'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, സെപ്റ്റംബർ 01, 2014

ഖിലാഫത്ത് : മൌദൂദി, ബഗ്ദാദി സമീപനം

ജനാധിപത്യത്തെ വളരെ രൂക്ഷമായ ശൈലിയില്‍ വിമര്‍ശിക്കുകയും അതിനെ തള്ളിക്കളയുകയും ചെയ്ത ഇന്ത്യയിലെ നേതാക്കളിലൊരാളെ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ സ്ഥാപക നേതാവിന്റെ നാമമായിരിക്കും മിക്കവരുടെയും മനസ്സില്‍ വരിക.  ജമാഅത്തെ ഇസ്ലാമി ഓണ്‍ലൈനില്‍ ഏറെ വിമിര്‍ശിക്കപ്പെടുന്നതും ജനാധിപത്യത്തെ അത് നിരാകരിക്കുന്നുവെന്ന നിലക്കാണ്. മൌലാനാ മൌദൂദി അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എഴുതിയ ചില വരികള്‍ അടര്‍ത്തിയെടുത്താണ് ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നത്. ഇതിനെതിരെ ജമാഅത്ത് പക്ഷത്ത് നല്‍കുന്ന വിശദീകരണങ്ങള്‍ രണ്ട് തരത്തിലാണ് സ്വീകരിക്കപ്പെടുന്നത്.

ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച രണ്ട് വിമര്‍ശനങ്ങള്‍

1. ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെ പാടെ നിരാകരിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ മുസ്ലിംകള്‍ തന്നെ ന്യൂനപക്ഷമായതുകൊണ്ടും ജമാഅത്തെ ഇസ്ലാമി അതില്‍ വളരെ ചെറിയ ഒരു ഭാഗമായതുകൊണ്ടും ജനാധിപത്യത്തെ അത് അനുകൂലിക്കുന്നത് നിവൃത്തികേടുകൊണ്ടാണ്. ജനാധിപത്യത്തോട് ജമാഅത്തിന് യാതൊരു താല്‍പര്യവും സത്യത്തില്‍ ഇല്ല എന്നാണ് ഇക്കൂട്ടരുടെ വാദം. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്, ഇടതുപക്ഷ മതേതര വിഭാഗമാണ്. ജമാഅത്തുകാരല്ലാത്ത മുസ്ലിം ബഹുജനസാമാന്യവും പൊതുവെ ഇങ്ങനെ ധരിക്കുന്നു.

2. 'ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഭീരുത്വം കാരണമാണ്. തങ്ങള്‍ ജനാധിപത്യമതേതരത്വവാദികളായി അറിയപ്പെടാനും അങ്ങനെ അല്ലാത്ത പക്ഷം ഉണ്ടാകുന്ന ആക്ഷേപത്തില്‍നിന്ന് രക്ഷപ്പെടാനുമാണ്. ജനാധിപത്യത്തെക്കുറിച്ച് മൌദൂദിയുടെ കര്‍ക്കശ നിലപാടാണ് ഇസ്ലാമികമായി ശരിയായിട്ടുള്ളത്. അതാണ് ഒരു മുസ്ലിം പിന്തുടരപ്പെടാന്‍ അര്‍ഹമായിട്ടുള്ളത്.' ഇക്കൂട്ടര്‍ മൌദൂദി പറഞ്ഞതായി ആദ്യം പറഞ്ഞ പറഞ്ഞ വിഭാഗം എടുത്തുദ്ധരിക്കുന്ന മൌദൂദിയുടെ ഉദ്ധരണി ജമാഅത്തുകാരെ ആവര്‍ത്തിച്ചുകേള്‍പ്പിക്കുന്നു. ജമാഅത്തുകാരേ നിങ്ങള്‍ മൌദൂദി പറഞ്ഞതിലേക്ക് മടങ്ങുക. എന്നാണ് അവര്‍ അതിലൂടെ ആവശ്യപ്പെടുന്നത്. ഈ വിഭാഗത്തില്‍ വരുന്നത് മൌദൂദിയ ഭാഗികമായി വായിക്കുകയും അതേ സമയം ജമാഅത്തിനെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുത്തവരും ജമാഅത്ത് അതിന് നല്‍കിയ വിശദീകരണം അവഗണിച്ചവരുമാണ്. ഇവര്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷം മുസ്ലിം യൂവാക്കളാണ്. അവരുടെ എണ്ണം സോഷ്യല്‍ മീഡിയയില്‍ കൂടിവരുന്നോ എന്നൊരു സംശയം. ഇല്ലെങ്കിലും അത്തരക്കാരുടെ പ്രചാരണത്തിലെ വൈകല്യം ചൂണ്ടിക്കാണിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.

വളരെകുറച്ചുപേര്‍ മാത്രമാണ് സ്വാഭാവികമായും വളരെ സൂക്ഷമായി ജമാഅത്ത് വിശകലനത്തെ ശ്രദ്ധിക്കുന്നത്. അത്തരക്കാര്‍ ക്രമേണ കാര്യങ്ങള്‍ മനസ്സിലാക്കി ജമാഅത്തുമായി ഏതെങ്കിലും തരത്തില്‍ സഹകരിക്കുകയും ആശയം പങ്കിടുകയും ചെയ്യുന്നു. പലരും അനുയായികളായി മാറുന്നു.

ഇവിടെ നാം കാണുന്നത് മനുഷ്യന്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ - അവര്‍ മുസ്ലിംകളാകട്ടെ അല്ലാത്തവരാകട്ടെ - രണ്ട് അറ്റങ്ങളില്‍ നില്‍ക്കുന്നതായിട്ടാണ്. ഒരു കൂട്ടര്‍ ജനാധിപത്യത്തേയും മതേതരത്വത്തെയും യാതൊരു വൈകല്യങ്ങളോ കൂട്ടിചേര്‍ക്കലുകളോ സാധ്യമല്ലാത്ത എല്ലാം തികഞ്ഞ തത്വങ്ങളായി കാണുന്നു. ഇവയുടെ കൂടെ ദേശീയത്വവും കൂടി ചേര്‍ന്നാല്‍ അത് ഒരു കുറ്റമറ്റ സമ്പൂര്‍ണ രാഷ്ട്രീയവ്യവസ്ഥയുടെ അസ്ഥിവാരമായി എന്നവര്‍ മനസ്സിലാക്കുന്നു.


രണ്ടാമത്തെ വിഭാഗം ഇവയെ പാടെ തള്ളുന്നതാണ് ഇസ്ലാമികത എന്ന് മനസ്സിലാക്കുന്നു. എന്നാല്‍ മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും ആദ്യം മുതല്‍ ചെയ്ത കാര്യം ഇവയെ ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്ന ജീവിതാദര്‍ശത്തിന്റെ അടിത്തറയില്‍ പരിശോധിക്കുകയും തത്വത്തിലും പ്രയോഗത്തിലും അതിലൂടെ സംഭവിക്കുന്ന വൈകല്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യുക എന്നതാണ്.


മൌദൂദി ജനാധിപത്യത്തോട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് ഇമാം മൌലാനാ മൌദൂദി ചെയ്തത്, ജനാധിപത്യം മതേതരത്വം ദേശീയത്വം എന്നിവയുടെ ഉത്ഭവവും ലക്ഷ്യവും വിശദീകരിച്ചതിന് ശേഷം അവയുടെ മനുഷ്യോപകാരമായ വശങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെ അവയുടെ ദൌര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നതാണ്.

ജമാഅത്തെ ഇസ്ലാമി രൂപീകരിക്കപ്പെടുന്നത് ഇന്ത്യ സ്വാതന്ത്ര്യമാവുന്നതിന് അല്‍പം മുമ്പ് അഥവാ 1941 ലാണ്. ഇന്ത്യ സ്വാതന്ത്രമാവുമെന്നും സ്വതന്ത്രമാകുമ്പോള്‍ തന്നെ രണ്ട് മതാടിസ്ഥാനത്തില്‍ രണ്ട് രാജ്യങ്ങളായി അത് വിഭജിക്കപ്പെടുമെന്നും ഉറപ്പായ ഘട്ടത്തില്‍ സ്വതന്ത്രമാകുന്ന രാജ്യങ്ങള്‍ ഏത് ഭരണക്രമം പിന്തുടരണം എന്ന ചര്‍ച മുറുകികൊണ്ടിരിക്കെ ജമാഅത്തും അതിന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ അദ്ദേഹം ഇപ്പോള്‍ പാക്കിസ്ഥാനായി രൂപപെട്ടിട്ടുള്ള പ്രദേശത്തെ മുസ്ലിംകളെ അഭിമുഖീകരിച്ചുകൊണ്ടു ചെയ്ത പ്രസംഗത്തിലെ വാചകങ്ങളാണ് മൌദൂദി ജനാധിപത്യത്തെ പാടെ  നിരാകരിക്കുന്നതിന് തെളിവായി ചൂണ്ടിക്കാണിക്കാറുള്ളത്. അതുകൊണ്ട് ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് തന്നെ മൌദൂദിയുടെ കാഴ്ചപ്പാടിന് വിരുദ്ധമാണെന്ന് അവര്‍ മനസ്സിലാക്കി വരുന്നു. അദ്ദേഹത്തിന്റെ ഈ വാചകങ്ങളാണ് അതിന് ഉപയോഗപ്പെടുത്താറ്.

മൌദൂദി പറഞ്ഞത്.

'മുസല്‍മാന്മാരെ സംബന്ധിച്ചിടത്തോളം, ഞാനിതാ അവരോട് തുറന്നുപ്രസ്താവിക്കുന്നു. ആധുനിക ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുന്നില്‍ സര്‍വാത്മനാ തലക്കുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനെ പിറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും നിങ്ങളതിന്റെ കൊടിപിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിന് നേരെ ദ്രോഹകൊടു ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാമിന്റെ പേരില്‍ മുസ്ലിംകളെന്ന് നിങ്ങള്‍ സ്വയം അവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ അവിശുദ്ധവ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരത്തിലാണ്. അതിന്റെ മൌലിക തത്ത്വങ്ങളും ഇതിന്റെ മൌലിക തത്ത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആവ്യവസ്ഥിത അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും. ഇസ്ലാമിന് സ്വാധീനമുള്ള ദിക്കില്‍ ആ വ്യവസ്ഥക്ക് സ്ഥാനമുണ്ടാവുകയില്ല. നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തിരുദൂതരും ആവിഷ്കരിച്ച ഇസ്ലാമിലാണ് യഥാര്‍ഥത്തില്‍ വിശ്വസിക്ുകന്നതെങ്കില്‍, നിങ്ങള്‍ എവിടെയായിരുന്നാലും ശരി, മതേതര ഭൌതിക സിദ്ധാന്തത്തിലധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവവിശ്വാസത്തിലധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത മതകര്‍ത്തവ്യം മാത്രമാകുന്നു. നിങ്ങള്‍ക്ക് ഒരു പ്രത്യേക ജനതയെന്ന നിലയില്‍ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും ലഭിക്കുന്നേടത്ത് വിശേഷിച്ചും. യഥാര്‍ഥ ഇസ്ലാമിക വ്യവസ്ഥക്കു പകരം, ഈ കുഫ്ര്‍ വ്യവസ്ഥയാണ് നിങ്ങള്‍ സ്വന്തം കരംകൊണ്ട് നിര്‍മിച്ചു നടത്തുന്നതെങ്കില്‍ നിങ്ങളോട് എനിക്കൊന്നും പറയാനില്ല. ഇസ്ലാം അപകടത്തില്‍ എന്ന മുദ്രാവാക്യം മുഴക്കി നാടുനീളെ ബഹളവും കോലാഹലവും സൃഷ്ടിച്ചുവിട്ട നിങ്ങള്‍, ആ ഇസ്ലാമിനെ പ്രയോഗത്തില്‍ വരുത്താനുള്ള അവസരം കൈവരുമ്പോള്‍ അമാന്തം കാണിക്കുകയും ഇസ്ലാമിന്റെ സ്ഥാനത്ത് കുഫ്റിനെ പ്രതിഷ്ഠിക്കുകയുമാണെങ്കില്‍ നിങ്ങളുടെ വ്യാജജടിലമായ മുസ്ലിവാദം എത്ര ജുഗുപ്സാവഹം.' (ജനാധിപത്യം, മതേതരത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം. പേജ് 22)

ജമാഅത്തെ ഇസ്ലാമിയുടെയും മൌലാനാ മൌദൂദിയുടെയും ജനാധിപത്യവിരുദ്ധതക്കും ഒരു വേള അതിനുമപ്പുറം രാജ്യത്തിന് തന്നെ അപകടകരമെന്ന് ആക്ഷേപമുന്നയിക്കാനും ഉപയോഗപ്പെടുത്തപ്പെടുന്ന വരികളാണ് മുകളില്‍ നല്‍കിയത്. അതേ സമയം ജമാഅത്തെ ഇസ്ലാമി മൌദൂദി ചൂണ്ടിക്കാണിച്ച യഥാര്‍ഥ ഇസ്ലാമിക വ്യവസ്ഥയില്‍നിന്ന് തെറ്റി എന്ന് പറയാനും ഇതേ വരികള്‍ സൌകര്യാനുസരണം മുഴുവനായോ ഭാഗികമായോ ഉദ്ധരിക്കുന്നവരും ഉണ്ട്. രണ്ടു കൂട്ടരും മഹാ അബദ്ധത്തിലാണ്. എന്തുകൊണ്ടെന്നാല്‍. ഇസ്ലാം അപകടത്തില്‍ എന്ന് നാടുനീളെ മുദ്രാവാക്യം മുഴക്കി ഒരു രാജ്യം നേടിയെടുക്കാറായപ്പോള്‍ അതിന്റെ വ്യവസ്ഥ ഇസ്ലാമികമാക്കുന്നതിന് പകരം,  ദൈവ വ്യവസ്ഥക്ക് തീര്‍ത്തും വിരുദ്ധമായ - എങ്ങനയാണത് വിരുദ്ധമാകുന്നത് എന്ന് മൌദൂദി ആ പറയുന്നതിന് മുമ്പ് വിശദീകരിച്ചിട്ടുണ്ട് - ആധുനികദേശീയജനാധിപത്യം എന്ന വ്യവസ്ഥ നടപ്പാക്കാനാണ് അവരും ശ്രമിക്കുന്നതെങ്കില്‍ അതിലെ കൊള്ളരുതായ്മയും വിഢിത്തവും ശക്തമായ വാക്കുകളില്‍ അവതരിപ്പിക്കുകയാണ് മൌലാനാ മൌദൂദി ചെയ്യുന്നത്. ഇത്ര ശക്തമായി അവരെ താകീത് ചെയ്യുന്നതിന് പിന്നിലെ ചേതോവികാരം ആ വാക്കുകളില്‍ വായിക്കാം.

വിഭജന ശേഷം ഇന്ത്യയില്‍ രൂപപ്പെട്ട മതേതരജനാധിപത്യം മൌദൂദി ദീനുമായി ഒരു ബന്ധവുമില്ല എന്ന് പറഞ്ഞ വ്യവസ്ഥയായിരുന്നില്ല. മൌദൂദി എതിര്‍ത്ത മതേതരത്വം എന്നത് മതവിരുദ്ധമായിരുന്നു. അതിലെ ജനാധിപത്യത്തിന്റെ ദൌര്‍ബല്യം എന്താണെന്നും അതിലെ മതേതരത്വം എങ്ങനെ മതവുമായി ഇടയുന്നുവെന്നും ദേശീയത്വം എങ്ങനെ സത്യത്തോട് വിയോജിക്കുന്നുവെന്നും വ്യക്തമായി ചൂണ്ടിക്കാണിച്ച ശേഷമാണ് അദ്ദേഹം ഈ വാക്കുകള്‍ മുസ്ലിംകളോട് പറയുന്നത്.  ദൈവത്തിന്റെ ആധിപത്യത്തിന് പകരം ഭൂരിപക്ഷത്തിന്റെ ആധിപത്യവും അത് നിയമനിര്‍മാണത്തിന് വരെ മാനദണ്ഡമാക്കുകയും ചെയ്യുന്ന അവസ്ഥ, മതമൂല്യങ്ങളുടെ അടിത്തറയില്‍ രൂപപ്പെടേണ്ടതിന് പകരം മതങ്ങളെ തള്ളിക്കളയുന്ന അവസ്ഥ, സത്യത്തിന്റെയും അസത്യത്തിന്റെയും മാനദണ്ഡം രാജ്യത്തെ സംബന്ധിച്ചിടത്തോളം സ്വന്തം ദേശത്തിന്റെ മാത്രം താല്‍പര്യമാകുന്ന അവസ്ഥ. ഇവയൊന്നും ഇസ്ലാമികമായി ന്യായീകരിക്കാന്‍ കഴിയുന്നതല്ല എന്നതാണ് അദ്ദേഹം ഒരു വ്യവസ്ഥ എന്ന നിലക്ക് കാണുന്ന ദോഷം. അത് നാം കുറേ കണ്ടറിയുകയും ഇനിയും അറിയാനിരിക്കുകയും ചെയ്യുന്നു.

ഇസ്ലാം സമ്പൂര്‍ണമായ ഒരു ജീവിത പദ്ധതിയാണ് എന്ന സന്ദേശമാണ് ജമാഅത്തെ ഇസ്ലാമി ജനങ്ങളുടെ മുന്നില്‍ വ്യക്തമാക്കിയത്. ഇസ്ലാമിന്റെ രാഷ്ട്രീയം അവഗണിക്കുകയും മറന്നുപോകുകയും ചെയ്ത ഒരു കാലത്താണ് അത് രൂപീകരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഒരു കൂട്ടം മുസ്ലിംകള്‍ക്ക് സ്വതന്ത്ര്യവും തങ്ങളുടെ രാജ്യവ്യവസ്ഥ തീരുമാനിക്കാനുമുള്ള അവസരം വന്നപ്പോള്‍ - അതും ഇസ്ലാം അപകടത്തില്‍ എന്ന് മുദ്രാവാക്യം വിളിച്ച് നേടിയെടുത്ത നാട്ടില്‍ - മതത്തോട് താല്‍പര്യമില്ലാത്ത ഒരു വ്യവസ്ഥിതി സ്ഥാപിക്കുന്നത് ചൂണ്ടിക്കാണിക്കുക എന്ന ചരിത്ര ദൌത്യവും ഇസ്ലാമിക നേതൃത്വത്തിന്റെ ഉത്തരവാദിത്തവുമാണ് മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും അതിലൂടെ ചെയ്തത്.

ഇതിനര്‍ഥം ഇന്ത്യയെ പോലെ, പേരില്‍ ആധുനികദേശീയജനാധിപത്യം എന്ന് അറിയപ്പെടുന്നുവെങ്കില്‍ തന്നെ, മതേതരത്വത്തിന്റെ പേരില്‍ മതത്തോട് വിരോധം കാണിക്കാത്ത ഒരു വ്യവസ്ഥയെ അട്ടിമറിക്കണമെന്നോ അതിനോട് സന്ധിയില്ലാ സമരം നയിക്കണമെന്നോ ജനാധിപത്യത്തെ ഒരു നിലക്കും അംഗീകരിക്കരുത് എന്നോ മൌദൂദി തന്നെ അര്‍ഥമാക്കിയിട്ടില്ല.

എന്താണ് അതിന് തെളിവ് എന്ന് ചോദിച്ചാല്‍ പില്‍കാലത്ത് അദ്ദേഹത്തോട് ഒരു വ്യക്തി എഴുതി ചോദിച്ചതും മൌദൂദി തന്നെ അതിന് നല്‍കിയ മറുപടിയുമാണ് തെളിവ്.




ജനാധിപത്യത്തിന്റെ സര്‍വാഗീകൃതമായ പോരായ്മകള്‍ തന്നെയാണ് ചോദ്യകര്‍ത്താവ് ചൂണ്ടിക്കാട്ടുന്നത്. (അവ പൂര്‍ണമായി വായിക്കാന്‍ ഇതോടൊപ്പമുള്ള പിക്ചറില്‍ ക്ലിക്ക് ചെയ്തുവായിക്കുക). 1963 ല്‍ ആണ് ഈ ചോദ്യോത്തരം നടക്കുന്നത്. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ജനാധിപത്യം പുലരുന്ന ഇന്ത്യയില്‍ നാം ഈ ചോദ്യങ്ങളെയും ഉത്തരങ്ങളെയും വിശകലനം ചെയ്യുമ്പോള്‍ അക്കാര്യം നമുക്ക് ബോധ്യമാകുന്നു. എങ്കില്‍ പോലും ജനാധിപത്യമല്ലാത്ത ഒരു മാര്‍ഗം മാനുഷിക വ്യവഹാരങ്ങള്‍ നടത്താന്‍ അടിസ്ഥാനപരമായി സ്വീകാര്യമല്ല എന്നാണ് മൌദൂദി വിശദീകരിക്കുന്നത്. ചോദ്യകര്‍ത്താവ് ഉന്നയിച്ച കാര്യങ്ങള്‍ പ്രസക്തമാണെങ്കിലും ജനങ്ങളുടെ കാര്യം അവരുടെ ഭൂരിപക്ഷത്തിന്റെ ഹിതപ്രകാരം നടത്തുക എന്നതിന് തന്നെയാണ് പ്രാമുഖ്യം നല്‍കേണ്ടത് എന്നതാണ് അദ്ദേഹത്തിന്റെ മറുപടിയുടെ ചുരുക്കം. അതോടൊപ്പം ജനാധിപത്യത്തിന് പൊതുവില്‍ കണ്ടുവരുന്ന ചില ദൂഷ്യങ്ങള്‍ ഇല്ലാതാക്കാന്‍ ഇസ്ലാമിക വ്യവസ്ഥിതിയില്‍ പരിഹാരവും അദ്ദേഹം സമര്‍പിക്കുന്നു. അതിന് ശേഷം തന്റെ മറുപടി ഇങ്ങനെ അവസാനിപ്പിക്കുന്നു:

'മേല്‍പറഞ്ഞ മൂന്ന് പ്രതിവിധികളും സ്വീകരിക്കപ്പെട്ടാല്‍, ജനാധിപത്യം നടപ്പാക്കുന്ന ക്രമം എന്തുതന്നെയായാലും അത് വിജയകരമായിരിക്കും. പ്രസ്തുത ക്രമത്തില്‍ വല്ലേടത്തും വല്ല ദൂഷ്യവും പ്രകടമായാല്‍ അത് സംസ്കരിച്ചു കൂടുതല്‍ മെച്ചപ്പെട്ട ജനാധിപത്യക്രമം ആവിഷ്കരിക്കാനും കഴിയും. എന്തുകൊണ്ടെന്നാല്‍ മുന്‍പറഞ്ഞ പരിതഃസ്ഥിതിയുണ്ടെങ്കില്‍ പിന്നെ ജനാധിപത്യത്തിന്റെ സംസ്കരണത്തിനും പുരോഗതിക്കും അത് പരീക്ഷിക്കാനുള്ള അവസരം ലഭിക്കുകയേ വേണ്ടതുള്ളൂ. അപൂര്‍ണമായ ഒരു ഭരണക്രമത്തെ പൂര്‍ണവും ഉത്തമവുമാക്കി തീര്‍ക്കാന്‍ അനുഭവങ്ങള്‍ക്ക് കഴിയും.' (തര്‍ജുമാനുല്‍ ഖുര്‍ആന്‍, ജൂണ്‍ 1963)

ഒരു രാജ്യത്തെ ഭൂരിപക്ഷത്തിന് താല്‍പര്യമില്ലെങ്കില്‍ അവരുടെ മേല്‍ ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥ അടിച്ചേല്‍പ്പിക്കേണ്ട ഒരു ബാധ്യതയും മുസ്ലിംകള്‍ക്കില്ല എന്ന മൌലികമായ കാഴ്ചപ്പാടാണ് മൌദൂദിയെയും ജമാഅത്തെ ഇസ്ലാമിയെയും ഈ രൂപത്തില്‍ നിലപാട് എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. മതത്തില്‍ ബലാല്‍കാരമില്ല എന്നത് അതിന്റെ രാഷ്ട്രീയ വ്യവസ്ഥക്കും ബാധകമാണ്. ഇസ്ലാമിക വ്യവസ്ഥ ആധുനിക മനുഷ്യന്‍ കണ്ടെത്തിയ മതേതരജനാധിപത്യ വ്യവസ്ഥയെക്കാള്‍ മനുഷ്യകുലത്തിന് അനുയോജ്യമാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. അതുകൊണ്ടുതന്നെ അത്തരമൊരു വ്യവസ്ഥ അത് ലക്ഷ്യം വെക്കുന്നു. ഒരു വ്യവസ്ഥ വരാന്‍ ബലപ്രയോഗം വേണമെന്ന് തോന്നുന്നത്, ജനങ്ങളെ പറഞ്ഞുവിശ്വസിപ്പിക്കാന്‍ സാധ്യമല്ല എന്ന് ബോധ്യത്തില്‍നിന്നാണ്. എന്നാല്‍ ഇസ്ലാമിക വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അത്തരമൊരു ആശങ്കയില്ല. യഥാവിധി പ്രബോധനം ചെയ്തുകഴിഞ്ഞാല്‍ അതിനെ ആദര്‍ശപരമായും രാജ്യവ്യവസ്ഥയായും ജനം സര്‍വ്വാത്മനാ സ്വീകരിക്കും എന്നാണ് ഒരു മുസ്ലിം ചിന്തിക്കേണ്ടത്.

ഇസ്ലാമിക രാഷ്ട്രം തോക്കിന്റെ ബലത്തില്‍ രൂപപ്പെടുന്നതാണെന്നും, ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരി ആയുധ ശക്തിയാല്‍ അംഗീകരിക്കപ്പെടുന്നതാണെന്നുമാണ് ബഗ്ദാദിലെ ഐ.എസ്.ഐ.എസ് ഉം അവരുടെ ഖലീഫ അബൂബക്കര്‍ ബഗ്ദാദിയും നല്‍കുന്ന സന്ദേശം. എന്നാല്‍ മൌദൂദിയടക്കം ഇക്കാര്യങ്ങളെ ക്കുറിച്ച് സംസാരിച്ച ആരും ഇത്തരത്തിലുള്ള ഒരു ഖിലാഫത്തോ ഇതുപോലെ ഒരു ഖലീഫയെയോ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലോ പ്രഭാഷണങ്ങളിലോ പരിചയപ്പെടുത്തിയിട്ടില്ല. മാത്രമല്ല ഖിലാഫത്ത് രാജവാഴ്ചയിലേക്ക് നീങ്ങിയതുതന്നെ ഭരണാധികാരിയെ നിശ്ചയിക്കന്ന വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായത്തിന് വിലകല്‍പിക്കാതെ വന്നപ്പോഴാണ്. അല്ലാതെ ദീനിന്റെ ഏതെങ്കിലും അടിസ്ഥാനം അവര്‍ തള്ളിയതുകൊണ്ടോ, തങ്ങളുടേത് ഇസ്ലാമിക ഭരമമല്ല എന്ന് അവകാശപ്പെട്ടപ്പോഴോ അല്ല. 

ജനാധിപത്യം എന്നുരുവിട്ട് അതില്‍ പങ്കെടുത്തിട്ട് ഈജിപ്തില്‍ എന്ത് സംഭവിച്ചുവെന്ന് ചിലര്‍ ചോദിക്കുന്നു. ഈജിപ്തില്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ടെങ്കില്‍ തുര്‍ക്കിയില്‍ അത് വിജയിച്ചിട്ടുമുണ്ട്. അക്കാര്യം ഇവര്‍ പരാമര്‍ശിക്കാതെ വിടുന്നു. ഈജിപ്തില്‍ പരാജയപ്പെട്ടതുകൊണ്ട് ജനാധിപത്യം ഈ വിഷയത്തില്‍ തിരസ്കരിക്കാന്‍ ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളൊന്നും തീരുമാനിച്ചിട്ടില്ല.  ജമാഅത്തെ ഇസ്ലാമി ഈ വിഷയത്തില്‍ നേരിടുന്ന വിമര്‍ശനങ്ങളെ പരിശോധിച്ചാല്‍ കാണുന്ന രസകരമായ ഒരു വസ്തുത. മൌദൂദി ഈ തത്വങ്ങളെക്കുറിച്ച് താത്വികമായി പറഞ്ഞ ഏതെങ്കിലും ഒരു കാര്യം ഒരു മുസ്ലിം പണ്ഡിതനും ഖണ്ഡിക്കാനാവില്ല എന്നതാണ്. അതോടൊപ്പം മൌദൂദി ഉദ്ദേശിക്കാത്ത വിധം കാര്യങ്ങളെ തീവ്രതയോടെ സമര്‍പ്പിക്കുന്നത് തികഞ്ഞ അവിവേകവുമാണ്. ജനാധിപത്യമതേതരത്വം മനുഷ്യന്‍ സ്വന്തം നിലക്ക് കണ്ടെത്തിയ ഒരു നല്ല വ്യവസ്ഥയാണ്. അതിലെ മതേതരത്വം മതനിഷേധമല്ലെങ്കില്‍. എന്നാല്‍ അതിന്റെ നന്മകളെ അംഗീകരിക്കുന്നതും അതില്‍ പ്രത്യക്ഷപ്പെടാനിടയുള്ള മോശപ്പെട്ട കാര്യങ്ങളെ ഇല്ലാതാക്കുന്നതുമായ ഒന്നാണ് ദൈവം മനുഷ്യന് വേണ്ടി സമര്‍പിക്കുന്നത്. അത് അവന് ഉപയോഗപ്പെടുത്താം അല്ലെങ്കില്‍ തിരസ്കരിക്കാം. ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ അത് അവന് ഗുണകരം, ഇല്ലെങ്കില്‍ അതിന്റെ ദോഷവും അവന് തന്നെ.

3 അഭിപ്രായ(ങ്ങള്‍):

Azeez Manjiyil പറഞ്ഞു...

ജനാധിപത്യമെന്ന വ്യവസ്ഥയെ നിരാകരിക്കുന്നു ജനപ്രാതിനിത്യ അവസ്ഥയെ അംഗീകരിക്കുന്നു.

ബ്ളോഗ്സാപ് പറഞ്ഞു...

ജമാഅത്തെ ഇസ്ലാമിയുടെ പഴയ ഭരണഘടന യുടെ ഒരു കോപ്പി കിട്ടോ?

Unknown പറഞ്ഞു...

'മുസല്‍മാന്മാരെ സംബന്ധിച്ചിടത്തോളം, ഞാനിതാ അവരോട് തുറന്നുപ്രസ്താവിക്കുന്നു. ആധുനിക ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുന്നില്‍ സര്‍വാത്മനാ തലക്കുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനെ പിറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും നിങ്ങളതിന്റെ കൊടിപിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിന് നേരെ ദ്രോഹകൊടു ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാമിന്റെ പേരില്‍ മുസ്ലിംകളെന്ന് നിങ്ങള്‍ സ്വയം അവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ അവിശുദ്ധവ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരത്തിലാണ്. അതിന്റെ മൌലിക തത്ത്വങ്ങളും ഇതിന്റെ മൌലിക തത്ത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആവ്യവസ്ഥിത അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും. ഇസ്ലാമിന് സ്വാധീനമുള്ള ദിക്കില്‍ ആ വ്യവസ്ഥക്ക് സ്ഥാനമുണ്ടാവുകയില്ല. നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തിരുദൂതരും ആവിഷ്കരിച്ച ഇസ്ലാമിലാണ് യഥാര്‍ഥത്തില്‍ വിശ്വസിക്ുകന്നതെങ്കില്‍, നിങ്ങള്‍ എവിടെയായിരുന്നാലും ശരി, മതേതര ഭൌതിക സിദ്ധാന്തത്തിലധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവവിശ്വാസത്തിലധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത മതകര്‍ത്തവ്യം മാത്രമാകുന്നു. ///

മത കര്‍ത്തവ്യം മൗദൂതി പ്രസ്ഥാവിച്ചു ഖുര്‍അനും സുന്നത്തും അടിസ്ഥാനമാക്കി .


നിങ്ങള്‍ക്ക് ഒരു പ്രത്യേക ജനതയെന്ന നിലയില്‍ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും ലഭിക്കുന്നേടത്ത് വിശേഷിച്ചും. യഥാര്‍ഥ ഇസ്ലാമിക വ്യവസ്ഥക്കു പകരം, ഈ കുഫ്ര്‍ വ്യവസ്ഥയാണ് നിങ്ങള്‍ സ്വന്തം കരംകൊണ്ട് നിര്‍മിച്ചു നടത്തുന്നതെങ്കില്‍ നിങ്ങളോട് എനിക്കൊന്നും പറയാനില്ല. ഇസ്ലാം അപകടത്തില്‍ എന്ന മുദ്രാവാക്യം മുഴക്കി നാടുനീളെ ബഹളവും കോലാഹലവും സൃഷ്ടിച്ചുവിട്ട നിങ്ങള്‍, ആ ഇസ്ലാമിനെ പ്രയോഗത്തില്‍ വരുത്താനുള്ള അവസരം കൈവരുമ്പോള്‍ അമാന്തം കാണിക്കുകയും ഇസ്ലാമിന്റെ സ്ഥാനത്ത് കുഫ്റിനെ പ്രതിഷ്ഠിക്കുകയുമാണെങ്കില്‍ നിങ്ങളുടെ വ്യാജജടിലമായ മുസ്ലിവാദം എത്ര ജുഗുപ്സാവഹം.'///

ഒഴിച്ച് കൂടാനാവാത്ത മത കര്‍തവ്വ്യം !തളളാനുതകുന്നതാണോ ഈ അവസാന പോയന്‍റുകള്‍ ?
എങ്കില്‍ അതിന് ഖുര്‍ആന്‍റെ അടിസ്ഥാനത്തി മൗദൂതി നല്‍കിയട്ടുളള മറുപടി എന്താാണ് ?



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK