'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ഡിസംബർ 02, 2013

പിണറായിയുടെ ജമാഅത്തും ജയാരജന്റെ R.S.S. ഉം

ജമാഅത്തെ ഇസ്ലാമിയെയും ആര്‍. എസ്.എസിനെയും തുലനം ചെയ്യുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഏതെങ്കിലും ഒരു വിഭാഗം നടത്തുന്നതുമല്ല. അതുകൊണ്ട് തന്നെ ആരെങ്കിലും അങ്ങനെ ചെയ്താല്‍ ഒരു വസ്തുത എന്ന നിലക്ക് കാണുന്നവര്‍ ഏറെയാണ്. ഇത്തരം താരതമ്യം വരുമ്പോള്‍ ആര്‍ എസ്. എസ് അതിനെതിരെ കാര്യമായി പ്രതികരിക്കാറില്ല. എന്നാല്‍ ജമാഅത്തെ ഇസ്ലാമി ആ താരതമ്യത്തിനെതിരെ മൌനം പാലിക്കാറുമില്ല. മാത്രമല്ല അതിനെ കാര്യമായി ഏതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യും. ഇയ്യിടെ സഖാവ് പിണറായി വിജയന്‍ പതിവുപോലെ തന്നെ ജമാഅത്തിനെ കൈകാര്യം ചെയ്യാന്‍ ഉപയോഗിച്ചത് ഇതേ സമീകരിക്കല്‍ തന്ത്രമാണ്. അതുമായി ബന്ധപ്പെട്ട് കാണപ്പെട്ട ഒരു കുറിപ്പ് പങ്കുവെക്കാന്‍ മാത്രമാണിവിടെ ഉദ്ദേശിച്ചത്. 

------------------------- 
Ali Koya said..  
'ആറെസ്സെസ്സിനെയും ജമാഅത്തെ ഇസ്‌ലാമിയെയും താരതമ്യം ചെയ്‌തുകൊണ്ട് ശ്രീ. പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ഈയിടെ പത്രങ്ങളില്‍ കാണാനിടയായി. ഖേദകരമെന്നു പറയാതെ നിര്‍വാഹമില്ല. 

ആറെസ്സെസ് എന്താണെന്നും അതിന്റെ പ്രവര്‍ത്തനം എപ്രകാരമുള്ളതാണെന്നും വിവരിക്കുന്ന പല കൃതികള്‍ സി.പി.എമ്മിന്റെ കീഴിലുള്ള പ്രസാധകര്‍ പുറത്തിറക്കിയിട്ടുണ്ട്. അതിലൊന്നാണ്‌ ശ്രീ. പി. ജയരാജന്റെ 'സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം.' ഈ കൃതിയ്ക്ക് അവതാരിക എഴുതിയത് പിണറായിയാണ്‌. പ്രസ്‌തുത കൃതിയില്‍ നേരിയ വിശദാംശങ്ങളോടെ നല്‍കിയ വലിയ ഒരു ലിസ്‌റ്റുണ്ട്. ആറെസ്സെസ് നടത്തിയ കലാപങ്ങളുടെയും കൊലപാതകങ്ങളുടെയും ലിസ്റ്റ്. വിശദാംശങ്ങള്‍ ഒഴിവാക്കി ആ ലിസ്റ്റ് ഇവിടെ കൊടുക്കാം: * ലാഹോര്‍, അമൃത്‌സര്‍ (1947), * ജബല്‍പ്പൂര്‍ (1961), * റൂര്‍ക്കല, കല്‍ക്കത്ത, ജംഷെഡ്പൂര്‍ (1964), * ഹാതിയ, റാഞ്ചി (1967), * ഔറംഗബാദ്, കരീംഗഞ്ച് (1968), * അഹ്‌മദാബാദ് (1969), * ഭീവണ്ടി, ഗുല്‍ഗാവ്, മഹാദ് (1970), * നോനാരി, സജ്നി (1972), * വാരാണസി (1977), * ഹൈദരാബാദ് (1978), * ജംഷെഡ്‌പൂര്‍ (1979), * മൊറാദാബാദ് (1980), * ബീഹാര്‍ ഷെരിഫ് (1981), * മീററ്റ്, ബറോഡ (1982), * മാലൂര്‍, ഹസാരിബാഗ്, ഹൈദരാബാദ് (1983), * ഭീവണ്ടി (1984), * അഹ്‌മദാബാദ് (1985 & 1986), * മീററ്റ് (1987), * ഇന്‍ഡോര്‍, ഭദ്രക് (1989), * അഹ്‌മദാബാദ്, കാണ്‍പൂര്‍, ജൈപൂര്‍, ജോധ്പൂര്‍, ലഖ്നൌ, ആഗ്ര, ദല്‍ഹി, ഹൈലക്കണ്ടി, ബീഹാര്‍, മഹാരാഷ്ട്ര, പട്ന, കോണ്‍പൂര്‍, ഹസന്‍, മാണ്ഡ്യ, മൈസൂര്‍, മടിക്കേരി, ഹൈദരാബാദ് (1990), * ഗുജറാത്തിന്റെ പലഭാഗങ്ങള്‍, ബറോഡ, ബനാറസ് (1991), * ഭോപ്പാല്‍ (1992), * സീതാമഡി, സൂറത്ത്, ബോംബെ, ചിത്രദുര്‍ഗ്ഗ, റാന്‍ഖണ്ഡി, പാല്‍മോ, മദ്രാസ്, ഹൈദരാബാദ് (1985), * കാണ്‍പൂര്‍, അജ്മീര്‍, മൊറാദാബാദ്, ഹൈദറാബാദ്, ബര്‍ദോളി, സന്‍ജേലി, നളന്ദ, മുന്‍ഗര്‍, അഹ്‌വ, ദംഗ്, സൂറത്ത്കല്‍ (1998), * മനോഹര്‍പൂര്‍, അഹ്‌മദാബാദ്, ഹര്‍ദ, ഔറംഗബാദ്, സൂറത്ത് (1999), * കോലാപ്പൂര്‍, നളന്ദ, ബീവര്‍, ജംനര്‍, അമ്രവാണി, അഹ്‌മദാബാദ് (2001), * ഗുജറാത്ത്, കേദല്‍, ദിവാനി, (2002), * ഗുജറാത്ത്, ബീഹാര്‍, ഒറീസ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് (2003), * മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആസാം (2004), * ചതീസ്ഘഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര (2005), * അലീഘര്‍, മഹാരാഷ്ട്ര, വഡോദര, ഉത്തര്‍പ്രദേശ്, കര്‍ണാടക (2006), * ഒറീസ 2007 &2008) (പേജ് 38-76, സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം. പി.ജയരാജന്‍)

ജമാഅത്തെ ഇസ്‌ലാമി ആറെസ്സെസ്സിനെ പോലുള്ള ഒരു സംഘടനയാണെങ്കില്‍ സമാനമായ പലതും അതും ചെയ്‌തിരിക്കണമല്ലോ. ആ ലിസ്റ്റ് വിജയന്‍ പ്രസിദ്ധീകരിക്കും എന്ന് പ്രതീക്ഷിക്കാമോ? 

അതു സാദ്ധ്യമാകുന്നില്ലെങ്കില്‍ പിന്നെ രണ്ടു സംഘടനകളെ താരതമ്യപ്പെടുത്തുന്നത് ശരിയാകുമോ?

യഥാര്‍ത്ഥത്തില്‍, പിണറായിയുടെ പ്രസ്‌താവന ഇന്ത്യന്‍ ഫാഷിസ്‌റ്റുകള്‍ക്ക് വളം വെച്ചുകൊടുക്കുന്നതാണ്‌. അവരെ ശാന്തരും സമാധാനപ്രിയരുമാക്കി ചിത്രീകരിക്കുന്നതിന്നു തുല്യമാണത്.  ജമാഅത്തിനെ ആറെസ്സെസ്സിനോടു ഉപമിക്കാമെങ്കില്‍ തിരിച്ചും അതാകാമല്ലോ. ആറെസ്സെസ് ജമാഅത്തിനെപ്പോലുള്ള ഒരു സംഘടനയാണ്‌. ശാന്തമായി പ്രവര്‍ത്തിക്കുന്ന, സമാധാനകാംക്ഷികളായ, ജനാധിപത്യ മര്യാദപാലിക്കുന്ന ഒരു സംഘടന!  ഈ ലേബല്‍ ആറെസ്സെസ്സിന്‌ ചാര്‍ത്തിക്കൊടുക്കാന്‍ പിണറായിക്ക് കഴിയുമോ? അങ്ങനെ പിണറായി ചെയ്‌താല്‍ സഖാക്കള്‍, പ്രത്യേകിച്ചും കണ്ണൂര്‍ ജില്ലയിലെ സഖാക്കള്‍ പൊറുക്കുമോ? ശാന്തമായി പ്രവര്‍ത്തിക്കുന്ന, സമാധാനകാംക്ഷികളായ, ജനാധിപത്യ മര്യാദപാലിക്കുന്ന ഒരു സംഘടന! ഈ വിശേഷണങ്ങളില്‍ ഏതാണ്‌ ജമാഅത്ത് അര്‍ഹിക്കാത്തതായുള്ളത് എന്ന് പിണറായി ശാന്തമായിരുന്ന് ആലോചിച്ചുനോക്കണം. 

ചെന്നായയും ആട്ടിന്‍കുട്ടിയും ഒരുപോലെയാണോ?'
---------------------

ഒരു ജനാധിപത്യരാജ്യത്ത് ഒരു വ്യക്തിക്കോ വിഭാഗത്തിനോ തങ്ങളുടെ ഒരു ആശയം പ്രചരിപ്പിക്കുന്നതിന് വിലക്കില്ല. (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എത്രമാത്രം മതേതരജനാധിപത്യം അംഗീകരിക്കുന്നുവെന്നത് മറ്റൊരു വിഷയം) ദൈവനിഷേധം അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥക്ക് വേണ്ടി കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ജനാധിപത്യരൂപത്തില്‍ പ്രചാരണം നടത്താമെങ്കില്‍ ഏകദൈവത്വത്തിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ ദര്‍ശനത്തെ ജമാഅത്തെ ഇസ്ലാമിക്കും മുന്നോട്ട വെക്കാവുന്നതേയുള്ളൂ. അവര്‍ അതിന് വേണ്ടി അക്രമത്തിന്റെയും അടിച്ചേല്‍പിക്കലിന്റെയും മാര്‍ഗം സ്വീകരിക്കാതിതിടത്തോളം കാലം. ആര്‍. എസ്. എസ് വിമര്‍ശിക്കപ്പെടുന്നത്, അവര്‍ ഹൈന്ദവ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രവ്യവസ്ഥയെ മുന്നോട്ട് വെക്കുന്നത് കൊണ്ടോ പ്രചരിപ്പിക്കുന്നത് കൊണ്ടോ അല്ല. തങ്ങളുടെ വാദം അക്രമപരമായി തന്നെ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയും തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവരെ ശാരീരികമായി തന്നെ കൈകാര്യം ചെയ്യാന്‍ മുതിരുന്നത് കൊണ്ടുമാണ്. ആ നിലക്ക് അവരുടെ പ്രവര്‍ത്തനം ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമല്ല. രാജ്യത്തിന്റെ മതേതരജനാധിപത്യത്തിനും സൌഹൃദാന്തരീക്ഷത്തിനും വിഘാതമാണ് എന്നതാണ് എതിര്‍പ്പിന്റെ അടിസ്ഥാനം. കമ്യൂണിസ്റ്റുകാര്‍ക്ക് അവരോടുള്ള എതിര്‍പ്പ് അവര്‍ മതത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണെങ്കില്‍ അത് തുറന്ന് പറയണം. അതിന് സാധ്യതയില്ലാതെയില്ല. കാരണം കമ്യൂണിസ്റ്റ് കാരുടെ പ്രവര്‍ത്തനവും ജനാധിപത്യത്തേക്കാള്‍ പലപ്പോഴും അക്രമപരവും സ്വേഛാധിപത്യപരവുമാണ്.  പക്ഷെ സഖാവ് ജയരാജന്റെ പുസ്തകത്തില്‍ അവരുടെ അക്രമം തന്നെയാണ് എടുത്ത് പറയുന്നത്. കേവലം വാദത്തിലെ സാമ്യത മാത്രമാണ് ഈ സമീകരണത്തിന് കാരണമെങ്കില്‍ നേരത്തെ വാളില്‍ പോസ്റ്റ് ചെയ്ത സജീദ് ഖാലിദ് പറഞ്ഞ കഥ ഇവിടെയും ആവര്‍ത്തിക്കുന്നു.

'കുഞ്ഞബ്ദുല്ല സ്‌കൂള്‍ മാഷാണ്. കീരി വാസുവാകട്ടെ കള്ളനും പിടിച്ചു പറിക്കാരനും കൂലിത്തല്ലുകാരനുമാണ്. അങ്ങനെയിരിക്കെ നാട്ടിലെ ഭൂപ്രഭുവും പ്രമാണിയുമായ മിന്നല്‍ അര്‍ജ്ജുനന്‍ ജനങ്ങളെയെല്ലാം വിളിച്ചു കൂട്ടി. ഒരിക്കല്‍ കീരിവാസുവിന്റെ ആക്രമണത്തിന്റെ ഇരയായി ഒരു കാല്‍ നഷ്ടപ്പെട്ട അയ്മുട്ടിയെ പ്രത്യേകം ക്ഷണിച്ചു വരുത്തി. അയ്മുട്ടിയെ സാക്ഷി നിര്‍ത്തി കീരി വാസുവിന്റെ അക്രമങ്ങളും കൊള്ളകളും എല്ലാം വിവരിച്ച ശേഷം പറഞ്ഞു കീരിവാസു എന്തിനാ ഈ അക്രമങ്ങളൊക്കെ ചെയ്യുന്നത്. അവന്റെ കുടുംബം പുലര്‍ത്താന്‍ വേണ്ടി പണമുണ്ടാക്കാന്‍. നമ്മുടെ കുഞ്ഞബ്ദുല്ലാ മാഷും സ്‌കൂളില്‍ പോയി കുട്ടികളെ പഠിപ്പിക്കുന്നത് കുടുംബം പുലര്‍ത്താന്‍ പണമുണ്ടാക്കാന്‍ വേണ്ടിതന്നെ. അതിനാല്‍ രണ്ടുപേരും ഒരു നാണയത്തിന്റെ രണ്ടുവശമാണ്. ആയതിനാല്‍ രണ്ടുപേരേയും ഒരേ നിലയ്ക്കു തന്നെ കാണണം.. എന്തുകൊണ്ടാണ് കുഞ്ഞബ്ദുല്ല മാഷ് എതിര്‍ക്കപ്പെടുന്നതെന്നു ആത്മ പരിശോധന കുഞ്ഞബ്ദുല്ലാ മാഷ് നടത്തണം '

സത്യത്തില്‍ ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസും ഒരു താരതമ്യുവും ഇല്ല എന്ന് കാണാം. ജമാഅത്തെ ഇസ്ലാമി ടി. ആരിഫലി സാഹിബിന്റെ ഈ വിശദീകരണം കാണുക. 

'ആര്‍.എസ്.എസ്സും അതുള്‍ക്കൊള്ളുന്ന സംഘപരിവാറും വംശീയവാദത്തിലധിഷ്ഠിതമായ ഒരു ഹിന്ദുത്വ രാഷ്ട്രത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്; വര്‍ണാശ്രമ വ്യവസ്ഥ നിലനില്‍ക്കുകയും ജന്മനാ സവര്‍ണരായവര്‍ക്ക് ഇന്ത്യയുടെ ഭരണം ലഭ്യമാവുകയും ചെയ്യുന്ന വംശീയ ആധിപത്യമാണ് ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വം. സനാതന ഹിന്ദു ധര്‍മത്തെയാണ് ആര്‍.എസ്.എസ് പ്രതിനിധീകരിക്കുന്നത് എന്നുപറഞ്ഞുകൂടാ. ഏക വംശീയ സംസ്‌കാരത്തെ മാത്രം സ്വീകരിക്കുകയും മറ്റെല്ലാ സംസ്‌കാരങ്ങളെയും അന്യവത്കരിക്കുകയും ചെയ്യുന്നു സംഘപരിവാര്‍. ഇത്തരമൊരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ അവര്‍ അവലംബിക്കുന്നത് അക്രമത്തിന്റെയും ഹിംസയുടെയും വഴിയാണ്. തങ്ങളല്ലാത്തവരെയെല്ലാം ഉന്മൂലനം ചെയ്യുകയും നാട്ടില്‍ നിന്ന് ആട്ടിയോടിക്കുകയും ചെയ്യുന്നതാണ് അവരുടെ നയം. ഇത് ഒരു ആരോപണമല്ല. പതിറ്റാണ്ടുകളായി നമ്മുടെ മുമ്പിലുള്ള അനുഭവസാക്ഷ്യമാണ്. ഫാഷിസത്തിന്റെ എല്ലാ അടയാളങ്ങളും ഒത്തിണങ്ങിയ സമീപനരീതിയാണ് ആര്‍.എസ്.എസ് സ്വീകരിച്ചിട്ടുള്ളത്. അപ്പോള്‍ വംശാധിപത്യമെന്ന ലക്ഷ്യവും ഫാഷിസത്തിന്റെ മാര്‍ഗവുമാണ് അവര്‍ക്കുള്ളതെന്ന് വ്യക്തം.

എന്നാല്‍, ലക്ഷ്യത്തിലും മാര്‍ഗത്തിലും അതിനു തീര്‍ത്തും വിരുദ്ധമാണ് ജമാഅത്തെ ഇസ്‌ലാമി. ഏതെങ്കിലുമൊരു വംശത്തിന്റെ ആധിപത്യത്തിലധിഷ്ഠിതമല്ല ജമാഅത്ത് മുന്നോട്ടു വെക്കുന്ന സാമൂഹിക ക്രമം. ഒരു മൂല്യവ്യവസ്ഥിതിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രം നിലനില്‍ക്കേണ്ടത്. നിയമനിര്‍മാണവും ഭരണവും മറ്റും ആ മൂല്യവ്യവസ്ഥിതിയില്‍ ഊന്നി നിന്നുകൊണ്ടാകണം. ദൈവത്തില്‍ നിന്നുള്ളതും പ്രവാചകന്മാര്‍ പഠിപ്പിച്ചുതന്നിട്ടുള്ളതുമായ ഒരു മൂല്യവ്യവസ്ഥിതി ജമാഅത്തിന്റെ കൈയിലുണ്ട്. അത്, രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അത് ജനങ്ങള്‍ അംഗീകരിക്കുന്ന ഒരു സാഹചര്യത്തില്‍ അതിനനുസൃതമായി സമൂഹ നിര്‍മാണം നടത്തണം എന്നതാണ് ജമാഅത്തിന്റെ കാഴ്ചപ്പാട്. ജമാഅത്തിന്റെ ആദര്‍ശം വംശീയാധിപത്യത്തിന് തികച്ചും വിരുദ്ധമാണ്. ആര്‍.എസ്.എസ് വംശീയാധിപത്യത്തെക്കുറിച്ച് പറയുന്നു, ജമാഅത്ത് ഒരു മൂല്യവ്യവസ്ഥയെയും ആശയത്തിന്റെ വികാസത്തെയും കുറിച്ച് സംസാരിക്കുന്നു എന്നതാണ് രണ്ടും തമ്മിലുള്ള മൗലിക അന്തരം. ഈ മൂല്യവ്യവസ്ഥയിലേക്ക് എത്താന്‍, തീര്‍ത്തും സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗമാണ് അവലംബിക്കുന്നതെന്ന് സംഘടനയുടെ ഭരണഘടനയും സാഹിത്യങ്ങളും വ്യക്തമാക്കുന്നുണ്ട്. മനുഷ്യരുടെ ഹൃദയ-മസ്തിഷ്‌കങ്ങളോട് സംവദിക്കുകയും അവരുടെ മനസ്സില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും അതുവഴി സമൂഹ പരിവര്‍ത്തനത്തിലേക്ക് നീങ്ങുകയും ചെയ്താല്‍ മാത്രമേ ഈ മൂല്യവ്യവസ്ഥിതി സ്ഥാപിതമാവുകയുള്ളൂ. സമാധാനം തകര്‍ക്കാത്ത, ജനാധിപത്യ ക്രമത്തെ അട്ടിമറിക്കാത്ത, വര്‍ഗ സംഘട്ടനമോ വര്‍ഗീയ സംഘര്‍ഷമോ സൃഷ്ടിക്കാത്ത പ്രവര്‍ത്തനങ്ങള്‍ മാത്രമേ ജമാഅത്ത് കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടക്ക് നടത്തിയിട്ടുള്ളൂ. അതിനു വിരുദ്ധമായ ഒരു സംഭവവും ജമാഅത്തിനെക്കുറിച്ച് എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അപ്പോള്‍ ലക്ഷ്യത്തിലും മാര്‍ഗത്തിലും ഭിന്ന വിരുദ്ധമായ രണ്ട് സംഘടനകളെ തുലനം ചെയ്ത് വിമര്‍ശിക്കുന്നത് വിഷയങ്ങള്‍ പഠിച്ച് മനസ്സിലാക്കാതെയാണ്. ജമാഅത്തിനെക്കുറിച്ച് നേരിട്ട് പഠിക്കാന്‍ ഇത്രയേറെ സംവിധാനങ്ങള്‍ ഇവിടെ ഉണ്ടായിരിക്കെ ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ല.' (പ്രബോധനം). 

സമാന വിഷയം.

ആര്‍.എസ്.എസും ജമാത്തും തമ്മിലുള്ള സമാനതകള്‍ 

1 അഭിപ്രായ(ങ്ങള്‍):

Abid Ali പറഞ്ഞു...

തീവ്ര ദേശീയത യുടെ പേ രില്‍ ആര്യ വംശീയത അടിസ്ഥാനമാക്കി ഫാസിസ്റ്റ് രീതി സ്വീകരിച്ച ആര്‍ എസ്സ് എസ്സിന്റെ ഹിന്ദുത്വ വാദവും ,ഗാന്ധിജി വിഭാവന ചെയ്ത രാമാ രാജ്യവും തമ്മില്‍ സാമ്യതകള്‍ ഇല്ലെന്നിരിക്കെ
ജമാഅത്തും ആര്‍ എസ് എസ്സും തമ്മില്‍ യാതൊരു സാമ്യതയും ഇല്ല തന്നെ .

കൂടി വന്നാല്‍ ഒരാള്‍ക്ക്‌ ഗാന്ധിജിയുടെ രാമാ രാജ്യവും ,ജമാതിന്റെ ദൈവ രാജ്യവും തമ്മില്‍ സാമ്യതകള്‍ ഉണ്ട് എന്ന് മാത്രമേ പറയാന്‍ കഴിയൂ ...
അതിനെയാണെങ്കില്‍ ജമാഅത് പൂര്‍ണ്ണമായും സ്വാഗതം ചെയ്യുകയും ചെയ്യുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK