'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഏപ്രിൽ 26, 2012

മുജാഹിദുകളുടെ ജനാധിപത്യത്തോടുള്ള നിലപാട് ?

Mohd Yoosuf said..

‎ചുവടെ കൊടുത്ത ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് വിനീതമായി ആവശ്യപെടുന്നു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നിക്കാനാണ്.


1) ആധുനിക ജനാധിപത്യ സംവിദാനം മോശമാണെങ്കിൽ എന്തിന് അതിന്റെ ഭാഗഭാക്കാവുന്നു?

----------------------------------------
ജമാഅത്ത് മുജാഹിദ് സംവാദത്തിനിടെ മുജാഹിദ് സുഹൃത്ത് മുഹമ്മദ് യൂസുഫ് എന്നോട്  ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ആരംഭിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച തെറ്റിദ്ധാരണകള്‍ ഇതുവഴി നീക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിന് സാധിക്കുന്ന വിധമാണ് മറുപടി പറയുന്നത്. ഈ ചോദ്യത്തിന് അക്കമിട്ട മറുപടി റഷീദ് തണ്ടശേരി എന്ന ജമാഅത്ത് സുഹൃത്ത് നല്‍കിയിരുന്നു. എന്നാല്‍ തെറ്റിദ്ധാരണ നീക്കല്‍ മാത്രമല്ല തെറ്റിദ്ധരിപ്പിക്കല്‍ കൂടി ഈ ചോദ്യത്തിന് ഉദ്ദേശ്യമുണ്ട് എന്ന് തോന്നിപ്പിക്കു വിധമാണ് ചോദ്യകര്‍ത്താക്കളും സമാന ചിന്താഗതിക്കാരും അതിനോട് പ്രതികരിച്ചത്.

റഷീദ് തണ്ടശേരിയുടെ മറുപടി ഇപ്രകാരമായിരുന്നു.

1 - ആധുനിക ജനാതിപത്യത്തേക്കാള്‍ ഏറ്റവും നല്ല വ്യവസ്ഥിതി ഇസ്ലാം തന്നെയാണ്... അത് ദൈവികം ആണ് .. മറ്റേത് മനുഷ്യ നിര്മിതവും ..

ലക്‌ഷ്യം ഇസ്ലാം മാത്രമാണ് , അത് നടപ്പില്‍ വരുവാനുള്ള പ്രവര്‍ത്തനങ്ങളാണ് , മുസ്ലിം എന്ന പേര് ഉച്ചരിക്കാന്‍ കഴിയാത്ത വ്യവസ്ഥയില്‍ പോലും ലക്ഷ്യത്തില്‍ മാറ്റമില്ല ...

അത് കൊണ്ട് തന്നെ ജനാത്യ പത്യത്തോട്‌ എന്തിന്‌ സഹകരിക്കുന്നു എന്ന ചോദ്യത്തിനു പ്രസക്തി ഇല്ല .

ചുരുങ്ങിയ രൂപത്തില്‍ ഒരു മറുപടി നല്‍കുന്ന പക്ഷം ഇതില്‍നിന്ന് വ്യത്യസ്ഥമായ ഒരു മറുപടി എനിക്കും നല്‍കാനില്ല. എന്നാല്‍ അനുഭവിച്ചറിഞ്ഞ പോലെ കേവലം ഇത്തരം ഒരു മറുപടിയില്‍ ചോദ്യകര്‍ത്താക്കള്‍ സംതൃപ്തരല്ല. സംതൃപ്തരാകാതിരിക്കാനുള്ള കാരണം. ചോദിക്കുന്നത് മുസ്ലിംകളാണെങ്കിലും ഇസ്ലാമുമായി ഇവയ്കൊക്കെ എന്ത് ബന്ധം എന്ന് തിട്ടപ്പെടുത്താനുള്ള കഴിവില്ലായ്മയാണ്. വ്യക്തമാക്കാം.

ആധുനിക മതേതതരജനാധിപത്യ വ്യവസ്ഥ എന്നത് പാശ്ചാത്യരുടെ ചര്‍ച്ചിന്റെ മേധാവിത്വത്തിലധിഷ്ഠിതമായ ഥിയോക്രസിക്കെതിരെ ഭൂരിപക്ഷ ജനത്തിന്റെ വികാരത്തിന് മുന്‍തൂക്കം ലഭിച്ച മനുഷ്യനിര്‍മിതമായ ഒരു പുതിയ രാഷ്ട്രീയ സമ്പ്രദായമാണ്. അതിന് തന്നെ പല രൂപങ്ങളുണ്ട്. ജനാധിപത്യത്തിന് തന്നെ ലോകത്ത് പലരൂപങ്ങളുണ്ട്. ഇവ മൊത്തമായി മോശമാണന്നോ സമ്പൂര്‍ണമായി കുറ്റമറ്റതാണെന്നോ അതിന്റെ തനിവക്താക്കള്‍ക്ക് പോലും വാദമില്ല. ഈ വിഷയം പത്തിലേറെ പോസ്റ്റുകളില്‍ വിശദമായി ചര്‍ച ചെയ്തതിനാല്‍ ആവര്‍ത്തിക്കുന്നില്ല.

ജനാധിപത്യവ്യവസ്ഥക്കപ്പുറം അതിനേക്കാള്‍ നല്ല വ്യവസ്ഥ ലോകത്തിന്റെ ശ്രദ്ധയില്‍ അധികം വന്നിട്ടില്ലെങ്കിലും അങ്ങനെ ഒന്നിന്റെ വക്താക്കളാണ് തങ്ങളെന്ന ബോധം ജമാഅത്തെ ഇസ്ലാമിക്കുണ്ട്. പക്ഷെ അത് ബോധ്യപ്പെടുന്നത് വരെ അതാരെങ്കിലും പിന്തുടരണമെന്ന ശാഠ്യം ജമാഅത്തിനില്ല. ആരെയെങ്കിലും ഭയപ്പെട്ടോ അരെങ്കിലും തെറ്റിദ്ധരിക്കുമെന്ന് ശങ്കിച്ചോ ഉള്ള ഒന്നിനെ നിഷേധിക്കാനും ജമാഅത്തിന് സാധ്യമല്ല. ജനാധിപത്യത്തിന് മൂല്യം കൈവരുന്നത് തന്നെ ഇതര വിശ്വാസങ്ങളെയും ദര്‍ശനങ്ങളെയും പ്രബോധനം നടത്താനും പ്രചരിപ്പിക്കാനുമുള്ള സാധ്യത അത് അംഗീകരിക്കുമ്പോള്‍ മാത്രമാണ്. അഥവാ ജനാധിപത്യത്തിന്റെ പേരില്‍ അതിനേക്കാള്‍ നല്ല ഒരു വ്യവസ്ഥയെക്കുറിച്ച് മിണ്ടാന്‍ പോലും സാധ്യമല്ല എന്ന അവസ്ഥവരുന്ന പക്ഷം അതിന് ജനാധിപത്യം എന്ന് പോലും പറയാന്‍ കഴിയില്ല. കാരണം ജനാധിപത്യത്തിന്റെ നന്മകളില്‍ പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം.

ഒരു മുസ്ലിം പൂര്‍ണമായി ഇസ്ലാമില്‍ പ്രവേശിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. ആ നിലക്ക് രാഷ്ട്രീയം അവന്റെ മതദര്‍ശനത്തിന് പുറത്തല്ല. അവന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനെ പ്രകടിപ്പിക്കാന്‍ പാടില്ല എന്ന് പറയുന്നവര്‍ ജനാധിപത്യവിരുദ്ധരും മാനവികതയുടെ ശത്രുവുമാണ്. ഇവിടെ മുജാഹിദുകാരനോട് തിരിച്ചു ഒരു ചോദ്യമുണ്ട് അതിന് അവന്‍ മറുപടി പറഞ്ഞേ തീരൂ. ജനാധിപത്യവ്യവസ്ഥ കുറ്റമറ്റ ഒരു രാഷ്ട്രീയ സമ്പ്രദായമാണെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടോ. അതിന് പകരം നില്‍ക്കാവുന്ന ഒരു ഭരണ സംവിധാനം ഇസ്ലാമിനുണ്ട് എന്ന് നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ ? മുസ്ലിമായി നിന്നുകൊണ്ട് ഇതിന് രണ്ട് ഉത്തരം സാധ്യമല്ല. അഥാവ ഒന്നാമത്തെ ചോദ്യത്തിന് ഇല്ല എന്നും രണ്ടാമത്തേതിന് ഉണ്ട് എന്നും മാത്രമേ ഏത് മുജാഹിദ് കാരനും മറുപടി നല്‍കാനാവൂ.

ആധുനികമതേതരജനാധിപത്യത്തിന്  (ഇങ്ങനെ പറയുമ്പോഴേ അത് ഒരു വ്യവസ്ഥ എന്നനിലക്ക് അസ്ഥിത്വമുണ്ടാവുകയുള്ളൂ. വെറും ജനാധിപത്യം എന്നത് ഒരു രീതിശാസ്ത്രം മാത്രമേ ആകൂ. അതിന് അടിത്തറയാകുന്നത് മതമോ മതേതരത്വമോ എന്നതാണ് ഇസ്ലാമുമായുള്ള ചര്‍ചയില്‍ പ്രസക്തമാക്കുന്നത്) പല രൂപഭേദങ്ങളും ഉണ്ട്. ഒരു കാലത്ത് പല അറബി നാടുകളിലും ഇയ്യടുത്ത കാലം വരെ തുര്‍ക്കിയിലുണ്ടായിരുന്നതും മതേതരത്വജനാധിപത്യമായിരുന്നു. അഥവാ മതത്തിന് സ്വകാര്യജീവിതത്തില്‍ മാത്രം പരിമിത സ്വാതന്ത്ര്യം അനുഭവിക്കുന്ന വ്യവസ്ഥ. പുറത്ത് മതചിഹ്നം കാണപ്പെടുന്നത് പോലും തങ്ങളുടെ വ്യവസ്ഥക്ക് നിരക്കുന്നതല്ല എന്ന് വാദിക്കുന്നവരായിരുന്നു അവര്‍ . ഇന്നലത്തെ പത്രത്തില്‍ തുര്‍ക്കിയിലെ ഭരണാധികാരികളുടെ ഭാര്യമാര്‍ തലമറച്ച് പ്രത്യക്ഷപ്പെട്ട ഒരു അത്ഭുത വാര്‍ത്ത് പത്രത്തിലുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത് നടപ്പാക്കിയത് ഈ തീവ്രസ്വഭാവത്തോടെയല്ല. കുറേകൂടി അയവുള്ള രൂപത്തിലാണ്. ഇവിടെ മതേതരജനാധിപത്യം മതവിരുദ്ധമല്ല മതനിരപേക്ഷമാണ്. അഥവാ ഒരു മതത്തിനും പ്രത്യേക പരിഗണനയില്ല എല്ലാ മതങ്ങളോടും ഒരേ അകലം.

ജമാഅത്തെ ഇസ്ലാമി ഇന്ത്യയില്‍ നിലനില്‍ക്കണം എന്നാഗ്രഹിക്കുന്ന ഒരു വ്യവസ്ഥയാണിത്. ജമാഅത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്ന ഇസ്ലാമിക ഭരണമനുസരിച്ചും ഇങ്ങനെ തന്നെയാണ് ഉണ്ടാവുക. അല്ലാതെ ഇസ്ലാമിക ഭരണം എന്നാല്‍ മുസ്ലിംകള്‍ക്ക് മുസ്ലിംകളാന്‍ ഭരിക്കപ്പെടുന്ന മുസ്ലിംകളുടെ ഭരണമല്ല. അപ്രകാരം ഒരു കാഴ്ചപ്പാട് ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെച്ചതായി എനിക്ക് അറിയില്ല. മതേതതരജനാധിപത്യവ്യവസ്ഥയുമായി അതിനുള്ള വിയോജിപ്പ് കാര്യമായി നിയമനിര്‍മാണ മേഖലയിലായിരിക്കും. അഥവാ ജനാധിപത്യത്തിന്റെ ഒരു വലിയ ദോശം അത് നീക്കം ചെയ്യും. ജനപ്രതിനിധികളുടെ ഭൂരിപക്ഷം അടിസ്ഥാനപ്പെടുത്തി നിയമം നിര്‍മിക്കപ്പെടുന്നുവെന്നതാണ് ഇസ്ലാം അതിന് കാണുന്ന ഒരു ന്യൂനത. മറിച്ച് ഒരു ഇസ്ലാമിക ജനാധിപത്യവ്യവസ്ഥിതിയില്‍ നിയമനിര്‍മാണത്തിന് നിയതമായ ചില സദാചാരധാര്‍മിക മൂല്യങ്ങള്‍ പരിഗണിക്കപ്പെടും എന്നത് മാത്രമാണ് വ്യത്യാസം. അതിന് വ്യക്തമായി ദൈവദത്തമെന്ന് കരുതുന്ന വിശുദ്ധഗ്രന്ഥങ്ങളായ ഖുര്‍ആനും തിരുസുന്നത്തും അവലംബിക്കപ്പെടും. ജമാഅത്തെ ഇസ്ലാമി ഇന്ത്യയില്‍ ചെയ്തു വരുന്നത്. ഈ സമ്പൂര്‍ണമായ ഇസ്ലാമിലേക്ക് ദൈവത്തിന്റെ അടിയാറുകളെ പ്രബോധനം ചെയ്യുക എന്നതാണ്. പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന് മാത്രം ആരാധനകളനുഷ്ഠിച്ചുകൊണ്ട് അവന്‍ നല്‍കിയ സകലമാന വിധിവിലക്കുകളിലും അവനെ മാത്രം അനുസരിച്ച് ജീവിക്കുന്നതിലൂടെയാണ് ഒരാള്‍ പരലോകത്ത് ദൈവികമായ പ്രതിഫലത്തിനും പാപമോചനത്തിനും ഇടവരുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ഈ നാട്ടിലെ ജനങ്ങളുടെ മുന്നില്‍ പ്രചരിപ്പിക്കുന്നു. ഇതുതന്നെയായിരുന്നു പ്രവാചകന്‍മാരും ചെയ്തിരുന്നത് എന്ന് അതിന്റെ പ്രവര്‍ത്തകര്‍ മനസ്സിലാക്കുന്നു.

പതിനായിരക്കണക്കിന് ജമാഅത്തുകാരും അല്ലാത്തവരും സന്ദര്‍ശിച്ച് പോയ ഈ ബ്ലോഗില്‍ ഉത്തരവാദിത്ത ബോധത്തോടെയാണ് ഒരു പ്രവര്‍ത്തകനെന്ന നിലക്ക് ഈ കാര്യം പറയുന്നത്. ഇതില്‍ മുസ്ലിം എന്നവകാശപ്പെടുന്ന ഒരു മുജാഹിദുകാരന് ഏത് കാര്യത്തിലാണ് വിയോജിപ്പ് എന്ന് ചോദിച്ചാല്‍ അവന്‍ മറുപടി നല്‍കും. ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക ഭരണം ലക്ഷ്യമാക്കുന്നു. എന്നാല്‍ ഞങ്ങളുടെ ലക്ഷ്യം പരലോകമാണ്. ഒരു മുജാഹിദുകാരന്റെ അഭിപ്രായം കാണുക. പത്തുമുജാഹിദുകാര്‍ക്ക് ആ അഭിപ്രായം ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

@thandasseri rasheedkka,,,നമ്മുടെ ആത്യന്തികമായ ലക്‌ഷ്യം പരലോക വിജയമായിരിക്കണം,,,അതായതു സ്വര്‍ഗം നേടുക,നരകശിക്ഷയില്‍ നിന്നും രക്ഷപ്പെടുക,,,,

അല്ലാതെ ഭരണം നേടല്‍ അല്ല,,,ഇസ്ലാമിക ഭരണം ഉള്ള രാജ്യങ്ങളിലെ ജനങ്ങളൊക്കെ,സ്വര്‍ഗതിലായിരിക്കും എന്ന് താങ്കള്‍ക്ക് ഉറപ്പു തരാന്‍ കഴിയോ???...വമ്പന്‍ വന്കതരം അല്ലെ അങ്ങിനെ പറഞ്ഞാല്‍,,,,!!!!!!!
20 hours ago · · 10

ആരാണ് ഇവരോട് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക ഭരണമാണ് എന്ന് പറഞ്ഞത്. മറ്റാരുമല്ല അവര്‍ തന്നെ. അല്ലെങ്കില്‍ അവരുടെ നേതാക്കള്‍ അങ്ങനെ തെറ്റിദ്ധരിപ്പിച്ചു. ഇനി മറ്റൊരു അഭിപ്രായം കാണുക.

Tandasseri Rasheed ഇതുവരെ ഞാൻ എഴുതിയത് മുഴുവൻ താങ്കൾ വായിച്ചില്ലെന്ന് തോന്നുന്നു. ലത്തീഫ് മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് ചോദിച്ചപ്പോൾ അത് വളരെ വ്യക്തമാക്കി എഴുതി. ഇസ്ലാമിക രാഷ്ട്രം എന്നത് ദഅവത്തിന്റെ പരിണിത ഫലമാണ് അല്ലാതെ പ്രബോധന ലക്ഷ്യമല്ല എന്ന്. അതൊന്നും വായിക്കാൻ സമയം കണ്ടെത്താതെ ചോദ്യങ്ങളുമായി വരുന്നത് കൊണ്ടാണ് താങ്കൾക്ക് വീണ്ടും അതേ വിഷയത്തിൽ എഴുതേണ്ടി വരുന്നത്. ഇവിടെ ഞാൻ ചോദിച്ച പ്രസ്ക്തമായ വിഷയത്തിൽ എളുപ്പത്തിൽ പറയാവുന്നതായിട്ടും ഒന്നും പറഞ്ഞില്ല. വീണ്ടും ആ ചോദ്യം ആവർത്തിക്കുന്നു.

അപ്പോള്‍ ഇസ്ലാമിനെ പ്രബോധനം ചെയ്താല്‍ അതിന്റെ പരിണിതഫലമായി ഇസ്ലാമിക രാഷ്ട്രമുണ്ടാകും എന്ന് മുജാഹിദ് കാരനും വിശ്വസിക്കുന്നു. പക്ഷെ ആ കാര്യം പ്രബോധിതനോട് പറയാന്‍ പാടില്ല. എന്തുകൊണ്ടാണ് ഈ കപടനിലപാട് എന്ന് ചോദിച്ചാല്‍ എനിക്ക് അതിന് തോന്നുന്ന യുക്തിപരമായ ഒരു ഉത്തരമുണ്ട് ഇവരുടെ കാഴ്ചപ്പാടിലെ ഇസ്ലാമിക രാഷ്ട്രം മനുഷ്യന്‍ ഭയപ്പാടോടുകൂടി മാത്രം കാണാന്‍ കഴിയുന്ന ഒരു സൌദിമോഡല്‍ ഭരണമാണ്. അല്ലെങ്കില്‍ ഇന്ന് ഈജിപ്തില്‍ അന്നൂര്‍ പാര്‍ട്ടി വാദിച്ചുകൊണ്ടിരിക്കുന്ന ഇതര മതങ്ങളെ അംഗീകരിക്കാത്ത ഒരു തീവ്രഥിയോക്രാറ്റിക്ക് ഭരണം.

ഇനി അല്‍പം മാറിനിന്ന് മുജാഹിദ് വാദം ഒന്ന് വീക്ഷിച്ചു നോക്കൂ. വാക്കുകളില്‍ അവരും പിന്തുണക്കുകയും എന്നാല്‍ അത് മനസ്സില്‍ വെച്ചാല്‍ മാത്രം മതി എന്ന് പറയുകയും ചെയ്യുന്നത് കാണാം. അവര് തന്നെയല്ലേ കാര്യമായി ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക ഭരണം കൊണ്ട് വരാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതും.

ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക ഭരണത്തെക്കുറിച്ച് ഒന്നും പറയുന്നില്ലേ. ഉണ്ട് മനുഷ്യന് മറ്റേത് രംഗത്തെന്ന പോലെ പിന്തുടരാന്‍ ഏറ്റവും യോജിച്ച നിയമവ്യവസ്ഥയും രാഷ്ട്രീയ വ്യവസ്ഥയും ഇസ്ലാമിന്റേതാണ് എന്നത് അതിന്റെ പ്രബോധനത്തിന്റെ ഭാഗമാണ്. ഇഖാമത്തുദ്ദീന്‍ ലക്ഷ്യമാക്കുന്ന ജമാഅത്തെ ഇസ്ലാമി. സര്‍വലോക രക്ഷിതാവായ ഏകദൈവത്തിന്റെ അവസാന വെളിപാട് അനുസരിച്ച് നടപ്പാക്കുന്ന വ്യവസ്ഥയില്‍ മാത്രമാണ് മനുഷ്യന്റെ ഇഹപര മോക്ഷവും സമാധാനവും കുടികൊള്ളുന്നതെന്ന് വാദിക്കുന്നു. ഇത് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ് എന്നതാണ് സത്യം. ജമാഅത്ത് അതില്‍നിന്ന് പിന്‍മാറിയാല്‍ തല്‍സ്ഥാനത്ത് ഇതേ അദര്‍ശവും പ്രവര്‍ത്തനവുമുള്ള മറ്റൊരു പ്രസ്ഥാനം രംഗത്ത് വരും.

മുജാഹിദുകള്‍ ആദ്യമായി മനസ്സിലാക്കേണ്ട ഒരു പാഠവും ഇതാണ്. ഒരു മുസ്ലിം ജീവിതത്തിന്റെ ഒരു മേഖലയും മാറ്റിനിര്‍ത്താതെ സമ്പൂര്‍ണമായ ഇസ്ലാമിനെ പ്രബോധനം ചെയ്യാന്‍ കല്‍പിക്കപ്പെട്ടവരാണ്. ആ നിലക്ക് ആധുനിക ജനാധിപത്യത്തിന്റെ ദോശങ്ങള്‍ അത് എടുത്ത് പറയുകയും ഇസ്ലാമിന് അതേ വിഷത്തില്‍ നല്‍കാനുള്ള പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഒരു വ്യവസ്ഥയില്‍ അത് ജനാധിപത്യമാകട്ടേ, രാജാധിപത്യമാകട്ടേ അവിടെ സമാധാനപൂര്‍വം പ്രവര്‍ത്തിക്കാന്‍ ഒരു മുസ്ലിം കടപ്പെട്ടിരിക്കുന്നു. സാധ്യമാക്കുന്നത്ര ഇസ്ലാമിക വ്യവസ്ഥിതിക്ക് വേണ്ടി പണിയെടുക്കാനും. ഇനി യൂസുഫിന്റെ ചോദ്യത്തിലേക്ക് മടങ്ങുക, ഉത്തരം നിങ്ങള്‍ക്ക് ഇതിനകം ലഭിച്ചിരിക്കും.

പ്രിയ മുജാഹിദുകള്‍ ശാന്തപൂര്‍വം ഒന്ന് ആലോചിക്കുക. നിങ്ങളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണ്. ഏത് കാര്യത്തിലാണ് നിങ്ങള്‍ ജമാഅത്തിനോട് വിയോജിച്ചുകൊണ്ടിരിക്കുന്നത്. (തുടരും)

7 അഭിപ്രായ(ങ്ങള്‍):

Sameer Thikkodi പറഞ്ഞു...

ഒരു സംശയം... വെൽഫെയർ പൂർണ്ണമായും ജമ: നിയന്ത്രിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണു. അതിന്റെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്ര നിർമ്മാണം എന്നതാണു താനും... അങ്ങിനെയെങ്കിൽ അമുസ്ലിംകളായ നേതാക്കളെ പ്രതിഷ് ഠിക്കുക വഴി ഈ ലക്ഷ്യത്തിലേക്കാണീ പാർട്ടിയുടെ പ്രയാണം എന്ന ഉത്ത ബോധ്യത്തൊടെയാണോ ആ നേതാക്കൾ ഈ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത്.. അതോ അത് അവരോട് ഉണർത്തിയിട്ടില്ലേ?? വെൽഫെയർ പാർട്ടി ഭരണത്തിലേറിയാൽ സ്വാഭാവികമായും നേതൃ നിരയിലുള്ള ആളുകൾ ഭരണ സാരഥ്യത്തിൽ എത്തുമല്ലോ?? അത്തരം അമുസ്ലിം നേതാക്കൾ ഇസ്ലാമിക മാന ദണ്ഡം പൂർണ്ണമായി അനുസരിക്കുമെന്ന് ഉറപ്പാക്കാൻ (ലക്ഷ്യ സാക്ഷാൽക്കാരത്തിനായി പ്രവർത്തിക്കുമെന്ന്) ജമാ അത്തിനു സാധിക്കുമൊ???

CKLatheef പറഞ്ഞു...

എന്റെ അടുത്ത പോസ്റ്റിന്റെ വിഷയം ചോദ്യമനുസരിച്ച് വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപീകരണവുമായി ബന്ധപ്പെട്ടതായതിനാല്‍ താങ്കളുടെ ഈ കമന്റിലുള്ള ചോദ്യങ്ങള്‍ കൂടി പരിഗണിച്ച് മറുപടി പറയാന്‍ ശ്രമിക്കാം. ഈ പോസ്റ്റിലെ കാര്യങ്ങളോടുള്ള പ്രതികരണമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

Reaz പറഞ്ഞു...

ജനാധിപത്യത്തിന്‍റെ തെറ്റായ വശങ്ങളെ ചൂണ്ടിക്കാണിക്കാന്‍ ജനാധിപത്യപരമായിതന്നെ സാധിക്കുന്നു എന്നതാണ് അതില്‍ ഭാഗവാക്കാകുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

{ജനാധിപത്യവ്യവസ്ഥക്കപ്പുറം അതിനേക്കാള്‍ നല്ല വ്യവസ്ഥ ലോകത്തിന്റെ ശ്രദ്ധയില്‍ അധികം വന്നിട്ടില്ലെങ്കിലും അങ്ങനെ ഒന്നിന്റെ വക്താക്കളാണ് തങ്ങളെന്ന ബോധം ജമാഅത്തെ ഇസ്ലാമിക്കുണ്ട്. പക്ഷെ അത് ബോധ്യപ്പെടുന്നത് വരെ അതാരെങ്കിലും പിന്തുടരണമെന്ന ശാഠ്യം ജമാഅത്തിനില്ല. ആരെയെങ്കിലും ഭയപ്പെട്ടോ അരെങ്കിലും തെറ്റിദ്ധരിക്കുമെന്ന് ശങ്കിച്ചോ ഉള്ള ഒന്നിനെ നിഷേധിക്കാനും ജമാഅത്തിന് സാധ്യമല്ല.}

Well said A.Latheef Sahib,
ചോദ്യം ചോദിച്ചവര്‍ വിഷയത്തിലൂന്നി ഇടപെട്ടെങ്കില്‍ എന്നാശിച്ചു പോകുകയാണ്.

pkdfyz പറഞ്ഞു...

സെക്യുലരിസം നടപ്പാക്കാന്‍ "നമ്മള്‍ക്ക്" പറ്റില്ല എന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധം തന്നെയാണ്.ഖുറാനും സുന്നത്തും ഭരണഘടനാ ആകാന്‍ സാധികുന്ന ഒരു സാഹചര്യം ജമാത്ത്ത്കാര്‍ കാണിച്ചു തരേണ്ടതാണ്.
മുജഹിട്കള്‍ ദഅവാത്തും ഇസ്ലാഹി പ്രവര്‍ത്തനവും വളരെ ഗംഭീരമായി മുന്നോട്ടു കൊണ്ട് പോകുന്നു.അതിനെ നവയഥാസ്തികത എന്ന് പറഞ്ഞു പിന്നോട്ട് വലിക്കാന്‍ ശ്രമിക്കുന്നു.
മതരാഷ്ട്രം ഉണ്ടാക്കാന്‍ ജമാടുക്കാര്‍ 60 വര്‍ഷത്തെ കാലയളവില്‍ എത്ര മുനോട്ടുപോയി എന്ന് പറഞ്ഞു തരുമോ
ഇസ്ലാമിക രാഷ്ട്ര൦ ഉണ്ടാക്കാനുള്ള സാഹചര്യം ഇന്ത്യയില്‍ ഒട്ടും തന്നെയില്ലാത്ത അവസ്ഥയില്‍ നിങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക രാഷ്ട്ര൦ സ്ഥാപിക്കാന്‍ ആയിരിക്കുമല്ലോ...
അതിനെ മറ്റുള്ളവര്‍ വര്‍ഗീയത തീവ്രവാദം എന്ന് പറയുകയും ജമ്മതുകാര്‍ കൊല്ലപെടുകയും ചെയ്യും

pkdfyz പറഞ്ഞു...

താങ്കള്‍ പറഞ്ഞ വിപ്ലവാത്മക ഇസ്‌ലാ൦ ജീവനില്ലതെയും,താങ്കള്‍ പറഞ്ഞ ജീവനില്ലാത്ത ഇസ്ലാം വിപ്ലവാത്മകമായാണ് കേരളത്തില്‍ മുന്നേറുന്നത്.വിപ്ലവം മുജഹിടുകള്‍ക്ക് തന്നെയെന്ന് അത് വ്യക്തമാകുന്നു
ഇത് വര്‍ഗീയതയക്ക്‌ കാരണമാകും .ഭയമാണ് എനിക്ക് ഭീരുവയത് കൊണ്ടല്ല..ഈ രാഷ്ട്രത്തെ സ്നേഹികുന്നത് കൊണ്ട് .
വിപ്ലവാത്മക ഇസ്ലാം ആണ് നിങ്ങള്‍ ചെയ്യുന്നത് എങ്കില്‍ ,...കാണിച്ചു തരു നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചത് എന്ന് ,അത് സമൂഹത്തില്‍ എന്ത് മാറ്റം ഉണ്ടാക്കിഎന്ന്.മുജഹിടുകള്‍ക്ക് പറയാന്‍ ഒരുപാടു ഉണ്ട് (ദഅവത് രംഗത്തും ഇസ്ലാഹി രംഗത്തും )
തൌഹീദിന്റെ(ലാഇലാഹ ഇല്ലല്ലാഹ്) പ്രചരണം നല്ലത്..അത് തന്നെയാണ് വേണ്ടതും.ജനങ്ങളെ മുസ്ലിം വല്കരിക്കാതെ ഇവടെ എങ്ങനെ ഇസ്ലംവല്കരിക്കും.വര്‍ഗീയതയയാണ്‌ അനന്യ മതസ്ഥര്‍ ഇതിനെ കാണുക.
തിരിച്ചു അവര്‍ വിപ്ലവാത്മക ഹൈധവികതയും വിപ്ലവാത്മക ക്രൈസ്തവതയും ആയി വന്നാല്‍ ശവ പറമ്പുകള്‍ മുസല്‍മാന്റെ ജീവനും നഷ്ട്ടതില്ലനു.ഇന്ത്യ ഒരു 51% ശതമാനം മുസ്ലിം ആകുന്നതുവരെ നാം മതരഷ്ട്രവാദം നമ്മുക്ക് അനന്യമാണ്.മറിച്ചാണ് എങ്കില്‍ ദുരിതമാകും ഫലം .ഒരു സ്റെപ്പ്‌ പോലും പ്രവര്‍ത്തിക്കാന്‍ പറ്റാതെ ഒരു അറുപതു വര്‍ഷം ജമാതുകാര്‍ പാഴാക്കി കളഞ്ഞു
നബി (സ) മക്കയില്‍ ആയിരുന്നപ്പൊള്‍ തന്നെ ഒരു രാഷ്ട്രത്തിന്‍റെ വിത്ത് നട്ടിരുന്നു.ശരിയാണ്.അപ്രകാരം നിങ്ങള്‍ ജമ്മത്തെ ഇസ്ലാമിക്കാര്‍ നട്ട വിത്ത് എവ്ടെയാണ്.ആ വിത്ത് ഏതാണ്??അതി എത്രത്തോളം വളര്ന്നുട്ടുണ്ട്???വളരുമോ??
...
മുജാഹിദുകള്‍ പാകിയ വിത്ത് കറകളഞ്ഞ തൌഹീദും
ദഅവത്തും ഇസ്ലാഹി പ്രവര്‍ത്തനങ്ങളും ആണ്

CKLatheef പറഞ്ഞു...

@പാലക്കാടന്‍ ,

മുജാഹിദുകള്‍ പ്രബോധനം ചെയ്യുന്നത് കറകളഞ്ഞ തൌഹീദോ സമഗ്രമായ ദീനോ അല്ല എന്ന് ഇതിനകം ബോധ്യപ്പെടാത്തവര്‍ ആരെങ്കിലുമുണ്ടോ ?...

ismail hudavi പറഞ്ഞു...

ആധുനിക ജനാധിപത്യ വ്യവസ്ഥിതിയിടെ ഭാഗമായി ഒരാള് ജീവിക്കുന്നുണ്ടെങ്കില് അയാള് ഇസ്ലാമിക വൃത്തത്തിന്റെ പുറത്താണ് എന്ന് പറയാമോ, പറയാം എങ്കില് അതിന് കാരണം, അല്ല അങ്ങനെ ഒന്നും പറയാം പറ്റില്ലെ എങ്കില് പിന്നെ അങ്ങനെ ജീവിക്കുന്നതിലുള്ള ദൂശ്യം ഖുറ്ആന് സുന്നത്ത് അടിസ്ഥാനത്തില് വിശദീകരിച്ചാല് നന്നായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK