'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഓഗസ്റ്റ് 14, 2014

ഫലസ്തീന്‍പാഠവും എം.എം അക്ബര്‍ സാഹിബും.

എം.എം. അക്ബര്‍ സാഹിബ്, താങ്കള്‍ അറിയപ്പെടുന്ന പ്രബോധകനാണ്.  ആ നിലക്ക് ബഹുമാനിക്കുന്നു. ക്രൈസ്ത-മുസ്ലിം-ഹിന്ദു സംവാദങ്ങളില്‍ താങ്കള്‍ നന്നായി തിളങ്ങുന്നു. അതിലുപയോഗിക്കുന്ന പല പദപ്രയോഗങ്ങളോടും  ശൈലിയോടും ചില വിയോജിപ്പുകള്‍ ഉണ്ട് എങ്കിലും അതോടൊപ്പം പറയട്ടെ, താങ്കളുടെ ഇതേ കഴിവ് മുജാഹിദ് സംഘടന ഇതര ഇസ്ലാമിക സംഘടനകള്‍ക്കെതിരെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ സത്യസന്ധത കൈവിടുന്നതും മേല്പ്പറഞ്ഞ മികവു അപ്രത്യക്ഷമാവുന്നതും പക്ഷപാതിത്വവും കണ്ടിട്ടുണ്ട്. താങ്കള്‍ അതിന് നിര്‍ബന്ധിക്കപ്പെടുന്നതാണോ എന്ന് സംശയിക്കുമാറാണ് അത്തരം സംവാദങ്ങളില്‍ താങ്കളുടെ പ്രകടനം എന്ന് പറയാതെ വയ്യ. നേരത്തെ പലയിടത്തും മൌദൂദിയെ സംബന്ധിച്ചുള്ള താങ്കളുടെ പരാമര്‍ശങ്ങള്‍  വിശകലനം ചെയ്തിട്ടുണ്ട്. ഇവിടെ അതിന് മുതിരുന്നില്ല.



ചുരുക്കത്തില്‍ ഇത്രമാത്രം ഇപ്പോള്‍ പറയാം.. ഇതില്‍ കാണുന്ന താങ്കളുടെ ശരീരഭാഷ പതിവു സംവാദ വേദികളില്‍നിന്ന് ഏറെ ഭിന്നമാണ്. താങ്കള്‍ വല്ലാതെ വിയര്‍ക്കുന്നു. വാക്കുകള്‍ വരുന്നില്ല. എങ്ങനെ കളവുപറയാതെ മൌദൂദിയെ ഭീകരവാദത്തിന്റെ മാസ്റ്റര്‍ ബ്രയിനാക്കാം എന്ന് താങ്കള്‍ ചിന്തിക്കുന്നത് കാര്യമറിയുന്ന ഒരു ശ്രോതാവിന് വ്യക്തമായി കാണാം.

ആനുകാലിക സംഭവങ്ങളെ ഇസ്ലാമികമായി വിലയിരുത്തുന്നതിലും താങ്കള്‍ ഒരു വലിയ പരാജയമാണ് എന്ന് വായനക്കാരെ ബോധ്യപ്പെടുത്തുന്നതായിപ്പോയി  സ്നേഹ സംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചത് എന്നു പറാതെ വയ്യ. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും അവിടങ്ങളിലൊക്കെ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമാവുകയും ചെയ്ത ആ ഭാഗം ഇവിടെ നല്‍കുന്നു. ഫലസ്തീന്‍ നല്‍കുന്ന പാഠം. എന്നാണ് തലക്കെട്ട് എങ്കിലും. ഫലസ്തീന്‍ നല്‍കുന്ന പാഠങ്ങളില്‍ ഒന്നുപോലും അക് ബര്‍ സാഹിബിന് യഥാവിധി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല എന്ന് അതില്‍നിന്ന് മനസ്സിലാകും. പിന്നെ എങ്ങനെയാണ്  താങ്കള്‍  വായനക്കാരെ പഠിപ്പിക്കുക എന്ന ഫെയസ് ബുക്കില്‍ ഉന്നയിക്കപ്പെട്ട  ചോദ്യം പ്രസക്തമാണ്. ജിഹാദിനെക്കുറിച്ചും എന്തിന് വേണ്ടിയാണ് ജിഹാദ് ചെയ്യേണ്ടത് എന്ന വിഷയം പ്രതിപാദിക്കുന്ന ഒട്ടനേകം ഹദീസുകള്‍ ഉദ്ധരിച്ചതിന് ശേഷം താങ്കള്‍ എത്തുന്ന നിഗമനം ഇങ്ങനെയാണല്ലോ?.

['ഒന്നും രണ്ടും ഇന്‍തിഫാദകള്‍ക്കു ശേഷവും ഫലസ്ത്വീന്‍ പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരുകയാണ്. തീര്‍ത്ഥയാത്രക്ക് നിര്‍ദ്ദേശിക്കപ്പെട്ട മൂന്നാമത്തെ പുണ്യസ്ഥലവും ആദ്യത്തെ ക്വിബ്‌ലയുമായ മസ്ജിദുല്‍ അക്വ്‌സയുടെ ഭാവിയെക്കുറിച്ച ഭയാശങ്കകള്‍ പ്രദാനം ചെയ്യുന്നുവെന്നതുകൊണ്ടുതന്നെ ഓരോ ഇസ്രായേല്‍ നടപടികളും ലോകത്തെ മുസ്‌ലിംകളെയെല്ലാം വേവലാതിപ്പെടുത്തുന്നുണ്ട്. ഫലസ്ത്വീനിനെ സഹായിക്കുവാന്‍ മുസ്‌ലിം രാഷ്ട്രങ്ങളുടെ കൈകള്‍ നീളുന്നതും പള്ളികളില്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥനകളുയരുന്നതുമെല്ലാം അതുകൊണ്ടാണ്. ഇസ്രായേല്‍ ജൂതരാഷ്ട്രം നിലവില്‍ വന്ന 1948 മുതല്‍ ആരംഭിച്ച ഈ വേവലാതി അതിന്റെ അവസാനമെന്ന് എന്നറിയാതെ സങ്കീര്‍ണമായി മുന്നോട്ടു പോവുകയാണ്. അല്ലാഹുവിന്റെ ശാപകോപതാപങ്ങള്‍ക്ക് വിധേയരായ യഹൂദികളുടെ കുടിലതയെയും കണ്ണില്‍ ചോരയില്ലാത്ത നടപടികളെയും ലോകപൊലീസ് ചമയുന്നവരുടെ ഇവ്വിഷയകമായ പക്ഷപാതിത്വങ്ങളെയും നമുക്ക് വിമര്‍ശിക്കാം. പക്ഷെ, ഈ വിമര്‍ശനങ്ങള്‍ക്കിടയിലും എന്തുകൊണ്ട് ലോകജനസംഖ്യയില്‍ ചെറിയൊരു ശതമാനം മാത്രം വരുന്ന ഇസ്രായേലികള്‍ക്ക് അറബ് രാജ്യങ്ങള്‍ക്കു നടുവില്‍ തങ്ങളുടെ ഭീകരരാഷ്ട്രത്തിന്റെ അധീശത്വം സ്ഥാപിച്ചു മുന്നോട്ടുപോകാന്‍ കഴിയുന്നുവെന്ന് ചിന്തിക്കുവാന്‍ മുസ്‌ലിം ലോകത്തിനു കഴിയേണ്ടതുണ്ട്. യുദ്ധത്തെക്കുറിച്ച പ്രവാചകപാഠങ്ങളിലെവിടെയാണ് പുതിയകാലത്തെ നിരന്തരമായ പരാജയങ്ങളുടെ ഫലസ്ത്വീന്‍ പാഠങ്ങള്‍ക്കുള്ള മാതൃകയുള്ളതെന്ന് പഠിക്കുവാനും തിരുത്തേണ്ടിടത്ത് തിരുത്തുവാനും നാം സന്നദ്ധമാവണം. അല്ലാഹുവിന്റെ നാമം അത്യുന്നതമാക്കിത്തീര്‍ക്കുകയെന്നതാണ്, വംശീയമോ വര്‍ഗീയമോ ആയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയല്ല, ആയുധമെടുക്കുന്നതിന്റെ ഇസ്‌ലാമിക ലക്ഷ്യമെന്ന പ്രവാചക നിര്‍ദ്ദേശം പാലിക്കുവാന്‍ എത്രത്തോളം കഴിയുന്നുണ്ടെന്ന് സ്വയം വിലയിരുത്തുവാന്‍ പോരാളികള്‍ക്ക് കഴിയുമ്പോള്‍ മാത്രമാണ് ഇഹലോകത്ത് പരാജയപ്പെടുമ്പോള്‍ പോലും മരണാനന്തരമുള്ള ആത്യന്തികവും പൂര്‍ണവും ശാശ്വതവുമായ വിജയത്തിലെത്താന്‍ കഴിയുക എന്ന് ഓര്‍ക്കേണ്ടതുണ്ട്. വിശ്വസിച്ചവര്‍ക്കാണ് വിജയമെന്ന അല്ലാഹുവിന്റെ വചനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. അവനിലാണല്ലോ നമ്മുടെ പ്രതീക്ഷകളെല്ലാം ഭരമേല്‍പിച്ചിരിക്കുന്നത്, അതിന് അര്‍ഹന്‍ അവന്‍ മാത്രമല്ലോ. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.']

ഫെയ്സ് ബുക്കില്‍ ഇതിനെ വിശകലനം ചെയ്തുകൊണ്ട് ഉന്നയിക്കപ്പെട്ട ചോദ്യങ്ങളെ അവഗണിച്ച് മുജാഹിദ് സുഹൃത്തുക്കള്‍, തങ്ങള്‍ പണ്ട് ജമാഅത്തിനെക്കുറിച്ച് നേതാക്കളില്‍നിന്ന് കേട്ട അതേ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നതല്ലാതെ മറ്റൊന്നും പറയുന്നത് കണ്ടില്ല. പ്രശസ്തനായ പണ്ഡിതന്‍ ഒരു വിഷയത്തെക്കുറിച്ച് പറയുന്നത് വ്യക്തമാകാതിരിക്കുമ്പോള്‍ അത് ചോദിക്കുന്നത് സ്വാഭാവികം മാത്രമാണല്ലോ. അതിനാല്‍ ബ്ലോഗില്‍ അതിന് മറുപടി ലഭിച്ചെങ്കിലോ എന്ന ഉദ്ദേശ്യത്തിലാണ് ഇത് ഇവിടെ പങ്കുവെക്കുന്നത്.

സത്യത്തില്‍ എന്താണ് ഫലസ്തീന്‍ പ്രശ്നത്തില്‍നിന്ന് താങ്കള്‍ക്ക് ലഭിച്ച പാഠം എന്ന്  ആളുകള്‍ക്ക് മനസ്സിലായിട്ടില്ല. അവരോട് പറഞ്ഞത് അത്രയും മനസ്സിലായില്ല .

താങ്കള്‍ പറയുന്നു.. (((ഈ വിമര്‍ശനങ്ങള്‍ക്കിടയിലും എന്തുകൊണ്ട് ലോകജനസംഖ്യയില്‍ ചെറിയൊരു ശതമാനം മാത്രം വരുന്ന ഇസ്രായേലികള്‍ക്ക് അറബ് രാജ്യങ്ങള്‍ക്കു നടുവില്‍ തങ്ങളുടെ ഭീകരരാഷ്ട്രത്തിന്റെ അധീശത്വം സ്ഥാപിച്ചു മുന്നോട്ടുപോകാന്‍ കഴിയുന്നുവെന്ന് ചിന്തിക്കുവാന്‍ മുസ്‌ലിം ലോകത്തിനു കഴിയേണ്ടതുണ്ട്. യുദ്ധത്തെക്കുറിച്ച പ്രവാചകപാഠങ്ങളിലെവിടെയാണ് പുതിയകാലത്തെ നിരന്തരമായ പരാജയങ്ങളുടെ ഫലസ്ത്വീന്‍ പാഠങ്ങള്‍ക്കുള്ള മാതൃകയുള്ളതെന്ന് പഠിക്കുവാനും തിരുത്തേണ്ടിടത്ത് തിരുത്തുവാനും നാം സന്നദ്ധമാവണം.)))



ഇതുവരെ നടന്ന യുദ്ധങ്ങളിലൊക്കെ ഇസ്രായേലാണ് വിജയിച്ചത് എന്ന് താങ്കള്‍ ധരിക്കുന്നുണ്ടോ. ഫലസ്തീന്‍ പൂര്‍ണാര്‍ഥത്തില്‍ പോയിട്ട് ഭാഗികമായി പോലും ഒരു രാഷ്ട്രമല്ല. രാഷ്ട്രമാകാന്‍ ഇസ്രായേലും അവരെ പിന്തുണക്കുന്നവരും സമ്മതിച്ചിട്ടില്ല. സൌദിയിലെ സലഫി ഗവമെന്റും അവരുടെ വളര്‍ത്തുപുത്രനായ സീസിയും ഫലസ്തീന് വേണ്ടി എന്ത് ചെയ്യുന്നുവെന്ന് നാം നോക്കിക്കാണുന്നു. അവരെയായിരുന്നില്ലേ അകബര്‍ സാഹിബ് ഫലസ്തീന് പരാജയം സംഭവിക്കുന്നുവെന്ന ധാരണയുണ്ടെങ്കില്‍ തന്നെ കുറ്റപ്പെടുത്തേണ്ടിയിരുന്നത്. അതിന് പകരം നിസ്സഹായരായ ഫലസ്തീനിലുള്ളവരെയും അവരുടെ ജനകീയ സംഘടനയായ ഹമാസിനെയും  ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ് താങ്കള്‍ ചെയ്യുന്നത്. ഫലസ്തീനില്‍ സംഭവിച്ചത് ഇസ്രായേലിന്റെ അന്യായമായ അധിനിവേശമാണ് എന്നറിയാത്തയാളല്ലല്ലോ അക്ബര്‍ സാഹിബ്. ഇത്തരം അധിനിവേഷവും കടന്നുകയറ്റവും അക്രമവും കൊലയും ഉണ്ടാകുമ്പോള്‍ അതിനെതിരെ എന്ത് ചെയ്യണം എന്നാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്. ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്തില്‍ വിശ്വസിക്കുന്നവര്‍ ഇത്തരം അക്രമങ്ങളെ ചെറുക്കാന്‍ ശ്രമിക്കുന്നത് യഥാര്‍ഥ ജിഹാദല്ല എന്ന അഭിപ്രായം അക് ബര്‍ സാഹിബിനുണ്ടെങ്കില്‍ അദ്ദേഹം അത് വ്യക്തമാക്കണം. താങ്കളുടെ അനുയായികളും ആരാധകരും വ്യക്തമാക്കിയാലും മതി. അതിന് കഴിയുന്നില്ലെങ്കില്‍ ഇത്തരം വിഷയത്തില്‍ അക് ബര്‍ സാഹിബ് ഇടപെടാതിരിക്കുന്നത്, സ്വന്തം വായനക്കാരോടും സംഘടനാ പ്രവര്‍ത്തകരോടും ചെയ്യുന്ന സേവനമായിട്ടാണ് പരിഗണിക്കപ്പെടുക.

സത്യത്തില്‍ ഇസ്രായേലല്ലേ ഒരോ യുദ്ധത്തിന് ശേഷവും പരാജയപ്പെടുന്നത്. ഒരു വിമാനം പോലുമില്ലാത്ത പോരാളികളെ 60 കൊല്ലത്തിന് ശേഷവും നിലക്ക് നിര്‍ത്താനും കീഴടക്കാനും അവര്‍ക്ക് സാധിച്ചിട്ടില്ല. കുറേ നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും ബോംബിട്ട് കൊന്ന് മടുക്കുമ്പോള്‍ അവര്‍ അവസാനിപ്പിക്കാന്‍ വഴിതേടും എന്നല്ലാതെ. ഇതാണോ യുദ്ധത്തിലെ വിജയം. നിരന്തര വിജയമോ പരാജയമോ ആരുടെ പക്ഷത്താണ് ശരി എന്നതിന്റെ തെളിവല്ല. താങ്കള്‍ ധ്വനിപ്പിക്കുന്നത് പോലെ ഇക്കാലമത്രയും യുദ്ധത്തില്‍ ജയിച്ചത് ഇസ്രായേലാണ് എന്ന് വെക്കുക. (അവര്‍ക്ക് പോലും ആ വാദമില്ല എന്നത് വേറെകാര്യം). എന്നാല്‍ പോരാളികള്‍ പോരാടുന്നത് വംശീയവും വര്‍ഗീയവുമായ ആവശ്യത്തിനാണ് എന്ന് വരുമോ ?.  ആദര്‍ശത്തിന് വേണ്ടിയുള്ള യുദ്ധം എന്നാല്‍ സാഹിബ് എന്താണ് മനസ്സിലാക്കിയത്. കലിമ ചൊല്ലിക്കാനുള്ള യുദ്ധമെന്നോ?. എന്നാല്‍ മനസ്സിലാക്കുക. ഇസ്ലാമിലെ സായുധ ജിഹാദ് മുഴുവന്‍ രാഷ്ട്രീയമാണ്. മൌദൂദിയില്‍ താങ്കള്‍ കാണുന്ന ഭീകരത, മതവും രാഷ്ട്രീയവും കൂട്ടികലര്‍ത്തി എന്നതാണല്ലോ. അത് കേട്ടാല്‍ തോന്നും രാഷ്ട്രീയ മുക്തമായ ഒരു മതമാണ് സലഫികളുടേതെന്ന്. ഇസ്ലാമിലെ സായുധജിഹാദ്, ദുര്‍ബലരായ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പുരുഷന്‍മാരുടെയും മോചനത്തിനാണ്, അവരുടെ സമാധാനത്തിനാണ്. അത് മുസ്ലികള്‍ക്ക് മാത്രമുള്ളതല്ല.  അതിന് വേണ്ടി ആദര്‍ശ പ്രചോദിതരായി നടത്തുന്ന യുദ്ധമാണ് ഖുര്‍ആന്‍ അനുവദനീയമാക്കിയ ഖിതാല്‍ (അഥവാ സായുധ സമരം). എന്തുകൊണ്ട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ല എന്ന് ചോദിച്ചത് ഖുര്‍ആന്‍ രണ്ടേ രണ്ടു സ്ഥലത്താണ്.  ആ ചോദിച്ച രൂപം നോക്കുക.

(അധ്യായം 4 നിസാഅ്, സൂക്തം 75,76)

['പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാതിരിക്കുന്നതിന് എന്തുണ്ട് ന്യായം? ആ ജനമോ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു: `നാഥാ, മര്‍ദകരായ നിവാസികളുടെ ഈ നാട്ടില്‍നിന്നു ഞങ്ങളെ മോചിപ്പിക്കേണമേ, നിന്റെ പക്കല്‍നിന്നു ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിയോഗിച്ചുതരേണമേ, നീ ഞങ്ങള്‍ക്ക് ഒരു സഹായിയെ നിയോഗിച്ചുതരേണമേ! സത്യവിശ്വാസം ഉള്‍ക്കൊണ്ടവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നു. നിഷേധത്തിന്റെ മാര്‍ഗം കൈക്കൊണ്ടവരോ, ത്വാഗൂത്തിന്റെ മാര്‍ഗത്തിലും പോരാടുന്നു. അതിനാല്‍ നിങ്ങള്‍ സാത്താന്റെ മിത്രങ്ങളോടു പോരാടുവിന്‍. അറിഞ്ഞിരിക്കുവിന്‍, സാത്താന്റെ തന്ത്രം സത്യത്തില്‍ അതീവ ദുര്‍ബലമാകുന്നു.']

(മറ്റൊന്ന് അധ്യായം 9 തൌബ സൂക്തം 13,14)
['പ്രതിജ്ഞകള്‍ ലംഘിച്ചുകൊണ്ടേയിരിക്കുകയും ദൈവദൂതനെ നാട്ടില്‍നിന്ന് പുറത്താക്കാനൊരുമ്പെടുകയും ചെയ്യുന്ന ഒരു ജനത്തോടു നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലെന്നോ, അക്രമം ആദ്യം തുടങ്ങിയത് അവര്‍ തന്നെ ആയിരുന്നിട്ടും? നിങ്ങളവരെ ഭയപ്പെടുന്നുവോ? വിശ്വാസികളാണെങ്കില്‍, അല്ലാഹുവാകുന്നു അവരെക്കാള്‍ കൂടുതല്‍ നിങ്ങള്‍ ഭയപ്പെടാനര്‍ഹന്‍. അവരോട് യുദ്ധം ചെയ്യുവിന്‍. അല്ലാഹു നിങ്ങളുടെ കൈകളാല്‍ അവരെ ശിക്ഷിക്കുന്നതും നിന്ദിതരാക്കുന്നതും അവര്‍ക്കെതിരില്‍ നിങ്ങള്‍ക്കു തുണയേകുന്നതും വിശ്വാസികളായ സമൂഹത്തിന്റെ മനം കുളിര്‍പ്പിക്കുന്നതും അവരുടെ ഹൃദയങ്ങളിലെ രോഷം ശമിപ്പിക്കുന്നതുമാകുന്നു']

ഈ രണ്ട് സൂക്തം മാത്രം വെച്ച് നിങ്ങള്‍ക്ക് ഫലസ്തീന്‍ പ്രശ്നത്തെ സത്യസന്ധമായി വിലയിരുത്താമായിരുന്നു. എങ്കില്‍ നിങ്ങള്‍ക്ക് ഹമാസിന്റെ പോരാട്ടത്തിന്റെ ഇസ്ലാമിക മാനം മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. അവരുടെ വിജയം എന്താണ് എന്നും ഖുര്‍ആന്‍ എന്തിനെയാണ് അന്തിമ വിജയമായി കാണുന്നത് എന്നും തിരിച്ചരിയുമായിരുന്നു. പക്ഷെ അത് താങ്കള്‍ കണ്ടില്ല. പകരം വിഷയവുമായി ബന്ധമില്ലാത്ത ഒരു ഡസന്‍ ഹദീസുകള്‍ താങ്കള്‍ ഇവിടെ ഉദ്ധരിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. ജമാഅത്തെ ഇസ്ലാമിയുമായും ലോകഇസ്ലാമിക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവിഷയത്തിലും സംവാദവും ലേഖനവും എഴുതുന്നതിന് മുമ്പ് അല്‍പം കൂടി ഹോം വര്‍ക്ക് ചെയ്യണം. ഇതൊരു അപേക്ഷയാണ്. 

6 അഭിപ്രായ(ങ്ങള്‍):

Mohamed പറഞ്ഞു...

അദ്ധേഹത്തിനറിയാം അദ്ധേഹം ആടിനെ പട്ടിയും പട്ടിയെ ആടുമക്കാൻ മെനക്കെടുകൗാണെന്ന്. അതുകൊണ്ട്‌ തന്നെ, പിടികൂടിയാൽ ഒഴിഞ്ഞു മാറാൻ തക്കവണ്ണം നേർക്കുനേരെ പറയാതെ തെറ്റിദ്ധാരണ ഉണ്ടാക്കി കാര്യം നേടാനാണ്‌ ശ്രമിക്കുന്നത്‌. ഹമാസ്‌ ഭൗതിക താൽപര്യങ്ങൾക്ക്‌ വേണ്ടിവായുധമെടുത്തവരാണ്‌ എന്ന നുണ വായനക്കാരെ വിശ്വസിപ്പിക്കണം. എന്നാൽ മൂപ്പർ അങ്ങനെ പറഞ്ഞോ എന്ന് ചോദിച്ചാൽ മുങ്ങാൻ പഴുതും വേണം!!!

karadan പറഞ്ഞു...

ഇതിനാണ് പറയുക. കണ്ണടച്ച് ഇരുട്ടക്കുകയെന്നു. ഒന്നും അറിയഞ്ഞിട്ടല്ലാ. ആരുടെയൊക്കെയോ താല്പ്പര്യത്തിനു വഴങ്ങേണ്ടി വരികയാണ്‌. അല്ലെങ്കിൽ ആരെയൊക്കെയോ പേടിക്കുന്നു....

Unknown പറഞ്ഞു...

അക്ബര്‍ സാഹിബിനോടൊരു ചോദ്യം ഈ കാപട്യം കാപട്യം എന്ന് പറഞ്ഞാല്‍ എന്താ.....???

thasneem പറഞ്ഞു...

(((ഈ വിമര്‍ശനങ്ങള്‍ക്കിടയിലും എന്തുകൊണ്ട് ലോകജനസംഖ്യയില്‍ ചെറിയൊരു ശതമാനം മാത്രം വരുന്ന ഇസ്രായേലികള്‍ക്ക് അറബ് രാജ്യങ്ങള്‍ക്കു നടുവില്‍ തങ്ങളുടെ ഭീകരരാഷ്ട്രത്തിന്റെ അധീശത്വം സ്ഥാപിച്ചു മുന്നോട്ടുപോകാന്‍ കഴിയുന്നുവെന്ന് ചിന്തിക്കുവാന്‍ മുസ്‌ലിം ലോകത്തിനു കഴിയേണ്ടതുണ്ട്. യുദ്ധത്തെക്കുറിച്ച പ്രവാചകപാഠങ്ങളിലെവിടെയാണ് പുതിയകാലത്തെ നിരന്തരമായ പരാജയങ്ങളുടെ ഫലസ്ത്വീന്‍ പാഠങ്ങള്‍ക്കുള്ള മാതൃകയുള്ളതെന്ന് പഠിക്കുവാനും തിരുത്തേണ്ടിടത്ത് തിരുത്തുവാനും നാം സന്നദ്ധമാവണം.))) എന്ന എം എം അക്ബറിന്റെ വരികളിൽ മുസ്ലിം അറബ് രാജ്യങ്ങൾ അവര്ക്ക് നടുവിൽ തങ്ങളുടെ മുസ്ലിം സഹോദരന്മാരെ ഇസ്രയേൽ എടുത്തു കുടയുന്നത് ഒന്നും ചെയ്യാൻ കഴിയാതെ നോക്കിനില്കേണ്ടി വരുന്ന ദുരവസ്ഥ ഈ മുസ്ലിം രാജ്യങ്ങളുടെ എല്ലാം പരാചയം ആയിത്തീരുന്നില്ലെ എന്ന് ചിന്തിക്കുകയും അതിനു ഒരു അറുതി വരുത്താൻ മുസ്ലിം അയൾ രാജ്യങ്ങളെല്ലാം ഒന്നുച്ചു നിന്ന് പരിഹാരം കാണേണ്ടതുണ്ട് എന്നും അല്ലെ മനസ്സിലാവുന്നത്.

Unknown പറഞ്ഞു...

അടിച്ചമര്തപ്പെട്ട ഒരു ജനതയുടെ വിമോചനത്തിന് വിശ്വാസികളെന്നു അവകാശപ്പെടുന്നവർ എന്ത് ചെയ്യണമെന്നു, ലത്ത്വീഫ് സാഹിബ് മുകളിൽ ഉദ്ധരിച്ച വി.ഖുർആൻ സൂക്തങ്ങളിലൂടെ സുതരാം വ്യക്തമാനെന്നിരിക്കെ, അക്ബർ സാഹിബ് കെട്ടുകണക്കിന് ഹദീസുകൾ ഉദ്ധരിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നത് മനപൂർവമെന്നുവേണം ധരിക്കാൻ. രാഷ്ട്രീയമുൾകൊള്ളുന്ന യഥാർത്ഥ സലഫിസതിന്റെ വാലും തലയും ഛേദിച്ച്, ഒരു കേരള മോഡൽ വെജിറ്റെറിയൻ സലഫിസത്തെ സ്യഷ്ടിച്ചു കൊണ്ടാണല്ലോ കേരള മുജാഹിദുകൾ നിന്നുപിഴക്കുന്നത്. യഥാർത്ഥ സലഫീ ആശയങ്ങൾ കൂടി ഉൾകൊണ്ട്കൊണ്ടള്ള ജമാഅത്ത് പ്രബോധന ശൈലിയെ അതിന്റെ പാട്ടിനു വിട്ടാൽ തങ്കളുടെ അണികൾ പിന്നെ അവശേഷിക്കില്ല എന്ന തിരിച്ചറിവ് സ്വസംഘടനക്ക് ചുറ്റും അസത്യത്തിന്റെ മതിലുകൾ പണിയാൻ അവരെ നിർബന്ധിതരാക്കുകയാണ്.... അതിന്റെ സ്വാഭാവിക പരിണതിയായി അക്ബർ സാഹിബിന്റെ ഈ ലേഖനത്തെയും കണ്ടാൽ മതി.

Unknown പറഞ്ഞു...

ഇമാം സയ്യിദ് മൌലാനാ മൌദൂദിയുടെയോ ശഹീദ് ഹസനുൽബന്ന സയ്യിദ് ഖുതുബ് തുടങ്ങിയവരുടെ ഔദ്യോഗികമായ പ്രസ്ഥാനങ്ങൾ ഒരിക്കലും തീവ്രവാദത്തിലേക്കോ ഭീകരവാദത്തിലേക്കോ ഒരു നിമിഷം പോലും മാറിയതായി ചരിത്രമില്ല. ആ സംഘടനകൾ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ജമാഅത്തെ ഇസ്ലാമിയും അറേബ്യൻ നാട്ടിൽ ഇഖ് വാനുൽ മുസ്ലിമൂനുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK