'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ഓഗസ്റ്റ് 27, 2014

ഗസയില്‍നിന്ന് പഠിക്കേണ്ടിയിരുന്ന പാഠം

ഫലസ്തീനില്‍ ഇസ്രായേല്‍ ആക്രമണം നടത്തുമ്പോള്‍ ഇങ്ങ് കേരളത്തില്‍ ആശയക്കുഴപ്പത്തിലകപ്പെടുന്ന ഒരു വിഭാഗമുണ്ട്. അവരാണ് മുജാഹിദുകള്‍. മുജാഹിദുകള്‍ എന്ന് മൊത്തത്തില്‍ പറഞ്ഞാല്‍ പോരാ. അവരിലെ ഔദ്യോഗിക വിഭാഗം എന്ന് അവകാശപ്പെടുന്ന. എ.പി വിഭാഗം. അവരിലെ ഒരു പ്രാസംഗികനും ഹിന്ദു-ക്രിസ്ത്യന്‍ സംവാദകനുമായ എം.എം. അക്ബര്‍ സാഹിബിന്റെ ഈ വിഷയത്തിലുള്ള അഭിപ്രായവും അതിലെ അന്തക്കേടുകളും കഴിഞ്ഞ പോസ്റ്റില്‍ നല്‍കിയിരുന്നു. ഇപ്പോഴിതാ 'വിചിന്തനം' എന്ന അവരുടെ മാസികയില്‍ മറ്റൊരു വിലയിരുത്തല്‍. അതിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ വായിച്ചാലും എന്താണ്  പറയാന്‍ ഉദ്ദേശിച്ചത് എന്ന് മനസ്സിലാവില്ല. ആകെ നമ്മുടെ മനസ്സില്‍ ബാക്കിയുണ്ടാവുക. ഹമാസ് അവിവേകികളാണ്, അതിന് കാരണമാകട്ടെ അവര്‍ ഫലസ്തീനിലുള്ള ഇഖ്'വാന്റെ രാഷ്ട്രീയ രൂപമാണ് എന്നതും. ആ ലേഖനത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഇന്നത്തെ (27-8-2014) പത്രത്തിലെ പ്രധാന വാര്‍ത്ത ഇവിടെ നല്‍കാം.
---------------------------

ഗസ്സയില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ധാരണ

ഗസ്സയില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ധാരണ

കൈറോ: ഏഴ് ആഴ്ച പിന്നിട്ട ഇസ്രായേല്‍ ആക്രമണത്തിനൊടുവില്‍ ഗസ്സയില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിന് ധാരണയായി. ഈജിപ്തിന്‍െറ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് തീരുമാനം. കൈറോ ചര്‍ച്ചയില്‍ വെടിനിര്‍ത്തലിനായി ഫലസ്തീന്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ എല്ലാവരും അംഗീകരിച്ചതായി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.

അധിനിവേശം അവസാനിപ്പിക്കുന്നതിനും പുതിയ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുമുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തികള്‍ ഭാഗികമായി തുറന്നുകൊടുക്കുക, ഗസ്സയില്‍ പുനര്‍നിര്‍മാണത്തിന് സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുക, മത്സ്യബന്ധന മേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കുക തുടങ്ങി ഹമാസ് മുന്നോട്ടുവെച്ച നിബന്ധനകള്‍ ഇസ്രായേല്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഹമാസിന്‍െറ മറ്റൊരു ആവശ്യമായ ഗസ്സ വിമാനത്താവളത്തിനുള്ള അനുമതി തുടര്‍ ചര്‍ച്ചകളില്‍ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 9.30ഓടെ വെടിനിര്‍ത്തല്‍ നിലവില്‍വന്നു.

ദീര്‍ഘകാല വെടിനിര്‍ത്തല്‍ ധാരണയിലത്തെിയെന്ന് ഹമാസ് നേതാക്കളാണ് ആദ്യം അറിയിച്ചത്. മണിക്കൂറുകള്‍ക്കു ശേഷം ഇസ്രായേല്‍ വാര്‍ത്ത സ്ഥിരീകരിച്ചതോടെ ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആളുകള്‍ തെരുവിലിറങ്ങി ആഹ്ളാദം പ്രകടിപ്പിച്ചു. 50 ദിവസത്തെ തങ്ങളുടെ പ്രതിരോധത്തിന്‍െറ വിജയമാണിതെന്ന് ഹമാസ് വക്താവ് മൂസ അബൂ മര്‍സൂക് പ്രതികരിച്ചു.
 -----------------------

ഒരാഴ്ചകഴിഞ്ഞ് ഇസ്രായേല്‍ എന്തെങ്കിലും കാരണം പറഞ്ഞ് ഗസയെ ആക്രമിച്ചേക്കാം.  എങ്കിലും ഒരു കാര്യം ഉറപ്പ്. ഈ യുദ്ധത്തിലും ഇസ്രായേലിന് കനത്ത നഷ്ടമാണ്. ലക്ഷ്യം നേടിയില്ല എന്ന് മാത്രമല്ല. ഗസക്ക് അവര്‍ ആവശ്യപ്പെട്ടതൊക്കെ നല്‍കേണ്ടിയും വന്നു. ഇപ്രാവശ്യത്തെ ഗസ ആക്രമണത്തിന്റെ ശരിയായ പ്രകോപനം ഫത്ഹും ഹമാസും യോജിച്ച് ഐക്യ സര്‍ക്കാര്‍ രൂപീകരിച്ചതാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അതുപറഞ്ഞ് ആക്രമിച്ചാല്‍ ലോകത്തിന്റെ പിന്തുണ കിട്ടില്ല. അതിനാല്‍ മൂന്ന് ഇസ്രായേലി യുവാക്കളെ തട്ടികൊണ്ടുപോയി വധിച്ചത് ഹമാസാണ് എന്ന് വാദിച്ചാണ് ഗസക്ക് മേല്‍ ആദ്യം ഒരു മാസത്തയെും പിന്നീട് രണ്ടാഴ്ചയുമായി നീണ്ടുനിന്ന ആക്രണം നടത്തിയത്.

ഇവിടെ ഫലസ്തീനികള്‍ എന്ത് നിലപാടായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത് എന്ന് മുജാഹിദ് മാസിക വായിച്ചാല്‍ മനസ്സിലാവില്ല. ഇതൊന്നു വായിച്ച് നോക്കുക.

ലേഖനത്തിന്റെ തലക്കെട്ട് തന്നെ ഹമാസ് ഫലസ്തീന് ശാപമോ എന്നതാണ്. ഇപ്രാവശ്യത്തെ ഇസ്രായേല്‍ ആക്രണമത്തിന് ഇസ്രായേലിനുള്ള കാരണം എന്തായാലും അറബി ശൈഖുമാര്‍ക്ക് ഒരു ഒളിയജണ്ടയുണ്ടായിരുന്നു. അതിനുള്ള നാടകം നാം മുറക്ക് പിന്നീട് കണ്ടു. അതെന്താണെന്ന് വെച്ചാല്‍ അവരുടെ ഉന്നം ഹമാസ് ആയിരുന്നു. അതിനാല്‍ ഏതാണ്ട് ഒരു മാസം ആകുന്നത് വരെ അറബ് ശൈഖുമാര്‍ ഒരക്ഷരം മിണ്ടിയില്ല. പിന്നീട് പ്രസ്താവന വന്നപ്പോള്‍ അതില്‍ ഇസ്രായേലിനെക്കാള്‍ ഹമാസിനെ ലക്ഷ്യംവെച്ചുള്ള പ്രയോഗമായിരുന്നു. അഥവാ ഈ യുദ്ധത്തോടെ ഹമാസിനെതിരെ ഫലസ്തീനികള്‍ തിരിയുമെന്ന് അവര്‍ കണക്കുകൂട്ടി. പക്ഷെ ഗസയില്‍ ഹമാസിനെതിരെ നാലാളെ പോലും സംഘടിപ്പിച്ച് പ്രകടനം നടത്താന്‍ പോലും കഴിഞ്ഞില്ല. അതേ സമയം ഇസ്രായേല്‍ ക്രുരതക്കെതിരെ ടെല്‍അവീവില്‍ വരെ പ്രകടനം നടന്നു. ഇവിടെ നമ്മുടെ വിചിന്തനം കാരനും ലക്ഷ്യം ഹമാസ് തന്നെ. എന്നാല്‍ അതങ്ങനെ തുറന്ന് പറയാനും വയ്യ. അതിനാല്‍ ഇടക്കിടക്ക് ഇസ്രായേലിനെ തോണ്ടുന്നു. എന്നാലും അതൊക്കെയും ഹമാസിന്റെ കാരണം കൊണ്ടല്ലേ എന്ന് വായനക്കാരനെ ചിന്തിപ്പിക്കാനുള്ള പൊടിക്കൈകളും. മുഴുവന്‍ ലേഖനവും നിരുപണം ചെയ്താല്‍ ഈ പോസ്റ്റ വല്ലാതെ നീണ്ടുപോകും അതിനാല്‍ പ്രസക്ത ഭാഗം മാത്രം നല്‍കാം.

['ഫലസ്‌തീനികള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ഉത്തരവാദികള്‍ ആരാണെന്ന്‌ നിഷ്‌പക്ഷമായി മുസ്‌ലിം ലോകം വിലയിരുത്തേണ്ടതുണ്ട്‌. ഇസ്‌റായീലിന്റെ മനുഷ്യത്വമില്ലായ്‌മയും അന്താരാഷ്‌ട്ര മൗനവുമാണ്‌ ഫലസ്‌തീന്‍ ജനതയുടെ ശാപമെന്ന്‌ എല്ലാവര്‍ക്കുമറിയാം. എണ്ണപ്പണംകൊണ്ട്‌ ധൂര്‍ത്തും ദുര്‍വ്യയവും നടത്തുന്ന അറബ്‌ രാജ്യങ്ങളെയും നമുക്ക്‌ പ്രതിസ്ഥാനത്ത്‌ നിര്‍ത്താം. എന്നാല്‍ ഫലസ്‌തീനിലെ ഹമാസിനെയും ഫത്‌ഹിനെയും മറ്റു ചെറുത്തുനില്‍പ്പ്‌ സംഘങ്ങളെയും വിശുദ്ധരാക്കി മാറ്റിനിര്‍ത്താന്‍ സാധിക്കുമോ? ചെറുത്തുനില്‍പ്പ്‌ അനിവാര്യമാണ്‌. സ്വന്തം അസ്‌തിത്വം സംരക്ഷിക്കാന്‍ ഇസ്‌റായീല്‍ പട്ടാളത്തിന്റെ മുമ്പിലേക്ക്‌ ചങ്കൂറ്റത്തോടെ പാഞ്ഞടുക്കുന്ന ഫലസ്‌തീന്‍ ചെറുപ്പത്തെ അത്രയെളുപ്പം ആക്ഷേപിക്കാനാവില്ല. കല്ലുകളും സിമന്റ്‌ കട്ടകളുമായി ആധുനാധുനിക ആയുധങ്ങള്‍ക്ക്‌ മുന്നിലേക്ക്‌ ഓടിയടുക്കുന്ന ഫലസ്‌തീന്‍ ചെറുപ്പത്തിന്റെ അവിവേകത്തെയും നമുക്ക്‌ മാപ്പാക്കാം. സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാവേണ്ടിവന്ന ഒരു ജനതയുടെ നെഞ്ചകങ്ങളിലെ നീറ്റല്‍ മറ്റുള്ളവര്‍ക്ക്‌ അത്രയെളുപ്പം മനസ്സിലാവില്ല. ഫലസ്‌തീതീനിന്റെ മണ്ണില്‍ ജീവിക്കാന്‍ പാടുപെടുന്ന ചെറുപ്പത്തെ വഴിതെറ്റിച്ച്‌ രാഷ്‌ട്രീയ നിലനില്‍പ്പ്‌ ഭദ്രമാക്കാന്‍ ഹമാസ്‌ ശ്രമിക്കുന്നുണ്ടോയെന്നത്‌ ഒരു സംശയമായി ഫലസ്‌തീനികളെ അസ്വസ്ഥമാക്കുന്നുണ്ട്‌. ഹമാസിനെ ഗസ്സയിലെ ജനങ്ങള്‍ വോട്ട്‌ ചെയ്‌ത്‌ തെരഞ്ഞെടുത്തുവെന്നത്‌ ശരി. ഹമാസിന്റെ ചില അപക്വമായ നീക്കങ്ങള്‍ ഇസ്‌റായീലിന്‌ തങ്ങളുടെ കാട്ടാളത്തം ന്യായീകരിക്കാന്‍ വക നല്‍കി എന്നെങ്കിലും അംഗീകരിച്ചേ പറ്റൂ.']

ഇപ്പോള്‍ എന്തായി. ഫലസ്തീനികളുടെ അസ്വസ്ഥത ഇവിടെ നില്‍ക്കുന്ന വിചിന്തനം കാരന്‍ എങ്ങനെയാണാവോ മനസ്സിലാക്കിയത്. എന്താണ് ഹമാസിന്റെ അപക്വമായ നീക്കങ്ങള്‍. വോട്ട് ചെയ്ത് വിജയിപ്പിച്ചെങ്കിലും അതൊക്കെ അവരുടെ വിവരക്കേടുകൊണ്ടാകുമോ. കേരളത്തിലെ ഈ മുജാഹിദുകാരുടെ പ്രശ്നം മനസ്സിലാക്കാന്‍ ലേഖനത്തിലെ അടുത്ത ഭാഗങ്ങള്‍ കൂടി വായിച്ചാല്‍ മതി.

['ഹമാസിന്‌ ഗറില്ലകളുണ്ട്‌. ഇരുണ്ട തുരങ്കങ്ങളിലൂടെ സഞ്ചരിച്ച്‌ ലക്ഷ്യംനേടുന്ന സായുധ ഗ്രൂപ്പുകളുണ്ട്‌. സൈനിക പരിശീലനത്തിനുള്ള കേന്ദ്രങ്ങളുമെല്ലാം ഉണ്ട്‌. ഹമാസിന്‌ അത്യന്താധുനിക ആയുധങ്ങളോ സന്നാഹങ്ങളോ ഇല്ല. ആയുധബലത്തില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്ന ഇസ്‌റായീലിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന ആയുധമോ പരിശീലനമോ ഹമാസ്‌ നേടിയിട്ടില്ല. പഴഞ്ചന്‍ ഓലപ്പടക്കങ്ങളാണ്‌ ഇപ്പോഴും തെല്‍ അവീവിന്‌ നേരെ എറിയുന്നത്‌. വല്ലപ്പോഴും ഹമാസ്‌ ഗറില്ലകള്‍ക്ക്‌ ഒന്നോ രണ്ടോ ഇസ്‌റായീലി സൈനികരെ ലഭിക്കും. അവരെ ബന്ധികളാക്കി വിലപേശും. പലപ്പോഴും ഈ തന്ത്രത്തിലൂടെ ഹമാസ്‌ പോരാളികളെ മോചിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്‌.

ഇഖ്‌വാനുല്‍ മുസ്‌ലിമൂനിന്റെ ഫലസ്‌തീന്‍ ഘടകമാണ്‌ ഹമാസ്‌. ഹമാസിന്റെ ഐഡിയോളജി ഇഖ്‌വാനിസമാണ്‌. അതുകൊണ്ട്‌ തന്നെ അവര്‍ക്ക്‌ ഇഖ്‌വാന്‍ ഫണ്ടുകള്‍ കാര്യമായി ലഭിച്ചിരുന്നു. കുറച്ചുകാലം ഈജിപ്‌തില്‍ മുര്‍സി അധികാരത്തിലിരുന്നപ്പോള്‍ ഹമാസിന്‌ സുവര്‍ണകാലമായിരുന്നു. ഹമാസിനോട്‌ അലിവ്‌ കാട്ടുന്ന അറബ്‌ രാജ്യങ്ങളില്‍ മുമ്പില്‍ ഖത്തര്‍ തന്നെയാണ്‌. ഹമാസിന്റെ പല നേതാക്കളും ഒളിജീവിതം നയിക്കുന്നത്‌ ഖത്തറിലും ഈജിപ്‌തിലുമൊക്കെയാണ്‌. ഗസ്സയില്‍ പിഞ്ചുപൈതങ്ങളും ഹമാസിന്റെ പ്രാദേശിക നേതാക്കളും മരിച്ചുവീഴുമ്പോള്‍ വലിയ വര്‍ത്തമാനം പറഞ്ഞ്‌ അറബ്‌ രാജ്യങ്ങളില്‍ സുഖജീവിതം നയിക്കുന്നതിന്‌ അവരുടെ പക്ഷത്ത്‌ ന്യായങ്ങള്‍ കാണും.


ഹമാസിന്‌ പിടിച്ചുനില്‍ക്കാന്‍ പണം ആവശ്യമാണ്‌. തുരങ്ക നിര്‍മാണത്തിനും ആയുധ കടത്തിനുമെല്ലാം വന്‍ തുക ആവശ്യമാണ്‌. അറബ്‌ രാജ്യങ്ങളില്‍ നിന്ന്‌ ഒഴുകിയിരുന്ന സഹായം നേരിട്ട്‌ ഹമാസിന്‌ കിട്ടാത്ത അവസ്ഥയാണ്‌. ഖത്തറിന്റെയും തുര്‍ക്കിയുടെയും സഹായത്താലാണ്‌ പിടിച്ചുനില്‍ക്കുന്നത്‌. ലബനാനിലെ ഹിസ്‌ബുല്ലയെ ഇറാന്‍ സഹായിക്കുന്നത്‌ പോലെ ഹമാസിന്‌ തുര്‍ക്കി തണലായി മാറിയിരിക്കുകയാണ്‌. ഹിസ്‌ബുല്ലയുടെ അവിവേകം ലബനാന്‍ ഇസ്‌റായീല്‍ യുദ്ധത്തിന്‌ വഴിവെച്ചത്‌ ലോകം മറന്നിട്ടില്ല. ലബനാനും ഹിസ്‌ബുല്ലയും ആ യുദ്ധത്തിന്റെ ക്ഷീണത്തില്‍നിന്ന്‌ ഇപ്പോഴും രക്ഷപ്പെട്ടിട്ടുമില്ല. ഹിസ്‌ബുല്ല കാണിച്ച അവിവേകം തന്നെയാണ്‌ ഹമാസും പിന്‍തുടരുന്നത്‌. ഹമാസിനെ ഒഴിവാക്കി ഒരു ഫലസ്‌തീന്‍ ഐക്യദാര്‍ഢ്യം സാധ്യമല്ലെന്ന രൂപത്തിലുള്ള പ്രചാരണത്തില്‍ കഴമ്പില്ല. ഫലസ്‌തീനികളെയും ഹമാസിനെയും വേര്‍തിരിച്ച്‌ കാണേണ്ട അവസ്ഥയാണ്‌ ഹമാസ്‌ സ്വയം ഉണ്ടാക്കിവെച്ചിട്ടുള്ളത്‌. ഹമാസിനെ തീവ്രവാദവുമായി ചേര്‍ത്തി പറയുന്നതിന്റെ പിന്നില്‍ ഇസ്‌ലാമിസ്റ്റ്‌ ഫോബിയ മാത്രമാണെന്ന നിരീക്ഷണവും നിഷ്‌പക്ഷമാവില്ല. ഇസ്‌ലാമോഫോബിയയും ഇസ്‌ലാമിസ്റ്റ്‌ ഫോബിയയും ഒരു യാഥാര്‍ഥ്യമാണെങ്കിലും ഇസ്‌ലാമിസ്റ്റ്‌ ഫോബിയാ പ്രചാരത്തിന്‌ ഇഖ്‌വാനുല്‍ മുസ്‌ലിമൂനിനെ പോലുള്ള സംഘടനകള്‍ വേണ്ടതിലധികം സാഹചര്യമൊരുക്കിക്കൊടുക്കുന്നു. ഈജിപ്‌തില്‍ അല്‍പകാലം ഭരണം കിട്ടിയപ്പോഴും അത്‌ നഷ്‌ടപ്പെട്ടപ്പോഴുമുള്ള ഇഖ്‌വാന്റെ സമനില തെറ്റല്‍ ശത്രുക്കള്‍ക്ക്‌ നല്‍കിയ വടിയായിരുന്നു.']

ഹമാസിന് അത്യാധുനിക ആയുധങ്ങളോ സന്നാഹങ്ങളോ ഇല്ല എന്നത് അവരുടെ കുറ്റമാണോ. അവര്‍ എന്തിന് ഇസ്രായേലിനെ ബന്ധികളാക്കുന്നുവെന്നതിന്റെ ഉത്തരം ആദ്യഖണ്ഡികയില്‍ ഉണ്ട്. രണ്ടാമത്തെ ഖണ്ഡികയാണ് വിഷയത്തിന്റെയും മുജാഹിദ് ഹമാസ് ശത്രുതയുടെയും യഥാര്‍ഥ കാരണം കിടക്കുന്നത്. സത്യത്തില്‍ ഫലസ്തീന്‍ ജനതയെ സഹായിക്കേണ്ടത് ലോക മുസ്ലിംകളുടെ മൊത്തം ബാധ്യതയായിരുന്നു. എന്നാല്‍ ഇസ്രായേലിനെയും അറബി ശൈഖുമാരെയും താങ്ങുന്നത് ഒരേ കൈകകളായതിനാല്‍ എപ്പോഴെങ്കിലും സ്വന്തം ജനതയെ അടക്കി നിര്‍ത്താന്‍ വാ തുറന്നോളൂ എന്ന് ഉത്തരവ് ലഭിക്കുമ്പോള്‍ മാത്രമേ ശൈഖുമാര്‍ക്ക് ഇസ്രായേലിനെതിരെ വാ തുരക്കാന്‍ പോലും സാധിക്കുകയുള്ളൂ. സഹായിക്കുന്നത് പിന്നെയല്ലേ. അതിനാല്‍ സ്വാഭാവികമായും അവരുടെ പിന്തുണ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുള്ള രാജ്യങ്ങളായത് ആശ്ചര്യജനകമല്ല. പ്രാദേശിക നേതാക്കള്‍ മരിച്ചുവീഴുമ്പോള്‍ അവരുടെ നേതാക്കള്‍ വിദേശത്തായിരിക്കുന്നതില്‍ ന്യായം കാണും എന്നെങ്കിലും അംഗീകരിക്കാന്‍ വിചിന്തനം മനസ്സുകാട്ടിയിരിക്കുന്നു. അത്രയും നല്ലത്.

മൂന്നാമത്തെ ഖണ്ഡികയിലാണ് യഥാര്‍ഥ മുജാഹിദ് മനസ്സിലിരുപ്പ് വെളിപ്പെടുന്നത്. ഹമാസിനെ തീവ്രവാദവുമായി ബന്ധപ്പെടുത്തുന്നത് ഇസ്ലാമിസ്റ്റ് ഫോബിയ മാത്രമല്ലത്രെ. അല്‍പം കാര്യമുണ്ട് എന്ന്. ഈജിപ്തിലെ ഇഖ് വാന്‍ എന്ത് അവിവേകം ചെയ്തുവെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ ഭരിക്കാന്‍ തയ്യാറായതോ?. പട്ടാള അട്ടിമറിയിലൂടെ അതിന്റെ നേതാവിനെ അടക്കം തടങ്കിലിലാക്കിയപ്പോള്‍ അതിനെതിരെ സമാധാനപരമായി പ്രക്ഷോഭം സംഘടിപ്പിച്ചതോ. ഇവരുടേത് തീവ്രത. അതിനാല്‍ ഇസ്രായേല്‍ ഹമാസ് ഭരണം നടത്തുന്ന (അത് എത്ര ശരിയാണ് എന്നത് വേറെ കാര്യം) ഗസ ആക്രമിക്കുന്നത് അങ്ങനെയങ്ങ് കുറ്റം പറയാനില്ല. കുറച്ചുകൊക്കെ ഗസ അത് അര്‍ഹിക്കുന്നത് തന്നെയാണ് എന്നാണ് മുജാഹിദു ഭാഷ്യം.

['ഉര്‍ദുഗാന്റെ ഇഖ്‌വാന്‍ ചായ്‌വും ഖത്തറിന്റെ തലോടലും യൂസുഫുല്‍ ഖറദാവിയുടെ തലോട ലുമെല്ലാം ഹമാസിനെ സ്വന്തം ദൗര്‍ബല്യത്തെക്കുറിച്ച്‌ ചിന്തിക്കാതിരിക്കാന്‍ മാത്രം അന്ധരാക്കിയിരിക്കുന്നു. ഫലസ്‌തീനിലെ പ്രശ്‌നം തീര്‍ന്നാല്‍ ഞങ്ങള്‍ക്കെന്താ ജോലിയെന്ന്‌ ചോദിക്കുന്നത്‌ പോലെയുണ്ട്‌ ചില ഹമാസ്‌ ചെയ്‌തികള്‍. ഇസ്‌റായീലിനെതിരെ ഉയരുന്ന ഫലസ്‌തീന്‍ അനാഥകളുടെയും വിധവകളുടെയും വൃദ്ധരുടെയും കൈകള്‍ ഹമാസിനെതിരെ ഉയരുമോയെന്ന്‌ ഭയപ്പെടേണ്ടിയിരിക്കുന്നു. ഒരു ജനത എത്രയാണ്‌ സഹിക്കുക. പ്രബലരാഷ്‌ട്രങ്ങളുടെ പിന്‍തുണയുള്ള ഇസ്‌റായീലിന്റെ കാട്ടാളത്തവും തങ്ങളുടെ രക്ഷകരെന്ന്‌ കരുതിയ ഹമാസിന്റെ ആര്‍ത്തിയും ഫലസ്‌തീനികള്‍ക്ക്‌ സമ്മാനിക്കുന്നത്‌ ഇരുളടഞ്ഞ നാളുകള്‍ തന്നെയാണ്‌. ചെറുത്തുനില്‍പ്‌ എന്ന സുന്ദര വിശേഷണവുമായി ഫലസ്‌തീന്‍ ജനതയെ കബളിപ്പിക്കാന്‍ ഹമാസിനും സമാനചിന്താഗതിക്കാര്‍ക്കും കൂടുതല്‍ കാലം കഴിഞ്ഞുകൊള്ളണമെന്നില്ല.

ഫലസ്‌തീന്‍ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനേക്കാള്‍ ഹമാസിന്റെ സൈനിക വിഭാഗത്തോടും അവരുടെ കൊടിയോടും ഗറില്ലാ യുദ്ധങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന വികാരജീവികളെ തിരിച്ചറിയാന്‍ നമുക്ക്‌ സാധിക്കണം.']

'ആടെന്തറിയുന്നു അങ്ങാടി വാണിഭം' എന്ന് പറഞ്ഞപോലെ കേരളത്തില്‍ ജിന്നുവാദികളുമായി കെട്ടിപിണയുന്ന മുജാഹിദുകാരന് എന്ത് ഗസ ? എന്ത് ഫലസ്തീന്‍ ? അതുകൊണ്ടു തന്നെ ഇത്തരം കാര്യത്തില്‍ എന്ത് പറഞ്ഞാലും ഒരോ വരിയിലും വൈരുദ്ധ്യങ്ങള്‍. ഫലസ്തീനികള്‍ക്കും ലോകത്തിനും അറിയാം ഇന്ന് ഫലസ്തീന്‍ നിലനില്‍ക്കുന്നതിന്റെ ക്രഡിറ്റ് അല്ലാഹുവിന്റെ സഹായത്താല്‍ ഹമാസ് പോരാളികള്‍ക്കാണെന്ന്. അതുകൊണ്ടു തന്നെയാണ് അറബി ശൈഖുമാരുടെ ഐക്യദാര്‍ഢ്യപ്രഖ്യാപനത്തില്‍നിന്ന് അവരുടേത് വ്യത്യസ്ഥമാകുന്നത്.

മറ്റൊരു തമാശകൂടിയുണ്ട്. മുസ്ലിം  ലോകം മാത്രമല്ല നിഷ്പക്ഷരായ മനുഷ്യകുലം മുഴുവന്‍ അംഗീകരിച്ച ഫലസ്തീനികളുടെ ചെറുത്ത് നില്‍പിനെ തീവ്രവാദമായി കാണുന്നവര്‍, ഒരു ബഗ്ദാദി കറുത്ത കൊടിയും പിടിച്ച് തോക്കുകൊണ്ട് ഖിലാഫത്ത് പ്രഖ്യാപിച്ചപ്പോള്‍ അതെക്കുറിച്ച് മൌനത്തിലാണ്. മാത്രമല്ല ഒളിഞ്ഞും തെളിഞ്ഞും നെറ്റിനകത്തും പുറത്തും അതിനെ അനുകൂലിച്ചുകൊണ്ടിരിക്കുന്നുണ്ട് മുജാഹിദുകളില്‍  ഒരു വിഭാഗം.

ഫലസ്തീനികള്‍ക്കും ലോകത്തിനും അറിയുന്നതും കേരളത്തിലെ മുജാഹിദുകള്‍ വേണ്ടവിധം പാഠം ഉള്‍കൊള്ളാത്തതുമായ ഒരു ചരിത്ര സംഭവം ഉണ്ട്. അതാണ് ശബ്റാ-ശത്തീലാ കൂട്ടക്കൊല. അതില്‍നിന്ന് ഫലസ്തീനികള്‍ പാഠം പഠിച്ചു. അതും അതുപോലുള്ളതുമായ അനേകം  അനുഭവങ്ങള്‍ നിറഞ്ഞതാണ് ഫലസ്തീന്‍ ചരിത്രം.  ഹമാസിന്റെ പിന്നില്‍ എന്തുകൊണ്ട് ഈ ദുരിതത്തിനിടയിലും  അടിയുറച്ചു നില്‍ക്കുന്നുവെന്നതിന് ഉത്തരം തേടേണ്ടത് അവരുടെ അനുഭവങ്ങള്‍ യഥാവിധി പഠനവിധേയമാക്കികൊണ്ടാണ്. ഇല്ലെങ്കില്‍ ശൈഖുമാരെ പോലെ  കേരള മുജാഹിദു മൌലവിമാരും ഗസയില്‍ ഓരോ ബോംബ് വീഴുമ്പോഴും ഫലസ്തീനികളെല്ലാം ഇപ്പോള്‍ ഹമാസിന് നേരെ തിരിയും എന്ന്  ദിവാസ്വപ്നം കാണേണ്ടിവരും.

ശബ്റാ-ശത്തീലാ കൂട്ടക്കൊല നല്‍കുന്ന പാഠം.



ഇപ്പോള്‍ ചില കോണില്‍നിന്ന് ഹമാസിനെതിരെ ഉയര്‍ത്തപ്പെടുന്നതുപോലുള്ള കടുത്ത പ്രതിഷേധവും അന്തരാഷ്ട്ര സമ്മര്‍ദ്ദവും തുടര്‍ചയായ ആക്രമണങ്ങളുടെ ഫലമായി ഉണ്ടായ ക്ഷീണവും കാരണമായി പി.എല്‍.ഓ ജിഹാദില്‍നിന്ന് പൂര്‍ണമായും പിന്‍മാറുന്നതായി 1982 ജൂലൈ 27 ന് ബൈറൂത്തിലെ തന്റെ കേന്ദ്രത്തില്‍നിന്ന് യാസര്‍ അറഫാത്ത് പ്രഖ്യാപിച്ചു. അങ്ങനെ  ആഗസ്ത് 21 ന് പി.എല്‍.ഒ അതിന്റെ മുഴുവന്‍ സൈന്യവുമായി ഫലസ്തീന്‍ വിട്ടുപോകാമെന്ന് സമ്മതിച്ചു. പൂര്‍ണമായ ഒരു കീഴടങ്ങലായിരുന്നു അത്. അങ്ങനെ ആദ്യ സംഘം സൈപ്രസിലേക്ക് പുറപ്പെട്ടു. പിന്നീട് ശേഷിച്ചവരെ പല സംഘങ്ങളായി കപ്പുലകളില്‍ നിറച്ച് വിവിധ സ്ഥലങ്ങളിലേക്ക് അയച്ചു. അവസാനം അറഫാത്തും ബൈറൂത്ത് വിട്ട് തുനീഷ്യയിലേക്ക് പോയി. അന്താരാഷ്ട്ര സേനയുടെ മേല്‍നോട്ടത്തില്‍ തങ്ങള്‍ക്ക് സുരക്ഷനല്‍കുമെന്ന അമേരിക്ക ഉറപ്പുനല്‍കണമെന്ന ഉപാധിയോടുകൂടിയായിരുന്നു ഇത്. ഇസ്രായേലും അമേരിക്കയും അത് സമ്മതിച്ചു.

അതേ വര്‍ഷം ജൂണ്‍ 6 ന് ഇസ്രായേല്‍ കരയിലൂടെയും കരയിലൂടെയും ലബനാനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഈ പിന്മാറ്റത്തിന് പിഎല്‍ഓ നിര്‍ബന്ധിതമാകുന്ന സാഹചര്യം ഉണ്ടായത്.  ബൈറൂത്ത് നഗരത്തെ ഇസ്രായേല്‍ ഉപരോധിച്ചു. നഗരത്തില്‍ പ്രവേശിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല അവിടെയുള്ള പി.എല്‍.ഓയുടെ സൈനിക സാനിദ്ധ്യമായിരുന്നു അതിന് കാരണം. ഈ ഘട്ടത്തിലാണ് മേല്‍പറഞ്ഞ സമ്മര്‍ദ്ധവും പിഎല്‍ഓയുടെ  പിന്‍മാറ്റവും ഉണ്ടായത്. അതോടെ ലബനാനിലെ ഫലസ്തീനികളുടെ അഭയാര്‍ഥിക്യാമ്പുകളില്‍ അതുവരെ ഉണ്ടായിരുന്ന സൈനിക സംരക്ഷണം നഷ്ടപ്പെട്ടു. പി.എല്‍.ഓ ആയിരുന്നു അവരുടെ ശക്തി. ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെ ഫലസ്തീനികല്‍ താമസിച്ചിരുന്ന ക്യാമ്പുകള്‍ അതോടെ സംരക്ഷകരില്ലാതെ അനാഥമായി. അമേരിക്കയെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും വാക്കുകള്‍ മുഖവിലക്കെടുത്ത് പിന്‍വാങ്ങിയ പി.എല്‍.ഓ ക്രൂരമായി വഞ്ചിക്കപ്പെട്ടുവെന്ന് ഉടനെ തന്നെ മനസ്സിലായി. പോരാളികള്‍ ഒഴിഞ്ഞുപോയി എന്നായപ്പോള്‍ ഇസ്രായേല്‍ 1982 സെപ്തം 15 ന് ഏരിയല്‍ ഷാരോണിന്റെ നേതൃത്വത്തില്‍ ശബ്റാ - ശത്തീലാ ക്യാമ്പുകള്‍ ഉപരോധിച്ചു മാറോനൈറ്റ് എന്ന ക്രിസ്ത്യന്‍ മീലീഷ്യയെ കൊണ്ടാണ് സ്ത്രീകളും കുട്ടികളുമുള്‍കൊള്ളുന്ന ആ ക്യാമ്പില്‍ കൂട്ടക്കൊല നടത്തിയത്. 1500-1700 ഓളം ആളുകളെ അവിടെ വധിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത് എന്നാല്‍ 3500 ഓളം എന്ന് അനൌദ്യോഗിക കണക്കുകളും. ലോകരാഷ്ട്രങ്ങള്‍ പതിവുപോലെ സംഭവത്തെ അപലപിച്ചു. ദുര്‍ബലമെങ്കിലും തങ്ങളുടെ ചെറുത്ത് നില്‍പ്പാണ് തങ്ങളുടെ ജീവനെ ഫലസ്തീനില്‍ ആ നിലക്കെങ്കിലും അവശേഷിപ്പിക്കുന്നത് എന്ന് ഫലസ്തീനികള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനും മുസ്ലിം ലോകത്തിനും ബോധ്യമായി.

അന്നും ഈ ആക്രമണത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടന്നത് ഇസ്രായേലിലെ ടെല്‍അവീവില്‍ ആയിരുന്നു. കൂട്ടക്കൊലയില്‍ ഇസ്രായേല്‍ സൈന്യത്തിന് പങ്കുണ്ടെന്ന ശക്തമായ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് സം‌ഭവത്തിൽ നിക്ഷ്പക്ഷമായ അന്വേഷണമാവശ്യപ്പെട്ട് ലക്ഷക്കണക്കിന് ഇസ്രായേൽ പൗരന്‍മാര്‍ ടെല്‍ അവീവില്‍ തെരുവിലിറങ്ങി പ്രതിഷേധപ്രകടനങ്ങൾ നടത്തി. കൂട്ടക്കൊലയിൽ സൈന്യത്തിൻറെ ഉത്തരവാദിത്തം പ്രാരം‌ഭഘട്ടത്തിൽ ഇസ്രായേൽ ഭരണകൂടം നിഷേധിച്ചെങ്കിലും സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി കഹാന്‍ കമ്മീഷനെ നിയമിക്കുകയുണ്ടായി.

ഈ സംഭവം വെച്ച് പരിശോധിച്ചാല്‍ എങ്ങനെയാണ് ഹമാസ് ഫലസ്തീനികളുടെ രക്ഷകരായത് എന്ന് മനസ്സിലാകും. ഹമാസിന്റെ പേര് പറഞ്ഞുകൊണ്ടുതന്നെ 50 ദിവസം ബോംബ് വര്‍ഷം നടത്തിയിട്ടും ഗസയിലോ വെസ്റ്റ് ബാങ്കിലോ ഉള്ള ഫലസ്തീനികള്‍ എന്തുകൊണ്ട് ഹമാസിനെതിരെ തിരിഞ്ഞില്ല  എന്നതിന്റെ ഉത്തരം സംഭവങ്ങളിലാണ് നാം തേടേണ്ടത്. ഹമാസ് പ്രതിരോധത്തില്‍നിന്ന് പിന്‍മാറുന്ന ദിവസം എന്ത് സംഭവിക്കും എന്നതിന്റെ സൂചന മേല്‍പറഞ്ഞ കൂട്ടകൊലയിലുണ്ട്, മാത്രമല്ല ഈ ആക്രമണത്തിന്റെ തുടക്കത്തില്‍ തന്നെ ഇസ്രായേല്‍ എന്താണ് ഗസയെ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നും നാം കണ്ടു. ആകാശത്തുനിന്ന് വിമാനത്തില്‍ ബോംബ് വര്‍ഷിക്കാന്‍മാത്രമേ ഇപ്പോള്‍ ഇസ്രായേലിന് സാധിക്കുന്നുള്ളൂ. കരയിലൂടെ ടാങ്കറുകള്‍ ഉപയോഗിച്ച് വല്ലതും ചെയ്യാമോ എന്ന് ഇത്തവണയും പരീക്ഷിച്ചു. ഏതാനും ദിവസത്തിനുള്ളില്‍ 30 ഓളം ഇസ്രായേലി പട്ടാളക്കാര്‍ വധിക്കപ്പെട്ടതോടെ അവര്‍ പിന്തിരിഞ്ഞോടുകയാണ് ഉണ്ടായത്.  ബൈറൂത്തിലേക്ക് ഇസ്രായേല്‍ സൈന്യം കയറാതിരുന്നത് തങ്ങളുടെ പട്ടാളക്കാരുടെ ജീവന്‍ നഷ്ടപ്പെടുമോ എന്ന് കരുതിയായിരുന്നു. കാരണം 1982 ലെ കണക്കനുസരിച്ച് തന്നെ ഒരു ഇസ്രായേല്‍ പട്ടാളക്കാരനെ പരിശീലിപ്പിക്കാന്‍ ഒരു ലക്ഷം ഡോളറിലധികം ചെലവ് വരുമായിരുന്നത്ര. അതെ കാരണം കൊണ്ടുതന്നെയാവണം ഇത്തവണയും കരയാക്രമണം പെട്ടെന്ന് അവസാനിപ്പിച്ചത്.

കേരളത്തിലെ മുജാഹിദുകാരനും ഗള്‍ഫില്‍ ശൈഖുമാരും ഒരിക്കല്‍ കൂടി നിരാശരായി. ഇസ്രായേല്‍ അതിലുപരി നിരാശരായി. എല്ലാറ്റിനും കാരണം ഹമാസ് തന്നെ. അതിന്റെ ജാള്യത കുറക്കാന്‍ എഴുതിവിടുന്നതാണ്  ഹമാസ് ഫലസ്തീന് ജനതക്ക് ശാപമോ എന്നുതുടങ്ങിയ ലേഖനങ്ങള്‍. ഇന്നത്തെ വാര്‍ത്ത വായിക്കുന്ന ആളുകള്‍ക്ക് ബോധ്യമാകും ഹമാസ് ഫലസ്തീന് ശാപമല്ല.  ഫലസ്തീന്റെ ഇപ്പോഴത്തെ നിലനില്‍പിന്റെ ആധാരമാണതെന്ന്.

(പോസ്റ്റിയത്. 27-8-2014)
റഫറന്‍സ് : ഫലസ്തീന്‍ സമ്പുര്‍ണ ചരിത്രം by Dr. ത്വാരിഖ് സുവൈദാന്‍, വിക്കിപീഡിയ.

1 അഭിപ്രായ(ങ്ങള്‍):

അരസികന്‍ പറഞ്ഞു...

ആടെന്തറിയുന്നു അങ്ങാടി വാണിഭം'

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK