'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജൂൺ 16, 2010

ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി

ഇന്ത്യാ പാകിസ്ഥാന്‍ വിഭജനത്തിന് മുമ്പ് (1941) രൂപം കൊണ്ട ജമാഅത്തെ ഇസ്‌ലാമി വിഭജനത്തോടെ ഇന്ത്യയിലും പാകിസ്ഥാനിലും പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ഇന്ത്യയില്‍ തന്നെ കാഷ്മീരില്‍ ആ കാലഘട്ടത്തില്‍ കാഷ്മീരികള്‍ എടുത്ത നിലപാട് ഇന്ത്യുടെ പൊതുസ്വഭാവത്തില്‍നിന്ന് വ്യത്യസ്ഥമായിരുന്നു എന്നത്  ഒരു ചരിത്ര വസ്തുതയാണ്. ആ കാലഘട്ടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ജമ്മു-കഷ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയും അക്കാര്യത്തില്  കാഷ്മീരികളുടെ നയം പങ്കുവെച്ചു. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ രൂപം കൊണ്ട പ്രസ്ഥാനത്തിന്റെയും അതിന്റെയും പ്രസ്തുത വിഷയത്തിലുള്ള നിലപാടുകളും വ്യത്യസ്ഥമായിരുന്നു. അതിനാല്‍ പാക്കിസ്ഥാനിലെയും പിന്നീട് ബഗ്ലാദേശിലെയും ശ്രീലങ്കയിലെയും പോലെ വ്യത്യസ്ത നയനിലപാടുകളോടെ രൂപം കൊണ്ട സ്വതന്ത്ര സംഘടനയാണത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി നേരിടേണ്ടിവന്ന ആരോപണങ്ങള്‍ അവര്‍ക്ക് നേരിടേണ്ടിവന്നിട്ടില്ല. ഇപ്പോള്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ജനകീയ കൂട്ടായമ രൂപീകരിച്ച് വോട്ടെടുപ്പില്‍ മത്സരിക്കാനാണ് തീരുമാനമെങ്കില്‍ 1987 വരെ നേര്‍ക്ക് നേരെത്തന്നെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്.

കൂട്ടത്തില് ചിലത് പറയേണ്ടതുണ്ട്.  ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അദ്യഘട്ടത്തില്‍ ഒരു പാര്‍ട്ടിക്കും വോട്ട് ചെയ്തിരുന്നില്ല. എനിക്കതിന് തോന്നുന്ന  നേര്‍ക്ക് നേരെയുള്ള ഉത്തരം. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അന്ന് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കേണ്ടുതണ്ടെന്ന് തീരുമാനിക്കുകയോ ചെയ്തിരുന്നില്ല എന്നതാണ്. ജമാഅത്ത് പറയുന്ന മൊത്തം ന്യായീകരണങ്ങള്‍ നോക്കിയാലും അതിന്റെ ചുരുക്കം അത്രമാത്രമായിരിക്കും. സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്താത്ത ഒരു പാര്‍ട്ടി ആര്‍ക്കും വോട്ടുചെയ്തില്ലെങ്കില്‍ അത് ബഹിഷ്‌കരണമായോ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാതിരിക്കുന്നതിന് തെളിവായോ ചൂണ്ടികാണിക്കുന്നത് അസംബന്ധമാണ്.

പലപ്പോഴും ഈ വിട്ടുനി
ല്‍ക്കലിനും, വിവിധപാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കിയപ്പോഴും ജമാഅത് നല്‍കിയ വിശദീകരണം അതിന്റെ തത്വാധിഷ്ഠിതമായ നിലപാടിന്റെ വ്യാഖ്യാനമായിരുന്നു. ഇത് പലര്‍ക്കും ഇന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. അത് ജമാഅത്തിന്റെ ആദര്‍ശത്തെ താത്വികമായി അറിഞ്ഞവരെ മാത്രമേ ആ മറുപടി തൃപ്തിപ്പെടുത്താനുതകൂ. ജമാഅത്തെ ഇസ്‌ലാമി ഒരു ജനകീയ പാര്‍ട്ടി അല്ലാത്തതിനാല്‍ പൊതുജനത്തിന് ഗ്രഹിക്കാവുന്ന ഭാഷയിലല്ല അത് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. അല്ലെങ്കില്‍ അത്തരം ഒരു രൂപത്തെ അത് ഒരു ഘട്ടത്തിലും പരിഗണിച്ചിട്ടില്ല. ജമാഅത്ത് പൊതു സമൂഹത്തില്‍ ഇന്നും തെറ്റിദ്ധരിപ്പിക്കപ്പെടുമ്പോല്‍ ഒരു വിഭാഗം അതില്‍ വിശ്വസിക്കുന്നത്  അതുകൊണ്ടാണ്.

ജമാഅത്തിനെക്കുരിച്ചുള്ള രാഷ്ട്രീയ വിശദീകരണം നടത്താന്‍ കഴിയുന്നതാര്‍ക്കാണ്. ആരുടെ വിശദീകരണമാണ് സ്വീകാര്യയോഗ്യം. കേരളത്തില്‍ അതില്‍ ഏറ്റവും സ്വീകാര്യയോഗ്യം കേരളാ അമീര്‍ ആരിഫലി സാഹിബിന്റെതാണ് എന്ന മറുപടിയായിരിക്കും നീതിപൂര്‍വകമായിട്ടുള്ളത് എന്നാല്‍ ചാനല്‍ ചര്‍ചകള്‍ ശ്രദ്ധിച്ചാല്‍ അത് വിശദീകരിക്കാന്‍ കേരള സമൂഹം/ജമാ.ഇസ്ലാമി ചില വ്യക്തികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് തോന്നും. അതില്‍ പെട്ടതാണ് ഹമീദ്, കാരശേരി, ഷാജി (ഇപ്പോള്‍ മുനീറും) തുടങ്ങിയ വിഭാഗം. ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനയും പോളിസിയും പ്രോഗ്രാമുമെല്ലാം അവര്‍ വിശദീകരിക്കും. മറ്റുള്ളവര്‍ അത് തലകുലുക്കി അംഗീകരിക്കുകയും വിശ്വസിക്കുകയുംചെയ്യുന്നു.  ഏതൊരു സംഘടനയെയും മനസ്സിലാക്കാന്‍ അവരുടെ പ്രതിയോഗികളുടെ വാക്കുകള്‍കൂടി കേള്‍ക്കേണ്ടിവരും എന്നാല്‍ ജമാഅത്തിനെ സംബന്ധിച്ചിടത്തോളം പ്രതിയോഗികളുടെ വാക്കുകളാല്‍മാത്രം ഒരു വലിയ വിഭാഗം ജമാഅത്തിനെ മനസ്സിലാക്കുന്നു എന്നത് ആ സംഘടനയുടെ ദുര്യോഗമാണ്. അതിലൊന്നാണ് കാഷ്മീര്‍ ജമാഅത്തുമായി ബന്ധപ്പെട്ട ആരോപണം. വിവിധ കേന്ദ്രത്തില്‍നിന്ന് ഉയര്‍ത്തപ്പെടുന്ന പ്ര്‌സ്തുത ആരോപണത്തിന്റെ മുഖ്യ ലക്ഷ്യം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയുടെ ദേശീയതയെ അംഗീകരിക്കുന്നില്ല അഖണ്ഡതയെ അംഗീകരിക്കുന്നില്ല എന്ന് ദുര്‍വ്യാഖ്യാനിച്ച് പ്രതിരോധത്തില്‍ നിര്‍ത്തുക മാത്രമാണ്. പ്രസ്തുത വിഷയത്തില്‍ എ.ആര്‍ എഴുതിയ ലേഖനം ഇവിടെ ചേര്‍ക്കുന്നു. തുടര്‍ന്ന് വായിക്കുക:  
  
ദേശീയത അംഗീകരിക്കാത്തവര്‍ ആര്?
 
'ഇ.എം.എസിന്റെ ലോകം ദ്വിദിന സെമിനാര്‍ ഇത്തവണ ശ്രദ്ധേയമാവുന്നത്, സി.പി.എം ആരംഭിച്ച 'ന്യൂനപക്ഷ വര്‍ഗീയത'ക്കെതിരായ പ്രോപഗണ്ടക്ക് അത് വേദിയാവുന്നതിലൂടെയാണ്. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക് മുതല്‍ പേരും തുടങ്ങിവെച്ച യുദ്ധത്തിന് പോളിറ്റ് ബ്യൂറോ കൂടി പച്ചക്കൊടി കാട്ടിയതോടെ ന്യൂനപക്ഷ വിരുദ്ധരായ മുഴുവന്‍ മതേതര നാട്യക്കാരെയും ഒരിക്കല്‍കൂടി അണിനിരത്തി അശ്വമേധം വിജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ക്രൈസ്തവ, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഏതായാലും പാര്‍ട്ടിയില്‍നിന്നും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറില്‍നിന്നും അകന്നിരിക്കെ, ഭൂരിപക്ഷ സമുദായത്തില്‍നിന്ന് ആ കമ്മി നികത്താനെങ്കിലും സാധിച്ചെങ്കിലോ എന്ന പ്രായോഗിക രാഷ്ട്രീയ ബുദ്ധിയേ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ഒന്നുമില്ലെങ്കില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുമായി കൈകോര്‍ത്തപ്പോള്‍ നഷ്ടമായ ഇടതുപക്ഷ അനുകൂല വോട്ടുകളെങ്കിലും തിരിച്ചുപിടിക്കാനായെങ്കില്‍ അത്രക്ക് ആശ്വസിക്കാമല്ലോ. മഅ്ദനിയുമായി വേദി പങ്കിട്ട പാപം പി.ബി തന്നെ തള്ളിപ്പറഞ്ഞു, സംസ്ഥാന പാര്‍ട്ടി നേതൃത്വം പരസ്യമായി പശ്ചാത്തപിച്ചു, ഇനിയിപ്പോള്‍ മഅ്ദനിയെ ബംഗളൂരു സ്‌ഫോടനക്കേസില്‍ കര്‍ണാടക പൊലീസിന് ഏല്‍പിച്ചുകൊടുത്തുകൊണ്ട് തീര്‍ത്തും കൈകഴുകാം. വനവാസത്തിന് പോയ ശ്രീരാമനെ പതിനാലു കൊല്ലം കാത്തിരുന്ന ഭരതനെപോലെ ഇടതുമുന്നണി പ്രവേശനത്തിന് പതിനാലു കൊല്ലം കാത്തിരുന്ന് മടുത്ത് ഒടുവില്‍ ഐ.എന്‍.എല്ലും ചുവപ്പിനെ കൈവിട്ടു പച്ചക്ക് പിറകെ പോയി. അതോടെ മുസ്‌ലിംലീഗിന്റെ ഒരു കഷ്ണവുമില്ലാതെയാണ് ഇത്തവണ ഇലക്ഷനെ നേരിടുന്നതെന്ന് 1987ല്‍ ഇ.എം.എസ് പറഞ്ഞതുപോലെ, മുസ്‌ലിം ന്യൂനപക്ഷത്തില്‍ പിറന്ന ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ 2011ലെ തെരഞ്ഞെടുപ്പിനെ നേരിടാം.

ഒരുതരം സഖ്യമോ ധാരണയോ ഇല്ലാതെ കേവലം തത്ത്വാധിഷ്ഠിത പിന്തുണ നല്‍കിയ ജമാഅത്തെ ഇസ്‌ലാമിയെപോലും തള്ളിപ്പറയുക മാത്രമല്ല, മുസ്‌ലിം നാമധാരികളായ മതേതര ചാവേറുകളെ ഉപയോഗിച്ചു അവരെ വേട്ടയാടുക കൂടി ചെയ്താല്‍ പ്രതിച്ഛായ തികച്ചും ക്ലീന്‍! വേണ്ടിവന്നാല്‍ ബി.ജെ.പിയുമായി ഒരടവുനയം  പരീക്ഷിക്കുകപോലുമാവാം. പക്ഷേ, ബി.ജെ.പി അത്രത്തോളം പോവുമോ എന്നേയുള്ളൂ സംശയം. കണ്ണൂരില്‍ സക്കറിയയുടെ നേരെ തുടങ്ങി പാലേരിയില്‍ സി.ആര്‍. നീലകണ്ഠനു നേരെ പ്രയോഗിച്ച് ഒടുവില്‍ കക്കോടിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേരെ കാട്ടിയ ഫാഷിസ്റ്റ് ശൈലിയെ പിന്തുണക്കാന്‍ ബി.ജെ.പിക്കും കഴിഞ്ഞുകൊള്ളണമെന്നില്ല. എന്തുചെയ്യാം, വിവേകവും സമചിത്തതയും ഉപദേശിക്കാന്‍ പാര്‍ട്ടിയില്‍ ഒരുത്തനുമില്ല, അല്‍പസ്വല്‍പം നേരും നെറിയുമുണ്ടെന്ന് കരുതിയവരെ മുഴുവന്‍ പുറത്താക്കി, അവശേഷിക്കുന്നവര്‍ മൗനികളുമായി. അക്ഷരാര്‍ഥത്തില്‍ സ്റ്റാലിനിസ്റ്റുകളുടെ പൂര്‍ണ നിയന്ത്രണത്തിലാണിപ്പോള്‍ സി.പി.എം. ഒരുകാലത്ത് സ്വതന്ത്ര ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഇന്തോനേഷ്യയിലെ പി.കെ.ഐ. മുപ്പതു ലക്ഷം അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടി 1965ല്‍ അവിവേകം അതിന്റെ മൂര്‍ധന്യത്തിലെത്തിയപ്പോള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ജനരോഷത്തില്‍ കഥാവശേഷമായി. പിന്നീടൊരിക്കലും ഒരു പേരിലും ഇന്തോനേഷ്യയില്‍ അത് തലപൊക്കിയിട്ടില്ല. അത്രത്തോളം നശിക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാവുമെന്നര്‍ഥം.

ദേശീയതയെ അംഗീകരിക്കാത്ത വിഘടന സ്വഭാവമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി എന്നും അത് തുറന്നുകാണിക്കാന്‍ സി.പി.എം ബാധ്യസ്ഥമാണെന്നുമാണ് പിണറായി വിജയന്‍ 'ഇ.എം.എസിന്റെ  ലോകത്ത്' വെളിപ്പെടുത്തിയിരിക്കുന്നത്. ജമാഅത്തിന്റെ കാര്യമിരിക്കട്ടെ, നമ്മളോ? എന്ന് മുതല്‍ക്കാണ് സി.പി.എം ദേശീയതയുടെ വക്താക്കളായത്? കശ്മീര്‍ തര്‍ക്ക പ്രദേശമെങ്കിലുമായിരുന്നു. ആര്‍ക്കും ഒരു തര്‍ക്കവുമില്ലാതിരുന്ന അക്‌സായെ ചീനും അനുബന്ധ 15000 ച.നാഴികയും ചേര്‍ന്ന ഇന്ത്യന്‍ ഭൂപ്രദേശം 1962ല്‍ ചൈന കയറിപ്പിടിച്ചപ്പോള്‍ പാര്‍ട്ടിയുടെ 'ദേശീയത' എവിടെപ്പോയിരുന്നു? 'നാം നമ്മുടെതെന്നും അവരുടേതെന്നും പറയുന്ന ഭൂമി' എന്ന ഇ.എം.എസിന്റെ കുപ്രസിദ്ധ തിരുവചനം അന്നാണ് ചരിത്രത്തില്‍ ഇടം നേടിയത്. ഇന്നുവരെ സി.പി.എം തെറ്റ് തിരുത്തുകയോ ഇ.എം.എസിനെ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. ഏറ്റവുമൊടുവില്‍ ഇന്ത്യയുടെ അവിഭാജ്യ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പര്യടനം നടത്തിയതിനെതിരെ ചൈന ഒച്ചവെച്ചപ്പോഴും സി.പി.എം മിണ്ടിയില്ല.
ഇനി കശ്മീര്‍ കാര്യം. 1965 സെപ്റ്റംബറില്‍ പാകിസ്താന്റെ പിന്തുണയോടെ നുഴഞ്ഞുകയറ്റക്കാര്‍ കശ്മീരില്‍ കടന്നുകയറിയപ്പോള്‍ ഇന്ത്യ-പാക് യുദ്ധമുണ്ടായി. രാജ്യത്തുടനീളം സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കരുതല്‍ തടങ്കലിലാക്കി. ഇ.എം.എസ് നമ്പൂതിരിപ്പാട് വെളിയിലായിരുന്നു. അദ്ദേഹം സംസ്ഥാനത്തുടനീളം നടന്ന കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാടിനെ ശക്തിയായി ചോദ്യം ചെയ്തു പ്രസംഗിച്ചത് ചരിത്രസത്യം. ദേശീയതയോടുള്ള പ്രതിബദ്ധത അന്നെവിടെപോയിരുന്നു? ന്യൂനപക്ഷ വികാരം കൊണ്ട് കളിക്കുകയായിരുന്നു ഉന്നമെന്ന് വ്യക്തം.

വേറെ പല സംഘടനകള്‍ക്കുമെന്നപോലെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിനും ജമ്മു-കശ്മീരില്‍ ഘടകങ്ങളില്ല. സി.പി.എമ്മിന് ഉണ്ടെന്ന് അവകാശപ്പെടുന്ന ഘടകം തന്നെ അനന്തനാഗ് ജില്ലയിലെ  കുല്‍ഗാമില്‍ കാരണവരായ മുഹമ്മദ് യൂസുഫ് തരിഗാമിയില്‍ ഒതുങ്ങും. അയാളുടെ പാര്‍ട്ടി എന്നല്ലാതെ കശ്മീരികള്‍ക്ക് സി.പി.എമ്മിനെപറ്റി ഒരു ചുക്കും അറിയില്ല. കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി എന്നപേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെയോ പാകിസ്താനിലേയോ ജമാഅത്തെ ഇസ്‌ലാമികളുമായി അതിന് ബന്ധങ്ങളില്ല. ജമ്മു-കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്നും അവിടെ ഇന്ത്യയും പാകിസ്താനും അംഗീകരിച്ച 1949 ജനുവരി അഞ്ചിലെ യു.എന്‍ പ്രമേയമനുസരിച്ച് ഹിതപരിശോധന നടക്കേണ്ടതാണെന്നും അതുവരെ ഇന്ത്യയോടുള്ള ലയനത്തെ താല്‍ക്കാലികമായി അംഗീകരിക്കാമെന്നുമാണ് ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്. 1987 വരെ ആ പാര്‍ട്ടി ഇന്ത്യന്‍ ഭരണഘടന പ്രകാരം നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു. നേതാവ് സയ്യിദ് അലിഷാ ഗീലാനി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന സന്ദര്‍ഭം വരെ ഉണ്ടായിട്ടുണ്ട്. '87ലെ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കൃത്രിമം നടക്കുകയും ഫലങ്ങള്‍ അട്ടിമറിക്കുകയും ചെയ്തപ്പോഴാണ് ഗീലാനിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മേലില്‍ ഇലക്ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. അന്ന് ശ്രീനഗറില്‍ സ്ഥാനാര്‍ഥിയായിരുന്ന വ്യക്തിയാണ് പിന്നീട് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായി പ്രത്യക്ഷപ്പെട്ട സലാഹുദ്ദീന്‍. അന്നുമുതല്‍ ഹിസ്ബുല്‍ മുജാഹിദീനും അല്ലാഹ് ടൈഗേഴ്‌സുമൊക്കെ സായുധ സമരത്തിന്റെ പാതയിലാണ്. ഗീലാനി മാത്രമാണ് അവരുടെ ലൈന്‍ അംഗീകരിച്ചത്. ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി എല്ലാ തീവ്രവാദി ഗ്രൂപ്പുകളെയും തള്ളിപ്പറഞ്ഞു. സായുധസമരത്തെയും നിരാകരിച്ചു. അവരിപ്പോഴും അതേ നിലപാടില്‍ തന്നെ. എന്നാല്‍, സയ്യിദ് അലിഷാ ഗീലാനി തീവ്രവാദി ഗ്രൂപ്പുകളുടെ നേതാവായി, ആള്‍ പാര്‍ട്ടീസ് ഹുര്‍റിയത്ത് കോണ്‍ഫറന്‍സിനെ പിളര്‍ത്തി ഹിതപരിശോധനാ വാദവുമായി വേറിട്ടുനില്‍ക്കുകയായിരുന്നു അടുത്തകാലം വരെ. ഒടുവിലദ്ദേഹവും ഹിസ്ബുല്‍ മുജാഹിദീനെ തള്ളിപ്പറഞ്ഞിരിക്കുന്നു. ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി നിരവധി സ്‌കൂളുകളും സ്ഥാപനങ്ങളും നടത്തുന്ന,നിയമാനുസൃത മത-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനയായി ഭട്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഗീലാനിയെ ജമ്മു-കശ്മീരിന്റെ 'രാഷ്ട്രപിതാവായി' അവരോധിച്ചു ഹിതപരിശോധനക്കായി ശബ്ദമുയര്‍ത്തുന്നത് ജമ്മു-കശ്മീര്‍ മുസ്‌ലിംലീഗ് പാര്‍ട്ടിയാണ്! (വിശദ വിവരങ്ങള്‍ക്ക് ജമ്മു-കശ്മീര്‍ മുസ്‌ലിംലീഗിന്റെ സൈറ്റ് നോക്കുക).

വി.പി. സിങ് സര്‍ക്കാറില്‍ ക്യാബിനറ്റംഗമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് കശ്മീര്‍ കാര്യങ്ങളുടെ ചുമതല കൂടി ഏറ്റെടുത്തപ്പോള്‍ പ്രശ്‌നപരിഹാര ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.തദ്‌സംബന്ധമായി അദ്ദേഹം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സൗമനസ്യം തേടുകയും സംഘടന അതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പക്ഷേ, പിന്നീടത് സ്തംഭിച്ചു. വി.പി സിങ് സര്‍ക്കാര്‍ തന്നെ നിലംപതിച്ചു. ഇന്ത്യന്‍ ഭരണഘടനപ്രകാരം പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം ഭരണഘടനയില്‍ ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളൊക്കെ ഇന്ത്യയുടെ ഭാഗം തന്നെ. കാലാകാലങ്ങളില്‍ ഇന്ത്യ ഭരിച്ച സര്‍ക്കാറുകളെല്ലാം കശ്മീര്‍ പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നമായി ഗണിച്ചു അതേപറ്റി പാകിസ്താനുമായി ചര്‍ച്ചകള്‍ നടത്തിയതാണ് അനുഭവം. പ്രശ്‌നം രമ്യമായി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് ഇന്ത്യന്‍ ജമാഅത്തെ  ഇസ്‌ലാമിയുടെയും കാഴ്ചപ്പാട്. ഇതിലെവിടെയാണ് ദേശീയതാ വിരുദ്ധം പിണറായി കണ്ടത്? 1992 ഡിസംബര്‍ 10ന് ബാബരി മസ്ജിദ് ധ്വംസനത്തിന്റെ പശ്ചാത്തലത്തില്‍ നരസിംഹറാവു സര്‍ക്കാര്‍ നിരോധിച്ച സംഘടനകളുടെ പട്ടികയില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദും ഉള്‍പ്പെട്ടിരുന്നു. അന്യായമായ നിരോധത്തെ സാധൂകരിക്കാന്‍ സര്‍ക്കാര്‍ വിഘടന വാദമായിരുന്നു കോടതി മുമ്പാകെ ഉന്നയിച്ചത്. പക്ഷേ, അത് തെളിയിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിരോധം റദ്ദാക്കി. സുപ്രീംകോടതിയേക്കാള്‍ സൂക്ഷ്മ വിവരമോ പിണറായിക്ക്? ജമാഅത്ത് വിരോധം രക്തഗ്രൂപ്പായ മതേതര ചാവേറുകളെ വീണ്ടും മാമോദിസ മുക്കി വേദിയില്‍ അണിനിരത്തിയത് പാര്‍ട്ടിയുടെ നിസ്സഹായത. പക്ഷേ, ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയുടെ നേതാവ് അത്തരക്കാര്‍ നാളിതുവരെ ആവര്‍ത്തിച്ച നുണകള്‍ പരിശോധിക്കുകപോലും ചെയ്യാതെ സമൂഹത്തിന്റെ മുമ്പാകെ അവതരിപ്പിക്കുന്നത് ഇടിഞ്ഞ വില വീണ്ടും ഇടിക്കും.

12 അഭിപ്രായ(ങ്ങള്‍):

ചിന്തകന്‍ പറഞ്ഞു...

കഥയറിയാതെ ആട്ടം കാണുന്നവര്‍ക്കൊക്കെ മനസ്സിലാക്കാന്‍ പറ്റുന്ന തരത്തിലുള്ളതാണ് എ.ആറിന്റെ ലേഖനം. ആമുഖവും നന്നായി.

Unknown പറഞ്ഞു...

കഥയറിയാതെ ആട്ടം കാണുന്നത് ഒരു സുഖമാണ്‌ ചിന്തകാ. ഞങ്ങള്‍ സഖാക്കള്‍ ഇനിയും ആട്ടം കാണും, ആട്ടം കാണിക്കുകയും ചെയ്യും. കഥയറിയിക്കാനെങ്ങാനും വന്നാല്‍.. വേണ്ടാ.. പാലേരിയും കക്കോടിയുമൊക്കെ ഓര്‍മയുണ്ടല്ലോ.. ങാ..!!

Salim PM പറഞ്ഞു...

"ജമാഅത് നല്‍കിയ വിശദീകരണം അതിന്റെ തത്വാധിഷ്ഠിതമായ നിലപാടിന്റെ വ്യാഖ്യാനമായിരുന്നു. ഇത് പലര്‍ക്കും ഇന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല".

സന്തം അനുയായികള്‍ക്ക് മാത്രം മനസ്സിലാകുന്ന ഒരു വിശദീകരണം? അങ്ങനെയുമുണ്ടോ ഒരു വിശദീകരണം?! ഇത്ര കോമ്പ്ലിക്കേറ്റഡ് ആണോ ഈ തത്ത്വാധിഷ്ഠിത നിലപാട്? ഇതേ തത്ത്വം മറ്റുള്ളവര്‍ പറഞ്ഞാല്‍ അത് അംഗീകരിച്ചു കൊടുക്കാന്‍ തയ്യാറാകുമോ? ഉത്തരം മുട്ടുമ്പോള്‍ ആര്‍ക്കും എപ്പോഴും എടുത്തുപയോഗിക്കാന്‍ പറ്റുന്ന ഒരു സൂത്രമാണല്ലോ ഇത്. തത്ത്വാധിഷ്ഠിതത്തിലെ തത്ത്വത്തിന്‍റെ പാപ്പരത്ത്മല്ലേ ഇവിടെ മറനീക്കി പുറത്തുവരുന്നത്?

പറഞ്ഞു...

"സ്വന്തമായി സ്ഥാനാര്‍ഥികളെ നിര്‍ത്താത്ത ഒരു പാര്‍ട്ടി ആര്‍ക്കും വോട്ടുചെയ്തില്ലെങ്കില്‍ അത് ബഹിഷ്‌കരണമായോ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാതിരിക്കുന്നതിന് തെളിവായോ ചൂണ്ടികാണിക്കുന്നത് അസംബന്ധമാണ്.

പലപ്പോഴും ഈ വിട്ടുനില്‍ക്കലിനും, വിവിധപാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കിയപ്പോഴും ജമാഅത് നല്‍കിയ വിശദീകരണം അതിന്റെ തത്വാധിഷ്ഠിതമായ നിലപാടിന്റെ വ്യാഖ്യാനമായിരുന്നു. ഇത് പലര്‍ക്കും ഇന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല."


ലത്തീഫെ, നിലപാടിലെ സത്യസന്ധതയില്ലായ്മ വ്യക്തതയില്ലായ്മ അതുകൊണ്ട് മൂടിവച്ചിരിക്കുന്ന ചില ഉന്നങ്ങള്‍ അതല്ലാതെ എന്താണ് ഈ വാക്കുകളില്‍ ഉള്ളത്? തത്വാധിഷ്ഠിതമായ നിലപാടെന്നൊക്കെ കെട്ടിയെഴുന്നള്ളിക്കുന്നത് ജനാധിപത്യത്തോടുള്ള വിയോജിപ്പും,ദൈവിക ഭരണമെന്ന് നിങ്ങള്‍ ചിലര്‍ കരുതുന്ന ഖുര്‍ ആനിക ഭരണവുമല്ലേ? ഞങ്ങള്‍ക്കതു വേണ്ട എന്നാണ് ഓരോ ഇന്ത്യക്കാരനും പറയുന്നത്.അതു മനസിലായപ്പോഴാണ് ജമാ അത്തെക്ക് വോട്ടു ചെയ്യാമെന്നും,സ്ഥാനാര്‍ത്ഥിത്വമാവാമെന്നും മോഹമുദിച്ചത്. എന്നിട്ട് ഒരുമാതിരി സംസ്കൃതശ്ലോകം ചൊല്ലികളെപ്പോലെ മനസ്സിലാക്കാന്‍ കഴിയില്ലാ ,കഴിയുകയുമില്ലെന്നൊക്കെ ഒരു വീമ്പു പറച്ചില്‍ നാണമില്ലല്ലോ ! താങ്കള്‍ മലവെള്ളപ്പാച്ചിലെന്നൊക്കെ കരുതിയിരിക്കുന്ന ഈ മാലിന്യത്തോട്ടിലെ തിരകള്‍ക്കൊന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റേയോ മതേതരത്വത്തിന്റേയോ ഒരു ചീളുകല്ലു പോലും ഇളക്കാനാവില്ല.

ചിന്തകന്‍ പറഞ്ഞു...

@കൂതറ മാപ്ല

കാശ്മീരിന്റെ മണ്ണ് മാത്രമല്ല; അവിടുത്തെ ജനങ്ങളെയും സ്നേഹിക്കാന്‍ കഴിയുമ്പോഴാണ്, അഖണ്ഡ ഭാരതത്തെ സ്നേഹിക്കുന്ന ഒരു യഥാര്‍ത്ഥ രാജ്യസ്നേഹിയും മനുഷ്യ സ്നേഹിയും ആവുന്നത്.

CKLatheef പറഞ്ഞു...

അഭിപ്രായം പറഞ്ഞ ചിന്തകന്‍, ഡ്രിസില്‍, കല്‍കി, കൂതറ എന്നിവര്‍ക്ക് നന്ദി.

@കല്‍കി,

അല്‍പം ചിന്തിക്കുന്ന ആര്‍ക്കും മനസ്സിലാകുന്നവിധത്തില്‍ ലളിതമായി തന്നെ ജമാഅത് വിശദീകരണം നല്‍കാറുണ്ട്. അക്കാര്യത്തില്‍ എന്റെ ഒരഭിപ്രായം പങ്കുവെച്ചു എന്ന് മാത്രം. ചിലരൊക്കെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് എന്നത് ഞാന്‍ പറഞ്ഞതിനെ നിഷേധിക്കുന്നില്ല. ജമാഅത്തിനെ പഠിക്കാന്‍ അതിനെ ആജീവനാന്ത ശത്രുവായി കാണുന്നവരുടെ വ്യാഖ്യാനം സ്വീകരിച്ചാല്‍ സംഭവിക്കുന്ന സ്വാഭാവിക പരിണതിയാണ് മനസ്സിലാകായ്മയുടെ മറ്റൊരു കാരണം. അങ്ങനെയുള്ള കുറെ കാരണങ്ങളിലൊന്ന് സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം. ജമാഅത്ത് എന്തുകൊണ്ട് അനായാസം തെറ്റിദ്ധിരിപ്പിക്കപ്പെടുന്നു എന്നതല്ല എന്റെ ഇവിടുത്തെ ചര്‍ചവിഷയം. അതുകൊണ്ട് അജ്ഞതയാലും തെറ്റിദ്ധാരണയാലും മറ്റുള്ളവര്‍ ജമാഅത്തിനെ പഴിക്കുന്നതിന്റെ ഉത്തരവാദിത്തം കൂടി അതിന്റെ തലയില്‍ വെച്ച് കെട്ടാന്‍ എന്റ ആ അഭിപ്രായത്തെ കൂട്ടുപിടിക്കരുത്.

അതിന്റെ നിലപാടിലെ വ്യക്തതയും ആശയത്തിന്റെ ദൃഢതയും ആരെയും പ്രത്യേകിച്ച് ബോധ്യപ്പെടുത്തേണ്ടതില്ല. ജമാഅത്തിനെ ഭയപ്പെടുന്നവര്‍ അതുതന്നെയാണ് ഭയപ്പെടുന്നത്. ശാരീരികമായി അതിനെ അടിച്ചുതോല്‍പിക്കാന്‍ ചില ഗുണ്ടകള്‍ക്ക് കഴിഞ്ഞേക്കാം. പക്ഷെ ആശയതലത്തില്‍ അതിനെ കൈകാര്യം ചെയ്യാം എന്ന് കരുതിയവര്‍ക്ക് ഇപ്പോള്‍ മുട്ടുവിറക്കുകയാണ്. അതിനാല്‍ ആവഴിക്ക് പ്രസ്ഥാനം അതിന്റെ എതിരാളികളെ ഒട്ടും ഭയപ്പെടുന്നില്ല.

@കൂതറ

ചരിത്രത്തിലെന്നും സത്യത്തിന് നേരേ മോങ്ങാന്‍ കച്ചകെട്ടിയിറങ്ങിയ ഒരു വിഭാഗവും ഉണ്ടായിരുന്നു. ലോകത്ത് ഒരു നീതിമാനും ഒരു നല്ല വ്യവസ്ഥിതിയും അതിനപവാദമല്ല. ഏറ്റവും സാത്വികനായ ആള്‍ക്കും പ്രതിയോഗികള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ താങ്കളുടെ വിടാതെയുള്ള സാന്നിദ്ധ്യം എന്റെ സംവാദം സത്യത്തിന് വേണ്ടിയാണെന്നതിന്റെ തെളിവാണ്. നിങ്ങള്‍ സംസാരിക്കുന്നത് അസത്യത്തിനും അധര്‍മത്തിനും വേണ്ടിയാണ്. അതുകൊണ്ട് തന്നെ നിങ്ങളൊരിക്കലും മുഖം പുറത്ത് കാണിക്കില്ല.

നാം ഇതേപ്രകാരം എല്ലാ പ്രവാചകന്മാര്‍ക്കും ധിക്കാരികളെ ശത്രുക്കളാക്കിയിട്ടുണ്ട്. നിനക്ക് മാര്‍ഗദര്‍ശകനും സഹായിയുമായി റബ്ബ് മാത്രം മതി. (25:31)

പറഞ്ഞു...

"ഏറ്റവും സാത്വികനായ ആള്‍ക്കും പ്രതിയോഗികള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ താങ്കളുടെ വിടാതെയുള്ള സാന്നിദ്ധ്യം എന്റെ സംവാദം സത്യത്തിന് വേണ്ടിയാണെന്നതിന്റെ തെളിവാണ്."

"നാം ഇതേപ്രകാരം എല്ലാ പ്രവാചകന്മാര്‍ക്കും ധിക്കാരികളെ ശത്രുക്കളാക്കിയിട്ടുണ്ട്. നിനക്ക് മാര്‍ഗദര്‍ശകനും സഹായിയുമായി റബ്ബ് മാത്രം മതി. (25:31)"

ഹൗ!.... എന്റെയൊരു യോഗം :) :) :) ഏറ്റവും സാത്വികനും,സത്യവാദിയും,പ്രവാചക തുല്യനുമായ ലത്തീഫിനെപ്പോലെ ഒരാളെ എതിര്‍ക്കാന്‍ എനിക്ക് അവസരം കിട്ടിയല്ലോ ഞാന്‍ ക്രത്രാര്‍ത്രന്രായി.ലത്തീഫിന്റെ നരകത്തില്‍നിന്ന് എന്റെ പ്രതിയോഗിയെപ്രതി ഞാന്‍ രക്ഷിക്കപ്പെടും തീറ്ച്ച.

പറഞ്ഞു...

"നിങ്ങള്‍ സംസാരിക്കുന്നത് അസത്യത്തിനും അധര്‍മത്തിനും വേണ്ടിയാണ്. അതുകൊണ്ട് തന്നെ നിങ്ങളൊരിക്കലും മുഖം പുറത്ത് കാണിക്കില്ല."

ലത്തീഫ് വാദിക്കുന്നത് ലത്തീഫിന്റെ സത്യത്തിനു വേണ്ടിയാണ്,അത് സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയല്ല എന്ന് എനിക്കു ബോധ്യമുള്ളിടത്തോളം ഞാന്‍ എതിരഭിപ്രായം രേഖപ്പെടുത്തും.ഒരിക്കലും മുഖം വെളിപ്പെടുത്തിയിട്ടില്ലാത്ത ദൈവത്തെപ്രതി ലത്തീഫിനു സംവദിക്കാമെങ്കില്‍ മുഖം വെളിപ്പെടുത്താതെ തന്നെ എന്റെ അഭിപ്രായം കേള്‍ക്കാനുള്ള സംയമനം കൂടി അതേ ദൈവത്തെപ്രതി താങ്കള്‍ക്കു കാണിക്കാനാവില്ലെന്നോ!

മതസ്വത്വത്തില്‍ അധിഷ്ടിതമായ ഒരു ഭരണം ഇന്ത്യക്കു വേണ്ട. "മനുഷ്യവിമോചനത്തെക്കുറിച്ചുള്ള സമഗ്ര സമീപനങ്ങള്‍" എന്ന് അഭിനവ ബുദ്ദൂസുകള്‍ ഓരിയിടുന്ന ആ സംഭവം ഇന്ത്യക്കു വേണ്ട. ഇതാണ് മാപ്ലേടെ അഭിപ്രായം. ഇത് അധര്‍മ്മമാണെങ്കില്‍ മാപ്ല അതങ്ങു ഷെമിച്ചു,ഇതിനെതിരെ വരുന്ന ഏതൊരാശയത്തേയും മാപ്ല എതിര്‍ക്കും.നത്തിംഗ് പേര്‍സണല്‍,ടേകിറ്റ് ഈസി. ;)

Salim PM പറഞ്ഞു...

വിഷയവുമായി ബന്ധമില്ലെങ്കിലും, ശാരീരികമായ അടിച്ചു തോല്പ്പിക്കലിനെപ്പറ്റി സൂചിപ്പിച്ചത്കൊണ്ട് പറയട്ടെ, കക്കോടിയില്‍ സി.പി.എം കാണിച്ച കിരാതത്വത്തെ അപലപിക്കാതെ പോകുന്നത് ശരിയല്ല. തീര്‍ച്ചയായും ഇത്തരം ഫാസിസ്റ്റ് രീതി പ്രതിഷേധാര്‍ഹം തന്നെ. ജമാ‌അത്തെ ഇസ്‌ലാമിയുടെ നയപരിപാടികളോട് പരിപൂര്‍ണ്ണമായി വിയോജിച്ചുകൊണ്ട് തന്നെ ഞാന്‍ എന്‍റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു.

വോട്ടയറുടെ പ്രസിദ്ധമായ ആ വാചകം ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാകുന്നു: "I disapprove of what you say, but I will defend to the death your right to say it."

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ജമാഅത്തെ ഇസ്‌ലാമിയെ ജനാധിപത്യ മര്യാദ പടിപ്പിക്കുന്ന സി പി എമ്മിണ്റ്റെ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഇതുവരെ (ചെറുതും വലുതുമായി ഒരുപാട്‌ സംഭാവനകളുണ്ട്‌ അതില്‍ എണ്റ്റെ ഒാര്‍മയിലുള്ള ചിലത്‌ ഇവിടെ അനുസ്മരിക്കുന്നു.)
1. അധ്യാപകനെ സ്വന്തം വിദ്യാര്‍ത്ഥികളുടെ മുന്‍പിലിട്ട്‌ തുണ്ടം തുണ്ടമാക്കിയവര്‍...
2. വ്യക്തിവൈരാഗ്യം പാരമ്യതയിലെത്തിയപ്പോള്‍ അന്ധരായ സി പി എം ജന്തു ജീവജാലകങ്ങളെ ചുട്ടെരിച്ചു
3. വിമര്‍ശനങ്ങളെ സഹിക്കാന്‍ കഴിയാത്ത സി പി എം സാംസ്കാരിക നായകന്‍ സക്കറിയെ പയ്യന്നൂരില്‍ കയ്യേറ്റം ചെയ്തു.
4. ശ്രീ നിലകണ്ടനെ പ്രസംഗിക്കുന്നതിനു മുന്‍പേ പാലേരിയില്‍ വച്ച്‌ അടിച്ചൊതുക്കി
5. കക്കോടിയില്‍ ജമാഅത്തെ ഇസ്‌ലാമി പൊതുയോഗം ആക്രമിച്ചു. (പയ്യന്നൂര്‍, പാലേരി, കക്കോടി മുന്ന് സ്ഥലത്തും ശ്രോതാക്കള്‍ പ്രകോപിതരായി എന്നാണു സി പി എം എന്ന ഭീകര സംഘടന പറഞ്ഞത്‌ [പാലേരിയില്‍ പ്രസംഗം തുടങ്ങുന്നതിനു മുന്‍പേ വെളിപാടുണ്ടായി!! സി പി എം ശ്രോതാക്കള്‍ മാത്രം ഇങ്ങനെ പ്രകോപിതരാകുന്നതെന്ത്‌? മടിയില്‍ കനമുള്ളവനല്ലേ ഭയക്കേണ്ടുള്ളൂൂ.])
6. കോട്ടയം സി എം എസ്‌ കോളേജ്‌ ഭീകര സംഘടനയുടെ കുട്ടികുരങ്ങന്‍മാര്‍ അടിച്ചു പൊളിച്ചു. മുഖ്യമന്ത്രി വരെ പറഞ്ഞു (പറയേണ്ടിവന്നു) ഇവര്‍ ഭീകരരാണെന്ന്!. ഇനി ജനങ്ങള്‍ തീരുമാനിക്കട്ടെ ആര്‍ ആരെ ജനാധിപത്യം പടിപ്പിക്കണം.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ജമ്മു-കാശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ എന്നല്ല നമ്മുടെ അറിയപ്പെടുന്ന ഒരു സംഘടനക്കും ഘടകമില്ലെന്നാണു അറിവ്‌. സി പി എമ്മിനു തന്നെ കേരളത്തില്‍ സിനിമാ നടന്‍ ദേവന്‍ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയതുപോലൊരു ഘടകം ഉണ്ടെന്നാണു പറഞ്ഞു കേള്‍ക്കുന്നത്‌. അപ്പോള്‍ പിന്നെ ജമ്മു-കാശ്മീരിലില്ല എന്ന് പറഞ്ഞ്‌ നിലവിളിക്കുന്നത്‌ ആരെ പറ്റിക്കാനാണു?!! മാത്രമല്ല ഇവര്‍ തന്നെ പറയുന്നത്‌ ജമാഅത്തെ ഇസ്‌ലാമി ഒരു ചെറിയ സംഘടനയാണെന്നും ഒറ്റപെട്ട സംഘടനയാണെന്നുമൊക്കെയാണു!! അപ്പോള്‍ പിന്നെ ഈ ചെറിയ സംഘടനെക്കെങ്ങിനെയാണു ഇന്ത്യ മുഴുവന്‍ ഘടകം ഉണ്ടാക്കാന്‍ കഴിയുക? എതെങ്കിലും സംസ്ഥാനത്ത്‌ ഘടകം ഉണ്ടെങ്കില്‍ അത്‌ തന്നെ അവര്‍ക്ക്‌ ഭാഗ്യമല്ലേ? പിന്നെങ്ങിനെയാണു നാം അവിടെ ഇല്ലേയ്‌, ഇവിടെ ഇല്ലേയ്‌ എന്നു പറയുന്നത്‌?!! രണ്ടു വാദഗതികളും ഒരാള്‍ തന്നെ പറയുക (ചെറിയ സംഘടന, ഒറ്റപെട്ട സംഘടന എന്നൊക്കെ പറയുന്നതോടൊപ്പം.... ജമ്മുകാശ്മീരില്‍ ഘടകം ഇല്ല, മേഘാലയില്‍ ഇല്ലാ.... ഹ ഹ) എന്ന വൈരുധ്യം അവിടെ മുഴുച്ചു കാണാം. ചെറിയ സംഘടനയെങ്ങിനെയാണു ഹേ ഇന്ത്യ മുഴുവന്‍ ഘടകമുണ്ടാക്കുക?!!

CKLatheef പറഞ്ഞു...

@kootharamapla,

മതസ്വത്വത്തില്‍ അധിഷ്ഠിതമായ ഒരു ഭരണം വേണ്ട എന്ന് തീരുമാനിക്കാന്‍ ഇന്ത്യന്‍ ജനത മൊത്തമായി മുഖംമൂടിയിട്ട ഒരു കൂതറയെ ഏല്‍പിച്ചിരിക്കുന്നു എന്ന് ജമാഅത്ത് മനസ്സിലാക്കുമ്പോള്‍ അവര്‍ കൂടിയാലോചിച്ച് ഉചിതമായ തീരുമാനം എടുത്തുകൊള്ളും. ഒരുത്തന്‍ 'അഭിനവ ബുദ്ദൂസക'ള്‍ക്കെതിരെ -ഇതുപോലെയല്ല- സര്‍വവിധ സന്നാഹങ്ങളോടെയും 30 വര്‍ഷത്തിലധികം ഓരിയിട്ട് സാസ്‌കാരിക ബോധത്തെ ഉല്‍ബോധിപ്പിച്ച് അവസാനം സാംസാകാരിക കേരളത്തെ 'ബുദ്ദൂസുകള്‍' വിഴുങ്ങാന്‍ പോകുന്നു എന്ന് വിലപിക്കേണ്ടിവന്നത് കണ്ണുതുറന്ന് കാണൂ കൂതറേ. എന്നിട്ടാകട്ടേ ഗീര്‍വാണമടി.

പ്രവാചകന്‍മാര്‍ക്കും സാത്വികരായ വ്യക്തിത്വങ്ങള്‍ക്കും പ്രതിയോഗികളായി നിന്നവര്‍ ചരിത്രത്തിലെ എറ്റവും കൂതറകളാണ്. അവരെ പലപ്പോഴും ആധുനിക കൂതറകള്‍പോലും പരസ്യമായി പുകഴ്താറില്ല. എന്നും കൂട്ടത്തിലോര്‍ക്കുക.

താങ്കള്‍ നല്‍കിയ വിശേഷണങ്ങള്‍ക്കനുസരിച്ച് മാറാന്‍ കഴിഞ്ഞെങ്കില്‍ എന്നാഗ്രഹിക്കുന്ന പരമാവധി സത്യസന്ധത പുലര്‍ത്തുന്ന, പ്രവാചകന്‍ സത്യവിശ്വാസികളെ ഏല്‍പിച്ച ദൗത്യത്തിലെ ഒരു ഭാഗം കഴിവിന്റെ പരമാവധി ചെയ്തുകൊണ്ടിരിക്കുന്ന ഒരു പാവമാണ് ഞാന്‍.

നത്തിംഗ് പേര്‍സണല്‍,ടേകിറ്റ് ഈസി. ;)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK