'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ഒക്‌ടോബർ 18, 2010

വികസനമോ ദുരന്തവത്‌കരണമോ?

എ എച്ച്‌
 
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമെല്ലാം വ്യവസായ മന്ത്രിമാരുണ്ട്‌. അവരുടെ കീഴില്‍ സംസ്ഥാന-ജില്ലാ-താലൂക്ക്‌/ബ്ലോക്ക്‌ തലങ്ങളിലെല്ലാം വ്യവസായ വികസനത്തിന്‌ പ്രതിജ്ഞാബദ്ധമായ ഓഫീസുകളും ഓഫീസര്‍മാരുമുണ്ട്‌. ഇത്‌ ആഗോളവല്‌കരണത്തിന്റെ കാലമായതിനാല്‍ കുടില്‍ വ്യവസായങ്ങളോടോ ചെറുകിട വ്യവസായങ്ങളോടെ ഏറെ ആളുകള്‍ താല്‌പര്യം കാണിക്കുന്നില്ല. അവയുടെ ഉല്‌പന്നങ്ങള്‍ ദേശീയ-അന്തര്‍ദേശീയ വിപണികളില്‍ വിറ്റഴിക്കുക എളുപ്പവുമല്ല. അതിനാല്‍ വ്യവസായ വികസന അധികാരികള്‍ ഇപ്പോള്‍ പ്രധാനമായി ലക്ഷ്യമാക്കുന്നത്‌ നൂറുകണക്കില്‍ ഏക്കര്‍ ഭൂമിയും അനേകം മെഗാവാട്ട്‌ വൈദ്യുതിയും വിപുലമായ ഗതാഗത സൗകര്യവും ആവശ്യമുള്ള വന്‍കിട വ്യവസായ സംരംഭങ്ങളെയാണ്‌. എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങുകയും പലവിധ ആനുകൂല്യങ്ങളും ഇളവുകളും ലഭ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിലേ ഇപ്പോള്‍ വിന്‍കിട വ്യവസായികള്‍ പുതിയ യൂണിറ്റുകള്‍ തുടങ്ങാന്‍ സന്നദ്ധരാകുന്നുള്ളൂ.

വ്യവസായശാലയ്‌ക്ക്‌ വേണ്ട നൂറുകണക്കില്‍ ഏക്കര്‍ ഭൂമി ചുരുങ്ങിയ നിരക്കില്‍ ലഭിക്കണം. അവിടെ നിന്ന്‌ തുറമുഖം, എയര്‍പോര്‍ട്ട്‌, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക്‌ നാലുവരിയില്‍ കുറയാത്ത അതിവേഗപ്പാത ലഭ്യമാക്കണം. മിതമായ നിരക്കില്‍ വൈദ്യുതി വേണം. എല്ലാ കാലത്തും വെള്ളം കിട്ടുമാറാകണം എന്നിങ്ങനെ ഒട്ടേറെ ഉപാധികള്‍ നിറവേറ്റപ്പെട്ടാലേ ഇപ്പോള്‍ വന്‍കിട വ്യവസായികള്‍ ഒരു പ്രദേശത്ത്‌ പുതിയ ഫാക്‌ടറി തുടങ്ങാന്‍ സന്നദ്ധരാകൂ. അവരെ പ്രീതിപ്പെടുത്താതെ ഒരു മന്ത്രിക്കും ഉദ്യോഗസ്ഥ മേധാവിക്കും വ്യവസായ വികസനമെന്ന ലക്ഷ്യം നിറവേറ്റാനാവില്ല. വ്യവസായശാലകള്‍ക്കും അതിവേഗപ്പാതകള്‍ക്കും ആവശ്യമായ ഭൂമി പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇല്ല. ആയിരക്കണക്കില്‍ ചെറുകിട ഭൂഉടമകളുടെയും കര്‍ഷകരുടെയും കൈവശമുള്ള സ്ഥലങ്ങള്‍ അക്വയര്‍ ചെയ്‌താലേ കാര്യം നടക്കൂ. ഇത്‌ ലളിതമായ കാര്യമല്ല. വികസനവുമായി ബന്ധപ്പെട്ട ഒട്ടേറെ സമസ്യകള്‍ കെട്ടുപിണഞ്ഞു കിടക്കുന്ന മേഖലയാണിത്‌.

വ്യവസായം പോലെയോ അതിലേറെയോ മുന്‍ഗണന ലഭിക്കേണ്ട വിഷയങ്ങള്‍ തന്നെയാണ്‌ സാമൂഹ്യക്ഷേമവും കാര്‍ഷിക വികസനവും പരിസ്ഥിതി സംരക്ഷണവും മറ്റും. ഒരേക്കറില്‍ താഴെ മാത്രം വിസ്‌തൃതിയുള്ള പുരയിടത്തിന്റെ ഉടമസ്ഥരാണ്‌ വ്യവസായശാലയ്‌ക്കും നാലുവരിപ്പാതക്കും റെയില്‍പ്പാത ഇരട്ടിപ്പിക്കലിനും വിമാനത്താവള നിര്‍മിതിക്കും അതിന്റെ വികസനത്തിനും മറ്റും വേണ്ടി സ്ഥലമൊഴിവാക്കിക്കൊടുക്കേണ്ടി വരുന്നവരില്‍ ഭൂരിപക്ഷം. വ്യവസായങ്ങള്‍ക്കും ഗതാഗത സൗകര്യവികസനത്തിനും വേണ്ടി കൃഷിഭൂമി കൊടുക്കേണ്ടി വരുന്നവരില്‍ അധികഭാഗവും പാവങ്ങളോ ഇടത്തരക്കാരോ തന്നെയാണ്‌. പുരയിടം അക്വയര്‍ ചെയ്യപ്പെടുന്നവര്‍ ദീര്‍ഘകാലമായി അനുഭവിക്കുന്ന ജീവിതപരിസരങ്ങളില്‍ നിന്ന്‌ പൂര്‍ണമായി പിഴുതെറിയപ്പെടുകയാണ്‌ ചെയ്യുന്നത്‌. കൃഷിഭൂമി വ്യവസായത്തിനോ അടിസ്ഥാന സൗകര്യവികസനത്തിനോ വേണ്ടി പിടിച്ചെടുക്കുമ്പോള്‍ കര്‍ഷകരുടെ ഉപജീവനമാര്‍ഗം തടയപ്പെടുക മാത്രമല്ല, നാട്ടിലെ ഭക്ഷ്യോല്‌പാദനം കുറയുകയും ചെയ്യുന്നു. ഒരു വ്യവസായിക്കോ വ്യവസായ ഗ്രൂപ്പിനോ ലാഭം കിട്ടാനും ഒരു വ്യവസായ മന്ത്രിയുടെ വികസന ലക്ഷ്യം പൂര്‍ത്തിയാക്കാനും വേണ്ടി ആയിരക്കണക്കില്‍ മനുഷ്യര്‍ കടുത്ത യാതനകള്‍ അനുഭവിക്കേണ്ടി വരുന്നതിനെ യഥാര്‍ഥത്തില്‍ വികസനമെന്ന്‌ വിശേഷിപ്പിക്കാന്‍ തന്നെ പറ്റുമോ? ദുരന്തവല്‌കരണം എന്ന വിശേഷണമല്ലേ അതിന്‌ കൂടുതല്‍ ഇണങ്ങുക?

വികസന പദ്ധതികള്‍ക്ക്‌ വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക്‌ ഏറ്റവും വലിയ ദുരന്തമാകുന്നത്‌ നിയമത്തിന്റെ ദാക്ഷിണ്യമില്ലായ്‌മയാണ്‌. ഇന്ത്യയില്‍ എവിടെയും സര്‍ക്കാര്‍ അക്വയര്‍ ചെയ്യുന്ന ഭൂമിക്ക്‌ യഥാര്‍ഥ മാര്‍ക്കറ്റ്‌ വില നില്‌കാന്‍ നിയമമില്ല. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വില മാത്രമേ ഭൂമി നഷ്‌ടപ്പെട്ടവര്‍ക്ക്‌ ലഭിക്കൂ. വ്യവസായികളും അവരെ സ്വീകരിച്ചാനയിക്കുന്ന രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ നിശ്ചയിക്കുന്നതായിരിക്കും പലപ്പോഴും അക്വിസിഷന്‍ മൂല്യം. തീരെ കുറവായ ഈ വിലകൊണ്ട്‌ പകരം പുരയിടമോ വയലോ വാങ്ങാന്‍ കഴിയാതെ ഭൂമി നഷ്‌ടപ്പെടുന്നവര്‍ വലയുന്ന ദുരവസ്ഥയാണ്‌ അവരെ പലപ്പോഴും പ്രക്ഷോഭങ്ങളിലേക്ക്‌ തള്ളിവിടുന്നത്‌. അതോടെ വ്യവസായികളും രാഷ്‌ട്രീയക്കാരും അവരെ ദേശവിരുദ്ധരോ വികസന വിരോധികളോ ആയി ചിത്രീകരിക്കുന്നു. അതോടെ അവര്‍ക്കു വേണ്ടി ശബ്‌ദിക്കാന്‍ തീവ്രവാദ മുദ്ര പേറുന്നവര്‍ മാത്രം ബാക്കിയാകുന്നു.

പുരയിടത്തിനും കൃഷിഭൂമിക്കുമൊക്കെ പ്രമാണമുള്ളവരുടെ കഥയാണ്‌ ഇപ്പറഞ്ഞത്‌. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വന്‍ വ്യവസായങ്ങളും ഖനികളും വരുന്നത്‌ ആദിവാസികളുടെയും പട്ടികവര്‍ഗക്കാരുടെയും അധിവാസ ഭൂമികളിലാണ്‌. നൂറ്റാണ്ടുകളായി ഉള്‍നാടുകളിലും വനമേഖലകളിലും ജീവിക്കുന്ന ഇവരുടെ കൈയില്‍ പക്ഷേ, കൈവശാവകാശ രേഖകളൊന്നുമില്ല. അത്തരം രേഖകളുടെ അനിവാര്യതയെക്കുറിച്ച്‌ അവര്‍ ബോധവാന്മാരുമായിരുന്നില്ല. അവരെ ഭൂമിയുടെ നിയമാനുസൃത അവകാശികളാക്കി ശാക്തീകരിക്കണമെന്ന്‌ അവരുടെ നാട്ടിലെ ഭരണാധികാരികള്‍ക്ക്‌ ഒരിക്കലും തോന്നിയിട്ടുമില്ല. വ്യവസായവല്‌കരണമെന്നോ പ്രത്യേക സാമ്പത്തിക മേഖലയെന്നോ പറഞ്ഞാല്‍ തങ്ങള്‍ നൂറ്റാണ്ടുകളായി ആശ്രയിക്കുന്ന ഭൂപ്രദേശത്ത്‌ നിന്ന്‌ നിഷ്‌കരുണം പുറംതള്ളപ്പെടുന്ന പ്രക്രിയയായിരിക്കുമെന്ന്‌ മുന്‍കൂട്ടി മനസ്സിലാക്കാന്‍ വേണ്ട രാഷ്‌ട്രീയ സാക്ഷരത അവര്‍ക്ക്‌ വിധിക്കപ്പെട്ടതായിരുന്നില്ലല്ലോ. വ്യവസായികളും അവരുടെ കൂലിപ്പടയും പോലീസുകാരും ചേര്‍ന്ന്‌ അവരെ വ്യവസായ സൈറ്റുകളില്‍ നിന്ന്‌ അടിച്ചോടിച്ച്‌ കളം കാലിയാക്കി; അക്വിസിഷനോ മൂല്യനിര്‍ണയമോ കൂടാതെ. തുരത്തിയോടിക്കപ്പെട്ട മണ്ണിന്റെ മക്കള്‍ക്ക്‌ വേണ്ടി ഭരണകൂട ഭീകരതക്കെതിരില്‍ പോരാടുന്നവരെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന തീവ്രവാദികളും ആ പാവങ്ങളോട്‌ നീതി പുലര്‍ത്തിയിട്ടില്ലെന്നാണ്‌ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

ഏത്‌ വികസനവും പരിസ്ഥിതിക്ക്‌ പോറലേല്‌പിക്കാത്ത വിധത്തിലായിരിക്കണം എന്നത്‌ രാഷ്‌ട്രീയ വീക്ഷണ വ്യത്യാസങ്ങള്‍ക്ക്‌ അതീതമായി ഇന്ത്യന്‍ ഭരണരംഗത്ത്‌ പതിറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ടുവരുന്ന തത്വമാണ്‌. കേന്ദ്ര-സംസ്ഥാന തലങ്ങളിലെല്ലാം പരിസ്ഥിതി വകുപ്പുകളും മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുമുണ്ട്‌. പരിസ്ഥിതിയുടെ പരിരക്ഷയ്‌ക്ക്‌ പ്രതിജ്ഞാബദ്ധമായ സന്നദ്ധ സംഘടനകളും നാടിന്റെ നാനാഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. വനത്തിനും വന്യജീവികള്‍ക്കും കണ്ടല്‍ കാടുകള്‍ക്കും മനോഹരമായ കടല്‍ത്തീരങ്ങള്‍ക്കും വലിയ നാശം വരുത്തിവെക്കും എന്ന ആശങ്കയുടെ പേരില്‍ പല പദ്ധതികളും ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും പരിസ്ഥിതിയുടെ സുരക്ഷ അവഗണിച്ചുകൊണ്ട്‌ ഭീമന്‍ വ്യവസായ സംരംഭങ്ങള്‍ക്ക്‌ ഉന്നത ഭരണനേതൃത്വം പച്ചക്കൊടി കാണിച്ച സംഭവങ്ങള്‍ കുറവല്ല. “പരിസ്ഥിതിയുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെങ്കിലും അത്‌ സംബന്ധിച്ച ആശങ്ക വ്യാവസായിക വികസനത്തിന്‌ ഒരു തടസ്സമാകാന്‍ പാടില്ല. വ്യാവസായിക വികസനമില്ലെങ്കില്‍ രാജ്യം ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക്‌ വീണ്ടും ആപതിച്ചു പോകും. സാവധാനത്തിലാണെങ്കിലും രാജ്യം അതില്‍ നിന്ന്‌ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണെന്ന്‌ ഉറപ്പാണല്ലോ” എന്ന്‌ പത്രാധിപന്മാരുടെ ഒരു സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇയ്യിടെ പറയുകയുണ്ടായി. ഇത്‌ അദ്ദേഹത്തിന്റെ യാഥാര്‍ഥ്യബോധത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നതെങ്കിലും അതില്‍ ചില അപകട സൂചനകളുണ്ട്‌.
പരിസ്ഥിതിക്ക്‌ ക്ഷതമേല്‌പിക്കരുതെന്ന നിഷ്‌കര്‍ഷയില്‍ ഇളവ്‌ ലഭിക്കുമെന്ന്‌ ഉന്നതാധികാരികളുടെ പ്രസ്‌താവനകളില്‍ നിന്ന്‌ സൂചന കിട്ടിയാല്‍ ഏത്‌ വ്യവസായിയും പരിസ്ഥിതി സുരക്ഷാ പ്രതിബദ്ധതകളില്‍ നിന്ന്‌ പുറകോട്ട്‌ പോകാനാണ്‌ ശ്രമിക്കുക. പ്ലാന്റുകളില്‍ നിന്നുള്ള വിഷപ്പുകയും മലിനജലവും കൊണ്ട്‌ പരിസര മലിനീകരണമുണ്ടാകാതെ സൂക്ഷിക്കുക എന്നത്‌ ഏറെ പണച്ചെലവുള്ള കാര്യമാണ്‌. വിശപ്പുകയും മലിനജലവും നിര്‍ബാധം പുറംതള്ളുക എന്നതാകട്ടെ പ്രത്യേക പണച്ചെലവൊന്നുമില്ലാത്ത ഏര്‍പ്പാടും. വ്യവസായികള്‍ക്ക്‌ സന്തോഷമുള്ള കാര്യം ബാധ്യതകള്‍ ഏറെ വഹിക്കേണ്ടിവരാതെ ആകര്‍ഷകമായ ലാഭം കിട്ടുകയായിരിക്കുമല്ലോ. കാര്‍ബണ്‍ വാതകങ്ങളും വിഷപദാര്‍ഥങ്ങളും ഏറെ പുറംതള്ളുന്ന വ്യവസായ ശാലകള്‍ക്ക്‌ ലൈസന്‍സ്‌ ലഭിക്കണമെങ്കില്‍ വ്യവസായി തന്റെ ഫാക്‌ടറിക്ക്‌ ചുറ്റും ഒരു ഗ്രീന്‍ബെല്‍റ്റ്‌ (ഹരിതകവചം) സ്ഥാപിക്കാമെന്ന്‌ പ്രതിബദ്ധതയേല്‌ക്കണമെന്ന്‌ നിയമത്തില്‍ വ്യവസ്ഥയുണ്ട്‌. ഇത്‌ ഫാക്‌ടറിയിലെ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രയോജനമുള്ള കാര്യമാണെങ്കിലും പണച്ചെലവ്‌ കൂടുതലുള്ളതായതിനാല്‍ വ്യവസായികള്‍ ആ ബാധ്യതയില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനാണ്‌ ശ്രമിക്കുക. സാമ്പത്തിക പുരോഗതിക്ക്‌ വ്യവസായ വികസനം അനിവാര്യമായതിനാല്‍ അത്‌ തടസ്സപ്പെടാത്ത വിധം പരിസ്ഥിതി നിയമങ്ങളില്‍ വിട്ടുവീഴ്‌ച ചെയ്യേണ്ടതാണ്‌ എന്ന നയം ഉന്നതതലങ്ങളില്‍ സ്വീകരിക്കപ്പെട്ടാല്‍ പരിസരമലിനീകരണവും പരിസ്ഥിതി ശോഷണവും വന്‍തോതില്‍ വര്‍ധിക്കുകയായിരിക്കും ഫലം.

വ്യവസായ വികസനം വഴി ധാരാളം പേര്‍ക്ക്‌ പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ ലഭിക്കുകയും പൊതു ഖജനാവിലേക്ക്‌ ഭീമമായ തോതില്‍ നികുതിപ്പണം ലഭിക്കുകയും ചെയ്യുമെന്നതാണ്‌ പ്രസ്‌താവ്യമായ നേട്ടം. എന്നാല്‍ വ്യവസായത്തിനും അനുബന്ധ അടിസ്ഥാന സൗകര്യവികസനത്തിനും വേണ്ടി പുരയിടവും കൃഷിഭൂമിയും നഷ്‌ടപ്പെട്ടവരില്‍ ഭൂരിഭാഗത്തിനും വ്യവസായ ശാല കൊണ്ട്‌ നേട്ടമൊന്നും ഉണ്ടാകാറില്ല എന്നതാണ്‌ ദു:ഖസത്യം. അവര്‍ ശിഷ്‌ടകാലം ഏറെ കഷ്‌ടതകള്‍ അനുഭവിക്കേണ്ടിവരുന്നു. അന്നം വിളയുന്ന മണ്ണിന്റെ കമ്മിയും അപരിഹാര്യമായി തുടരുന്നു. പരിസ്ഥിതി പരിരക്ഷയ്‌ക്ക്‌ ക്രമീകരണങ്ങള്‍ ചെയ്‌തിട്ടില്ലെങ്കില്‍ വ്യവസായ ശാല നിലനില്‌ക്കുന്നേടത്തോളം പരിസരങ്ങളിലെ വായുവും വെള്ളവും മണ്ണും വിഷമയമായി തുടരുകയും ചെയ്യും. ഇതൊക്കെയും മാനവികദുരന്തമാണ്‌. ജനവാസമുള്ള ഭൂപ്രദേശങ്ങളുടെയും ദുരന്തമാണ്‌. വന്‍കിട വ്യവസായികളും അവര്‍ക്ക്‌ പരവതാനി വിരിച്ചുകൊടുക്കുന്ന വ്യവസായ മന്ത്രിമാരും മനുഷ്യരോടും മണ്ണിനോടും അല്‌പം കരുണ കാണിക്കാന്‍ സന്നദ്ധരായാല്‍ ഈ ദുരന്തം ഒട്ടൊക്കെ ഒഴിവാക്കിക്കൊണ്ടോ ലഘൂകരിച്ചുകൊണ്ടോ വ്യവസായ വികസനം നടത്താന്‍ കഴിയുമെന്ന്‌ തന്നെയാണ്‌ പരിസ്ഥിതിയെക്കുറിച്ച്‌ ഏറെ ജാഗ്രത പുലര്‍ത്തുന്ന നാടുകളിലെ അനുഭവങ്ങളില്‍ നിന്ന്‌ തെളിയുന്നത്‌. വ്യവസായികള്‍ ലാഭത്തിന്റെയും ഭരണകൂടങ്ങള്‍ നികുതിപ്പണത്തിന്റെയും ഒരു ഭാഗം ഭൂമിയുടെയും മാനവതയുടെയും സുസ്ഥിതിക്ക്‌ വേണ്ടി വിനിയോഗിക്കട്ടെ. വിട്ടുവീഴ്‌ച കൂടാതെ നിര്‍വഹിക്കപ്പെടേണ്ട ബാധ്യതയത്രെ അത്‌.

അവലംബം : ശബാബ് 2010 ഒക്ടോബര്‍ 15

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

മുജാഹിദ് വിഭാഗങ്ങളിലൊന്നിന്റെ വാരികയില്‍ വന്ന ലേഖനമാണിത്. ഇതൊക്കെ കുറേ നേരത്തെ പറഞ്ഞു എന്നതാണോ ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിയും ചെയ്ത മഹാപാതകം എന്ന് ചോദിക്കാന്‍ തോന്നുന്നു.

സാരിം അല്‍ ബത്താര്‍ പറഞ്ഞു...

ചെലരൊക്കെ ട്യൂബ് ലൈറ്റ് ആണ്, "അന്തം കമ്മികള്‍" . തലയ്ക്കകത്തെ ചിമ്മിനി കത്തുമ്പോള്‍ ബാക്കിയുള്ളോരും വന്നോളും. അതും നല്ലത് തന്നെ. Better late, than never എന്നല്ലേ?
- സാരിം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK