'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, ഏപ്രിൽ 26, 2014

കെ.എം ഷാജി ജമാഅത്തിനെ വിമര്‍ശിക്കുന്ന വിധം.

ഒരല്‍പം ചരിത്രം

ഇന്ത്യക്ക് ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം ലഭിച്ചത് തന്നെ നിലവിലുള്ള ഇന്ത്യയെ പാകിസ്ഥാനെന്നും ഇന്ത്യയെന്നും രണ്ടായി ഭാഗിച്ചുകൊണ്ടാണ്. ചരിത്രം പരിശോധിച്ചാല്‍ വിഭജനത്തിന് കാരണം ഏതെങ്കിലും ഒരു മതവിഭാഗത്തില്‍മാത്രമായി കെട്ടിയേല്‍പിക്കാന്‍ ന്യായമായ കാരണങ്ങളൊന്നും കാണാന്‍ കഴിയില്ല. ബ്രിട്ടീഷ്കാരില്‍നിന്ന് സ്വാതന്ത്ര്യം നേടിയാല്‍ പിന്നീട് നിലവില്‍വരുന്ന ഭരണവ്യവസ്ഥ എവ്വിധമായിരിക്കും എന്നകാര്യത്തില്‍ അന്നത്തെ ഇന്ത്യന്‍സമൂഹത്തിലെ രാഷ്ട്രതാല്‍പര്യമുള്ളവരെല്ലാം അതീവതാല്‍പര്യമുള്ളവരും അതില്‍ തന്നെ മുസ്ലിം ന്യൂനപക്ഷം ആശങ്കയുള്ളവരും ആയിരുന്നുവെന്ന് കാണാന്‍ പ്രയാസമില്ല. അത് സ്വാഭാവികമാണ് താനും. മിക്കവാറും അത് പാശ്ചാത്യമതേതരത്വ സങ്കല്‍പമനുസരിച്ചായിരിക്കും എന്നത് ഉറപ്പായിരുന്നു. അതേ വ്യവസ്ഥയില്‍തന്നെയാണ് ബ്രിട്ടീഷുകാര്‍ ഭരിക്കുന്നതായി അവകാശപ്പെട്ടത്. പക്ഷെ അത് ഫലത്തില്‍ ഭരിക്കുന്നവരുടെ ഭരിക്കപ്പെടുന്നവരിലുള്ള അനിയന്ത്രിതവും ഭരിക്കുന്നവരുടെ ഇഛക്കനുസരിച്ച് രൂപപ്പെടുത്തപ്പെടുന്ന അവരുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന നിയമവ്യവസ്ഥയനുസരിച്ചുമായിരുന്നു. സ്വതന്ത്ര്യത്തിന് ശേഷം നിലവില്‍ വരാന്‍ പോകുന്ന വ്യവസ്ഥയും ഇതുതന്നെയാകും എന്ന് ഏതാണ്ടെല്ലാവര്‍ക്കും ഉറപ്പായിരുന്നു. കാരണം ആധുനിക രാഷ്ട്രമീംമാസകര്‍ കണ്ടെത്തിയ ഏറ്റവും മുന്തിയ ബദല്‍ ആയിരുന്നു അത്. മതത്തിന് സ്വാധീനമുള്ള ഒരു ഥിയോക്രാറ്റിക്ക് സ്റ്റേറ്റ് ജനങ്ങളുടെ കഠിനമായ വെറുപ്പിന് ഇരയായപ്പോള്‍ അതിന് ഒരു പരിഹാരമെന്നോണമാണ് മതേതര ദേശീയ ജനാധിപത്യം രൂപം കൊണ്ടത്. മതേതരം എന്നാല്‍ മതത്തിന് സാമുഹികരാഷ്ട്രീയ ജീവിതത്തില്‍ യാതൊരു സ്വാധീനവും ചെലുത്താവതല്ല എന്ന നിലക്കാണ് അന്ന് വിവക്ഷിക്കപ്പെട്ടത്. ദേശീയത്വമാകട്ടെ സ്വന്തം ദേശത്തിലെ ജനങ്ങളുടെ ഭരണപങ്കാളിത്തം എന്ന നല്ല ആശയമായിരുന്നു മുന്നോട്ട് വെച്ചതെങ്കിലും അത് അക്കാലത്ത് മതത്തെ മാറ്റിനിര്‍ത്തിയേടത്ത് മതത്തിന്റെ സ്ഥാനം കയ്യേറിയിരുന്നു. ആ നിലക്ക് ദേശീയത്വം ധര്‍മത്തിന്റെയും അധര്‍മത്തിന്റെയും അടിസ്ഥാനമാകുക പോലുമുണ്ടായി. അങ്ങനെ രണ്ട് ലോകഭീകരയുദ്ധങ്ങളുടെ മുലകാരണമാകതക്കവണ്ണം ദേശീയത്വം ഭീകരരൂപം പൂണ്ടു. ജനാധിപത്യത്തിന്റെ ഉത്ഭവവും നല്ല ഉദ്ദേശ്യത്തോടെ തന്നെയാണ്. പക്ഷെ ഫലത്തില്‍ ഭൂരപക്ഷത്തിന്റെ ഇഷ്ടാനിഷ്ടങ്ങളും താല്‍പര്യങ്ങളും നിയമനിര്‍മാണത്തിന്റെ കാര്യത്തില്‍ സ്വാധീനം ചെലുത്തുന്ന അവസ്ഥ അതിന്റെ നന്മയുടെ ദീപ്തികുറച്ചു. മഹാഭൂരിപക്ഷവും, മൂല്യബോധവും കാര്യഗൌരവവുമുള്ളവരാകുകയും അവര്‍ക്ക് തന്നെയും അന്യപ്രലോഭനങ്ങളില്‍നിന്ന് മുക്തമായി തങ്ങളുടെ തെരഞ്ഞെടുപ്പധികാരം സ്വന്തന്ത്രവും നിര്‍ഭയമായും നിര്‍വഹിക്കാന്‍ സാധിച്ചാല്‍ മാത്രമേ ജനാധിപത്യം അതിന്റെ പൂര്‍ണമായ സദ്ഫലം കാണിക്കുകയുള്ളൂ.

വിഭജനത്തിലേക്ക് എത്തിയതെങ്ങനെ ?

ഈ പറഞ്ഞത് ഗവേഷണം നടത്തിയാല്‍ മാത്രം മനസ്സിലാകുന്ന ഒരു കാര്യമൊന്നുമല്ല. സാമാന്യബുദ്ധികൊണ്ടുതന്നെ ചിന്തിച്ചാല്‍ മനസ്സിലാകുന്നതാണ്. ഈ അശങ്കയെ അന്നുണ്ടായിരുന്ന വിവിധരാഷ്ട്രീയ സാമുദായിക പാര്‍ട്ടികള്‍ അഭിമുഖീകരിച്ചത് പലരൂപത്തിലാണ്. ബ്രിട്ടീഷുകാര്‍ തങ്ങളുടെ ഭരണത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമെന്നോണം കൈകൊണ്ട നിലപാട് വിഭജിച്ചുഭരിക്കുക എന്നതായിരുന്നല്ലോ. ഹിന്ദുമുസ്ലിം വിഭജനവും അവര്‍ക്കിടയിലെ സംഘര്‍ഷവും അവര്‍ നിലനിര്‍ത്തികൊണ്ടുവന്നത് അതിന് വേണ്ടിയാണ്. ബ്രിട്ടീഷുകാര്‍ ഭരണമൊഴിഞ്ഞാല്‍ പിന്നീട് രൂപപ്പെടുന്ന വ്യവസ്ഥതിയില്‍ ഈ രണ്ട് വിഭാഗവും എങ്ങനെ ഒരുമിച്ചുപോകും എന്നത് നല്ലൊരു വിഭാഗം ഹിന്ദുക്കളെയും ഭൂരിപക്ഷം വരുന്ന മുസ്ലിംകളെയും അലട്ടിയിരുന്നു. അതിന് പരിഹാരമെന്നോണമാണ് വിഭജനം എന്ന ആശയം രൂപപ്പെടുന്നത്. എന്നാല്‍ ബ്രിട്ടീഷുകാരുടെ ഈ വിദ്വേഷരാഷ്ട്രീയം സ്വാധീനം ചെലുത്തിയിട്ടില്ലാത്ത രണ്ട് വിഭാഗത്തിലെയും നേതാക്കള്‍, ഇതിലെ അപകടം മുന്‍കൂട്ടി കണ്ടുകൊണ്ട് വിഭജനത്തിന് എതിര് നിന്നു. മുസ്ലിംകള്‍ക്ക് അവരുടേതായ ഒരു രാഷ്ട്രം എന്ന ആവശ്യത്തിന് ശക്തിപകര്‍ന്നതും നേതൃത്വം നല്‍കിയതും മുസ്ലിം ലീഗ് ആണ്. വിഭജനത്തിന് എതിര് നില്‍ക്കുന്നവെന്നത് തന്നെ ലീഗിന്റെ ശത്രുത സമ്പാദിക്കാന്‍ മതിയായ കാരണമായിരുന്നു. ഇസ്ലാമിന്റെ പേര് പറഞ്ഞാണ് ഇത്തരമൊരു  വിഭജനത്തിന് ശക്തിപകര്‍ന്നതെങ്കിലും വിഭജനം യാഥാര്‍ഥ്യമാകുന്നുവെന്ന് കണ്ടപ്പോള്‍ അത് അക്കാലത്ത് സ്വീകാര്യമായ ഒരു മതേതരദേശീയത്വജനാധിപത്യ സ്റ്റേറ്റ് മതിയെന്ന നിലപാടിലേക്ക് മുഹമ്മദലി ജിന്നയും അദ്ദേഹത്തിന്റെ മുസ്ലിംലീഗ് എന്ന പാര്‍ട്ടിയും ചുവടുമാറി.

ലീഗ് മൌദൂദിയെ വെല്ലുവിളിക്കുന്നു. 

ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥയെന്നത് അക്കാലത്ത് അമൂര്‍ത്തമായ ഒരു സങ്കല്‍പമായിട്ടാണ് ലീഗ് കണ്ടത്. ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥക്ക് വേണ്ടി സംസാരിച്ച മൌദൂദിയോടുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി മുസ്ലിംകളിലെ എല്ലാ വിഭാഗത്തിനും യോജിക്കാവുന്ന ഒരു ഭരണഘടനഉണ്ടാക്കാനായിരുന്നു. ഈ വെല്ലുവിളി അവിടുത്തെ ജമാഅത്തെ ഇസ്ലാമി ഏറ്റെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. പക്ഷെ ഭരണരംഗത്ത് കയറിക്കൂടിയവരുടെ പിടിപ്പുകേടും, ദുര്‍ബലമായ ജനാധിപത്യസംവിധാനങ്ങളും അതിന്റെ സദ്ഫലം കൊണ്ടുവരുന്നതില്‍ വേണ്ടത്ര വിജയിച്ചില്ല എന്ന് പറയാം.

ഇന്ത്യസ്വീകരിച്ച മതേതരജനാധിപത്യം. 

വിഭജനാനന്തരം ഇന്ത്യന്‍ യൂണിയനിലാകട്ടെ, ഇന്ത്യന്‍ സാഹചര്യത്തെയും ജനതയെയും ശരിയായ വിധം കണക്കിലെടുത്ത് ആ അവസ്ഥയില്‍ നിര്‍മിക്കാവുന്ന ഏറ്റവും കുറ്റമറ്റ ഒരു ഭരണസംവിധാനമാണ് രൂപപ്പെടുത്തിയത്. പാശ്ചാത്യന്‍മതേതരത്വത്തിന്റെ അന്തസത്ത രാഷ്ട്രീയത്തിലോ സാമൂഹിക ജീവിതത്തിലോ യാതൊരു പങ്കും നല്‍കാതെ മതത്തെ മാറ്റിനിര്‍ത്തുക എന്നതായിരുന്നുവെങ്കില്‍ ഇന്ത്യയിലെ മതേതരത്വത്തിന് ഒരു മതത്തോടും പ്രത്യേക അടുപ്പമോ അകല്‍ചയോ ഇല്ലാത്ത എല്ലാ മതങ്ങളോടും തുല്യപരിഗണനനല്‍കുക എന്ന വിവക്ഷയാണ് നല്‍കപ്പെട്ടത്. സോഷിലിസം അടിസ്ഥാനമാക്കിയതോടെ എല്ലാവിഭാഗത്തിനുമുള്ള ക്ഷേമം അടിസ്ഥാനമായി, ജനാധിപത്യമാകട്ടെ മേല്‍പറഞ്ഞ മതേതരത്വത്തിന്റെ സാന്നിദ്ധ്യത്തില്‍ കുറേകൂടി ശക്തമായി നിലനിന്നു.

ഫാസിസ്റ്റുകള്‍ക്കിത് കപടമതേതരത്വം 

തീവ്രഹൈന്ദവഫാസിസത്തിന് തൃപ്തികരമായ വ്യവസ്ഥയാണ് പാശ്ചാത്യമതേതരത്വവും ദേശീയത്വവും കാരണം അതുപയോഗിച്ച് തങ്ങളുടെ അനിയന്ത്രിതമായ ആധ്യപത്യം സ്ഥാപിക്കാനും സ്വന്തം മതത്തിന്റെ താല്‍പര്യം ദേശീയതയുടെ പേരില്‍ സ്ഥാപിക്കാനും അതുമൂലം സാധിക്കും. എന്നാല്‍ അതിന് കനത്ത തിരിച്ചടിയായി ഇന്ത്യയില്‍ രൂപപ്പെട്ട മതനിരപേക്ഷമായ ജനാധിപത്യം. അതുകൊണ്ട് അന്നുമുതല്‍ ഇന്നുവരെ മതേതരത്വത്തെ കപടമതേതരത്വം എന്നാണ് ഹിന്ദുത്വ സംഘ് പരിവാര്‍ വിളിച്ചുവരുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ജനാധിപത്യത്തോട് വലിയ വിയോജിപ്പ് ആര്‍ക്കും ഇല്ല കാരണം ജനാധിപത്യത്തില്‍ ഒരു റൂം ഏകാധിപത്യത്തിനും സ്വേഛാധിപത്യതിനും വരെ ഉണ്ട്. പിന്നെയാണോ ഹൈന്ദവ ദേശീയതക്ക്. അതുകൊണ്ട് ഹിന്ദുത്വഫാസിസ്റ്റ് ശക്തികള്‍ക്ക് തങ്ങള്‍ അധികാരത്തിലെത്തുന്നത് വരെ ജനാധിപത്യത്തോട് എതിര്‍പ്പുണ്ടാവുകയില്ല. ജനാധിപത്യം അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അപരിമേയമായ ആധിപത്യം സ്ഥാപിക്കപ്പെടുന്നത് വരെ മാത്രമേ വാഴിക്കാന്‍ തയ്യാറാവൂ. ഗാന്ധിജിയുടെ കൊലപാതകം അവരുടെ കയ്യാന്‍ നടന്നില്ലായിരുന്നെങ്കില്‍ ആദ്യകാലത്ത് തന്നെ അവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു നിയാമക ശക്തിയായേനെ. പക്ഷെ കാലം കടന്നുപോയപ്പോള്‍ ഇന്ത്യന്‍ ജനത ഈ മതേതതരത്വസോഷിലിസ്റ്റ് ജനാധിപത്യവ്യവസ്ഥയുടെ മഹത്വം അറിഞ്ഞു.

മൌദൂദി വിഭജനത്തിനെ എതിര്‍ത്തു. 
ഇത്രയും ആമുഖമായി മനസ്സിലാക്കാതെ ജമാഅത്തെ ഇസ്ലാമിയുടെ താത്വികാചാര്യനായ മൌദൂദിയുടെ അന്നത്തെ വാക്കുകളെ പരിഗണിക്കാനാവില്ല. അദ്ദേഹം വിഭജനത്തിന് എതിരായിരുന്നു. എന്നാല്‍ വിഭജനം എന്നത് സ്വയം തന്നെ ഒരു തിന്മയായതുകൊണ്ടോ അഖണ്ഡഭാരതം എന്ന പവിത്രമായ വിശ്വസം കൊണ്ടുനടക്കുന്നതുകൊണ്ടോ ആയിരുന്നില്ല അതെന്ന് വ്യക്തം. ഇതുവരെ ലോകത്ത് നടന്ന അതിര്‍ത്ഥി രേഖകള്‍ ന്യായമാണെങ്കില്‍ ഇനിയും വിഭജനം സാധ്യമാണ് നടക്കാവുന്നതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആ വിഷയത്തിലുള്ള നിലപാട്. മാത്രമല്ല ദേശം മാറിയതുകൊണ്ട് മാത്രം മനുഷ്യനെ വെറുക്കണമെന്ന തീവ്രദേശീയത്വവും ദേശീയത്വം നന്മതിന്മകളുടെയും ധര്‍മാധര്‍മത്തിന്റെയും മാനദണ്ഡമാകുന്നതും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. അദ്ദേഹം ഭയപ്പെട്ടത് വിഭജിക്കപ്പെട്ട ശേഷം ഇപ്പറഞ്ഞ വ്യവസ്ഥയാല്‍ ഭരിക്കപ്പെടുന്ന നാട്ടില്‍ അവിടെയുള്ള ന്യൂനപക്ഷത്തിന്റെ അവസ്ഥയെക്കുറിച്ചാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍  (അദ്ദേഹത്തിന്റെ ഈ വിഷയത്തിലുള്ള പ്രസംഗങ്ങള്‍ പുസ്തരൂപത്തിലാക്കിയതാണ് നമ്മുടെ മുന്നിലുള്ളത്. അതിനാല്‍ തന്നെ സ്ഥലകാലാതീതമായ നിലനില്‍പ്പ് അവയ്ക് ഇല്ല എന്ന് കരുതുന്നവനാണ് ഇയ്യുള്ളവന്‍, അഥവാ സ്ഥലകാലത്തെ സംബന്ധിച്ച ബോധത്തോടെ വായിച്ചാലെ അവ മൌദൂദി ഉദ്ദേശിച്ച രൂപത്തില്‍ മനസ്സിലാക്കാനാവൂ) ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.

പാകിസ്ഥാനിലുള്ള മുസ്ലിംകളോട് മുന്നറിയിപ്പ് 

ഈ കാലയളവില്‍ അദ്ദേഹം വിഭജനാനന്തരം രൂപംകൊള്ളുന്ന പാകിസ്ഥാനികളോടും ഇന്ത്യയില്‍ അവശേഷിക്കുന്നവരോടും പ്രത്യേകം പ്രസംഗിച്ചു. ഒരിടത്ത് പ്രസംഗിച്ചപ്പോള്‍ തന്നെ രണ്ട് രാജ്യങ്ങളിലെ അവസ്ഥകളെയും വരാന്‍ പോകുന്ന അപകടത്തെ സംബന്ധിച്ചും മുന്നറിയിപ്പ് നല്‍കി. അദ്ദേഹം തന്റെ നേരിട്ടുള്ള പ്രവര്‍ത്തന മണ്ഡലമായി തെരഞ്ഞെടുത്തത് സാഹചര്യപരമായി പാകിസ്ഥാനെയാണ്. അവിടെ മേല്‍പറഞ്ഞ സ്വഭാവത്തോടെ രൂപപ്പെടുന്ന വ്യവസ്ഥയെക്കുറിച്ച് ശക്തമായ മുന്നറിയിപ്പ് നല്‍കി. അദ്ദേഹം കാര്യമായി അതില്‍ ശ്രമിച്ചത്.ഏതൊരു മതത്തിന്റെ പേര്‍ പറഞ്ഞാണ് ആ രാഷ്ട്രം രൂപികരിക്കപ്പെട്ടത് അതേ മതവുമായി മതേതരദേശീയജനാധിപത്യം എങ്ങനെ ബന്ധപ്പെടുന്നുവെന്നാണ്. ജനങ്ങളെ കേന്ദ്രമാക്കി രൂപപ്പെട്ട ആ വ്യവസ്ഥ ഒരോ നാട്ടിലും എങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്നും മതങ്ങളെ എങ്ങനെയാണവ കൈകാര്യം ചെയ്തതെന്നും അതിനകം തന്നെ വ്യക്തമായ തെളിവുകള്‍ ലഭ്യമായിരുന്നു.

ഇന്ത്യക്കാരോടുള്ള മൌദൂദിയുടെ അപേക്ഷ. 
ഇന്ത്യക്കാരോട് അദ്ദേഹം പറഞ്ഞത്, മതമുക്തമായ ഒരു രാഷ്ട്രീയം അപകടകരമാണെന്ന ഗാന്ധിജിയൊക്കെ പങ്കുവെച്ച അതേ കാര്യങ്ങളാണ്. മതത്തിന്റെ സനാതനമൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു ഭരണക്രമം ഭൂരിപക്ഷത്തിന് അനിയന്ത്രിതമായ സ്വാതന്ത്ര്യം നല്‍കുന്ന മതവിരുദ്ധമായ വ്യവസ്ഥയെക്കാന്‍ ഉന്നതമായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അത്തരം ഒരു വ്യവസ്ഥ രൂപപ്പെടുത്താന്‍ നിങ്ങള്‍ക്കാവുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് അവകാശപ്പെട്ട നിങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ദൈവിക നീതിവ്യവസ്ഥ ഞങ്ങളുടെ പക്കലുണ്ട് അവ പരിശോധിക്കാന്‍ അദ്ദേഹം വിനയത്തോടെ ആവശ്യപ്പെടുകയും ചെയ്തു.

കാലം കടന്നുപോയപ്പോള്‍ നാം മനസ്സിലാക്കുന്നു, മൌദൂദി ഭയപ്പെട്ടതുപോലെയൊരു ഭരണസംവിധാനമല്ല അതേ പേരിലാണെങ്കിലും ഇന്ത്യന്‍ഭരണഘടനാ ശില്‍പിക്കള്‍ രൂപപ്പെടുത്തിയത് എന്ന്. അതിനാല്‍ തന്നെ അദ്ദേഹം ഭയപ്പെട്ട പോലെ കാര്യങ്ങള്‍ സംഭവിച്ചില്ല. അദ്ദേഹത്തിന്റെ പ്രസംഗത്തിന് യാതൊരു ഫലവും ഉണ്ടായില്ല എന്നല്ല അതിനര്‍ഥം. ഒരു പക്ഷെ മുസ്ലിംകളുടെ ഇത്തരം ആശങ്കകള്‍ കൂടി പരിഗണിച്ചാവും ഭരണഘടനാ ശില്‍പികള്‍ ഇത്തരമൊരു വ്യവസ്ഥരൂപപ്പെടുത്തിയത്. ആശങ്കിച്ചത് പോലെ സംഭവിച്ചില്ല എന്നത് ആരും ഒരു മാനഹാനിയായി കാണാറില്ലല്ലോ.

വസ്തുത ഇതാണെങ്കിലും ഇതിന് വിരുദ്ധമായ പ്രചാരണമാണ് മൌലാനാ മൌദൂദിയെക്കുറിച്ചും ജമാഅത്തിനെക്കുറിച്ചും പ്രചരിക്കുന്നത്. മൌദൂദി പറഞ്ഞതൊക്കെയും ഇന്ത്യന്‍ ജനാധിപത്യമതേതരത്വത്തെക്കുറിച്ചാണ് എന്നാണ് പലരും തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത്. പുതുതായി രൂപപ്പെട്ട മതേതരത്വത്തോട് ഒരു പ്രതിപത്തിയുമില്ലാത്ത സന്ദര്‍ഭം ലഭിക്കുമ്പോഴെല്ലാം അതിനെ കപടമെന്ന് പറയുന്ന ബി.ജെ.പി അടക്കമുള്ള ഹൈന്ദവ സംഘടനകളെ ഇന്ത്യവിരുദ്ധമായി ആരും കാണാറില്ല. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും അംഗീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് അവര്‍ ഇതെല്ലാം തകര്‍ത്ത് ഹുകൂമത്തെ ഇലാഹി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസ്ഥയോട് വിരോധമുള്ള ഒരു വിഭാഗമായി പരിചയപ്പെടുത്തുകയും അതേ നിലക്ക് അവരോട് പെരുമാറുകയും ചെയ്യുന്നു. ഏക തെളിവാകട്ടെ മൌദൂദി വിഭജനഘട്ടങ്ങളി‍ല്‍ വിവിധ വിഭാഗങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ നടത്തിയ പ്രസംഗങ്ങളും.

പുസ്തകപ്രസാധകര്‍ മൌദൂദിയോട് ചെയ്തത്. 

ഇക്കാര്യത്തില്‍ ചെറുതെങ്കിലും ഗുരുതരമായ പ്രത്യാഘാതമുള്ള ഒരു പിഴവ്, മൌദൂദിയുടെ പുസ്തകം പുറത്തിറക്കുന്നവര്‍ തിരുത്താതിരിക്കുന്നത് ആ മഹാനോട് ചെയ്യുന്ന വലിയ പാതകമായിരിക്കും. പ്രസംഗം നടത്തിയ സാഹചര്യം വ്യക്തമാക്കുക എന്നതാണത്. സന്ദര്‍ഭവും സാഹചര്യവും മനസ്സിലാകാതെ ആ പ്രസംഗങ്ങളെ വായിക്കുന്നവര്‍ രണ്ട് തരത്തിലാണ് തെറ്റിദ്ധാരണയില്‍ അകപ്പെടുന്നത്. അതില്‍ ഒരു വിഭാഗം മൌദൂദിയെ പൂര്‍ണമായും മതേതര-ജനാധിപത്യവിരുദ്ധനും തീവ്രവാദിയുമായി ചിത്രീകരിക്കുമ്പോള്‍ മറ്റൊരു വിഭാഗം മൌദൂദി പോലും ഉദ്ദേശിക്കാത്ത തീവ്രതയോടെ അദ്ദേഹം പറഞ്ഞതിനെ എടുക്കുന്നു. ഈ രണ്ടാം വിഭാഗം ആദ്യവിഭാഗത്തിന്റെ വാദത്തെ നല്ല ഒരളവില്‍ സാധൂകരിക്കുന്നു. രണ്ടുകൂട്ടരും പരമാബദ്ധത്തിലാണ് എന്ന് പറയാതെ തരമില്ല. രണ്ടാമത് പറഞ്ഞ ഒരു ചെറിയ ന്യൂനപക്ഷം യുവാക്കള്‍. ജമാഅത്ത് മൌദൂദിയുടെ കാഴ്ചപ്പാടില്‍നിന്ന് ഭീരുത്വവും ഭൌതികതാല്‍പര്യവും കാരണമായി അകന്നുവെന്ന് ആക്ഷേപിക്കുന്നു. നെറ്റ് ചര്‍ചയില്‍ ഈ രണ്ട് വിഭാഗത്തെയും കാണാം. രണ്ടിനും ഒരേ പരിഹാരമാണ് നിര്‍ദ്ദേശിക്കാനുള്ളത്. അദ്ദേഹം പറഞ്ഞ സന്ദര്‍ഭം മുന്നില്‍ വെച്ച് പുസ്തകത്തെ ശ്രദ്ധാപൂര്‍വം പുനര്‍വായന നടത്തുകയാണ്.

കെ.എം ഷാജിയെപോലുള്ള ജമാഅത്ത് വിമര്‍ശകരായ യൂത്ത് ലീഗ് നേതാക്കളും, മൌദൂദിയെ ആക്ഷേപിക്കുകയും തെറ്റായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. അദ്ദേഹം എഴുതുന്നു. 'കൊടിയ ഹറാമെന്നും ശിര്‍ക്കെന്നും മൌദൂദി പഠിപ്പിച്ച ജനാധിപത്യവും മതേതരത്വവുമൊക്കെ എന്നുമുതലാണ് ഹലാലും സുന്നത്തുമൊക്കെ ആയി മാറിയത്.' (സത്യധാര 2006 സെപ്ത. 1-15 പേജ് 18). ഇവിടെ ഷാജി വ്യക്തമാക്കുന്നത്. മൌദൂദിയുടെ തെറ്റായ ആശയത്തില്‍നിന്ന് ജമാഅത്ത് മാറി എന്നാണെങ്കില്‍, മറിച്ച് ചിലര്‍ മനസ്സിലാക്കുന്നത് മൌദൂദിയുടെ ഇസ്ലാമികമായ കാഴ്ചപ്പാടില്‍നിന്ന് ജമാഅത്തെ ഇസ്ലാമി തെറ്റായ കാഴ്ചപ്പാടിലേക്കും നിലപാടിലേക്കും മാറി എന്നാണ്. രണ്ടും സത്യത്തോട് ഒട്ടും നീതിചെയ്യുന്നില്ല.

വിമര്‍ശിക്കപ്പെടുന്നുവെന്നത് ഒരു പോരായ്മയല്ല. 

മൌദൂദി ഇവ്വിധം തെറ്റിദ്ധരിപ്പിക്കുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുവെന്നത് അത്ര അസ്വഭാവികമായി ജമാഅത്തുകാര്‍ കാണുന്നില്ല. കാരണം വിമര്‍ശനവും ആക്ഷേപവുമൊന്നും ഒരു നിലപാടിന്റെയോ ആശയത്തിന്റെയോ പോരായ്മയാകണം എന്നില്ല. മറിച്ച് അവയുടെ സജീവതയുടെയും സ്വാധീനത്തിന്റെയും തെളിവാണ്.  ഉദാഹരണം മുഹമ്മദ് നബിയും അദ്ദേഹം കൊണ്ടുവന്ന ഇസ്ലാം എന്ന ജീവിതരീതിയും തന്നെ. ഏറ്റവും വിമര്‍ശിക്കപ്പെടുന്ന വേദഗ്രന്ഥം  പൂര്‍ണസത്യമെന്നംഗീകരിക്കുന്ന അസത്യം മുന്നിലൂടെയോ പിന്നിലൂടെയോ പ്രവേശിക്കുകയില്ല എന്ന് സ്വയം വ്യക്തമാക്കിയ ഖുര്‍ആനാണ്.  ഇത് ഇവിടെ  സൂചിപ്പിച്ചത്, ചില സുഹൃത്തുക്കളെങ്കിലും വിമര്‍ശകരുടെ ശക്തമായ പ്രചാരണത്തിന്റെ ഫലമായി തങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഭീകര-തീവ്രവാദ ആരോപണത്തിന്റെയും മുഖ്യകാരണക്കാരന്‍ മൌലാനാ മൌദൂദിയാണോ എന്ന് ശങ്കിക്കുന്നു. അങ്ങനെ ഒരു തരം ക്ഷമാപണ മനസ്സോടെ, മറ്റുള്ളവരുടെ ഭീകരവാദാരോപണം ഒരുപരിധിവരെ ശരിയാണെന്നും പക്ഷെ അതിന് കാരണക്കാര്‍ തങ്ങളല്ലെന്നും തങ്ങളുടെ കൂട്ടത്തിലെ മൌദൂദി എന്ന വ്യക്തിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് എന്ന് അടിക്കടി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ ഈ സാധുക്കള്‍ വിചാരിക്കുന്നത്, ഇതോടെ ഞങ്ങള്‍ തീവ്രവാദ-ഭീകരവാദ ആരോപണത്തില്‍നിന്ന് രക്ഷപ്പെട്ടുവെന്നാണ്. എന്നാല്‍ വിമര്‍ശകര്‍ക്കാവശ്യം ചില പീറ മുസ്ലിം സംഘടനകളെ ഭീകരവാദികളാക്കല്ല. മറിച്ച് ഇസ്ലാം തന്നെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സ്ഥാപിക്കലാണ്. ആ നിലക്ക് ജമാഅത്തില്‍ ഇല്ലാത്ത ഭീകരതയും തീവ്രവാദവും ആരോപിക്കുമ്പോള്‍ ജമാഅത്ത് ഊര്‍ജ്ജം സ്വീകരിക്കുന്ന ഖുര്‍ആനിലേക്ക് തന്നെയാണ് ഇക്കൂട്ടര്‍ ആരോപണങ്ങളെ തിരിച്ചുവിടുന്നത്.
സത്യത്തില്‍ വേണ്ടിയിരുന്നത്, താല്‍ക്കാലിക രാഷ്ട്രീയ സംഘടനാ നേട്ടങ്ങള്‍ക്കായി ഇത്തരം തലതിരിഞ്ഞ മാര്‍ഗം സ്വീകരിക്കുന്നതിന് പകരം കാര്യങ്ങളെ വസ്തുതാപരമായി നോക്കിക്കാണുകയായിരുന്നു. അതിനായി ആദ്യം മനസ്സിലാക്കേണ്ടത്; മൌലാനാ മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും ഇതര മുസ്ലിം സംഘടനകള്‍ പറയാത്ത എന്ത് പുതിയകാര്യമാണ് ജനങ്ങളോട്/മുസ്ലിംകളോട് പറഞ്ഞത് എന്നാണ്. ഇതാണ് ചര്‍ചയുടെ യഥാര്‍ഥ മര്‍മം. അതിന്റെ സാഹിത്യങ്ങളില്‍നിന്നും അനുഭവത്തില്‍ നിന്നും ഞാന്‍  മനസ്സിലാക്കുന്നത് ഇതാണ്. ഇന്ത്യയില്‍ ജമാഅത്തെ ഇസ്ലാമി മാത്രമാണ് ഇസ്ലാമിനെ സമഗ്രമായി ഉള്‍കൊള്ളുകയും പ്രബോധനം നടത്തുകയും ചെയ്യുന്നത്. 'ജമാഅത്തെ ഇസ്ലാമി രൂപീകരിക്കപ്പെട്ടത് രാഷ്ട്രീയപരമായ കാരണങ്ങളാലാണ്' എന്ന് ഡോ. നജാത്തുല്ലാഹ് സിദ്ധീഖി എഴുതിയത് വെച്ച് ഇതിനെ മതത്തിന്റെ മുഖം മൂടിയിട്ട രാഷ്ട്രീയ പ്രസ്ഥാനമാണിതെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എന്ന നിലക്ക് തന്നെ കെ.എം ഷാജിയെ പോലുള്ളവര്‍ പറയാറുണ്ട്. 'ഒരു മതസംഘടനയുടെ വേഷഭൂഷാദികള്‍ ഇവര്‍ക്കുണ്ടെങ്കിലും വ്യക്തമായ അജണ്ടകളാല്‍ നിര്‍ണയിക്കപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയാണത്' - (സത്യധാര , 2006 സെപ്ത. 1-15 പേജ് 18). ഒരു മാതൃകക്ക് ഉദ്ധരിച്ചുവെന്ന് മാത്രം. ഏതാണ്ടെല്ലാ മതസംഘടനകളും ഇതുതന്നെ പറയാന്‍ മടിയില്ലാത്തവരാണ്.
ജമാഅത്ത് വിമര്‍ശകരും ഇസ്ലാം വിമര്‍ശകരും ആദ്യമായി ഗ്രഹിക്കേണ്ടത്. ഇസ്ലാം എന്നാല്‍ കേവലം ഒരു ആത്മീയ ദര്‍ശനം മാത്രമല്ല. മനുഷ്യന്റെ ഇഹത്തിലെ ക്ഷേമത്തിനും പരലോകത്തെ മോക്ഷത്തിനും പ്രതിഫലലഭ്യതക്കുമായി മനുഷ്യരുടെ സ്രഷ്ടാവായ ദൈവത്താല്‍ നല്‍കപ്പെട്ട സമഗ്രമായ ജീവിത പദ്ധതിയാണ് ഇസ്ലാം. മനുഷ്യന്റെ ആത്മീയതക്ക് നല്‍കപ്പെട്ട അത്രയും സ്ഥാനം ഇഹലോകത്തെ മനുഷ്യന്റെ ജീവിതത്തിനും അത് നല്‍കിയിരിക്കുന്നു. ഇത് ഇസ്ലാമിന്റെ ഒരു ന്യൂനതയല്ല. അതിന്റെ സമ്പൂര്‍ണതയും മഹത്വവുമാണ്. ആരാധനാകാര്യങ്ങള്‍ക്ക് ഉള്ള അത്രയും പ്രാധാന്യം ഒരു പക്ഷെ അതിനേക്കാള്‍ പ്രാധാന്യം നിത്യജീവിതത്തിലെ ദൈനംദിന കാര്യങ്ങളില്‍ ദൈവിക നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനും നല്‍കപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ സാമ്പത്തികമോ സാംസ്കാരികമോ രാഷ്ട്രീയമോ ആയ ഒരു മേഖലയും ഇസ്ലാമിന് പുറത്തല്ല. ഇതിലേതെങ്കിലും ഒരു രംഗം സ്വന്തം നിലക്ക് ആശയങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ദൈവം വിട്ടുനല്‍കിയിട്ടില്ല. ഈ പറയുന്നത് ഇങ്ങനെ തന്നെ ഒരു ഇസ്ലാം വിമര്‍ശകന്‍ അംഗീകരിച്ചില്ലെങ്കിലും ഒരു മുസ്ലിമിന് ഇത് അംഗീകരിക്കാന്‍ പ്രയാസമുണ്ടാവില്ല.

മൌദൂദിയുടെ അതിസൂക്ഷമായ വിശകലനങ്ങള്‍ 
കാര്യം ഇങ്ങനെയാണെങ്കില്‍ ഇവിടെയുള്ള സാമ്പത്തിക വ്യവസ്ഥയെ വിലയിരുത്തുകയും നീരൂപണം നടത്തുകയും ചെയ്യുന്നത് പോലെ തന്നെ ഇവിടെ നിലനില്‍ക്കുന്ന രാഷ്ട്രീയ വ്യവസ്ഥയെയും അത് വിലയിരുത്തുകയും നിരൂപണം നടത്തുകയും അവയോട് നിലപാട് സ്വീകരിക്കുകയും ചെയ്യുക എന്നത് സ്വാഭാവികം മാത്രമാണ്. ആ നിലക്ക് മൌലാനാ മൌദൂദി അന്ന് ലോകത്ത് നിലനിന്നിരുന്ന രാഷ്ട്രീയ വ്യവസ്ഥകളെ വിശകലനം നടത്തിയിട്ടുണ്ട്. മുതലാളിത്തെയും കമ്യൂണിസത്തെയും അദ്ദേഹം നിരൂപണം നടത്തുകയും അവയുടെ വരാന്‍ പോകുന്ന ഗതിയടക്കം അദ്ദേഹം തന്റെ പുസ്തകത്തില്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്കാലത്ത് ഒരു ആധുനിക രാഷ്ട്രവ്യവസ്ഥയുടെ അസ്ഥിവാരമാകാന്‍ യോഗ്യമാണ് എന്ന് കരുതപ്പെട്ട മതേതരത്വം ജനാധിപത്യം ദേശീയത എന്നിവയെയും അദ്ദേഹം സൂക്ഷമായ വിശകലനത്തിന് വിധേയമാക്കി. ഇസ്ലാമുമായി അതിനുള്ള യോജിപ്പും വിയോജിപ്പും അദ്ദേഹം ചര്‍ച ചെയ്തു. ഏത് കാര്യത്തില്‍ അതുമായി ഇസ്ലാം യോജിക്കുന്നെന്നും ഏത് കാര്യത്തില്‍ ഇസ്ലാം അതിനോട് വിയോജിക്കുന്നെന്നും ചൂണ്ടിക്കാട്ടി. ആ ഇനത്തില്‍ ഏറ്റവും കനപ്പെട്ട ഒരു കൃതിയാണ് ചെറുതെങ്കിലും ഇന്നും പ്രസക്തമായ ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം എന്ന പുസ്തകം. (മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്).
ജമാഅത്ത് വിമര്‍ശകര്‍, മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും ജനാധിപത്യവിരുദ്ധരാണ് എന്ന് സ്ഥാപിക്കാന്‍ ഇന്നും ധാരാളമായി ഉപയോഗപ്പെടുത്തുന്ന പുസ്തകമാണത്. എന്നാല്‍ അന്നത്തെ സാഹചര്യം മുന്നില്‍വെച്ച് പുസ്തകം പൂര്‍ണമായി ആരെങ്കിലും വായിക്കാന്‍ സന്നദ്ധമായാല്‍ അതോടെ സകലമാന തെറ്റിദ്ധാരണയും നീങ്ങുമെന്ന് മാത്രമല്ല. ആ പുസ്തകം വായിച്ചുകഴിയുന്നതോടെ ഈ വിഷയത്തില്‍ മറിച്ചൊരു സമീപനം മുസ്ലിംകള്‍ക്ക് സാധ്യമല്ല എന്ന് അംഗീകരിക്കേണ്ടി വരികയും ചെയ്യും. ഇപ്രകാരം വായിച്ച ചില ജമാഅത്തുകാരല്ലാത്ത ചില മുസ്ലിം സുഹൃത്തുക്കള്‍ ഇത്തരം ചര്‍ച വരുമ്പോള്‍ വിമര്‍ശകരെ നന്നായി കൈകാര്യം ചെയ്യാറുണ്ട്.
ഇന്ത്യാ ഉപഭൂഖണ്ഡം ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തില്‍ മൌലാനാ മൌദൂദി ചെയ്ത ഒരു പ്രസംഗമാണ്. വിഭജിക്കപ്പെട്ട ശേഷം ഓരോ രാജ്യത്തും ഉണ്ടായി വരുന്ന ഭരണകൂടം ഏത് സിദ്ധാന്തത്തിലായിരിക്കണം എന്ന ചര്‍ച നടക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇത് നടക്കുന്നത് എന്നത് വ്യക്തമാണ്. 1. മതേതരഭൌതികവാദം 2. ദേശീയത്വം 3. ജനാധിപത്യം ഈ മൂന്ന് അടിസ്ഥാന തത്വങ്ങളെയാണ് അദ്ദേഹം ആദ്യം വിശകലനം ചെയ്യുന്നത്. അതിന് ശേഷം അദ്ദേഹം പാകിസ്ഥാനിലെ മുസ്ലിംകളോടും ഇന്ത്യയില്‍ ജീവിക്കുന്ന അമുസ്ലിം സുഹൃത്തുക്കളോടും പ്രത്യേകമായി സംസാരിക്കുന്നു. അല്‍പം സത്യസന്ധതയുള്ള ഒരാള്‍ക്കും അദ്ദേഹം ആ സന്ദര്‍ഭത്തില്‍ പറയുന്ന കാര്യങ്ങളില്‍ ഭിന്നിപ്പിന്റെയോ ആക്രമത്തിന്റെയോ ഭീകരതയുടെയോ തീവ്രതയുടെയോ സന്ദേശം ആരോപിക്കാന്‍ കഴിയില്ല. അദ്ദേഹം ഒരു കാര്യത്തിലാണ് ഊന്നുന്നത്. ആധുനിക മതേതര ജനാധിപത്യം അതേ നിലക്ക് മാനവകുലത്തിന് വലിയ ദോശം വരുത്തും. ഏത് മതവിശ്വാസിയായാലും. അതിനാല്‍ മതങ്ങളിലെ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഒരു ഭരണ സംവിധാനമായിരിക്കണം ഇന്ത്യയിലാണെങ്കിലും പാകിസ്ഥാനിലാണെങ്കിലും രൂപപ്പെടേണ്ടത്. അതിനായിരിക്കണം ശ്രമിക്കേണ്ടത്. പാകിസ്ഥാനിലെ മുസ്ലിംകളോട് സംസാരിക്കുന്ന കൂട്ടത്തിലാണ് അദ്ദേഹം ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഇമാനിനും കടകവിരുദ്ധമാണ് എന്ന പ്രസ്ഥാവന നടത്തുന്നത്. പകരം അദ്ദേഹം നേരത്തെ അവയുടെ നന്മകളെ ഉള്‍കൊള്ളുന്നതും എന്നാല്‍ അവയുടെ തിന്മകള്‍ക്ക് പകരം കൂടുതല്‍ ക്രിയാത്മമായ നിര്‍ദ്ദേശങ്ങളുള്ള ഇസ്ലാമിക വ്യവസ്ഥയെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു സഹോദരങ്ങളോട് അദ്ദേഹം വേദങ്ങളും പുരാണങ്ങളും തത്വശാസ്ത്രങ്ങളും ഉപനിഷത്തുക്കളും മറ്റു പുണ്യഗ്രന്ഥങ്ങളും പരതി അവയില്‍നിന്നും ഒരു നീതിവ്യവസ്ഥ ലഭ്യമാകുകയാണെങ്കില്‍ അതനുസരിച്ച ഭരണം നടത്താന്‍ ആവശ്യപ്പെടുന്നു. അതോടൊപ്പം ഒരു ഇസ്ലാമിക പ്രബോധകനെന്ന നിലയില്‍ ഇസ്ലാമിലൂടെ ലഭ്യമായ വ്യവസ്ഥയെ സംബന്ധിച്ച് സൂചിപ്പിക്കുകയും ചെയ്യുന്നു.

ഇനി മൌദൂദിയുടെ പുസ്തകത്തില്‍നിന്ന് തന്നെ ചിലത് വായിക്കാം. ഇസ്ലാം അപകടത്തില്‍ എന്ന് പറഞ്ഞ് വാങ്ങിയ ഒരു പ്രദേശത്ത് ഇസ്ലാമിക വ്യവസ്ഥയനുസരിച്ച് ഭരണം നടത്താനുള്ള അവസരം കൈവന്നപ്പോള്‍ പിന്നോട്ട് പോയ മുസ്ലിംകളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറയുന്നു. ഇസ്ലാമിന് പകരം വെക്കുന്ന വ്യവസ്ഥയെന്നത് ഇസ്ലാമുമായി യാതൊരു ബന്ധവും ഇല്ലാത്ത തനി നിഷേധപരമായ ഒരു വ്യവസ്ഥയാണെന്ന്. (മൌദൂദി വ്യവസ്ഥയെക്കുറിച്ചാണ് പറയുന്നത്. അല്ലാതെ ജനാധിപത്യത്തിലോ മതേതരത്വത്തിലോ ഇസ്ലാമുമായി യോജിക്കുന്ന ഒരു പോയിന്റുമില്ല എന്നല്ല അദ്ദേഹം പറയുന്നത്. എന്നാല്‍ വിമര്‍ശകര്‍ അതിനെ തെറ്റിദ്ധരിപ്പിക്കുന്നത് അപ്രകാരമാണ്.)

നേരിട്ട് വായിക്കാം. 


സാമുദായികമായി ആധിപത്യം ഉറപ്പിക്കാന്‍ മാത്രമായി ഒരു ഭരണപ്രദേശം എന്ന ആശയത്തോട് മൌദൂദിക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ ഇസ്ലാം അപകടത്തില്‍ എന്നൊക്കെ പറഞ്ഞ് നേടിയെടുത്ത ഒരു പ്രദേശത്ത് മുസ്ലിംകളുടെ കയ്യാല്‍ തന്നെ പാശ്ചാത്യനിര്‍മിത മതവിരുദ്ധമായ വ്യവസ്ഥനടപ്പാക്കാന്‍ ശ്രമിക്കുന്നത് അവരുടെ മുസ്ലിം വാദത്തിന് നിരക്കുന്നതുമായിരുന്നില്ല അക്കാര്യം അതിശക്തമായ ഭാഷയില്‍ മൌദൂദി ഊന്നിപ്പറഞ്ഞു.

ജനാധിപത്യത്തിന്റെ ഇന്ത്യന്‍ പതിപ്പിനോടുള്ള ജമാഅത്ത് വീക്ഷണം. 

ഇന്ത്യയില്‍ വിഭജനത്തിന് ശേഷം യാഥാര്‍ഥ്യമായ മതേതരജനാധിപത്യത്തോടുള്ള ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കിയതാണ്. ഈ രണ്ട് പേജില്‍ പറഞ്ഞ അതേ കാഴ്ചപ്പാട് ഒരിക്കലും അതിനോട് ജമാഅത്തെ ഇസ്ലാമി പുലര്‍ത്തിയിട്ടില്ല. കാരണം ഇപ്പറഞ്ഞത്. ഇന്ത്യയിലെ മുസ്ലിംകളോടായിരുന്നില്ല. അക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ചുമതല അതിന് ശേഷം ജീവിച്ച ഇന്ത്യയിലെ ഇസ്ലാമി പ്രസ്ഥാനനേതൃത്വത്തിനായിരുന്നു. ഈ പുസ്തകത്തില്‍ പറഞ്ഞതനുസരിച്ചാണ്. ജമാഅത്തെ ഇസ്ലാമി ആദ്യഘട്ടത്തില്‍ വോട്ട്ചെയ്യാതിരുന്നതും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍നിന്ന് വിട്ടുനിന്നതും എന്നൊക്കെ ഒരു മടിയും കൂടാതെ ഇതര സംഘടനകളുടെ വലിയ നേതാക്കള്‍ വരെ പ്രചരിപ്പിക്കുന്നു.

ഇതേ പുസ്തകത്തില്‍പറഞ്ഞുവെന്ന വ്യാജേന കെ.എം ഷാജി സത്യധാരയില്‍ പറയുന്നത് കാണുക. 'ജനാധിപത്യവും മതനിരപേക്ഷതയും മാത്രമല്ല, ഈ നാട്ടില്‍ ജീവിക്കുന്നതും ജോലിചെയ്യുന്നതും, വോട്ടുചെയ്യുന്നതും എന്തിനധികം ശ്വസിക്കുന്നത് പോലും ഇസ്ലാമിക വിരുദ്ധമാണ് എന്നായിരുന്നു ഇവരുടെ അഭിപ്രായം. ജമാഅത്ത് സ്ഥാപകന്‍ മൌദൂദി സാഹിബ് തന്നെ ഒരിക്കല്‍ പറഞ്ഞത് ജനാധിപത്യത്തെക്കാള്‍ മുസ്ലിംകള്‍ക്ക് നല്ലത് ഹിന്ദുരാഷ്ട്രമാണ് എന്നായിരുന്നു. (മൌലാന മൌദൂദി. ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം പുറം 35-36) ' - Page 18.

ജമാഅത്ത് വിമര്‍ശനത്തില്‍ സജീവമായി നില്‍ക്കുന്ന വ്യക്തി എന്ന നിലക്ക് മാത്രമാണ് ഈ പോസ്റ്റില്‍ അദ്ദേഹത്തെ പരാമര്‍ശിക്കുന്നത്. ഇതിന്റെ തന്നെ മാതൃകയിലാണ് മറ്റുള്ളവരുടെ വിമര്‍ശനങ്ങളും. മൌദൂദി തികഞ്ഞ ജനാധിപത്യവാദിയായിരുന്നു. അദ്ദേഹം കുറ്റമറ്റ ഒരു ജനാധിപത്യം അവതരിപ്പിക്കുയാണ് ചെയ്തത്. അതുകൊണ്ടുതന്നെ അദ്ദേഹം പാകിസ്ഥാനിലായിരിക്കെ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ വാക്കുകളില്‍ പോലും അദ്ദേഹം തികഞ്ഞ ജനാധിപത്യമുല്യം കാത്തുസൂക്ഷിക്കുന്നത് കാണാം. കാരണം ഇസ്ലാമിക വ്യവസ്ഥയുടെ അന്തസത്തയാണ് ആ മൂല്യങ്ങള്‍ എന്ന് മൌദൂദി തന്നെ ഈ പുസ്തകത്തില്‍ നേരത്തെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. (പേജ് 19).


അടുത്ത പോസ്റ്റില്‍ മൌലാന മൌദൂദി, ഇന്ത്യന്‍ നിവാസികളോട് പറഞ്ഞത് എന്ത് ? ഹിന്ദുരാഷ്ട്രമാണ് ജനാധിപത്യ.ത്തേക്കാള്‍ നല്ലത് എന്ന് അദ്ദേഹം പറഞ്ഞോ?. ഇല്ലെങ്കില്‍ എന്താണ് പറഞ്ഞത് ?.  എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണുന്നു. 


4 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ വിഷയത്തിലെ ഒരു ഭാഗം മാത്രമാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ വിഷയത്തിലുള്ള അന്വേഷണങ്ങളും വിമര്‍ശനങ്ങളും സ്വാഗതം ചെയ്യുന്ന താമസിയാതെ അവയ്കുള്ള പ്രതികരണം അറിയിക്കുന്നതാണ്...

ഇസ്ലാമിക പ്രസ്ഥാനം അതിന്റെ മുന്നോട്ടുള്ള ഗമനം തുടരുകയാണ്. പക്ഷെ വിമര്‍ശകര്‍ അര്‍ഥരഹിതമായ വാദങ്ങളുമായിട്ടാണ് അതിനെ നേരിട്ടുന്നത്. നിരന്തരം ഇത് അവര്‍ത്തിക്കുമ്പോള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. കാരണം മനുഷ്യബുദ്ധിയോട് സംവദിക്കുക എന്നതിനപ്പുറം ഇസ്ലാമിന് ആശയതലത്തില്‍ ഒന്നും ചെയ്യാനില്ല. ആശയങ്ങള്‍ അടിച്ചേല്‍പിക്കാന്‍ സാധ്യമല്ലല്ലോ..

Mohamed പറഞ്ഞു...

Waiting for next part

CKLatheef പറഞ്ഞു...

ചിലര്‍ ചോദിക്കുന്ന നിങ്ങള്‍ ജനാധിപത്യവിരുദ്ധരല്ലേ എന്ന് ?. എന്താണ് ജനാധിപത്യം എന്നറിയാത്തതുകൊണ്ടാണ് ഈ ചോദ്യം ഉണ്ടാകുന്നത്. ജനാധിപത്യം ഒരു രീതിശാസ്ത്രമാണ് നടപടിക്രമമാണ്. അതിന് സ്വയം ഒരു വ്യവസ്ഥ എന്ന നിലക്ക് നിലനില്‍പ്പില്ല. അതിനോട് ചിലത് ചേരുമ്പോഴാണ് അതൊരു വ്യവസ്ഥയാകുന്നത്. ഉദാഹരണം മതേതരജനാധിപത്യം. ഇതിന് തന്നെ രണ്ട് വകഭേദങ്ങളുണ്ട് ഒന്ന് മതത്തെ സാമൂഹികജീവിതത്തില്‍നിന്ന് പാടെ മാറ്റിനിര്‍ത്തി ഒരു തരം മതവിരുദ്ധമായ മതേതരത്വം. ഇതിനെ മൌദൂദിക്കെന്നല്ല ഒരു മതവിശ്വാസിക്കും പ്രത്യേകിച്ച് മുസ്ലിംകള്‍ക്ക് ഒട്ടും അംഗീകരിക്കാനാവില്ല. മറ്റൊന്ന് ഒരു മുസ്ലിമിന് കുറേകൂടി സ്വീകാര്യമായതാണ് അത് ഇന്ത്യന്‍ നിര്‍വചനമനുസരിച്ചുള്ള മതേതരത്വം. ഈ വിഷയം അടുത്ത പോസ്റ്റില്‍ വിശദമായി വരുന്നു. മതേതരത്വത്തിന് പകരം മതമൂല്യങ്ങള്‍ അടിത്തറമയാകുന്ന ഒരു മതേതരത്വം ഉണ്ട്. അതാണ് ആശയതലത്തില്‍ ജമാഅത്ത് മുന്നോട്ട് വെക്കുന്നത്.

അത് സാധ്യമാണ് അല്ല എന്ന് പറയുന്നവര്‍ ജനാധിപത്യത്തെക്കുറിച്ചല്ല ഫാസിസത്തെയാണ് പ്രതിനിധീകരിക്കുന്നത്.

മിക്കവാറും എല്ലാ പാര്‍ട്ടികളും അവരുടേതായ ചില ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും. കമ്യൂണിസവും അതെ. അവര്‍ക്കൊക്കെ ആശയപ്രചാരണമാകമെങ്കില്‍ ജമാഅത്തിന് മാത്രം അത് പാടില്ല എന്ന് പറയുന്നതില്‍ ഒരര്‍ഥവും ഇല്ല.

CKLatheef പറഞ്ഞു...

ഈ പോസ്റ്റിന്റെ തുടര്‍ച വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK