'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, ഡിസംബർ 04, 2012

കെ.പി.എസും ജമാ‌അത്തെ ഇസ്ലാമിയും ജനാധിപത്യവും

കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി എഴുതിയ ജമാഅത്തെ ഇസ്ലാമിയും ജനാധിപത്യവും എന്ന പോസ്റ്റിനുള്ള പ്രതികരണമാണിത്. ഈ വിഷയത്തില്‍ ഒരുപാട് ചര്‍ച അദ്ദേഹത്തിന്റെ തന്നെ ബ്ലോഗില്‍ നടന്നിട്ടുണ്ട്. എന്നാല്‍ അന്ന് ഇല്ലാത്ത കുറേ പുതിയ വിവരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചുവെന്നും അതാണ് ഇപ്പോഴത്തെ പോസ്റ്റിന് കാരണമെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല പലകാര്യങ്ങളും എന്റെ സംസാരത്തില്‍നിന്നാണ് മനസ്സിലായത് എന്ന് ഫെയ്സ് ബുക്കില്‍ പ്രത്യേകമായി തന്നെ സൂചിപ്പിക്കുകയുണ്ടായി. അതുകൊണ്ട് ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്ന പക്ഷം അദ്ദേഹം പറഞ്ഞ പലതെറ്റായ പരാമര്‍ശങ്ങളെയും അപ്പടി അംഗീകരിച്ചുകൊടുക്കുന്നതിന് തുല്യമാകും.

ജനാധിപത്യത്തെയും അതിനെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എങ്ങനെ കാണുന്നവെന്നതിനെയും കുറിച്ച് പത്തോളം പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ തന്നെയുണ്ട്. അവയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നില്ല. ജമാഅത്തെ ഇസ്ലാമി എന്ന് മാത്രം പറയാതെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എന്ന് പറയാന്‍ കാരണം. ജമാഅത്തെ ഇസ്ലമിക്ക് മാത്രമായി ഈ കാര്യത്തില്‍ ഒരു പ്രത്യേക നിലപാട് പുതുതായി ഉണ്ട് എന്ന് തെറ്റിദ്ധരിക്കാതിരിക്കാനാണ്. ഇസ്ലാമിനെ ജീവിതത്തിന് മുഴുവന്‍ മാര്‍ഗദര്‍ശകമായി കാണുന്ന ലോകമെമ്പാടും ഉള്ള സംഘങ്ങളെയാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ എന്ന് പറയുന്നത്. മതത്തെ ആരാധനയില്‍ മാത്രം തളച്ചിട്ട മതസംഘടനകളെ മാത്രമാണ് ഇതില്‍നിന്ന് ഒഴിവാക്കുന്നത്. അവര്‍ പലപ്പോഴും ഏതെങ്കിലും രാഷ്ട്രീയ സംഘടനകളുടെ വാലായി രാഷ്ട്രീയത്തിലും ആത്മീയതക്ക് വേണ്ടി മതസംഘടനകളിലും വര്‍ത്തിക്കുന്നു. എന്നാല്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഇസ്ലാമിനെ സമഗ്രജീവിത വ്യവസ്ഥയായി കാണുന്നു. എന്നാല്‍ ഇത്തരം സംഘടനകളിലെ തന്നെ ചില വ്യക്തികള്‍ ഇസ്ലാമിക പ്രസ്ഥാനം പറയുന്ന കാര്യങ്ങളെ അടച്ച് നിഷേധിക്കാന്‍ കഴിയാത്തവരാണ്. അത്തരക്കാര്‍ നിങ്ങള്‍ പറയുന്നത് സത്യമാണെങ്കിലും അത് പറയാന്‍ സമയമായിട്ടില്ലെന്ന് തെറ്റിദ്ധരിച്ചവരാണ്. ഇത്തരം ചര്‍ച നടക്കുന്നിടത്ത് ഇവരെല്ലാം കടന്നുവരികയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യും.

ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന ആധുനിക ജനാധിപത്യത്തെക്കുറിച്ച അഭിപ്രായം ഒരു യഥാര്‍ഥ മുസ്ലിമിന് സ്വീകരിക്കാന്‍ കഴിയുന്നതും, അതിന് എതിരായ ഒരു കാഴ്ചപ്പാട് അവന്റെ ഇസ്ലാമിന് തന്നെ പരിക്കേല്‍പിക്കുകയും ചെയ്യുന്നതാണ് എന്ന കാര്യം വ്യക്തമാണ്.  പക്ഷെ ഇസ്ലാം വിമര്‍ശകരുടെ പതിവ് ശൈലിയില്‍ തന്നെ അറിഞ്ഞോ അറിയാതെയോ കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടിയും പെട്ടുപോകുന്നു. അദ്ദേഹം തന്റെ ലേഖനം തുടങ്ങുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്.

['ജമാ‌അത്തെ ഇസ്ലാമിയുടെ ജനാധിപത്യ സങ്കല്പം തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ദൈവത്തിന് മാത്രമേ നിയമം നിര്‍മ്മിക്കാന്‍ അവകാശമുള്ളൂ എന്നാണവരുടെ പ്രധാനപ്പെട്ട വാദം. ഇന്ന് നിലവിലുള്ള സമ്പ്രദായത്തെ ഭൂരിപക്ഷ ജനാധിപത്യമെന്നോ പാശ്ചാ‍ത്യ ജനാധിപത്യമെന്നോ മറ്റോ ആണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഈ ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ പ്രാതിനിധ്യമുണ്ടായാല്‍ തെറ്റായ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്നും അത്കൊണ്ട് ഈ സമ്പ്രദായം അംഗീകരിക്കാന്‍ കഴിയില്ല എന്നും ദൈവം സമ്പൂര്‍ണ്ണമായ നിയമങ്ങള്‍ ഇതിനകം മനുഷ്യരാശിക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും പുതിയതായി നിയമം നിര്‍മ്മിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നുമാണ് ജമാ‌അത്തെ ഇസ്ലാമിക്കാര്‍ പറയുന്നത്.

ഇവിടെയാണ് അപകടം ഉള്ളത്. ദൈവത്തിന്റെ കാര്യത്തില്‍ തന്നെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും യോജിപ്പില്ല. ദൈവത്തിന്റെ നിയമം എന്ന് പറയുമ്പോള്‍ അത് ശരീയത്ത് നിയമം ആണോ മനുനീതിയാണോ അതല്ല ബൈബിളില്‍ പറഞ്ഞ നിയമങ്ങളാണോ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരും. ജമാ‌അത്തെ ഇസ്ലാമിക്കാര്‍ എന്തായാലും മനുനീതി അംഗീകരിക്കാന്‍ വഴിയില്ല. അവരെ സംബന്ധിച്ച് ശരീയത്ത് ആയിരിക്കും സമ്പൂര്‍ണ്ണനിയമം. മനുഷ്യന് നിയമം നിര്‍മ്മിക്കാന്‍ അവകാശമില്ല എന്നും ദൈവം അത് നിര്‍മ്മിക്കുമെന്നും ജമാ‌അത്തെ ഇസ്ലാമി പറയുമ്പോള്‍ അവര്‍ പറയാതെ പറയുന്നത് ശരീയത്ത് മാത്രമേ നിയമമായി നിലനില്‍ക്കാന്‍ അര്‍ഹതയുള്ളു എന്നായിരിക്കും. എന്നാണ് ജനാധിപത്യത്തെ കുറിച്ചുള്ള അവരുടെ വിശദീകരണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് അത്യന്തം അപകടകരമായ ഒരു നിലപാടാണ്. ']

മതേതരജനാധിപത്യം ഇസ്ലാമേതര ആധുനിക മനുഷ്യസമൂഹം കണ്ടെത്തിയ ഏറ്റവും നല്ല ഭരണവ്യവസ്ഥതന്നെയാണ് എന്ന അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. ഇത് കുറ്റമറ്റ, വിമര്‍ശനവിധേയമല്ലാത്ത ഒരു സംവിധാനമാണ് എന്ന് ആര്‍ക്കെങ്കിലും വിശ്വസിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. മതേതരജനാധിപത്യം മേന്‍മപുലര്‍ത്തുന്നത് ഥിയോക്രസിയെക്കാളും, ഏകാധിപത്യ-രാജാധിപത്യ-സ്വേഛാധിപത്യ ഭരണത്തേക്കാളും മാത്രമാണ് എന്നാണ് ഇസ്ലാമിക പ്രസ്ഥാനം വാദിക്കുന്നത്. മനുഷ്യര്‍ക്കാകമാനമായി ദൈവം നല്‍കിയ വ്യവസ്ഥയെക്കാള്‍ അതിന് മേന്‍മ അവകാശപ്പെടാനുണ്ടോ എന്ന കാര്യത്തിലാണ് അവരുടെ സംവാദം. മതേതരജനാധിപത്യത്തിന്റെ മനുഷ്യോപകാരപ്രദമായ സകല നന്മകളെയും ഉള്‍ക്കൊള്ളുന്നതും എന്നാല്‍ അതിന്റെ മനുഷ്യോപദ്രവങ്ങളായ പരിമിതികളെ പരിഹരിക്കുന്നതുമായ ഒരു ബദലാണ് അവര്‍ സമര്‍പ്പിക്കുന്നത് എന്നതിനാല്‍ ഭയപ്പാടില്ലാതെ തന്നെ അവരോട് സംവദിക്കാന്‍ ആധുനികജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സാധിക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ അത്തരം ഒരു സമീപനം പലപ്പോഴും കാണപ്പെടുന്നില്ല. അത്യന്തം അപകടകരം, തികച്ചും ജനാധിപത്യവിരുദ്ധം എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ തന്നെ ഇത്തരക്കാര്‍ക്ക് കാര്യം മനസ്സിലായിട്ടില്ല എന്നതിന് തെളിവാണ്.

ജനാധിപത്യവ്യവസ്ഥയിലെ ഒരു വശം മാത്രമാണ് നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് വരുന്നത് എന്നറിയാത്ത ആളായിരിക്കില്ല കെ.പി.എസ്., ഭൂരിപക്ഷാഭിപ്രായം ഭരണാധികാരിയെ തെരഞ്ഞെടുക്കാനുള്ള അവകാശം, അഭിപ്രായ സ്വതന്ത്ര്യം (മതസ്വാതന്ത്ര്യം അതില്‍ ഉള്‍പ്പെടുന്നു) എന്നിവയൊക്കെയാണ് അതിനെ മഹത്തരമാക്കുന്നത്. ഏകാധിപത്യത്തില്‍നിന്നും സ്വേഛാധിപത്യത്തില്‍നിന്നും ഈ വ്യവസ്ഥയെ വ്യതിരിക്തമാക്കുന്ന ഈ പ്രത്യേകതകളാണ് ജനാധിപത്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശം. ഇതിനോട് ജമാഅത്തെ ഇസ്ലാമിക്കോ ഇതര ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കോ വിയോജിപ്പൊന്നുമില്ല. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് നിയമം നിര്‍മിക്കുക എന്നതും ആധുനികമതേതരജനാധിപത്യത്തിന്റെ ഭാഗമാണ്. ഇത് ഇസ്ലാമേതര മനുഷ്യസമൂഹത്തിന്റെ ഒരു ബദല്‍ സംവിധാനം മാത്രമാണ്. കുറ്റമറ്റ ഏതെങ്കിലും മതനിയമങ്ങള്‍ അടിസ്ഥാനമായി സ്വീകരിക്കുന്നതിന് പകരം ഇക്കാര്യത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരിലെ ഭൂരിപക്ഷത്തിന് ഈ അവകാശം കൈമാറുകയാണ് ഇവിടെ സംഭവിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ നിലനിന്ന ദൈവത്തിന്റെ പേരില്‍ ക്രൈസ്തമതമേലധ്യക്ഷന്‍മാര്‍ നിയമം നിര്‍മിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നനെതിരെ ഉണ്ടാക്കിയ ബദര്‍ സംവിധാനമാണ് ജനാധിപത്യത്തിലെ ഈ വശം. അഥവാ നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങളിലെ ഭൂരിപക്ഷത്തിന് എന്ന സങ്കല്‍പം. ഇത് താത്വികമായി ഇസ്ലാമിന് അംഗീകരിക്കാന്‍ കഴിയില്ല. ജമാഅത്തെ ഇസ്ലാമിക്കാരന് എന്ന് മാത്രമല്ല ഒരു മുസ്ലിമിനും. ഇസ്ലാമിനെ ദൈവിക ദീനായി അംഗീരിക്കുന്ന ആരെങ്കിലും അപ്രകാരം ഉണ്ടെങ്കില്‍ മുന്നോട്ട് വരട്ടേ. ഇതുവരെ വന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ വസ്തുത കെ.പി.എസ് മനസ്സിലാക്കണം. പറഞ്ഞുവന്നത്... 1. ജമാഅത്തെ ഇസ്ലാമിയുടെ ജനാധിപത്യസങ്കല്‍പം തികച്ചും ജനാധിപത്യവിരുദ്ധമാണ് എന്ന് കെ.പി.എസ് മനസ്സിലാക്കിയത് ശരിയല്ല. 2. ഇത് ജമാഅത്തെ ഇസ്ലാമിക്കാരുടെ മാത്രം വാദമായി മനസ്സിലാക്കിയതും ശരിയല്ല. 

(
'ദൈവത്തിന് മാത്രമേ നിയമം നിര്‍മ്മിക്കാന്‍ അവകാശമുള്ളൂ എന്നാണവരുടെ പ്രധാനപ്പെട്ട വാദം. ഇന്ന് നിലവിലുള്ള സമ്പ്രദായത്തെ ഭൂരിപക്ഷ ജനാധിപത്യമെന്നോ പാശ്ചാ‍ത്യ ജനാധിപത്യമെന്നോ മറ്റോ ആണ് അവര്‍ വിശേഷിപ്പിക്കുന്നത്. ഈ ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ പ്രാതിനിധ്യമുണ്ടായാല്‍ തെറ്റായ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ സാധ്യതയുണ്ടെന്നും അത്കൊണ്ട് ഈ സമ്പ്രദായം അംഗീകരിക്കാന്‍ കഴിയില്ല എന്നും ദൈവം സമ്പൂര്‍ണ്ണമായ നിയമങ്ങള്‍ ഇതിനകം മനുഷ്യരാശിക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും പുതിയതായി നിയമം നിര്‍മ്മിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നുമാണ് ജമാ‌അത്തെ ഇസ്ലാമിക്കാര്‍ പറയുന്നത്.')

നിയമനിര്‍മാണത്തിനുള്ള പരമാധികാരം ദൈവത്തിന് എന്നത് ജമാഅത്തെ ഇസ്ലാമിയുടെ അല്ല ഇസ്ലാമിന്റെ തന്നെ ഏകദൈവവിശ്വാസവുമായി (തൌഹീദുമായി) ബന്ധപ്പെട്ട അടിസ്ഥാന വിശ്വാസമാണ്. മുസ്ലിമെന്ന് വാദിക്കുന്ന ഒരാള്‍ക്കും മറ്റൊരു വാദം സാധ്യമല്ല. ജനങ്ങളിലെ ഭൂരിപക്ഷം തെറ്റായ നിയമങ്ങള്‍ നിര്‍മിക്കാന്‍ സാധ്യതയുണ്ടെന്നത് ജമാഅത്തിന്റെ ഒരു വാദമല്ല സംഭവ യാഥാര്‍ഥ്യമാണ്. ദൈവം പൂര്‍ണമായ നിയമങ്ങള്‍ നല്‍കി എന്ന് പറഞ്ഞതില്‍നിന്ന് കെ.പി.എസ് എന്ത് മനസ്സിലാക്കിയോ ആവോ?. യാഥാര്‍ഥ്യം ഇതാണ്. ദൈവം മനുഷ്യര്‍ക്കായി നല്‍കിയ അടിസ്ഥാനപരമായ ധാര്‍മിക സദാചാരമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന നിയമങ്ങളെയാണ് ഇസ്ലാമിക നിയമങ്ങള്‍ എന്ന് പറയുന്നത്. ആ സദാചാരമൂല്യങ്ങളാകട്ടെ ഏത് മനുഷ്യനും അംഗീകരിക്കാവുന്നതാണ്. മനുഷ്യന്‍ അംഗീകരിച്ചുവരുന്നതും. സാങ്കേതികമായി ഇസ്ലാമിക നിയമം ഖുര്‍ആന്‍റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിലുള്ള നിയമം എന്നൊക്കെ പറയുമെങ്കിലും മനുഷ്യരാഷിക്ക് പൊതുവെ അവ സ്വീകാര്യമായിരിക്കും. എന്നാല്‍ മനുഷ്യരിലെ ഭൂരിപക്ഷം നിര്‍മിക്കുന്ന നിയമങ്ങള്‍ അത്തരം സ്വീകാര്യതയോ പവിത്രതയോ അവകാശപ്പെടാനാവില്ല എന്നത് ആരും അംഗീകരിക്കും. ഉദാഹരണങ്ങള്‍ എമ്പാടും നല്‍കാവുന്നതേയുള്ളൂ.


(
'ഇവിടെയാണ് അപകടം ഉള്ളത്. ദൈവത്തിന്റെ കാര്യത്തില്‍ തന്നെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും യോജിപ്പില്ല. ദൈവത്തിന്റെ നിയമം എന്ന് പറയുമ്പോള്‍ അത് ശരീയത്ത് നിയമം ആണോ മനുനീതിയാണോ അതല്ല ബൈബിളില്‍ പറഞ്ഞ നിയമങ്ങളാണോ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരും. ജമാ‌അത്തെ ഇസ്ലാമിക്കാര്‍ എന്തായാലും മനുനീതി അംഗീകരിക്കാന്‍ വഴിയില്ല. അവരെ സംബന്ധിച്ച് ശരീയത്ത് ആയിരിക്കും സമ്പൂര്‍ണ്ണനിയമം. മനുഷ്യന് നിയമം നിര്‍മ്മിക്കാന്‍ അവകാശമില്ല എന്നും ദൈവം അത് നിര്‍മ്മിക്കുമെന്നും ജമാ‌അത്തെ ഇസ്ലാമി പറയുമ്പോള്‍ അവര്‍ പറയാതെ പറയുന്നത് ശരീയത്ത് മാത്രമേ നിയമമായി നിലനില്‍ക്കാന്‍ അര്‍ഹതയുള്ളു എന്നായിരിക്കും. എന്നാണ് ജനാധിപത്യത്തെ കുറിച്ചുള്ള അവരുടെ വിശദീകരണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് അത്യന്തം അപകടകരമായ ഒരു നിലപാടാണ്.')


ഈ വാക്കുളിലാണ് ഒരു സാധുയുക്തിവാദിയുടെ യുക്തിരാഹിത്യം പ്രകടമാകുന്നത്. നിങ്ങളുടെ ഈ വിഷയത്തിലുള്ള സംവാദം ജമാഅത്തെ ഇസ്ലാമിയോടാണ് എന്ന കാര്യം ആദ്യം മറക്കുകയാണ്. ദൈവിക നിയമം എന്നതുകൊണ്ട് അത് മനുനീതിയാണോ ബൈബിളിലുള്ളതാണോ ഇസ്ലാമിക ശരീഅത്താണോ എന്ന ചോദ്യം അവരോട് തന്നെ ചോദിച്ചാല്‍ മതിയല്ലോ. അതിനവര്‍ മറുപടി നല്‍കുന്നുണ്ട് പറയാതെ പറയുകയല്ല. വ്യക്തമായി തന്നെ പറയുന്നു. അത് ശരീഅത്ത് തന്നെ. ശരീഅത്ത് എന്നാല്‍ നിയമം എന്ന് മാത്രമേ അര്‍ഥമുള്ളൂ. ഇസ്ലാമിക ശരീഅത്ത് എന്ന് തന്നെ വ്യക്തമാക്കി പറയാം. ജനാധിപത്യമാണല്ലോ ഇവിടെ വിഷയം. ഞാന്‍ ചോദിക്കട്ടേ ഇസ്ലാമിക ശരീഅത്തിനെ പരിചയപ്പെടുത്താന്‍ കഴിയാത്ത ജനാധിപത്യത്തിലാണോ കെ.പി.എസ് ഊറ്റം കൊള്ളുന്നത്. അല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആധുനികജനാധിപത്യം എന്നാല്‍ മനുനീതിയെയും ബൈബിളിലെ നിയമ വ്യവസ്ഥയെയും ഇസ്ലാമിക നിയമവ്യവസ്ഥയെയും പരിചയപ്പെടുത്താനും പ്രബോധനം ചെയ്യാനും സാധിക്കുന്ന ഒന്നാണ്. ഇല്ലെങ്കില്‍ അതിന് കൂടി സാധിക്കുന്ന ജനാധിപത്യത്തെയാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്നത് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്.

(അവസാനിക്കുന്നില്ല)

അടുത്ത ഭാഗം... ജമാഅത്തെ ഇസ്ലാമിയുടെ ജനാധിപത്യവിരുദധത ?

6 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ആധുനികജനാധിപത്യം എന്നാല്‍ മനുനീതിയെയും ബൈബിളിലെ നിയമ വ്യവസ്ഥയെയും ഇസ്ലാമിക നിയമവ്യവസ്ഥയെയും പരിചയപ്പെടുത്താനും പ്രബോധനം ചെയ്യാനും സാധിക്കുന്ന ഒന്നാണ്. ഇല്ലെങ്കില്‍ അതിന് കൂടി സാധിക്കുന്ന ജനാധിപത്യത്തെയാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്നത് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. ആ നിലക്ക് തന്നെയാണ് അത്തരം പ്രസ്ഥാനങ്ങളോട് ഞാന്‍ കൂറ് പുലര്‍ത്തുന്നതും.

K.P.Sukumaran പറഞ്ഞു...

അവസാനിക്കുന്നില്ല എന്നത്കൊണ്ട് എനിക്ക് പറയാനുള്ളത് ഒടുവില്‍ പറഞ്ഞാല്‍ മതിയല്ലോ അല്ലേ :)

CKLatheef പറഞ്ഞു...

കെ.പി.എസ് അത് താങ്കളുടെ ഇഷ്ടം. :) ഇവിടെ പറഞ്ഞുകഴിഞ്ഞ വിഷയത്തില്‍ കൂടുതല്‍ വ്യക്തതവേണമെന്ന് തോന്നുന്നെങ്കില്‍ ഇവിടെ തന്നെ ഇടപെടാം. അതല്ലെങ്കില്‍ ശേഷമുള്ള ഭാഗം കൂടി വിശകലനം ചെയ്തതിന് ശേഷമാകാം...

CKLatheef പറഞ്ഞു...

ഈ ബ്ലോഗ് വൈകിവായന തുടങ്ങിയവര്‍ക്ക് വേണ്ടി ജനാധിപത്യം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഈ ബ്ലോഗില്‍ വന്ന പതിനെട്ടോളം പോസ്റ്റുകള്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം.

samlan പറഞ്ഞു...

പ്രവാചകന്‍ ഒരു മതെതരത്ത വാദിയായിരുന്നോ എന്നാണ് നാം ആദ്യം ചര്‍ച്ച ചെയ്യേണ്ടത്...!! എന്നിടല്ലേ ഇന്ത്യന്‍ ഉപഭൂഖണ്ടാതിലുള്ള ഈ പ്രസ്ഥാനത്തെ ചര്‍ച്ചയ്ക്ക വെക്കേണ്ടത്.. ഒരു മുസ്ലിം എന്ന നിലയിലാണ് ഞാന്‍ പ്രവാചകന്റെ കാര്യം പറഞ്ഞത്.. !! മുസ്ലിങ്ങള്‍ ആദ്യം പ്രവച്ചകനെയാണ് ഏതു കാര്യത്തിലും മാതൃക ആക്കേണ്ടത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്...

CKLatheef പറഞ്ഞു...

@samlan അങ്ങനെ ചര്ചചെയ്യേണ്ടവര്ക്ക് അപ്രകാരം ചര്ച ചെയ്യാം..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK