'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, മേയ് 25, 2011

ഇന്ദിരാഗാന്ധിയുടെ ആരാധകരെപ്പറ്റി..!!?

ഇന്ദിരാഗാന്ധിയുടെ ആരാധകരെപ്പറ്റി പ്രബോധനത്തിന്റെ വീക്ഷണം എന്ന തലക്കെട്ട് നല്‍കി ബ്ലോഗിലും ഫെയ്‌സ് ബുക്കിലും മുജാഹിദ് വാരികകളിലും നോട്ടീസിലും സ്‌റ്റേജിലുമൊക്കെ കൊണ്ടാടുന്ന ഒരു പ്രബോധനം ഉദ്ധരണി താങ്കള്‍ പലതവണ കണ്ടതും കേട്ടതുമായിരിക്കും:

'......ഇതേപോലെ ഇന്ത്യയുടെ മുസ്ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതെന്തും ഹറാമുമാണെന്ന് വിശ്വസിക്കുകയോ, നിരുപാധികമായ നിയമനിര്‍മാണത്തിനുള്ള അധികാരം അവര്‍ക്ക് വകവെച്ചുകൊടുക്കുകയോ ചെയ്യുന്നില്ല. അവര്‍ നിര്‍മിക്കുന്ന ഏത് നിയമവും ദൈവിക നിയമങ്ങള്‍ പോലെ ശാശ്വതവും അലംഘനീയവുമാണെന്നും, കൂറോടും ഭക്തിയോടും കൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കപ്പെടേണ്ടതാണെന്നും ഒരിക്കലും അതില്‍ ഭേദഗതിപാടില്ലെന്നും ഇവിടെയുള്ള മുസ്ലിംകളെന്നല്ല, ഇന്ദിരാഗാന്ധിയുടെ ആരാധകര്‍പോലും വിശ്വസിക്കുന്നില്ല. അതിനാല്‍ അവരൊന്നും തന്നെ പ്രധാനമന്ത്രിയുടെ നിയമങ്ങള്‍ പാലിക്കുകവഴി അവര്‍ക്ക് ഇബാദത്ത് ചെയ്യുന്നില്ല.' (പ്രബോധനം, പുസ്തകം:32, ലക്കം:3)

(ഇവിടെയുള്ള മുസ്ലിംകളെന്നല്ല ഇന്ദിരാഗാന്ധിയുടെ ആരാധകര്‍പോലും വിശ്വസിക്കുന്നില്ല എന്നാണ് ശരിയായ രൂപം. അമുസ്ലിംകളെന്നല്ല എന്നത് മറ്റൊരു കൃത്രിമത്വത്തിന്റെ ഭാഗമാണ്.)

സംഭവത്തിന്റെ വിശദാംശം അറിയാത്തവര്‍ക്ക് ഇതില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാവില്ല. ഇത് കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ ജമാഅത്തിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് മനസ്സിലാകുന്നതിനേക്കാള്‍ മുജാഹിദിലെ സാധാരണ ആളുകള്‍ക്ക് മനസ്സിലാകും. അതിനുള്ള കാരണം. ജമാഅത്തെ ഇസ്ലാമി മുജാഹിദ് സംഘടനക്ക് മേല്‍ ഒരു രാഷ്ട്രീയ ശിര്‍ക്ക് ആരോപിക്കുന്നുണ്ട് എന്നും. ഇന്ത്യാഗവണ്‍മെന്റിന്റെ നിയമങ്ങളെ അനുസരിക്കുന്നതിലൂടെയാണ് അത് സംഭവിക്കുന്നത് എന്നും മുജാഹിദ് അണികളെ പറഞ്ഞുപഠിപ്പിച്ചിട്ടുണ്ട്. പ്രബോധനത്തില്‍ ഈ ഉദ്ധരണി ആ ജമാഅത്ത് വാദത്തിന്റെ കടക്കലുള്ള കത്തിയാണ്. അഥവാ ഇന്ത്യയിലുള്ള മുസ്ലിംകള്‍ എന്നല്ല ഇന്ധിരാഗാന്ധിയുടെ ആരാധകരോ പോലും ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കുക വഴി ഇബാദത്ത് ചെയ്യുകയോ അത് വഴി മുഷ് രിക്കാകുകയോ ചെയ്യുന്നില്ല. കാരണം അനുസരണം ഇബാദത്താകാനാവശ്യമായ ഉപാധികള്‍ ആ അനുസരണത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല എന്നാണ് ഈ ഖണ്ഡിക വ്യക്തമാക്കുന്നത്.

മനുഷ്യരിലൊരുവിഭാഗത്തില്‍നിന്ന് ശിര്‍ക്ക് സംഭവിക്കുന്നുണ്ടെങ്കില്‍ പ്രബോധനത്തിലെ ഒരു ഉദ്ധരണികൊണ്ട് മാത്രം അവര്‍ അല്ലാഹുവിങ്കല്‍ കുറ്റക്കാരാകാതിരിക്കുന്നില്ല. കാരണം വിചാരണ അല്ലാഹുവിന്റെ പക്കലാണ്. ജമാഅത്താണ് വിചാരണനടത്തുന്നതും ശിക്ഷവിധിക്കുന്നതുമെങ്കില്‍ പ്രബോധനത്തിന്റെ ഇത്തരം ഉദ്ധരണികള്‍ സ്വീകരിക്കപ്പെടുമായിരുന്നുവെന്ന് പ്രതീക്ഷിക്കാം. പക്ഷെ കാര്യം അങ്ങനെയല്ലല്ലോ. തല്‍കാലം ജമാഅത്തുകാരെ മേലില്‍ അത്തരം വാദമുന്നയിക്കുന്നതില്‍നിന്ന് (അഥവാ നിമയനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിനാണെന്നും അത് അല്ലാഹുഅല്ലാത്ത ആര്‍ക്ക് വകവെച്ചുകൊടുത്താലും അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ് എന്നുമുള്ള വാദം) അടക്കിനിര്‍ത്താമെന്നാണ് ചിന്തിക്കുന്നതെങ്കില്‍ അത് അവരുടെ ഇഷ്ടം. പക്ഷെ ഈ ഉദ്ധരണിയെ സംബന്ധിച്ച് ചില വിശദീകരണം ജമാഅത്ത് നല്‍കിയിട്ടുണ്ട് അതുകൂടി ഈ അവസരത്തില്‍ ശ്രദ്ധിക്കാതെ പോകരുത്.

എന്താണ് പ്രബോധനം പ്രത്യക്ഷത്തില്‍ ജമാഅത്തെ ഇസ്ലാമി പറയുന്നതിന് വിരുദ്ധമെന്ന് തോന്നത്തക്കവിധം ഈ പരാമര്‍ശം നടത്താന്‍ കാരണമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അത് ഇതാണ്:

ഇസ്ലാം ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി, കേരളയുടെ മുഖപത്രമായ നീരീക്ഷണം മാസിക അതിന്റെ 1971 മാര്‍ച്ച് ലക്കത്തില്‍ ജമാഅത്തെ ഇസ്ലാമി വിമര്‍ശിക്കപ്പെടുന്നു എന്ന തലക്കെട്ടില്‍ ജമാഅത്തിനെതിരെ അതിരൂക്ഷമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചു. അതില്‍ ഒരു ആരോപണം ഇങ്ങനെയായിരുന്നു.

'ഇന്ത്യയില്‍ ജീവിക്കുന്ന ഒരു മുസ്ലിം ഇന്ദിരാഗാന്ധിയെ ഇലാഹാക്കുകയും ഇന്ദിരാഗാന്ധിക്ക് ഇബാദത്തുചെയ്യുകയും ജനാധിപത്യ ദീനില്‍ ചേരുകയും ഇന്ത്യന്‍ ഭരണഘടനയാകുന്ന ശരീഅത്ത് അംഗീകരിക്കുകയും ചെയ്യുന്നു.'

ഇപ്രകാരം ജമാഅത്തെ ഇസ്ലാമി വാദിക്കുന്നു എന്ന ഈ ആരോപണത്തിന് അടിസ്ഥാനം ദീനിന് സയ്യിദ് മൗദൂദി നല്‍കിയ വ്യാഖ്യാനം വളച്ചൊടിതിനാല്‍ ലഭിച്ചതാണ്. ഇത് ജമാഅത്തിന്റെ വാദമല്ലാത്തതിനാല്‍ പ്രബോധനത്തിന് ഇങ്ങനെ മറുപടി പറയേണ്ടി വന്നു:

'ഗവണ്‍മെന്റിന്റെ ദൃഷ്ടിയില്‍ ജമാഅത്തെ ഇസ്ലാമിയെ കരിതേച്ചു കാണിക്കുകയെന്നതില്‍ കവിഞ്ഞു മറ്റൊരു താല്‍പര്യവും ഈ വക അപവാദ പ്രചാരണങ്ങള്‍ക്കില്ല. അബദ്ധജടിലവും ബാലിശവുമായ ഈ വാദത്തിനു ജമാഅത്ത് പലപ്രാവശ്യം മറുപടി പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഇസ്ലാമില്‍ പരമാധികാരവും നിയമനിര്‍മാണാധികാരവും അല്ലാഹുവിന് മാത്രമാണ്. ഇതു ജമാഅത്തുകാരുടെ കണ്ടുപിടുത്തമല്ലെന്നും വിശുദ്ധഖുര്‍ആന്റെ അദ്ധ്യാപനമാണെന്നും മുമ്പ് നാം കണ്ടുകഴിഞ്ഞു. ഇപ്പറഞ്ഞതിനര്‍ഥം അല്ലാഹു നേരില്‍ ഇറങ്ങിവന്ന് ഭരണം നടത്തുകയും അപ്പപ്പോള്‍ ആവശ്യമായ നിയമങ്ങള്‍ നിര്‍മിച്ചുകൊടുക്കുകയും ചെയ്യുകയെന്നു ബുദ്ധിയുള്ളവരാരും മനസ്സിലാക്കുകയില്ല.

മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കേണ്ടതെങ്ങിനെയെന്നു പഠിപ്പിക്കുന്ന ഒരു ജീവിത വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങള്‍ അല്ലാഹു വിവരിച്ചുതന്നിട്ടുണ്ട്. അതിന്റെ വ്യാഖ്യാനവും വിശദാംശവും അല്ലാഹുവിന്റെ ആജ്ഞാനുസാരം വാക്കും പ്രവൃത്തിയും വഴി പ്രവാചകനും പഠിപ്പിച്ചുതന്നിരിക്കുന്നു. പ്രവാചകനുശേഷം പുതുതായുണ്ടാകുന്ന കാലിക പ്രശ്‌നങ്ങളെ ഖുര്‍ആന്റെയും സുന്നത്തിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുരൂപമായി പരിഹരിക്കണമെന്നാണ് അവിടുത്തെ കല്‍പന.

ഇവിടെയാണ് ശൂറാ അഥവാ കൂടിയാലോചന വേണ്ടത്. അല്ലാതെ കൂടിയാലോചിച്ച് ഖുര്‍ആന്റെയും സുന്നത്തിന്റെയും ഖണ്ഡിതനിയമങ്ങള്‍ ഭേദഗതിചെയ്യാന്‍ അല്ലാഹു ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. ജൂത-ക്രിസ്തീയ പണ്ഡിതന്‍മാര്‍ക്ക് ഇങ്ങനെ ദൈവിക നിയമങ്ങള്‍ ഭേദഗതിചെയ്തു സ്വന്തം നിലയില്‍ ഹലാലും ഹറാമും തീരുമാനിക്കാനുള്ള അധികാരം അനുയായികള്‍ വകവെച്ചുകൊടുത്തപ്പോഴാണ് അവര്‍ തങ്ങളുടെ പണ്ഡിതപുരോഹിതന്മാരെ റബ്ബുകളാക്കി എന്ന് ഖുര്‍ആന്‍ ആക്ഷേപിച്ചത്.

ഒരു മോഡേണിസ്റ്റ് ഈ അധികാരം സ്വയം കയ്യിലെടുത്താല്‍ അതിനര്‍ഥം അയാള്‍ സ്വയം ദൈവമായി ചമയുന്നുവെന്നതാണ്. പക്ഷെ ഇന്ത്യയെപ്പോലുള്ള ഒരു രാഷ്ട്രത്തില്‍ അത്തരക്കാര്‍ അധികാരത്തില്‍ വന്നാലും മറ്റുള്ള മുസ്ലിംകള്‍ അവരെ ദൈവങ്ങളാക്കി എന്ന് വരുന്നില്ല. കാരണം. ദൈവത്തിന് മാത്രമുള്ള നിരുപാധികമായ നിയമനിര്‍മാണാധികാരം മുസ്ലിംകള്‍ അവര്‍ക്ക് വകവെച്ചുകൊടുക്കുന്നില്ല. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.

കേരളത്തിലുണ്ടായിരുന്ന ഇ.എം.എസ് മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കുകയുണ്ടായി. പക്ഷെ ഇ.എം.എസ് മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കിയാല്‍ അവ ഹലാലായിത്തീരുമെന്നോ അവ ഹലാലായിക്കാനുള്ള അധികാരം ഇ.എം.എസിനുണ്ടെന്നോ ഇവിടെ മുസ്ലിംകളാരും വിശ്വസിക്കുന്നില്ല. വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ ഇ.എം.എസിനെ ദൈവമാക്കുക തന്നെയാണ് ചെയ്യുന്നത്.
ഇതേ പോലെ ഇന്ത്യയിലുള്ള മുസ്ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതെന്തും ഹറാമുമാണെന്ന് വിശ്വസിക്കുകയോ നിരുപാധികമായ നിയമനിര്‍മാണത്തിനുള്ള പരമമായ അധികാരം അവര്‍ക്ക് വകവെച്ചുകൊടുക്കുകയോ ചെയ്യുന്നില്ല. അവര്‍ നിര്‍മിക്കുന്ന ഏത് നിയമവും ദൈവികനിയമങ്ങള്‍ പോലെ ശാശ്വതവും അലംഘനീയവുമാണെന്നും കൂറോടും ഭക്തിയോടും കൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കപ്പെടേണ്ടതാണെന്നും ഒരിക്കലും അതില്‍ ഭേദഗതി പാടില്ലെന്നും ഇവിടെയുള്ള മുസ്ലിംകളെന്നല്ല ഇന്ദിരാഗാന്ധിയുടെ ആരാധകര്‍പോലും വിശ്വസിക്കുന്നില്ല. അതിനാല്‍ അവരൊന്നും തന്നെ പ്രധാനമന്ത്രിയുടെ നിയമങ്ങള്‍ പാലിക്കുകവഴി അവര്‍ക്ക് ഇബാദത്ത് ചെയ്യുന്നില്ല. അഥവാ വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ ഇന്ദിരാഗാന്ധിക്ക് ഇബാദത്ത് ചെയ്യുന്നു. ഇന്ദിരാഗാന്ധിയെ ഇലാഹാക്കുകയും ചെയ്യുന്നു.

അതേ പോലെ സാക്ഷാല്‍ ഹലാലിന്റെയും ഹറാമിന്റെയും മാനദണ്ഡം ഖുര്‍ആനും സുന്നത്തുമാണെന്നാണ് ഇന്ത്യയിലുള്ള മുസ്ലിംകളെല്ലാം ആത്മാര്‍ഥമായി വിശ്വസിക്കുന്നത്. ഇനി മോഡേണിസ്റ്റുകള്‍, ജനഹിതമോ ഇന്ത്യന്‍ ഭരണഘടനയോ ആണ് സാക്ഷാല്‍ ഹലാലിന്റെയും ഹറാമിന്റെയും മാനദണ്ഡമെന്നുവിശ്വസിക്കുന്നുവെങ്കില്‍ അവയെ ദീനും ശരീഅത്തുമായി അംഗീകരിക്കുകയാണെന്നതില്‍ സംശയമില്ല. അവരുടെ ദൃഷ്ടിയില്‍ ബ്രീട്ടീഷ് പാര്‍ലമെണ്ടു സ്വവര്‍ഗ്ഗസംഭോഗവും ഗര്‍ഭഛിദ്രവും നിയമവിധേയമാക്കിയാല്‍ അവ രണ്ടും ഹലാലും ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റ് വര്‍ഗ്ഗസമത്വം ഹറാമാക്കിയതിനാല്‍ അത് ഹറാമുമാകും.'  (പ്രബോധനം)


ഇത് നേര്‍ക്ക് നേരെ വായിച്ചാല്‍ മനസ്സിലാകുന്നതെന്തോ അതില്‍ ജമാഅത്തെ ഇസ്ലാമി ഉറച്ചുനില്‍ക്കുന്നു.  അബ്ദുല്‍ ഹമീദ് മദനി സാഹിബാണ് ഇതില്‍ ആദ്യമായി കൈക്രിയ നടത്തിയത്. അദ്ദേഹം ചെയ്തതിത്രമമാത്രം. ആശയം പൂര്‍ണമാക്കുന്ന ഭാഗം വിട്ട് കളഞ്ഞ ശേഷം ഒരു കഷ്ണം ഇടയില്‍നിന്ന് മുറിച്ചെടുത്ത് സ്വന്തമായി ഒരു തലക്കെട്ട് നല്‍കി.  ഇന്ദിരാഗാന്ധിയുടെ ആരാധകരെപ്പറ്റി പ്രബോധനത്തിന്റെ വീക്ഷണം.

സത്യത്തില്‍ ഇവിടെ എന്താണ് സംഭവിച്ചത്. ഇന്ത്യന്‍മുസ്ലിംകളെ മുഴുവന്‍ ജമാഅത്തെ ഇസ്ലാമി മുഷ് രിക്കാക്കുന്നു അതും ഇന്ത്യന്‍ നിയമങ്ങളെ അനുസരിക്കുക വഴി എന്ന് ചേകനൂരാധികളുടെ ആരോപണത്തിന് മറുപടിപറയുകയായിരുന്നു പ്രബോധനം. മുസ്ലിംകള്‍ എന്നാല്‍ അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുന്നവരാണെന്നും അതിനാല്  അവര്‍ ഒരു സെക്യൂലര്‍ ഗവണ്‍മെന്റിന് കീഴില്‍ ജീവിക്കേണ്ടി വരുന്നത് കൊണ്ടും അവരുടെ നിയമങ്ങളെ അനുസരിക്കുന്നത് കൊണ്ടും അവര്‍ക്ക് ഇബാദത്ത് ചെയ്യുന്നുവെന്നോ ആ നിയമങ്ങളെ ദൈവിക നിയമങ്ങളെപ്പോലെ അംഗീകരിക്കുന്നുവെന്നോ അര്‍ഥമില്ല. എന്നാല്‍ വല്ലവരും (അത്തരം മനോഭാവം പുലര്ത്തുന്നവരെ മോഡേണിസ്റ്റുകള് എന്നായിരുന്നു അക്കാലത്ത് വിളിച്ചിരുന്നത്) അപ്രകാരം വിശ്വസിച്ചാല്‍ അത് ദൈവത്തില്‍ പങ്ക് ചേര്‍ക്കല്‍ തന്നെ എന്നും വ്യക്തമാക്കി.

കാടടച്ചുവെടിവെച്ച് ജമാഅത്തെ ഇസ്ലാമിയെ പ്രതിക്കൂട്ടിലാക്കുന്നത് സ്വാഭാവികമായും കയ്യും കെട്ടി നോക്കിനില്‍ക്കാനാവില്ല.  സുപ്രധാനമായ ഒരു ഭാഗം മുറിച്ചുമാറ്റി. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മുജാഹിദ് ഭാഗത്ത് നിന്ന് ഒരിക്കലും സംഭവിക്കരുതായിരുന്നു. അന്ന് കെ.സി. അബ്ദുല്ല മൗലവി ചോദിച്ച ചോദ്യം തന്നെ ഇവിടെ ആവര്‍ത്തിക്കുന്നു: 'ഈ മറുപടിയില്‍ പ്രബോധനം സമര്‍ഥിച്ച ആശയങ്ങളോടു മദനിയും കൂട്ടുകാരും പൂര്‍ണമായും യോജിക്കുന്നുണ്ടോ ?.  ഉണ്ടെന്നാണുത്തരമെങ്കില്‍ അല്‍ഹംദുലില്ലാഹ് ഇക്കാര്യത്തില്‍ നമുക്കൊരുമിച്ചു മുന്നോട്ടുനീങ്ങാം.'

33 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

നിങ്ങളുടെ സംശയങ്ങളും വിയോജിപ്പും ഇവിടെ അറിയിക്കുമെന്ന് കരുതുന്നു.

Muneer പറഞ്ഞു...

ഒരു രാഷ്ട്രത്തിന്‍റെ സമ്പദ് വ്യവസ്ഥ പലിശയില്‍ അധിഷ്ടിതം ആയിരിക്കണമോ വേണ്ടേ? ഒരു സമൂഹത്തില്‍ വ്യഭിചാരം അനുവദിക്കാമോ? രാഷ്ട്രത്തിലെ പൌരന്മാര്‍ മദ്യപിക്കുന്നത് തെറ്റായി കണക്കാക്കാമോ? ഭ്രൂണഹത്യ അനുവദനീയം ആക്കണോ?
ഈ വക വിഷയങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ഭൂരിപക്ഷ ജനതയുടെ പ്രതിനിധികള്‍ കൂടിയാലോചിച്ചാണ് എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍, അവര്‍ ശിര്‍ക്കിന്‍റെ പാതയിലാണ്. അത് പറയുന്നത് മുജാഹിദുകാരന്‍ ആയാലും ശരി, സാക്ഷാല്‍ മൌദൂദി ആയാലും ശരി, അത് ശിര്‍ക്കാന്‍ ആശയം തന്നെയാണ്.

ഈ പറഞ്ഞതിനോട് കേരളത്തിലെ സലഫി സുഹൃത്തുക്കള്‍ യോജിക്കുന്നുണ്ടോ എന്നാണ് അറിയേണ്ടത്.
യോജിക്കുന്നു എന്നാണ് ഉത്തരം എങ്കില്‍, ഇത് പറഞ്ഞതിന് ജമാഅത്തിനെ ക്രൂശിക്കുന്നത് എന്തിനു എന്നു വിശദീകരിക്കേണ്ടി വരും.

അതല്ല, ഈ വക വിഷയങ്ങളില്‍ ഭൂരിപക്ഷ അഭിപ്രായ പ്രകാരം തീരുമാനം എടുക്കുന്നതില്‍ തെറ്റൊന്നുമില്ല, പ്രാര്‍ത്ഥന അല്ലാഹുവിനു മാത്രം ആയാല്‍ മതി എന്നാണു വാദമെങ്കില്‍, അവര്‍ അത് തുറന്നു പറയേണ്ടതുണ്ട്.

Anees Aluva പറഞ്ഞു...

" ജമാഅത്തെ ഇസ്ലാമി മുജാഹിദ് സംഘടനക്ക് മേല്‍ ഒരു രാഷ്ട്രീയ ശിര്‍ക്ക് ആരോപിക്കുന്നുണ്ട് എന്നും. ഇന്ത്യാഗവണ്‍മെന്റിന്റെ നിയമങ്ങളെ അനുസരിക്കുന്നതിലൂടെയാണ് അത് സംഭവിക്കുന്നത് എന്നും മുജാഹിദ് അണികളെ പറഞ്ഞുപഠിപ്പിച്ചിട്ടുണ്ട്. "
ഇതില്‍ പറഞ്ഞ കാര്യങ്ങളില്‍ സത്യമുണ്ടോ? ജമാഅത്ത് അപ്രകാരം ആരോപിച്ചിട്ടൂണ്ടോ? ഇല്ലെങ്കില്‍ "ത്വാഗൂത്തീ വ്യവസ്ഥിതിയെ" അനുസരിക്കുന്നതില്‍ എപ്രകാരമാണ്‌ ശിര്ക്ക് സംഭവിക്കുന്നത്?
അനീസ് ആലുവ

Muneer പറഞ്ഞു...

പ്രിയ അനീസ്‌,
ഞാന്‍ മുകളില്‍ കൊടുത്ത കമന്‍റിലെ ആദ്യത്തെ ഖണ്ഡികയോട് അനീസ്‌ യോജിക്കുന്നുണ്ടോ? അതോ, പ്രാര്‍ത്ഥനകള്‍ അല്ലാഹുവിനു മാത്രം ആയാല്‍ ശിര്‍ക്കില്‍ നിന്നും ഒഴിവായി എന്നാണോ അനീസിന്‍റെ വിശ്വാസം?

ഈ വിഷയത്തില്‍ അനീസ്‌ എവിടെ നില്‍ക്കുന്നു എന്നറിയാനാണ് ഈ ചോദ്യം.

Anees Aluva പറഞ്ഞു...

ഇതില്‍ ഏത് മതവിശ്വാസിയായ മുസ്ലിമിനാണ്‌ തര്‍ക്കം.
"അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (33:36)
ഇത് പറഞ്ഞിട്ടാണ്‌ ജമാഅത്ത് ക്രൂശിക്കപ്പെട്ടത് എന്നതിലപ്പുറം, ജമാഅത്ത് തങ്ങളല്ലാത്ത മുസ്ലിംകളൊക്കെ "തൌഹീദ് ഹാക്കിമിയ്യത്തില്‍ ഗവണ്‍മെന്റിനെ പങ്കാളികളാക്കുന്ന മുറിയന്‍ തൌഹീദ്കാരാണെന്ന് ആരോപിക്കുകയുമ്, ഇന്നും നൂറു കണക്കിന്‌ പേജെഴുതി അത് സ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ജമാഅത്തേതര മുസ്ലിംകള്‍ "നിയമനിര്‍മ്മാണത്തിന്റെ പരമാധികാരം" അല്ലാഹുവല്ലാത്തവര്‍ക്ക് നല്‍കുന്നു എന്ന് എന്തടിസ്ഥാനത്തില്‍ ജമാഅത്തുകാര്‍ ആരോപിക്കുന്നു.
അപ്രകാരം ഒരു മുസ്ലിമും ഇല്ല എന്നതാണ്‌ മേല്‍ ഉദ്ധരിച്ച പ്രബോധനം വാചകം." ദൈവത്തിന് മാത്രമുള്ള നിരുപാധികമായ നിയമനിര്‍മാണാധികാരം മുസ്ലിംകള്‍ അവര്‍ക്ക് വകവെച്ചുകൊടുക്കുന്നില്ല. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം.

കേരളത്തിലുണ്ടായിരുന്ന ഇ.എം.എസ് മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കുകയുണ്ടായി. പക്ഷെ ഇ.എം.എസ് മന്ത്രിസഭ മദ്യവും ചൂതാട്ടവും നിയമവിധേയമാക്കിയാല്‍ അവ ഹലാലായിത്തീരുമെന്നോ അവ ഹലാലായിക്കാനുള്ള അധികാരം ഇ.എം.എസിനുണ്ടെന്നോ ഇവിടെ മുസ്ലിംകളാരും വിശ്വസിക്കുന്നില്ല. വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ ഇ.എം.എസിനെ ദൈവമാക്കുക തന്നെയാണ് ചെയ്യുന്നത്. ഇതേ പോലെ ഇന്ത്യയിലുള്ള മുസ്ലിംകളാരും ഇന്ദിരാഗാന്ധി അനുവദിക്കുന്നതെന്തും ഹലാലും നിരോധിക്കുന്നതെന്തും ഹറാമുമാണെന്ന് വിശ്വസിക്കുകയോ നിരുപാധികമായ നിയമനിര്‍മാണത്തിനുള്ള പരമമായ അധികാരം അവര്‍ക്ക് വകവെച്ചുകൊടുക്കുകയോ ചെയ്യുന്നില്ല. അവര്‍ നിര്‍മിക്കുന്ന ഏത് നിയമവും ദൈവികനിയമങ്ങള്‍ പോലെ ശാശ്വതവും അലംഘനീയവുമാണെന്നും കൂറോടും ഭക്തിയോടും കൂടി എക്കാലത്തും മാറ്റമില്ലാതെ അനുസരിക്കപ്പെടേണ്ടതാണെന്നും ഒരിക്കലും അതില്‍ ഭേദഗതി പാടില്ലെന്നും ഇവിടെയുള്ള മുസ്ലിംകളെന്നല്ല ഇന്ദിരാഗാന്ധിയുടെ ആരാധകര്‍പോലും വിശ്വസിക്കുന്നില്ല. അതിനാല്‍ അവരൊന്നും തന്നെ പ്രധാനമന്ത്രിയുടെ നിയമങ്ങള്‍ പാലിക്കുകവഴി അവര്‍ക്ക് ഇബാദത്ത് ചെയ്യുന്നില്ല. അഥവാ വല്ല മോഡേണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ ഇന്ദിരാഗാന്ധിക്ക് ഇബാദത്ത് ചെയ്യുന്നു. ഇന്ദിരാഗാന്ധിയെ ഇലാഹാക്കുകയും ചെയ്യുന്നു."

CKLatheef പറഞ്ഞു...

@മുനീര്‍

താങ്കളുടെ ചോദ്യം പ്രസക്തമാണ്. പക്ഷെ ഉത്തരം ലഭിക്കുക അസംഭവ്യം എന്ന് തന്നെ പറയാം.

CKLatheef പറഞ്ഞു...

@അനീസ് ആലുവ,

മുജാഹിദ് സംഘടനകളെയോ സുന്നിസംഘടനകളെയോ ജമാഅത്തെ ഇസ്ലാമി ഒരിക്കലും മുഷ്രരിക്കാക്കിയിട്ടില്ല.

അല്ലാഹു ഏകനായ സ്രഷ്ടാവും നാഥനും ആരാധ്യനുമെന്ന പോലെ, ചോദ്യം ചെയ്യപ്പെടാത്ത പരമാധികാരിയുമാണെന്ന് വിശുദ്ധഖുര്‍ആന്റെ അടിസ്ഥാനത്തില്‍ ജമാഅത്ത് വാദിക്കുന്നു. അല്ലാഹുവിന്റെ ഹാകിമിയത്ത് അഥവാ പരമാധികാരം വിവാദവിധേയമായ ഒന്നല്ല. അത് നിഷേധിക്കുന്നത് ശിര്‍ക്കാവും. അല്ലാഹു അല്ലാത്ത ശക്തികള്‍ക്ക് പരമാധികാരമോ നിയമനിര്‍മാണത്തിനുള്ള നിരുപാധികമായ അവകാശമോ ബോധപൂര്‍വം വകവെച്ചുകൊടുക്കുന്ന സംഘടനകളോ വ്യക്തികളോ ഉണ്ടെങ്കില്‍ തീര്‍ച്ചായായും അവര്‍ ശിര്‍ക്കാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.

ഇക്കാര്യത്തിലുള്ള മുജാഹിദ് നിലപാട് അവര്‍ തന്നെയാണ് വ്യക്തമാക്കേണ്ടത്. അത് വ്യക്തമാക്കാതെ മേല്‍ വിവരിച്ചതില്‍ ഞങ്ങളും പെടുമെന്ന് സ്വയം വിധിച്ചാല്‍ എന്തുചെയ്യാന്‍ കഴിയും. മുജാഹിദ് പ്രസ്ഥാനത്തിന് അല്ലാഹുവിന്റെ പരമാധികാരം നിഷേധിക്കേണ്ട ആവശ്യമില്ല. മുജാഹിദുകള്‍ ഉള്‍പെടെ അത് ചെയ്യുന്നുവെന്ന് ജമാഅത്ത് ആരോപിക്കുന്നുമില്ല. അതേ സമയം അല്ലാഹുവിന്റെ പരമാധികാരത്തിലും മനുഷ്യരുടെ പ്രാതിനിധ്യത്തിലും അധിഷ്ഠിതമായ ഒരു സമ്പൂര്‍ണ വ്യവസ്ഥിതിയുടെ സംസ്ഥാപനത്തിന് വേണ്ടി നിലകൊള്ളുന്നത് ജമാഅത്തെ ഇസ്ലാമി മാത്രമാണ് എന്ന് അത് അവകാശപ്പെടുന്നു. മറ്റു മതസംഘടനകള്‍ ഇതേ കാരണത്താല്‍ തന്നെ ജമാഅത്തിനെ എതിര്‍ക്കുകയും ചെയ്യുന്നു. ദൈവികേതര നിയമങ്ങള്‍ അനുസരിക്കുന്നത് ശിര്‍ക്കാണെന്ന് ജമാഅത്തെ ഇസ്ലാമി എവിടെയും പറഞ്ഞിട്ടില്ല. അനുസരണം, പരമാധികാരം അല്ലാഹു അല്ലാത്തവര്‍ക്ക് വകവെച്ചുകൊടുത്തുകൊണ്ടാണെങ്കിലേ അത് ശിര്‍ക്കാവൂ. ജമാഅത്തെ ഇസ്ലാമി പോലും ഇന്ത്യന്‍ ഭരണഘടനക്ക് വിധേയമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

ചുരുക്കത്തില്‍ ആദര്‍ശതലത്തില്‍ ഏതൊരു മുസ്ലിമിനും അംഗീകരിക്കാവുന്ന കാര്യങ്ങളേ ജമാഅത്ത് പറഞ്ഞിട്ടുള്ളൂ. രാഷ്ട്രീയമായതിനാല്‍ ഇസ്ലാമിന്റെ ആദര്‍ശവുമായി ബന്ധപ്പെട്ട മേല്‍ വിവരിക്കപ്പെട്ട കാര്യങ്ങള്‍ പരിഗണനീയമല്ല എന്ന വാദം കൊണ്ടുനടത്തുന്നവര്‍ക്കുള്ള സ്വയം തോന്നലുകൂടിയാണ് ഈ രാഷ്ട്രീയ ശിര്‍ക്ക്.

അവര്‍ക്ക് അപ്രകാരം തോന്നുന്നുണ്ടെങ്കില്‍ വേണ്ടത് കൃത്യമായ തെളിവുകളോടെ ഈ വിഷയത്തില്‍ (ദൈവത്തിന്റെ നിയമനിര്‍മാണത്തിനുള്ള പരമാധികാരം) ഞങ്ങളും ഇതേ ആശയങ്ങള്‍ തന്നെയാണ് പങ്കുവെക്കുന്നതെന്നും അതിനാല്‍ അരോപണത്തിന് എന്ത് അടിസ്ഥാനം എന്ന് തിരിച്ചുചോദിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഞങ്ങളിലിതാ ജമാഅത്ത് രാഷ്ട്രീയ ശിര്‍ക്ക് ആരോപിക്കുന്നേ എന്ന് പറയുന്നതിനപ്പുറം ഒരു വിശദീകരണം മുജാഹിദ് പക്ഷത്ത് നിന്ന് കാണപ്പെടാറില്ല.

Anees Aluva പറഞ്ഞു...

"മുജാഹിദ് സംഘടനകളെയോ സുന്നിസംഘടനകളെയോ ജമാഅത്തെ ഇസ്ലാമി ഒരിക്കലും മുഷ്രരിക്കാക്കിയിട്ടില്ല." എന്നാണ്‌ താങ്കള്‍ എഴുതിയത്.
താഴെ കൊടുക്കുന്ന ഉദ്ധരണി വായിച്ചിട്ട് താങ്കള്‍ക്ക് എന്ത് തോന്നുന്നു. ആരോപിച്ചുവെന്നോ, ഇല്ലെന്നോ??
“എന്നാൽ,മുഹമ്മദ്ബിൻ അബ്ദിൽ വഹാബി​‍െൻറ അനുയായികളായി അറിയപ്പെടുന്നവരും സലഫികൾ എന്നു വിളിക്കപ്പെടുന്നവരുമായ ഒരു വിഭാഗം ഈ കാലഘട്ടത്തിലെ ഏറ്റവും ഗുരുതരമായ വിപത്തിൽ അറിഞ്ഞോ അറിയാതെയോ അകപ്പെടുന്നുവെന്ന്‌ കാണുന്നത്‌ വളരെയേറെ സങ്കടകരമാണ്‌.അല്ലാഹുവി​‍െൻറ നിയമനിർമാണാധികാരത്തിൽ മനുഷ്യൻ പങ്കാളിത്തം അവകാശപ്പെടുന്നതാണ്‌ ഇവിടെ വിവക്ഷ.
..ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ശബ്ദം ശക്തമായി വരികയും രാഷ്ട്രീയമായി ഇസ്ലാമികലോകത്ത്‌ പരിവർത്തനത്തി​‍െൻറ ദുന്ദുഭീഘോഷം മുഴങ്ങുകയും ചെയ്തപ്പോൾ,അത്‌ പാശ്ചാത്യരെയും അവരുടെ വാലുകളായി വർത്തിക്കുന്ന മുസ്ലിം ഭരണാധികാരികളെയും വെകിളി പിടിപ്പിച്ചു.കൊട്ടാരം പണ്ഡിത•​‍ാരെയിറക്കി ഇസ്ലാമികപ്രസ്ഥാനങ്ങൾക്കെതിരെ ഫത്‌വകൾ പുറപ്പെടുവിക്കാൻ ശ്രമം തുടങ്ങി.മതവും രാഷ്ട്രവും പരസ്പര ബന്ധമില്ലാത്ത രണ്ടു മേഖലകളാണെന്നും തൗഹീദ്‌ എന്നത്‌ ജാറത്തിലും ഖബറാരാധനയിലും ഇസ്തിഗാസ,തവസ്സുൽ പോലുള്ള പ്രാർത്ഥനാരീതികളിലും പരിമിതമാണെന്നും വ്യാഖ്യാനിക്കപ്പെട്ടു.രാഷ്ട്രീയ മേഖലയും സാമ്പത്തിക മേഖലയുമൊക്കെ ദൈവിക നിയമങ്ങൾക്ക്‌ പ്രവേശനമില്ലാത്ത ദുനിയാ കാര്യങ്ങളായി.ദൗർഭാഗ്യവശാൽ കേരളത്തിലെ സലഫി വൃത്തങ്ങളിലും വികലമായ ഈ വീക്ഷണത്തിനാണ്‌ സ്വാധീനം ലഭിച്ചിട്ടുള്ളത്‌
തൗഹീദ്‌ കാമ്പെയിൻ കളരിക്ക്‌ പുറത്തോ? വി.കെ
പ്രബോധനം പേജ് 21 1996 ജൂൺ 1


"നിയമനിര്‍മാണത്തിനുള്ള നിരുപാധികമായ അവകാശമോ ബോധപൂര്‍വം വകവെച്ചുകൊടുക്കുന്ന സംഘടനകളോ വ്യക്തികളോ ഉണ്ടെങ്കില്‍ തീര്‍ച്ചായായും അവര്‍ ശിര്‍ക്കാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയമില്ല." എന്ന പ്രസ്താവനയെപറ്റി. തങ്ങളുടെ മുഖ്യ അജണ്ടയെപറ്റി ഇത്ര അജ്ഞത പാടുണ്ടോ? അല്ലാഹുവല്ലാത്ത‍വര്‍ക്ക് നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം നല്‍കുന്ന വിശ്വാസികളായ മുസ്ലിംകള്‍ "ഉണ്ടെങ്കില്‍" എന്ന ഉപാധിയോടെ പ്രബോധനം നടത്തുന്നതിനേക്കാള്‍ നല്ലത് "ഉണ്ടോ" എന്ന് അന്വേഷിച്ചുറപ്പിച്ച് ആ പണിക്ക് ഇറങ്ങലല്ലേ!!.

ഈ ബ്ലോഗ് പോസ്റ്റിലൂടെ താങ്കള്‍ ലക്ഷ്യം വയ്ക്കുന്നത് എന്താണ്‌ ? ജമാഅത്തേതര ഇന്ത്യന്‍ മുസ്ലിംകള്‍ "ഗവണ്‍മെന്‍റിന്‌ പരമമായ നിയമനിര്‍മ്മാണാധികാരം " കൊടുക്കുന്നു എന്ന് പറയാനോ, അതല്ല കൊടുക്കുന്നില്ല എന്ന് പറയാനോ? ഇക്കാര്യത്തില്‍ താങ്കളൂടെ നിലപാടെന്ത്?
ജമാഅത്തേതര ഇന്ത്യന്‍ മുസ്ലിംകള്‍ "ഗവണ്‍മെന്‍റിന്‌ പരമമായ നിയമനിര്‍മ്മാണാധികാരം " കൊടുക്കുന്നു എന്നാണ്‌ താങ്കള്‍ കരുതുന്നതെങ്കില്‍ അതിന്‍റെ തെളിവുകള്‍ നല്‍കി വിശദീകരിക്കുക. "ഉണ്ടെങ്കില്‍" എന്ന സന്ദേഹത്തേക്കാള്‍ നല്ലത് അതാണ്‌. ഇല്ലാത്ത കാര്യം പറഞ്ഞ് സമയം കളയേണ്ടല്ലോ!!

Anees Aluva പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Anees Aluva പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

@Anees Aluva
ഇവിടെ നിന്ന് ഒരു പ്രതികരണവും ഡീലീറ്റ് ചെയ്തിട്ടില്ല. എന്നാല്‍ ചെയ്യില്ല എന്ന് ഉറപ്പ് നല്‍കാനുമാവില്ല. അല്‍പം ആവേശം കുറക്കുന്നതാകും ചര്‍ചയുടെ മുന്നോട്ടു പോക്കിന് ഗുണകരമാക്കുക.

Anees Aluva പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Anees Aluva പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
CKLatheef പറഞ്ഞു...

@Anees Aluva

വിശദമായി ഇവിടെ പ്രതികരിക്കാന്‍ ധൈര്യം കാണിച്ചതിന് നന്ദി. താങ്കളുടെ കമന്റുകള്‍ സ്പാമില്‍ പോയതായിരുന്നു.

ഞാന്‍ നല്‍കിയ പോസ്റ്റും ഇവിടെ വരുന്ന അഭിപ്രായങ്ങളെയും വായിച്ചു മനസ്സിലാക്കാന്‍ സാധിക്കുന്നവരെയാണ് ഈ ബ്ലോഗിലൂടെ ഞാന്‍ ലക്ഷ്യം വെക്കുന്നത്. ഞാന്‍ എനിക്കറിയാവുന്ന വിധം വ്യക്തമായി പറഞ്ഞ ഒന്ന് വീണ്ടും വിശദീകരിക്കേണ്ടതുണ്ട് എന്ന് എനിക്കിപ്പോള്‍ തോന്നുന്നില്ല. താങ്കള്‍ക്ക പറയാനുള്ളത് താങ്കള്‍ പറഞ്ഞല്ലോ. ഇനി വായനക്കാര്‍ അവരുടെ വിവേചനബുദ്ധി കൊടുത്ത് ചിന്തിക്കട്ടേ.

CKLatheef പറഞ്ഞു...

Anees Aluva said..

>>>> ജമാഅത്തേതര ഇന്ത്യന്‍ മുസ്ലിംകള്‍ "ഗവണ്‍മെന്‍റിന്‌ പരമമായ നിയമനിര്‍മ്മാണാധികാരം " കൊടുക്കുന്നു എന്നാണ്‌ താങ്കള്‍ കരുതുന്നതെങ്കില്‍ അതിന്‍റെ തെളിവുകള്‍ നല്‍കി വിശദീകരിക്കുക. "ഉണ്ടെങ്കില്‍" എന്ന സന്ദേഹത്തേക്കാള്‍ നല്ലത് അതാണ്‌. ഇല്ലാത്ത കാര്യം പറഞ്ഞ് സമയം കളയേണ്ടല്ലോ!! <<<

പ്രസക്തമായ ഒരു അഭിപ്രായ പ്രകടനമാണിത്. എന്തുകൊണ്ട് ഇങ്ങനെ ഉണ്ടെങ്കില്‍ എന്ന് പറയേണ്ടിവരുന്നുവെന്നതിനുള്ള ഉത്തരം ഇവിടെ നിന്ന് തന്നെ വ്യക്തമാണ്. ഈ കാര്യത്തില്‍ വ്യക്തമായ ഒരു നിലപാട് തുറന്ന് പ്രഖ്യാപിക്കാത്തിടത്തോളം കാലം ഇങ്ങനെയല്ലാതെ പറയാതിരിക്കാനുമാവില്ല. നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിന് മാത്രം എന്ന് പറയുന്നവരെ എതിര്‍ക്കുകയും. എന്നാല്‍ തങ്ങള്‍ അത് അംഗീകരിക്കുന്നില്ല എന്ന് പറയാതിരിക്കുകയും ചെയ്യുക. ജമാഅത്തേതര മുസ്ലിം സംഘടനകള്‍ ഈ നിലപാട് സ്വീകരിക്കുമ്പോള്‍ ഈ എങ്കിലുകള്‍ ഒഴിവാക്കാനാവില്ല.

അനീസിന് ഒരു മുജാഹിദ് വക്താവായി പറയാന്‍ സാധിക്കുമോ. മുജാഹിദ് പ്രസ്ഥാനം നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിനാണ് എന്ന് അംഗീകരിക്കുന്നു. ഭൂരിപക്ഷാഭിപ്രായ പ്രകാരം നിയമം നിര്‍മിക്കാനുള്ള ജനാധിപത്യവ്യവസ്ഥയുടെ പ്രസ്തുത വശത്തോട് വിയോജിക്കുകയും ചെയ്യുന്നുവെന്ന്. എങ്കില്‍ ഈ വിഷയത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന് ജമാഅത്തുമായുള്ള തര്‍ക്കം അവസാനിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്.

Anees Aluva പറഞ്ഞു...

"ഈ മറുപടിയില്‍ പ്രബോധനം സമര്‍ഥിച്ച ആശയങ്ങളോടു മദനിയും കൂട്ടുകാരും പൂര്‍ണമായും യോജിക്കുന്നുണ്ടോ ?. ഉണ്ടെന്നാണുത്തരമെങ്കില്‍ അല്‍ഹംദുലില്ലാഹ് ഇക്കാര്യത്തില്‍ നമുക്കൊരുമിച്ചു മുന്നോട്ടുനീങ്ങാം.' " എന്ന പ്രസ്താവനയെ സംബന്ധിച്ച്.
ഗവണ്‍മെന്‍റിനെ പരമാധികാരിയായി കരുതി അനുസരിക്കുമ്പോഴാണ്‌ "അനുസരണ ശിര്‍ക്ക് അഥവാ രാഷ്ടീയ ശിര്‍ക്ക് " സംഭവിക്കുന്നത് എന്നാണ്‌ ഈ ബ്ലോഗ് പോസ്റ്റിന്‍റെ ധ്വനി. എന്നാല്‍ "ദൈവധിക്കാരികളെ (ത്വാഗൂത്ത്) പരമാധികാരിയാക്കി കരുതിയിട്ട് വേണ്ട, അവരെ "ശപിച്ചു കൊണ്ട് അനുസരിച്ചാല്‍" പോലും അത് "കര്‍മ്മപരമായ ശിര്‍ക്ക് അഥവാ അനുസരണശിര്‍ക്ക്" എന്നും ജമാഅത്ത് സാഹിത്യങ്ങളില്‍ നിന്ന് വായിക്കാന്‍ കഴിയും. താഴെ ഉദ്ദരിച്ച ഭാഗം നോക്കുക.

സയ്യിദ്‌ അബുല്‍ അഅ്‌ലാ മൌദൂദിയുടെ തഫ്‌ഹീമുല്‍ ഖുര്‍ആനില്‍ ഇപ്രകാരം കാണാം.
സൂറ : അന്‍ആം 6 – 121 കുറിപ്പ്‌ നമ്പര്‍ : 87
"ഒരു വശത്ത്‌ അല്ലാഹുവിന്റെ ദൈവത്വവും പരമാധിപത്യവും അംഗീകരിക്കുക, മറുവശത്ത്‌ ദൈവത്തില്‍നിന്ന്‌ മുഖം തിരിച്ച ധിക്കാരികളുടെ വിധിവിലക്കുകള്‍ക്കൊത്ത്‌ ചരിക്കുകയും അവര്‍ നടപ്പാക്കുന്ന സമ്പ്രദായങ്ങള്‍ ആചരിക്കുകയും ചെയ്യുക–ഇതുതന്നെയാണ്‌ ശിര്‍ക്ക്‌. ജീവിതത്തെ അടിമുടി ദൈവാനുസരണത്തില്‍ അര്‍പ്പിക്കുകയെന്നതാണ്‌ തൌഹീദ്‌. അല്ലാഹുവോടൊപ്പം മറ്റാരെയെങ്കിലും വിശ്വാസത്തില്‍ നിരുപാധികം അനുസരിക്കപ്പെടുവാന്‍ അര്‍ഹനായംഗീകരിച്ചാല്‍ അത്‌ വിശ്വാസപരമായ ശിര്‍ക്കാണ്‌. അല്ലാഹുവിന്റെ സന്മാര്‍ഗം അവഗണിച്ചുകൊണ്ട്‌ ആജ്ഞാനിരോധനത്തിനധികാരികളായി ചമയുന്ന ജനങ്ങളെ പ്രവൃത്തിരൂപത്തില്‍ അനുസരിക്കുകയാണെങ്കില്‍ അത്‌ കര്‍മപരമായ ശിര്‍ക്കുമാണ്‌.``
സൂറ : അല്‍ കഹ്‌ഫ്‌ 18: 52–53 ആയത്ത്‌ വിശദീകരണത്തില്‍ 50ാം നമ്പര്‍ കുറിപ്പില്‍ നിന്ന്‌
"ഇതിനു മുമ്പും ഖുര്‍ആന്‍ പലേടത്തായി പ്രതിപാദിച്ച ഒരു വിഷയംതന്നെയാണിവിടെ സന്ദര്‍ഭോചിതം ആവര്‍ത്തിച്ചിരിക്കുന്നത്. അതായത്, അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങളുപേക്ഷിച്ച്‌ മറ്റു വല്ലവരുടേയും നിയമങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പിന്തുടരുന്നത്‌ യഥാര്‍ത്ഥത്തില്‍ അവരെ ദിവ്യത്വത്തില്‍ അല്ലാഹുവിന്റെ പങ്കാളികളാക്കലാണ്‌; ആ മറ്റുള്ളവരെ ദൈവത്തിന്റെ പങ്കുകാരായി വാക്കുകൊണ്ട്‌ സമ്മതിക്കട്ടെ, സമ്മതിക്കാതിരിക്കട്ടെ, എന്നല്ല ആ പങ്കാളികളുടെ മേല്‍ ശാപ പ്രാര്‍ത്ഥന ചെയ്‌തുകൊണ്ടിരുന്നാല്‍ പോലും!.......ലോകം മുഴുക്കെ പിശാചുക്കള്‍ ശപിക്കപ്പെടുന്നതായി നമുക്ക്‌ കാണാം. പക്ഷെ, ഈ ശാപാധിക്ഷേപത്തോടൊപ്പം തന്നെ അവരുടെ ഹിതാനുവര്‍ത്തികളായി ജീവിക്കുന്നവരെല്ലാം ഫലത്തില്‍ പിശാചുക്കളെ ദൈവത്തില്‍ പങ്കുചേര്‍ത്തവരാണെന്ന്‌ ഖുര്‍ആന്‍ കുറ്റപ്പെടുത്തുന്നു. ഈ ശിര്‍ക്ക്‌ ആദര്‍ശപരമല്ല, കര്‍മ്മപരമാണ്‌. അതിനെയും ശിര്‍ക്ക്‌ എന്നു തന്നെയാണ്‌ ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌...``
continued in next comment....

Anees Aluva പറഞ്ഞു...

സൂറ ഇബ്‌റാഹീം 14:22 ലെ വിശദീകരണ കുറിപ്പ്‌ 32.
"......ഒരാള്‍ അല്ലാഹുവല്ലാത്തവരെ ദിവ്യത്വത്തില്‍ പങ്കാളികളാക്കി സങ്കല്‍പ്പിക്കുക എന്ന രൂപം മാത്രമല്ല ശിര്‍ക്കിനുള്ളതെന്നും ദൈവത്തിന്റെ അനുമതി കൂടാതെയോ ദൈവിക നിയമങ്ങള്‍ക്ക്‌ വിരുദ്ധമായോ അല്ലാഹു അല്ലാത്തവരെ പിന്‍പറ്റുന്നതും അനുസരിക്കുന്നതും ശിര്‍ക്കുതന്നെയാണെന്നും ഇങ്ങനെ പിന്‍പറ്റുന്നവരും അനുസരിക്കുന്നവരും തങ്ങള്‍ പിന്‍പറ്റുകയും അനുസരിക്കുകയും ചെയ്യുന്നവരെ ശപിച്ചുകൊണ്ടാണെങ്കിലും ഫലത്തില്‍ ആ മാര്‍ഗ്ഗമാണ്‌ സ്വീകരിക്കുന്നതെങ്കില്‍ ഖുര്‍ആന്റെ വെളിച്ചത്തില്‍ അവരെ അല്ലാഹുവില്‍ പങ്കാളികളാക്കുക തന്നെയാണ്‌ ചെയ്യുന്നതെന്നും ഇതില്‍ നിന്നും വ്യക്തമായി ഗ്രഹിക്കാവുന്നതാണ്‌.....``

ഇതേ ആശയങ്ങള്‍ തന്നെ സാമാന്യജനങ്ങള്‍ക്ക്‌ മനസ്സിലാവുന്ന ഭാഷയില്‍ `ഖുത്തുബാത്തില്‍ വിവരിച്ചിട്ടുണ്ട്‌.
"നിങ്ങള്‍ ഏതെങ്കിലും ഒരാളെ വിധികര്‍ത്താവായി സമ്മതിച്ച്‌ അവന്റെ അടിമത്വത്തെ സ്വീകരിക്കുമ്പോള്‍ വാസ്‌തവത്തില്‍ നിങ്ങള്‍ അവന്റെ `ദീനില്‍ പ്രവേശിക്കുകയാണ്‌ ചെയ്യുന്നത്‌.... ചുരുക്കത്തില്‍ ആരെ `അനുസരിക്കുക എന്ന `മാല നിങ്ങള്‍ കഴുത്തിലിടുന്നുവോ അവരുടെ `ദീനിലായിരിക്കും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്ഥിതിചെയ്യുന്നത്‌; ആരുടെ നിയമമനുസരിച്ച്‌ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നുവോ അവരെയായിരിക്കും വാസ്‌തവത്തില്‍ നിങ്ങള്‍ ആരാധിക്കുന്നത്‌.
...എന്നാല്‍ `വിശ്വാസപരമായി ഒരുത്തനെ വിധികര്‍ത്താവായി സ്വീകരിക്കുകയും പ്രത്യക്ഷത്തില്‍ മറ്റൊരാളെ അനുസരിക്കുകയും ചെയ്യുക, പൂജ ഒരുവനും അടിമവൃത്തി മറ്റൊരുവനും നിര്‍വഹിക്കുക, ഹൃദയത്തില്‍ ഒരു നിയമത്തെക്കുറിച്ച്‌ ഭക്തിയും വിശ്വാസവുമുണ്ടായിരിക്കുകയും ജീവിത ഏര്‍പ്പാടുകളില്‍ മറ്റു നിയമമനുസരിച്ച്‌ നടക്കുകയും ചെയ്യുന്നതും സാധ്യമാണെന്ന്‌ നിങ്ങള്‍ പറയുന്ന പക്ഷം അത്‌ ശരിയാണ്‌; അത്‌ സാധ്യമാണ്‌; എന്ന്‌ ഞാനും സമ്മതിക്കുന്നുണ്ട്‌. സാധ്യമാണെന്നല്ല അങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്‌. പക്ഷെ, അതിന്നത്രെ ``ശിര്‍ക്ക്‌ എന്ന്‌ പേര്‍ പറയുന്നത്‌. ``
(ഖുത്തുബാത്ത്‌ ഐ പി എച്ച്‌, വളാഞ്ചേരി 1949, പേ 412)

ചുരുക്കത്തില്‍, അല്ലാഹുവിന്റെ ദൈവത്വവും പരമാധിപത്യവും അംഗീകരിക്കുന്നുണ്ടെങ്കിലും കര്‍മ്മപരമായി ദൈവധിക്കാരികള്‍ നടപ്പാക്കുന്ന സമ്പ്രദായങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്യുക–ഇതുതന്നെയാണ്‌ ശിര്‍ക്ക്‌. ഇതിന്‌ ദൈവധിക്കാരികളെ പരമാധികാരിയായി കരുതേണ്ടതില്ല. മറിച്ച്‌ അല്ലാഹുവാണ്‌ പരമാധികാരിയെന്നംഗീകരിക്കുന്നയാളും ശപിച്ച്‌ കൊണ്ട്‌ പോലും അവരെ അനുസരിച്ചാല്‍ അത്‌ ശിര്‍ക്കാണ്‌.
അതുകൊണ്ട് ""ഈ മറുപടിയില്‍ പ്രബോധനം സമര്‍ഥിച്ച ആശയങ്ങളോടു പൂര്‍ണമായും യോജിക്കുന്നുണ്ടോ ?" എന്ന ചോദ്യത്തിന്‌ ജമാഅത്ത്കാരാണ്‌ മറുപടി നല്‍കേണ്ടത്. ഉണ്ടെങ്കില്‍ അവര്‍ക്ക് ഇതര മുസ്ലിംകളുമായി യോജിച്ച് മുന്നോട്ടുനീങ്ങാം എന്ന് തിരുത്തിവായിക്കുന്നതല്ലേ ഉചിതം !!!!!.
ഇക്കാര്യത്തില്‍ ജമാഅത്തേതര മുസ്ലിംകള്‍ക്ക് "തിരുത്തേണ്ടതായ" ഒന്നുമില്ല. കാരണം അവര്‍ അന്നും, ഇന്നും ഇന്ത്യാ ഗവണ്മെന്‍റിനെ പരമമായ നിയമനിര്‍മ്മാണാധികാരിയായി കണക്കാക്കുന്നില്ല. എന്നാല്‍ ജമാഅത്തിന്‍റെ വാദങ്ങളിലൊന്ന് "ശപിച്ചുകൊണ്ട് അനുസരിച്ചാലും ശിര്‍ക്ക്" എന്നായിരുന്നു. ആ വാദം നിലനില്‍ക്കുന്നുണ്ടോ , ഇല്ലയോ എന്ന് ജമാഅത്തുകാരാണ്‌ വ്യക്തമാക്കേണ്ടത്.
ഈ ചര്‍ച്ചാ വേദി ഒരുക്കിയ ലത്തീഫ് സാഹിബിന്‌ നന്ദി.

Anees Aluva പറഞ്ഞു...

Please check spam. i have posted two comments.

Anees Aluva പറഞ്ഞു...

I hope u have seen my recent comments, posted at 27 may 2011, 8:04am.
If not, kindly check "spam".

CKLatheef പറഞ്ഞു...

ഈ ചര്‍ചക്കും ഇതിലെ വിഷയത്തിനും വ്യക്തതയും പൂര്‍ണതയും നല്‍കിയത് സഹോദരന്‍ അനീസ് നല്‍കിയ ഉദ്ധരണിയും അതോടനുബന്ധിച്ച അഭിപ്രായങ്ങളുമാണ്.

പോസ്റ്റിന്റെ ഉദ്ദേശ്യം അനുസരണമെന്ന ശിര്‍ക്ക് ഏതെല്ലാം തരത്തില്‍ സംഭവിക്കുമെന്ന വിശദമായ പഠനമായിരുന്നില്ല. അതിന് സഹായകമായ വിവരങ്ങള്‍ പ്രബോനത്തിലേതായി ഉദ്ധരിക്കപ്പെട്ട ഭാഗത്ത് നല്‍കപ്പെട്ടിട്ടുമില്ല. ഇന്ത്യയിലെ മുസ്ലിംകളെ മുഴുവന്‍ ജമാഅത്തെ ഇസ്ലാമി അനുസരണ ശിര്‍ക്കിന്റെ പേര് പറഞ്ഞു മുഷ്രരിക്കാക്കുന്നുവെന്ന വാദം ജമാഅത്തിനെതിരെയുള്ള അസത്യപ്രചരണമാണ്. അത് പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം ഒട്ടും സുതാര്യമല്ല. എന്നിരിക്കെ അതിന് മറുപടി പറയുകയും ആരെയെങ്കിലും മുഷ് രിക്കായി ഗണിക്കണമെങ്കില്‍ അതിന് അനുസണം എവ്വിധമാകണമെന്നും മാത്രമേ ലേഖനത്തിലുള്ളൂ. അപ്രകാരം നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹു അല്ലാത്തവര്‍ക്ക് പ്രഖ്യാപിച്ചുകൊണ്ട് അനുസരിക്കുമ്പോള്‍ മാത്രമേ. അഥവാ അനുസരിക്കുന്നവരെ മാത്രമേ വ്യക്തമായി നിങ്ങള്‍ ശിര്‍ക്കിന്റെ വാഹകരും മുഷ് രിക്കുകളുമാണ് എന്ന് പറയാന്‍ കഴിയൂ.

എന്നാല്‍ മുസ്ലിംകളിലൊരു വിഭാഗം, അനീസ് ഖുതുബാത്തിലേതായി ഉദ്ധരിച്ച പോലെ ആദര്‍ശരൂപത്തില്‍ അംഗീകരിക്കുന്നില്ലെങ്കിലും അശ്രദ്ധകാരണമോ അജ്ഞതകാരണമോ കര്‍മപദത്തില്‍ ശിര്‍ക്കിനെ ആചരിക്കുന്നുണ്ട്. അത് ശ്രദ്ധിക്കണമെന്നും അതില്‍ പെട്ടുപോകരുതെന്നും നിരന്തരം ജമാഅത്ത് അതിന്റെ സാഹിത്യങ്ങളിലൂടെ ഉണര്‍ത്തുന്നതില്‍ ഒരു പിശുക്കും കാണിച്ചിട്ടില്ല. അലി സാഹിബിന്റെതായി ഉദ്ധരിച്ച ഭാഗത്തും അതുതന്നെയാണ് പറയുന്നത്.

ഞാന്‍ മനസ്സിലാക്കുന്നത് പന്ത് ഇപ്പോഴും, തങ്ങളില്‍ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ ശിര്‍ക്ക് ആരോപിക്കുന്നുവെന്ന് വാദിക്കുന്ന വിഭാഗം ഈ രണ്ട് രൂപത്തിലും ശിര്‍ക്ക് വരുന്നത് അംഗീകരിക്കുന്നുണ്ടോ എന്നും അതില്‍ അവരുടെ നിലപാട് എന്താണെന്നും വ്യക്തമാക്കി മുന്നോട്ട് വരിക എന്നതാണ്. അഥവാ രണ്ട് രൂപത്തിലെ (കര്‍മത്തിലും വിശ്വാസത്തിലും) ശിര്‍ക്കില്‍ നിന്നും അവര്‍ മുക്തമാണ് എന്നറിയുന്നതില്‍ ഏറെ സന്തോഷിക്കുന്നവരില്‍ ജമാഅത്തുകാരായിരിക്കും മുന്നിലുണ്ടാവുക.

Anees Aluva പറഞ്ഞു...

@CK Latheef
ഞാന്‍ ഈ ചര്‍ച്ചയില്‍ ആദ്യം മുതലേ ആവശ്യപ്പെട്ടതാണ്‌ ജമാഅത്തേതരരായ, വിശ്വാസികളായ മുസ്ലിംകളില്‍ ആരെങ്കിലും ഗവണ്‍മെന്‍റിന്‌ "പരമമായ നിയമനിര്‍മ്മാണാധികാരം" നല്‍കുന്നുണ്ടോ എന്ന് ? അതിനിതു വരെ മറുപടിയൊന്നും കണ്ടില്ല. ഇനി അങ്ങിനെ ഒരു കൂട്ടരുണ്ടെന്ന് സങ്കല്‍പിക്കുക, സാങ്കല്‍പിക ചര്‍ച്ചക്കായി. "ഞാന്‍ അനുസരിക്കേണ്ടത് അല്ലഹുവിനെയല്ല, ഗവണ്‍മെന്‍റിനെയാണ്‌ " എന്ന് വിശ്വസിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ തന്നെ, ആ വാദം ശരിയാണെന്ന് ഒരു മത വിശ്വാസിയായ മുസ്ലിമിനും അഭിപ്രായമില്ല. പിന്നെ എന്തിനാണ്‌ സാങ്കല്‍പ്പിക ചര്‍ച്ച നടത്തുന്നത്. അയാള്‍ ഇസ്ലാമിക വൃത്തത്തില്‍ നിന്ന് പുറത്താണ്‌ എന്നതിലും ആര്‍ക്കും തര്‍ക്കമില്ല. "ദൈവ നിഷേധിയെ" "മുശ്‍രിക്ക്" ആക്കിയാലേ ഇബാദത്തിന്‌ സമഗ്രത വരൂ എന്നുണ്ടെങ്കില്‍ അങ്ങിനെയാകട്ടേ. ഇത്, ഇല്ലാത്ത ശിര്‍ക്ക് പറഞ്ഞ് മേന്മ നടിക്കലും വിവാദമുണ്ടാക്കലും മാത്രം !!
"ശപിച്ച് കൊണ്ട് അനുസരിച്ചാലും" അത് ശിര്‍ക്കാണെന്ന ജമാഅത്ത് വാദം ഞാന്‍ ഉദ്ധരിച്ചു. അതിന്‍റെ പ്രായോഗിക വശമെന്താണ്‌? "ത്വാഗൂത്തായ" ഭരണാധികാരിയെ ശപിച്ചു കൊണ്ട് അനുസരിച്ചാലും അത് ശിര്‍ക്ക് എന്നല്ലേ അതിന്‍റെ അര്‍ഥം. ജമാഅത്ത് രാഷ്ടീയ ശിര്‍ക്ക് ഇതര മുസ്ലിംകളില്‍ ആരോപിച്ചതും ഞാന്‍ ഉദ്ധരിച്ചിരുന്നു. എന്നിട്ടും ഞങ്ങള്‍ ആരിലും ശിര്‍ക്ക് ആരോപിച്ചിട്ടില്ലെന്ന് വാദിക്കുകയോ?? ഇനി ആരോപിച്ചിട്ടില്ല എന്ന വാദം കണക്കിലെടുത്താല്‍ , പിന്നെ എന്താണ്‌ തര്‍ക്കം? ജമാഅത്ത് ആരിലും ശിര്‍ക്ക് ആരോപിക്കുന്നില്ല, ആ ശിര്‍ക്ക് ആരെങ്കിലും ചെയ്യുന്നതായും അവരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. പിന്നെ "സമഗ്രത"യക്കായി പ്രായോഗിക ബന്ധമൊന്നുമില്ലാത്ത ഒരു അക്കാഡമിക് ചര്‍ച്ച. ഇല്ലാത്ത ഒരു പ്രശ്നം , ഉണ്ടായിത്തീര്‍ന്നാല്‍ എങ്ങിനെ അത് കൈകാര്യം ചെയ്യണം എന്ന ഒരു ഒരുക്കം മാത്രം. ഗവണ്‍മെന്‍റിനെ പരമാധികാരിയാക്കുന്നവരൂണ്ടോ എന്ന് അറിയില്ലെങ്കിലും , അങ്ങിനെ ആരും ഇല്ല എന്ന് അറിയുമ്പോള്‍ "മുന്നില്‍ നിന്ന് ഏറെ സന്തോഷിക്കുകയും" ചെയ്യാം. ഇതാണ്‌ ഈ സാങ്കല്‍പിക ചര്‍ച്ചയുടെ പ്രസക്തി.

ഈ ബ്ലോഗിന്‍റെ ലക്ഷ്യം എന്തെന്ന് ഞാന്‍ താങ്കളോട് ചോദിച്ചിരുന്നു. വീണ്ടും ആവര്‍ത്തിക്കുന്നു. "ഇന്ദിരാഗാന്ധിയുടെ ആരാധകര്‍..." ഉദ്ധരണീയോട് താങ്കള്‍ യോജിക്കുന്നുണ്ടോ? അതായത് ഇന്ത്യയിലെ മുസ്ലിംകള്‍ നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരിയായി ഗവണ്‍മെന്‍റിനെ കാണുന്നില്ല എന്ന അതിന്‍റെ സംക്ഷിപ്തത്തില്‍?
"വിശുദ്ധ കൈക്രിയ"യെന്ന് താങ്ക്ള്‍ പറയുന്ന "അമുസ്ലിം ലെ "അ" പോയി "മുസ്ലിം"ആയപ്പോള്‍ സംഭവിച്ച വ്യത്യാസമെന്ത്?? അത് മന:പൂര്‍വ്വമോ, അല്ല അക്ഷരതെറ്റോ എന്ന് എനിക്കറിയില്ല. ഏതായാലും അതിന്‌ പിന്നില്‍ ഞാനില്ല.

വിഷയത്തിലെ മര്‍മ്മം ഇന്ത്യന്‍ മുസ്ലിംകള്‍ "നിരുപാധികമായ നിയമനിര്‍മാണത്തിനുള്ള അധികാരം" ഗവണ്‍‍മെന്‍റിന്‌ നല്‍കുന്നോ , ഇല്ലയോ എന്നാണ്‌. ഞാന്‍ "പ്രബോധനം" ഉദ്ധരണിയോട് യോജിക്കുന്നു. അതായത് നല്‍കുന്നില്ല എന്നതില്‍ .
താങ്കളോ?
യോജിച്ചാല്‍ ഈ ഊതിവീര്‍പ്പിച്ച "രാഷ്ടീയ ശിര്‍ക്ക്" എന്ന ബലൂണ്‍ പൊട്ടും. ഇല്ലെങ്കില്‍ ഇന്ത്യയിലെ സകല മുസ്ലികളും (പറയുന്നവരുള്‍പ്പടെ) മുശ്‍രിക്കാണെന്ന് വരും. ഏതാണ്‌ താങ്കളുടെ അഭിപ്രായം.

CKLatheef പറഞ്ഞു...

ഈ ബ്ലോഗ് പോസ്റ്റിന്റെ ലക്ഷ്യമെന്തായിരിക്കും താങ്കള്‍ ഉദ്ദേശിച്ചത് എന്ന് കരുതട്ടേ.

മുകളില്‍ അതിന്റെ ലക്ഷ്യം വ്യക്തമാക്കുകയുണ്ടായി. അത് താങ്കളുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്ന് എനിക്കറിയില്ല. പ്രബോധനത്തിലെ ഒരു മറുപടിയിലെ തങ്ങള്‍ക്ക് അനുയോജ്യമെന്ന് കരുതുന്ന ഒരു ഭാഗം മുറിച്ചെടുത്ത് അതിന്റെ മൊത്തം ആശയവുമായോ ജമാഅത്ത് (ഇസ്ലാം തന്നെ) മുന്നോട്ട് വെക്കുന്ന അതിന്റെ തൗഹീദ് സങ്കല്‍പവുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലെന്ന് തോന്നിപ്പിക്കുമാര് ഒരു തലക്കെട്ട് നല്‍കി പ്രചരിപ്പിച്ചപ്പോള്‍ ബാക്കി ഭാഗം കൂടി വായിച്ച് അത് പറയാനുള്ള സന്ദര്‍ഭം മനസ്സിലാക്കി കൊടുക്കുക എന്നതായിരുന്നു പോസ്റ്റിന്റെ ലക്ഷ്യം.

ആ പോസ്റ്റും താങ്കള്‍ നല്‍കിയ ഏതാനും ഉദ്ധരണികളും ചേര്‍ത്ത് വായിച്ചാല്‍ ലഭിക്കുന്ന ആശയമാണ് ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്നത്.

ജമാഅത്തിന്റെത് ഒരു സാങ്കല്‍പിക വാദമാണെന്നും മുജാഹിദ് പ്രസ്ഥാനത്തിനോ മറ്റുള്ളവര്‍ക്കോ അല്ലാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട് ഇവിടെ ഉന്നയിക്കപ്പെട്ട വാദത്തില്‍നിന്ന് ഭിന്നമായി ഒരു ആദര്‍ശമില്ലെന്നും താങ്കളും വാദിക്കുന്നു-എന്നാല് അത് വ്യക്തമായി പറയുന്നുമില്ല- ഞാന്‍ പറയുന്നതും നേരത്തെ കെ.സി. പറഞ്ഞതും ഒരു കാര്യമാണ്. അങ്ങനെ ഇല്ലെങ്കില്‍ അത് തുറന്ന് പ്രഖ്യാപിക്കുന്നതോടെയും പിന്നീട് ഇക്കാര്യത്തില്‍ ജമാഅത്തിനെ വിമര്‍ശിക്കുന്നത് നിര്‍ത്തുന്നതോടെയും പ്രശ്‌നം അവസാനിക്കുന്നതാണ്. എന്നാല്‍ ഇത്രയൊക്കെ സംസാരിച്ചിട്ടും ഈ വാദങ്ങളിലൊന്നിനോടും യോജിക്കാനോ വിയോജിക്കാനോ സന്നദ്ധമല്ലാതെ ചില വാചകകസര്‍ത്തുകളിലൂടെ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെങ്കില്‍ എന്ത് മനസ്സിലാക്കണം.

Anees Aluva പറഞ്ഞു...

"----ജമാഅത്തിന്റെത് ഒരു സാങ്കല്‍പിക വാദമാണെന്നും മുജാഹിദ് പ്രസ്ഥാനത്തിനോ മറ്റുള്ളവര്‍ക്കോ അല്ലാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട് ഇവിടെ ഉന്നയിക്കപ്പെട്ട വാദത്തില്‍നിന്ന് ഭിന്നമായി ഒരു ആദര്‍ശമില്ലെന്നും താങ്കളും വാദിക്കുന്നു-എന്നാല് അത് വ്യക്തമായി പറയുന്നുമില്ല----"
ഞാന്‍ വ്യക്തമായി പറഞ്ഞില്ലെങ്കില്‍ താങ്കള്‍ ഇതൊക്കെ എങ്ങിനെ മനസ്സിലാക്കി.??
ഞാന്‍ ആവര്‍ത്തിക്കുന്നു.
>>വിഷയത്തിലെ മര്‍മ്മം ഇന്ത്യന്‍ മുസ്ലിംകള്‍ "നിരുപാധികമായ നിയമനിര്‍മാണത്തിനുള്ള അധികാരം" ഗവണ്‍‍മെന്‍റിന്‌ നല്‍കുന്നോ , ഇല്ലയോ എന്നാണ്‌. ഞാന്‍ "പ്രബോധനം" ഉദ്ധരണിയോട് യോജിക്കുന്നു. അതായത് നല്‍കുന്നില്ല എന്നതില്‍ .
താങ്കളോ? <<

Noushad Vadakkel പറഞ്ഞു...

Noushad Vadakkel said...

@ ലതീഫ്‌ മാസ്റെര്‍

>>> മുന്‍പ് മുസ്ലിംകള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചത്തിന്റെ പേരില്‍ അവരെ 'രാഷ്ട്രീയ മുശ്രിക്കുകള്‍'( രാഷ്ട്രീയ ബഹു ദൈവ ആരാധകര്‍ ) എന്ന് വിളിച്ചത് മറച്ചു വെക്കാനും ശ്രമിക്കരുത്.<<<

>>>ഈ വിളികേള്‍ക്കാതിരിക്കാന്‍ എന്ത് മാറ്റമാണ് ഇസ്‌ലാഹികളിലുണ്ടായത്.<<<

സന്തോഷമായി മാഷേ സന്തോഷമായി ... കണ്ണ് നിറഞ്ഞു ....എന്റെ ഒരു ചോദ്യത്തിന് നാലന്ച്ചു ദിവസമായി ഉരുണ്ടു കളിച്ചിട്ടു അവസാനം ഇങ്ങനെയെങ്കിലും ഒരു മറുപടി എഴുതുവാന്‍ തോന്നിയല്ലോ ....

ഈ വിളിക്ക് ജമാഅത് തന്നെ മറുപടി പറഞ്ഞിട്ടില്ലേ. ദാ ഇവിടെ വായിക്കാം പിന്നെയും പിന്നെയും ഇങ്ങനെ രാഷ്ട്രീയ മുശ്രിക്ക്( രാഷ്ട്രീയ ബഹു ദൈവ ആരാധകര്‍ ) എന്ന് വിളിചോണ്ടിരിക്കുന്നത് കര്മ്മപരമായി കാപട്ട്യം പുലര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിക്ക് വ്യതിരിക്തത അവകാശപ്പെടുവാന്‍ വേണ്ടിയാണെന്ന് മൂക്ക് മുന്‍പോട്ടു വളര്ന്നവര്‍ക്കൊക്കെ അറിയാം(പദ പ്രയോഗം കടമെടുത്തത് ഓ അബ്ദുള്ള സാഹിബിന്റെ 'ശത്രുക്കളല്ല സ്നേഹിതന്മാര്‍' എന്ന പുസ്തകത്തില്‍ നിന്നും )

Noushad Vadakkel പറഞ്ഞു...

@Noushad

>>> തങ്ങള്‍ ഇസ്ലാമിക രാഷ്ട്രത്തിനു വേണ്ടിയല്ല , ജനാധിപത്യം നില നില്‍ക്കുവാന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കൂടി വ്യക്തമാക്കണം. <<<

ഇവര്‍ ആര്‍ക്കുവേണ്ടിയാണ് വിടുവേല ചെയ്യുന്നതെന്ന് മനസ്സിലാക്കണം. ഇസ്്‌ലാഹികള്‍ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ ഭീരുക്കള്‍ക്ക് ഇസ്ലാമിന്റെ പൈതൃകം അവകാശപ്പെടാന്‍ വല്ല അര്‍ഹതയുമുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്.

ഇവര്‍ക്ക് ഇസ്്‌ലാമിലെ രാഷ്ട്രീയത്തെക്കുറിച്ച് മാത്രമല്ല. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും അറിയില്ല എന്നതാണ് നേര്. അറിഞ്ഞിരുന്നെങ്കില്‍ ജനാധിപത്യ സംവിധാനത്തിനകത്ത് നിന്ന് തങ്ങള്‍ മനസ്സിലാക്കിയ കൂടുതല്‍ നല്ല ഒരു വ്യവസ്ഥക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യന് വിരുദ്ധമായി ആവര്‍ മനസ്സിലാക്കില്ലായിരുന്നു. 60 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ ജമാഅത്ത് ഇത് പറഞ്ഞുകൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് ഇന്ത്യന്‍ജനാധിപത്യത്തെ പൂര്‍ണമായ അര്‍ഥത്തില്‍ അംഗീകരിക്കുന്നില്ല. ഭൂര്‍ഷാ ജനാധിപത്യമെന്നും പാര്‍ലമെന്റെറി വ്യമോഹമെന്നൊക്കെ അതിനെ അവര്‍ പരിഹസിക്കാറുണ്ട്. എന്നാല്‍ ഇന്ന് നിലനില്‍ക്കുന്ന ജനാധിപത്യത്തേക്കാളും ഉന്നതമായ ജനാധിപത്യമര്യാദയുള്ള ഒരു ദര്‍ശനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന് പറയണമെങ്കില്‍. അസാമാന്യമായ അറിവില്ലായ്മ കൊണ്ട് അനുഗ്രഹിക്കപ്പെടണം.

>>> മുന്‍പ് മുസ്ലിംകള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചത്തിന്റെ പേരില്‍ അവരെ 'രാഷ്ട്രീയ മുശ്രിക്കുകള്‍'( രാഷ്ട്രീയ ബഹു ദൈവ ആരാധകര്‍ ) എന്ന് വിളിച്ചത് മറച്ചു വെക്കാനും ശ്രമിക്കരുത്. <<<

ഈ വിളികേള്‍ക്കാതിരിക്കാന്‍ എന്ത് മാറ്റമാണ് ഇസ്‌ലാഹികളിലുണ്ടായത്. മുജാഹിദുകളുടെ എതിര്‍പ്പുകാരണം സുന്നികള്‍ തങ്ങളുടെ അന്ധവിശ്വാസത്തില്‍ കൂടുതല്‍ തീവ്രത പുലര്‍ത്തിയപോലെ, ഇപ്പോള്‍ ഇസ്ലാഹികളും ഇസ്‌ലാമി രാഷ്ട്രീയത്തില്‍നിന്ന് തത്വത്തില് കൂടി കൂടുതലകന്നു എന്നല്ലാതെ.

CKLatheef പറഞ്ഞു...

പ്രിയ നൗഷാദ്,

താങ്കള്‍ നല്‍കിയ ഏതാനും ലിങ്കുകള്‍ ഞാന്‍ എവിടേക്കാണ് എന്ന് പോലും ശ്രദ്ധിക്കാതെ നീക്കം ചെയ്തിട്ടുണ്ട്. മുഖ്താറിന്റെ ബ്ലോഗിലേക്ക് നല്‍കിയ ഈ കമന്റ് നിലനിര്‍ത്തുന്നു. അത് സംവാദത്തിന്റെ അത്ര പ്രോത്സാഹനാജനകമല്ലാത്ത എന്നാല്‍ ആക്ഷേപാര്‍ഹം എന്ന് പറയാന്‍ കഴിയാത്ത ഒരു ശൈലിയാണ്. അവിടെയുള്ള ചോദ്യത്തിലെ ന്യായാന്യായം പോലും ചര്‍ചയാക്കാതെ ഒരു മറുചോദ്യമാണ് ആ കമന്റ് താങ്കളെ ഇവിടെ പകര്‍ത്താന്‍ പ്രേരിപ്പിച്ചത്. അതേ ശൈലി ഇവിടെ തുടരാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ്, അനീസ് ഇത്രയൊക്കെ മറുചോദ്യമുന്നയിച്ചിട്ടും പഴയ മുജാഹിദ് മാസികയിലെ ഉദ്ധരണിയൊന്നും ഇവിടെ പേസ്റ്റാന്‍ മിനക്കെടാതിരിക്കുന്നത്. ആരോ എഴുതിവിട്ട ചില അസംബന്ധങ്ങളില്‍ അതേ സംഘടനയില്‍ പെട്ടുപോയി എന്നതിന്റെ പേരില്‍ അതിന്റെ പ്രവര്‍ത്തകരെ തളച്ചിടുകയും അതിനെ കണ്ണടച്ച് ന്യായീകരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് തള്ളിവിടാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. ആരെയെങ്കിലും പ്രതിരോധത്തിലാക്കാനോ പരാജയപ്പെടുത്താനോ അല്ല, അല്ലാഹുവിലും അവന്റെ പ്രാചകനിലും പരലോകത്തും വിശ്വസിക്കുന്നവരെന്ന നിലക്ക് നമ്മുക്ക് ആശയങ്ങള്‍ പരസ്പരം ചര്‍ചചെയ്യാമെന്നും മുന്‍ധാരണകള്‍ മാറ്റിവെച്ച് ചര്‍ചചെയ്താല്‍ സമന്വയം സാധ്യമാണ് എന്നും ഞാന്‍ മനസ്സിലാക്കുന്നു. അനീസ് അത് മനസ്സിലാക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ അദ്ദേഹം എന്റെ ഈ ഉദ്ദേശ്യം ഉള്‍കൊള്ളാന്‍ സന്നദ്ധമല്ല എന്ന് തോന്നുന്നു. ഏതായാലും ഇത്രയും പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് ഈ പോസ്റ്റിന് ഒരു രണ്ടാം ഭാഗം ആവശ്യമായി വന്നിരിക്കുന്നു. എന്നാല്‍ മുഖ്താറിന്റെ ബ്ലോഗില്‍ നടന്ന ഒരു ചര്‍ചയുടെ തനിയാവര്‍ത്തനം ഞാന്‍ ഇവിടെ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അവിടെ എന്തെങ്കിലും പിന്‍വലിക്കേണ്ടതായി ഉണ്ടെന്നും ഞാന്‍ കരുതുന്നില്ല. ഇവിടെ പറഞ്ഞതിനോ പറയാന്‍ പോകുന്നതിനോ വിരദ്ധമായതൊന്നും അവിടെയില്ല. പക്ഷെ ആ ശൈലി തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്ന് മാത്രം.

CKLatheef പറഞ്ഞു...

Noushad said..

[@ ലതീഫ്‌ മാസ്റെര്‍

>>> മുന്‍പ് മുസ്ലിംകള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചത്തിന്റെ പേരില്‍ അവരെ 'രാഷ്ട്രീയ മുശ്രിക്കുകള്‍'( രാഷ്ട്രീയ ബഹു ദൈവ ആരാധകര്‍ ) എന്ന് വിളിച്ചത് മറച്ചു വെക്കാനും ശ്രമിക്കരുത്.<<<

>>>ഈ വിളികേള്‍ക്കാതിരിക്കാന്‍ എന്ത് മാറ്റമാണ് ഇസ്‌ലാഹികളിലുണ്ടായത്.<<<]

എന്റെ മേല്‍ കമന്റ് അവ്യക്തമാണെങ്കില്‍ അത് തീര്‍ക്കാന്‍ മാത്രമാണ് ഈ പ്രതികരണം. ഇവിടെ കുറേകൂടി പോസ്റ്റിവായി പ്രകോപനലേശമന്യയുള്ള ചര്‍ചയാണ് ഞാന്‍ പ്രോത്സാഹിപ്പിക്കുന്നത്. അവിടെ ഈ ശൈലിയും സ്വീകാര്യമായിരുന്നില്ല. കാരണം പോസ്റ്റിന്റെ ശൈലിയും അതിന് സ്വീകരിച്ച സമയവും അവിടെ ഇടപെട്ട രൂപവുമൊക്കെ ആ ശൈലിക്ക് അനുയോജ്യമായിരുന്നു.

ഇവിടെ എനിക്ക് ആ പ്രസ്താവനയെ തന്നെ ചോദ്യം ചെയ്യേണ്ടിവരും. കാരണം മുമ്പ് മുസ്ലിംകള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മാത്രമല്ല ജമാഅത്തെ ഇസ്ലാമി ചില ആക്ഷേപങ്ങള്‍ മുജാഹിദ് പോലുള്ള സംഘടനകളെതന്നെ ഉദ്ദേശിച്ച് ഉന്നയിച്ചത്. എന്നാല്‍ പോലും ഇന്ത്യന്‍ മുസ്ലിംകളെ മൊത്തത്തില്‍ രാഷ്ട്രീയ മുശ്രിക്കുകള്‍ (രാഷ്ട്രീയ ബഹുദൈവാ ആരാധകര്‍) എന്ന് ഒരിക്കലും ജമാഅത്തിന്റെ ഏതെങ്കിലും ഉത്തരവാദപ്പെട്ട പ്രസിദ്ധീകരണങ്ങളോ പ്രവര്‍ത്തകരോ വിളിക്കില്ല എന്ന് എനിക്കുറപ്പിച്ചു പറയാന്‍ കഴിയും. അപ്രകാരം കണ്ടിട്ടുണ്ടെങ്കില്‍ ഹാജറാക്കാവുന്നതാണ്. അതുകൊണ്ട് ഇത് കേവലം ഒരു വ്യാജാരോപണം മാത്രമാണ്. രാഷ്ട്രീയ മുഷിരിക്ക് എന്ന പദവും അതിന് ബ്രാക്കറ്റില്‍ നല്‍കിയ അര്‍ഥവും തീര്‍ത്തും മുജാഹിദ് വകയാണ് എന്ന് ആ ശൈലിമാത്രം മതി തെളിവായി. ശിര്‍ക്ക് എന്നതിന് ബുഹുദൈവാരാധന എന്ന പരിമിതമായ അര്‍ഥ സങ്കല്‍പം പോലും മുജാഹിദ് വകയാണ്.

എന്നാല്‍ ഈ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ. അത് ആരെ ഉദ്ദേശിച്ചായിരുന്നു. അതില്‍ ഇന്ത്യയിലെ ജമാഅത്തേതര മുസ്ലിംകളെ മുഴുവന്‍ ഉള്‍കൊള്ളിച്ചിട്ടുണ്ടോ. അവര്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചുവെന്നത് മാത്രമായിരുന്നോ അതിന് പ്രേരകം എന്നിത്യാധി കാര്യങ്ങള്‍ പറയാതിരുന്നാല്‍ ഈ പോസ്റ്റിലെ ചര്‍ച അപൂര്‍ണമാകും. ഇന്‍ഷാ അല്ലാഹ് അടുത്ത പോസ്റ്റില്‍ അത് വിശദീകരിക്കും. അനീസിന്റെ കുറച്ച് സംശയം അവിടെ തീര്‍ക്കാമെന്ന് കരുതുന്നു. ഈ പോസ്റ്റിന് കീഴില്‍ ഇത്രയും ചര്‍ച തന്നെ ഞാന്‍ പ്രതീക്ഷിച്ചതല്ല.

വളരെ മാന്യമായി തങ്ങള്‍ക്ക് പറയാനുള്ളത് പറഞ്ഞ അനീസ് ആലുവക്കും നൗഷാദ് വടക്കേലിനും എന്റെ നന്ദിയും പ്രാര്‍ഥനയും അറിയിക്കുന്നു.

CKLatheef പറഞ്ഞു...

കൃത്യം ഒരു വര്‍ഷം മുമ്പ് ഒരു ആരോപണത്തിന് പ്രതികരണാമായി ഞാന്‍ താങ്കളുടെ ബ്ലോഗില്‍ പറഞ്ഞ കാര്യം ഇവിടെ പകര്‍ത്തട്ടേ. സംവാദത്തിന്റെ കാര്യത്തില്‍ അന്നത്തെ അതേ നിലപാടുതന്നെയാണ് എനിക്കിപ്പോഴുമുള്ളത്.
----------------------------

>>> അല്ലാഹുവും റസൂലും (സ ) പഠിപ്പിച്ചത് മുഴുവന്‍ ചേരുമ്പോഴേ ദീന്‍ സമഗ്രവും സംപൂര്ണവുമാവുകയുള്ളൂ എന്നാണു മുജാഹിദുകളുടെ ഉറച്ച നിലപാട് . എന്നാല്‍ സമ്പത്തില്ലാത്ത വ്യക്തി ഇസ്ലാമിലെ സുപ്രധാന ആരാധന കര്‍മ്മമായ സക്കാത് നല്‍കുന്നില്ല എന്നതിന്റെ പേരില്‍ അയാളുടെ ദീന്‍ സമഗ്രമല്ലാതാവുകയില്ല .അത് പോലെ തന്നെ രാഷ്ട്രീയ സ്വയം നിര്‍ണ്ണയാവകാശമില്ലാത്ത മുസ്ലിംകള്‍ ഇസ്ലാമിന്റെ ഭരണ പരമായ നിയമങ്ങള്‍ നടപ്പാക്കുന്നില്ല എന്നത് കൊണ്ട് അവരുടെ ദീന്‍ സമഗ്രമല്ലാതാവുകയില്ല .ഇന്ത്യന്‍ മുസ്ലിംകളെ സമ്പന്ധിച്ച ഈ അനിഷേദ്ധ്യ സത്യം തുറന്നു പറയുന്നതിന്റെ പേരിലാണ് 'ഇസ്ലാമിന്റെ രാഷ്ട്രീയ ദര്‍ശനങ്ങളെ പാടെ അവഗണിച്ചു 'എന്ന് ജമാഅത്ത് കാര്‍ ആക്ഷേപമുന്നയിക്കുന്നത് . <<<

CKLatheef said.. ജമാഅത്തുകാര്‍ ആക്ഷേപമുന്നയിക്കുന്നത് എന്നാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഏതെങ്കിലും ജമാഅത്തുകാര്‍ അങ്ങനെ പറഞ്ഞോ എന്നെനിക്ക് അറിയില്ല. പക്ഷെ ജമാഅത്തെ ഇസ്‌ലാമിയെ മനസ്സിലാക്കിയ ആള്‍ അപ്രകാരം ഒരാക്ഷേപം ആര്‍ക്കെതിരെയും ഉന്നയിക്കില്ല.

രാഷ്ട്രീയ സ്വയം നിര്‍ണയാവകാശമില്ലാത്ത മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ ഭരണപരമായ നിയമങ്ങള്‍ നടപ്പാക്കണം എന്ന് ജമാഅത്ത് പറയുന്നതായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. സമഗ്രത അതുമായി ബന്ധപ്പെട്ടല്ല മനസ്സിലാക്കുന്നത്. മറിച്ച് രാഷ്ട്രീയ പരമായ വിഷയത്തില്‍ ഇസ്‌ലാമിന് വല്ലതും പറയാനുണ്ടോ. ഉണ്ടെങ്കില്‍ അതെന്താണ്. ഇന്ത്യയില്‍ ജനിച്ച ഒരു മുസ്‌ലിം ഇത്തരം വിഷയത്തില്‍ തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ എന്ത് ചെയ്യണം. എന്നതിലൊക്കെ ജമാഅത്തിന്റെ നിലപാടിനെ എതിര്‍ക്കുന്നു എന്നതുകൊണ്ടാണ് പ്രധാനമായും മുജാഹിദ് പ്രസ്ഥാനത്തിനെതിരെ ആരോപണം വരുന്നത്. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അരോപണമുന്നയിക്കലല്ല അതിനുള്ള പരിഹാരം; മറിച്ച് ഈ വിഷയത്തില്‍ ശരിയായ ഒരു കാഴ്ചപ്പാട് വ്യക്തമാക്കുകയും ജമാഅത്ത് സ്വീകരിച്ച് നിലപാട് ഇന്നാലിന്ന കാരണത്താല്‍ വിശുദ്ധഖുര്‍ആനോ പ്രവാചകചര്യക്കോ നിരക്കുന്നതല്ല എന്ന് സ്ഥാപിക്കുകയുമാണ്. അതിന് തയ്യാറുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ഇവിടെ നടന്നത് പോലുള്ള തര്‍ക്കങ്ങളില്‍ കാര്യമില്ല. 50 വര്‍ഷം പഴക്കമുള്ള അതേ അരോപണങ്ങള്‍ പകര്‍ത്തിവെക്കുന്നതില്‍ അര്‍ക്കെങ്കിലും ചില മനസുഖം അനുഭവപ്പെടും എന്നല്ലാതെ ഫലപ്രദമായ ചര്‍ചയാകില്ല. ഇബാദത്തും തൗഹീദും രാഷ്ട്രീയവും അപ്രകാരം ചര്‍ചക്ക് മുതിരുക. ബ്ലോഗ് ലോകത്തേക്ക് പഴയ ചവറുകള്‍ വലിച്ചിടാതിരിക്കുക. ക്രിയാത്മകമായ ചര്‍ചയിലേക്ക് നമ്മുക്ക് മുന്നേറാം. പരസ്പരം അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് തോന്നുന്ന വിഷയങ്ങള്‍ ഓരോന്നോരോന്നായി ചര്‍ചക്ക് വെക്കുക.

CKLatheef പറഞ്ഞു...

>>വിഷയത്തിലെ മര്‍മ്മം ഇന്ത്യന്‍ മുസ്ലിംകള്‍ "നിരുപാധികമായ നിയമനിര്‍മാണത്തിനുള്ള അധികാരം" ഗവണ്‍‍മെന്‍റിന്‌ നല്‍കുന്നോ , ഇല്ലയോ എന്നാണ്‌. ഞാന്‍ "പ്രബോധനം" ഉദ്ധരണിയോട് യോജിക്കുന്നു. അതായത് നല്‍കുന്നില്ല എന്നതില്‍ .
താങ്കളോ? <<

പുതിയ പോസ്റ്റ് : മതപരമായ നിയമനിര്മാണാധികാരമോ ?

Anees Aluva പറഞ്ഞു...

"ഇന്ദിരാഗാന്ധിയുടെ ആരാധകര്‍..." ഉദ്ധരണീയോട് താങ്കള്‍ യോജിക്കുന്നുണ്ടോ? എന്ന ചോദ്യം പുതിയ ബ്ലോഗ് പോസ്റ്റിലേക്ക് മാറ്റിയതിനാല്‍ , ഇനി ഈ പോസ്റ്റിലെ ഒരു വിഷയം മാത്രം അവശേഷിക്കുന്നു. അത് "കൈക്രിയ" യെ പറ്റിയാണ്‌.
"കൈക്രിയ"യെന്ന് താങ്കള്‍ പറയുന്ന "അമുസ്ലിം ലെ "അ" പോയി "മുസ്ലിം"ആയപ്പോള്‍ സംഭവിച്ച അര്‍ത്ഥ വ്യത്യാസമെന്ത്?? ആ കൈക്രിയയിലൂടെ അത് ചെയ്തെന്ന് ആരോപിക്കപ്പെട്ടവര്‍ക്ക് ലഭിച്ച നേട്ടമെന്ത് ??
അതും താങ്കള്‍ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

CKLatheef പറഞ്ഞു...

പ്രബോധനത്തിലെ മറുപടിയില്‍ മുസ്ലിം എന്നാണുള്ളത്. അത് അമുസ്ലിം എന്ന് ചേര്‍ത്തവരുടെ താല്‍പര്യമെന്തായിരുന്നുവെന്ന് അവരാണ് പറയേണ്ടത്.

പുന്നകാടൻ പറഞ്ഞു...

തമ്മിൽ തല്ലൂ....................

LATHEEF VALANCHERY പറഞ്ഞു...

ലത്തീഫ് മാസ്റ്റര്‍ക്ക് അപാര ധൈര്യം തന്നെ...ഇങ്ങനെ എന്താണെന്നു വ്യക്തമല്ലാത്ത ഇടക്കിടെ മാറിക്കൊണ്ടിരിക്കുന്ന ഒരു സംഗതി ന്യായീകരിച്ചും വ്യാഖ്യാനിച്ചും ഒപ്പിക്കാന്‍ എത്ര കഴിയില്ലെങ്കിലും ശ്രമിച്ചു നോക്കുന്നുണ്ടല്ലൊ?...സമ്മതിച്ചു തന്നിരിക്കുന്നു...ഞങ്ങളൊക്കെ എന്നേ അതു വിട്ടു....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK