'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ജൂൺ 28, 2010

ജമാഅത്തെ ഇസ്‌ലാമിയുടെത് സ്വത്വരാഷ്ട്രീയമോ ?

'സ്വത്വരാഷ്ട്രീയ അപകടകരമാണ്' . 'ജമാഅത്ത് ഇസ്‌ലാമി പ്രതിനിധീകരിക്കുന്നത് സ്വത്വരാഷ്ട്രീയത്തെയാണ്'. ഈ രണ്ട് പ്രസ്താവനകളെയും സമാനസത്യമായി അംഗീകരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പറയുന്ന കാര്യങ്ങളെക്കുറിച്ച് നല്ലവണ്ണം പരിശോധിച്ച ശേഷമാണ് ബന്ധപ്പെട്ടവര്‍ ഈ പ്രസ്താവന നടത്തിയിട്ടുണ്ടാകുക എന്ന് പലരും ഊഹിക്കുകയാണ്. ഭൂരിപക്ഷവും അതിടങ്ങിയ വസ്തുതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഏറ്റുപിടിക്കുകയാണ്. ഈ അവസ്ഥയില്‍ രണ്ടു പ്രസ്താവനകളെയും പരിശോധിക്കുകയാണ് ഇവിടെ. സ്വത്വരാഷ്ട്രീയത്തിന്റെ ഉത്ഭവത്തിനോ വളര്‍ച്ചക്കോ ജമാഅത്തെ ഇസ്‌ലാമിയുമായി ഒരു നിലക്കും ബന്ധമില്ല.  സ്വത്വരാഷ്ട്രീയം അപകടകരമാണെന്ന കാര്യത്തില്‍  സംശയമില്ല. ആത്യന്തികമായി സ്വത്വരാഷ്ട്രീയം വളരെ വേഗത്തില്‍ സമുദായവല്‍ക്കരിക്കപ്പെടുകയും വെറുപ്പിന്റെ രാഷ്ട്രീയത്തെ ഉല്‍പാദിപ്പിക്കുകയും ചെയ്യും. വംശീയ സ്വത്വവും സാംസ്‌കാരിക സ്വത്വവും നിലനിര്‍ത്തുന്നതിനും ആധിപത്യം നേടുന്നതിനും വേണ്ടിയുള്ള ശ്രമങ്ങള്‍ കടുത്ത സംഘര്‍ഷങ്ങളെയായിരിക്കും ക്ഷണിച്ചുവരുത്തുക. അധികാരത്തിന്റെയും വിഭവങ്ങളുടെയും വിവേചനരഹിതമായ പങ്കുവെപ്പ് എന്ന അടിസ്ഥാനനീതിയെ തകര്‍ക്കുന്നതിലേക്കാണ് ആത്യന്തികമായി തീവ്രസ്വത്വവാദം എത്തിപ്പെടുക. ഇതേ സ്വത്വരാഷ്ട്രീയമാണോ ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടുവെക്കുന്നത് എന്ന് വിശദീകരിക്കാന്‍ ജമാഅത്തെ ഇസ്ലാമി  ബാധ്യസ്ഥമാണ്.

സ്വത്വപ്രതിസന്ധി (identity crisis)

മതം, ജാതി, ഭാഷ തുടങ്ങിയ വൈവിദ്ധ്യത്താല്‍ സമ്പന്നമായ ഒരു പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. മറ്റു രാജ്യങ്ങളില്‍നിന്ന് ഭിന്നമായി ഈ വൈവിദ്ധ്യങ്ങള്‍ അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ ഇവിടെ നിലനില്‍ക്കുന്നു. മതങ്ങളില്‍തന്നെ ഭുരിപക്ഷ ന്യൂനപക്ഷ മതങ്ങളും, ജാതികളില്‍ അവര്‍ണ സവര്‍ണ ജാതികളും അവരവരുടെ സ്വത്വം നിലനിര്‍ത്തുന്നു. മതം, ജാതി, ഭാഷ, ലിംഗം എന്നീ സ്വത്വപ്രശ്‌നങ്ങളുടെ അടിത്തറ ജന്മമാണ്. പണം കൊണ്ട് അവ പരിഹരിക്കപ്പെടുകയില്ല. എന്നാല്‍ വര്‍ഗപ്രശ്‌നം (ഉള്ളവനും ഇല്ലാത്തവനും) സാമ്പത്തിക മാറ്റങ്ങള്‍ക്കനുസരിച്ച് മാറുന്നതാണ്. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ അനുഭവിക്കേണ്ടിവരുന്ന വിവേചനവും നീതിനിഷേധവുമാണ് സ്വത്വപ്രതിസന്ധി രൂക്ഷമാക്കുന്നത്. സ്വത്വങ്ങളെ അവഗണിച്ചുകൊണ്ട് അവയെ പരിഹരിക്കാനാവില്ല എന്നതാണ് ചരിത്ര സത്യം. അസമത്വങ്ങള്‍ക്കെതിരെയുള്ള പോരാട്ടവും വിവേചനരഹിതമായി നീതി ഉറപ്പുവരുത്താനും സ്വത്വവൈജാത്യങ്ങളെ ഉള്‍കൊണ്ടുകൊണ്ട് അനുതാപപൂര്‍ണമായ സമീപനങ്ങള്‍ സ്വീകരിക്കാനും സാധിക്കുമ്പോള്‍ മാത്രമേ സ്വത്വപ്രതിസന്ധി പരിഹരിക്കപ്പെടുകയൂള്ളൂ. രാജ്യത്തിന്റെ പുരോഗതിക്കും സമൂഹങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിനും അത് ആവശ്യമാണ്. സ്വത്വബോധത്തെ നഷിപ്പിക്കാനാവില്ല. സ്വത്വബോധത്തെ അനിയന്ത്രിമായ ഒരു തലത്തിലേക്ക് കൊണ്ടുവന്നാല്‍ കൂടുതല്‍ അപകരകരമാണ് എന്നതും അതേ പോലെ സത്യമാണ്.

കമ്മ്യൂണിസത്തിലെ സ്വത്വബോധങ്ങള്‍

മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന ആചാര്യന്റെ വാക്കുകള്‍ ചൊല്ലിപഠിച്ച കമ്മ്യൂണിസ്റ്റുകാര്‍ വര്‍ഗരാഷ്ട്രീയത്തിന്റെ കാഴ്ചപാടില്‍ ഒരുമാറ്റവും പാടില്ലെന്ന ശാഠ്യം തലമുറകളായി പിന്തുടര്‍ന്ന് പോന്നു. (വര്‍ഗരാഷ്ട്രീയം സ്വത്വരാഷ്ട്രീയം എന്ന പോലെ തന്നെ അശ്ലീലമാകാതിരിക്കാന്‍ കാരണമൊന്നുമില്ല. പക്ഷെ ദുര്‍ഗ്രാഹ്യത ആവരണം ചെയ്യപ്പെട്ട മറ്റു പദാവലികളെപ്പോലെ പോതുബോധത്തില്‍ അത് വിശുദ്ധിയോടെ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് മാത്രം. അതുകൊണ്ടുതന്നെ വര്‍ഗീയതക്കെതിരില്‍ നാവുചലിപ്പിക്കാറുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കാര്‍ക്കും വര്‍ഗ സംഘടനത്തില്‍ ഒളിഞ്ഞുകിടക്കുന്ന മനുഷ്യത്വവിരുദ്ധതയെ സാരമാക്കാറില്ല.) പക്ഷെ സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ നേരെ പുറം തിരിഞ്ഞുനില്‍ക്കുന്നത് മേലിലും തുടരുന്നത് തങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും എന്ന് കണ്ട മാര്കിസ്റ്റ് പാര്‍ട്ടി ഏക ശിലാത്മകമായ വരട്ടുവാദങ്ങളുടെ നിലവറക്കകത്ത് നിന്നും കൂടപ്പിറപ്പുകളോട് ചേരാന്‍ നല്‍കി നേരിയ അനുവാദമാണ് സ്വത്വരാഷ്ട്രീയ ചിന്തകള്‍ക്ക് പ്രേരണയായത്.

സ്വത്വരാഷ്ട്രീയത്തിന്റെ പിറവി.

മനുഷ്യരാശിയില്‍ തൊഴിലാളി, മതലാളി എന്ന രണ്ട് വര്‍ഗങ്ങളേയുള്ളൂ എന്ന മാര്‍ക്‌സിയന്‍ വര്‍ഗവാദത്തിനപ്പുറമായി ചിന്തിക്കണമെന്നും ജാതി, മതം, ലിംഗം, വര്‍ണം, ഭാഷ, ദേശം തുടങ്ങിയ വിവിധതരം സ്വത്വങ്ങളുടെ പ്രത്യേകതകള്‍കൂടി കണക്കിലെടുത്ത് അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച ചെയ്യപ്പെടണമെന്നുള്ള ചിന്താഗതിയാണ് സ്വത്വവാദത്തിന്റെ അടിസ്ഥാനം. ജനങ്ങളെ (മുതലാളി-തൊഴിലാളി) വര്‍ഗങ്ങളായി കാണുകയും ആ കാഴ്ചപാടിന്റെ അടിത്തറയില്‍ അവരെ ഏകോപിപിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന മാര്‍ക്‌സിയന്‍ ആശയ ധാരയോട് ഇത് വ്യക്തമായും വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. സ്വത്വരാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം വര്‍ഗവും അനേകം സ്വത്വങ്ങളില്‍ ഒന്നുമാത്രമാണ്. സമൂഹത്തില്‍നിലനില്‍ക്കുന്ന ഓരോ സവിശേഷ പ്രശ്‌നത്തേയും അതിന്റെ സവിശേഷതയില്‍ മനസ്സിലാക്കി പരിഹാരം തേടണമെന്നും മൂലധനത്തിന്റെ ആധിപത്യത്തെ മാത്രം മുന്‍നിര്‍ത്തി സാമൂഹികമായ അടിച്ചമര്‍ത്തലുകളെ വിശദീകരിക്കുന്നത് അപൂര്‍ണമാണെന്നുമുള്ള സ്വത്വരാഷ്ട്രീയ വാദികളുടെ അവകാശവാദവും ബഹുമുഖസത്വങ്ങളെ ഉള്‍കൊള്ളാന്‍ പോന്നവിധത്തില്‍ മാര്‍കിസത്തെ വികസിപ്പിക്കേണ്ട ആവശ്യകതയുണ്ടെന്നുമായിരുന്നു സ്വത്വാദികളുടെ സുചിന്തിതമായ അഭിപ്രായം.

മാര്‍കിസ്റ്റ് പാര്‍ട്ടിയില്‍ ഉയര്‍ന്ന് വന്ന സ്വത്വരാഷ്ട്രീയ ചിന്ത പാര്‍ശ്വവല്‍കരിക്കപ്പെട്ട സമൂഹങ്ങളില്‍ അധികാര പങ്കാളിത്തത്തിന് വേണ്ടിയുള്ള കലഹമായിട്ട് മാത്രമേ കാണാന്‍ കഴിയൂ. ആ നിലക്ക് അത് പ്രസക്തമാണെങ്കിലും ദാര്‍ശനിക തലത്തിലും മാനവിക തലത്തിലും സ്വത്വരാഷ്ട്രീയം വര്‍ഗരാഷ്ട്രീയത്തിന്റെ ചെറുപതിപ്പ് മാത്രമാണ്. ഈ സൂക്ഷമ രാഷ്ട്രീയം സ്ഥൂലമായ വര്‍ഗരാഷ്ട്രീയത്തിന്റെ പരിമിതികളെ തുറന്ന് കാണിക്കുന്നതുകൊണ്ടുമാത്രമല്ല സ്വീകരിക്കാന്‍ കഴിയാതെ പോയ്ത്. എം. എന്‍ വിജന്‍മാഷെപ്പോലുള്ള തലയെടുപ്പുള്ള സൈദ്ധാന്തികനെ ബലികൊടുത്ത് സ്വത്വരാഷ്ട്രീയത്തിനുള്ള ഇടം ഇടതുപക്ഷം അനുവദിച്ചിരുന്നു എന്ന് നാം കണ്ടതാണ്. അതേ ഇടുതുപക്ഷം തന്നെ സ്വത്വരാഷ്ട്രീയത്തെ പുറംകാല്‍വെച്ച് തൊഴിച്ചുതെറിപ്പിക്കുന്നതാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രകൃയയെ അടിത്തറയായും സംസ്‌കാരത്തെ മേല്‍പുരയായുമായി ഘടിപ്പിച്ചപ്പോള്‍ അറിയാതെയെങ്കിലും ഇടതുപക്ഷം സംഘം ചേര്‍ന്നത് വരേണ്യവിഭാഗത്തോടൊപ്പമായിരുന്നു. പ്രാഥമികമായി നാടുവാഴിവിരുദ്ധവും ജാതിവിരുദ്ധവുമായ സമരങ്ങളുടെ മേലാണ് ഇടതുപക്ഷം അതിന്റെ ജനകീയ അടിത്തറ ഉറപ്പിച്ചെടുത്തത്. തന്മൂലം സമുദായ പരിഷ്‌കരണ പ്രസ്ഥാനങ്ങളോടും ജാതി നശീകരണ സംരംഭങ്ങളോടും ക്ഷേത്രപ്രവേശന സമരങ്ങളോടുമെല്ലാം ഐക്യപ്പടാനും പലതിന്റെയും നേതൃത്വം തന്നെ ഏറ്റെടുക്കാനും ഇടതുപക്ഷം തയ്യാറായിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. ഇത്തരമൊരു പാര്‍ട്ടിക്ക് ആധുനികതയുടെ സൗകര്യങ്ങളില്‍നിന്ന് ഊര്‍ജം സംഭരിക്കേണ്ടിവരും എന്ന യാഥാര്‍ഥ്യം വാദത്തിന് വേണ്ടി സമ്മതിച്ചാലും ആധുനികതയുടെ സവര്‍ണതയെയും കൂട്ടത്തില്‍ പുല്‍കി എന്ന വസ്തുത നമുക്ക് ബോധ്യമാകുന്നു. അതിന്റെ ഫലമായി കമ്യൂണിസ്റ്റ് കാരനാകുന്നതോടൊപ്പം ബ്രാഹ്മണ സവര്‍ണ ബോധം കൈവിടാതെ തന്നെ നിലകൊള്ളാന്‍ ഒരാള്‍ക്ക് സാധിച്ചു. സ്വത്വരാഷ്ട്രീയത്തിന്റെ ആളുകളായി അറിയപ്പെടുന്ന കെ.ഇ.എന്നും പോക്കറും ബിന്‍ ലാദനായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥ ഈ സവര്‍ണബിംബം ഉള്ളിലൊളിപ്പിച്ച ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകരിലൂടെ സംജാതമാകുന്നത് അങ്ങനെയാണ്.

സി.പി.എമ്മിന്റെ തിരിഞ്ഞുനടത്തം
സി.പി.എമ്മിന്റെ നേതൃതലത്തില്‍ മേല്‍പറഞ്ഞ ശക്തമായ സവര്‍ണബോധം നിലനില്‍ക്കുന്നതിനാല്‍ ഭൂരിപക്ഷ വര്‍ഗീയതയെ തലോടുക എന്നത് ക്ഷിപ്രസാധ്യമായ കാര്യമായിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ തന്നെ കേരളീയ പൊതുബോധത്തില്‍ നിലനില്‍ക്കുന്ന സാംസ്‌കാരിക ഹിന്ദുത്വ മേല്‍കോയ്മകളെയും വര്‍ഗീയതയുടെ വിഷബീജം പൊതിഞ്ഞ സവര്‍ണയുക്തികളെയും ഇടതുപക്ഷ ചേരിയില്‍നിന്ന് ചോദ്യം ചെയ്തവരെ ഇല്ലാതാക്കാനുള്ള ശ്രമം വേഗത്തില്‍ വിജയിക്കാനാണ് സാധ്യത. ഹൈന്ദവ പ്രീണനം വിജയിക്കണമെങ്കില്‍ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തിലെ സവര്‍ണബോധത്തിന്റെ അദൃശ്യതകള്‍ മറകീറി പുറത്ത് കാണിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത കെ.ഇ.എന്നിനെയും, സവര്‍ണര്‍ക്ക് മാത്രമല്ല പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്കും സ്വത്വം ഉണ്ടെന്നും എഴുതുന്ന പോക്കറെയും ബലികൊടുത്തേ മതിയാവൂ.

ഇതോടെ  ഇരകളുടെ പക്ഷത്ത് നില്‍ക്കാന്‍ കെല്‍പ്പുള്ള അവര്‍ഗീയ പാര്‍ട്ടി എന്ന് ന്യൂനപക്ഷങ്ങളില്‍ വേരൂന്നിയ ബോധത്തിന് സാരമായ പ്രഹരമേല്‍ക്കുന്നു എന്നതാണ് ഈ തിരിച്ചുനടത്തം കൊണ്ടുണ്ടായി തീരുന്നത്. വേട്ടക്കാരായ സാമ്രാജ്യത്വ മുതലാളിത്ത ചേരിയിലേക്ക് അതിവേഗം മുന്നേറികൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടി എന്നനിലയില്‍ ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വ മുഷ്‌കിനെ മുന്നില്‍ കണ്ടുകൊണ്ട് പിന്തുണച്ച പാര്‍ട്ടികളുടെ പിന്തുണ നഷ്ടപ്പെടുമെന്ന് കണ്ട് സവര്‍ണ പൊതുബോധത്തിലേക്ക് ഉള്‍വലിയാന്‍ തിരക്കുകൂട്ടുന്നതിന്റെ ഭാഗമായി ന്ടത്തപ്പെടുന്ന വാദകോലാഹലങ്ങളാണ് ഇടതുപക്ഷ ജമാഅത്ത് വിമര്‍ശനത്തിന്റെ പ്രചോദനം എന്ന് തിരിച്ചറിയാന്‍ ഒരു പ്രയാസവുമില്ല.

അസമത്വങ്ങള്‍ക്കെതിരെ പോരാടാനും വിവേചനരഹിതമായി നീതി ഉറപ്പുവരുത്താനും സ്വത്വവൈജാത്യങ്ങളെ ഉള്‍കൊള്ളാനും അനുതാപപൂര്‍ണമായ സമീപനം സ്വീകരിക്കാനും മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കാതെ പോകുന്നു എന്നും. അതിന് ദൈവിക മുല്യങ്ങളിലധിഷ്ഠിതമായ മാനവിക കാഴ്ചപ്പാടുള്‍കൊള്ളുന്ന ഒരു ദര്‍ശനത്തിന് മാത്രമേ സാധിക്കൂ എന്നും നമ്മുക്ക് മനസ്സിലാക്കിത്തരാന്‍ തീര്‍ചായും ഈ താത്വിക സ്വത്വവാദങ്ങള്‍ക്ക് കഴിയുന്നു. 

ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടുവെക്കുന്നത് സ്വത്വരാഷ്ട്രീയമോ. അതേകുറിച്ച് അടുത്ത പോസ്റ്റില്‍

(2010 ജൂണ്‍ 19 ന് പ്രസിദ്ധീകരിച്ച പ്രബോധനത്തിലെ 'വര്‍ഗരാഷ്ട്രീയത്തിന്റെ സ്വത്വപ്രതിസന്ധികള്‍' , 'സ്വത്വരാഷ്ട്രീയം അശ്ലീലമാകുന്നതിലെ രാഷ്ട്രീയം' എന്നീ ലേഖനങ്ങളുടെ വിഷയാധിഷ്ഠിത സംഗ്രഹം)

1 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ വരുന്ന ഏത് ആരോപണങ്ങളെയും മുജാഹിദുകള്‍ ഏറ്റ് പിടിക്കുന്നപോലെ സി.പി.എമ്മിന്റെയും സമാന മനസ്‌കരുടെയും ഈ ആരോപണവും സലഫികള്‍ മുന്‍പിന്‍ നോക്കാതെ ഏറ്റുപിടിച്ച് അവര്‍ക്കാവുന്നത് ചെയ്തു. അതിവിടെ വായിക്കാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK