'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, സെപ്റ്റംബർ 30, 2010

മുഖംമൂടിയണിഞ്ഞ ജമാഅത്തെ ഇസ്‌ലാമി ?

 കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ജമാഅത്തെ ഇസ്‌ലാമിയും വിമര്‍ശകരും എന്ന പോസിന്റെ ചര്‍ചയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ അഭിപ്രായ പ്രകടനത്തില്‍നിന്നുള്ള താഴെ നല്‍കിയ ഏതാനും വരികളാണ് ഈ പോസ്റ്റിന്റെ പ്രചോദനം. തുടര്‍ന്ന് വായിക്കുക:
[[[ 'എങ്കിലും ഈ വിഷയത്തില്‍ അല്പം dissent രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ആര് നല്ല കാര്യങ്ങള്‍ ചെയ്താലും appreciate ചെയ്യണം. പക്ഷെ ഇവിടെ താങ്കള്‍ അല്പം carried away ആയില്ലേ എന്നൊരു സംശയം. ജമാ അത്തെ ഇസ്ലാമി ഒരു islamic fundamentalist organization ആണ്. അല്ലെന്നു Mr. CK Lateef പോലും പറയുമെന്ന് തോന്നുന്നില്ല. എത്ര പൊതിഞ്ഞു പറഞ്ഞാലും, ജമാ അത്തെ ഇസ്ലാമിയുടെ ലക്‌ഷ്യം ഒരു ഇസ്ലാമിക്‌ ഭരണം (hukumat-e-elahi) ഇന്ത്യയില്‍ സ്ഥാപിക്കുക എന്നതാണ്. Would you say that is a lofty ideal? I am not at all against Islam - I think it is a very scientific and organized religion. It is hard to imagine it was founded by a mortal human - I think there was some devine intervention in the life of Prophet Mohammed which is why he could achieve so much. Anyway, irrespective of all my appreciation to the inherant beauty of Islam, I believe in any modern society the role of religion should be limited.' ]]]

ഹുക്കൂമത്തെ ഇലാഹി എന്നാല്‍ ഇസ്‌ലാമിക ഭരണം എന്നല്ല അര്‍ഥം. ഇസ്‌ലാമിക ഭരണമെന്നാല്‍ അപകടകരമായ ഒരു കാര്യമാമാണ്   എന്ന് സ്വയം കരുതുന്നതുകൊണ്ടല്ല ഈ തിരുത്ത്; മറിച്ച്  അതിന്റെ  അര്‍ഥമോ ഉദ്ദേശ്യമോ അതല്ലാത്തതുകൊണ്ടാണ്. എന്തൊക്കെ പറഞ്ഞാലും മഹാഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം കേവലം ഒരു മതമാണ്. അഥവാ അങ്ങനെ തെറ്റിദ്ധരിച്ചിരിക്കുന്നു. അതുകൊണ്ട് എന്താണോ  ഹുക്കൂമത്തെ ഇലാഹി കൊണ്ട് ജമാഅത്ത് അര്‍ഥമാക്കുന്നത് അതല്ല സമൂഹം ഉള്‍കൊള്ളുക എന്നതിനാല്‍ ആ പ്രയോഗം ജമാഅത്ത് ഉപയോഗിക്കാറില്ല. എന്നാല്‍ വിമര്‍ശകര്‍ക്ക് തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യത അതിലാണ് കൂടുതലുള്ളത് എന്നതിനാല്‍ കാരശേരി മുട്ടിന് മുട്ടിന് അത് പറഞ്ഞുകൊണ്ടിരിക്കും അതുകേട്ട് മറ്റുള്ളവരും.

ഇസ്‌ലാമിക ഭരണമെന്നാല്‍ ജമാഅത്തിന് ഒരു കാഴ്ചപ്പാടുണ്ട് അതവര്‍ വിശദീകരിക്കുന്നുമുണ്ട്. എന്നാല്‍ അത് മനസ്സിലാക്കി ആരോഗ്യകരമായ ഒരു ചര്‍ചക്ക് ആരും സന്നദ്ധത പ്രകടിപ്പിക്കുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ആത്യന്തിക ലക്ഷ്യം ഇസ്‌ലാമിക ഭരണമാണെന്ന് അത് എവിടെയും പറയുന്നില്ല. 'ഹുകൂമത്തെ ഇലാഹി' എന്ന് പറഞ്ഞപ്പോഴും 'ഇഖാമത്തുദ്ദീന്‍ ' എന്ന് പറഞ്ഞപ്പോഴും ജമാഅത്ത് അതുകൊണ്ടുദ്ദേശിച്ചത് കേവല ഭരണമാറ്റമല്ല. എന്നാല്‍ ജമാഅത്ത് അതാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നു. അത് കേട്ട് തെറ്റിദ്ധരിച്ചവര്‍ ജമാഅത്തിന്റെ വിശദീകരണം കേള്‍ക്കുമ്പോള്‍ ജമാഅത്ത് തങ്ങളുടെ യഥാര്‍ഥ  ഉദ്ദേശ്യം ഇതുവരെ മറച്ചുവെച്ചതുപോലെ കരുതുന്നു. കൂടുതല്‍ പഠനത്തിന് അവര്‍ സമയം കാണുന്നുമില്ല.

എന്താണ് 'ഇഖാമത്തുദ്ദീന്‍ ' ഇത് ജമാഅത്തെ ഇസ്‌ലാമി നിശ്ചയിച്ച ഒരു സ്വയംകൃത ലക്ഷ്യമാണോ. മുസ്‌ലിംകളില്‍ ആര്‍ക്കും അങ്ങനെ പറയാനാവില്ല കാരണം ഒരു സമൂഹമെന്നനിലയില്‍ മുസ്ലിംകളുടെ മേല്‍ ഖുര്‍ആനിലൂടെ അല്ലാഹു നിയമമാക്കിയതാണ് അത്. ഖുര്‍ആന്‍ പറയുന്നത് കാണുക:

നൂഹിനോട് അനുശാസിച്ചിട്ടുണ്ടായിരുന്നതും ദിവ്യസന്ദേശം വഴി ഇപ്പോള്‍ നിന്നിലേക്കയച്ചിട്ടുള്ളതും ഇബ്റാഹീം, മൂസാ, ഈസാ എന്നിവരോടനുശാസിച്ചിരുന്നതുമായ അതേ ദീനിനെത്തന്നെ നിങ്ങള്‍ക്ക് നിയമിച്ചുതന്നിരിക്കുന്നു; ഈ ദീനിനെ നിലനിര്‍ത്തുവിന്‍ ‍, അതില്‍ ഭിന്നിക്കരുത് എന്ന താക്കീതോടുകൂടി. പ്രവാചകന്‍ ‍, പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ഈ സംഗതി ബഹുദൈവവിശ്വാസികള്‍ക്ക് ഏറ്റം അസഹ്യമായിത്തീര്‍ന്നിരിക്കുന്നു. താന്‍ ഇച്ഛിക്കുന്നവനെ, അല്ലാഹു തന്റേതാക്കുന്നു. അവങ്കലേക്ക് മടങ്ങുന്നവര്‍ക്ക് അവന്‍ തന്നിലേക്കുള്ള വഴി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു.(13:13)

ഈ ദീനിനെ നിലനിര്‍ത്തുവിന്‍ എന്ന മറ്റുപ്രവാചകന്‍മാരോട് നല്‍കിയ കല്‍പന നിങ്ങള്‍ക്കും നിയമമാക്കിയിരിക്കുന്നു എന്ന ഖുര്‍ആന്റെ കല്‍പന അംഗീകരിക്കാന്‍ ബാധ്യസ്ഥരായ ജമാഅത്തെ ഇസ്‌ലാമി അതിനാല്‍ തങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യം ഇഖാമത്തുദ്ദീനായി തെരഞ്ഞെടുത്തിരിക്കുന്നു. ഈ ലക്ഷ്യം അവര്‍ക്ക് കൂടിയാലോചിച്ച് മാറ്റാനാവില്ല. അവരില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും തന്റെ ലക്ഷ്യം മറച്ചുവെക്കാനോ മാറ്റിത്തിരുത്താനോ കഴിയില്ല. കഴിയില്ല എന്ന് പറഞ്ഞത് സാങ്കേതികമായിട്ടാണ് ഖുര്‍ആന്റെ അധ്യപനങ്ങള്‍ ബാധകമാണ് എന്ന് കരുതുന്നിടത്തോളം അപ്രകാരം കഴിയില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

ദീന്‍ നിലനിര്‍ത്തുക എന്ന കല്‍പനയുടെ മുഴുവന്‍ വ്യാപ്തി ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ആദ്യമായി പറയട്ടേ. മറ്റു വശങ്ങള്‍ പൊതുവെ എല്ലാവരും അംഗീകരിക്കുന്നതില്‍ ജമാഅത്തിന്റെ വ്യതിരിക്തത എന്നനിലക്ക് അതിന്റെ രാഷ്ട്രീയരംഗത്തെ ദീനിന്റെസംസ്ഥാപനം കൂടുതല്‍ ചര്‍ചചെയ്യുക സ്വാഭാവികമാണ്. ഇതും ജമാഅത്ത് ലക്ഷ്യം വെക്കുന്നത് ഇസ്‌ലാമിക രാഷ്ട്രീയമാണ് എന്ന ചിന്തക്ക് കാരണമാകാം.

ഇസ്‌ലാം എന്നത് കേവലം ഒരു ആദ്യാത്മിക മതമല്ല. ഒരു ജീവിത ദര്‍ശനമാണ്. സമ്പൂര്‍ണവ്യവസ്ഥയാണ്. മനുഷ്യന്റെ ലൗകിവും പാരത്രികവുമായ പരിഹാരമാണ്. ഒരു ദൈവിക വ്യവസ്ഥ സ്വാഭാവികമായും അത് ആവശ്യപ്പെടുന്നുണ്ട്. വ്യക്തിജീവിതത്തില്‍ ദൈവികനിയമങ്ങള്‍ പാലിക്കണമെന്നത് പോലെ സാമൂഹ്യമേഖലകളിലും ദൈവികനിയമങ്ങല്‍ പര്യപ്തമാണെന്ന് അത് ഉറച്ചുവിശ്വസിക്കുന്നു. രാഷ്ട്രീയമായ മേഖലകളിലും ദൈവികനിയമനിര്‍ദ്ദേശങ്ങളെ വെല്ലാന്‍ മറ്റൊരു നിയമമില്ല എന്നാണ് അതിന്റെ പ്രബോധനം. ഇസ്‌ലാമിക രാഷ്ട്രീയം എന്നാല്‍ ഇസ്‌ലാമിന്റെ ആരാധനാനുഷ്ഠാനങ്ങള്‍ സമൂഹത്തില്‍ നടപ്പിലാക്കുന്നതിന്റെ പേരല്ല. ചില ഇസ്‌ലാമിക ശിക്ഷാ സമ്പ്രദായങ്ങള്‍ നടപ്പിലാക്കിയതുകൊണ്ടും അത് ഇസ്‌ലാമിക ഭരണമാവില്ല. ആയിരുന്നെങ്കില്‍ മാതൃകാ രാഷ്ട്രം താലിബാനികളുടെ അഫ്ഘാനിസ്ഥാനാകേണ്ടിയിരുന്നു. അപ്പോള്‍ എന്താണ് ഇസ്ലാമിക ഭരണം. അത് സമൂഹത്തില്‍ ധാര്‍മികമൂല്യങ്ങളുടെ സംസ്ഥാപനമാണ്.  അധാര്‍മികതയുടെ ഉച്ചാടനവും. ആ മൂല്യങ്ങളുടെ ഉറവിടം ഏതെന്ന് ചോദിച്ചാല്‍ വിശുദ്ധഖുര്‍ആനാണ് എന്ന് അവര്‍ പറയും. എന്നാല്‍ ഈ മൂല്യവ്യവസ്ഥ ഇസ്‌ലാമിന്റെ മാത്രം സ്വന്തമാണോ അല്ലെന്ന് മുകളിലെ സൂക്തം തെളിയിക്കുന്നു. ഏത് പ്രവാചകനിലൂടെയും നല്‍കപ്പെട്ടത് ഒരേ മൂല്യസങ്കല്‍പമാണ്. വിശുദ്ധവേദങ്ങളിലേത് പരിശോധിച്ചാലും അതേ മൂല്യങ്ങളെത്തന്നെയാണ് അവയും അംഗീകരിക്കുന്നത് എന്ന് കാണാന്‍ പ്രയാസമില്ല. അവയുടെ ഏറ്റവും വലിയ പ്രത്യേകത അതിനെ സമൂഹം മൊത്തം നന്മയായി തിരിച്ചറിയുന്നുവെന്നതാണ് അതിനാല്‍ ഖുര്‍ആന്റെ സാങ്കേതിക ഭാഷയില്‍ അതിനെ മഅ്‌റൂഫ്  (അറിയപ്പെട്ടത്) എന്നാണ് പറയുക. സത്യവിശ്വാസികളുടെ സ്വഭാവമായി ഖുര്‍ആന്‍ പറയുന്നത് നാം ഭൂമിയില്‍ അവര്‍ക്ക് സൗകര്യം അധികാരം നല്‍കിയാല്‍ അവര്‍ ധര്‍മം (മഅ്റൂഫ്) കല്‍പിക്കുകയും അധര്‍മം (മുന്‍കര്‍) വിരോധിക്കുകയും ചെയ്യും എന്നാണ്.

ഇത് മനസ്സിലാക്കുന്ന ജമാഅത്തെ ഇസ്‌ലാമി തങ്ങളുള്‍കൊള്ളുന്ന സമൂഹത്തില്‍ ഇതെങ്ങനെ പ്രാവര്‍ത്തികമാക്കും എന്ന വഴി അന്വേഷിക്കുക സ്വാഭാവികമാണ്. അതിനവര്‍ക്ക് കാലാകാലങ്ങളില്‍ കൂടിയാലോചനകളിലൂടെ ലഭിച്ച ഉത്തരമാണ് അതിന്റെ രാഷ്ട്രീയ നിലപാടുകള്‍. ജമാഅത്ത് ആദ്യമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയല്ല ഇപ്പോഴുണ്ടായത്. ഇതുവരെ അതെടുക്കുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രയോജനകരമായതുകൊണ്ട് ഇപ്പോള്‍ അവര്‍ പറയുന്ന ആരോപണങ്ങളൊന്നും മിണ്ടാറില്ല. ജമാഅത്തെടുത്ത് പുതിയ തീരുമാനം തങ്ങളുടെ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുമെന്നാണ് അവര്‍ ചിന്തിച്ചത്. മാത്രമല്ല അത് നേരിട്ട് തന്നെ മനസ്സിലാക്കിയതിന് ശേഷമാണ് അവര്‍ ഗോദയില്‍ ജമാഅത്തിനെ എതിരിടാന്‍ തന്നെ തയ്യാറെടുത്തത്. അതിന് അവര്‍ കണ്ട എളുപ്പവഴി ജമാഅത്തിന്റെ ലക്ഷ്യം തെറ്റിദ്ധരിപ്പിക്കുക എന്നതാണ്. എന്നാല്‍ അത് ലക്ഷ്യവും മാര്‍ഗവും ശരിയായി നിര്‍വചിക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനവും ചരിത്രവും വര്‍ത്തമാനവും അതിനെ സാധൂകരിക്കുകയും ചെയ്യുന്നു. അതിനാല്‍ വിമര്‍ശകരുടെ മുമ്പില്‍ ഇനി ഒരേ ഒരു വഴിയേ ഉള്ളൂ. ഈ അറുപത് വര്‍ഷവും മുഖംമൂടി അണിഞ്ഞാണ് പ്രവര്‍ത്തിച്ചതെന്ന് പ്രചരിപ്പിക്കുക. ഇതുവരെ  ജമാഅത്തിനെതിരെയുള്ള ഒരു ആരോപണവും അതിനെ മനസ്സിലാക്കാന്‍ ശ്രമിച്ച് മുന്നോട്ട് വന്നവരെ / അതിനെ അനുഭവിച്ചവരെ വഞ്ചിക്കാന്‍ പര്യാപ്തമായിട്ടില്ല. ഈ മുഖം മൂടി ആരോപണത്തിനും അതിന് സാധ്യമല്ല. അത്ര മാത്രമേ എനിക്ക് അവകാശപ്പെടാനാവൂ.

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഗാന്ധിജി എന്ന 'മതവാദി'ക്ക് എളുപ്പം മനസ്സിലാകുന്നതും നെഹ്‌റു എന്ന 'മതേതരവാദി'ക്ക് മനസ്സിലാക്കാന്‍ അല്‍പം പ്രയാസവുമുള്ളതാണ് ജമാഅത്ത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എന്ന് ജമാഅത്ത് തന്നെ അംഗീകരിക്കുന്നതാണ്.

CKLatheef പറഞ്ഞു...

എന്താണ് ധാര്‍മികമൂല്യങ്ങള്‍ കൊണ്ട് ഇസ്്‌ലാം ഉദ്ദേശിക്കുന്നത് എന്നുകൂടി മനസ്സിലാകുന്നത് ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ സഹായകമാകും.

എന്താണ് ധാര്‍മികത?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK