്രമത്തിന്റെ കാരണം മതമായാലും രാഷ്ട്രീയമായാലും ന്യായികരണമില്ല...

ചുവപ്പ്‌ സ്നേഹത്തിന്റെ പ്രതീകമാണ്‌, അതേ നമ്മുടെ രക്തത്തിന്റെ നിറം തന്നെ. കൈ വെട്ടുന്നവരുടെ രക്തത്തിന്റെ നിറം ചുവപ്പല്ല, അതിനാൽ തന്നെ സ്വന്തം രക്തത്തിന്റെ നിറമാണൊ ഈ ക്രിമിനലുകൾക്ക്‌ എന്ന്‌ തെറ്റിദ്ധരിച്ച്‌ നരാധമന്മാരെ പിൻതുണക്കരുത്‌...

ഞാനും,ഈ പരന്ന ഗോളവും പറഞ്ഞു...

നുറ്റാണ്ട്കല്‍ക് മുനബ് പ്രവാചകന്‍ നടന്ന അതെ വഴികളിലുടെ യാത്ര ചെയ്യുന്ന ഒരു യാത്ര സംഗത്തെ കാണുന്ന കൌതുകമാണ് സോളിഡാരിറ്റി യുടെ പ്രവര്‍ത്തനങ്ങള്‍ കാണുബോള്‍ തോന്നുന്നത് ,വല്ലാത്ത അഭിമാനവും

CKLatheef പറഞ്ഞു...

വായിച്ച് അഭിപ്രായം പറഞ്ഞ...

നൗഷാദ്,

പാവം ഞാന്‍ ,

അമര്‍ അകബര്‍ ,

പി.എം. നിഷാദ് ,

കല്‍കി ,

കുരുത്തം കെട്ടവന്‍ ,

ശാനിദ് അലി,

കാക്കര,

ഇറ്റ്മീസലാം

എല്ലാവര്‍ക്കും നന്ദി.

CKLatheef പറഞ്ഞു...

@കാക്കര,

അപലപിക്കുകയും പ്രതികരിക്കുയും ഉണര്‍ന്നിരിക്കുകയും വേണം.

ബ്ലോഗുകള്‍ പരിശോധിച്ചാല്‍ അറിയാം. ഈ കൈവെട്ടല്‍ ആര്‍ക്കാണ് പ്രയോജനം ചെയ്തതെന്ന് അതേതായാലും ഇസ്‌ലാമിനല്ല എന്ന കാര്യത്തില്‍ അതിന്റെ വിരോധികള്‍ക്ക് പോലും സംശയമുണ്ടാവില്ല. യഥാര്‍ഥത്തില്‍ ഇപ്പോഴാണ് പ്രവാചകനും ഇസ്‌ലാമും നിന്ദിക്കപ്പെട്ടത്. പൊതുസമൂഹത്തിന് തീര്‍ചയായും ഉത്തരവാദിത്തമുണ്ട്. അവരുടെ ജാഗ്രതതന്നെയാണ് അന്നും ഇന്നും പ്രശ്‌നം കൂടുതല്‍ വഷളാവാതെ കാത്തത്. ഉത്തരേന്ത്യയില്‍ ഇതിലും ചെറിയ പ്രശ്‌നങ്ങള്‍ പോലും നൂറുകണക്കിന് ആളുകളുടെ നാശത്തില്‍ കലാശിക്കുന്നത് നാം കാണാറുണ്ട്. തീര്‍ചയായും എന്തൊക്കെ പറഞ്ഞാലും ഭരകൂടത്തിനും നിയമപാലകര്‍ക്കും ഈ സമാധാന ശ്രമത്തില്‍ പങ്കുണ്ട്.

ആര്‍ക്ക് വേണ്ടി എന്തിന് വേണ്ടിയാണിത് ചെയ്യുന്നത് എന്നാണ് എനിക്കറിയാത്തത്. ഇസ്‌ലാമിനെക്കുറിച്ചറിയാത്തവര്‍ക്ക് ഇസ്‌ലാമിന് വേണ്ടിയാണിതെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും ഇസ്ലാമിക ദര്‍ശനത്തെക്കുറിച്ച് സമാന്യധാരണയുള്ളവര്‍ക്കറിയാം ഇന്നലെ നടന്നത് മതവിരുദ്ധമായ കാര്യമാണെന്ന്. കൈവെട്ടിയവരാണ് ഇസ്‌ലാമിന്റെ യഥാര്‍ഥ മാര്‍ഗം സ്വീകരിക്കുന്നവര്‍ എന്ന പറയുന്നവര്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന അധമരാണ്.

അതോടൊപ്പം ഈ അതിക്രമത്തെ അപലപിക്കുന്നതില്‍ നിര്‍ത്താതെ ഇത് ഇസ്‌ലാമിന്റെ സഹജസ്വഭാവമാണ് എന്ന നിലക്ക് വിഷയത്തെ വിപുലീകരിക്കാന്‍ ശ്രമിക്കുന്നത് തെറ്റിനെതിരെ കൂട്ടായി പ്രതികരിക്കാനുള്ള ശക്തിയെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇന്ന് പലസ്ഥലത്തും നടന്ന ചര്‍ചയില്‍ കാണാന്‍ കഴിഞ്ഞതതാണ്. അതുകൊണ്ടാണ് ചിലര്‍ക്കൊക്കെ കേരളത്തില്‍ ആദ്യമായി നടന്ന സംഭവമല്ല ഇതെന്നും ഇപ്രകാരമോ ഇതിലധികമോ ആയ പ്രതികരണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നുമില്ലാത്ത ഒരുവിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ് പോയത്. അതോടെ അത് പറഞ്ഞയാള്‍ കുറ്റവാളികളെ അനുകൂലിച്ചു എന്ന നിലക്ക് ചര്‍ചമാറുകയും പിന്നീട് കുറ്റവാളിയെപോലെ കരുതുകയുമാണ് ചെയ്തത്. ഇതൊക്കെ ആരോഗ്യകരമായ ഒരവസ്ഥയിലേക്കാണ് നയിക്കുക എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചോ എന്നറിയില്ല.

നമ്മുടെ നാട് വര്‍ഗീയ ദ്രുവീകരണത്തിലേക്ക് നീങ്ങിയാല്‍ അതിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടിവരിക ഏതെങ്കിലും ഒരു വിഭാഗമായിരിക്കില്ല എന്ന് ആര്‍ക്കാണ് അറിയാത്തത്. അതിനാല്‍ കുറ്റവാളികള്‍ ആരായാലും അവര്‍ക്കെതിരെ മതവും ജാതിയും നോക്കാതെ കൈകോര്‍ക്കാം.

Unknown പറഞ്ഞു...

പ്രസ്തുത ഗ്രന്ഥം വായിക്കുമ്പോള്‍ അതില്‍ അക്രമവും വെറുപ്പും തന്നെയാണ് മുഴച്ചു നില്‍ക്കുന്നതായി തോന്നിയിട്ടുള്ളത്. ആരുടെയും വികാരം വ്രണപ്പെടുത്താന്‍ പറയുന്നതല്ലിത്. പ്രവാചകന്‍ എന്ന് അവകാശപ്പെടുന്ന ആളുടെ ജീവിതം തന്നെ നോക്കുക. അദ്ദേഹം എത്ര യുദ്ധങ്ങള്‍ നടത്തിയിരിക്കുന്നു, എത്ര കൊലപാതകങ്ങള്‍, എത്ര വിവാഹങ്ങള്‍ - ഒരു കൊച്ചു കുട്ടി ഉള്‍പ്പെടെ, മനുഷ്യരെ അടിമകളായി വച്ചിരുന്നു. അടിമ സ്ത്രീകളെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിചിര്രുന്നു. ഇങ്ങനെ ഒരാളെ ഏതെങ്കിലും ദൈവം തന്റെ പ്രവാചകനായി തിരഞ്ഞെടുക്കുമെന്ന് സങ്കല്പിക്കാന്‍ പോലും കഴിയുന്നില്ല. അദ്ദേഹം വിമര്‍ശനങ്ങള്‍ക്ക് അതീതന്‍ എന്ന് പറയുന്നതിന്റെ രഹസ്യം ഈ വസ്തുതകള്‍ തന്നെ ആണ്.
ഞാന്‍ മുസ്ലിങ്ങളെ സ്നേഹിക്കുന്നു . ഇസ്ലാമിനെ വെറുക്കുന്നു.
സോളിഡാരിറ്റിയുടെ രക്തദാനം നല്ല കാര്യം തന്നെ. പക്ഷെ വേറെ ആരും ചെയ്യാത്തത് അവര്‍ ചെയ്തു എന്ന് അവകാശപ്പെടാന്‍ പറ്റില്ല. സംശയ നിഴലില്‍ നില്‍ക്കുന്നവര്‍ക്ക് തങ്ങളുടെ മുഖം സംരക്ഷിക്കെണ്ടതൊരു ആവശ്യം മാത്രം. ഇനി അവര്‍ സദ്‌ ഉദ്ദേശത്തോടെ ചെയ്യുകയും നന്മയില്‍ തുടരാനഗ്രഹിക്കുകയും ചെയ്യുന്നെകില്‍ അവര്‍ക്കും മറ്റുള്ളവര്‍ക്കും നന്ന്. ഇവിടെ എല്ലാവരും സഹോദരെ പോലെ കഴിയുന്ന നാടാണ്. ആര്‍ക്കും അവഗനകള്‍ ഒന്നും ഇല്ല. ഇല്ലാത്ത അവഗണനയുടെ പേര് പറഞ്ഞു മനപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കരുത്.

CKLatheef പറഞ്ഞു...

അമര്‍ അക്ബര്‍ , മുഹമ്മദ് ഷാന്‍ തുടങ്ങിയ മുസ്‌ലിം പേരുകളിലൊക്കെ വന്ന് ചിലര്‍ (ഈ പേരൊക്കെ സത്യമാണെന്ന് തന്നെ കരുതുന്നു) പറയുന്നത് കേള്‍ക്കുമ്പോള്‍ ഇവര്‍ ഇത്രയും കാലം ഇസ്‌ലാമിനെയോ പ്രവാചകനെയോ ഇവ്വിധം തെറ്റിദ്ധരിച്ചതിന് ആരാണ് ഉത്തരവാദി എന്ന് ചിന്തിച്ചുപോകുന്നു. വാക്കിലോ ആശയത്തിലോ ഇവര്‍ ഒരു കൊച്ചുപുസ്തകം പോലും ഇസ്‌ലാമിനെക്കുറിച്ചുള്ളത് നേര്‍ക്ക് നേരെ വായിച്ചതായി തോന്നില്ല. ബ്ലോഗിലുള്ള യുക്തിവാദികളുടെ ലേഖനങ്ങള്‍ മാത്രം വായിച്ച് അപ്പടി ചര്‍ദ്ദിക്കുന്നു.

ആമുഖമായി ഇത്രയും പറയാന്‍ കാരണം. അവര്‍ക്ക് തന്നെ ചില കാര്യങ്ങള്‍ സ്വയം ബോധ്യം വരാനാണ്. നിങ്ങള്‍ മുസ്ലിം നാമധാരികളായിരിക്കെ എത്രവികലമായിട്ടാണ് ഞങ്ങള്‍ മനസ്സിലാക്കുന്നതില്‍നിന്ന് ഭിന്നമായി മനസ്സിലാക്കുന്നത് എന്ന് ശ്രദ്ധിക്കുക. ആര്‍ക്കും ഏത് മതവും ഇവ്വിധം അതിന്റെ യഥാര്‍ഥ രൂപത്തില്‍നിന്ന് തെറ്റായി വ്യാഖ്യാനിക്കാവുന്നതും പ്രവര്‍ത്തിക്കാവുന്നതുമാണ്. ആ വിധത്തില്‍ വിശുദ്ധഖുര്‍ആനെയും പ്രവാചകനെയും തെറ്റായി മനസ്സിലാക്കുന്നവരുടെ ചെയ്തികളാണ് യഥാര്‍ഥമെന്നും അല്ലാത്തതൊക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും പറയുന്നതിലെ വൈരുദ്ധ്യവും കുടിലതയും നിങ്ങള്‍ക്ക് മനസ്സിലാകാതെ പോകുന്നതെന്താണ്. നിങ്ങളെ ഉദ്ധരിച്ചാല് ഒരാള്‍ക്ക് ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ കഴിയുമോ.

നിങ്ങള്‍ക്ക് ഖുര്‍ആന്‍ വായിക്കുമ്പോള്‍ അതില്‍ അക്രമവും വെറുപ്പുമാണ് കാണാന്‍ കഴിയുന്നതെങ്കില്‍ ലോകത്ത് ഭൂരിപക്ഷം വരുന്ന ആ മതത്തെ ആചാരത്തിലും അനുഷ്ഠാനത്തിലും നിയമനിര്‍ദ്ദേശത്തിലും പിന്തുടരുന്ന മഹാഭൂരിപക്ഷത്തിന് അതില്‍ സ്‌നേഹവും കാരുണ്യവുമാണ് കാണാന്‍ കഴിയുന്നത്. കാരുണ്യവാന്‍ കരുണാനിധി എന്ന് എന്ന രണ്ട് നാമവിശേഷണം കൊണ്ടാണ് അവയില്‍ ഏത് അധ്യായവും ആരംഭിക്കുന്നത് തന്നെ. പ്രവാചകനെ സംബന്ധിച്ച് ലോകത്തിന് കാരുണ്യമായിട്ടാണ് അയക്കപ്പെട്ടത് എന്നാണ്. അദ്ദേഹത്തിന്റെ ജീവിതം ആധികാരിക ഗ്രന്ഥങ്ങളില്‍നിന്ന് പഠിക്കാന്‍ അവസരം ലഭിക്കുന്ന പക്ഷം താങ്കള് പ്രകടിപ്പിച്ച ഇത്തരം തെറ്റിദ്ധാരണ ഉണ്ടാവുകയില്ല. അല്ലെങ്കില്‍ ജീവിതാവസാനം വരെ 'ഞാന്‍ മുസ്ലിംകളെ സ്‌നേഹിക്കുന്നു. ഇസ്‌ലാമിനെ വെറുക്കുന്നു'. എന്ന വൈരുദ്ധ്യം നിറഞ്ഞ ജബ്ബാറിയന്‍ മുദ്രാവാക്യം ഉരുവിട്ട് കാലം കഴിക്കേണ്ടി വരും.

CKLatheef പറഞ്ഞു...

@ Amar Akbar

ഇസ്‌ലാമിനെക്കുറിച്ച് മിനിമം മദ്രസാവിദ്യാഭ്യാസമെങ്കിലും (ഇത് പറയുമ്പോള്‍ ഞാന്‍ ജമാഅത്ത് കോളേജില്‍ പഠിച്ചതാണ് എന്ന് പറയുന്ന ഒരു വിദ്വാനെ എനിക്ക് പരിചയമുണ്ട്) ഉള്ളവര്‍ക്കെ ഇവിടെ നടക്കുന്ന ചര്‍ചകളില്‍ എന്തെങ്കിലും ക്രിയാത്മകമായ പറയാന്‍ കഴിയൂ. അതിനാല്‍ താങ്കളെപോലുള്ളവര്‍ ആദ്യം താങ്കളിവിടെ സൂചിപ്പിക്കപ്പെട്ട വിഷയത്തില്‍ എന്റെ യുക്തിവാദികളും ഇസ്ലാമും ബ്ലോഗില്‍ നടന്ന വിശദമായ ചര്‍ച വായിക്കുക.

ഇസ്‌ലാമിക ചിന്തകന്‍മാര്‍ വ്യക്തമായ ദിശാബോധം നല്‍കുന്നതിന് മുമ്പ്, ഇവിടെ താങ്കള്‍ അനുഭവിക്കുന്ന അടിമ, വിധേയ മനസ്സ് മുസ്ലിം ചെറുപ്പക്കാര്‍ പൊതുവെ പ്രകടിപ്പിച്ചിരുന്നു. പക്ഷെ സോളിഡാരിറ്റിയെ പോലെ ഒരു വിഭാഗത്തിന് തങ്ങളുടെ ദൗത്യം ഒരു സമൂഹത്തിന് ദിശാബോധം നല്‍കാനുള്ളതാണ് എന്നറിയാം. അതിനാല്‍ അവര്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ മുന്നില്‍ നടക്കും. ആക്ഷേപവും പരിഹാസവും പ്രലോപനവും പ്രകോപനവും പീഢനവും അവര്‍ ഈ മാര്‍ഗത്തില്‍ സ്വാഭാവികമായി തന്നെ പ്രതീക്ഷിക്കുന്നുണ്ട്.

പക്ഷെ താങ്കളുടേത് ഇതിലൊന്നുമല്ല. അജ്ഞതയില്‍നിന്നുണ്ടാക്കുന്ന ഒരു വെപ്രാളം മാത്രം. അതിനാല്‍ നിങ്ങളോട് സഹതാപമേ അവര്‍ക്കുണ്ടാകൂ. താങ്കള്‍ വായിക്കേണ്ടത് ആദ്യം ഇവിടെയാണ്. താങ്കള്‍ യുക്തിവാദി അല്ലായിരിക്കാം. പക്ഷെ താങ്കളുടെ വാദം അവരുടെ വാദത്തിന്റെ ചുവടുപിടിച്ചാണ്.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

മനുഷ്വത്വവും സ്നേഹവും ഈ ഭൂമിയില്‍ നിന്നും പൂര്‍ണ്ണമായ്‌ വറ്റിപ്പോയിട്ടില്ല. അഭിനന്ദനങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK