'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഏപ്രിൽ 07, 2016

തൊട്ടറിയണമത്രെ ഭീകരവാദത്തെ


ലോക ജനസംഖ്യയിൽ നാലിലൊന്നോ അഞ്ചിലൊന്നോ വരുന്ന ഒരു വലിയ സമൂഹമാണ് മുസ്ലിംകൾ. 1400 ലേറെ വർഷമായി ലോകത്തെ മുഴുവൻ രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്ന വിശ്വാസി സമൂഹമാണവർ. വിവിധങ്ങളായ വിഭാഗങ്ങളും മതസംഘടനകളും രാഷ്ട്രീയ പാർട്ടികളും അവർക്കിടയിലുണ്ട്. വിശുദ്ധ ഖുർആനെ തങ്ങളുടെ മത ഗ്രന്ഥമായും കഅ്ബയെ ഖിബ് ലയായും മുഹമ്മദ് നബിയെ അന്ത്യപ്രവാചകനായും അംഗീകരിക്കുന്നുവെന്നതാണ് അവരെ മുസ്ലിം എന്ന ഗണത്തിൽ പെടുത്തുന്ന സംഗതി. ഇവരിൽ ഇതര ജനവിഭാഗങ്ങളുമായി സഹകരിച്ച് സമാധാനപരമായി ജീവിക്കുന്നവരും മുസ്ലിംകളും അല്ലാത്തവരുമായ വിഭാഗവുമായും ഭരണകൂടങ്ങളുമായും കലഹിക്കുന്നവരും യുദ്ധം ചെയ്യുന്നവരും ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമുണ്ട്. ഇസ്ലാമിന് പുറമെയുള്ള വിഭാഗങ്ങളെ ഈ തരത്തിൽ എടുത്താലും ഇത്തരം വിഭാഗങ്ങളൊക്കെ അവയിലും കാണുന്നുണ്ട്. അവയുടെ വ്യാപ്തിയും അംഗബലവും അനുസരിച്ച് കൂടതലോ കുറവോ കണ്ടേക്കാം എന്ന് മാത്രം. ലോകത്ത് ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്ന മതങ്ങളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്നത് ഇസ്ലാമാണ്. ഇസ്ലാമിന്റെ വ്യാപകത്വം അതിനൊരു കാരണമായേക്കാം. മനുഷ്യന്റെ ജഢികേഛകളുടെ സ്വതന്ത്രമായ ആഗ്രഹസഫലീകരണത്തിന് ആദർശപരമായും വിശ്വാസപരമായും എതിര് നിൽക്കുന്നുവെന്നത് ഇതിന് ഒരു കാരണമാകാം. കുരിശുയുദ്ധാനന്തരം അതിനെതിരെ ലോകതലത്തിൽ തന്നെ രൂപപ്പെട്ട. അമേരിക്കൻ സാമ്രാജ്യത്വം ബോധപൂർവ്വം സൃഷ്ടിക്കാൻ ശ്രമിക്കന്ന ഇസ്ലാമിക്ക് ഫോബിയയും അതേ തുടർന്നും അതിന് മുസ്ലിംകളെന്ന് പറയന്നവരിൽ ഒരു വിഭാഗം നടത്തിയ നശീകരണ അക്രമ ഭീകര പ്രവർത്തനങ്ങളുമൊക്കെ ഇതിന് പ്രചോദനമായി വർത്തിക്കുന്നുണ്ടാവാം. അക്രമ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ എത്രയോ അനേകം മടങ്ങ് ഇതര മതവിശ്വാസികളെ പോലെയോ അതിലുപരിയായോ പരസ്പര സൌഹാർദ്ദത്തിലും സമാധാനത്തിലും ജീവിക്കുന്നവരാണ്. എന്നാൽ എല്ലാ അക്രമവും ഈ മതത്തിന്റെ പേരിലും, അവരുടെ കൂട്ടത്തിൽ സമാധാനപരമായി ജീവിക്കുന്നത് മറ്റു പല പ്രേരകങ്ങളാലും ആണ് എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. 

ഇതിന്റെ ഫലമായി ഇസ്ലാം എന്നത് തന്നെ ഭീകരതയും ഉൻമൂലനം ചെയ്യപ്പെടേണ്ടതും എന്ന ചിന്താഗതി വളർന്നുവരുന്നു. ഈ പ്രചാരണം മുഖ്യമായി ഉന്നം വെക്കുന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങളെ തന്നെയാണ്. അതിനൊരു പ്രധാനകാരണം ഇതരം സംഘടനകളും സംഘങ്ങളും തങ്ങളുടെ മതപരമായ വൃത്തത്തെ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നതാണ്. ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം ജമാഅത്തെ ഇസ്ലാമി ഇസ്ലാം വിമർശകരുടെ മുഖ്യ ഉന്നമാകുന്നത് അങ്ങനെയാണ്. ഒരു വിഭാഗത്തിന്റെ അവകാശവാദങ്ങൾ എന്തായാലും അവരുടെ പുസ്തകങ്ങളിലുള്ളത് എത്ര സമാധാനം വിളമ്പുന്നതായാലും ജനങ്ങൾ കാര്യമായി വീക്ഷിക്കുക അവരുടെ പ്രവർത്തനങ്ങളും ചരിത്രവുമാണ്. അങ്ങനെ നോക്കുമ്പോൾ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് ഈ ആളുകൾക്ക് വല്ലാതെയൊന്നും ലഭിക്കുന്നില്ല എന്നല്ല. ഒന്നും തന്നെ ലഭിക്കുന്നില്ല. രണ്ട് തവണ നിരോധിക്കപ്പെട്ടുവെങ്കിലും സകലമാന തെളിവുകളും പരതിയിട്ടും ആ നിരോധം നീട്ടികൊണ്ടുപോകാൻ സാധിക്കുന്നതൊന്നും ലഭിക്കാതെ രാജ്യത്തെ ഏറ്റവും വലിയ കോടതി ആ സംഘടനക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു നൽകുകയാണ് ചെയ്തത്. രാജ്യത്ത് പ്രവർത്തന സ്വതന്ത്ര്യം ലഭിക്കുന്നുവെന്നത് സമാധാനം കാംക്ഷിക്കുന്നുവെന്നതിന് തെളിവല്ലെങ്കിലും, ഭരണകൂടം കക്ഷി ചേർന്ന് നിരോധനമേർപ്പെടുത്തിയിട്ട് തെളിവ് സമർപ്പിക്കാനാവാതെ പോയി എന്നത് വലിയ കാര്യം തന്നെ. വളരെ വ്യക്തമായ കാരണങ്ങളാൽ ഹിന്ദുത്വ വർഗീയവാദ സംഘടനകളെ നിരോധിക്കുമ്പോൾ മറുവശത്ത് നിന്ന് തൂക്കമൊപ്പിക്കാനായിട്ടാണ് രണ്ട് പ്രാവശ്യവും ജമാഅത്ത് നിരോധിക്കപ്പെട്ടത്. ഇന്ദിരഗാന്ധി ഇക്കാര്യം തുറന്നു തന്നെ പറഞ്ഞിരുന്നുവെന്ന് വായിച്ചിട്ടുണ്ട്. 

വസ്തുത ഇതായിരിക്കെ എങ്ങനെ ഈ സംഘടനകളിൽ ഭീകരമുദ്ര ചാർത്തി ജനങ്ങളെ ഭയപ്പെടുത്തും എന്ന് ഈ സംഘടനകളിൽനിന്ന് തങ്ങൾക്ക് രാഷ്ട്രീയമായൊന്നും ലഭിക്കാനില്ല എന്ന് മനസ്സിലാവുമ്പോൾ കേരളത്തിലെ ചില രാഷ്ട്രീയ സംഘടനകൾ ഗവേഷണം നടത്താറുണ്ട്. ജമാഅത്തെ ഇസ്ലാമി ഇസ്ലാമല്ല എന്ന് പറഞ്ഞുകൊണ്ടു കാമ്പയിൻ നടത്തിയ ഒരു സംഘമാണ് ലോകതലത്തിൽ രൂപപ്പെട്ട ഭീകരസംഘമായ ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) എന്ന പേരിൽ ഗൾഫുനാടുകളിൽ രൂപം കൊണ്ട് ലോകത്തിന്റെ പലഭാഗങ്ങളിലും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന സംഘം. ആ പേര് പറഞ്ഞാൽ തന്നെ ഭീകരത ഏതൊരുത്തന്റെയും മനസ്സിൽ വരും. കാരണം പതിവിന് വിപരീതമായി അക്രമം നടത്തുന്നവർ തന്നെ തങ്ങളുടെ ചെയ്തികൾ ഇങ്ങനെ പരസ്യപ്പെടുത്തിയ മറ്റൊരു വിഭാഗം ലോകത്തില്ല. ഇയ്യിടെയായി ഇന്ത്യയിൽ തന്നെ എത്രയോ കൊലപാതകങ്ങളും കൊന്ന് കെട്ടിത്തൂക്കലുമൊക്കെ നടന്നു. അതൊക്കെ വീഡിയോ ആക്കി പ്രദർശിപ്പിച്ചിരുന്നെങ്കിൽ ഐ.എസിൽ നിന്ന് ഒട്ടും ഭിന്നമല്ല ഈ ക്രൂരതകളും എന്ന് മനസ്സിലാക്കാമായിരുന്നു. ഇടതുപക്ഷവും ഹിന്ദുത്വപക്ഷവും കേരളത്തിൽ തന്നെ അടുത്ത കാലത്ത് കുറേ കൊലപാതകങ്ങൾ നടത്തി. അവയുടെ തൽസമയ വിഡിയോ ഷൂട്ട് ചെയ്തിരുന്നെങ്കിൽ മലയാളികളായ നാം തലകുനിച്ചു പോകുമായിരുന്നു. 

ഇനി വിഷയത്തിലേക്ക് വരാം.  ഇടതുപക്ഷ പാർട്ടിയുടെ ജനയുഗം എന്ന സൈറ്റിൽ വന്ന കുറിപ്പ് വായിച്ചപ്പോൾ, ആടിനെ പട്ടിയാക്കാനും പേപ്പട്ടിയാക്കി അവതരിപ്പിച്ച് ആളുകളെ കൊണ്ട് തല്ലികൊല്ലിക്കാനുമുള്ള ശ്രമമാണ് മുസ്ലിം പേരുള്ള ഒരു വ്യക്തി വാരാവലോകനം എന്ന പക്തിയിലൂടെ നേർക്ക് നേരെ  ചെയ്യുന്നത് എന്ന് ആർക്കും മനസ്സിലാക്കാനാവും. ഈ ബ്ലോഗിൽ അത്തരമൊരു കുറിപ്പ് നിരുപണം ചെയ്യാനുള്ള കാരണം, അതിൽ പരാമർശിച്ച ബംഗ്ലാദേശ് പ്രശ്നത്തിൽ എന്ത് സംഭവിക്കുന്നുവെന്നതൊക്കെ ഈ ബ്ലോഗിൽ നേരത്തെ വന്നതാണ് എന്നതുകൊണ്ടാണ്. 

ആദ്യം ഐ.എസിൽ തുടങ്ങി, ബംഗ്ലാദേശിനെ പരാമർശിച്ച്, അതിൽ തന്നെ ബംഗ്ലാദേശിലെ ജമാഅത്തുകാരുടെ ഇഷ്ടവിനോദം ഹിന്ദുപെൺകുട്ടികളെ ബലാൽസംഘം ചെയ്യലാണ് എന്ന പച്ചക്കള്ളം കുത്തി നിറച്ച്, കേരളത്തിൽ പുരോഗമനപരമായ മുഖം കാണിക്കുന്നത് ഇടതുപക്ഷം ഇവിടെ ഉള്ളതുകൊണ്ടാണ് എന്ന് തട്ടിവിടുന്നു ലേഖകൻ.  ഒട്ടും മറുപടിയർഹിക്കാത്ത ഒരു ലേഖനമാണത്. അത് വായിച്ചവരെയും വായിക്കാനിടയുള്ളവരെയും ആ കുറിപ്പിലെ  വിരോധാഭാസവും വിവരക്കേടും അറിയിക്കുക മാത്രമാണ് ഈ ബ്ലോഗ് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.

വളർന്നുവരുന്ന ഹിന്ദുത്വഭീകരയെയും ഇസ്രായേലി ഭീകരതയെയും പറയുന്നതിന് മുമ്പ് ഇവിടെ നേരിടാൻ ഒരു ഭികരപ്രസ്ഥാനമുണ്ട് എന്ന് ഇടതുപക്ഷ സഖാക്കളെ ഉണർത്തുകയാണ് ലേഖനത്തിന്റെ ഉദ്ദേശ്യമെന്ന് വ്യക്തം.

അവസാനം കുറിപ്പുകാരൻ പറഞ്ഞതുപോലെ അന്ധൻ ആനയെ തൊട്ടറിഞ്ഞതുപോലെ ഒരു അറിവ് മാത്രമേ 'തൊട്ടറിയണം ഭീകരവാദത്തെ' എന്ന ഈ ലേഖനം കൊണ്ട് ആളുകൾക്ക് ലഭിക്കൂവെന്ന് സാന്ദർഭികമായി ഉണർത്തട്ടേ.. 

-----------------------
പഴയ ലേഖനങ്ങൾ

ബംഗ്ലാദേശിലെ സംഭവങ്ങൾ 

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK